മല്ലികാ സാരാഭായ്

മല്ലികാ സാരാഭായിയുടെ
വിമർശനവും കേരളീയ കലകളുടെ
ഭാവിയും

ക്ലാസിക്കൽ കലകളുടെ ഉള്ളടക്കത്തിലും പ്രയോഗത്തിലും സംഭവിക്കേണ്ട കാലികമായ മാറ്റങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾ അനിവാര്യമാണ്. കലാമണ്ഡലം ചാൻസലറും പ്രശസ്ത നർത്തകിയുമായ മല്ലികാ സാരാഭായ് ഉയർത്തിയ വിമർശനങ്ങൾ ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്- ടി. ശ്രീജിത്ത് എഴുതുന്നു.

ഥകളി, കൂടിയാട്ടം, മോഹിനിയാട്ടം തുടങ്ങിയ കേരളീയ കലാരൂപങ്ങളുടെയും ഇന്ത്യൻ കലകളുടെയും പ്രോത്സാഹനത്തിനും അതിൻെറ അക്കാദമിക പഠനമെന്ന ലക്ഷ്യവും മുന്നിൽ വെച്ചാണ് മഹാകവി വള്ളത്തോൾ നാരായണ മേനോൻെറയും കലാ ആസ്വാദകനും പ്രചാരകനുമായ മുകുന്ദരാജയുടെയും നേതൃത്വത്തിൽ 1930-ൽ ചെറുതുരുത്തിയിൽ കേരള കലാമണ്ഡലം സ്ഥാപിതമാവുന്നത്. പലവിധ പരിവർത്തനങ്ങളിലൂടെ കടന്നുപോയ കലാമണ്ഡലം സംസ്ഥാനത്തെ ഏക കൽപ്പിത സർവകലാശാലയായി മാറുന്നത് 2006-ലാണ്.

ക്ലാസിക്കൽ ഡാൻസറും ആക്ടിവിസ്റ്റും നടിയുമായ മല്ലികാ സാരാഭായ് മൂന്ന് വർഷം മുമ്പ്, 2022-ൽ, കേരള കലാമണ്ഡലത്തിൻെറ ചാൻസലറായി നിയമിതയായി. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരള സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായതിനിടയിലാണ് ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റി പകരം മല്ലികാ സാരാഭായിയെ നിയമിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. മല്ലികാ സാരാഭായിയെ പോലെ ലോകമറിയുന്ന ഒരു കലാകാരി തലപ്പത്ത് എത്തിയതിലൂടെ കലാമണ്ഡലത്തെ ഏറ്റവും പുതിയ കാലഘട്ടത്തിലേക്ക് പരിവർത്തിപ്പിക്കുന്ന സർഗാത്മക മാറ്റങ്ങളുടെ വേദിയാകുമെന്ന് പൊതുവേ പ്രതീക്ഷയുണ്ടായിരുന്നു.

കേരള കലാമണ്ഡലത്തിലെ നിലവിലെ ജീവനക്കാരിൽ വലിയൊരു വിഭാഗവും അവിടുത്തെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കെൽപ്പില്ലാത്തവരാണെന്നാണ് ചാൻസലർ മല്ലിക സാരാഭായ് തുറന്നുപറയുന്നത്

കലാമണ്ഡലത്തെ കലാഅവതരണങ്ങളുടെയും പഠന ഗവേഷണങ്ങളുടെയും അന്താരാഷ്ട്ര കേന്ദ്രമാക്കി മാറ്റുക എന്നതായിരുന്നു മല്ലികയുടെ ലക്ഷ്യം. എന്നാൽ, ജീവനക്കാരുടെ കുറവും, നിലവിലുള്ള ജീവനക്കാരുടെ സാങ്കേതിക പരിജ്ഞാനക്കുറവും, രാഷ്ട്രീയ ഇടപെടലുകളും, സാമ്പത്തിക പരാധീനതകളും കലാമണ്ഡലത്തെ പിന്നോട്ടാണ് നയിക്കുന്നത് എന്ന വിമർശനമാണ് അവർ ഇപ്പോൾ ഉന്നയിക്കുന്നത്. താൻ പ്രതീക്ഷിച്ച പോലെ കലാമണ്ഡലത്തെ കൊണ്ടുപോവാൻ എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് അവർ തന്നെ വിശദീകരിക്കുന്നുണ്ട്:

“കലാമണ്ഡലത്തിലെ ആഭ്യന്തര പ്രതിസന്ധികൾ പലതും പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇത് ഡീംഡ് സർവകലാശാലയായി ഉയർന്നപ്പോൾ, ഇവിടെയുണ്ടായിരുന്ന ക്ലാർക്കുമാരെല്ലാം യാതൊരു പ്രത്യേക പരിശീലനവുമില്ലാതെ ഓഫീസർമാരായി മാറി. ഇവരിൽ ഭൂരിപക്ഷവും ഒരു സർവകലാശാലയിലെയോ അക്കാദമിക് സ്ഥാപനത്തിലെയോ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സാങ്കേതിക പരിജ്ഞാനം പോലുമില്ലാത്തവരാണ്. ഉദാഹരണത്തിന്, ഇവിടുത്തെ വൈസ് ചാൻസിലറും രജിസ്ട്രാറും ഒഴികെ മറ്റൊരാൾക്കും നന്നായി ഇംഗ്ലീഷിൽ ഇ-മെയിൽ തയ്യാറാക്കാൻ പോലും അറിയില്ല. ഒരുഭാഗത്ത് നമുക്ക് തിരുത്താൻ പോലും പറ്റാത്ത തരത്തിലുള്ള ജീവനക്കാർ ഇവിടെയുണ്ട്. മറുഭാഗത്ത് നിയമപരമായി ഇവരെ ആരെയും നീക്കം ചെയ്യാൻ നമുക്ക് സാധിക്കില്ല. അതിൽ രാഷ്ട്രീയവും ഒരു വിഷയമാണ്. രാഷ്ട്രീയനിയമനം നടത്തുമ്പോഴും കഴിവുള്ളവരെ നിയമിക്കൂ. സാങ്കേതിക വൈദഗ്ദ്യമുള്ള, നന്നായി ഇംഗ്ലീഷ് അറിയാവുന്ന, അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്നവരാണ് ഇവിടെ വേണ്ടത്. അല്ലാതെ ഓരോ ഫയലുകളും വൈസ് ചാൻസിലറും രജിസ്ട്രാറും കൈകാര്യം ചെയ്യേണ്ടിവരുന്ന സാഹചര്യം സ്ഥാപനത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക,” മല്ലിക സാരാഭായ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതിൽ കൂടുതൽ വിശദീകരണങ്ങളൊന്നും തന്നെ ആവശ്യമില്ല. കേരള കലാമണ്ഡലത്തിലെ നിലവിലെ ജീവനക്കാരിൽ വലിയൊരു വിഭാഗവും അവിടുത്തെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കെൽപ്പില്ലാത്തവരാണെന്നാണ് ചാൻസിലർ തുറന്നുപറയുന്നത്. രാഷ്ട്രീയ നിയമനങ്ങൾക്ക് അതിൽ വലിയൊരു പങ്കുണ്ടെന്നും അവർ വ്യക്തമാക്കുന്നു.

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരള സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായതിനിടയിലാണ് ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റി പകരം മല്ലികാ സാരാഭായിയെ നിയമിക്കാൻ സർക്കാർ തീരുമാനിക്കുന്നത്.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരള സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായതിനിടയിലാണ് ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റി പകരം മല്ലികാ സാരാഭായിയെ നിയമിക്കാൻ സർക്കാർ തീരുമാനിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയാണ് കലാമണ്ഡലം നേരിടുന്ന മറ്റൊരു പ്രധാന വിഷയം. ഇത് എല്ലാ കാലത്തും കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കിയ പ്രശ്നവുമായിരുന്നു. പലരിൽനിന്നുള്ള സംഭാവനകളും ഭാഗ്യക്കുറി നറക്കെടുപ്പുമൊക്കെയായിരുന്നു ആരംഭകാലത്ത് പ്രധാന വരുമാനസ്രോതസ്സ്. നാട്ടുരാജാക്കന്മാർ മുതൽ രവീന്ദ്രനാഥടാഗോർ അടക്കമുള്ളവരുടെ സഹായം വള്ളത്തോളും മുകുന്ദരാജയും സംഘവും ഇതിനായി തേടിയിരുന്നു. 1955-ൽ കലാമണ്ഡലം രജതജൂബിലി ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനോട് വള്ളത്തോൾ 25,000 രൂപ സാമ്പത്തിക സഹായമായി ആവശ്യപ്പെട്ടു. നെഹ്‌റു നൽകിയത് ഒരു ലക്ഷം രൂപയുടെ ചെക്കാണ്. സാമ്പത്തിക പ്രതിസന്ധിക്ക് വള്ളത്തോൾ കണ്ട പരിഹാരം, കലാമണ്ഡലത്തെ കൊച്ചി രാജാവിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതായിരുന്നു. എന്നാൽ കൊച്ചി സർക്കാർ ഏറ്റെടുത്തിട്ടും വലിയ മാറ്റമുണ്ടായില്ല എന്നത് ചരിത്രം.

കലാമണ്ഡലത്തിലുള്ളവർ ശമ്പളത്തെക്കുറിച്ചും കിട്ടാനുള്ള അടുത്ത ഗ്രാൻറിനെക്കുറിച്ചും ആശങ്കയിലാണ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ദൈനംദിന കാര്യങ്ങൾ പോലും പ്രതിസന്ധിയിലാവുമ്പോൾ എങ്ങനെയാണ് തങ്ങൾ വലിയ പദ്ധതികൾ ആലോചിക്കുകയെന്നാണ് മല്ലികാ സാരാഭായ് ചോദിക്കുന്നത്.

എന്നാൽ, കൽപ്പിത സർവകലാശാലാ പദവിയിലും സർക്കാർ നിയന്ത്രണത്തിലും അന്നത്തെ പ്രശ്നം അതേപടി നിലനിൽക്കുന്നുവെന്നാണ് മല്ലിക സാരാഭായി സൂചിപ്പിക്കുന്നത്. എല്ലാ മാസവും പണമില്ലായ്മ എന്ന പ്രശ്നം നേരിടുന്നുണ്ടെന്നാണ് അവർ പറയുന്നത്. കേവലമൊരു കഥകളി- കൂടിയാട്ട അക്കാദമിക കേന്ദ്രമെന്ന നിലയിൽ നിന്ന് മാറി വിദേശത്തെയും ഇന്ത്യയിലെയും മറ്റ് സർവകലാശാലകളുമായി യോജിച്ച് പല പദ്ധതികളും ആലോചിക്കുന്നുണ്ട് കലാമണ്ഡലം. എന്നാൽ കലാമണ്ഡലത്തിലുള്ളവർ തങ്ങളുടെ ശമ്പളത്തെക്കുറിച്ചും കിട്ടാനുള്ള അടുത്ത ഗ്രാൻറിനെക്കുറിച്ചും ആശങ്കയിലാണ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ദൈനംദിന കാര്യങ്ങൾ പോലും പ്രതിസന്ധിയിലാവുമ്പോൾ എങ്ങനെയാണ് തങ്ങൾ വലിയ പദ്ധതികൾ ആലോചിക്കുകയെന്നാണ് മല്ലികാ സാരാഭായ് ചോദിക്കുന്നത്. കലാമണ്ഡലം സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്തേണ്ടതുണ്ടെന്ന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞതായും മല്ലിക അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. “സംസ്ഥാനത്തിൻെറ സാമ്പത്തിക സാഹചര്യം എന്താണെന്ന് എനിക്കറിയാം. കേന്ദ്രം എങ്ങനെയെല്ലാമാണ് ഫണ്ടുകൾ മുടക്കുന്നതെന്നും. ഓരോ സ്ഥാപനവും സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്താനുള്ള വഴികൾ തേടേണ്ടതുണ്ട്,” അവർ പറഞ്ഞു.

സർക്കാർ ഫണ്ട് ആശ്രയിച്ച് മാത്രം കലാമണ്ഡലത്തെ മുന്നോട്ടു കൊണ്ടുപോവാൻ സാധിക്കില്ലെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്ന് മല്ലികാ സാരാഭായ് പറയുന്നുണ്ട്. എങ്ങനെയാണ് കലാമണ്ഡലത്തെ സ്വയംപര്യാപ്തമാക്കുക എന്നതാണ് സുപ്രധാന ചോദ്യം. പുറത്തുള്ള സമ്പന്നരായ മലയാളികളിൽ നിന്നും ഫണ്ട് കണ്ടെത്തുക, സർക്കാരിന് പുറത്ത് സ്വതന്ത്രമായുള്ള സോഴ്സുകളെ ആശ്രയിക്കുക, വ്യവസായികളിൽ നിന്ന് സ്പോൺസർഷിപ്പ് സ്വീകരിക്കുക തുടങ്ങിയ ആശയങ്ങളാണ് മല്ലിക മുന്നോട്ടു വെക്കുന്നത്. കലാമണ്ഡലത്തിനുവേണ്ടി ഫണ്ട് കണ്ടെത്താനായി ഇറങ്ങിത്തിരിക്കാൻ താൻ തയ്യാറാണെന്നും അവർ പറയുന്നുണ്ട്. കലാമണ്ഡലത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി ഗ്രൂപ്പുകൾ ആരംഭിക്കണമെന്നും അതിൻെറ തലവനായി മുൻ ഐഎസ്ആർഒ ചെയർമാനും കഥകളി നടനുമായ കെ. രാധാകൃഷ്ണനെ നിയമിക്കണമെന്നും എം.എ. യൂസഫലിയെ പോലുള്ള വ്യവസായികളെ ഇതിൻെറ ഭാഗമാക്കാൻ ക്ഷണിക്കണമെന്നുള്ള ആശയങ്ങളൊക്കെ മല്ലികാ സാരാഭായ് മുന്നോട്ട് വെക്കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിയാണ് കലാമണ്ഡലം നേരിടുന്ന മറ്റൊരു പ്രധാന വിഷയം. ഇത് എല്ലാ കാലത്തും കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കിയ പ്രശ്നവുമായിരുന്നു. പലരിൽനിന്നുള്ള സംഭാവനകളും ഭാഗ്യക്കുറി നറക്കെടുപ്പുമൊക്കെയായിരുന്നു ആരംഭകാലത്ത് പ്രധാന വരുമാനസ്രോതസ്സ്.
സാമ്പത്തിക പ്രതിസന്ധിയാണ് കലാമണ്ഡലം നേരിടുന്ന മറ്റൊരു പ്രധാന വിഷയം. ഇത് എല്ലാ കാലത്തും കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കിയ പ്രശ്നവുമായിരുന്നു. പലരിൽനിന്നുള്ള സംഭാവനകളും ഭാഗ്യക്കുറി നറക്കെടുപ്പുമൊക്കെയായിരുന്നു ആരംഭകാലത്ത് പ്രധാന വരുമാനസ്രോതസ്സ്.

എന്നാൽ, കലയുടെ ഉള്ളടക്കത്തിൽ കാലികമായ മാറ്റം വേണമെന്ന് വാദിക്കുന്ന മല്ലിക സാരാഭായ്, ഫണ്ടിംഗിന്റെ കാര്യത്തിൽ പഴയ ഫ്യൂഡൽ സ്​പോൺസറിങ് എന്ന പരിഹാരം മുന്നോട്ടുവെക്കുന്നതിൽ വൈരുദ്ധ്യമുണ്ട്. കലാപരിശീലനകേന്ദ്രമെന്ന നിലയ്ക്കുമാത്രമല്ല ഇന്ന് കലാമണ്ഡലത്തിന്റെ നിലനിൽപ്പ്. വിദ്യാർത്ഥികളെ കലാകാരർ എന്ന നിലയ്ക്കുമാത്രമല്ല, മറ്റേതൊരു ഉന്നത വിദ്യാഭ്യാസകേന്ദ്രത്തെയും പോലെ, പുതിയ കാലത്തെ വൈജ്ഞാനികവും അക്കാദമികവുമായ ശേഷികളിലേക്ക് അവരെ വികസിപ്പിക്കാനുതകുന്ന കേന്ദ്രമായി മാറാതെ കലാമണ്ഡലത്തിന് മുന്നോട്ടുപോകാനാകില്ല. അതിന്, ഇത്തരം സ്​പോൺസർഷിപ്പുകളല്ല ആവശ്യം. തുടക്കകാലത്ത്, ഫ്യൂഡൽ ജന്മിമാരുടെയും നാട്ടുരാജാക്കന്മാരുടെയുമെല്ലാം പണം ഔദാര്യമെന്ന നിലയ്ക്ക് കൈപ്പറ്റുന്ന രീതിയിൽ, പുതിയ കാലത്തും കലാമണ്ഡലത്തിന് നിലനിൽക്കാനാകില്ല. മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സർവകലാശാലകളെയും പോലെ, സംസ്ഥാന- കേ​ന്ദ്ര സർക്കാറുകളുടെ പിന്തുണയുള്ള സുസ്ഥിരമായ സാമ്പത്തിക മാനേജുമെന്റ് സംവിധാനമാണ് വേണ്ടത്.

കാലത്തിനനുസരിച്ച് മാറാത്ത ഗുരുക്കന്മാരും അധ്യാപനരീതികളുമാണ് കലാമണ്ഡലം നേരിടുന്ന മറ്റൊരു പ്രതിസന്ധി. കലാഅധ്യാപകരുടെ ചിന്താഗതിയിലാണ് മാറ്റം വരേണ്ടത്. സാമ്പ്രദായിക രീതിയിൽ ഗുരുകുല സമ്പ്രദായത്തിലും മറ്റുമുള്ള കലാപഠനരീതി കലാമണ്ഡലത്തിലുണ്ട്. കലയെ ഗൗരവത്തോടെ കാണുന്ന ഒരുവിഭാഗം ഇത് തുടരണമെന്ന് ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല, പുതിയ അഭ്യസനരീതിയിൽ, കലാപഠനത്തിനേക്കാൾ ഔപചാരിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നതിൽ, മുൻ ഗുരുക്കന്മാരടക്കമുള്ളവർ ആശങ്കയും പ്രകടിപ്പിക്കുന്നുണ്ട്.

വിദ്യാഭ്യാസ മേഖലയിൽ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് ഊറ്റം കൊള്ളുന്ന സംസ്ഥാനത്തെ കലയ്ക്ക് പ്രോത്സാഹനം നൽകുന്ന കൽപ്പിത സർവകലാശാല ദൈനംദിന പ്രവർത്തികൾ മുന്നോട്ട് കൊണ്ടുപോവാൻ പോലും സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നുവെന്ന യാഥാർത്ഥ്യം അഭിമുഖീകരിക്കേണ്ടതുണ്ട്.

എന്നാൽ, കാലത്തിനനുസരിച്ച് ക്രിയാത്മകമായ മാറ്റം ഉണ്ടാവണമെന്നാണ് മല്ലികാ സാരാഭായി അഭിപ്രായപ്പെടുന്നത്. അത് കണ്ടൻറിലും വേണം. വിശ്വസാഹിത്യത്തിലെ മികച്ച പുസ്തകങ്ങളുടെ കഥകളി അഡാപ്ടേഷൻ അവതരണത്തെ അതുകൊണ്ട് തന്നെ അവർ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്: “കഥകളിയും മോഹിനിയാട്ടവും ദുര്യോധനവധത്തിൽ നിന്ന് പുറത്ത് വരണമെന്ന് വ്യക്തിപരമായി ആഗ്രഹിക്കുന്നയാളാണ് ഞാൻ. നമുക്ക് പ്രതിഭാശാലികളായ കഥകളി, കൂടിയാട്ടം കലാകാരരുണ്ട്. അവർ എന്തുകൊണ്ടാണ് കാലിക പ്രസക്തിയുള്ള പ്രമേയങ്ങളെ കലാരൂപങ്ങളിൽ കൊണ്ടുവരാത്തത്. കഥകളിയുടെയും കൂടിയാട്ടത്തിൻെറയും അന്തഃസത്ത ചോർത്തിക്കൊണ്ട് ഇത് ചെയ്യണമെന്നല്ല ഞാൻ പറയുന്നത്. കഥകളിയിൽ ദൈവങ്ങൾ മാത്രമേ പ്രമേയമാവാൻ പാടുള്ളൂവെന്ന് ആരാണ് പറഞ്ഞിട്ടുള്ളത്? കലയ്ക്ക് അനന്തമായ സാധ്യതകളുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പുതിയ പ്രേക്ഷകരെ ആകർഷിക്കുന്ന നിലയിലേക്ക് കഥകളിയെ മാറ്റിയെടുക്കാൻ എന്തുകൊണ്ട് നമുക്ക് സാധിക്കുന്നില്ല?” മല്ലികാ സാരാഭായ് ചോദിക്കുന്നു.

കലാമണ്ഡലത്തിലെ പഠനകാലയളവിലും മാറ്റം വരേണ്ടതുണ്ട്. ഒരു കലാരൂപം പഠിക്കുന്നതിന് 14 വർഷം മാറ്റിവെക്കാൻ പുതിയ കാലത്ത് എത്ര വിദ്യാർത്ഥികൾ തയ്യാറാവും? ഈ ആശങ്ക ചാൻസിലർക്കുമുണ്ട്. പഠിക്കാനെത്തുന്നവരുടെ കൂടി സമയവും സൗകര്യവും പരിഗണിച്ച് കോഴ്സുകളുടെ ഘടനയിൽ മാറ്റം വരേണ്ടതുണ്ട്. രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കുന്ന ഇടയ്ക്ക അല്ലെങ്കിൽ മൃദംഗം പഠനം എന്തിനാണ് 10 വർഷത്തേക്ക് നീട്ടുന്നതെന്ന് ചോദിക്കുന്നത് മല്ലികാ സാരാഭായ് തന്നെയാണ്.

തിരുത്തപ്പെടേണ്ടത്,
മാറേണ്ടത്…

ഇന്ത്യയുടെ കലാചരിത്രത്തിൽ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത കലാമണ്ഡലം സ്ഥാപിതമായിട്ട് 95 വർഷങ്ങളായി. തിരുത്തപ്പെടേണ്ടതും മാറേണ്ടതുമായി അവിടെ നിരവധി ഘടകങ്ങളുണ്ട്. ചാൻസലർ മല്ലികാ സാരാഭായ് പറഞ്ഞതിൽ നിന്ന് ഗൗരവത്തിലെടുക്കേണ്ട വിഷയങ്ങൾ ഏറെയാണ്. വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് ഊറ്റം കൊള്ളുന്ന സംസ്ഥാനത്തെ കലയ്ക്ക് പ്രോത്സാഹനം നൽകുന്ന കൽപ്പിത സർവകലാശാല ദൈനംദിന പ്രവർത്തികൾ മുന്നോട്ട് കൊണ്ടുപോവാൻ പോലും സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നുവെന്ന യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. കലാമണ്ഡലത്തിൻെറ വളർച്ച മുരടിപ്പിക്കുന്നതിൽ ഒരു പ്രധാന കാരണം ഫണ്ടില്ലായ്മയാണെന്നാണ് ചാൻസലർ തുറന്നടിച്ചത്. പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും നടപ്പാക്കുന്നതിനും അവരെ ആശങ്കപ്പെടുത്തുകയും കലാകാരരെയും ആസ്വാദകരെയും നിരാശപ്പെടുത്തുകയും ചെയ്യുന്ന ഈ പ്രതിസന്ധിക്ക് ആര് പരിഹാരം കാണും? കാലത്തിനനുസരിച്ചുള്ള മാറ്റമാണ് കലാമണ്ഡലം ആവശ്യപ്പെടുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ കാലത്ത്, നമ്മുടെ പരമ്പരാഗത കലാരൂപങ്ങൾ കൂടുതലായി ആസ്വാദകരിലേക്ക് എത്താൻ കാലോചിത മാറ്റങ്ങൾ അനിവാര്യമാണ്. അത് ജീവനക്കാരുടെ സാങ്കേതിക പരിജ്ഞാനത്തിലും കലാരൂപങ്ങളുടെ പ്രമേയത്തിലും കോഴ്സ് ഘടനയിലും അധ്യാപകരുടെ മനോഭാവത്തിലും മാറ്റമുണ്ടാവേണ്ടതുണ്ട്.

കലാമണ്ഡലത്തിലെ പഠനകാലയളവിലും മാറ്റം വരേണ്ടതുണ്ട്. ഒരു കലാരൂപം പഠിക്കുന്നതിന് 14 വർഷം മാറ്റിവെക്കാൻ പുതിയ കാലത്ത് എത്ര വിദ്യാർത്ഥികൾ തയ്യാറാവും? ഈ ആശങ്ക ചാൻസിലർക്കുമുണ്ട്.
കലാമണ്ഡലത്തിലെ പഠനകാലയളവിലും മാറ്റം വരേണ്ടതുണ്ട്. ഒരു കലാരൂപം പഠിക്കുന്നതിന് 14 വർഷം മാറ്റിവെക്കാൻ പുതിയ കാലത്ത് എത്ര വിദ്യാർത്ഥികൾ തയ്യാറാവും? ഈ ആശങ്ക ചാൻസിലർക്കുമുണ്ട്.

കാലോചിതമായ മാറ്റം
നടപ്പിലാക്കുമെന്ന് വി.സി

കലാമണ്ഡലത്തിൽ കാലോചിതമായ മാറ്റം നടപ്പിലാക്കുമെന്ന് ട്രൂകോപ്പിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വി.സി. ഡോ. ബി. അനന്തകൃഷ്ണൻ വ്യക്തമാക്കുന്നുണ്ട്. കലാമണ്ഡലത്തിലെ പഠനരീതിയിൽ കാലോചിതമായ മാറ്റങ്ങളുണ്ടാവണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമില്ല. അനന്തകൃഷ്ണൻ ഈ വിഷയം വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

“പുതിയ വിദ്യാഭ്യാസക്രമത്തിൽ ഉണ്ടാവേണ്ടതായ മാറ്റങ്ങൾ കലാമണ്ഡലത്തിലെ പഠനപദ്ധതിക്ക് ഉണ്ടായിട്ടില്ല. 19ാം നൂറ്റാണ്ടിൽ ഫോളോ ചെയ്ത മെത്തഡോളജിയാണോ ഇപ്പോഴും പിന്തുടരേണ്ടതെന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ആലോചനകൾ നടക്കുന്നുണ്ട്. അറിവും അഭ്യാസവും ഒരുമിച്ച് പോവുന്ന ഒരു സിസ്റ്റം ഉണ്ടാവണം. അഭ്യാസം മാത്രം അറിയുന്നതിലല്ല കാര്യം. അറിഞ്ഞുകൊണ്ടുള്ള പരിശീലനം (Informed Practice), കലാമണ്ഡലം ആയാലും സ്കൂൾ ഓഫ് ഡ്രാമയായാലും ആവശ്യപ്പെടുന്നത് അതാണ്.”

ഇതിൻെറ മറ്റൊരു തലം അദ്ദേഹം വിവരിക്കുന്നു: “20ാം നൂറ്റാണ്ട് യുക്തിയുടെ കാലഘട്ടമാണ്. എന്നാൽ പല കലാരൂപങ്ങളുടെയും അടിസ്ഥാനം ഇന്നും വിശ്വാസമാണ്. യുക്തിയുടെ ഒരു ബലമില്ലാതെ കലാരൂപങ്ങൾ മുന്നോട്ടുപോവുന്നത് വലിയൊരു പ്രശ്നമാണ്. ഒരു സ്ഥാപനമെന്ന നിലയിൽ കലാമണ്ഡലം ഇത്തരത്തിലുള്ള തെറ്റായ അടിയുറച്ച ബോധ്യങ്ങളെ തിരുത്തേണ്ടതുണ്ട്. പുതിയ തലമുറയിലുള്ള കലാകാരരും കലാ അധ്യാപകരും അത്തരത്തിൽ ചിന്തിക്കുന്നവരാണ്. പാരമ്പര്യ കലയാണെന്ന് പറയുമ്പോൾ പലരും ചിന്തിക്കും ഇതൊരു പഴഞ്ചൻ സമ്പ്രദായമാണെന്നും അതിനാൽ അങ്ങനെ തന്നെ പിന്തുടരേണ്ടതാണെന്നും. പുതിയ സാഹചര്യത്തിൽ പുതിയ കുട്ടികൾക്ക് വേണ്ടി അവരുടെ ഭാവനകൾക്കനുസരിച്ച് കലാരൂപങ്ങളെ വളർത്തിയെടുക്കുന്നതിന് വേണ്ടിയുള്ള വാതായനങ്ങൾ നമ്മൾ തുറന്ന് കൊടുക്കേണ്ടതുണ്ട്. സാമ്പ്രദായികമായാലും ആധുനികമായാലും കല കാലികമാണ്.”

‘‘പരീക്ഷയെന്ന സമ്പ്രദായം കലാമണ്ഡലത്തിൽ ഉണ്ടാവുന്നത് 1960-കളിലാണ്. പരിശീലനം നേടി പുറത്തിറങ്ങുക എന്നതായിരുന്നു അക്കാലത്തെ രീതി. രണ്ട് വർഷം കൊണ്ടോ മൂന്ന് വർഷം കൊണ്ടോ പഠിക്കാവുന്ന പല വിഷയങ്ങളും ഇപ്പോഴും 10 വർഷമെടുത്താണ് പഠിക്കുന്നത്’’- കലാമണ്ഡലം വി.സി ഡോ. ബി. അനന്തകൃഷ്ണൻ പറയുന്നു.

കലാമണ്ഡലത്തിലെ കോഴ്സുകളുടെ ദൈർഘ്യം കുറയ്ക്കേണ്ടതിൻെറ ആവശ്യകതയെ പറ്റിയും അനന്തകൃഷ്ണൻ പറയുന്നുണ്ട്. “35 വർഷമായി ഇവിടെ എട്ടാം ക്ലാസ് മുതലുള്ള സ്കൂൾ തുടങ്ങിയിട്ട്. ഇത്രയും കാലത്തിനിടയിൽ എടുത്തുപറയാവുന്ന തരത്തിലുള്ള ഒരു മാറ്റവും സ്കൂളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. പരീക്ഷയെന്ന സമ്പ്രദായം കലാമണ്ഡലത്തിൽ ഉണ്ടാവുന്നത് 1960-കളിലാണ്. പരിശീലനം നേടി പുറത്തിറങ്ങുക എന്നതായിരുന്നു അക്കാലത്തെ രീതി. രണ്ട് വർഷം കൊണ്ടോ മൂന്ന് വർഷം കൊണ്ടോ പഠിക്കാവുന്ന പല വിഷയങ്ങളും ഇപ്പോഴും 10 വർഷമെടുത്താണ് പഠിക്കുന്നത്. അങ്ങനെയാണ് നിലവിലുള്ള ഘടന. അതിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഞങ്ങൾ ഗൗരവത്തോടെ ആലോചിച്ച് വരികയാണ്. അടുത്ത വർഷത്തിനുള്ളിൽ തന്നെ മാറ്റങ്ങൾ പ്രാവർത്തികമാക്കി തുടങ്ങും. രണ്ട് വർഷം കൊണ്ട് പഠിക്കേണ്ട കോഴ്സ് രണ്ട് വർഷം കൊണ്ട് പഠിക്കുക. പിന്നീട് അനുബന്ധ കോഴ്സുകളെന്തെങ്കിലും പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ഉദാഹരണത്തിന് മൂന്നോ നാലോ വർഷം കൊണ്ട് പഠിച്ച് തീർക്കാവുന്നു ‘ചുട്ടി’ 10 വർഷമെടുത്താണ് ഇപ്പോൾ പഠിക്കുന്നത്. അത് മാറ്റേണ്ടതുണ്ട്. 30 ശതമാനം മാത്രമാണ് ഇവിടെ കുട്ടികൾ പൊതുവിഷയങ്ങൾ പഠിക്കുന്നത്. അത് വളരെ പരിമിതമാണ്. കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവർക്ക് പുറത്തെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ അത് മതിയാവില്ല.”

 കലാമണ്ഡലം വൈസ് ചാൻസിലർ  ഡോ. ബി. അനന്തകൃഷ്ണൻ
കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ബി. അനന്തകൃഷ്ണൻ

ക്ലാസിക്കൽ കലകളുടെ ഉള്ളടക്കത്തിലും പ്രയോഗത്തിലും സംഭവിക്കേണ്ട കാലികമായ മാറ്റങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾ അനിവാര്യമാണ്. സാമ്പ്രദായികതയുടെ അടിസ്ഥാനങ്ങൾ പൂർണമായും തള്ളിക്കളയാതെ തന്നെ, അവയെ കൂടുതൽ ബഹുസ്വരമായും ഇൻക്ലൂസീവായും ചിട്ടപ്പെടുത്താനുള്ള വഴികൾ വെട്ടാനാകുക, കലാമണ്ഡലത്തിനുതന്നെയാണ്.

കടപ്പാട്:

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച മല്ലികാ സാരാഭായിയുടെ അഭിമുഖം.

https://www.newindianexpress.com/states/kerala/2025/Oct/22/interview-politics-lack-of-funds-hindering-kalamandalam-development-says-mallika

Comments