കേരളം ആചാരമുക്തമായ ആയിരം വേദികൾ ഒരുക്കണം, മൻസിയക്കുവേണ്ടി

രിഞ്ഞാലക്കുട കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള നൃത്തോത്സവത്തിൽ ഈ വരുന്ന ഏപ്രിൽ 21 ന് വൈകീട്ട് ഭരതനാട്യം അവതരിപ്പിക്കേണ്ടയാളായിരുന്നു നർത്തകിയായ മൻസിയ. കാര്യപരിപാടികൾ അച്ചടിച്ച നോട്ടീസും പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസം പ്രോഗ്രാം കമ്മിറ്റിയുടെ കൺവീനർ അഡ്വക്കറ്റ് മണികണ്ഠൻ മൻസിയയെ വിളിച്ച് ഭരതനാട്യം അവതരിപ്പിക്കേണ്ടതില്ല എന്നറിയിച്ചു. മൻസിയ ഹിന്ദുമതത്തിൽപ്പെട്ടയാളല്ല എന്നതായിരുന്നു കാരണം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മൻസിയയുടെ മുസ്ലിം പശ്ചാത്തലമായിരുന്നു ഈ വിലക്കിന് കാരണം.

ഇത് ആചാരങ്ങളുമായി ബന്ധപ്പെട്ട പരിപാടിയല്ലല്ലോ, ഒരു ദേശീയ നൃത്തോത്സവമല്ലേ, ഭരതനാട്യത്തിലെ യോഗ്യതയുടെ രേഖകൾ മുഴുവൻ നൽകാം, അതിനപ്പുറം മതവും കൂടി അടിസ്ഥാനമാക്കേണ്ടതില്ലല്ലോയെന്ന മൻസിയയുടെ വിശദീകരണത്തിന്, നമുക്ക് മതമാണ് ആദ്യപരിഗണനയെന്നായിരുന്നു കമ്മിറ്റി കൺവീറുടെ മറുപടി.

മകൻ ഒരു മുസ്ലിമിനെ വിവാഹം കഴിച്ചതിന്റെ പേരിൽ കരിവെള്ളൂരിലെ ക്ഷേത്രങ്ങളിൽ നിന്ന് പൂരക്കളി കലാകാരാനായ വിനോദ് പണിക്കരെ വിലക്കിയതിന്റെ വാർത്തകൾ പുറത്തുവന്നിട്ട് കേവലം ദിവസങ്ങൾ കഴിഞ്ഞതേയുള്ളൂ. ദേവസ്വം ബോർഡിന് കീഴിലുള്ള കേരളത്തിലെ ഒരു സുപ്രധാന ക്ഷേത്രത്തിൽ നിന്ന് ഇപ്പോഴിതാ മറ്റൊരു കലാകാരി കൂടി തന്റെ മതപശ്ചാത്തലത്തിന്റേ പേരിൽ വിലക്കപ്പെട്ടിരിക്കുന്നു.

സമീപകാലത്ത് നടന്ന മൻസിയയുടെ മിശ്രവിവാഹത്തിന് ശേഷം അവർ മതം മാറിയിട്ടുണ്ടോ എന്നും കമ്മിറ്റി കൺവീനർക്ക് അറിയേണ്ടിയിരുന്നു. ഒരു മതത്തിലും ഇല്ലാത്ത താൻ ഏത് മതത്തിലേക്കാണ് മാറേണ്ടത് എന്ന മൻസിയ നൽകിയ മറുപടിചോദ്യം മതനിരപേക്ഷ നവോത്ഥാന മൂല്യങ്ങളെ മുറുകെപിടിച്ച് ജീവിക്കുന്ന ആയിരങ്ങളുടേത് കൂടിയാണ്.

വിലക്കുകളുടെ പേരിൽ നർത്തകിയും ഗവേഷകയുമായ മൻസിയ ഇതാദ്യമായല്ല വാർത്തകളിൽ നിറയുന്നത്. മതബോധം സ്വതന്ത്രമായ കലാവിഷ്‌കാരങ്ങൾക്ക് മേൽ നിയന്ത്രണങ്ങളും അതിർവരമ്പുകളും തീർക്കുന്നതിനെതിരെ ചെറുപ്പം മുതലേ പോരാടിയവളാണ് മൻസിയ. സ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കെ സംസ്ഥാന യുവജനോത്സവത്തിൽ നൃത്തം അവതരിപ്പിച്ചതിന് നാട്ടിലെ മഹല്ല് കമ്മിറ്റിയുടെ ഊരു വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട് മൻസിയയ്ക്ക്. ശാസ്ത്രീയ നൃത്തം പഠിച്ചു എന്ന കാരണത്താൽ നാട്ടിലെ പുരുഷ പൗരോഹിത്യത്തിന്റെ വേട്ടയാടൽ നിരന്തരം അനുഭവിക്കേണ്ടി വന്നു. മൻസിയുടെ ഉമ്മ അകാലത്തിൽ മരണപ്പെട്ടപ്പോൾ ജന്മനാട്ടിലെ പൗരോഹിത്യത്തിന്റെ വിലക്ക് കാരണം തൊട്ടടുത്ത മഹല്ലിലെ ഖബർസ്ഥാനിലാണ് അവരുടെ ഭൗതിക ശരീരം സംസ്‌കരിച്ചത്.

പള്ളിക്കമ്മിറ്റിയിൽ നിന്നും മതനേതാക്കളിൽ നിന്നും ഊരുവിലക്ക് നേരിട്ട മൻസിയ സ്വന്തം നാട്ടിൽ തന്നെ 'ആഗ്നേയ' എന്ന നൃത്ത വിദ്യാലയം തുടങ്ങി അവയ്ക്ക് മറുപടിയും പറഞ്ഞു. ആ രാഷ്ട്രീയ ബോധ്യത്തേയും ഇച്ഛാശക്തിയേയും ഒരു വേദി നിഷേധിച്ച് തകർത്തു കളയാമെന്നാണ് കൂടൽമാണിക്യ ക്ഷേത്ര ഭാരവാഹികളും ഉത്സവ സംഘാടകരും കരുതുന്നത്. നേരത്തെ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും സമാനമായ അനുഭവം മൻസിയക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

പരമ്പരാഗത കലാരൂപങ്ങളെയും അവയുടെ ചരിത്ര സാംസ്‌കാരിക പശ്ചാത്തലങ്ങളെയുമെല്ലാം തങ്ങളുടേതാക്കി മാറ്റാൻ ശ്രമിക്കുന്ന സവർണ രാഷ്ട്രീയം കലാകാരൻമാരെ അവരുടെ സാമൂഹിക പശ്ചാത്തലങ്ങളുടെ പേരിൽ ക്ഷേത്ര മതിലുകൾക്ക് പുറത്തുനിർത്തുന്നത് ഇതാദ്യമായല്ല. കലാമണ്ഡലം ഹൈദരാലിയെയും പെരിങ്ങോട് ചന്ദ്രനെയുമെല്ലാം പടിക്ക് പുറത്തുനിർത്തിയവരുടെ പിൻമുറക്കാർ തന്നെയാണ് മൻസിയക്ക് നേരെയും വിലക്കുമായി വന്നിരിക്കുന്നത്.

പതിറ്റാണ്ടുകൾക്ക് മുമ്പ് ജാതിയിൽ താഴ്ന്ന മനുഷ്യർ വഴിനടക്കുന്നതിനും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനുമായി നടത്തിയ ഐതിഹാസിക സമരങ്ങളിൽ നിന്ന് തവോത്ഥാന മുന്നേറ്റങ്ങൾ ഉയിർകൊണ്ട നാട്ടിൽ ഇന്നും കലാകാരൻമാർക്ക് നേരെയുള്ള ഈ ഭ്രഷ്ട് അക്ഷരാർത്ഥത്തിൽ നാം ആർജിച്ച സാമൂഹിക നവോത്ഥാന മൂല്യങ്ങളെ നോക്കി പല്ലിളിക്കുകയാണ്. വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങൾ തമ്മിലുള്ള സഹവർത്തിത്വവും കൊടുക്കൽ വാങ്ങലുകളുമെല്ലാം ഐതിഹ്യങ്ങളിലും പ്രാചീരന കലാരൂപങ്ങളിലുമൊക്കെ ഉൾച്ചേർന്നിരിക്കുന്ന ചരിത്ര സാമൂഹികതയാണ് കേരളത്തിന്റേത് എന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്.

കൂത്തമ്പലമുറ്റത്തും പടിപ്പുരകൾക്കുള്ളിലും കയ്യിൽ മുറുക്കാൻ ചെല്ലവുമായി ചാരുകസേരകളിൽ ഞെളിഞ്ഞിരുന്ന നാടുവാഴികൾക്ക് മുന്നിൽ ചായം പൂശിയ സ്ത്രീകൾ ചുവടുവെച്ചിരുന്ന കാലത്ത് നിന്ന് കലകൾ മുന്നോട്ടുപോയി എന്നതും ആ ഭൂതകാലത്തിൽ നിന്നും മുന്നോട്ടു സഞ്ചരിച്ച സമൂഹത്തിനൊപ്പം കലകളും ജനാധിപത്യവത്കരിക്കപ്പെട്ടിട്ടുണ്ട് എന്നതും തിരിച്ചറിയാൻ ക്ഷേത്രകമ്മിറ്റികൾ തയ്യാറാകേണ്ടതുണ്ട്.

കലാമണ്ഡലമടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ശാസ്ത്രീയ കലകൾ പഠിക്കുന്നത് ഏതെങ്കിലും ഒരു മതത്തിലുള്ളവർ മാത്രമല്ല. അതുകൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളിലുള്ളവർക്കും അവരുടെ കലാപ്രകടനങ്ങൾക്കുള്ള വേദി നമ്മുടെ നാട്ടിൽ ഉണ്ടാകേണ്ടതുണ്ട്. എന്നാൽ കേരളത്തിൽ ശാസ്ത്രീയ നൃത്തരൂപങ്ങൾക്ക് വേദികളുള്ളത് കൂടുതലും ക്ഷേത്രങ്ങളിലാണ്. അതിനാൽ ക്ഷേത്രങ്ങളിൽ ഹിന്ദുക്കളല്ലാത്തവർക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നത് ആ കലയെ തന്നെയാണ് ബാധിക്കുക. ഇത് സർക്കാറും ദേവസ്വം ബോർഡും പരിഹാരം കാണേണ്ട വിഷയമാണ്.

ജാതീയമായ ഉച്ഛനീചത്വങ്ങളുടെ അംശങ്ങൾ പേറുന്ന നിരവധി ആചാരങ്ങൾ ഇന്നും ഏതാനും ക്ഷേത്രങ്ങളിൽ തുടർന്നുവരുന്നുണ്ട്. തൃപ്പൂണിത്തുറയിലെയും കൊടുങ്ങല്ലൂരിലെയും ക്ഷേത്രങ്ങളിൽ കാൽകഴുകിച്ചൂട്ടും ബ്രാഹ്മണസദ്യയും നടക്കാനിരുന്നത് സമീപകീലത്ത് ഏറെ വിവാദമായിരുന്നു.

ദളിതർക്ക് പ്രവേശനമില്ലാത്ത നിരവധി ക്ഷേത്രങ്ങൾ ഇന്നും കേരളത്തിൻ അതിർത്തി ഗ്രാമങ്ങളിൽ നിലനിൽക്കുന്നുണ്ട്. കാസർഗോട്ടെ എൻമകജെയിലും പാലക്കാട് മുതലമടയിലും ഇടുക്കിയിലെ വട്ടവടയിലുമെല്ലാം ദളിതർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളുണ്ട്. കാസർഗോട്ടെ ബെള്ളൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന അന്നദാനത്തിൽ ബ്രാഹ്മണർക്കും അല്ലാത്തവർക്കുമായി വെവ്വേറ പന്തിയൊരുക്കിയത് ഈയടുത്ത കാലത്ത് തന്നെയാണ്. അബ്രാഹ്മണർക്ക് പ്രവേശനമില്ല എന്ന് നിശ്ചിത സ്ഥലങ്ങളിൽ ബോർഡ് തൂക്കിക്കൊണ്ടുള്ള മുച്ചിലോട്ട് ഭഗവതി തെയ്യം പയ്യന്നൂരിൽ നടന്നിട്ടും അധിക കാലമായില്ല.

ആചാരങ്ങളെയും കലാരൂപങ്ങളെയും ജനാധിപത്യവത്കരിക്കാനും പ്രാകൃത മതബോധത്തിൽ നിന്ന് അവയെ വിമോചിപ്പിക്കാനും നമുക്ക് ബാധ്യതയുണ്ട്. വിലക്ക് നേരിട്ട വിനോദ് പണിക്കർക്കും മൻസിയയ്ക്കും പകരം ആയിരം വേദികൾ ഒരുക്കിക്കൊണ്ട് തന്നെ മറുപടി പറയാൻ കേരളത്തിന് സാധിക്കേണ്ടതുണ്ട്.
കൂടൽമാണിക്യം ക്ഷേത്രത്തിലെ നൃത്തോത്സവത്തിൽ മൻസിയയെ പങ്കെടുപ്പിക്കുന്നതിനായി ഇടപെടുമെന്നും ഇതിനായി യോഗം ചേരുമെന്നും അറിയിച്ച ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻരെ ഇടപെടലുകൾ പ്രതീക്ഷാനിർഭരമാണ്.

Comments