കെ.സി.എസ്. പണിക്കരുടെ ചിത്രം.

വിശുദ്ധി, അഭിനിവേശം, പ്രതിരോധം:
പല കാലങ്ങളിൽ ഒരു ശരീരം

മൈക്കലാഞ്ചലോ മുതൽ എം.എഫ്. ഹുസൈൻ വരെയുള്ളവരുടെ സൃഷ്ടികളിലുള്ള മനുഷ്യശരീരത്തിന്റെ നഗ്നതയുടെ ആഘോഷങ്ങളെക്കുറിച്ചെഴുതുന്നു, പി.പി. ഷാനവാസ്.

മൈക്കലേഞ്ചലോയുടെ സൃഷ്ടികളിലാണ് ജ്ഞാനോദയ (Renaissance) കാലത്തെ നൂഡ് പെയിന്റിങ്ങുകളുടെ സമന്വയബിന്ദു കാണാനാകുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് മനുഷ്യശരീരത്തിന്റെ നഗ്നതയ്ക്ക് ഒരു ദിവ്യ സ്വഭാവമുണ്ടായിരുന്നു. മറ്റേതൊരു സമകാലിക നൂഡിൽ നിന്നും അനന്യമായ 'അന്തസ്സ്' അദ്ദേഹത്തിന്റെ നൂഡ് സൃഷ്ടികൾക്കുണ്ട്.

നിയോ പ്ലാറ്റോണിക്കായ അദ്ദേഹത്തിന്റെ ആശയവും നിലപാടും കാരണം, അദ്ദേഹം പുരുഷസൗന്ദര്യത്തെ സംബന്ധിച്ച വൈകാരികതയെ അങ്ങേയറ്റം ആദർശവൽക്കരിക്കുകയുണ്ടായി. അക്കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന്റെ നൂഡിന്റെ വികാരക്ഷമത അതിവർത്തനം (transcendental) സിദ്ധിച്ച ഒന്നായിത്തീർന്നു; ഉത്കൃഷ്ടമായ ഒന്നിന്റെ ആവിഷ്കാരം എന്ന നിലയിൽ, ഭൗതികേതരവും ഗ്രാഹ്യമല്ലാത്തതും ഉന്നതവും ശുദ്ധവും അനന്തവുമായ ഒരനുഭവത്തിന്റെ ആവിഷ്കാരം എന്ന നിലയിൽ. അവ ജീവൻ തുടിക്കുന്നതും തീവ്രമായ ആത്മീയോർജ്ജം പ്രസരിപ്പിക്കുന്നതുമായിരുന്നു.
അദ്ദേഹത്തിന്റെ മതപ്രമേയങ്ങളിലുള്ള സൃഷ്ടികൾ പോലും, കുരിശിലേറ്റപ്പെട്ട ക്രിസ്തുവിന്റെ രൂപത്തിൽ അന്തർഹിതമായ വേദനയുടെ വൈകാരികാവസ്ഥകൾ പോലും, രക്ഷകന്റെ ആത്മീയവിശുദ്ധിയുടെ കരുണയെ പ്രസരിപ്പിക്കുന്നതായിരുന്നു.

മൈക്കലേഞ്ചലോ
മൈക്കലേഞ്ചലോ

‘‘ഗ്രീക്ക് ശില്പങ്ങളുടെ മഹത്തായ കാലത്തിനുശേഷം മൈക്കലേഞ്ചലോവിലാണ് മഹത്തായ ഫിഗറേറ്റീവ് കലയുടെ ഔന്നത്യം ദർശിക്കാനാകുക. അദ്ദേഹത്തിനുമുമ്പ് അതിനെ ഒരു ശാസ്ത്രീയ കാഴ്ച്ചപ്പാടിലാണ് പഠിക്കപ്പെട്ടത്. രൂപം വസ്ത്രത്തിനുള്ളിൽ പൊതിഞ്ഞ നിലയിൽ കാൻവാസിൽ പകർത്തുവാനുള്ള ഉപാധി എന്ന നിലയിൽ. മൈക്കലേഞ്ചലോ ശരീരത്തെ അതിന്റെത്തന്നെ ലക്ഷ്യമായി കണ്ടു. തന്റെ കലയുടെ ഏറ്റവും ഉന്നതമായ ഉദ്ദ്യേശം തന്നെയായി നഗ്നതയെ കണ്ടു. അദ്ദേഹത്തിന് കലയും നഗ്നതയും പര്യായ പദങ്ങൾ തന്നെയായിരുന്നു’’.
(ബെർണാർഡ് ബെറെൻസൺ, ഇറ്റാലിയൻ റിനൈസാൻസ് പെയിന്റേഴ്സ്, 1954).

മൈക്കലേഞ്ചലോവിന്റെ സൃഷ്ടികളിലാണ് ജ്ഞാനോദയകാലത്തെ നൂഡ് പെയിന്റിങ്ങുകളുടെ സമന്വയബിന്ദു കാണാനാകുന്നത്.
മൈക്കലേഞ്ചലോവിന്റെ സൃഷ്ടികളിലാണ് ജ്ഞാനോദയകാലത്തെ നൂഡ് പെയിന്റിങ്ങുകളുടെ സമന്വയബിന്ദു കാണാനാകുന്നത്.

പീറ്റർ പോൾ റൂബെൻസ് ആയിരുന്നു, ബരോക് കാലത്തെ നൂഡ് ചിത്രകലയുടെ മുഖ്യ വസന്ത കോകിലം. അദ്ദേഹത്തിന്റെ വശ്യവും ഉത്തേജിതവുമായ സ്ത്രീരൂപങ്ങൾ, തന്റെ കാലത്തെ സൗന്ദര്യസങ്കൽപത്തിന്റെ ഒരു യുഗത്തെത്തന്നെ അടയാളപ്പെടുത്തി. എന്നിരുന്നാലും, ലൈംഗികോത്തജനത്തിന്റെ ധാരാളിത്തം പുലർത്തുമ്പോഴും റൂബെൻസിന്റെ സൃഷ്ടികളിൽ, നിശ്ചിതനിലയിലുള്ള ആദർശാത്മകത ഇല്ലാതില്ല. (മതപ്രമേയത്തിലുള്ള നിരവധി സൃഷ്ടികളും അദ്ദേഹത്തിന്റേതായുണ്ട്.) നൈസർഗിക വിശുദ്ധിയും അവയ്ക്കുണ്ട്. ഇത് ഇറോട്ടിക് ആയിരിക്കുമ്പോഴും, ഒരു തരത്തിലുള്ള സ്വപ്നാഭയുടെ സ്വഭാവം അവയ്ക്കു നൽകുന്നു. മനുഷ്യരുടെ പ്രകൃതിയുമായുള്ള ബന്ധത്തിന്റെ പ്രത്യാശ നിറഞ്ഞതും ഉൽഗ്രഥനം കൊള്ളുന്നതുമായ കാഴ്ചപ്പാട്.

തന്റെ രൂപങ്ങളുടെ രൂപകല്പനയ്ക്ക് റൂബെൻസ് വലിയ പ്രാധാന്യം കൊടുത്തു. അതിനായി മുന്നേയുള്ള കലാകാരരുടെ സൃഷ്ടികൾ ആഴത്തിൽ പഠിച്ചു. അവരിൽനിന്ന് ഏറ്റവും നല്ല വിഭവശേഖരണം നടത്തി. പ്രത്യേകിച്ച്, മൈക്കലേഞ്ചലോയുടെയും ടിറ്റിയന്റെയും മാർക്കാന്റിയോ റായ്മോണ്ടിയുടെയും നൂഡ് സംബന്ധിച്ച സങ്കൽപ്പങ്ങളും പരിഗണനകളും. തൊലിയുടെ മാംസടോൺസിന്റെ (tones) കൃത്യമായ ടോണാലിറ്റിയുടെ (tonality) ഒരു വിദഗ്ധനായിരുന്നു റൂബെൻസ്. അതുപോലെ മാംസത്തിന്റെ വ്യത്യസ്ത ടെക്സ്ചറുകൾ ആവിഷ്കരിക്കുന്നതിലും, വെളിച്ചത്തിന്റെ ഊക്കും പ്രതിഫലനവും മാംസത്തിൽ വരുത്തുന്ന ഫലങ്ങളുടെ വ്യതിരേകങ്ങൾ കൊണ്ടു വരുന്നതിലും, അദ്ദേഹം വിദഗ്ധനായിരുന്നു. അതുപോലെ, ശരീരങ്ങളുടെ ഭാരത്തിലും തന്റെ രൂപങ്ങളുടെ ഖനമാനത്തിലും ശ്രദ്ധ നൽകിയിരുന്നു. രണ്ടായിരം ചിത്രങ്ങൾ വരച്ച അദ്ദേഹം, ചരിതത്തിലെ ഏറ്റവുമധികം നൂഡ് പെയിന്റിങ്ങുകൾ ചെയ്ത കലാകാരനാണ്.

പോൾ വലേറിയുടെ അഭിപ്രായത്തിൽ, "കവികൾക്കും കഥാകാരന്മാർക്കും പ്രേമവും പ്രണയവും അഭിനിവേശവും എങ്ങനെയാണോ, രൂപങ്ങൾ വരയ്ക്കുന്ന ചിത്രകാരന്മാർക്ക് നഗ്ന മനുഷ്യരൂപം അപ്രകാരമാണ്".

ഏതെങ്കിലും നിലയിൽ വർഗീകരിക്കാൻ കഴിയാത്ത കലാകാരനാണ്, പ്രസിദ്ധനായ സ്പാനിഷ് ചിത്രകാരൻ ഫ്രാൻസിസ്‌കോ ഗോയ. അനന്യമായ പ്രതിഭയ്ക്കുടമയായിരുന്ന അദ്ദേഹത്തിന്റെ കലയുടെ സവിശേഷ സ്വഭാവം കലാചരിത്രത്തിലെ താരതമ്യത്തിനു കഴിയാത്ത ഒന്നാണ്. ലാ മാജ ഡെസ്നൂഡയാണ് (1797-1800) അദ്ദേഹത്തിന്റെ നൂഡ് ഴോണറിലെ മാസ്റ്റർപീസ്. വസ്ത്രമുടുത്ത മാജയ്ക്ക് (ലാ മാജ വെസ്റ്റിഡ, 1802-1805) ഒപ്പം തന്നെയാണ് അദ്ദേഹം ഈ സൃഷ്ടിയും പ്രദർശിപ്പിച്ചത്. തന്റെ നൂഡിൽ, കലാചരിത്രത്തിൽ ആദ്യമായി സ്ത്രീയുടെ 'ഗുഹ്യരോമ'ത്തെ അദ്ദേഹം പ്രദർശിപ്പിച്ചു. ചരിത്രപരവും മിത്തോളജിക്കലും മതപരവുമായ ഒരു പ്രമേയത്തിലും, റഫറൻസോ ന്യായീകരണമോ ഇല്ലാത്ത നൂഡിറ്റിയുടെ ആദ്യ ചിത്രീകരണങ്ങളിൽ ഒന്നായിരുന്നു അത്. ലളിതമായ നിലയിലുള്ള, അജ്ഞാതയായ ഒരു നഗ്നസ്ത്രീയുടെ ചിത്രീകരണം. അവളെ വളരെ അടുത്ത നിലയിൽ നമുക്ക് കാണാം. ഒരു വോയറിസ്റ്റിന്റെ മനോഭാവത്തിൽ കാണാൻ പാകത്തിൽ അവൾ നമ്മെ നോക്കി ശയിക്കുന്നു. ‘ഇതാ നോക്കി ആസ്വദിച്ചോളൂ’ എന്ന നിലയിൽ, ലീലാഭാവത്തിലാണ് ആ നോട്ടം, അഭിമാനത്തോടെ തന്റെ നഗ്നത പ്രദർശിപ്പിച്ചുകൊണ്ട്, കാണുന്നവരുടെ ആഹ്ലാദത്തിന് തന്റെ ശരീരം, ഒരു പാപകർമ്മത്തിന് വിരിച്ചിട്ട നിലയിൽ.

പീറ്റർ പോൾ റൂബെൻസ് ആയിരുന്നു, ബരോക് കാലത്തെ നൂഡ് ചിത്രകലയുടെ മുഖ്യ വസന്ത കോകിലം. അദ്ദേഹത്തിന്റെ വശ്യവും ഉത്തേജിതവുമായ സ്ത്രീരൂപങ്ങൾ, തന്റെ കാലത്തെ സൗന്ദര്യസങ്കൽപത്തിന്റെ ഒരു യുഗത്തെത്തന്നെ  അടയാളപ്പെടുത്തി.
പീറ്റർ പോൾ റൂബെൻസ് ആയിരുന്നു, ബരോക് കാലത്തെ നൂഡ് ചിത്രകലയുടെ മുഖ്യ വസന്ത കോകിലം. അദ്ദേഹത്തിന്റെ വശ്യവും ഉത്തേജിതവുമായ സ്ത്രീരൂപങ്ങൾ, തന്റെ കാലത്തെ സൗന്ദര്യസങ്കൽപത്തിന്റെ ഒരു യുഗത്തെത്തന്നെ അടയാളപ്പെടുത്തി.

സ്പാനിഷ് കലയുടെ ബരോക് കാലഘട്ടത്തിലെ ഏറ്റവും പ്രതിഭാധനനായ കലാകാരനായിരുന്നു ഡിയേഗോ വാലെസ്ക്യൂസ്. അദ്ദേഹത്തിന്റെ നിർമ്മിതികൾ കലാചരിത്രത്തിലെ നാഴികകല്ലുകളിലൊന്നാണ്. വീനസ് അറ്റ് ഹെർ മിറർ (1647-1651) ഏറ്റവും പ്രസിദ്ധമായ നൂഡുകളിൽ ഒന്നാണ്. പിൻഭാഗത്തുനിന്ന് ഒരു സ്ത്രീനൂഡിനെ ചിത്രീകരിച്ചുകൊണ്ടുള്ള, വലിയ നിലയിൽ സ്വകീയമായ ഒരു ചിത്രീകരണം. അക്കാലത്ത് സ്ത്രീയുടെ നിതംബചിത്രീകരണം സാധാരണമായിരുന്നില്ല. തന്റെ തന്നെ ഛായ, കണ്ണാടിയിൽ കാണുന്ന വീനസിന്റെ ഈ മനോഭാവം, പൊങ്ങച്ചത്തിന്റെ ഒരു അലിഗൊറി എന്ന നിലയിലും വായിക്കാം. 'കുപിഡ് ആൻഡ് സൈക്', 'വീനസ് ആൻഡ് അഡോനൈസ്' തുടങ്ങിയ നഷ്ടപ്പെട്ടുപോയ ചിത്രങ്ങളും അദ്ദേഹത്തിന്റെതായുണ്ട്.

പോൾ വലേറിയുടെ അഭിപ്രായത്തിൽ, "കവികൾക്കും കഥാകാരന്മാർക്കും പ്രേമവും പ്രണയവും അഭിനിവേശവും എങ്ങനെയാണോ, രൂപങ്ങൾ വരയ്ക്കുന്ന ചിത്രകാരന്മാർക്ക് നഗ്ന മനുഷ്യരൂപം അപ്രകാരമാണ്". അക്കാദമിസിസത്തിന്റെ കാലത്ത് പ്രകൃതിയുടെ കുലീനതയുടെ ആവിഷ്കാരം എന്ന നിലയിലാണ് നൂഡ് കടന്നുവരുന്നത്.

സ്പാനിഷ് കലയുടെ ബരോക് കാലഘട്ടത്തിലെ ഏറ്റവും പ്രതിഭാധനനായ കലാകാരനായിരുന്നു ഡിയേഗോ വാലെസ്ക്യൂസ്. വീനസ് അറ്റ് ഹെർ മിറർ (1647-1651) ഏറ്റവും പ്രസിദ്ധമായ നൂഡുകളിൽ ഒന്നാണ്.
സ്പാനിഷ് കലയുടെ ബരോക് കാലഘട്ടത്തിലെ ഏറ്റവും പ്രതിഭാധനനായ കലാകാരനായിരുന്നു ഡിയേഗോ വാലെസ്ക്യൂസ്. വീനസ് അറ്റ് ഹെർ മിറർ (1647-1651) ഏറ്റവും പ്രസിദ്ധമായ നൂഡുകളിൽ ഒന്നാണ്.

ഇന്ത്യൻ അക്കാദമിക കലാചരിത്രത്തിൽ, ചോളമണ്ഡലം ധാരയാണ് ആധുനിക കാലത്ത് നൂഡിറ്റിയെ ആഘോഷിച്ചത്. കെ.സി.എസ്. പണിക്കരുടെ അമ്പതുകളുടെ കലാജീവിതത്തിൽ, സ്ത്രീനിതംബത്തിന്റെ ഭംഗിയും വലിപ്പവും ആകൃതിയും ചിത്രീകരിക്കുന്ന കുറേ ഡ്രോയിങ്ങുകൾ, തിരുവനന്തപുരം കെ.സി.എസ്. പണിക്കർ ഗാലറിയിൽ കാണാം. ക്രിസ്തീയ പ്രമേങ്ങൾക്കുശേഷം വരുന്ന, ക്രിസ്തുവിന്റെ കുരിശേറ്റവും ലാസറിന്റെ ജീവിതസന്ദർഭങ്ങളും മറ്റും ചിത്രീകരിച്ച കാലത്തിനുശേഷം, ഇത്തരത്തിൽ പണിക്കർ, നിതംബപാർശ്വങ്ങളെ മുൻനിർത്തി സ്കെച്ച് ചെയ്യുന്നതു കാണാം. ഒരു ദക്ഷിണേന്ത്യൻ സ്ത്രീശരീരത്തോടുള്ള ചായ്‌വ് ഇവയിൽ വായിച്ചെടുക്കാം. രവിവർമ്മയുടെ ജൂഡിത്, തന്റെ മുലകൾ തുറന്നിട്ട നിലയിലാണെങ്കിലും, അതൊരു യോദ്ധാവിന്റെ സന്നദ്ധതയാണ് ചിത്രീകരിച്ചിരിക്കുന്നത്. കെ.സി.എസ്. പണിക്കരുടെ ശിഷ്യ ടി.കെ. പത്മിനി, ദാരുശില്പങ്ങളുടെ കോണ്ടൂറിൽ, സ്ത്രീനഗ്നശരീരങ്ങളെ വരച്ചത് എറണാകുളം ദർബാർ ആർട്ട് ഗാലറിയിലുണ്ട്. പണിക്കരുടെ തന്നെ സ്കൂളിന്റെ അവകാശമുള്ള സി. എൻ. കരുണാകരനും സ്ത്രീശരീരങ്ങളുടെ നൂഡിറ്റിയെ ശൈലീകൃതമായ ഒരു നിലപാടിൽ നിന്ന്, തന്റെ കലാജീവിതം മുഴുക്കെ ആഘോഷിച്ചിട്ടുണ്ട്. മദ്രാസ് പഠനകാലത്ത് പത്മിനിയും താനും നൂഡ് മോഡലിനെ ഡ്രോ ചെയ്ത സന്ദർഭങ്ങൾ, ഒരു മലപ്പുറം സന്ദർശനത്തിൽ അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്.

രവിവർമ്മയുടെ ജൂഡിത്, തന്റെ മുലകൾ തുറന്നിട്ട നിലയിലാണെങ്കിലും, അതൊരു യോദ്ധാവിന്റെ സന്നദ്ധതയാണ് ചിത്രീകരിച്ചിരിക്കുന്നത്.
രവിവർമ്മയുടെ ജൂഡിത്, തന്റെ മുലകൾ തുറന്നിട്ട നിലയിലാണെങ്കിലും, അതൊരു യോദ്ധാവിന്റെ സന്നദ്ധതയാണ് ചിത്രീകരിച്ചിരിക്കുന്നത്.

കാനായി കുഞ്ഞിരാമന്റെ മലമ്പുഴയിലെ 'യക്ഷി'യും, ശംഖുമുഖത്തെ 'മത്സ്യകന്യക'യും എറണാകുളത്തെ 'മുക്കുവപ്പെരുമാളും', സ്ത്രീനൂഡിറ്റിയെ ആഘോഷിച്ചു. താന്ത്രികവിധികളെയും ദേവീ ഉപാസനയുടെയും പശ്ചാത്തലമാണ് ചോളമണ്ഡലംകലയുടെ ത്വാതികാനുമിതികളായി സ്വീകരിച്ചിരുന്നത്. അമ്മ ദൈവരാധനയുടെ കലാഭാഷ്യങ്ങൾ. ഇതിനെയെല്ലാം പ്രശ്നവൽക്കരിച്ചുകൊണ്ടാണ് ജൈനതീർത്ഥങ്കരന്മാരെ ഇൻവോക് ചെയ്തുകൊണ്ടുള്ള, ബറോഡാധാരയുടെ അവകാശങ്ങളുള്ള എൻ.എം. റിംസന്റെ ഇൻസ്റ്റലേഷനുകൾ.
എം. എഫ്. ഹുസൈന്റെ 'സരസ്വതി' ഒരു ഇന്ത്യൻ യാഥാർത്ഥ്യമായി ഇന്നും നമുക്ക് മുമ്പിൽ ഒരു രാഷ്ട്രീയ സമസ്യയാണല്ലോ. ഖജുരാഹോയും അജന്തയും യെല്ലോറയും, നമ്മുടെ ക്ഷേത്രച്ചുമരുകളിലെ ചിത്രങ്ങളും റിലീഫുകളുമെല്ലാം, ഇറോട്ടിസത്തെ ആത്മീയ ജീവിതവുമായ ബന്ധിപ്പിക്കുന്ന ഇന്ത്യൻ സവിശേഷതകൾ തന്നെ.

Comments