1920-കളിലെ ദേശീയ നവോത്ഥാന തരംഗം രാജ്യത്തെ മുഴുവൻ ഇളക്കിമറിച്ച ഘട്ടത്തിലാണ് തനതായ കലാരൂപങ്ങൾക്ക് പുതുജീവൻ ലഭിച്ചത്. കലയും സാഹിത്യവും സ്വാതന്ത്ര്യസമരത്തിന്റെ ശക്തമായ ആയുധങ്ങളായി; ദേശാഭിമാനത്തിന്റെയും ഐക്യത്തിന്റെയും ചൈതന്യം ജനങ്ങളിൽ ഉണർത്തുന്ന സ്രോതസ്സായി അവ പ്രവർത്തിച്ചു.
തമിഴ്നാട്ടിൽ ഭാരതനാട്യം പുതുജീവിതം നേടി. ആസ്സാമിലും മണിപ്പുരിലും പ്രാദേശിക നൃത്തകലകൾക്ക് പുതുമയേകപ്പെട്ടു. ബംഗാളിൽ രബീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ, ദേശീയബോധത്തോടൊപ്പം കലയും വിദ്യാഭ്യാസവും ചേർന്ന് മുന്നേറിയ പ്രധാന കേന്ദ്രമായി മാറി.
അതേസമയം, മലയാളം സംസാരിക്കുന്ന ഇന്നാട്ടിൽ കഥകളി പോലുള്ള സമ്പന്നമായ കലാരൂപങ്ങൾ നിലനിന്നിരുന്നുവെങ്കിലും, അവയുടെ അരങ്ങുകൾ ജന്മിമാരുടെ വീടുകളിലും അമ്പലമുറ്റങ്ങളിലും ഒതുങ്ങിയിരുന്നു. സാധാരണ മനുഷ്യർക്ക് അവയെ സമീപിക്കാനോ ആസ്വദിക്കാനോ അവസരമുണ്ടായിരുന്നില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കലാരൂപങ്ങൾക്ക് ലഭിച്ചിരുന്നതു പോലെ സംസ്ഥാനാന്തരവേദികളും പ്രോത്സാഹനവും കേരളത്തിലെ കലാരൂപങ്ങൾക്ക് ലഭിക്കാതിരുന്നത് അവയുടെ വളർച്ചക്കും വ്യാപനത്തിനും വലിയൊരു തടസ്സമായി. ഇതിനെ സൂക്ഷ്മമായി തിരിച്ചറിഞ്ഞത് കവിയായ വള്ളത്തോൾ നാരായണമേനോനായിരുന്നു.
കുട്ടിക്കാലം മുതൽ കഥകളിയോട് ആകർഷണമുണ്ടായിരുന്ന വള്ളത്തോളിന്, ഈ കലാരൂപത്തെ ദേശീയ നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരണമെന്ന വലിയ ആഗ്രഹമുണ്ടായി. ഈ ചിന്തക്ക് പ്രചോദനമായത് ദേശീയോദ്ഗ്രഥനമുന്നേറ്റം തന്നെയായിരുന്നു.
മലപ്പുറം ജില്ലയിലെ തിരൂരിലാണ് വള്ളത്തോൾ ജനിച്ചത്. കവിയായി പ്രശസ്തനായിരുന്നതിനാൽ കഥകളിയെ പ്രോത്സാഹിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ സ്വപ്നത്തിന് കേൾവിക്കാരുണ്ടായിവന്നു. അതിന് അദ്ദേഹത്തിന് നിരന്തരശ്രമം നടത്തേണ്ടിവന്നു.

കുന്നംകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ആത്മപോഷിണി മാസികയുടെ പത്രാധിപരായി പ്രവർത്തിച്ച കാലത്ത്, വള്ളത്തോൾ വിവിധ കോവിലകങ്ങളിൽ അരങ്ങേറിയിരുന്ന കഥകളി കാണാനും അടുത്തറിയാനും തുടങ്ങി. ഇങ്ങനെ അദ്ദേഹം കഥകളിയുടെ വൈവിധ്യവും സമ്പന്നതയും അനുഭവിച്ചു. ഈ അനുഭവങ്ങളിൽ നിർണായകമായത് മണക്കുളം കോവിലകത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസവും ഭരണപാടവവുമുള്ള മുകുന്ദരാജയുമായുണ്ടായ സൗഹൃദമായിരുന്നു. രണ്ടുപേരുടെയും കലാപ്രേമവും സൗഹൃദവും ചേർന്നപ്പോൾ, കഥകളി എന്ന കലയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കുമായി കാര്യക്ഷമമായി എന്തെങ്കിലും ചെയ്യണമെന്ന ആശയം ഇരുവരുടേയും മനസ്സിൽ വളർന്നു. എന്നാൽ, കഥകളി പൊതുരംഗത്തേക്ക് കൊണ്ടുവന്നാൽ വിജയിക്കുമോ, സാധാരണ ജനങ്ങൾ ഈ കലാരൂപത്തെ പ്രോത്സാഹിപ്പിക്കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ അവരെ അലട്ടി. അതിന്റെ സാധ്യത കണ്ടെത്താനായി അവർ കൊച്ചി രാജ്യത്തെ തൃശ്ശൂരിലും മലബാറിലെ മഞ്ചേരിയിലും ടിക്കറ്റ് വെച്ച് കഥകളി നടത്തി. ആ ശ്രമങ്ങൾ ജനം ആവേശത്തോടെ സ്വീകരിച്ചതോടെ, കഥകളി മാത്രമല്ല, കേരളത്തിലെ മറ്റു കലാരൂപങ്ങളും നിലനിർത്താൻ ഒരു സ്ഥാപനം തന്നെ ആവശ്യമാണ് എന്ന് ബോധ്യപ്പെട്ടു.
1922-ൽ വള്ളത്തോൾ നാരായണമേനോൻ, മുകുന്ദരാജ, കുഞ്ഞുണ്ണിത്തമ്പുരാൻ എന്നിവർ ചേർന്ന് കൂടിയാലോചന നടത്തി. 1927 ഡിസംബർ 20-ന് കലാമണ്ഡലം എന്ന സ്ഥാപനം കോഴിക്കോട് രജിസ്റ്റർ ചെയ്തു. കോഴിക്കോട്ടെ ലീലാവിലാസം എന്ന വീടായിരുന്നു ഓഫീസ്. കളിയോഗമായി രജിസ്റ്റർ ചെയ്ത കലാമണ്ഡലത്തിന്റെ ആദ്യ പ്രവർത്തനസമിതിയുടെ അധ്യക്ഷൻ വള്ളത്തോൾ ആയിരുന്നു. രക്ഷാധികാരിയായി നിലമ്പൂർ മാനവേദ രാജാവിനെ നിയമിച്ചു. ഡോ. കെ.പി. പണിക്കർ, എം. മുകുന്ദരാജ, മഞ്ചേരി എസ്. രാമയ്യർ, യു. ഗോപാലമേനോൻ, കോമാട്ടിൽ അച്യുതമേനോൻ എന്നിവർ ആദ്യ കമ്മിറ്റിയിൽ അംഗങ്ങളായി. കലാമണ്ഡലത്തിന്റെ ആദ്യ മെമ്മോറാണ്ടത്തിൽ കക്കാട്ട് കാരണവപ്പാട് കുഞ്ഞുണ്ണിത്തമ്പുരാൻ, കെ. മാധവൻനായർ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കെ. അച്യുതമേനോൻ, പാട്ടത്തിൽ നാരായണമേനോൻ, കെ.കെ. കുരുവിള, മള്ളൂർ കെ. ഗോവിന്ദപ്പിള്ള, സി.വി. ചന്ദ്രശേഖർ, ചന്തു നമ്പ്യാർ, നാലപ്പാട്ട് നാരായണമേനോൻ, അമ്പാടി കാർത്യായനിയമ്മ എന്നിവർ ഒപ്പുവച്ചു. നമ്പൂതിരിമാർ, തമിഴ് ബ്രാഹ്മണർ, നായന്മാർ, ക്രിസ്ത്യാനികൾ തുടങ്ങി വിവിധ തുറകളിൽപ്പെട്ടവർ അംഗങ്ങളായി വന്നതിലൂടെ കലാമണ്ഡലത്തിന് സാമൂഹിക വൈവിധ്യവും ലഭിച്ചു. ഇങ്ങനെ രൂപം കൊണ്ട കലാമണ്ഡലം, കഥകളിയുടെയും മറ്റു കേരളീയ കലാരൂപങ്ങളുടെയും പുറംലോകത്തെക്കുള്ള യാത്രയ്ക്ക് വേദിയായി. പരമ്പരാഗത കലാരൂപങ്ങൾക്ക് പുതുജീവൻ നൽകിയ ചരിത്രം അങ്ങനെ ആരംഭിച്ചു.
1932- ൽ, കലാമണ്ഡലത്തിൽ കഥകളി മാത്രം പഠിപ്പിച്ചാൽ പോരെന്നും എല്ലാ കേരളീയ കലകളും അഭ്യസിപ്പിക്കുന്ന സ്ഥാപനമാകണം എന്നും വള്ളത്തോൾ ആഗ്രഹിച്ചു.
ഇന്ന് സർവകലാശാലാ നിലവാരം നേടിയ കലാമണ്ഡലം, കേരളീയ കലകളുടെ ലോകവേദിയാണ്. എന്നാൽ അതിന്റെ തുടക്കം അത്യന്തം ലഘുവും അപൂർവ്വവുമായിരുന്നു. ലോട്ടറി ടിക്കറ്റ് വിറ്റ് സമാഹരിച്ച പണത്തിലൂടെയായിരുന്നു അത്. കവിയായ വള്ളത്തോളും സഹപ്രവർത്തകരും അന്ന് ലോട്ടറി ടിക്കറ്റുകളുമായി ജനങ്ങളിലേക്കിറങ്ങി. ആ ചെറുതും ധീരവുമായ തുടക്കമാണ്, പിന്നീട് കേരളീയ കലകളുടെ മഹത്തായ പൈതൃകം ലോകമെമ്പാടും എത്തിക്കുന്ന കലാമണ്ഡലമായി വളർന്നത്. ഒരുപക്ഷേ മറ്റെവിടെയും സംഭവിച്ചിട്ടില്ലാത്ത വിധമുള്ള ഈ തുടക്കം കലാമണ്ഡലത്തിന്റെ ചരിത്രകഥയെ സവിശേഷമാക്കുന്നു.
ഈ ചരിത്രഘട്ടത്തിൽ പലവിധ പ്രതിസന്ധികൾ വള്ളത്തോളിനും മുകുന്ദരാജാവിനും തരണം ചെയ്യേണ്ടിവന്നു. ഭാഗ്യക്കുറി നടത്താനുള്ള അന്നത്തെ സർക്കാരിന്റെ അനുമതി മുതൽ വള്ളത്തോളും മുകുന്ദരാജയും പണം മോഷ്ടിക്കുന്നുവെന്ന ആരോപണങ്ങൾ വരെ മറികടക്കേണ്ടതായിവന്നു. കഥകളിയോടും കലകളോടുമുള്ള അഭിനിവേശം കൊണ്ട് ഈ പ്രയാസങ്ങൾ താണ്ടാൻ വള്ളത്തോളും മുകുന്ദരാജയും സന്നദ്ധരായിരുന്നു. അതിനവരെ സഹായിച്ചവരിൽ സർ സി.പി. രാമസ്വാമി അയ്യർ, നിലമ്പൂർ മാനവേദ രാജാവ്, നാലപ്പാട്ട് നാരായണമേനോൻ, മഞ്ചേരി എസ്. രാമയ്യർ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് തുടങ്ങിയവരുണ്ടായിരുന്നു.
1930 മെയ് മാസത്തിൽ ഗുരുവായൂരിൽ കലാമണ്ഡലത്തിന്റെ ഭാഗ്യക്കുറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട് നാല് ദിവസത്തെ കഥകളി ഉത്സവം അരങ്ങേറി. അതിപ്രശസ്തരായ നടന്മാർ, ഗായകർ, വാദകർ എന്നിവർ പങ്കെടുത്തു. പട്ടിക്കാംതൊടി രാവുണ്ണി മേനോൻ, തകഴി കുഞ്ചുക്കുറുപ്പ്, കവളപ്പാറ നാരായണൻ നായർ, കരിയാറ്റിൽ കോപ്പൻ നായർ, കുറുവട്ടൂർ കുഞ്ഞൻ നായർ, വെച്ചൂർ രാമൻ പിള്ള, തോട്ടം ശങ്കരൻ നമ്പൂതിരി എന്നിവർ അഭിനയം കൊണ്ട് അരങ്ങുതകർത്തു. കാവശ്ശേരി സ്വാമിക്കുട്ടി ഭാഗവതർ, മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതർ, പുലാപ്പറ്റ കുട്ടൻ, ഇറവങ്കര നീലകണ്ഠനുണ്ണിത്താൻ എന്നിവർ ഗാനാലാപനത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മൂത്തമന കേശവൻ നമ്പൂതിരി, ഗുരുവായൂർ കുട്ടൻ മാരാർ, മടത്തിലേത്ത് ഗോവിന്ദൻ നായർ എന്നിവർ ചെണ്ടയിൽ കലാവൈഭവം തീർത്തപ്പോൾ, തിരുവില്വാമല വെങ്കിച്ചൻ, മാധവവാരിയർ, പുന്നത്തൂർ മാധവവാരിയർ എന്നിവർ മദ്ദളത്തിൽ മുഴക്കമുണർത്തി. രാവോളം നീണ്ട കഥകളി ആസ്വദിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകളെത്തിയിരുന്നു. മലയാളികളോടൊപ്പം ബംഗാളി നർത്തകൻ ഉദയശങ്കർ, സ്വിറ്റ്സർലാന്റുകാരിയായ ആലീസ്, ഇംഗ്ലണ്ടുകാരിയായ സ്റ്റാൻഡിഞ്ച് തുടങ്ങിയ വിദേശികളും നാല് ദിവസവും മുൻനിരയിൽ പായ വിരിച്ചിരുന്ന് കഥകളി കണ്ടു.

കലാമണ്ഡലം ഭാഗ്യക്കുറി നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 15,000 രൂപ വർക്കലയിലെ ഒരു ദരിദ്ര സ്ത്രീക്കാണ് ലഭിച്ചത്. അവർക്കത് വലിയ അനുഗ്രഹമായിരുന്നുവെങ്കിൽ, കലാമണ്ഡലത്തിന്റെ ചരിത്രത്തിലും അവരുടെ പേര് ഒരിക്കലും മായാത്ത രീതിയിൽ പതിയുകയായിരുന്നു. ഒരു സാധാരണ സ്ത്രീയുടെ ഭാഗ്യലാഭവും ഒരു മഹത്തായ കലാ സ്ഥാപനത്തിന്റെ തുടക്കവും ചേർന്ന്, ഈ ഭാഗ്യപരീക്ഷണം കേരളത്തിന്റെ കലാ നവോത്ഥാനചരിത്രത്തിലെ അപൂർവ്വ സംഭവമായി മാറി.
കൊച്ചി രാജ്യത്തിന്റെ അക്കാലത്തെ നിയമമനുസരിച്ച് കേരള കലാമണ്ഡലം സൊസൈറ്റി ആയി രജിസ്റ്റർ ചെയ്യേണ്ടിവന്നു. 1930 നവംബർ 9 ന് കക്കാട്ട് കാരണവപ്പാടിന്റെ വസതിയായ മഠപ്പാട്ടിൽ വെച്ച് കേരള കലാമണ്ഡലത്തിന്റെ പ്രവർത്തനം വളരെ ദരിദ്രമായി ആരംഭിച്ചു. കാരണവപ്പാടിന് കഥകളിയും കലകളുമൊക്കെ താല്പര്യമായിരുന്നെങ്കിലും കുടുംബാംഗങ്ങൾക്ക് കലാമണ്ഡലത്തിന്റെ കളരികൾ തറവാട്ടിൽ വെച്ച് നടത്തുന്നതിൽ വിയോജിപ്പുണ്ടായിരുന്നു. അതിനാൽ 1931 ഏപ്രിൽ 13-ന് രാത്രി മഠപ്പാട്ടിൽ നിന്ന് കഥകളി കോപ്പുകളും വാദ്യോപകരണങ്ങളുമായി ഒരു കാളവണ്ടി പ്രയാണമാരംഭിച്ചു. തൃശൂർ നഗരത്തിൽ നിന്ന് 12 കിലോമീറ്റർ ദൂരെയുള്ള മുളങ്കുന്നത്തുകാവിലെ മുകുന്ദരാജയുടെ അധീനതയിലുള്ള ശ്രീനിവാസം എന്ന വീട്ടിലേക്കായിരുന്നു ആ യാത്ര. അങ്ങനെ കലാമണ്ഡലം ഒരു കാളവണ്ടിയിൽ മുളങ്കുന്നത്തുകാവിലെത്തി. അക്കൊല്ലം കലാപാഠശാല എന്ന രീതിയിൽ കലാമണ്ഡലത്തെ നവീകരിക്കാൻ വള്ളത്തോൾ ചില പ്രധാന തീരുമാനങ്ങളെടുത്തു.
ശ്രീനിവാസം എന്ന കെട്ടിടത്തിൽ സൗകര്യം കുറവായിരുന്നതിനാൽ കുറച്ചു ഓലഷെഡുകൾ കെട്ടിയുണ്ടാക്കി. കഥകളി വേഷത്തിനു പുറമെ വായ്പ്പാട്ടും ചെണ്ടയും മദ്ദളവും ചിട്ടയോടെ പഠിപ്പിക്കാൻ തുടങ്ങിയത് ഈ ഓലപ്പുരകളിലായിരുന്നു. കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ ആചാര്യന്മാരിൽ ഒരാളായ പട്ടിക്കാംതൊടി രാവുണ്ണി മേനോൻ കലാമണ്ഡലത്തിൽ അദ്ധ്യാപകനായി ചേർന്നത് അപ്പോഴാണ്. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന കടത്തനാടൻ, കാവുങ്കൽ, പാലക്കാടൻ, കപ്ലിങ്ങാടൻ കല്ലടിക്കോടൻ എന്നീ കഥകളിശൈലികൾ നന്നായി പഠിച്ച വള്ളത്തോൾ, കലാമണ്ഡലത്തിൽ കല്ലുവഴിച്ചിട്ടയുടെ മനോഹാരിതക്ക് തന്നെ പ്രാമുഖ്യം നൽകി.
കലാമണ്ഡലം തുടക്കം മുതൽ നിലനിന്നത് വിദേശികളുടെയും ഇന്ത്യൻ കലാപ്രേമികളുടെയും സഹായത്തോടെയാണ്. ഇതിലൂടെ അനേകം കലാപ്രതിഭകൾക്ക് വളരാനുള്ള വഴിയുമൊരുങ്ങി.
കഥകളിയിലെ കഥകളും പുരാണങ്ങളും ആട്ടക്കഥകളും പഠിപ്പിക്കാൻ ഒരു സാഹിത്യ അധ്യാപകൻ തന്നെ വേണമെന്ന് വള്ളത്തോൾ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കുട്ടിക്കൃഷ്ണമാരാരെ നിയമിച്ചു. ആ ഘട്ടത്തിൽ കലാമണ്ഡലത്തിന്റെ പ്രവർത്തനം മുന്നോട്ട് പോയത്, പലരിൽ നിന്നു ലഭിച്ച സംഭാവനകളും എം. മുകുന്ദരാജയുടെ വ്യക്തിപരമായ സാമ്പത്തിക സഹായവും കൊണ്ടാണ്. ഒരു സ്ഥാപനം എന്ന നിലയിൽ അതിന്റെ പ്രവർത്തനങ്ങൾക്ക് സ്ഥിരമായ വരുമാനമാർഗ്ഗം ഉണ്ടായിരുന്നില്ല.
1932-ൽ, അമേരിക്കയിൽ ജനിച്ച എസ്തർ ലുവെല്ല ഷെർമൻ, രാഗിണിദേവി എന്ന ഇന്ത്യൻ പേര് സ്വീകരിച്ച്, കലാമണ്ഡലത്തിൽ കഥകളി പഠിച്ച ആദ്യ വിദേശ വിദ്യാർത്ഥിനിയായി. കഥകളിയുടെ ഗാഢമായ ആശയലോകവും അതിന്റെ സങ്കീർണ്ണ ശൈലിയും സമ്പന്നമായ ചടുലഭാഷയും ഒരു വിദേശി അഭ്യസിക്കാൻ ശ്രമിച്ചത്, കലാമണ്ഡലത്തിന്റെ അന്താരാഷ്ട്ര പ്രസിദ്ധിക്ക് തുടക്കം കുറിച്ച സംഭവമായി. അക്കാലത്തുതന്നെ പ്രശസ്ത നർത്തകൻ ഉദയശങ്കർ, സഹോദരന്മാരായ രാജേന്ദ്രശങ്കർ, ദേവേന്ദ്രശങ്കർ, കൂടാതെ കനകലത എന്ന അവരുടെ കൂടെ വന്ന നർത്തകി എന്നിവർ ആറു മാസത്തോളം കലാമണ്ഡലത്തിൽ താമസിച്ചു. അവർ കഥകളിയുടെ ഘടനയും ശൈലികളും അടുത്തറിഞ്ഞു. ഈ പഠനാനുഭവം അവരുടെ സ്വന്തം സൃഷ്ടികളിലും ഇന്ത്യൻ നൃത്തരൂപങ്ങളുടെ ആഗോള പരിചയപ്പെടുത്തലിലും വലിയ സ്വാധീനം ചെലുത്തി.
ഇങ്ങനെ, കലാമണ്ഡലം കേരളീയ കലാരൂപങ്ങളെ മാത്രമല്ല പരിപോഷിപ്പിച്ചത്, ഇന്ത്യയുടെ കലാ-സംസ്കാരത്തെ ലോകസമക്ഷം പരിചയപ്പെടുത്തുന്ന സംസ്‌കാരപാലം ആയി വർത്തിക്കുകയും ചെയ്തു.
കലാമണ്ഡലത്തിലെ കളരികൾക്കുശേഷം ഉദയശങ്കർ കലാമണ്ഡലത്തിലെ വിദ്യാർത്ഥിയായിരുന്ന വളെങ്ങോട് മാധവനെയും തന്റെ സംഘത്തിൽ ഉൾപ്പെടുത്തി. മാധവൻ ഉദയശങ്കറിന്റെ നൃത്തസംഘത്തോടൊപ്പം ചേർന്ന് ഇന്ത്യയിലെ പല ഭാഗങ്ങളിലും, വിദേശ രാജ്യങ്ങളിലും നിരവധി പ്രോഗ്രാമുകൾ അവതരിപ്പിച്ചു. 1938-ൽ മാധവൻ കലാമണ്ഡലത്തിൽ മടങ്ങിയെത്തിയപ്പോൾ, അദ്ദേഹത്തെ കഥകളി നൃത്തസംവിധായകനായും അധ്യാപകനായും നിയമിച്ചു.
കലാമണ്ഡലത്തിന്റെ ധനശേഖരണാർത്ഥം നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പിലും തുടർന്നു നാല് ദിവസങ്ങൾ നീണ്ട കഥകളിയിലും പങ്കെടുത്തിരുന്ന ഇംഗ്ലണ്ടുകാരിയായ സ്റ്റാൻ ഹാർഡിഞ്ച്, കഥകളിയെ കൂടുതൽ മനസ്സിലാക്കുന്നതിനായി മുളങ്കുന്നത്തുകാവിൽ തങ്ങിക്കൊണ്ടിരുന്നു. അവിടെ താമസിക്കുമ്പോൾ അവർ പുതിയേടത്തു കൃഷ്ണൻ എന്ന കുട്ടിയെ കലാമണ്ഡലത്തിൽ ചേർത്തു. ആ വിദ്യാർത്ഥിയാണ് പിന്നീട് കലാമണ്ഡലം കൃഷ്ണൻനായർ എന്ന പേരിൽ പ്രശസ്തനായത്.

1932-ൽ വളരെ പരിമിത സൗകര്യങ്ങളുള്ള കലാമണ്ഡലത്തിന്റെ വേദിയിൽ മറ്റൊരു ശ്രദ്ധേയ അധ്യായം ആരംഭിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയവരുടെ സാമീപ്യവും പിന്തുണയുമായിരുന്നു അത്. അയർലണ്ടിൽ നിന്നുള്ള സാഹിത്യകാരനും കലാസംസ്കാര നിരൂപകനുമായ ജെയിംസ് കസിൻസ്, സാമൂഹിക പരിഷ്കർത്താവും വനിതാവകാശ പ്രവർത്തകയുമായ മാർഗരറ്റ് കസിൻസ് ദമ്പതികൾ 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഇന്ത്യയിലെ സാമൂഹിക- സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയവരായിരുന്നു.
ഇരുവരും രാജ്യത്തിന്റെ കലാ– സാഹിത്യ രംഗങ്ങളിലെ പ്രമുഖ വ്യക്തികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. പ്രത്യേകിച്ച് രബീന്ദ്രനാഥ ടാഗോറുമായും ആനി ബസന്റുമായുമുള്ള അവരുടെ സൗഹൃദം, ഇന്ത്യയുടെ നവോത്ഥാനകാല സാംസ്‌കാരിക ചിന്തകളെ ലോകവുമായി ബന്ധിപ്പിക്കുന്നതിന് വഴിയൊരുക്കി. കേരള കലാമണ്ഡലം രൂപം കൊണ്ട കാലഘട്ടത്തിലും ഇവരുടെ പ്രവർത്തനം നിർണായകമായി. കഥകളിയടക്കമുള്ള ഇന്ത്യൻ കലാരൂപങ്ങൾ പ്രാദേശിക കലകളായി മാത്രം ഒതുങ്ങാതിരിക്കാൻ, അവയെ അന്താരാഷ്ട്ര വേദികളിലേക്ക് പരിചയപ്പെടുത്താൻ അവർ നടത്തിയ ശ്രമം ശ്രദ്ധേയമായിരുന്നു. കലയുടെ സർവലൗകികതയും, അതിന്റെ വിദ്യാഭ്യാസ- സാംസ്കാരിക മൂല്യവും മുൻനിർത്തി പ്രവർത്തിച്ച കസിൻസ് ദമ്പതികൾ, ഇന്ത്യൻ കലാരൂപങ്ങളുടെ ആഗോള അംഗീകാരത്തിനും പ്രശസ്തിക്കും വഴിതെളിച്ചവരിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നുവെന്ന് ചരിത്രം പറയുന്നു.

ഫ്രഞ്ചുകാരനായ ഡിസോട്ടോ, കവയത്രി സരോജിനി നായിഡുവിന്റെ സഹോദരിയായ സുനളിനി ദേവി, ഗുജറാത്തിൽ നിന്നെത്തിയ ഹതേസിംഗ്, കമലാദേവി ചതോപാധ്യായ്, ശാന്താറാവു, രാമഗോപാൽ തുടങ്ങിയവരും അക്കാലത്ത് കലാമണ്ഡലത്തിലെത്തിയിരുന്നു. ഇവരെല്ലാം പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ ശിക്ഷണത്തിൽ കഥകളി അഭ്യസിച്ചു.
1933- ൽ, ഹോളണ്ടിൽ നിന്നുള്ള ബോബി, പീറ്റർ എന്നീ വിദ്യാർത്ഥികൾ കലാമണ്ഡലത്തിലെത്തി നൃത്തപരിശീലനം നടത്തി. 1934- ൽ കാശിയിലെ ഹിന്ദു സർവ്വകലാശാലയിൽ അധ്യാപകനായിരുന്ന ജർമൻ സ്വദേശി ആൽഫ്രെഡ് വ്യൂഫിൽ, ഗുജറാത്ത് സ്വദേശി പ്രവീൺ കുമാർ, കൊൽക്കത്ത സർവ്വകലാശാലയിൽ അധ്യാപികയായിരുന്ന അമേരിക്കൻ സ്വദേശി സ്റ്റെല്ല ക്രാം റീഷ് തുടങ്ങിയവർ കലാമണ്ഡത്തിൽ പഠിക്കാനെത്തിയവരിൽ ചിലരാണ്. കലാമണ്ഡലം തുടക്കം മുതൽ നിലനിന്നത് വിദേശികളുടെയും ഇന്ത്യൻ കലാപ്രേമികളുടെയും സഹായത്തോടെയാണ്. ഇതിലൂടെ അനേകം കലാപ്രതിഭകൾക്ക് വളരാനുള്ള വഴിയുമൊരുങ്ങി.
1933- ൽ കഥകളിയുമായി ബോംബെയിലേക്ക് പുറപ്പെട്ട രാഗിണീദേവിയോടൊപ്പം കല്യാണിക്കുട്ടിയമ്മയും കഥകളി വിദ്യാർത്ഥിയായ ഗോപിനാഥനും പോയി. ബോംബെയിൽ കല്യാണിക്കുട്ടിയമ്മ അവതരിപ്പിച്ച മോഹിനിയാട്ടവും ഗോപിനാഥന്റെ കഥകളിയും ഏറെ പ്രശംസിക്കപ്പെട്ടു.
കല്യാണിക്കുട്ടിയമ്മ- തങ്കമണി,
ഒറ്റ ഗുരു, ഒറ്റ ശിഷ്യ
മോഹിനിയാട്ടക്കളരി
1932- ൽ, കലാമണ്ഡലത്തിൽ കഥകളി മാത്രം പഠിപ്പിച്ചാൽ പോരെന്നും എല്ലാ കേരളീയ കലകളും അഭ്യസിപ്പിക്കുന്ന സ്ഥാപനമാകണം എന്നും വള്ളത്തോൾ ആഗ്രഹിച്ചു. 19-ാം നൂറ്റാണ്ടിൽ അമ്പലങ്ങളിലും നാട്ടുപ്രമാണിമാരുടെ ഭവനങ്ങളിലും സജീവമായി അരങ്ങേറിയിരുന്ന മോഹിനിയാട്ടം അതിൽ കടന്നുകൂടിയ ചാപല്യങ്ങളുടെ പേരിൽ വേദികളിൽനിന്ന് അപ്രത്യക്ഷമായി തുടങ്ങിയിരുന്നു. മോഹിനിയാട്ടത്തെ അതിന്റെ സൗന്ദര്യത്തോടെയും നിലവാരത്തോടെയും വീണ്ടെടുത്ത് ജനസമക്ഷം എത്തിക്കണമെന്ന ആശയം വള്ളത്തോളിനുണ്ടായി. മോഹിനിയാട്ടം പഠിപ്പിക്കാൻ ഒരു ഗുരുവിനെ അന്വേഷിച്ച് കേരളം മുഴുവൻ അലഞ്ഞു. ദുരനുഭവങ്ങളുടേതായിരുന്നു ആ യാത്രകൾ. ഒടുവിൽ ഒരിടത്തെത്തി.
അക്കാലത്ത് കലാമണ്ഡലത്തിൽ കളരിയുടെ തലവനായിരുന്ന എലിയങ്ങാട്ടിൽ ഉണ്ണിരാജാവിന്റെ നിർദ്ദേശപ്രകാരം കല്യാണിക്കുട്ടിയമ്മ എന്ന മോഹിനിയാട്ട നർത്തകിയെ തേടി പെരിങ്ങോട്ട് കുറിശ്ശിയിലെ ഒരിക്കലേടത്ത് എന്ന വീട്ടിലെത്തി. ആദ്യമൊന്നും മോഹിനിയാട്ടത്തെക്കുറിച്ച് സംസാരിക്കാൻ പോലും തയ്യാറാവാതിരുന്ന കല്യാണിക്കുട്ടിയമ്മയോട് മോഹിനിയാട്ടത്തിന് വന്നു ചേർന്ന ‘ചീത്തപ്പേര്’ മാറ്റി ഉത്തമ കലാസൃഷ്ടിയായി കൊണ്ടുവരുക എന്ന ലക്ഷ്യം ആവർത്തിച്ച് പറഞ്ഞപ്പോഴാണ് അവർ കാര്യം കേൾക്കാൻ പോലും തയ്യാറായത്. ഒടുവിൽ കല്യാണിക്കുട്ടിയമ്മ കലാമണ്ഡലത്തിൽ വരാമെന്നേറ്റു. അധ്യാപനത്തിന് ആളെ കിട്ടി, പക്ഷെ പഠിക്കാൻ വിദ്യാർത്ഥി വേണം. കാത്തിരുന്നിട്ടും വിദ്യാത്ഥികൾ വരുന്നില്ല. ഒടുവിൽ, മണക്കുളം കോവിലകത്തെ ആശ്രിതകുടുംബത്തിൽനിന്ന് തങ്കമണി എന്ന വിദ്യാർത്ഥിനിയെ കണ്ടെത്തി. 1932 മുതൽ 1935 വരെ ഒരു അദ്ധ്യാപിക ഒരു വിദ്യാർത്ഥി എന്ന പോൽ കലാമണ്ഡലത്തിലെ മോഹിനിയാട്ട കളരി വിയർത്തു.
1933- ൽ കഥകളിയുമായി ബോംബെയിലേക്ക് പുറപ്പെട്ട രാഗിണീദേവിയോടൊപ്പം കല്യാണിക്കുട്ടിയമ്മയും കഥകളി വിദ്യാർത്ഥിയായ ഗോപിനാഥനും പോയി. ബോംബെയിൽ കല്യാണിക്കുട്ടിയമ്മ അവതരിപ്പിച്ച മോഹിനിയാട്ടവും ഗോപിനാഥന്റെ കഥകളിയും ഏറെ പ്രശംസിക്കപ്പെട്ടു. ബോംബെയിൽ നിന്ന് കഥകളിയുമായി ഗോപിനാഥ്, രാഗിണി ദേവിയോടൊപ്പം വിദേശരാജ്യങ്ങളിലേക്ക് യാത്ര തിരിച്ചു. പിന്നീട്, അദ്ദേഹം “കേരളനടനം” എന്ന ആധുനിക സർഗാത്മക നൃത്തരൂപത്തിന്റെ ഉപജ്ഞാതാവെന്ന പദവി നേടി, ഗുരു ഗോപിനാഥ് എന്ന പേരിൽ പ്രശസ്തനായി.

മോഹിനിയാട്ടത്തെ വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയെ വിവാഹം ചെയ്തത് കലാമണ്ഡലം ആദ്യ ബാച്ചിൽ പഠിച്ച പ്രസിദ്ധ കഥകളി നടൻ കലാമണ്ഡലം കൃഷ്ണൻ നായരാണ്. 1952- ൽ കല്യാണിക്കുട്ടിയമ്മയും കൃഷ്ണൻ നായരും ചേർന്ന് ‘കേരള കലാലയം’ എന്ന നൃത്തവിദ്യാലയം ആരംഭിച്ചു. കല്യാണിക്കുട്ടിയമ്മ രചിച്ച Mohiniyattam - History and Dance Structure എന്ന പുസ്തകം മോഹിനിയാട്ടത്തെ പറ്റിയുള്ള ഏറ്റവും വിപുലവും ആധികാരികവുമായ പുസ്തകമായി കണക്കാക്കപ്പെടുന്നു. കല്യാണിക്കുട്ടിയമ്മയടക്കമുള്ളവർ വേണ്ട വിധം ഓർമ്മിക്കപ്പെടുന്നുണ്ടോ എന്നത് ചോദ്യമാണ്.
കലാകൗമുദി
നാടകസംഘം
കലാമണ്ഡലം തുടങ്ങുമ്പോൾ തന്നെ നാടകം എന്ന കലയും പരിവർത്തിപ്പിക്കാൻ ആലോചനയുണ്ടായിരുന്നതിനാൽ കലാമണ്ഡലത്തിന്റെ ചെലവിൽത്തന്നെ കലാകൗമുദി എന്ന നാടകസംഘത്തിന് തുടക്കം കുറിച്ചു. ക്ഷേത്രപ്രഭാവം, നൂർജഹാൻ, ഷാജഹാൻ എന്നീ നാടകങ്ങൾ കലാമണ്ഡലം പ്രവർത്തിച്ചിരുന്ന മുളങ്കുന്നത്തുകാവിലെ അമ്പലപുരത്തും മറ്റു പ്രദേശങ്ങളിലും അവതരിപ്പിച്ചു. അവയെല്ലാം വിജയമായിരുന്നു. അതിനാൽ പുതിയതായി മലയാളത്തിൽ രചിക്കപ്പെടുന്ന നാടകങ്ങൾക്ക് സമ്മാനം നല്കാൻ 1932- ലെ കലാമണ്ഡലം ഭരണ സമിതി തീരുമാനിച്ചു. കൂടുതലും കഥകളിയിലും നൃത്തകലകളിലും വള്ളത്തോൾ ശ്രദ്ധയൂന്നിയിരുന്നതിനാൽ കലാകൗമുദി എന്ന നാടകസംഘത്തിന്റെ പ്രവർത്തനം 1943- ൽ നിലച്ചു.
20-ാം നൂറ്റാണ്ടിലെ മഹത്തായ കഥകളി നടന്മാരിൽ ഒരാളായ കലാമണ്ഡലം കൃഷ്ണൻ നായർ ഉൾപ്പെടെയുള്ള മഹാരഥന്മാരുടെ സംഭാവനകളാണ് കലാമണ്ഡലത്തിന്റെ യശസ്സും കഥകളിയുടെ മഹത്വവും ലോകവേദികളിലേക്ക് ആദ്യമായി എത്തിച്ചത്.
കലാമണ്ഡലത്തിൽ നിന്ന് നാടകം എന്ന കലാവിഭാഗം അകന്നു പോയതെന്തുകൊണ്ടായിരിക്കാം? നാടകവും യഥാർത്ഥത്തിൽ കലാമണ്ഡലത്തിന്റെ ഒരു വിഭാഗമായി തുടരേണ്ടതായിരുന്നില്ലേ? നാടകം കലാമണ്ഡലത്തിന്റെ അവിഭാജ്യ ഘടകങ്ങളിൽ ഒന്നായി മാറിയിരുന്നെങ്കിൽ ‘ഇത് ഞങ്ങൾക്കുള്ളതല്ല, ഞങ്ങൾക്ക് അപ്രാപ്യമല്ലാത്ത മറ്റൊരു ക്ഷേത്രമാണ്’ എന്ന കുറെയാളുകളുടെ മനോഭാവത്തിന് മാറ്റം വരുമായിരുന്നില്ലേ എന്നതും ചർച്ചാവിഷയമാണ്.
കലാമണ്ഡലത്തിലെ
ആദ്യ ബാച്ച്
ആനന്ദശിവറാം, കലാമണ്ഡലം മാധവൻ, കലാമണ്ഡലം കൃഷ്ണൻ നായർ എന്നിവർ കലാമണ്ഡലത്തിന്റെ ആദ്യ ബാച്ചിലെ കഥകളി വിദ്യാർത്ഥികളായിരുന്നു. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ, തകഴി അയ്യപ്പൻ പിള്ള, ഗുരു കുഞ്ചുക്കുറുപ്പ്, പട്ടിക്കാംതൊടി രാവുണ്ണി മേനോൻ, മാണി മാധവചാക്യാർ തുടങ്ങിയ ഗുരുക്കന്മാരിൽ നിന്നാണ് അവർ പഠനം പൂർത്തിയാക്കിയത്. വള്ളത്തോളിന്റെ ക്ഷണപ്രകാരം കലാമണ്ഡലത്തിലെത്തി വടക്കൻ ചിട്ട പഠിച്ച ഗുരു ഗോപിനാഥ് പിന്നീട് കേരളനടനം എന്ന ആധുനിക നൃത്തരൂപം സൃഷ്ടിച്ചു. 20-ാം നൂറ്റാണ്ടിലെ മഹത്തായ കഥകളി നടന്മാരിൽ ഒരാളായ കലാമണ്ഡലം കൃഷ്ണൻ നായർ ഉൾപ്പെടെയുള്ള മഹാരഥന്മാരുടെ സംഭാവനകളാണ് കലാമണ്ഡലത്തിന്റെ യശസ്സും കഥകളിയുടെ മഹത്വവും ലോകവേദികളിലേക്ക് ആദ്യമായി എത്തിച്ചത്.

ആദ്യകാല ഇന്ത്യൻ - വിദേശ പര്യടനം
1933- ൽ കലാമണ്ഡലം ട്രൂപ്പിന്റെ ആദ്യ വിദേശയാത്ര മലേഷ്യയിലേക്കായിരുന്നു. കലാമണ്ഡലം കലാകാരൻമാർ കഥകളിയുമായി ചെയ്ത ആദ്യ വിദേശ കപ്പൽയാത്രയിൽ വള്ളത്തോൾ, മുകുന്ദരാജ, എലിയങ്ങാട്ടിൽ ഉണ്ണിരാജാവ്, വെങ്കിട്ട കൃഷ്ണഭഗവതർ, കുഞ്ചുക്കുറുപ്പ്, കവളപ്പാറ നാരായണൻ നായർ, പുലാപ്പറ്റ കുട്ടൻ, ഗുരുവായൂർ കുട്ടൻ മാരാർ, മാധവവാര്യർ എന്നീ മുതിർന്നവർക്കൊപ്പം കൃഷ്ണൻ നായർ, ശിവരാമൻ, ഹരിദാസൻ, നീലകണ്ഠൻ നമ്പീശൻ എന്നീ വിദ്യാർത്ഥികളും അംഗങ്ങളായിരുന്നു. മലേഷ്യയിലെ കളിയെ തുടർന്ന് റങ്കൂൺ, ബർമ്മ, സിംഗപ്പൂർ, മണ്ഡലേ എന്നീ രാജ്യങ്ങളിലും ആദ്യ സംഘം കഥകളി അവതരിപ്പിച്ചു. വിദേശികൾക്കിടയിൽ കഥകളിയെ പരിചയപ്പെടുത്തിക്കൊടുത്ത കലാമണ്ഡലത്തിന്റെ ആദ്യ പ്രചാരണയാത്രയായിരുന്നു ഇത്.
ബറോഡയിലെ രാജകൊട്ടാരത്തിൽ കളിച്ചപ്പോൾ, രാജാവ് നൽകിയ 3000 രൂപയിൽ നിന്ന് യാത്രാചെലവ് മാറ്റിവെച്ച് ശേഷിച്ച തുക വള്ളത്തോൾ കലാമണ്ഡലത്തിലേക്ക് അയച്ചു.
1934-ൽ കലാമണ്ഡലം സംഘം ബോംബെയിൽ കപ്പലിറങ്ങി. അവിടെ നിന്ന് മദ്രാസ്, കാശി എന്നിവിടങ്ങളിലെ കളികൾക്കുശേഷം സംഘത്തിന്റെ പക്കൽ പണമില്ലാതെയായി. കാശി രാജാവ് നൽകിയ പ്രതിഫലം ഡ്രാഫ്റ്റായതിനാൽ, യാത്രാചെലവിന് പണം കൈവശമുണ്ടായിരുന്നില്ല. പലരിൽ നിന്ന് കടം വാങ്ങിയാണ് സംഘം മുന്നോട്ട് പോയത്. ലക്നൗവിൽ കഥകളി അവതരിപ്പിച്ചെങ്കിലും പ്രതിഫലം ഏറെ ലഭിച്ചില്ല. പിന്നീട് ബറോഡയിലെ രാജകൊട്ടാരത്തിൽ കളിച്ചപ്പോൾ, രാജാവ് നൽകിയ 3000 രൂപയിൽ നിന്ന് യാത്രാചെലവ് മാറ്റിവെച്ച് ശേഷിച്ച തുക വള്ളത്തോൾ കലാമണ്ഡലത്തിലേക്ക് അയച്ചു. അന്നത്തെ സാഹചര്യത്തിൽ കലാമണ്ഡലത്തിന്റെ നിലനിൽപ്പുതന്നെ ദുഷ്കരമായിരുന്നു. ബറോഡയിൽ നിന്ന് സംഘം അഹമ്മദാബാദിലേക്കും തുടർന്ന് നാഗ്പൂരിലേക്കും യാത്ര ചെയ്തെങ്കിലും, ആ പര്യടനത്തിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടായില്ല. എന്നാൽ കഥകളിയുടെ മഹത്വവും പ്രചാരണവും ജനങ്ങളിലേക്ക് എത്തിക്കാനായി.

1939- ൽ കലാമണ്ഡലം കഥകളി സംഘവും വള്ളത്തോളും റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ക്ഷണപ്രകാരം വീണ്ടും കൊൽക്കത്തയിലേക്ക് യാത്ര തിരിച്ചു. കാര്യമായ പ്രതിഫലമൊന്നും അവിടെനിന്ന് ലഭിച്ചില്ല. യാത്രക്ക് വകയില്ലാതിരുന്ന സംഘം ടാഗോറിനെ കാണാൻ ശാന്തിനികേതനിലേക്ക് തിരിച്ചു. കലാമണ്ഡലം ടീമിനെ ടാഗോർ സ്നേഹത്തോടെ സ്വീകരിച്ചു. കഥകളി രക്ഷപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങളും കഷ്ടപ്പാടും വള്ളത്തോൾ ടാഗോറിനോട് വിശദീകരിച്ചു. ടാഗോർ എഴുതിയ ഗീതാഞ്ജലി എന്ന കാവ്യത്തിന് ജനശ്രദ്ധ കിട്ടിയത് സായിപ്പ് അതിനു നോബൽ സമ്മാനം തന്നപ്പോഴാണെന്നും അതുപോലെ സായിപ്പിന് കഥകളിയിൽ ഹരം കയറിയാൽ കഥകളിയും രക്ഷപ്പടുമെന്നും ടാഗോർ വള്ളത്തോളിനോട് പറഞ്ഞു.
രുക്മാംഗദ ചരിതം കഥകളി ടാഗോറിനുവേണ്ടി അവതരിപ്പിച്ചു. കഥകളിയിൽ അതിശയംകൊണ്ട ടാഗോർ എഴുതിയ ലേഖനം പത്രത്തിൽ അച്ചടിച്ച് വന്നപ്പോൾ കലാമണ്ഡലം ട്രൂപ്പിന് കൽക്കത്തയിൽ രണ്ട് കളികൾ കൂടി ലഭിച്ചു. ടിക്കറ്റ് വെച്ചുള്ള ആ കളികൾ വലിയ വിജയമായിരുന്നു. കൽക്കത്തയിൽ നിന്ന് തിരിച്ച സംഘം റൂർക്കല, ജംഷഡ്‌പൂർ, മദ്രാസ് എന്നിവിടങ്ങളിലും കളികൾ നടത്തി. എല്ലാ വേദികളിൽ നിന്നും മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഇതിന്റെ ഫലമായി കേരളത്തിന് പുറത്തുനിന്ന് കഥകളി പഠിക്കാൻ കൂടുതൽ വിദ്യാർത്ഥികൾ കലാമണ്ഡലത്തിൽ എത്തിത്തുടങ്ങി. കഥകളി ഏഷ്യൻ രാജ്യങ്ങളിലും എത്തിക്കണമെന്ന് വള്ളത്തോളും മുകുന്ദരാജാവും ആഗ്രഹിച്ചു.

ചെറുതുരുത്തി പുഴയുടെ തീരത്തേക്ക്
മുളകുന്നത്തുകാവിലെ കലാമണ്ഡലത്തിൽ സൗകര്യങ്ങൾ ഏറെ കുറവായിരുന്നതിനാൽ കലാമണ്ഡലത്തിന് സ്വന്തമായ സ്ഥലം വേണമെന്ന് വള്ളത്തോൾ ആഗ്രഹിച്ചു. അതിനായി ചെറുതുരുത്തിയിലെ ഭാരതപ്പുഴയുടെ തീരത്തെ ഭൂമി വള്ളത്തോൾ കണ്ടുവെച്ചു. ആ സ്ഥലം കലാമണ്ഡലത്തിനുവേണ്ടി പതിച്ചു നൽകണമെന്ന അപേക്ഷയുമായി വള്ളത്തോളും മുകുന്ദരാജാവും കൊച്ചി സർക്കാരിനെ സമീപിച്ചു. സർക്കാർ ആ അപേക്ഷ സ്വീകരിക്കുകയും ആറ് ഏക്കർ ഭൂമി കലാമണ്ഡലത്തിനായി പതിച്ചുകൊടുക്കുകയും ചെയ്തു.
1935- ൽ വള്ളത്തോളും മുകുന്ദരാജാവും ചെറുതുരുത്തിയിൽ കെട്ടിടം പണിയാൻ പണം ചോദിച്ച് പലരെയും സമീപിച്ചു. അങ്ങനെ കിട്ടിയ 2000 രൂപ കൊണ്ട് കെട്ടിടത്തിന്റെ പണി തുടങ്ങി. അന്നത്തെ മദിരാശി സർക്കാരിൽ നിന്ന് റിട്ടയർ ചെയ്ത, സർ എം. കൃഷ്‌ണൻ നായരാണ് കലാമണ്ഡലത്തിന് തറക്കല്ലിട്ടത്. ദേശമംഗലം മനയിലെ നാരായണൻ നമ്പൂതിരി മേൽക്കൂരക്കുള്ള ഓടുകൾ സംഭാവന ചെയ്തു. 1936-ൽ മുളങ്കുന്നത്തുകാവിൽ നിന്ന് കലാമണ്ഡലം ഇന്നത്തെ നിള കാമ്പസ്സിലേക്ക് ട്രെയിൻ കയറിവന്നു. അതൊരു പുതിയ അധ്യായമായി. 1938-ൽ കെട്ടിടങ്ങളുടെ പണി പൂർത്തിയായി. ഇതേ വർഷം വള്ളത്തോളിന്റെ ഷഷ്ടിപൂർത്തിയും കലാമണ്ഡലത്തിന്റെ എട്ടാം വാർഷികവും ഭാരതപ്പുഴയുടെ തീരത്തെ കലാമണ്ഡലത്തിന്റെ ഉദ്‌ഘാടനവും ഒന്നിച്ചായിരുന്നു നടന്നത്.

കലാമണ്ഡലത്തിന്റെ അഭ്യുദയകാംഷികളും എഴുത്തുകാരുമായ ജെയിംസ് കസിൻസും മാർഗരറ്റും കലാമണ്ഡലത്തിന്റെ ഈ ചരിത്ര സന്ധിക്ക് സാക്ഷ്യം വഹിക്കാനും എത്തിയിരുന്നു. ആലീസ് ബോണർ, നർത്തകൻ ഉദയശങ്കർ, നർത്തകി സോറ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ തുടങ്ങിയ പ്രശസ്തർ നിളാ തീരത്തെ കലാമണ്ഡലത്തിന്റെ സ്വന്തമായ കെട്ടിടത്തിന്റെ തുടക്കത്തിന് സാക്ഷ്യം വഹിക്കാനെത്തി. ഈ ആഘോഷച്ചടങ്ങ് മുമ്പ് നിശ്ചലമായ കലാമണ്ഡലത്തിന്റെ നാടകവിഭാഗത്തെയും ഉണർത്തി. കലാകൗമുദി നാടക ട്രൂപ്പിലെ കലാകാരന്മാർ ഒന്നിച്ചുകൊണ്ട് അഭിജ്ഞാന ശാകുന്തളം നാടക രൂപത്തിൽ വേദിയിൽ അവതരിപ്പിച്ചു.
കലാമണ്ഡലം കൊച്ചി രാജാവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ വരികയാണെങ്കിൽ സ്ഥാപനത്തിന് ഭാവിയിൽ ഉറപ്പുണ്ടാകുമെന്ന് വള്ളത്തോൾ കരുതി. സർക്കാർ നിയന്ത്രണത്തിലായാൽ കലാമണ്ഡലം നിലനിൽക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.
കലാമണ്ഡലം വളരുകയാണ്. പക്ഷെ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നതിനോ വിദ്യാർത്ഥികളെ പരിപാലിക്കുന്നതിനോ ഭരണനിർവ്വഹണത്തിനോ ഒന്നും സാമ്പത്തികം ഇല്ലായിരുന്നു. ഒരു വിദേശ പര്യടനം നടത്തിയാൽ കുറച്ചു പണം സമാഹരിക്കാമെന്ന വള്ളത്തോളിന്റെയും മുകുന്ദരാജയുടെയും ആഗ്രഹം 1939 -ൽ തുടങ്ങിയ രണ്ടാം ലോക മഹായുദ്ധത്തോടെ ഇല്ലാതായി. മറ്റ് മാർഗ്ഗങ്ങളെന്തെന്ന് വള്ളത്തോൾ ആലോചിച്ചു.
കലാമണ്ഡലം കൊച്ചി രാജാവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ വരികയാണെങ്കിൽ സ്ഥാപനത്തിന് ഭാവിയിൽ ഉറപ്പുണ്ടാകുമെന്ന് വള്ളത്തോൾ കരുതി. സർക്കാർ നിയന്ത്രണത്തിലായാൽ കലാമണ്ഡലം നിലനിൽക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. പക്ഷെ മുകുന്ദരാജയ്ക്ക് ആ ആശയം സ്വീകരിക്കാനായില്ല. സർക്കാർ അധീനതയിൽ വന്നാൽ സംഭവിക്കാവുന്ന പ്രശ്നങ്ങൾ അദ്ദേഹം മനസ്സിലാക്കി. വള്ളത്തോളിന് അത് ബോധ്യമായിരുന്നുവെങ്കിലും, സ്ഥാപനത്തിന്റെ നിലനിൽപ്പായിരുന്നു മുൻഗണന.

ഇങ്ങനെ കാര്യങ്ങളോട് റൊമാന്റിക് സമീപനം പുലർത്തിയ വള്ളത്തോളും ഭരണകാര്യങ്ങളിൽ പരിചയസമ്പന്നനായ മുകുന്ദരാജയും രണ്ട് ചേരിയിലായി. 1940 ഡിസംബർ 25-ന് വിളിച്ച പ്രവർത്തകസമിതി യോഗത്തിൽ വള്ളത്തോൾ ഇത് പ്രമേയമായി അവതരിപ്പിച്ചു. മുകുന്ദ രാജ ഒഴിച്ചുള്ള എല്ലാവരും ആ പ്രമേയത്തെ പിന്തുണച്ചു. അതിനെത്തുടർന്ന് മുകുന്ദ രാജ എല്ലാ പദവികളും രാജിവെച്ചു. കലാമണ്ഡലം എന്ന സ്വപ്നത്തിലേക്ക് ഒരേ ജീവവായുവിൽ സഞ്ചരിക്കുകയും അതിനായി ത്യാഗങ്ങൾ ഏറെ സഹിക്കുകയും ചെയ്ത വള്ളത്തോളും മുകുന്ദ രാജയും രണ്ടായി പിരിഞ്ഞ ചരിത്രഘട്ടമായിരുന്നു അത്.
വള്ളത്തോളിന്റെ ആവശ്യപ്രകാരം കൊച്ചി സർക്കാർ കലാമണ്ഡലത്തെ ദേവസ്വം വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമായി ഏറ്റെടുക്കാൻ തയ്യാറായി. കലാമണ്ഡലം ഏറ്റെടുക്കുമ്പോൾ നിലവിലെ സ്റ്റാഫുകളെയും ഏറ്റെടുക്കണമെന്ന് വള്ളത്തോൾ നിഷ്കർഷിച്ചിരുന്നു. അതും രാജാവ് അംഗീകരിച്ചു. ദിനച്ചെലവുകൾക്കുപോലും പണമില്ലാതെ കലാമണ്ഡലം മാസങ്ങളോളം കൊച്ചി സർക്കാരിന്റെ ഉത്തരവിനായി കാത്തിരുന്നു. ഒടുവിൽ, 1941 മാർച്ച് 2-ന് കൊച്ചിൻ ലെജിസ്ലേറ്റീവ് കലാമണ്ഡലത്തെ ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവ് ഇറക്കി. പക്ഷേ, അതിനുപിന്നാലെ രാജാവ് അന്തരിച്ചു. പുതിയ രാജാവിന് കലയോടും കഥകളിയോടും പ്രത്യേക താൽപര്യമൊന്നുമില്ലായിരുന്നു. കലാമണ്ഡലം പോലൊരു ദരിദ്രസ്ഥാപനം ഏറ്റെടുത്തത് ഖജനാവിന് അനാവശ്യ ഭാരമായെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

സർക്കാർ സംവിധാനത്തിൽ കലാമണ്ഡലം ഞെരുങ്ങിക്കൊണ്ടിരുന്നു. വള്ളത്തോളിനെ ആർട് ഡയറക്ടർ എന്ന സ്ഥാനം നൽകി മാസം 75 രൂപക്ക് ജീവനക്കാരനായി നിയോഗിച്ചുവെങ്കിലും കലാമണ്ഡലം പ്രതിസന്ധിയിൽ തന്നെ ആയി. കലാമണ്ഡലത്തെ സർക്കാരിൽ ഏൽപ്പിക്കാനുള്ള തീരുമാനം അബദ്ധമായിരുന്നുവെന്ന് വള്ളത്തോളിനും തോന്നിത്തുടങ്ങി.
1941- ലുണ്ടായ പേമാരിയിലും കാറ്റിലും കലാമണ്ഡലത്തിലെ കളരിക്കായി നിർമിച്ച ഓലഷെഡുകൾ നിലംപൊത്തി. അതിന്റെ അറ്റകുറ്റപ്പണിക്ക് സർക്കാർസഹായം ചോദിച്ചെങ്കിലും കിട്ടിയില്ല. അതിനാൽ കളരികൾ മുടങ്ങി. 1942- ൽ കലാമണ്ഡലം ദേവസ്വത്തിനു കീഴിൽനിന്ന് വിദ്യാഭ്യാസ വകുപ്പിനു കീഴിലേക്ക് മാറ്റി രാജകല്പന വന്നു. 1942- ൽ കലാമണ്ഡലത്തിലെ കളരികൾ വീണ്ടും ആരംഭിക്കാൻ ഉത്തരവുണ്ടായി. പക്ഷെ ആശാന്മാർക്കോ വിദ്യാർത്ഥികൾക്കോ ആവശ്യത്തിന് പണം വന്നില്ല. എങ്കിലും ത്യാഗ സന്നദ്ധരായ അധ്യാപകരും വിദ്യർത്ഥികളും പട്ടിണിയിലും കലാമണ്ഡലത്തിൽ തന്നെ തുടർന്നു. അങ്ങനെ അറിയപ്പെടുന്നതും അല്ലാത്തവരുമായ ആളുകളുടെ ത്യാഗം കൂടിയാണ് ഇന്ന് കാണുന്ന കലാമണ്ഡലം.
1948-ൽ, കലാമണ്ഡലത്തിന്റെ 18-ാമത് വാർഷികത്തിൽ ഇംഗ്ലീഷ് ഇന്ത്യൻ എഴുത്തുകാരനായിരുന്ന മുൽക് രാജ് ആനന്ദിന് പുറമെ നൃത്തം അവതരിപ്പിക്കാനായി രാഗിണി ദേവിയുടെ മകളും നർത്തകിയുമായ ഇന്ദ്രാണി റഹ്മാൻ, താര ചൗധരി എന്നിവരും എത്തിയിരുന്നു.
1949-ൽ നടന്ന 19-ാമത് വാർഷികാഘോഷം കേരളത്തിന്റെ കലാ- സാംസ്കാരിക ചരിത്രത്തിൽ ശ്രദ്ധേയ സംഭവമായി. ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി വേദിയിലെത്തിയത് ഗുരു ഗോപിനാഥിന്റെ ശിഷ്യരായ ‘ട്രാവൻകൂർ സിസ്റ്റേഴ്സ്’ എന്നറിയപ്പെട്ടിരുന്ന ലളിത, രാഗിണി, പത്മിനി എന്നിവരായിരുന്നു. സിനിമാരംഗത്തും പ്രശസ്തിയാർജ്ജിച്ചിരുന്ന ഇവരുടെ നൃത്തപ്രകടനം കലാമണ്ഡലത്തിന്റെ വേദിക്ക് അപൂർവ്വമായൊരു ഭംഗിയും പുതുമയും സമ്മാനിച്ചു.
മോഹിനിയാട്ടത്തിന്റെ രണ്ടാം ജന്മം
1950-ൽ, കലാമണ്ഡലത്തിൽ നിന്ന് നഷ്ടപ്പെട്ടുപോയ മോഹിനിയാട്ടത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമം വള്ളത്തോൾ ഊർജിതമായി തുടർന്നു. 1932-ൽ നടത്തിയ ആദ്യ ശ്രമത്തെപ്പോലെ തന്നെയായിരുന്നു ഇതും. മോഹിനിയാട്ടം പഠിപ്പിക്കാൻ അനുയോജ്യരായ ആരെയെങ്കിലും കണ്ടെത്താനായി പല അന്വേഷണങ്ങളും നടത്തിയ ശേഷം, പഴയന്നൂരിലെ തോട്ടശേരി വീട്ടിൽ ചിന്നമ്മു എന്ന ഒരാളെ കണ്ടെത്തി. എന്നാൽ ഭർത്താവിന്റെ താല്പര്യമില്ലായ്മ മൂലം അവർ കലാമണ്ഡലത്തിൽ എത്താൻ തയാറായില്ല. പഠിപ്പിക്കാനായി അധ്യാപികയായിട്ടാണ് ക്ഷണിക്കുന്നതെന്ന് വള്ളത്തോൾ പലവുരി പറഞ്ഞപ്പോൾ അവർ ഒടുവിൽ സമ്മതിച്ചു. ഇതോടെ കാലങ്ങളായി മറവിയിൽ പോയിരുന്ന മോഹിനിയാട്ടത്തിന് കലാമണ്ഡലത്തിൽ വീണ്ടും പുതിയ ജീവൻ ലഭിച്ചു.
ഭരതനാട്യം വരുന്നു
കലാമണ്ഡലത്തിലെ നൃത്തവിഭാഗം സമഗ്രമായി വളരാൻ ഭരതനാട്യവും ഉൾപ്പെടുത്തണം എന്നതായിരുന്നു വള്ളത്തോളിന്റെ താൽപര്യം. 1952 ജൂണിൽ, പ്രശസ്ത ഭാരതനാട്യ നർത്തകൻ അച്യുതവാര്യരെ ഭരതനാട്യം അധ്യാപകനായി നിയമിച്ചു. ഇതോടെ നൃത്തവിഭാഗം കൂടുതൽ സമ്പന്നമായി, കേരളത്തിലെ പാരമ്പര്യ നൃത്തകലകളുടെ പഠനവും പ്രചരണവും ശക്തമായി മുന്നേറാനുള്ള അടിസ്ഥാന പാത സൃഷ്ടിച്ചു.
1952 ഡിസംബറിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും മകൾ ഇന്ദിരാഗാന്ധിയും കൊച്ചിയിലെത്തിയപ്പോൾ, വള്ളത്തോളിന്റെ നിർദ്ദേശപ്രകാരം അവർ കഥകളി കാണണമെന്ന് ആഗ്രഹിച്ചു. ബോൾഗാട്ടി പാലസിൽ കലാമണ്ഡല സംഘം “പ്രഹ്ലാദചരിതം” അവതരിപ്പിച്ചു. പ്രകടനത്തിന്റെ ഭംഗിയും കലാരൂപത്തിന്റെ ആഴവും നേരിൽ അനുഭവിച്ച നെഹ്റു, ഡൽഹിയിലേക്ക് മടങ്ങിയശേഷം വള്ളത്തോളിന് അഭിനന്ദനപത്രം അയച്ചു. ഇത് കലാമണ്ഡലത്തിനും കഥകളിക്കും ലഭിച്ച വലിയ അംഗീകാരമായി.
വള്ളത്തോൾ നേരിട്ട് മൗലാന അബുൽ കലാം ആസാദിനെ കണ്ട് അഭ്യർത്ഥിച്ചതിനെ തുടർന്ന് കലാമണ്ഡലത്തിലെ നൃത്തവിഭാഗത്തിന് വർഷം തോറും 1500 രൂപ വീതം രണ്ട് വർഷത്തേക്ക് ധനസഹായം അനുവദിച്ചു.
കഥകളി മാവോയ്ക്കു മുന്നിൽ
തുടർന്ന്, 1953 ജൂലായിൽ, ഇന്ത്യ- ചൈന സമാധാന കൗൺസിലിന്റെ ഭാഗമായി കലാമണ്ഡലം കഥകളി സംഘം ചൈനയിലേക്കു യാത്ര ചെയ്തു. അവിടെ അവർ കഥകളി അവതരിപ്പിച്ചത് ചൈനീസ് പ്രസിഡന്റായ മാവോ സേ തുങിനും പ്രധാനമന്ത്രി ചൗ എൻ ലായിക്കും മുന്നിലായിരുന്നു. ഈ അവതരണത്തിനുശേഷം, ചൈനീസ് ഓപ്പറയും കഥകളിയും തമ്മിലുള്ള ഘടനാപരമായ സാമ്യത്തെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നുവന്നു. കലാരൂപങ്ങളുടെ അന്താരാഷ്ട്ര താരതമ്യ പഠനത്തിന് വഴിയൊരുക്കിയ ഈ അവതരണം കഥകളിയെ കേരളത്തിനപ്പുറം ലോകത്തിന്റെ സാംസ്കാരിക ഭൂപടത്തിലേക്കു ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ മികച്ച പങ്കുവഹിച്ചു.
നെഹ്റു കലാമണ്ഡലത്തിൽ
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, ഭരണകൂടം രാജ്യത്തിന്റെ രാഷ്ട്രീയ– സാമ്പത്തിക പുനർനിർമ്മാണത്തോടൊപ്പം കലയും സംസ്കാരവും ദേശീയ ഐക്യത്തിന്റെയും സാംസ്കാരിക മുന്നേറ്റത്തിന്റെയും കരുത്തായി കാണാൻ തുടങ്ങി. മഹാത്മാഗാന്ധി, നെഹ്റു, ടാഗോർ എന്നിവരുടെ ചിന്തകൾക്ക് അനുയോജ്യമായി കലകൾ വെറും വിനോദമല്ല, ദേശീയ തിരിച്ചറിവിന്റെ അവിഭാജ്യഘടകമാണ് എന്നായിരുന്നു അന്നത്തെ വിലയിരുത്തൽ.
വിദ്യാഭ്യാസമന്ത്രിയായിരുന്ന മൗലാന അബുൽ കലാം ആസാദ് ഈ ദർശനത്തിന്റെ മുഖ്യ പ്രചാരകനായിരുന്നു. ഇന്ത്യയുടെ സമ്പന്ന കലാപാരമ്പര്യങ്ങളെ സംരക്ഷിക്കുകയും അതിനെ ആധുനിക വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം പ്രവർത്തിച്ചു. കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ 1953- ൽ ആരംഭിച്ച സംഗീത നാടക അക്കാദമി, 1954- ൽ തുടക്കമിട്ട സാഹിത്യ അക്കാദമി, 1954- ൽ ആരംഭിച്ച ലളിതകലാ അക്കാദമി, 1959- ൽ തുടങ്ങിയ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ തുടങ്ങിയ സ്ഥാപനങ്ങൾ ഈ ദർശനത്തിന്റെ അടിസ്ഥാനത്തിലുള്ളവയായിരുന്നു.
കലാമണ്ഡലത്തിനും ഈ പശ്ചാത്തലത്തിൽ സഹായം ലഭിച്ചു. വള്ളത്തോൾ നേരിട്ട് മൗലാന അബുൽ കലാം ആസാദിനെ കണ്ട് അഭ്യർത്ഥിച്ചതിനെ തുടർന്ന് കലാമണ്ഡലത്തിലെ നൃത്തവിഭാഗത്തിന് വർഷം തോറും 1500 രൂപ വീതം രണ്ട് വർഷത്തേക്ക് ധനസഹായം അനുവദിച്ചു. ഇതൊരു ചെറിയ സഹായമായിരുന്നുവെങ്കിലും, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കലാരംഗങ്ങൾക്ക് സർക്കാർ നൽകിത്തുടങ്ങിയ പ്രോത്സാഹനത്തിന്റെ വ്യക്തമായ തെളിവാണിത്.
1955 ജൂണിൽ കഥകളി സംഗീതവിഭാഗത്തിലെ പ്രഗല്ഭ ചെണ്ട വിദ്വാനും അധ്യാപകനുമായിരുന്ന കൃഷ്ണൻകുട്ടി പൊതുവാളിനെ തുടർച്ചയായ അനുസരണക്കേടിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇതിൽ പ്രതിഷേധിച്ച് കഥകളി വേഷത്തിലെ അധ്യാപകനായിരുന്ന രാമൻകുട്ടി നായരും മദ്ദള വിഭാഗത്തിലെ അപ്പുക്കുട്ടി പൊതുവാളും ജോലി രാജിവെച്ചു.

1955 ഡിസംബർ 26 ന് കലാമണ്ഡലത്തിന്റെ രജത ജൂബിലി ഉദ്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കലാമണ്ഡലത്തിലെത്തി. മദിരാശി മുഖ്യമന്ത്രി കാമരാജ് നാടാർ, വള്ളത്തോൾ നാരായണമേനോൻ, കോമാട്ടിൽ അച്യുതമേനോൻ, സർദാർ കെ. എം. പണിക്കർ തുടങ്ങിയവർ നെഹ്റുവിനോടൊപ്പം രജതജൂബിലി ആഘോഷത്തിൽ പങ്കെടുത്തു. കലാമണ്ഡലത്തിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ ഒരു ലക്ഷം രൂപ നെഹ്റു അനുവദിച്ചു. ഈ ധനസഹായം കലാമണ്ഡലത്തിന്റെ ഭാവിയാത്രക്ക് ആക്കം കൂട്ടി. രജതജൂബിലി ഉദ്‌ഘാടന ശേഷം പ്രധാനമന്ത്രി കലാമണ്ഡലത്തിൻലെ സന്ദർശന ഡയറിയിൽ ഇങ്ങനെ എഴുതി:
“ഞാൻ കലാമണ്ഡലത്തെക്കുറിച്ച് വളരെ മുൻപ് കേട്ടിട്ടുണ്ട്, ഇന്നലെ അത് സന്ദർശിക്കാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും നൃത്തങ്ങൾ കാണാനും അവസരം ലഭിച്ചു. വള്ളത്തോളിന്റെ നേതൃത്വത്തിൽ സാഹിത്യത്തേയും കലകളേയും പ്രോത്സാഹിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ അതിനു സർവ്വവിജയങ്ങളും നേരുന്നു.”
1956 ജൂണിൽ കലാമണ്ഡലത്തിൽ തുള്ളൽ കളരി ആരംഭിച്ചു. തുള്ളലിന്റെ അധ്യാപകനായി കെ. എസ്. ദിവാകരൻ നായർ നിയമിതനായി.
1956 ജൂണിൽ ഭരണസമിതി, പുതിയ പാഠ്യപദ്ധതിയും സിലബസ്സും നടപ്പിലാക്കാൻ തീരുമാനിച്ചു. പഠനത്തിന്റെ പരിധി വികസിപ്പിക്കാനായി കൂടിയാട്ടം പഠനവിഷയങ്ങളിൽ ഉൾപ്പെടുത്തി. കലാസംബന്ധമായ ഗവേഷണങ്ങൾക്ക് പിന്തുണ നൽകുന്നതിന് ലൈബ്രറി സ്ഥാപിക്കണമെന്ന നിർദ്ദേശവും ഉയർന്നു. ഈ പ്രവർത്തനങ്ങൾ നടപ്പാക്കാനാവശ്യമായ ധനസഹായം സർക്കാർ അനുവദിക്കണമെന്ന പ്രമേയം മുഖ്യമന്ത്രിക്കും വകുപ്പുകൾക്കും സമർപ്പിച്ചു. ഇതിന്റെ ഫലമായി പഠനക്രമവും ഗവേഷണ സൗകര്യങ്ങളും കൂടുതൽ സമഗ്രവും പ്രായോഗികവുമായ രീതിയിലേക്ക് വളർന്നു.
കലാമണ്ഡലത്തിനായി പ്രധാനമന്ത്രി നൽകിയ ഒരു ലക്ഷവും കൂടെ ഒന്നര ലക്ഷവും ചേർത്ത് 1957- ൽ ചെറുതുരുത്തിയിലെ വെട്ടിക്കാട്ടിരിയിൽ കലാമണ്ഡലത്തിനായി മുപ്പത് ഏക്കർ ഭൂമി വാങ്ങി. 1957-ൽ ഇന്ത്യൻ സർക്കാരിന്റെ ഫിലിംസ് ഡിവിഷൻ, കഥകളിയെ ആസ്പദമാക്കി ആദ്യമായി ഒരു കളർ ഡോക്യുമെന്ററി നിർമ്മിക്കാൻ തീരുമാനിച്ചു. അതിനായി കലാമണ്ഡലത്തെ ബോംബെയിലേക്ക് ക്ഷണിച്ചു. ഫിലിംസ് ഡിവിഷൻ സ്റ്റുഡിയോയിൽ നടന്ന ചിത്രീകരണത്തിന് വള്ളത്തോഴും സാക്ഷിയായിരുന്നു. എന്നാൽ, ചിത്രീകരണത്തിന് നിയോഗിക്കപ്പെട്ടിരുന്ന വാധ്വാനി കഥകളിയുടെ സൂക്ഷ്മതകളും ആഴവും ബഹുമാനിക്കുന്നില്ലെന്ന് കണ്ട വള്ളത്തോൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. മുപ്പത് വർഷത്തിലേറെയായി കഥകളിയുടെ ഉന്നമനത്തിനായി താൻ പ്രവർത്തിച്ചു വരികയാണെന്നും, അതിന്റെ യഥാർത്ഥ സത്ത മനസ്സിലാക്കാതെ അത് വിദേശികൾക്കു കാണിക്കുന്നത് സഹിക്കാനാകില്ലെന്നും വള്ളത്തോൾ വ്യക്തമാക്കി.
1988-ൽ പൂർവ്വ വിദ്യാർത്ഥിനിയായിരുന്ന അന്നെറ്റ് ലെഡേ ഷേക്സ്പിയറിന്റെ കിംഗ് ലിയർ നാടകത്തിലെ ഒരു രംഗം ആട്ടക്കഥയായി രൂപപ്പെടുത്തിയിരുന്നു. ഫ്രാൻസിൽ നടന്ന ഈ അവതരണം വലിയ വിജയമായി. കിംഗ് ലിയറിന്റെ എട്ട് രംഗങ്ങൾ കൂടി ആട്ടക്കഥയായി രൂപപ്പെടുത്തി അവതരിപ്പിക്കാൻ അന്നെറ്റിന് സാധിച്ചു.
സംസ്ഥാന സർക്കാറിലേക്ക്
1957-ൽ കേരള സംസ്ഥാനം രൂപം കൊള്ളുകയും ഇ.എം.എസ് മുഖ്യമന്ത്രിയാവുകയും ചെയ്തപ്പോൾ കലാമണ്ഡലത്തെ സർക്കാർ ഏറ്റെടുത്ത് സർവകലാശാലയായി ഉയർത്തണമെന്ന് അഭ്യർത്ഥിച്ച് വള്ളത്തോൾ കത്തഴുതി. സർവകലാശാലാ പദവിയെക്കുറിച്ച് പ്രത്യേക മറുപടി ലഭിച്ചില്ലെങ്കിലും, കലാമണ്ഡലത്തെ സർക്കാർ ഏറ്റെടുക്കാമെന്ന് വള്ളത്തോളിനെ സർക്കാർ അറിയിച്ചു. തുടർന്ന്, കലാമണ്ഡലത്തിലെ നിലവിലെ ഭരണസമിതി സർക്കാർ പിരിച്ചുവിട്ടു. പുതിയതായി രൂപീകരിക്കാൻ പോകുന്ന കേരള സംഗീത നാടക അക്കാദമി നിലവിൽ വരുന്നതുവരെ, കലാമണ്ഡലത്തിന്റെ ഭരണച്ചുമതല തൃശൂർ കലക്ടറുടെ കീഴിൽ കൊണ്ടുവന്ന് സർക്കാർ ഉത്തരവിറങ്ങി.
പ്രവർത്തന പാരമ്പര്യമുള്ള കലാമണ്ഡലത്തെ, തുടങ്ങാനിരിക്കുന്ന അക്കാദമിയുടെ കീഴിൽ വെക്കാനുള്ള സർക്കാർ തീരുമാനം വള്ളത്തോളിനെ വേദനിപ്പിച്ചു. കലാമണ്ഡലം പോലൊരു സ്ഥാപനം സംഗീത നാടക അക്കാദമിയിൽ ലയിപ്പിക്കേണ്ടതല്ല, മറിച്ച് സംഗീത നാടക അക്കാദമിയെ കലാമണ്ഡലത്തിൽ ലയിപ്പിക്കണം എന്നായിരുന്നു വള്ളത്തോളിന്റെ ഉറച്ച നിലപാട്. ഇക്കാര്യം പറഞ്ഞ് വള്ളത്തോൾ വീണ്ടും മുഖ്യമന്ത്രിക്കു കത്തെഴുതി. വള്ളത്തോളിന്റെ തുടർച്ചയായ ആവശ്യം സർക്കാർ ഗൗരവത്തോടെ പരിഗണിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ നിർദേശപ്രകാരം, ഐ.എ.എസുകാരനായ കെ. എസ്. മേനോനെ കലാമണ്ഡലത്തിന്റെ ഭാവി വികസനത്തെക്കുറിച്ച് സമഗ്ര റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും നൽകുന്ന രീതി ഒഴിവാക്കി. പകരം, വിദ്യാർത്ഥികൾക്ക് പ്രതിമാസം 25 രൂപയുടെ സ്റ്റൈപ്പൻഡ് കൊണ്ടുവന്നു. പഠന കാലാവധി പൂർത്തിയാക്കി പരീക്ഷയെഴുതുന്നവർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയും ആരംഭിച്ചു. അതോടൊപ്പം, കലാമണ്ഡലത്തിന്റെ പ്രവർത്തനം സ്ഥിരതയോടെ മുന്നോട്ടുകൊണ്ടുപോകാൻ, സർക്കാർ പ്രതിവർഷം 50,000 രൂപ ഗ്രാന്റ് നൽകാനും തീരുമാനിച്ചു.
1958-ൽ മാർച്ച് 13 ന് വള്ളത്തോൾ അന്തരിച്ചു. കലാമണ്ഡലത്തിലെ അധ്യക്ഷ മന്ദിരത്തിനായി തറപ്പണി ചെയ്തിരുന്ന സ്ഥലത്താണ് വള്ളത്തോളിനെ സംസ്കരിച്ചത്. ഇപ്പോൾ അത് പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്‌സുകൾ നടക്കുന്ന കലാമണ്ഡലത്തിന്റെ നിള കാമ്പസ്സായി പ്രവർത്തിക്കുന്നു.

വള്ളത്തോളിന്റെ നിര്യാണശേഷം, കലാമണ്ഡലത്തിന്റെ ഭാവിയും ഭരണസംവിധാനവും സംബന്ധിച്ച് ആശങ്ക ഉയർന്നു. സർക്കാർ നിയന്ത്രണത്തിലായിരുന്നാലും, സ്ഥാപനത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് അനൗദ്യോഗിക സമിതി വേണമെന്ന് അഭ്യുദയകാംക്ഷികൾ ആവശ്യപ്പെട്ടു. അധ്യക്ഷനായി മുകുന്ദരാജയെ നിയമിക്കണമെന്ന നിർദ്ദേശവുമുണ്ടായി. സർക്കാരും അത് അംഗീകരിച്ചു. മുകുന്ദരാജയെ അംഗമാക്കി സമിതി രൂപീകരിച്ചു. ഇങ്ങനെ, 1959-ൽ സർക്കാർ കീഴിലായിരുന്നെങ്കിലും സ്വതന്ത്രമായി പ്രവർത്തിക്കുന്ന പുതിയ സമിതി കലാമണ്ഡലത്തിന് ഉണ്ടായിത്തുടങ്ങി.
1959 മാർച്ചിൽ കഥകളി സംഗീത വിദ്യാർഥികൾ മൂന്ന് കൊല്ലം നീണ്ടുനിൽക്കുന്ന കർണ്ണാടക സംഗീതവും കൂടി അഭ്യസിക്കണമെന്ന് ഭരണസമിതി തീരുമാനിച്ചു. എ. ശങ്കരവാര്യരെ കർണ്ണാടക സംഗീത അധ്യാപകനായി നിയമിച്ചു.
1960- ൽ കലാമണ്ഡലം മുപ്പതാണ്ട് തികച്ചു. വാർഷികം ഉദ്ഘടാനം ചെയ്തത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഹുമയൂൺ കബീറായിരുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഉമ്മർകോയയായിരുന്നു അധ്യക്ഷൻ. കലാമണ്ഡലത്തിലെ അമേരിക്കൻ വിദ്യാർത്ഥിയായിരുന്ന ബേട്ടി ജോൺസന്റെ മോഹിനായാട്ടം, ഷാഡോ ഗോപിനാഥന്റെ പപ്പറ്ററി തുടങ്ങിയ കലാപ്രകടനങ്ങൾ വാർഷികാഘോഷത്തിന്റെ ഭാഗമായി.
1962 ജൂലൈയിൽ ജപ്പാനിലെ ടോക്യോയിൽ നടന്ന സംഗീത സമ്മേളനത്തിൽ പങ്കെടുക്കാൻ കലാമണ്ഡലത്തിന് ക്ഷണം ലഭിച്ചു. 13 കലാകാരൻമാരുടെ സംഘം 17 ദിവസം നീണ്ട പരിപാടിയിൽ പങ്കെടുത്ത് കഥകളിയും മോഹിനിയാട്ടവും അവതരിപ്പിച്ചു.
1963 ജനുവരിയിൽ കേരള ഗവൺമെന്റ് കേരള സ്റ്റേറ്റ് അക്കാദമി ഓഫ് ആർട്സ് എന്ന പദവി നൽകി. 1964 ഫെബ്രുവരിയിൽ സ്വീഡിഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി കലാമണ്ഡലത്തിലെത്തി. കലാമണ്ഡലത്തേയും കഥകളിയേയും കുറിച്ച് അവർ ഡോക്യുമെന്ററി നിർമ്മിച്ചു.
പട്ടിണിയിലും ദാരിദ്ര്യത്തിലും തളർന്നും ഉണർന്നും, നൂറ്റാണ്ട് തികക്കുന്ന കലാമണ്ഡലം നേടിയത് മഹത്തായ കലാ- സാംസ്കാരിക ചരിത്രമാണ്.
കൂടിയാട്ടത്തിന്റെ തുടക്കം
1965 ജൂണിൽ, കലാമണ്ഡലത്തിന്റെ പാഠ്യപദ്ധതിയിൽ കൂടിയാട്ടവും തിമിലയും ഉൾപ്പെടുത്തി. അക്കാലത്ത് ചാക്യാർകൂത്തിലും കൂടിയാട്ടത്തിലുമുള്ള വാചികാഭിനയത്തിന്റെ പേരിൽ പ്രശസ്തനായിരുന്ന പൈങ്കുളം രാമചാക്യാരെയാണ് അധ്യാപകനായി നിയമിച്ചത്. ക്ഷേത്രമതിലുകൾക്കുള്ളിൽ ഒതുങ്ങിയിരുന്ന കൂടിയാട്ടത്തെ തുറന്ന വേദികളിലേക്ക് കൊണ്ടുവന്ന ധൈര്യശാലിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ദീർഘകാല അനുഭവസമ്പത്തും ഗുരുത്വവും കലാമണ്ഡലത്തിലെ പഠനക്രമത്തിൽ കൂടിയാട്ടത്തിന് സ്ഥിരമായ സ്ഥാനമുറപ്പിച്ചു.
1967- ൽ വെട്ടിക്കാട്ടിരിയിലെ പുതിയ കലാമണ്ഡലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി, അതിന്റെ തുറന്ന പരിസരം വിദ്യാർത്ഥികൾക്കും കലാപ്രേമികളുടേയും സേവനത്തിനായി ഒരുക്കപ്പെട്ടു. ആ കാമ്പസ് കലാമണ്ഡലത്തിന്റെ പാരമ്പര്യവും നവോത്ഥാന ദർശനവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ പ്രതീകമായി മാറി.
1968- ൽ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന ഷിറാസ് എന്ന ഉത്സവത്തിൽ കലാമണ്ഡലത്തിലെ 18 പേരടങ്ങിയ കഥകളി സംഘം രണ്ടു കളികൾ നടത്തി.
1969 മാർച്ചിൽ, അമേരിക്കൻ ഗവേഷകനായ ഡോ. സി. ആർ. ജോൺസ് കലാമണ്ഡലത്തിലെത്തി. അദ്ദേഹം കലാമണ്ഡലത്തെയും കഥകളിയെയും ക്കുറിച്ച് പഠനം നടത്തി ഡോക്യുമെന്ററി ചിത്രം നിർമ്മിക്കുകയും, “Kathakali” എന്ന ഇംഗ്ലീഷ് പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.
കലാമണ്ഡലം ലോഗോ
1970- ലെ കലാമണ്ഡലം നിർവ്വാഹക സമിതി കലാമണ്ഡലത്തിന് തനതായ ലോഗോ വേണമെന്ന് തീരുമാനിച്ചു. 1974- ൽ ഗുരു ഗോപിനാഥ് വരച്ച ലോഗോയാണ് ഇപ്പോൾ ഔദ്യോഗിക ലോഗോ.
1971 ആഗസ്റ്റിൽ മണക്കുളം മുകുന്ദരാജ നിര്യാതനായി. ചില ഭരണവിഷയങ്ങളിൽ വിയോജിപ്പുണ്ടായിട്ടും, മുകുന്ദരാജ കലാമണ്ഡലത്തിന്റെ പ്രവർത്തനം, വികസനം, നിലനിൽപ്പ് എന്നിവയിൽ ഏറ്റവും സ്ഥിരതയോടെ പ്രവർത്തിച്ച കർമ്മനിരതനായിരുന്നു.
1972 ആഗസ്റ്റിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വള്ളത്തോളിന്റെ ദണ്ഡകാരുണ്യം എന്ന കാവ്യം കലാമണ്ഡലം ഗോപി ആട്ടക്കഥയായി ചിട്ടപ്പെടുത്തി, അവതരിപ്പിച്ചു.

1975 ജൂലൈയിൽ കലാമണ്ഡലത്തെ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം സൊസൈറ്റി ആക്കി മാറ്റി രജിസ്റ്റർ ചെയ്തു. കലാമണ്ഡലത്തിനു സ്വതന്ത്രമായി സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം.
1975- ൽ കലാമണ്ഡലത്തിൽ ഭാരതീയവും പ്രാചീന രീതിയിലുമുള്ള കൂത്തമ്പലം വേണമെന്ന ഭരണ സമിതിയുടെ ആവശ്യത്തെത്തുടർന്ന് ഏപ്രിലിൽ മുഖ്യമന്ത്രി സി. അച്യുതമേനോൻ കൂത്തമ്പലത്തിന് തറക്കല്ലിട്ടു. അപ്പുക്കുട്ടൻ നായർ എന്ന ആർക്കിടെക്റ്റ് ആണ് കൂത്തമ്പലം രൂപകൽപന ചെയ്തത്. 1977- ൽ കൂത്തമ്പലത്തിന്റെ നിർമ്മാണം പൂർത്തിയായി.
1976 ജൂലൈയിൽ, കേന്ദ്രസാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ICCR) ഭാഗമായി, കലാമണ്ഡലത്തിലെ 17 അംഗ കഥകളി സംഘം ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് തുർക്കിയിലെ ഇസ്താംബൂളിലേക്ക് യാത്ര ചെയ്തു. ഈ സന്ദർശനം, കഥകളിയെ അന്താരാഷ്ട്ര തലത്തിൽ പരിചയപ്പെടുത്താനുള്ള കലാമണ്ഡലത്തിന്റെ തുടക്കകാല ശ്രമങ്ങൾക്ക് ടേണിംഗ് പോയിന്റായി.
1977 സെപ്റ്റംബറിൽ പ്രധാനമന്ത്രി മൊറാർജി ദേശായി കലാമണ്ഡലത്തിലെത്തി വള്ളത്തോൾ ശതാബ്ദി ആഘോഷം ഉദ്‌ഘാടനം ചെയ്തു. മുഖ്യമന്ത്രി എ.കെ. ആന്റണിയായിരുന്നു അധ്യക്ഷൻ.
1979 ഒക്ടോബറിൽ ചലച്ചിത്ര സംവിധായകനും നാടകരചയിതാവുമായ പി.എം. അബ്ദുൽ അസീസ് കലാമണ്ഡലത്തിലെത്തുകയും കൂടിയാട്ടത്തെക്കുറിച്ചു ഡോക്യുമെന്ററി എടുക്കുകയും ചെയ്തപ്പോൾ പൈങ്കുളം രാമചാക്യാരും ശിഷ്യരും പങ്കാളികളായി.
2007-ൽ കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയായി ഉയർത്തപ്പെട്ടു. കലാവിദ്യാഭ്യാസത്തിൽ ഗവേഷണമടക്കമുള്ള സമഗ്രമായ അക്കാദമിക് കേന്ദ്രമായി ഇപ്പോൾ കലാമണ്ഡലം നിലനിൽക്കുന്നു.
1979 ഒക്ടോബറിൽ കലാമണ്ഡലത്തെ സ്വതന്ത്ര ഭരണാധികാരമുള്ള സർവ്വകലാശാലയാക്കി ഉയർത്തണമെന്ന് ഭരണസമിതി ആവശ്യപ്പെട്ടു. ഇതേവർഷം പ്രശസ്തരായ കലാകാരർക്ക് അവാർഡുകൾ നൽകാൻ കലാമണ്ഡലം തീരുമാനിച്ചു.
1980-ൽ, കലാമണ്ഡലം സുവർണ്ണ ജൂബിലി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി അധ്യക്ഷൻ മുൻ മുഖ്യമന്ത്രി സി. അച്യുതമേനോനായിരുന്നു. ആ കാലത്ത് ഭരണസമിതി അധ്യക്ഷസ്ഥാനം വഹിച്ചിരുന്ന മഹാകവി ഒളപ്പമണ്ണയാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കലാമണ്ഡലത്തിനുവേണ്ടി ആദരിച്ചത്.
1982- ൽ കൂടിയാട്ടത്തിന്റെ പ്രചാരത്തിനു വേണ്ടി കേന്ദ്ര സർക്കാർ 80,000 രൂപ കലാമണ്ഡലത്തിന് നൽകി.
1988-ൽ പൂർവ്വ വിദ്യാർത്ഥിനിയായിരുന്ന അന്നെറ്റ് ലെഡേ കലാമണ്ഡലം സംഘത്തെ ഫ്രാൻസിലേക്ക് ക്ഷണിച്ചു. ഷേക്സ്പിയറിന്റെ കിംഗ് ലിയർ നാടകത്തിലെ ഒരു രംഗം അന്നറ്റും ഭർത്താവ് ഡേവിഡും ചേർന്ന് ആട്ടക്കഥയായി രൂപപ്പെടുത്തിയിരുന്നു. അതിന് അക്കാലത്ത് കലാമണ്ഡലം സെക്രട്ടറിയായിരുന്ന ഇയ്യങ്കോട് ശ്രീധരൻ ശ്ലോകങ്ങൾ രചിച്ചു. ഫ്രാൻസിൽ അരങ്ങേറിയ ഈ അവതരണം വലിയ വിജയമായി. അതിന്റെ പ്രോത്സാഹനത്തിൽ കിംഗ് ലിയറിന്റെ എട്ട് രംഗങ്ങൾ കൂടി ആട്ടക്കഥയായി രൂപപ്പെടുത്തി അവതരിപ്പിക്കാൻ അന്നെറ്റിന് സാധിച്ചു. ഫ്രാൻസിലെ ഈ അവതരണം കാണാൻ എത്തിയിരുന്ന പ്രധാനമന്ത്രി രാജീവ് ഗാന്ധി കലാമണ്ഡലത്തെ പ്രത്യേക അഭിനന്ദനം അറിയിച്ചു. ആ വർഷം മുതൽ കലാമണ്ഡലത്തിന്റെ പരിപാടികൾ ദൂരദർശന്റെ ദേശീയ ചാനലിലും പ്രാദേശിക ചാനലിലും സംപ്രേഷണം ചെയ്തു തുടങ്ങി.

1989 ജൂലൈയിൽ കഥകളി കോപ്പുകളുണ്ടാക്കാനുള്ള പ്രത്യേക കളരി കലാമണ്ഡലത്തിൽ ആരംഭിച്ചു. മരപ്പണിക്കാരെ കഥകളി കോപ്പുണ്ടാക്കുന്ന സുകുമാരകല അഭ്യസിപ്പിക്കുകയും അതോടൊപ്പം ചുട്ടിയുടെ നിർമ്മാണം പരിശീലിപ്പിക്കുകയായിരുന്നു കളരിയുടെ ലക്ഷ്യം.
ഹൈസ്കൂൾ തുടങ്ങുന്നു
1930 മുതൽ പ്രവർത്തനമാരംഭിച്ച കേരള കലാമണ്ഡലം 1975-ൽ, സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട്- 1955 പ്രകാരം, ഗ്രാന്റ്-ഇൻ-എയ്ഡ് വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തിക്കാൻ തുടങ്ങി.
1984-ൽ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബ് കലാമണ്ഡലത്തിൽ സർക്കാർ ഹൈസ്കൂൾ ആരംഭിക്കാൻ ഉത്തരവിറക്കി. 1990 ജൂണിൽ സാംസ്കാരിക മന്ത്രി ടി.കെ. രാമകൃഷ്ണൻ കലാമണ്ഡലം ഹൈസ്കൂൾ ഉദ്‌ഘാടനം ചെയ്തു. കലാപഠനങ്ങൾ ഉൾപ്പെടുത്തിയ സ്‌കൂൾ സിലബസ് നടപ്പിലായി, പിന്നീട് ഹൈയർ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്‌ത് പ്ലസ്ടു വരെ കലാവിദ്യാഭ്യാസം ലഭ്യമാക്കി.
നിലവിൽ കലാമണ്ഡലത്തിൽ കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, തുള്ളൽ, കുച്ചിപ്പുടി, കൂടിയാട്ടം, പഞ്ചവാദ്യം, കർണാടക സംഗീതം, കഥകളി സംഗീതം, കഥകളി ചെണ്ട, മൃദംഗം, മിഴാവ്, തുടങ്ങിയ കലകൾ പഠിപ്പിക്കുന്നു. 2007-ൽ കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയായി ഉയർത്തപ്പെട്ടു. കലാവിദ്യാഭ്യാസത്തിൽ ഗവേഷണമടക്കമുള്ള സമഗ്രമായ അക്കാദമിക് കേന്ദ്രമായി ഇപ്പോൾ കലാമണ്ഡലം നിലനിൽക്കുന്നു.

കലാമണ്ഡലം സ്ഥാപകരായ വള്ളത്തോളിന്റെയും മുകുന്ദരാജയുടെയും ദീർഘദർശിത്വവും സാംസ്കാരിക പ്രതിബദ്ധതയും കേരള നൃത്ത-സംഗീത പാരമ്പര്യങ്ങളെ സംരക്ഷിച്ച് ആധുനിക രൂപത്തിൽ ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ നിർണായകമായി. ടാഗോർ സ്ഥാപിച്ച വിശ്വഭാരതി പോലുള്ള സർവകലാശാല ഇരുവരും ആദ്യം മുതലേ ഇവിടെയും വിഭാവനം ചെയ്തിരുന്നു. വള്ളത്തോളിന്റെ ദർശനം, മുൻ വിദ്യാർത്ഥികളുടെ പ്രതിബദ്ധത, ഭരണകൂടങ്ങളുടെ പിന്തുണ എന്നിവ ചേർന്ന് രൂപപ്പെട്ട ദീർഘകാല സാംസ്കാരിക ഘടനയായി, കേരള കലാരംഗത്തിന്റെ പൈതൃകം നിലനിർത്തുകയും പുതുമയും നവോത്ഥാന ആശയങ്ങളും തലമുറകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കലാമണ്ഡലം സെന്റിനറി വർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന ചരിത്രഘട്ടത്തിൽ, കേരളത്തിന്റെയും ഇന്ത്യയുടേയും സാംസ്കാരിക ഭൂപടത്തിൽ അതിന് വലിയ സ്ഥാനമുണ്ട്. പട്ടിണിയിലും ദാരിദ്ര്യത്തിലും തളർന്നും ഉണർന്നും, നൂറ്റാണ്ട് തികക്കുന്ന കലാമണ്ഡലം നേടിയത് മഹത്തായ കലാ- സാംസ്കാരിക ചരിത്രമാണ്.

പൂർവ വിദ്യാർത്ഥികളുടെ
ഗുരുപരമ്പര
കലാമണ്ഡലത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ കുറെ പേർ അധ്യാപകരായി കലാമണ്ഡലത്തിന്റെ ഗുരുകുലപരമ്പരയെ ശക്തിപ്പെടുത്തി. കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം രാമൻകുട്ടിനായർ, കലാമണ്ഡലം പത്മനാഭൻ നായർ, കലാമണ്ഡലം ഗോപി, കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, കലാമണ്ഡലം വാസുദേവൻ നായർ, കലാമണ്ഡലം ശിവദാസൻ, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാമണ്ഡലം കേശവൻ തുടങ്ങിയവർ അവരുടെ കലാപ്രവർത്തനങ്ങളിലൂടെയും അധ്യാപനത്തിലൂടെയും സ്ഥാപനത്തിന് അഭിമാനിക്കാവുന്ന സംഭാവനകൾ നൽകി.
സ്ത്രീവിദ്യാർത്ഥികളിൽ 1971-ൽ ചേർന്ന കലാമണ്ഡലം ഗിരിജയാണ് ആദ്യമായി കൂടിയാട്ടം അധ്യാപികയായത്. പൈങ്കുളം രാമചാക്യാരുടെ ശിഷ്യയായ അവർ പിന്നീട് കൂടിയാട്ട വിഭാഗം ഹെഡ് ആയും പ്രവർത്തിച്ചു.
മോഹിനിയാട്ടത്തെ അക്കാദമിക് തലത്തിൽ ഉറച്ചുനിർത്തി, കലാമണ്ഡലത്തിന്റെ പ്രിൻസിപ്പൽ പദവിയിലും സേവനമനുഷ്ഠിച്ചത് കലാമണ്ഡലം സത്യഭാമയാണ്. മോഹിനിയാട്ട നർത്തകിയായ കലാമണ്ഡലം ലീലാമ്മ കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ പഠിച്ച് അവിടെത്തന്നെ അധ്യാപികയായി. കലാമണ്ഡലം ദേവകി കലാമണ്ഡലത്തിലെ ആദ്യ വനിതാ ഓട്ടന്തുള്ളൽ വിദ്യാർത്ഥിനിയും പിന്നീട് അധ്യാപികയുമായി. കലാമണ്ഡലം സരസ്വതി മോഹിനിയാട്ടവും ഭരതനാട്യവും പരിശീലിച്ച് അധ്യാപികയായി. ഇങ്ങനെ, വള്ളത്തോളിന്റെ സ്വപ്നം നിലനിർത്തി മുൻ വിദ്യാർത്ഥികൾ തന്നെ ഗുരുക്കന്മാരായി മാറി, ഇവർ കലാമണ്ഡലത്തിന്റെ കലാപാരമ്പര്യത്തെ കൂടുതൽ ശക്തമായ രീതിയിൽ ലോകത്തിനു മുന്നിലെത്തിച്ചു.
കഥകളിയിലും കഥകളി സംഗീതത്തിലും മറ്റു മതസ്ഥരോ എന്തിന്, പെൺകുട്ടികൾ പോലും അഡ്മിഷന് എത്താതിരുന്ന കാലഘട്ടത്തിലാണ് ഹൈദരാലി കലാമണ്ഡലത്തിലേക്ക് വരുന്നത്.
ഹൈദരാലിയുടെയും
ഖദീജയുടെയും തുടർച്ച?
2006 ജനുവരി 5ന് വാഹനാപകടത്തിൽ മരിച്ച കലാമണ്ഡലം ഹൈദരാലി എന്ന കഥകളി ഗായകൻ കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ മറ്റൊരു സവിശേഷതയാണ്. നാലു നൂറ്റാണ്ടു പഴക്കമുള്ള കഥകളിയുടെ കൂടെയുള്ള കഥകളി സംഗീതത്തിൽ ഹൈദരാലിയാണ് ആദ്യമായി കലാമണ്ഡലത്തിൽ പ്രവേശിച്ച മുസ്ലിം വിദ്യാർത്ഥി. അതിലുപരി, കഥകളി സംഗീതത്തിന്റെ ചരിത്രത്തിൽ ഹിന്ദു അല്ലാത്ത ആദ്യ ഗായകനായിട്ടാണ് അദ്ദേഹം ഇടം നേടിയത്. കഥകളിയിലും കഥകളി സംഗീതത്തിലും മറ്റു മതസ്ഥരോ എന്തിന്, പെൺകുട്ടികൾ പോലും അഡ്മിഷന് എത്താതിരുന്ന കാലഘട്ടത്തിലാണ് ഹൈദരാലി കലാമണ്ഡലത്തിലേക്ക് വരുന്നത്. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, ശിവരാമൻ നായർ, കലാമണ്ഡലം ഗംഗാധരൻ എന്നിവരുടെ കീഴിലാണ് ഹൈദരാലി പരിശീലനം നടത്തിയത്. എന്നിരുന്നാലും, കലാമണ്ഡലത്തിലും കഥകളിയിലും ഹൈദരാലിക്ക് തുടർച്ചയായി ഇടം പിടിക്കാനായില്ല എന്നത് ശ്രദ്ധേയമാണ്.

അതുപോലെ, കലാമണ്ഡലചരിത്രം എഴുതിയ മറ്റൊരു പേര് ഖദീജയാണ്. കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാനെത്തുന്ന ആദ്യ മുസ്ലിം വിദ്യാർത്ഥിനിയാണ് അവർ. നൃത്തം പഠിച്ചതിന്റെ പേരിൽ സമൂഹത്തിന്റെ വിലക്കുകളും പ്രതിഷേധങ്ങളും നേരിട്ടെങ്കിലും, അവയെ ഭേദിച്ച് ഖദീജ പഠനം തുടർന്നു. കലാരംഗത്ത് തുടർന്നു നിലയുറപ്പിക്കാനായില്ലെങ്കിലും, കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ അവർക്കും പ്രത്യേക സ്ഥാനമുണ്ട്.
ഇന്ന് കലാമണ്ഡലം ജെൻഡർ ഫ്രീയും മതവിവേചനരഹിതവുമായ ക്യാമ്പസായി മാറിയിരിക്കുന്നു. ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ സാമ്പത്തിക പശ്ചാത്തലത്തിന്റെയോ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ തമ്മിൽ വേർതിരിവില്ല. വിവേചനങ്ങളില്ലാത്ത പഠനാന്തരീക്ഷത്തിൽ, പഠിതാക്കൾക്ക് സ്വതന്ത്രമായി സൃഷ്ടിപരമായും കലാപരമായും പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നു.
എങ്കിലും, ഇങ്ങനെ മുഖം മിനുക്കിയ കലാമണ്ഡലം ക്യാമ്പസിന്റെ ചരിത്രത്തിൽ തിരിഞ്ഞുനോക്കുമ്പോൾ, ഒരു ചോദ്യം നിലനിൽക്കുന്നു: കലാമണ്ഡലത്തിലെത്തിയ ഖദീജയ്ക്കോ ഹൈദരാലിക്കോ കലാമണ്ഡലത്തിൽ തുടർച്ചയുണ്ടായോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?

അതുപോലെ, കലാമണ്ഡലത്തെക്കുറിച്ചുള്ള മറ്റൊരു പ്രസക്തവും നിർണായകവുമായി ഉയരുന്ന ആക്ഷേപം ശ്രദ്ധിക്കപ്പെടേണ്ടതാണ്. കലാമണ്ഡലം ഇന്നും സവർണ്ണ കേന്ദ്രിതവും അടച്ചുവെക്കപ്പെട്ടതുമായ ദന്തഗോപുരം പോലെ നിലകൊള്ളുകയാണെന്നതാണ് അത്. അതിന്റെ ചുറ്റുമുള്ള സാധാരണ ജനങ്ങളുടെ ജീവിതത്തിലേക്കും ഹൃദയങ്ങളിലേക്കും കലാമണ്ഡലം യഥാർത്ഥത്തിൽ എത്തിച്ചേരുന്നുണ്ടോ? പലപ്പോഴും പറയപ്പെടുന്നത്, കലാമണ്ഡലത്തിൽ നടക്കുന്ന കലാപരിപാടികളിൽ പരിസരവാസികൾ പോലും പങ്കാളികളാകാറില്ല എന്നതാണ്. അത് യാഥാർഥ്യമാണെങ്കിൽ, എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? എന്താണ് ആ അകലത്തിന് കാരണം?
ഈ ചോദ്യം, കലാമണ്ഡലത്തിന്റെ സാമൂഹിക ഉത്തരവാദിത്തത്തെയും സാംസ്കാരിക വ്യാപ്തിയെയും കുറിച്ചുള്ള ഒരു പ്രധാന ചർച്ചാ വിഷയമായി തീരേണ്ടതില്ലേ?
ഇപ്പോഴുള്ള കലാമണ്ഡലത്തിന്റെ ചരിത്രവിവരണം പൂർണ്ണമല്ല. നൂറാം വയസ്സിലേക്ക് കടക്കുന്ന ഈ മഹത്തായ സ്ഥാപനത്തിന്, ഇതുവരെ ഉണ്ടായിട്ടുള്ള പ്രധാന കലാപ്രവർത്തനങ്ങളും സംഭവങ്ങളും, അനുബന്ധ ചിത്രങ്ങളും ദൃശ്യരേഖകളും ഉൾക്കൊള്ളുന്ന സമഗ്രമായ ചരിത്രരേഖ വരും തലമുറയ്ക്കായി തയ്യാറാക്കേണ്ടത് അനിവാര്യമാണ് എന്നു തോന്നുന്നു.
