കൊച്ചി ദർബാർ ആർട് ഗാലറി, മഹാരഥരായ പല ചിത്രകാരരുടെയും പ്രദർശനത്തിന് വേദിയായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ കണ്ട ഏറ്റവും ധിഷണാശാലിയായ ചിത്രകാരൻ, മലയാളി കൂടിയായ കെ ജി സുബ്രഹ്മണ്യന്റെ വിയോഗത്തിനു തൊട്ടുമുമ്പ്, അദ്ദേഹത്തിന്റെ കലയുടെ ഒരു നേർക്കാഴ്ച്ചയ്ക്കും ദർബാർ ഹാൾ വേദിയായിരുന്നു. സമകാല ഇന്ത്യൻ ദുരവസ്ഥകളോടു പ്രതികരിക്കുന്ന സുബ്രഹ്മണ്യന്റെ ഏതാനും പെയിന്റിംഗുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹത്തിൻെറ ജന്മനാട്ടിൽ നടത്തിയ ആദ്യത്തെയും അവസാനത്തെയും പ്രദർശനമായിരുന്നു അത്. ദേശീയ പ്രസ്ഥാന കാലവും ഗാന്ധിയൻ ജീവിത സമീപനങ്ങളും ജന്മം കൊടുത്ത ആ കലാകാരൻ, തന്റെ കലയുടെ ധൈഷണിക യൗവ്വനം ചെലവഴിച്ചത്, രബീന്ദ്രനാഥ ടാഗോർ രൂപം കൊടുത്ത ശാന്തിനികേതനിലായിരുന്നു. നന്ദലാൽ ബോസിന്റെയും ബിനോദ് ബിഹാരി മുഖർജിയുടെയും രാംകിങ്കർ ബെയ്ജിന്റെയും കലാപാരമ്പര്യങ്ങളുടെ അവസാനയറ്റത്ത്, അവരുടെയാകെ കലാസങ്കൽപനങ്ങളെയും ശൈലികളെയും സ്വായത്തമാക്കികൊണ്ടും, അവരിൽനിന്ന് ആശയതലത്തിലും ശൈലീ വല്ലഭത്വത്തിലും മുന്നോട്ടു പോയും, ചിത്രകലയിലും മ്യൂറൽ പെയിന്റിംഗിലും എന്നപോലെ, കലാചരിത്രത്തിലും കലയുടെ തത്വചിന്തയിലും വലിയ സംഭാവനകളർപ്പിച്ച ശേഷം, ധന്യമായ ആ ജീവിതം വിടവാങ്ങുമ്പോൾ, മലയാളി അധികമൊന്നും അറിയാത്ത ഒരു ഇന്ത്യൻ കലാകാരനായി അദ്ദേഹം ചരിത്രമാകുകയായിരുന്നു.
മലയാളിയുടെ ധൈഷണിക നാട്യങ്ങളിലും കലയോടും ജീവിതത്തോടുമുള്ള സമീപനങ്ങളിലും നിഴലിക്കുന്ന കൊളോണിയൽ ഹാങ് ഓവറുകൾ കൊണ്ടാകാം മഹാനായ ആ ഇന്ത്യൻ കലാകാരന്റെ വിയോഗം മലയാള മാധ്യമങ്ങളിൽ പോലും വലുതായൊന്നും ഇടം നേടാതെ പോയത്. കവിതയിലും സാഹിത്യത്തിലും അഭിരമിച്ചു പോരുന്ന മലയാളിയുടെ പാരമ്പര്യങ്ങൾക്ക്, ദൃശ്യകലയിൽ ഇനിയും സാക്ഷരത നേടേണ്ട സ്വന്തം ബാല്യങ്ങളെ സംബന്ധിച്ച ഓർമ്മപ്പെടുത്തലുകളായി ഇതെല്ലാം മാറുന്നു. ഏറെ ചിത്രകാരർക്ക് ജന്മം നൽകിയിട്ടുണ്ടെങ്കിലും അവരൊക്കെ അന്യനാട്ടിൽ പോയി അന്നവും ജീവിതവും കണ്ടെത്തേണ്ടി വരുന്ന പരിതോവസ്ഥ. മലയാളിയുടെ കാഴ്ച്ചകൾക്ക് ആ "നമ്പൂതിരി പെർവേഷനപ്പുറത്ത്" സഞ്ചരിക്കാൻ കഴിയാത്ത നില. പ്രയോഗത്തെ പ്രയോജനവാദമായും, തത്വജ്ഞാനത്തെ ഡോഗ്മാറ്റിസമായും മനസ്സിലാക്കുന്ന മലയാളിയുടെ സാഹിത്യവാസനയും രാഷ്ട്രീയ കുൽസിതത്വങ്ങളും വിവർത്തന ജീവിതവും. കെ. ജി. സുബ്രഹ്മണ്യൻ അപ്രകാരം, മലയാളി മറന്നുപോയ, മലയാളത്തിന്റെ നക്ഷത്രമാണ്. കെ. ജി. സുബ്രഹ്മണ്യനെ ഇവിടെ എടുത്തുപറയാൻ കാരണം, ചിത്രകലയുടെ ഒരു മഹത്തായ പാരമ്പര്യത്തിന്റെ പതാകവാഹകൻ എന്ന നിലയിലും, തന്റെ പഠന പാരമ്പര്യങ്ങളുടെ പീഠഭൂമികളിൽ നിന്നുകൊണ്ടും, അതിനെയെല്ലാം മറികടന്നുകൊണ്ട് പുതിയ വാതിൽപ്പുറങ്ങൾ കണ്ടെത്തിയും, ആവിഷ്ക്കാരങ്ങൾ നടത്തിയ കലാകാരൻ എന്ന നിലയിലുമാണ്. അതിലുപരി, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ഗ്രന്ഥസമാഹാരങ്ങളും ശ്രദ്ധിച്ചാൽ, കലയുടെ ചരിത്രവും തത്വചിന്തയും, പോസ്റ്റ് കൊളോണിയൽ അല്ലെങ്കിൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പശ്ചാത്തലത്തിൽ നിന്ന് ആഖ്യാനം ചെയ്ത, എണ്ണപ്പെട്ട കൃതികളാണെന്നു കാണാം.

സുബ്രഹ്മണ്യന്റെ കാഴ്ച്ചകളുടെയും സ്പേഷ്യൽ നിർമ്മിതികളുടെയും സ്വഭാവങ്ങളെയും പരിണാമങ്ങളെയും തന്റേതായ നിലയിൽ പുണരുകയും, തന്റെ സ്വകീമായ വേറിട്ടുപോകലിലൂടെ അതിനെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്ത, അറുപതുകളുടെ ഇന്ത്യൻ ചിത്രകലയുടെയും സൗന്ദര്യശാസ്ത്രത്തിന്റെയും ഉപലബ്ധിയാണ് ഗുലാം മുഹമ്മദ് ഷെയ്ഖ്. 2026 കൊച്ചി ബിനാലെയുടെ അനുബന്ധമായി, ദർബാർ ആർട് ഗാലറിയിൽ പ്രദർശിപ്പിക്കുന്ന, അറുപതുകൾ മുതൽ 2025 വരെയുള്ള വർക്കുകളിലൂടെ പലതവണ കടന്നുപോയ, ഒരു ആസ്വാദകന്റെ പഠനക്കുറിപ്പാണ് ഈ ലേഖനം.
രണ്ട്
ഗുലാം ഷെയ്ഖിന്റെ രചനാ സങ്കേതങ്ങൾ രൂപം കൊണ്ട സാഹചര്യങ്ങളെക്കുറിച്ച് നമുക്കു പരിശോധിക്കാം. തന്റെ കൃതികളുടെ ഭാഷ കണ്ടെത്തുന്നതിലും, പ്രമേയങ്ങൾ സ്വീകരിക്കുന്നതിലും, കലയുടെ അർത്ഥവും സങ്കേതവും ചരിത്രപരതയും എന്തെന്നു വകതിരിച്ചെടുക്കുന്നിലും, താനുൾപ്പെട്ട "ഗ്രൂപ്പ് 1890"ന്റെ ആശയങ്ങളും നിലപാടുകളും അദ്ദേഹത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാകും. 1962ലെ സംഘത്തിന്റെ യോഗത്തിൽ നിന്നും, വിവിധ തലത്തിൽ നടന്ന കൂടിയിരിക്കലിൽ നിന്നും, സംഭാഷണങ്ങളിൽ നിന്നുമാണ്, "ഗ്രൂപ്പ് 1890"ന്റെ മാനിഫെസ്റ്റോ രൂപം കൊണ്ടത്. ആർടിസ്റ്റ് ജെ സ്വാമിനാഥനാണ് ഇതിനെല്ലാം മുൻ കയ്യെടുത്തത്. പത്തൊമ്പതാം നൂറ്റാണ്ടിനൊടുവിലെ രാജാ രവിവർമ്മയുടെ രചനകളും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഉയർന്നു വന്ന ബംഗാൾ സ്കൂളും, "ഒരു ഐക്യ ഇന്ത്യൻ അഭിജ്ഞാനത" രൂപം കൊടുക്കുവാൻ ശ്രമിച്ചുവെന്ന് മാനിഫെസ്റ്റോ വിലയിരുത്തുന്നു. ഇന്ത്യൻ മിത്തോളജിയിൽ നിന്നുകൊണ്ടുള്ള രവിവർമ്മയുടെ പ്രമേയ സ്വീകരണങ്ങൾ, ഒരു പാൻ ഇന്ത്യൻ കാഴ്ചപ്പാട് രൂപീകരിക്കുന്നതിലേക്ക് നയിച്ചു, കൊളോണിയൽ കാഴ്ചപ്പാടിലുള്ള നാച്ചുറലിസ്റ്റിക് വെസ്റ്റേൺ അക്കാദമിക ശൈലിയിലുള്ള ഇന്ത്യയുടെ പ്രതിനിധാനങ്ങൾ എന്ന നിലയിൽ. അതുപോലെ, മുഗൾ കാലത്തിന്റെയും പ്രാദേശിക രാജാധിപത്യങ്ങളുടെയും ഭൂതകാലത്തിൽ വേരുകളുള്ള, ഒരു "മഹത്തായ ഇന്ത്യയെ" സംബന്ധിച്ച ഗൃഹാതുരതയെ പുന:സൃഷ്ടിക്കുന്ന തരത്തിലുള്ള "ഇഡിയ"വുമായി ബംഗാൾ സ്കൂളും രംഗത്തു വന്നു. ഇത്തരം രാഷ്ട്രീയൽക്കരിക്കപ്പെട്ട നീക്കങ്ങളിൽ നിന്നും ശ്രദ്ധ മാറ്റണമെന്ന് മാനിഫെസ്റ്റോ കലാകാരരെ ഉൽബോധിപ്പിച്ചു. അബ്സ്ട്രാക്ഷനു കീഴിൽ തങ്ങളുടെ ക്രിയാത്മകതയെ മുക്കിക്കൊല്ലുന്ന, അന്നത്തെ സമകാലീകരായ ചിത്രകാരരിൽ നിന്നും ദൂരം പാലിക്കാൻ ആഹ്വാനം ചെയ്തു. സൗന്ദര്യാത്മകതയുടെ അടിതലങ്ങളിൽ മാത്രം ശ്രദ്ധ വെയ്ക്കാതെ, ഒരു അന്തർദേശീയ ആധുനിക ഭാഷ കണ്ടത്താനുള്ള ശ്രമങ്ങളെ മാനിഫെസ്റ്റോ പിന്തുണച്ചു. അങ്ങിനെ, അന്തർദേശീയ അബ്സ്ട്രാക്ട് ആധുനികതയെയും, പാരമ്പര്യത്തിലൂന്നിയ, ആധികാരികമായ, ഒരു ഇന്ത്യയെ നിർമ്മിക്കാനുള്ള ശ്രമങ്ങളെയും, "ഗ്രൂപ്പ് 1890" തള്ളിക്കളഞ്ഞു. കലാസൃഷ്ടിയുടെ നിർമ്മാണം പരീക്ഷണാത്മകവും, "ആയിത്തീരലിന്റെ" ഒരു പ്രക്രിയയും ആകണമെന്നും, അപ്രകാരം, കലാനിർമ്മാണം സ്വാതന്ത്ര്യത്തിലേക്കു നയിക്കാൻ കലാകാരരെ സഹായിക്കുന്ന തരത്തിലുള്ളതായിരിക്കണമെന്നും മാനിഫെസ്റ്റോ പറഞ്ഞു. "A work of art is neither representational, nor abstract, figurative, non-figurative. It is unique and sufficient unto itself, palpable in its reality and generating its own life." എന്ന് മാനിഫെസ്റ്റോ (group 1890 manifesto, 1963) പ്രഖ്യാപിച്ചു.

എന്നിരിക്കിലും, താൻ ഉൾപ്പെട്ട "ഗ്രൂപ്പ് 1890" മുന്നോട്ടു വെച്ച ആശയങ്ങളാണ് ഗുലാം ഷെയ്ഖിന്റെ കലയുടെ "അബോധ പ്രേരണങ്ങൾ" എന്നു കരുതുക വയ്യ. കൊച്ചി ഷോയുടെ ക്യൂറേറ്റർ റുബീന കരോഡെ തന്റെ ക്യൂറേറ്ററി കുറിപ്പിൽ ഇങ്ങനെ പറയുന്നു. "ശൈഖ് തന്റെ ബാല്യവും, തന്റെ ചിന്തകളും കാഴ്ചപ്പാടുകളും രൂപപ്പെടുന്ന ഘട്ടവും ചിലവഴിച്ചത്, ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലെ സുരേന്ദ്ര നഗറിലുള്ള വധ്വാൻ എന്ന ചെറു ഗ്രാമത്തിലാണ്. റാണക് ദേവി ക്ഷേത്രം, മഠാ വാവ് (ഇറങ്ങാൻ പടികളുള്ള കിണർ), ഗേബൻ ഷാ പീർ ദർഗ എന്നിവിടങ്ങളിലെല്ലാമുള്ള സന്ദർശനങ്ങളും, വിവിധ സമ്പ്രദായങ്ങളെ സാംശീകരിക്കുന്ന അതിന്റെ ഘടനയും അദ്ദേഹത്തിന്റെ ഓർമ്മകളിൽ ആഴത്തിൽ, പതിഞ്ഞുകിടന്നു. ഇന്ത്യൻ ജീവിതം അദ്ദേഹത്തിനു നൽകിയത് ഒരേസമയം വ്യത്യസ്ത കാലങ്ങളിലും സംസ്കാരങ്ങളിലും ജീവിക്കുന്നതിനെക്കറിച്ചുള്ള തിരിച്ചറിവാണ്. ആൽമരങ്ങളുടെ മേലാപ്പുകൾ, പ്രാദേശിക കമ്പോളങ്ങളിലെ ശബ്ദകോലാഹലങ്ങൾ, തൊട്ടുതൊട്ടു കിടക്കുന്ന അയൽ പ്രദേശങ്ങളുടെ ഊടുവഴികൾ, അലസമായി കറങ്ങി നടക്കുകയും തെരുവുകളുടെ നടുക്കു നിന്ന് സല്ലപിക്കുകയും ചെയ്യുന്ന ആളുകൾ, ഇതെല്ലാം ഷെയ്ഖിന്റെ പെയിന്റിംഗുകളിൽ ബറോഡയിൽനിന്നുള്ള ഇന്ത്യൻ ജീവിതദൃശ്യങ്ങളായി പ്രത്യക്ഷപ്പെടുന്നതു കാണാം. സയാജിറാവു സർവകലാശാലയിലെ ഫൈനാർട്സ് ഫാക്കൽറ്റിയിൽ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ് ആ നഗരം. കാലക്രമത്തിൽ "ഇടങ്ങളുടെ നിർമ്മാണത്തിലുള്ള" (space making) പല തരത്തിലുള്ള സമ്പ്രദായങ്ങൾ, കലാ-ചരിത്രപരമായ റഫറൻസുകൾ, സാമൂഹ്യ പ്രതിഫലനമുള്ള ഫിഗറേഷൻ, എന്നിവയുമായുള്ള ആഴത്തിലുള്ള വിനിമയത്തിലൂടെ, വിവിധ തലങ്ങളുള്ള ഒരു രീതി വികസിപ്പിച്ചെടുക്കുകയും, കഥ പറച്ചിലിന്റെയും ദൃശ്യാഖ്യാനത്തിന്റെയും സൂക്ഷ്മത നിറഞ്ഞ ഒരു ചിത്രഭാഷയിലേക്ക് അതിനെ രൂപാന്തരപ്പെടുത്തുകയും ചെയ്തു. ഇറ്റാലിയൻ പരിപ്രേക്ഷ്യ ഇടങ്ങൾ, മുഗൾ സമുദ്രങ്ങൾക്കു മേലെ ഉരുണ്ടു കൂടുന്ന പേർഷ്യൻ മേഘങ്ങൾ, ഫക്കീറുകൾ, സെൻ ഗുരുക്കന്മാർ, പ്രണയികൾ, മാലാഖമാർ, രാക്ഷസന്മാർ എന്നിവയെയെല്ലാം അതിൽ അധിവസിപ്പിക്കാനും, അർത്ഥ സാന്ദ്രമായ പാളികൾ സൃഷ്ടിക്കുന്നതിനായി ഓർമ്മകൾ ഉടച്ചു വാർക്കുന്നതിനുമായി, അദ്ദേഹം ചിത്രങ്ങളുടെ പ്രതലത്തെ, രാജസ്ഥാനി മിനിയേച്ചറുകളിൽ കാണുന്ന ഉഷ്ണമേഖലാ വർണ്ണങ്ങൾക്ക് അനുയോജ്യമായ ഊർവ്വര ഭൂമിയാക്കി മാറ്റുന്നു."
തന്റെ കലയെയും പ്രമേയ സ്വീകരണത്തെയും കുറിച്ച് ഗുലാം ഇങ്ങനെ സംഗ്രഹിക്കുന്നു: " എന്റെ കലയിൽ പെയിന്റിംഗുകൾ കവിതയുമായി സൗഹൃദം പങ്കിടുന്നു. അവ പരസ്പരം മേലാപ്പുകൾ പണിയുമ്പോഴും, സ്വന്തം സ്വാതന്ത്ര്യം സൂക്ഷിക്കുന്നു. ഇമേജുകൾ പല കാലങ്ങളിൽ നിന്നും വന്നു ചേരുന്നു. ഒന്നു മറ്റൊന്നിലേക്ക് ഒഴുകിയിറങ്ങുന്നു. ചിലത് ജീവിച്ച ജീവിതത്തിൽ നിന്നുള്ളവയാണ്. ചിലത്, മറ്റു കാലങ്ങളിലെ ലോകങ്ങളുടേതാണ് താനെന്ന, തോന്നലിൽ നിന്ന് ഉരുവം ചെയ്യുന്നതാണ്. ചിലപ്പോൾ പെയിന്റിംഗുകളിൽ നിന്ന്, ചിലപ്പോൾ സാഹിത്യത്തിൽ നിന്ന്. പലപ്പോഴും അവയ്ക്ക് ഉറവിടം ഒന്നും തന്നെയില്ല. അങ്ങിനെയുള്ളവ കുത്തിവരയിൽ നിന്നും രേഖാചിത്ര രചനയിൽ നിന്നും എഴുത്തുകുത്തിൽ നിന്നും ഒരേസമയമെന്നോണം ഉദയം കൊള്ളുന്നതാണ്. ഈ ലോകങ്ങളുടെ ബഹുത്വവും ഒരുമിച്ചുള്ള കടന്നുവരവും, അവയാകെയുമായി ഞാൻ ബന്ധപ്പെട്ടിരിക്കുന്നു, എന്ന തോന്നൽ നൽകുന്നു. ഈ അനുഭവങ്ങൾക്കെല്ലാം ഒരു ഏകത്വത്തിന്റെ ഭാഷ നൽകി നിർവചിക്കാനുള്ള എല്ലാ ശ്രമങ്ങളും, എന്നിൽ അസ്വാസ്ഥ്യവും അങ്കലാപ്പും ഉണ്ടാക്കുന്നു. അന്യമാക്കപ്പെട്ട ലോകത്തിന്റെ അസാന്നിധ്യം എല്ലായ്‌പ്പോഴും എന്നെ വേട്ടയാടിയിട്ടുണ്ട്. "

ഗുലാം ഷെയ്ഖ്ന്റെ ആദ്യകാല ചിത്രങ്ങൾ പിൽക്കാലത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പാലെറ്റിനെ മുൻനിർണ്ണയം ചെയ്യുന്നുണ്ട്. എന്നാൽ, 1980ലെയും 1990ലെയും, ആളുകൾ തിങ്ങി നിറയുന്ന ഭൂവിതാനകളുടെയും സ്വപ്നസ്ഥലികളുടെയും ചിത്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ, ആദ്യകാല ചിത്രങ്ങൾ കടന്നുപോകുന്നത്, പൂർണ്ണ നിലയിലുള്ള ഒരു അബ്സ്ട്രാക്ഷന്റെ ഭാഷയിലേക്കാണ്. അദ്ദേഹത്തിന്റെ 1969ലെ "പെയിന്റിംഗ് ടു" പിൽക്കാല രചനകളിൽ കാണുന്ന പ്രകാശവത്തായ നിറപ്രകൃതി ഉൾക്കൊള്ളുന്നുണ്ടെങ്കിലും, അത് ഒരേ നിറത്തിന്റെ ഗണ്യമായ ഇടങ്ങളിൽ സംഭവിക്കുന്നതാണ്. മധ്യ ഇടനാഴിയിലെ (central passage) ഇരുണ്ട വെളിച്ചക്കീറുമായി, ഒരു പ്രകാശമേറിയ മഞ്ഞ നിറം കടുത്ത വ്യതിരിക്തത (contrast) കൊണ്ടുവരുന്നു. അദ്ദേഹം തിരിച്ചറിയാൻ പറ്റുന്ന രൂപങ്ങളിൽ വർക്ക് ചെയ്യുന്നു, മരങ്ങൾ, ആലിംഗനം ചെയ്യുന്ന ശരീരങ്ങൾ, ജൈവ ശരീരാകൃതികളെ ഓർമ്മിപ്പിക്കുന്ന ഭൂവിതാനങ്ങൾ. അതേ സമയം, രൂപത്തിനും പശ്ചാത്തലത്തിനും ഇടയിൽ, മുമ്പോട്ടും പിമ്പോട്ടും നീങ്ങുന്ന, ഇമേജിന്റെ കേന്ദ്രത്തിന്റെ ആഴത്തെ, നമ്മെ അനുഭവിക്കാൻ അനുവദിച്ചുകൊണ്ട്, റോത്കോയുടെ (Rothko) കളർ ഫീൽഡ് പെയിന്റിംഗ് പോലെ, അതിന്റെ കാതലിലേക്ക് നമ്മെ വലിച്ചടുപ്പിച്ചുകൊണ്ട്, ചിത്രശരീരം പ്രതിനിധാനങ്ങളെ പ്രതിരോധിക്കുന്നു. ക്യാൻവാസ് മുഴുക്കെ, രണ്ടും മൂന്നും മാനങ്ങളുടെ പിടിവലികൾ കാഴ്ചക്കാരനു സമ്മാനിച്ചുകൊണ്ട്, പിൽക്കാല രചനകളിലും ഈ സ്‌പേഷ്യൽ ഘടകങ്ങൾ കടന്നു വരുന്നു. "ഗ്രൂപ്പ് 1890"ന്റെ ഗ്രൂപ്പ് പ്രദർശനത്തിനു ചുറ്റുവട്ടം മുതലുള്ള ഷെയ്ഖിന്റെ സൃഷ്ടികൾ, ഈ സ്ഥല സംഘർഷം പങ്കു വെയ്ക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹം നിറങ്ങളുടെ ഒരു വ്യത്യസ്ത പാലെറ്റ് കൊണ്ടാണ് ഈ പരീക്ഷണം നടത്തുന്നത്. ചാരവും കറുപ്പും നിറങ്ങളുടെ ഷേഡുകൾ, ചുകപ്പിന്റെയും നീലയുടെയും സാന്ദർഭികമായ കടന്നുകയറ്റം, എന്നിങ്ങനെ. (2)

മൂന്ന്
തന്റെ ആദ്യകാല സ്വാധീനങ്ങൾ പതുക്കെ കയ്യൊഴിഞ്ഞുകൊണ്ട്, "സിറ്റി ലാബറിന്തുകളുടെ" ഇടങ്ങളുടെ ചതുരമാനങ്ങളും, വർത്തുളതകളും, ഊടുവഴികളും, ഒഴിഞ്ഞിടങ്ങളും, ഒഴിവാക്കിയ സ്ഥലങ്ങളും, ഇടകലരുന്ന ഒരു ലോകത്തിന്റെ യാഥാർത്ഥ്യത്തിലേക്കും, സ്വപ്നസ്ഥലികളിലേക്കും, ഒരു ഫാന്റസിയുടെ സ്വഭാവം കൈവരിക്കുന്ന വർത്തമാന അനുഭവങ്ങളിലേക്കും, ഗുലാം ഷെയ്ഖ് ചുവടു വെച്ചതിന്റെ രേഖകളാണ്, കൊച്ചി ദർബാർ ഗാലറിയുടെ ഇരുനിലകളിലുള്ള, അഞ്ചു മുറികളുടെ ചുമരുകളിൽ, നിറയുന്ന ഷെയ്ഖിന്റെ കലാസൃഷ്ടികൾ. (ഒരു വീഡിയോ ഇൻസ്റ്റലേഷൻ അടക്കം). കടന്നു ചെല്ലുന്ന ആദ്യമുറിയിൽ, നാം മുകളിൽ പരാമർശിച്ച, അറുപതുകളുടെ ആദ്യകാലങ്ങളെ പ്രതിനിധീകരിക്കുന്ന "ഇടനിർമാണം" (space making) ആരംഭിക്കുന്നുണ്ട്. അപ്പോഴും യൂറോപ്യൻ എക്സ്പ്രഷനിസ്റ്റ് ബ്രഷ് വർക്കുകൾ അതിൽ സമൃദ്ധമായി നിഴലിക്കുന്നതു കാണാം. അതേ മുറിയിൽ, ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ ശേഷം നിർമ്മിച്ച, "നീണ്ട അസാന്നിധ്യത്തിനു ശേഷം വീട്ടിലേക്കുള്ള മടക്കം" എന്ന പെയിന്റിംഗും പ്രദർശിപ്പിച്ചിട്ടുണ്ട്. ജന്മനാട്ടിലേക്കുള്ള മടക്കം, തന്നെ ശരിയായി കണ്ടെത്തുന്ന, ഒരു ആത്മാനുഭവത്തിന്റെ ആവിഷ്കാരമാണ്. തന്റെ ഭാവനാഭൂമികളെ നിർമ്മിച്ച ഇടങ്ങളും കഥകളും കാഴ്ചപ്പാടുകളും, ഉമ്മയുടെ താൻ എടുത്ത ഫോട്ടോഗ്രാഫും ചേർത്തു വെച്ചുള്ള ക്യാൻവാസ്. തന്റെ പൂർവ്വ സ്വാധീനങ്ങളുടെ ഇരുട്ടും അവ്യക്തതയും സങ്കീർണ്ണതയും ഹാങ് ഓവറുകളും നീങ്ങി, വെളിച്ചവും പരപ്പും ആഴവും കൈവരിക്കുന്ന, മനസ്സിന്റെ പ്രകാശത്തിന്റെ ഇടങ്ങളെ കണ്ടെത്തുന്നു ഷെയ്ഖ്. എന്നാൽ, താൻ നിലയുറപ്പിക്കാൻ ശ്രമിക്കുന്ന ഇടങ്ങളുമായി കൂടുതൽ അടുക്കുമ്പോൾ, വർത്തമാനം ആ ഇടങ്ങളിൽ കലർത്തുന്ന കാലുഷ്യങ്ങളിലേക്ക്, വീണ്ടും ഷെയ്ഖിന്റെ കാവ്യമനസ്സ് ആന്ദോളനം ചെയ്യുന്നതു കാണാം. "വെയിറ്റിംഗ് ആൻഡ് വാണ്ടറിങ്" രണ്ടാമത്തെ മുറിയിലെ പ്രദർശനത്തിനു തുടക്കം കുറിക്കുന്നു. സ്ത്രീ മനസ്സിന്റെ ആശയുടെയും പ്രതീക്ഷയുടെയും ദുഃഖത്തിന്റെയും ഉള്ളിലേക്കുള്ള മടങ്ങലിന്റെയും, വേപഥുകളുടെയും കാത്തിരിപ്പിന്റെയും ആഴങ്ങൾ തേടുന്നതാണ് അത്. നിലനിൽപ്പിന്റെ മുനമ്പിൽ നിന്ന്, കാഴ്ച്ചയുടെ പരപ്പുകൾ കാവ്യാത്മകത കൈവരിച്ചുകൊണ്ട്, അജ്ഞാതമായ ഏതോ സങ്കടസങ്കലിത ഭൂവിതാനത്തിന്റെ "പരിപ്രേക്ഷ്യ ഇടമാണ്" "ബിയൊണ്ട് ദ എഡ്ജ്." തന്റെ അവ്യക്തമായ സെൽഫ് പ്രോട്രേറ്റിൽ വന്നുചേരുന്ന, ആത്മത്തിന്റേയും ആത്മാന്വേഷത്തിന്റെയും സൂചിതാർത്ഥങ്ങൾ പേറുന്ന ഫിഗറുകൾ ഉൾച്ചേരുന്ന വാട്ടർ കളർ പെയിന്റിംഗ്. കബീറും ഗാന്ധിയും സൂഫികളും യോഗികളും, പലായനം ചെയ്യുന്നവരും, ഇറങ്ങി പുറപ്പെട്ടവരുമായ മനുഷ്യർ, പതുക്കെ ക്യാൻവാസുകൾ തേടി വരുന്നു.

കബീറിന്റെ ബഹുതലങ്ങളെ, തന്റെ കലാകാഴ്ച്ചയ്ക്ക് പരിചരിക്കാൻ പറ്റിയ പ്രമേയമായി, ഷെയ്ഖ്ക്ക് തിരിച്ചറിയുന്നുണ്ട്. കബീർ ജീവിച്ച ഇടങ്ങളുടെ ബഹുതലത. അന്തർമുഖതയുടെ ആത്മാനുഭവങ്ങൾ, ആഘോഷങ്ങളുടെ ജീവിത സങ്കീർത്തനങ്ങളായി പരിണമിക്കുന്ന രാസവിദ്യ. "കഹ്തേ കബീർ" ക്യാൻവാസുകളിൽ കബീറിന്റെ ദോഹകളും ജീവിത കാഴ്ച്ചകളും നിറഞ്ഞു കവിയുന്നു. ആത്മസത്യത്തിന്റെയും ആത്മീയാനുഭവങ്ങളുടെയും ഗംഗാതടങ്ങളെ (വാരണാസി), ഷെയ്ഖ് തന്റെ സ്പേസിനെപ്പറ്റിയുള്ള സങ്കല്പനങ്ങളുടെ സവിശേഷതകളുമായി കണ്ണി ചേർത്ത് ആവിഷ്കരിക്കുന്നു. ഒരു "ജസ്റ്റാൾട് വ്യൂ" പോലെ, കബീറിന്റെ മുഖചിത്രീകരണത്തിന്റെ ബൃഹദ് ആഖ്യാനത്തിനുള്ളിൽ, ബഹുതലമായ ഇടങ്ങൾ നിർമ്മിച്ചുകൊണ്ട്, വിവിധ ഋതുക്കളിലൂടെ പാടിയും പറഞ്ഞും ജീവിച്ച "കബീറുകളെ" ഷെയ്ഖ് അവതരിപ്പിക്കുന്നു. വാരണാസിയിലെ ഗംഗയുടെ നിതാന്തമായ ഒഴുക്കിനും, നാഗരികതയുടെ മാറിമാറി വരുന്ന ജീവിത സന്ദർഭത്തിനും സാക്ഷിയായി നിൽക്കുന്ന കബീർ. "യുഗൻ യുഗൻ ഹം യോഗി ഹെ" എന്ന തിരിച്ചറിവും പ്രഖ്യാപനവും. കൃഷ്ണ വർണ്ണത്തിൽ ആമഗ്നയായി, തന്റെ വീണാഗാന ശ്രുതിയിൽ മുഴുകിയിരിക്കുന്ന മീര. മധ്യകാലത്തെ ഭക്തിപ്രസ്ഥാനം സംഭാവന ചെയ്ത സൂഫികളുടെയും മിസ്റ്റിക്കുകളുടെയും, യോഗികളുടെയും ഫക്കീറുകളുടെയും, മസ്താക്കളുടെയും, കവികളുടെയും കല്പനികരുടെയും, നീണ്ട നിരകൾ ക്യാൻവാസുകളെ ചൂഴ്ന്നു നിറയുന്നു. അവയ്ക്ക് ചരിത്രപരതയുടെ വ്യക്തമായ കോണ്ടൂറുകൾ നൽകി ആവിഷ്കരിച്ചിരിക്കുന്നു. ഈ ഇന്ത്യൻ അനുഭവത്തെ പാശ്ചാത്യ കവികളും മിസ്റ്റിക്കുകളുമായി പാരസ്പര്യം പങ്കു വെയ്ക്കുന്ന ക്യാൻവാസുകളുടെ വിപുലമായ എക്സ്പാൻസ്, ആ നിലയിൽ ഒരു "ഏകലോക ഭൂപടം" നിർമ്മിക്കുന്നതാണ്. പെയിന്റിംഗും കവിതയും ഇവിടെ കൂടിച്ചേർന്നു സല്ലപിക്കുന്നു. സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും മുഖാമുഖം നിന്ന്, സുഷുപ്തിയുടെ സുഖാനുഭവം നൽകുന്നു. കടലും കപ്പലും വഞ്ചിയും, മിസ്റ്റിക്കുകളുടെ ആകാശ യാത്രകളും, പ്രേതങ്ങളുടെ വിഹാരസ്ഥലികളും ഇടകലർന്ന് "ജീവിതത്തിന്റെ നഗരം" തീർക്കുന്നു. "ജീവിതവൃക്ഷത്തിന്റെ" ജൈവികമായ നിലനിൽപ്പും, നാഗരിക ജീവിതത്തിന്റെ പാരിസ്ഥിതികമായ വിനാശവും ചേർന്നു സംഘർഷപ്പെടുന്ന, ആധുനികതയുടെ സങ്കീർണ്ണ വിപര്യയങ്ങൾ തീർക്കുന്നതിന്റെ സാക്ഷീ ഭൂതങ്ങളും, ചരിത്രരേഖകളുമാണ്, അഞ്ചു പതിറ്റാണ്ടിന്റെ, ഇന്ത്യയുടെ ചരിത്ര ഭൂമികകളുടെ, പരിണാമ ദശകങ്ങളുടെ, അടയാളങ്ങൾ വഹിക്കുന്ന ഷെയ്ഖിന്റെ ക്യാൻവാസുകൾ.
നമ്മുടെ നാഗരിതയുടെ ഭൂതത്തെയും ഭാവിയെയും വർത്തമാനത്തെയും സാക്ഷീ ഭാവത്തിൽ പിന്തുടരുന്ന ഈ ക്യാൻവാസുകൾ, ഹാരപ്പ മുതൽ സമകാല ഇന്ത്യൻ ജീവിതം വരെയുള്ള, ഇന്ത്യൻ നാഗരിക ചരിത്രത്തിന്റെ അബോധ രേഖകളും, സൗന്ദര്യപരിപ്രേക്ഷ്യങ്ങളുമായിത്തീരുന്നുണ്ട്. ഷെയ്ഖിന്റെ ആർക്കിടെക്ച്ചറിനോടുള്ള അഭിമുഖ്യത്തെ അടയാളപ്പെടുത്തുന്ന ഏതാനും ഡ്രോയിങ്ങുകളും ഫോട്ടോഗ്രാഫുകളും പ്രദർശനത്തിലുണ്ട്. സൗരാഷ്ട്ര മേഖലയിൽ നിന്നുള്ള ഗുലാം ഷെയ്ഖ്, ആർക്കിടെക്ചറിന് പ്രാമുഖ്യമുണ്ടായിരുന്ന, ഹാരപ്പൻ സംസ്കൃതിയുടെ മേലാപ്പുറത്തെ കാലഗതിയിൽ, ഒരു "ആർക്കിയോളജി ജീവിതം" നയിച്ചയാളാണ്. സിറ്റിയുടെ "മെറ്റഫർ" ഗുലാം ഷെയ്ഖിന്റെ ചിത്രങ്ങളുടെ "സിങ്കുലാരിറ്റി" പണിയുന്നതിനിടയാക്കിയത്, നാഗരികതയെ സംബന്ധിച്ച പ്രബലമായ ആ പൗരാണിക ചരിത്രം, മനസ്സിൽ സ്വീകരണം കണ്ടെത്തിയതാകാം. വൃത്തിയും വെടിപ്പും, സമ്പന്നമായ ഡ്രൈനേജ് സംവിധാനങ്ങളും, തൊഴിലാളർക്ക് രാജഗൃഹങ്ങൾ പോലെ വിശാലമായ ആവാസ ഇടങ്ങളും ഒരുക്കിയ ഒരു നഗര സംസ്കാരത്തിന്റെ സമ്പന്നതയും, അത് കടന്ന് മധ്യകാലത്തെ രാജനീതികൾ പിന്നിട്ട്, കൊളോണിയൽ അനുഭവങ്ങളിലൂടെ "ആധുനികത" കടന്ന്, സമകാലത്തെത്തുമ്പോൾ സംഭവിക്കുന്ന ദുരന്തത്തിന്റെ പേരായി "ഇന്ത്യ" മാറുന്നതിന്റെ അടയാളങ്ങൾ, ഗുജറാത്ത് കലാപങ്ങളുടെ ചുറ്റുവട്ടത്തു നിന്നുകൊണ്ട്, ഷെയ്ഖ് ചെയ്ത ക്യാൻവാസുകളിൽ ദൃശ്യമാണ്. പിളരുന്ന ഒരു ഭൂമിയെ "മാപ്പമുണ്ടി സീരീസിൽ" ചിത്രീകരിക്കുന്നു. തന്റെ ഏകലോക സങ്കല്പത്തിൽ ഒരു ഭൂകമ്പം കൊണ്ടുവരുന്ന പിളർപ്പായി രേഖപ്പെടുത്തുന്ന ഏതാനും പരമ്പരകൾ തൊട്ട്, "സിറ്റി ഫോർ സെയിൽ", "ഗാന്ധി ഉപേക്ഷിച്ച അഹമ്മദാബാദ്," "ഈ രാത്രി നാം എങ്ങനെ ഉറങ്ങും" തുടങ്ങിയ പച്ചയും ചാരവും കറുപ്പു രാശിയും കലർന്ന ക്യാൻവാസുകൾ വരെ. നാഗരികതയുടെ ഈ ദുരന്തത്തിന്റെ നാശം വിതയ്ക്കുന്ന, രാജ്യത്തെ വിലക്കു വെച്ച, കോമ്പ്രദോർ ബൂർഷ്വാസി ഭരിക്കുന്ന സമകാല ഇന്ത്യയോട്, ഷെയ്ഖ് ധീരമായി പ്രതികരിക്കുന്നു.

ഇന്ത്യൻ ഭക്തിപ്രസ്ഥാനത്തിന്റെ ഔഷധം കൊണ്ട്, ആധുനികതയുടെ ഈ മരണമുനമ്പിന്, മൃതസഞ്ജീവിനി തീർക്കാനാകുമോ എന്ന ചോദ്യം കൊണ്ടും സമ്പന്നമാണ്, ഷെയ്ഖിന്റെ ഈ പ്രദർശനത്തിലെ നേർപകുതി ക്യാൻവാസുകൾ. നമ്മുടെ സെക്കുലർ വിചാരങ്ങളുടെയും പ്രയോഗങ്ങളുടെയും ദുരന്തഭൂമികകളിൽ നിന്നുയരുന്ന, ആത്മാന്വേഷണത്തിന്റെ അന്തർഗതങ്ങൾ. നമ്മുടെ നാഗരികതയുടെ ഉള്ളിൽ നിന്നു തന്നെ ഉണ്ടായി വരേണ്ട, പരിഹാരങ്ങളുടെ പ്രതീക്ഷയും പ്രത്യാശയും. യൂറോപ്പിൽ നിന്നു കടംകൊണ്ട നമ്മുടെ സെക്കുലർ മേലാപ്പുകളുടെ പരാജയങ്ങളോട് പ്രതികരിച്ചു കൊണ്ട്, ഇന്ത്യൻ ഭൂതകാലത്തിന്റെ ആഴങ്ങളിലേക്ക് സ്വകീയമായ ഒരു സഞ്ചാരം ആവശ്യമാണെന്ന് ഷെയ്ഖ് ഓർമിപ്പിക്കുന്നു. നമ്മുടെ ചരിത്രരീതിശാസ്ത്രങ്ങളുടെ സമാഹരണങ്ങളും, കണ്ടെത്തലുകളും, ദേശീയതയെ സംബന്ധിച്ച നിർവ്വചനങ്ങളും, കാലഹരണപ്പെടുന്നത് എങ്ങനെയെന്ന്, തന്റെ സ്വന്തം സ്വത്വത്തെയും സ്വാത്മത്തെയും ചരിത്രവൽക്കരിച്ചുകൊണ്ട് ഷെയ്ഖിന്റെ ക്യാൻവാസുകൾ സംസാരിക്കുന്നു. നമ്മുടെ ചരിത്ര വായനയുടെയും വ്യാഖ്യാനങ്ങളുടെയും കാഴ്ച്ചാ രൂപീകരണങ്ങളുടെയും "ഓറിയന്റലിസ്റ്റ് ഭ്രമങ്ങളിൽ" നിന്ന് എങ്ങനെ കരകയറാം, എന്ന അന്വേഷണത്തിന്റെ ആധിയാണ് ഷെയ്ഖിന്റെ ക്യാൻവാസുകളെ അന്വർത്ഥമാക്കുന്നത്.
▮
റഫറൻസ്:
1, 2: (Partha Mitter, Parul Dave Mukherji, Rakhee Balaram, chapter 14, Nation and its discontents Group 1890, Post-colonial decades in visual art practices, 20th century Indian art, modern, post-independence, contemporary, Thames and Hudson).
കടപ്പാട്: കലാചരിത്രകാരൻ പ്രൊഫ. ആർ. നന്ദകുമാർ.
▮
ദർബാർ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കുന്ന, ഗുലാം മുഹമ്മദ് ഷെയ്ഖിന്റെ അറുപതുകൾ മുതൽ 2025 വരെയുള്ള വർക്കുകൾ. ഫോട്ടോ: ബിജു ഇബ്രാഹിം.








