തട്ടേൽ കേറിയ
പെണ്ണുങ്ങളും ആണുങ്ങളും കുട്ടികളും കോഴികളും

ചിത്രകാരിയും നാടകപ്രവർത്തകയുമായ സ്മിത എം.ബാബുവിന്റെ ‘പാക്കളം’ എന്ന പേരിലുള്ള ചിത്രപ്രദർശനം എറണാകുളം ദർബാർ ഹാൾ ആർട്ട് സെന്ററിൽ നടന്നു. ചരിത്രത്തിൽ അപ്രസക്തമായി പോകുന്ന തൊഴിലാളി ജീവിതങ്ങളുടെ വർണ്ണാഭമല്ലാത്ത ദൃശ്യങ്ങളാണ് അവരുടെ ചിത്രങ്ങളിലുള്ളത്.

The struggle of man against power is the struggle of memory against forgetting.
- Milan Kundera

ഭൂപ്രകൃതിയുടെ വൈവിദ്ധ്യവും ലഭ്യമായ ജൈവ സ്രോതസ്സുകളും പ്രാദേശിക സംസ്ക്കാരത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഒരു കാലത്ത് കേരളത്തിലെ കായൽ - പുഴയോരങ്ങളിലെല്ലാം തൊണ്ട് (തേങ്ങയുടെ ചകരി അടങ്ങിയ ഭാഗം) ചീഞ്ഞ ഗന്ധമുണ്ടായിരുന്നു. തൊണ്ട് തല്ലുന്ന പെണ്ണുങ്ങളുണ്ടായിരുന്നു. മഞ്ഞയും ബ്രൗണും കലർന്ന സ്വർണനാരുകൾ പോലെ വെയിലിൽ കൂട്ടിയിട്ട ചകിരിനാരുകളുടെ കൂമ്പാരങ്ങൾ കാണാമായിരുന്നു. സ്ത്രീകൾ റാട്ടു കൊണ്ടും ചിലയിടങ്ങളിൽ കൈ കൊണ്ടും ചകിരി നാരുകൾ ഇഴചേർത്ത് ചൂടി പിരിക്കുന്നത് കാണാമായിരുന്നു.
ജനതയുടെ ഭൂരിഭാഗവും തൊഴിലാളികളായിരുന്ന ഒരു കാലത്തിന്റെ കാഴ്ച്ചകളിൽ ഈ ദൃശ്യങ്ങൾ മായ്ച്ചിട്ടും മായാതെ നിൽക്കുന്നുണ്ട്.

ചിത്രീകരണം: സ്മിത എം.ബാബു

മറവിയുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത് . മറവി ഭൂഖണ്ഡങ്ങൾ താണ്ടി നമ്മുടെ നാട്ടിലെത്താൻ അല്പം വൈകിയെന്നേയുള്ളൂ. ഭൗതിക സാഹചര്യങ്ങളിൽ വരുന്ന അതിവേഗമാറ്റം പക്ഷെ സാമൂഹ്യ മനസ്സിന്റെ ജീർണവൽക്കരണത്തിന്റെ ഒഴുക്കിനെ സ്പർശിക്കുന്നില്ല എന്നു കാണാം. അരാഷ്ട്രീയവും അസംബന്ധജഢിലവുമായ കാഴ്ചപ്പാടുകളാൽ നയിക്കപ്പെടുന്നതാകുന്നു ഭൂരിപക്ഷത്തിന്റെ ഈ ഒഴുക്ക്.

മദ്ധ്യകാലത്തിന് സമാനമായ ജാതി, മത, വംശീയ ചിന്തകൾ ആധുനിക മാധ്യമങ്ങളുപയോഗിച്ച് സമർത്ഥമായി വിപണനം ചെയ്യുന്ന ഒരു കാലത്ത് മറവി താൽക്കാലികമായ ലഹരിയാകുന്നു. പലവാക്കുകളും മറവിയിൽ മരിച്ചുപോയിരിക്കുന്നു.

‘പാക്കളം’ എന്നാൽ തൊണ്ട് തല്ലുന്ന ഇടമാണ്. (‘പാക്കളം’ എന്നായിരുന്നു ഈയിടെ എറണാകുളം ദർബാർ ഹാൾ ആർട്ട് സെന്ററിൽ നടന്ന ചിത്രപ്രദർശനത്തിന്റെ ടൈറ്റിലും.) അഷ്ടമുടിക്കായലിന്റെ ഓരങ്ങളിൽ ഒരു പാട് ജീവിതങ്ങൾ തൊണ്ടുതല്ലി കയറുപിരിച്ചു ജീവിച്ച് തീർത്ത ഇടങ്ങൾ. സ്മിതയുടെ ചിത്രങ്ങളിൽ അഷ്ടമുടിക്കായലിന്റെ ഓരങ്ങളിലെ, ചരിത്രത്തിൽ അപ്രസക്തമായി പോകുന്ന തൊഴിലാളി ജീവിതങ്ങളുടെ വർണ്ണാഭമല്ലാത്ത നരവീണ ദൃശ്യങ്ങളെ നാടകീയമായി വിന്യസിച്ചിരിക്കുന്നു. നാടകപ്രവർത്തക കൂടിയായ സ്മിത തന്റെ ചിത്രങ്ങളെ നാടകത്തിന്റെ അരങ്ങി (തട്ട്) ലെന്നവണ്ണമാണ് അവതരിപ്പിക്കുന്നത്. കേരളത്തിൽ നാടകം സാമൂഹിക നവോത്ഥാനത്തിന്റെ മുൻനിരയിൽ നിന്ന കലാരൂപമായിരുന്നു. ആളുകളെ ഒന്നിച്ചു ചേർക്കുന്നതിനും, പുരോഗമന ആശയങ്ങളുടെ വിത്ത് പാകാനും നാടകങ്ങൾ വഹിച്ച പങ്ക് വലുതാണ്.

തട്ട് -നാടകത്തിലെ ഒരു പരിചിത പ്രയോഗമാണ്. തട്ടേൽ കേറുക എന്നാൽ അരങ്ങത്ത് നിൽക്കുക എന്നാണ്, നാടകം കളിക്കുക എന്നാണ്. സ്മിത ഈ തട്ടുകളെ തന്റെ ചിത്രങ്ങളിൽ പല നിലകളിലായി ഉപയോഗിച്ചിരിക്കുന്നതുകാണാം. ഈ തട്ടുകളിൽനിന്ന് മനുഷ്യർ അവരുടെ ജീവിതവൃത്തികളിൽ മുഴുകി ഒഴുകുന്നതായി കാണാം. വിശദാംശങ്ങളെ ഒഴിവാക്കുന്ന ഈ മനുഷ്യരൂപങ്ങൾ വരച്ചിരിക്കുന്ന രീതികൊണ്ടുതന്നെ തങ്ങളുടെ ശരീരഭാഷയെ, സാമൂഹ്യജീവിത നിലവാരത്തെ അടയാളപ്പെടുത്തുന്നു.

നാടകം എന്ന വാക്ക് തന്നെ ഓർമിപ്പിക്കുന്നത്, ഒരു കൂട്ടം ആളുകളെയായിരിക്കും. അത്തരത്തിലാണ് സ്മിതയുടെ ആൾരൂപങ്ങളും. ഓർമയുടെ നേർത്തു മങ്ങിയ തിരശ്ശീലക്കുപിന്നിൽ നിന്നാണെങ്കിലും അവർ നിശ്ചലരല്ല, ദ്രുതഗതിയിൽ ചലിച്ചു കൊണ്ടിരിക്കുന്നു. പല കലാകാരരും വെളിച്ച വിതാനം, നാടകീയമായ ചലനങ്ങൾ, ക്രമീകരണങ്ങൾ (composition) എന്നിവയിലൂടെ നാടകത്തിന്റെയും സിനിമയുടെയും ദൃശ്യ സാധ്യതകൾ ചിത്രങ്ങളിലും ശില്പങ്ങളിലും ഉപയോഗിച്ചതായി കലാചരിത്രത്തിൽ കാണാം, തിരിച്ച് നാടകവും സിനിമയും ചിത്രകലയിൽ നിന്ന് പ്രചോദനം കൊണ്ടതായും കാണാം. എന്നാൽ സ്മിത, ചുറ്റുപാടുമുള്ള ഭൂമിയെ നാടകത്തിന്റെ തട്ടകമായി അവതരിപ്പിക്കുകയും പിൻകർട്ടനും തട്ടുകളും, വെളിച്ചവിതാനവുമെല്ലാമായി തന്റെ ഓർമകളെ വീണ്ടും അരങ്ങേറാനായി ഈ തട്ടിലേക്ക് വിളിക്കുന്നു.

സ്ത്രീകളും, പുരുഷൻമാരും, കുട്ടികളും, കോഴിയും ആടും മറ്റ് ജീവജാലങ്ങളും അടങ്ങിയിട്ടുള്ള ഒരു ജനതയുടെ ലളിതവും സമഗ്രവുമായ ജീവിത നാടകം തീവ്രമായി ഇതാ ഇവിടെ നടക്കുന്നു എന്ന് നമ്മളോട് പറയാതെ പറയുന്നു. വൈവിദ്ധ്യങ്ങളുടെ ഒരു ഭൂമികയാണ് ഇത്. ഫാഷിസത്തിന്റെ ഏകതാനതയെ ഈ വൈവിദ്ധ്യങ്ങൾ പ്രതിരോധിക്കുന്നു.
അതെ, മറവിക്കെതിരെയുള്ള ഓർമകളുടെ ആഖ്യാനങ്ങളായി ഈ ചിത്രങ്ങൾ മാറുന്നു.
Comments