Mixed Bag- 20
ഉത്തരേന്ത്യയിൽ തണുപ്പ് അധികമില്ലാത്ത ഒക്ടോബറിലെ ഒരു വൈകുന്നേരം. ബിഹാറിലെ ദിദർഗഞ്ച് എന്ന ഗ്രാമത്തിൽ ഗംഗയുടെ തീരത്തു കൂടി നടക്കുകയായിരുന്നു സമീപത്തെ പള്ളിയിലെ സയ്യിദ് മുഹമ്മദ് എന്ന മൗലവി. ഗംഗ നിറഞ്ഞൊഴുകുകയാണ്. തീരത്ത് അടിഞ്ഞ വസ്തുക്കളിൽ ഉപയോഗമുള്ളതെന്തെങ്കിലും കിട്ടുമോ എന്ന് നോക്കിയാണ് മൗലവിയുടെ നടപ്പ്.
മണ്ണിൽ പുതഞ്ഞുകിടക്കുന്ന ഒരു നീളൻ കല്ല് അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടു. എടുത്തുകൊണ്ടു പോയാൽ എന്തെങ്കിലും ഉപകാരമുണ്ടായേക്കുമെന്ന് കരുതി മണ്ണ് മാന്തി അതിനെ പുറത്തെടുത്ത മൗലവി ഞെട്ടിപ്പോയി. അതൊരു സുന്ദരിയായ സ്ത്രീയുടെ മനോഹരമായ ശിൽപമായിരുന്നു.
ഇടതുകൈ ഒടിഞ്ഞ നിലയിൽ കാണപ്പെട്ട അതിന്റെ പളപളപ്പ് മണ്ണിൽ പുതഞ്ഞു കിടന്നിട്ടും മാറിയിരുന്നില്ല. ഏതോ ഹിന്ദു ദേവതയുടെ ശിൽപമായിരിക്കാം അതെന്ന് ധരിച്ച മൗലവി വിവരം നാട്ടുകാരെ അറിയിച്ചു. വിവരം അറിഞ്ഞെത്തിയവർ ഗ്രാമപ്രമുഖന്റെ നേതൃത്വത്തിൽ മുളങ്കമ്പ് ഒക്കെ നാട്ടി ഒരു താൽക്കാലിക ക്ഷേത്രം നിർമ്മിച്ച് ആ ‘ദേവതയെ’ അവിടെ പ്രതിഷ്ഠിച്ചു.
പക്ഷേ ഒരു ക്ഷേത്രത്തിലെ ആരാധനമൂർത്തിയായി ഒതുങ്ങിപ്പോകാനായിരുന്നില്ല ആ അജ്ഞാത ദേവതയുടെ വിധി. വിവരമറിഞ്ഞെത്തിയ പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ പുരാവസ്തു ഗവേഷകരുടെ സഹായത്തോടെ വളരെ വിദഗ്ധമായി അതിനെ പട്ന മ്യൂസിയത്തിലേക്ക് മാറ്റി.
1917 ഒക്ടോബർ 18നാണ് ഈ രൂപത്തെ മൗലവി കണ്ടെത്തുന്നത്. അതേ വർഷം ഏപ്രിൽ മാസത്തിലാണ് വിഖ്യാതമായ പട്ന മ്യൂസിയം തുറന്നതും.
ദിദർഗഞ്ച് പോലീസ് സ്റ്റേഷനിലെ കേസ് രജിസ്റ്ററിൽ വ്യത്യസ്തമായ ഒരു വിവരണമാണ് ഈ കണ്ടെത്തലിനെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. മാളത്തിലേക്ക് ഇഴഞ്ഞുപോയ പാമ്പിന്റെ പിന്നാലെ പോയ ഒരു നാട്ടുകാരനാണ് ഈ ശിൽപ്പം കണ്ടെത്തിയതെന്നാണ് പോലീസ് ഭാഷ്യം.
പട്ന മ്യൂസിയത്തിന്റെ ബ്ലോഗിൽ യാദൃശ്ചികതയുടെ മേലാപ്പ് കൂടി ചേർത്താണ് ഈ കണ്ടെത്തലിനെ കുറിച്ച് വിവരിക്കുന്നത്. 1917 ഏപ്രിലിലാണ് പട്ന മ്യൂസിയം പ്രവർത്തനം തുടങ്ങുന്നത്. അതേ വർഷം തന്നെ ഏതാനും മാസങ്ങൾക്കുശേഷം ഈ ശിൽപ്പം ദിദർഗഞ്ചിൽ പ്രത്യക്ഷപ്പെട്ടത് മ്യൂസിയത്തിൽ എത്താനും അതു വഴി പ്രശസ്തമാവാനും അതിന് യോഗമുള്ളതു കൊണ്ടാണ് എന്നാണ് മ്യൂസിയം ബ്ലോഗിൽ വിവരിച്ചിരിക്കുന്നത്.
പക്ഷേ യോഗം മ്യൂസിയത്തിനായിരുന്നു എന്നതാണ് സമീപകാല ചരിത്രം തെളിയിക്കുന്നത്. ഈ ഒരൊറ്റ ശിൽപ്പം കൊണ്ട് പട്ന മ്യൂസിയം പ്രശസ്തി നേടുകയായിരുന്നു.
ആരാണ് അവൾ?
വിശറി പോലെയൊരു ഉപകരണം പിടിച്ച വലതു കൈ ഉയർത്തി നിൽക്കുന്ന, ഇടതു കൈ നഷ്ടപ്പെട്ട നിലയിൽ കാണുന്ന രതിഭാവനകൾ ഉണർത്തുവാൻ പോന്ന ആകാരസൗഷ്ഠവമുള്ള ഈ സുന്ദരി ആരാണ് എന്നത് പുരാവസ്തു ഗവേഷകരെയും ചരിത്ര കുതുകികളെയും ഒരു പോലെ കുഴക്കിയ ചോദ്യമായിരുന്നു. ബ്രിട്ടീഷ് ആർക്കിയോളജി സർവേ ഉദ്യോഗസ്ഥനായിരുന്ന ഡേവിഡ് ബി സ്പൂണർ നിരീക്ഷിച്ചത് ഇവൾ വെറും ഈച്ചയാട്ടുന്ന ജോലിക്കാരി എന്നാണ്.
തൂവൽ വിശറിയെ അനുസ്മരിപ്പിക്കുന്ന ഇവളുടെ വലതുകൈയിലെ ഉപകരണം ഈച്ചയെയും മറ്റ് ശല്യമുണ്ടാക്കുന്ന പ്രാണികളെയും വീശിയോടിക്കാൻ ഉള്ളതാണെന്ന ധാരണയിലാണ് സ്പൂണർ ആ നിഗമനത്തിൽ എത്തിയത്. രാജസദസിൽ ഉള്ളവർക്ക് ഇത്തരം പ്രാണികളുടെ ശല്യം ഉള്ളപ്പോൾ ഇവരെ നിയോഗിച്ചതാവാം.
സ്പൂണറുടെ വാദം ശരിയെന്ന് സമ്മതിച്ചാൽ തന്നെ ഇത്രയും പണം ചെലവഴിച്ച് ഒരു ശിൽപ്പിയെ കൊണ്ട് ഈച്ചയാട്ടുന്ന ഒരു ജോലിക്കാരിയുടെ ശിൽപ്പം ആരെങ്കിലും ചെയ്യിക്കുമോ? എന്താവും അതിന് പിന്നിലെ സത്യം?
ഈ ശിൽപം മൗര്യൻ കാലഘട്ടത്തിലേതാണ് എന്നാണ് ചരിത്രഗവേഷകരുടെ അനുമാനം. മൗര്യൻ കാലഘട്ടത്തിലെ യക്ഷി ശിൽപ്പങ്ങളെ കുറിച്ച് പഠിച്ച പ്രമുഖ പുരാവസ്തു ഗവേഷകൻ അലക്സാണ്ടർ കണ്ണിംഗ്ഹാമിന്റെ മാനദണ്ഡങ്ങൾ വച്ച് നോക്കുകയാണെങ്കിൽ ഇത് ലക്ഷണമൊത്ത യക്ഷിണി തന്നെയാണ്.
യക്ഷിസങ്കൽപ്പത്തെ കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള ചരിത്രകാരിയായ തപതി ഗുഹ താക്കുർദായും ഇത് ശരി വയ്ക്കുന്നു. എന്തായാലും 1960-കൾ മുതൽ ഇവൾ ‘ദിദർഗഞ്ചിലെ യക്ഷി’ എന്ന് അറിയപ്പെടാൻ തുടങ്ങി.
“ഉദിച്ചുയരുന്ന രണ്ട് സൂര്യൻ പോലെയുള്ള അവളുടെ സ്തനങ്ങൾക്കിടയിൽ അസ്തമയം കാത്തുകിടക്കുന്ന നദിയെ പോലെ അവൾ ധരിച്ച മാല കിടന്നു’’ എന്നൊക്കെയുള്ള ശൃംഗാരരസമുള്ള കവിതകൾ പോലും അവളെ കുറിച്ച് എഴുതപ്പെട്ടു. മഹാഭാരതവും 21 ഉപനിഷത്തുകളും ഇംഗ്ലീഷിലേക്ക് പുനഃരാഖ്യാനം നടത്തിയ പുരുഷോത്തം ലാൽ എന്ന പ്രസിദ്ധനായ കവിയുടെ ‘ദിദർഗഞ്ചിൽ നിന്നുള്ള യക്ഷി ’ എന്ന കവിതയിൽ നിന്നാണ് ഈ വരികൾ.
ദിദർഗഞ്ചിലെ യക്ഷിക്ക് പിന്നെ എന്ത് സംഭവിച്ചു എന്നതിലേക്ക് വരുന്നതിനുമുമ്പ് കേരളത്തിലെ യക്ഷി എന്ന സങ്കൽപ്പം എന്താണെന്ന് നോക്കാം.
കമുകിൽ ചാരി നിന്ന് കണ്ണാടി നോക്കുന്ന സുന്ദരി
“ ഇടതുകരമതിൽ ചേർത്ത കണ്ണാടി നോക്കി
തൊടുകുറി മറുകൈയ്യാൽ
തൊട്ടുകൊണ്ടാർത്തമോദം
കമുകിലഥ വലംകാലൂന്നി നിൽക്കുന്ന ദേവി
ധവളവസനധാരീ രക്ഷമാം യക്ഷിയമ്മേ”
ഒരു കമുകിൽ അഥവാ അടയ്ക്കാമരത്തിൽ വലം കാൽ ചവുട്ടി നിന്നുകൊണ്ട് ഇടതു കൈയിൽ പിടിച്ച കണ്ണാടിയിൽ നോക്കി വലം കൈവിരൽ കൊണ്ട് നെറ്റിയിൽ കുറി തൊടുന്ന യക്ഷി ധരിച്ചിരിക്കുന്നത് വെള്ള വസ്ത്രമാണെന്ന് മൂലം സംസ്കൃതഭാഷയിലുള്ള ഈ ധ്യാനശ്ലോകത്തിൽ പറയുന്നു.
അജ്ഞാതകർതൃതമായ ഈ യക്ഷി ധ്യാനമന്ത്രം കേരളത്തിലെ യക്ഷിസങ്കൽപ്പവുമായി യോജിച്ചു പോകുന്നതാണ്. സിനിമകളിലും മറ്റും കാണുന്നത് പോലെ വെള്ള വസ്ത്രം ധരിച്ചവളാണ് യക്ഷിയെന്ന് ഈ ധ്യാനമന്ത്രത്തിൽ പറയുന്നു. കൂടുതലും ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് യക്ഷിരൂപങ്ങൾ കേരളത്തിലെ ചിത്രകാരൻമാർ വരച്ചതും.
എന്നാൽ, മറ്റൊരു ധ്യാനശ്ലോകത്തിൽ യക്ഷി ചെമ്പരത്തിപ്പൂവ് പോലെ ചുവന്ന വസ്ത്രം ധരിച്ചവളാണ്. സ്വർണ്ണനിറത്തോടു കൂടിയവളും രത്നാഭരണവിഭൂഷിതയും ദാസിമാരുടെ കൂട്ടങ്ങളിൽ പാദസേവ ചെയ്യപ്പെടുന്നവളുമായ യക്ഷിയെ ഞാൻ ഭജിക്കുന്നു എന്നാണ് ഈ ധ്യാനമന്ത്രത്തിൽ പറയുന്നത്. മന്ത്രമഹോദധി, ഈശാനശിവഗുരുദേവ പദ്ധതി, ശിൽപ്പരത്നം തുടങ്ങിയ കൃതികളിലാണ് യക്ഷീ പൂജ സംബന്ധിച്ച മന്ത്രങ്ങളുള്ളത്.
ഉഗ്രമൂർത്തികളാണെങ്കിലും പ്രസാദിച്ചാൽ അനുഗ്രഹം ചൊരിയുന്ന അഭീഷ്ടവരദായിനിയാണ് യക്ഷി എന്നാണ് കേരളീയ ആരാധനാ സങ്കൽപ്പം. ഇങ്ങനെ അനുഗ്രഹിക്കുന്ന യക്ഷിയെ സുന്ദരയക്ഷി എന്ന പേരിലാണ് മലയാളികളായ വിശ്വാസികൾ ആരാധിക്കുന്നത്.
ദിദർഗഞ്ചിൽ കണ്ടെടുത്ത യക്ഷിശിൽപ്പത്തിനും കേരളത്തിലെ ചില ചുവർചിത്രങ്ങളിൽ കാണുന്ന യക്ഷികളുടെ രൂപത്തിനും അത്ഭുതകരമായ ചില സാദൃശ്യങ്ങളുണ്ട്. കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിന് സമീപത്തെ പുണ്ഡരീകപുരം ക്ഷേത്രത്തിലെ യക്ഷിയുടെ ചുവർചിത്രം മനോഹരമായ ഒരു കലാസൃഷ്ടിയാണ്.
ദിദർഗഞ്ചിലെ യക്ഷിയെ കുറിച്ചുള്ള കവിതയിൽ വർണ്ണിച്ചതു പോലെ ഉയർന്നതും വൃത്താകൃതിയിലുള്ളതുമായ മുലകൾക്കിടയിലേക്ക് ഒരു നദി ഒഴുകുന്നത് പോലെ ഒരു സ്വർണ്ണ മുത്തുമാല പുണ്ഡരീകപുരം യക്ഷിയുടെയും സ്തനങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങുന്നു.
ധ്യാനശ്ലോകത്തിൽ വിവക്ഷിക്കുന്നത് പോലെ കമുകിൽ വലം കാലൂന്നി നിന്ന് ഇടം കൈകൊണ്ട് കണ്ണാടി പിടിച്ച് വലം കൈയാൽ കുറി തൊടുകയാണ് പുണ്ഡരീകപുരം യക്ഷി. ഒതുങ്ങിയ അരക്കെട്ടും ലക്ഷണമൊത്ത അടിവയറും നിബിഢമായ കേശഭാരവും മദഭരിതമായ കണ്ണുകളുമുള്ള പുണ്ഡരീകപുരം യക്ഷി കൈവളകൾ മുതൽ പാദസരം വരെയുള്ള ആഭരണങ്ങളും അണിഞ്ഞിട്ടുള്ളതായി കാണാം.
ചുവർചിത്രങ്ങൾക്കുപുറമെ ധാരാളം യക്ഷീശിൽപ്പങ്ങളും കേരളത്തിൽ കാണാം. സുന്ദരയക്ഷി ശിൽപ്പങ്ങളിൽ ഏറ്റവം മനോഹരമായത് പത്തനംതിട്ട ജില്ലയിലെ പൂവപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശിൽപ്പമാണെന്ന് ചരിത്രകാരൻ എം ജി ശശിഭൂഷൺ നിരീക്ഷിക്കുന്നു.
ഈ ശിൽപ്പത്തിൽ യക്ഷി വലതുകാൽ വച്ചിരിക്കുന്ന കമുകിലെ അടയ്ക്കാകുലകൾ വരെ വളരെ മികവാർന്ന രീതിയിൽ ശിൽപ്പി കൊത്തിയിരിക്കുന്നത് കാണാം. അനുപമമായ അംഗലാവണ്യത്തോടെ ആരെയും വശീകരിക്കുന്ന ചിരിയുമായാണ് പൂവപ്പുഴ യക്ഷിയുടെ നിൽപ്പ്. പൂത്തൂർ, അടൂർ, കുളത്തൂപ്പുഴ, തൃപ്പെരുംതുറ തുടങ്ങിയ സ്ഥലങ്ങളിൽ യക്ഷിയുടെ കരിങ്കൽ ശിൽപ്പങ്ങൾ കാണാം. ആലപ്പുഴ ജില്ലയിലെ നീലംപേരൂർ ക്ഷേത്രത്തിൽ യക്ഷിയുടെ പഞ്ചലോഹ വിഗ്രഹമുണ്ട്.
കേരളത്തിലെ പല യക്ഷിക്കാവുകളും പിൽക്കാലത്ത് ഭഗവതി ക്ഷേത്രങ്ങളായി പരിണമിച്ചിരിക്കാം എന്ന് ചരിത്രകാരനായ എം. ആർ. രാഘവവാര്യർ കേരളക്കരയിലെ യക്ഷിയമ്മ എന്ന ലേഖനത്തിൽ അനുമാനിക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ പരുവശ്ശേരിയിലെ പള്ളിഭഗവതിക്ഷേത്രത്തിലെ ദാരുവിഗ്രഹം ജ്വാലാമാലിനി യക്ഷിയാണെന്നും നീലമ്പേരൂർ ഭഗവതിക്ഷേത്രത്തിലെ പാർവതീദേവി യക്ഷിയാണെന്നും രാഘവവാര്യർ നിരീക്ഷിക്കുന്നു.
പാർവതീദേവിയൂടെ ചില രൂപങ്ങളെ യക്ഷിസങ്കൽപ്പത്തിൽ കേരളീയർ ആരാധിക്കാറുണ്ട്. വേട്ടയ്ക്കൊരുമകൻ എന്നറിയപ്പെടുന്ന കിരാതശിവനെ പോലെ കിരാതപാർവതീ സങ്കൽപ്പവും നിലവിലുണ്ട്. കിരാതപാർവതിയെയും ദർപ്പണപാർവതിയെയും ശൃംഗാരപാർവതിയെയും കേരളീയർ യക്ഷിസങ്കൽപ്പത്തിലാണ് ആരാധിക്കുന്നതെന്ന് എം. ജി. ശശിഭൂഷൺ തന്റെ 'കേരള ചരിത്രത്തിലേക്കുള്ള നാട്ടുവഴികൾ' എന്ന പുസ്തകത്തിൽ പറയുന്നു. ‘‘ദുർഗ്ഗയുടെ അല്ലെങ്കിൽ പാർവതിയുടെ രൗദ്രവും ബലിഷ്ഠവും വന്യവുമായ സങ്കൽപ്പത്തെയാണ് യക്ഷികളായി കേരളീയർ പൂജിച്ചിരുന്നതെന്ന് കരുതുവാൻ തെളിവുകൾ നിരവധിയാണ്. കിരാതപാർവതിയാണ് കോട്ടയം ജില്ലയിലെ നാട്ടകത്തെയും തിരുവനന്തപുരം നഗരത്തിലെ വെള്ളയമ്പലത്തിലെയും യക്ഷിയമ്മമാർ ”
എന്നാൽ, തിരുവിതാംകൂറിന്റെ ഭാഗമായിരുന്നതും ഇന്ന് തമിഴ്‍നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഉൾപ്പെട്ടതുമായ പഴയ തെക്കൻ തിരുവിതാംകൂറിൽ സുന്ദരയക്ഷി സങ്കൽപ്പമല്ല ഉള്ളത്. പല തരത്തിലുള്ള ഇശക്കികളാണ് അവിടെയുള്ള യക്ഷിസങ്കൽപ്പത്തിൽ. കള്ളിയങ്കാട്ട് നീലിയും മേലാങ്കോട് യക്ഷിയുമൊക്കെ വഞ്ചിക്കപ്പെട്ട പെണ്ണിന്റെ പ്രതികാരമൂർത്തിയായുള്ള അവതാരങ്ങളാണ്. വാകയാട് ഇശക്കി, പൊന്തക്കാട് ഇശക്കി, തേരടി ഇശക്കി എന്നിങ്ങനെ കേരളത്തിലെ ഇതര പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായ പേരുകളോടു കൂടിയ ഇശക്കികളെ പറ്റി ജയമോഹൻ ‘നാഞ്ചിനാട്ടിലെ യക്ഷികൾ' എന്ന ലേഖനത്തിൽ പറയുന്നു.
യക്ഷി കടൽ കടക്കുന്നു
വീണ്ടും നമ്മുടെ ദിദർഗഞ്ച് യക്ഷിയിലേക്ക് വരാം. 1980-കളായപ്പോൾ ദിദർഗഞ്ച് യക്ഷി ശിൽപ്പം വളരെ പ്രശസ്തമായി. വിദേശരാജ്യങ്ങളിൽ നടന്ന ഒട്ടേറെ ഇന്ത്യൻ പ്രദർശനോത്സവങ്ങളിൽ യക്ഷീവിഗ്രഹം പ്രദർശിപ്പിക്കപ്പെട്ടു. ഇന്ത്യൻ കലയുടെ പ്രതീകമായി തന്നെ ഇത് അവതരിപ്പിക്കപ്പെട്ടപ്പോൾ തപാൽ വകുപ്പ് ദിദർഗഞ്ച് യക്ഷിയെ ആദരിച്ച് തപാൽ സ്റ്റാമ്പും ഇറക്കി!
1985-ൽ വാഷിംഗ്ടണിൽ നടന്ന ഇന്ത്യൻ ശിൽപ്പ പ്രദർശനമായിരുന്നു ദിദർഗഞ്ച് യക്ഷി അവസാനമായി പങ്കെടുത്ത വിദേശ പ്രദർശനം. അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ യക്ഷിയുടെ ഇടതുകവിളിൽ ഒരു പോറൽ കണ്ട് മ്യൂസിയം അധികൃതർ ഞെട്ടി. ഇന്ത്യയുടെ സാംസ്ക്കാരികാഭിമാനത്തിനുമേൽ സാമ്രാജിത്വത്തിന്റെ ക്രൂരമായ ചുംബനം പോലെയുള്ള ഒരു മുറിവ്! യക്ഷിയെ ഇങ്ങനെ കാഴ്ചവസ്തുവാക്കി ലോകം മുഴുവൻ കൊണ്ടു നടക്കുന്നതിനെതിരെ പുരാവസ്തുഗവേഷകരും ചരിത്രകാരൻമാരും രംഗത്തെത്തി. “വിഖ്യാതമായ മൊണാലിസയെ ഫ്രാൻസ് ലൂവ്റേ മ്യൂസിയത്തിൽ നിന്നും പുറത്തിറക്കാറില്ല. പിന്നെന്തിനാണ് നമ്മൾ നമ്മുടെ യക്ഷിയെ ലോകമാകെ കൊണ്ടു നടന്ന് പ്രദർശിപ്പിക്കുന്നത്?” എന്നായിരുന്നു അക്കാലത്ത് ഒരു ഇന്തോളജിസ്റ്റ് ചോദിച്ചത്.
വിലക്കപ്പെട്ട പ്രണയം കണ്ടുപിടിക്കപ്പെട്ടതോടെ വീട്ടുതടങ്കലിലാക്കപ്പെട്ട യുവതിയെ പോലെ ഇടതുകവിളിലെ പൊള്ളുന്ന ചുംബനത്തിനുശേഷം പിന്നെ യക്ഷി ഇന്ത്യയെന്നല്ല ബിഹാർ പോലും വിട്ടു പോയില്ല. ബിഹാർ മ്യൂസിയത്തിലെ നാല് ചുവരുകൾക്കുള്ളിൽ മൊണാലിസയുടേതിനേക്കാൾ വശ്യമായ ചിരിയോടെ അവൾ സന്ദർശകരെ കാത്ത് നിന്നു.
മൗര്യ കാലഘട്ടത്തിലാണോ കുഷാൻ കാലത്തിലെയാണോ ഈ യക്ഷി എന്നും ഇത് യക്ഷിയാണോ അതോ പ്രാണികളെ ആട്ടിയോടിക്കുന്ന സുന്ദരിയായ ഒരു പെണ്ണ് മാത്രമാണോ എന്നുമുള്ള തർക്കം ഇന്നും സജീവമായി നിലനിൽക്കുമ്പോഴും പാടലീപുത്രമായിരുന്ന ബിഹാറിന്റെ വിനോദസഞ്ചാര പരസ്യങ്ങളിൽ ദിദർഗഞ്ച് യക്ഷി ഒരു പ്രധാന ആകർഷകമായി കാണിക്കുന്നു.
ചെങ്കടൽ കടന്ന് മടങ്ങിവരാത്ത യക്ഷി
ഇറ്റാലിയൻ നഗരമായ പോംപെയിലെ ഒരു വീട്ടിൽ നിന്നും 1938-ൽ ഒരു യക്ഷീശിൽപം കണ്ടെടുത്തു. ഇറ്റാലിയൻ പുരാവസ്തുഗവേഷകർ ഈ ഐവറി ശിൽപ്പം ധനത്തിന്റെ ഹൈന്ദവ ദൈവമായ ലക്ഷ്മീദേവി എന്നാണ് കരുതിയത്. പക്ഷേ യക്ഷികളെ കണ്ട് ഏറെ പരിചയമുള്ള ഇന്ത്യൻ പുരാവസ്തുഗവേഷകർ തറപ്പിച്ചു പറഞ്ഞു, ഇത് ലക്ഷ്മിയല്ല, യക്ഷിയാണ്.
അഫ്ഗാനിസ്ഥാനിൽ നിന്നാണ് ഈ യക്ഷി ഇറ്റലിയിൽ എത്തിയത് എന്നാണ് ഒരു സംഘം പുരാവസ്തു ഗവേഷകർ വാദിച്ചത്. എന്നാൽ ശതവാഹന രാജാക്കൻമാരുടെ കാലത്തുള്ള ശിൽപ്പവുമായി സാമ്യമുള്ള ഇത് ഡക്കാനിൽ നിന്നുമാണ് ഇറ്റലിയിൽ എത്തിയത് എന്ന് എം കെ ധാവലിക്കറെ പോലെയുള്ള ചരിത്ര ഗവേഷകർ പറയുന്നു. കൊങ്കൺ തീരത്ത് നിന്നും കപ്പൽ കയറി ചെങ്കടൽ തീരത്ത് ഇറങ്ങുകയും പിന്നെ ഇറ്റലിയിലേക്ക് പോവുകയും ചെയ്ത വ്യാപാരികളാവും ഇന്ത്യൻ യക്ഷിയെ ഇറ്റലിയിൽ എത്തിച്ചത്. ഇന്ത്യയും റോമാക്കാരുമായി പുരാതന കാലം മുതലേ നിലനിന്നിരുന്ന വ്യാപാരബന്ധങ്ങളുടെ ഫലമാവാം ഈ യക്ഷിശിൽപ്പം ഇറ്റലിയിൽ എത്തിയതിന് പിന്നിൽ.
പക്ഷേ, ദിദർഗഞ്ചിലെ യക്ഷിക്ക് കിട്ടിയ രാജകീയ പരിഗണനയൊന്നും ഈ യക്ഷിക്ക് ഇറ്റലിയിൽ കിട്ടിയില്ല. നഗ്നമായ മാറിടത്തോടെയും വികാരപാരവശ്യത്തോടെയുള്ള ഭാവത്തോടെയും നിൽക്കുന്ന ഈ സുന്ദരശിൽപ്പത്തെ ഇറോട്ടിക് ഗണത്തിലാണ് ഇറ്റലിക്കാർ ഉൾപ്പെടുത്തിയത്.
രതിയും ശൃംഗാരവും വിഷയമായി വരുന്ന ചിത്രങ്ങളും ശിൽപ്പങ്ങളും വിഖ്യാതമായ നേപ്പിൾസ് മ്യൂസിയത്തിൽ വയ്ക്കാൻ അവർ തയ്യാറായിരുന്നില്ല. അവിടത്തെ രഹസ്യ അറയുടെ ഇരുട്ടിൽ അവൾ വീർപ്പുമുട്ടി കഴിഞ്ഞു. ഒടുവിൽ ഇറ്റലിക്കാർ തല പുകഞ്ഞ് ആലോചിച്ച് ഒരു തീരുമാനത്തിലെത്തി. ഇത്തരം ശിൽപ്പങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കാൻ ഒരു രഹസ്യ മ്യൂസിയം കൂടി നേപ്പിൾസ് മ്യൂസിയത്തോടനുബന്ധിച്ച് തുറക്കാം. അങ്ങനെ 2000ൽ മാത്രമാണ് ഈ യക്ഷി പുറംലോകം കാണുന്നത്.
അത്രത്തോളം പഴഞ്ചനാണ് ഇറ്റലിക്കാരുടെ സദാചാര ബോധം എന്ന് ചുരുക്കം. രതിയെ രഹസ്യവും കുറ്റകരവുമായ വികാരമാക്കാതെ ജീവിതം പോലെ ആഘോഷിക്കുന്ന ഖജുരാഹോ ശിൽപ്പങ്ങളുടെ നാട്ടിൽ നിന്നും കടൽ കടക്കേണ്ടി വന്ന യക്ഷിയുടെ ദുർവിധി എന്നേ പറയാവൂ.
നമ്മൾ കേട്ട യക്ഷിക്കഥകളിലെല്ലാം യക്ഷിയെ തളയ്ക്കുന്നത് തലയിൽ ആണിയടിച്ചിട്ടാണല്ലോ. കടമറ്റത്ത് കത്തനാരും കല്ലൂർ ഭട്ടതിരിപ്പാടുമെല്ലാം ഇത് ചെയ്തിരുന്നു എന്നാണ് കഥകൾ. തടിയിലും മറ്റും തീർത്ത യക്ഷിശിൽപ്പങ്ങളിലേക്ക് ബാധയെ ആവാഹിച്ച ശേഷം ശിൽപ്പങ്ങളുടെ തലയിൽ ആണി അടിച്ച് എന്നെന്നേക്കുമായി കുടിയിരുത്തുന്ന പതിവും മന്ത്രവാദികൾക്കിടയിൽ ഉണ്ടായിരുന്നത്രെ. ഈ ആണി ആരെങ്കിലും അബദ്ധത്തിൽ ഊരിയാൽ പിന്നെ യക്ഷി സ്വതന്ത്രയാവുമെന്നാണ് വിശ്വാസം. ഇത് കേരളത്തിൽ മാത്രം നിലവിലുണ്ടായിരുന്ന ആവാഹന രീതിയാവണം.
നേപ്പിൾസിലെ രഹസ്യ മ്യൂസിയത്തിലുള്ള യക്ഷി ശിൽപ്പത്തിന്റെ തലയിൽ ആണി അടിച്ച ഒരു ദ്വാരം ഉണ്ട്. അപ്പോൾ കേരളത്തിൽ നിന്ന് കൊങ്കൺ തീരം വഴി കടൽ കടന്നത് ആവുമോ ഈ യക്ഷി ശിൽപ്പം?
എങ്കിൽ ആരായിരിക്കും ആ ആണി ഊരിയത് ?