പ്രസിദ്ധ ചരിത്രകാരൻ ദാമോദർ ധർമ്മാനന്ദ് കൊസാംബിയുടെ പിതാവ് ധർമ്മാനന്ദ് കൊസാംബി ശ്രീബുദ്ധനെക്കുറിച്ചു രചിച്ച 'ഭഗവാൻ ബുദ്ധൻ' (Bhagavan Buddha, Dharmanand Kosambi) എന്ന ഗ്രന്ഥത്തിൽ ബുദ്ധൻ പ്രദാനം ചെയ്ത നാല് ആര്യസത്യങ്ങൾ അടങ്ങിയ ധർമസംഹിതയെ നിരൂപണം ചെയ്ത് അദ്ദേഹം എഴുതുന്നു:
‘‘ലോകത്തിൽ ദുഃഖമുണ്ടെന്നുള്ള വസ്തുത ആർക്കും വിസമ്മതിക്കാൻ സാധിക്കയില്ല. എന്നാൽ സ്വന്തം ദുഃഖം എങ്ങനെ ഇല്ലാതാക്കാമെന്ന് ആലോചിക്കുമ്പോൾ, മറ്റുള്ളവരെ ഉപദ്രവിച്ചും ഓരോരുത്തരും സുഖം അനുഭവിക്കാൻ ആഗ്രഹിക്കുന്നതായി കാണുന്നു. അവരിൽ ഹിംസകന്മാരും ബുദ്ധിമാന്മാരുമായിട്ടുള്ളവർ നേതാക്കന്മാരായിച്ചമയുകയും മറ്റുള്ളവരെ അവരുടെ അധീനത്തിലാക്കുകയും ചെയ്യുന്നു. ഹിംസക ബുദ്ധി കൊണ്ട് ഈ നേതാക്കന്മാർ തമ്മിൽ തമ്മിൽ യോജിച്ചിരിക്കുന്നില്ല. തന്മൂലം അവരിൽ സർവ്വോപരി ഹിംസകരും ബുദ്ധിമാനും ആയിട്ടുള്ളവനെ രാജാവാക്കി അദ്ദേഹത്തിന്റെ അധീനതയിൽ വർത്തിക്കേണ്ടിവരുന്നു. ഒരു രാജാവിനുതന്നെ തന്റെ രാജ്യം മറ്റൊരു രാജാവ് കൈവശപ്പെടുത്തുമെന്നു ഭയം തോന്നുന്നു. തന്റെ പരിരക്ഷണത്തിനായി രാജാവ് യാഗങ്ങൾ നടത്തി പല ജീവികളെയും ബലി കൊടുത്തിരുന്നു. ഇപ്രകാരം മനുഷ്യർക്കും മറ്റു ജീവികൾക്കും ഉപദ്രവകരമായ സാമൂഹിക വ്യവസ്ഥ ഇല്ലാതാക്കി അതിനുപുറമേ ഹിതകരവും സുഖകരവും ആയ ഒരു സംഘടന സ്ഥാപിക്കണമെങ്കിൽ ഓരോരുത്തരും അവരുടെയും മറ്റുള്ളവരുടെയും ദുഃഖം ഒരുപോലെയാണെന്ന് മനസ്സിലാക്കണം. അതുകൊണ്ടുതന്നെയാണ് ബുദ്ധ ഭഗവാൻ ആദ്യത്തെ ആര്യ സത്യമായി സർവസാധാരണമായ ദുഃഖത്തെ പ്രതിപാദിച്ചത്’’.
ആശയാണ് ദുഃഖത്തിന് കാരണമെന്നും ആശയും തൃഷ്ണയും അജ്ഞതയിൽ നിന്നുരുവം ചെയ്യുന്നതാണെന്നും ശ്രീബുദ്ധൻ തന്റെ ധർമ ചക്രത്തിന്റെ ആമുഖമായി, ആദ്യ സാരോപദേശത്തിൽ തന്നെ അറിയിച്ചു. തന്നിൽ നിന്ന് അന്യമായിരിക്കുന്നതിനെ അറിയാനുള്ള ആഗ്രഹത്തിൽ നിന്നാണ് മനുഷ്യജീവിയിൽ തൃഷ്ണ ജനിക്കുന്നത് എന്ന് അതിന് അർത്ഥം വരുന്നു.
ആർക്കും വാങ്ങി ചുമരിൽ തൂക്കിയിടാവുന്ന ആർട്ട് പീസുകളായി മാറുന്ന, കലാകാരരുടെ ഭാവനയുടെ ചേരുവയിൽ തീർത്ത ഈ പ്രിയാംമ്പിൾ ഫലകങ്ങൾ, അതേസമയം, ഗാലറി സ്പേസിൽ, സമകാലിക ഇന്ത്യയുടെ ഇരുട്ട് പടരുന്ന രാഷ്ട്രീയഭയത്തെ പല നിലയിൽ ദ്യോതിപ്പിക്കുന്നു.
അങ്ങനെ, അറിയാനുള്ള ഈ മോഹമാണ് കാമത്തെ ജനിപ്പിക്കുന്നതെന്നും, അറിഞ്ഞു കഴിഞ്ഞാൽ വിരതി സംഭവിക്കുന്നുവെന്നും, വിരതി വിരക്തിയായിത്തീരുമ്പോൾ മുക്തി ഭവിക്കുന്നുവെന്നും ബുദ്ധബോധത്തിന്റെ നാനാർത്ഥങ്ങളിലേക്ക് നാം പ്രവേശിക്കുന്നു.
ആത്യന്തികമായൊരു സത്യം ഇല്ലെന്നും, സത്യത്തിനും ആപേക്ഷികമായ നിലനിൽപ്പേ ഉള്ളൂവെന്നും, ശാശ്വതമായുള്ളത് ധർമം മാത്രമാണെന്നും, ബൗദ്ധതത്വജ്ഞാനിയായ നാഗാർജ്ജുനൻ സിദ്ധാന്തീകരിക്കുന്നു. ഇപ്രകാരം ഉണ്മയെ തേടിയുള്ള അദ്ധ്യാത്മികവാദികളുടെ ‘കരുണാരഹിതമായ’ അന്വേഷണത്തിന്, തന്റെ ധർമ്മോപദേശത്തിലൂടെ ബുദ്ധൻ ഒരതിർത്തി (border line) നിർണയിക്കുകയായിരുന്നുവന്നു കാണാം.
‘‘അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖമായ് വരേണം’’ എന്ന ലെവിനാസിന്റെ ചിന്ത, നാരായണഗുരുവിലൂടെ മലയാളത്തിനും ലഭിച്ചത്, ഈ ബുദ്ധ പഥത്തിലൂടെയാണെന്നു വരുന്നു. ‘ആ സത്യം നീയാണ്’ എന്ന ‘തത്ത്വമസി’, ‘അഹം ബ്രഹ്മാസ്മി’ എന്ന ‘ഞാൻ’ പ്രമാണത്തിന് ഇവിടെ മറുമരുന്ന് നിർമ്മിച്ചു.
ഇപ്രകാരം കരുണയിലൂടെയും പ്രേമത്തിലൂടെയുമാണ് ആ ധർമം പുലരേണ്ടത് എന്നും, പ്രജ്ഞയിലൂടെ കരുണ സാധ്യമാകുന്നിടത്താണ് ധർമം ജയിക്കുക എന്നും ബുദ്ധചിന്ത ഭാരതത്തെ പഠിപ്പിച്ചു. അത്തരമൊരു അതിർത്തിനിർണ്ണയം തന്നെയാണ് ആധുനിക കാലത്ത് ഭീംറാവ് റാംജി അംബേദ്കർ ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണത്തിലൂടെ സാധ്യമാക്കിയത് എന്നും കാണാം.
നീല കൊണ്ടും കറുപ്പുകൊണ്ടും ഇവിടെ സൂചകങ്ങൾ തീർക്കുന്നത് ഇന്ത്യൻ ദലിത് ജീവിതത്തിന്റെ ഉണ്മയിലേക്കും സൗന്ദര്യത്തിലേക്കുമാണെന്നത് ഈ ഇൻസ്റ്റലേഷന്റെ മറ്റൊരു അർത്ഥദ്യുതിയായും വായിക്കാം.
ഭരണഘടനാദിനമായി അറിയപ്പെടുന്ന നവംബർ 26ന്, ഫോർട്ട് കൊച്ചിയിലെ കാശി ആർട്ട് ഗാലറിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട, അന്തർദേശീയ പ്രമുഖനായ ശില്പിയും ചിത്രകാരനുമായ റിയാസ് കോമുവിന്റെ ചിത്ര- ശില്പ കലാപ്രദർശനം, ബുദ്ധന്റെ ഈ 'ധർമചക്ര'ത്തെപ്പറ്റിയുള്ള കഥ പറയുന്നതാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖമായി അറിയപ്പെടുന്ന പ്രിയാംമ്പിളിനെ ഒരു മെറ്റഫറാക്കി കൊണ്ടുള്ള പ്രദർശനത്തിന്റെ ‘ആമുഖ മോടീഫുകൾ’, നീലയിൽ നിന്ന് കറുപ്പിലേക്കും, നിറങ്ങളുടെ സൗന്ദര്യത്തിൽനിന്ന് അന്ധകാരത്തിലേക്കും നീങ്ങുന്ന ഫലകങ്ങളുടെ പരമ്പരയെയാണ് അവതരിപ്പിക്കുന്നത്. ആർക്കും വാങ്ങി ചുമരിൽ തൂക്കിയിടാവുന്ന ആർട്ട് പീസുകളായി മാറുന്ന, കലാകാരരുടെ ഭാവനയുടെ ചേരുവയിൽ തീർത്ത ഈ പ്രിയാംമ്പിൾ ഫലകങ്ങൾ, അതേസമയം, ഗാലറി സ്പേസിൽ, സമകാലിക ഇന്ത്യയുടെ ഇരുട്ട് പടരുന്ന രാഷ്ട്രീയഭയത്തെ പല നിലയിൽ ദ്യോതിപ്പിക്കുന്നു. തീർച്ചയായും നീല കൊണ്ടും കറുപ്പുകൊണ്ടും ഇവിടെ സൂചകങ്ങൾ തീർക്കുന്നത് ഇന്ത്യൻ ദലിത് ജീവിതത്തിന്റെ ഉണ്മയിലേക്കും സൗന്ദര്യത്തിലേക്കുമാണെന്നത് ഈ ഇൻസ്റ്റലേഷന്റെ മറ്റൊരു അർത്ഥദ്യുതിയായും വായിക്കാം.
ഇന്ത്യൻ ഭരണഘടനയെ കയ്യെഴുത്തായി അവതരിപ്പിക്കാൻ, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, പ്രേം ബിഹാരി നാരായൺ റായ്സാദയെ ക്ഷണിച്ചപ്പോൾ, ബൃഹത്തായ ഈ പ്രയത്നത്തിന് തനിക്ക് പ്രതിഫലമൊന്നും വേണ്ടെന്നും, എന്നാൽ ഓരോ പേജിലും ‘പ്രേം’ എന്ന തന്റെ നാമം ആലേഖനം ചെയ്യാൻ സമ്മതിക്കണമെന്നും റായ്സാദ പറയുകയുണ്ടായി. കലാകാരന്റെ നാമം ഒരു സൂചിതാർത്ഥമാക്കി ‘പ്രേമ’ത്തിൽ ചാലിച്ചെടുത്ത ഒരു ഭരണഘടനയുടെ, സമകാലിക നിലകളെക്കുറിച്ചാണ് റിയാസ് കോമു തന്റെ പ്രദർശനത്തിൽ പറയാൻ ശ്രമിക്കുന്നത്.
ഇന്ത്യൻ ദേശീയതയുടെ സങ്കല്പന രൂപീകരണങ്ങളിൽ (conceptual formations) പ്രധാനപ്പെട്ട ഒരു പങ്കുവഹിച്ച രബീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ കലാവിദ്യാഭ്യാസ കേന്ദ്രത്തിന്റെ നേരവകാശിയായ നന്ദലാൽബോസിന്റെ നേതൃത്വത്തിൽ, അഞ്ചു സ്ത്രീകളടങ്ങിയ ഒരു കൂട്ടം കലാകാരർ ചേർന്ന്, ഭരണഘടനയുടെ വിവിധ അധ്യായങ്ങളെ അലങ്കരിക്കുന്ന ചിത്രപ്പണികളും നിർവഹിക്കുകയുണ്ടായി. ഇന്ത്യൻ ദേശീയതയുടെ ഗാന്ധിയൻ സങ്കൽപങ്ങളിൽ നന്ദലാൽ നേരത്തെ ഉൾപ്പെട്ടിരുന്നത് ഇവിടെയോർക്കാം. അഖിലേന്ത്യാ കോൺഗ്രസിന്റെ ഹരിപുര സമ്മേളനത്തിൽ പോസ്റ്റർ പ്രദർശനത്തിനായി നന്ദലാലിനെ ഗാന്ധിജി ക്ഷണിച്ചതു തൊട്ടാരംഭിക്കുന്നു ഈ ബാന്ധവം.
ഇന്ത്യൻ ആധുനികതയുടെ നിർമ്മാണത്തിൽ ടാഗോറിന്റെ സാർവ്വദേശീയതയെ സംബന്ധിച്ച സങ്കൽപ്പനങ്ങളും ശാന്തികേതൻ കലയും അങ്ങനെ, അരികുകളിൽ അലങ്കാരങ്ങളായി ഭവിച്ചു. ഇതിന്റെ ഒരു തുടർഘട്ടമായിരുന്നു ഭരണഘടനയുടെ താളുകളിൽ ശാന്തിനികേതൻ കലയ്ക്കു ലഭിച്ച പ്രാതിനിധ്യം. നെഹ്റുവിയൻ രാഷ്ട്ര നിർമാണത്തിൽ, അപ്രകാരം, ഗാന്ധിജിയും ടാഗോറും ശാന്തിനികേതനും അതിന്റെ നൈതികവും കലാപരവുമായ നിർണ്ണയങ്ങളുടെ അവകാശികളായി.
അതേസമയം, ഇന്ത്യൻ കൈവേലാ പാരമ്പര്യങ്ങളെയും തെക്കനേഷ്യൻ ചിത്രകലാ പാരമ്പര്യങ്ങളെയും സ്വാംശീകരിച്ചുള്ള ശാന്തിനികേതൻ ശൈലികളും അതിന്റെ ദേശീയതയെ സംബന്ധിച്ച കാഴ്ച്ചപ്പാടുകളും, അക്കാലത്തും പിൽക്കാലത്തും പല നിലയിൽ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. മദ്രാസിലും ബോംബെയിലും കൽക്കട്ടയിലും രൂപംകൊണ്ട പ്രോഗ്രസീവ് ആർടിസ്റ്റ്സ് ഗ്രൂപ്പുകളുടെ സർവ്വദേശീയതയെ സംബന്ധിച്ച മാർക്സിയൻ ഭാഷ്യങ്ങളും, തെക്കേ ഇന്ത്യയുടെ സവിശേഷതകളിലൂന്നിയ കെ.സി.എസ് പണിക്കരുടെ ചോളമണ്ഡലം കലാനിർമ്മിതികളും, ബറോഡയിലും തിരുവനന്തപുരത്തും രൂപമെടുത്ത ഇടതുപക്ഷ ആശയങ്ങളിലൂന്നിയ റാഡിക്കൽ ഗ്രൂപ്പിന്റെ നിലപാടുകളും, അതിലുപരി പോസ്റ്റ് മോഡേൺ കാലത്തിന്റെ കലയെ അടയാളപ്പെടുത്തിയ ബറോഡാ പ്രസ്ഥാനവുമെല്ലാം, ഇന്ത്യൻ ദേശീയതയും അതിന്റെ സാർവദേശീയ നിലനിൽപ്പും സംബന്ധിച്ച ശാന്തിനികേതൻ പ്രതിനിധാനങ്ങളിൽ നിന്ന് തുലോം വ്യത്യസ്തമായ നിലപാടുകൾ മുന്നോട്ടുവെയ്ക്കുന്നതായിരുന്നു. അങ്ങനെ ഇന്ത്യ എന്ന സങ്കൽപം പലനിലയിൽ ഭാവവൈവിധ്യങ്ങൾ കൈകൊണ്ട്, കെ.ജി. സുബ്രഹ്മണ്യനിലൂടെയും ഗുലാം മുഹമ്മദ് ഷെയ്ഖിലൂടെയും റാസയിലൂടെയും സൂസയിലൂടെയും അക്ബർ പദംശ്രീയിലൂടെയും എം.എഫ്. ഹുസൈനിലൂടെയും കെ.സി.എസ്. പണിക്കരിലൂടെയും കൃഷ്ണകുമാറിലൂടെയും എൻ. എം. റിംസണിലൂടെയും സഞ്ചരിച്ചെത്തി.
ബോംബെ ജെ.ജെ ആർട്സ് സ്കൂൾ ഉൽപ്പന്നമായ റിയാസ് കോമുവാകട്ടെ അതിന്റെ സമകാല പ്രാതിനിധ്യത്തിന്റെ അവകാശവുമായി നിൽക്കുന്നു. റിയാസ് ഈ പ്രദർശനത്തിലൂടെയും, ദില്ലിയിലും മുംബൈയിലും ബാംഗ്ലൂരിലും നടത്തിയ മുൻപ്രദർശനങ്ങളിലൂടെയും പറയാൻ ശ്രമിക്കുന്ന ഇന്ത്യൻ ദേശീയതയുടെ പരിണാമങ്ങളുടെ പശ്ചാത്തലങ്ങൾ ഇതാണെന്നു കാണാം.
റിയാസ് കോമുവിൽ എത്തുമ്പോൾ മുച്ചൂടും മാറിയ ഒരിന്ത്യയെയാണ് നാം കണ്ടുമുട്ടുക. ഗാന്ധിയൻ സങ്കൽപനങ്ങളിൽ നിന്ന്, നെഹ്റുവിയൻ സാമ്പത്തിക ക്രമങ്ങളിലൂടെ രൂപം കൊണ്ട ഇന്ത്യ, അതിന്റെ ദേശീയതയെ സംബന്ധിച്ച എല്ലാ ഭൂതകാല വാചോടോപങ്ങളെയും കുടത്തിലടച്ച് കുടിയൊഴിപ്പിക്കുന്ന, സമകാല കോർപ്പറേറ്റ് ഹിന്ദുത്വ തരംഗത്തിൽപ്പെട്ട അന്തരാളങ്ങളെയാണ് റിയാസ് ആഖ്യാനം ചെയ്യുന്നത്. ഇവിടെ ഭരണഘടന ഒരു മെറ്റഫറായിത്തീരുന്നതും, ഗാന്ധിയും അംബേദ്കറും 'ബ്ലർഡ്' ആയ ഇമേജായി സങ്കലനം കൊണ്ട്, ഓയിൽ കാൻവാസിന്റെ 'സുഭഗതയിൽ' പുതിയ അർത്ഥവ്യാഖ്യാനങ്ങളിലേക്കുണരുന്നതും, ഇന്ത്യൻ കലാചരിത്രത്തിന്റെ ഡിജിറ്റൽ യുഗത്തിലെ സ്വാഭാവികമായ വളർച്ചാസൂചികകളായി അനുഭവിക്കാം. ബിർള ഹൗസിൽ ഗാന്ധിജി കൊല്ലപ്പെട്ട സമയസൂചിയെ ആവിഷ്കരിക്കുന്ന, വലത്തേ ചുമരാകെ പടർന്നുനിൽക്കുന്ന റിലീഫും ഇതിന്റെ നീട്ടിപ്പറയലുകളായി മാറുന്നു.
എന്നാൽ, പ്രദർശനമുറിയുടെ നടുവിൽ തെങ്ങും തേക്കും ഓക്കും കൊണ്ട് നിർമ്മിച്ച യന്ത്രമനുഷ്യനെ 'ഹോമോ സാസെർ' എന്നു പേരിട്ടത് നാം പരിണാമം സംഭവിച്ചെത്തിയ ഒരു സവിശേഷ ചരിത്രനിമിഷത്തിന്റെ സ്ഥല- കാലങ്ങളെ ഓർമിപ്പിക്കുന്നതാണ്. ഈ ശില്പത്തെക്കുറിച്ച് വിവരസൂചികയിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു:
‘‘മൂന്നുമാസത്തോളം കേടുപാടുകൾ വരാതെ മുങ്ങിപ്പൊങ്ങി മൂവായിരം മൈൽ വെള്ളത്തിൽ സഞ്ചരിക്കാമെന്നൊരു വിത്തുഗുണം തേങ്ങയ്ക്കുണ്ട്. അത് മുളച്ചുവളർന്നാൽ നാരായവേരില്ലാത്ത, ശിഖരങ്ങളില്ലാത്ത, തന്റേടിയായ ഒരു വൃക്ഷമാകും. ആ മരത്തിന്റെ പേരിൽ ഒരു നാട് അറിയപ്പെടുന്നു. ആരായുകിൽ വേരും കൂമ്പും തലയും തടിയും നാരാണ്. എത്രത്തോളം ഉലഞ്ഞാലും ഒടിയില്ല എന്നത് നിൽക്കുന്ന നിലത്തു നിന്നും അതേറ്റെടുക്കുന്ന പെരുമ - ഈ ശിൽപ്പത്തിന്റെ ഒന്നാം മരം തെങ്ങാണ്. ഒപ്പം തേക്കും ഓക്കും’’.
'ഹോമോ സാസെർ' പറയുന്ന കഥ ഇതിൽ നിന്നു തുടങ്ങാം. ‘ഹൃദയശൂന്യമായ റൊക്കം പണം’ എന്ന മാർക്സിന്റെ മൂലധനശാസ്ത്രം അർത്ഥം ചമയ്ക്കുന്ന കേരളീയതയുടെ സമകാലിക നില-നിൽപ്പായും അതിനെ വ്യാഖ്യാനിക്കാം. മനുഷ്യൻ എന്ന നമ്മുടെ സ്പീഷീസിന് പതുക്കെ സംഭവിക്കുന്ന ഒരു പരിണാമബിന്ദുവിനെയും ശിൽപം അടയാളപ്പെടുത്തുന്നു. അകമ്പന്റെ തത്വചിന്താഗണത്തിൽ നിന്നെടുത്ത ഒരു സങ്കൽപ്പനത്തെ പേരിടലിന് ഉപയോഗിക്കുന്നതിലൂടെ, ഈ ശിൽപ്പത്തിന് നാനാർത്ഥങ്ങൾ വന്നുചേരുന്നു. തത്വചിന്ത രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന പരിണാമദശകൾ. യുക്തി ഉപകരണവാദത്തിലേക്ക് പ്രവേശിക്കുന്ന ചരിത്രഘട്ടങ്ങൾ. മനുഷ്യരാശി ഒരു ദുരന്തമായി ഭവശാസ്ത്രം കൈക്കൊള്ളുന്നതിന്റെ സൂചനകൾ. ഒരു ഗാന്ധിയൻ മരണം. നെഹ്റുവിയൻ ഗ്രഹാതുരതയുടെ 'ചോക്ലേറ്റ് വെളിച്ചത്തിൽ' നാം മങ്ങിമയങ്ങി സ്വയം മറന്നുപോകുമ്പോൾ, സംഭവിക്കുന്ന ഒരു ദുരന്തമായി ഇന്ത്യ മാറുമോ?
റിയാസ് കോമുവിന്റെ കല ബാക്കി വെയ്ക്കുന്നത് ഇന്ത്യൻ ദേശീയതയുടെ ദുരന്തങ്ങളുടെ ഈ നിമിഷങ്ങളാണ്. അതിജീവനത്തിനായി മുഴങ്ങുന്ന നമ്മുടെത്തന്നെ നിലവിളികളാണ്.