കടലിലും കരയിലും രൂപങ്ങളുടെ ഘടനാമാറ്റം കൊടുങ്കാറ്റിന്റെ അമൂർത്ത സൃഷ്ടിയാണ്. കളിമണ്ണിന്റെ ശ്വാസത്തിൽ കാറ്റിൻ വേലിയേറ്റത്തിന്റെ ഒരു കരസ്പർശം ഉയിർകൊടുത്ത്, പരമ്പരാഗത ജ്ഞാനത്തെയും ധാരണകളെയും ശീലങ്ങളെയും കരിച്ച് കളഞ്ഞു ചൂളയിൽ അഗ്നിപ്രവേശം നടത്തിയവർ, കൊടുങ്കാറ്റ് ആകാരം പൂണ്ടവർ. ദൃഢ നിശ്ശബ്ദ മുഖങ്ങൾ.
'അനാട്ടമി ഓഫ് എ സ്‌ടോം' (The anatomy of a storm)- ഹസീന സുരേഷിന്റെ ഈ ഏകാംഗ പ്രദർശനം, കൊടുങ്കാറ്റിന്റെ, കലാപത്തിന്റെ, സംക്ഷോഭത്തിന്റെ, വിസ്ഫോടനത്തിന്റെ ശരീരശാസ്ത്ര സൂക്ഷ്മാന്വേഷണമാണ്. മാനവരാശിയുടെ തുടക്കം, സംസ്കാരങ്ങൾ, ഗോത്രങ്ങൾ ആധുനിക നഗരജീവിതങ്ങൾ, അവയുടെ ആന്തരികവും ബാഹ്യവുമായ പ്രക്ഷോഭങ്ങൾ, പല അടരുകളിൽ മനസ്സിനെയും ശരീരത്തെയും അപനിർമ്മിക്കുന്ന അവസാനമില്ലാത്ത നിർഘാതത്തിന്റെ അവിരാമ പ്രവാഹം.
യുദ്ധങ്ങളെല്ലാം ബാധിക്കുന്ന ഈ സ്ത്രീശരീരങ്ങൾ ഒരുതരത്തിൽ ശരീരങ്ങളായി മാത്രം പരിഗണിക്കപ്പെടുന്ന മനുഷ്യർ അതിന്റെ സൗന്ദര്യശാസ്ത്ര, ആദർശാത്മക, അലങ്കാരങ്ങളെയെല്ലാം കരിച്ചുകളഞ്ഞ് മുന്നിൽ നിൽക്കുന്നു. വിഹ്വലവും ശിലാദൃഢവുമായ ഈ നോട്ടങ്ങൾ ഓരോന്നും ഓരോ വിഭിന്ന രാഷ്രീയ ചോദ്യങ്ങൾ ഉന്നം വെക്കുന്നുണ്ട്. ആഫ്രിക്കയിൽ, പശ്ചിമേഷ്യയിൽ മ്യാൻമറിൽ, ശ്രീലങ്കയിൽ, ഗുജറാത്തിന്റെയും മണിപ്പൂരിന്റെയും തെരുവുകളിൽ എവിടെയും ഇവരെ പ്രതിഷ്ഠിക്കാം.

"രൂപം തന്നെ
എന്റെ ഉള്ളടക്കം
..........
നിങ്ങളുടെ ഉച്ചകോടികളും
പ്രധാനമന്ത്രിമാരുമല്ല
പാവം പെണ്ണുങ്ങളാണ്
ശൂന്യതയ്‌ക്കെതിരെ
കലാപം ചെയ്യുന്നത്’’
(‘പെൺസൂചി’, പി.എൻ. ഗോപീകൃഷ്‌ണൻ).
പെണ്ണുങ്ങൾ തന്നെയാണ് കലാപത്തിനിരയാവുന്നതും.ഈ പെൺമുഖങ്ങൾ ദൈനംദിന ജൈവീക ജീവിതത്തെ പ്രതിനിധീകരിക്കുന്ന പല ജീവിത ഖണ്ഡങ്ങളിൽ നിന്നുള്ള, ആദർശപരത തീരെയില്ലാതെ, പുരാണങ്ങളിൽ നിന്നും ഇതിഹാസങ്ങളിൽ നിന്നും കേവല ജീവിതങ്ങളിൽ നിന്നും ഇറങ്ങിവന്ന് ജീവിതത്തിന്റെ വെറും നിലത്ത് അവർ നിലയുറപ്പിക്കുന്നു. അവരിൽ രാജ്ഞിയുണ്ട്, ആഫ്രിക്കൻ ഗോത്ര നാരിയുണ്ട്, ദിനവും അതിവേഗം റോഡിലെ തിരക്ക് മുറിച്ച് കടന്ന് വീട്ടിലേക്ക് കുതിക്കുന്ന മിഡിൽ ക്ലാസ് വനിതയുണ്ട്, തെരുവിലുറങ്ങുന്ന ഭിക്ഷാടകയുണ്ട്, തന്റെ പീഢയാൽ ലോകത്തിനെ ഇളക്കിമറിച്ച ആ കൊടുങ്കാറ്റിനെ ഗർഭം ധരിച്ച മറിയമുണ്ട്. പല വിതാനങ്ങളിൽ ജീവിതത്തെ രേഖപ്പെടുത്തുന്ന, വൈയ്യക്തികവും സാമൂഹികവുമായ സമരങ്ങളിൽ പെൺ ജീവിതങ്ങൾ ഏറ്റുവാങ്ങുന്ന പ്രവാഹത്തിന്റെ തീക്കലയാണ് ഇതിൽ അടയാളപ്പെടുത്തുന്നത്.
ജീവിതത്തിന്റെ ഭൂകമ്പങ്ങൾ വിണ്ടുകീറിയ വിള്ളലുകൾ,
കണ്ണീർ നിരന്തരമോടിയ നീർച്ചാലുകൾ,
നിറം മങ്ങിയ തൊലിയുടെ നിർജ്ജലമായ പരുപരുപ്പ്. ജീവിതാനുഭവമെന്നോണം ഈ രൂപങ്ങളെയും ചൂള ദയാരഹിതമായ ഊഷ്മാവിനാൽ തിടം വെപ്പിച്ചിരിക്കുന്നു. എല്ലാ പീഡയും ഒന്നല്ല, എല്ലാ കൊടുങ്കാറ്റും ഒരുപോലെയല്ല, പരിണതിയുടെ ഏകതയിൽ മാത്രം അവ ഐക്യപ്പെടുന്നു.
ഈ ടെറാക്കോട്ടാ ശില്പങ്ങൾ ഉറപ്പിച്ചിരിക്കുന്ന പ്രതലത്തിനും ആ ശിൽപം വഹിക്കുന്ന ആശയ മൂർത്തിക്കും വലിയ ആപേക്ഷിക പ്രാധാന്യമുണ്ട്. കരിങ്കല്ലിലോ ഇഷ്ടികപ്പുറത്തോ കരിഞ്ഞ മരത്തിലോ ആണ് അവ ഉറപ്പിച്ച് നിർത്തപ്പെട്ടിട്ടുള്ളത്. ഒരു വർക്ക് ഓഫ് ആർട്ട് എന്ന നിലയിൽ അവയ്ക്ക് സ്വാഭാവികമായി കൈവരിക്കുന്ന സർഗ്ഗാത്മക സൗന്ദര്യം ഇതിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നുണ്ട്. ബോധപൂർവ്വമായ വടുക്കൾ, തൊട്ടറിയാവുന്ന വക്രീകരണങ്ങൾ, നേരിയ വിടവുകൾ എല്ലാം ഇവയുടെ അരക്ഷിതമായ ഒരു ദൃഢത പ്രതിഫലിപ്പിക്കുന്നുണ്ട്.

നരവംശത്തിന്റെ ഉല്പത്തിചക്രവാളത്തോളമെത്തുന്ന നിരാലംബമായ അവയുടെ നോട്ടം, സമാനതകളില്ലാത്ത ഒരു കാലുഷ്യം പേറുന്നുണ്ട്. ഓരോ പെൺമുഖവും കൊടുങ്കാറ്റ് ഉടലാർന്നവയാണ്. കലാപവും സ്ഫോടനങ്ങളും, അവസാനമില്ലാത്ത ആക്രമണങ്ങളും നിറച്ച് വെച്ച ചരിത്ര ഭൂമികയാണിവ. ഈ പ്രക്ഷുബ്ധ വായു നിയാണ്ടർതാളിൽ തുടങ്ങി പ്രാചീന നാഗരികതയിലൂടെ, വർത്തമാന ആസുര കാലത്തിലൂടെ നിരന്തരം സഞ്ചരിക്കുന്നു. കൊടുങ്കാറ്റുകൾ കൂടുകെട്ടിയ ഭാവിലിലേക്ക് വികാര രഹിതമായി നോക്കുന്ന ഓരോ മുഖവും ഇവിടെ ഘനീഭവിച്ചിരിക്കുന്നു. വാൻഗോഗ് പറഞ്ഞിരുന്നു കൊടുങ്കാറ്റിനുള്ളിലും ഒരു നിശ്ശബ്ദതയുണ്ട്



