മിനിമലിസം ചട്ടങ്ങളില്ലാത്ത ജീവിതം

മിനിമലിസം ഉപേക്ഷിക്കലല്ല, മറിച്ച് നിങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടത് എന്താണ്​, അതിനെ മാത്രം ഉൾക്കൊണ്ട് ജീവിക്കുന്ന ലളിത ജീവിതരീതിയാണ്. മിനിമലിസം നൽകുന്നത് സ്വാതന്ത്ര്യമാണ്. ഓരോ വ്യക്തിക്കും അവനവന് ഇഷ്ടമുള്ള രീതിയിൽ മിനിമലിസത്തെ വ്യാഖ്യാനിച്ച് എടുക്കാം

‘മിനിമലിസം, ഒരു പുതിയ സംഭവമൊന്നുമല്ല. സായിപ്പ് കണ്ടുപിടിച്ച കാര്യമായിട്ടൊന്നും അതിനെ എഴുന്നള്ളിക്കണ്ട. നമ്മുടെ അപ്പനപ്പൂപ്പന്മാരുടെ ജീവിതം തന്നെ മാതൃക ആക്കിയാൽ പോരേ?'
‘മിനിമലിസം, അതൊരു ഗിമ്മിക്ക് അല്ലേ? ജീവിക്കുന്ന കാലം സുഖിച്ച് ജീവിക്കണം.'
‘കുറച്ചുകാലം കേരളത്തിന് പുറത്തുപോയി താമസിക്കുന്നവർ ഇങ്ങനെ ചില നമ്പറുമായി വരാറുണ്ട്.'
‘ഇതിനൊക്കെ എവിടെയാണ് നേരം'
‘ഒരാൾ ഒറ്റയ്ക്ക് വിചാരിച്ചാൽ ഒന്നും നടക്കില്ല'
മിനിമലിസത്തകുറിച്ച് രണ്ടോ മൂന്നോ ഓൺലൈൻ കുറിപ്പുകൾ എഴുതിയ നേരത്ത് എനിക്ക് കിട്ടിയ പ്രതികരണങ്ങളിൽ ചിലത് ആണ് ഇവ.
എന്താണ് മിനിമലിസം? എന്തുകൊണ്ട് അത് ഒരു പടിഞ്ഞാറൻ വാക്കായി മാറി?
ബുദ്ധന്റെയും ഗാന്ധിജിയുടെയും നാട്ടിൽ കിട്ടാത്തത്ര സ്വീകാര്യത യൂറോപ്പിലും, അമേരിക്കയിലും, ജപ്പാനിലും മറ്റും മിനിമലിസത്തിന് എങ്ങനെ കിട്ടി?
ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് നല്ലതാണ്. മിനിമലിസം ഒരു ലളിത ജീവിതരീതിയാണ്. ചരിത്രവഴികൾ അന്വേഷിച്ചാൽ മിനിമലിസം ചെന്നെത്തിനിൽക്കുന്നത് ബുദ്ധനിൽ ആയിരിക്കും. ബുദ്ധനുമായി ചേർത്തുവായിക്കുന്നതുകൊണ്ട്, ഉപേക്ഷിക്കൽ ആണ് മിനിമലിസത്തിന്റെ അടിത്തറ എന്ന് തെറ്റിദ്ധരിക്കുന്ന വരും ഉണ്ട്.

നിരാകരണമല്ല

മിനിമലിസം ഉപേക്ഷിക്കലല്ല, മറിച്ച് നിങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടത് എന്താണ്​, അതിനെ മാത്രം ഉൾക്കൊണ്ട് ജീവിക്കുന്ന ലളിത ജീവിതരീതിയാണ്.
ബുദ്ധമതത്തിന്റെ അടിസ്ഥാനം തന്നെ ഒന്നിനോടും ആവശ്യത്തിൽ കൂടുതൽ മമത അഥവാ അറ്റാച്ച്‌മെന്റ് ഇല്ലാതിരിക്കുക എന്നതാണ്. ആ തത്വത്തെ എങ്ങനെ ഫലപ്രദമായി ഭൗതിക ജീവിതത്തിൽ ഉപയോഗിക്കാമെന്നതാണ് മിനിമലിസ്റ്റുകൾ പഠിപ്പിക്കുന്ന പാഠം.
കലയിലും, വാസ്തുശിൽപകലയിലും, സംഗീതത്തിലും മിനിമലിസ്റ്റിക് രീതികൾ പ്രചാരത്തിലുണ്ട്. മിനിമലിസം ഒരു ജീവിതചര്യ എന്ന നിലക്ക് ലോകം കണ്ടുതുടങ്ങിയത് എന്നുമുതൽക്കാണ്? മിനിമലിസത്തിന് ചട്ടങ്ങളോ നിയമാവലികളോ മാനിഫെസ്‌റ്റോയോ ഇല്ല. മതത്തിന് ആധിപത്യമുള്ള രാജ്യങ്ങളിൽ പക്ഷേ ഇത്തരം രീതികൾ പ്രചരിപ്പിക്കാൻ തക്ക സംവിധാനം ഇല്ല എന്നുവേണം പറയാൻ. മിനിമലിസം നൽകുന്നത് സ്വാതന്ത്ര്യമാണ്. ഓരോ വ്യക്തിക്കും അവനവന് ഇഷ്ടമുള്ള രീതിയിൽ മിനിമലിസത്തെ വ്യാഖ്യാനിച്ച് എടുക്കാം.

സന്തോഷത്തിന്റെ നീളം

തൊണ്ണൂറുകളുടെ തുടക്കത്തിലാണ് അമേരിക്കയിലെ ഒരുകൂട്ടം ആളുകൾ മിനിമലിസത്തിന്റെ വഴിയിലൂടെ നടന്നുതുടങ്ങിയത്. ജാനറ്റ് ലൂ ഹോഴ്‌സ് എന്ന സ്ത്രീ എഴുതിയ ‘സിംപ്ലിസിറ്റി' എന്ന പുസ്തകത്തിന് വൻ സ്വീകാര്യതയാണ് അമേരിക്കയിൽ ലഭിച്ചത്. ആവശ്യത്തിനും അനാവശ്യത്തിനും സാധനങ്ങൾ വാങ്ങിച്ചുകൂട്ടി , ഓടിയും പാഞ്ഞും കിതച്ചും ഒടുവിൽ ഒന്നുമാകാതെ, മടക്കയാത്ര പോകേണ്ടിവരുന്ന ഒരു ശരാശരി അമേരിക്കക്കാരനെ സംബന്ധിച്ച് മിനിമലിസം, അയാളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ അത്ഭുതങ്ങൾക്കുമ പ്പുറമായിരുന്നു.
മിനിമലിസം ഒരു തിരിച്ചറിവാണ്, അത് ഒരു നാടയിൽ ബന്ധിക്കുകയാണെങ്കിൽ, അവിടെ നിങ്ങളുടെ സമയം, ഊർജ്ജം എന്നിവയെ കൂടാതെ ഭൗതികമായ വാരിക്കൂട്ടലുകളുമുണ്ടാകും. മിനിമലിസം ഒരാൾക്ക് എന്താണ് തിരിച്ചുനൽകുന്നത്? ആരോഗ്യമുള്ള ശരീരവും സന്തോഷമുള്ള മനസ്സും. ചോദ്യവും ഉത്തരവും വളരെ സിമ്പിൾ ആയി തോന്നിയേക്കാം. എന്നാൽ ഒരു ക്യാപിറ്റലിസ്റ്റിക് വേൾഡിൽ ഈ ചോദ്യത്തിനും ഉത്തരത്തിനെുമൊക്കെ പ്രസക്തിയുണ്ടോ? ആർക്കറിയാം?

Donald Judd "Untitled", concrete sculpture, 1991, Israel Museum, Jerusalem

വലിയ വീട്, ഒന്നിലധികം കാറുകൾ, കനത്ത ബാങ്ക് ബാലൻസ്, ആഭരണങ്ങളുടെ ശേഖരം, വിലകൂടിയ ഡിസൈനർ വസ്ത്രങ്ങൾ, ഉന്നതർക്ക് മാത്രം പ്രവേശനം ഉണ്ടെന്ന് കരുതുന്ന ക്ലബ്ബിലെ മെമ്പർഷിപ്പ്. നമ്മുടെ സമൂഹത്തിൽ വിജയിക്ക് കൽപ്പിച്ച് നൽകിയ അളവുകോലുകളിൽ ചിലതാണിവ. ഇവയെല്ലാം സന്തോഷം തരുന്ന കാര്യങ്ങൾ ആണെന്ന് മിനിമലിസ്റ്റിക്കുകളും സമ്മതിക്കുന്നു. എന്നാൽ, ഇത്തരം സന്തോഷത്തിന്റെ നീളം; അതാണ് അന്വേഷിച്ച് ഉത്തരം കാണേണ്ട ഒന്ന്.
നിർഭാഗ്യവശാൽ സന്തോഷമുള്ള മനസ്സിനോ ആരോഗ്യമുള്ള ശരീരത്തിനോ ഉള്ള അന്വേഷണങ്ങൾ പലപ്പോഴും മധ്യവയസ്സു കഴിഞ്ഞിട്ടായിരിക്കും നമ്മൾ തുടങ്ങുക. കുഞ്ഞുങ്ങളെ ഒന്നാമതാകാൻ മാത്രം പഠിപ്പിക്കുന്നു നമ്മുടെ സ്‌കൂളുകളിൽ, എന്നാൽ സന്തോഷത്തോടെ ജീവിക്കുന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് ഒരു പാഠാവലിയിലും എഴുതിവെച്ചിട്ടുമില്ല.

പ്രായോഗികമായ ഒരു ജീവിതരീതി

ജപ്പാനിലും മറ്റുമുള്ള സ്റ്റീരിയോടൈപ്പ് മിനിമലിസ്റ്റിക് ആകുക എന്നത് എളുപ്പമുള്ളേതോ അനുകരണീയമോ ആയ കാര്യമല്ല. പെട്ടെന്ന് നോക്കുമ്പോൾ ഇവർ ജീവിതത്തെ നിരാകരിക്കുന്നവരാണെന്ന് തോന്നാം. ആഘോഷങ്ങളിലും ഒത്തുചേരലിലും ഒരുപാടൊരുപാട് സന്തോഷം കണ്ടെത്തുന്നവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ടുതന്നെ നിരാകരണം എന്ന വാക്ക് നമ്മുടെ നിഘണ്ടുവിൽ ഇല്ല. മിനിമലിസം ഒന്നിനെയും വേണ്ടെന്നുവയ്ക്കാൻ നിങ്ങളോട് പറയുന്നില്ല. മറിച്ച് പ്രകൃതിയെ ദ്രോഹിക്കാത്ത, അവനവന്റെ മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന, പണവും സമയവും നഷ്ടപ്പെടുത്താത്ത ഏറ്റവും എളുപ്പത്തിലുള്ള, പ്രായോഗികമായ ഒരു ജീവിതരീതിയാണ് മിനിമലിസം നിങ്ങൾക്കു മുമ്പിൽ വെച്ചുനീട്ടുന്നത്.

ഒരു ജീവിതരീതി എന്ന നിലയിൽ മിനിമലിസത്തെ സ്വീകരിക്കാൻ തയ്യാറെടുക്കുന്ന ആളുകൾ, ചില മാറ്റങ്ങൾക്ക് കൂടി തയ്യാറെടുക്കണം. ആവശ്യത്തിനും അനാവശ്യത്തിനും സാധനങ്ങൾ വാങ്ങിക്കൂട്ടി നിറയ്ക്കുന്ന ഒരു ഇടമായി മാറിയിരിക്കുകയാണ് പലർക്കും വീട്. നമ്മൾ മലയാളികൾക്ക് വീട് എന്നത് ഒരു സ്റ്റാറ്റസ് സിംബൽ ആയി മാറിയത് എന്ന് മുതൽക്കാണ്? 10 സെന്റ് ഭൂമിയിൽ എട്ട്​ സെന്റിലും വീടുണ്ടാക്കി ബാക്കി രണ്ടു സെന്റ് കോൺക്രീറ്റ് ചെയ്ത് വെടിപ്പാക്കുന്ന നമ്മുടെ രീതിയെ പ്രകൃതി ഇടംകാലുകൊണ്ട് ചവിട്ടിത്തുടങ്ങി. ഒരോ പ്രളയകാലത്തും എന്തെല്ലാം ഓർമ്മപ്പെടുത്തലുകളാണ് ഭൂമിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. രണ്ട് സ്വീകരണമുറികളും രണ്ട് അടുക്കളകളും ഉള്ള വീടാണ് ഇടത്തരക്കാരും, താണ ഇടത്തരക്കാരും വരെ ഉണ്ടാക്കുന്നത്. വൻതുക ബാങ്ക് വായ്പ എടുത്തോ അല്ലാതെയോ ഉണ്ടാക്കുന്ന ഇത്തരം കെട്ടിടങ്ങൾക്കകത്ത് വാങ്ങി നിറയ്ക്കുന്ന സാധനങ്ങളിൽ എത്രയെണ്ണം നിങ്ങൾക്ക് സന്തോഷം തരുന്നുണ്ടെന്ന് കണ്ടെത്തുക?. അതാണ് മിനിമലിസത്തിലേക്കുള്ള ആദ്യപടി. രണ്ടാമത്തെ പടി, ഡി ക്ലട്ടറിംഗാണ്. ഇതിന് ഓരോരുത്തർക്കും അവരുടെതായ വഴികളുണ്ട്.

മാരി കോന്റോയുടെ ഡി ക്ലട്ടറിംഗ് ടെക്‌നിക്‌സ്

മാരി കോന്റോ എന്ന ജപ്പാൻകാരിയുടെ ഡി ക്ലട്ടറിംഗ് ടെക്‌നിക്‌സ് ഏതാണ്ട് ലോകം മുഴുവൻ ഏറ്റെടുത്ത മട്ടാണ്. അവർ ഒരു പ്രഖ്യാപിത മിനിമലിസ്റ്റല്ലെങ്കിൽ പോലും. വൃത്തിയാക്കൽ ഒരു ബാഹ്യമായ ഏർപ്പാടായി മാത്രം കരുതരുതെന്ന് മാരി. നമുക്ക് സന്തോഷം തരാത്ത ഒന്നും വീട്ടിൽ സൂക്ഷിക്കരുതെന്ന് അവർ.

മാരി കോന്റോ

ഉദാഹരണത്തിന് റിപ്പയർ ചെയ്ത് ഉപയോഗിക്കാൻ പറ്റാത്തതായ വസ്തുക്കൾ, ധരിക്കാൻ ബുദ്ധിമുട്ടുള്ളതും ഔട്ട് ഓഫ് ഫാഷനുമായ വസ്ത്രങ്ങൾ, ഒരു വർഷമായി നിങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കൾ, അങ്ങിനെ തുടങ്ങി ആർട്ട് ഓഫ് ഡിസ്‌കാർഡിoഗിനെ കുറിച്ച് മാരി വിശദമായി പറയുന്നു. ദിവസം ഒന്ന് എന്ന കണക്കിൽ വേണ്ടാത്ത ഒരു വസ്തു ഉപേക്ഷിച്ചാൽ ഒരു കൊല്ലം കൊണ്ട് 365 വസ്തുക്കൾ ഉപേക്ഷിക്കാവുന്ന തേയുള്ളു. പ്രത്യക്ഷത്തിൽ വൃത്തിയാക്കൽ എന്നത് ഒരു ശാരീരിക പ്രവൃത്തി മാത്രമാണെങ്കിലും, അത് പൂർണമനസ്സാലേ ചെയ്യേണ്ട കർമ്മം ആണെന്നും, അതുവഴി ഉണ്ടാകുന്ന മാറ്റങ്ങൾ ചില്ലറയല്ല എന്നും മാരി കോന്റോ തന്റെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തി. ഒരിക്കലും ഉപയോഗിക്കാത്ത വസ്ത്രങ്ങൾ, വായിക്കാത്ത പുസ്തകങ്ങൾ എന്നിവ തീർച്ചയായും ഒഴിവാക്കേണ്ടതാണ് എന്ന് മാരി.
ഉപയോഗശൂന്യമായതും, കാലഹരണപ്പെട്ടതും ആയ വസ്തുക്കൾ ഉപേക്ഷിക്കുന്ന അത്ര എളുപ്പമല്ല, സന്തോഷം തരാത്ത വസ്തുക്കൾ തിരഞ്ഞെടുത്ത കളയുന്നത്. തന്റെ സ്വന്തം അനുഭവം മാരി പറയുന്നത് നോക്കുക; ‘സന്തോഷം തരാത്ത വസ്തുക്കൾ ഉപേക്ഷിക്കാൻ തുടങ്ങിയ കാലത്ത് ഏറ്റവും ചുരുങ്ങിയത്​, സാധനങ്ങൾ അടങ്ങിയ 15 ബാഗുകൾ ഓരോ മാസവും എന്റെ വീടിന്റെ പുറത്തേക്ക് പോയി തുടങ്ങി. ഒരേ കാറ്റഗറിയിൽ പെട്ട സാധനങ്ങൾ തെരഞ്ഞെടുത്ത് ഒരുമിച്ച് ഒഴിവാക്കുന്ന രീതിയാണ് മാരിയുടേത്.
ഉദാഹരണമായി, ഇലക്ട്രോണിക് സാധനങ്ങൾ, ഗൃഹോപകരണങ്ങൾ പാത്രങ്ങൾ മുതലായവ. വൈകാരികമായി ബന്ധമുള്ള വസ്തുക്കൾ ഏറ്റവും അവസാനം ഒഴിവാക്കുന്നതാണ് നല്ലത്. അത്തരത്തിലുള്ള വസ്തുക്കളിൽ പലതും നമ്മുടെ ഭൂതകാലവുമായി വല്ലാതെ ബന്ധപ്പെട്ട് കിടക്കുന്നു. അവ നല്ലതും ചീത്തയുമായ ഓർമകളെ നമ്മുടെ വർത്തമാനകാല ജീവിതത്തിലേക്ക് കൊണ്ടുവരുന്നു.
ഇത്തരം വസ്തുക്കളിലൂടെ പലതവണ മനസ്സും കണ്ണും വായിച്ചശേഷം ആവശ്യമുള്ളത് മാത്രം മാറ്റിവയ്ക്കുക.
കൺസ്യൂമർ ജീവിയായ ഒരു ശരാശരി മനുഷ്യൻ തന്റെ ആവശ്യങ്ങളേക്കാൾ മുൻതൂക്കം കൊടുക്കുന്നത് മറ്റുള്ളവരുടെ നോട്ടത്തിനാണ്. വലിയ വീട്, ആധുനികമുഖമുള്ള കാർ തുടങ്ങിയവ സമൂഹത്തിൽ തനിക്ക് മെച്ചപ്പെട്ട സ്ഥാനം നൽകും എന്നൊരു തെറ്റായ വിശ്വാസം ലോകത്തിലെ വലിയൊരു ശതമാനം ആളുകൾക്കുമുണ്ട്. മലയാളികൾക്കാകട്ടെ ഈ തോന്നൽ മറ്റു ജനസമൂഹങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. നമ്മൾ ജീവിത വിജയം അളക്കുന്നത് പലപ്പോഴും ഒരാൾ ഭൗതികമായി നേടിയതിനെ കൂടി അടിസ്ഥാനപ്പെടുത്തിയാണല്ലോ?

Comments