‘വില’ കൂടിയ ചിത്രവും ചിത്രകാരരും; കെട്ടുകാഴ്ചകൾക്കുള്ളിലാണ് കാഴ്ച

ചിത്രകാരനും കലാസംവിധായകനും സിനിമാ സംവിധായകനുമായ റാസി മുഹമ്മദിന്റെ ചിത്രപ്രദർശനം (I THINK, THEREFORE I AM CONFUSED ) കഴിഞ്ഞദിവസം മട്ടാഞ്ചേരി ബേർത്ത് ആർട്ട് ഗ്യാലറിയിൽ സമാപിച്ചു. ഈ ചിത്രപ്രദർശനത്തെക്കുറിച്ചും ചിത്രകലയിലെ ഭാവുകത്വ പരിണാമങ്ങളെക്കുറിച്ചും റാസിയുമായും കവിയും ക്യുറേറ്ററുമായ ഷിഹാബുമായും ലെസ്‍ലി സംസാരിക്കുന്നു.

തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിൽ നിന്നും ബറോഡയിലെ എം.എസ് സർവ്വകലാശാലയിൽ നിന്നും പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദങ്ങൾ നേടിയ റാസി മുഹമ്മദിന്റെ ചിത്രപ്രദർശനം മട്ടാഞ്ചേരി ബേർത്ത് ആർട്ട് ഗ്യാലറിയിൽ സമാപിച്ചു. 45- ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. റാസിയുടെ സുഹൃത്തും കവിയും ക്യുറേറ്ററുമായ ഷിഹാബിന്റെ കൂടി പ്രയത്‌നഫലമായാണ് ‘ഐ തിങ്ക് ദേർഫോർ ഐ ആം കൺഫ്യൂസ്ഡ്’(I THINK, THEREFORE I AM CONFUSED) എന്ന ചിത്രപ്രദർശനം സാക്ഷാത്കരിക്കപ്പെട്ടത്.

20 വർഷങ്ങൾ നിങ്ങളെവിടെയായിരുന്നു റാസീ, ചോദിക്കുന്നത് റാസിയുടെ ചിത്രപ്രദർശനങ്ങൾക്ക് ചുക്കാൻ പിടിച്ച, ഈ പ്രദർശനത്തിന്റെ ക്യുറേറ്റർ കൂടിയായ ഷിഹാബാണ്. റാസി അർത്ഥഗർഭമായി അയാളെ നോക്കി ചിരിച്ചു. ആ ചിരിക്കുള്ളിലിരുന്ന് റാസി, ഇരുപതുവർഷം മുൻപ് നടത്തിയ ചിത്രപ്രദർശനത്തിൽ നിന്ന് യാത്ര ചെയ്യാൻ തുടങ്ങി.

ലെസ്‍ലി: 20 വർഷം മുമ്പ് എന്തായിരുന്നു മട്ടാഞ്ചേരിയിൽ റാസി ചെയ്തത്?

ഷിഹാബ്: അതിനുത്തരം ഞാൻ പറയാം, ഫോർട്ട് കൊച്ചിയിൽ ഞാൻ ആരംഭിച്ച ഒരു ആർട്ട് ഗ്യാലറിയുണ്ടായിരുന്നു. സമകാലിക കലകൾക്കുവേണ്ടി ആരംഭിച്ച കേരളത്തിലെ ആദ്യ ഗ്യാലറിയെന്ന് ഞാൻ വിശ്വസിക്കുന്നത് ദ്രവീഡിയ ആർട്ട് ആൻ പെർഫോർമൻസ് ഗ്യാലറിയാണ്. അവിടെ തന്റെ ഡിജിറ്റൽ ചിത്രങ്ങളുമായി റാസി വന്നു. വളരെയധികം വിമർശനം നേരിടേണ്ടിവന്നു, ചിത്രകാരനും ക്യുറേറ്ററായ എനിക്കും.

റാസി മുഹമ്മദ്: എന്റെ ആദ്യ പ്രദർശന പരീക്ഷണമായിരുന്നു അത്. നിലവിലുള്ള ചിത്രങ്ങളുപയോഗിച്ച് അവയിൽ നിന്ന് പുതുതായി നിർമിക്കപ്പെട്ട പുതുകാഴ്ചകളായിരുന്നു എന്റെ ചിത്രങ്ങൾ. ചിത്രത്തേക്കാൾ കാഴ്ചയുടെ സാധ്യതകൾ പരീക്ഷിക്കുകയായിരുന്നു. പുതിയ ചിത്രങ്ങളില്ലാതെയും പുതിയ കാഴ്ചകൾ സൃഷ്ടിക്കാൻ കഴിയുമെന്നായിരുന്നു ഞാൻ പറയാൻശ്രമിച്ചത്. അതിന് നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നുവെന്ന വ്യത്യാസം മാത്രം.

റാസിയും ഷിഹാബും
റാസിയും ഷിഹാബും

നൂതന സാങ്കേതികവിദ്യ അല്ലെങ്കിൽ AI പ്രബലമായ ഈ കാലത്തും ഇവയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടിവരുന്നുണ്ടോ?

ഷിഹാബ്: മട്ടാഞ്ചേരിയിൽ സമാപിച്ച ‘ഐ തിങ്ക് ദേർഫോർ ഐ ആം കൺഫ്യൂസ്ഡ്’ എന്ന ചിത്രപ്രദർശനത്തിന് കൂടരുത് എന്നുപറഞ്ഞ് സുഹൃത്തുക്കൾ ഉപദേശിച്ചിരുന്നു. പക്ഷേ, ഇത് നേരിട്ടുകണ്ട ചിത്രകാരരാരും അതു പറയില്ല. കാരണം, കാൻവാസിലേക്ക് പകർത്തപ്പെടുമ്പോൾ മാത്രമാണ് ഇത് വെറും ഫോട്ടോഷോപ്പല്ല എന്ന് മനസ്സിലാകുകയുള്ളൂ. കരിയും മഷിയും കൊണ്ട് ചിത്രങ്ങൾ വരച്ചിരുന്ന കാലത്തും കൃത്രിമ നിറങ്ങളുപയോഗിച്ചുള്ള ചിത്രരചനയോട് വിമർശനങ്ങളുയർന്നിരുന്നു. പിന്നീടത് അക്രിലിക് നിങ്ങൾക്കെതിരെയായി. അത്ര നിസ്സാരമായി മാത്രമേ ഈ എതിർപ്പുകളേയും ഞാൻ കരുതുന്നുള്ളൂ. പുതിയ മാധ്യമങ്ങളെ അംഗീകരിക്കാൻ സമയമെടുക്കും.

റാസി: കൈവഴക്കമൊത്ത ഒരാളെയാണോ ചിത്രകാരനെന്ന് കരുതേണ്ടത് എന്നൊരു സംശയമുണ്ട്. ചിന്തകളില്ലാതെ ചിത്രകാരരുണ്ടാകുന്നുണ്ടോ? ഉണ്ടെങ്കിൽ അവയുടെ പ്രേക്ഷകർ ആരാണ്? ചിന്തകളുണ്ടാവുകയും വരയ്ക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നവരും ചിത്രകാരരാകുന്നില്ല. ഉപയോഗിക്കുന്ന മാധ്യമമാണോ ചിത്രകാരരെ നിശ്ചയിക്കുന്നത്? നിറവും നിറഭേദങ്ങളും അളവും ഒത്തുതന്നെയാണ് അബ്‌സ്ട്രാക്ടുകൾ പോലും സൃഷ്ടിക്കപ്പെടുന്നത്.

From the exhibition, I THINK, THEREFORE I AM CONFUSED
From the exhibition, I THINK, THEREFORE I AM CONFUSED

അങ്ങനെയാണെങ്കിൽ ഈ ചിത്രപ്രദർശനം ചിത്രകാരർക്കുവേണ്ടിയോ അതോ പ്രേഷകർക്കു വേണ്ടിയോ?

റാസി: ഡിജിറ്റൽ കാലഘട്ടത്തിലാണ് നമ്മൾ നിൽക്കുന്നത്. മറ്റെല്ലാ മേഖലകളിലും ഡിജിറ്റലൈസേഷന്റെ ധാരാളിത്തം വന്നു തുടങ്ങി. 20 കൊല്ലം മുൻപ് ചെയ്ത ചിത്രപ്രദർശനത്തിന്റെ തുടർച്ചയാണ് ഞാനിവിടെ ചെയ്യുന്നത്. തീർച്ചയായും ചിത്രപ്രദർശനങ്ങൾക്ക് വരുന്ന പ്രേക്ഷകരുണ്ട്. കാൻവാസിലെ കാഴ്ചകളുടെ പ്രത്യേകതകൾ മനസ്സിലാക്കിയവർ. അവരെ കൂടി മനസ്സിൽ കണ്ടാണ് എന്റെ രണ്ടാം വരവ് ഞാൻ പദ്ധതിയിട്ടത്.

മറ്റെല്ലാ മാധ്യമങ്ങളിലും നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നയാളാണ് താങ്കൾ. മറ്റു പലരും പുതുതലമുറയ്ക്ക് വഴങ്ങുന്നത് എന്നാരോപിക്കുന്ന ടെക്‌നോളജി ആദ്യമേ കൈയ്യൊതുക്കത്തിൽ കൊണ്ടുവന്നയാളാണ്. മിനിയേച്ചർ, ആനിമേഷൻ, സ്‌പെഷ്യൽ ഇഫക്ട്‌സ്, സിനിമ സംവിധാനം തുടങ്ങി പലതിലും മികവ് തെളിയിച്ചയാളാണ്. എന്താണ് ഒരു ചിത്രപ്രദർശനത്തിന്റെ പ്രസക്തി?

റാസി: ചിത്രങ്ങളുടെ ധാരാളിത്തസമൃദ്ധിയാണ് ചുറ്റും. ഒരു മനോഹരദൃശ്യം മനസ്സിൽ പതിപ്പിക്കുന്നതിനുമുന്നേ തന്റെ മൊബൈലിൽ തീപ്പെട്ടിപ്പടങ്ങളായി ശേഖരിക്കാനുള്ള ധൃതിയാണ്. പിന്നീട് ഒരു സ്വൈപ്പ് ചെയ്യുന്ന വേഗത്തിനുള്ളിലായി ആ കാഴ്ചകളുടെ ആയുസ്സ്. കെട്ടുകാഴ്ചകൾക്കുള്ളിലായ കാഴ്ചകളാണ് കൂടുതലും. പക്ഷേ ഗാലറിയിലെ കാഴ്ച ഒരു നിമിഷത്തിലധികം പ്രേഷകരെ പിടിച്ചുനിർത്തും. കാണുകയേ തരമുള്ളൂ. അതാണെന്റെ ഉദ്ദേശ്യം.

റാസി ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നു
റാസി ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നു

ഏതാണ്ട് മുപ്പതുവർഷമായി താങ്കൾ ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്നു. ഗൂഗിളിൽ പോലും ഡിജിറ്റൽ കലാചരിത്രത്തെക്കുറിച്ച് നോക്കിയാൽ അമ്പതു വർഷത്തെ ചരിത്രം മാത്രമാണുള്ളത്. താങ്കളെങ്ങനെ ഈ മേഖലയിലേക്ക് ആകർഷിക്കപ്പെട്ടു? സമകാലികരിൽനിന്ന് എങ്ങനെ മാറി ചിന്തിച്ചു?

റാസി: അന്നും എന്റെ ലക്ഷ്യം മനസ്സിൽ രൂപപ്പെടുന്ന ചിത്രങ്ങൾ എങ്ങനെ പകർത്താം എന്നായിരുന്നു. ഒരു പ്രത്യേക മാധ്യമത്തിലൂടെ തന്നെ വേണം എന്ന് നിർബന്ധമുണ്ടായിരുന്നില്ല. വലിയ സാധ്യതകൾ തോന്നിയത് ഡിജിറ്റലിലാണ്. പെയിന്റും ബ്രഷുമെടുത്ത് മനസ്സിലുള്ളത് കാൻവാസിലേക്ക് പകർത്താൻ മാസങ്ങളെടുക്കുമ്പോൾ എനിക്കത് മൂന്നു ദിവസം കൊണ്ട് സാധ്യമാകുന്നുവെന്നത് എന്നെ ആകർഷിച്ചു. ബാക്കി ദിവസങ്ങൾ യാത്ര ചെയ്തും വായിച്ചും ചെലവഴിച്ചുകൂടേ എന്നും ചിന്തിച്ചു.

ഷിഹാബ്: ചിന്തിക്കുന്നവർക്ക് അത് വലിയ സാധ്യതയാണ്. ഔട്ട് പുട്ടിനുള്ള സാധ്യതകൾ കൂടുകയാണ്. ഇൻടേക്കുള്ള കലാകാരർക്ക് അത് ഉപകാരപ്രദമാകും. മറ്റുള്ളവർ സ്‌കില്ലും ടെക്‌നിക്കും വച്ച് അതിനുള്ളിൽ സമയം ചെലവഴിക്കുമ്പോൾ ഇയാളിവിടെ പുതിയ സാധ്യതകളും ചിന്തകളുമായി അടുത്ത കാഴ്ചകളൊരുക്കുകയാണ്.

ഡിജിറ്റൽ പെയിന്റിങ്ങുകളോടുള്ള വിമുഖതയെ എങ്ങനെ കാണുന്നു?

റാസി: അമ്മിയിലരയ്ക്കുന്ന ചമ്മന്തിക്കേ രുചിയുള്ളൂ എന്നു പറയുന്ന മാടമ്പി സമീപനം പോലെ തന്നെയേ ഇത്തരം വിമർശനങ്ങളോടും ഉള്ളൂ. മനുഷ്യൻ ടെക്‌നോളജിയേയും ടെക്‌നോളജിയിലൂടെ യന്ത്രങ്ങളേയും സൃഷ്ടിച്ചിരുന്ന കാലത്തുനിന്ന് ടെക്‌നോളജിയും അതിന്റെ ഉപോൽപന്നങ്ങളും ചേർന്ന് മനുഷ്യനെ നിയന്ത്രിക്കുന്ന നിർബന്ധിത ബുദ്ധിയുടെ കാലത്തേക്ക് കടന്നിരിക്കുന്നു. മാറ്റം അംഗീകരിക്കാതെയിരുന്നു എന്നു കരുതി മാറ്റം സംഭവിക്കാതിരിക്കുന്നില്ലല്ലോ.

ഡിജിറ്റൽ പെയിന്റിങ്ങിന്റെ സാധ്യതകളും ന്യൂനതകളും എന്തൊക്കെയാണ്?

റാസി: ഏതു വലുപ്പത്തിലുമുള്ള കാൻവാസിലേക്ക് പകർത്താനാകുമെന്നത് ഒരു സാധ്യതയാണ്. പിന്നെ സമയലാഭം. ചെലവു കുറവ് എല്ലാം ഡിജിറ്റൽ ചിത്രങ്ങളുടെ മെച്ചങ്ങളാണ്.

ചിത്രകാരരുടെ സിഗ്നേച്ചർ എന്നൊരു അടയാളപ്പെടുത്തൽ ഇവിടെ നടക്കുന്നില്ല. നേരിട്ടുള്ള ചിത്രംവരകളിൽ അതാരുടെയെന്ന് തിരിച്ചറിയാൻ പറ്റുന്ന സ്‌ട്രോക്കുകൾ കാണും. (എനിക്ക് അതൊരു പരിമിതിയായാണ് തോന്നാറ്). ഇവിടെ പക്ഷേ അത് അസാധ്യമാണ്. ചിത്രങ്ങൾക്കുള്ളിലെ കാഴ്ചകളിലുള്ള സവിശേഷത മാത്രമാണ് മറ്റുള്ളവരുമായുള്ള വ്യത്യാസമായി വരുന്നത്. അതിൽ നിരാശ തോന്നിയിട്ടുണ്ടോ?

റാസി: ഒരിക്കലുമില്ല. ഒരു ചിത്രം വരച്ചുകഴിഞ്ഞാൽ അതിലേക്കു നയിച്ച ചിന്തകൾ മാത്രം ബാക്കിയാവുകയും ചിത്രം വിസ്മരിച്ചു കളയുകയുമാണ് എന്റെ പതിവ്. അതാണിഷ്ടവും. അതുകൊണ്ടുതന്നെ എന്റെ ചിത്രങ്ങളേക്കാൾ എന്റെ ആശയങ്ങളാണ് ഞാൻ ഓർത്തു വയ്ക്കുന്നത്. കാഴ്ചക്കാരിലും ചിത്രകാരരേക്കാൾ, ചിത്രമുൾക്കൊള്ളുന്ന ആശയം വിസ്മരിക്കപ്പെടാതെ നിലനിൽക്കണമെന്നാണ് ആഗ്രഹം.

ഈ ചിത്രപ്രദർശനത്തിലൂടെ റാസി മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമെന്താണ്?

റാസി: ബഷീറിന്റെ സാഹിത്യരചനകളോടൊപ്പം അദ്ദേഹം മുന്നോട്ടുവച്ച ഒരു രാഷ്ട്രീയമുണ്ട്. ബാല്യകാലസഖി എന്ന പുസ്തകം എഴുതിക്കഴിഞ്ഞപ്പോൾ വളരെ പേജുകൾ കൂടുതലുള്ള പുസ്തകമായിരുന്നു. തന്റെ നാട്ടുകാർക്കത് വായിക്കാൻ കഴിയില്ലെന്നതുകൊണ്ട് രണ്ടണയ്ക്കു വിൽക്കാൻ പറ്റുന്ന പുസ്തകമായി അതിനെ ചുരുക്കിയെഴുതുകയായിരുന്നു. ഒരു നല്ല ചിത്രം വാങ്ങാനാഗ്രഹിക്കുന്ന കലാസ്വാദകർക്ക് അത് കുറഞ്ഞ ചെലവിൽ സ്വന്തമാക്കാൻ കഴിയണം എന്നാണ് ഈ ചിത്രപ്രദർശനം ബഷീറിന് സമർപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞത്.

ഷിഹാബ്: അതൊരു വൈരുദ്ധ്യമാണ്. കാരണം കലയുടെ മൂല്യം ദിനംപ്രതി കൂട്ടിക്കൊണ്ടുവരാനാണ് കേരളത്തിലെ ചിത്രകാരർ ശ്രമിക്കുന്നത്. അമ്പതു ലക്ഷത്തിനു മുകളിൽ വിലയുള്ള ചിത്രകാരരാണ് ഇന്ന് മികച്ച ചിത്രകാരരായി ആഘോഷിക്കപ്പെടുന്നത്.

സിനിമാ സംവിധാനം, കലാസംവിധാനം, തിരക്കഥയെഴുത്ത്, ഡിസൈൻ, ആനിമേഷൻ, ഡിജിറ്റൽ പെയിന്റിങ്ങ് ഇവയിൽ ഏതു മാധ്യമമാണ് കൂടുതൽ ഹരം പിടിപ്പിക്കുന്നത്?

റാസി: ഇവയിലെല്ലാം ഞാൻ ചെയ്യുന്നത് ഇമേജ് മേക്കിങ് ആണ്. അതുകൊണ്ടുതന്നെ ഇവയെല്ലാം എനിക്ക് ഒരുപോലെയാണ്. തിരക്കഥയാണെങ്കിൽ പോലും സിനിമയിലെ ചിത്രീകരണത്തിലേക്ക് ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഇമേജുകളുടെ വ്യാഖ്യാനമാണല്ലോ നടത്തുന്നത്.

Technology is Art എന്നു പറയാൻ പറ്റുമോ?

റാസി: ഒരിക്കലുമില്ല. ടെകനോളജി ടൂൾ മാത്രമാണ്. പെയിന്റ് അല്ലല്ലോ കല, അതുകൊണ്ടു വരയ്ക്കുന്ന ചിത്രത്തെയല്ലേ കലയെന്നു പറയുന്നത്.

അപ്പോഴും ഇരുപതു വർഷം എവിടെയായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ലല്ലോ?

റാസി: ഞാൻ സജീവമായി തന്നെ ഉണ്ടായിരുന്നു. ഈ ഇരുപത് വർഷത്തിനുള്ളിൽ ഞാനൊരു സിനിമ സംവിധാനം ചെയ്തു. പത്തോളം മലയാളം സിനിമകളിൽ കലാസംവിധായകനായി, ഇരുപതോളം മലയാളം സിനിമകളിൽ വിഷ്വൽ ഇഫക്ട്‌സ് കൈകാര്യം ചെയ്തു, നിരവധി വേദികളുടെ ഡിസൈനറായി, ഇരുപത്തഞ്ചോളം മെഗാ ഷോകളുടെ ഡിസൈനർ, നിരവധി അവാർഡ് ഷോകളുടെ ഡിസൈനർ, നാഷണൽ ഗെയിംസ് ഉൾപ്പെടെ, ഐ എഫ് എഫ് കെ, ഐ ഡി എസ് എഫ് എഫ് കെ, വിബ്ജിയോർ, സൈൻസ് തുടങ്ങി ഫിലിം ഫെസ്റ്റിവലുകൾ, കാ ഫെസ്റ്റിവൽ എന്നിവയുടെ സിഗ്നേച്ചർ ഫിലിം സംവിധായകനായി. ചേതന മീഡിയ കോളേജിൽ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ ഡിപ്പാർട്ട്‌മെന്റ് മേധാവിയായും സേവനം, ഇതിനിടയ്ക്ക് ‘രാജ്യദ്രോഹ പ്രവർത്തന’ങ്ങളും.

‘രാജ്യദ്രോഹപ്രവർത്തന’ങ്ങളോ?

റാസി: വിമതശബ്ദമുയർത്തുന്നവർക്കൊപ്പം നിന്നാണല്ലോ കൂടുതൽ പ്രവർത്തനങ്ങളും. അവരുടെ പരിപാടിക്കുവേണ്ടി ബ്രോഷറുകൾ ഡിസൈൻ ചെയ്തും മാഗസിൻ കവറുകൾ ചെയ്തും, സിഗ്നേച്ചർ ഫിലിമുകൾ നിർമിച്ചും എന്റെ സാന്നിധ്യം ഞാൻ കൃത്യമായി രേഖപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. സ്വാഭാവികമായും വർഗീയതയ്ക്കും ഫാഷിസത്തിനും എതിരെ സംസാരിക്കുകയും ജനാധിപത്യവും ഭരണഘടനയും നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നത് ഇന്നത്തെ ഇന്ത്യയിൽ രാജ്യദ്രോഹക്കുറ്റമാണല്ലോ.

Comments