കുട്ടിക്കാലം തൊട്ടുതന്നെ എന്നിൽ ഉൾച്ചേർന്ന ഒന്നാണ് നമ്മുടെ ചുറ്റുപാടുകളുടെ വൈവിധ്യം. ഞാൻ ജനിച്ചുവളർന്ന കൊണ്ടോട്ടിയിൽ തുടങ്ങും പല മതങ്ങളും, ദൈവങ്ങളും, മനുഷ്യരും, അവരുടെ പ്രകൃതവും പരസ്പരം ബഹുമാനിച്ച്, എന്നാൽ അവരുടെ വിശ്വാസത്തിലും സങ്കല്പത്തിലും ഉറച്ചു നിന്ന് ജീവിക്കുന്നത്. അതിനോടുകൂടെത്തന്നെയാണ് സന്യാസിമാർ, അവധൂതന്മാർ, മഹർഷിമാർ, തത്വശാസ്ത്രം പറയുന്നവർ, ജീവിതാവസ്ഥകളിൽ വേദനിക്കുന്നവർ- ഈ പറയുന്ന മനുഷ്യരെ ഏതു മതാവസ്ഥയിൽ പിറന്നവരായാലും അവരെ കേൾക്കുന്നതും അവരിൽ വിശ്വാസം അർപ്പിക്കുന്നതും കണ്ടാണ് ഞാൻ വളരുന്നത്. എന്റേത് ഒരു കൂട്ടുകുടുംബമായിരുന്നു. ഒത്തിരി അംഗങ്ങളുള്ള വീട്. വലിയുമ്മ മുതൽ എല്ലാവരും കമ്മ്യൂണിസ്റ്റ് ആശയം പിൻപറ്റുന്നവരും, മതസ്ഥരെ അവരായി തന്നെ ബഹുമാനിച്ച് ജീവിക്കുന്നവരുമാണ്. അതോടൊപ്പം, നാട്ടിലെ തുറക്കൽ നിവാസികളെ ചേർത്ത് തിരക്കഥാകൃത്ത് ടി. എ. റസാഖ് ഒരുക്കുന്ന നാടകങ്ങൾക്കും പൂർണമായും മതേതര സ്വഭാവമുണ്ടായിരുന്നു.
കൊണ്ടോട്ടിയിലെ പ്രശസ്തമായ കൊണ്ടോട്ടി നേർച്ച പൂർണമായും സെക്യുലർ നേർച്ചയായിരുന്നു. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നേർച്ചയുടെ ചുക്കാൻ ഓരോ ദിവസവും ഓരോ മതത്തിന്റെ സ്വന്തം ആഘോഷമാക്കി, വലിയ ഘോഷയാത്രയായി അവർ കൊണ്ടോട്ടി ദർഗയിലേക്ക് വരവുവരും. വലിയ മുഹമ്മദ് ഷാ തങ്ങൾ എന്ന സൂഫി വര്യന്റെ ജീവിതത്തെ കുറിച്ചുള്ള ആത്മതത്വം ഓരോ കൊണ്ടോട്ടിക്കാരിലും ഉൾച്ചേർന്നിരുന്നു.
ഇന്ത്യയിൽ എവിടെപ്പോയാലും പല ജാതിമത മനുഷ്യർ ഒന്നിച്ചു ജീവിക്കുന്നതാണ് നമുക്ക് കാണാൻ കഴിയുക.
ഒരു പ്രായം കടന്നപ്പോൾ തന്നെ യാത്ര ചെയ്തു തുടങ്ങിയിരുന്നു ഞാൻ. അതിനോട് ചേർന്നുതന്നെയാണ് മലയാള കൊമേഴ്‌സ്യൽ സിനിമകളിൽ ടി.എ. റസാക്കിന്റെയും കമലിന്റെയും കൂടെ കുറച്ച് സിനിമകളിൽ സഹായിയായി നിന്നതും. ആ സിനിമകളിലെ പൊതുവായ കാര്യം, അതിനുള്ളിൽ മനുഷ്യർ ഒന്നിച്ച് സ്നേഹത്തെ കുറിച്ചും കരുണയെ കുറിച്ചുമായിരുന്നു സംസാരിക്കാൻ ശ്രമിച്ചിരുന്നത്.
ഫോട്ടോഗ്രാഫിയിൽ എന്റെ ആദ്യത്തെ പൂർണമായ വർക്ക് എന്ന് പറയാവുന്നത്, തിരുവണ്ണാമലയിലെ അരുണാചലവുമായി ചേർന്നായിരുന്നു. അരുണാചല മല അരുണാചല ശിവനുമായും കോർത്തിണക്കുന്നു. തിരുവണ്ണാമലയിൽ രമണ മഹർഷി, ‘നിന്റെ ഉള്ളിലേക്കു തന്നെ നോക്കി നിന്നെ അറിയാൻ’ പറയുന്നു. അരുണാചല ഗിരിവലം നടന്ന് ഭക്തരും ആത്മാന്വേഷകരും ആത്മാജ്ഞാനം നടന്നുതേടുന്നു. പല മത മനുഷ്യർ തിരുവണ്ണാമലയിലും അജ്മീറിലും ഗോൾഡൻ ടെംപിളിലും കേദാറിലും മറ്റനേകം ആത്മീയസ്ഥലങ്ങളിലും സ്വന്തം മത ചിന്തകൾക്കപ്പുറം തേടിത്തേടി പോകുന്ന ഒരിടമാണ് ഇന്ത്യയെന്ന സെക്യുലർ ആയ രാജ്യം.
ഫോട്ടോഗ്രഫിയിലെ പ്രധാനപ്പെട്ട ഒരു പ്രൊജക്റ്റ് ആണ് മട്ടാഞ്ചേരിയിൽ ചെയ്ത കമ്യൂണിറ്റികളെ കുറിച്ചുള്ളത്. രണ്ടു വർഷത്തോളം മട്ടാഞ്ചേരിയിൽ താമസിച്ചു ചെയ്ത പ്രൊജക്റ്റാണത്. ഇന്ത്യയിലെ വ്യത്യസ്തരായ 39-ഓളം സമുദായങ്ങളെ ഡോക്യുമെന്റ് ചെയ്ത വർക്കായിരുന്നു ട്രാൻസെൻഡൻസ്. ഓരോ ദിവസവും ഓരോ കമ്യൂണിറ്റികളുടെ വീടുകളിലും അവരുടെ പ്രാർഥനാലയങ്ങളിലും ഭക്ഷണങ്ങളിലും അവർ ദൈനദിനം ചെയ്യുന്ന പ്രവർത്തികളിലും ഉൾച്ചേർന്ന പ്രൊജക്റ്റ് കൂടിയായിരുന്നു അത്. ഒരു കുഞ്ഞു സ്ഥലത്ത് ഇത്ര മാത്രം സമുദായങ്ങൾ ഒന്നിച്ചു താമസിക്കുന്നത് ആദ്യം എന്നിലുണ്ടാക്കിയ അത്ഭുതം പിന്നീട് അത്തരം സഹവർത്തിത്വത്തിന് ഇന്ത്യയിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്ന തിരിച്ചറിവിലേക്കാണ് ചെന്നെത്തുന്നത്. ഇന്ത്യയിൽ എവിടെപ്പോയാലും പല ജാതിമത മനുഷ്യർ ഒന്നിച്ചു ജീവിക്കുന്നതാണ് നമുക്ക് കാണാൻ കഴിയുക. ഇന്ത്യയിൽ എവിടെ പോയാലും അമ്പലങ്ങൾക്കടുത്ത് മസ്ജിദുകളും മൊണാസ്ട്രികൾക്കരികെ ഗുരുദ്വാരകളും ദർഗ്ഗകളിൽ ഹിന്ദുക്കളും മത്തുകളിലും അമ്പലങ്ങളിലും മുസ്‍ലിംകളും മറ്റു മതസ്ഥരും സ്വന്തം ദുഃഖം പറയാനും ആഗ്രഹങ്ങൾ സാധിക്കാനും പോകുന്നത് അപൂർവ കാഴ്ചയല്ല ഇപ്പോഴും.
‘‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം.”
—മത്താ. 22:39.
മട്ടാഞ്ചേരിയിലെ അവസാനത്തെ ജൂത വനിത എന്ന് പറഞ്ഞിരുന്ന സാറാ കോഹൻ, അവരെ മരണം വരെ നോക്കിയിരുന്ന താഹ ഇബ്രാഹിയും കുടുംബവും കൂടെ.
ഹൈദരാബാദിൽ ഖുതുബ് ഷാഹി പ്രൊജക്റ്റ് ചെയ്യുന്ന സമയം, ഒരു ദർഗയിൽ ഫോട്ടോഗ്രാഫ് ചെയ്തുകൊണ്ടിരിക്കാണ്, പെട്ടെന്ന് അവിടേക്ക് ഒരു ഹിന്ദു സ്ത്രീ കടന്നുവരുന്നു. അതുവരെ അതിനുള്ളിലെ പുരുഷന്മാർ നിറഞ്ഞിരുന്ന ആ ദർഗ പെട്ടെന്ന് ആ സ്ത്രീയുടെ നിയന്ത്രണത്തിലായി. അവരുടെ വെളിച്ചം അവിടെ കിടക്കുന്ന മഹാനിൽ കൂടുതൽ വെളിച്ചം വിതറി.
മട്ടാഞ്ചേരി പ്രൊജക്റ്റ് ചെയ്യുന്ന സമയത്ത്, ബസാർ റോഡിൽ കന്നഡികരും മുസ്‍ലിംകളും ക്രിസ്ത്യാനികളും ഒന്നിച്ചു താമസിക്കുന്ന ഒരു തെരുവുണ്ട്, അവിടെ വർഷത്തിൽ നടക്കുന്ന കന്നഡികരുടെ ഉത്സവത്തിന് സ്ഥലം കൊടുക്കുന്നത് ഒരു സേട്ടുവാണ്. ഈ ഉത്സവം നടക്കുന്നതിന്റെ പേരിൽ മാത്രം സേട്ടു ആ സ്ഥലം വിൽക്കാറില്ല. ഉത്സവത്തിന്റെ തലേന്നാൾ അവിടെ ഒരു കുഞ്ഞ് അമ്പലം അവർ തിർക്കും, അത് പ്രതിഷ്ഠയ്ക്കും അവിടെ കോമരം തുള്ളാൻ വരുന്ന ആൾക്കും കൂടെയുള്ളതാണ്.
നാദാപുരം പള്ളിയിലെ ഉൾവശം. കേരളത്തിലെയും പേർഷ്യയിലെയും വാസ്തുവിദ്യാ ശൈലികൾ ഇവിടെ സമന്വയിപ്പിച്ചിരിക്കുന്നു.
മലബാറി ജൂതന്മാരുടെ വിളക്കുകളുടെ (hanukah) ഉത്സവത്തിന്റെ ദിവസം. എല്ലാ മതവിശ്വാസികളും ഒന്നിച്ചു പങ്കെടുത്ത ഒരു ദിനം.
മുംബൈയിലെ ബാബാ ഖോർ സിദ്ദി ചില്ലം ഇരുന്ന ദർഗയിൽ പ്രാർത്ഥിക്കുന്ന ഹിന്ദു സ്ത്രീയും മുസ്‍ലിം സ്ത്രീയും.
ഹൈദ്രരാബാദിലേ മൗലാ അലിയിൽ ദർശനത്തിനുവന്ന ഒരു മഹാരാഷ്ട്ര കുടുംബം.
അരുണാചല മല; തിരുവണ്ണാമലൈ
നാരായണ ഗുരുകുലം.
കൊണ്ടോട്ടി ദർഗയിൽ ചവിട്ടുകളി അവതരിപ്പിക്കുന്നവർ. ചവിട്ടുകളി ഒരു കാർഷികോത്സവമാണ്. ദലിത് വിഭാഗത്തിലുള്ളവരാണ് ഈ നൃത്തവും പാട്ടും ഒന്നിച്ചുള്ള ആവിഷ്ക്കാരം ചെയ്യാറ്.
ഓണം, വിഷു, കല്യാണങ്ങൾ, കൊണ്ടോട്ടി നേർച്ച, തിരുമാന്ധാംകുന്ന് ഉത്സവം തുടങ്ങി പല ഇടങ്ങളിലും ചവിട്ടുകളി അവതരിപ്പിക്കാറുണ്ട്.