അതേ നാട്യശാസ്ത്രം വച്ച് സത്യഭാമയ്ക്കൊരു മറുപടി

‘‘നാട്യശാസ്ത്രം കാലഹരണപ്പെട്ട ഒരു ഗ്രന്ഥമാണ്. അത് വായിക്കണം, പഠിക്കണം, എന്നിട്ട് തെറ്റിക്കണം. തെറ്റിച്ച ചരിത്രങ്ങൾ ഒരുപാടുണ്ട്. പിന്നീട് ഏറ്റവും മികച്ചതായി മാറിയ ഒരുപാട്’’- നാട്യശാസ്ത്രത്തെ ആധാരമാക്കി, നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെതിരെ വംശീയ അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്ക് നാട്യശാസ്ത്രം മുൻനിർത്തി മറുപടി.

ലയുടെ മുന്നിൽ ജാതി- മത- വർണ്ണ വിദ്വേഷത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ച ചരിത്രമാണ് ഈ നാടിനുള്ളത്. കേരള കലാമണ്ഡലം മാത്രമല്ല, കേരളമൊട്ടാകെ ആദരിച്ച പേരാണ് കലാമണ്ഡലം ഹൈദരാലിയുടേത്. അന്ന് കഥകളി സംഗീതം പഠിക്കാൻ കലാമണ്ഡലത്തിൽ ചേർന്ന മുസ്‍ലിം ബാലനെ സഹപാഠികൾ പോലും ജാതി മത വേലികൾ കെട്ടി മാറ്റിനിർത്തി. അന്ന് അദ്ദേഹത്തിന്റെ ഗുരുവായിരുന്നു ചേർത്തു പിടിച്ച ഒരേയൊരാൾ.

അതേ മാറ്റി നിർത്തലുകൾക്കുശേഷം കഥകളിയിലെ പല അതികായന്മാരും, തങ്ങൾ ആടുമ്പോൾ ഹൈദരാലി പാടിയാൽ മതി എന്ന് അഭിപ്രായം പറഞ്ഞൊരു കാലം വന്നിരുന്നു. 1988- ൽ ഹരിപ്പാടിനടുത്ത് ഒരു ക്ഷേത്രത്തിൽ പാടാനെത്തിയ ഹൈദരാലിയെ ക്ഷേത്രത്തിൽ കയറ്റാൻ വിസമ്മതിച്ചപ്പോൾ, അദ്ദേഹത്തിന് പാടാൻ ക്ഷേത്ര മതിൽ പൊളിച്ച ചരിത്രമുണ്ട്. കലയ്ക്കു മുന്നിൽ ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും മതിലുകൾ പൊളിഞ്ഞുവീണ നാൾ.

കലാമണ്ഡലം ഹൈദരാലി
കലാമണ്ഡലം ഹൈദരാലി

നിയമങ്ങൾ പലതും തെറ്റിക്കാനുള്ളതുതന്നെയാണ്, കലയിലാകുമ്പോൾ തീർച്ചയായും. നിയമസംഹിതകൾക്കനുസരിച്ച് മാത്രമായിരുന്നു കലകൾ അവതരിപ്പിച്ചിരുന്നത് എങ്കിൽ ഇത്രമാത്രം വർഗ്ഗീയത വിദ്വേഷം പടർത്തിയ ‘കലാമണ്ഡലം സത്യഭാമ' പോലും ഇന്ന് അരങ്ങിൽ കയറില്ലായിരുന്നു. മാധ്യമങ്ങളോട് അവർ പറഞ്ഞൊരു വാചകമുണ്ട്. ‘‘നിങ്ങൾ നാട്ട്യശാസ്ത്രം പഠിച്ചിട്ടുണ്ടോ? അതിൽ പറയുന്നുണ്ട് ലക്ഷണങ്ങളെ പറ്റി. പഠിക്കാത്ത നിങ്ങളോട് സംസാരിക്കാൻ താല്പര്യം ഇല്ല’’ എന്നൊക്കെ.

എന്നാൽ സത്യഭാമേ, ഞാൻ പഠിച്ചിട്ടുണ്ട്. 2015 മുതൽ ദാ, ഇന്നുവരെ നാട്ട്യശാസ്ത്രം മറിച്ചു നോക്കിയിട്ടുണ്ട് പലതവണ. ഒരുപക്ഷെ നിങ്ങൾ വായിച്ച അത്ര വായിച്ചുകാണില്ല, പക്ഷെ എത്ര വായിക്കുന്നു എന്നതിൽ അല്ലല്ലോ, എന്ത് വായിക്കുന്നു, എങ്ങനെ വായിക്കുന്നു എന്നതിലല്ലേ കാര്യം.

ആദ്യം മോഹിനിയാട്ടം എന്താണെന്ന് നോക്കണം, അവിടെ തീരും നിങ്ങളുടെ അഹന്തയുടെ ആദ്യ ചുവട്.
കേരളത്തിന്റെ തനതായ നൃത്ത രൂപമായിട്ടാണ് മോഹിനിയാട്ടം അറിയപ്പെടുന്നത്. കേരളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകല. നോക്കണം, സ്ത്രീനൃത്തകല എന്നു തന്നെയാണ്. അങ്ങനെ നോക്കിയാൽ സത്യഭാമേ നിങ്ങൾ പഠിപ്പിക്കുന്ന ഒരുപാട് ആൺകുട്ടികളുണ്ട്, പഠിച്ചവരും പഠിപ്പിക്കുന്നവരും ഒക്കെ. എന്തേ നിയമലംഘനമല്ലേ നടത്തിയത്?

മാധ്യമങ്ങളോട് സംസാരിക്കുന്ന സത്യഭാമ
മാധ്യമങ്ങളോട് സംസാരിക്കുന്ന സത്യഭാമ

ഇനി എങ്ങനെ മോഹിനിയാട്ടം ഉണ്ടായി?
ഇന്ത്യയിലാകെ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം കേരളത്തിലും നിലനിന്നിരുന്നു. അന്ന് ദേവദാസികൾ ആടിയ ദാസിയാട്ടം പരിഷ്ക്കരിച്ച് പിന്നീട് മോഹിനിയാട്ടം രൂപാന്തരപ്പെട്ടു. പക്ഷെ അശ്ലീല നൃത്തം എന്ന പേരിൽ അന്ന് ദേവദാസി സമ്പ്രദായത്തോടൊപ്പം തച്ചുടച്ചു ഈ നൃത്തവും. അപ്പോൾ സത്യഭാമേ, അശ്ലീല നൃത്തമാണ് ആടുന്നത് കേട്ടോ... തെളിവുകളാണല്ലോ നിങ്ങൾക്ക് വേണ്ടത്. 14ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ശിവവിലാസം എന്ന ഗ്രന്ഥമുണ്ട്. വായിച്ചിട്ടില്ല എങ്കിൽ വായിച്ചു നോക്കാം.

പിന്നീട് സ്വാതി തിരുനാളാണ് മോഹിനിയാട്ടത്തെ തിരിച്ചുകൊണ്ടുവന്നത്. ഇന്ന് കാണുന്ന വേഷ ആഭരണങ്ങൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ സംഭാവനകളാണ്. വർണ്ണവും തില്ലാനയും ഉൾപ്പെടെ എല്ലാം.

1930- ൽ വള്ളത്തോൾ കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം എത്തിക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടു. എന്താ കാരണം എന്നറിയണ്ടേ? അശ്ലീലനൃത്തം പഠിക്കാനും പഠിപ്പിക്കാനും ആളില്ല. അവസാനം ഒരാൾ എത്തി, ചിന്നമ്മു അമ്മ. അവർ നടത്തിയ ഇടപെടലാണ് മോഹിനിയാട്ടം ഇന്ന് ദേ നിങ്ങളുടെ അടുത്തുവരെ എത്താൻ കാരണം. ഒപ്പം കലാമണ്ഡലം കല്യാണികുട്ടിയമ്മയും.

ഇനി ലക്ഷണശാസ്ത്രം.
നർത്തകി ലക്ഷണം വിശദമായി പറയുന്ന രണ്ട് ഗ്രന്ഥങ്ങളാണുള്ളത്.
ഒന്ന് നന്ദികേശന്റെ അഭിനയ ദർപ്പണം.
രണ്ട് ഭരതമുനിയുടെ നാട്യശാസ്ത്രം.
അഭിനയ ദർപ്പണം തന്നെ ആദ്യം നോക്കാം.
"തന്വി രൂപവതിശ്യാമ പീനൊന്നത പയോദര പ്രഗത്ഭ സരസ കാന്ത കുശല ഗ്രഹ മോക്ഷയോ വിശാല ലോചന ഗീത വാദ്യ താള അനുവർത്തിനി പാരാർഖ്യ ഭൂഷ സമ്പന്ന പ്രസന്ന മുഖ പങ്കജ ഏവം വിധ ഗുണോപോത നർത്തകി സുധീരത"
അതായത് - നർത്തകി തന്വിവതിയും സൗന്ദര്യവതിയും യൗവനയുക്തയും ഉരുണ്ട മാറിടങ്ങൾ ഉള്ളവരും പ്രഗത്ഭയും സരസയും കമനീയയും നൃത്തം തുടങ്ങുവാനും അവസാനിക്കാനും അറിയുന്നവളും വലിയ കണ്ണുകളോടെ കൂടിയവളും ഗീതം, വാദ്യം, താളം എന്നിവ അറിയുന്നവളും വിലപിടിച്ച ആഭരണങ്ങൾ അണിഞ്ഞവളും തെളിഞ്ഞ മുഖ കമലത്തോട് കൂടിയവളും ആയിരിക്കണം എന്ന്.

മോഹിനിയാട്ടം / Photo: Ramesh Lalwani, flickr
മോഹിനിയാട്ടം / Photo: Ramesh Lalwani, flickr

ഇനി നാട്യശാസ്ത്രത്തിലേക്ക് വരാം.
"അംഖപ്രത്യംഖാസമ്പന്ന ചതുശഷ്ഠി കലാന്വിത ചതുരാ പ്രശ്രയോപേതാ സ്ത്രീ ദോഷയിശ്ച വിവർചിതാ സദാ പ്രാഗത്ഭയുക്താചാ, ത്യക്താലശ്ചിതിശ്രമ നാനാശില്പ പ്രയോഗഞ്ജന നൃത്ത ഗീത വിജക്ഷിണ, സമാഗതാശു നാരീക്ഷു രൂപയൗവന കാന്തിവിഹി നദൃശ്യദെ ഗുണൈസ്തുല്ല്യ യശ്യാസ്യ നർത്തകി സ്‌മൃത"

അതായത്, ലക്ഷണമൊത്ത അംഖപ്രത്യാംഖൾ, 64 കലകളുടെയും പരിചയം, ചുറുചുറുക്ക്, വിനയം, സ്ത്രീദോഷങ്ങൾ ഇല്ലായ്മ, പ്രസരിപ്പ്, മടിയില്ലായ്മ, തളരായ്മ, പലവക ശില്പങ്ങളിലും പ്രയോഗജ്ഞാനം, നൃത്തഗീതങ്ങളിൽ നൈപുണ്യം, സൗന്ദര്യ യൗവന ലാവണ്യങ്ങളിൽ സകല സ്ത്രീകളെയും കവച്ചു വെക്കുന്ന അവസ്ഥ.

ഇനി ചോദ്യം കലാമണ്ഡലം സത്യഭാമയോടാണ്: മികച്ച നർത്തകി എന്ന് സ്വയം അവകാശപ്പെടുന്ന താങ്കൾക്ക് നിയമപ്രകാരം ഇതിൽ എത്ര ലക്ഷണങ്ങളുണ്ടാകും? അഞ്ചോ, പത്തോ? ഇല്ലാത്ത ലക്ഷണങ്ങൾ ഇല്ല എന്ന് പറയാൻ പറ്റുമോ? പറ്റില്ല... കാരണം അന്ന് എഴുതി വെച്ചതുപോലെയാണ് ഇന്നും എങ്കിൽ സത്യഭാമയൊന്നും കാലിൽ ചിലങ്ക കെട്ടില്ല എന്നർത്ഥം.

അവസാനമായി ഒരേ ഒരു കാര്യം പറയാം. ശാസ്ത്രങ്ങൾ മുഖവുര മാത്രമാണ്, അതിലും മഹത്തരമാണ് കല (‘കമലദളം’ ഡയലോഗ്). ഇനി എന്തൊക്കെ നിയമങ്ങൾ നിങ്ങൾ നിരത്തിയാലും ആസ്വാദകർക്ക് അതറിയേണ്ട കാര്യമില്ല. അവർക്ക് രസിക്കണം. നാട്യശാസ്ത്രം കാലഹരണപ്പെട്ട ഒരു ഗ്രന്ഥമാണ് എന്ന് ഞാൻ പലപ്പോഴും പറയാറുണ്ട്, ഇപ്പോഴും പറയും. അത് വായിക്കണം, പഠിക്കണം, എന്നിട്ട് തെറ്റിക്കണം. തെറ്റിച്ച ചരിത്രങ്ങൾ ഒരുപാടുണ്ട്. പിന്നീട് ഏറ്റവും മികച്ചതായി മാറിയ ഒരുപാട്.


Summary: നാട്യശാസ്ത്രത്തെ ആധാരമാക്കി, നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെതിരെ വംശീയ അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്ക് നാട്യശാസ്ത്രം മുൻനിർത്തി മറുപടി.


ശ്യാം സോർബ

തിയേറ്റർ ആർട്ടിസ്റ്റ്, ആക്റ്റിങ് ട്രെയ്നർ, റാഞ്ചിയിലെ ജാർക്കണ്ഡ് സെൻ​ട്രൽ യൂണിവേഴ്സിറ്റിയിൽ റിസർച്ച് സ്കോളർ.

Comments