ഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലും (The INDIA HABITAT CENTRE) മൊസറാറ്റ് ആർട്ട് ഗ്യാലറിയിലും (Massarat Gallery) സർറിയലിസം ആവേശിച്ച ആ ബഹുമുഖപ്രതിഭയുടെ ചിത്രപ്രദർശനം കാണാൻ ധാരാളം ആളുകൾ വന്നുപോയിക്കൊണ്ടിരുന്നു. കലാ സാംസ്‌കാരികമേഖലയിലുള്ളവർ മാത്രമല്ല; ഡിപ്ലോമാറ്റുകൾ, ഗവേഷകർ, മനഃശാസ്ത്ര വിദഗ്ദർ, വിദ്യാർഥികൾ എന്നിവരുൾക്കൊള്ളുന്ന ഒരു സമ്മിശ്ര സമൂഹമായിരുന്നു അത്.
ആദ്യമായിട്ടാണ് സൽവദോർ ദാലിയുടെ (Salvador Dali) ചിത്രങ്ങൾ ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നത്. ദാലിയുടെ സുഹൃത്തും പബ്ലിഷറുമായ പിയറി അർജിലറ്റിന്റെ മകൾ ക്രിസ്റ്റീൻ ആണ് ദാലിയുടെ ഇരുന്നൂറിലധികം കൊത്തുപണികൾ (Etchings) ഉൾപ്പെടുത്തിയ പ്രദർശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.
വ്യതിരിക്തമായ ദൃശ്യഭാഷയിൽ, സവിശേഷമായ ഭൂപ്രകൃതിയിൽ ഉപബോധമനസ്സിന്റെ അതിശയകരമായ മനോവ്യാപാരങ്ങൾ അവിടെ കണ്ടു. ഓരോ ചിത്രങ്ങൾക്കുമുന്നിലും വെറും കാഴ്ചക്കപ്പുറം വിശദമായ ചർച്ചകൾ നടന്നു. ബോധത്തിന്റെ വാതിലുകൾ തുറന്ന് അബോധത്തിലേക്ക് പ്രവേശിക്കാനും ഓർമ്മകളുടെയും സ്വത്വപ്രതിസന്ധികളുടെയും പൂട്ടുതുറന്ന് ഓരോരുത്തരെയും വീണ്ടെടുക്കാനുമുള്ള മാജിക് ദാലി വരകളിൽ ഒളിപ്പിച്ചുവച്ചിരുന്നു. അത് തീർച്ചയായും പൊതുവായ ചിന്തകളുടെ ഒഴുക്കല്ലായിരുന്നു. കേവലമായ പ്രതീകാത്മകതയിലും അത് തളയ്ക്കപ്പെട്ടിരുന്നില്ല. ‘ഇയാളൊരു സംഭവം തന്നെ’ എന്ന ആശ്ചര്യത്തിൽ പ്രദക്ഷിണവഴിയിൽ സ്വരൂപദർശനത്തിന് മുന്നിലെന്ന വണ്ണം കാഴ്ചക്കാർ ജാഗ്രത്തിലായി. കാരണം ദാലി കൈകാര്യം ചെയ്തത് മനുഷ്യരുടെ ഉൾലോകമാണ്. അതത്ര നിസ്സാരമായ ഒന്നല്ലല്ലോ.

20-ാം നൂറ്റാണ്ടിൽ ജീവിച്ചു മരിച്ചുപോയ ഒരു കലാകാരനെ ലോകം ശ്രദ്ധിക്കാൻ പല കാരണങ്ങളുണ്ട്. കണ്ണിലേക്ക് കുത്തിക്കയറുന്ന പോലെ മേലോട്ട് മെഴുകു പുരട്ടി ചുരുട്ടിവച്ച മീശ, നീണ്ടമുടിയും സൈഡ് ബേണുകളും കോട്ടും സ്റ്റോക്കിങ്‌സും കാൽമുട്ട് ബ്രീച്ചുകളും. അപാരമായ ഫാഷൻ സെൻസും വിചിത്രവും അസംഭവ്യങ്ങളുമായ ഭാവനകളും. പിന്നെയോ ആകെ മൊത്തം ഒരു ആളുകളിയും. അതിവിചിത്രമനുഷ്യനായി ലോകം അയാളെ കണ്ടു. അങ്ങനെ കാണുന്നത് തനിക്കൊരു വിചിത്രകാഴ്ചയല്ലാത്ത മട്ടിൽ ദാലി ആളുകളി തുടർന്നുകൊണ്ടുമിരുന്നു.
സഹജമായ ഊർജ്ജത്തിന്റെ ഉറവിടമായ അബോധത്തിലേക്കാണ് അയാൾ വരപ്പാട് തെളിച്ചത്. ചിത്രങ്ങൾ കണ്ടവരെല്ലാം ദാലിയെ സംശയിച്ചു. സൈക്കോട്രോപിക് മരുന്നുകളുടെ പ്രതിപ്രവർത്തനമോ? വലിയ ആത്മവിശ്വാസത്തിൽ ദാലി തിരിച്ചടിച്ചു;
“I dont do drugs. Iam Drugs’’.
ആകെ മൊത്തം, അടിമുടി ലഹരിയായിരുന്നു. ഒരു കഥയുണ്ട്. ദാലിയുടെ സർഗ്ഗപ്രതിഭയുടെ രാജപാത തേടിയിറങ്ങുന്നവർക്ക് അതൊരു കൗതുകമുള്ള കേൾവി ആയിരിക്കും. ദാലി ഒരു കസേരയിലിരിക്കും. തകരപ്പാത്രം മടിയിൽവച്ച് സ്പൂൺ തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിക്കും. അങ്ങനെയിരിക്കെ ആശാൻ ഉറങ്ങിപ്പോകും. ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോൾ സ്പൂൺ പാത്രത്തിലേക്ക് ഊർന്നുവീഴും. അതൊരു ശബ്ദമാകും. ആർട്ടിസ്റ്റിനെ ഉണർത്താൻ പാകത്തിലുള്ള വിചിത്രമായ ഇമേജുകൾ ആ നേരത്ത് സ്വപ്നമായി വന്നിട്ടുണ്ടാവും.
ദാലി എഴുന്നേറ്റ് വരച്ചു തുടങ്ങും

മറ്റൊരു രീതി:
തലയും കുത്തി നിൽക്കും. ബോധം നഷ്ടപ്പെടുന്നതുവരെ ആ നിൽപ്പ് തുടരും. വ്യക്തതയില്ലാത്ത ഒരവസ്ഥക്കുവേണ്ടി കാത്തുനില്ക്കും. പിന്നെയുള്ളതിനൊന്നും ബന്ധമുണ്ടാവില്ല. യുക്തിയും ഉണ്ടാവില്ല. സ്വന്തം ഉപബോധമനസ്സിന്റെ പ്രേരണയിൽ കാര്യങ്ങൾ നടക്കും. സ്വയം പ്രേരിതമായ paranoic അവസ്ഥയിൽ സംഭവം കളറാകും. നൂറ് ശതമാനം ദാലിയൻ പെർസ്പെക്റ്റീവ് എന്നൊരു അവസ്ഥ ചിത്രത്തിൽ തിളങ്ങും.
“Dali was a Free thinker and he embraced all facets of the human conditions, particularly the taboo and unsettling ones’’- ക്യൂറേറ്റർ നോട്സിൽ മിസ് അർജിലിറ്റ് ദാലിയുടെ സവിശേഷത വ്യക്തിത്വത്തെ വാക്കുകളിൽ പകർത്തിവച്ചിട്ടുണ്ട്.
ഒരു സർറിയലിസ്റ്റ് എപ്പോഴും വിപ്ലവകാരിയാണ്. അയാളുടെ ചിന്തകൾക്കും ആശയങ്ങൾക്കും അപാരവ്യാപ്തിയാണുള്ളത്. അതിൽ ഓർമ്മകളും നൊസ്റ്റാൾജിയയും അനുവാദം കാത്തുനിൽക്കാതെ ഇടപെടും. കാര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് അയാൾ നുഴഞ്ഞുകയറും. നിഷിദ്ധമായതും അസ്വസ്ഥതയുളവാക്കുന്നതുമാവും അയാൾ ആവിഷ്‌കരിക്കുന്നത്.

കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഏതു നിമിഷവും ഉപബോധമനസ്സിലേക്ക് ഊളിയിടാനുള്ള പാകത്തിൽ ഡൈവിങ് സ്യൂട്ടുമിട്ടാണ് അയാളുടെ നിൽപ്പ്. അയാളൊരു ഒന്നാംതരം പര്യവേഷകനാണ്. സർറിയലിസത്തിന്റെ കാര്യതത്ത്വങ്ങളിലൊന്നായ ആ വാചകം- “കലയെ അതിന്റെ ഏറ്റവും ലളിതമായ ആവിഷ്ക്കാരമായ പ്രണയത്തിലേക്ക് ഞങ്ങൾ ചുരുക്കും’’ എന്ന കലാകാരന്റെ ഈ വിശ്വാസമാകാം സാൽവദോർ ദാലിയും ഹൃദയത്തിൽ ഒട്ടിച്ചുവച്ചത്.
രണ്ട് ലോകമഹായുദ്ധങ്ങൾക്ക് ദാലി സാക്ഷിയായി. പ്രശസ്തമായ മാഡ്രിഡ് സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ പഠിച്ചിറങ്ങിയ ദാലിയെ സ്വാധിനിച്ചത് ആൻട്രു ബെർട്ടന്റെ സർറിയലിസ്റ്റിക് വഴിത്താരയായിരുന്നു. ബാഹ്യമായ നിയന്ത്രണങ്ങളൊന്നുമില്ലാതെ യുക്തിയെ വകഞ്ഞുമാറ്റി ചിന്തയാൽ പ്രചോദിതമായ ആവിഷ്ക്കാരങ്ങളുടെ തുടക്കമായിരുന്നു അത്. ഒന്നാം ലോകമഹായുദ്ധം സൃഷ്ടിച്ച രക്തച്ചൊരിച്ചിലും വെറുപ്പും നീരസവും അക്കാലത്തെ കലയിലും സാഹിത്യത്തിലും മറ്റൊരു രീതിയിലാണ് പ്രതിഫലിച്ചത്. സർഗ്ഗാത്മകതയുടെ പുതുവഴി തേടുവാൻ സാമൂഹിക മാനദണ്ഡങ്ങൾക്ക് പുറത്തുകടക്കണമെന്ന തോന്നലും അക്കാലത്ത് ശക്തമായി. പ്രകോപനപരമായ ഒരു ഉണർത്തലിനെ ലക്ഷ്യമാക്കി കലയിലും സാഹിത്യത്തിലും ദാദായിസം പോലുള്ള കലാവിരുദ്ധ കലാ പ്രസ്ഥാനം രൂപം കൊണ്ടു. പാബ്ലോ പിക്കാസോ, ജോൺ മിറോ എന്നിവരുടെ പുതിയ ആശയങ്ങളും നൂതന സങ്കേതങ്ങളും ദാലിയെയും സ്വാധിനിച്ചു. സർറിയലിസ്റ്റ് ഗാങ്ങിൽ ചേർന്ന ദാലി പിന്നീട് പാരനോയ്ഡ് ക്രിട്ടിക്കൽ മെത്തേഡ് (Paranoid-Critical method) എന്നൊരു സിദ്ധാന്തം രൂപീകരിച്ചു. പിൽക്കാലത്തുള്ള ദാലിയുടെ പല ആവിഷ്കാരങ്ങൾക്കും അടിസ്ഥാനമായത് ഈ സങ്കേതമാണ്.

ഒരിക്കൽ പോലും ഇന്ത്യയോ അയൽരാജ്യങ്ങളോ സന്ദർശിച്ചിട്ടില്ലാത്ത ദാലി എങ്ങനെ അമ്പലങ്ങളും ആനയും പശുക്കളെയും വരച്ചു?എങ്ങനെ കാത്മണ്ടുവിലെ ഇടനാഴി (Corridor of kathmandu) വരച്ചു? ഇന്ത്യൻ മിസ്റ്റിസിസത്തിലേക്ക് പാശ്ചാത്യലോകം ആകർഷിക്കപ്പെട്ട അറുപതുകളുടെയും എഴുപതുകളുടെയും കാലം നാം ഓർത്തെടുക്കണം. ഹിപ്പി പ്രസ്ഥാനം മൂർദ്ധന്യത്തിൽ നിൽക്കുന്ന കാലം. പാട്ടുകമ്പക്കാരായ പാശ്ചാത്യർ ഗിത്താറും തൂക്കി കടൽ കടന്ന് ഇന്ത്യയിലെത്തി ആത്മീയാന്വേഷണം നടത്തി. ഡാലിക്കും അങ്ങനെയൊരു തോന്നൽ തോന്നിയിട്ടുണ്ടാവും. സുഹൃത്തായ പിയറി അർജ്ജിലറ്റ് അക്കാലത്ത് ഇന്ത്യ സന്ദർശിച്ചു മടങ്ങിയെത്തിയപ്പോൾ സമ്മാനിച്ച ഫോട്ടോകളിൽനിന്ന് ദാലി ഇന്ത്യയെ അറിഞ്ഞു. അങ്ങനെ ഈ പ്രദർശനത്തിലെ പല ചിത്രങ്ങളും രൂപപ്പെട്ടു.
‘‘The closer you look at his painting the more you understand Dali’’- സൂക്ഷ്മതയോടെ ഡാലിയെ പഠിച്ചപ്പോൾ മിസ് അർജില്ലറ്റിന്റെ മറ്റൊരു വാചകവും ശരിയെന്നു തോന്നി.
Appreciating Dali’s art is like peeling back the layers of an onion. You can keep finding something new to marvel at.
അതേ, അകത്തോട്ടകത്തേക്ക് പോകുന്തോറും പുറമേക്ക് തെളിഞ്ഞു വരുന്ന സുതാര്യമായ ഉള്ളകം. അകക്കാമ്പിൽ ചെന്നു തട്ടുവോളം ഓരോ അടരുകളും കൗതുകം സമ്മാനിക്കുന്നു. പലർക്കുമതൊരു തിരിഞ്ഞുനടപ്പാണ്. മറന്നു പോയതോ, കൈവിട്ടുപോയതോ അയാൾ പോലുമറിയാതെ ഓർമ്മയിൽ രജിസ്റ്റർ ചെയ്തു വച്ചിരുന്ന ഒന്നിന്റെയോ വീണ്ടെടുപ്പുപോലെ. രണ്ടു തവണ പ്രദർശനം കാണാൻ പോയി എന്നതും എന്നെക്കൊണ്ട് ഇതെഴുതിപ്പിക്കുന്നു എന്നതും 19-ാം നൂറ്റാണ്ടിൽ ജീവിച്ചു മരിച്ചുപോയ ഒരു മഹാപ്രതിഭ ഭാവിയിലേക്ക് ഉഴുതുമറിച്ചു വിതച്ചിട്ടുപോയ കലയുടെ വിളവെടുപ്പാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ദാലിയുടെ ചിത്രങ്ങൾ പോലെ തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും പല അടരുകളുണ്ട്. വ്യത്യസ്ത കലാരൂപങ്ങൾ സ്വന്തം ജീവിതത്തിൽ അനുഭവിച്ചും ശൈലികൾ പരീക്ഷിച്ചും കൂടുതൽ ഉദ്ദേശ്യപൂർവ്വം കലയെ സ്വാതന്ത്രമാക്കി എന്നതാണ് ഈ മഹാ പ്രതിഭയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

‘ദാലിത്വം’ മുളച്ചുവന്നതെങ്ങനെ?
സ്പെയിനിലെ കാറ്റലോണിയയിലെ ഫ്രഞ്ച് അതിർത്തിയോട് ചേർന്നുള്ള എംപോർഡ മേഖലയിലെ ഫിഗ്യൂറസ് പട്ടണത്തിലാണ് സാൽവദോർ ദാലി ജനിച്ചത്. മാതാപിതാക്കളിൽ നിന്ന് അഞ്ചാമത്തെ വയസ്സിൽ ദാലിയ്ക്ക് മഹത്തായ ഒരറിവ് കിട്ടി. അതുമൊരു കഥയാണ്. വിചിത്രവും കൗതുകം നിറഞ്ഞതുമായ ഒരു രൂപപ്പെടൽ ആ നിമിഷം മുതൽ ദാലിയിൽ സംഭവിച്ചിട്ടുണ്ടാവണം. സർറിയലിസ്റ്റുകൾ എല്ലാവരും രണ്ടാംലോകമഹായുദ്ധത്തിന്റെ സന്തതികളാണെന്ന പറച്ചിൽ നിലനിൽക്കെത്തന്നെ അതിലേക്ക് എത്തുന്നതിനും മുൻപേയുള്ള ദാലിയുടെ ശൈശവം വല്ലാത്തൊരു കഥയാണ്. ഇളം മനസ്സിലേക്ക് പ്രവേശിച്ച ആ കഥയിൽ നിന്നാവും ദാലിയുടെ ‘ദാലിത്വ’വും മുളച്ചു വന്നത്.
ദാലിയുടെ മൂത്ത സഹോദരൻ, സാൽവദോർ (ജനനം: ഒക്ടോബർ 12, 1901) ദാലി ജനിക്കുന്നതിന് ഒമ്പത് മാസം മുമ്പ്, 1903 ഓഗസ്റ്റ് 1 ന്, ഗ്യാസ്ട്രോ എന്ററൈറ്റിസ് ബാധിച്ച് മരിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവ്, സാൽവദോർ ദാലി ഐക്യൂസി, അഭിഭാഷകനും നോട്ടറിയുമായിരുന്നു. മകനോടുള്ള അദ്ദേഹത്തിന്റെ കർശനമായ അച്ചടക്ക സമീപനം ഭാര്യ ഫെലിപ ഡൊമെനെക് ഫെറസ് മനസ്സിലാക്കുകയും അവർ മകന്റെ കലാപരമായ പരിശ്രമങ്ങളെ ആവും വിധം പ്രോത്സാപ്പിക്കുകയും ചെയ്തു. അഞ്ച് വയസ്സുള്ളപ്പോൾ, ദാലിയെ മാതാപിതാക്കൾ സഹോദരന്റെ ശവക്കുഴിയിലേക്ക് കൂട്ടികൊണ്ടുപോയി.
“അങ്ങോട്ട് നോക്കൂ. നീ കാണുന്നില്ലേ? അതാണ് നിന്റെ സഹോദരന്റെ കുഴിമാടം. നീ നിന്റെ ജ്യേഷ്ഠന്റെ പുനർജന്മമാണ്’’- അവർ പറഞ്ഞു കൊടുത്തത് ദാലി വിശ്വസിച്ചു. ഉള്ളിലേക്ക് ഒരു ഇരുണ്ട ആശയം ചെന്നു തറച്ചതുപോലെ. വളർന്നപ്പോൾ തന്റെ സഹോദരനെക്കുറിച്ച്, ദാലി പറഞ്ഞുവത്രെ, ‘‘... (ഞങ്ങൾ) രണ്ട് തുള്ളി വെള്ളം പോലെ പരസ്പരം സാമ്യമുള്ളവരായിരുന്നു, പക്ഷേ ഞങ്ങൾക്ക് വ്യത്യസ്തമായ പ്രതിഫലനങ്ങളുണ്ടായിരുന്നു. അവൻ എന്റെ ആദ്യ പതിപ്പായിരിക്കാം, പക്ഷേ യഥാർത്ഥ ലോകത്തിൽ നിന്നുള്ളവനായിരുന്നു. ഞാനോ ഏറെ അപൂർണ്ണനും സ്വപ്നക്കാരനും’’.

പിന്നീടുള്ള ജീവിതത്തിൽ സിഗ്മണ്ട് ഫ്രോയ്‌ഡിന്റെ സൈക്കോ അനാലിസിസ് സിദ്ധാന്തങ്ങൾ ദാലിയെ നന്നായിട്ടു തന്നെ സ്വാധിനിച്ചു. വെറുതെ ഒരാളെ ഭ്രാന്താനെന്ന് വിളിക്കേണ്ട, ആ വ്യക്തിയുടെ അന്തരംഗത്തിലുണ്ടാകുന്ന സംഘർഷങ്ങളിലേക്ക് ശ്രദ്ധ കൂർപ്പിക്കൂ. ഫ്രോയ്‌ഡിയൻ ചിന്തകൾ അക്കാലത്തെ യുവാക്കൾക്ക് ഒരു ഉണർത്തുപാട്ടായിരുന്നു. അങ്ങനെ ഒരാളെ അറിയാനും കലുഷിതമായ മനോനിലയെ കലയുടെ അനന്തസാധ്യതകളിലേക്ക് പരിവർത്തനം ചെയ്യാനും അവർക്ക് സാധിച്ചു. ഫ്രാൻസ് കാഫ്ക്കയുടെ കഥകളിലും ലൂയി ബന്യുവേലിന്റെ ചലച്ചിത്രങ്ങളിലും സർറിയലിസ്റ്റ് മാതൃകയുടെ അമിതകല്പനകൾ നിർണ്ണായക പങ്കുവഹിച്ചിരുന്നു.
1920- കൾക്കുശേഷം ആകെ കലങ്ങിമറിഞ്ഞ ലോകാന്തരീക്ഷത്തിലെ അരക്ഷിതത്വത്തിൽ ഒരു കൂട്ടം കലാസ്നേഹികൾ പ്രത്യക്ഷ യാഥാർഥ്യത്തിന്റെ പരിമിതികളെ അതിലംഘിക്കുന്ന ഒരു പുതിയ വിചാരധാരയെ അന്വേഷിച്ചുപോയി. റിയലിസം യാഥാർഥ്യങ്ങളുടെ ബാഹ്യപ്രകൃതിയിൽ ആസ്വാദനത്തെ പരിമിതപ്പെടുത്തുന്നു. അനുഭവിച്ചറിഞ്ഞതും മൂർത്തവുമായ ആവിഷ്കാരങ്ങൾ സ്വാർത്ഥകവും സൃഷ്ടിപരവുമായ ഫലം പുറപ്പെടുവിക്കുന്നില്ലെന്ന് ബോധ്യമായതിനാലാവും സർറിയലിസ്റ്റുകൾ അസംഭവ്യവും പൊരുത്തക്കേടുകൾ നിറഞ്ഞതുമായ ചിത്രീകരണങ്ങളിലൂടെ കലയുടെ കാണാപ്പുറങ്ങൾ തേടിപ്പോയത്. അവർക്കെല്ലാം കാലത്തിനുമുന്നേ സഞ്ചരിക്കണമായിരുന്നു.

മനുഷ്യമനസ്സ് എപ്പോഴുമൊരു പ്രഹേളികയാണ്. അഭിവാഞ്ചകളും ചിന്തകളും വികാരങ്ങളും ബോധത്തിൽ നിന്ന് ഒളിച്ചോടി അറിയാക്കിടങ്ങുകളിൽ അഭയം തേടും. അബോധത്തിൽ അവ സ്വപ്നങ്ങളാവും. ഉണർച്ചയുടെ നേരിയൊരു വെള്ളിവരയിൽ അവ പിടുത്തം തരാതെ കൂടുതൽ അഗാധത്തിലേക്ക് വീണുപോകും. ദാലിയുടെ ചിത്രങ്ങൾ കാഴ്ചക്കാർക്ക് മുന്നിൽ, സ്വതന്ത്രമായി വ്യാഖ്യനിക്കാൻ പാകത്തിൽ തനിമയോടെ നിലകൊള്ളുന്നു. അതിശയകരമായതും സൂക്ഷ്മനിരീക്ഷണത്തിലൂടെ ആവിഷ്കരിച്ചതുമാണ് അവ ഓരോന്നും. തീർച്ചയായും ഞടുക്കത്തോടെ ദാലി കോറിയിട്ട വിഭ്രാന്തികളെയും ശരീരത്തിന്റെ ഉന്മാദങ്ങളെയും വിലക്കപ്പെട്ട മോഹങ്ങളെയും കണ്ടുനില്ക്കാം. അവിടം കൊണ്ടത് തീരില്ല. ഉള്ളിലേക്കൊരു ഫ്ലാഷ് മിന്നും. “ഇത് നീ തന്നെ’’ എന്ന അശരീരി മുഴങ്ങും. സത്യത്തിന്റെ സൗന്ദര്യം ഏറ്റവും ദീപ്തമെന്ന് അപ്പോൾ തോന്നും. ഫാന്റസി, യാഥാർഥ്യം, ബോധം, അബോധം എന്നിവയെല്ലാം മനോവിശ്ലേഷണത്തിന്റെ സാധ്യതയാൽ കലയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകും.
പൊട്ടിത്തകർന്ന ഒരു ക്ലോക്ക്,
മരിച്ചുപോയ സമയം
ദാലിയുടെ മെൽറ്റിംഗ് ക്ലോക്ക് (Melting Clock) എന്ന ചിത്രമാണ് ഏന്നെ ഏറെ സ്വാധീനിച്ചത്. ഓർമ്മകൾ സമയത്തെക്കുറിച്ചുള്ള ധാരണകളുമായി എങ്ങനെ ചേർന്നുപോകുന്നുവെന്ന് ആ ചിത്രം അനുഭവിപ്പിച്ചുതന്നു. വർത്തമാനത്തിൽ നിന്ന് കുത്തനെ ഇടിഞ്ഞുവീണതും ഏറെ പിന്നിലോട്ട് ഭൂതകാലത്തിന്റെ ഒരു വിളുമ്പിലേക്ക് അത്ഭുതലോകത്തിലെ ആലീസിനെപ്പോലെ വീണു പോയതും ഇതെഴുതുമ്പോൾ ഓർക്കുന്നു.
അതിങ്ങനെയാണ്.
എഴുപതുകളുടെ അവസാനകാലം.
അഞ്ചു വയസ്സുള്ള ഒരു പെൺകുട്ടി ഇക്കരെനിന്ന് അക്കരവീട്ടിലേക്ക് ഓടിച്ചെന്നു. ഗൾഫിൽ നിന്ന് ചിറ്റപ്പൻ അവധിക്ക് വന്നിട്ടുണ്ട്. മിന്നുന്ന സ്‌കെയിലും മണമുള്ള റബ്ബറും ഉറപ്പാണ്. പക്ഷെ കണ്ണു പോയത് ഫ്രിഡ്ജിന്റെ മുകളിലേക്കാണ്. മനോഹരമായ അരികുവട്ടങ്ങളുള്ള ചില്ലു കൂടിനകത്ത് പ്രതാപത്തിൽ സമയം ടിക് ടിക് വയ്ക്കുന്നു. ആദ്യമായിരുന്നു അങ്ങനൊരു കാഴ്ച്ച. തിടുക്കം കൂട്ടുന്ന സെക്കന്റ് സൂചിയും ബലം പിടിച്ചിരിക്കുന്ന മിനുട്ട് സൂചിയും. വെറും കാഴ്ച്ച കൊണ്ട് കൗതുകവും ആശ്ചര്യവും ശമിച്ചില്ല. കണ്ണുകൾ സമയത്തെ തൊട്ടിട്ടു വരാൻ കൈകളോട് ആജ്ഞാപിച്ചു. കൈകൾ വിരലുകളെ പ്രലോഭിപ്പിച്ചു. കാലുകളും അതെല്ലാം കേട്ട് അവസരത്തിനൊത്തുയർന്നു. പിന്നെ ഒന്നും ഓർമ്മയില്ല. നിലത്തു വീണ ക്ലോക്ക് പൊട്ടിച്ചിതറി. അരികുവട്ടങ്ങൾ ഇളകിമാറി. മിനുട്ടും സെക്കൻഡും പൊരുത്തപ്പെടാനാവാത്ത വിധം വേർപ്പെട്ട് രണ്ടിടത്തായി മാറിക്കിടന്നു. സമയം മരിച്ചുപോയതുപോലെ. ഒരു നിമിഷം പോലും അവിടെ നിൽക്കാൻ തോന്നിയില്ല.

മാൻപേടയുടെ വേഗതയാണ് കാലുകൾക്ക് എന്ന് അന്നാണ് മനസ്സിലായത്. പൊട്ടിച്ചിതറിപ്പോയ സമയം! ഒരാഴ്ച്ച അതു തന്നെ ഉള്ളിൽ കിടന്നു വെന്തു. അക്കരയും ഇക്കരയും പരസ്പരം കാണാതായി. ചിറ്റപ്പൻ വന്നു വിളിച്ചു. കൂടെ പോയി. അങ്ങോട്ട് നോക്ക്യേ, അത് നന്നാക്കിയിട്ടുണ്ട്. ഫ്രിഡ്ജിന്റെ മുകളിലേക്ക് ചിറ്റപ്പൻ വിരൽ ചൂണ്ടി.
ഏത്? ഞാൻ ചോദിച്ചു.
അന്ന് കുഞ്ഞിന്റെ കൈ തട്ടി താഴെ വീണ ക്ലോക്ക്, ചിറ്റപ്പൻ വാത്സല്യത്തോടെ മുടിയിൽ തഴുകിക്കൊണ്ട് പറഞ്ഞു.
അമൂർത്തമായ ഒന്നിനെ പിടിച്ചുകെട്ടിയത് ഗ്രഹിക്കാനാവാത്ത നിസ്സഹായതയിൽ തല കുനിച്ചുവെങ്കിലും ആ ടിക്ക് ടിക്ക് ശബ്ദം നൽകിയ വീണ്ടെടുപ്പിന്റെ സ്വരം കേട്ടിട്ട് ഞാൻ സമയത്തെ നോക്കി പുഞ്ചിരിച്ചു.
സാൽവദോർ ദാലിക്ക് നന്ദി.
വർഷങ്ങൾക്കു ശേഷം ഒരു ചിത്രക്കാഴ്ചയിലൂടെ ഓർമ്മയിൽ പോലും രജിസ്റ്റർ ചെയ്യാതെ കിടന്ന വളർച്ചയുടെ ഒരേട് കാണിച്ചു തന്നതിന്. അപ്രതീക്ഷിതമായി സംഭവിച്ച ഇങ്ങനെയുള്ള ഓർമ്മകൾ ദാലി ചിത്രങ്ങൾ കണ്ടു പോയവരിൽ സംഭവിച്ചിരിക്കാം. സമയത്തിന്റെയും ആശയങ്ങളുടെയും യാഥാർഥ്യത്തിലേക്ക്, നൈമിഷികതയിലേക്ക് കല ഇറങ്ങിച്ചെല്ലുമ്പോൾ നമുക്ക് ചുറ്റുമുള്ള ലോകം കൂടുതൽ അടുത്തടുത്തു വരുന്നു. നോവലിലും കവിതയിലും സർഗ്ഗാത്മകത സ്ഫുരിക്കുന്ന എന്തിലും അതാണ് സംഭവിക്കുന്നത്. അത്യന്തം ശ്രേഷ്ഠമായ ഒരു ഇഴുകലിൽ അണ്ഡകടാഹം പരിപൂർണ്ണത കണ്ടെത്തുന്നു. സത്യത്തിൽ ദാലിയെന്ന അതുല്യപ്രതിഭയുടെ ചിത്രം (Melting Clock) എന്റെ ഓർമ്മയിലേക്കാണ് ഡൈവ് ചെയ്തിറങ്ങിയത്.







