പകയുടെയും പ്രലോഭനങ്ങളുടെയും കളരി

അരങ്ങിൽ എത്തേണ്ട കലയുടെ സ്വഭാവവും സ്വരൂപവും തീരുമാനിക്കുന്നതിൽ വിദ്യാഭ്യാസപരമായ ഒരു സാധൂകരണവും കാണാനാവില്ല. വിദ്യാർത്ഥികളുടെ സ്വതസിദ്ധമായ സർഗത്മകപ്രകടനം പേരിനുപോലും അവകാശപ്പെടാൻ കഴിയാത്ത വിധത്തിലാണ് അത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലോത്സവവുമായി ബന്ധപ്പെട്ട പണച്ചെലവ് സാമൂഹ്യനീതി ചോദ്യം ചെയ്യപ്പെടുന്ന തരത്തിലായിട്ടുണ്ട്- ഡോ. പി.കെ. തിലക് എഴുതുന്നു.

ലയുടെ ചായം കലരാത്ത ഉത്സവങ്ങളില്ല. മാനവരാശി ഉത്സവലഹരി വാറ്റിയെടുത്തത് കലയുടെ പഴച്ചാറിലാണ്. സകല ചരാചരങ്ങളോടും സ്വന്തം ആത്മബോധത്തോടുമുള്ള ഐക്യപ്പെടലും അനുരഞ്ജനവും കലകളുടെ അന്തസ്സത്തയാകുന്നു. ഇന്നത്തെ പല കലോത്സവങ്ങളും വിദ്വേഷത്തിന്റെയും പകയുടെയും കളിയരങ്ങുകളായിത്തീരുന്നത് എന്തുകൊണ്ടാണ്? കേരളത്തിൽ വർഷാവർഷം അരങ്ങേറുന്ന സ്കൂൾ കലോത്സവങ്ങൾ ഈ ചിന്തയാണ് ഉണർത്തുന്നത്.

നമ്മുടെ നാട്ടിൽ കലാമത്സരങ്ങൾ എന്നതിന് പര്യായമായാണ് കലോത്സവം എന്ന് പ്രയോഗിച്ചുവരുന്നത്. മത്സരപ്രകടനങ്ങൾക്ക് കലോത്സവത്തിന്റെ ചാരുത അവകാശപ്പെടാനാവില്ല. മത്സരങ്ങൾ ആധിപത്യം ലക്ഷ്യം വയ്ക്കുന്നു. അതിനാൽ അവിടെ വാതുവയ്ക്കലും പകയും വിദ്വേഷവുമെല്ലാം സാധാരണമാണ്. ഉത്സവങ്ങൾ ആഹ്ലാദപ്രകടനത്തിന്റെയും ഹർഷോന്മാദത്തിന്റെയും വേദികളാണ്. പങ്കുവയ്ക്കലും ആദരിക്കലും അനുഭവങ്ങൾ കൈമാറലും മാത്രമേ അവിടെ പ്രസക്തമാകുന്നുള്ളൂ.

ഫെസ്റ്റിവൽ എന്ന ഇംഗ്ലീഷ് പദം ചിയർഫുൾ, ജോയ് ഫുൾ എന്നീ അർത്ഥങ്ങളുള്ള ഫെസ്റ്റീവ് എന്ന ലത്തീൻ പദത്തിൽ നിന്നാണ് നിഷ്പന്നമായിരിക്കുന്നത്. എന്നാൽ കോമ്പറ്റീഷൻ എന്ന പദം ശത്രുത, ആധിപത്യത്തിനായി പൊരുതൽ തുടങ്ങിയ അർത്ഥങ്ങൾ പ്രദാനം ചെയ്യുന്നു. മദമാത്സര്യങ്ങളെ ദുർഗുണങ്ങളായാണ് ഭാരതീയർ പരിഗണിച്ചുവരുന്നത്. ഉത്സവങ്ങളാകട്ടെ പ്രഹർഷദായകങ്ങളാണ്. കലാപ്രകടനത്തോടുള്ള സമീപനത്തിലും ഈ വ്യത്യാസം നിലനിൽക്കുന്നു.

കലോത്സവങ്ങളുടെ ചരിത്രം

കേരളത്തിലെ സ്കൂൾ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. ഡൽഹിയിൽ നടന്ന അന്തർ സർവകലാശാല കലോത്സവമാണ് 1956- ൽ കേരള സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കാൻ പ്രചോദനമായിത്തീർന്നത്. തുടക്കത്തിൽഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കലാപ്രതിഭകളെ നേരിട്ട് പങ്കെടുപ്പിച്ച് മത്സരം നടത്തുന്ന രീതിയായിരുന്നു. പിന്നീട് വിപുലമായ മത്സരപരമ്പരയായി ഇത് രൂപാന്തരപ്പെട്ടു. പുതിയ മത്സര ഇനങ്ങൾ കൂട്ടിച്ചേർക്കുകയും മത്സരത്തിന് പൊലിമ കിട്ടാനും ആവേശം പകരാനുമായി സ്വർണക്കപ്പ്, ഘോഷയാത്ര, ഗ്രേസ് മാർക്ക് തുടങ്ങിയവ ഏർപ്പെടുത്തുകയും ചെയ്തു.

ഹയർ സെക്കന്ററി സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായതോടെ പ്രത്യേക ഹയർ സെക്കന്ററി കലോത്സവം നടപ്പിലാക്കുകയും കൂടുതൽ പോയ്ന്റ് നേടുന്ന വിദ്യാർത്ഥികൾക്ക് ഓരോ വർഷവും മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള പ്രൊഫഷൽ സ്ഥാപനങ്ങളിൽ പ്രത്യേക സംവരണം ഏർപ്പെടുത്തുകയും ചെയ്തു. എൻട്രൻസ് പരീക്ഷാ കടമ്പ കടക്കാൻ ബുദ്ധിമുട്ടുള്ളവർക്കുള്ള സമാന്തരപാതയായി ഹയർ സെക്കന്ററി കലോത്സവം ഏറെക്കാലം ആഘോഷിക്കപ്പെട്ടു.

സ്കൂൾ കലോത്സവത്തിൽ കൂടുതൽ പോയന്റ് നേടുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക അംഗീകാരം നൽകുന്ന കലാപ്രതിഭ, കലാതിലകം പട്ടങ്ങൾ പ്രത്യേക ആകർഷണമായി രണ്ട് പതിറ്റാണ്ട് നിലനിന്നു. കുറച്ചു കാലം ചലച്ചിത്രതാരങ്ങളുടെ തിരഞ്ഞെടുപ്പിന് ഇത് പ്രയോജനപ്പെടുത്തിയത് മറ്റൊരു ആനുകൂല്യമായി. എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പൊതുപരീക്ഷകൾക്ക് കലോത്സവ വിജയികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതോടൊപ്പം ഉപരിപഠനത്തിനുള്ള പ്രവേശന മാനദണ്ഡത്തിൽ ബോണസ് പോയിന്റ് നൽകുകയും ചെയ്യുന്ന രീതി വിമർശനങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.

Photo: Satheesans
Photo: Satheesans

അനാരോഗ്യകരമായ മത്സരങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി 2006- ൽ കലാപ്രതിഭ, കലാതിലകം പട്ടങ്ങൾ ഒഴിവാക്കുകയും സംസ്ഥാനതലത്തിൽ മത്സരങ്ങൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകുന്ന രീതിക്കു പകരം ഗ്രേഡിങ് ഏർപ്പെടുത്തുകയും ചെയ്തു. പ്രൊഫഷണൽ കോഴ്സുകൾക്കുള്ള സീറ്റ് സംവരണവും നിർത്തി. കലോത്സവങ്ങളിൽനിന്ന് നേരിട്ട് താരങ്ങളെ കണ്ടെത്തുന്ന രീതി ചലച്ചിത്രപ്രവർത്തകർ ഏറക്കുറെ ഒഴിവാക്കി.

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കം എന്ന് പ്രശസ്തി നേടിയ സ്കൂൾ കലോത്സവം കൂടുതൽ ആകർഷകമാക്കാൻ കാലാകാലങ്ങളിൽ കൂട്ടിച്ചേർത്ത പരിഷ്കാരങ്ങൾ അതിരു കടന്നു എന്ന തോന്നൽ കൊണ്ടാവാം ആനുകൂല്യങ്ങളിലും ചടങ്ങുകളിലും മിതത്വം കൊണ്ടുവരാനുള്ള ശ്രമം ഒരു ഭാഗത്ത് നടന്നുവരുകയാണ്. മറുഭാഗത്ത് മത്സരങ്ങൾക്ക് വീറും വാശിയും വർദ്ധിപ്പിച്ച് സ്ഥാപനങ്ങളുടെയും പരിശീലകരുടെയും മേൽകൈ നിലനിർത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും മുന്നേറുന്നു. രണ്ടിനെയും അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്.

കേരളത്തിലെ സ്കൂൾ കലോത്സവം മറ്റു സംസ്ഥാനങ്ങൾക്കും രാജ്യത്തിനുതന്നെയും മാതൃകയായിട്ടുണ്ട്. കേരളത്തിലെ കലോത്സവമാതൃക നേരിട്ട് കണ്ട് മനസ്സിലാക്കാനും തങ്ങളുടെ സംസ്ഥാനത്ത് സമാനരീതിയിൽ കലോത്സവം നടപ്പിലാക്കാനും ചില സംസ്ഥാനങ്ങൾ മുൻകൈ എടുത്തിട്ടുണ്ട്. സി.ബി.എസ്.സി. കലോത്സവത്തിന് മാതൃകയായിട്ടുള്ളതും കേരള മാതൃകതന്നെ.

പലതരം പ്രലോഭനങ്ങളുടെ ഉത്സവം

സ്കൂൾ തലം, ഉപജില്ലാ തലം, റവന്യു ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ വിവിധ തട്ടുകളിലായാണ് കേരളത്തിലെ സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നത്. ഇതിൽ ഓരോ തലത്തിലും കടുത്ത മത്സരം നടക്കുന്ന ഇനങ്ങളുണ്ട്.

ഓരോ തലത്തിലും ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിക്കുന്നവർക്കു മാത്രമേ അടുത്ത തലത്തിൽ മത്സരിക്കാൻ കഴിയുകയുള്ളൂ. സംസ്ഥാന തലത്തിൽഒന്നും രണ്ടും സ്ഥാനങ്ങൾ ഇല്ലെങ്കിലും മറ്റു തലങ്ങളിൽ അത് അനിവാര്യമാണ്. തങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിക്കാത്തത് ജഡ്ജ്മെന്റിലെ പിഴവുകൊണ്ടാണെന്നും അതിനാൽ അടുത്ത തലത്തിൽ മത്സരിക്കാൻ അനുവാദം വേണമെന്നും ആവശ്യപ്പെട്ട് ധാരാളം അപ്പീലുകൾ ഓരോ തലത്തിലും ഉണ്ടാകുന്നു. അങ്ങനെ അപ്പീലുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ മത്സരത്തിന് എത്തുന്നവർ മത്സരരാവുകളെ വെളുപ്പിക്കുന്നു.

കേരളത്തിലെ സ്കൂൾ കലോത്സവം മറ്റു സംസ്ഥാനങ്ങൾക്കും രാജ്യത്തിനുതന്നെയും മാതൃകയായിട്ടുണ്ട്.
കേരളത്തിലെ സ്കൂൾ കലോത്സവം മറ്റു സംസ്ഥാനങ്ങൾക്കും രാജ്യത്തിനുതന്നെയും മാതൃകയായിട്ടുണ്ട്.

ജഡ്ജ്മെന്റിനെ കുറ്റപ്പെടുത്തുന്ന അപ്പീലുകൾ പരിഗണിക്കേണ്ടതില്ലെന്ന് സംസ്ഥാനത്തെ പരമോന്നത കോടതി തീരുമാനമെടുത്തതോടെ സൗണ്ട് സിസ്റ്റം, കർട്ടൻ, സ്റ്റേജ് എന്നിങ്ങനെ അചരങ്ങളുടെ മേൽ കുറ്റാരോപണം നടത്തുന്ന അപ്പീലുകൾ കോടതിക്കുമുന്നിലെത്തുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാത്രം കണ്ടുവന്നിരുന്ന ഈ പ്രവണത സി.ബി.എസ്.സി. കലോത്സവത്തിലേക്കും വ്യാപിച്ചത് നമ്മുടെ കലോത്സവത്തിന്റെ സ്വാധീനം വെളിപ്പെടുത്തുന്നു.

കേരളത്തിൽ കലോത്സവങ്ങളുടെ കാലം ആരംഭിക്കുന്നത് സെപ്റ്റംബറിലാണ്. ഫെബ്രുവരി മാസത്തോളം അത് നീളും. ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നതോടെ കലാപരീശീലകരും കരാറുകാരും പെട്ടിമുറുക്കി പുറപ്പെടുകയായി. ഓരോ സ്കൂളിലും തുക പറഞ്ഞ് ഉറപ്പിച്ച് സമാന്തരപാഠ്യപദ്ധതി നടപ്പിലാക്കാൻ ആരംഭിക്കും. ചില വിദ്വാന്മാർ അധ്യയനവർഷാരംഭം മുതൽ പണിതുടങ്ങുന്നതായും പറഞ്ഞുകേട്ടിട്ടുണ്ട്. ഓരോ തലത്തിലും ജഡ്ജ്മെന്റിൽ ഇവരുടെ ഇടപെടൽ ഉണ്ടാവും. ഇവരുടെ യുക്തിക്കു നിരക്കാത്തത് എന്തെങ്കിലും ജഡ്ജ്മെന്റിൽ ഉണ്ടായാൽ ജീവാപായം വരെ‍ എന്തും സംഭവിക്കാം. ജഡ്ജിമാരുടെ പക്ഷഭേദം, ദുസ്വാധീനം, ജഡ്ജിമാരുടെ യോഗ്യതക്കുറവ് തുടങ്ങി എന്തും ആരോപണവിഷയമാവാം. വിലയിരുത്തുന്ന കലാവിഭാഗത്തിൽ സർവകലാശാലാ ബിരുദം, അവാർഡുകൾ, തൊഴിൽ പരിചയം, പാരമ്പര്യം തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് വിധികർത്താക്കൾ യോഗ്യരാണോ എന്ന് തീരുമാനിക്കുന്നത്. ഇത്തരം യോഗ്യതകൾ മത്സരാരംഭത്തിൽ സംഘാടകർ വിളംബരം ചെയ്യാറുണ്ട്. മേല്പറഞ്ഞ ബിരുദങ്ങൾ കലാപരിശീലകർക്ക് ഉണ്ടാകണമെന്ന് നിഷ്കർഷിക്കാം. എന്നാൽ ഒരു കലാപ്രകടനം ആസ്വാദ്യമാണോ എന്ന് പറയേണ്ടത് അതിൽ സാങ്കേതികപരിശീലനം ഒന്നും സിദ്ധിച്ചിട്ടില്ലാത്ത സാധാരണ കലാസ്വാദകരല്ലേ. നിയമങ്ങളും നിബന്ധനകളും കല ആസ്വാദ്യമാക്കുന്നതിന് കലാപ്രവർത്തകർ പിന്തുടരുന്ന മാർഗങ്ങൾ മാത്രമാണ്. ആസ്വാദകരെ സംബന്ധിച്ച് കല തങ്ങളെ എത്രത്തോളം സ്വാധീനിച്ചു എന്നത് മാത്രമാണ് വിഷയം. എല്ലാ മികച്ച കലകളുടെ കാര്യത്തിലും അതുതന്നെയാണ് ആത്യന്തിക വിധി. നിയമങ്ങളും വ്യവസ്ഥകളുമെല്ലാം കിറുകൃത്യമായി പാലിച്ച് നടത്തിയ സംഗീതാലാപനം കേൾവിക്കാരെ മുഷിപ്പിക്കുകയും നിദ്രയിലാഴ്ത്തുകയും ചെയ്യുന്നതാണെങ്കിൽ എങ്ങനെ മികച്ചതാവും? നല്ല ഗാനാലാപം നടത്തി രാജാവിൽനിന്ന് പട്ടും വളയും വാങ്ങിയയാൾ നല്ല ആസ്വാദകനാവുമെന്ന് എന്താണ് ഉറപ്പ്?

ഈ മറുചോദ്യത്തിന് എന്നും സാധ്യതയുണ്ട്. കലയെ സംബന്ധിച്ച് നല്ല പരിശീലകരോ നല്ല പ്രയോക്താവോ നല്ല ആസ്വാദകരായിക്കൊള്ളണമെന്നില്ല. കലാസ്വാദനത്തിന് അതിര് നിശ്ചയിക്കാനാവില്ല. കഥകളിക്ക് ആസ്വാദകർ കുറയാനുള്ള കാരണം അതാവാം. ആസ്വാദനത്തിനുപിന്നിലെ ജന്മാന്തരസൗഹൃദത്തെക്കുറിച്ച് ഭാരതീയ കാവ്യശാസ്ത്രം ഏറെ വാചാലമാകുന്നുണ്ട്.

മറ്റ് ഏത് മത്സരത്തെക്കാളും അപഹാസ്യവും നിന്ദ്യവുമാണ് കലാമത്സരം. അജ്ഞാതരും അദൃശ്യരുമായ ആസ്വാദകരെയാണ് എല്ലാ കലകളും തേടുന്നത്. അക്കാദമിക വിദഗ്ധരുടെ വിധിയെഴുത്തിലൂടെ അതിനെ കുഴിച്ചുമൂടാനാവില്ല. മത്സരാർത്ഥികൾ കലയെ സമീപിക്കുന്നത് ലാഭാർത്തിയോടെയാണ്. സാധനയോ സമർപ്പണമോ അവർ ആഗ്രഹിക്കുന്നില്ല. മത്സരവേദി വിട്ടിറങ്ങിയാൽ തന്നെ തുണച്ച കലയെ അവജ്ഞയോടെ അവർ നോക്കുന്നു. അത് തന്റെ സ്വത്വത്തിന്റെ ഭാഗമല്ലെന്ന് ഉറക്കെ വിളിച്ചുപറയാൻ അവർ വെമ്പുന്നു.

മത്സരവേദിയിൽ ഒരാളെ കലാപ്രകടനത്തിന് എത്തിക്കുന്നത് പലതരം പ്രലോഭനങ്ങളാണ്. രക്ഷിതാക്കളുടെയോ അധ്യാപകരുടെയോ പ്രേരണ, സമസംഘങ്ങൾക്കിടയിൽ പെട്ടെന്ന് അംഗീകാരം പിടിച്ചുപറ്റാനുള്ള തന്ത്രം, ഗ്രേസ് മാർക്കും ബോണസ് പോയിന്റും പോലുള്ള ആകർഷണങ്ങൾ തുടങ്ങി കലാഭിരുചിയിൽനിന്ന് തികച്ചും ഭിന്നമായ ഘടകങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സാമൂഹികമായും വൈകാരികമായും കൊടിയ ദുരന്തം ഇത്തരം മത്സരങ്ങൾ വിതയ്ക്കുന്നു.

ആചാരമായി മാറാതിരിക്കാൻ എന്തുചെയ്യണം?

കലയും സാഹിത്യവും പോലുള്ള 'പ്രയോജനപ്രദമല്ലാത്ത' വിഷയങ്ങളെ പാഠ്യപദ്ധതിക്ക് പുറത്തുനിർത്തണമെന്ന് വാദിക്കുന്ന ഒരു കൂട്ടരുണ്ട്. കലയുടെ പേരിൽ നൽകുന്ന എല്ലാ ആനുകൂല്യങ്ങളെയും അവർ അടിമുടി എതിർക്കുന്നു. വിദ്യാഭ്യാസം നേരിട്ടുള്ള പ്രയോജനം ലക്ഷ്യമാക്കി ആയിരിക്കണമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. സഹാനുഭൂതി പോലുള്ള വികാരങ്ങളും മൂല്യങ്ങളും സംസ്കാരവും ആചാരങ്ങളും പഠിക്കാൻ മത /സമുദായ സ്ഥാപനങ്ങളെ ആശ്രയിച്ചാൽ മതി. ജീവിക്കാൻ വേണ്ട ആയോധനം ശാസ്ത്രാദികളിൽ നിന്നുതന്നെ ലഭിക്കണം.

ഭാഷ ആശയവിനിമയതന്ത്രങ്ങൾ പരിശീലിക്കാനുള്ള ആയുധശാലയാണ്. സാക്ഷരത, സംഖ്യാജ്ഞാനം എന്നിവയിൽ തുടങ്ങി തൊഴിൽ പരിശീലനത്തിൽ എത്തിനിൽക്കുന്ന ഒരു കർമ്മപദ്ധതി അവർക്ക് മുന്നോട്ടുവയ്ക്കാനുണ്ട്. ദേശിയ വിദ്യാഭ്യാസ നയം 2020 തന്നെ അതിന്റെ സാക്ഷ്യപത്രമാണ്. ലോകത്തെ മുന്നണി രാജ്യങ്ങളെല്ലാം അതിന്റെ വക്താക്കളാണ്. പ്രായോഗികമായി ചിന്തിക്കാൻ ശീലിക്കുക എന്നതാണ് അവരുടെ മുദ്രാവാക്യം. സാങ്കേതികവിദ്യയ്ക്ക് അടിമപ്പെടാൻ ഈ വിദ്യാഭ്യാസം സഹായകമാണ്. എന്നാൽ സാങ്കേതികവിദ്യയെ കീഴ്പ്പെടുത്താൻ കല ആത്മാവായ വിദ്യാഭ്യാസമാണ് വേണ്ടത്. കല മാറി ചിന്തിക്കാനും മറിച്ചു ചിന്തിക്കാനും ചോദ്യം ചോദിക്കാനുമെല്ലാം പ്രേരിപ്പിക്കുന്നു. പുതിയ സൗന്ദര്യബോധവും നവംനവങ്ങളായ മൂല്യചിന്തയും അത് ഉയർത്തുന്നു.

വിദ്യാർത്ഥികളുടെ അഭിരുചികൾ പ്രദർശിപ്പിക്കുന്നതിനും നൈപുണികൾ പങ്കുവയ്ക്കുന്നതിനും കൂട്ടായ പ്രവർത്തനങ്ങളിലൂടെ സർഗാത്മകകർമങ്ങളിൽ ഏർപ്പെടുന്നതിനും വിദ്യാർത്ഥികൾ കൈവരിച്ച നേട്ടങ്ങൾ സമൂഹവുമായി പങ്കുവയ്ക്കുന്നതിനും സഹായകമായ വേദികൾ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിവിധ തലങ്ങളിൽ ഒരുക്കേണ്ടതുണ്ട്.

മത്സരത്തിനു പകരം സഹകരണത്തിന്റെയും സഹവർത്തിത്വത്തിന്റെയും രീതിശാസ്ത്രമാണ് ഇവിടെ പ്രയോജനപ്പെടുത്തേണ്ടത്. വരുംതലമുറയെ ശക്തിപ്പെടുത്തുന്നതിൽ നിതാന്തശ്രദ്ധ പതിപ്പിക്കുന്ന രാജ്യങ്ങൾ വിദ്യാഭാസത്തെ സമീപിക്കുന്നത് ഈ നിലയിലാണ്. ഇന്ന് ഏറെ ലോകശ്രദ്ധ ആകർഷിച്ചുവരുന്ന ഫിൻലാന്റിലെ സ്കൂളുകളിൽ കലാവിദ്യാഭ്യാസത്തിനും കുട്ടികളുടെ സർഗാത്മകതയ്ക്കും മുന്തിയ പരിഗണന നൽകുന്നു.

കൃത്യമായ ഘട്ടങ്ങളിലൂടെയാണ് കലോത്സവം നടപ്പിലാക്കുന്നത്. പാഠ്യപദ്ധതിയുടെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കലോത്സവത്തിന്റെ പ്രമേയം തീരുമാനിക്കുന്നു. അധ്യാപകരുടെ മാർഗനിർദ്ദേശത്തോടെ കലാപ്രവർത്തനങ്ങൾ നിർവഹിക്കുന്ന തരത്തിൽ പ്രോജക്ട് പ്രവർത്തനം ആസൂത്രണം ചെയ്യുന്നു. പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ കാലയളവ് നിശ്ചയിക്കുന്നു. എല്ലാവരുടെയും പങ്കാളിത്തം, സമൂഹത്തിന്റെ പിന്തുണ, ക്ലാസ് തലത്തിലും സ്കൂൾ തലത്തിലുമുള്ള പ്രദർശനങ്ങൾ, സഹപാഠികളുടെ വിലയിരുത്തൽ, അധ്യാപകരുടെ നിരീക്ഷണങ്ങൾ, സ്വയം വിലയിരുത്തൽ, സമൂഹത്തിന്റെ ആസ്വാദനം ലക്ഷ്യമാക്കിയുള്ള പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്. ഷോപ്പിങ് മാളുകൾ, പൊതു ലൈബ്രറികൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ വിദ്യാർത്ഥികളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നു. ഇതിന്റെ ഭാഗമായാണ് പ്രശസ്തിപത്രവും അംഗീകാരങ്ങളും വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഈ പ്രക്രിയയിൽ ഒരു കുട്ടിയും പിന്തള്ളപ്പെടുന്നില്ല.

നമ്മുടെ കലോത്സവങ്ങളെ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കാൻ പര്യാപ്തമായ ഘടകങ്ങൾ ഏറെയൊന്നും ഇല്ലെന്നുതന്നെ പറയാം. വിദ്യാർത്ഥികൾ ഇവിടെ ഉപകരണങ്ങളോ നിഷ്ക്രിയ കാഴ്ചക്കാരോ മാത്രമാണ്. സ്കൂൾ തലം മുതൽ അധ്യാപകർക്കും പ്രൊഫഷണൽ കലാപരിശീലകർക്കുമാണ് ആധിപത്യം. അരങ്ങിൽ എത്തേണ്ട കലയുടെ സ്വഭാവവും സ്വരൂപവും തീരുമാനിക്കുന്നതിൽ വിദ്യാഭ്യാസപരമായ ഒരു സാധൂകരണവും കാണാനാവില്ല. വിദ്യാർത്ഥികളുടെ സ്വതസിദ്ധമായ സർഗത്മകപ്രകടനം പേരിനുപോലും അവകാശപ്പെടാൻ കഴിയാത്ത വിധത്തിലാണ് അത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലോത്സവവുമായി ബന്ധപ്പെട്ട പണച്ചെലവ് സാമൂഹ്യനീതി ചോദ്യം ചെയ്യപ്പെടുന്ന തരത്തിലായിട്ടുണ്ട്.

ഉപജില്ലാ കലോത്സവം മുതൽ അധ്യാപകസംഘടനകളുടെ ആധിപത്യം ആരംഭിക്കുന്നു. സംഘടനകൾ ചേർന്നുള്ള പലതരം മുന്നണികൾ, സംഘാടനവുമായി ബന്ധപ്പെട്ട കമ്മറ്റികൾ, പണപ്പിരിവ്, സദ്യയൊരുക്കൽ, പത്രാസുകാട്ടൽ, സ്വാധീനിക്കലുകൾ ഇങ്ങനെ പോകുന്നു കലോത്സവകോലാഹലം. ഇതിൽ എവിടെയും വിദ്യാർത്ഥികളും വിദ്യാഭ്യാസവുമില്ല. പൊരിവെയിലിൽ കുട്ടികളെ വേഷം കെട്ടിച്ച് നിർത്തി സംഘാടകർ പ്രതാപം പ്രകടിപ്പിക്കുന്നു. ഘോഷയാത്ര മത്സരമാക്കിയതോടെ സ്കൂളുകൾ അതിനായി പ്രത്യേകം കോപ്പുകൂട്ടുന്നു. സംസ്ഥാന കലോത്സവത്തിന് വിദ്യാഭ്യാസവകുപ്പിൽ ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്. സംസ്ഥാനത്തെ ഭരണനേതൃത്വങ്ങൾക്ക് തരാതരം സിംഹാസനങ്ങൾ ഒരുക്കപ്പെടുന്നതിലൂടെ ചോദ്യം ചെയ്യപ്പെടാനാകാത്ത ആചാരമായി മേള മാറുന്നു. പതാക ഉയർത്തൽ, പന്തലിന് കാൽ നാട്ടൽ, മഹാസമ്മേളനം, പ്രാർത്ഥനാ ചടങ്ങുകൾ തുടങ്ങിയവയെല്ലാം അതാണ് വെളിപ്പെടുത്തുന്നത്.

പാഠ്യപദ്ധതിയിൽ മാറ്റം വന്നതിന്റെ തുടർച്ചയായി 2006- ൽ കലോത്സവത്തിൽ ഗ്രേഡിങ് ഏർപ്പെടുത്തുകയും കലാപ്രതിഭ, കലാതിലകം ബഹുമതികൾ ഉപേക്ഷിക്കുകയും ചെയ്തു. ഇതൊന്നും മത്സരത്തെയും ആചാരങ്ങളെയും കാര്യമായി ബാധിച്ചില്ല. ഉദ്ഘാടനവും സമ്മാനദാനവും പ്രഖ്യാപനവുമെല്ലാം ജനാധിപത്യ സാമ്രാജ്യത്തിലെ ചക്രവർത്തിമാരുടെ അട്ടിപ്പേറായി തുടരുന്നതിനാൽ മറ്റെന്തിലും ഉപരി ചടങ്ങുകൾ പ്രധാനമായിത്തീരുന്നു. എസ്.എസ്.എൽ.സി. റാങ്ക് പ്രഖ്യാപനം നിർത്തലാക്കിയതോടെ ഓരോ വർഷവും റാങ്ക് നൽകുന്നില്ലെന്നുള്ള 'പ്രഖ്യാപന'ത്തിന് ഡർബാർ ഹാൾ വേദിയാകുന്നത് മറ്റൊരു ഉദാഹരണം.

കൃത്രിമമായ അഭിരുചികളാണ് കലോത്സവങ്ങളിൽ വിളയിക്കുന്നത്. ഉത്സവപ്പന്തലിലെ വാഴക്കുല പോലെ മറ്റെവിടെനിന്നോ കൊണ്ടുവന്ന് അവയെ പ്രതിഷ്ഠിക്കുന്നു. ചടങ്ങ് കഴിയുന്നതോടെ ചവറ്റുകൊട്ടയിലേക്ക് മാറ്റുകയും ചെയ്യുന്നു. കലാപ്രതിഭ- തിലകം പട്ടങ്ങൾ നിലനിന്നിരുന്ന കാലത്ത് പോയിന്റ് തികയ്ക്കാൻ തീരെ പരിചയമില്ലാത്ത ഒരു കലയിൽ പയറ്റിയ സംഭവങ്ങൾവിദ്യാർത്ഥികൾതന്നെ അഭിമുഖങ്ങളിൽ പറഞ്ഞത് ഓർക്കാവുന്നതാണ്. ഇത്തരം അനുഭവങ്ങൾ ജീവിതത്തോടുള്ള വിദ്യാർത്ഥികളുടെ സമീപനത്തെത്തന്നെ ബാധിക്കുന്നു. നമ്മുടെ പരീക്ഷകളുടെ സ്വഭാവവും സമാനരീതിയിലുള്ളതാണ്. പരീക്ഷ കഴിഞ്ഞാൽ പാഠം മറക്കുന്നു, ചിലർ വെറുക്കുന്നു.

വിദ്യാഭ്യാസത്തോട് നീതി പുലർത്തുന്ന തരത്തിൽ കലോത്സവങ്ങളെ മാറ്റിത്തീക്കുന്നതിനുള്ള പരിശ്രമം അനിവാര്യമായിത്തീർന്നിരിക്കുന്നു. സ്കൂൾ കലോത്സവത്തിലെ നിഷ്ക്രിയ ഘടകമായ സ്കൂളിനു പകരം വിദ്യാഭ്യാസം എന്ന് ചേർക്കണം. 'വിദ്യാഭ്യാസ കലോത്സവ'ത്തിലെ പൂർവപദത്തിനാവണം ഊന്നൽ. പഠനത്തിന്റെ പ്രധാന മാധ്യമമായി കലകൾ മാറണം. പാഠ്യപദ്ധതിയിൽ നിന്ന് പ്രമേയങ്ങൾ തിരഞ്ഞെടുത്ത് കലാപ്രവർത്തനങ്ങളിൽ ഏർപ്പെടണം. അധ്യാപകരും വിദ്യാർത്ഥികളും സംയുക്തമായാണ് ഈ പ്രക്രിയയിൽ ഏർപ്പെടേണ്ടത്. ഒരു കുട്ടിയും മാറ്റിനിർത്തപ്പെടരുത്. വ്യവസ്ഥാപിത കലകൾക്ക് പൊതുവെ വഴക്കം കുറവായിരിക്കും. അതിനാൽ പുതിയ കലാമാതൃകകൾ പരീക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യം നൽകണം.

പരസ്പര വിലയിരുത്തലിലൂടെയും ആത്മപരിശോധനയിലൂടെയും അധ്യാപകരുടെ നിരീക്ഷണങ്ങളിലൂടെയും സമൂഹത്തിന്റെ ആസ്വാദനത്തിലൂടെയും കലാപരമായ വിദ്യാഭ്യാസത്തിന് അംഗീകാരവും പ്രോത്സാഹനവും ഉറപ്പുവരുത്തണം. കേരളത്തിലെ പൊതുവിദ്യാഭ്യാസം ആവശ്യപ്പെടുന്ന അനിവാര്യമായി മാറ്റത്തിലെ പ്രധാന കണ്ണിയായി ഇത് മാറേണ്ടതുണ്ട്.


Summary: Kerala School Kalolsavam should not encourage competition. Dr. PK Thilak writes about the unhealthy practices in arts festivals.


ഡോ. പി.കെ. തിലക്​

എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസറായിരുന്നു. കഥാ പഠനങ്ങൾ, കവിതാ പഠനങ്ങൾ, കലാപഠനങ്ങൾ എന്നീ മൂന്ന്​ ഭാഗങ്ങളുള്ള പുസ്​തകസെറ്റും തട്ടകപ്പോരിമ എന്ന പുസ്​തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments