എന്റെ നൃത്തസ്​നാനങ്ങൾ

ശാസ്ത്രീയനൃത്തം അഭ്യസിച്ചിട്ടില്ലാത്ത എന്നെ നൃത്തസ്നാനം ചെയ്യിച്ചവരിൽ പത്മിനിയും രാഗിണിയും ഉഷാകുമാരിയും ലക്ഷ്മിയും ജയപ്രദയും ഉണ്ണിമേരിയും മുതൽ തെന്നിന്ത്യയിലെ താരറാണികൾ എല്ലാമുണ്ട്.

‘‘വാരായോ വെണ്ണിലവേ
കേളായോ എങ്കൾ കതയേ
വാരായോ വെണ്ണിലവേ…’’

ഴയകാല തിയേറ്ററിലെ ഇരുട്ടിനെ തുളച്ച് ഓലക്കീറുകൾക്കിടവഴി വരുന്ന സൂര്യരശ്മിയുടെ മിന്നായങ്ങൾക്കിടയിലൂടെ കണ്ട അഴകുറ്റ നൃത്തരംഗങ്ങൾ തന്നെയാണ് കൗമാരക്കാഴ്ചകളിലെ സിനിമ എന്ന മായക്കാഴ്ചയിലേക്കുള്ള ആദ്യ ആകർഷണം. കുളക്കടവിലേക്ക് നൃത്തച്ചുവടുകൾ വെച്ചും പാട്ടുപാടിയും പോകുന്ന താരസുന്ദരിമാരെ കണ്ടു മോഹിച്ച് അടച്ചിട്ട കുളിമുറികൾ നൃത്തക്കടവുകളാക്കിയിട്ടുണ്ട് ഞാൻ. 

‘‘തങ്കപ്പവൻ കിണ്ണം താളമാടി
താളത്തിനൊത്തൊരു പാട്ടു പാടി…’’

ബാല്യകാലത്ത് ഞാൻ കുളിമുറിയിൽ പുനരാവിഷ്കരിക്കാത്ത ഏതു നൃത്ത രംഗമാണുള്ളത്! ശാസ്ത്രീയനൃത്തം അഭ്യസിച്ചിട്ടില്ലാത്ത എന്നെ നൃത്തസ്നാനം ചെയ്യിച്ചവരിൽ പത്മിനിയും രാഗിണിയും ഉഷാകുമാരിയും ലക്ഷ്മിയും ജയപ്രദയും ഉണ്ണിമേരിയും മുതൽ തെന്നിന്ത്യയിലെ താരറാണികൾ എല്ലാമുണ്ട്. വീരനായിക ഉണ്ണിയാർച്ചയും ശൃംഗാരരൂപിണി ശ്രീപാർവ്വതിയും വരെ എന്റെ വീട്ടിലെ കുളിമുറിയിൽ നൃത്തം ചെയ്യുകയും കുളിക്കുകയും ചെയ്തു. 

‘‘അല്ലിയോടം നിറച്ചെണ്ണയുണ്ടോ
അഞ്ചിലത്താളി പറിച്ചിട്ടുണ്ടോ …
അടിമുണ്ടും മേൽമുണ്ടും അഴിച്ചുമാറ്റുമ്പോൾ അരയ്ക്കു ചുറ്റാനുള്ള കച്ചയുണ്ടോ’’
എന്ന് നായികയുടെ ചോദ്യത്തിന് നൃത്തച്ചുവടുകളുമായി സഖിമാർ ഉത്തരം നൽകും.

‘‘എണ്ണയുണ്ടഞ്ചിലത്താളിയുണ്ട് …
പൊന്നിൻ കസവുള്ള കച്ചയുണ്ട്…’’

എന്റെ കുളിമുറിക്ക് കുഞ്ചാക്കോയുടെ സ്റ്റുഡിയോ സെറ്റിന്റെ പ്രതാപം…
എന്റെ കൗമാരശരീരത്തിന് വിജയശ്രീയുടെ മാദകവടിവുകൾ…
ചുറ്റിനും അർദ്ധനഗ്ന സുന്ദരികൾ…
കാറ്റിൽ തൈലഗന്ധം,
നീറ്റിൽ പൊന്നു ചന്തം!

‘പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ’ എന്ന നൃത്തരംഗത്തിൽ ലക്ഷ്മി

ഷവറിനു കീഴിൽ ശരീരത്തെ പരമാവധി തണുപ്പിക്കുമ്പോൾ എനിക്ക് ഏറ്റവും പാടാനിഷ്ടമുള്ള ഒരു ഗാനമുണ്ട്. അത്, 'പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ ' എന്ന വയലാർ ഗാനമാണ്. “അനങ്ങുമ്പോൾ കിലുങ്ങുന്നൊരരഞ്ഞാണവും മെയ്യിൽ നനഞ്ഞ പൂന്തുകിൽ മൂടുമിളം നാണവും
വലംപിരിശംഖിനുള്ളിൽ ജലതീർഥവും
കേളീ നളിനത്തിൽ നിറയുന്ന മധുബിന്ദുവും തന്ന് പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ”
വിശ്വാമിത്ര മഹർഷിയെ വശീകരിക്കാനെത്തുന്ന മേനകയുടെ വേഷത്തിൽ ലക്ഷ്മിയുടെ അതീവ സുന്ദരമായ നൃത്തമാണ് അത്.

സത്യത്തിൽ പെണ്ണ് സ്വന്തം ശരീരസൗന്ദര്യത്തെ മതി മറന്ന് വർണ്ണിക്കുന്ന ഒരു പാട്ട് മലയാളത്തിൽ ഇതുപോലെ വേറെയില്ല.

പതിന്നാലു ലോകങ്ങൾക്കും പ്രിയമോഹിനി
കണ്ട് മുനിമാരും മയങ്ങുന്ന വരവർണ്ണിനീ
അരയന്നനട നടന്ന് അരികിൽ വരാം തങ്ക –
ത്തിരുമെയ്യിൽ അണിയിക്കാം ഹരിചന്ദനം”

സെൽഫികളിൽ സ്ത്രീകൾ അഭിരമിച്ചു തുടങ്ങുന്ന സൈബർ കാലത്തിനെത്രയോ മുൻപ് എന്നിലെ പെൺകുട്ടിയെടുത്ത സെൽഫിയാണ് ഈ ഗാനവും നൃത്തവും. 

‘ഡ്രീം ഗേൾ ഡ്രീം ഗേൾ’, ഹേമമാലിനിയുടെ നൃത്തം

ജീവിതത്തിന്റെ സ്വകാര്യമണ്ഡലങ്ങളിൽ നൃത്തം സ്വപ്നം കാണുന്നവരെത്ര പേരുണ്ട് എന്നറിയില്ല. എന്നാൽ, സിനിമ എന്ന 'പൊതുകാഴ്ച'യിൽ നൃത്തമുണ്ട്. ‘ഡ്രീം ഗേൾ ഡ്രീം ഗേൾ’ എന്ന് ഹേമമാലിനി നൃത്തം ചെയ്തൊഴുകിയിറങ്ങിവരുന്ന ദൃശ്യം വർഷങ്ങൾക്കിപ്പുറവും സുവ്യക്തമാണ്. സിനിമയിലൂടെയായിരുന്നു എന്നെപ്പോലുള്ള പലരുടെയും നൃത്ത പരിശീലനം. വൈലോപ്പിള്ളിയുടെ നർത്തകി എന്ന കവിത മാത ഹാരി എന്ന നർത്തകിയുടെ പ്രലോഭനീയമായ  നൃത്തം മനുഷ്യ മനസ്സിലുണർത്തിയ ജീവിതകാമനകളെക്കുറിച്ചാണ്. സിനിമയിൽ എത്രയെത്ര മാതഹാരിമാർ തങ്ങളുടെ ജീവിതം കൊണ്ട് ആട്ടമാടുകയും മറ്റു മനുഷ്യരുടെ ജീവിതചോദനകളെ ആകെ ഉന്മത്തമാക്കുകയും ചെയ്തു!

കറുത്തു കരുത്തുറ്റ ശരീരവുമായി കനകദുർഗ്ഗ വന്യമായ ഒരാസക്തിയായി മാറിയത് ചടുലവേഗത്തിലായിരുന്നു. സിനിമയിൽ മികച്ച നൃത്തരംഗങ്ങൾ ഒന്നും അവതരിപ്പിക്കാൻ അവസരം കിട്ടിയിരുന്നില്ല കനകദുർഗ്ഗക്ക്.

നെല്ല് എന്ന ചിത്രത്തിലെ കുറുമാട്ടിയായി വന്ന കനകദുർഗ്ഗ,  ‘മാറിലൊരു പിടി ചൂടൊണ്ടോ’ എന്ന്  ഉറക്കെ വിളിച്ചു ചോദിച്ച്​ കാടാകെ ആൺചൂടു തേടി ആടിപ്പാടി നടന്നു. കല്യാണപ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന കന്മദപ്പൂവും കണ്ണൻപൂവും തേടി നടന്നു. കനകദുർഗ്ഗയുടെ കാമം വഴിഞ്ഞൊഴുകുന്ന കണ്ണുകളും പ്രലോഭനീയമായ നുണക്കുഴികളും കുറുമാട്ടിയുടെ ആസക്തികൾക്കിണങ്ങുന്നതായിരുന്നു. കറുത്തു കരുത്തുറ്റ ശരീരവുമായി കനകദുർഗ്ഗ വന്യമായ ഒരാസക്തിയായി മാറിയത് ചടുലവേഗത്തിലായിരുന്നു. സിനിമയിൽ മികച്ച നൃത്തരംഗങ്ങൾ ഒന്നും അവതരിപ്പിക്കാൻ അവസരം കിട്ടിയിരുന്നില്ല കനകദുർഗ്ഗക്ക്. അവർ മികച്ച നർത്തകിയാണോ എന്നൊന്നും അന്വേഷിച്ചിട്ടോ അറിഞ്ഞിട്ടോ ആയിരുന്നില്ല, കനകദുർഗ്ഗയുടെ നൃത്തം കാണാനായി ആളുകൾ അന്നത്തെ ഉത്സവപ്പറമ്പുകളിലേക്ക് ഇരമ്പിക്കയറിയത്. ചുട്ടുപഴുത്ത ഒരു കുറുമാട്ടി അന്ന് മലയാളി പുരുഷന്മാരുടെ കാമനകളിൽ കനൽ കോരി നിറച്ചു. അവരുടെ സങ്കൽപങ്ങളിൽ കുറുമാട്ടി നൃത്തം ചെയ്തു.

നെല്ല് എന്ന സിനിമയിൽ കനകദുർഗ

സിനിമയിൽ ഒരവസരം സ്വപ്നം കണ്ട് നൃത്തം പഠിക്കുവാൻ ചേരുകയും സിനിമാമോഹവുമായി കോടമ്പാക്കത്തെ തെരുവോരങ്ങളിൽ ജീവിക്കുകയും ചെയ്യുന്ന പെൺകുട്ടികളെ കുറിച്ചുള്ള ഒരു ഫീച്ചർ 75-76 കാലത്തെ ഒരു ആനുകാലികത്തിന്റെ ഓണപ്പതിപ്പിൽ വന്നിരുന്നു. വടക്കൻപാട്ടു സിനിമകളിലെയും പുണ്യപുരാണ സിനിമകളിലെയും നൃത്തരംഗങ്ങളിൽ നിമിഷനേരത്തേക്ക് മിന്നിമറയുന്ന പല മുഖങ്ങളിൽ ഒന്നായി ഒതുങ്ങാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ. നൃത്തം പെൺകുട്ടികൾക്ക് അന്ന് സിനിമയിലേക്കുള്ള ഒരു മാർഗ്ഗമായിരുന്നു. വൈജയന്തിമാലയും ഹേമമാലിനിയും പത്മിനിയും രാഗിണിയും ശ്രീദേവിയും ഭാനുപ്രിയയും മുതൽ ശോഭനയും മഞ്ജുവാര്യരും വരെയുള്ള നർത്തകികൾക്ക് നൃത്തം വഴി സിനിമ നൽകിയ ഭാഗ്യാനുഭവങ്ങൾ ഇന്നും എത്രയോ പെൺകുട്ടികൾക്ക് നൃത്തത്തിൽ തുടരാനുള്ള പ്രേരണയാണ്. കലാതിലകമാകുക എന്നാൽ സിനിമാതാരമാകുക എന്നൊരു മോഹം കൂടി അതിലടങ്ങുന്നുണ്ട് പലർക്കും. സിനിമ അത്രക്ക് വലിയ പ്രലോഭനമാണ്. അന്നത്തെ ബോംബെ ഡയിങ്ങിന്റെ കലണ്ടറുകൾ കാറ്റത്തിളകുമ്പോൾ ഈ നർത്തകികൾ പ്രേക്ഷകരുടെ മനസ്സിൽ ഇളകിപ്പെയ്തു.

കാവേരിയുടെ കൈവരിയായ യോഗാച്ചി നദിക്കരയിലുള്ള ചെന്നകേശവക്ഷേത്രത്തിലെ ശിൽപഗോപുരങ്ങൾക്കു മുന്നിൽ ‘രാഗം താനം പല്ലവി’ എന്ന എസ്. പി. ബിയുടെ പാട്ടിനനുസരിച്ച് മഞ്ജുഭാർഗ്ഗവി ചെയ്യുന്ന ആ നൃത്തം വർഷമെത്ര കഴിഞ്ഞിട്ടും മറക്കുവാനാകുന്നില്ല.

സംഗീതത്തെ കുറിച്ചും നൃത്തത്തെ കുറിച്ചും ശാസ്ത്രീയമായ അവഗാഹമില്ലാത്ത സാധാരണക്കാരെ പോലും തീയേറ്ററുകളിലേക്ക് ആകർഷിച്ച ചിത്രമാണ് ശങ്കരാഭരണം. മാസങ്ങളോളം തീയേറ്ററുകൾ നിറഞ്ഞുനിന്ന സംഗീത നൃത്ത അനുഭവമായിരുന്നു ശങ്കരാഭരണം. മൊഴിമാറ്റ ചിത്രങ്ങളുടെ ജനപ്രിയ -വാണിജ്യ ചരിത്രത്തെ അട്ടിമറിച്ചുകൊണ്ടാണ് 1980- ൽ ശങ്കരാഭരണം എന്ന തെലുങ്കുചിത്രം മലയാളത്തിലും എത്തുന്നത്. കെ.വി. മഹാദേവന്റെ ഗംഭീരമായ സംഗീതവും മഞ്ജുഭാർഗവി എന്ന നടിയുടെ നൃത്തവും കഥാഗതിയിലെ വൈകാരിക മുഹൂർത്തങ്ങളും ചേർന്ന് ആ അന്യഭാഷാചിത്രം തിയേറ്ററുകളെ ഇളക്കിമറിച്ചു. എൺപതുകളുടെ സാംസ്കാരികവേദികളും ഉത്സവസദസ്സുകളും മഞ്ജുഭാർഗ്ഗവിയുടെ നൃത്തപരിപാടികൾക്കായി വലിയ പ്രതിഫലം നൽകാൻ തയ്യാറായി കാത്തു കിടന്നു. അന്നുവരെ അധികമാരും അറിയാത്ത ഒരു കുച്ചിപ്പുടി നർത്തകി മാത്രമായിരുന്ന ആ കലാകാരി ഒരൊറ്റ സിനിമ കൊണ്ട് കീഴടക്കിയ വേദികൾ അത്ഭുതക്കാഴ്ചയായി. ജനം മഞ്ജു ഭാർഗ്ഗവിയെ കാണാൻ ഇളകി മറിഞ്ഞെത്തി. സവർണ്ണ ജാതിവെറിയുടെ ഇരയായി, ക്ഷേത്രത്തിൽ പ്രവേശനമില്ലാത്ത കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട മഞ്ജുഭാർഗ്ഗവിക്കു മുന്നിൽ ക്ഷേത്രകവാടങ്ങൾ മലർക്കെ തുറന്നുകിടന്നു. ശങ്കരാഭരണം ഫെയിം മാലയും ശങ്കരാഭരണം സാരിയും ടെക്സ്റ്റൈൽ  വിപണിയിലും വലിയ ചരിത്രം സൃഷ്ടിച്ചു. കുച്ചിപ്പുടി നൃത്തരംഗത്ത് വലിയ പ്രതിഭയുള്ള ഒരു നർത്തകി മാത്രമായാൽ കിട്ടാത്ത പ്രശസ്തിയും പ്രതിഫലവും ആണ് മഞ്ജുഭാർഗ്ഗവി എന്ന നർത്തകിക്ക് ഈ ഒരൊറ്റ ചിത്രം കൊണ്ട് ലഭിച്ചത്. 

‘ശങ്കരാഭരണ’ത്തിൽ മഞ്ജു ഭാർഗ്ഗവി

കാവേരിയുടെ കൈവരിയായ യോഗാച്ചി നദിക്കരയിലുള്ള ചെന്നകേശവക്ഷേത്രത്തിലെ ശിൽപഗോപുരങ്ങൾക്കു മുന്നിൽ ‘രാഗം താനം പല്ലവി’ എന്ന എസ്. പി. ബിയുടെ പാട്ടിനനുസരിച്ച് മഞ്ജുഭാർഗ്ഗവി ചെയ്യുന്ന ആ നൃത്തം വർഷമെത്ര കഴിഞ്ഞിട്ടും മറക്കുവാനാകുന്നില്ല. പിന്നീട് DJ എന്ന ചിത്രത്തിനുവേണ്ടി അല്ലു അർജുന്റെ ഒരു നൃത്തം അവിടെ ചിത്രീകരിക്കാൻ ശ്രമമുണ്ടായെങ്കിലും പ്രാദേശിക എതിർപ്പുകളെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. മിഥ്യയായ ജാത്യഭിമാനങ്ങളുടെ ചിട്ടവട്ടങ്ങളെ പൊളിക്കുന്ന ശങ്കരാഭരണത്തിന്റെ കഥക്ക് അനുഗുണമായി അബ്രാഹ്മണ സ്ത്രീയുടെ വേഷത്തിൽ മഞ്ജുഭാർഗ്ഗവിയുടെ നൃത്തത്തിന് ആ ക്ഷേത്രപരിസരം അന്ന് അരങ്ങൊരുക്കി. ചെന്നകേശവ ക്ഷേത്രത്തിന്റെ ചുവരുകളിലെ ശിൽപവിദ്യകളും കൊത്തുപണികളും പ്രതിമകളും ഒക്കെ മഞ്ജുഭാർഗ്ഗവിയുടെ അഴകിനെ പൂരിപ്പിച്ചു ജ്വലിച്ചുനിന്നു. ആ ഗോപുരച്ചുമരിൽ നിന്നെഴുന്നു നിൽക്കുന്ന മറ്റൊരു ശിൽപമായി മാറി, ചെമ്പട്ടു നിറത്തിലുള്ള ആടയും പരമ്പരാഗത നൃത്തവിധാനങ്ങളും അണിഞ്ഞ മഞ്ജുഭാർഗ്ഗവിയുടെ ആഹാര്യശോഭ.  നൃത്തത്തിന് ശങ്കരാഭരണം നൽകിയ ജനകീയ പ്രചാരം സിനിമയിലെ നൃത്തചരിത്രത്തെ തന്നെ തിരുത്തിക്കുറിച്ചു. ആ വിജയത്തെ പിന്തുടർന്ന് അതേ വരിശയിൽ ധാരാളം സിനിമകൾ തെലുങ്കിൽ തന്നെ വരികയും മറ്റു തെന്നിന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ഉണ്ടായി. 1983- ൽ സാഗരസംഗമം, 86- ൽ സ്വാതിമുത്യം ഒക്കെ നർത്തകനെന്ന നിലയിൽ കമൽഹസനെന്ന നടന് വലിയ ജനപ്രിയത നേടിക്കൊടുത്തു. ശാസ്ത്രീയ നൃത്തത്തിന്റെ ജനകീയമായ പ്രചാരത്തെ ഈ ചിത്രങ്ങൾ വളരെയേറെ സഹായിച്ചു.

1983- ൽ പുറത്തിറങ്ങിയ ആനന്ദഭൈരവി എന്ന തെലുങ്കു ചിത്രത്തിൽ ഗിരീഷ് കർണ്ണാട് നാരായണ ശർമ്മ എന്ന ഒരു നട്ടുവന്റെ വേഷത്തിൽ വന്നത് ഒരു വ്യത്യസ്ത കാഴ്ചയനുഭവമായി. നൃത്തകലയെ ജാതി-ലിംഗ സമീപനങ്ങൾക്കെല്ലാം മേലെ പ്രതിഷ്ഠിക്കുന്ന നൃത്തഗുരുവായ നാരായണ ശർമ്മയിലൂടെ ഗിരീഷ് കർണാടിന്റെ പരുക്കൻ ആൺരൂപം നൃത്തത്തിന്റെ ആഹാര്യ സങ്കൽപത്തെത്തന്നെ പൊളിച്ചു കളയുകയായിരുന്നു. 

‘തെങ്കാശിപട്ടണ’ത്തിൽ ലാലിന്റെ നൃത്തം

പരുക്കൻ ശബ്ദവും പ്രഖ്യാപിത പുരുഷ ഗാംഭീര്യവുമായി മലയാള സിനിമയിൽ ശ്രദ്ധേയനായ ലാൽ എന്ന നടനുവേണ്ടി ഒരുക്കിയ ചില നൃത്ത രംഗങ്ങൾ കമൽഹാസനും വിനീതും അവതരിപ്പിച്ച് മലയാള സിനിമയിൽ രൂപപ്പെടുത്തിയ ആൺ നൃത്തസങ്കൽപങ്ങൾക്ക് നേർ വിപരീതം നിൽക്കുന്നതായിരുന്നു. മലയാള സിനിമയിൽ മനോഹരമായി നൃത്തംചെയ്യുന്ന ഒരു നടനാണ് ലാൽ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലെ ‘ബൊമ്പാട്ടു ഹുഡുഗി’, കണ്ണകിയിലെ ‘പൂപറിക്കാൻ പോരിനോ പോരിനോ’, പഞ്ചാബി ഹൗസിലെയും തെങ്കാശിപ്പട്ടണത്തിലെയും തൊമ്മന്റെ മക്കളിലെയും നൃത്തരംഗങ്ങൾ ഒക്കെ ലാലിന്റെ നൃത്തചാതുരിയുടെ പുരുഷഭംഗികൾ അടയാളപ്പെടുത്തി. ക്ലാസിക്കൽ നൃത്തത്തിന്റെ അച്ചടി ഭാഷകളെ തിരുത്തിയ ഒരു ജനകീയ ബദൽ സൃഷ്ടിക്കാൻ ലാലിന്റെ ഫോക് സ്പർശമുള്ള ചുവടുകൾക്കു കഴിഞ്ഞു.

‘ചേമന്തിച്ചേലും കൊണ്ടേ മോഹിപ്പിക്കും പെണ്ണാണേ’ എന്ന പാട്ടിന് ചുവടു വെച്ച് ഭാവനയെ സമീപിക്കുന്ന ലാൽ ഹൃദയസ്പർശിയായ ഒരു കാഴ്ചയായിരുന്നു. സിനിമ ഉള്ളിലുള്ള ഒരാളിനു മാത്രമേ ആ മുഹൂർത്തത്തെ വൈകാരികമായി ഇങ്ങനെ സ്പർശിക്കാനാകൂ.

വ്യക്തിഗതമായ പിരിമുറുക്കങ്ങൾ മലയാളി ഡൈല്യൂട്ട്​ ചെയ്യുന്നത് നൃത്തരംഗങ്ങൾ കണ്ടാണ്. ചലച്ചിത്രതാരം ഭാവനയുടെ വിവാഹ സൽക്കാരവേദിയിലേക്ക് സംവിധായകനും നടനുമായ ലാൽ കയറിവരുന്നത് തന്റെ തനതു രീതിയിലുള്ള നൃത്തം ചെയ്തു കൊണ്ടായിരുന്നു. ‘ചേമന്തിച്ചേലും കൊണ്ടേ മോഹിപ്പിക്കും പെണ്ണാണേ’ എന്ന പാട്ടിന് ചുവടു വെച്ച് ഭാവനയെ സമീപിക്കുന്ന ലാൽ ഹൃദയസ്പർശിയായ ഒരു കാഴ്ചയായിരുന്നു. അതു സിനിമയിലെ നൃത്തമല്ലായിരുന്നു. പക്ഷേ സിനിമ ഉള്ളിലുള്ള ഒരാളിനു മാത്രമേ ആ മുഹൂർത്തത്തെ വൈകാരികമായി ഇങ്ങനെ സ്പർശിക്കാനാകൂ. അന്നത്തെ ലാലിന്റെ ആ നൃത്തത്തിൽ, അതിലെ ജൈവതാളത്തിൽ, വാത്സല്യത്തിൽ ഒക്കെ ഹൃദ്യമായ ഒരു സ്പന്ദനമുണ്ടായിരുന്നു.

നിൽപ്പിലും ചിരിയിലും ചലനങ്ങളിലും ശരീര പ്രകൃതത്തിലും പഴയകാല നടി രാഗിണിയെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് 1984- ൽ ശോഭന മലയാളസിനിമയിൽ വരുന്നത്. ‘കാളിന്ദി തീരം തന്നിൽ, നീ വാ വാ കായാമ്പൂ വർണ്ണാ കണ്ണാ’ എന്ന നൃത്തരംഗത്തിൽ  അന്ന്​ ശോഭനയെ കണ്ടപ്പോൾ രാഗിണിയെപ്പോലെ തന്നെയെന്ന്​ പഴയകാല സിനിമാപ്രേമികൾ അത്ഭുതപ്പെട്ടു. രാഗിണിയുടെ സഹോദരന്റെ മകളാണ് ശോഭന എന്ന് സിനിമാ പ്രസിദ്ധീകരണങ്ങൾ പിന്നീട് പറഞ്ഞപ്പോൾ കലാകുടുംബത്തിലെ ആ പുതു തലമുറക്കാരിയോട് കൂടുതൽ അടുപ്പമായി. വളരെ പെട്ടെന്നാണ് ശോഭന നൃത്തത്തിലും അഭിനയത്തിലുമെല്ലാം തനതായ ഒരു അടയാളമുണ്ടാക്കിയെടുത്തു കൊണ്ട് പാരമ്പര്യം മാത്രമല്ല തന്റെ മികവെന്നു തെളിയിച്ചത്.

‘വനശ്രീ മുഖം നോക്കി’ ഗാനരംഗത്തിൽ ശോഭന

കാണാമറയത്തിലെ ‘കസ്തൂരിമാൻ കുരുന്നും’, ചിലമ്പിലെ ‘പുടമുറി കല്യാണ’വും, യാത്രയിലെ ‘യമുനേ നിന്നുടെ നെഞ്ചി’ലും മേലെപ്പറമ്പിൽ ആൺവീട്ടിലെ ‘വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തുള്ളി’യും, മണിച്ചിത്രത്താഴിലെ ‘ഒരു മുറൈ വന്ത്​…’ എല്ലാം ഓർത്തു നോക്കൂ, ശോഭനയുടെ ചെറിയ ചലനങ്ങൾ പോലും നൃത്തമാണ്. മോഹൻലാലിനും രവീന്ദ്രനും ഒപ്പം രംഗം എന്ന നൃത്തപ്രധാനമായ ചിത്രത്തിൽ ശോഭന, ചന്ദ്രിക എന്ന നർത്തകിയായിരുന്നു. ‘വനശ്രീ മുഖം നോക്കി വാൽക്കണ്ണെഴുതുമീ പനിനീർ തടാകമൊരു  പാനപാത്രം’ എന്ന നൃത്തരംഗത്തിലാണ് ഞാൻ ശോഭനയുടെ സൗന്ദര്യം ഏറ്റവുമധികം നോക്കിയിരുന്നത്. 

ചിലമ്പിലെ ‘താരും തളിരും മിഴി പൂട്ടി’ എന്ന ഗാനത്തിലെ റഹ്മാന്റെ കളരിച്ചുവടുകൾക്കൊത്ത് മഞ്ഞൾ പ്രസാദത്തിലാറാടി നിൽക്കുന്ന കന്യക മലയാളസിനിമ കണ്ട ഏറ്റവും മികച്ച നർത്തകിയുടെ ഏറ്റവും അഴകുറ്റ ഭാവങ്ങളിലൊന്നാണ്. നൃത്തം നൽകിയ കരുത്തുമായി 80- കളിൽ തുടങ്ങി ഇന്നും ഒരിടത്തും തലകുനിക്കാതെ തന്റേതു മാത്രമായ തീരുമാനങ്ങളിലൂടെ ജീവിക്കുന്ന പ്രിയ നർത്തകിയും നടിയുമാണ് ശോഭന. ശോഭന ഒരഭിമുഖത്തിൽ പറയുന്നുണ്ട്, നർത്തകി എന്ന നിലയിലുള്ള തന്റെ സ്വത്വപ്രകാശനത്തിനും വളർച്ചക്കും സിനിമാനടി എന്ന ലേബൽ തന്ന വലിയ അനുഗ്രഹത്തെ കുറിച്ച്. പക്ഷേ, നൃത്തം എന്നാൽ സിനിമയിൽ കാണുന്ന നൃത്തമല്ല എന്നും അവർ പറയുന്നു. കഥാഗതിയെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു ഘടകമായാണ് സിനിമയിൽ നൃത്തം പ്രവർത്തിക്കുന്നത്. ആദ്യകാല നടികളിൽ പലരെയും സിനിമയിലഭിനയിക്കുന്നതു കൊണ്ടു മാത്രം മികച്ച നർത്തകി എന്നംഗീകരിക്കാൻ സമൂഹം വിമുഖത കാണിച്ചിരുന്നതായും അവർ ഓർക്കുന്നുണ്ട്. ആ stigma- യെ മറികടക്കുക എന്നത് നർത്തകിയും നടിയുമായ ശോഭനക്ക് വലിയ വെല്ലുവിളി തന്നെ ആയിരുന്നിരിക്കണം. 

‘എന്തൊരാവേശം എന്തൊരുന്മാദം’ ; ശോഭനയും റഹ്മാ​നും

എൺപതുകൾ  ഐ.വി. ശശിയുടെയും ശ്യാമിന്റെയും എ.ടി. ഉമ്മറിന്റെയും പുഷ്കലകാലം കൂടിയാണ്. ഐ. വി. ശശിയുടെ ചിത്രങ്ങളിൽ പാട്ടിനും നൃത്തത്തിനും മുന്തിയ പ്രാധാന്യം കിട്ടിയിരുന്നു. സിനിമയിൽ ഐ.വി. ശശി കൊണ്ടുവരുന്ന പുതുമയാർന്ന പരീക്ഷണങ്ങൾക്ക് പരമ്പരാഗത ഈണങ്ങൾ പോരാതെ വന്നു. യുവത്വത്തിന്റെ തിളപ്പും ശരീരങ്ങളുടെ പുളപ്പും സത്യസന്ധമായി മലയാള സിനിമയിൽ ഐ.വി. ശശി ആവിഷ്കരിച്ചു തുടങ്ങിയ കാലം. കാണാമറയത്തും അവളുടെ രാവുകളും തൃഷ്ണയും ഇണയും ഒക്കെ അന്നുവരെ മലയാളി കണ്ട സിനിമാകാഴ്ചകളെ ചെറുതല്ലാതെ ഇളക്കിക്കളഞ്ഞതാണ്. യൗവ്വനം അതിന്റെ ആവേശങ്ങൾ ആടിത്തിമിർത്ത സിനിമാക്കാലം. തനി മലയാളിത്തത്തിൽ നിന്ന് മലയാളസിനിമയുടെ ഇതിവൃത്തവും പാട്ടുകളും  ഈണങ്ങളും യുവശരീരങ്ങളെ പ്രചോദിപ്പിച്ചു കൊണ്ട് പാശ്ചാത്യശൈലിയുടെ ചടുലത സ്വീകരിക്കുകയായിരുന്നു.
‘എന്തൊരാവേശം
എന്തൊരുന്മാദം ഒന്നു പുൽകാൻ
തേൻ വണ്ടു ഞാൻ
അലരേ, തേൻവണ്ടു ഞാൻ' എന്ന് റഹ്മാനും ശോഭനക്കും ഒപ്പം യുവത പാശ്ചാത്യച്ചുവടുകൾ വെച്ചു തുടങ്ങി. ഈണത്തിൽ നിന്ന് പദങ്ങൾ തുള്ളിത്തെറിച്ച് പുറത്തേക്കു ചാടുന്ന ഒരനുഭവമാണ് ഈ ഗാനം. 80- കളുടെ പകുതിയിൽ മലയാളിയെ ഇത്രക്ക് ഇളക്കിമറിച്ച മറ്റേതു പാട്ടുണ്ടാകും? ‘ആയിരമാശകളാലൊരു പൊൻവല നെയ്യും തേൻവണ്ട്’- എന്തൊരു ഊർജ്ജം നിറഞ്ഞ കൽപനയാണ്. ഐ.വി. ശശിയാണ്, റഹ്മാനാണ്, ശോഭനയാണ്, ശ്യാമാണ്, ബിച്ചു തിരുമലയാണ്- അതൊരു ഗംഭീര ചേരുവയാണ്. ഇന്നും കണ്ടിരുന്നാൽ പ്രായം പതിനെട്ടിലെത്തിക്കുന്ന ലഹരിയാണ് ആ ചേരുവ. ഇത്രയും പേർ ഒരുമിച്ചു ചേർന്നാലല്ലാതെ ആ ഗാനം ഇളകില്ല.

നാനയുടെ പ്രധാന രണ്ടു പേജുകൾ ‘രാകേന്ദു കിരണങ്ങൾ ഒളിവീശിയില്ല’ എന്ന ഗാനവും നൃത്തവുമായിരുന്നത് ഞാനോർമ്മിക്കുന്നു. നാനയുടെ ആ പുറങ്ങൾ കുറേക്കാലം ഞാൻ സൂക്ഷിച്ചുവെച്ചിരുന്നു.

‘രാകേന്ദു കിരണങ്ങൾ ഒളിവീശിയില്ല’… മലയാള സിനിമ മറക്കാത്ത ഒരു നൃത്തവുമായാണ് അവളുടെ രാവുകൾ എത്തിയത്. കഥാസന്ദർഭത്തോട് ഇണങ്ങി നിന്ന്​ നായികയുടെ വേദനകൾ ആവിഷ്കരിച്ച ആ ഗാനവും അതിന്റെ ചിത്രീകരണവും മലയാള സിനിമയിലുണ്ടാക്കിയ ചലനം ചരിത്രമാണ്. അന്നത്തെ പ്രശസ്തമായ സിനിമാ പ്രസിദ്ധീകരണങ്ങളിലെല്ലാം ഈ ഗാനത്തിന്റെ വരികൾക്കൊപ്പം സീമയുടെ നൃത്തചിത്രങ്ങളും കൊടുത്തിരുന്നു. ലിറിക്സിന് ഗാനരംഗത്തോളം പ്രാധാന്യം കൊടുത്ത് സിനിമാവാരികകൾ പ്രചരിപ്പിച്ചത് ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും. നാനയുടെ പ്രധാന രണ്ടു പേജുകൾ ഈ ഗാനവും നൃത്തവുമായിരുന്നത് ഞാനോർമ്മിക്കുന്നു. നാനയുടെ ആ പുറങ്ങൾ കുറേക്കാലം ഞാൻ സൂക്ഷിച്ചുവെച്ചിരുന്നു. സീമയുടെ നൃത്തച്ചുവടുകളും ഭാവങ്ങളും നിശ്ചലദൃശ്യങ്ങളായി പാട്ടിന്റെ വരികൾക്കൊപ്പം പുറങ്ങൾ നിറയെ.

എന്തഴകായിരുന്നു… ഗാനം സിനിമയേക്കാൾ പ്രശസ്തമായി. സുതാര്യമായ, നിറയെ മുത്തുപിടിപ്പിച്ച ശിരോവസ്ത്രവും നക്ഷത്രങ്ങൾ തിളങ്ങുന്ന മുലക്കച്ചയുമായി വേദന നിറഞ്ഞ മുഖത്തോടെ തന്റെ നിദ്രാവിഹീനങ്ങളായ രാവുകളെ കുറിച്ച് പാടി സീമ നൃത്തം ചെയ്തു. ‘രാവിൻ നെഞ്ചിൽ കോലം തുള്ളും രോമാഞ്ചമായവൾ മാറി’
എന്ന വരി കഥാസന്ദർഭവും ഈണവുമായി ഇണക്കിച്ചേർത്തെഴുതിയ ഭാവന ലൈംഗികത്തൊഴിലാളിയായ രാജി എന്ന പെൺകുട്ടിയുടെ ദുരനുഭവങ്ങളെ സഞ്ചയിച്ചെടുത്തു. അവൾ ഒഴുക്കാത്ത കണ്ണുനീർ നമ്മെ തൊട്ടത് ഈ ഗാനത്തിലൂടെ ആയിരുന്നു.

‘രാകേന്ദു കിരണങ്ങൾ ഒളിവീശിയില്ല’ എന്ന നൃത്തരംഗത്തിൽ സീമ

ഡയലോഗ് ആണ് മലയാളി പുരുഷൻ്റെ പൊതുബാധ. മലയാള സിനിമയിലെ അതിന്റെ ആൾരൂപമാകട്ടെ സുരേഷ് ഗോപിയും. ആ മെയിൽബാധയെ നേർപ്പിച്ച്,  അവനെയും ഒപ്പം നിൽക്കുന്ന അവളെയും ആർദ്രചിത്തരാക്കുന്ന അതീത പ്രാക്ടീസ് ആയി മാറുന്നുണ്ട് പ്രണയ വർണ്ണങ്ങൾ എന്ന സിനിമയിലെ നൃത്തരംഗം. ‘കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടുംതൊട്ട് കാവളം പൈങ്കിളി വായോ’ എന്ന് മഞ്ജു വാര്യർക്കൊപ്പം സുരേഷ് ഗോപി ആടുന്നതാണ് മലയാള സിനിമയിലെ അതിമനോഹരമായ ഒരു നൃത്തരംഗം. മഞ്ജു വാര്യരുടെ നൃത്തം ഒരപൂർവ്വതയല്ല, അവർ പ്രഖ്യാപിത നർത്തകിയാണ്. എന്നാൽ മണിമുറ്റത്താവണിപ്പന്തലും കണ്ണാടിക്കൂടും സുരേഷ് ഗോപിയുടെ നൃത്തത്തിലെ പ്രത്യേക ചലന ഭംഗികളാൽ ജനങ്ങൾ ഹൃദയപൂർവ്വം സ്വീകരിച്ചു. 

എത്ര വേഗത്തിലാണ് ഒരു തലമുറയുടെ ഏറ്റവും പ്രിയപ്പെട്ട ഗൃഹാതുര റൊമാന്റിക് ദൃശ്യങ്ങളൊന്നിൽ നിന്ന് എന്റെ പ്രിയപ്പെട്ട മമ്മൂട്ടിയും ഏറ്റവും ഹൃദയാവർജ്ജകമായ ഒരു ഈണത്തിൽ നിന്ന് നമ്മുടെ സ്വന്തം യേശുദാസും ഇറങ്ങിപ്പോയത്!

കാലം മാറി. ഇന്ന് കലയുടെ ഏതു രംഗത്തു പ്രവർത്തിക്കുന്നവരും ഏറെക്കുറെ സിനിമയിലാണ്. അവർക്ക് നല്ല ദൃശ്യത ലഭിക്കുന്നുണ്ട്. സ്വയം പ്രമോട്ട് ചെയ്യാനും അംഗീകാരം നേടാനുമുള്ള ഡിജിറ്റൽ വിദ്യകൾ അവർക്കറിയാം. എങ്കിലും സിനിമയിൽ ഒന്നു പ്രശസ്തരാകുവാൻ കൊതിക്കാത്തവർ കുറവാണ്. നൃത്തവും ചുംബനവും സംഗീതവുമാകുന്നു പുതിയ കാലത്തിന്റെ, പുതിയ തലമുറയുടെ രാഷ്ട്രീയ ആയുധങ്ങൾ എന്നത് എത്ര ആശ്വാസകരമാണ്. ‘രതിപുഷ്പം പൂക്കുന്ന യാമം’ ഒരാണിന് പെണ്ണിനോടെന്നപോലെ തന്നെ ആണിനോടും തോന്നാവുന്ന പ്രണയത്തിന്റെ അതിസൂക്ഷ്മമായ നൃത്താവിഷ്കാരമാണ്. റംസാൻ മുഹമ്മദിന്റെ നൃത്തവും അതു കാണുന്ന ഷൈൻ ടോമിന്റെ അംഗചലനങ്ങളും മനോഹരമാണ്. കാണികളുടെ മനസ്സിൽ സ്വാഭാവികഭംഗിയോടെ ഏതു രതിപുഷ്പങ്ങൾക്കും വിടർന്നു തുടങ്ങാമെന്ന സന്ദേശം തരുന്ന പുതുതലമുറയുടെ ഗാനം.

‘അലക്സാ, Play ദേവദൂതർ പാടി’ എന്നാവശ്യപ്പെട്ടാൽ ബിജു നാരായണൻ പാടിയ പുതിയ ദേവദൂതരാണ് കേൾക്കുക. മനസ്സിൽ വരുന്നതാകട്ടെ കുഞ്ചാക്കോ ബോബന്റെ മതിമറന്ന ആ നൃത്തദൃശ്യങ്ങളും. അടിച്ചുപൂസായ നിലയിൽ ഒരു നർത്തകൻ ഉത്സവപ്പറമ്പുകളിലെ രസകരമായ കാഴ്ചയാണ്. പക്ഷേ കുഞ്ചാക്കോ ബോബനെ പോലെ ഒരു glamour boy തന്റെ ശരീര ഭാഷയിലടിമുടി കൊണ്ടുവന്ന മാറ്റം പ്രേക്ഷകരെ ഒരുത്സവപ്പറമ്പിന്റെ യഥാർഥ അന്തരീക്ഷത്തിലേക്ക് എത്തിക്കുന്നുണ്ട്. എത്ര വേഗത്തിലാണ് ഒരു തലമുറയുടെ ഏറ്റവും പ്രിയപ്പെട്ട ഗൃഹാതുര റൊമാന്റിക് ദൃശ്യങ്ങളൊന്നിൽ നിന്ന് എന്റെ പ്രിയപ്പെട്ട മമ്മൂട്ടിയും ഏറ്റവും ഹൃദയാവർജ്ജകമായ ഒരു ഈണത്തിൽ നിന്ന്  നമ്മുടെ സ്വന്തം യേശുദാസും ഇറങ്ങിപ്പോയത്!

‘ ന്നാ താൻ കേസ് കൊട് ' സിനിമയിൽ കുഞ്ചാക്കോ ബോബൻ

കാലം മാറുകയാണ്, നൃത്തവും. താളത്തിലിളകി നൃത്തം ചെയ്യുന്ന ഉടലുകൾക്ക് വാളുകളേക്കാൾ ശക്തിയുണ്ട്. തെരുവുകൾ നർത്തകർ കയ്യടക്കുന്നുണ്ട്. കെട്ടിപ്പിടിച്ചും മുത്തമിട്ടും പാട്ടു പാടിയും ആട്ടമാടിയും വിപ്ലവങ്ങൾ വരുന്നുണ്ട്. നിറവും ലിംഗവും ജാതിയും വംശവും മറന്ന് ആലിംഗനങ്ങളിലേർപ്പെടുന്ന മനുഷ്യരാൽ തെരുവുകൾ നിറയുന്നുണ്ട്. അണയാത്ത ആവേശത്തിമിർപ്പുകളാണെങ്ങും. 

അതിമനോഹരമായ ഒരു നൃത്തത്തിനുശേഷം ഗംഗുഭായി കാമുകനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. തന്നെ ദേവാനന്ദിന്റെ നായികയാക്കുമോ എന്നാണ് അവളുടെ ചോദ്യം. അയാളുടെ വാക്കിലർപ്പിച്ച ആ വിശ്വാസവും അതിനുണ്ടാകുന്ന തകർച്ചയും ഗംഗുഭായി എന്ന ചിത്രം കണ്ടവരുടെ ശരീരത്തിൽ ഒരു വിറയലായി പടരുന്നുണ്ടാകണം ഇപ്പോഴും. നല്ല നർത്തകിയായിരുന്ന അവൾ ചെന്നെത്തുന്നത് കാമാത്തിപുരയിൽ. പോരാടി വിജയങ്ങൾ നേടുന്നുണ്ടെങ്കിലും എപ്പോഴും അവളുടെ കണ്ണുകളിൽ നിന്ന് ധാരമുറിയാതെ ഒഴുകുന്ന കണ്ണുനീർ ചങ്കുപൊള്ളിക്കുന്നുണ്ട്.

 കാമാത്തിപുരി രാവും പകലും ഒരുങ്ങുകയാണ്. സിനിമാമോഹവുമായി എത്തിയ പെൺകുട്ടികളാണവരിൽ പലരും. വലുതായ ശബ്ദത്തിൽ  ചിരിക്കുന്നവരും തെറി പറയുന്നവരും ഉള്ളിൽ ഉറക്കെ വിലപിക്കുന്നത് ചിത്രം അനുഭവപ്പെടുത്തുന്നു. അവിടെ അവരുടെ മരവിച്ച ശരീരങ്ങൾ നൃത്തം ചെയ്യുന്നുണ്ട്. തങ്ങളുടെ ജീവിതത്തിൽ നൃത്തങ്ങളും സ്വപ്നങ്ങളുമുണ്ടായിരുന്ന ആ പഴയകാലത്തെ ഓർമ്മിക്കുന്നു പോലുമില്ലെന്ന നിസ്സംഗ മുഖത്തോടെ അന്യോന്യം ആശ്വസിപ്പിക്കുന്ന മട്ടിൽ ഒട്ടിപ്പിടിക്കുന്ന പെൺകുട്ടികൾ.

സ്വപ്നങ്ങൾ കരിഞ്ഞുപോകുന്ന ഓരോ പെൺകുട്ടിയും ഉള്ളിൽ തീവ്രവേദനയാകുന്നു. എവിടെയൊക്കെയാണവർ ചെന്നുപെടുന്നത്. ഒന്നുറപ്പ്, പക്ഷികളെ വിലക്കു വാങ്ങുന്ന ഒരുടമയും അവരെ പുറത്തേക്കുവിടില്ല. അപ്പോഴും സിനിമ  മോഹങ്ങളുടെ മായികവലയങ്ങൾ തീർക്കുകയാണ്. 

കർശനമായ ഏതോ വിലക്കുകളുടെ അദൃശ്യമായ താക്കീതുകൾ ഇല്ലായിരുന്നുവെങ്കിൽ സിനിമയും നൃത്ത മോഹവും തീർക്കുന്ന ആകർഷകവലയങ്ങളുടെ കുത്തിപ്പാച്ചിലിൽ പെട്ട് എവിടെയോ പോയി രക്ഷപ്പെടുകയോ നശിച്ചു പോവുകയോ ചെയ്യാമായിരുന്ന ഒരു മോഹശരീരിയായ പെണ്ണിന്റെ സിനിമാ കാഴ്ചകൾ മാത്രമാണ് ഈ പറഞ്ഞതെല്ലാം.

‘വാരായോ വെണ്ണിലവേ
കേളായോ എങ്കൾ കതയേ
വാരായോ വെണ്ണിലവേ…’


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments