മലയാളികാണി,
ബിനാ​ലെയ്ക്കുശേഷം

ഇന്ത്യയിലെ ആദ്യത്തേതും ഏകവുമായ ബിനാലെ എന്ന നിലയിൽ, സമകാലിക കലയുമായുള്ള ജനതയുടെ ഇടപെടൽ വികസിപ്പിക്കുന്നതിലും സാംസ്കാരിക സമ്പദ് വ്യവസ്ഥ വിപുലപ്പെടുത്തുന്നതിലും ബിനാലെ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കൊച്ചി മുസിരിസ് ബിനാലെയുടെ ആറ് എഡിഷനുകളിലൂടെ സഞ്ചരിക്കുന്നു, ഷിനോജ് ചോറൻ.

കൊച്ചി മുസിരിസ് ബിനാലെ (Kochi- Muziris Biennale 2025–26) എന്ന അന്താരാഷ്ട്ര സമകാലിക ദൃശ്യകലാ പ്രദർശനം ആറാം ലക്കത്തിൽ എത്തിനിൽക്കുമ്പോൾ അതുണ്ടാക്കിയ / ഉണ്ടാക്കുന്ന കലാദൃശ്യതയും കേരളത്തിലെ കലാമേഖലയിൽ അതിന്റെ പ്രസക്തിയും പരിശോധിക്കുന്നത് ഉചിതമാവും.

സമകാലിക കലയ്ക്ക് കേരളത്തിൽ ഒരു വേദി എന്ന നിലയിലും കേരളത്തെ, പ്രത്യേകിച്ച് കൊച്ചിയെ, ഒരു ആർട്ട് ഹബാക്കി മാറ്റുക എന്ന ഉദ്ദേശ്യത്തിലും 2012- ൽ ആരംഭിച്ച ബിനാലെ 13 വർഷം പിന്നിട്ട് 2025-ലെത്തിനിൽക്കുമ്പോൾ ചില പ്രതീക്ഷകളും ചില ചിന്തകളും ഉല്പാദിപ്പിക്കുന്നുണ്ട്.

2012 ഡിസംബറിൽ, മട്ടാഞ്ചേരിയിലെയും ഫോർട്ട്കൊച്ചിയിലെയും കൊളോണിയൽ വ്യാപാരത്തിന്റെ അവശിഷ്ടങ്ങൾ ഉൾക്കൊള്ളുന്ന കെട്ടിടങ്ങൾ പതിറ്റാണ്ടുകൾക്കുശേഷം തുറക്കപ്പെട്ടത് ഒരു കലാപ്രദർശനത്തിനായാണ് എന്നത് ശ്രദ്ധേയമാണ്. കൊച്ചി മുസിരിസ് ബിനാലെ (KMB) നടത്തിപ്പിനായി കൊച്ചിയിലെ വിശാലമായ വെയർഹൗസുകൾ, ഉപേക്ഷിക്കപ്പെട്ട ഫാക്ടറികൾ എന്നിവ പുനഃരുജ്ജീവിക്കപ്പെട്ടു. ഇന്ത്യയിലെ ആദ്യത്തേതും ഏകവുമായ ബിനാലെ എന്ന നിലയിൽ, സമകാലിക കലയുമായുള്ള ജനതയുടെ ഇടപെടൽ വികസിപ്പിക്കുന്നതിലും സാംസ്കാരിക സമ്പദ് വ്യവസ്ഥ വിപുലപ്പെടുത്തുന്നതിലും ബിനാലെ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

കലാവസ്തുവിന്റെയും കലാപ്രദർശനങ്ങളുടെയും പൊതു സ്വീകാര്യത വർദ്ധിച്ചിട്ടുണ്ടോ എന്നതാണ് പ്രാഥമികമായി പരിശോധിക്കാവുന്നത്. കേരളത്തിൽ കലാപ്രദർശനങ്ങൾ കാണുന്നവരുടെയും കലാസൃഷ്ടികൾ ആസ്വദിക്കുന്നവരുടെയും എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചിട്ടുണ്ട് എന്ന് നമുക്ക് കാണാൻ സാധിക്കും. കേരളത്തിലെ ഗാലറികളിൽ നിരന്തരമായി കലാപ്രദർശനങ്ങൾ നടന്നുവരുന്നു. ഇതിന്റെ കാണിസമൂഹം കലയെ സമീപിക്കുന്ന രീതിയിലും മനോഭാവത്തിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇൻസ്റ്റലേഷൻ, ന്യൂമീഡിയ, വീഡിയോ ആർട്ട് തുടങ്ങിയ കലാമേഖലകളെ കേരളത്തിലെ കാണി സമൂഹവും കലാസമൂഹവും ഉൾക്കൊണ്ടു തുടങ്ങിയത് ബിനാലെയിൽ ഇത്തരം കലാസൃഷ്ടികൾ കണ്ടുശീലിച്ചതിന്റെ ഭാഗമായാണ്.

ശബ്ദം, സ്പർശനം, മണം എന്നിവ Art- ന്റെയും കലാസ്വാദനത്തിന്റെയും പരിധിയിൽ പെടുമെന്ന് അനുഭവവേദ്യമാക്കാൻ ബിനാലെയിലൂടെ സാധിച്ചിട്ടുണ്ട്. കാഴ്ചക്കാർ തന്നെ കലാവസ്തുവോ കലാസൃഷ്ടിയുടെ ഭാഗമോ ആയി മാറുന്നതും മലയാളി അറിഞ്ഞുതുടങ്ങിയത് ബിനാലെ എന്ന ആഗോള കലാപ്രദർശനത്തിൽ അത്തരം കലാസൃഷ്ടികൾ പ്രദർശിപ്പിക്കപ്പെട്ടപ്പോഴാണ്. ലോകത്താകമാനം നടന്നുവരുന്ന കലാപദ്ധതികളുടെ പതിപ്പുകളെ അവതരിപ്പിക്കാൻ ഒരു പരിധിവരെയെങ്കിലും ബിനാലെയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇൻസ്റ്റലേഷൻ ആർട്ടിനെ മനസ്സിലാക്കുന്നതിൽ മലയാളികാണികൾ സാക്ഷരരായതിൽ ബിനാലെ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

കേരളത്തിൽ കലാപ്രദർശനങ്ങൾ കാണുന്നവരുടെയും കലാസൃഷ്ടികൾ ആസ്വദിക്കുന്നവരുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഗാലറികളിൽ നിരന്തരമായി കലാപ്രദർശനങ്ങൾ നടന്നുവരുന്നു. ഇതിന്റെ കാണിസമൂഹം കലയെ സമീപിക്കുന്ന രീതിയിലും മനോഭാവത്തിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

ബിനാലെയ്ക്ക് മുൻപുതന്നെ വിസ്തൃതമായ ഒരു കലാപ്രദർശന -കാണി സമൂഹ പാരസ്പര്യം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. അത് സമകാലിക കലയെ ഉൾക്കൊള്ളുന്ന വിധത്തിൽ വിശാലമാക്കിയതിൽ ബിനാലെ ഒരു പങ്ക് വഹിച്ചു എന്നുവേണം കരുതാൻ.

ബിനാലെയിൽ പ്രദർശിപ്പിക്കപ്പെട്ടവയെല്ലാം മികച്ചതും ലോകോത്തരവും എന്ന് വിലയിരുത്താൻ സാധിക്കില്ല. എന്നാൽ, ബിനാലെ നിർമിച്ചെടുത്ത കലാസംബന്ധിയും സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടതുമായ വിനിമയങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. കേരളത്തിന്റെ ദൃശ്യകലാചരിത്രത്തെ ബിനാലെക്കു മുൻപ് – ശേഷം എന്ന് വേർതിരിച്ച് അടയാളപ്പെടുത്തുന്നതാവും അഭികാമ്യം.

‘What does the vessel contain, that the river does not’- ആദ്യ ബിനാലെയിൽ പ്രദർശിപ്പിക്കെപ്പെട്ട സുബോധ് ഗുപ്തയുടെ ഇൻസ്റ്റലേഷൻ 70 അടി നീളമുള്ള ഒരു വള്ളവും അതിൽ അടുക്കിയ വസ്തുവകകളുമാണ്. ജീവനും ജീവിതവും മരണവും പലായനവും അതിജീവനവും അതിൽ ഇഴപിരിഞ്ഞിരിക്കുന്നു. കാണികൾക്ക് കലാവസ്തുവിനുചുറ്റും നടന്ന് കാണാൻ സാധിക്കുന്ന, കാണി കൂടി ഭാഗമായി മാറുന്ന ഒരു കലാവിഷ്കാരമായി മാറി അത്.

ബിനാലെയിൽ പ്രദർശിപ്പിക്കപ്പെട്ടവ എല്ലാം തന്നെ മികച്ചതും ലോകോത്തരവും എന്ന് വിലയിരുത്താൻ സാധിക്കില്ല. എന്നാൽ, ബിനാലെ നിർമിച്ചെടുത്ത കലാസംബന്ധിയും സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടതുമായ വിനിമയങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.
ബിനാലെയിൽ പ്രദർശിപ്പിക്കപ്പെട്ടവ എല്ലാം തന്നെ മികച്ചതും ലോകോത്തരവും എന്ന് വിലയിരുത്താൻ സാധിക്കില്ല. എന്നാൽ, ബിനാലെ നിർമിച്ചെടുത്ത കലാസംബന്ധിയും സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടതുമായ വിനിമയങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.

അധികാരത്തിന്റെയും അക്രമത്തിന്റെയും നീതിയുടെയും രാഷ്ട്രീയത്തെ കുറിച്ചുള്ള ആഴമേറിയ ചിന്തകളെ ഉല്പാദിപ്പിച്ച കലാസൃഷ്ടിയായിരുന്നു അവർ കൻവറിന്റെ sovereign forest. ഒഡീഷയിലെ പ്രാദേശിക ജനതയും സർക്കാരും കോർപ്പറേറ്റുകളും തമ്മിലുള്ള സംഘർഷത്തെ അനാവരണം ചെയ്യുന്നതായിരുന്നു വീഡിയോ ഇൻസ്റ്റലേഷനുകൾ.

KMB നാലാം എഡിഷനിൽ പ്രദർശിപ്പിക്കപ്പെട്ട ഗറില്ല ഗേൾസിന്റെ (Guerilla Girls) സാമൂഹിക നീതിയുമായി ബന്ധപ്പെട്ട പോസ്റ്റർ സീരീസ് ശ്രദ്ധേയമായിരുന്നു. തടവിലാക്കപ്പെട്ട കവികൾക്കായി സമർപ്പിക്കപ്പെട്ടതും കലാലോകത്തെ ലിംഗവിവേചനത്തെ തുറന്നു കാട്ടുന്നതുമായ കലാസൃഷ്ടികൾ പരമ്പരാഗത കലാകാഴ്ചയിൽ നിന്ന് വ്യതിരിക്തമായിരുന്നു. സംവാദത്മകമായ ഒരു തലം കൂടി തുറക്കപ്പെട്ടു. “അവർ വന്നു, പ്രകോപിപ്പിച്ചു, കീഴടക്കി’’ എന്നാണ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്.

ബിനാലെയിൽ പ്രദർശിപ്പിക്കപ്പെട്ടവയെല്ലാം മികച്ചതും ലോകോത്തരവും എന്ന് വിലയിരുത്താൻ സാധിക്കില്ല. എന്നാൽ, ബിനാലെ നിർമിച്ചെടുത്ത കലാസംബന്ധിയും സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടതുമായ വിനിമയങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.

അതേ എഡിഷനിൽ പ്രദർശിപ്പിക്കപ്പെട്ട ശില്പ ഗുപ്തയുടെ “For, In Your Tongue, I Cannot Fit” എന്ന സൗണ്ട് ഇൻസ്റ്റലേഷൻ തടങ്കൽ, വധശിക്ഷ എന്നിവയ്ക്ക് വിധിക്കപ്പെട്ട കവികളുടെ കവിതാശബ്ദശകലങ്ങളെ 3000 ചതുരശ്ര അടി വിസ്താരത്തിൽ ക്രമീകരിച്ച മൾട്ടി ചാനൽ ഓഡിയോ ലൂപ്പിലൂടെ ആവിഷ്കരിച്ചിരിക്കുന്നു. എട്ടാം നൂറ്റാണ്ട് മുതൽ സമകാലികം വരെയുള്ള കാലഘട്ടത്തിലെ കവിതകൾ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഇൻസ്റ്റലേഷനിൽ ഇംഗ്ലിഷ്, സ്പാനിഷ്, അറബിക്ക്, റഷ്യൻ, അസർബൈജാനി, ഹിന്ദി എന്നീ വ്യത്യസ്ത ഭാഷകൾ ഉപയോഗിച്ചിരിക്കുന്നു. ഇത് കലാസ്വാദകർക്ക് ആയിരത്തിലധികം വർഷത്തെ ആഗോള കവിത ആസ്വദിക്കാനും അതിന്റെ രാഷ്ട്രീയം ഉൾക്കൊള്ളാനുമുള്ള അവസരമൊരുക്കി.
‘‘സത്യത്തിന്റെ ശബ്ദങ്ങൾ അസ്വസ്ഥതയുണ്ടാക്കുകയും വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു, എന്നിട്ടും പ്രതിധ്വനി കേൾക്കുകയും നിലനിൽക്കുകയും ചെയ്യുന്നു’’ എന്നാണ് ശില്പ ഗുപ്ത ഇതിനെ കുറിച്ച് അഭിപ്രായപ്പെട്ടത്.

What does the vessel contain, that the river does not- ആദ്യ ബിനാലെയിൽ പ്രദർശിപ്പിക്കെപ്പെട്ട സുബോധ് ഗുപ്തയുടെ ഇൻസ്റ്റലേഷൻ 70 അടി നീളമുള്ള ഒരു വള്ളവും അതിൽ അടുക്കിയ വസ്തുവകകളുമാണ്.
What does the vessel contain, that the river does not- ആദ്യ ബിനാലെയിൽ പ്രദർശിപ്പിക്കെപ്പെട്ട സുബോധ് ഗുപ്തയുടെ ഇൻസ്റ്റലേഷൻ 70 അടി നീളമുള്ള ഒരു വള്ളവും അതിൽ അടുക്കിയ വസ്തുവകകളുമാണ്.

എച്ച്. ജി. അനിൽകുമാറിന്റെ In the Making of the Self എന്ന ഇൻസ്റ്റലേഷനുകളുടെയും ശില്പങ്ങളുടെയും സഞ്ചയം കാർബൺ പുനഃരുപയോഗത്തിന്റെയും അത് മാനവരാശിയെ ബാധിക്കുന്നതിന്റെയും വസ്തുതകളെ ആവിഷ്കരിച്ചു.

ഓർത്തിരിക്കുന്ന, ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന നിരവധി കലാവിഷ്കാരങ്ങൾ ബിനാലെയുടെ ഭാഗമായി പ്രദർശിപ്പിക്കപ്പെട്ടു.

വത്സൻ കൂർമ കൊല്ലേരി 2016- ൽ ബിനാലെയുടെ ഭാഗമായി കബ്രാൾ യാഡിൽ സൃഷ്ടിച്ച സൈറ്റ് സ്പെസിഫിക് ഇൻസ്റ്റലേഷൻ How goes the enemy, മനുഷ്യന്റെ ഉപഭോഗാനന്തരം പ്രകൃതി തിരിച്ചെടുത്ത മണ്ണിനെ സ്ഥലപരമായ അർത്ഥതലങ്ങളിലൂടെ ആവിഷ്കരിക്കുന്നു. മണ്ണറകളുടെ അടരുകൾ നിർമ്മിച്ച് അതിൽ മനുഷ്യനിർമ്മിതവസ്തുക്കളെ ചേർത്തുവെച്ച് മണ്ണിലേക്ക് മടങ്ങുന്നതിന്റെ അസ്തിത്വപരമായ ആശയത്തെ കാണികൾക്ക് തുറന്നു കൊടുക്കുന്നു.

വി.വി. വിനുവിന്റെ ‘ഒച്ച’ എന്ന ശില്പങ്ങൾ 2018- ലെ ബിനാലെയിൽ പ്രദർശിപ്പിക്കപ്പെട്ടു. അവ ജാതീയതയുടെയും വംശീയതയുടെയും ചരിത്രപരതയെ ചർച്ച ചെയ്യുന്നു. സ്വത്വരാഷ്ട്രീയവും സാംസ്കാരികതയും ഇഴപിരിഞ്ഞുചേർന്ന ശില്പങ്ങൾ മനുഷ്യാവസ്ഥകളുടെ നേരനുഭവങ്ങളെ അനാവരണം ചെയ്യുന്നവയാണ്.

ഇങ്ങനെ ഒട്ടനേകം വ്യത്യസ്ത ആശയാവിഷ്കാരങ്ങളാൽ സമ്പന്നമായിരുന്നു കഴിഞ്ഞുപോയ ബിനാലെകൾ. ഓർത്തിരിക്കുന്ന, ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന നിരവധി കലാവിഷ്കാരങ്ങൾ ബിനാലെയുടെ ഭാഗമായി പ്രദർശിപ്പിക്കപ്പെട്ടു. അവയൊക്കെയും കേരളത്തിന്റെ ദൃശ്യകലാഭൂമികയെ നിരന്തരം നവീകരിക്കുകയും പുതിയ കാഴ്ചാസംസ്കാരത്തെ പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്നു.

വി.വി. വിനുവിന്റെ ‘ഒച്ച’ എന്ന ശില്പങ്ങൾ 2018 ലെ ബിനാലെയിൽ പ്രദർശിപ്പിക്കപ്പെട്ടു  അവ ജാതീയതയുടെയും വംശീയതയുടെയും ചരിത്രപരതയെ ചർച്ച ചെയ്യുന്നു.
വി.വി. വിനുവിന്റെ ‘ഒച്ച’ എന്ന ശില്പങ്ങൾ 2018 ലെ ബിനാലെയിൽ പ്രദർശിപ്പിക്കപ്പെട്ടു അവ ജാതീയതയുടെയും വംശീയതയുടെയും ചരിത്രപരതയെ ചർച്ച ചെയ്യുന്നു.

12.12.2025-ൽ പുതിയൊരു ബിനാലെ കാലം ആരംഭിക്കുകയാണ്. നിഖിൽ ചോപ്ര ആർട്ടിസ്റ്റിക് ക്യൂറേറ്ററാകുന്ന ബിനാലെ ‘For the Time Being’ എന്ന ടൈറ്റിൽ ആശയമാണ് കേന്ദ്രീകരിക്കുന്നത്. സാന്നിധ്യം, സമയം, സഹകരണം എന്നിവയിലൂന്നി കൊച്ചിയുടെ സമ്പന്നമായ സാംസ്കാരികതയെ ഗവേഷണം ചെയ്യുക എന്ന ആശയം മുന്നോട്ടുവെക്കുന്നു. 22 വേദികളിലായി 25 രാജ്യങ്ങളിൽ നിന്നുള്ള 66 കലാകൃത്തുക്കൾ ഭാഗഭാക്കാവുന്ന ബൃഹത്തായ കലാപദ്ധതി വെറുമൊരു പ്രദർശനമായി ഒതുങ്ങാതെ സമയത്തിന്റെയും കാലത്തിന്റെയും ആനുകാലികതയുടെയും പങ്കുവെക്കലായിത്തീരും എന്ന പ്രതീക്ഷയാണുള്ളത്.


Summary: Kochi-Muziris Biennale, an international exhibition of contemporary art reaches it's 6th edition. Shinoj Choran writes about Biennale's artistic relevance.


ഷിനോജ് ചോറൻ

കലാകൃത്ത്, കലാധ്യാപകൻ, സംസ്ഥാന കോർ റിസോഴ്സ് ഗ്രൂപ്പ് അംഗം (കലാവിദ്യാഭ്യാസം), പാഠപുസ്തക രചനാ സമിതി അംഗം, കേന്ദ്ര ലളിതകലാ അക്കാദമി നാഷണൽ റിസർച്ച് സ്കോളർ.

Comments