കലാവിദ്യാർത്ഥികളിലെ സാമൂഹിക വൈകാരിക മാറ്റങ്ങൾ: സിദ്ധാന്തങ്ങൾ പ്രയോഗിക്കുമ്പോൾ സംഭവിക്കുന്നത്…

“കലാപരിശീലനത്തിലേർപ്പെടുന്ന കുട്ടികളിൽ ബൗദ്ധികവും വൈജ്ഞാനികവും വൈകാരികവുമായ എന്ത് മാറ്റങ്ങളാണ് സംഭവിക്കുന്നത്? കുട്ടികളുടെ സാമൂഹിക വിനിമയങ്ങളിലും സർഗാത്മക വികാസത്തിലും വ്യക്തിത്വ രൂപീകരണത്തിനും കലയറിവുകളും കലാ പരിശീലനങ്ങളും എങ്ങനെ സഹായകമാണ്?” കലാപഠന മേഖലയിലെ സിദ്ധാന്തങ്ങളെയും അവയുടെ പ്രായോഗികതയെയും വിശദീകരിക്കുന്നു, ഷിനോജ് ചോറൻ.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കലാവിദ്യാഭ്യാസം കോർസബ്ജക്ട് ആയി വിനിമയം ചെയ്തു തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണവും പാഠപുസ്തക നിർമാണവും പൂർത്തിയാവുകയും അതിന്റെ ഭാഗമായി കലാവിദ്യാഭ്യാസത്തിന് പ്രത്യേകമായി പാഠപുസ്തകം രൂപപ്പെടുകയും ചെയ്തു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ കലാവിദ്യാഭ്യാസ പാഠപുസ്തകം വിനിമയം ചെയ്യപ്പെടുന്നതിന്റെ വെളിച്ചത്തിൽ കുട്ടികളുടെ സാമൂഹിക- വൈകാരിക സുസ്ഥിതിയിൽ കലാവിദ്യാഭ്യാസത്തിനുള്ള പങ്ക് വിചിന്തനം ചെയ്യുന്നതിന് പ്രാധാന്യമുണ്ട്.

കലാപരിശീലനത്തിലേർപ്പെടുന്ന കുട്ടികളിൽ ബൗദ്ധികവും വൈജ്ഞാനികവും വൈകാരികവുമായ എന്ത് മാറ്റങ്ങളാണ് സംഭവിക്കുന്നത് ? കുട്ടികളുടെ സാമൂഹിക വിനിമയങ്ങളിലും സർഗാത്മക വികാസത്തിലും വ്യക്തിത്വ രൂപീകരണത്തിനും കലയറിവുകളും കലാ പരിശീലനങ്ങളും എങ്ങനെ സഹായകമാണ്?

പഠിതാക്കളുടെ സർഗാത്മക, വൈജ്ഞാനിക, വൈകാരിക, സൈക്കോമോട്ടോർ ശേഷികളുടെ സമഗ്രമായ പുരോഗതിയാണ് കലാവിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. പഠിതാക്കൾക്ക് സൃഷ്ടിപരമായ ആവിഷ്കാരത്തിനായി സമയം, സ്ഥലം, വസ്തുക്കൾ എന്നിവ ഒരുക്കി നൽകുന്നതിലൂടെ അവരുടെ സമ്മർദ്ദം ലഘൂകരിക്കുന്നതിനും ഓർമശക്തി മെച്ചപ്പെടുത്തുന്നതിനും സാമൂഹികവിനിമയ ശേഷി ആർജിക്കുന്നതിനും അവസരം ഉണ്ടാകുന്നു. സംഗീതം, ചിത്രശില്പ നിർമ്മാണം, നൃത്തം, അഭിനയം, മറ്റ് സൃഷ്ടിപരമായ പ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെ കടന്നുപോകുന്നത് സർഗാത്മകത ഉണർത്തുന്നു എന്നതോടൊപ്പം തന്നെ പുതിയ ആശയങ്ങളുമായി ഇടപെടുന്നതിനും സാമൂഹിക- വൈകാരിക സുസ്ഥിതി കൈവരിക്കുന്നതിനും പഠിതാക്കളെ പ്രാപ്തരാക്കുന്നു.

ഇതിലേക്ക് വെളിച്ചം വീശുന്ന ചില സൈദ്ധാന്തിക തലങ്ങൾ വിശകലനം ചെയ്യാം…

ബാൻഡുറയുടെ സാമൂഹിക പഠന സിദ്ധാന്തവും കലാപഠനവും (Bandura's Social Learning Theory)

മനശ്ശാസ്ത്രജ്ഞനായ ആൽബർട്ട് ബാൻഡുറ (Albert Bandura) അവതരിപ്പിച്ച സിദ്ധാന്തമാണ് സാമൂഹിക പഠന സിദ്ധാന്തം. ഈ സിദ്ധാന്തമനുസരിച്ച്, മനുഷ്യർ നേരിട്ടുള്ള അനുഭവങ്ങളിലൂടെ മാത്രമല്ല, മറ്റുള്ളവരെ നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്യുന്നതിലൂടെയും പഠിക്കുന്നു. അതിനാൽ പഠനം വ്യക്തിയും സമൂഹവും തമ്മിലുള്ള പരസ്പര ഇടപെടലിന്റെ ഫലമായാണ് സംഭവിക്കുന്നത്.

സാമൂഹികപഠന സിദ്ധാന്തത്തിന്റെ പ്രധാന ആശയങ്ങളായ നിരീക്ഷണത്തിലൂടെയുള്ള പഠനം (Observational Learning), അനുകരണം (Imitation / Modeling), പരോക്ഷ ശാക്തീകരണം (Vicarious Reinforcement), പരസ്പര നിർണയത്വം (Reciprocal Determinism) തുടങ്ങിയവ കലാപഠനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

കലാപഠനം എന്നത് സാങ്കേതിക വൈദഗ്ധ്യം നേടൽ മാത്രമല്ല; മറിച്ച് നിരീക്ഷണം, അനുകരണം, സാമൂഹിക ഇടപെടൽ, സാംസ്കാരിക അനുഭവങ്ങൾ ആർജിക്കൽ എന്നിവയിലൂടെ പഠിതാക്കൾ കലാപരമായ അറിവും മൂല്യങ്ങളും സ്വായത്തമാക്കുന്നു. കേരള പാഠ്യപദ്ധതി ചട്ടക്കൂട്(KCF) കലാവിദ്യാഭ്യാസ നിലപാട് രേഖയിൽ പ്രവർത്തനാധിഷ്ഠിത പഠനം, സഹകരണ പഠനം, പ്രകടനാധിഷ്ഠിത പഠനം, അനുഭവാധിഷ്ഠിത പഠനം, സംയോജിത പഠന രീതി എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. ഇവ ബാൻഡുറയുടെ സിദ്ധാന്തവുമായി യോജിച്ചുനിൽക്കുന്നതാണ്.

കലാപഠനം എന്നത് സാങ്കേതിക വൈദഗ്ധ്യം നേടൽ മാത്രമല്ല; മറിച്ച് നിരീക്ഷണം, അനുകരണം, സാമൂഹിക ഇടപെടൽ, സാംസ്കാരിക അനുഭവങ്ങൾ ആർജിക്കൽ എന്നിവയിലൂടെ പഠിതാക്കൾ കലാപരമായ അറിവും മൂല്യങ്ങളും സ്വായത്തമാക്കുന്നു.
കലാപഠനം എന്നത് സാങ്കേതിക വൈദഗ്ധ്യം നേടൽ മാത്രമല്ല; മറിച്ച് നിരീക്ഷണം, അനുകരണം, സാമൂഹിക ഇടപെടൽ, സാംസ്കാരിക അനുഭവങ്ങൾ ആർജിക്കൽ എന്നിവയിലൂടെ പഠിതാക്കൾ കലാപരമായ അറിവും മൂല്യങ്ങളും സ്വായത്തമാക്കുന്നു.

എറിക് എറിക്സന്റെ സാമൂഹിക-വൈകാരിക വികാസ സിദ്ധാന്തം (Erik Erikson's Psychosocial Development Theory) കലാവിദ്യാഭ്യാസ പഠനരീതികളുമായി ബന്ധപ്പെടുത്താവുന്നതാണ്.

മനശ്ശാസ്ത്രജ്ഞനായ എറിക് എറിക്സൺ (Erik Erikson, 1902–1994) അവതരിപ്പിച്ച സാമൂഹിക-വൈകാരിക വികാസ സിദ്ധാന്തം (Psychosocial Development Theory) മനുഷ്യരുടെ വ്യക്തിത്വ വികാസം ജീവിതകാലം മുഴുവൻ തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണെന്ന് വിശദീകരിക്കുന്നു. മനുഷ്യജീവിതം എട്ട് ഘട്ടങ്ങളായാണ് (Eight Stages of Development) വിഭജിക്കപ്പെട്ടിരിക്കുന്നത്, ഓരോ ഘട്ടത്തിലും വ്യക്തി ഒരു സാമൂഹിക-വൈകാരിക പ്രതിസന്ധി (Psychosocial Crisis) നേരിടുന്നു എന്നതാണ് എറിക്സൺന്റെ സിദ്ധാന്തത്തിന്റെ കോർ. വിദ്യാലയങ്ങളിലെ കലാവിദ്യാഭ്യാസം ഈ വികാസഘട്ടങ്ങളെ ശക്തിപ്പെടുത്തുന്ന ഒരു പ്രധാന പഠനമേഖലയാണ്. ചിത്രരചന, സംഗീതം, നൃത്തം, നാടകം, ശിൽപനിർമാണം തുടങ്ങിയ കലാപ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ വൈകാരിക പ്രകടനം, സാമൂഹിക സഹകരണം, ആത്മവിശ്വാസം, സർഗാത്മകത, വ്യക്തിത്വ രൂപീകരണം എന്നിവയെ പിന്തുണയ്ക്കുന്നവയാണ്.

•ഒരു ചിത്രം പൂർത്തിയാക്കുക, സംഗീതപരിപാടിയിൽ പങ്കെടുക്കുക, നാടകത്തിൽ അഭിനയിക്കുക, നൃത്തംചെയ്യുക എന്നിവ കുട്ടികളിൽ "എനിക്കും കഴിയും" എന്ന ആത്മവിശ്വാസം വളർത്തുന്നു.

•കലോത്സവങ്ങൾ, ചിത്രപ്രദർശനങ്ങൾ, സംഗീതപരിപാടികൾ എന്നിവ വിദ്യാർത്ഥികളുടെ ശേഷികളും നൈപുണികളും അംഗീകരിക്കപ്പെടാനുള്ള അവസരങ്ങളാണ്.

•അധ്യാപകരുടെ പ്രോത്സാഹനവും സൃഷ്ടിപരമായ വിലയിരുത്തലും അപകർഷതാബോധം കുറയ്ക്കുന്നതിന് സഹായകമാണ്.

ഫെസിലിറ്റേറ്റർ എന്ന നിലയിൽ കലാധ്യാപകർക്ക് ഇതിൽ വലിയ പങ്ക് വഹിക്കാനുണ്ട്. പഠിതാക്കളുടെ ശേഷികൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങൾ വിദ്യാലയത്തിൽ ഒരുക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ശേഷികളും നൈപുണികളും കണ്ടെത്തി പ്രോത്സാഹനം നൽകുക എന്നതോടൊപ്പംതന്നെ ബൗദ്ധികവികാസത്തിനും, സംയോജിത – സഹകരണാത്മക പഠനത്തിനും, സാമൂഹിക- വൈകാരിക വികാസത്തിനും അവസരമൊരുക്കൽ കൂടിയാവും അത്.

സാമൂഹിക-വൈകാരികവികാസ സിദ്ധാന്തം വിദ്യാലയങ്ങളിലെ കലാവിദ്യാഭ്യാസത്തിന് ശക്തമായ സൈദ്ധാന്തിക അടിത്തറ നൽകുന്നു. കലാപഠനം വിദ്യാർത്ഥികളുടെ ആത്മവിശ്വാസം, വ്യക്തിത്വ രൂപീകരണം, വൈകാരികപക്വത, സാമൂഹികസഹകരണം, സർഗാത്മകത, മാനസികക്ഷേമം എന്നിവ വികസിപ്പിക്കുന്നു. അതിനാൽ കല ഒരു വിനോദവിഷയമോ ഒഴിവ്സമയ പ്രക്രിയയോ മാത്രമല്ല, മറിച്ച് വിദ്യാർത്ഥിയുടെ സമഗ്ര വ്യക്തിത്വ വികാസത്തിന് അനിവാര്യമായ വിദ്യാഭ്യാസ പ്രക്രിയയാണെന്ന് ഈ സിദ്ധാന്തം അടിവരയിടുന്നു.

മനശ്ശാസ്ത്രജ്ഞനായ എറിക് എറിക്സൺ
മനശ്ശാസ്ത്രജ്ഞനായ എറിക് എറിക്സൺ

വിഗോട്സ്കിയുടെ സാമൂഹിക വികാസ സിദ്ധാന്തത്തിന് (Vygotsky's Theory of Social Development) കലാ വിദ്യാഭ്യാസത്തിൽ പ്രബലമായ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്.

റഷ്യൻ മനശ്ശാസ്ത്രജ്ഞനായ ലെവ് വിഗോട്സ്കി (Lev Vygotsky) അവതരിപ്പിച്ച സാമൂഹിക-സാംസ്കാരിക വികാസ സിദ്ധാന്തം (Sociocultural Theory) അനുസരിച്ച്, കുട്ടികളുടെ പഠനവും ബൗദ്ധിക വളർച്ചയും പ്രധാനമായും സാമൂഹിക ഇടപെടലുകളിലൂടെയും സാംസ്കാരിക അനുഭവങ്ങളിലൂടെയും ഭാഷയിലൂടെയും വികസിക്കുന്നു. അറിവ് ഒറ്റയ്ക്കുള്ള പഠനത്തിലൂടെ മാത്രമല്ല, മറ്റുള്ളവരുമായി സഹകരിച്ചും ആശയവിനിമയം നടത്തിയുമാണ് രൂപപ്പെടുന്നത്.

സാമൂഹിക വികാസ സിദ്ധാന്തം കലാവിദ്യാഭ്യാസത്തെ ഒരു വ്യക്തിഗത ശേഷീവികസനമെന്ന നിലയിൽ അല്ല, സാമൂഹികവും സാംസ്കാരികവുമായ ഒരു പഠനപ്രക്രിയയായി കാണുന്നു. സഹകരണം, ആശയവിനിമയം, അധ്യാപകരുടെ മാർഗനിർദ്ദേശം, സാംസ്കാരിക അനുഭവങ്ങൾ എന്നിവയിലൂടെ പഠിതാക്കളുടെ സൃഷ്ടിപരതയും വിമർശനാത്മക ചിന്തയും സാമൂഹികബോധവും വളർത്താൻ ഈ സിദ്ധാന്തം സഹായിക്കുന്നു. അതിനാൽ, വിദ്യാലയങ്ങളിലെ കലാവിദ്യാഭ്യാസം കൂടുതൽ അർത്ഥവത്തും ഉൾക്കൊള്ളുന്നതും അനുഭവസമ്പന്നവുമാക്കുന്നതിൽ വിഗോട്സ്കിയുടെ സിദ്ധാന്തം നിർണായക പങ്കുവഹിക്കുന്നു. സിദ്ധാന്തപ്രകാരം, പഠിതാവ് ആദ്യം മറ്റുള്ളവരുമായി ഇടപഴകിയാണ് അറിവ് നേടുന്നത്. പിന്നീട് ആ അറിവ് വ്യക്തിപരമായ ചിന്തയുടെ ഭാഗമായി മാറുന്നു. അതിനാൽ പഠനം ഒരു സാമൂഹിക പ്രക്രിയയാണ്.

സംഘമായുള്ള കലാപ്രവർത്തനങ്ങളിൽ ഇടപെടുന്നതിലൂടെ പഠിതാക്കൾ പരസ്പരം ആശയങ്ങൾ പങ്കുവെക്കുകയും, പുതിയ സാങ്കേതികവിദ്യകൾ പഠിക്കുകയും, സ്വന്തം ആശയങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു.

സഹകരണപഠനം (Collaborative Learning), സൃഷ്ടിപരമായ ചിന്തയുടെ വികസനം, വിമർശനാത്മക ചിന്ത (Critical Thinking), ആശയവിനിമയശേഷി, ഉൾച്ചേരൽ വിദ്യാഭ്യാസം (Inclusive Education), അനുഭവാധിഷ്ഠിത പഠനം തുടങ്ങിയ കലാവിദ്യാഭ്യാസത്തിലെ പ്രയോഗതലങ്ങൾ വിഗോട്സ്കിയുടെ സിദ്ധാന്തത്തിന്റെ പ്രധാന സ്വാധീനമേഖലകളാണ്.

ഒരു കുട്ടിയുടെ വൈജ്ഞാനികവികാസം ആ കുട്ടി വളരുന്ന സാമൂഹികവും സാംസ്കാരികവുമായ പരിസരത്തിന്റെ ശക്തമായ സ്വാധീനത്താലാണ് രൂപപ്പെടുന്നത്. വിഗോട്‌സ്‌കിയുടെ അഭിപ്രായത്തിൽ കുട്ടിയുടെ ചിന്താശേഷി, പ്രശ്നപരിഹരണ ശേഷി, ഭാഷാവികാസം, പഠനരീതികൾ എന്നിവ ജന്മസിദ്ധമായ ശേഷിയാൽ സംഗതമാകുന്നത് അല്ല. മറിച്ച്, കുട്ടി ജീവിക്കുന്ന കുടുംബം, സമൂഹം, വിദ്യാലയം, സാംസ്കാരിക പരിസരം, ഭാഷ, കലകൾ, വിശ്വാസങ്ങൾ തുടങ്ങിയ ഘടകങ്ങൾ വൈജ്ഞാനികവികാസത്തെ ആഴത്തിൽ സ്വാധീനിക്കുന്നു.

ഓരോ സമൂഹത്തിനും തനതായ അറിവും മൂല്യങ്ങളും കലാപാരമ്പര്യങ്ങളും സാംസ്കാരികതയും ഉണ്ട്. കുട്ടി തന്റെ വളർച്ചയുടെ പടവുകളിൽ സമൂഹവുമായുള്ള ഇടപെടലുകളിലൂടെ അവ സ്വായത്തമാക്കുന്നു. രണ്ട് വ്യത്യസ്ത സമൂഹത്തിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്നു വരുന്ന കുട്ടികളിൽ പ്രകടമാകുന്ന ചിന്താരീതിയും വിശകലനരീതിയും കലാബോധവും സൗന്ദര്യവീക്ഷണവും സാംസ്കാരിക-സാമൂഹിക ബോധ്യങ്ങളും വ്യത്യസ്തമായിരിക്കും. വൈജ്ഞാനികവികാസം സാമൂഹിക ഇടപെടലുകളിലൂടെ ആരംഭിക്കുകയും പിന്നീട് കുട്ടി അതിനെ ആന്തരികവൽക്കരിച്ച് സ്വന്തം അറിവിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്നു. വിഗോട്സ്കിയുടെ അഭിപ്രായത്തിൽ എല്ലാ ഉയർന്ന മാനസിക പ്രവർത്തനങ്ങളും ആദ്യം സാമൂഹികതലത്തിൽ (Social Level) പ്രത്യക്ഷപ്പെടുന്നു. പിന്നീട് അവ കുട്ടിയുടെ ഉള്ളിൽ വ്യക്തിപരമായ ചിന്തയായി (Intrapsychological Level) മാറുന്നു. ഈ പ്രക്രിയയെ Internalization (ആന്തരികവൽക്കരണം) എന്ന് വിളിക്കുന്നു.

  1. സാമൂഹിക അനുഭവം (Social Experience) – മറ്റുള്ളവരോടൊപ്പം പ്രവർത്തിക്കുന്നു.

2. ആന്തരികവൽക്കരണം (Internalization) – അനുഭവം സ്വന്തം അറിവാക്കി മാറ്റുന്നു.

  1. സ്വതന്ത്ര പ്രയോഗം (Independent Application) – പിന്നീട് അത് പുതിയ സാഹചര്യങ്ങളിൽ സ്വയം പ്രയോഗിക്കുന്നു.

കലാവിദ്യാഭ്യാസം ഇതിന്റെ പ്രയോഗവത്കരണം ഈ മൂന്ന് ഘട്ടങ്ങളിലൂടെ നടത്തുന്നു.

കുട്ടികൾ തങ്ങളേക്കാൾ കൂടുതൽ അറിവും പരിചയവുമുള്ള വ്യക്തികളിൽ നിന്ന് പഠിക്കുന്നു. അവർ കുട്ടിയുടെ വികസനനിലയ്ക്ക് അനുയോജ്യമായ രീതിയിൽ ആവശ്യമായ പിന്തുണ (Scaffolding) നൽകുന്നു (More Knowledgeable others). വിഗോട്സ്കിയുടെ മറ്റൊരു ആശയമാണിത്. കലാവിദ്യാഭ്യാസത്തിൽ ഇത് അധ്യാപകരോ, റിസോഴ്സ് പേഴ്സണോ, സഹപാഠിയോ, കലാകൃത്തോ ആവാം. ക്ലാസ്മുറിക്കകത്തെ പാഠഭാഗവിനിമയത്തോടൊപ്പം നടക്കുന്ന കലാശില്പശാലകളും, സംഘകലാ പ്രവർത്തനങ്ങളും, പങ്കാളിത്തകലയും, സഹവർത്തിത്വ പഠനവും എല്ലാം സ്കഫോൾഡിങ്ങിന്റെ ഭാഗമാണ്. ആദ്യ ഘട്ടത്തിൽ ആവശ്യമായ പിന്തുണ നൽകുകയും, ക്രമേണ പിന്തുണ കുറച്ചു കൊണ്ടുവന്ന് കുട്ടികളിൽ സ്വാശ്രയത്വവും ആത്മവിശ്വാസവും ആർജിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നു. ഗ്രൂപ്പ് പ്രവർത്തനങ്ങൾ, കലാസംവാദങ്ങൾ, കലാപ്രദർശനങ്ങൾ എന്നിവ വിദ്യാർത്ഥികളുടെ സൃഷ്ടിപരത, ആശയവിനിമയശേഷി, വിമർശനാത്മക ചിന്ത എന്നിവ വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. പിന്തുണ നൽകലിന്റെ (scaffolding) പ്രായോഗികതലമാണിത്. കലാധിഷ്ഠിത പഠനം, പ്രോജക്റ്റ് അധിഷ്ഠിത പഠനം, സഹകരണ പഠനം (Collaborative Learning), ഉൾച്ചേരൽ വിദ്യാഭ്യാസം (Inclusive Education) എന്നിവയുടെ സൈദ്ധാന്തികവശങ്ങൾ കലാപാഠ്യപദ്ധതിയിൽ ഉൾച്ചേർത്തിട്ടുണ്ട്.

റഷ്യൻ മനശ്ശാസ്ത്രജ്ഞനായ ലെവ് വിഗോട്സ്കി (Lev Vygotsky) അവതരിപ്പിച്ച സാമൂഹിക-സാംസ്കാരിക വികാസ സിദ്ധാന്തം (Sociocultural Theory) അനുസരിച്ച്, കുട്ടികളുടെ പഠനവും ബൗദ്ധിക വളർച്ചയും പ്രധാനമായും സാമൂഹിക ഇടപെടലുകളിലൂടെയും സാംസ്കാരിക അനുഭവങ്ങളിലൂടെയും ഭാഷയിലൂടെയും വികസിക്കുന്നു.
റഷ്യൻ മനശ്ശാസ്ത്രജ്ഞനായ ലെവ് വിഗോട്സ്കി (Lev Vygotsky) അവതരിപ്പിച്ച സാമൂഹിക-സാംസ്കാരിക വികാസ സിദ്ധാന്തം (Sociocultural Theory) അനുസരിച്ച്, കുട്ടികളുടെ പഠനവും ബൗദ്ധിക വളർച്ചയും പ്രധാനമായും സാമൂഹിക ഇടപെടലുകളിലൂടെയും സാംസ്കാരിക അനുഭവങ്ങളിലൂടെയും ഭാഷയിലൂടെയും വികസിക്കുന്നു.

ഹോവാർഡ് ഗാർഡ്നറുടെ ബഹുമുഖ ബുദ്ധിശേഷി സിദ്ധാന്തം (Howard Gardner's Theory of Multiple Intelligences)

അമേരിക്കൻ മനഃശാസ്ത്രജ്ഞനും വിദ്യാഭ്യാസ ഗവേഷകനുമായ ഹോവാർഡ് ഗാർഡ്നർ (Howard Gardner) 1983-ൽ പ്രസിദ്ധീകരിച്ച Frames of Mind: The Theory of Multiple Intelligences എന്ന ഗ്രന്ഥത്തിലൂടെയാണ് ബഹുമുഖ ബുദ്ധിശേഷി സിദ്ധാന്തം (Theory of Multiple Intelligences - MI) അവതരിപ്പിച്ചത്. പരമ്പരാഗതമായി ബുദ്ധിശേഷിയെ (Intelligence) IQ പരീക്ഷകളിലൂടെ മാത്രം അളക്കുന്ന സമീപനത്തെ അദ്ദേഹം വിമർശിച്ചു. ഓരോ വ്യക്തിക്കും വ്യത്യസ്ത തരത്തിലുള്ള ബുദ്ധിശേഷികളുണ്ടെന്നും ഓരോരുത്തരും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണെന്നും അദ്ദേഹം വാദിച്ചു. അടിസ്ഥാന ആശയം ഓരോ വ്യക്തിക്കും എല്ലാ ബുദ്ധിശേഷികളും ഉണ്ട്, എന്നാൽ അവയുടെ അളവും ശക്തിയും വ്യത്യസ്തമാണ് എന്നതാണ്.

ഭാഷാപര ബുദ്ധിശേഷി (Linguistic Intelligence), യുക്തി-ഗണിത ബുദ്ധിശേഷി (Logical-Mathematical Intelligence), ദൃശ്യ-സ്ഥല ബുദ്ധിശേഷി (Visual-Spatial Intelligence), സംഗീത ബുദ്ധിശേഷി (Musical Intelligence), ശാരീരിക-ചലന ബുദ്ധിശേഷി (Bodily-Kinesthetic Intelligence), വ്യക്തിബന്ധ ബുദ്ധിശേഷി (Interpersonal Intelligence), ആത്മബോധ ബുദ്ധിശേഷി (Intrapersonal Intelligence), പ്രകൃതി ബുദ്ധിശേഷി (Naturalistic Intelligence) എന്നിവയാണ് ഗാർഡ്നർ മുന്നോട്ടുവെച്ച എട്ട് ബുദ്ധിശേഷികൾ.

ഗാർഡ്നറുടെ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ കലാവിദ്യാഭ്യാസം വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നു. വികാരങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ സഹായിക്കുന്നു. സഹാനുഭൂതിയും സഹകരണ മനോഭാവവും വളർത്തുന്നു. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു. സൃഷ്ടിപരമായ ചിന്തയും പ്രശ്നപരിഹാരശേഷിയും വികസിപ്പിക്കുന്നു. ഉൾക്കൊള്ളുന്ന (Inclusive) പഠനാന്തരീക്ഷം സൃഷ്ടിക്കുന്നു. ഓരോ വിദ്യാർത്ഥിയുടെയും വ്യക്തിഗത കഴിവുകളെ അംഗീകരിക്കുകയും വളർത്തുകയും ചെയ്യുന്നു. ബഹുമുഖ ബുദ്ധിശേഷി സിദ്ധാന്തം ഓരോ വ്യക്തിക്കും വ്യത്യസ്ത കഴിവുകളുണ്ടെന്ന് അംഗീകരിക്കുന്ന വിദ്യാഭ്യാസ സമീപനമാണ്. കലാവിദ്യാഭ്യാസം ഈ വിവിധ ബുദ്ധിശേഷികളെ വികസിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണ്. അതിലൂടെ വിദ്യാർത്ഥികളുടെ സാമൂഹിക-വൈകാരിക സുസ്ഥിതി, ആത്മവിശ്വാസം, സർഗ്ഗാത്മകത, സഹകരണം, ഉൾക്കൊള്ളൽ എന്നിവ ശക്തിപ്പെടുകയും സമഗ്ര വ്യക്തിത്വവികാസം സാധ്യമാകുകയും ചെയ്യുന്നു.

അമേരിക്കൻ മനഃശാസ്ത്രജ്ഞനും വിദ്യാഭ്യാസ ഗവേഷകനുമായ ഹോവാർഡ് ഗാർഡ്നർ (Howard Gardner) 1983-ൽ പ്രസിദ്ധീകരിച്ച Frames of Mind: The Theory of Multiple Intelligences എന്ന ഗ്രന്ഥത്തിലൂടെയാണ് ബഹുമുഖ ബുദ്ധിശേഷി സിദ്ധാന്തം (Theory of Multiple Intelligences - MI) അവതരിപ്പിച്ചത്.
അമേരിക്കൻ മനഃശാസ്ത്രജ്ഞനും വിദ്യാഭ്യാസ ഗവേഷകനുമായ ഹോവാർഡ് ഗാർഡ്നർ (Howard Gardner) 1983-ൽ പ്രസിദ്ധീകരിച്ച Frames of Mind: The Theory of Multiple Intelligences എന്ന ഗ്രന്ഥത്തിലൂടെയാണ് ബഹുമുഖ ബുദ്ധിശേഷി സിദ്ധാന്തം (Theory of Multiple Intelligences - MI) അവതരിപ്പിച്ചത്.

ഡാനിയൽ ഗോൾമാന്റെ വൈകാരിക ബുദ്ധി സിദ്ധാന്തം (Daniel Goleman's Emotional Intelligence Theory)

അമേരിക്കൻ മനഃശാസ്ത്രജ്ഞനും ശാസ്ത്രലേഖകനുമാണ് ഡാനിയൽ ഗോൾമാൻ (Daniel Goleman). 1995-ൽ പ്രസിദ്ധീകരിച്ച Emotional Intelligence: Why It Can Matter More Than IQ എന്ന ഗ്രന്ഥത്തിലൂടെയാണ് അദ്ദേഹം വൈകാരിക ബുദ്ധി (Emotional Intelligence - EI) എന്ന ആശയം ജനകീയമാക്കിയത്. ഗോൾമാന്റെ അഭിപ്രായത്തിൽ, ജീവിതവിജയം ബുദ്ധിശേഷി (IQ) മാത്രമല്ല നിർണയിക്കുന്നത്. സ്വന്തം വികാരങ്ങളെയും മറ്റുള്ളവരുടെ വികാരങ്ങളെയും മനസ്സിലാക്കാനും നിയന്ത്രിക്കാനും ഫലപ്രദമായി ഉപയോഗിക്കാനുമുള്ള കഴിവും അത്രതന്നെ പ്രധാനമാണ്. സ്വന്തം വികാരങ്ങളെ തിരിച്ചറിയുകയും നിയന്ത്രിക്കുകയും മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കി സാമൂഹിക സാഹചര്യങ്ങളിൽ ഉചിതമായി പെരുമാറുകയും ചെയ്യുന്ന കഴിവിനെയാണ് വൈകാരിക ബുദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വൈകാരിക ബുദ്ധി സിദ്ധാന്തം പഠിതാക്കളുടെ വികാരങ്ങളെ തിരിച്ചറിയാനും നിയന്ത്രിക്കാനും മറ്റുള്ളവരുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാനും സഹായിക്കുന്ന ഒരു പ്രധാന വിദ്യാഭ്യാസ സമീപനമാണ്. കലാവിദ്യാഭ്യാസം ഈ വൈകാരിക ബുദ്ധിയുടെ അഞ്ച് ഘടകങ്ങളെയും സ്വാഭാവികമായി വികസിപ്പിക്കുന്ന ശക്തമായ പഠനമാധ്യമമാണ്. അതിനാൽ വിദ്യാർത്ഥികളുടെ സാമൂഹിക-വൈകാരിക സുസ്ഥിതി (Social-Emotional Well-being), മാനസികാരോഗ്യം, ആത്മവിശ്വാസം, സഹാനുഭൂതി, സഹകരണം, സൃഷ്ടിപരത എന്നിവ വളർത്തുന്നതിൽ കലാവിദ്യാഭ്യാസത്തിന് നിർണായക സ്ഥാനമുണ്ട്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിദ്യാഭ്യാസം അറിവ് സമ്പാദനത്തിൽ മാത്രം ഒതുങ്ങുന്നില്ല. പകരം, സമഗ്ര വ്യക്തിത്വവികാസം (Holistic Development), സാമൂഹിക-വൈകാരിക പഠനം (Social and Emotional Learning – SEL), സർഗാത്മകത (Creativity), വിമർശനാത്മക ചിന്ത (Critical Thinking), ആശയവിനിമയശേഷി (Communication), സഹകരണം (Collaboration) തുടങ്ങിയ ജീവിതനൈപുണികൾ വളർത്തുകയാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഈ സാഹചര്യത്തിൽ കലാവിദ്യാഭ്യാസം ഒരു അനുബന്ധ വിഷയമല്ല, മറിച്ച് വിദ്യാർത്ഥികളുടെ ബൗദ്ധിക (Cognitive), വൈകാരിക (Emotional), സാമൂഹിക (Social), ശാരീരിക (Psychomotor), സൗന്ദര്യാത്മക (Aesthetic), സാംസ്കാരിക (Cultural) വികാസങ്ങളെ സംയോജിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സമീപനമാണ്.

ഇന്ന് ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, സംഗീതം, ചിത്രകല, ശില്പകല, നാടകം, നൃത്തം തുടങ്ങിയ പ്രവർത്തനങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്ന കുട്ടികൾക്ക് അക്കാദമിക നേട്ടങ്ങൾ മാത്രമല്ല, മികച്ച വൈകാരിക സ്ഥിരത, ഉയർന്ന ആത്മവിശ്വാസം, മെച്ചപ്പെട്ട സാമൂഹിക ബന്ധങ്ങൾ, കുറഞ്ഞ സമ്മർദ്ദം, ഉയർന്ന സൃഷ്ടിപരത എന്നിവയും കൈവരിക്കാൻ കഴിയുന്നുവെന്നാണ്. ആധുനിക ഗവേഷണങ്ങളും വിദ്യാഭ്യാസ സിദ്ധാന്തങ്ങളും കലാവിദ്യാഭ്യാസം കുട്ടികളുടെ സമഗ്ര വികസനത്തിന്റെ കേന്ദ്രഘടകമാണ് എന്ന് വ്യക്തമാക്കുന്നു. ഇത് അക്കാദമിക നേട്ടങ്ങൾ വർധിപ്പിക്കുന്നതിനപ്പുറം വൈകാരിക ബുദ്ധി, സാമൂഹിക ഉത്തരവാദിത്തം, ആത്മവിശ്വാസം, സഹാനുഭൂതി, സർഗാത്മകത, സാംസ്കാരിക ബോധം എന്നിവ വളർത്തുന്നു. വിഗോട്സ്കി, ഗാർഡ്നർ, ഗോൾമാൻ, എറിക്സൺ തുടങ്ങിയവരുടെ സിദ്ധാന്തങ്ങളും വിവിധ വിദ്യാഭ്യാസ കാഴ്ചപ്പാടുകളും കലാവിദ്യാഭ്യാസത്തെ സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ (Quality Inclusive Education) അനിവാര്യ ഘടകമായി അംഗീകരിക്കുന്നു. കേരള പാഠ്യപദ്ധതി ചട്ടക്കൂട് (KCF 2023) ഈ സമീപനത്തെ പിന്തുണയ്ക്കുന്നതിനാൽ, കലാവിദ്യാഭ്യാസം സ്കൂൾ വിദ്യാഭ്യാസത്തിൽ ഒരു അനുബന്ധ പ്രവർത്തനമല്ല, മറിച്ച് വിദ്യാർത്ഥികളുടെ സമഗ്രവും സാമൂഹികവും-വൈകാരികവുമായ വികാസത്തിനുള്ള അടിസ്ഥാന വിദ്യാഭ്യാസ തന്ത്രമായി പരിഗണിക്കപ്പെടണം.

 കലാവിദ്യാഭ്യാസം ഈ വൈകാരിക ബുദ്ധിയുടെ അഞ്ച് ഘടകങ്ങളെയും സ്വാഭാവികമായി വികസിപ്പിക്കുന്ന ശക്തമായ പഠനമാധ്യമമാണ്.
കലാവിദ്യാഭ്യാസം ഈ വൈകാരിക ബുദ്ധിയുടെ അഞ്ച് ഘടകങ്ങളെയും സ്വാഭാവികമായി വികസിപ്പിക്കുന്ന ശക്തമായ പഠനമാധ്യമമാണ്.

റഫറൻസുകൾ

Bandura's Social Learning Theory

Gardner, H. (1983). Frames of Mind: The Theory of Multiple Intelligences.

Goleman, D. (1995). Emotional Intelligence.

Vygotsky's Theory of Social Development

Erik Erikson's Psychosocial Development Theory

Kerala Curriculum Framework (KCF 2023).


Summary: What intellectual, cognitive, and emotional changes occur in children who engage in art training? Shinoj Choran writes about Socio-emotional changes in art students: theories and practice.


ഷിനോജ് ചോറൻ

കലാകൃത്ത്, കലാധ്യാപകൻ, സംസ്ഥാന കോർ റിസോഴ്സ് ഗ്രൂപ്പ് അംഗം (കലാവിദ്യാഭ്യാസം), പാഠപുസ്തക രചനാ സമിതി അംഗം, കേന്ദ്ര ലളിതകലാ അക്കാദമി നാഷണൽ റിസർച്ച് സ്കോളർ.

Comments