ചിലത് വായിച്ചപ്പോൾ ചിരി വന്നു. വേറെ ചിലത് കണ്ടപ്പോൾ ആ കവർ ഡിസൈനെക്കുറിച്ച് ഒരിക്കൽക്കൂടി പറയണം എന്ന് തോന്നി.
ട്രൂ കോപ്പി വെബ്സീൻ ആപ്പിൽ അവരുടെ തൊട്ടുമുമ്പുള്ള ലക്കത്തിൻറെ കവർ ഒരിക്കൽക്കൂടി എടുത്തുനോക്കി. ഈ ലക്കത്തിലെ റിമയുടെ കാലിന്റെ ഒരൽപ്പം ഭാഗം ഉൾപ്പെട്ടുപോയത് തൽക്കാലം കണ്ടില്ലെന്ന് കരുതാനാകുന്നവർ മാത്രം അതിനുതാഴെയുള്ള ഡേവിഡിനെ കാണുക, തുടർന്ന് വായിക്കുക.
"രതിപുഷ്പവും ഹോമോ ഇറോട്ടിസവും, ആൺ ശരീരങ്ങളുടെ സജല സ്വപ്നരസങ്ങൾ' എന്ന മുഖലേഖനമാണ് ഇക്കാണുന്ന ഡിസൈന് പ്രമേയം. വരച്ചത് റിമയുടെ കാലുകളെ വലുതാക്കി വരച്ച അതേ ആർട്ടിസ്റ്റ്. പോപ്പുലർ കൾച്ചറിലേയും സിനിമയിലേയും ആൺ പ്രണയ കാമനകളുടെ നാനാതരം പ്രതിനിധാനങ്ങളാണ് ഇതിന് അടിസ്ഥാനമായ ലേഖനത്തിൽ പരാമർശിക്കുന്നത്. ആൺശരീരങ്ങളുടെ പ്രണയവും കാമവും സമകാലിക മലയാള സിനിമ എങ്ങനെ ആവിഷ്കരിക്കുന്നു എന്നാണ് വരയുടേയും വിഷയം.
വിഖ്യാതനായ നഗ്നഡേവിഡിനെ മൈക്കൽ ജാക്സന്റെ തൊപ്പിയും കയ്യുറകളും ധരിപ്പിച്ചിരിക്കുന്നു. എന്നാൽ പേശീദൃഢമായ ഡേവിഡിന്റെ ദേഹം പതിവുപോലെ നഗ്നമാണ്. നമ്മുടെ സവിശേഷ സാമൂഹിക ഇടപെടൽ സ്വഭാവം കൊണ്ട് ഈ ഡിസൈനും അത് പ്രതിനിധാനം ചെയ്ത ലേഖനത്തിന്റെ ഉള്ളടക്കവും ചർച്ചയും സംവാദവുമായില്ല. അങ്ങിനെയൊന്നുണ്ടാകാൻ റിമയുടെ പെൺതുട വേണ്ടിയിരുന്നു.
ഫ്ലോറൻസ് കത്തീഡ്രൽ സ്വക്വയറിൽ പ്രതിഷ്ഠാപനം ചെയ്ത ഡേവിഡിന്റെ ശിൽപ്പത്തിൽ മൈക്കലാഞ്ചലോ പ്രതിബിംബിപ്പിച്ച സൂചനകൾ കലാചരിത്ര വായനതകളുടെ അടിസ്ഥാനങ്ങളാണ്. ഗോലിയാത്തിനോടുള്ള യുദ്ധത്തിന് സജ്ജനായി ഒറ്റക്കാലിൽ ശരീരഭാരം വഹിച്ചുള്ള ഡേവിഡിന്റെ വിഖ്യാതമായ നിൽപ്പ്, നോട്ടം... നവോദ്ധാന കാലത്ത് യൂറോപ്പിൽ പ്രബലമായിരുന്ന സാമൂഹികബോധം ഡേവിഡിൽ കാണാം.
ശിൽപ്പശരീരം അസാധാരണമാം വിധം അനുപാതരഹിതമാണ്. ഞരമ്പുകളെഴുന്ന ദീർഘമായ കയ്യുകൾ, വലിയത തല, അസാധാരണമാംവിധം ചെറുതായ ലിംഗം. കരുത്തുറ്റ ശരീരനില പോലെതന്നെ വീരത്വത്തിൻറെ ലക്ഷണമാണ് ഡേവിഡിന്റെ ചെറിയ ലിംഗവും. ആദരണീയമായ വീരപുരുഷത്വം സംബന്ധിച്ച ലക്ഷണശാസ്ത്രത്തിൽ യൂറോ സാമൂഹിക സങ്കൽപ്പം അങ്ങനെയായിരുന്നു. ശരീരാനുപാതത്തിന് ചേരാത്തവിധം ചെറുതായ ലിംഗത്തിലൂടെ അക്കാലത്തെ ഒരു പൊതു സാമൂഹിക വീക്ഷണം മൈക്കലാഞ്ജലോ ഡേവിഡിൽ ആവിഷ്കരിക്കുന്നു. കുലീനതയുടെ അടയാളമായ ചെറിയ ലിംഗം.
മൈക്കലാഞ്ചലോയുടെ ഡേവിഡിന് മൈക്കൽ ജാക്സന്റെ സൂചകങ്ങൾ നൽകിയ ജക്സ്റ്റാപോസിംഗിൽ നമുക്ക് താൽപ്പര്യം വരില്ല. അങ്ങനെ രണ്ട് വിഭിന്ന ആൺബിംബങ്ങൾ ചേർത്തുവച്ചാൽ ഉത്പാദിപ്പിക്കുന്ന അർത്ഥപ്രസരത്തെപ്പറ്റി സോഷ്യൽ മീഡിയ ചർച്ചകളുമുണ്ടാകില്ല. കാരണം ആൺ ലൈംഗികതയുടെ ഭിന്നപ്രകാശനങ്ങളാണ് അവിടെ വിഷയം. അതിൽ നിങ്ങളുടെ ചിട്ടകൾക്ക് യോജിക്കാത്ത ഒരു പെണ്ണില്ല, ഒളിനോട്ടത്തിനായി ഒരു പെൺശരീരവുമില്ല.
പൊതുവേദിയിലെത്തി അഭിപ്രായം പറയുന്ന സ്ത്രീ പറഞ്ഞതെല്ലാം അവഗണിച്ച് അവരുടെ കാലിന്റെ നഗ്നത ചർച്ചയും തർക്കവുമാക്കുന്നതാണ് നമ്മുടെ പൊതുസാമൂഹികബോധം. അതിനെയാണ് സൈനുൽ ആബിദിന്റെ സൃഷ്ടി പരിഹസിക്കുന്നത്. "ഇതാണ് സർ നിങ്ങളുടെ നോട്ടം' എന്നാണ് അയാളുണ്ടാക്കിയ ഡിസൈൻ ഉച്ചത്തിൽ പറയുന്നത്.
യാഥാർത്ഥ്യത്തെ യഥാതഥമായി ആവിഷ്കരിക്കുന്നത് ഏതോ കാലത്ത് കാലഹരണപ്പെട്ട കലാസങ്കൽപ്പമാണ്. യാഥാർത്ഥ്യത്തെ കൂടുതൽ അർത്ഥവത്തായ ഒന്നാക്കി മാറ്റിത്തീർക്കുകയാണ് കല ചെയ്യുന്നത്. കലയുടെ ആദിമരൂപങ്ങളായി കണ്ടെടുക്കപ്പെട്ടിട്ടുള്ള പ്രാചീന ഉർവരതാശിൽപ്പങ്ങളിൽ ശരീര അളവുകളെ പെരുപ്പിച്ചും ന്യൂനീകരിച്ചുമുള്ള എത്രയോ ആശയാവിഷ്കാരങ്ങളുണ്ട്. പെരുപ്പിച്ചും ന്യൂനീകരിച്ചും ധ്വനിപ്പിച്ചും പുനരവതരിപ്പിക്കുമ്പോളാണ് കലാലാവണ്യം ഉണ്ടാകുന്നതെന്നൊക്കെ ആവർത്തിക്കേണ്ടിവരുന്നത് തന്നെ എന്തൊരു കഷ്ടമാണ്.
കലാവസ്തുക്കളുടെ ആസ്വാദനത്തിൽ പീക് ഷിഫ്റ്റ് എഫക്ട് (peak shift effect) എന്നൊന്നുണ്ടെന്ന് കേട്ടിട്ടുണ്ട്. ഒരു ആശയത്തിൻറെ കലാപരമായ അതിഭാവുകത്വം, അതിശയോക്തി കലർന്ന ആവിഷ്കാരം ഒക്കെ അതിന്റെ ആസ്വാദനത്തെ ശരിയായി ഉദ്ദീപിപ്പിക്കുന്നത് സംബന്ധിച്ച സംഗതിയാണിത്. അത്രയൊന്നും ധ്വനിപ്പിക്കാതെ, ഏറക്കുറെ പ്രത്യക്ഷത്തിൽ ആ ഡിസൈൻ ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും ഇത്രയൊക്കെ പറയേണ്ടിവരുന്നതാണ് സങ്കടകരം. ഇതിനിടയിലും രാഷ്ട്രീയമായ സംവാദം ആ ചിത്രം നടത്തുന്നുണ്ടെന്നത് സന്തോഷവും.
മൂന്ന് വിധമാണ് എതിർപ്പുകൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഒന്ന്, ആ ഡിസൈന്റെ ഉച്ചത്തിലുള്ള പരിഹാസം പൊള്ളിക്കുന്നവരാണ്.
രണ്ട്, മറ്റൊരു പാരലൽ യൂണിവേഴ്സിനെയാണ് ഈ പരിഹാസം ലക്ഷ്യം വയ്ക്കുന്നത്, അവർക്കിത് മനസിലാകുമോ? എന്ന് ചോദിക്കുന്നവരാണ്.
മൂന്ന്, കാലല്ല വലുതാക്കി വരയ്ക്കേണ്ടത്, മൂക്കാണ്, തലയാണ് എന്നൊക്കെ നിർദ്ദേശിക്കുന്നവരാണ്.
ആദ്യത്തെ വിഭാഗത്തോട് നമുക്കൊന്നും പറയാനാകില്ല. രണ്ടാം കൂട്ടരോട് സംവാദമാകാം. മൂന്നാം തരക്കാരോട് മുല്ലനേഴി മാഷ് സാക്ഷരതായജ്ഞ കാലത്ത് അക്ഷര കലാജാഥയുടെ സംഗീതശിൽപ്പത്തിനായി എഴുതിയ വരികളും...
"നേരമൊട്ടും വൈകിയില്ല, കൂട്ടുകാരേ പോരൂ.'
Art is the lie that reveals the truth എന്ന് പറഞ്ഞത് പാബ്ലോ പിക്കാസോ.