ടി.എം. കൃഷ്ണ

പൂണൂലിട്ട രഞ്ജനി- ഗായത്രി കച്ചേരികൾ

ടി.എം. കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്ക്കാരം നൽകാനുള്ള മദ്രാസ് സംഗീതസഭയുടെ തീരുമാനത്തെത്തുടർന്ന് കർണാടക സംഗീതത്തിന്റെ ബ്രാഹ്മണ്യ മേൽക്കോയ്മക്കാരുടെ ആക്രോശങ്ങൾ മറയില്ലാതെ പൊട്ടിയൊഴുകുകയാണ്. കേരളത്തിലാകട്ടെ, കലാമണ്ഡലം പോലൊരു സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയ ഒരു കലാകാരിക്ക് കറുപ്പും ജാതിയുമൊക്കെ കൂട്ടിക്കലർത്തി, ആധുനിക ജനാധിപത്യസമൂഹത്തിന് കേട്ടാലറയ്ക്കുന്ന രീതിയിൽ മറ്റ് കലാകാരരെ അപമാനിക്കുന്നത് സാധ്യമാകുന്നുണ്ടിപ്പോൾ. ഇത്തരം ആക്രോശങ്ങളെ സാധ്യമാക്കുന്ന ഹിന്ദുത്വ രാഷ്ട്രീയവും ബ്രാഹ്മണ്യ മൂല്യബോധവും രാഷ്ട്രീയ മണ്ഡലത്തിൽ ശക്തിയാർജ്ജിച്ചതുകൊണ്ടു കൂടിയാണ് ഇത് സംഭവിക്കുന്നത്’’- പ്രമോദ് പുഴങ്കര എഴുതുന്നു.

ർണാടക സംഗീതത്തിന്റെ ജാതിയെന്താണ് എന്ന കാര്യത്തിൽ, അങ്ങനെയുമോ എന്ന സംശയം ഇത്തിരി കടന്നുപോയില്ലേ എന്നാണെങ്കിൽ, പൂണൂലിട്ട സംഗീതത്തിന്റെ കച്ചേരികൾ നടത്തുന്നവർക്ക് സംശയമൊന്നുമില്ല. അതിന്റെ ബ്രാഹ്മണ്യ ‘വിശുദ്ധി’ എന്തുവില കൊടുത്തും നിലനിർത്തണമെന്ന കാര്യത്തിലും അവർ വിട്ടുവീഴ്ച ചെയ്യില്ല. സംഗീത പ്രതിഭ ടി.എം. കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്ക്കാരം നൽകാനുള്ള മദ്രാസ് സംഗീതസഭയുടെ തീരുമാനത്തെത്തുടർന്ന് കർണാടക സംഗീതത്തിന്റെ ബ്രാഹ്മണ്യ മേൽക്കോയ്മക്കാരുടെ ആക്രോശങ്ങൾ മറയില്ലാതെ പൊട്ടിയൊഴുകുകയാണ്. അതാകട്ടെ കേവലം സംഗീതപ്രശ്നം മാത്രമല്ലെന്നും തികഞ്ഞ ബ്രാഹ്മണ്യ ഹിന്ദുത്വ രാഷ്ട്രീയമാണെന്നും അവരുടെ പ്രസ്താവനകൾ വ്യക്തമാക്കുന്നുണ്ട്.

ടി.എം. കൃഷ്ണ

കൃഷ്ണയ്ക്ക് പുരസ്ക്കാരം നൽകാനുള്ള തീരുമാനത്തിനുപിന്നാലെ കർണാടക സംഗീതജ്ഞരായ രഞ്ജനി- ഗായത്രി സഹോദരിമാരടക്കമുള്ള കർണാടക സംഗീത ലോകത്തെ പലരും സംഗീത അക്കാദമിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇത്തവണത്തെ സംഗീതോത്സവത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനുള്ള കാരണങ്ങളായി അവർ നിരത്തുന്നത് മുഴുവൻ തികഞ്ഞ ബ്രാഹ്‌മണ്യ ജാതിവെറിയാണ്. കർണാടക സംഗീതത്തിന്റെ പ്രയോഗശാലകളിൽ എക്കാലത്തും നിലനിൽക്കുന്ന ബ്രാഹ്മണ്യ ജാതിമൂല്യ വ്യവസ്ഥയെ ചോദ്യം ചെയ്തു എന്നതുകൊണ്ടാണ് കൃഷ്ണ ഇവർക്ക് അനഭിമതനാകുന്നത്.

ടി.എം.കൃഷ്ണക്ക് സംഗീത കലാനിധി പുരസ്കാരം നൽകുന്നതിൽ​ പ്രതിഷേധിച്ച് മദ്രാസ് സംഗീത അക്കാദമിയുടെ വാർഷിക സമ്മേളനത്തിൽനിന്ന് പിന്മാറുന്നുവെന്ന് കാണിച്ച് സംഗീതജ്ഞരായ രഞ്ജനി- ഗായത്രി സഹോദരിമാർ നൽകിയ കത്തിന് മദ്രാസ് സംഗീത അക്കാദമി നൽകിയ മറുപടി.

‘ക്ലാസിക്കൽ’ എന്ന് വിശേപ്പിക്കപ്പെട്ട് ആഘോഷിക്കപ്പെടുന്ന ഇന്ത്യയിലെ മിക്ക കലാപ്രകടനങ്ങളും ഒട്ടും ഒളിക്കാതെത്തന്നെ ഈ ബ്രാഹ്‌മണ്യ മൂല്യബോധത്തിന്റെ കലാശരീരങ്ങൾ കൂടിയാണ്. ജാതിവ്യവസ്ഥയുടെ ജീർണ്ണശരീരത്തെ പൊഴിച്ചുകളയാനും അതിലെ കലയുടെ കാതലിനെ മാത്രം സ്വീകരിക്കാനും ഗുണപരമായ സാമൂഹ്യ, രാഷ്ട്രീയ മാറ്റങ്ങളിലൂടെ പ്രയോഗിക്കാനുമുള്ള എല്ലാ ശ്രമങ്ങളും അതിരൂക്ഷമായ എതിർപ്പിന് വിധേയമായിട്ടുണ്ട്. കൃഷ്ണ നേരിടുന്ന എതിർപ്പും പ്രതിഷേധവും ഇതിന്റെ ഭാഗമാണ്.

രഞ്ജനി- ഗായത്രി സഹോദരിമാർ

നിലനിൽക്കുന്ന രാഷ്ട്രീയ, സാമൂഹ്യാധികാര വ്യവസ്ഥയുടെ പകർപ്പുകൾ, പ്രതിഫലനങ്ങൾ അവയോടുള്ള പ്രതിഷേധങ്ങൾ എന്നിവയെല്ലാം കലാരൂപങ്ങളിലും കാണാൻ സാധിക്കും. അഥവാ, അതിൽ നിന്നെല്ലാം മുക്തമായൊരു കലയില്ലതന്നെ. അത്തരത്തിലുള്ള രാഷ്ട്രീയ, സാമൂഹ്യാധികാര വ്യവസ്ഥയുടെ ഗുണഭോക്താക്കളാണ് കലയിലും അതിനെ സസൂക്ഷ്മം പാലിക്കുന്നവരും പിന്തുടരുന്നവരും. പൊതുബോധത്തെയെന്നപോലെ കലയെക്കുറിച്ചുള്ള ബോധത്തിനെയും ഈ രാഷ്ട്രീയവും, സാമൂഹ്യാധികാര വ്യവസ്ഥയുടെ അധികാരപ്രയോഗത്തിന്റെ നാനാവിധ വ്യവഹാരങ്ങളിലൂടെ സാധൂകരിക്കും. അങ്ങനെയാണ് ഈ അധികാരപ്രയോഗത്തിന്റെ ചൂഷണത്തിന് വിധേയരാക്കപ്പെടുന്നവരും ഇരകളാക്കപ്പെടുന്നവരും പലപ്പോഴും അതേ അധികാരവ്യവസ്ഥയുടെ നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് മാത്രമുള്ള സംവാദങ്ങൾക്ക് മാത്രം ധൈര്യപ്പെടുന്നവരാകുന്നത്.

രഞ്ജനി- ഗായത്രി സഹോദരിമാർ മദ്രാസ് സംഗീത അക്കാദമിക്കയച്ച കത്ത്.

കർണാടക സംഗീതത്തിന്റെ സിദ്ധാന്ത, പ്രയോഗ രൂപങ്ങളിൽ ഈ കളിനിയമങ്ങൾക്ക് പൂർണമായും പുറത്തുകടന്നിട്ടല്ലെങ്കിലും (അങ്ങനെ ചെയ്തില്ല എന്നതിനെ ആക്ഷേപമായി പറയാനാകില്ലതാനും. അഥവാ അത്തരമൊരു ആക്ഷേപം ചരിത്രനിരപേക്ഷമായ ആഗ്രഹചിന്ത മാത്രമായിപ്പോകും) അതിനെ ചോദ്യം ചെയ്യുകയും അതിന്റെയെല്ലാം കെട്ടിക്കിടക്കുന്ന ജീർണ്ണതയെ വലിച്ചുപുറത്തിട്ട് കാണിക്കുകയും ചെയ്തു എന്നതാണ് കൃഷ്ണ ചെയ്തത്.

കർണാടക സംഗീതത്തിന്റെ പ്രമുഖ പ്രയോഗധാരകളെല്ലാം ബ്രാഹ്‌മണ്യത്തിന്റെയും പിൽക്കാലത്ത് അതിന്റെ സ്വാഭാവിക രാഷ്ട്രീയരൂപമായ ഹിന്ദുത്വത്തിന്റെയും സൈദ്ധാന്തിക പരിസരങ്ങളോട് ചേർന്നുനിൽക്കുന്നവയാണ്. എന്നാൽ അതിനെ അങ്ങനെ മാത്രമായി തള്ളുന്നതിൽ വലിയൊരു കുഴപ്പമുണ്ട്. മറ്റേത് കലയെയും പോലെ അധികാരബന്ധങ്ങളിലെ അധീശപ്രത്യയശാസ്ത്രത്തിന്റെയും അതിന്റെ പ്രയോഗരൂപങ്ങളുടെയും പിടിയിൽനിന്ന് കുതറിമാറാനുള്ള വലിയ സാധ്യതകളെ അടച്ചുകൊണ്ടാവരുത് ഈ വിലയിരുത്തൽ. അതായത്, പുറംരൂപത്തിൽ വലിയ മാറ്റങ്ങൾ വരാൻ കാലമെടുക്കുമ്പോഴും സംഗീതപ്രയോഗത്തിൽ ഭക്തിയുടെയും അതിൽ തന്നെ ബ്രാഹ്മണ്യരൂപത്തിന്റെയും നിരവധിയായ ആടയാഭരണങ്ങളെ പൊഴിച്ചുകളഞ്ഞ് സംഗീതത്തിന്റെ, കലയുടെ കാതലിനെ പ്രകാശമാക്കാൻ കഴിയും. അതിനൊപ്പം, എങ്ങനെയാണോ സംഗീതത്തിന്റെ ബഹുസ്വരസ്ഥായികളിൽ ബ്രാഹ്മണ്യം അതിന്റെ ജീർണ്ണിച്ച പൂണൂലിട്ട് ശ്വാസം മുട്ടിച്ചത്, ആ കടുംകെട്ടുകളെ പൊട്ടിക്കുകയും അതിലേക്ക് നീതിബോധത്തിന്റെയും ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയും അതുകൊണ്ടുതന്നെ ജാതിവിരുദ്ധതയുടേയും രാഷ്ട്രീയത്തെയും സാമൂഹ്യബോധത്തെയും സന്നിവേശിപ്പിക്കാനുള്ള കലാസാധ്യതകളുമുണ്ട്. കലയുടെ പല രീതികളിലുള്ള മികവുകൾ സാധ്യമാക്കിയ ലോകത്തെ ജാതിക്കോമരങ്ങൾക്കോ അധീശാധികാരത്തിനോ വിട്ടുകൊടുക്കേണ്ടതില്ല. കലയിലെ വർഗ, ജാതി മേധാവിത്തത്തെ എതിർക്കുക എന്ന സമരം ഒരേ സമയം തിരിച്ചുപിടിക്കലുകളുടെയും ബദലുകളുടെയും സമരമാണ്. കർണാടക സംഗീതത്തിൽ കൃഷ്ണ ചെയ്യുന്നത് ഇത്തരം തിരിച്ചുപിടിക്കലുകളും ബദൽ സൃഷ്ടികളുമാണ്.

ടി.എം. കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്കാരം നൽകുന്നതിൽ​ പ്രതിഷേധിച്ച് ഡിസംബറിൽ നടക്കുന്ന മദ്രാസ് സംഗീത അക്കാദമിയുടെ വാർഷിക സമ്മേളനത്തിൽനിന്ന് പിന്മാറുന്നുവെന്ന് കാണിച്ച് ദുഷ്യന്ത് ശ്രീധർ, ട്രിച്ചൂർ ബ്രദേഴ്സ് എന്നിവർ അയച്ച കത്ത്.

ചെന്നൈയിലെ മാർഗഴി സംഗീതകാലത്തിന്റെ കൃതികളും വർണ്ണങ്ങളും മാത്രമല്ല അതിന്റെ രാഷ്ട്രീയവും ബ്രാഹ്‌മണ്യഭരിതമാണ് എന്ന രാഷ്ട്രീയപ്രതിഷേധമുയർത്താൻ കൃഷ്ണയ്ക്ക് കഴിയുന്നത് അതുകൊണ്ടാണ്. കലയിലെ മാറ്റങ്ങൾക്കു വേണ്ടിയുള്ള സമരങ്ങൾ കേവലം രൂപപരമായ പ്രശ്നങ്ങളോ പരിഷ്‌ക്കാരങ്ങളോ മാത്രമല്ലെന്നും അതിന്റെ ഉള്ളടക്കത്തിൽ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണെന്നുമുള്ള രാഷ്ട്രീയ സമരത്തിന്റെ ചരിത്രപരമായ തുടർച്ചയാവുകയാണ് കൃഷ്ണ ചെയ്തത്. അതുകൊണ്ടാണ് മീൻപിടിത്ത തൊഴിലാളികൾക്കും പാർശ്വവത്കൃതരായ മനുഷ്യർക്കും വേണ്ടി പാടാനും അവർക്കുവേണ്ടി സംഗീതോത്സവം നടത്താനും അയാൾക്ക് കഴിയുന്നത്. ത്യാഗരാജനെയും മുത്തുസ്വാമി ദീക്ഷിതരെയും ശ്യാമാ ശാസ്ത്രികളെയും പാടുന്നതിനൊപ്പം കുവെംപുവിനെയും ബസവണ്ണയെയും ഇങ്ങേയറ്റത്ത് പെരുമാൾ മുരുഗനെയും വരെ തന്റെ സംഗീതത്തിലൂടെ ആവിഷ്‌ക്കരിക്കാൻ കൃഷ്ണയ്ക്ക് കഴിയുന്നത്. മംഗളം പാടേണ്ടിടത്ത് ‘രഘുപതി രാഘവ രാജാറാം, ഈശ്വർ അള്ളാ തേരോ നാം’ എന്ന് പാടി കച്ചേരി അവസാനിപ്പിക്കുന്ന കൃഷ്ണ കർണാടക സംഗീതത്തിലെ ജാതിക്കോമരങ്ങളെ വിറളി പിടിപ്പിക്കുന്നതിൽ അത്ഭുതമില്ല. അള്ളാവി നാം തൊഴുതാൽ എന്ന് കൃഷ്ണ പാടുന്നത് സംഗീതത്തിലെ ഗമഗ സാധ്യതകളിലേക്കല്ല, ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ കലയുടെ പ്രതിരോധ നിരയിലേക്കാണ് ചേർന്നുനിൽക്കുന്നത്. രഞ്ജനി-ഗായത്രിമാരെപ്പോലുള്ളവരെ ക്ഷുഭിതരാക്കുന്നതും അത് തന്നെയാണ്.

കൃഷ്ണയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് സംഗീതോത്സവത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ദുഷ്യന്ത് ശ്രീധറിന്റെ പ്രസ്താവന ഇത് വ്യക്തമാക്കുന്നുണ്ട്. ‘ധർമ്മം, അയോദ്ധ്യ, ശ്രീ രാം എന്നിങ്ങനെ പലതിനെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ(കൃഷ്ണയുടെ) പ്രസ്താവനകൾ എന്നെ വേദനിപ്പിക്കുന്നു’ എന്നാണ് ദുഷ്യന്ത് ശ്രീധർ പറയുന്നത്. അതായത് പാടിയാൽ മാത്രം പോരാ, അയോധ്യയെയും ശ്രീരാമനെയും അതിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഷ്യങ്ങളെയും അലോസരപ്പെടുത്തത്തെ പാടണമെന്നാണ്.

കർണാടക സംഗീതത്തിന്റെ ചരിത്രത്തിൽ അത് മാറ്റങ്ങളില്ലാതെ തുടർന്നുപോന്ന ഒരു രൂപമല്ല. അതിന്റെ രൂപത്തിലും പ്രയോഗങ്ങളിലും സാങ്കേതികവിദ്യയുടെയും അതിന്റെ സാധ്യതകളുടെയുമൊക്കെ അടിസ്ഥാനത്തിൽ പല തരത്തിലുള്ള ഭാവുകത്വ പരിണാമങ്ങളുണ്ടായിട്ടുണ്ട്. കച്ചേരിയുടെ സ്വഭാവം തന്നെ ഉച്ചഭാഷിണിയുടെയും ഗ്രാമഫോണിന്റെയുമൊക്കെ വരവോടെ മാറിയിട്ടുണ്ട്. (പാട്ടുകാർക്ക് പലർക്കും അതൊന്നും പിടികിട്ടിയിട്ടല്ല എന്ന്, കേൾക്കുമ്പോൾ നമുക്ക് മനസിലാകുമെങ്കിലും). ഇന്ന് കാണുന്ന തരത്തിൽ കച്ചേരികൾ ചിട്ടപ്പെടുന്നത് ഗ്രാമഫോൺ റെക്കോർഡുകൾക്കുവേണ്ടിയാണ്. അരിയക്കുടി രാമാനുജ അയ്യങ്കാരാണ്‌ ഇപ്പോൾ കേൾക്കുന്ന കച്ചേരിയുടെ രൂപഘടനയുണ്ടാക്കിയത്. അതായത് പുതിയ സാങ്കേതിക, വിപണി സാധ്യതകളെയൊക്കെ കാലാകാലങ്ങളിൽ കർണാടക സംഗീതത്തിൽ ഉപയോഗ​പ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അതൊന്നും അതിന്റെ ബ്രാഹ്മണ്യ മേധാവിത്തത്തെ ചോദ്യം ചെയ്തിട്ടില്ല എന്നതാണ് കൃഷ്ണയുടെ സംഗീതപ്രതിരോധത്തെ വ്യത്യസ്തമാക്കുന്നത്.

അരിയക്കുടി രാമാനുജ അയ്യങ്കാർ

ആലാപന വൈവിധ്യത്തിലും പരീക്ഷണങ്ങളിലും എം.ഡി.രാമനാഥനും ബാലമുരളീകൃഷ്‌ണയും ഒരളവോളം എം.എസ്. സുബ്ബലക്ഷ്മിയുമൊക്കെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചവരാണ്. ബോംബെ ജയശ്രീയിലും അരുണ ശ്രീരാമിലുമൊക്കെ നമുക്കിത്തരം കലാന്വേഷണങ്ങൾ കാണാൻ കഴിയും. എന്നാൽ കൃഷ്ണയെ വ്യത്യസ്തനാക്കുന്നത് വളരെ കൃത്യമായി തന്റെ സംഗീതാന്വേഷണങ്ങളിൽ മതേതര, ജനാധിപത്യ രാഷ്ട്രീയത്തെ കൊണ്ടുവന്നു എന്നതാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭീഷണമായ കാലത്ത് അതുണ്ടാക്കുന്ന വലിയ അലകളാണ് നമ്മളിപ്പോൾ ചെന്നൈയിലെ സംഗീതാഗ്രഹാരങ്ങളിൽ നിന്ന് കേൾക്കുന്ന ആക്രോശങ്ങൾ.

എം.എസ്. സുബ്ബലക്ഷ്മി, എം.ഡി. രാമനാഥൻ

രഞ്ജനി- ഗായത്രിമാരുടെ കുറിപ്പിൽ, കൃഷ്ണയോടുള്ള എതിർപ്പിന്റെ രാഷ്ട്രീയം ഹിന്ദുത്വ, ജാതിവെറിയുടെ വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് അവർ ഉറക്കെ വ്യക്തമാക്കുന്നു. ത്യാഗരാജനെയും എം.എസ്. സുബ്ബലക്ഷ്മിയെയും അപമാനിച്ചു എന്നൊക്കെയുള്ള പൊള്ളയായ വാചകമടിക്കുശേഷം ബ്രാഹ്മണരെ എതിർത്ത പെരിയാർക്ക് (ഇ.വി.രാമസ്വാമി) ബഹുമാന്യത നൽകിയെന്ന ബ്രാഹ്മണ്യ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയാരോപണമാണ് അവർ ഉന്നയിക്കുന്നത്. നൂറ്റാണ്ടുകൾ കോടിക്കണക്കിന് മനുഷ്യരെ ജനനം കൊണ്ട് കുടുങ്ങിപ്പോകുന്ന ജാതിയുടെ നിഷ്ടൂര ചൂഷണത്തിൽ തളച്ചിട്ട ബ്രാഹ്‌മണർ പെരിയാരുടെ പ്രതിഷധത്തിലെ ‘ഹിംസാ ശബ്ദങ്ങളിൽ’ നീതികേട് കണ്ടെത്തുന്നതിന്റെ അശ്ലീലമാണ് ആകുറിപ്പ് മുഴുവൻ. കൃഷ്ണയുടെ രാഷ്ട്രീയത്തിലാണ് അവർക്ക് പ്രശ്നം.

വർഗവിവേചനത്തിന്റെയും ജാതിമേൽക്കോയ്മയുടെയും രാഗവിസ്താരം നടത്തുന്ന മദ്രാസിലെ സംഗീത സഭകളിൽ പാടില്ല എന്നു പ്രഖ്യാപിച്ച ഒരാൾക്ക് എന്തുകൊണ്ട് മദ്രാസ് സംഗീതസഭ പുരസ്‌കാരം നൽകി എന്നതിന് രണ്ടുത്തരമുണ്ടാകും.
ഒന്ന്, അത്തരത്തിൽ അവരെ നിർബന്ധിതമാക്കുന്ന തരത്തിൽ സംഗീതത്തിന്റെ രാഷ്ട്രീയലോകത്ത് ആന്തരികമായ ചെറു ചലങ്ങളുണ്ടാവുന്നു എന്നാണ്.
മറ്റൊന്ന്, കൂട്ടംതെറ്റിയാലും തങ്ങളുടെ കൂട്ടത്തിൽത്തന്നെ കൃഷ്ണയും എന്ന് പ്രഖ്യാപിക്കലാണ്. കൃഷ്ണയുടെ കാര്യത്തിൽ അയാളത് നാളിന്നുവരെയുള്ള സംഗീത രാഷ്ട്രീയവും പൊതു രാഷ്ട്രീയനിലപാടുകളും ആദ്യത്തെ നിലപാടിലേക്കായിരിക്കും സംഗീത സമൂഹത്തെ കൂടുതൽ ചലിപ്പിക്കുക.

ഇന്ത്യൻ ‘ക്ലാസിക്കൽ’ സംഗീതത്തിനെ ഹിന്ദു സംഗീതമാക്കാനുള്ള ശ്രമങ്ങൾക്ക് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്തോളം പഴക്കമുണ്ട്. അതായത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രൂപപ്പെടലിനൊപ്പം ഈ സംഗീതരാഷ്ട്രീയധാരയും രൂപപ്പെട്ടിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തെ അതിന്റെ ‘ഹിന്ദു സ്വഭാവ’ത്തിൽ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയാണ്, അതായത് മുസ്‍ലിംകളിൽനിന്ന് ‘ഹിന്ദു സംഗീത’ത്തെ മോചിപ്പിക്കാൻ കൂടിയായിരുന്നു വിഷ്ണു പലുസ്‌കർ ഗന്ധർവ്വ മഹാവിദ്യാലയം തുടങ്ങിയത്. അതിന് ആര്യ സമാജത്തിന്റെയും സനാതൻ ധർമ സഭയുടെയും പിന്തുണയുമുണ്ടായിരുന്നു. ‘ഉസ്താദുമാർ’ ഭാരതീയ സംഗീതത്തെ നശിപ്പിച്ചു എന്നും അദ്ദേഹത്തിന് ആക്ഷേപമുണ്ടായിരുന്നു.

ബ്രിട്ടീഷ് കൊളോണിയൽ ആധുനികതയുടെ ‘കടന്നുകയറ്റം’ തങ്ങളുടെ ജാതി ശുദ്ധ കലാരൂപങ്ങളെ മലിനമാക്കുമോ എന്ന ആശങ്കയിൽ നിന്നുകൂടിയാണ് ‘ക്ലാസിക്കൽ’ കലകളുടെ വീണ്ടെടുപ്പ് ബ്രാഹ്മണ്യ ജാതിമേധാവിത്തം ദേശീയ സ്വാതന്ത്ര്യ സമരത്തോടൊപ്പം ഉയർന്നുവന്ന ദേശീയതയുടെ ഭാഗമാക്കി മാറ്റിയത്. വാസ്തവത്തിൽ അത് കൊളോണിയൽ വിരുദ്ധ ദേശീയതയെക്കാളേറെ ബ്രാഹ്മണ്യ ജാതിസ്വത്വവാദവുമായാണ് ചേർന്നുകിടക്കുന്നത്. ‘ക്ലാസിക്കൽ’ വിശുദ്ധമെന്നും അതുകൊണ്ടുതന്നെ സവർണമെന്നും ബ്രാഹ്മണ്യത്തിന്റെ ആചാരപ്പുരകളിൽ കളിക്കുന്നതെന്നുമുള്ള ഒരർത്ഥംകൂടി അവരുണ്ടാക്കിയെടുത്തു. അതാകട്ടെ വളരെ സ്വാഭാവികമെന്ന മട്ടിൽ അബ്രാഹ്മണ ജനസമൂഹങ്ങളുടെ കലാവിഷ്ക്കാരങ്ങളെ ‘അപരിഷ്കൃതം’ എന്ന തീണ്ടാപ്പുരയിലേക്ക് കൊട്ടിയാട്ടുകയും ചെയ്തു.

ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും കൊളോണിയൽ ആധുനികതയുടെയും സ്വാധീനത്തിന്റെയും ഫലമായി കൂടിയാണ് ഇന്ത്യയിലെ കലാമേഖലകളിൽ ‘ക്ലാസിക്കൽ ദേശീയതയെ’ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടന്നത്. അത് വല്ലാതെ വലത്തോട്ട് സഞ്ചരിച്ചതിനെക്കാളേറെ സ്വാതന്ത്ര്യസമരകാലത്തും സ്വാതന്ത്ര്യാനന്തര കാലത്തും ജനാധിപത്യ ധാരയിലേക്കാണ് ചരിച്ചത്. കലാമണ്ഡലവും കലാക്ഷേത്രയും വിശ്വഭാരതിയുമൊക്കെ അത്തരം ശ്രമങ്ങളായാണ് മാറിയത്. ഏതെങ്കിലും നമ്പൂതിരിയില്ലത്തെ ആത്മാഭിമാനത്തിന് അവകാശമില്ലാത്ത റാൻ മൂളും ‘കളിക്കാരായ’ കഥകളിക്കാരെ, സ്വാഭിമാനമുള്ള കലാകാരരാക്കിയത് കലാമണ്ഡലമാണ്. അത് ഒരു ജനാധിപത്യസമൂഹത്തിലെ കലയുടെ അസ്തിത്വത്തിന്റെ രാഷ്ട്രീയമാണ്. ഇതൊക്കെ നടന്നപ്പോഴും അതിന്റെ ഉൾക്കാമ്പിൽ സവർണ, ബ്രാഹ്മണ്യ മൂല്യങ്ങൾ വിട്ടുപോവാതെ നിന്നു. അവയുടെ ചരിത്രപരമായ ഉരുത്തിരിയലുകളുടെ ഭാഗമായി ആ കലകളുടെ ഉള്ളടക്കത്തിൽ നിറഞ്ഞുനിന്ന ബ്രാഹ്‌മണ്യ സംസ്കൃതിയുടെ ഭാഗമായ കഥാസന്ദർഭങ്ങളും കലാസന്ദർഭങ്ങളും ജനാധിപത്യ സമൂഹത്തിന്റെ രാഷ്ട്രീയവുമായി പതിഞ്ഞ താളത്തിൽ യുദ്ധം ചെയ്തുകൊണ്ടിരുന്നു. ഇപ്പോഴാകട്ടെ, രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയ,സാമൂഹ്യാധികാര ശേഷിയുടെ ഏറ്റവും ഭീഷണമായ അധികാരാവസ്ഥയുടെ പിൻബലത്തിൽ തങ്ങളുടെ ജാതിവെറി കൂടുതലുറക്കെപ്പറയാൻ അവർക്ക് കഴിയുന്നു.

കലാമണ്ഡലം സത്യഭാമ, ആർ.എൽ.വി. രാമകൃഷ്ണൻ. കലാമണ്ഡലം പോലൊരു സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയ ഒരു കലാകാരിക്ക്, കറുപ്പും ജാതിയുമൊക്കെ കൂട്ടിക്കലർത്തി ഒരു ആധുനിക ജനാധിപത്യസമൂഹത്തിന് കേട്ടാലറയ്ക്കുന്ന രീതിയിൽ മറ്റ് കലാകാരരെ അപമാനിക്കുന്നത് കേരളത്തിൽ സാധ്യമാകുന്നുണ്ടിപ്പോൾ.

ബ്രാഹ്മണ്യ ജാതിമധാവിത്ത വ്യവസ്ഥയിൽ കേവലം ഏറാൻ മൂളികളായി കഴിയേണ്ടിവന്നിരുന്ന കലാകാരരെ ജനാധിപത്യ സമൂഹത്തിലെ ആദരിക്കപ്പെടുന്ന പൗരരാക്കിയത് ജനാധിപത്യ രാഷ്ട്രീയമാണ്. എന്നാൽ അത്തരത്തിലൊരു മാറ്റത്തിന് മുന്നിട്ടുനിന്ന കലാമണ്ഡലം പോലൊരു സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയ ഒരു കലാകാരി കറുപ്പും ജാതിയുമൊക്കെ കൂട്ടിക്കലർത്തി ഒരു ആധുനിക ജനാധിപത്യസമൂഹത്തിന് കേട്ടാലറയ്ക്കുന്ന രീതിയിൽ മറ്റ് കലാകാരരെ അപമാനിക്കുന്നത് കേരളത്തിൽ സാധ്യമാകുന്നുണ്ടിപ്പോൾ. അതിന്റെ കാരണം ആ ആക്രോശത്തെ സാധ്യമാക്കുന്ന ഹിന്ദുത്വ രാഷ്ട്രീയവും ബ്രാഹ്മണ്യ മൂല്യബോധവും രാഷ്ട്രീയ മണ്ഡലത്തിൽ ശക്തിയാർജ്ജിച്ചതുകൊണ്ടു കൂടിയാണ്.

കർണാടക സംഗീതത്തിന്റെ കാര്യത്തിലാണെങ്കിൽ എക്കാലത്തും അത് ഈ ജനാധിപത്യ രാഷ്ട്രീയത്തോടും കലയിലെ പുരോഗമന ഭാവത്തോടും സ്വരമടച്ചാണ് നിന്നത്. അതുകൊണ്ടുതന്നെ കൃഷ്ണയെപ്പോലൊരു സംഗീതജ്ഞനോട് തുറന്ന യുദ്ധം പ്രഖ്യാപിക്കേണ്ടത് അതിന്റെ നിലനില്പിന്റെ കൂടി പ്രശ്നമാണ്. ആ യുദ്ധമാകട്ടെ കൃഷ്ണയോടല്ല, ജനാധിപത്യ, ജാതിവിരുദ്ധ രാഷ്ട്രീയത്തോടാണ് എന്നതാണ് വാസ്തവം.

Comments