‘‘ഒടുവിൽ എല്ലാം മരണത്തിൽ
കലാശിക്കുന്നു.
ഒരിക്കൽ ഈ കണ്ണുകൾ വട്ടത്തിൽ പൂർണതയിലായിരുന്നു. അതിന്റെ കുഴിയാഴം ജീവിതത്തിന്റെ പ്രകാശത്തെയും പ്രാമുഖ്യത്തെയും കാത്തുപോന്നിരുന്നു. ഇപ്പോൾ ഒരു തലയോട്ടിയിലെ പേടിപ്പെടുത്തുന്ന തമോഗർത്തങ്ങളാണവ. ഇതാണ് കാലത്തിന്റെ മഹത്തായ പ്രവർത്തനം."
(മൈക്കലാഞ്ചലോ)
▮
കൊച്ചി ഇഷ്‌ക ഗാലറിയിൽ പ്രമുഖ കലാചരിത്രകാരൻ ആർ. നന്ദകുമാർ ക്യൂറേറ്റ് ചെയ്ത, അബുൾ കലാം ആസാദിന്റെ ഷോ, ‘ആനിമൽ’ എന്ന ‘അബോധത്തിലെ ജന്തുലോകത്തിന്റെ’ കാഴ്ച തൊട്ടാണ്, ആസാദിലെ കലാകാരനെയും മനുഷ്യസ്നേഹിയെയും പരിചയപ്പെടുന്നത്. മട്ടാഞ്ചേരിയിൽ അബുൾ കലാം ആസാദ് റോഡിൽ, ആദി സെൽനിക് എന്ന ഇസ്രായേലി ഫോട്ടോഗ്രഫറുമൊത്ത് ‘മായാലോകം’ സ്റ്റുഡിയോ നടത്തിയിരുന്ന ആസാദിന്റെ കാലം, വിചിത്രവും ഗൃഹാതുരവുമായിരുന്നു. ആസാദിന്റെ ഡിവൈൻ ഫാകെഡ്സ്, ബ്ലാക് മദർ, മെൻ വിത്ത് ടൂൾസ്, ഗോഡസ്സസ്, വിവിഡ് മെമറീസ് തുടങ്ങി വിവിധ ഫോട്ടോഗ്രഫി, പ്രിന്റ് കാൻവാസ് പരമ്പരകൾ കണ്ടും കേട്ടും പരിചയിച്ചാണ് ഫോട്ടോഗ്രഫിയുടെ കലാസാധ്യതകളിലേക്ക് കണ്ണുതുറന്നത്. അവിടെവച്ച് 'സഹ്മത്തി'ന്റെ പ്രവർത്തകനും ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രസിദ്ധ ഫോട്ടോഗ്രഫറുമായ റാം റഹ്‌മാനെ പരിചയപ്പെട്ടു. കമ്യൂണിസ്റ്റ് ആദ്യകാലത്തെക്കുറിച്ചുള്ള സുനിൽ ജനെയുടെ ഫോട്ടോകളുടെ ഡിജിറ്റൽ ഷോ ക്യൂറേറ്റ് ചെയ്യാൻ, സ്ലാവോനിയൻ തത്വചിന്തകൻ സ്ലാവോജ് സിസെക് അതിഥിയായെത്തിയ, ‘വിതറിംഗ് ലെഫ്റ്റ്?’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ വന്നതായിരുന്നു റാം റഹ്‌മാൻ. രഘു റായിയുടെയും മറ്റും ഫോട്ടോഗ്രഫിയിൽ നിന്ന് സങ്കല്പനങ്ങൾ ഉൾകൊണ്ട്, തന്റെ സ്വകീയവും കൃതഹസ്തവുമായ കലാമനസ്സുകൊണ്ട് പണിത അബുളിന്റെ ഫോട്ടോ പ്രിന്റുകളുടെ വലിയ ആകാരത്തിലുള്ള സൃഷ്ടികൾ... ഫോട്ടോഗ്രഫിയുടെ തമിഴക സൗന്ദര്യത്തിൽ വീണു പോയ നാളുകൾ...
പിൽക്കാലത്ത് മട്ടാഞ്ചേരി വിട്ട്, തമിഴ്നാട്ടിലെ തിരുവണ്ണാമലയുടെ ഓരത്തെ ഒരു ഗ്രാമത്തിൽ കുടിയേറിയ അബുൾ കലാം ആസാദ്, തന്റെ ‘ആനിമൽ’ പരമ്പരയ്ക്ക് പുതിയ ഭാഷ്യങ്ങൾ നിർമ്മിച്ചുകൊണ്ട്, അവിടെ വെച്ച് രണ്ടു വലിയ ക്യാൻവാസ് പ്രിന്റുകൾ കൂടി നിർമ്മിക്കുകയുണ്ടായി. ‘ടോടം ആന്റ് റ്റാബു’ എന്ന പരമ്പര.

മനുഷ്യ മനസ്സിന്റെ അബോധത്തിൽ ഓരിയിടുകയും മുരളുകയും പതുങ്ങിയിരിക്കുകയും ആക്രമണോത്സുകമായിരിക്കുകയും ചെയ്യുന്ന ജന്തുലോകം എന്നും അബുളിന്റെ ഇഷ്ടപ്പെട്ട വിഷയമാണ്. പ്രത്യേകിച്ച്, മനുഷ്യകുലത്തിന്റ ആദ്യ കാലങ്ങളിൽ അവർക്ക് കാവലും കൂട്ടും വാഹനവും ആഹാരവുമായിരുന്ന കുലമൃഗങ്ങൾ. അരുണാചലമലയുടെ പശ്ചാത്തലത്തിൽ ദർഗകളുടെയും കോവിലുകളുടെയും, പുതിയ ബിൽഡിംഗ് കൺസ്ട്രക്ഷനുകളുടെയും, രമണാശ്രമത്തിന്റെയും മോടീഫുകൾ ചിതറിയ കാൻവാസിന്റെ ഇടം ചൂഴുന്ന, വലിയ ആകാരത്തിൽ കാൽക്കുത്തി നിൽക്കുന്ന നായയുടെ കാൻവാസ്, അങ്ങിനെ തിരുവണ്ണാമലയിൽ വച്ച് നിർമ്മിക്കപ്പെട്ടതാണ്. ഫോർട് കൊച്ചി കാഷി ആർട് ഗാലറിയിൽ ഇപ്പോൾ നടക്കുന്ന അബുളിന്റെ പ്രദർശനത്തിന് സ്വാഗതമോതുന്ന കാൻവാസ് ഇതാണ്. ആവശ്യം കഴിഞ്ഞശേഷം തൊട്ടുകൂടായ്മ കല്പിച്ച്, വിശുദ്ധവും അശുദ്ധവും, ഹറാമും ഹലാലുമാക്കി വേർതിരിച്ചു മാറ്റി നിർത്തുന്ന മൃഗങ്ങളും മനുഷ്യരും സാമൂഹ്യ ഇടങ്ങളുമാണ് ഈ 'ഷോ'യിൽ അബുൾ കലാം ആഖ്യാനം ചെയ്യുന്നത്. പല കാലങ്ങളിൽ നിർമ്മിച്ച ഫോട്ടോ പ്രിന്റ് മെയ്കിങിന്റെ മാസ്റ്റർ ക്രാഫ്റ്റുകൾ. "ടവേഴ്സ് ഓഫ് സൈലൻസ്" (Towers of Silence) എന്നു പ്രദർശനത്തിന് പേരിട്ടിരിക്കുന്നു: മൗനത്തിന്റെ ഗോപുരങ്ങൾ.
തിരുവണ്ണാമലയിൽനിന്ന് പൂം പുകാർ (കാവേരി പൂംപട്ടണം) എന്ന പൗരാണിക തുറമുഖപ്രദേശത്തിന്റെ ആർക്കിയോളജിക്കൽ ഭൂതങ്ങളിൽ കഴിയുന്ന മനുഷ്യരുടെ പോർട്രേറ്റുകൾ നിർമ്മിച്ചുകൊണ്ട്, നിരവധി മാസങ്ങൾ അബുൾ കലാം ആസാദും ക്യൂറേറ്റർ തുളസി സ്വർണ്ണ ലക്ഷ്മിയും അവിടെ ക്യാമ്പു ചെയ്ത് പ്രവർത്തിച്ചു. കാഷിയിലെ പ്രദർശനത്തിലെ നല്ലൊരു പങ്ക്, ഇപ്രകാരം ‘പൂം പുകാർ ദൃശ്യ’ങ്ങളാണ്. അബുളിന്റെ മനുഷ്യരും അവരുടെ മുഖഛായകളുടെ ഛായാപടങ്ങളും എന്നും ശ്രദ്ധേയമായിരുന്നു. ഓരോരുത്തരുടെ മുഖത്തും അടയാളപ്പെട്ടു കിടക്കുന്ന കാലത്തിന്റെ ചുളിവുകളും വരകളും മലയും താഴ് വരയും, ഒട്ടു സ്നേഹവായ്പോടെ പരിചരിക്കപ്പെട്ട് കാൻവാസിൽ ജീവൻ തുടിച്ചു നിൽക്കുന്നു.

മനുഷ്യരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോട്ടം നടത്തുന്ന പാശ്ചാത്യ പ്രേക്ഷിതമായ ഫോട്ടോഗ്രഫിയുടെ കൊളോണിയൽ ശീലങ്ങളല്ല അബുളിന്റേത്. മനുഷ്യരെ മുഖാമുഖം കണ്ട് അവരുടെ ജീവിതത്തിലേക്ക് ‘അൻപോടെ' നേരിട്ടയക്കുന്ന നോട്ടത്തിന്റെ പ്രതിഫലനങ്ങളാണവ. ‘പൂംപുകാർ പരമ്പര’യിലെ ഓരോ മനുഷ്യരും തങ്ങളുടെ വംശത്തിന്റെയും ജീനോളജിയുടെയും ചരിത്രം പറയുന്നു. നേരത്തെ നിർമ്മിച്ചിട്ടുള്ള, ‘മെൻ വിത്ത് ടൂൾസ്’ എന്ന പരമ്പരയുടെ ഭാഷയും ഭാവവും തന്നെയാണ് 'പൂംപുകാർ പരമ്പര'യിലും കാണുക. പരമ്പരാഗതാർത്ഥത്തിൽ, ആന്ത്രോപോളജിയുടെ സങ്കേതങ്ങളിൽ തന്നെയാണ് അബുൾ കലാം ആസാദ് ഫോട്ടോഗ്രഫിയുടെ ഭാഷ കണ്ടെത്തുന്നത്. അത് കൊളോണിയൽ അർത്ഥത്തിലുള്ള ഒരു 'എത്നോഗ്രഫി' അല്ല. ഇവിടെ മനുഷ്യർ അവരുടെ മുഖങ്ങളിൽ സ്വന്തം കഥ പറയുന്നു. അവരുടെ നോട്ടങ്ങളിലെ അരുളും അൻപും അനുകമ്പയും, നിസംഗതയും നിസ്സഹായതയും നിലവിളിയും.. അവ കൊളോണിയൽ സംഭ്രമത്തിന്റെ നിഴലിലുള്ള ഫോട്ടോഗ്രഫിക് പ്രതികരണങ്ങളല്ല. സ്വന്തം ഉണ്മയിലേക്കുണരാൻ, നേർമുഖം കാണാൻ സഹായിക്കുന്ന കണ്ണാടി പ്രതിബിംബങ്ങളാണ്.
നരവംശശാസ്ത്രത്തിൽ നിന്ന് അബുൾ ആർക്കിയോളജിയിലേക്ക് കടന്നെത്തുന്നത്, മുൻകാലങ്ങളിൽ നിന്നുള്ള ഒരു വഴിവെട്ടൽ തന്നെയാണ്. അതേസമയം, അത് നേരത്തെ വ്യാപരിച്ച ശൈലികളേയും പ്രാദേശിക ചരിത്രനിർമ്മാണത്തിന്റെ ഡിവൈസുകളേയും കയ്യൊഴിഞ്ഞു കൊണ്ടല്ല, ആ അനുശീലനങ്ങൾക്ക് കൂടുതൽ അർത്ഥവ്യാപ്തി നൽകിക്കൊണ്ടാണ്. സാംസ്കാരിക നരവംശ ശാസ്ത്രം പുരാവസ്തുശാസ്ത്രത്തിലേക്ക് പൂർണമായി കരകയറിയിട്ടില്ല എന്ന നിലയിലും അതിനെ കാണാം. മനുഷ്യരും അവരുടെ മുഖ ക്ലോസപ്പുകളും തന്നെയാണ് ഇവിടെയും കഥ പറയുന്നത്. കാലത്തിന്റെയും ചരിത്രത്തിന്റെയും ഭൂതകാലം അവക്ഷിപ്തപ്പെടുത്തുന്ന ആർക്കിയോളജിക്കൽ ആർട് ഫാക്റ്റുകൾ എന്നു തോന്നിപ്പിക്കുന്ന, സ്ട്രീറ്റ് ഫോട്ടോഗ്രഫിയുടെ മോടീഫുകൾ കൊണ്ട് കൊളാഷ് നിർമ്മിക്കുന്ന, പ്രദർശനത്തിലുള്ള, വലിയ സ്പേസിൽ കൂട്ടിവെച്ച ഫോട്ടോഗ്രഫുകളുടെ 'സമുച്ഛയം' ഭാഷയുടെ ഇത്തരത്തിലുള്ള പരിണാമദശകളാണ്.

ആധുനിക കാലത്ത് ആത്മീയത അന്വേഷിച്ച ഭാരതീയ ഗുരുപരമ്പരകളുടെ 'തിരുഖണ്ഡ രൂപങ്ങൾ' കൊണ്ട് നിർമ്മിച്ച കാൻവാസിൽ, ഷിർദ്ദിയിലെ സായിബാബ തൊട്ട് ശാരദാ ദേവിയും നാരായണഗുരുവും തിരുവള്ളുവരും ശ്രീരാമകൃഷ്ണ പരമഹംസരും വിവേകാനന്ദനും ബുദ്ധനും അംബേദ്കറും എല്ലാം ശകലങ്ങളിലെ സത്യങ്ങളായി കടന്നുവരുന്നുണ്ട്. വട്ടത്തിൽ മരത്തിൽ ഉള്ള പ്രിന്റുകൾ. ആത്മീയതയും രാഷ്ട്രീയവും ഇവിടെ കൂടിക്കലരുന്നു. 'ആത്മ'ത്തിനുമുണ്ട് ഇടതും വലതും സ്ഥാനങ്ങൾ എന്ന ബോധ്യം. അല്ലെങ്കിൽ ബോധമുണർത്തൽ. അതേസമയം, ഗന്ധമാദന പർവ്വതം പേറി പറക്കുന്ന ഭക്ത ഹനുമാനു ചുറ്റും വിന്യാസം കൊള്ളുന്ന ഗുരുസ്ഥാനീയരുടെ ഇമേജുകൾ, ആത്മീയതയുടെ ഒരു 'കലികാല'ത്തെ അടയാളപ്പെടുത്തുന്നതാണ്. 'കലികാലത്ത് ഭക്തിയാണ്' ഏറ്റവും പറ്റിയ മാർഗ്ഗം എന്ന നിലയിൽ. ഭക്തനാണ് യജമാനനെ നിർമ്മിക്കുന്നത് എന്ന രാഷ്ട്രീയ അർത്ഥത്തിലും.
ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ കീഴാളമായ പരിപ്രേക്ഷ്യത്തിൽ സമീപിക്കുന്ന രീതിശാസ്ത്രം അബുൾ ഉടനീളം പിന്തുടരുന്നുണ്ട്. അംബേദ്കറുടെ തല പിളർന്ന്,
തൃശൂലമേന്തി മാൻപേടയെ മാറിലേറ്റി വരുന്ന ബുദ്ധ ഇമേജിനു മുകളിൽ മാലാഖമാർ ആശിർവാദം പൊഴിച്ചു നിൽക്കുന്ന കാൻവാസ്, ഇപ്രകാരം ബുദ്ധ സ്വരൂപത്തെയും അതിന്റെ സമകാല അർത്ഥങ്ങളേയും സൂചിപ്പിക്കുന്നതാണ്. മിത്തുകളും അവയുടെ വ്യാഖ്യാനങ്ങളും വർത്തമാനവും ചരിത്രവും കൂടിക്കലരുന്ന സൃഷ്ടികൾ.

ഗുലാം മുഹമ്മദ് ഷെയ്ഖിന്റെ ചിത്രങ്ങളെപ്പോലെ, ഇന്ത്യൻ വൈവിധ്യങ്ങളുടെയും അവയുടെ പാരസ്പര്യത്തിന്റെയും ഒരു കോസ്മോസ് നിർമ്മിക്കുന്നു ആസാദ്. അതിന് ഒരു തെക്കേ ഇന്ത്യൻ രുചിയും പക്ഷപാതവും ഉണ്ടെന്ന വ്യത്യാസമുണ്ട്. അബുളിന്റെ മട്ടാഞ്ചേരി 'മായാലോകം' സ്റ്റുഡിയോയിൽ ഗുലാം മുഹമ്മദ് ഷെയ്ഖ്, ആർ. നന്ദകുമാർ എന്നിവർ പങ്കുകൊണ്ട ഒരു രാത്രി വിരുന്നിൽ, ആ ഗുരു- ശിഷ്യ ബന്ധത്തിലെ 'കാതൽ' ഏറെ ഉൾക്കൊണ്ടു കാണണം അബുൾ. അന്ന് ഷെയ്ഖ്നായി 25 വർഷം പിന്നിട്ട ആസാദിന്റെ ഫോട്ടോഗ്രഫിയുടെ ഡോക്യുമെന്ററിയും അവിടെ പ്രദർശിപ്പിച്ചിരുന്നു.
പട്ടണം ഉദ്ഖനന പ്രദേശം സന്ദർശിച്ച് ആർക്കിയോളജിയുടെ ബാലപാഠങ്ങൾ സ്വായത്തമാക്കി, ചരിത്രകാരന്മാരുമായി സഹവാസങ്ങളും സംവാദങ്ങളും നടത്തി, തന്റെ ഫോട്ടോഗ്രഫിയെ മധ്യകാല തമിഴകകാല കേരളീയ ചരിത്രത്തിൽ നിന്ന്, പൗരാണികതയുടെ ആർക്കിയോളജി ഭൂതങ്ങളിലേക്കു മുന്നോട്ടു പോകാൻ പ്രയത്നിച്ചതിന്റെ ബാക്കിപത്രമാണ് 'പൂംപുകാർ പ്രൊജക്റ്റ്'. ചോള ബ്രോൺസിന്റെ കരുത്തിലും തിളക്കത്തിലും നിലച്ചുപോയിരുന്ന ആസാദിന്റെ ശ്രദ്ധ, ഇരുമ്പിലേക്കും അലൂമിനിയത്തിലേക്കും മരത്തിലേക്കും കല്ലുകളിലേക്കും തിരിഞ്ഞ കാലം. അപ്പോഴും മനുഷ്യരും അവരുടെ മുഖചരിത്രവും തന്നെയാണ് അബുൾ പ്രധാനമായി പകർത്തിപ്പോന്നത്. ഭൂതകാല ചരിത്രത്തേക്കാൾ, ആ ചരിത്രം വർത്തമാനത്തിൽ ബാക്കിയാക്കിയ മനുഷ്യരുടെ മുഖങ്ങളുടെ വംശാവലി ചരിത്രം (genealogy) തന്നെയാണ് ക്യാൻവാസ് പ്രിന്റ് മെയ്ക്കിങിൽ നവീനരസം കൈകൊണ്ട് മിഴിവുള്ള ചിത്രങ്ങൾ തീർത്തത്.

സിനിമയും ഫോട്ടോഗ്രഫിയും തമ്മിലുള്ള ഉൾപ്പിരിവുകളെയും സംഘർഷങ്ങളെയും എന്നും ആസാദ് തന്റെ ഫോട്ടോഗ്രഫിയ്ക്ക് വിഷയമാക്കിയിട്ടുണ്ട്. ജനപ്രിയ സിനിമയുടെ താരനിർമ്മാണകലയെ ഉപഹാസത്തോടെയും, മറ്റു ചിലപ്പോൾ നൊസ്റ്റാൾജിയയോടെയും, ഫിഗറേറ്റീവ് ആയും ഫിലിമിന്റെ അബ്ട്രാക്ട് പ്രതീതിയുള്ള പ്രതല തലത്തിലും ആവിഷ്കരിക്കുന്ന ഇമേജുകൾ ഈ പ്രദർശനത്തിലുള്ളത് ഇതിനുദാഹരണം.
ഡോക്യുമെന്ററി ഫോട്ടോഗ്രഫിയുടെയും ഫോട്ടോ ജേർണലിസത്തിന്റെയും ആദ്യ കാലങ്ങൾ, സ്ട്രീറ്റ് ഫോട്ടോഗ്രഫിയുടെ സജീവതയും ചലനാത്മകതയും, പോർട്രേറ്റ് മെയ്ക്കിങിലെ നിലയ്ക്കാത്ത താൽപര്യങ്ങൾ, ടെക്സ്റ്റൈലിലെ പ്രിന്റ് മെയ്ക്കിങ് സാധ്യതയുടെ പരീക്ഷണങ്ങൾ, ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രഫിയുടെയും ഫോട്ടോഗ്രഫിയുടെ കെമിക്കൽ കാലത്തിന്റെയും സുഭഗതയും സൗന്ദര്യവും, 'ആന്ത്രോപോമോർഫിക്കായ' ഫോട്ടോഗ്രഫിയുടെ അടിസ്ഥാന ഭാഷയിൽ നിന്ന് 'ആർക്കിയോളജി' നിർമ്മിക്കാനുള്ള വ്യഗ്രത.. എന്നിങ്ങനെ ആസാദിന്റെ ശൈലീ വല്ലഭത്വവും സമീപന രീതികളുമെല്ലാം ഒന്നിക്കുന്നുണ്ട് കാഷി കാൻവാസുകളിൽ.

താൻ മൗനത്തിലേക്ക് വഴിമാറിയിരിക്കുകയാണ് എന്ന, മരണത്തെയും വിനാശത്തെയും സംബന്ധിച്ച് സൂചനകൾ നൽകുന്നുണ്ട് കാഷി ഷോ. ഫോട്ടോഗ്രഫി, ഭൂതത്തിൽ സൗന്ദര്യം കണ്ടെത്തുന്ന, കാലത്തെ ഫ്രീസ് ചെയ്യുന്ന, മരണത്തിന്റെയും മൗനത്തിന്റെയും കലയാണ് എന്നിരിക്കെ തന്നെ, അബുൾ കലാം ആസാദിൽ വർത്തമാനം രാഷ്ട്രീയ വ്യഗ്രത പൂണ്ട് സജീവത കൈവരിക്കുന്നതു കാണാം. വർത്തമാനത്തിന്റെ ഒരു ആർക്കിയോളജി. അങ്ങനെ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ഛായാപടങ്ങളായി, പ്രതിലോമ രാഷ്ട്രീയ നീക്കങ്ങളോടെല്ലാം ഇഞ്ചോടിഞ്ച് പോരാടുന്ന ഒരു ആക്റ്റിവിസ്റ്റിനെയും അബുൾ കലാം ആസാദിന്റെ ഫോട്ടോഗ്രഫിയിൽ കണ്ടുമുട്ടുന്നു.
ചിലപ്പോൾ അത് മനഃശാസ്ത്രപരമായ ചേരുവകളാൽ സമ്പന്നമാണ്. ചിലപ്പോഴത് ഭൂതകാലക്കുളിരിൽ സ്വയം നഷ്ടപ്പെടുന്നു. ചിലപ്പോൾ വർത്തമാന രാഷ്ട്രീയത്തിൽ പകച്ചുനിൽക്കുന്നു. മറ്റു ചിലപ്പോൾ താൻ ഇല്ലാതെയാകുന്ന ഒരു കാലത്തെക്കുറിച്ച് വ്യസനപ്പെടുന്നു.

പ്രിന്റ് മെയ്ക്കിങിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാനാണ് താനെന്ന് തെളിയിക്കുന്ന ഈ കാൻവാസുകൾ, ഇതുവരെയുള്ള അബുൾ കലാമിന്റെ കലായാത്രയുടെ പ്രാതിനിധ്യങ്ങൾ വഹിച്ചുകൊണ്ട്, തന്റെ തന്നെ ഫോട്ടോഗ്രഫി ജീവിതത്തിന്റെ ഒരു 'ബൃഹദാഖ്യാനം' നടത്തുന്നുണ്ട്. ഈ ബൃഹദാഖ്യാനം, പുതിയ സംഭവവികാസങ്ങളെയും പുതിയ വാഗ്ദത്ത ഭൂമികളെയും വിട്ടുകളയുകയും ചെയ്യുന്നു, ചിലപ്പോൾ. മരണത്തിന്റെ നിലവിളികളിൽ നിന്ന് ആത്മാവിന്റെ അനശ്വരത കണ്ടെത്താനുള്ള മനുഷ്യന്റെ ഒടുങ്ങാത്ത അന്വേഷണ വ്യഗ്രതയായി സ്വന്തം കലാചരിത്രത്തെയും ആസാദ് തിരിച്ചറിയുമെങ്കിൽ സാർത്ഥകമാണ് ആ കലായനം. ഇന്ത്യൻ ഫോട്ടോഗ്രഫിക്കു പകർന്നുകിട്ടാൻ അബുൾ കലാം ആസാദിൽ ഏറെയുണ്ട്. ഫോട്ടോഗ്രഫിയിൽ ഒരു ഗുരുസ്ഥാനം അയാൾ അർഹിക്കുന്നതും അങ്ങനെത്തന്നെ.
ഇതാവസാനിക്കും മുമ്പ്, അബുളിന്റെ 'ആനിമൽ' ഷോ ക്യൂറേറ്റ് ചെയ്തുകൊണ്ട്, ആസാദിന്റെ ഫോട്ടോഗ്രഫിയെക്കുറിച്ചും പ്രവർത്തന ശൈലിയെക്കുറിച്ചും ആർ. നന്ദകുമാർ എഴുതിയ ലേഖനത്തിൽ നിന്ന് രണ്ടു ഖണ്ഡിക ഇവിടെ ചേർക്കാം, കവിത ചോർന്നു പോകാതിരിക്കാൻ വിവർത്തനം ഒഴിവാക്കിക്കൊണ്ടി. ആസാദിന്റെ ഫോട്ടോഗ്രഫിയെ മനസ്സിലാക്കാൻ ഇത് ഏറെ സഹായിക്കും എന്ന നിലയിൽ:

‘‘Overall, the body of Azad's work has an inclination towards an archive of local history at the level of personal memory and in that sense, his works add up to a kind of social anthropology of his land and its people. In fact, the antiquated, mediaeval looking small-town environment of Mattancheri which is a hub of commercial activity in central Kerala (where Azad has been living before he relocated sometime ago) with the remnants of still visible colonial legacy bequeathed by the successive foreign rulers from the Portuguese and Dutch to the British, forms a world by itself in his photographic oeuvre, with its local legends and local heroes. This can be seen from the way Azad thematises local history through the tableau of his staged 'realism' of the unheroic and mundane as much as by his use of the sombre tonality of monochrome in most of his work."
"Azad's method of working, in a sense seeks to be aligned as much with the tradition of the artist's print as with photography itself as is borne out by his painstaking use of layering and superimposition in the large digital prints on canvas, his use of bromide paper to achieve a jaded, archival quality in his monochrome chemical prints and his manner of scratching the negative to debunk the aura of the unique, all marked by resistance to the slick and glossy finish of commercial photography. Where he resorts to the digitally reprographic resources of image production, as he does of late, it is because it offers the image to be worked over in multiples and serials which can be 'deployed' as image units in various combinations and groupings.These images are used as recurring motifs reappearing in different configurations with minimally variable attributes in keeping with the discursive function of representation."
(R. Nandakumar, Truth of the Matter / Reality of the Image. The Photography of Abul Kalam Azad, 2008.)



