ആർടിസ്റ്റ് സത്യഭാമയുടെ തെരിക

ർമകളെ ചികഞ്ഞാൽ തൊഴിലെടുക്കാതെയിരുന്ന ഒരു കാലം സത്യഭാമയുടെ ജീവിതത്തിൽ ഉണ്ടായിരിക്കില്ല. പത്ത് വയസ്സുമുതൽ ജോലിക്ക് പോയിത്തുടങ്ങിയ സത്യഭാമ കോവിഡ് കാലത്തെ അടച്ചിടലിൽ തന്റെ അറുപതാം വയസ്സിൽ ആദ്യമായി ഒന്നിരുന്നു. പേനയെടുത്ത് സഹോദരന്റെ മകനോടൊപ്പം ചിത്രം വരച്ചു. ഇതുവരെ തോന്നാതിരുന്ന ഒരാഹ്ലാദം അവരതിൽ കണ്ടെത്തി. സ്‌കൾപ്റ്റിങ്ങ് ചെയ്തു നോക്കിയപ്പോൾ ധ്യാനാത്മകമായ ഒരുന്മാദം തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശിയായ സത്യഭാമയ്ക്ക് കലയോടുള്ള തന്റെ അഭിനിവേശത്തിന് കാരണമായി പറയാൻ അതുകൊണ്ടുതന്നെ ഗൃഹാതുരമായ ബാക്ക്‌സ്റ്റോറികളൊന്നുമില്ല.

വീട്ടമ്മമാരുടെ ദൈനംദിന ജീവിതത്തിലെ ഇമേജറികളായ ഉണക്കാനിട്ട മഞ്ഞളും, കൈപ്പയും, കാക്കയും സത്യഭാമയിലൂടെ കലാസൃഷ്ടികളായി പരിണമിക്കുമ്പോൾ പ്രാതിനിധ്യമാണ് കലയെ പൂർണമാക്കുന്നതെന്ന് ആസ്വാദകൻ തിരിച്ചറിയുന്നു. നമുക്ക് ചുറ്റുമുള്ള, ഏറ്റവും സാധാരണമായിത്തീർന്ന ബിംബങ്ങളെ, സ്വന്തമായി രൂപപ്പെടുത്തിയ ശൈലിയിലൂടെ സത്യഭാമ ആവിഷ്‌കരിക്കുന്നു.

തെരിക എന്ന പേരിൽ കോഴിക്കോട് ലളിത കലാ അക്കാദമി ആർട് ഗാലറിയിൽ നടക്കുന്ന സത്യഭാമയുടെ കലാപ്രദർശനത്തിന് ചുക്കാൻപിടിക്കുന്നത് യുവകലാകാരുടെ കൂട്ടായ്മയായ ട്രെസ്പാസേഴ്‌സ് ആണ്.

Comments