ദേശം എന്നത് ഇന്ന് ഒരു സ്ഥലത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരനുഭവമല്ല. ഒരു സ്ഥലം എന്നാല്‍ അവിടെയുള്ള ചില മനുഷ്യരും അവരുടെ ചുറ്റുപാടുമുള്ള ഇതര ജീവിതങ്ങളും എന്ന് അര്‍ത്ഥവുമില്ല. ഈ ലോകത്തിന്റെ മറ്റെ അറ്റത്തേക്കുള്ള താക്കോല്‍ നിങ്ങള്‍ വിരല്‍ത്തുമ്പില്‍ കറക്കിക്കൊണ്ടു നടക്കുന്നുണ്ട്. ഒരൊറ്റ ക്ലിക്കില്‍ നിങ്ങള്‍ക്ക് മറ്റൊരു ലോകത്തെയനുഭവിക്കാം. ദേശം എന്ന പരികല്പനം പല നിലയ്ക്കും നിഷ്പ്രഭമാകുമ്പോള്‍ തികച്ചും പ്രാദേശികബന്ധിതമായ തെയ്യം എന്ന പാരമ്പര്യ രൂപത്തിന്റെ വ്യാഖ്യാനങ്ങള്‍
ഇന്നെങ്ങനെയായിരിക്കും.
ഡിജിറ്റല്‍ കാലത്തെ തെയ്യം കാണലും തെയ്യത്തെ അറിയലും
തെയ്യം ഉത്തരമലബാറിന്റെ ജീവിതവുമായി പല പ്രകാരത്തിലാണ് ചേര്‍ന്ന് നില്ക്കുന്നത്. ഒരാള്‍ വിചാരിച്ചാലും അയാള്‍ക്ക് തെയ്യവുമായുള്ള ബന്ധം ഒഴിവാക്കാനാവില്ല. ഭൗതികമായി ഒരാള്‍ തെയ്യത്തെ നിരാകരിച്ചാലും ആ നിരാകരണം തെയ്യത്തിന് ബാധകമായിക്കൊള്ളണമെന്നില്ല. ഒരു തൃക്കരിപ്പൂര് കാരനൊ പയ്യന്നൂര് കാരനോ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ തെയ്യത്തെ നേരിടാതിരിക്കാനാകില്ല. കാരണം തെയ്യം ഒരു നാടുമായി സമ്പര്‍ക്കപ്പെടുന്നത് കേവലം മതം, ഭക്തി, വിശ്വാസം എന്നതിനുമപ്പുറം സാമൂഹികമായ ജീവിത സാഹചര്യങ്ങളിലൂടെയുമാണ്. ഒരേ സമയം അനുഷ്ഠാനമായിരിക്കെ തന്നെ അതിന് സാമൂഹിക പ്രസക്തമായ ഒരു പുരോഗമനാസ്തിത്വം കൂടിയുണ്ട്. ജൈവികമായ അനുഷ്ഠാനങ്ങള്‍ അപ്രസക്തമായി അജൈവികമായ മറ്റൊരനുഷ്ഠാത്തിലേക്ക് തെയ്യം ആത്മീയമായി പരിണമിക്കുമ്പോഴും തെയ്യത്തിന്റെ സാമൂഹിക പ്രസക്തി അതാത് കാലവുമായോ അതിന്റെ വരും കാലവുമായോ സമരസപ്പെട്ടുപോകുന്നുണ്ട്. കാരണം കാലവും ദേശപ്രകൃതിയും തെയ്യത്തിന് അത്രമേല്‍ അനിവാര്യമാണ്. കാലവും ദേശവും ചേര്‍ന്നാണ് തെയ്യത്തെ നിര്‍മ്മിച്ചിരിക്കുന്നത്.
പുഞ്ചക്കണ്ടവും തരക്കിയരിയും ഓട്ടു കലത്തില്‍ വറുത്ത് പൊട്ടിയ മലരും കാട്ടുചെക്കിപ്പൂക്കളുമില്ലാത്ത കാലത്തും തെയ്യം ഒരു വിധത്തിലും അപ്രസക്തമാകുന്നില്ല. നട്ടുനനച്ചേടത്തും കരിച്ച് വാളിയേടത്തുമല്ല ഇന്ന് തെയ്യo ഉറഞ്ഞ് വാക്കോടാകുന്നത്. നഞ്ചിനും നായാട്ടിനും നരിവിളിക്കും രക്ഷ ചെയ്യാനും നല്ലതിനെ ചൊല്ലിക്കൊടുക്കാനും തെയ്യത്തിന്റെ ആവശ്യമില്ല. തെയ്യത്തിന്റെ വാചാലുകള്‍ക്ക് കാതോര്‍ക്കാന്‍ ഇന്ന് മക്കത്ത് കപ്പലോ മാമാങ്കവേലയോ ഇല്ല. പോത്തിനെ കെട്ടി പൂട്ടിയ കണ്ടം എരുത് പോലും കേറാതെ മൊളി കേറിക്കിടക്കാന്‍ തുടങ്ങീട്ട് കാലമേറെയായി. നില തെറ്റിയ കാലാവസ്ഥയില്‍ വിത്തും കുരിയയും അട്ടത്തായി. ഉദിമാനത്തെ പത്താമുദയ മുതിര്‍ച്ച ഒരു ഭൂതകാലാനുഭവം മാത്രമായിക്കഴിഞ്ഞു. എന്നിട്ടും തെയ്യം പ്രസക്തമാകുന്നുണ്ടെങ്കില്‍ അതെന്തുകൊണ്ടായിരിക്കും?
അനുഷ്ഠാനത്തിന്റെ ആന്തരിക ആത്മീയതയിലല്ല ജീവിതത്തിന്റെ സാമൂഹിക വ്യവഹാരങ്ങളിലാണ് തെയ്യത്തിന്റെ ഭൗതികമായ എല്ലാ നിലനില്പും സാധ്യമാകുന്നത്. അതുകൊണ്ട് തന്നെ അനുഷ്ഠാനം എന്നത് തികച്ചും ജീവിതത്തിന് പുറത്തുള്ളതും അജൈവികവുമായി മാത്രംനിലനില്ക്കുന്ന ഇന്നത്തെ കാലത്തും തെയ്യം അത്രയും പ്രസക്തമാണ്. വിവര സാങ്കേതികത വിദ്യ ഓരോ ദിവസവും അതിന്റെ പുതിയ പുതിയ സാധ്യതകളിലേക്ക് പ്രവേശിക്കുമ്പോള്‍ തെയ്യം പോലുള്ള ഒരു പാരമ്പര്യ രൂപത്തെ അത് ഏറ്റവും ഗുണകരമായിത്തന്നെയാണ് ബാധിക്കുന്നത്. പാരമ്പര്യവും അതിസാങ്കേതികവിദ്യയും പ്രത്യക്ഷത്തില്‍ നേര്‍വിപരീതമായി തോന്നാമെങ്കിലും തെയ്യത്തില്‍ അങ്ങനെയല്ല.
എത്രയോ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അടിമുടി അനുഷ്ഠാന ബന്ധിതമായ ഒരു പ്രാചീന രൂപം അതിന്റെ സൗന്ദര്യവും വ്യക്തിത്വവും കൈവിടാതെ പുതുകാലത്തെ എങ്ങനെ സ്വീകരിക്കുന്നു എന്ന ചിന്തയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഒരുപാട് തുറസ്സുകള്‍ തെയ്യത്തിനുണ്ട്. അതാണ് തെയ്യത്തിന്റെ കൂടിയ ജനകീയതയ്ക്കാധാരം. പുതിയ കാലത്തിന്റെ എല്ലാ സാധ്യതകളെയും തനിക്കലുകൂലമാക്കിത്തന്നെയാണ് തെയ്യം അതിനോടൊപ്പം ചേര്‍ന്ന് നടക്കുന്നത്. പലപല കാലങ്ങളിലെ കലങ്ങിമറിയലുകളിലൂടെത്തന്നെയാണ് ഈ അനുഷ്ഠാന രൂപത്തിന് ഇന്നത്തെ ശക്തിയും സൗന്ദര്യവും കൈവന്നത്. തെയ്യത്തിന്റെ കാണലും അറിയലും എപ്പോഴും ഒരേ പോലെയായിരിക്കില്ല. ഇന്നത്തെ കാലത്തും പഴയ കാലത്തും അത് രണ്ടും രണ്ട് തന്നെയാണ്.
സൈബര്‍ ലോകം മതവിശ്വാസത്തില്‍ ബന്ധിതമായ തെയ്യത്തെ പ്രാദേശികമായ എല്ലാ വിശുദ്ധ സങ്കല്പങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റി ശക്തമായ സാമൂഹ്യബോധ്യത്തിലധിഷ്ഠിതമായ രാഷ്ട്രീയ ശരീരമായി പുനര്‍നിര്‍ണ്ണയിക്കുന്നു. മികച്ച ക്യാപിറ്റല്‍ ഉണ്ടാക്കിയെടുക്കന്നതിന്നുള്ള ഉപകരണമായി തെയ്യത്തെ ക്ഷേത്ര കേന്ദ്രീകൃതമായി ഉപയോഗിക്കുന്ന മതമൂലധനശക്തികള്‍ക്ക് നവലോകത്തിലെ തെയ്യക്കാഴ്ചകള്‍ വലിയ തിരിച്ചടിയാണ്. അനുഷ്ഠാന പരിധിക്കുള്ളില്‍ സാധ്യമാകാതെ പോകുന്ന പല കാര്യങ്ങളും ചെയ്യുന്നതിന് സൈബര്‍ ലോകത്തെ തെയ്യത്തിന് സാധിക്കുന്നുണ്ട്.
അനുഷ്ഠാന ദേശത്തിലെ ഏകീകരിച്ച് ചിട്ടപ്പെടുത്തിയ കാഴ്ചയുടെ എല്ലാ പാരമ്പര്യവഴക്കങ്ങളെയും ഡിജിറ്റല്‍ വേള്‍ഡില്‍ പ്രതിഫലിക്കുന്ന തെയ്യങ്ങള്‍ ലംഘിക്കുന്നു. കാരണം സൈബര്‍ ലോകമെന്നത് ആര്‍ക്കും നിയന്ത്രിക്കാനാകാത്ത സ്വതന്ത്രമായ കാഴ്ചകളുടെ ബഹുസ്വരതകളാണ്. അവിടെ ഒന്നിന് പല ഡയമന്‍ഷനാണ്. അതുകൊണ്ട് തന്നെ ബഹുതലങ്ങളുള്ള നമ്മുടെ നാട്ടിലെ തെയ്യാനുഷ്ഠാനം സൈബര്‍ ലോകത്തില്‍ കാണലിന്റെ അനന്ത സാധ്യതകളെ സാക്ഷാത്കരിക്കുന്നു.
ദേശത്തിന്റെ നിരാസം സൈബറിടങ്ങളിലെ അനുഷ്ഠാനജീവിതം
ദേശം എന്ന പഞ്ജരത്തിനകത്താണ് തെയ്യം വളരുന്നത്. കതിവനൂര്‍ വീരന്‍, ആര്യക്കര ഭഗവതി, കടവാങ്കോട്ട് മാക്കം, കേളന്‍കു ളങ്ങര ഭഗവതി, എരിഞ്ഞിക്കീല്‍ പോതി, ആയിറ്റിപ്പോതി', നിലമങ്ങലത്ത് ഭഗവതി, വയനാട്ട് കുലവന്‍, പട്ടുവത്ത് പഞ്ചുരുളി, നരമ്പില്‍പ്പോതി, മാടായിക്കാവിലച്ചി, നീലിയാര്‍ കോട്ടത്തമ്മ.... തുടങ്ങിയ എത്രയോ തെയ്യങ്ങള്‍ ഒരു നാടിനെയും തിരുമുടിക്കൊപ്പം ചൂടിയാടുന്നുണ്ട്. മണ്ണഴകിന്റെ പല പല കലര്‍പ്പുകളില്‍ പോളപൊടിപ്പടര്‍ന്ന തെയ്യത്തില്‍ ദേശം അതിന്റെ ആത്മാവ് തന്നെയാണ്. ദേശം ഇല്ലാതെ തെയ്യമില്ല.
തെയ്യം തികച്ചും പ്രാദേശികമായ ഒരനുഷ്ഠാനനിര്‍മ്മിതിയാണ്. പ്രദേശം എന്നത് തെയ്യത്തെ സംബന്ധിച്ച് ഒരു ജന്മപരിധിയാണ്, നിയന്ത്രണമാണ്. ചെറുജന്മാവകാശമായാണ് കോലധാരികള്‍ നാട്ടിലെ ജമ്മാരികളായി, ചെറുജന്മാവകാശികളായി തെയ്യം കെട്ടിയാടുന്നത്. അതുകൊണ്ട് തെയ്യത്തിലെ ദേശം എന്നത്, അതിന്റെ ദൂരപരിധി എന്നത് അനുഷ്ഠാനത്തില്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
ദേശഭേദാനുസാരിയായാണ് തെയ്യത്തിന്റെ അനുഷ്ഠാന വിധികള്‍. ദേശം എന്നത് തെയ്യത്തിന്റെ വ്യക്തിസത്തയാണ്.
ദേശനിരാസത്തിന്റെ പുതിയ കാലത്തെയും തെയ്യം സൗഹാര്‍ദ്ദത്തോടെയാണ് സ്വീകരിക്കുന്നത്. സൈബര്‍ സ്‌പേസ് എന്നാല്‍ സ്വന്തമായി ഒരു ദേശമില്ലാതാകല്‍ എന്നു തന്നെയാണര്‍ത്ഥം. ഒരൊറ്റ ജനത ഒരൊറ്റ ദേശം എന്ന ഏകത്വം സൈബര്‍ സ്‌പേസ് യാഥാര്‍ത്ഥ്യമാക്കുന്നു.
പുതിയ കാലമെന്നത് ദേശത്തിന്റെ നിരാസമാണ്. ദേശം എന്നത് ഇന്ന് ദൂരപരിധിക്കുള്ളിലൊതുങ്ങുന്ന ഒരു സങ്കല്പമല്ല. ഇരുപത്തിയഞ്ചോ മുപ്പതോ കൊല്ലങ്ങള്‍ക്കപ്പുറമുള്ള ദേശവിചാരങ്ങളല്ല ഇന്നുള്ളത്. പ്രാദേശികം എന്നത് കേവലം സാങ്കേതികത്വം മാത്രമായി നിലനില്ക്കുമ്പോള്‍ അടിമുടി പ്രാദേശികം മാത്രമായ തെയ്യത്തിന്റെ പുതിയ കാലത്തെ നിലനില്പിന്റെ നിര്‍വചനം എന്തായിരിക്കും?
സൈബര്‍ എന്നത് ഒരു പ്രാദേശിക നിര്‍മ്മിതിയായി മാറിക്കഴിഞ്ഞു. പ്രാദേശികം എന്നതിനപ്പുറം ദേശീയമോ സാര്‍വ്വദേശീയമോ ആയ വ്യത്യസ്തമായ ദൂരപരിധി സൈബറിടത്തിനില്ല. തികച്ചും പ്രാദേശികമായ തെയ്യാനുഷ്ഠാനം എന്നത് അതിന്റെ മണ്‍വീറിലെ കെട്ടുറപ്പില്‍ നിന്നുകൊണ്ട് തന്നെ സൈബര്‍ ലോകത്തിന്റെ അതിരില്ലാ സങ്കല്പത്തിലേക്ക് പടരുന്നു.
ഡിജിറ്റല്‍ കാലം തെയ്യത്തിന് ഒരു പുതിയ വായന സാധ്യമാക്കുന്നുണ്ട്. ഒന്നാമതായി നിരവധി നിരവധിയായ വ്‌ളോഗര്‍മാര്‍ സ്വന്തം സ്വന്തം ചാനലുകളിലൂടെ തെയ്യത്തിന്റെ പ്രാദേശികാധിപത്യത്തെ ആദ്യം തന്നെ അപ്രസക്തമാക്കിക്കഴിഞ്ഞു. ലോകത്തെവിടെയിരുന്നും ഇന്ന് തെയ്യം കാണാം. കാരണം അത്രയധികം ഓണ്‍ ലൈന്‍ സാധ്യതകളാണ് തെയ്യത്തിന്റെ പുതിയ വിപണികള്‍ കണ്ടെത്തുന്നത്. ഓരോ കളിയാട്ടക്കാവുകളിലുമെത്തുന്ന ഡിജിറ്റല്‍ സങ്കേതങ്ങള്‍ അനവധിയാണ്. തറവാട്ടിലെ കളിയാട്ടത്തിന് കൂടാന്‍ പറ്റാതെ പോകുന്ന യൂറോപ്പിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയും തറവാട്ടങ്ങള്‍ക്ക് കാണുന്നതിനായി തെയ്യം ലൈവും ഇന്ന് സര്‍വ്വസാധാരണമാണ്. തെയ്യമുറയുമ്പോള്‍ മൊബൈല്‍ ക്യാമുമായി മുന്നില്‍ വന്ന് തിക്കിത്തിരക്കുന്ന കുഞ്ഞുകുട്ടികള്‍ക്ക് വരെ സ്വന്തം സ്വന്തം ചാനലുകളുണ്ട്. കളിയാട്ട സ്ഥലത്തെത്തുന്ന മൊബൈല്‍ ക്യാമറകളെയും യൂട്യൂബ് ചാനലുകളെയും ഫോട്ടോഗ്രാഫര്‍മാരെയും എങ്ങനെ നേരിടുമെന്ന തലവേദനയിലാണ് ഇന്ന് എല്ലാ കാവുകളിലെയും കളിയാട്ടനടത്തിപ്പുകാര്‍.
പുതിയ കാലം തെയ്യത്തെ കൂടുതല്‍ സുതാര്യമക്കുന്നുണ്ട്. കേവല ഭക്തി എന്നതിനപ്പുറമുള്ള കാഴ്ചകളുടെ വൈവിദ്ധ്യങ്ങള്‍ ഈ ഡിജിറ്റല്‍ കാലം തെയ്യത്തിന് മുന്നില്‍ തുറന്നിട്ടന്നു. അള്‍ക്കൂട്ടബഹളങ്ങളിലും തിരക്കിലും പലപ്പോഴും ദു:സ്സഹമാകുന്ന തെയ്യം കാഴ്ചകളെ കൂടുതല്‍ സുതാര്യതയോടെ ജനകീയമാക്കുന്നതിന് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഏറെ സഹായിച്ചിട്ടുണ്ട്.
തെയ്യം വ്‌ലോഗര്‍മാര്‍ മത്സരിച്ചാണ് ഇന്ന് വീഡിയോ അപ്‌ഡേഷനുകള്‍ നടത്തുന്നത്. വിവരണങ്ങളില്‍ വസ്തുത പരമായ പിശക് ധാരാളം കാണാന്‍ കഴിയുമെങ്കിലും തെയ്യം കുടുതല്‍ ജനങ്ങളിലേക്കെത്തുന്നതിനും അനുഷ്ഠാന പരിസരത്തിന്ന് പുറത്ത് നിന്നും ധാരാളം ജനങ്ങള്‍ തെയ്യം കാണാന്‍ എത്തുന്നതിനും യുട്യൂബ് ചാനലുകള്‍ ഏറെ സഹായിക്കുന്നുണ്ട്. തെയ്യം കാണല്‍ എന്ന പ്രക്രിയയ്ക്ക് മുമ്പത്തെതില്‍ നിന്നും വ്യത്യസ്തമായി പല വിധ അര്‍ത്ഥങ്ങള്‍ ഇന്നുണ്ട്. തെയ്യത്തിന്റെ കാണല്‍ എന്നത് ഇപ്പോള്‍ അത്രമേല്‍ നിഗൂഢമായ ഒരു പ്രക്രിയ അല്ല. ഒരു ഡിജിറ്റല്‍ കാലത്ത് ഒന്നിന്നും അങ്ങനെ നിഗൂഢമായിരിക്കാനാകില്ല. നിഗൂഢത എന്നത് തന്നെ ഒരു ഭൂതകാല ഉല്പന്നമായി മാറിക്കഴിഞ്ഞു.
കാലവുമായും കാലത്തിന്റെ ഉപോല്പന്നമായ സാങ്കേതിക വിദ്യയുമായും സമരസപ്പെട്ടു പോകാനേ തെയ്യത്തിന് കഴിയൂ. അതിനെ നിഷേധിക്കാന്‍ കഴിയില്ല. ഏതൊരു മാറ്റത്തിനും അനുകൂലവും പ്രതികൂലവുമായ സാധ്യതകള്‍ നിലനില്ക്കുമ്പോള്‍ ഡിജിറ്റല്‍ കാലം തെയ്യത്തിന് പുതിയ സ്വാതന്ത്ര്യങ്ങള്‍ നല്കുന്നു എന്നതില്‍ സംശയമില്ല. തികച്ചും പ്രാദേശികമായ കാഴ്ചകളുടെ ആവര്‍ത്തനങ്ങളെ തെയ്യം നിരാകരിക്കുന്നുണ്ട്. തെയ്യത്തിന് പ്രാദേശീകാതീതമായ കാഴ്ച എന്നത് മുന്‍പ് വളരെ പരിമിതമായ ഒന്നായിരുന്നു. ദിക്കും ദിശയും തെറ്റാതെയെത്തുന്ന ദേശാടന കിളികളെ പോലെ വെള്ളക്കാരാണ് അനുഷ്ഠാന പരിസരത്തിന് പുറത്ത് നിന്നും മുറ തെറ്റാതെ തെയ്യം കാണാന്‍ വരുന്നവര്‍. അല്ലാതെ മധ്യകേരളത്തില്‍ നിന്നോ തെക്കന്‍ കേരളത്തില്‍ നിന്നൊ ആളുകള്‍ മുന്‍കാലങ്ങളില്‍ ധാരാളമായി കളിയാട്ടക്കാവുകളില്‍ എത്തിയിരുന്നില്ല. ഇന്ന് ഓരോ ചെറിയ കളിയാട്ടങ്ങള്‍ക്ക് പോലും കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ജനങ്ങളെത്തുന്നുണ്ട്. ഓരോ കളിയാട്ടക്കാലത്തും തെയ്യം കാണുന്നതിനായി തെക്കന്‍ കേരളത്തില്‍ നിന്നും എത്രയോ അന്വേഷണങ്ങള്‍ വരുന്നതിന്റെ അനുഭവത്തില്‍ നിന്നു മാണിങ്ങനെ സംസാരിക്കുന്നത്. ഓരോ തെയ്യക്കാഴ്ചകളും അനുഷ്ഠാന പരിസരത്തിന് പുറത്തും വലിയ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
സ്വന്തം സ്വന്തം തട്ടകങ്ങള്‍ക്കപ്പുറത്തേക്ക് പടര്‍ന്ന് പന്തലിക്കുകയും സൈബറിടങ്ങളില്‍ തന്റെ ശക്തമായ അനുഷ്ഠാന ജീവിതം തെയ്യം സാധ്യമാക്കുകയും ചെയ്യുന്നുണ്ട്. അനുഷ്ഠാനത്തിലെ ഭക്തിയിലും ജാതിമേല്‍ക്കോയ്മയുടെ ഭൂതകാലാസക്തിയിലും അഭിരമിക്കുന്ന ഒരു വിഭാഗത്തിന് ഈ മാറ്റങ്ങളെയൊന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. വിശ്വാസികളും ഭക്തന്മാരും വാട്‌സ് ആപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി അതിലൂടെയാണ് ശക്തമായ പ്രതിഷേധങ്ങള്‍ നടത്തുന്നത് എന്നത് ചിന്തനീയമാണ്.
ഉത്തരകേരളത്തിലെ പ്രശസ്തമായ ഒരു കാവില്‍ ബിജു കുറ്റൂരാന്‍ എന്ന ആചാരക്കാരന്‍ പൂമാരന്‍ ദൈവമായി മൊഴി പറയുന്ന വീഡിയോ ഈ അടുത്ത ദിവസങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. വന്ദ്യവയോധികനായ ഒരു സ്ഥാനികനോട് ശാസനയോടെ സംസാരിക്കുന്ന ദൃശ്യം നിരവധി ഗ്രൂപ്പുകളിലും ഫേസ് ബുക്കിലും പ്രചരിപ്പിച്ച് കോലക്കാരനെതിരെ ജനവികാരം ഇളക്കിവിടുന്നതിനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നിരുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത തെയ്യക്കാരനെതിരെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നു. ഇതേ സമയം തന്നെ തെയ്യക്കാരന് വേണ്ടി ചിലരെങ്കിലും അതേ വാട്‌സ് ആപ്പ് കൂട്ടായ്മയില്‍ സംസാരിക്കാനായും വന്നു. ഇത്തരം ഓണ്‍ലൈന്‍ സംവിധാനങ്ങളെ ഒരധികാരക്കുത്തക സമൂഹത്തിലെ ഏറ്റവും താഴ്ന്ന ശ്രേണിയില്‍ നില്ക്കുന്ന തെയ്യക്കാരനെതിരായും അതിസമര്‍ത്ഥമായി ഉപയോഗിക്കുന്നുണ്ട്.
ഇതെഴുതുന്ന ആള്‍ക്ക് വ്യക്തിപരമായി ഈ തെയ്യക്കാരനുമായി ഏറെ അടുപ്പമുണ്ട്. ദീര്‍ഘകാലമായി അടുത്തിടപഴകുന്ന തെയ്യക്കാരനെ ശക്തമായി പിന്‍തുണച്ചു കൊണ്ട് ഫേസ്ബുക്കില്‍ വിശദമായ ഒരു കുറിപ്പെഴുതി പോസ്റ്റ് ചെയ്തു. കോലക്കാരനെതിരെ ഉയര്‍ന്നു വന്ന ഒരു പ്രശ്‌നത്തെ നവമാധ്യമത്തിലൂടെ അങ്ങനെയാണ് നേരിട്ടത്.
തെയ്യം അനുഷ്ഠാനത്തിന്റെ നിഗൂഢത അതിന്റെ സൗന്ദര്യമായിരുന്ന ഒരു കാലത്തിനും അങ്ങനെ അറുതിയായി. പുത്തന്‍ സാങ്കേതിക വിദ്യയുടെ അധിനിവേശത്തില്‍ തെയ്യക്കാഴ്ചകളുടെ പരിമിതികളും നിഗൂഢതകളും അസ്തമിച്ച് പോയിരിക്കുന്നു. അനുഷ്ഠാനത്തില്‍ ഇന്നെല്ലാം ദൃശ്യമാണ്. തെയ്യത്തെ പുതിയ കാലം കൂടുതല്‍ വ്യക്തമാക്കി കാണിക്കുന്നു.
അനുഷ്ഠാനത്തിന്റെ പാരമ്പര്യവഴക്കവും അതിന്റെ ജനകീയതയും രണ്ടും രണ്ടാണ്. കൂടുതല്‍ വ്യക്തത എന്നതിന്റെ വിവക്ഷ കൂടുതല്‍ ജനകീയത എന്നത് തന്നെയാണ്. കൂടുതല്‍ ജനകീയമാകുന്നതോടെ അത് കൂടുതല്‍ കരുത്ത് നേടുകയും ചെയ്യുന്നുണ്ട്.
പുതിയ കാലത്തിന്റെ സാങ്കേതികസൗകര്യങ്ങള്‍ തെയ്യത്തിന് കൂടുതല്‍ക്കൂടുതല്‍ സ്വയം തുറക്കുന്നതിനുള്ള ഇടങ്ങളൊരുക്കുന്നു. അവിടെ തെയ്യത്തിന്റെ സ്വത്വം കൂടുതല്‍ തെളിമയോടെ പ്രകാശിക്കുന്നു. നവലോക നിര്‍മ്മിതിക്കായി ചോര ചിന്തിയ മാക്കത്തെയും മന്നപ്പനെയും മാടായിക്കാരിയെയും പുതിയ ലോകക്രമം അതിന്റെ എല്ലാ സൗന്ദര്യത്തോടെയും ഗൗരവത്തോടെയുമാണ് കയ്യേല്ക്കുന്നത്. സൈബറിടങ്ങളിലെ പൂവത്തിലും പുകിലിലും കാഞ്ഞിരത്തിലും അവര്‍ സാന്നിദ്ധ്യപ്പെടുന്നു. പുത്തന്‍ സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ തെയ്യം ഇന്നേറെ അനുഭവിക്കുന്നുണ്ട്. മതവും ഭക്തിയും തീര്‍ക്കുന്ന പ്രതിബന്ധങ്ങളെ മറികടന്ന് തെയ്യം മനുഷ്യകഥാനുയായിയായ ഒരു സംസ്‌കാരമാണെന്ന യാഥാര്‍ത്ഥ്യം ഇന്ന് പുറംലോകത്തെത്തുന്നുണ്ട്.
ഓണ്‍ലൈന്‍ തെയ്യാനുഭവങ്ങളുടെ ഒരു ബദല്‍ ലോകം...
രണ്ട് കാഴ്ചകളും രണ്ടനുഭവങ്ങളും ഇന്ന് തെയ്യത്തിലുണ്ട്. അനുഷ്ഠാനത്തിന്റെ ഭാഗമായി ചേര്‍ന്ന് നില്ക്കുന്നവരുടെ കാഴ്ചകള്‍. അങ്ങനെ കാണുന്നവര്‍ പല പ്രകാരത്തില്‍ അനുഷ്ഠാനത്തിന്റെ ഭാഗമാവുകയാണ്. അനുഷ്ഠാന പരിസരത്തിന് പുറത്ത് നിന്നുള്ളവര്‍ തെയ്യത്തെ കുറിച്ച് കേട്ടറിഞ്ഞെത്തുന്ന വരാണ്. അവര്‍ എണ്ണത്തില്‍ വളരെ കുറവായിരിക്കും. ഭക്തിയിലും വിശ്വാസത്തിലും ആമഗ്‌നമായല്ല അവര്‍ തെയ്യത്തെ അറിയുന്നത്. അവര്‍ തെയ്യചിത്രങ്ങളും തെയ്യ ദൃശ്യങ്ങളും ചിത്രീകരിക്കുകയും അവരുടെ തെയ്യാനുഭവങ്ങള്‍ ലോകത്തെ അറിയിക്കുക്കയും ചെയ്യുന്നുണ്ട്. അത് മറ്റൊരനുഭവമാണ്.
ഓണ്‍ലൈന്‍ എന്നത് തെയ്യാനുഭവങ്ങളുടെ ഒരു ബദല്‍ ലോകമാണ്. അതിന്നൊരു യഥാര്‍ത്ഥ്യമാണ്. നിരവധി നിരവധിയായ വ്യവഹാരങ്ങളാണ് ഓണ്‍ലൈന്‍ എന്ന പച്ച വെളിച്ചത്തിനുള്ളില്‍ നടക്കുന്നത്. എത്രയോ വാട്‌സ് ആപ് കൂട്ടായ്മകളിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവര്‍ തങ്ങളുടെ തെയ്യാനുഭവങ്ങള്‍ നിരന്തരം പങ്കുവെക്കുന്നുണ്ട്. ചര്‍ച്ചകള്‍ പലപ്പോഴും അതിര് വിടുമ്പോള്‍ അത് നിയന്ത്രിക്കാന്‍ അഡ്മിന്‍മാര്‍ ഏറെ ബുദ്ധിമുട്ടുകയും ചെയ്യുന്നുണ്ട്. ഉത്തര കേരളത്തിലെ തെയ്യം കലണ്ടറുകളും കാവിലേക്കെത്തുന്നതിനുള്ള കൃത്യമായ വഴികളും വിശദാംശങ്ങളും സമയബന്ധിതമായി അറിയിക്കുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. തെയ്യപ്രേമികളായ നിരവധി ആള്‍ക്കാരുടെ യുട്യൂബ് ചാനലുകള്‍, ഫേസ് ബുക്ക് അക്കൗണ്ടുകള്‍, ഫേസ്ബുക്ക് പേജുകള്‍ അങ്ങനെയങ്ങനെ ഉത്തരമലബാറിന്റെ തികച്ചും പ്രാദേശികാനുഷ്ഠാനം മാത്രമായ തെയ്യം ഇന്ന് ലോക വ്യാപകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. മുത്തപ്പന്‍ തെയ്യം പര്‍ദ്ദയിട്ട ഉമ്മയെ ചേര്‍ത്തു പിടിച്ച് സംസാരിക്കുന്ന വീഡിയോ ലക്ഷോപലക്ഷം മനുഷ്യരാണ് കണ്ടത്, പങ്കുവെച്ചത്.
രോഗപീഡയില്‍ ദുരിതമനുഭവിക്കുന്ന തെയ്യക്കാരെ സഹായിക്കുന്നതിനും ഇത്തരം ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട്.ഇതിനകം എത്രയോ തെയ്യക്കാര്‍ക്കീ സഹായം ലഭിച്ചിട്ടുണ്ട്. ബപ്പിരിയന്‍ തെയ്യമായിരിക്കെ പീറ്റത്തെങ്ങില്‍ നിന്ന് വീണ് ഗുരുതരമായ പരിക്ക് പറ്റിയ സുമേഷ് പെരുവണ്ണാന്റെ അതിജീവനം ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ അന്തമില്ലാത്ത കാരുണ്യത്തിന്റെ, മനുഷ്യനെ ചേര്‍ത്തുപിടിക്കലിന്റെ വലിയ ഉദാഹരണമാണ്. തെയ്യക്കാഴ്ചകള്‍ എന്ന വാട്‌സ് ആപ് കൂട്ടായ്മയിലൂടെ സന്തോഷ് വെങ്ങരയും രഘുവേട്ടവനുമൊക്കെ ഏറ്റെടുക്കുന്ന ഉത്തരവാദിത്വം വളരെ വലുതാണ്. നിരവധി ഓണ്‍ലൈന്‍ പോര്‍ട്ടലുകളും മാധ്യമങ്ങളും തെയ്യത്തിന് വളരെയധികം പ്രാധാന്യം നല്കുന്നുണ്ട്.
ട്രൂ കോപ്പി, മലബാര്‍ ജേണല്‍, ദി ക്യു പോലുള്ള മാധ്യമങ്ങള്‍ തെയ്യത്തിന്റെ സാമൂഹികമായ പ്രസക്തിയും രാഷ്ട്രീയവും ആഗോളതലത്തിലെത്തിക്കുന്നതിനായി ശ്രമിക്കുന്നുണ്ട്. തെയ്യത്തിന്റെ ഓണ്‍ലൈന്‍ ആഖ്യാനങ്ങള്‍ക്ക് ഇന്ന് വളരെയേറെ ആസ്വാദകരുണ്ട്. തെയ്യത്തെ നിലവിലെ എല്ലാ മാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിക്കുന്ന ഒരു തൃക്കരിപ്പൂര്കാരന്‍ എന്ന നിലയില്‍ പുതിയ കാലത്തെ സാങ്കേതിക വിദ്യയുടെ എല്ലാ അനുകൂലനങ്ങളും സ്വികരിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യ കൊണ്ടുവന്ന പുതിയ കാലത്തെ മാറ്റങ്ങളെയും കാണലിന്റെ നവീന ശീലങ്ങളെയും കുറിച്ച് തെയ്യക്കാര്‍ക്കും നല്ല ധാരണയുണ്ട്. മുന്‍ കാലങ്ങളിലെ ചിട്ടപ്പെടുത്തിയ കാഴ്ചക്കണ്ണുകള്‍ക്ക് മുന്നിലല്ല ഇന്ന് തെയ്യക്കാരന്റെ ശരീരം നില്ക്കുന്നത്. ' ലൈവ്' എന്ന സംവിധന ത്തിലൂടെ ഒരു കാവിലെ അല്ലെങ്കില്‍ തറവാട്ടു മുറ്റത്തെ ഉറഞ്ഞാടലുകളെ ഉരിയാട്ടുകളെ ലോകത്തെവിടെ നിന്നും കാണാം. തെയ്യശരീരം സദാ ജാഗരൂഗമായ കണ്‍വെട്ടത്തിന്റെ കാഴ്ചപരിധിയിലാണ്. തെയ്യക്കാരന്‍ മുന്‍കാലങ്ങളെക്കാള്‍ അനുഷ്ഠാനത്തില്‍ ജാഗ്രത പുലര്‍ത്തുന്നു. അനുഷ്ഠാനത്തിലെ ഒരു പിഴവിന് വലിയ വില കൊടുക്കേണ്ടി വരും. കാരണം തെയ്യത്തെ ഒറ്റക്കണ്ണുകളല്ല വീക്ഷിക്കുന്നത്. തെയ്യം പലവിധത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ട്. റെക്കോര്‍ഡ് ചെയ്യപ്പെട്ട തെയ്യം പല പല പ്ലാറ്റ്‌ഫോമുകളിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യപ്പെടുന്നുണ്ട്. ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. തെയ്യക്കാര്‍ തന്നെ പറയുന്നത് ഇന്നത്തെ കാലത്ത് വളരെ സൂക്ഷിച്ചേ തെയ്യം കെട്ടാന്‍ പറ്റൂ എന്നാണ്. അതു കൊണ്ട് തന്നെ പുതിയ കാലത്തെ തെയ്യം അത്രയും സൂക്ഷ്മമതയോടെയും ജാഗ്രതയോടെയും മാത്രമേ അരങ്ങില്‍ സാക്ഷാത്കരിക്കാനാകൂ. സദാസമയം ചിമ്മാതെ നോക്കിക്കിരിക്കുന്ന മൂന്നാം കണ്ണിനെ തെയ്യക്കാര്‍ കരുതിയിരിക്കുന്നുണ്ട്.
വിര്‍ച്വല്‍ റിയാലിറ്റി എന്ന വിരാട് രൂപം
സൈബര്‍ എന്നത് ദേശത്തിന്റെയും അനുഷ്ഠാനത്തിന്റെയും നേര്‍വിപരീതമാണ്.
തെയ്യമെന്ന അനുഷ്ഠാനത്തിന് മുന്നില്‍ സൈബര്‍ലോകം തുറന്നിടുന്നത് മതത്തിന്റെയും ഭക്തിയുടെയും അതിവൈകാരികമായ ഇടുങ്ങിയ ഇടമല്ല. തെയ്യം ഇതുവരെ അനുഭവിക്കാത്ത തുറസ്സും സ്വാതന്ത്ര്യവും സൈബറിടങ്ങള്‍ക്കുണ്ട്. അവിടെ ഏകീകരിച്ച കാഴ്ചകളല്ല. കാഴ്ചകളുടെ അനന്ത സാധ്യതകളാണ് സൈബര്‍ ലോകത്തിന്റെ ശക്തി. അത് എല്ലാ അധികാരത്തെയും എല്ലാ കാലത്തും ചോദ്യം ചെയ്യുന്ന തെയ്യത്തെ കൂടുതല്‍ കരുത്തുള്ള താക്കുന്നു. വിഗ്രഹത്തിന്റെയും വേദ മന്ത്രങ്ങളുടെയും ബന്ധനങ്ങളില്‍ നിന്നും തെയ്യത്തെ കൂടുതല്‍ക്കൂടുതല്‍ സ്വതന്ത്രമാക്കുന്നതിന് ഡിജിറ്റല്‍ സ്‌പേസ് ഏറെ സഹായിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തോടെ,അധികാരത്തോടെ, സ്വത്വബോധത്തോടെയാണ് ഡിജിറ്റല്‍ തെയ്യം സംസാരിക്കുന്നത്.
മഴവില്ലഴകിനെ തിരുമുടിയായണിഞ്ഞ് സൂര്യചന്ദ്രന്മാരെ ദീപിതക്കോലുകളായി ഇരുകൈകളിലുമേന്തി അന്തമെഴാത്ത ആഴിയെടുത്തുടയാടയായി വാരിയുടുത്ത് ഭൂമിയെന്ന ശരീരത്തില്‍ നിലയുറപ്പിച്ച് തീവെയിലില്‍ പൊടിച്ച പൊന്നിന്‍പഴുക്ക പോലെകര്‍ന്ന് കാണാവുന്ന മുച്ചിലോട്ട് പോതി തന്നെയാണ് നമ്മുടെ കണ്‍മുന്നിലെ വിര്‍ച്വല്‍റിയാലിറ്റി. കാഴ്ചയുടെ വിരാട് ലോകം.
"സകല കലകള്‍ക്കും നാഥയായിരിക്കുന്ന അഖിലലോകങ്ങള്‍ക്കും സര്‍വ്വചരാചരങ്ങള്‍ക്കും അമ്മയായിരിക്കുന്ന എന്നെ നീ കണ്‍കുളിര്‍ത്ത് കണ്ടില്ലേ ...
കരിമ്പിന്‍ തണ്ടില്‍ തേന്‍ പുരട്ടിയ പ്രകാരം എന്നെ നീ അനുഭവിച്ചില്ലേ... '
എന്നാണ് പ്രപഞ്ച മാതാവ് മൊഴിപ്പെടുന്നത്.
"എന്റെ ഈ തൃക്കാല്‍ച്ചുവടിനകത്ത് പോന്ന് വന്ന് കയ്യെടുത്ത് എന്നെ ആരാധന ചെയ്യുന്ന പൈതങ്ങള്‍ക്കും എന്റെ മാലോകര്‍ക്കും എന്റെ കുഞ്ഞുകുട്ടി കിടാങ്ങള്‍ക്കും ഞാന്‍ സങ്കടങ്ങളെയകറ്റി സന്തോഷത്തെ പ്രദാനം ചെയ്യുന്നുണ്ട്. മല പോലെ വന്ന ദുഃഖങ്ങളെയൊക്കെ മഞ്ഞുപോലെയാക്കി ഞാന്‍ പരിപാലനം ചെയ്യുന്നുണ്ട് . നൂലിട്ടാല്‍ നില കാണാത്ത സമുദ്രത്തെ മൂന്നെ മുക്കാല്‍ നാഴിക കൊണ്ട് പ്ലാകിപ്പിടിച്ച് മാടാക്കി എരിഞ്ഞ പാറ കുളിര്‍ത്ത പടവാക്കി ഞാന്‍ ത്രാണനം ചെയ്യുന്നുണ്ട് പോരേ... '
എന്ന് ചോദിക്കുന്നത് ഒരു തെയ്യമല്ല. ഒരു വിരാട് രൂപമാണ്. നൂറ്റെട്ട് കടലാഴങ്ങളിരമ്പുന്ന കൂറ്റാണ് തെയ്യത്തിന്റെ വാക്കുരിയില്‍ കേക്കുന്നത്. ദേവമരക്കലമെന്ന കൂറ്റന്‍ പായ്ക്കപ്പലിന്റെ തിരുമുടിയെടുത്താടുന്ന കടല്‍ദേവതയോളം നമ്മെ മനോവിഭ്രാന്തിയിലകപ്പെടുത്തുന്ന എന്തെന്ത് മായക്കാഴ്ചകളുണ്ട്.
"മക്കത്തെ കപ്പലിനും മാമാങ്കവേലയ്ക്കും
ഏറിയോരു ഗുണം വരണം ...ഗുണം വരണേ...' എന്ന് തൃക്കരിപ്പൂരോ ചെറുവത്തൂരൊ ഉള്ള തറവാട്ട് മുറ്റത്ത് നിന്ന് തെയ്യം വാക്കോടാകുമ്പോള്‍ സൈബര്‍ സ്‌പേസിലെ അണ്ഡകടാഹം മുഴുവന്‍ നാട്ടു ദൈവത്തിന്റെ മുന്‍ മൊഴികള്‍ മുഴങ്ങുന്നുണ്ട്.
"കണ്‍മുന്നിലെക്കടലായി ഞാനെന്ന അനുഭവമുണ്ട്. ചല്ലന്‍ കുത്തി ഈ കടലിന്റെ നില വാരാന്‍ നോക്കണ്ട ... '
തെയ്യം പറയുന്ന മൊഴിയുടെ പൊരുളില്‍ ഒരു പ്രപഞ്ച ദര്‍ശനമുണ്ട്.
ഒരു ദേശത്ത് നിന്നു കൊണ്ട് ഈ ലോകത്തോട് സംസാരിക്കുന്ന ദൈവം മിടിക്കുന്ന മനുഷ്യനാണ് തെയ്യം.
നരിമുരളുന്ന പെരുങ്കാടായ് കച്ചാന്‍കാറ്റ് വീശുന്ന അറബിക്കടലായ് നമ്മുടെ മുങ്കരം പിടിക്കുന്ന തെയ്യം യഥാതതമായ ഒരനു അനുഭവാവസ്ഥയല്ല. അതൊരു വിര്‍ച്വല്‍റിയാലിറ്റിയാണ്.