രാജഭരണകാലത്ത് വരയ്ക്കപ്പെട്ട ഒരു സാധാരണ ചിത്രമായി അത് ലേലത്തിൽ പോകുമായിരുന്നു. പക്ഷേ ആ ചിത്രത്തിലെ മൂന്ന് പെണ്ണുങ്ങളിൽ ഒരാളുടെ അസാധാരണമായ നിൽപ്പ് കേംബ്രിഡ്ജ് സർവകാലാശാലയിലെ ചരിത്രകാരനായ ഡോ. നിഗർ ചാൻസലറുടെ കണ്ണിൽപ്പെട്ടു. മേൽവസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും കൈ മറഞ്ഞു കിടക്കേണ്ട വെള്ളസാരി അൽപ്പം ഉയർത്തി കൈമുട്ടിന് മുകളിലുള്ള ഭാഗം വ്യക്തമായി കാണിച്ചാണ് അവളുടെ നിൽപ്പ്. കൈത്തണ്ടയിലും കഴുത്തിലും തലയിലുമെല്ലാം പൊന്നിൽ തീർത്ത ആഭരണങ്ങൾ അവൾ ധരിച്ചിട്ടുണ്ട്. കൂട്ടത്തിൽ ഏറ്റവും പ്രായം കുറവായിട്ടുള്ളത് വ്യത്യസ്തമായ നിൽപ്പുള്ള അവൾക്ക് തന്നെയാണ്. എന്തു കൊണ്ടാണ് അവൾ മാത്രം കൈയുടെ മുകൾ ഭാഗം പ്രദർശിപ്പിച്ചു നിൽക്കുന്നത്?
1930ൽ കണ്ടെത്തുമ്പോൾ ഈ ചിത്രം വരച്ചത് സൊഫാനി എന്ന ചിത്രകാരനാണെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ കലാചരിത്രകാരിയായ ഡോ. മിൽഡ്രഡ് ആർഷർ 1979ൽ പ്രസിദ്ധീകരിച്ച India Served and Observed എന്ന പുസ്തകത്തിൽ ഇത് വരച്ചത് തോമസ് ഹിക്കി എന്ന ഐറിഷ് ചിത്രകാരനാണെന്ന് തെളിവ് സഹിതം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചിത്രത്തിലെ കഥാപാത്രങ്ങൾ ദേവദാസികളോ കൊട്ടാരം നർത്തകികളോ ആയിരിക്കാം എന്നാണ് ഡോ. ആർഷർ നിരീക്ഷിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ഡോ. നിഗർ ചാൻസലർ ഈ ചിത്രത്തെ കുറിച്ചുള്ള തന്റെ ചരിത്രാന്വേഷണം ആരംഭിച്ചത്.
1999ൽ കേംബ്രിഡ്ജിലെ ഫിറ്റ്സ് വില്യം മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചപ്പോഴാണ് ഡോ. ചാൻസലർ ഈ ചിത്രം കാണുന്നത്. ഡോ. ആർഷർ കണ്ടെത്തിയത് പോലെ വരച്ചത് തോമസ് ഹിക്കി ആണെങ്കിലും ചിത്രത്തിലെ യുവതികൾ കൊട്ടാരം നർത്തകികളോ ദേവദാസികളോ അല്ലെന്ന് അദ്ദേഹം മനസിലാക്കി.
അങ്ങനെയെങ്കിൽ എന്തിനാണ് ഒരു നർത്തകി മാത്രം തന്റെ വലതു കൈയുടെ മുകൾഭാഗം വസ്ത്രം നീക്കി പ്രദർശിപ്പിക്കുന്നത്? ഫോട്ടോഗ്രാഫി പോലെ യാദൃച്ഛികമായി സംഭവിക്കുന്നതല്ലല്ലോ ചിത്രരചന. ചിത്രകാരന് മുന്നിൽ മോഡലുകൾ നിശ്ചലരായി നിന്നു കൊടുക്കണം. അപ്പോൾ സാരി നീക്കി കൈയുടെ മുകൾഭാഗം പ്രദർശിപ്പിച്ചത് ബോധപൂർവം തന്നെയാണ്. ഇതിനെ കുറിച്ച് അന്വേഷിച്ച ഡോ. ചാൻസലർ ചെന്നെത്തിയത് വളരെയേറെ ചരിത്രപ്രാധാന്യമുള്ള ഒരു ചിത്രത്തിന്റെ പിന്നാമ്പുറത്തേക്കാണ്.
കേംബ്രിഡ്ജ് സർവകാലാശാലയിലെ തെക്കനേഷ്യൻ പഠനകേന്ദ്രത്തിലാണ് ഡോ. ചാൻസലർ ഗവേഷണം നടത്തുന്നത്. അവിടെയുള്ള ജവഹർലാൽ നെഹ്രു സ്മാരക ട്രസ്റ്റിന്റെ ഡയറക്ടർ കൂടിയാണ് അദ്ദേഹം. Tipu Sultan, Mysore State and the Early Modern World എന്ന ലേഖനമുൾപ്പടെയുള്ളവ എഴുതിയിട്ടുള്ള ഡോ. ചാൻസലർ മൈസൂരിനെ കുറിച്ചും ടിപ്പുവിന്റെയും വോഡയാർമാരുടെയും ഭരണകാലത്തെ കുറിച്ചും ആഴത്തിൽ പഠിച്ചിട്ടുള്ളയാളാണ്. അതു കൊണ്ടു തന്നെ ഈ ചിത്രത്തിൽ കാണുന്ന മൂന്ന് സ്ത്രീകൾ വോഡയാർ ഭരണവുമായി ബന്ധമുള്ളവരെന്ന് കണ്ടെത്താൻ അദ്ദേഹത്തിന് വിഷമമുണ്ടായില്ല.
കട്ടിപ്പൊന്നിൽ തീർത്ത വളകൾ അണിയുന്നത് അരശ് ജാതിയിൽ പെട്ട മൈസൂർ രാജവംശത്തിലെ യുവതികളുടെ രീതിയായിരുന്നു. രാജാവിന്റെ പത്നിമാർ അഥവാ പട്ടമഹിഷിമാർ അണിയുന്ന തരം ത്രികോണാകൃതിയിലുള്ള ചുട്ടിയോടു കൂടിയ നെറ്റിയാഭരണവും ഇവർ ധരിച്ചിട്ടുണ്ട്.
തന്റെ വലതുകൈയുടെ മുകൾഭാഗം പ്രദർശിപ്പിക്കുന്ന യുവതി മൈസൂർ രാജാവ് മുമ്മടി കൃഷ്ണരാജ വോഡയാറുടെ രണ്ടാമത്തെ പത്നിയാണെന്ന് ഡോ. ചാൻസലർ കണ്ടെത്തി. വലതു വശത്ത് നിൽക്കുന്നത് അദ്ദേഹത്തിന്റെ ആദ്യത്തെ പത്നി. രണ്ട് പേരുടെയും പേര് ദേവജമ്മാനിയെന്നാണ്. അപ്പോൾ രണ്ടാം ഭാര്യയായ ദേവജമ്മാനി കൈമുട്ടിന് മുകൾഭാഗം ഉയർത്തി ചിത്രകാരന് വേണ്ടി പോസ് ചെയ്തത് എന്തിനാണ്?
1805ലാണ് ഹിക്കി ഈ ചിത്രം വരയ്ക്കുന്നത്. ആ വർഷമാണ് മൈസൂരിലേക്ക് വസൂരിക്കുള്ള പ്രതിരോധ കുത്തിവയ്പ്പിനായുള്ള മരുന്ന് ലണ്ടനിൽ നിന്നും എത്തുന്നത്. അന്ന് മദിരാശി ഗവർണർ ആയിരുന്ന വില്യം ബെന്റിക് താൽപര്യമെടുത്താണ് വസൂരി വാക്സിൻ മൈസൂരിലെത്തുന്നത്. മൈസൂർ റസിഡന്റ് ആയിരുന്ന മാർക്ക് വിൽക്സിനോട് വാക്സിൻ പരമാവധി ജനങ്ങളിലെത്തിക്കാൻ ഗവർണർ നിർദേശിക്കുകയും ചെയ്തിരുന്നു.
വാക്സിനെ കുറിച്ചുള്ള ജനത്തിന്റെ തെറ്റിദ്ധാരണകളും വാക്സിനോടുള്ള അന്നത്തെ ജനങ്ങളുടെ ഭയവും മൈസൂർ റസിഡന്റിന് നന്നായി അറിയാമായിരുന്നു. രാജകുടുംബത്തിൽ പെട്ടവർ വാക്സിനെടുത്താൽ പ്രജകളും വാക്സിനെടുക്കുമെന്നത് സാമാന്യയുക്തിയാണ്. കച്ചവടത്തിന് പ്രസിദ്ധരെ ഉപയോഗിക്കുന്ന പരസ്യതന്ത്രം തന്നെയാണ് വസൂരി വാക്സിന്റെ കാര്യത്തിൽ മൈസൂർ റസിഡന്റും ഉപയോഗിച്ചത്. രണ്ടാം രാജ്ഞി വാക്സിനെടുത്ത വിവരം നാട്ടുകാരെ അറിയിക്കാൻ അതിന് പരമാവധി പരസ്യം നൽകുകയെന്നത് തന്നെയാണ് വഴി. വസൂരി കുത്തിവയ്പ്പ് എടുത്ത കൈ കാണിച്ച് തന്നെ ദേവജമ്മാനി ചിത്രകാരന് വേണ്ടി വാക്സിൻ പരസ്യ മോഡലായി. അങ്ങനെ 1805ൽ തോമസ് ഹിക്കി വരച്ച ഈ ചിത്രം വാക്സിൻ ചരിത്രത്തിലെ നാഴികക്കല്ലായി മാറി.
ഡച്ചുകാരുടെ തടവറയിൽ നിന്നും
ഇന്ത്യയിലേക്ക് വന്ന ചിത്രകാരൻ
തോമസ് ഹിക്കി എന്ന ഐറിഷ് ചിത്രകാരൻ തന്റെ ഗ്രാമത്തിലുള്ളവരുടെ രേഖാചിത്രങ്ങളും മറ്റും വരച്ചായിരുന്നു വരയിൽ തെളിഞ്ഞത്. ഹിക്കിയുടെ അച്ഛൻ ഡബ്ലിനിലെ കേപ്പൽ തെരുവിൽ ഒരു ബേക്കറി നടത്തുകയായിരുന്നു. അച്ഛനെ സഹായിക്കാൻ ബേക്കറിയിൽ നിന്ന പയ്യൻ ഒഴിവു വേളകളിൽ ബേക്കറി ചുവരിലും മാവിലുമെല്ലാം വെറുതെ ചിത്രം വരച്ചു കൊണ്ടിരുന്നു.
ഒരു ചിത്രകാരനെന്ന് പേരെടുത്ത ശേഷം ആദ്യം കൊൽക്കൊത്തയിൽ വന്ന ഹിക്കി പിന്നീട് ഇറ്റലിയിലേക്ക് മടങ്ങി. അവിടെ നിന്നും ലിസ്ബണിലേക്ക് പോയെങ്കിലും ചില തെറ്റിദ്ധാരണകളുടെ പേരിൽ ഡച്ചുകാരുടെ തടവിലായി. തടവറയിൽ നിന്നും വൈകാതെ മോചിതനായ ഹിക്കി പിന്നീട് ടിപ്പുവിന്റെ ഭരണകാലത്താണ് മൈസൂരിൽ എത്തുന്നത്. ഹിക്കി വരച്ച ടിപ്പുവിന്റെയും കുടുംബാംഗങ്ങളുടെയും നിരവധി സ്കെച്ചുകൾ ശ്രീരംഗപട്ടണത്തെ ദരിയാ ദൗലത്ത് ബാഗ് മ്യൂസിയത്തിൽ ഇപ്പോഴും പ്രദർശനത്തിനുണ്ട്.
മൈസൂരുമായി ഒരു പ്രത്യേകം അടുപ്പം സൂക്ഷിച്ച ഈ ചിത്രകാരൻ ടിപ്പുവിന് ശേഷവും മൈസൂരിൽ തുടർന്നു. കമ്പനിയുടെ പിന്തുണയോടെ അന്നത്തെ മൈസൂരിലെ ചില സുപ്രധാന സംഭവങ്ങളുടെ ചിത്രകാരനായി ഹിക്കി മാറി. അക്കാലത്ത് മൈസൂരിൽ നടന്ന സർവേ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഹിക്കി വരച്ചു. ഇവ ഇന്ന് ബ്രിട്ടനിലെ ലൂയി കാസിൽ മ്യൂസിയം, ബ്രിട്ടീഷ് മ്യൂസിയം, ബ്രിട്ടീഷ് ലൈബ്രറി എന്നിവടങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്. പക്ഷേ കമ്പനിയുടെ ഔദ്യോഗിക ചിത്രകാരൻ എന്ന നിലയിൽ നിയമിക്കണമെന്ന ഹിക്കിയുടെ അപേക്ഷ കമ്പനി തള്ളുകയും ചെയ്തു.
അവസാന കാലത്ത് തന്റെ രണ്ട് പെൺമക്കളുമായി മദിരാശിയിൽ എത്തിയ ഹിക്കി അവിടെ വച്ച് 1824ൽ അന്തരിച്ചു. അക്കാലത്ത് മദിരാശിയിൽ വച്ച് മരണമടയുന്ന നിരവധി പ്രമുഖ യൂറോപ്പ് വംശജരെ അടക്കംചെയ്തിട്ടുള്ള ഫോർട്ട് സെന്റ് മേരീസ് പള്ളിയോട് ചേർന്ന സെന്റ് മേരീസ് സെമിത്തേരിയിൽ ആയിരിക്കണം തോമസ് ഹിക്കി അന്ത്യവിശ്രമം കൊള്ളുന്നതെന്ന് അനുമാനിക്കുന്നു.
ടിപ്പുവിന്റെ പതനവും
വാക്സിന്റെ രാഷ്ട്രീയവും
“ആയിരം വർഷം ഒരു ആടിനെ പോലെ ജീവിക്കുന്നതിനേക്കാൾ ഭേദം ഒരു ദിവസം കടുവയെ പോലെ ജീവിക്കുന്നതാണ്. ”
വെറും 30,000 പേർ മാത്രമുള്ള ടിപ്പുവിന്റെ സൈന്യത്തെ 60,000 പേരടങ്ങുന്ന കമ്പനിപ്പട്ടാളം ശ്രീരംഗപട്ടണത്തിൽ വച്ച് വളയുമ്പോൾ ടിപ്പുവിന്റെ അനുയായികൾ അദ്ദേഹത്തോട് കോട്ടയിലെ തുരങ്കം വഴി രക്ഷപ്പെടാൻ ഉപദേശിച്ചു. അപ്പോൾ ടിപ്പു നൽകിയ മറുപടിയാണിത്. 1799 മെയ് മാസത്തിലാണ് ടിപ്പു കൊല്ലപ്പെടുന്നത്.
ടിപ്പുവിന്റെ മരണശേഷം മൈസൂർ ഭരണം ആരെ ഏൽപ്പിക്കുമെന്നത് കമ്പനിയുടെ മുന്നിലെ ഒരു പ്രധാന ചോദ്യമായിരുന്നു. ടിപ്പുവിന്റെ പാളയത്തിൽ തന്നെ ഉണ്ടായിരുന്ന പൂർണയ്യ എന്ന കുടിലബുദ്ധിക്കാരനാണ് ടിപ്പുവിന് എതിരെ രഹസ്യങ്ങൾ ചോർത്തി കമ്പനിക്ക് നൽകിയതെന്ന് പറയപ്പെടുന്നു. എന്നാൽ പൂർണയ്യ തന്നെ ആവശ്യപ്പെട്ടത് ടിപ്പുവിന്റെ മക്കളിൽ ഒരാളെ ഭരണാധികാരിയാക്കാം എന്നതായിരുന്നു. എന്നാൽ ഇത് കമ്പനിക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല.
തങ്ങളുടെ വരുതിയിൽ നിൽക്കുന്ന ഒരാളാവണം മൈസൂർ ഭരിക്കേണ്ടതെന്ന കാര്യത്തിൽ കമ്പനിക്ക് സംശയമില്ലായിരുന്നു. അങ്ങനെ അന്ന് അഞ്ച് വയസ് മാത്രം പ്രായമുള്ള മുമ്മടി കൃഷ്ണരാജ വോഡയാർ മൈസൂർ രാജാവായി അവരോധിക്കപ്പെട്ടു. പൂർണയ്യ പ്രധാനമന്ത്രിയായി നിയമിച്ചു. ടിപ്പുവിനൊപ്പം നിന്ന് പൂർണ്ണയ കമ്പനിക്ക് വേണ്ടി പ്രവർത്തിച്ചതിന് കിട്ടിയ പ്രതിഫലമായിരിക്കാം ഇത്.
പിന്നെ മൈസൂരിൽ നടന്നത് പൂർണയ്യയുടെ ഭരണമായിരുന്നു. ഇവിടെ വാക്സിൻ അല്ല എന്തും വിൽക്കാൻ കഴിയുമെന്ന് കമ്പനി മനസിലാക്കി. വസൂരി വാക്സിൻ നാട്ടുരാജ്യങ്ങളിൽ കമ്പനി പ്രചരിപ്പിച്ചതിന് മൂന്ന് പ്രധാന കാരണങ്ങളുണ്ട്. ഒന്നാമതായി പ്രദേശവാസികളിൽ നിന്നും ബ്രിട്ടീഷ് പൗരന്മാർക്ക് ഇത് പകരരുത്. രണ്ടാമതായി ബ്രിട്ടീഷ് നിർമ്മിത വാക്സിൻ പരമാവധി വിറ്റഴിക്കുക. മൂന്നാമതായി ഇന്ത്യ പോലെയുള്ള കോളനികളിലെ അസംസ്കൃത വസ്തുക്കളെ ഉൽപ്പന്നങ്ങളാക്കുന്ന തൊഴിലാളികളുടെ ആരോഗ്യം കമ്പനിയെ സംബന്ധിച്ച് പ്രധാനമാണ്. ആ വരുമാന സ്രോതസ് അടയാൻ പാടില്ല. അത്തരം സ്വാർത്ഥ താൽപര്യങ്ങളല്ലാതെ കോളനികളിലെ ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കാനുള്ള വ്യഗ്രതയൊന്നും കമ്പനിക്കുണ്ടായിരുന്നില്ല.
രണ്ടാം ഭാര്യയോ ഒന്നാം ഭാര്യയോ?
വീണ്ടും തോമസ് ഹിക്കി 1805ൽ വരച്ചുവെന്ന് കരുതപ്പെടുന്ന ചിത്രത്തിലേക്ക് വരാം. 1794ൽ ജനിച്ച മുമ്മടി കൃഷ്ണരാജ വോഡയാർക്ക് 1805ൽ വെറും 11 വയസാണ്. അപ്പോൾ രണ്ടാം ഭാര്യക്കും പത്തോ പതിനൊന്നോ വയസ് അല്ലേ ഉണ്ടാവുക? ചിത്രത്തിൽ വാക്സിനെടുത്ത കൈ കാണിച്ചു നിൽക്കുന്ന യുവതിക്ക് അത്രയും പ്രായമേ ഉള്ളോ? 11 വയസുള്ള രാജാവിന് രണ്ടാം ഭാര്യയുണ്ടാവാനുള്ള സാധ്യതയുണ്ടോ? മാത്രമല്ല ചിത്രത്തിൽ ഇടതുവശത്ത് കാണുന്ന സ്ത്രീ ഒരു പതിനൊന്നു വയസുകാരന്റെ ആദ്യഭാര്യയാണെന്ന് തോന്നുന്നുമില്ല.
സാരി കൈയുടെ ഭാഗത്ത് ഉയർത്തി നിൽക്കുന്ന യുവതി കൃഷ്ണരാജ വോഡയാറുടെ ആദ്യഭാര്യ തന്നെയായിരിക്കണം. മുതിർന്ന സ്ത്രീ മൈസൂർ റാണിയും അദ്ദേഹത്തിന്റെ മുത്തശ്ശിയുമായ ലക്ഷ്മി അമ്മാനി ദേവിയും ആവാം. ലക്ഷ്മി അമ്മാനിയുടെ ഭർത്താവ് കൃഷ്ണരാജ വോഡയാർ രണ്ടാമൻ വസൂരി ബാധിച്ചാണ് മരണമടഞ്ഞത്. വീണ്ടും കുടുംബത്തിൽ ഒരാൾക്കും ആ ഗതിയുണ്ടാവരുതെന്ന് കരുതി റാണി തന്നെ മുൻകൈയെടുത്ത് കുടുംബാംഗങ്ങളെ കൊണ്ട് വാക്സിൻ എടുപ്പിച്ച് അത് പ്രചരിപ്പിച്ചതാവാൻ വഴിയുണ്ട്.
ഹിക്കിയെ പോലെ പല വിദേശ ചിത്രകാരൻമാരും അന്ന് ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ വന്ന് ചിത്രം വരച്ചിരുന്നു. അവരുടെ ചിത്രങ്ങളിലെല്ലാം ഇങ്ങനെ ഓരോ ചരിത്രവും പിന്നീട് ചരിത്രകാരൻമാർ വായിച്ചെടുത്തു.
ചിത്രകാരൻമാരില്ലാതെ
വാക്സിനെടുത്ത തിരുവിതാംകൂർ
തിരുവിതാംകൂറിലും യൂറോപ്യൻ ചിത്രകാരൻമാർ കരാർ അടിസ്ഥാനത്തിൽ ചിത്രങ്ങൾ വരയ്ക്കാനെത്തിയിരുന്നു. സ്വാതി തിരുനാളിന്റെ കാലത്താണ് ഹംഗേറിയൻ ചിത്രകാരനായ അഗസ്റ്റ് തിയോഡോർ ഷോഫ് ഏഴ് ഛായാചിത്രങ്ങൾ വരച്ചു നൽകിയത്. 1841ൽ റഷ്യൻ ചിത്രകാരനായ അലക്സി സൽറ്റിക്കോവ് രാജാവിന് യൂറോപ്യൻ ശൈലിയിലുള്ള ചിത്രങ്ങൾ വരച്ചു നൽകിയെന്ന് കലാചരിത്രകാരനായ ശരത് സുന്ദർ രാജീവ് (Prof. Sharat Sunder Rajeev) തന്റെ Durbar Artists എന്ന ലേഖനത്തിൽ പറയുന്നുണ്ട്. ഉത്രം തിരുനാളിന്റെ കാലത്താണ് ഇംഗ്ലീഷ് ചിത്രകാരൻ എഫ്.സി. ലൂയിസ് ജൂനിയർ ചിത്രങ്ങൾ വരയ്ക്കാനെത്തുന്നത്. ഇദ്ദേഹം വരച്ച ഒരു ചിത്രം ഇപ്പോഴും തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ കുതിരമാളികയിലുണ്ട്.
പക്ഷേ തിരുവിതാംകൂറിൽ വസൂരി വാക്സിൻ പ്രചരണത്തിനായി ആർക്കും ചിത്രം വരയ്ക്കേണ്ടി വന്നതായി അറിവില്ല. സ്വാതിതിരുനാളിന്റെ അമ്മ ഗൗരി ലക്ഷ്മി ഭായിയും അവരുടെ സഹോദരി പാർവതി ഭായിയും വസൂരി വാക്സിൻ എത്തിയ കാലത്തു തന്നെ അത് എടുത്തവരാണ്.
തിരുവിതാംകൂറിൽ വാക്സിൻ വ്യാപകമായതിന് പിന്നിൽ രാജഭരണവുമായി ബന്ധപ്പെട്ട ചിലരുടെ മരണങ്ങളും കാരണമായിട്ടുണ്ട്. 1811ൽ വസൂരി ബാധിച്ച് ഒരു രാജകുമാരി മരണമടഞ്ഞു. റാണി ഗൗരി ലക്ഷ്മി ഭായിയുടെ റീജന്റ് ഭരണമായിരുന്നു അന്ന്. കൊട്ടാരത്തിലെ യൂറോപ്യൻ ഡോക്ടറുടെ നിർദേശമനുസരിച്ച് രാജകുടുംബത്തിലെ എല്ലാവർക്കും റാണി വാക്സിൻ നിർബന്ധമാക്കി. എന്നിട്ടും ഉദ്യോഗസ്ഥരിൽ പലരും വാക്സിൻ എടുത്തിരുന്നില്ല. ചുരുങ്ങിയ കാലം കൊണ്ട് പ്രഗത്ഭനെന്ന് പേരെടുത്ത ദേവൻ പത്മനാഭൻ എന്ന ദിവാൻ 1814ൽ വസൂരി ബാധിച്ച് മരണമടഞ്ഞതോടെ തിരുവിതാംകൂറിലെ ഉദ്യോഗസ്ഥരെല്ലാം വസൂരി വാക്സിൻ എടുക്കണമെന്നത് നിർബന്ധമാക്കി. തെക്കൻ തിരുവിതാംകൂറിൽ മിഷനറിമാരുടെ നേതൃത്വത്തിൽ തുടങ്ങിയ ആശുപത്രികൾ വഴിയും വാക്സിൻ വ്യാപകമാക്കി.
തിരുവിതാംകൂറിൽ ബ്രാഹ്മണ പൗരോഹിത്യവും മറ്റ് ചില മതങ്ങളിൽ പെട്ടവരും ആദ്യമേ വാക്സിനോട് വിമുഖത കാണിച്ചിരുന്നുവെന്ന് ടി കെ വേലുപ്പിള്ളയുടെ ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിൽ പറയുന്നു. കൊച്ചി രാജകുടുംബത്തിലെ സ്ത്രീകളും ആദ്യം വാക്സിൻ എടുക്കാൻ വിസമ്മതിച്ചിരുന്നുവത്രെ. എന്നാൽ പിൽക്കാലത്ത് കൊച്ചി രാജ്യത്ത് ഒരു വാക്സിൻ വകുപ്പ് തന്നെ സ്ഥാപിക്കപ്പെട്ടു. തെക്കൻ തിരുവിതാംകൂറിലെ മത്സ്യത്തൊഴിലാളികൾ വാക്സിനെടുക്കാൻ വിസമ്മതിക്കുന്നുവെന്ന് കാണിച്ച് കുളച്ചൽ നഗരവികസന സമിതിയുടെ പ്രസിഡന്റ് ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചിട്ടുണ്ടെന്നുള്ളതിന് ചില രേഖകളുണ്ട്.
റാണി ഗൗരി ലക്ഷ്മി ഭായിവാക്സിനോട് പ്രകടമായ അകൽച്ച പാലിച്ച ഒരു പ്രബല സമുദായം നമ്പൂതിരി സമുദായമായിരുന്നുവെന്നും ടി കെ വേലുപ്പിള്ള ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിൽ എഴുതിയിട്ടുണ്ട്. ഏറ്റവും വിചിത്രമായ സംഗതി എന്തെന്നാൽ നമ്പൂതിരി സമൂദായത്തിലെ പുരോഗമന പ്രസ്ഥാനമായ യോഗക്ഷേമ സഭ 1909ൽ വാക്സിനെതിരെ ഒരു പ്രമേയം പോലും പാസാക്കുകയുണ്ടായി എന്നതാണ്. എന്നാൽ വസൂരി പടർന്നു പിടിച്ചതോടെ നമ്പൂതിരി സമുദായത്തിലെ പലരും വാക്സിനെടുക്കാൻ മുന്നോട്ടു വന്നു. മുസ്ലിം സമുദായവും വാക്സിനെടുക്കുന്നതിന് എതിരായിരുന്നുവെന്ന് സൂചിപ്പിക്കുന്ന കത്തുകൾ പ്രാദേശിക ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് എഴുതിയതായി ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിൽ പറയുന്നുണ്ട്.
പഴയ ചിത്രങ്ങൾ ചികഞ്ഞു നോക്കിയാൽ ഇത്തരം ചരിത്രം കൂടി ഇതൾ വിരിയും. ചിത്രകാരൻമാരായിരുന്നു അന്നത്തെ ഫോട്ടോഗ്രാഫർമാർ. കാലത്തെ നിശ്ചലമാക്കിയ അവർ ഇല്ലായിരുന്നുവെങ്കിൽ എത്രയോ ചരിത്ര സത്യങ്ങൾ നമ്മൾ അറിയാതെ പോകുമായിരുന്നു.