മൂന്ന് വെബ്സീൻ കവർ വർഷങ്ങൾ

രു ഡിജിറ്റൽ വെബ്സീനിന്റെ കവർ എന്ന ആശയം മാധ്യമരംഗത്തെ പുതുമയായിരുന്നു. ഒരു പുസ്തകത്തിന്റേയോ പ്രിന്റ് മാഗസിന്റെയോ കവർ നിർവ്വഹിക്കുന്ന ഉത്തരവാദിത്തമല്ല വെബ്സീൻ കവറിന് ഡിജിറ്റൽ സ്പേസിലും കലയിലും നിർവ്വഹിക്കാനുള്ളത്. കവറുകൾ ഒറ്റയ്ക്കൊരു ശില്പം പോലെ വ്യാഖ്യാനങ്ങൾക്കായി സ്വയം തുറന്നുനിന്നു.

കൈകൊണ്ട് തൊട്ട് നോക്കാൻ പറ്റില്ലെങ്കിലും, കോപ്പി ചെയ്യാം, ഷെയർ ചെയ്യാം, കവറു കണ്ട് കമന്റ് ചെയ്യാം. കമന്റിൽ അനുമോദിക്കാം, വിമർശിക്കാം, ചീത്തവിളിക്കാം എന്തും ചെയ്യാം.

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് ഒന്നിന്റെ കവർ

കവറുകൾ ചിലപ്പോൾ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായി മാറാറുണ്ട്. സമീപകാലത്തെ പലസ്തീൻ കവറുകൾ അത്തരത്തിലുള്ളതായിരുന്നു. മറ്റു ചിലപ്പോൾ കാലത്തിന്റെ പ്രതിഫലനം പോലെ, ചിലപ്പോൾ ആർടിസ്റ്റിന്റെ വൈകാരികതയും ഉൾച്ചേർന്ന ആർട്ട് വർക്ക്.

കവറിൽ ടൈറ്റിലുകൾ വേണ്ട എന്ന ട്രൂകോപ്പി എഡിറ്റോറിയൽ തീരുമാനം വലിയ പരീക്ഷണ സാധ്യതയായിരുന്നു. വായനക്കാർ എങ്ങനെ അത് ഏറ്റെടുക്കുമെന്ന ആശങ്ക നിറഞ്ഞ ചിന്തകൾ എനിക്കും എഡിറ്റോറിയൽ ടീമിനും ഉണ്ടായിരുന്നു. ചിത്രത്തെ വാക്കുകൾ കൊണ്ട്, തലക്കെട്ടുകൾ കൊണ്ട് പൂരിപ്പിക്കേണ്ടതില്ല എന്ന തീരുമാനം വായനക്കാരുടെ പൂരിപ്പിക്കലിനുള്ള തുറന്നിടൽ കൂടിയാണ്. അതു പലപ്പോഴും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. ചിലപ്പോൾ തീരെ ശ്രദ്ധിക്കപ്പെടാതെയും പോയി.

155 കവറുകൾ, മൂന്ന് വെബ്സീൻ വർഷങ്ങൾ.
2020 നവംബർ 30 നായിരുന്നു വെബ്സീന്റെ ആദ്യ പാക്കറ്റ് പബ്ലിഷ് ചെയ്തത്.

കവറുകളിലൂടെ യാത്ര ചെയ്താൽ നാടിന്റെ രാഷ്ട്രീയവും കലയും തിരിച്ചറിയാം. എല്ലാ ആഴ്ചയും ചെയ്യുന്നു എന്നതുകൊണ്ടു തന്നെ അതിനൊരു കോളത്തിന്റെ സ്വഭാവമുണ്ട്. കലയുടെ, ആത്മപ്രകാശനത്തിന്റെ രാഷ്ട്രീയ നൈരന്തര്യം. അത് ഞാൻ ആസ്വദിക്കുന്നുമുണ്ട്.


സൈനുൽ ആബിദ്​

ഡിസൈനർ. മലയാളത്തിലടക്കം പ്രമുഖ പത്രങ്ങളുടെ രൂപകൽപന നിർവഹിച്ചു. നിരവധി പുസ്തകങ്ങളുടെ കവർ ഡി​സൈനും ചെയ്​തിട്ടുണ്ട്​.

Comments