ചിത്രീകരണം : ദേവപ്രകാശ്

വണ്ടിവര

നിറങ്ങളിൽ "സെപ്പിയ'യോട് എനിക്ക് വൈകാരികമായ ഒരിഷ്ടമുണ്ട്​.
കാരണം, എനിക്ക് സെപ്പിയ പഴമയുടെ ഓർമപ്പെടുത്തലുകളാണ്.
ഞാൻ ജനിച്ചത് ഇടുക്കി ജില്ലയിലെ കുളമാവ് എന്ന സ്ഥലത്താണ്.
മനോഹര സ്ഥലം.
തെരുവുപുല്ലിന്റെ മണവും ചീമ പേരയ്ക്കയുടെ മധുരവും ഊരാളി ചേമ്പിന്റെ രുചിയും യൂക്കാലിപ്റ്റസ് മരങ്ങളുടെ സൗന്ദര്യവും മൂടൽ മഞ്ഞിന്റെ കുളിരും ആസ്വദിച്ച ഒരു കാലം.
വിദ്യാഭ്യാസം കുളമാവ് ഗവ. ഹൈസ്‌കൂളിൽ.
അച്ഛൻ ജോസഫ് ഫിലിപ്പ്. ചങ്ങനാശേരിക്കാരൻ.
​1970 കാലഘട്ടത്തിലാണ് അച്ഛൻ ഇടുക്കി ഹൈഡ്രോ ഇലക്​ട്രിക്ക്​ പ്രോജക്റ്റ് ഏറ്റെടുത്ത്​ എസ്.എൻ.സി ലാവ്​ലിൻ കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച് കുളമാവിൽ എത്തുന്നത്​.

പട്ടാളത്തിൽ നിന്ന്​ എസ്.എൻ.സിയിലേക്ക്, 70 കോടി ചെലവഴിച്ച് എട്ട് ലക്ഷം മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ലാവ്​ലിന്റെ സഹായത്തോടെ നിർമിച്ച ഏഷ്യയിലെ ഭീമൻ അണക്കെട്ടുകളാണ് ഇടുക്കി, കുളമാവ്, ചെറുതോണി ഡാമുകൾ. ഇതിന്റെ ആവശ്യങ്ങൾക്കായി കമ്പനി കാനഡയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും ധാരാളം വാഹനങ്ങൾ കേരളത്തിലേയ്ക്ക് ഇറക്കുമതി ചെയ്തു.

ആ കൂട്ടത്തിൽ വിദേശ നിർമിത കാറുകൾ അച്ഛനായിരുന്നു ഓടിച്ചിരുന്നത്. വിദഗ്ധരായ കനേഡിയൻ സായിപ്പൻമാർക്കായി ഇംപാല, സ്‌കൗട്ട്, ടൊയോട്ട, ഫോർഡ് തുടങ്ങിയ കിടിലൻ കാറുകൾ ഇടുക്കിയിലേക്ക് കൊണ്ടുവന്നു.
ഓർമ വച്ചനാൾ ഞാൻ കണ്ട ആദ്യ കാർ അംബാസിഡർ ആയിരുന്നു. അതിന്റെ മീറ്ററിനോട് ചേർന്നുള്ള ഭാഗത്ത് പലനിറത്തിലുള്ള ചതുരക്കട്ടകളിലാണ് കുട്ടിയായിരുന്നപ്പോൾ എന്റെ കണ്ണ് ആദ്യം പതിയുന്നത്. ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് അച്ഛൻ എന്നും പലതരം കാറുകൾ മാറി മാറി ഓടിച്ചുകൊണ്ടുവരുമായിരുന്നു. ഇംപാലയുടെ സ്‌കൗട്ടും, വില്ലീസ് ജീപ്പും, ഫോർഡും അക്കൂട്ടത്തിൽപ്പെടും. ഈ വാഹനങ്ങളിൽ ഞാനും സഹോദരങ്ങളും കുളമാവിലെ മഞ്ഞുമൂടിയ വഴികളിലൂടെ പല പ്രാവശ്യം സഞ്ചരിച്ചിട്ടുണ്ട്. ജ്യേഷ്ഠൻമാർ വണ്ടി ഓടിക്കാൻ വളരെ ചെറുപ്പത്തിൽ പഠിച്ചു. ഞങ്ങളുടെ ക്വാർട്ടേഴ്‌സിന്റെ മുമ്പിലുള്ള ചെറിയ മൊട്ടക്കുന്നിൽ അച്ഛൻ കാറ് കൊണ്ടു വന്ന് ചരിച്ചിടും. സൈഡ് ടയറുകൾ രണ്ടും പൊങ്ങി നിൽക്കും വിധമായിരിക്കും കാറിന്റെ നിൽപ്പ്. നേരത്തെ അൽപ സ്വൽപം ഡ്രൈവിങ് വശമുള്ള ചേട്ടന്റെ കൈയിൽ താക്കോൽ കൊടുത്തിട്ട് അച്ഛൻ പറയും: ""ഞാൻ ഊണുകഴിച്ചിട്ട് വരുമ്പോഴേയ്ക്കും കാറ് തിരിച്ചിടണം.'' പിന്നെ ഞങ്ങളെല്ലാവരും കാറിന്റെ പുറകെയാവും.

അച്ഛൻ ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴേയ്ക്കും കാർ മുറ്റത്ത്​ റെഡി. സായിപ്പൻമാരുടെ പ്രിയപ്പെട്ട ഡ്രൈവറായിരുന്നു അച്ഛൻ. അച്ഛന്റെ ഡ്രൈവിങ്ങിൽ രസകരമായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു എക്‌സ്- മിലിറ്ററി ആയ അച്ഛൻ കുളമാവിലെ തണുപ്പു നിറഞ്ഞ അന്തരീക്ഷത്തിൽ ഇടയ്ക്ക് അൽപം കഴിക്കുന്ന കൂട്ടത്തിലായിരുന്നു. പക്ഷെ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല. മൂലമറ്റത്തുനിന്ന്​ കുളമാവിലേയ്ക്ക്, സായിപ്പൻമാരുടെ ബംഗ്ലാവിലേയ്ക്ക്, സായിപ്പൻമാരായ എഞ്ചിനീയർമാരെ കൊണ്ടുവരുന്ന സമയത്ത് മിക്കവാറും അച്ഛൻ വഴിയരികിലുള്ള ഒരു കടയിൽ കയറുകയും അഞ്ച് മിനിറ്റ് കഴിയുമ്പോൾ ഡ്രൈവിങ് തുടരുകയും ചെയ്യും. ഇതു പതിവായി. സ്ഥിരം ഏർപ്പാടായപ്പോൾ സായിപ്പിന് എന്താണ് ഈ സംഗതി എന്ന് മനസിലായില്ല. ഒരു ദിവസം സായിപ്പ് അച്ഛൻ ഇറങ്ങി കടയിൽ കയറിയ സമയത്ത് കടയുടെ മുന്നിലുള്ള മലയാളത്തിൽ എഴുതിയിരുന്ന ബോർഡിലെ അക്ഷരങ്ങൾ അതേപടി പേപ്പറിൽ കുറിച്ചെടുത്ത് പോക്കറ്റിലിട്ടു.
വൈകുന്നേരം സായിപ്പ് മറ്റൊരു മലയാളി ഡ്രൈവറായ കൃഷ്ണൻകുട്ടിയെ കാണിച്ച് എന്താണ് സംഭവം എന്നു ചോദിച്ചു. ചിരിച്ചു കൊണ്ട് കൃഷ്ണൻ കുട്ടി പറഞ്ഞു - ""കള്ള്! എന്നു പറഞ്ഞാൽ ലിക്വർ!'' . പിന്നെ ഒരാഴ്ച നീളുന്ന സസ്‌പെൻഷൻ അച്ഛന്റെ കയ്യിൽ നൂറേലെത്തി.

പൊതുവെ സായിപ്പ് അച്ഛനോട് പറഞ്ഞിട്ടുള്ളത്; ""ഫിലിപ്പേ ഞാൻ വണ്ടിയിൽ കയറി കഴിഞ്ഞാലുടൻ ഡോർ അടയ്ക്കുന്ന ശബ്ദം കേട്ടാൽ കാറ് എടുത്തോളണം, ചോദിക്കാൻ നിൽക്കണ്ട'' എന്നാണ്. ഇതു പ്രകാരം ഒരിക്കൽ ഇടുക്കി വനാന്തരത്തിലൂടെ ബംഗ്ലാവിലേയ്ക്കു പോകുമ്പോൾ സായിപ്പിന് മൂത്രശങ്ക. വണ്ടി നിർത്തി സായിപ്പിറങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ കാറിന്റെ ഡോർ അടഞ്ഞു. അച്ഛൻ ഉടനെ കാറെടുത്തു ബംഗ്ലാവിലേക്ക് പാഞ്ഞു. അവിടെയെത്തിയിട്ടും പിറകിലെ ഡോർ തുറക്കുന്ന ശബ്ദമൊന്നും കേൾക്കുന്നില്ല. അച്ഛൻ പിറകിലേക്ക് പെട്ടെന്നു തിരിഞ്ഞു നോക്കി, സീറ്റിൽ സായിപ്പില്ല! കാറ്റടിച്ച് ഡോർ അടഞ്ഞ വിവരം അച്ഛനറിഞ്ഞില്ല. കുറച്ച് കഴിഞ്ഞപ്പോൾ സായിപ്പ് ഒരു ജീപ്പിൽ കയറി താമസസ്ഥലത്ത് എത്തി. സായിപ്പ് ദേഷ്യപ്പെടുമെന്ന് അച്ഛൻ കരുതിയിരുന്നു. എന്നാൽ അച്ഛന്റെ അടുത്ത് എത്തിയ സായിപ്പ് പൊട്ടിച്ചിരിക്കുകയായിരുന്നു.
ഒരു ദിവസം അതിരാവിലെ സായിപ്പിനെ പിക്ക് ചെയ്യാൻ അച്ഛൻ ബംഗ്ലാവിലേക്ക് പോകുമ്പോൾ ബംഗ്ലാവിന്റെ പരിസരത്തുനിന്ന് കാട്ടാനകൾ വരിവരിയായി പോകുന്നതാണ് കണ്ടത്. നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ അവ വന്നപോലെ തന്നെ തിരിച്ചു പോയി.

ഇറക്കുമതി ചെയ്ത കാറുകളിൽ നാല് ഹെവി യൂട്ടിലിറ്റി വാഹനങ്ങൾ ഉണ്ടായിരുന്നു. അതാണ് സ്‌കൗട്ട്. രണ്ടു ഡീസലും രണ്ട് പെട്രോളും. ചുവപ്പും വെള്ളയും നിറങ്ങളായിരുന്നു അവയ്ക്ക്.

സ്‌കൗട്ട്

ഏതു കുന്നും കുണ്ടും താണ്ടാൻ പറ്റുമായിരുന്നു സ്‌കൗട്ടിന്. വലിയ റേഡിയൽ ടയറുകളായിരുന്നു ഇവയ്ക്ക്. ഇൻഡോ-കാനഡ പ്രോജക്റ്റ് എന്ന എംബ്ലം ഡോറിന്റെ സൈഡിൽ പതിച്ചിരുന്നു.

ഇംപാലെ

ഇംപാലയുടെ നിറം വെള്ളയായിരുന്നു. പെട്രോൾ എഞ്ചിൻ. ലിറ്ററിന് ആറ് കി.മീ. തടിയിൽ തീർത്ത ഇന്റീരിയർ, ലെതർ സീറ്റുകൾ, റേഡിയൽ ടയറുകൾ, ട്യൂബ്ലസ്. ഇംപാല എന്നെഴുതിയ സ്വർണമുദ്ര ആരെയും ആകർഷിക്കും. മനോഹരമായ വീൽകപ്പുകളായിരുന്നു മറ്റൊരു പ്രത്യേകത. നമ്മുടെ മുഖം പോലും അതിൽ നന്നായി തെളിഞ്ഞു കാണാം. ടയോട്ട കാറുകൾ നാലെണ്ണമാണ്.

മാക്ക്

24 വീലുകളുള്ള മാക്ക് എന്ന നീളമുള്ള വണ്ടി കൗതുകക്കാഴ്ചയായിരുന്നു. അത്ഭുതവും. 45 ടൺ ഭാരം കയറ്റാൻ കഴിവുണ്ടായിരുന്നു. വലിയ ടണൽ പൈപ്പുകൾ കൊണ്ടുവരാൻ ഈ മാക്കാണ് ഉപയോഗിച്ചിരുന്നത്. മുമ്പിൽ ആറ് ടയറുകളാണ് മാക്കിന്. ബാക്കി പിറകിലോട്ട് 18 വലിയ ടയറുകൾ. കൊടും വളവുകളും അനായാസം ഓടിക്കയറി പകുതി വച്ച് ഒടിഞ്ഞ് തിരിയും. ഒരു ദിവസം ദേവരേഖ എന്നു പേരുള്ള എന്റെ ചേച്ചിയും മദാമ്മക്കുഞ്ഞുങ്ങളും കുളമാവ് കുന്നുംപുറത്തുള്ള ബംഗ്ലാവിന്റെ മുറ്റത്തുനിന്ന് കളിക്കുകയായിരുന്നു. അവർ നോക്കുമ്പോൾ വളഞ്ഞുപുളഞ്ഞു കിടക്കുന്ന നാടുകാണി റോഡിലൂടെ മാക്ക് വലിയ നീളമുള്ള ടണൽ പൈപ്പുകൾ പിറകിൽ കെട്ടിവച്ച് വലിച്ചുകൊണ്ടു വരുന്നു. ഇതു കണ്ട് അത്ഭുതം പൂണ്ട ചേച്ചി മദാമ്മക്കുഞ്ഞുങ്ങളോട് വിളിച്ചുകൂവി, ""നോക്കടീ... നോക്കടീ... തീവണ്ടി!'' ഇത് കേട്ട് പേടിച്ച മദാമ്മക്കുഞ്ഞുങ്ങൾ പേടിച്ച് കരഞ്ഞ് ബംഗ്ലാവിലേക്ക് തിരിച്ചു പാഞ്ഞു.

പി ആൻഡ് എച്ച് ബുൾഡോസർ

കാറ്റർപില്ലർ എന്നുപേരുള്ള ബുൾഡോസർ. മറ്റൊരു ഭീമൻ. ക്രെയിൻ കോരിയിട്ടിരിക്കുന്ന ചെളിയും, മണ്ണും, കല്ലും ഇവനാണ് ദൂരേയ്ക്ക് മാറ്റി തട്ടുന്നത്.

സിക്കാഡ്

വലിയ വീലുകളുള്ള ഭീമാകാരൻ. വലിയ ടിപ്പർ തന്നെ കക്ഷി. എയർ ബ്രേക്കിങ് സിസ്റ്റം. ഡ്രൈവറിന് ഇരിക്കാൻ മാത്രം ഒരു കാബിൻ. ഡ്രൈവർക്ക് അവിടെ നിൽക്കാൻ മാത്രമേ സ്ഥലമുള്ളൂ. നിറം മഞ്ഞ. സിക്കാഡ് 24 എണ്ണം ഇറക്കുമതി ചെയ്തിരുന്നു.

എ.സി. ലോഡർ

ഈ വണ്ടിയുടെ വീൽ തിരിയില്ല. വണ്ടി രണ്ടായി ഭാഗിച്ചിരിക്കുന്നു. ഷോക്ക് അബ്‌സോർബറും ഹൈഡ്രോളിക് ഫിറ്റിങ്ങും പ്രത്യേകതകളാണ്.

മൂവെർട്ട് ടമ്പർ

ടണലുകളിൽ നിന്നും ചെളി (മട്ടി)യും, മണ്ണും, കല്ലും മാറ്റുവാൻ ടമ്പർ ഉപയോഗിച്ചു. ഇതിന്റെ പ്രത്യേകത: ടണലുകളിൽവച്ച് ഈ വാഹനം തിരിയ്ക്കാൻ കഴിയില്ല. അതിനാൽ മുമ്പോട്ടും പിമ്പോട്ടും ഡ്രൈവർ സീറ്റ് മാറി ഇരുന്ന് ഓടിക്കുന്നു. രണ്ട് സീറ്റ്, ക്ലച്ചും ആക്‌സിലറേറ്ററും ബ്രേയ്ക്കും എല്ലാം കൂടി ആറെണ്ണം. തിരിക്കാതെ മുന്നോട്ടും, പിന്നോട്ടും ഒരേ പോലെ പോകും.

അല്ലീസ് ചെമ്പർ - ബുൾഡോസർ

വൻ മലകൾ ഇടിച്ചുനിരത്താൻ ഉപയോഗിച്ചു. ഇടുക്കി മലനിരകൾ ഇടിച്ചു നിരത്തി റോഡ് പണിതത് ഇവൻമാരാണ്. നിറം ചുവപ്പ്.

പി ആൻഡ് എച്ച് ക്രയിൻ

മാക്കിൽ കൊണ്ടുവരുന്ന വലിയ ടണൽ പൈപ്പുകൾ എടുത്തു മാറ്റാൻ ഇവരെയാണ് ഉപയോഗിച്ചിരുന്നത്. ഇതിനുവേണ്ടി മാത്രം സ്‌പെഷ്യലൈസ്ഡ് ഓപ്പറേറ്റർമാരുണ്ടായിരുന്നു. കുളമാവിലെ മയ്യന്ന എന്ന സ്ഥലത്തു നിന്ന് വൈരമണി എന്ന സ്ഥലം വരെ ഏതാണ്ട് 5- 6 കിലോമീറ്റർ വെള്ളം നിറക്കാൻ ചാനൽ കീറാൻ ഉപയോഗിച്ചിരുന്നത് ഈ ക്രെയിനായിരുന്നു. ഇതിന്റെ ടവറിന്റെനീളം 250 മീറ്റർ. ഇത് കോരിയിട്ടിരിക്കുന്ന മണ്ണ് വലിയ മലപോലെയാകും. അത് നിരത്താൻ കാർട്ടർ പദ്ധതി സമയത്ത് ഈ ക്രെയിനിന്റെ മുമ്പിലുള്ള വലിയ ബക്കറ്റ് ഉപയോഗിച്ച് കാട്ടാനകളെ വരെ അടിച്ച് ഓടിച്ചിട്ടുണ്ടെന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഇതിന്റെ ബക്കറ്റിന് 5- 6 ടൺ ഭാരമുണ്ട്. ബക്കറ്റ് മുകളിലേക്ക് ഉയർത്തി ഗിയർ ന്യൂട്രലാക്കുന്നു. ബക്കറ്റ് നേരെ മണ്ണിൽ വന്ന് വീഴുമ്പോൾ ബക്കറ്റ് തന്നെ റോപ്പ് ഉപയോഗിച്ച് വലിക്കും. അപ്പോൾ ബക്കറ്റ് നിറയും.

ഡാം കമീഷൻ ചെയ്തശേഷം ഈ വാഹനങ്ങൾ (നല്ല കണ്ടീഷനിൽത്തന്നെ) ബാക്കിയായി. കുളമാവിലെ കാട്ടിനുള്ളിലുള്ള ഏക്കറോളം വരുന്ന കെ.എസ്.ഇ.ബിയുടെ വർക്ക് ഷോപ്പിൽ ഈ വാഹനങ്ങൾ കൊണ്ട് തള്ളി. പിന്നീട് 15 വർഷത്തോളം വർക്ക് ഷോപ്പിൽ കിടന്ന് തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി. ഒഴിവു സമയങ്ങളിൽ ഞാനും കൂട്ടുകാരും വർക്ക് ഷോപ്പുകളിൽ പോയി വണ്ടിയിൽ കയറി സ്റ്റിയറിങ് തിരിച്ച് കളിക്കും. ഞങ്ങൾ "സാറ്റ്' (ഒളിച്ചേ, കണ്ടേ) കളിച്ചിരുന്നത് ഈ വാഹനങ്ങൾക്ക് മറഞ്ഞു നിന്നുകൊണ്ടായിരുന്നു.
ഈ വണ്ടികളുടെ രൂപങ്ങൾ എല്ലാം എന്റെ നോട്ട് പുസ്തകത്താളുകളിൽ അന്ന് ഞാൻ കോറിയിടുമായിരുന്നു. അവയുടെ ചെറുരൂപങ്ങളുണ്ടാക്കി സ്‌കൂൾ പ്രവൃത്തിപരിചയമേളയിൽ സമ്മാനം നേടിയിട്ടുണ്ട്. പണ്ട് ഞങ്ങൾ കൂട്ടുകാർ കാട്ടുകോഴികളെ കുടുക്കുവച്ച് പിടിച്ചതും, ഡാമിലെ മീനുകളെ ചൂണ്ടയിട്ടതും, മൾബറി പഴങ്ങളും ഞാവലും പിഴിഞ്ഞ് കഴിച്ചതും വർക്ക് ഷോപ്പിലെ ഈ വാഹനങ്ങൾക്ക് ചുറ്റും ഓടിക്കളിച്ചു കൊണ്ടായിരുന്നു.

കൊലുമ്പൻ

ഇറക്കുമതി ചെയ്യാത്ത ഒരു വാഹനമേ കുളമാവിൽ ഉണ്ടായിരുന്നുള്ളൂ.
അത് കരയിൽ ഓടുന്നതല്ലായിരുന്നു. വെള്ളത്തിൽ ഓടുന്നതായിരുന്നു- ഒരു ജങ്കാർ! അതിന്റെ പേരാണ് കൊലുമ്പൻ! സാക്ഷാൽ ‘ഇടുക്കിയിലെ കപ്പൽ'. ഇടുക്കി അണക്കെട്ട് പണിയാൻ കനേഡിയൻ എൻജിനീയർമാർക്ക് സ്ഥാനം കാണിച്ചുകൊടുത്ത ആദിവാസി മൂപ്പൻ കൊലുമ്പന്റെ ഓർമക്ക്​ ഈ ജങ്കാറിന് കൊലുമ്പൻ എന്ന പേരിട്ടു. ഡാം പണി സമയത്ത് വാഹനങ്ങളും സാധനങ്ങളും അക്കരെയിക്കരെ കടത്താൻ കുളമാവിലെ വൈരമണി എന്ന സ്ഥലത്ത് 1966-ൽ ഈ ജങ്കാർ എറണാകുളത്തുനിന്ന്​ പാർട്‌സുകളായി കൊണ്ടുവന്ന് കൂട്ടിച്ചേർക്കുകയായിരുന്നു. നവോദയയുടെ ആദ്യ സിനിമ സ്‌കോപ്പ് ചിത്രങ്ങളായ തച്ചോളി അമ്പു വും കടത്തനാട്ടു മാക്കവും കുളമാവിലാണ് ചിത്രീകരിച്ചത്. തച്ചോളി അമ്പുവിൽ ഈ കൊലുമ്പൻ ജങ്കാറിനെ ഉപയോഗിച്ചിട്ടുണ്ട്. തച്ചോളി അമ്പുവിൽ നടി സി.ഐ.ഡി ശകുന്തള നൃത്തം ചെയ്ത് പാടി അഭിനയിക്കുന്ന "നാണംകുണുങ്ങികളേ... അലകളേ... പൊന്നലകളേ...' എന്ന സൂപ്പർഹിറ്റ് ഗാനം ഈ ജങ്കാറിലാണ് ചിത്രീകരിച്ചത്. അന്തരിച്ച എസ്. കൊന്നനാട്ട് (കലാസംവിധായകൻ) രണ്ട് വലിയ മീനുകളുടെ രൂപത്തിലേക്ക് ഈ ജങ്കാറിനെ അണിയിച്ചൊരുക്കി. യൂട്യൂബിൽ ഈഗാനത്തിന്റെ വീഡിയോ നോക്കിയാൽ പഴയ കൊലുമ്പനെ നിങ്ങൾക്ക് കാണാം.
എല്ലാവർഷവും മധ്യവേനലവധിക്കാലത്ത് കുളമാവിലെ കുട്ടികളെ കൊലുമ്പനിൽ കയറ്റി ഇടുക്കി ജലാശയത്തിലൂടെ കൊണ്ടുപോകുമായിരുന്നു സർക്കാർ. അന്നാണ് കാട്ടാനയെ ഞാൻ ഏറ്റവും അടുത്ത് കണ്ടിട്ടുള്ളത്. വീട്ടിൽ നിന്ന്​ കൊണ്ടുപോകുന്ന ഉച്ചഭക്ഷണം ഞങ്ങൾ കൂട്ടുകാരോടൊപ്പം ജലാശയത്തിനരികിലിരുന്ന് കഴിച്ചു. അതെല്ലാം പൊയ്‌പ്പോയ ഓർമകൾ.

വർഷങ്ങൾക്കുശേഷം കൊലുമ്പനെ സർക്കാർ നേവിക്ക് കൈമാറി. ഇപ്പോൾ ഡിഫൻസ് ഏരിയയിൽ ഡാമിലെ വെള്ളത്തിലെ തണുപ്പിൽ ടൂറിസ്റ്റുകൾക്കുള്ള കാഴ്ചവസ്തുവായി മയങ്ങി കിടക്കുന്നു ഈ കൊലുമ്പൻ ജങ്കാർ.

ഞാൻ ഹൈസ്‌കൂളിലെത്തി കുറേക്കാലം കഴിഞ്ഞപ്പോൾ ഒരു ദിവസം സ്‌കൂളിന്റെ മുമ്പിലുള്ള ബണ്ടിൽ പുറത്തുകൂടി ഈ വാഹനങ്ങൾ കെട്ടിവലിച്ചു കൊണ്ടുപോകുന്നത് കണ്ടു. കുട്ടികൾ ജനാലയ്ക്കരികിൽ ഇത് നോക്കി നിന്നു. സ്‌കൂൾവിട്ടയുടൻ ഞാൻ ഓടി അടുത്തുള്ള കടയിലെ ആളോട് ചോദിച്ചു, വർക്ക് ഷോപ്പിലെ വണ്ടികളെല്ലാം എവിടെ കൊണ്ടുപോകുകയാണെന്ന്. അയാൾ പറഞ്ഞു, വണ്ടികളെല്ലാം ലേലം ചെയ്തു കൊടുത്തുവെന്ന്. അപ്പോഴും നല്ല കണ്ടീഷനിലുണ്ടായിരുന്ന എന്റെ ഇഷ്ടവണ്ടി സ്‌കൗട്ടും അവസാനമായി ഒന്നു തൊടാൻ പോലുമാവാതെ എന്നെ കടന്നുപോയിക്കഴിഞ്ഞിരുന്നു.


ദേവപ്രകാശ്

മലയാളത്തിലെ ശ്രദ്ധേയനായ ഇലസ്ട്രേറ്ററും ആർട്ടിസ്റ്റും.

Comments