സാമൂഹികവും ശാസ്ത്രീയവുമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് ജീവിക്കുന്ന മനുഷ്യൻ എന്ന നിലയിൽ ഞാൻ എന്നും യുദ്ധത്തിനും തീവ്രവാദത്തിനും എതിരായിരുന്നു.
ഒരു വിരൽത്തുമ്പിൻ്റെ അനക്കത്തിൽ ലോകം മുഴുവനും ബന്ധിപ്പിക്കാൻ കഴിയുംവിധം ശാസ്ത്ര സാങ്കേതികവിദ്യ വികസിച്ച തലത്തിലുള്ള, അതിന്റെ സാധ്യതകൾ ഉപയോഗിക്കുമ്പോൾ പോലും അധികാരമോഹികളായ ചില മനുഷ്യർ അവരുടെ ഗോത്രകാല സ്മൃതികളിൽ നിന്ന് സാമ്രാജ്യം വികസിപ്പിക്കുവാനുള്ള തന്ത്രങ്ങളുടെ ഭാഗമായി തങ്ങളുടെ സഹോദരങ്ങളെ തന്നെ കൊന്നെടുക്കി യാതൊരു വിധത്തിലും ന്യായീകരിക്കാൻ സാധ്യമല്ലാത്ത തിന്മകൾ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് കുഞ്ഞുങ്ങളെയും സ്ത്രീകളെയും പ്രാകൃതനീതിക്ക് വിധേയമാക്കുക എന്ന ഒരു തെറ്റ്. ശാസ്ത്രജ്ഞരും സാമൂഹിക പരിഷ്കർത്താക്കളും പോലും ആയുധക്കച്ചവടക്കാരുടെ കൈയിലെ പാവകളാവുന്ന ഗതികേടായി നമുക്ക് നോക്കി നിൽക്കേണ്ടിവരുന്ന ഒരു കാര്യമാണ് ഇന്ന് ലോകത്ത് സംഭവിക്കുന്നത്.
സമാധാനകാംക്ഷികളായ എല്ലാ മനുഷ്യരും ഇതിനെതിരെ ശ്രമങ്ങൾ നടത്തി, വരും തലമുറയിലെയെങ്കിലും നമ്മുടെ ലോകത്തെ സംരക്ഷിക്കുവാൻ ഉത്തരവാദിത്തപ്പെട്ടവരാണ്. സമാധാനപൂർണമായ ഒരു ലോകം സൃഷ്ടിക്കപ്പെടും എന്നൊരു പ്രത്യാശയല്ല ഇതിനൊരു കാരണം, അതിനുവേണ്ടി നമ്മൾ പ്രവർത്തിക്കണം. ചരിത്രങ്ങളുടെ രണ്ട് ലോകമഹായുദ്ധങ്ങളെക്കുറിച്ചും അവയുടെ അനന്തരഫലമായി ജീവിക്കുന്ന രക്തസാക്ഷികളെ കുറിച്ചും, നമുക്ക് യുദ്ധം ഒരു പ്രത്യാശയല്ല നൽകുന്നത് എന്ന അറിവിനെ കുറിച്ചും.
യുദ്ധസിനിമകൾ കാണുന്ന ലാഘവത്തോടെ, തലമുറകളിലേക്ക് യുദ്ധത്തിന്റെ മുറിവ് കൈമാറ്റപ്പെട്ട്, അതിന്റെ വേദനയിൽ ഈ തുറന്ന ലോകത്ത് വേർപെട്ടുജീവിക്കേണ്ടിവരുന്ന, പ്രത്യാശ നഷ്ടപ്പെട്ടവരുടെ വേദനകൾ നമ്മൾ അറിയണം.
എന്റെ കുട്ടിക്കാല ഓർമകൾ തുടങ്ങുന്നത് എറണാകുളത്തിന്റെ ഹൃദയഭാഗത്തുനിന്നാണ്. ഒരു തുറന്ന ശ്മശാനത്തിന്റെയും ഒരു പള്ളിയുടെ സെമിത്തേരിയുടെയും സമീപം അന്ന് നിരന്തരം ശവഘോഷയാത്രകൾ വന്നുപോകുന്നതും പ്രിയപ്പെട്ടവരെ അവിടെ ഉപേക്ഷിച്ച് മറ്റുള്ളവർ യാത്രയാകുന്നതും, പിന്നെ തുറന്ന ശ്മശാനത്തിൽ ശവശരീരങ്ങൾ മാത്രമായ അവരെ കത്തിക്കുന്നതും കാണേണ്ടിവന്ന കുട്ടിക്കാലമുള്ള എന്നെപ്പോലെ ഒരാൾക്ക് ഒരിക്കലും ഒരു യുദ്ധത്തിനും ഒരു തീവ്രവാദത്തിനും കൂട്ടുനിൽക്കാനാവില്ല. നേരിട്ട് ഒരു യുദ്ധം അനുഭവിച്ചില്ലെങ്കിലും നമ്മൾ വായിച്ച ബുക്കുകളിൽ നിന്നും കണ്ട സിനിമകളിൽ നിന്നുമാണ് നമ്മൾ യുദ്ധത്തെ അനുഭവിച്ചത്.
മതവും രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹത്തിന്റെ ജീർണതകൾ തന്നെയാണ് ഇന്ന് ലോകം മുഴുവനുമുള്ള രാഷ്ട്രങ്ങളിൽ ആഭ്യന്തരമായും തമ്മിൽ തമ്മിലുമുള്ള യുദ്ധങ്ങളായി പ്രതിഫലിക്കുന്നത്. നിർഭാഗ്യവശാൽ ലോഡ് ഓഫ് ദി വാർ എന്ന ഹോളിവുഡ് സിനിമ കണ്ടാൽ മതിയാകും, സാമാന്യ ജനങ്ങൾക്ക് യുദ്ധവും ആഭ്യന്തരയുദ്ധവും തമ്മിലുള്ള കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കാൻ.