കോവിഡ് പ്രതിസന്ധിക്കുശേഷം ജീവിതത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുന്ന ആർട്ടിസ്റ്റുകളുടെ ഗണത്തിൽ തന്നെയാണ് ഡി.ജെ.കൾ അഥവാ ഡിസ്‌ക് ജോക്കികളും. കല ഉപജീവനമാക്കിയവരാണ് അവർ. സംഗീതം ലഹരിയായവരാണ് അവരുടെ ആസ്വാദകർ. മാത്രമല്ല, യുവാക്കളുടെ ആഘോഷത്തിന്റെയും കൂടിച്ചേരലിന്റെയും വേദിയാണ് ഡി.ജെ. പാർട്ടികൾ. ഏറ്റവും കൂടുതൽ പാർട്ടികൾ നടക്കുന്ന ക്രിസ്മസ് - പുതുവർഷ സമയം അടുത്തിരിക്കുമ്പോഴും സംസ്ഥാനത്തെ ഡിസ്‌ക് ജോക്കികൾ കടുത്ത ആശങ്കയിലാണ്.
ഡി.ജെ. പാർട്ടികൾ ലഹരി പാർട്ടികളാണെന്ന ‘കണ്ടെത്തലി’ൽ ന്യൂ ഇയർ ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്. ക്രിസ്മസ്- പുതുവർഷ ആഘോഷങ്ങളെല്ലാം പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. ലഹരിവസ്തുക്കൾ ആഘോഷങ്ങളിലേക്കെത്തുന്നുണ്ടോയെന്ന് പരിശോധിക്കും. ക്രിസ്മസ്- ന്യൂ ഇയർ ഇവന്റുകളും ഇൻ- ഹൗസ് പാർട്ടികളും അവയിൽ പങ്കെടുക്കുന്നവരുമെല്ലാം പൊലീസ് നിരീക്ഷണത്തിലായിരിക്കും. പാർട്ടികളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നവരെക്കുറിച്ച് വിവരം തേടുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്.
ജില്ലാ അതിർത്തികളിലും റെയിൽവേസ്റ്റേഷനുകളിലും ഉൾപ്പെടെ ലഹരിക്കടത്ത് തടയാൻ പരിശോധനകൾ പൊലീസും എക്‌സൈസും ശക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകളിൽ നടക്കുന്ന പാർട്ടികൾ ഉൾപ്പെടെ എല്ലാ പുതുവർഷാഘോഷങ്ങളും നിരീക്ഷിക്കുമെന്ന് എറണാകുളം നാർകോട്ടിക് സെൽ എ.സി.പി. കെ.എ. അബ്ദുൾ സലാം തിങ്കിനോട് പറഞ്ഞു. എന്തെങ്കിലും സംശയമുണ്ടായാൽ പരിശോധനകൾ നടത്തും. ലഹരി സാന്നിധ്യം കണ്ടെത്തിയാൽ പാർട്ടി നടക്കുന്ന ഹോട്ടലിന്റെ ഉടമകളും സംഘാടകരും ആർട്ടിസ്റ്റുകളും ഉത്തരവാദികളായിരിക്കും. എന്നാൽ ലഹരി ഉപയോഗത്തിലോ ഇടപാടിലോ പങ്കുണ്ടെന്ന് ഉറപ്പായാൽ മാത്രമെ അവർക്കെതിരെ കേസെടുക്കൂവെന്നും എ.സി.പി. വ്യക്തമാക്കി.
പാർട്ടിയിൽ വെച്ച് മയക്കുമരുന്ന് പിടികൂടുന്നത് ഹോട്ടലുടമകളെയും കുഴപ്പത്തിലാക്കുമെന്നതിനാൽ ന്യൂ ഇയർ പാർട്ടികൾ വേണ്ടെന്നുവെക്കുന്ന ഹോട്ടലുകളുടെ എണ്ണം കൂടുകയാണ്. സ്ഥിരം ഡി.ജെ. പാർട്ടി നടത്തുന്ന ഹോട്ടലുകളുടെ പട്ടിക ശേഖരിച്ച് അവർക്ക് നോട്ടീസ് നൽകുകയാണ് പൊലീസ്. പാർട്ടികളിൽ മയക്കുമരുന്ന് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാവാത്ത ഹോട്ടലുകൾ പാർട്ടികൾ റദ്ദാക്കും.
മാത്രമല്ല, എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ഹോട്ടലിന്റെ പേര് മോശമാവുകയും ഉടമകൾക്ക് കേസ് വലിയ തലവേദനയാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ കേരളത്തിലെ നഗരങ്ങളിൽ ഇത്തവണയും ന്യൂ ഇയർ പാർട്ടികളുടെ എണ്ണം കുറയും. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഡിസ്‌ക് ജോക്കികൾ മിക്കവരും ബംഗളൂരു, ഗോവ തുടങ്ങിയ നഗരങ്ങളിലേക്കും വിദേശ നഗരങ്ങളിലേക്കും നീങ്ങുകയാണ്. രണ്ടുവർഷത്തെ പ്രതിസന്ധികാലത്തിനുശേഷം വരുന്ന പുതുവത്സരാഘോഷത്തിന് പാർട്ടികൾ കിട്ടുന്ന ഇടങ്ങളിലേക്ക് അവർ പോകുകയാണ്.
സംസ്ഥാനത്ത് മുമ്പും അല്ലെങ്കിൽ തുടങ്ങിയ കാലം മുതൽ തന്നെ ഡി.ജെ. പാർട്ടികളെ സംശയക്കണ്ണുകളോടെയാണ് സദാചാര മലയാളി സമൂഹം വീക്ഷിച്ചത്. പാർട്ടികളിൽ പങ്കെടുക്കുന്നവരെല്ലാം മോശക്കാരാണെന്ന ഒരു തോന്നൽ മറ്റുള്ളവർക്ക് ഇപ്പോഴും പൂർണമായി ഇല്ലാതായിട്ടില്ലെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. കൊച്ചി പോലെയുള്ള നഗരങ്ങളിൽ പാർട്ടികൾ സാധാരണമാണെങ്കിലും ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ളവർക്ക് അത്ര സുപരിചതമല്ല. ഇനി അവിടങ്ങളിലുള്ളവർ പാർട്ടികളിൽ പങ്കെടുക്കുന്നവരാണെങ്കിൽ തന്നെ നാട്ടുകാർ സംശയദൃഷ്ടിയോടെ നോക്കുകയും ചെയ്യുന്നുണ്ടാകും. ചടുല സംഗീതവും നൃത്തവും അരങ്ങേറുന്ന ഡി.ജെ. പാർട്ടികൾ ലഹരി ഇടപാടുകളുടെ പ്രധാന ഇടങ്ങളാണെന്നാണ് പൊലീസും എക്‌സൈസും പറയുന്നത്. സംഗീതത്തിലും നൃത്തത്തിലും ആളുകൾ ലയിച്ചിരിക്കുമ്പോൾ, അതിനിടയിൽ ലഹരി ഉപയോഗത്തിനും വിൽപനയ്ക്കും പറ്റിയ അന്തരീക്ഷമാണെന്നും പൊലീസ് പറയുന്നു. അതുകൊണ്ടുതന്നെ എപ്പോഴൊക്കെ ലഹരിക്കേസുകൾ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ ഡി.ജെ. പാർട്ടികളെ പ്രതിസ്ഥാനത്ത് കൊണ്ടുവരാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ കോവിഡ് കാലം സൃഷ്ടിച്ച പ്രതിസന്ധി കൂടി അനുഭവിക്കുന്ന ഡി.ജെ. ആർട്ടിസ്റ്റുകൾ പൊലീസ് സമീപനത്തിൽ കടുത്ത പ്രതിഷേധനത്തിലും വിഷമത്തിലുമാണ്.
ഡി.ജെ. പാർട്ടികളെ മറയാക്കുന്ന ലഹരി
കൊച്ചിയിൽ വാഹനാപകടത്തിൽ രണ്ട് മോഡലുകൾ കൊല്ലപ്പെട്ടതോടെയാണ് ഡി.ജെ. പാർട്ടികൾ വീണ്ടും സംശയനിഴലിലായത്. മുൻ മിസ് കേരള അൻസി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും ഉൾപ്പെടെയുള്ളവർ ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലെ ഡി.ജെ. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നടന്ന പാർട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഡി.ജെ. പാർട്ടികളെയും ലഹരിമാഫിയകളെയും നിയന്ത്രിക്കാൻ പൊലീസ് നടപടി ശക്തമാക്കിയത്. നമ്പർ 18 ഹോട്ടലിൽ ഈ ദിവസം അഞ്ച് കോടിയോളും വില വരുന്ന രാസ ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ബംഗളൂരുവിൽ നിന്നുള്ള സംഘമാണ് ഹോട്ടലിലേക്ക് ഒക്ടോബറിൽ ലഹരിമരുന്നുകൾ എത്തിച്ചതെന്നാണ് റിപ്പോർട്ട്. ക്രിസ്മസ്- പുതുവർഷ ആഘോഷത്തിന്റെ ഭാഗമായുള്ള പാർട്ടികൾക്ക് വേണ്ടിയാണ് ഇവ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഈ സംഭവത്തിനുപിന്നാലെ നഗരത്തിലെ ഹോട്ടലുകളിൽ പോലീസ് വ്യാപകമായി റെയ്ഡ് നടത്തുകയും ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മറ്റു നഗരങ്ങളിലെയും വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തുകയും ലഹരിവസ്തുക്കളും ചൂതാട്ട കേന്ദ്രങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു. ഡി.ജെ. പാർട്ടികൾ മിക്കവയിലും മദ്യത്തിന്റെയും ലഹരിയുടെയും സാന്നിധ്യമുണ്ടെന്നാണ് എക്‌സൈസും പൊലീസും തെളിവുകൾ സഹിതം വ്യക്തമാക്കുന്നത്. ഡി.ജെ പാർട്ടികളുടെ മറവിൽ നടക്കുന്ന ലഹരി ഇടപാടുകൾ പൂർണമായും പുറത്തുകൊണ്ടുവരികയാണ് പൊലീസിന്റെ ലക്ഷ്യം.
സോഷ്യൽ മീഡിയ വഴിയൊക്കെ ആളുകളെ സംഘടിപ്പിച്ച് നടത്തുന്ന ഡി.ജെ. പാർട്ടികൾക്ക് ഒരു രഹസ്യസ്വഭാവമുണ്ടെന്നാണ് സംസ്ഥാന പൊലീസിന്റെ എക്‌സൈസിന്റെയും ഭാഷ്യം. പലപ്പോഴും സ്ത്രീകളെ കാരിയറായി ഉപയോഗിക്കുന്നുവെന്നും പൊലീസ് പറയുന്നു.
എം.ഡി.എം.എ. പോലുള്ള ന്യൂജെനറേഷൻ ഡ്രഗ്‌സാണ് കൂടുതൽ ഉപയോഗിക്കുന്നതെന്നും റെയിഡ് ചെയ്യുന്ന പാർട്ടികളിലെല്ലാം എന്തെങ്കിലും തരത്തിലുള്ള മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താറുണ്ടെന്നും പൊലീസ് പറയുന്നു. ന്യൂജെൻ മയക്കുമരുന്നുകൾ ഒളിപ്പിക്കാൻ എളുപ്പമാണ്. ഉപയോഗിച്ചാൽ കണ്ടെത്താൻ പ്രയാസവുമാണ്. ഉപയോഗിച്ചാൽ 30-45 മിനിറ്റിനകം ഇത്തരം മയക്കുമരുന്നുകളുടെ ഫലം കണ്ടുതുടങ്ങും. മൂന്ന് മുതൽ ആറ് മണിക്കൂർ വരെ ഇത് നീണ്ടുനിൽക്കുകയും ചെയ്യും.
ആത്മഹത്യാമുനമ്പിൽ നിൽക്കുന്നവർ
കോവിഡ് കാലത്ത് മറ്റു പല മേഖലകളെയും പോലെ പ്രതിസന്ധിയിലായവരാണ് ഡിസ്‌ക് ജോക്കികൾ. ഹോട്ടലുകൾ അടഞ്ഞുകിടക്കുകയും വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ ചുരുങ്ങുകയും ചെയ്തതോടെ ജീവിതം വഴിമുട്ടി. പലരും മറ്റു ജീവിതമാർഗങ്ങൾ തേടി. ചിലരെങ്കിലും മറ്റു വഴികൾ കണ്ടെത്താനാകാതെ ആത്മഹത്യ ചെയ്യുകയും ചെയ്തു. കോവിഡ് പ്രതിസന്ധിയിൽ അയവ് വരികയും പാർട്ടികൾ സജീവമാകാൻ തുടങ്ങുകയും ചെയ്തപ്പോൾ ലഹരിയെന്ന വാൾ അവരുടെ തലയ്ക്കുമുകളിലെത്തി.
മോഡലുകളുടെ മരണത്തിനുശേഷം ആറോ ഏഴോ ആഴ്ചകളാണ് വെറുതെയിരിക്കേണ്ടി വന്നതെന്ന് പത്തുവർഷത്തോളമായി ഡി.ജെ. ആയും സംഘാടകനായും പ്രവർത്തിക്കുന്ന കൊച്ചി സ്വദേശി ജെയിംസ് പീറ്റർ പറയുന്നു. സർക്കാർ നിർദേശിച്ച സമയവും നിർദേശങ്ങളുമെല്ലാം ലംഘിച്ച് ചിലർ നടത്തിയ നിരുത്തരവാദപരമായ പ്രവൃത്തിയാണ് വലിയൊരു വിഭാഗം ആളുകളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്നും ജെയിംസ് പീറ്റർ പറഞ്ഞു.
കോവിഡും ലഹരിവേട്ടകളും ബാധിക്കുന്നത് ഡി.ജെ.കളെ മാത്രമല്ല. ഡി.ജെ. ഷോയുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരും പ്രതിസന്ധിയിലാണ്. പാട്ടുകാരും ഡി.ജെ.കളും പെർകഷനിസ്റ്റുകളും ഡാൻസേഴ്‌സും ലെറ്റ് ആൻഡ് സൗണ്ട് ചെയ്യുന്നവരും ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാ ആർട്ടിസ്റ്റുകളും സംഘാടകരും പ്രയാസത്തിലാണ്. പാർട്ടികളിൽ ലൈറ്റ് ആൻഡ് സൗണ്ട് ചെയ്തിരുന്ന 15 പേരാണ് തൊഴിലില്ലാതായതിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷത്തിനിടെ ആത്മഹത്യ ചെയ്തത്. ഈ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരെയും ഉൾപ്പെടുത്തി ഒരു സംഘടന രൂപീകരിച്ചിരിക്കുകയാണ് 20 വർഷത്തോളമായി ഡി.ജെ. പാർട്ടികളുടെ സംഘാടനരംഗത്ത് പ്രവർത്തിക്കുന്ന ലിജോ ജോയ്‌യും ഡി.ജെ.യും നടനുമായ ശേഖർ മേനോനും ഉൾപ്പെടെയുള്ളവർ. പരസ്പരം താങ്ങാകാനും സഹായം നൽകാനുമൊക്കെ ലക്ഷ്യമിട്ടാണ് അസോസിയേഷൻ ഓഫ് ഓർഗനൈസേഴ്‌സ് ആൻഡ് പെർഫോർമേഴ്‌സ് കേരള (AOPK) എന്ന സംഘടന രൂപീകരിച്ചത്. ലിജോ ജോയ് ആണ് സംഘടനയുടെ പ്രസിഡന്റ്. ശേഖർ മേനോൻ വൈസ് പ്രസിഡന്റുമാണ്.
10,000- 15,000 രൂപ വാടകയ്ക്ക് കൊടുക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഉപകരണങ്ങൾ ലക്ഷങ്ങൾ കൊടുത്താണ് വാങ്ങുന്നത്. ബാങ്ക് ലോണെടുത്താണ് പലരും ഉപകരണങ്ങൾ വാങ്ങുന്നത്. ലോണടയ്ക്കാൻ പറ്റാതെയൊക്കെയാണ് ചിലർ ആത്മഹത്യ ചെയ്തത്. കോവിഡും പിന്നാലെ വന്ന ലഹരി പ്രശ്‌നവും കാരണം ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഡി.ജെ.കൾ ഉൾപ്പെടെയുള്ള ആർട്ടിസ്റ്റുകളുമുണ്ട്. കോവിഡ് കാലത്തിനുശേഷം വീണ്ടും സജീവമായി തുടങ്ങുമ്പോഴാണ് കുറച്ചാളുകളുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ കാരണം എല്ലാവരും വീട്ടിലിരിക്കേണ്ടി വരുന്നതെന്ന് സംഘടനയുടെ ട്രഷറർ കൂടിയായ ജെയിംസ് പീറ്റർ കുറ്റപ്പെടുത്തി. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങളെ സഹായിക്കാൻ അസോസിയേഷന് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യുമെന്നും അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കിയതിനുശേഷം ഏത് തരത്തിലുള്ള സഹായമാണ് നൽകേണ്ടതെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് പാർട്ടികൾ പ്രതിക്കൂട്ടിലാകുന്നു?
പാർട്ടികളിൽ മാത്രമല്ല മയക്കുമരുന്നുകൾ ഉള്ളതെന്ന് എല്ലാവർക്കുമറിയാം. പിന്നെ എന്തുകൊണ്ടാണ് മയക്കുമരുന്ന്, ലഹരി എന്നൊക്കെ കേൾക്കുമ്പോൾ ഡി.ജെ. പാർട്ടികൾ പ്രതിസ്ഥാനത്താകുന്നത്. കേരളീയ സമൂഹത്തിന്റെ കപട സദാചാര മനോഭാവം കൂടി ഇതിന് കാരണമാണ്. പാർട്ടികളിൽ പങ്കെടുക്കുന്നവർ സംസ്‌കാരമില്ലാത്തവരാണെന്നും ലഹരിക്ക് അടിമകളാണെന്നുമുള്ള ധാരണ 2022-ലേക്കെത്തുമ്പോഴും ഇവിടെയുണ്ട്. പാർട്ടികളിൽ ലഹരി ഉപയോഗമേയില്ലെന്ന് പറയാനാകില്ല. ഉച്ചത്തിലുള്ള പാട്ടും ഡാൻസും നടക്കുന്നതിനിടയിൽ ലഹരി ഉപയോഗത്തിനും കൈമാറ്റത്തിനും വളരെ അനുകൂലമായ അന്തരീക്ഷമാണ് പാർട്ടികളിൽ. അതിനാൽ അത്തരക്കാർ പാർട്ടികളിലെത്താൻ സാധ്യതയുണ്ട്. മറ്റെവിടെ നിന്നോ കിട്ടിയ ലഹരിവസ്തുവായിരിക്കുമല്ലോ ഹോട്ടലുകളിൽ നടക്കുന്ന പാർട്ടികളിലേക്കെത്തുന്നത്. സംസ്ഥാനത്തേക്കും നഗരങ്ങളിലേക്കും ലഹരി കടക്കാതെ തടയുകയാണ്, അടിത്തട്ടിൽ നിന്ന് നടപടി തുടങ്ങുകയാണ് അധികാരികൾ ചെയ്യേണ്ടത്.
എവിടെയെങ്കിലും ലഹരിവസ്തു പിടിച്ചാൽ ഡി.ജെ. പാർട്ടികളെ പ്രതിക്കൂട്ടിലാക്കുന്നത് വളരെ പെട്ടെന്നാണെന്നും ഇത് ആർട്ടിസ്റ്റുകളുടെ ആത്മവിശ്വാസം തന്നെ തകർക്കുന്നതാണെന്നും ഡി.ജെ. സാവ്യോ പറയുന്നു. കോവിഡ് പ്രതിസന്ധിയും പിന്നാലെ വന്ന ലഹരിവേട്ടയും കേരളത്തിൽ നിൽക്കാനുള്ള താൽപര്യം തന്നെ ഇല്ലാതാക്കുകയാണെന്നും 24 വർഷമായി ഡിജെയിങ് ചെയ്യുന്ന കൊച്ചിക്കാരനായ സാവ്യോ പറയുന്നു. കേരളത്തിലെ ആദ്യത്തെ ഡിസ്‌ക് ജോക്കികളിലൊരാളായ സാവ്യോ ഇപ്പോൾ ഷോയുമായി ബന്ധപ്പെട്ട് ഖത്തറിലാണ്. ഇനി തിരിച്ചുവന്നാലും കേരളത്തിൽ ഷോ ചെയ്യാനില്ലെന്നാണ് സാവ്യോ പറയുന്നത്. ""ഞങ്ങൾ വളരെ ചെറിയ കമ്മ്യൂണിറ്റി ആയതിനാലും പിന്തുണയ്ക്കാൻ ആരുമില്ലാത്തതിനാലുമാണ് എന്തുണ്ടായാലും ഞങ്ങളുടെ തലയിൽ കൊണ്ടുവെക്കുന്നത്. ഞങ്ങളുടെ പരിപാടികൾക്ക് ഫ്രീ പാസ് വേണം എല്ലാവർക്കും. എന്നാൽ ഞങ്ങൾക്കൊരു പ്രശ്‌നം വന്നാൽ ഈ ആളുകളും പിന്തുണയ്ക്കില്ല.''-സാവ്യോ പറയുന്നു.
ഈസി ടാർഗറ്റായി ഞങ്ങളെ പൊലീസോ എക്‌സൈസോ കാണുന്നുണ്ടെന്ന് തോന്നുന്നില്ലെന്ന് ഡി.ജെ. ജെയിംസ് പീറ്റർ പറയുന്നു. പക്ഷെ പാർട്ടികളിൽ ലഹരി ഉപയോഗമുണ്ടെന്ന രീതിയിലുള്ള മാധ്യമ വാർത്തകളും ചില ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ നടത്തുന്ന പരാമർശങ്ങളും ഇതേക്കുറിച്ച് അറിയാത്ത പൊതുസമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്നും നല്ല രീതിയിൽ പാർട്ടികൾ നടത്താൻ പൊലീസ്, എക്‌സൈസ് അധികൃതർ പിന്തുണ നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലഹരി ഉപയോഗത്തിന്റെയോ ഇടപാടിന്റെയോ ചരിത്രമുള്ളവരെ അസോസിയേഷനിൽ അംഗങ്ങളാക്കില്ലെന്ന് AOPK തീരുമാനിച്ചിട്ടുണ്ട്. അംഗത്വം നൽകിയതിന് ശേഷമാണ് അറിയുന്നതെങ്കിൽ അത്തരക്കാരെ പുറത്താക്കും. പാർട്ടികൾ സർക്കാരിന്റെ റെഗുലേഷൻസെല്ലാം പാലിച്ചുകൊണ്ടായിരിക്കണം നടക്കേണ്ടതെന്നും അല്ലാത്തപക്ഷം പരാതി നൽകുമെന്നും അറിയിച്ചുകൊണ്ട് അസോസിയേഷന്റെ പേരിൽ തന്നെ ഹോട്ടലുകൾക്ക് നോട്ടീസ് നൽകും. സമയക്രമം പാലിക്കാതിരിക്കുകയോ വരുന്നവരുടെ വിവരങ്ങൾ ശേഖരിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അസോസിയേഷൻ തന്നെ പോലീസിനെ വിവരമറിയിക്കും. വിവരങ്ങൾ ശേഖരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടികളിൽ വരുന്നവർക്ക് തുടക്കത്തിൽ ചില ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നും എന്നാൽ പ്രശ്‌നങ്ങളില്ലാതെ നല്ല രീതിയിൽ പാർട്ടി നടത്താൻ ഇത് അത്യാവശ്യമാണെന്നും ജെയിംസ് പീറ്റർ പറയുന്നു.
എന്ത് പ്രശ്‌നമുണ്ടായാലും ഡി.ജെ. പാർട്ടികൾക്ക് നേരെ തിരിയുന്ന പ്രവണതയ്‌ക്കെതിരെ ഒരുമിച്ചുനിന്ന് പ്രതികരിക്കാനും പാർട്ടികളെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റിയെടുക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ ഡിസ്‌ക് ജോക്കികൾ ഓൾ കേരള ഡിസ്‌ക് ജോക്കി അസോസിയേഷൻ രൂപീകരിച്ചത്. മൂന്നുവർഷം മുമ്പ് മയക്കുമരുന്ന് പ്രശ്‌നം ഉണ്ടായപ്പോഴാണ് സംഘടന രൂപീകരിച്ചത്. ഇപ്പോൾ വീണ്ടും ഡി.ജെ. പാർട്ടികളെ പ്രതിക്കൂട്ടിലാക്കുമ്പോൾ സംഘടന കൂടുതൽ സജീവമാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ഓൾ കേരള ഡിസ്‌ക് ജോക്കി അസോസിയേഷൻ സെക്രട്ടറി ഡി.ജെ. ജോനതൻ പറഞ്ഞു. 75 ഡി.ജെ.കളാണ് നിലവിൽ ഓൾ കേരള ഡിസ്‌ക് ജോക്കി അസോസിയേഷനിൽ അംഗങ്ങളായിട്ടുള്ളത്.
""രാഷ്ട്രീയ കൊലപാതകം നടക്കുമ്പോൾ രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്തുമോ? പാർക്കിനകത്ത് മയക്കുമരുന്ന് പിടിച്ചാൽ പാർക്ക് അടച്ചുപൂട്ടുമോ? പിന്നെന്തിനാണ് ഏതെങ്കിലും പാർട്ടിയിൽ മയക്കുമരുന്ന് കണ്ടെത്തിയാൽ പാർട്ടികളെയാകെ നിയന്ത്രിക്കുന്നത്? എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അതിന് പരിഹാരം കണ്ടെത്താതെ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. മയക്കുമരുന്ന് പ്രശ്‌നമാണ്. അപ്പോൾ അതിന് പരിഹാരം കൊണ്ടുവന്നേ പറ്റൂ. അതിനുള്ള ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഓൾ കേരള ഡിസ്‌ക് ജോക്കി അസോസിയേഷൻ പോലീസ് കമ്മീഷണർക്ക് ഇതുസംബന്ധിച്ച് ഒരു കത്ത് നൽകിയിരുന്നു. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.''- ഓൾ കേരള ഡിസ്‌ക് ജോക്കി അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡി.ജെ. സാവ്യോ പറഞ്ഞു.
വിമർശിക്കുന്നത് അറിയാത്തവർ
ഡി.ജെ. പാർട്ടികൾ ലഹരിപ്പാർട്ടികളാണെന്ന വിമർശനമുന്നയിക്കുന്നവരിൽ 99 ശതമാനവും പാർട്ടികൾ കണ്ടിട്ടില്ലാത്തവരോ ഡി.ജെ. പാർട്ടിയിലെ സംഗീതത്തെക്കുറിച്ച് അറിവില്ലാത്തവരോ ആണെന്ന് ഡി.ജെ. ജെയിംസ് പീറ്റർ ചൂണ്ടിക്കാട്ടുന്നു. ""എങ്ങനെയാണ് പാർട്ടിക്ക് പോകുന്നതെന്നോ അവിടെ എന്താണ് നടക്കുന്നതെന്നോ അവർക്ക് അറിയില്ല. പാർട്ടികളിൽ പ്രവേശിക്കാൻ ഇത്രയധികം പണം കൊടുക്കുന്നത് എന്തിനാണെന്നും ഇത് എന്ത് സംഗീതമാണെന്നുമൊക്കെ ആളുകൾക്ക് സംശയമുണ്ടാകും. ലോകത്ത് എല്ലായിടത്തും ഇത്തരത്തിലുള്ള സംഗീതവും പാർട്ടികളുമുണ്ട്. അത് അവതരിപ്പിക്കുന്നവർക്കും ആസ്വദിക്കുന്നവർക്കും ആ സംഗീതം തന്നെയാണ് ലഹരി. സംഗീതത്തിനോടുള്ള പാഷനാണ് ഊർജത്തിന് കാരണം. അല്ലാതെ അതിന് മയക്കുമരുന്ന് വേണമെന്നില്ല.'' -ജെയിസ് പീറ്റർ പറയുന്നു.
ഡി.ജെ. പാർട്ടികളെക്കുറിച്ച് തെറ്റിദ്ധാരണകളുണ്ടാക്കുന്നതിൽ സിനിമകൾക്ക് വലിയ പങ്കുണ്ട്. കൂടാതെ ഉത്തരവാദപ്പെട്ട ആളുകൾ ടി.വി. ചാനലുകളിൽ വന്നിരുന്ന് പാർട്ടികളിൽ നടക്കുന്നത് ലഹരി ഇടപാടാണെന്ന് ഉറപ്പിച്ച് പറയുമ്പോൾ സാധാരണ ആളുകളെ അത് സ്വാധീനിക്കും.
സ്ത്രീകൾക്ക് ഫ്രീ എൻട്രി കൊടുക്കുന്നുവെന്നും അത് അവരെ ദുരുപയോഗിക്കുന്നതിന് വേണ്ടിയാണെന്നുമൊക്കെയാണ് ചിലർ ഉന്നയിക്കുന്ന ആരോപണങ്ങൾ. ഒറ്റയ്ക്ക് വരുന്ന പുരുഷൻമാരുടെ എണ്ണം കൂടുതലാകുന്നത് പലപ്പോഴും കപ്പിൾസിനും ഒറ്റയ്ക്ക് വരുന്ന സ്ത്രീകൾക്കും ബുദ്ധിമുട്ടാകുമെന്നും അതുകൊണ്ട് സിംഗിൾ പുരുഷൻമാരുടെ (stags) എണ്ണം കുറയ്ക്കാനാണ് അവരുടെ ഫീസ് കൂട്ടുന്നതെന്നും ജെയിംസ് പീറ്റർ വ്യക്തമാക്കുന്നു.
""പാർട്ടിക്ക് വരുന്ന ആളുകളുടെ സ്വഭാവമോ ചരിത്രമോ ഞങ്ങൾക്ക് അറിയില്ല. വഴക്കുണ്ടാക്കുന്നവരാണെന്നോ സ്വഭാവം ശരിയല്ലെന്നോ പറഞ്ഞ് ആരെയും കയറ്റാതിരിക്കാനാവില്ല. ലഹരിവസ്തുക്കൾ കൈവശമുണ്ടെങ്കിൽ അവരെ പ്രവേശിപ്പിക്കാതിരിക്കാനാകും. ഹോട്ടൽ മാനേജ്‌മെന്റാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. കൊച്ചിയിൽ വാഹനാപകടത്തിൽ മോഡലുകൾ കൊല്ലപ്പെട്ട സംഭവത്തിൽ, അതിൽ ഉൾപ്പെട്ടവരുടെ പോക്രിത്തരമെന്നേ പറയാനാകൂ. അല്ലാതെ അവർ പങ്കെടുത്ത പാർട്ടിയുടെയോ അവിടെ പെർഫോം ചെയ്ത ആർട്ടിസ്റ്റിന്റെയോ കുഴപ്പമല്ല.''- ജെയിസ് പറഞ്ഞു.
""കൊച്ചിയിൽ രണ്ടുമൂന്ന് ഹോട്ടലുകളിൽ ഇത്തവണ ന്യൂ ഇയർ പാർട്ടി നടക്കുന്നതായി അറിയാം. പൊതുവെ ക്ലീൻ പാർട്ടികൾ നടക്കുന്ന ഇടങ്ങളാണ് അവ. പാർട്ടികളിൽ മയക്കുമരുന്നുമായി വരുന്നവർ എത്തുന്നതുകൊണ്ട് ഹോട്ടലുകൾക്കോ ഇവന്റിന്റെ സംഘാടകർക്കോ പങ്കെടുക്കുന്ന മറ്റാളുകൾക്കോ ഒരു ഗുണവുമില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ എല്ലാവർക്കും ശല്യമായിരിക്കും. മയക്കുമരുന്നിന്റെ സാന്നിധ്യം പാർട്ടിയിലുണ്ടായാൽ ഹോട്ടലുകൾ ഞങ്ങളെ പിന്നെ ഷോ നടത്താൻ ക്ഷണിക്കില്ല. കാരണം അതവർക്ക് നഷ്ടവും ചീത്ത പേരുമാകും. 2019 മുതൽ ഞങ്ങൾ കൊച്ചി ക്രൗൺ പ്ലാസയിൽ ഷോ സംഘടിപ്പിക്കുന്നതാണ്. ഇത്രയും കാലം അവർ ഞങ്ങളെ നിലനിർത്തിയത് ക്ലീൻ പാർട്ടികൾ നടത്തുന്നതുകൊണ്ടാണ്, നല്ല വരുമാനം ഉണ്ടാകുന്നതുകൊണ്ടാണ്. പാർട്ടിയിൽ പങ്കെടുക്കാൻ ആർക്കും വരാമെന്നതിനാൽ, വരുന്നവർ ലഹരി ഉപയോഗമുള്ളവരാണോ, വിൽപനക്കാരാണോ എന്നൊന്നും അറിയാൻ സാധിക്കില്ല. അത്തരത്തിൽ എന്തെങ്കിലും ചരിത്രമുള്ളവരാണെന്നറിഞ്ഞാൻ അവരെ പ്രവേശിപ്പിക്കില്ല. സംശയകരമായി കാണുന്നവരെ കൃത്യമായി നിരീക്ഷിക്കും. മയക്കുമരുന്ന് കണ്ടെത്തിയാൽ ഹോട്ടൽ അധികൃതർ പോലീസിനെ അറിയിക്കുകയും അവരെ കൈമാറുകയും ചെയ്യും. ഞങ്ങളുടെ പാർട്ടികളിലൊന്നും ഇതുവരെ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല.'' - ജെയിംസ് പീറ്റർ വ്യക്തമാക്കി.
പുതിയ ആളുകൾ വരുന്നില്ല
ലഹരിവസ്തുക്കൾ പിടിച്ചെടുക്കുമ്പോൾ ഡി.ജെ. പാർട്ടികൾക്കെതിരെ ആരോപണമുണ്ടാകുന്നത് ഈ മേഖലയിലേക്ക് പുതിയ ആളുകൾ കടന്നുവരുന്നതിന് തടസ്സമാകുന്നുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാൽ പിന്നെ ഡി.ജെ. ട്രെയിനിങ് സെന്ററുകളിൽ ഒരുപാട് കാലത്തേക്ക് കുട്ടികളുണ്ടാകില്ല. കാരണം പാതിമനസ്സിൽ കുട്ടികളെ ഡി.ജെ.യാകാൻ വിടുന്ന രക്ഷിതാക്കൾ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ മക്കളുടെ ജീവിതം നാശമാകുമെന്ന ആശങ്കയിൽ പൂർണമായും പിൻമാറുകയാണ്. ഡിജെയിങ് പഠിക്കാൻ ആഗ്രഹിക്കുന്ന പലർക്കും ലഹരിമാഫിയയുടെയൊക്കെ പിടിയിലാകുമോ എന്ന ഭയം കാരണം മുന്നോട്ടുവരാൻ മടിയുമുണ്ട്.
ഡി.ജെ. പരിശീലനകേന്ദ്രങ്ങൾ മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണെന്നും നേരത്തെ മാസംതോറും അഞ്ചോ ആറോ ആളുകൾ എത്തുമായിരുന്നുവെന്നും ഡി.ജെ. സാവ്യോ പറഞ്ഞു. ഡി.ജെ. ആർട്ടിസ്റ്റായ സാവ്യോ, സ്പിൻമിക്‌സ് അക്കാദമി എന്ന പേരിൽ കൊച്ചിയിൽ ഡി.ജെ. പരിശീലനകേന്ദ്രവും നടത്തുന്നുണ്ട്. ഇപ്പോൾ ലഹരി മാഫിയയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ശേഷം അക്കാദമിയിലേക്ക് പുതിയ ആളുകൾ വരുന്നില്ലെന്നാണ് സാവ്യോ പറയുന്നത്.
പൊലീസ് നിരീക്ഷണത്തിൽ വേണം പാർട്ടികൾ
ലഹരി സാന്നിധ്യമുണ്ടാകുമെന്ന സംശയത്തിൽ ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് കൂടുതൽ അപകടകരമായ സ്ഥിതിയുണ്ടാക്കാനാണ് സാധ്യത. കാരണം പാർട്ടികളിൽ നിന്ന് പിടികൂടുന്നതിന്റെ എത്രയോ മടങ്ങ് കൂടുതലാണ് മറ്റിടങ്ങളിൽ നിന്ന് പിടിക്കുന്ന ലഹരിവസ്തുക്കളുടെ അളവ്. പിടിക്കപ്പെടാത്തത് അതിലേറെയുണ്ടാകും. മയക്കുമരുന്ന് കേരളത്തിലേക്ക് എത്തുന്നത് പൂർണമായും അവസാനിപ്പിക്കാതെ പാർട്ടികൾ നിയന്ത്രിച്ചതുകൊണ്ടോ നിരോധിച്ചതുകൊണ്ടോ ഇവിടത്തെ ലഹരി ഉപയോഗം കുറയാൻ പോകുന്നില്ല. പാർട്ടികളിലെ ലഹരി ഉപയോഗത്തിനും ഇടപാടിനും അനുകൂലമായ അന്തരീക്ഷത്തെക്കുറിച്ച് പൊലീസും എക്‌സൈസും പലപ്പോഴും പറയാറുണ്ട്. അതിലും സൗകര്യപ്രദമായ അന്തരീക്ഷമുള്ള ഇടങ്ങൾ നമ്മുടെ നാട്ടിൽ എത്രയെങ്കിലുമുണ്ടെന്ന് അറിയാത്തവരാണ് ലഹരി ഇടപാട് നടത്തുന്നവരെന്ന് പൊലീസ് കരുതാനിടയില്ല.
ഇവിടെ മയക്കുമരുന്നുകൾ ഏറ്റവും കൂടുതൽ വന്നുതുടങ്ങിയത് ബാറുകൾ അടച്ചപ്പോഴാണ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതെന്നാണ് എക്‌സൈസും പൊലീസും പറയുന്നത്. മയക്കുമരുന്ന് ഉപയോഗം ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ 127 നഗരങ്ങളിൽ തിരുവനന്തപുരവും എറണാകുളവും കോഴിക്കോടുമുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 526 കിലോഗ്രാം കഞ്ചാവാണ് എറണാകുളം ജില്ലയിൽ നിന്ന് മാത്രം പിടിച്ചത്. 2.4 കിലോഗ്രാം എം.ഡി.എം.എ.യും 255 ഗ്രാം ഹാഷിഷ് ഓയിലും 250 ഗ്രാം ബ്രൗൺ ഷുഗറും 75 എൽ.എസ്.ഡി. സ്റ്റാമ്പുകളും ഈ കാലയളവിൽ പിടികൂടിയിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കൻ തീരമേഖലയിൽ നിന്നാണ് സംസ്ഥാനത്തേക്ക് കഞ്ചാവ് എത്തുന്നത്. മറ്റു സിന്തറ്റിക് മയക്കുമരുന്നുകൾ ബെംഗളൂരു പോലുള്ള നഗരങ്ങളിൽ നിന്നാണ് വരുന്നത്.
പൊലീസ് എത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും ആളുകൾ ആഘോഷം ഒഴിവാക്കില്ലെന്ന് ഉറപ്പാണ്. ഹോട്ടലുകളിലൊന്നും പാർട്ടികൾ നടത്താൻ പറ്റാതെ വരുമ്പോൾ ആഘോഷിക്കേണ്ടവർ രഹസ്യ കേന്ദ്രങ്ങളിൽ സ്വകാര്യ പാർട്ടികളിലേക്ക് പോകും. അപ്പോഴാണ് ലഹരിവസ്തുക്കൾ കൂടുതൽ എത്താൻ സാധ്യത. പൊലീസ് നിരീക്ഷണത്തിൽ നല്ല ഹോട്ടലുകളിൽ എല്ലാവർക്കും വരാവുന്ന രീതിയിൽ പാർട്ടികൾ നടത്തിയാൽ ഇങ്ങനെയുള്ള സാഹചര്യമുണ്ടാകില്ല.
മറ്റിടങ്ങളെ അപേക്ഷിച്ച് എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രി കേരളത്തിൽ വളരെ പുറകിലാണെന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഡി.ജെ. ഷോ ചെയ്തിട്ടുള്ള സാവ്യോ പറയുന്നു. ""മുസ്‌ലിം രാജ്യമായ ഖത്തറിൽ പോലും ഇല്ലാത്തത്ര നിയന്ത്രണങ്ങളാണ് കേരളത്തിൽ. കേരളത്തിന്റെ പുറത്തുള്ള മറ്റു സംസ്ഥാനങ്ങളിലും ഇങ്ങനെ നിബന്ധനകളില്ല. എവിടെയെങ്കിലും മയക്കുമരുന്ന് പിടിക്കുമ്പോൾ ഡി.ജെ. പാർട്ടികളുടെ നേരെ തിരിയുന്നത് ഇവിടത്തെ ടൂറിസത്തെ വരെ ബാധിക്കും. ഇന്ന് ലോകത്ത് എല്ലായിടത്തും പാർട്ടികൾ സർവസാധാരണമാണ്. ഇതൊന്നും ഇല്ലാതായാൽ ഇവിടേയ്ക്ക് ആരും വരില്ല. പോലീസിന്റെ കൃത്യമായ നിരീക്ഷണത്തിൽ പാർട്ടി നടത്തണം. അല്ലാതെ നിബന്ധനകൾ വക്കുകയല്ല വേണ്ടത്.'' - സാവ്യോ വ്യക്തമാക്കുന്നു.