കലയുടെ ഇൻസ്റ്റഗ്രാം റീലുകൾ, കലോത്സവ അവതരണങ്ങളോട് ഒരു വിയോജനക്കുറിപ്പ്

കലയുടെ ഫിലോസഫി എന്താണ്? ആഴത്തിൽ പഠിക്കേണ്ട വലിയ കലാരൂപങ്ങളുടെ ക്യാപ്സൂൾ പരുവങ്ങളാണ് പത്ത് മിനിറ്റിലേക്കും അഞ്ച് മിനിറ്റിലേക്കും ചുരുങ്ങി ഇൻസ്റ്റഗ്രാം റീൽ പോലെ കലോത്സവങ്ങളിൽ നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്. കലയുടെ ആത്യന്തികമായ ആവശ്യമോ അത് ഉണ്ടായി വന്നിട്ടുള്ള സാഹചര്യമോ അതിന്റെ ലക്ഷ്യമോ ഒന്നും ഇതല്ല - പ്രശസ്ത നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധനൻ എഴുതുന്നു…

സ്കൂൾ കലോത്സവങ്ങൾ പ്രശ്നോത്സവങ്ങൾ കൂടിയായി മാറിയിട്ടുണ്ട് ഇപ്പോൾ. വിധിനിർണയത്തിലെ പിഴവുകളെക്കുറിച്ചുള്ള പരാതികൾ വ്യാപകമാണ്. വിധികർത്താക്കളെ സ്വാധീനിക്കുന്നു എന്ന ആരോപണങ്ങൾ നേരത്തെത്തന്നെ ഉണ്ടായിരുന്നു. ഇപ്പോഴത് കുറച്ചു കൂടി വ്യാപകവും ഗുരുതരവുമായി മാറിയിരിക്കുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രശ്നമല്ല. ഞാനൊക്കെ പഠിച്ചുകൊണ്ടിരുന്ന സമയത്തും ഇതൊക്കെ ഇങ്ങനെ തന്നെയായിരുന്നു നടന്നുകൊണ്ടിരുന്നത്. അന്നൊക്കെ വിധിനിർണയം ഒരു ലോബിയുടെ ഉള്ളിലൂടെ കടന്നുപോവുകയും, വിജയിയെ മുമ്പ് തന്നെ തീരുമാനിക്കുന്ന അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊക്കെയിന്ന് കുറച്ചുകൂടി ഓപ്പണായിട്ടാണ് നടക്കുന്നത്. അതെനിക്കൊരു തമാശയായിട്ടാണ് അനുഭവപ്പെടുന്നത്. സാമ്പത്തികമായി ഒരു പറ്റം ആളുകൾക്ക് ഗുണം ചെയ്യുന്ന കാര്യമാണ് ഇത്തരം മത്സരങ്ങളെങ്കിലും കലാപരമായിട്ടോ ഭൗതികമായിട്ടോ എത്രത്തോളം ഗുണം ചെയ്യുന്നുണ്ടെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. പണംകൊടുത്ത് ജഡ്ജസിനെ സ്വാധീനിക്കുകയാണെങ്കിൽ റെസീപ്റ്റ് വരെ നൽകുമെന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. ആയിരങ്ങളോ ലക്ഷങ്ങളോ നൽകിയാലും അതിന്റെ റെസീപ്റ്റ് നൽകുന്ന ഏജൻസികൾ നിലവിലുണ്ട്. അങ്ങനെയൊരു വ്യവസ്ഥിതിക്കകത്ത് നിന്ന് നമ്മൾ എന്ത് സംസാരിക്കാനാണ്. ഇതിന്റെ വാസ്തവം എനിക്കറിയില്ല. ഇതെന്റെ കേട്ടറിവ് മാത്രമാണ്. ഇതൊക്കെ കേട്ട് അത്ഭുതപ്പെട്ടിരുന്നു എന്നല്ലാതെ അതിന്റെ വാസ്തവമന്വേഷിച്ച് ഇതുവരെപോയിട്ടില്ല.

പിന്നെയൊരു പ്രശ്നം ഇപ്പറയുന്ന വിധികർത്താക്കൾക്ക് മത്സരയിനത്തെ സംബന്ധിച്ച് ധാരണയുണ്ടോ ഇല്ലയോ എന്നതാണ്. കുട്ടികളുടെ പരിപാടികൾ കാണാൻ പോകുമ്പോൾ, ഞാൻ ഭരതനാട്യം, കുച്ചിപ്പുഡി എന്നിവ കാണാൻ പോകുന്നു എന്ന നിലയിലായിരിക്കില്ല പോകുന്നത് മറിച്ച് കുട്ടികളുടെ കഴിവ് അടുത്ത് കാണുക എന്ന നിലയിൽ മാത്രമാണ് വിലയിരുത്താറുള്ളത്. കുട്ടികൾക്ക് എത്രമാത്രം ആത്മാർഥതയുണ്ട്, എത്രമാത്രം താൽപര്യമുണ്ട് തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്. ഒരു കലയുടെയും പ്യൂരിറ്റിയെ കുറിച്ച് ഞാൻ അന്വേഷിക്കാറില്ല. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പല കലാരൂപങ്ങൾ ഒരാൾ തന്നെ അവതരിപ്പിക്കുമ്പോൾ, അതിൽ കലർപ്പ് വരുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഇത് കലോത്സവങ്ങളിൽ മാത്രം നടക്കുന്ന കാര്യമല്ല. പല കലാകാരരും ഒരേസമയം പല കലാരൂപങ്ങൾ പരിശീലിക്കുകയും അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. അങ്ങനെയുള്ളവരിൽ ഒരു കലാരൂപം മാത്രം പരിശീലിക്കുന്നതിന്റെ ഗുണമൊന്നും കാണാൻ കഴിയില്ല. മാത്രവുമല്ല കലോത്സവങ്ങളിലൊക്കെ മത്സരത്തിനുവേണ്ടി മാത്രം രൂപീകരിക്കപ്പെട്ട ഒരു ഫോർമാറ്റിലാണ് പ്രവർത്തിക്കുന്നത്.

ശ്രീലക്ഷ്മി ഗോവർദ്ധനൻ തൻറെ വിദ്യാർഥികളോടൊപ്പം
ശ്രീലക്ഷ്മി ഗോവർദ്ധനൻ തൻറെ വിദ്യാർഥികളോടൊപ്പം

45 മിനിറ്റും ഒരു മണിക്കൂറുമെടുത്ത് ചെയ്യേണ്ട ഒരു കലാരൂപം 10, 15 മിനിറ്റിലേക്ക് ചുരുക്കുമ്പോൾ, ആ ചെറിയ സമയത്ത് തന്റെ കഴിവ് മൊത്തം മത്സരാർഥികൾക്ക് പ്രകടിപ്പിക്കേണ്ടി വരുന്നുണ്ട്. ഒരു സ്‌റ്റേജ് മുഴുവൻ ഓടിനടന്ന് അവതരിപ്പിക്കാനുള്ള എനർജിയുണ്ടാക്കിയെടുക്കുക, അഭിനയിക്കാൻ വേണ്ടി മാത്രമായി സാഹചര്യങ്ങൾ സൃഷ്ടിക്കുക, ആ അഭിനയമാകട്ടെ അങ്ങേയറ്റം നാടകീയവുമായിരിക്കും. അതായത്, പത്ത് മിനിറ്റ് കൊണ്ട് തനിക്ക് എന്തൊക്കെ കഴിവുണ്ടോ അത് മൊത്തത്തിൽ തെളിയിക്കാൻ പറ്റുന്ന തരത്തിലൊരു പാക്കേജായിട്ടാണ് കലോത്സവങ്ങളിലെ കലാരൂപങ്ങൾ സെറ്റ് ചെയ്തിരിക്കുന്നത്. അതിനെയെങ്ങനെയാണ് നമ്മൾ ഒരു കലാരൂപമെന്ന നിലയിൽ വർണമെന്നോ തരംഗമെന്നോ വിലയിരുത്താൻ കഴിയുന്നത്. ഇൻസ്റ്റഗ്രാം റീൽ പോലെ വളരെ പ്ലാൻഡായ ഒരു സാധനമാണത്.

കലയുടെ ആത്യന്തികമായ ആവശ്യമോ അത് ഉണ്ടായി വന്നിട്ടുള്ള സാഹചര്യമോ അതിന്റെ ലക്ഷ്യമോ ഒന്നും ഇതല്ല. ഇത് മത്സരത്തിനുവേണ്ടി ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു ഫോർമാറ്റായിട്ടേ കാണാൻ കഴിയൂ. ഇത്തരം അവതരണങ്ങളെ ഭരതനാട്യമെന്നോ കുച്ചിപ്പുടിയെന്നോ ഒന്നും വിളിക്കാൻ കഴിയില്ല. ഇത് കലാരൂപങ്ങളുടെ എലമെന്റ്സ് സ്വീകരിച്ചുള്ള പുതിയ നൃത്ത സമ്പ്രദായമായിട്ടേ വിലയിരുത്താൻ കഴിയുകയുള്ളു. ഇത്തരത്തിൽ രൂപപ്പെട്ടുവന്ന പാറ്റേൺ എന്ന നിലയിൽ കലോത്സവങ്ങളിലെ കലാരൂപങ്ങളെ വിലയിരുത്തുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. അതാണ് സാധ്യമായ ഒരു കാര്യം. എന്റെ വിദ്യാർഥികളെ ഞാൻ മത്സരങ്ങൾക്ക് വിടാറില്ല. ഞാനൊരു വാശിയുടെ പുറത്ത് അങ്ങനെ ചെയ്യുന്നതല്ല. ഞാനും അത്തരം വേദികളിൽ നിന്ന് വന്നൊരാളാണ്. ഇത്തരം മത്സരങ്ങൽക്ക് പഠിപ്പിക്കാൻ എനിക്കറിയില്ല. വേണമെങ്കിൽ അത്തരത്തിൽ എനിക്കും വിദ്യാർഥികളെ പഠിപ്പിക്കാം. പക്ഷെ അതെന്റെ വഴിയല്ല. ഞാൻ കലയെ അങ്ങനെ കാണുന്ന ഒരാളല്ലാത്തത് കൊണ്ടാണ്.

കലോത്സവ വേദിയിൽ നിന്നും
കലോത്സവ വേദിയിൽ നിന്നും

എന്റെ ഒരു കുട്ടിയുടെ കാര്യം പറയാം. കുറേകാലമായി നൃത്തം പഠിക്കുന്നുണ്ടെന്ന് പറയുകയല്ലാതെ ചെയ്യുന്നത് കണ്ടിട്ടില്ലെന്ന് അധ്യാപകർ കുട്ടിയോട് പറഞ്ഞു. സ്കൂളിലെ മത്സരത്തിൽ പങ്കെടുത്തൂടേയെന്ന് അധ്യാപകർ അവളോട് ചോദിച്ചു. അതുകൊണ്ട് തന്നെ മത്സരമെന്ന നിലയിൽ കാണാതെ സ്കൂളിലെ പരിപാടിയിൽ പങ്കെടുത്തോളൂ എന്ന് ഞാൻ പറഞ്ഞു. അത് കാണാൻ ഞാനും പോയിരുന്നു. മത്സരത്തിന്റെ റിസൾട്ട് വന്നപ്പോൾ അവൾക്ക് മൂന്നാം സ്ഥാനമായിരുന്നു. എനിക്കതിൽ യാതൊരു പ്രശ്‌നവും തോന്നിയില്ല. ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ലഭിച്ച കുട്ടികൾ നന്നായി കളിക്കുന്നവരാണ്. എന്നാൽ എനിക്കതിൽ തമാശയായി തോന്നിയ ഒരു കാര്യം, ജഡ്ജ് അനൗൺസ് ചെയ്തതതാണ്. മൂന്നാം സ്ഥാനം കിട്ടിയ കുട്ടി വളരെ കഴിവുള്ള കുട്ടിയാണെന്നും വളരെ മനോഹരമായി കളിച്ചുവെന്നും അവർ പറഞ്ഞു. പക്ഷേ നമ്മൾ കണ്ടു ശീലിച്ചിട്ടുള്ള കുച്ചുപ്പുഡിയുടെ ഒരു ശൈലി ആയിരുന്നില്ല അതുകൊണ്ടുതന്നെ ഈ കുട്ടിക്ക് മൂന്നാം സ്ഥാനം നൽകുന്നു എന്നാണ്.

പല സ്ഥലങ്ങളിലും ഇതുപോലെ കുട്ടികൾ ചെയ്തപ്പോൾ ഞാൻ കേട്ടിട്ടുള്ളത് ഇത് കുച്ചുപ്പുടി അല്ല എന്നു പറയുന്നതാണ്. അതിനോട് എനിക്ക് വലിയ വിയോജിപ്പുണ്ട്. കാരണം അത് കുച്ചുപ്പുഡി എന്താണെന്ന് അറിയാത്തതുകൊണ്ട്. ഇവിടെ പറഞ്ഞത് ശീലിച്ചിട്ടുള്ള ഒരു കുച്ചുപ്പുഡി അല്ല എന്നാണ്. എനിക്ക് അതിൽ ഒരു സത്യസന്ധത തോന്നി. നമ്മുടെ ഇവിടെ മത്സരത്തിന് ശീലിച്ചിട്ടുള്ള ഒരു സമ്പ്രദായത്തിലുള്ള കുച്ചുപ്പുടി ആയിരുന്നില്ല അത്. അതുകൊണ്ടുതന്നെ മനസ്സിലായതുമില്ല. ഇത് കുച്ചുപ്പുടി ആണോ എന്ന കാര്യത്തിൽ തന്നെ പുള്ളിക്ക് സംശയം തോന്നുകയും ചെയ്തു. അതുകൊണ്ടാണ് അദ്ദേഹം മൂന്നാം സ്ഥാനം കൊടുത്തത്. ഒരു തരി പോലും എനിക്ക് അതിൽ വിഷമം തോന്നിയില്ല. കുച്ചുപ്പുടി എന്ന കലക്ക് തന്നെ പല പല വേരിയേഷൻസ് ഉണ്ട് ലോകത്ത്. എവിടെയൊക്കെ കുച്ചുപ്പുടി പ്രാക്ടീസ് ചെയ്യുന്നുണ്ടോ അവിടെയൊക്കെ ഈ വ്യത്യസ്തതകൾ കാണാൻ കഴിയും. നമ്മുടെ കേരളത്തിൽ മാത്രമല്ല അത്. കേരളത്തെ മാത്രം കേന്ദ്രീകരിച്ചു പറയുമ്പോൾ ഇവിടെ ഒരു പ്രത്യേക തരത്തിലുള്ള നൃത്ത സമ്പ്രദായമാണ് ഉണ്ടായി വന്നിട്ടുള്ളത്. അതിനെ നമ്മൾ ജഡ്ജ് ചെയ്യുമ്പോൾ ആ രീതിയിൽ തന്നെ നോക്കാൻ കഴിയുകയുള്ളൂ. അതല്ലാതെ വളരെ സാമ്പ്രദായികം ആയിട്ടുള്ള ഒരു കലാരൂപം കുട്ടികൾ എങ്ങനെ അവതരിപ്പിക്കുന്നു, അതിന്റെയുള്ളിൽ അവർക്ക് ഭാവിയുണ്ടോ കലയെ അവർ ആത്മാർത്ഥമായിട്ടാണോ സമീപിക്കുന്നത് എന്നൊന്നും ഞാൻ നോക്കുന്നില്ല.

ശ്രീലക്ഷ്മി ഗോവർദ്ധനൻ
ശ്രീലക്ഷ്മി ഗോവർദ്ധനൻ

ഈ ചെലവ് താങ്ങാനാവുമോ…

നൃത്തമത്സരങ്ങൾക്ക് ഇത്രയും ചെലവ് വേണോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ മത്സരങ്ങൾക്ക് മാത്രമല്ല, നൃത്തം എന്ന മേഖല മൊത്തത്തിൽ എടുത്തു നോക്കുകയാണെങ്കിൽ അത് വലിയ ചെലവുള്ള കാര്യമാണ്. തുടക്കം മുതൽ അവസാനം വരെ എല്ലാ കാര്യങ്ങൾക്കും വലിയ തുക ചെലവാകും. എന്റെ വ്യക്തിപരമായ അഭിപ്രായം എന്നു പറയുന്നത് ഇത്രയധികം പണം ഒരു ഇനം പഠിക്കുന്നതിനും അവതരിപ്പിക്കുന്നതിനും ചെലവാക്കാൻ പാടില്ല എന്നുള്ളതാണ്. എന്നാൽ, ഇതുകൊണ്ട് ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. ഇത്രയും പണം മുടക്കി കോസ്റ്റ്യൂം ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ച് അത് കട്ട് ചെയ്യുകയാണെങ്കിൽ അതുകൊണ്ട് ജീവിക്കുന്ന വ്യക്തികൾക്ക് വലിയ പ്രശ്നം ഉണ്ടാകും. അതുപോലെ തന്നെയാണ് മേക്കപ്പിന്റെയും ആഭരണങ്ങളുടെയും കാര്യം. അതായത് ഇതുമായി ബന്ധപ്പെട്ട് ഒരു വലിയ സമൂഹം തന്നെ ജീവിച്ചു പോകുന്നുണ്ട്. മത്സരങ്ങളുമായി മാത്രം ബന്ധപ്പെട്ടാണ് അവർ ഉപജീവനം കണ്ടെത്തുന്നത്.

മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി ഇത്രയധികം തുക ചെലവാക്കേണ്ടതുണ്ടോ എന്നുള്ളത് ശരിക്കും ചോദ്യം ചെയ്യപ്പെടേണ്ട വിഷയമാണ്. മത്സരങ്ങളിലെ ജഡ്ജ്മെന്റ് ഷീറ്റിൽ ഒന്നാം നമ്പറിൽ കിടക്കുന്ന ഒരു കാര്യമാണ് ആകാര സുഷമ എന്നുള്ളത്. ഇത്രയും ആഡംബരങ്ങൾ ഒന്നുമില്ലാതെയും ഒരു കലാരൂപത്തെ നമുക്ക് അവതരിപ്പിക്കാൻ കഴിയും. അതിനൊരു ചൊല്ലിയാട്ടത്തിന്റെ വേഷം മതി. വളരെ ലളിതമായ ഒരു വസ്ത്രം മതി. അല്ലെങ്കിൽ ഇതിനൊരു സാമ്പത്തിക പരിധി നിശ്ചയിക്കണം. നമ്മൾ സ്കൂളുകളിൽ യൂണിഫോം തീരുമാനിക്കാറുണ്ടല്ലോ. എന്തിനാണ് അത്തരത്തിൽ ചെയ്യുന്നത്? എല്ലാവർക്കും തുല്യത ഉറപ്പിക്കുക എന്നതാണ് ലക്ഷ്യം. അതുപോലെതന്നെ കലോത്സവങ്ങളിലും കൊണ്ടുവരണം. അങ്ങനെ കൊണ്ടുവരുകയാണെങ്കിൽ കുറച്ചുകൂടി ജനാധിപത്യപരമായി കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. ഞാൻ പഠിക്കുന്ന കാലഘട്ടം മുതൽ കാണുന്നതാണ് കടം വാങ്ങിയും സ്വർണം പണയം വെച്ചുമൊക്കെ കുട്ടികളെ രക്ഷിതാക്കൾ മത്സരത്തിന് പറഞ്ഞുവിടുന്നത്. ഇത് എണ്ണിപ്പറഞ്ഞ് കരഞ്ഞ് മത്സരത്തിന്റെ റിസൾട്ട് വരുമ്പോൾ ഞാൻ ഇതൊക്കെ ചെയ്തിട്ടും അവർക്ക് സമ്മാനം കിട്ടിയില്ല എന്നൊക്കെ പറയും. നമ്മൾ കാശ് ചെലവാക്കുന്നത് കൊണ്ട് സമ്മാനം കിട്ടണമെന്നൊന്നും ഇല്ല. കുട്ടിക്ക് കഴിവുകൾ കൃത്യമായി പ്രകടിപ്പിക്കാൻ പറ്റിയാൽ മാത്രമേ സമ്മാനം കിട്ടുകയുള്ളൂ. അൽപം കൂടി ലളിതമായി എല്ലാവരും ഒരേ തലത്തിൽ നിന്നുകൊണ്ട് മത്സരങ്ങളുടെ സ്വഭാവം മാറ്റിയെടുക്കണമെന്നാണ് എൻെറ വ്യക്തിപരമായ അഭിപ്രായം.

നമ്മൾ ഡ്രസ്സിനെക്കുറിച്ചും ആഭരണങ്ങളെ കുറിച്ചുമൊക്കെ പറയുമ്പോഴും അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പരിശീലനം നൽകുന്നവർക്ക് കൊടുക്കുന്ന ഫീസിന്റെ കാര്യവും. പുതിയൊരു ഐറ്റം പഠിക്കാൻ രണ്ടുമൂന്ന് ലക്ഷം രൂപവരെയും പഴയ ഐറ്റം തന്നെയാണ് വീണ്ടും പഠിക്കുന്നതെങ്കിൽ അതിലും കുറഞ്ഞ ഫീസുവരെയും വാങ്ങുന്നയാളുകളുണ്ട്. വലിയൊരു കച്ചവടം തന്നെയാണ് ഇതിനുള്ളിൽ നടക്കുന്നത്. പലരും ചോദിക്കും, താനൊരു പുതിയ കൊറിയോഗ്രാഫി ചെയ്തു കഴിഞ്ഞാൽ അതിന്റെ ചാർജ് വാങ്ങിക്കൂടെ എന്നൊക്കെ. ഉറപ്പായും താൻ ചെയ്ത ഒരു വർക്കിന് ഇതാണ് ചാർജ് എന്നുപറഞ്ഞ് ആവശ്യപ്പെടുന്നതിന് ഇവിടെ ഒരു പ്രശ്നവുമില്ല. അത് കലാകാരർ ഇടുന്ന വില തന്നെയാണ്. എന്നാൽ പുതിയ ഐറ്റം ചെയ്താൽ മാത്രമേ സമ്മാനം കിട്ടൂ എന്നുള്ള ധാരണ സൃഷ്ടിച്ച് മാതാപിതാക്കളിൽ നിന്നും ഒരുപാട് പണം വാങ്ങി മത്സരങ്ങളെ ഉപയോഗപ്പെടുത്തുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്.

ഒരു കൊറിയോഗ്രാഫി ചെയ്യാൻ ഗവേഷണത്തിന്റെയും പരന്ന വായനയുടെയും ആവശ്യമുണ്ട്. സ്ക്രിപ്റ്റ് ചെയ്യാൻ പോലും വലിയ സമയമെടുക്കും. മ്യൂസിക് ചെയ്യാനും ഒരുപാട് സമയം വേണം. മ്യൂസിക് ചെയ്യുമ്പോൾ താളം അത്ര പോരെങ്കിൽ താള പദ്ധതിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന വ്യക്തികളുമായി ചർച്ച ചെയ്യേണ്ടതുണ്ടി വരും.
ഒരു കൊറിയോഗ്രാഫി ചെയ്യാൻ ഗവേഷണത്തിന്റെയും പരന്ന വായനയുടെയും ആവശ്യമുണ്ട്. സ്ക്രിപ്റ്റ് ചെയ്യാൻ പോലും വലിയ സമയമെടുക്കും. മ്യൂസിക് ചെയ്യാനും ഒരുപാട് സമയം വേണം. മ്യൂസിക് ചെയ്യുമ്പോൾ താളം അത്ര പോരെങ്കിൽ താള പദ്ധതിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന വ്യക്തികളുമായി ചർച്ച ചെയ്യേണ്ടതുണ്ടി വരും.

ഒരു മത്സരത്തിനുവേണ്ടി അഞ്ചുലക്ഷം രൂപ വരെ ചെലവാക്കുന്നതും അത് നൽകാനായി മാതാപിതാക്കൾ തയ്യാറാകുന്നതും ശരിയാണെന്ന് എിക്ക് അഭിപ്രായമില്ല. ഇത്രയും പൈസ ചെലവാക്കി കഴിയുമ്പോൾ തന്നെ സമ്മാനം കിട്ടണം എന്നുള്ളത് ഇവർക്ക് നിർബന്ധമായി വരും. സമ്മാനം കിട്ടാൻ വേണ്ടിയാണല്ലോ ഇത്രയും തുക ചെലവാക്കുന്നത്.

ഇന്ത്യക്ക് പുറത്തും കല വലിയ രീതിയിൽ പണം ഇടപെടുന്ന കാര്യമാണ്. പുറത്ത്, ഒരു അരങ്ങേറ്റം ചെയ്തു കഴിഞ്ഞാൽ അത് സ്റ്റുഡൻസ് ആപ്ലിക്കേഷൻ ലിസ്റ്റിലേക്ക് വെച്ചു കഴിഞ്ഞാൽ നല്ല കോളേജുകളിലേക്ക് അഡ്മിഷൻ കിട്ടാൻ സഹായിക്കും. മത്സരങ്ങളേക്കാൾ അരങ്ങേറ്റങ്ങൾക്കാണ് പ്രാധാന്യം. ചുരുങ്ങിയത് ഒരു 50 ലക്ഷത്തിനും 60 ലക്ഷത്തിനും അരങ്ങേറ്റം നടത്തിയാലും അവർക്ക് പ്രശ്നമില്ലെന്ന അവസ്ഥയാണ്. കാരണം ഇത് കോളേജ് ആപ്ലിക്കേഷന് പോകുമ്പോൾ ഗുണം ചെയ്യുമെന്ന് അവർക്കറിയാം. മൂന്നും നാലും കോടി രൂപയുടെ സ്കോളർഷിപ്പ് ഫണ്ടിങ്ങിന് 50 ലക്ഷം രൂപയുടെ അരങ്ങേറ്റം സഹായിക്കും. അതുകൊണ്ടുതന്നെ അതെങ്ങനെ തെറ്റാവുന്നു എന്ന നിലയിലാണ് അവിടെയും കല വിൽക്കപ്പെടുന്നത്. അതായത് ലോകവ്യാപകമായി കല കച്ചവട വൽക്കരിക്കപ്പെട്ടിരിക്കുകയാണ്. അതിന്റെ ഫലമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ തന്നെയാണ് നമ്മുടെ മത്സരങ്ങളിലും പ്രതിഫലിക്കുന്നത്. ഇതിന്റെ ഇടയിൽ വളരെ കുറച്ച് ഇടങ്ങളിൽ മാത്രമാണ് കലയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടക്കുന്നതും കലാകാരർ ഉണ്ടായി വരുന്നതും.

മത്സരങ്ങളുണ്ടാക്കുന്ന ശത്രുത

കുട്ടികൾക്കിടയിൽ ഉണ്ടാകുന്ന ശത്രുത ഒഴിവാക്കാൻ വേണ്ടിയാണ് ഗ്രേഡിങ് സിസ്റ്റം കൊണ്ടുവന്നത് എന്നാണ് പറയുന്നത്. എന്നാൽ ഗ്രേഡ് കൊണ്ടുവന്നാലും മറ്റെന്തു കൊണ്ടുവന്നാലും അതിൽ പ്രത്യേകിച്ച് കാര്യം ഒന്നുമില്ല. യഥാർത്ഥത്തിൽ നമ്മൾ മത്സരത്തിനു പോകുന്നത് എന്തിനാണ്? അത് മത്സരമാണെന്ന് അറിഞ്ഞിട്ട് തന്നെയാണല്ലോ? അപ്പോൾ മറ്റേ കുട്ടിയേക്കാൾ നന്നായിട്ട് തനിക്ക് പെർഫോം ചെയ്യാൻ കഴിയുമെന്ന് കാണിച്ച് താൻ അതിൽ പ്രഗൽഭയാണെന്ന് തെളിയിക്കുവാൻ തന്നെയായിരിക്കും മത്സരത്തിൽ പങ്കെടുക്കുക. അതല്ലെങ്കിൽ കുറച്ചുകൂടി തുറന്ന തലത്തിൽ ചിന്തിക്കുകയും തന്റെ കല പെർഫോം ചെയ്യാൻ കിട്ടുന്ന വേദിയാണ് അതെന്ന് തിരിച്ചറിയുകയും ചെയ്യുന്ന തരത്തിൽ വിശാലമായ മനസ്ഥിതി ഉണ്ടായി വരണം. എന്നാൽ പൊതുവിൽ അതൊന്നുമല്ല നടക്കുന്നത്.

ഭൂരിപക്ഷം പേരും മത്സരത്തിലെ വിജയം ലക്ഷ്യമിട്ട് തന്നെയാണ് കലോത്സവത്തിന് പോകുന്നത്. അതിന് ചിലപ്പോൾ പല കാരണങ്ങളുണ്ടാവും. അഡ്മിഷനുമായി ബന്ധപ്പെട്ട കാരണങ്ങൾ ഉണ്ടാവാം, സമൂഹത്തിൽ നിന്ന് കിട്ടുന്ന അംഗീകാരങ്ങൾ മുന്നിൽ കണ്ടാവാം. കുട്ടികൾക്കിടയിൽ ശത്രുത ഇല്ലെങ്കിൽ പോലും വലിയ മത്സര ബുദ്ധിയാണ് കലോത്സവവേദികൾ സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ ഗ്രേഡ് കൊണ്ടുവന്നതുകൊണ്ട് ഒന്നും കാര്യമില്ല. കാരണം ഇത്തരം മത്സര വേദികൾക്ക് വേണ്ടി നമ്മൾ ഇഞ്ചക്ട് ചെയ്തു വെച്ചിട്ടുള്ള ഫിലോസഫി, You have to prove yourself better than the other person എന്നാണ്. അതുകൊണ്ട് എന്ത് ചെയ്തു കഴിഞ്ഞാലും ഇതിന്റെ ഫലം ഒന്നുതന്നെയാണ്.

ഭൂരിപക്ഷം പേരും മത്സരത്തിലെ വിജയം ലക്ഷ്യമിട്ട് തന്നെയാണ് കലോത്സവത്തിന് പോകുന്നത്. അതിന് ചിലപ്പോൾ പല കാരണങ്ങളുണ്ടാവും. അഡ്മിഷനുമായി ബന്ധപ്പെട്ട കാരണങ്ങൾ ഉണ്ടാവാം, സമൂഹത്തിൽ നിന്ന് കിട്ടുന്ന അംഗീകാരങ്ങൾ മുന്നിൽ കണ്ടാവാം.
ഭൂരിപക്ഷം പേരും മത്സരത്തിലെ വിജയം ലക്ഷ്യമിട്ട് തന്നെയാണ് കലോത്സവത്തിന് പോകുന്നത്. അതിന് ചിലപ്പോൾ പല കാരണങ്ങളുണ്ടാവും. അഡ്മിഷനുമായി ബന്ധപ്പെട്ട കാരണങ്ങൾ ഉണ്ടാവാം, സമൂഹത്തിൽ നിന്ന് കിട്ടുന്ന അംഗീകാരങ്ങൾ മുന്നിൽ കണ്ടാവാം.

കല മത്സരിക്കാനുള്ള ഒരു ഉപാധിയാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. അടിസ്ഥാനപരമായി കലയുടെ ഫിലോസഫി എന്താണ്? എന്തിനാണ് സ്കൂൾ തലങ്ങളിൽ ഇത്തരം കലോത്സവങ്ങൾ നടത്തുന്നത്? കുട്ടികൾക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള ഒരു വേദിയായിട്ടാണ് ഇതിനെ കാണുന്നത്. എന്നാൽ അതല്ല നടക്കുന്നത്. യാതൊരു ധാരണയുമില്ലാതെ പത്തും പതിനഞ്ചും മിനിറ്റിന്റെ ഓരോ ഐറ്റംസും പഠിപ്പിച്ച് അതൊക്കെ പോയി അവതരിപ്പിക്കുന്നു. ഞാനും നീയും എന്നുള്ള ചിന്തയിൽ നിൽക്കുന്നു. വ്യത്യസ്തമായ കാഴ്ചയുടെയോ കേൾവിയുടെയോ അറിവിന്റെയോ ഒന്നും വിശാലമായ ഒരു ലോകത്തേക്ക് പോകാതെ അവനവന്റെ മാത്രം കുമിളക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യുന്ന ഈ പ്രക്രിയ എത്രത്തോളം ശരിയാണ്?

കലയുടെ സാധ്യതകൾ

ഞാൻ ഒരുപാട് രാജ്യങ്ങളിൽ യാത്ര ചെയ്യുകയും വർക്ക് ഷോപ്പുകളിൽ പങ്കെടുക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. കേരളത്തിലുള്ള അത്രയും കഴിവുള്ള വ്യക്തികളെ പുറത്തു കാണാൻ ബുദ്ധിമുട്ടാണ്. ഇവിടെ എല്ലാ കുടുംബത്തിലും ആരെങ്കിലുമൊക്കെ പാട്ടു പഠിക്കുകയും നൃത്തം പഠിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അത്തരത്തിൽ എന്തെങ്കിലും തരത്തിലുള്ള കഴിവുകൾ ഉള്ളവർ എല്ലാ കുടുംബത്തിലും ഉണ്ടാകും. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ നാട്ടിൽ നിന്നും പുറത്തൊക്കെ പരിപാടികൾ അവതരിപ്പിക്കുന്ന പ്രൊഫഷണൽ ആർട്ടിസ്റ്റുകൾ കുറവാണ് എന്നുള്ളത് ഒരു ചോദ്യമാണ്.

കല പഠിപ്പിക്കുന്ന നല്ല സ്ഥാപനങ്ങൾ ഇവിടെ ഉണ്ടായിട്ടും ഇങ്ങനെയാണ് സംഭവിക്കുന്നത്. നമ്മുടെ ഇവിടുത്തെ യൂണിവേഴ്സിറ്റികൾ എന്താണ് ചെയ്യുന്നത? കലാമണ്ഡലത്തെ മാത്രമല്ല ഞാനിവിടെ പറയുന്നത് പൊതുവേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്താണ് ചെയ്യുന്നത് എന്നതാണ് ചോദ്യം. നൃത്തത്തിന്റെ കാര്യത്തെക്കുറിച്ച് സംസാരിച്ചാൽ അതിങ്ങനെ പരന്നുകിടക്കുന്ന ഒരു മേഖലയാണ്. അവിടെ കൂടുതൽ പേരും ഫോക്കസ് ചെയ്യുന്ന ഒരു കാര്യം സ്റ്റേജ് പെർഫോമൻസാണ്. എന്നാലത് നൃത്തത്തിനുള്ളിലെ ഒരു ഘടകം മാത്രമാണ്. നൃത്തം അഭ്യസിക്കാൻ ഒരുപാട് ഗവേഷണങ്ങളും മറ്റും ആവശ്യമുണ്ട്. ഒരു കൊറിയോഗ്രാഫി ചെയ്യാൻ ഗവേഷണത്തിന്റെയും പരന്ന വായനയുടെയും ആവശ്യമുണ്ട്. സ്ക്രിപ്റ്റ് ചെയ്യാൻ പോലും വലിയ സമയമെടുക്കും. മ്യൂസിക് ചെയ്യാനും ഒരുപാട് സമയം വേണം. മ്യൂസിക് ചെയ്യുമ്പോൾ താളം അത്ര പോരെങ്കിൽ താള പദ്ധതിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന വ്യക്തികളുമായി ചർച്ച ചെയ്യേണ്ടതുണ്ടി വരും. വേദിയിൽ അവതരിപ്പിക്കുമ്പോൾ അണിയേണ്ട കോസ്റ്റ്യൂം, സ്റ്റേജ് മാനേജ്മെന്റ്, പബ്ലിസിറ്റി തുടങ്ങിയ പല കാര്യങ്ങളും ഇതിനു പിന്നിലുണ്ട്.

ശ്രീലക്ഷ്മിയുടെ വിദ്യാർഥി നൃത്തം അവതരിപ്പിക്കുന്നു
ശ്രീലക്ഷ്മിയുടെ വിദ്യാർഥി നൃത്തം അവതരിപ്പിക്കുന്നു

ഇതൊക്കെ കഴിഞ്ഞാണ് കലാകാരർ വേദിയിൽ പെർഫോം ചെയ്യുന്നത്. അതായത് സ്റ്റേജ് പെർഫോമൻസിന് പുറമേ നിരവധി മേഖലകൾ ഉണ്ട്. പക്ഷേ പൊതുവിൽ പലരും നൃത്തം എന്നാൽ സ്റ്റേജ് പെർഫോമൻസ് മാത്രമായാണ് കണക്കാക്കുന്നത്. സ്റ്റേജ് പെർഫോമൻസ് ചെയ്യാൻ പറ്റാത്ത ഒരാൾ രണ്ടാമതായി കാണുന്നത് അക്കാദമിക്കലി മുന്നോട്ട് പോവുകയെന്നതാണ്. വിഷയത്തിൽ ഗവേഷണം നടത്തി പി.എച്ച്ഡി എടുക്കുന്നവരുണ്ട്. ഡാൻസ് പെർഫോമറായി നിന്നുകൊണ്ടുതന്നെ നമുക്ക് വരുമാനത്തിനു വേണ്ടി ഐഡിയേഷൻ, കൊറിയോഗ്രാഫി, ടീച്ചിംഗ് തുടങ്ങിയ കാര്യങ്ങൾ ചെയ്യാം. കുട്ടികളുടെ മെൻറർ ആവാൻ സാധിക്കും. അവർ വേറെ ആരുടെ അടുത്താണ് പഠിക്കുന്നത് എങ്കിലും നമുക്ക് മെൻററാവാൻ സാധിക്കും. അവർക്ക് ഒരു കൊറിയോഗ്രാഫി ചെയ്യണമെങ്കിൽ അതിനു വേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞു കൊടുക്കാം. ടീച്ചറും മെന്ററും വേറെ വേറെയാണ്. ഇതുപോലെ തന്നെ ഒരു മ്യൂസിക് കോമ്പോസിഷൻ ഉണ്ടാക്കാൻ നമുക്ക് കഴിയും. ഡാൻസ് പഠിക്കുന്ന കുട്ടികൾക്ക് മ്യൂസിക്കലി കുറച്ച് എബിലിറ്റി ഉണ്ടെങ്കിൽ ആ വഴി ആലോചിക്കാവുന്നതാണ്. നൃത്തത്തെക്കുറിച്ച് എഴുതാവുന്നതാണ് ചിന്തിക്കാവുന്നതാണ്. അങ്ങനെ പലവഴികൾ മുന്നിലുണ്ട്.

യുവജനോത്സവങ്ങൾ ബാക്കി വെക്കുന്നത്…

മത്സരവേദിയിൽ നിന്ന് വന്നിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. പത്താം ക്ലാസിന് ശേഷമാണ് ഞാൻ കലാമത്സരങ്ങളിലൊക്കെ പങ്കെടുത്ത് തുടങ്ങിയത്. മെഡിസിനും എഞ്ചിനീയറിങ്ങുമൊന്നും ഒരു വഴിയായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം നൃത്തം വളരെ പ്രധാനപ്പെട്ടതായിരുന്നു. ഒരു കലാകാരി എന്ന നിലയിൽ എൻെറ വളർച്ചയിൽ കൂടുതൽ സഹായിച്ചത് മത്സരങ്ങളെന്നതിലപ്പുറത്ത്, എനിക്ക് കിട്ടിയിട്ടുള്ള വേദികളാണ്. എനിക്ക് കിട്ടിയ ഗുരുക്കൻമാരും വളരെ സീനിയറായിട്ടുള്ള പക്കമേളക്കാരുമൊക്കെയായിരുന്നു വലുത്. അവരുടെയൊക്കെ ഒരു ബലത്തിലാണ് എന്നിലെ കലാകാരി വളരുന്നത്. കലാപഠനം വ്യക്തിളെ നവീകരിക്കുകയും സഹായിക്കുകയും ചെയ്യുമെന്ന് തോന്നിയിട്ടുണ്ട്. കല നിരവധി പേരുടെ ജീവനോപാധിയാണ്. മത്സരവേദികളിൽ നിന്ന് ഒരുപാട് പ്രതിഭകൾ വളർന്നുവന്നിട്ടുണ്ട്. യുവജനോത്സവങ്ങളാണോ അവരെ വളർത്തിയത് അതോ അവരുടെ ഉള്ളിലുള്ള പാഷനാണോയെന്നത് രണ്ടും രണ്ട് വിഷയങ്ങളാണ്.

കലോത്സവ വേദിയിൽ നിന്നും
കലോത്സവ വേദിയിൽ നിന്നും

മത്സരങ്ങൾ വേണ്ട എന്നുള്ള അഭിപ്രായത്തേക്കാളും, ഇതിൻെറയെല്ലാം ഫോ‍ർമാറ്റുകൾ ഒന്ന് മാറ്റിയെടുത്ത് കഴിഞ്ഞാൽ നന്നാവുമെന്ന് എനിക്ക് തോന്നുന്നു. കല എന്നത് പൊതുവായി എന്താണെന്ന് കാണാതെ, അതിനെയിങ്ങനെ കഷ്ണം കഷ്ണമായി മാറ്റുന്നതിനോടാണ് വിയോജിപ്പുള്ളത്. കൂടിയാട്ടം, ഭരതനാട്യം, കുച്ചിപ്പുഡി എന്നിവയെല്ലാം വളരെ ഡീറ്റെയിൽഡായിട്ടുള്ള ഫോമാണ്. ഇന്നും ഡീറ്റെയിൽഡായിട്ടുള്ള ആ‍ർട്ട് ഫോമുകൾ നിലനിൽക്കുകയും അത് കാണാൻ കാഴ്ചക്കാരുമുള്ള ഒരിടം കേരളമാണ്. നമുക്ക് ഒരു രാത്രി മുഴുവൻ നീണ്ടുനീൽക്കുന്ന രീതിയിലുള്ള കൂടിയാട്ടവും കഥകളിയും തെയ്യവും തിറയും പടയണിയുമൊക്കെ ഇവിടെയുണ്ട്. ഇത്തരത്തിലുള്ള ഡീറ്റെയിൽഡ് ആർട്ട് ഫോം നമുക്ക് മറ്റ് സംസ്ഥാനങ്ങളിൽ കാണാൻ പോലുമാവില്ല. പരമ്പരാഗത കലാരൂപങ്ങൾ ഇവിടെ നിലനിൽക്കുകയും അത് നിലനിർത്താനുള്ള ശ്രമങ്ങൾ നാം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിൽ നിന്നൊക്കെ കഷ്ണം കഷ്ണമായെടുത്ത് അവതരിപ്പിക്കുന്ന ഒരു മത്സര സമ്പദ്രായമാണ് ഇവിടെയുള്ളത്. നമ്മൾ പഠിപ്പിച്ച് വിടുന്നത് കുട്ടികളെയാണ്. ആ പുതിയ തലമുറയ്ക്ക് നാം കൊടുക്കുന്ന കലാവിദ്യാഭ്യാസം ശരിയല്ല. ഇങ്ങനെയല്ല കല പഠിപ്പിക്കേണ്ടത്. കല ഒരു എക്സ്ട്രാ കരിക്കുല‍ർ ആക്റ്റിവിറ്റി ആവുമ്പോൾ തന്നെ അതൊരു സബ്ജക്റ്റ് അല്ലാതായി മാറിയല്ലോ. പത്താം ക്ലാസ് വരെ നിങ്ങൾ ഡാൻസ് കളിക്കുകയും പഠിക്കുകയുമൊക്കെ ചെയ്തോളൂവെന്ന് നമുക്ക് കിട്ടുന്ന അനുമതി പോലെയാണിത്. അനുമതിയോടെയുള്ള എക്സ്ട്രാ കരിക്കുല‍ർ ആക്റ്റിവിറ്റി ആയി മാറുന്നതാണ് പ്രശ്നം. ഈ മത്സരവേദികളിൽ തന്നെ കുട്ടികൾക്ക് കല പഠിക്കാനും താൽപര്യമുണ്ടെങ്കിൽ മുന്നോട്ട് പോവാനുള്ള ഒരു വഴി തുറന്ന് കൊടുക്കുന്നുവെങ്കിൽ അത് നല്ല കാര്യമായിരിക്കും. കൂടുതൽ മുതി‍ർന്ന കലാകാരരെ പരിചയപ്പെടുകയും അവ‍ർ വന്ന വഴികളെക്കുറിച്ച് മനസ്സിലാക്കുകയും കലാരൂപത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാൻ സാധിക്കുകയും അതിൻെറ ഒരു അടിസ്ഥാനം അറിയുകയും ചെയ്താൽ നന്നായിരുന്നു. കലാമത്സരങ്ങളുടെ രൂപം ഒന്ന് മാറ്റിയെടുത്താൽ ഒരുപാട് ആൾക്കാ‍ർക്ക് ഇതുകൊണ്ട് ഗുണം ഉണ്ടാവുകയും ആത്യന്തികമായി ഇത് പരിശീലിക്കുന്ന ഒരു വ്യക്തി അഥവാ കുട്ടിയിലുണ്ടാവുന്ന വ്യത്യാസവും വളരെ വലുതായിരിക്കും...

Comments