ഒന്ന്
സാംസ്കാരിക പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ ഒരു സ്ത്രീ ഫോട്ടോഗ്രാഫറെ നമുക്ക് കാണാം; പ്രോട്ടോക്കോളില്ലാതെ. മലബാറിൽ, വിശിഷ്യാ കോഴിക്കോടും മലപ്പുറത്തും നടന്നുവരുന്ന മിക്ക സാംസ്കാരിക പരിപാടികളിലും, തന്റെ നിക്കോൺ Z 6 ക്യാമറയുമായി ഊരുചുറ്റുന്ന സതി ആർ.വി എന്ന ഫ്രീലാൻസറാണത്. ആദ്യമൊക്കെ ഞാൻ കരുതിയിരുന്നത് അവർ പ്രസ്സ് ഫോട്ടോഗ്രാഫർ ആണെന്നായിരുന്നു. എന്നാൽ, അങ്ങനെയൊരു വനിതാ പ്രസ്സ് ഫോട്ടോഗ്രാഫറെ കുറിച്ച് ആരും പറഞ്ഞുകേട്ടിട്ടില്ല. ടെലിവിഷന്റെ വരവോടെയാണ്, കേരളത്തിലും / മലയാളത്തിലും സ്ത്രീ ഫോട്ടോഗ്രാഫർമാരെ ചാനലുകളിലൂടെ കണ്ടുതുടങ്ങിയത്.
കേരളത്തിന്റെ ചരിത്രമെടുത്താൽ സ്ത്രീഫോട്ടോഗ്രാഫർമാർ നമ്മുടെ നവോത്ഥാന ചരിത്രത്തിൽത്തന്നെ അധികം കാണില്ല. ഫോട്ടോഗ്രാഫിയോട് സ്ത്രീകൾ അധികം അടുത്തിട്ടേയില്ല, ആണുങ്ങൾ അടുക്കാൻ സമ്മതിച്ചിട്ടില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി. ദൃശ്യ സാഹിത്യമെന്ന് വിശേഷിപ്പിക്കുന്ന നാടകവും സിനിമയും എറിയകൂറും ആണുങ്ങളുടെ മുൻകൈയിലൂടെയായിരുന്നല്ലോ നടന്നുപോന്നത്. അതേസമയം, സാഹിത്യമായിരുന്നു മുഖ്യമായും ഇന്ത്യയിലെ പല ഭാഷകളിലെയുമെന്ന പോലെ മലയാളത്തിലും നവോത്ഥാനത്തിന്റെ വേദം. ദൃശ്യസംസ്കാരം കേരളീയരെ സംബന്ധിച്ച് നാടകവും സിനിമയും ക്ലാസിക് കലകളും ഒക്കെയായിരുന്നു. എന്നിരുന്നാലും, സിനിമയും നാടകവുമൊക്കെ സ്ത്രീകളുടെ മേൽക്കൈയിൽ ഉണ്ടാകുന്നത് വളരെ വൈകിയാണ്. സിനിമയിലും നാടകങ്ങളിലും വനിതകൾ പേർപെറ്റ സാന്നിധ്യം കാഴ്ചവച്ചിട്ടുണ്ട് എന്നത് വേറെ കാര്യം.
മലയാള സിനിമ സുവർണ്ണ ജൂബിലി പിന്നിടുമ്പോഴാണ്, ആദ്യമായി ഒരു സംവിധായിക നമ്മുടെ സിനിമാലോകത്തുണ്ടാവുന്നത്. പ്രശസ്ത നടി കൂടിയായ വിജയ നിർമ്മല, 1973- ൽ കവിത എന്ന സിനിമ സംവിധാനം ചെയ്തു. പിന്നെ ആ രംഗത്തേക്ക് ഷീല എന്ന നടിയും കടന്നുവന്നു. ഇന്ന് അഞ്ജലീമേനോൻ, വിധു വിൻസെന്റ് തുടങ്ങി നിരവധി പ്രഗത്ഭരായ സ്ത്രീ ആർട്ടിസ്റ്റുമാർ എത്തി. പുതു സിനിമാ /ഡോക്യുമെന്ററി നിർമ്മാണരംഗത്ത് അറിയപ്പെടുന്ന നിരവധി വനിതാ ആർട്ടിസ്റ്റുകൾ ഇന്നുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വരവും തലമുറമാറ്റവും സംഭവിച്ചതോടെയാണ് സ്ത്രീകളുടെ (Mobile) ക്യാമറകൾ പൊതുസമൂഹമധ്യത്തിൽ തലങ്ങും വിലങ്ങും ചലിക്കാൻ തുടങ്ങിയത്. അതാവട്ടെ, ഡിജിറ്റൽ ടെക്‌നോളജി നമ്മുടെ സാമൂഹ്യ - സാംസ്‌കാരിക അനുഭവ മണ്ഡലത്തെത്തന്നെ മൗലികമായി മാറ്റിയതോടെയാണ്. ദൃശ്യസംസ്കാരത്തിനകത്താണ് (Visual culture), ഫോട്ടോഗ്രാഫുകളുടെ സ്ഥാനം.
പ്രസ്സ് ഫോട്ടോഗ്രഫി മണ്ഡലത്തിൽ പോലും സ്ത്രീകളുടെ അഭാവം മുഴച്ചുനിൽക്കുന്ന കാലത്താണ്, സതി ആർ.വി എന്ന ഫ്രീലാൻസർ ക്യാമറയുമായി പ്രവേശിക്കുന്നത്. ആ ക്യാമറാപ്രവേശത്തിന് രണ്ടു പതിറ്റാണ്ടെങ്കിലുമായി. പഠിക്കുന്ന കാലത്ത് ഒരു സുഹൃത്തിന്റെ പ്രേരണയിലാണ് ആദ്യം ഫോട്ടോയെടുത്തു നോക്കുന്നത്. സാധാ കൈ ക്യാമറയിൽ നിന്ന് യാഷിക്കായിലേക്കും പനാസോണിക്കിലേക്കും ക്രമേണ എസ് എൽ ആർ ക്യാമറകളിലേക്കും അത് വളർന്നു. ഈ ക്യാമറാനടത്തം തന്റെ ജോലിയുടെ ഭാഗമായല്ല എന്നതത്രെ ശ്രദ്ധേയം.
സതി പോസ്റ്റ് ഓഫീസ് ജീവനക്കാരിയായിരുന്നു. അടുത്തകാലത്ത് ജോലിയിൽനിന്ന് വിരമിച്ചു. ക്യാമറാ അരങ്ങേറ്റം അവരുടെ ജൈവ ചോദനയിലധിഷ്ഠിതമായ വികാരമായിരുന്നു. വിശാല ഇടതുപക്ഷത്തിന്റെ ഭാഗമാണെങ്കിലും ഏതെങ്കിലും പ്രത്യയശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടായിരുന്നില്ല ആ ക്യാമറാസഞ്ചാരം.
കലയെയും കലാകാരരെയും സാംസ്‌കാരിക പ്രവർത്തകരെയും അവർ ഏറെയിഷ്ടപ്പെട്ടു. സമൂഹത്തെയറിയാൻ ഇവയൊക്കെ ഒരു കാരണമാണെന്ന് തന്റെ ക്യാമറയിലൂടെ സതി തിരിച്ചറിഞ്ഞു. കഴുത്തിൽ തൂക്കിയിട്ട ക്യാമറയിലൂടെ ഒരു ദിവാസ്വപ്നാടകയെന്നപോലെ, താൻ ജീവിക്കുന്ന സമൂഹത്തോട് കൂടുതലടുത്തു. ഫോട്ടോ യഥാർത്ഥമല്ലെങ്കിലും കലയുടെ പ്രമാണമനുസരിച്ച് മനുഷ്യ - പ്രകൃതി ജീവിതത്തിന്റെ സൂചക വ്യവസ്ഥയെ പ്രതിനിധീകരിക്കുന്ന കലയാണ്. ഒരു യഥാർത്ഥ വസ്തു കാണുമ്പോഴും ഒരു ഫോട്ടോ കാണുമ്പോഴും മനുഷ്യർ അനുഭവിക്കുന്ന അനുഭൂതി രണ്ടു തരത്തിലാണ്. ഒരു യാഥാർഥ്യത്തിന്റെ സൂചകതുല്യമായ വായന മാത്രമാണ്, ഒരു ഫോട്ടോഗ്രാഫ്.
രണ്ട്
എം.ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്, കോഴിക്കോട് ലളിതകലാ അക്കാദമി ഗാലറിയിൽ സതിയുടെ എം.ടി ചിത്രപ്രദർശനം നടന്നു. 50-ഓളം ക്യാൻവാസുകളിലായി എം.ടിയുടെ പലതരം സുഹൃദ് ബന്ധങ്ങൾ, സാംസ്കാരിക പരിപാടികളിലെ സാന്നിധ്യം എന്നിവയായിരുന്നു പ്രദർശനത്തിന്റെ മുഖ്യ ഉള്ളടക്കം. എം.ടിയുടെ ഇത്രയധികം ഫോട്ടോയെടുത്ത സ്ത്രീഫോട്ടോഗ്രാഫർ സതി ആർ.വി ആയിരിക്കും എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട.
സാധാരണ പ്രസ്സ് - അമേച്വർ ഫോട്ടോഗ്രാഫർമാരിൽ നിന്ന് വ്യത്യസ്തമായി എം.ടിയുടെ ജീവിതത്തെ ചുഴിഞ്ഞു പിന്തുടരുന്നവയല്ല ഈ ഫോട്ടോഗ്രാഫുകൾ. സതിയുടെ ക്യാമറ പലപ്പോഴും സാംസ്‌കാരിക നായകരെയോ സോഷ്യൽ സെലിബ്രിറ്റികളെയോ അമ്മട്ടിൽ പിന്തുടർന്നുപോകാറില്ല. മറിച്ച്, നഗരങ്ങളിലും അല്ലാതെയും നടക്കാറുള്ള പൊതുപരിപാടികളറിഞ്ഞ് സാമൂഹിക- സാംസ്കാരിക രംഗത്തെ സുപ്രധാന വ്യക്തികൾ, സംഭവങ്ങൾ എന്നിവ പകർത്താറാണ് അവരുടെ പതിവ്. അതാണ്, സതിയുടെ ഫോട്ടോ സബ്ജക്റ്റ് എന്നാണ് എന്റെ പക്ഷം. അതിൽ അറിയപ്പെടുന്നവരും സെലബ്രിറ്റികളും സാധാരണ മനുഷ്യരുമൊക്കെ ഉൾപ്പെടും.
ഫോക്കസ്സിംഗ് ആണ് ഏത് ചരിത്രപ്രക്രിയയുടെയും ഹേതു. അവയുടെ കാഴ്ചക്കോൺ മാറുന്നതനുസരിച്ചാണ് ചരിത്രവീക്ഷണത്തിന്റെ ദർശന വ്യത്യാസം. ഒരുപക്ഷേ, ഒരു പ്രത്യേക വ്യക്തിയെ എന്നതിനേക്കാൾ സമൂഹത്തിനുമേലുള്ള ഒരു ഫോട്ടോഗ്രാഫറുടെ കാഴ്ചയാണ് എം.ടി ഫോട്ടോ നിർമ്മിതിയിലും സതി അടയാളപ്പെടുത്തുന്നത്. സമൂഹത്തിൽ ക്യാമയുമായി സ്വതന്ത്രമായി ഇടപെടുകയാണ് അവർ ചെയ്യുന്നത്.

‘ആൾക്കൂട്ടത്തിൽ തനിയെ’ എം.ടിയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണല്ലോ. എം.ടി കഥയും തിരക്കഥയുമെഴുതിയ ആ സിനിമയുടെ പേര് ഒരുപക്ഷേ അദ്ദേഹത്തെ അറിയുന്ന പലർക്കും കഥാകാരന്റെ സ്വഭാവത്തെ കൂടി അളക്കാനുള്ള ലോഗോ വാചകമാണ്. ആളുകൾക്കു മധ്യത്തിൽ ഒറ്റക്കായിപ്പോവുന്ന മനുഷ്യരുടെ കഥ എം.ടി പല പ്രകാരത്തിൽ പറഞ്ഞിട്ടുണ്ട്. എം.ടിയിലും ആ വികാരം ഏറെക്കുറെയുണ്ട് എന്ന് അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ വായിച്ചവരും അടുത്തു പെരുമാറിയവരുമൊക്കെ സമ്മതിച്ചതാണ്. എം.ടിയെന്ന വ്യക്തിത്വത്തിന്റെ നിദർശനമായിപ്പോലും ആ വികാരത്തെ ഉയർത്തിക്കാട്ടിയവരുമുണ്ട്. എം.ടിയുടെ ഫോട്ടോയെടുക്കാൻ പോയ കേരളത്തിലെ പല ഫോട്ടോഗ്രാഫർമാരുടെയും പരാതി, വൈവിധ്യമാർന്ന അദ്ദേഹത്തിന്റെ മുഖഭാവം / മുഖഭംഗി പകർത്താനായില്ല, എന്നതത്രേ.
എം.ടി മന്ദഹസിക്കുന്ന, ചിരിക്കുന്ന ഫോട്ടോകൾ തപ്പിപ്പോയാൽ അങ്ങനെയുള്ളവ കിട്ടാൻ ഏറെ സഹസപ്പെടേണ്ടിവരും. (നിര്യാണശേഷം അദ്ദേഹത്തെക്കുറിച്ചുള്ളൊരു പുസ്തകം, ‘എം.ടി. കാലത്തിന്റെ സുകൃതം’ എഡിറ്റ് ചെയ്തപ്പോൾ ഈയൊരു പ്രശ്നം തെല്ലുമട്ടിൽ ഈയുള്ളവനും അനുഭവിക്കുകയുണ്ടായി.) എം.ടി ചിരിക്കുന്നതും മന്ദസ്മിതം തൂകുന്നതും പ്രതീക്ഷിച്ചുകൊണ്ട് ഫോട്ടോഗ്രാഫർമാർ കത്തിരുന്ന കഥകൾ എന്നോടുതന്നെ ചിലർ പങ്കുവെക്കുകയുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും ആർട്ടിസ്റ്റിക്കായ ചിത്രങ്ങൾ എടുത്ത പി. മുസ്തഫ, കെ.ആർ. വിനയൻ, റസാഖ് കോട്ടക്കൽ എന്നിവരുടെ ഫോട്ടോ ശേഖരങ്ങളിൽ പോലും മറ്റുള്ളവരുടെയെന്നപോലെ എം.ടിയുടെ മിന്നിമറിയുന്ന വ്യത്യസ്ത മുഖഭാവങ്ങൾ, ശരീര ചേഷ്ഠകൾ അടയാളപ്പെടുത്തുന്ന ഫോട്ടോഗ്രാഫുകൾ തുലോം കുറവാണ്. ‘പല പോസിലുള്ള ഫോട്ടോകൾ’ എന്ന ആശയം എം.ടിയെന്ന വ്യക്തിയെ അധികം സ്വാധീനിച്ചിട്ടില്ലാത്ത പോലെയാണ് തോന്നുക.
ഒരുതരം അന്തർമുഖത്വം എം.ടിയുടെ വ്യക്തിത്വത്തിന്റെ തന്നെ മുഖദർശനമായിരുന്നു. അതിൽ എം.ടി എന്ന എഴുത്തുകാരന്റെ രാഷ്ട്രീയവും ഉണ്ട് എന്നാണ് എന്റെ വായന. തന്റെ മുന്നിൽക്കാണുന്ന എന്തിനെയും ആരെയും കഥയോ കഥാപാത്രമോ ആക്കി ഉള്ളിൽ അനുഭവിക്കുന്ന പ്രകൃതത്തിൽ നിന്നാവാം, എം. ടിയുടേയായി നാം കാണുന്ന മൗനവും അന്തർമുഖത്വവും സംഭവിക്കുന്നതെന്ന്, എം.ടിയോട് അടുത്തുപെരുമാറിയ ചിലരെങ്കിലും നിരീക്ഷിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ, എം.ടിയുടെ ഏകാന്തചിത്രങ്ങൾ പകർത്തിയ പ്രഗത്ഭരായ പലരും ആ സമയം എം.ടി യിൽ നിറഞ്ഞുനിന്നിരുന്ന കഥാഭാവത്തെയോ കഥാപാത്ര ഭാവങ്ങളെയോ ഒക്കെയായിരിക്കാം പകർത്തിയിട്ടുണ്ടാവുക എന്ന് തമാശയായിട്ടും ആലോചിക്കാവുന്നതാണ്. ഈ പറച്ചിലിനെ ഒരു അതിവാദമായി കരുതിയാലും തെറ്റില്ല.
എന്നാൽ, സതിയുടെ എം.ടി ക്യാൻവാസുകളിൽ (പൊട്ടി)ച്ചിരിക്കുന്ന, പുഞ്ചിരി തൂകുന്ന ഏറെ എം.ടിമാരെ കാണാം. ആ ഫോഗ്രാഫുകളുടെ സാമൂഹ്യസന്ദർഭം വേറെയാണ്, എന്നതത്രേ അതിനുകാരണം. ‘ആൾക്കൂട്ടത്തിൽ തനിയെയല്ലാത്ത’ എം.ടിമാരാണ്, ഇവയിൽ അധികവും. ഇഷ്ടപ്പെട്ട സുഹൃത്തുക്കൾ, സാമൂഹിക -സാംസ്‌കാരിക ഇടങ്ങൾ, ചെറുകൂട്ടങ്ങൾ, സംഭവങ്ങൾ എന്നിവയാണ് ഈ ഫോട്ടോകളിലെ മുഖ്യമാന വിഷയങ്ങൾ. തന്റെ മൗനവും അന്തർമുഖത്വവും വെടിയേണ്ടിവരുന്ന സാമൂഹ്യ സന്ദർഭങ്ങളിലുള്ള കഥാനായകനാണ് ഹീറോ.

അക്കിത്തം, കെ.പി സുധീര, ഷാഹിന ബഷീർ, എൻ.പി. ഹാഫിസ് മുഹമ്മദ്, പിണറായി വിജയൻ, ഗുലാം അലി, ആർട്ടിസ്റ്റ് നമ്പൂതിരി, യു.എ. ഖാദർ, സുഭാഷ് ചന്ദ്രൻ, മുൻ എം.പി പി.സി ഹരിദാസ് എന്നിവരോടൊപ്പമുള്ള എം.ടിയുടെ ചിരിസാന്നിധ്യം സതിയുടെ ഫോട്ടോഗ്രാഫുകൾ മികവോടെ അടയാളപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഒറ്റക്കിരിക്കുന്ന ഗൗരവം മുനിഞ്ഞ ചിത്രങ്ങൾ, കാര്യഗൗരവത്തിൽ മറ്റുള്ളവരോട് സംസാരിക്കുന്നവ, ചിലപ്പോഴെങ്കിലും ഒരു വിധേയനായി ഒരു കൂട്ടത്തോടൊപ്പം നിൽക്കുന്നവ. എന്നിവയും ഈ ശേഖരത്തിൽ കാണാം.
സതിയുടെ എം.ടി ഫോട്ടോകൾ ഒരുപക്ഷേ, കലാ നിയമങ്ങളുടെ മൂർത്തമായ ആഴങ്ങളിൽ അല്ല ശ്രദ്ധിക്കുന്നത്. കലയോടുള്ള അടയിരിപ്പും ഈ ചിത്രങ്ങളിൽ വേറൊരു നിലയിലാണ്. എം.ടിയെ മാത്രമായി അത് ഫോക്കസ് ചെയ്യുന്നില്ല. ചെറുകഥയെക്കുറിച്ച് എം.ടി നിരീക്ഷിച്ച പോലെ, ഒരു കുറ്റിക്കാട്ടിൽ നിന്ന് എത്തിനോക്കുന്ന ഒരു പൂമൊട്ടിനെയെന്ന വണ്ണം സതിയുടെ ഫോട്ടോകളിൽ എം.ടി സവിശേഷമായി പരിലസിക്കുന്ന മട്ടിലാണ്, മിക്ക ഫോട്ടോകളുടെയും ആകാരം. സതിയുടെ ഫോട്ടോകളുടെ ഇഴയടുപ്പം (Texture) ഒരുപക്ഷേ ഈയർത്ഥത്തിൽ ലളിതമാണ്.
പലപ്പോഴും അടയാളപ്പെടുത്താൻ വിസ്മരിക്കുന്ന ചരിത്രം നമുക്ക് ചുറ്റും ഏറെയുണ്ട്. അങ്ങനെ സംഭവിക്കാൻ ചരിത്രപരമായ കാരണങ്ങളുമുണ്ട്. സതി ആർ.വി എന്ന ഈ വനിതാ ഫ്രീലാൻസറുടെ കാര്യത്തിലും കുറെയേറെ അങ്ങനെ സംഭവിച്ചിട്ടില്ലേ?പോസ്റ്റ് സിവിൽ സമൂഹത്തിലായാൽ പോലും മത്സരിച്ചും ഇടിച്ചുകയറിയും അല്ലാതെ സ്വത്വസ്ഥാപനം അസാധ്യമാവുന്ന കാലത്ത് പ്രോട്ടോകോളില്ലാതെ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരു വനിതാ ഫോട്ടോഗ്രാഫരുടെ സാന്നിധ്യവും അവർ നിർമിക്കുന്ന ദൃശ്യ നരേറ്റീവുകളും കേരളത്തിന്റെ ദൃശ്യ സംസ്കാര ചരിത്രത്തിനകത്ത് മുഖ്യമായ ഒരു സ്ഥാനം വഹിക്കുന്നവയത്രേ.
▮
സതി ആർ.വി പകർത്തിയ ഫോട്ടോകൾ:


സതി ആർ.വിയുടെ
എം.ടി ചിത്രപ്രദർശനത്തിൽനിന്ന്:









