ട്രൂകോപ്പി വെബ്സീനിന്റെ 110 -ാമത്തെ കവർ, രാഹുൽ ഗാന്ധി കവർ, വലിയ രീതിയിൽ ദേശീയതലത്തിൽത്തന്നെ ചർച്ച ചെയ്യപ്പെട്ടു. വ്യാപകമായി സ്വീകരിക്കപ്പെടുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്തു. ഒപ്പം അതിലെ ഇമേജ് റെപ്രസെന്റേഷനെക്കുറിച്ച് വിമർശനങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ഒരു ആർട്ട് വർക്കിനോട് ക്രിയാത്മക സംവേദനം നടത്തുന്നത് നമ്മുടെ രാഷ്ട്രീയ - കലാ ആവാസ വ്യവസ്ഥയ്ക്ക് ഗുണകരമാവും എന്ന് കരുതുന്നു.
ഒന്നാമത്തെ വിമർശനം ഇതാണ്, രാഹുൽ ഗാന്ധിയുടെ കവറിലെ ചലനം ഒരു അത്‌ലറ്റിന്റേതാണ്. അതിന് മാസ്കുലിനിറ്റിയാണുള്ളത്. രാഹുൽ ഗാന്ധിയെന്ന വ്യക്തിയുടെ, പൊളിറ്റീഷ്യന്റെ ശരീരഭാഷ, ഒരിക്കലും അഗ്രസീവ് മാസ്കുലിനിറ്റിയുടേതല്ല. പിന്നെന്തു കൊണ്ടാണ് അങ്ങനെയൊരു ഇമേജ് ആർടിസ്റ്റ് സ്വീകരിച്ചത്?
രണ്ടാമത്തെ വിമർശനം, കവറിൽ ആൾക്കൂട്ടം ഇല്ല എന്നതാണ്. ഭാരത് ജോഡോ യാത്ര ഒരു ജനകീയ യാത്രയാണ്. ജനക്കൂട്ടവും ആൾക്കൂട്ടവുമാണതിന്റെ ഐഡന്റിറ്റി. ആൾക്കൂട്ടത്തിലെ രാഹുലാണ് ഭാരത് ജോഡോ യാത്രയുടെ സത്ത. എന്തുകൊണ്ട് രാഹുൽ ഒറ്റയ്ക്ക് ഓടുന്ന ഒരാളായി മാറി?
ഈ രണ്ട് ചോദ്യങ്ങളും കവർ ഡിസൈൻ ചെയ്ത സൈനുൽ ആബിദുമായി പങ്കുവെച്ചു.
മാധ്യമ - രാഷ്ട്രീയ ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാളാണ് ആബിദ്. ആഴമുള്ള രാഷ്ട്രീയ ബോധ്യങ്ങൾ കലയിലൂടെ പൊതു സമൂഹത്തിനു മുന്നിൽ സംവാദങ്ങൾക്കായി തുറന്നിടുന്ന ഒരാൾ.
ആബിദിന്റെ രാഹുൽ
വലിയ ഊർജ്ജത്തോടെ മുന്നോട്ടായുന്ന രാഹുൽ ഗാന്ധി എന്ന വളരെ സിമ്പിളായ അർഥത്തിൽ തന്നെ കാഴ്ചക്കാർ കവർ കാണണം എന്നുതന്നെയാണ് വിചാരിച്ചിരുന്നത്. നമ്മുടെ കവറുകളെക്കുറിച്ച് എപ്പോഴും നമ്മൾ പറയാറുള്ളതാണല്ലോ അത്. കണ്ടാലുടനെ, അർഥം കാണുന്നവരുടെ ഉള്ളിലേക്ക് കയറുക എന്നത്. അതുകൊണ്ട് ഇതിന്റെ പ്രധാനപ്പെട്ടതും പ്രാഥമികവുമായ അർഥം ഭാരത് ജോഡോ യാത്ര വഴി വളരെ ശക്തിയായി മുന്നോട്ടേക്ക് കുതിക്കാൻ തുടങ്ങുന്ന രാഹുൽ ഗാന്ധി എന്ന് തന്നെയാണ്. എന്നാൽ,
കുതിക്കുന്നത് രാഹുൽ ഗാന്ധി മാത്രമല്ല, പ്രതിപക്ഷ രാഷ്ട്രീയശബ്ദങ്ങളാകെയാണ് എന്ന് കാണേണ്ടവർക്ക് അതിൽ അതും കാണാനാകണം. പ്രബലമായ ഹിന്ദുത്വ രാഷട്രീയത്തിനെതിരെ അത്തരമൊരു വിശാലപ്രതിപക്ഷത്തിന്റെയാകെ സിംബൽ ആണ് രാഹുൽ എന്ന കവർ സറ്റോറിയിലെ അർഥം അതിൽ വരണമെന്ന് വിചാരിച്ചു.
കുതിക്കുന്നത് രാഹുൽ ഒറ്റയാളല്ല എന്ന് തോന്നേണ്ടതുണ്ട്, ആ പവർഫുൾ കുതിപ്പിലെ പവർ അദ്ദേഹത്തിനൊപ്പം നടക്കുന്ന അനേകം പേരുടേത് കൂടെയാണ് എന്ന് കാണേണ്ടവർക്ക് അതും കാണാം, അത്‌ലറ്റ് അല്ലാത്ത രാഹുൽ അത്‌ലറ്റിനെപ്പോലെ കുതിക്കുന്നതിനുള്ള ശക്തി ആ കൂടെ നടക്കുന്ന മനുഷ്യര് കൂടെ നൽകുന്നതാണ്.
ഈ കുതിപ്പ് വിജയിക്കുമോ എന്ന് ഭാവി തെളിയിക്കേണ്ടതാണ്. കുതിച്ച് അടുത്ത സ്‌റ്റെപ്പിൽ രാഹുലും പ്രതിപക്ഷരാഷ്ട്രീയവും വീണ് പോകുമോ എന്ന് നമുക്കറിയില്ല. അത് കൊണ്ട് തന്നെ ഇതിൽ കുതിച്ച് തുടങ്ങുന്നതിന്റെ ആ നിമിഷം മാത്രമേ ഫ്രീസ് ചെയ്യപ്പെട്ട് വെച്ചിട്ടുള്ളൂ. വീഴ്ചയാണോ വാഴ്ചയാണോ അടുത്ത സ്‌റ്റെപ്പിൽ എന്ന അനിശ്ചിതാവസ്ഥയെ കൂടെ വരച്ചിട്ടുണ്ട് അതിൽ.
ശക്തി, പവർ, അധികാരം എന്നിങ്ങനെയുള്ള സംഗതികൾക്ക് ഓപ്പസിറ്റ് ഉള്ള സ്‌നേഹം, സാഹോദര്യം എന്നീ ആർദ്രമൂല്യങ്ങളെയാണ് രാഹുൽ രാഷ്ട്രീയത്തിൽ പ്രതിനിധീകരിക്കുന്നത് എന്ന് വിചാരിക്കുന്നവരുണ്ടല്ലോ, അത്തരക്കാർക്ക് ഒരു പക്ഷെ ഇതൊരു മാൻലി, ആൺ ഊർജ്ജക്കുതിപ്പല്ലേ എന്ന സംശയമുണ്ടാക്കിയേക്കാം, അങ്ങനെ കൂടെയുള്ള വായനകളെ നമ്മള് കാണണമല്ലോ. അങ്ങനെയുള്ള കുതിപ്പായല്ല ഇതിനകത്തെ ഊർജ്ജം വിന്യസിക്കപ്പെട്ടിരിക്കുന്നത് എന്ന് പറയാൻ കൂടെ ആഗ്രഹിക്കുന്നു. രാഹുൽ എന്ത് രാഷ്ട്രീയമാണാ ഉള്ളിൽ ഉദ്ദേശിക്കുന്നത് അതേ രാഷ്ട്രീയമൂല്യങ്ങൾ വെച്ചുള്ള , കുതിപ്പ് എന്നാണ് മനസ്സിൽ കണ്ടിരുന്നത്.
അത്യുക്തിയോടെ അതിശയോക്തിയോടെ പറയേണ്ടി വരും ചില വിഷ്വൽ ആർട്ടുകൾ. മസ്കുലിനിറ്റിയെ കേവലം മസിലുമായി ബന്ധപ്പെട്ട ഒന്ന് എന്ന രീതിയിൽ ചുരുക്കുന്നത് രാഷ്ട്രീയമായി ശരിയല്ല.