UAPA സാമ്രാജ്യത്തില്‍
ക്രിമിനല്‍ നിയമം
പരിഷ്‌കരിക്കേണ്ടത് ഇങ്ങനെയോ?
UAPA സാമ്രാജ്യത്തില്‍ ക്രിമിനല്‍ നിയമം പരിഷ്‌കരിക്കേണ്ടത് ഇങ്ങനെയോ?
ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപം നല്‍കിയ കമ്മിറ്റി, അതിന്റെ പ്രാതിനിധ്യ സ്വഭാവമില്ലായ്മയുടെയും സുതാര്യതക്കുറവിന്റെയും പേരില്‍ വിമര്‍ശിക്കപ്പെട്ടുകഴിഞ്ഞു. മനുഷ്യാവകാശപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കെതിരെ എന്‍.എസ്.എ, യു.എ.പി.എ തുടങ്ങിയ കടുത്ത നിയമങ്ങള്‍ തിരഞ്ഞുപിടിച്ച് പ്രയോഗിക്കുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ നിയമ പരിഷ്‌കരണം ആര്‍ക്കുവേണ്ടിയാണ് എന്നത് വ്യക്തമാണ്- ക്രിമിനൽ നിയമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അഭിഭാഷകരും അധ്യാപകരും സന്നദ്ധപ്രവർത്തകരും ചേർന്ന് തയാറാക്കിയത്.
22 Aug 2020, 05:23 PM
ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങള്‍ ഒരു അഴിച്ചുപണിക്ക് വിധേയമാകാന്‍ പോകുകയാണ്. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി നാഷനല്‍ ലോ യൂണിവേഴ്‌സിറ്റി (എന്‍.എല്‍.യു) വൈസ് ചാന്‍സലര്‍ പ്രൊഫ. രണ്‍ബീര്‍ സിങ്ങ് അധ്യക്ഷനായി അഞ്ചംഗ കമ്മിറ്റിക്ക് (ക്രിമിനല്‍ നിയമ പരിഷ്‌കരണ കമ്മിറ്റി) രൂപം നല്‍കിയിരിക്കുകയാണ്. എന്‍.എല്‍.യുവിലെ പ്രൊഫ. ജി.എസ്. ബാജ്‌പേയ്, ബല്‍രാജ് ചൗഹാന്‍ (ജബല്‍പുര്‍ എന്‍.എല്‍.യു), മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെത്മലാനി, മുന്‍ ജഡ്ജി ജി.പി. തരേജ എന്നിവരാണ് അംഗങ്ങള്‍. മുതിര്‍ന്ന അഭിഭാഷകരില്‍നിന്നും ജഡ്ജിമാരില്‍നിന്നും അക്കാദമീഷ്യന്മാരില്‍നിന്നും കമ്മിറ്റിയുടെ ഘടനയെക്കുറിച്ചും പ്രക്രിയയെക്കുറിച്ചും സമീപനത്തെക്കുറിച്ചും ചോദ്യം ചെയ്തുകഴിഞ്ഞു.

വനിതകളുടെയും ആദിവാസികള്‍, എല്‍.ജി.ബി.ടി.ക്യു.ഐ, മതന്യൂനപക്ഷങ്ങള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യമില്ലെന്നുചൂണ്ടിക്കാട്ടി സ്ത്രീ അഭിഭാഷകരുടെ കൂട്ടായ്മയും കത്തെഴുതിയിട്ടുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ്, കമ്മിറ്റി തയാറാക്കിയ ചോദ്യാവലിയിലെ ഏറിയ ചോദ്യങ്ങളും എന്നതിനാല്‍, സ്ത്രീകളായ ക്രിമിനല്‍ അഭിഭാഷകര്‍ കമ്മിറ്റിയില്‍ ഇല്ലാത്തത് അനീതിയാണെന്ന് കത്തില്‍ പറയുന്നു. മാത്രമല്ല, ദളിത്, മതന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യമില്ലാത്ത ഒരു കമ്മിറ്റിക്ക് എങ്ങനെയാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിഷ്‌കരണം സാധ്യമാകുക എന്നും ചോദ്യമുയര്‍ന്നുകഴിഞ്ഞു.
ഒഴിവാക്കപ്പെടുന്നവര്‍
‘ക്രിമിനല്‍ നിയമ പരിഷ്‌കരണ കമ്മിറ്റി'ക്ക് നല്‍കിയിരിക്കുന്ന അധികാരപത്രം എന്തെന്ന് വ്യക്തമല്ല; പക്ഷേ ഇന്ത്യയിലെ ക്രിമിനല്‍ നിയമ വ്യവസ്ഥയില്‍ ദൂരവ്യാപക മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുവാന്‍ ഇത് ലക്ഷ്യമിടുന്നു എന്ന് പ്രകടമാണ്. ഇത് ഇന്ത്യയിലെ ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഓരോ വ്യക്തിയിലും - കുറ്റകൃത്യത്തിന്റെ ഇര, പ്രതി, സമാധാനപരവും നീതിയുക്തവുമായ ഒരു സമൂഹത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ - ഗൗരവതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുണ്ട്.
മാത്രമല്ല, ക്രിമിനല്‍ വ്യവസ്ഥ വ്യക്തികളെ പല തരത്തിലാണ് ബാധിക്കുക - മതന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസി വിഭാഗങ്ങള്‍ തുടങ്ങിയവരാണ് പൊലീസ് അതിക്രമങ്ങളിലൂടെയും, നീണ്ടുപോകുന്ന വിചാരണ തടവിലൂടെയും, കടുത്ത ശിക്ഷകളിലൂടെയും അര്‍ഹിക്കുന്ന നിയമസഹായം കിട്ടാതെ പോകുന്നതിലൂടെയും ക്രിമിനല്‍ നിയമ വ്യവസ്ഥയുടെ ആഘാതം കൂടുതല്‍ അനുഭവിക്കുന്നത്. അതുപോലെ, ലിംഗാധിഷ്ഠിത അതിക്രമങ്ങളുടെ ഇരകളാകുന്ന സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ മുതലായവരൊക്കെ പലപ്പോഴും ഈ ക്രിമിനല്‍ വ്യവസ്ഥിതിയില്‍ തഴയപ്പെട്ടവരാണ്. നമ്മള്‍ ഓരോരുത്തരും, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിലെ അംഗങ്ങള്‍, ഈ പരിഷ്‌കരണ പ്രക്രിയയുടെ സ്വാധീനം എന്തെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്.
കമ്മിറ്റിയുടെ ഘടന, പ്രവര്‍ത്തനരീതി എന്നിവയുമായി ബന്ധപ്പെട്ട ഉല്‍ക്കണ്ഠകളാണ് ഒന്ന്; അതായത്, വേണ്ടത്ര പ്രാധിനിധ്യം ഇല്ലാതിരിക്കുക, ചില വിഭാഗങ്ങളെ ഒഴിവാക്കുക, സുതാര്യമല്ലാത്ത പ്രവര്‍ത്തനം, കമ്മിറ്റി ഉയര്‍ത്തുന്ന ചോദ്യങ്ങളുടെ രൂപകല്‍പ്പന, കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് അനുവദിച്ച ചുരുങ്ങിയ സമയം - തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
ഭരണഘടനാ മൂല്യങ്ങളുടേയും, വ്യക്തികളുടെയും, ജനവിഭാഗങ്ങളുടെയും, രാജ്യത്തിന്റെയും താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിഷ്‌കരണങ്ങളാണ് കമ്മിറ്റിയുടെ ലക്ഷ്യങ്ങളായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പക്ഷേ, ആശങ്കാജനകമായ അവസരത്തിലാണ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത് - ജനം കോവിഡിന്റെ പിടിയിലായ സമയമാണിത്. അതിനിടെ, വ്യക്തികളുടെ തൊഴില്‍, പാരിസ്ഥിതിക, ഭൂസ്വത്ത്, അവകാശങ്ങളെ സംബന്ധിച്ച അനേകം പരിഷ്‌കരണങ്ങള്‍ ഈ സര്‍ക്കാര്‍ നിയമവ്യവസ്ഥയില്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞിരിക്കുന്നു. അതേസമയം, മനുഷ്യാവകാശപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കെതിരെ എന്‍.എസ്.എ (NSA) യു.എ.പി.എ (UAPA) തുടങ്ങിയ കടുത്ത നിയമങ്ങള്‍ തിരഞ്ഞുപിടിച്ച് പ്രയോഗിക്കുകയും ചെയ്തുവരുന്നു. ഈ പശ്ചാത്തലത്തില്‍ പരമാവധി സുതാര്യതയോടും ഉത്തരവാദിത്വത്തോടും നീതിയുക്തമായും പ്രവര്‍ത്തിക്കുക എന്നത്, ബൃഹത്തായ അധികാര പരിധിയുള്ള ഈ കമ്മിറ്റിയെ സംബന്ധിച്ച് പ്രധാനമാണ്. ക്രിമിനല്‍ നിയമങ്ങളില്‍ പലതും പരിഷ്‌കരിക്കപ്പെടേണ്ടതാണ് എന്നിരിക്കെ, കമ്മിറ്റിക്ക് പൂര്‍ണമായ രീതിയില്‍ ഉത്തരവാദിത്തം നിറവേറ്റുവാന്‍ സാധിക്കുമോ എന്ന് സംശയിക്കാവുന്ന സാഹചര്യമുണ്ട്.
എന്തിനാണ് ഇത്ര തിടുക്കം?
കമ്മിറ്റി രൂപവത്കരണത്തിനുശേഷവും ഇതുവരെ ‘പരിഗണിക്കേണ്ട വിഷയങ്ങള്‍' (Terms of Reference) പ്രസിദ്ധപ്പെടുത്തിയിട്ടില്ല. കമ്മിറ്റി പ്രവര്‍ത്തനങ്ങളുടെയും നിര്‍ദേശങ്ങളുടെയും ചട്ടക്കൂടുകള്‍ മനസ്സിലാക്കാനും കമ്മിറ്റിയുടെ അധികാര പരിധി മനസിലാക്കുവാനും ഇത് അത്യന്താപേക്ഷിതമാണ്.
കൂടിയാലോചന വേളയില്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് കമ്മിറ്റി ഇതുവരെ ഉറപ്പ് തന്നിട്ടില്ല. കമ്മിറ്റി സമര്‍പ്പിക്കുന്ന അവസാന റിപ്പോര്‍ട്ടില്‍ വളച്ചൊടിച്ച വസ്തുതകളും, തെറ്റായ ഉദ്ധരണികളും കടന്നു കയറാതിരിക്കാന്‍ പ്രതികരണങ്ങളുടെ പ്രസിദ്ധീകരണം അത്യന്താപേക്ഷിതമാണ്.
കോവിഡ് ആഞ്ഞടിക്കുന്നതിനിടയിലാണ് കമ്മിറ്റി രൂപവത്കരിച്ചിരിക്കുന്നത്. വര്‍ദ്ധിച്ച തൊഴിലില്ലായ്മ, ആരോഗ്യപരിപാലന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമേലുള്ള സമ്മര്‍ദങ്ങള്‍ എന്നിവ മറികടക്കാന്‍ ജനം ബുദ്ധിമുട്ടുന്ന ഈ അവസരത്തില്‍ ആഴത്തിലും ഗൗരവതരവുമായ സഹകരണം എല്ലാ കക്ഷികളില്‍ നിന്നും പ്രതീക്ഷിക്കുക അസാധ്യമാണ്.
ക്രിമിനല്‍ നിയമവ്യവസ്ഥിതി അനുസരിച്ച്, നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം. ഇതില്‍ത്തന്നെ ഓരോ വിഭാഗത്തിലും വിശാലമായ പരിധിയാണ് കമ്മിറ്റിക്കുള്ളത്. ഉദാഹരണത്തിന്, സബ്സ്റ്റന്റീവ് നിയമത്തെ സംബന്ധിക്കുന്ന ഭാഗത്ത് ഇനി പറയുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്: കുറ്റകൃത്യങ്ങളെ എങ്ങനെ നിര്‍വ്വചിക്കണം, ഏതുതരം പ്രവൃത്തികള്‍ കുറ്റകൃത്യമായി കണക്കാക്കണം, കുറ്റം ചെയ്യുവാന്‍ ഉദ്ദേശ്യമില്ലാത്ത സാഹചര്യത്തില്‍ ഒരു കുറ്റകൃത്യം ചെയ്യാന്‍ ശ്രമിച്ച വ്യക്തിയെ ഏതു സാഹചര്യത്തില്‍ ശിക്ഷിക്കാം, ഒരു വ്യക്തി കുറ്റം ചെയ്തു എന്ന് തെളിഞ്ഞാല്‍ സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കണം, ഒരു കുറ്റകൃത്യത്തിന്റെ എല്ലാ ഘടകങ്ങളും നിലനില്‍ക്കുമ്പോഴും ഏത് സാഹചര്യത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ കുറ്റവിമുക്തനാക്കാം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഏത് നിര്‍വചനങ്ങള്‍ പരിഷ്‌കരിക്കണം, എപ്പോള്‍ നിഷ്‌ക്രിയത്വത്തിന് ശിക്ഷ നല്‍കണം, കുറ്റകൃത്യങ്ങള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ പരിധിയില്‍ എങ്ങനെ വേര്‍തിരിക്കണം, ആവശ്യമായ മറ്റ് പരിഷ്‌കാരങ്ങള്‍ മുതലായവ.
മൂന്ന് വിഭാഗം നിയമങ്ങളിലെ ഒരു ഭാഗത്തില്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ മാത്രമാണ് വിശദീകരിച്ചത്. എന്നിട്ടും കൂടിക്കാഴ്ചയിലൂടെയുള്ള മുഴുവന്‍ വിവരശേഖരണവും ഒക്‌ടോബര്‍ ഒമ്പതുവരെയുള്ള മൂന്നുമാസത്തിനകം തീര്‍ക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മുന്നൂറോളം ചോദ്യങ്ങള്‍ അടങ്ങിയേക്കാവുന്ന ആറു ചോദ്യാവലികള്‍ക്ക് പ്രതികരണം നല്‍കാന്‍ ഭാഗികമായ സമയക്രമമാണ് നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ നീതി വ്യവസ്ഥയുടെ സമൂലമാറ്റം യാഥാര്‍ഥ്യ ബോധത്തോടെയും അഭികാമ്യമായ രീതിയിലും ഇത്രയും കുറഞ്ഞ സമയം കൊണ്ട് ചെയ്തു തീര്‍ക്കുവാന്‍ സാധിക്കില്ല. ഇതിനോട് താരതമ്യപ്പെടുത്താവുന്ന മളീമഠ് കമ്മിറ്റിയുടെ ക്രിമിനല്‍ നീതി പരിഷ്‌കരണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ രണ്ടരവര്‍ഷം എടുത്തു.
വ്യക്തതയില്ലാത്ത ‘സ്ട്രിക്റ്റ് ലയബലിറ്റി’
ചോദ്യാവലി വിപുലമാണ്. ആറ് ചോദ്യാവലികളില്‍ ആദ്യത്തേതില്‍ 46 ചോദ്യങ്ങളുണ്ട്. തിരഞ്ഞെടുത്ത ചോദ്യങ്ങളുടെ ആവശ്യകതയെക്കുറിച്ചോ പശ്ചാത്തലത്തെക്കുറിച്ചോ ഒരു മാര്‍ഗദര്‍ശനവും കമ്മിറ്റി നല്‍കിയിട്ടില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് നിയമത്തിന്റെ ഈ മേഖലയില്‍ പരിഷ്‌കരണം ആവശ്യമുണ്ടെന്ന് കമ്മിറ്റി തീരുമാനിച്ചത്? ചോദ്യാവലികളുടെ പദവിന്യാസം അനുചിതമായ രീതിയിലാണ്. അടിസ്ഥാനമില്ലാത്ത അനുമാനത്തില്‍ ഉന്നയിച്ചിരിക്കുന്നവയാണ് പല ചോദ്യങ്ങളും. ചിലതിന്റെ അര്‍ത്ഥം അവ്യക്തമോ അപൂര്‍ണമോ ആണ്. നിയമ പഠനം നടത്താത്ത വ്യക്തികള്‍ക്ക് അപ്രാപ്യമായ രീതിയിലുള്ള ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ന്യൂനതയുടെ ഒരു ഉദാഹരണം: ‘കര്‍ശനമായ ബാധ്യത' (അഥവാ ‘സ്ട്രിക്ട് ലയബിലിറ്റി'). ആദ്യ ചോദ്യാവലിയിലെ ഒരു ചോദ്യം: ‘‘ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ‘സ്ട്രിക്ട് ലയബിലിറ്റി' അടിസ്ഥാനമാക്കിയുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഒരു കുറ്റകൃത്യത്തിന്റെ ഉദ്ദേശ്യവും സ്വഭാവവും നിര്‍ണയിക്കുന്ന ഏത് അടിസ്ഥാന തത്വങ്ങളാണ് പരിഗണിക്കേണ്ടത്?'’
നിയമവൃത്തത്തിന്റെ വെളിയില്‍ നില്‍ക്കുന്ന നിരവധി വ്യക്തികള്‍ക്ക് ‘സ്ട്രിക്റ്റ് ലയബിലിറ്റി' എന്ന ആശയം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അറിയണമെന്നില്ല. ‘സ്ട്രിക്റ്റ് ലയബിലിറ്റി' എന്നതുകൊണ്ട് കമ്മിറ്റി എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നും സൂചിപ്പിച്ചിട്ടില്ല.
‘സ്ട്രിക്റ്റ് ലയബിലിറ്റി' എന്ന ആശയം വിശദീകരിക്കാം. മനഃപൂര്‍വമായോ, അല്ലെങ്കില്‍ മനഃപൂര്‍വമായി നിയമവിരുദ്ധമായ ഫലം ഉളവാക്കുന്ന രീതിയിലോ ഒരു കൃത്യം ചെയ്യുമ്പോള്‍ മാത്രമേ അത് സാധാരണ കുറ്റകൃത്യമായി പരിഗണിക്കാറുള്ളൂ. എന്നാല്‍, പൊതുവായി പറഞ്ഞാല്‍, കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന വ്യക്തികളുടെ ഉദ്ദേശ്യം ‘സ്ട്രിക്റ്റ് ലയബിലിറ്റി' കുറ്റകൃത്യങ്ങളില്‍ അപ്രസക്തമാണ്. ഉദാഹരണത്തിന് ഒരു ചെക്ക് മടങ്ങുമ്പോള്‍ ഉടമസ്ഥന് അത് മടക്കണം എന്ന ഉദ്ദേശ്യം ഇല്ലായിരുന്നു എന്ന കാരണത്താല്‍ അങ്ങനെ ചെയ്ത വ്യക്തിയെ ശിക്ഷിക്കാതിരിക്കുന്നില്ല. വേഗപരിധി ലംഘിക്കണമെന്ന ഉദ്ദേശ്യമില്ലായിരുന്നു എന്ന കാരണത്താല്‍ അങ്ങനെ ചെയ്ത ഒരു വ്യക്തിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നില്ല. എങ്കിലും നിയമവ്യവസ്ഥയിലോ നിയമപണ്ഡിതരുടെ ഇടയിലോ ‘സ്ട്രിക്റ്റ് ലയബിലിറ്റി’ എന്ന ആശയത്തെക്കുറിച്ച് അഭിപ്രായ സമന്വയം ഇല്ല. ‘X' കുറ്റകൃത്യം ഒരു പ്രതി മനഃപൂര്‍വമല്ലാതെ, അശ്രദ്ധകൊണ്ട് ചെയ്താല്‍ അത് ‘സ്ട്രിക്റ്റ് ലയബിലിറ്റി’യുടെ പരിധിയില്‍ വരുമെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു. എന്നാല്‍ മറ്റൊരു വിഭാഗം പറയുന്നത് മനഃപൂര്‍വമല്ലാതെയോ, അശ്രദ്ധമല്ലാതെയോ, കുറ്റം ചെയ്യണമെന്ന ചിന്തയേതുമില്ലാതെയോ സംഭവിക്കുന്ന പിഴവുകള്‍ക്ക് ശിക്ഷ നല്‍കുന്ന അവസരങ്ങളെ മാത്രമേ ‘സ്ട്രിക്റ്റ് ലയബിലിറ്റി’ കുറ്റകൃത്യമായി കണക്കാക്കുവാന്‍ സാധിക്കൂ എന്നാണ്. ഇതനുസരിച്ച്, പ്രതിയുടെ അശ്രദ്ധ മൂലമുള്ള ഒരു പ്രവൃത്തി ആരോപണവിധേയമായാല്‍ ആ കുറ്റകൃത്യം ‘സ്ട്രിക്റ്റ് ലയബലിറ്റി’യുടെ പരിധിയില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കില്ല.
അതുകൊണ്ടുതന്നെ, ‘സ്ട്രിക്റ്റ് ലയബിലിറ്റി’ എന്നതുകൊണ്ട് കമ്മിറ്റി എന്താണ് വിവക്ഷിക്കുന്നത് എന്നറിയാതെ ഈ വിഷയത്തില്‍ ചര്‍ച്ച അസാധ്യമാണ്. മാത്രമല്ല, ‘സ്ട്രിക്റ്റ് ലയബിലിറ്റി’ ചില സാഹചര്യങ്ങളില്‍ സ്വീകാര്യമാണ് എന്ന അനുമാനത്തിലാണ് ഈ ചോദ്യം മുന്നോട്ടുപോകുന്നത്.
അതിനുശേഷം, ‘സ്ട്രിക്റ്റ് ലയബലിറ്റി’ എപ്പോള്‍/എന്തുകൊണ്ട് നടപ്പില്‍ വരുത്തണം എന്നതിനെക്കുറിച്ച് പ്രതികരണം ചോദിക്കുന്നു. ‘സ്ട്രിക്റ്റ് ലയബലിറ്റി’ കുറ്റകൃത്യങ്ങളുടെ ഗൗരവതരമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ - തെറ്റായി ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കാത്ത അവസരത്തിലും കുറ്റവാളിയാക്കപ്പെടുക - ഇത് വളരെ വലിയ ആശങ്കയുണര്‍ത്തുന്ന വിഷയമാണ്. ഇതോടൊപ്പം കൂട്ടിവായിക്കേണ്ട ഒരു വിഷയം, ‘സ്ട്രിക്റ്റ് ലയബിലിറ്റി’ കുറ്റകൃത്യങ്ങളുടെ അഭാവം ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഒരു പ്രശ്‌നം ആണെന്ന് തെളിയിക്കുന്ന ഒരു പഠനവും വെബ്‌സൈറ്റില്‍ നല്‍കിയിട്ടില്ല എന്നതാണ്.
ചോദ്യാവലികള്‍ ഇനി പറയുന്ന ക്രമത്തിലാണ് കമ്മിറ്റി പ്രകാശനം ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്: ആദ്യമായി സബ്സ്റ്റന്‍സ് (ഒരു നിയമത്തിന്റെ സത്തയെ സംബന്ധിക്കുന്ന), പിന്നീട് പ്രൊസീജ്യര്‍ (ക്രിമിനല്‍ നിയമത്തിന്റെ നടപടിക്രമവുമായി ബന്ധപ്പെട്ട), അവസാനമായി എവിഡന്‍സ് (തെളിവുകളെ സംബന്ധിക്കുന്ന). ഇവ വേര്‍തിരിച്ച് കൈകാര്യം ചെയ്യുക എന്നത് പ്രായോഗികമല്ല. കാരണം ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ട വിഷയങ്ങളാണ്. പൊതുവെ പറഞ്ഞാല്‍, സബ്സ്റ്റാന്റീവ് ക്രിമിനല്‍ നിയമം കുറ്റകൃത്യം എന്താണെന്ന് വിശദീകരിക്കുന്നു. പ്രൊസീജ്യറല്‍ ആന്‍ഡ് എവിഡന്‍ഷറി നിയമം ഒരു കുറ്റകൃത്യം കോടതിയില്‍ എങ്ങനെ തെളിയിക്കണമെന്ന വിഷയം കൈകാര്യം ചെയ്യുന്നു.
നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്ക് പുതിയ കുറ്റകൃത്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനെക്കുറിച്ചോ നിലവിലുള്ള കുറ്റകൃത്യങ്ങളുടെ പരിഷ്‌കരണത്തെക്കുറിച്ചോ അഭിപ്രായങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ പ്രൊസീജ്യറല്‍, എവിഡന്‍ഷറി പരിരക്ഷയുടെ ഉറപ്പോടു കൂടിയുള്ള നീതിയുക്തമായ വിചാരണയെ അടിസ്ഥാനമാക്കിയായിരിക്കണം അവ ഉള്‍പ്പെടുത്തേണ്ടത് എന്ന് അവര്‍ക്ക് അഭിപ്രായം ഉണ്ടായേക്കാം. അതിനാല്‍ സബ്സ്റ്റന്‍സ്, പ്രൊസീജ്യര്‍, എവിഡന്‍സ് നിയമങ്ങളെ ഒറ്റപ്പെട്ട മേഖലകളായി കണ്ട് നിര്‍ദ്ദേശം സമര്‍പ്പിക്കുവാന്‍ സാധ്യമല്ല.
മറ്റൊരു പ്രശ്‌നം, കമ്മിറ്റിയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രധാനമായും അതിന്റെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, ഓണ്‍ലൈനിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ ചികഞ്ഞെടുത്ത് മനസ്സിലാക്കാനുള്ള കഴിവ്, എന്നിവയില്ലാതെ കമ്മിറ്റിയുമായി സംവദിക്കുക ബുദ്ധിമുട്ടാണ്. ഏറെ ഭാഷാ വൈവിധ്യവും, കുറഞ്ഞ ഇന്റര്‍നെറ്റ് ലഭ്യതയും ഉള്ള ഈ രാജ്യത്ത്, ഏറ്റവും സുഗമമായ സാഹചര്യങ്ങളില്‍ പോലും ഇത്തരം നടപടികള്‍ വലിയ ഒരു ജനവിഭാഗത്തെ ഒഴിവാക്കാന്‍ കാരണമാകും.
ഒരു ഉത്തരേന്ത്യന്‍ പ്രാദേശിക കമ്മിറ്റി
മറ്റ് മുഴുവന്‍ സമയ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഞ്ചുപേര്‍ മാത്രമാണ് കമ്മിറ്റി അംഗങ്ങള്‍. മുഴുവന്‍ സമയ അംഗങ്ങളുടെ അഭാവത്തില്‍, നല്‍കപ്പെട്ടിരിക്കുന്ന കുറഞ്ഞ സമയത്തിനുള്ളില്‍ ഫലപ്രദമായും ജനകീയവുമായും അതിന്റെ കര്‍ത്തവ്യങ്ങള്‍ കമ്മറ്റിക്ക് ചെയ്തുതീര്‍ക്കുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.
ജാതി, മത, ലിംഗ, ലൈംഗിക, വര്‍ഗ ന്യൂനപക്ഷങ്ങള്‍ക്കൊന്നും പ്രാതിനിധ്യം ഉള്ളതായി കാണുന്നില്ല. അതുപോലെ തൊഴിലാളിവര്‍ഗത്തിനോ, ഭിന്നശേഷിക്കാര്‍ക്കോ പ്രാതിനിധ്യം ഇല്ല. വടക്കേ ഇന്ത്യയിലെ ഒരു ചുരുങ്ങിയ ഭൂപ്രദേശത്തിന് പുറമേയുള്ള ആരും ഇതില്‍ അംഗങ്ങളല്ല. അരക്ഷരരും, അമിത പോലീസ് നിയന്ത്രണത്തിന് വിധേയരാവുന്നവരുമായ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും പ്രാതിനിധ്യമില്ല. ക്രിമിനല്‍ നിയമം ഏറ്റവും ബാധിക്കുന്നവരെ ഈ പ്രക്രിയയുടെ ഭാഗമാക്കേണ്ടത്, ജനകീയ നീതി നടപ്പാക്കാനും പരിഷ്‌കരണപ്രക്രിയ അര്‍ത്ഥവത്തും ഫലവത്തുമാക്കുവാനും അത്യന്താപേക്ഷിതമാണ്. ഇന്ന് ദുരഭിമാനക്കൊല (honour killing) ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് കീഴില്‍ പ്രത്യേക കുറ്റകൃത്യമായി ഉള്‍പ്പെടുത്തണോ, എങ്കില്‍ എന്ത് ശിക്ഷ നല്‍കണം എന്ന വിഷയങ്ങളില്‍ കമ്മിറ്റി അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. സാധാരണ, ദുരഭിമാനക്കൊലകള്‍ നടത്തുന്നത് ജാതി, മത, ലിംഗാധിഷ്ഠിതമായ അധികാരകേന്ദ്രങ്ങളെ നിലനിര്‍ത്താന്‍ വേണ്ടിയാണ്. ഇത്തരത്തിലുള്ള പാര്‍ശ്വവല്‍ക്കരണത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിവുള്ള അംഗങ്ങളെ ഉള്‍പ്പെടുത്താതെയുള്ള പരിഷ്‌കരണം സ്വാഗതാര്‍ഹമല്ല.
ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ നിലനില്‍ക്കുന്നത്, വിവാദപരമായ നിയമ വിഷയങ്ങള്‍ പഠിക്കുവാനും പൊതുജനസമൂഹവുമായി വിപുല ചര്‍ച്ചക്കുശേഷം പരിഷ്‌കരണം നിര്‍ദേശിക്കാനുമാണ്. ലോ കമ്മീഷനുമായി കൂടിയാലോചിക്കാതെ ഇത്ര പ്രധാനപ്പെട്ടതും, ഗൗരവതരവും, ഉത്തരവാദിത്വപ്പെട്ടതുമായ ഒരു കര്‍ത്തവ്യം, പുറമെയുള്ള ഒരു കമ്മിറ്റിയെ ഏല്‍പ്പിക്കുന്നത് ന്യായീകരിക്കാവുന്നതല്ല.
ഇത്തരം വിമര്‍ശനങ്ങളുടെ വെളിച്ചത്തില്‍ കമ്മിറ്റി ഉടന്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയാണ് വേണ്ടത്. എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയും, വിപുല ചര്‍ച്ച നടത്തിയും സുതാര്യമായ പ്രവര്‍ത്തനരീതി സ്വീകരിച്ചും വ്യക്തവും സുഗ്രഹവുമായ സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തിയും വേണ്ടത്ര പ്രാതിനിധ്യ സ്വഭാവമുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് ഭീതി ഒഴിഞ്ഞശേഷം മാത്രം നടപ്പിലാക്കേണ്ടതാണ് ക്രിമിനല്‍ നിയമ ഭേദഗതി.
വിവർത്തനം: ബാലു ജി.നായർ (Lecturer, Jindal Global Law School, Research Fellow, Melbourne Law School, Assistant Editor, Indian Law Review).
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
പ്രമോദ് പുഴങ്കര
Oct 15, 2022
6 Minutes Read
ശാക്കിർ കെ. മജീദി
Sep 24, 2022
6 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Aug 08, 2022
3 Minutes Read
ഷഫീഖ് താമരശ്ശേരി
Aug 05, 2022
14 Minutes Read
കെ.പി. റജി
Jul 26, 2022
5 Minutes Read
പി ജെ. മാത്യു
23 Aug 2020, 06:39 PM
നമ്മുടെ രാജ്യം ഒരു absurdity ആയി മാറിക്കൊണ്ടിരിക്കുന്നതിനു മറ്റൊരു തെളിവ് ഈ ലേഖനം എടുത്തു കാട്ടു ന്നു.