മരണത്തിനിപ്പുറവും സംഘ്​പരിവാറിനെ വെല്ലുവിളിക്കുന്ന നെഹ്‌റു

മരണത്തിനിപ്പുറവും സംഘപരിവാറിനെ ആരെങ്കിലും വെല്ലുവിളിക്കുന്നുണ്ടെങ്കിൽ അത് നെഹ്രുവാണെന്ന് നിസംശയം പറയാം. ‘ആത്മഹത്യ ചെയ്ത’ ഗാന്ധിയുടെ ജീവചരിത്രം പഠിക്കുന്ന കുട്ടികൾക്ക് മുന്നിലാണ് നെഹ്‌റു ഇന്ത്യയെ കണ്ടെത്തുന്നത് അല്ല, വീണ്ടെടുക്കുന്നത്.

""നെഹ്‌റു സ്വന്തമായി ഒരു രാജവംശം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നു പറയുന്നതിൽ യാതൊരു അർത്ഥവുമില്ല; അത് അദ്ദേഹത്തിന്റെ സ്വഭാവത്തിനും ജീവിതസപര്യക്കും യോജിക്കുന്ന ഒരു നിഗമനം ആയിരിക്കില്ല.''
- ഫ്രാങ്ക് മൊറെയ്സ് (1960)

മരണത്തിനിപ്പുറവും സംഘപരിവാറിനെ ആരെങ്കിലും വെല്ലുവിളിക്കുന്നുണ്ടെങ്കിൽ അത് നെഹ്രുവാണെന്ന് നിസംശയം പറയാം. ‘ആത്മഹത്യ ചെയ്ത’ ഗാന്ധിയുടെ ജീവചരിത്രം പഠിക്കുന്ന കുട്ടികൾക്ക് മുന്നിലാണ് നെഹ്‌റു ഇന്ത്യയെ കണ്ടെത്തുന്നത് അല്ല, വീണ്ടെടുക്കുന്നത്. ഇന്ത്യയെപ്പറ്റി ഉൾക്കാഴ്ചയും ദീർഘവീക്ഷണവും ഉണ്ടായിരുന്ന നെഹ്‌റുവിന്റെ ചില ഇടപെടലുകൾ മാത്രം മതിയാകും അദ്ദേഹത്തിന്റെ സമകാലിക പ്രസക്തി മനസിലാക്കാൻ.

ഒരു കാലത്ത് "ഇന്ത്യയെന്നാൽ ക്ഷാമങ്ങളും പിന്നെ നെഹ്‌റുവും ആണെന്ന്' വിദേശ പത്രപ്രവർത്തകർ ഇന്ത്യയെപ്പറ്റി പറയാറുണ്ടായിരുന്നു. മൂന്നാം ലോകരാജ്യങ്ങളുടെ രാഷ്ട്രീയ അസ്തിത്വത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്തിയ നെഹ്‌റു അക്ഷരാർഥത്തിൽ ഇന്ത്യയുടെ പര്യായമായിരുന്നു.

രണ്ടാം ലോക മഹായുദ്ധാനന്തരം ചേരിതിരിഞ്ഞു രൂപംകൊണ്ട ശീതസമരത്തിൽ നിന്ന് വ്യത്യസ്തമായ ഒരു വഴി കണ്ടെത്തി ചേരിയില്ലായ്മയുടെ ഓരം ചേർന്നു നടന്ന നെഹ്‌റു, ആഫ്രോ- ഏഷ്യൻ ഐക്യത്തിന്റെ ആണിക്കല്ലായിരുന്നു. ആദ്യ ആഫ്രോ- ഏഷ്യൻ ഉച്ചകോടി ഡൽഹിയിൽ നടക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. വാസ്തവത്തിൽ ലോകമെമ്പാടും നടന്ന സാമ്രാജ്യത്വ- കൊളോണിയൽ- ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളുടെ നെടുനായകത്വം നെഹ്‌റുവിലേക്ക് വന്നു ചേരുകയായിരുന്നു. കമ്യൂണിസ്റ്റ്‌ വിപ്ലവനാന്തരം രൂപംകൊണ്ട ചൈനയെ ആദ്യം അംഗീകരിച്ച സോഷ്യലിസ്റ്റ് ഇതര രാജ്യമായിരുന്നു നെഹ്‌റുവിന്റെ ഇന്ത്യ. മാത്രമല്ല, ലാറ്റിനമേരിക്കൻ സോഷ്യലിസ്റ്റ് വിപ്ലവ സ്വപ്നങ്ങൾക്ക് ഉപാധിരഹിത പിന്തുണ നൽകാനും നെഹ്‌റു മടിച്ചില്ല.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്ന ജവഹർലാൽ നെഹ്‌റു

ജൂതർക്കായി ഒരു രാജ്യം എന്ന ആശയത്തിന്മേൽ രൂപകൊണ്ട ഇസ്രായേൽ എന്ന രാജ്യത്തിനെതിരെ ആദ്യം നിലപാടെടുക്കാൻ തുനിഞ്ഞ ചുരുക്കം ലോക നേതാക്കളിൽ ഒരാളാണ്​ നെഹ്‌റു. "ഒരു നിത്യ നരകത്തിന്റെ വാതിലുകൾ നാമിതാ തുറക്കുകയാണ്' എന്നാണ് ഇസ്രായേൽ രൂപീകരണത്തോട് അദ്ദേഹം പ്രതികരിച്ചത്. ഫലസ്തീനൊപ്പം മാത്രമാണ് ഇന്ത്യ എന്ന് അസന്ദിഗ്ദ്ധമായി അദ്ദേഹം പ്രഖ്യാപിച്ചു. സ്റ്റാലിന്റെ സോവിയറ്റു യൂണിയൻ സ്വീകരിച്ച സാമ്പത്തിക ശാക്തീകരണ നടപടികളായ പഞ്ചവത്സര പദ്ധതികളടക്കം ഇന്ത്യയിൽ നടപ്പിലാക്കിയ നെഹ്‌റു, രാജ്യത്തെ സാമ്പത്തിക രംഗത്തെ ക്രമമായി പുതുക്കി പണിഞ്ഞു. സ്പെയിനിലെ ഫാസിസ്റ്റു ഭരണകൂടത്തെ പുറത്താക്കാൻ ആഗോളതലത്തിൽ സ്ഥാപിക്കപ്പെട്ട ബ്രിഗേഡിന്റെ ഇന്ത്യൻ പതിപ്പിന് നേതൃത്വം നൽകിയത് ജവഹർലാൽ നെഹ്‌റു ആയിരുന്നു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിധം ആഴമേറിയതായിരുന്നു നെഹ്രുവിന്റെ അന്താരാഷ്ട്ര ബന്ധം.

എന്നാൽ പതിറ്റാണ്ടുകൾക്കിപ്പുറം നരേന്ദ്ര മോദി ആ ലഗസികളെ കീഴ്​മേൽ മറിക്കുന്ന കാഴ്ചയും നാം കണ്ടു. ചേരിചേരായ്മയുടെ നായക സ്ഥാനത്തുനിന്ന്​അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയായി, സോഷ്യലിസത്തെ പുറത്തുനിർത്തി കോർപ്പറേറ്റ് ക്യാപിറ്റലിസത്തെ പുൽകുകയും സാമ്പത്തിക രംഗത്തെ സമാനതകളില്ലാത്ത ആഴങ്ങളിലേക്ക് തള്ളിയിടുകയും ചെയ്തു. ചരിത്രത്തിലാദ്യമായി ഇന്ത്യ ഫലസ്‌തീനെതിരായി വോട്ട് ചെയ്യുകയും ഇസ്രായേലിന്റെ ഏറ്റവും വലിയ പങ്കാളി ആവുകയും ചെയ്തു. ഇന്നിപ്പോൾ ഫലസ്തീൻ വിഷയം വീണ്ടും ലോകത്തെ നൊമ്പരപ്പെടുത്തുമ്പോൾ, സംഘപരിവാരം മുഴുവൻ ഇസ്രായേലിനെ പിന്തുണക്കുമ്പോൾ ഇന്ത്യൻ ഭരണകൂടത്തിന്​ ഇസ്രായേലിനനുകൂലമായ ഏകപക്ഷീയ നിലപാടെടുക്കാനാവാത്തത് ഇന്ത്യൻ വിദേശനയത്തിന്റെ ആത്മാവിൽ നെഹ്‌റുവിന്റെ സ്വാധീനമുള്ളതുകൊണ്ട് കൂടിയാണ്.

ഭരണഘടനയിൽ ഒപ്പു വെക്കുന്ന നെഹ്‌റു

ഇന്ത്യയുടെ ആഗോള നിലപാടിൽ മാത്രമല്ല ആഭ്യന്തര രാഷ്ട്രീയത്തെയും മോദി താറുമാറാക്കി. ആസൂത്രണ കമീഷനെ ഉടച്ചുവാർത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തച്ചുടച്ചു. ഫെഡറൽ സംവിധാനത്തെ അപ്പാടെ നശിപ്പിച്ചു സംസ്ഥാനങ്ങളുടെ അധികാര- അവകാശങ്ങളെ കവർന്നെടുത്തു. മതേതര മൂല്യങ്ങൾക്കുപരിയായി സ്വയമൊരു മത ഫാസിസ്റ്റു രാജ്യമെന്ന അവസ്​ഥയിലേക്ക്​ ഇന്ത്യയെ പരുവപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്തായിരുന്നു എന്നതിൽ നിന്ന്​ എങ്ങനെയാകരുത് എന്ന നിലയിലേക്ക് നമ്മൾ കൂപ്പുകുത്തി.

അന്താരാഷ്ട്ര രംഗത്ത് മാത്രമല്ല ഇന്ത്യക്കകത്തും വ്യത്യസ്തനായിരുന്നു നെഹ്‌റു. പാർലമെന്ററി സംവിധാനത്തോടും ജനാധിപത്യത്തോടും അദ്ദേഹം പുലർത്തിയ ബഹുമാനം പ്രതിപക്ഷത്തോടും കാണിച്ചിരുന്നു.

1950കൾ നെഹ്‌റുവിന്റേത് മാത്രമായിരുന്നു. എല്ലാ തിരഞ്ഞെടുപ്പുകളിലും പ്രതിപക്ഷ പാർട്ടികൾ നിരവധി പേരെ മത്സരിപ്പിച്ചു. എന്നാൽ കോൺഗ്രസിന് എല്ലാ മണ്ഡലത്തിലും ഒറ്റ സ്ഥാനാർഥിയെ ഉണ്ടായിരുന്നുള്ളു; ജവഹർലാൽ നെഹ്‌റു. പോയിടത്തെല്ലാം ആളുകൾ തടിച്ചു കൂടി. എ.കെ.ജിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ നെഹ്‌റു കോഴിക്കോട് കടപ്പുറത്ത്​ എത്തി. തടിച്ചു കൂടിയ ജനാവലിയെ കണ്ട് പത്രങ്ങൾ എ.കെ.ജിയുടെ പരാജയം പ്രവചിച്ചു. എ.കെ.ജി. വലിയ ഭൂരിപക്ഷത്തിൽ ജയിച്ച്​ ഇതേ നെഹ്രുവിന്റെ പ്രതിയോഗിയായി. എ.കെ.ജി. പാർലമെന്റിൽ നടത്തിയ സർക്കാർ വിരുദ്ധ പ്രസംഗങ്ങൾ നെഹ്‌റു ശ്രദ്ധാപൂർവം കേട്ടിരുന്നു. വേണ്ട തിരുത്തലുകൾ നടത്തി. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് ഒഴിച്ചു കൂടാനാവാത്ത സ്ഥാനമുണ്ടെന്ന് നെഹ്‌റു അടിയുറച്ചു വിശ്വസിച്ചിരുന്നു.

നെഹ്‌റുവിന്റെ പ്രധാന എതിരാളി കമ്യൂണിസ്റ്റ്‌ നേതാക്കൾ മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ സ്വന്തം മരുമകനും അതിൽപെടുമായിരുന്നു. ഇന്ദിരയുടെ ഭർത്താവ് ഫിറോസ് ഗാന്ധി നെഹ്‌റുവിന്റെ നിത്യവിമർശകനായിരുന്നു. 1954 ൽ ഫിറോസ് ഇന്ത്യൻ പാർലമെൻറിൽ നടത്തിയ കന്നി പ്രസംഗം രാജ്യത്തെ ഇൻഷുറൻസ് കമ്പനികളും വൻകിടവ്യവസായികളും തമ്മിൽ രൂപപ്പെട്ടുവന്ന അവിഹിത ബന്ധത്തെപ്പറ്റിയുള്ളതായിരുന്നു. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ കുംഭകോണമായി അറിയപ്പെട്ട മുണ്ഡ്രാ ഇടപാട് വെളിച്ചത്തു കൊണ്ടുവന്നത് ഫിറോസ് ഗാന്ധി ആയിരുന്നു. നെഹ്‌റു തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളെയും സമചിത്തതയോടെയാണ് കണ്ടത്. ഫിറോസ്‌ പ്രസംഗിക്കുമ്പോൾ നെഹ്‌റു ശ്രദ്ധാപൂർവ്വം കേട്ടിരിക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു.

പ്രതിപക്ഷ ബഹുമാനം അഭിനന്ദനീയമാണെങ്കിലും കേരളത്തിലെ കമ്യൂണിസ്റ്റ്‌ സർക്കാരിനെ പിരിച്ചു വിട്ട ജനാധിപത്യ വിരുദ്ധ നടപടിയിലെ മൗനം അദ്ദേഹത്തിന്റെ ജീവിതത്തിലെ തീരാകളങ്കമായി അവശേഷിക്കുന്നുണ്ട്. ജനസംഘത്തിന്റെ ടിക്കറ്റിൽ ജയിച്ചുവന്ന എ.ബി. വാജ്പേയിയെയും നെഹ്‌റു പരിഗണിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇന്ത്യൻ ഡെലിഗേഷനിൽ നെഹ്‌റു വാജ്പേയിയേയും ഒപ്പം കൂട്ടിയിരുന്നു. "ഒരു നാൾ നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമെന്ന്' നെഹ്‌റു പറഞ്ഞതായി വാജ്‌പേയ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വാജ്പേയിയുടെ പാർട്ടിയെയും അവരുടെ തത്വസംഹിതയെയും സമാനതകളില്ലാത്ത വിധം നെഹ്‌റു തുറന്നെതിർത്തിട്ടുണ്ട്. ആ വിഷയത്തിൽ പട്ടേലുമായി വലിയ വാഗ്വാദങ്ങൾക്കും കോൺഗ്രസ്‌ സമ്മേളനങ്ങൾ വേദിയായിട്ടുണ്ട്. ആ എതിർപ്പ് ഇന്നും നെഹ്‌റു വിരോധമായി വാജ്‌പേയിയുടെ പിൻഗാമികൾ കൊണ്ടുനടക്കുന്നുമുണ്ട്.

തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നടപടി എടുക്കുന്നതിനോ ശത്രുത വെച്ചു പുലർത്തുന്നതിനോ നെഹ്‌റു തുനിഞ്ഞില്ല. പിറക്കാനിരിക്കുന്ന രാഷ്ട്രത്തിന്റെ ആദ്യ സർക്കാർ ഇന്ത്യയുടെ പരിച്ഛേദം ആകണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു.

കോൺഗ്രസിന്റെയും ഗാന്ധിയുടെയും എതിർപക്ഷത്തുണ്ടായിരുന്ന അംബേദ്കർ ആയിരുന്നു നെഹ്‌റുവിന്റെ ക്യാബിനറ്റിലെ നിയമ മന്ത്രി. ജസ്റ്റിസ് പാർട്ടിയുടെ നേതാവും ധനകാര്യ വിദഗ്ധനുമായ ഷൺമുഖം ഷെട്ടിയായിരുന്നു ധനകാര്യ മന്ത്രി. നെഹ്‌റു ജീവിതകാലം മുഴുവനെതിർത്ത ആശയത്തിന്റെ വക്താവായിട്ടു കൂടി ശ്യാമപ്രസാദ് മുഖർജി ക്യാബിനറ്റിൽ ഇടംപിടിച്ചു. കോസ്മോപോളിറ്റൻ നെഹ്‌റുവിന്റെ കടകവിരുദ്ധ പ്രകൃതമായിരുന്ന, യാഥാസ്ഥിതികനായ രാജേന്ദ്ര പ്രസാദും ആദ്യ മന്ത്രിസഭയുടെ ഭാഗമായി.

ഒന്നാമത്തെ കേന്ദ്ര മന്ത്രിസഭയിൽ നിയമ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ഡോ. ബി.ആർ. അംബേദ്കർ

ഇത്തരത്തിൽ ഇന്ത്യയുടെ സാമാന്യ രൂപത്തെ അടയാളപ്പെടുത്തുന്നതായിരുന്നു നെഹ്രുവിന്റെ ക്യാബിനറ്റ്. അഥവാ, നെഹ്‌റു പുലർത്തിയ രാഷ്ട്രീയാന്തസ്സ് അത്രകണ്ട് ജനാധിപത്യത്തെ അംഗീകരിച്ചിരുന്നു.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ആശയമായിരുന്നു ജവഹർലാൽ നെഹ്‌റു. കോൺഗ്രസ്‌ പ്രവർത്തക സമിതിയിൽ പട്ടേൽ പ്രധാനമന്ത്രി ആകണമെന്ന് വാദിച്ചവരുണ്ട്. അവർക്കുള്ള ഗാന്ധിയുടെ ഉത്തരം തീർത്തും ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു. വൈവിധ്യങ്ങൾ ഇന്ത്യയുടെ ആത്മാവിനെ രൂപപ്പെടുത്തിയപ്പോൾ അതിനെ സർവാത്മന സംരക്ഷിച്ചു നിർത്താൻ അദ്ദേഹത്തിനായി. ഒരു ജനതയുടെ എല്ലാ സവിശേഷതകളെയും മാനിച്ച് ​നമുക്കൊപ്പം നിർത്തിയ ജനാധിപത്യ ബോധ്യമായിരുന്നു ആർട്ടിക്കിൾ 370 അഥവാ കാശ്മീരിന്റെ പ്രത്യേകാവകാശം.

ഇന്ത്യയെ രൂപപ്പെടുത്തിയ ഗാന്ധിയെയും നെഹ്‌റുവിനെയും അംബേദ്കറേയും ഉയർത്തിപ്പിടിച്ചുകൊണ്ടാവണം കാവി രാഷ്​ട്രീയത്തെയും അത്​ ഉൽപാദിപ്പിക്കുന്ന സ്വേച്​ഛാധിപത്യത്തെും​ വിദ്വേഷപ്രത്യയശാസ്​ത്രത്തെയും ചെറുക്കാൻ.

Comments