കോവിഡ് രണ്ടാം തരംഗം:
ഇത് ക്രിമിനൽ അവഗണനയല്ല
പ്രത്യക്ഷ അക്രമമാണ്
അരുന്ധതി റോയ്
കോവിഡ് രണ്ടാം തരംഗം: ഇത് ക്രിമിനൽ അവഗണനയല്ല, പ്രത്യക്ഷ അക്രമമാണ്- അരുന്ധതി റോയ്
‘‘വ്യവസ്ഥിതി തകിടം മറിഞ്ഞിട്ടില്ല. വ്യവസ്ഥിതി ശേഷിക്കുന്നില്ല എന്നതാണ് വസ്തുത. ഈ സര്‍ക്കാരും, ഇതിനു മുമ്പത്തെ കോണ്‍ഗ്രസ് സര്‍ക്കാരും രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ മനഃപൂര്‍വ്വം പൊളിക്കുകയായിരുന്നു. അടിസ്ഥാനപരമായ ആരോഗ്യസുരക്ഷാ സൗകര്യങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാത്ത ഒരു രാജ്യത്ത് മഹാമാരി വന്നാല്‍ സംഭവിക്കുന്നത് ഇതാണ്’’
29 Apr 2021, 06:11 PM
""ഈ ഗ്രാമത്തില്‍ ഖബറിസ്ഥാന്‍ നിര്‍മിക്കാമെങ്കില്‍, തീര്‍ച്ചയായും ഒരു ശ്മശാനവും ഇവിടെ പണിയാന്‍ കഴിയും.''
""ശ്മശാന്‍, ശ്മശാന്‍,'' ആവേശഭരിതരായ കാണികള്‍ ആര്‍പ്പുവിളിച്ചു.
2017-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, അന്ന് സംസ്ഥാനം ഭരിച്ചിരുന്ന സമാജ്‌വാദി പാര്‍ട്ടി ഹിന്ദുക്കളുടെ ശ്മശാനങ്ങള്‍ക്ക് ചെലവഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ മുസ്‌ലിംങ്ങളുടെ ഖബറിസ്ഥാന് ചെലവഴിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുവേദിയില്‍ നടത്തിയ പ്രസ്താവനയും അതിന് അണികള്‍ നല്‍കിയ ആവേശകരമായ പ്രതികരണവും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അരുന്ധതി റോയ് ഗാര്‍ഡിയനില്‍ എഴുതിയ ‘We are witnessing a crime against humanity’ എന്ന ലേഖനം തുടങ്ങുന്നത്.
മോദി തീര്‍ച്ചയായും തന്റെ വാക്കു പാലിച്ചു. മിനിസ്റ്ററി ഓഫ് ഹെല്‍ത്ത് ആൻറ് ഫാമിലി വെല്‍ഫെയറിന്റെ ഔദ്യോഗിക കണക്കുകളനുസരിച്ച് ഇതുവരെ 11,943 പേരാണ് ഉത്തര്‍പ്രദേശില്‍ മാത്രം കോവിഡ് ബാധിച്ചും, മതിയായ ചികിത്സ ലഭിക്കാതെയും മരിച്ചത്. ഏപ്രിൽ 28നു മാത്രം മരിച്ചത് 265 പേര്‍. സംസ്ഥാനത്തെ കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നത് പരസ്യമായ രഹസ്യമാണെന്ന് ചൂണ്ടിക്കാട്ടി, സംസ്ഥാനത്തെ കോവിഡ് മരണങ്ങള്‍ ജുഡീഷ്യല്‍ ഓഫീസര്‍ക്ക് ദിവസവും റിപ്പോര്‍ട്ട് ചെയ്യണമെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവിറക്കേണ്ട സാഹചര്യമുണ്ടായി.
ആദിത്യനാഥ് സര്‍ക്കാര്‍ കോവിഡ് മരണങ്ങള്‍ മറച്ചു വെക്കുന്നെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് കോടതി ഇടപെടല്‍. തലസ്ഥാനമായ ലക്‌നൗവിലെ ശ്മശാനങ്ങളിലെ കണക്കും, സര്‍ക്കാര്‍ കണക്കുകളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ എന്‍.ഡി.ടി.വി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2021 ജനുവരിയില്‍ യൂറോപ്പും യു.എസും കോവിഡ് രണ്ടാം തരംഗത്തിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍, അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പോലും ശ്രമിക്കാതെ, വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഇന്ത്യയുടെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ച് വീമ്പു പറയുകയായിരുന്നു നരേന്ദ്ര മോദി. മോദി ഭരണകൂടം ചരിത്രത്തെ തിരുത്തി എഴുതുമ്പോള്‍ പ്രസ്തുത പ്രസംഗം അപ്രത്യക്ഷമാകുമെന്ന് ഭയന്ന് താന്‍ അത് ഡൗണ്‍ലോഡ് ചെയ്തു വെച്ചിട്ടുണ്ടെന്നും അരുന്ധതി റോയ് ലേഖനത്തില്‍ പറയുന്നു.

മോദി വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്:
""സുഹൃത്തുക്കളെ, ആശങ്കയുടെ ഈ കാലത്ത്, 1.3 ബില്ല്യന്‍ ഇന്ത്യക്കാരില്‍ നിന്ന്
ആത്മവിശ്വാസത്തിന്റെയും, പ്രതീക്ഷയുടേയും സന്ദേശവുമായാണ് ഞാന്‍ എത്തിയിരിക്കുന്നത്. കൊറോണ ഏറ്റവും രൂക്ഷമായി ബാധിക്കാന്‍ പോകുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. ഇന്ത്യയില്‍ കോവിഡിന്റെ സുനാമി തന്നെ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. 700-800 മില്ല്യന്‍ ഇന്ത്യക്കാര്‍ കോവിഡ് ബാധിതരാകുമെന്നും 20 ലക്ഷത്തോളം പേര്‍ കോവിഡ് മൂലം മരിക്കുമെന്നും ആരോ പറഞ്ഞിരുന്നു.
സുഹൃത്തുക്കളെ, ഇന്ത്യയുടെ വിജയത്തെ മറ്റു രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുന്നത് ഉചിതമല്ല. ലോക ജനസംഖ്യയുടെ 18 ശതമാനത്തെ ഉള്‍ക്കൊള്ളുന്ന രാജ്യം കൊറോണയെ പിടിച്ചു കെട്ടുക വഴി മാനവരാശിയെ തന്നെയാണ് രക്ഷിച്ചിരിക്കുന്നത്.''

വേള്‍ഡ് എക്കണോമിക് ഫോറത്തിലെ പ്രസംഗത്തിന് മൂന്ന് മാസങ്ങള്‍ക്കിപ്പുറം, ഏപ്രില്‍ 21 മുതല്‍ രാജ്യത്ത് ദിനംപ്രതി മൂന്ന് ലക്ഷത്തിന് മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ എട്ടു ദിവസങ്ങള്‍ക്കിടെ ശരാശരി ഒരു ദിവസം കോവിഡ് ബാധിക്കുന്നത് 344,876 പേര്‍ക്കാണ്. കോവിഡ് രൂക്ഷമായ സ്ഥലങ്ങളില്‍ കേരളവും ഡല്‍ഹിയും ഒഴികെ ടെസ്റ്റുകള്‍ നടത്തുന്നതില്‍ കാണിക്കുന്ന അലംഭാവം ഒരു പക്ഷെ ഇന്ത്യയിലെ രണ്ടാം തരംഗത്തിന്റെ പീക്കിന്റെ യഥാര്‍ഥ സ്വഭാവം കണക്കുകളില്‍ നിന്ന് മറച്ചു വെക്കാന്‍ ഉപകരിച്ചേക്കാം, എന്നാല്‍ കോവിഡിനെ കൈകാര്യം ചെയ്യുന്നതിലെ ഭരണകൂടത്തിന്റെ പരാജയം തുറന്നു കാട്ടാന്‍ നമുക്കു മുന്നില്‍ മോദി വാഗ്ദാനം ചെയ്ത ശ്മശാനങ്ങളുണ്ട്.
""ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ തീവ്രത ശാസ്ത്രജ്ഞരെയും വൈറോളജിസ്റ്റുകളേയും അത്ഭുപ്പെടുത്തിയെങ്കിലും, കോവിഡ് രണ്ടാം തരംഗം നേരത്തെ പ്രവചിക്കപ്പെട്ടതാണ്. മോദി തന്റെ പ്രസംഗത്തില്‍ അവകാശപ്പെട്ട കോവിഡിനെതിരെയുള്ള "ജനകീയ മുന്നേറ്റവും' കോവിഡ് പ്രതിരോധവും എവിടെ? ആശുപത്രികളില്‍ കിടക്കകളില്ല. ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും ബ്രേക്കിങ്ങ് പോയിന്റിലാണ്. സുഹൃത്തുക്കള്‍ വിളിച്ച്, സ്റ്റാഫില്ലാത്ത, ജീവനുള്ളവരെക്കാള്‍ മൃതശരീരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വാര്‍ഡുകളെ കുറിച്ച് പറയുന്നു. ആളുകള്‍ ആശുപത്രി വരാന്തകളിലും, റോഡിലും, വീടുകളിലും മരിച്ചു വീഴുകയാണ്. ഡല്‍ഹിയിലെ ശ്മശാനങ്ങളില്‍ വിറകുകളില്ല. നഗരത്തിലെ മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പ് പ്രത്യേകാനുമതി നല്‍കുന്നു. ഉദ്യാനങ്ങളും, കാര്‍ പാര്‍ക്കിങ്ങുകളും ശ്മശാനഭൂമിയാക്കി മാറ്റി. ഞങ്ങള്‍ക്ക് മുകളില്‍, ശ്വാസകോശങ്ങളില്‍ നിന്ന് വായു വലിച്ചെടുക്കുന്ന, അദൃശ്യമായ ഒരു യു.എഫ്.ഒ പാര്‍ക്ക് ചെയ്ത പ്രതീതിയാണ്. അന്നു വരെ അപരിചിതമായ ഒരുതരം വ്യോമാക്രമണം പോലൊന്ന്,'' അരുന്ധതി റോയ് എഴുതുന്നു.
ഡല്‍ഹിയില്‍ ഇതുവരെ 15,377 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഏപ്രില്‍ 22 മുതല്‍ ഡല്‍ഹിയില്‍ പ്രതിദിനം ശരാശരി 356 പേര്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഡല്‍ഹിയില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യതക്കുറവ് മൂലം ഏപ്രില്‍ 24ന് ജയ്പൂര്‍ ഗോള്‍ഡന്‍ ഹോസ്പിറ്റലില്‍ 25 പേരാണ് മരിച്ചത്. രാജ്യത്തെ തന്നെ മുന്‍നിര സ്വകാര്യ ആശുപത്രിയായ ഗംഗാറാം ഹോസ്പിറ്റലില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം ഏപ്രില്‍ 23 ന് മരിച്ചത് 25 പേരാണ്.
ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ രാജ്യതലസ്ഥാനത്തെ ആശുപത്രികള്‍ ഡല്‍ഹി ഹൈക്കോടതിയെ നിരവധി തവണ സമീപിക്കേണ്ടി വന്നു. ഹെല്‍പ്‌ലൈന്‍ ആയി ആശുപത്രികളും സാധാരണക്കാരും ആശ്രയിച്ചത് ട്വിറ്റര്‍ പോലുള്ള സമൂഹമാധ്യമങ്ങളെയാണ്.
പൊടുന്നനെ പ്രഖ്യാപിച്ച ആദ്യ ലോക്ഡൗണിന്റെ ദുരന്തപൂര്‍ണ്ണമായ ഓര്‍മ്മകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ദിവസവേതനത്തിന് തൊഴിലെടുക്കുന്നവര്‍ക്കു മുന്നിലുണ്ട്. പൊതുഗതാഗതം ലഭ്യമായ സാഹചര്യത്തില്‍ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് തിരികെ പോകുന്ന തൊഴിലാളികള്‍ക്ക് ക്വാറന്റയ്ന്‍ സൗകര്യങ്ങള്‍ പോലും ഇത്തവണയില്ല.

""ഡല്‍ഹിയിലെ സ്ഥിതി ഇതാണെങ്കില്‍ മധ്യപ്രദേശിലെയും, ഉത്തര്‍പ്രദേശിലെയും, ബിഹാറിലേയും ഗ്രാമങ്ങളിലെ അവസ്ഥയെ നാം എങ്ങനെയാണ് കാണേണ്ടത്? ഭീമമായ രാജ്യത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടു കൊണ്ടു പോകുന്നത് തങ്ങളാണെന്ന തിരിച്ചറിവുണ്ടായിട്ടും തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നത്, പ്രതിസന്ധി ഘട്ടങ്ങള്‍ ഭരണകൂടത്തിന്റെ കണ്ണില്‍ തങ്ങള്‍ അസ്ഥിത്വമില്ലെന്ന തിരിച്ചറിവ് കൊണ്ടാണ്.'' ലേഖനത്തില്‍ പറയുന്നു.
ഉത്തര്‍പ്രദേശില്‍ സമൂഹമാധ്യമത്തിലൂടെ ഓക്‌സിജന്‍ അന്വേഷിച്ച് എസ്.ഒ.എസ് സന്ദേശം അയച്ച ശശാങ്ക് യാദവ് എന്ന 26-കാരനെ അമേത്തി പൊലീസ് അറസ്റ്റു ചെയ്ത സാഹചര്യമുണ്ടായി. യുവാവിന്റെ സന്ദേശം വ്യാജമാണെന്ന് കാണിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ എന്താണ് കണ്ടെത്തിയതെന്ന് പറയാന്‍ തയ്യാറായില്ലെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നും, മറുത്ത് പറയുന്ന, "കിംവദന്തി പരത്തുന്നവരെ' ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റു ചെയ്യുമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞതിന് പിന്നാലെയായിരുന്നു ശശാങ്കിന്റെ അറസ്റ്റ്.
ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബാലെ ഏപ്രില്‍ 24ന് നല്‍കിയ പ്രസ്താവനയിലും വിനാശകാരികളായ ആന്റി-ഭാരത് ശക്തികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവര്‍ സാഹചര്യം മുതലെടുത്ത് അവിശ്വാസത്തിന്റേയും, നിഷേധാത്മകതയുടേയും അന്തരീക്ഷം സൃഷ്ടിക്കുമെന്നും, ഹൊസബാലെ പറയുന്നു. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ പോസിറ്റീവ് ആയ പങ്കു വഹിക്കുകയും, സംയമനം പാലിക്കുകയും ജാഗരൂകരായിരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഇതിനു പിന്നാലെ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം അനുസരിച്ച് ട്വിറ്റര്‍ ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകള്‍ നീക്കം ചെയ്തു. ഫേസ്ബുക്ക് #resignmodi എന്ന ഹാഷ്ടാഗ് ക്യാമ്പയ്ന്‍ തങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേഡിന് വിരുദ്ധമാണെന്ന് കാണിച്ച് താല്‍കാലികമായി നീക്കം ചെയ്തിരുന്നു.
രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം ഉണ്ടാവാനുള്ള സാധ്യതയെക്കുറിച്ച് 2020 ഏപ്രിലിലും, പിന്നീട് കേന്ദ്രസര്‍ക്കാര്‍ തന്നെ നിയോഗിച്ച സമിതി നവംബറിലും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മോദി സര്‍ക്കാര്‍ മറ്റു പല തിരക്കുകളിലും ആയിരുന്നെന്നും, ഇപ്പോഴും ആണെന്നും അരുന്ധതി റോയ് ചൂണ്ടിക്കാട്ടുന്നു. കോവിഡിന് തൊട്ടുമുമ്പ്, ജനാധിപത്യത്തിന്റെ ശേഷിക്കുന്ന അടയാളങ്ങളേയും ഇല്ലാതാക്കി, ഹിന്ദുരാഷ്ട്ര നിര്‍മ്മാണത്തിന്റെ ഭാഗമായി പൗരത്വ പട്ടിക തയ്യാറാക്കി അസമില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ന്യൂനപക്ഷങ്ങളെ പാര്‍പ്പിക്കാന്‍ ഭീമമായ തടവുകേന്ദ്രങ്ങള്‍ നിര്‍മിക്കുന്ന തിരക്കിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ എന്ന് ലേഖനത്തില്‍ പറയുന്നുണ്ട്.
""സ്വന്തം സമുദായത്തിനെതിരെ, വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന മുസ്‌ലിം-വിരുദ്ധ വംശഹത്യയില്‍ കുറ്റക്കാരായി വിചാരണ കാത്തുകിടക്കുന്ന നൂറുകണക്കിന് യുവ മുസ്‌ലിം പൗരന്മാരാണുള്ളത്. നിങ്ങള്‍ ഇന്ത്യയിലെ ഒരു മുസ്‌ലിം ആണെങ്കില്‍ നിങ്ങള്‍ കൊല്ലപ്പെടുന്നതും ഒരു കുറ്റകൃത്യമാണ്. നിങ്ങളുടെ സമുദായത്തില്‍ പെട്ടവര്‍ തന്നെ അതിനു വിലകൊടുക്കേണ്ടി വരും.''
മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ മേല്‍നോട്ടത്തില്‍ ഹിന്ദു കലാപകാരികള്‍ പൊളിച്ച ബാബറി മസ്ജിദിന്റെ സ്ഥാനത്ത് പണിയാനിരിക്കുന്ന പുതിയ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം, കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റ്‌വല്‍ക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്ക് ശക്തമായ പ്രക്ഷോഭങ്ങള്‍ക്കിടയിലും പ്രതിരോധം തീര്‍ക്കുക, ഡല്‍ഹിയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തിലും മോദിയുടെ സ്വപ്‌ന പദ്ധതിയായ സെന്‍ട്രല്‍ വിസ്റ്റയുടെ നിര്‍മ്മാണപ്രവര്‍ത്തനം അവശ്യ സര്‍വ്വീസുകളില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു കൊണ്ടു പോവുക, ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കുംഭമേള തടസ്സങ്ങളൊന്നുമില്ലാതെ നടത്തുക, പശ്ചിമ ബംഗാളില്‍ എന്തു വില കൊടുത്തും ഭരണം പിടിക്കുക എന്നിങ്ങനെയുള്ള തിരക്കുകളിലാണ് കേന്ദ്രസര്‍ക്കാര്‍ എന്ന് അരുന്ധതി റോയ് പറയുന്നു.

തെരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാര്‍ച്ച് 27ന് ആരംഭിച്ച് ഏപ്രില്‍ 29 വരെ നീളുന്ന എട്ടു ഘട്ടങ്ങളായാണ് ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ ഒന്നു മുതല്‍ ബംഗാളില്‍ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം 1000 നു മുകളിലാണ്. ഏപ്രില്‍ 28ന് 17,207 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റുകളുടെ കാര്യത്തിലും, വാക്സിന്‍ വിതരണത്തിന്റെ കാര്യത്തിലും സംസ്ഥാനം പുറകിലാണ്.
ഇന്ത്യയുടെ വാക്‌സിന്‍ പോളിസി കോര്‍പറേറ്റുകളെ ലാഭത്തിന് അനുയോജ്യമായി രൂപപ്പെടുത്തിയതാണെന്നും, നിലവിലെ ഭീകരമായ സാഹചര്യത്തെ മോദി അനകൂല മുഖ്യധാരാ ടെലിവിഷന്‍ ചാനലുകള്‍ വ്യവസ്ഥിതിയുടെ പരാജയമായാണ് അവതരിപ്പിക്കുന്നതെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തുന്നു.
""വ്യവസ്ഥിതി തകിടം മറിഞ്ഞിട്ടില്ല. വ്യവസ്ഥിതി ശേഷിക്കുന്നില്ലെന്നായിരുന്നു വസ്തുത. ഈ സര്‍ക്കാരും, ഇതിനു മുമ്പത്തെ കോണ്‍ഗ്രസ് സര്‍ക്കാരും രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ മനഃപൂര്‍വ്വം പൊളിക്കുകയായിരുന്നു. അടിസ്ഥാനപരമായ ആരോഗ്യസുരക്ഷാ സൗകര്യങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാത്ത ഒരു രാജ്യത്ത് മഹാമാരി വന്നാല്‍ ഇതാണ് സംഭവിക്കുക. ആരോഗ്യമേഖലയില്‍ ഏറ്റവും മോശം നിക്ഷേപം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.''
""വ്യവസ്ഥിതി തകിടം മറിഞ്ഞതല്ല, സര്‍ക്കാര്‍ പരാജയപ്പെട്ടതാണ്. പരാജയപ്പെട്ടു എന്നു പറയുന്നതു പോലും ശരിയല്ല. നമ്മള്‍ സാക്ഷ്യം വഹിക്കുന്നത് ക്രിമിനല്‍ നെഗ്ലിജന്‍സ് അല്ല, മറിച്ച് മാനവികതയ്ക്കു നേരെയുള്ള പ്രത്യക്ഷമായ അക്രമമാണ്.''

P Sudhakaran
1 May 2021, 10:02 AM
പ്രത്യാശയും പ്രദീക്ഷയും നഷ്ടപ്പെട്ടു ശ്വാസംമുട്ടലെടെ പ്രാഞ്ചി പ്രാഞ്ചി പോകുന്ന ഒരു ജനത അരുന്ധതി റോയിയുടെ നിരീക്ഷണം ഞെട്ടലുണ്ടാക്കുന്നു
Twinkle Prabhakaran
29 Apr 2021, 08:42 PM
വളരെ ശരിയായ നിരീക്ഷണം
ടി.എം. ഹർഷൻ
Apr 27, 2022
1 Minute Reading
മുഹമ്മദ് ഫാസില്‍
Feb 28, 2022
18 Minutes Read
Truecopy Webzine
Feb 27, 2022
2 Minutes Read
പി.കെ. തിലക്
Feb 10, 2022
11 Minutes Read
എന്‍.ഇ. സുധീര്‍
Feb 02, 2022
9 Minutes Read
എം.ബി. രാജേഷ്
Jan 31, 2022
9 Minutes Read
റോസ് ജോർജ്
Dec 21, 2021
9 Minutes Read
A. Markose
1 May 2021, 04:56 PM
" ലോകോസമസ്ത സുഖിനോ: ഭവന്തു "- ലോകമാനവികതയുടെ ശ്മശാന ഭൂമികയാക്കി അർഷാഭാരതത്തെ മലിനപ്പെടുത്യവർക്ക് മാപ്പു നല്കണമേ ഭഗവാനെ ??