നമ്മള്‍ ദശലക്ഷം പേജുകളുടെ തെളിവ് ശേഖരണത്തിനും 2000 പേജ് കോടതിവിധിയോടും നന്ദിയുള്ളവരായിരിക്കണമെന്ന് ഞാന്‍ കരുതുന്നു. കാരണം അത് ജനാധിപത്യത്തിന്റെ ശവം ഇപ്പോഴും ചുറ്റുവട്ടത്തായി വലിച്ചിഴയ്ക്കപ്പെടുന്നതിന്റെ തെളിവാണ്. ''അതിപ്പോഴും ഉത്തര്‍പ്രദേശിലെ ഹാഥ്റസിലെ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ പോലെ ദഹിക്കപ്പെട്ടിട്ടില്ല. ഒരു മൃതദേഹം എന്ന നിലയില്‍ അതിന്റേതായ ഭാരം ഇപ്പോഴുമുണ്ട്, അതു കാര്യങ്ങളെ അല്പം പതിയെയാക്കുന്നു. അതു പൂര്‍ണമായും തിരസ്‌കരിക്കപ്പെടുകയും കാര്യങ്ങള്‍ വേഗത്തിലാകുകയും ചെയ്യുന്ന ദിനം അധികം ദൂരത്തല്ല. നമ്മെ ഭരിക്കുന്നവര്‍ക്കിടയിലെ മുഴങ്ങാത്ത മുദ്രാവാക്യം ഇതാവും: "ഏക് ധക്കാ ഓര്‍ ദോ, ഡെമോക്രസി ഗാഡ് ദോ.' അതിനെ കുഴിച്ചുമൂടുക. ആ ദിവസം വന്നാല്‍,വര്‍ഷത്തില്‍ 1700 കസ്റ്റഡി മരണങ്ങള്‍ എന്നത്, നമ്മുടെ സമീപകാല, മഹത്തായ പാരമ്പര്യത്തിന്റെ വര്‍ണാഭമായ ഓര്‍മപ്പെടുത്തലാകും.''
9 Oct 2020, 01:21 PM
ദീപാവലി അടുക്കുമ്പോള്‍ ഹിന്ദുക്കള്‍ തന്റെ രാജ്യത്തേക്കുള്ള രാമഭഗവാന്റെ വിജയശ്രീലാളിതമായ മടക്കം ആഘോഷിക്കാനായി ഒരുങ്ങും (ഇപ്പോള്‍ അതിവേഗം അയോധ്യയില്‍ രാമനായി ഒരു ക്ഷേത്രം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്). ബാക്കിയുള്ള നമ്മള്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തുടര്‍ വിജയങ്ങള്‍ ആഘോഷിക്കാന്‍ സന്തോഷത്തോടെതന്നെ ഇരിക്കണം. അസ്വസ്ഥപ്പെടുത്തുന്ന ഒരു ശവദാഹത്തിന്റെ ബ്രേക്കിങ് വാര്‍ത്തയ്ക്കും വലിയ ഗൂഢാലോചനയ്ക്കും മറ്റൊരു ഗൂഢാലോചനയുടെ ഉദ്ഘാടനത്തിനുമിടയില്‍ നിലകൊള്ളുമ്പോള്‍ നമുക്ക് എങ്ങനെ നമ്മളെപ്പറ്റിയും നമ്മുടെ പുരാതനവും ആധുനികവുമായ സാംസ്‌കാരിക, നാഗരിക മൂല്യങ്ങളിലും അഭിമാനം കൊള്ളാതിരിക്കാനാവും?
സെപ്റ്റംബര്‍ മധ്യത്തില്‍ 19 വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശിലെ ഹാഥ്റസിലെ അവളുടെ ഗ്രാമത്തില്‍ ആധിപത്യജാതിയിലെ പുരുഷന്മാര്‍ കൂട്ടമായി റേപ്പ് ചെയ്യുകയും അംഗഭംഗംവരുത്തുകയും മൃതപ്രായയാക്കുകയും ചെയ്തതിന്റെ വാര്‍ത്ത വന്നു. അവളുടെ കുടുംബം അവിടെയുള്ള 15 ദലിത് കുടുംബങ്ങളില്‍ ഒന്നാണ്. ഗ്രാമത്തില്‍ 600 വീടുകളില്‍ ഭൂരിപക്ഷവും ബ്രാഹ്മണരും താക്കൂറുമാണ്. ഈ താക്കൂര്‍ ജാതിയിലാണ് സ്വയം യോഗി ആദിത്യനാഥ് എന്നു വിളിക്കുന്ന കാവിയണിഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അജയ് സിങ് ബിഷ്ടുവും പെടുന്നത് (എല്ലാ വിവരണങ്ങള്‍ പ്രകാരവും സമീപഭാവിയില്‍ പ്രധാനമന്തി പദത്തില്‍ നരേന്ദ്ര മോദിക്ക് ഇയാള്‍ പകരക്കാരനാകുമെന്നാണു പറയപ്പെടുന്നത്).
പെണ്‍കുട്ടിയെ കുറച്ചായി അവളുടെ അക്രമികള്‍ ഭീഷണിപ്പെടുത്തുകയും ഭയവിഹ്വലയാക്കുകയും ചെയ്തിരുന്നു. അവളെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. സംരക്ഷണത്തിന് ആരുമെത്തിയില്ല. അതിനാല്‍, അവള്‍ വീട്ടില്‍തന്നെ തങ്ങുകയും വല്ലപ്പോഴും മാത്രം പുറത്തിറങ്ങുകയും ചെയ്തു. അവള്‍ക്കും കുടുംബത്തിനും തങ്ങള്‍ക്കുവേണ്ടി എന്താണ് ഒരുക്കിയിരിക്കുന്നത് എന്നതിനെപ്പറ്റി ധാരണയുണ്ടായിരുന്നു. ആ ധാരണയും അവരെ സഹായിച്ചില്ല. ഒരു അവബോധവും രക്ഷിച്ചില്ല. പശുക്കളെ മേയ്ക്കാന്‍ കൊണ്ടുപോയ വയലില്‍ ചോരവാര്‍ന്നു കിടക്കുന്ന മകളെ അവളുടെ അമ്മ കണ്ടെത്തി. അവളുടെ നാവ് ഏതാണ്ട് മുറിച്ചുമാറ്റപ്പെട്ടിരുന്നു. നട്ടെല്ല് തകര്‍ത്തിരുന്നു. അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പെണ്‍കുട്ടി.
ആ പെണ്‍കുട്ടി രണ്ടാഴ്ച ജീവന്‍ നിലനിര്‍ത്തി. ആദ്യം അലിഗഢിലെ ഒരു ആശുപത്രിയില്‍. പിന്നെ ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍. അവിടെ അവളുടെ അവസ്ഥ തീര്‍ത്തും മോശമായി. സെപ്റ്റംബര്‍ 29 ന് രാത്രി അവള്‍ മരിച്ചു.

രാജ്യത്താകെ കഴിഞ്ഞ വര്‍ഷം നടന്ന 1700 കസ്റ്റഡി കൊലപാതകങ്ങളില്‍ നാലില്‍ ഒന്ന് വരുന്ന 400 എണ്ണത്തിന്റെയും ഉത്തരവാദികളായ ഉത്തര്‍പ്രദേശ് പൊലീസ് പെണ്‍കുട്ടിയുടെ ശരീരം രാത്രി തട്ടിയെടുക്കുകയും
അവളുടെ ഗ്രാമത്തിന്റെ പ്രാന്തത്തിലേക്ക് അതുകൊണ്ട് പായുകയും ചെയ്തു. അവര്‍ മാനസികദുഃഖത്തില്‍ അമര്‍ന്ന കുടുംബത്തെ ലോക്കപ്പിലടച്ചു. അങ്ങനെ തന്റെ മകളുടെ മുഖം അവസാനവട്ടം ഒന്നു കാണാനുള്ള അവകാശം അമ്മയ്ക്ക് നിഷേധിച്ചു. ലോകംവിട്ടുപോയ തങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് അവസാന ചടങ്ങുകള്‍ നടത്താനുള്ള അന്തസ്സ് അവളുടെ സമൂഹത്തിന് നിഷേധിച്ചു. എന്തു സംഭവിച്ചുവെന്നതിന്റെ കൃത്യമായ വിവരംപോലും നല്‍കുന്നതു നിഷേധിച്ച് ആ ശരീരം പൊലീസുകാര്‍ ദഹിപ്പിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ തകര്‍ക്കപ്പെട്ട ശരീരം തിടുക്കത്തില്‍ ഒന്നിച്ചുകൂട്ടിയ ചിതയില്‍ കിടത്തി. കാക്കി പോലീസ് യൂണിഫോമുകളുടെ മതിലിനു പിന്നില്‍, രാത്രി ആകാശത്തേക്കു പുക ഉയര്‍ന്നു.
പെണ്‍കുട്ടിയുടെ കുടുംബം ഒരുമിച്ച് എങ്ങനെയോ എത്തി. അവര്‍ മാധ്യമശ്രദ്ധയുടെ ചൂടില്‍ വ്യക്തമായും ഭയവിഹ്വലരായി. വെളിച്ചം അണയുമ്പോള്‍ ഈ ശ്രദ്ധനേടലിനുപോലും തങ്ങള്‍ ശിക്ഷിക്കപ്പെടുമെന്ന് വളരെ നന്നായി അറിയാവുന്നതണ് അവര്‍ ഭയചകിതരാകാന്‍ കാരണം.
എങ്ങനെയെങ്കിലും അതിജീവിക്കാനായാല്‍, അവര്‍ തങ്ങള്‍ വളര്‍ന്ന ജീവിതത്തിലേക്കു മടങ്ങിപ്പോകും. അതായത്, മധ്യകാല ക്രൂരതകള്‍ക്കും അപമാനത്തിനും തങ്ങളെ ഇരകളാക്കിയ, മധ്യകാല ജാതിഭരിത ഗ്രാമങ്ങളിലേക്ക്. തങ്ങളെ തൊട്ടുകൂടാത്തവരും മനുഷ്യത്വഗുണം കുറഞ്ഞവരുമായി പരിഗണിക്കുന്ന ജാതിനിറഞ്ഞ അതേ ഗ്രാമത്തിലേക്കുതന്നെ.
ശവദാഹത്തിന്റെ അടുത്ത ദിവസം, മൃതദേഹം സുരക്ഷിതമായി ഒഴിവാക്കിയെന്ന ഉറച്ച ബോധ്യത്തില്‍, പൊലീസ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രഖ്യാപിച്ചു. അവള്‍ കൊല്ലപ്പെടുകയേ ഉണ്ടായിട്ടുള്ളൂ. അതുമാത്രം. ജാതി അതിക്രമങ്ങളില്‍നിന്ന് ജാതി വശത്തെ വേഗത്തില്‍ ഒഴിവാക്കുന്ന നടപ്പ് നടപടിക്രമത്തിന്റെ ആരംഭം ഇത് അടയാളപ്പെടുത്തുന്നു. വിദ്വേഷജനകമായ ജാതി അതിക്രമത്തെ ക്രമേണ മറ്റൊരു നിര്‍ഭാഗ്യകരവും എന്നാല്‍ സാധാരണവുമായ കുറ്റകൃത്യമാക്കി മാറ്റുന്ന ഈ പ്രക്രിയയില്‍ കോടതികളും ആശുപത്രിരേഖകളും മുഖ്യധാരാമാധ്യമങ്ങളും സഹകരിക്കുമെന്നു പ്രതീക്ഷിക്കാം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, നമ്മുടെ സംസ്‌കാരത്തെയും സാമൂഹിക നടപ്പുരീതികളെയും കൊളുത്തില്‍ നിന്ന് ഒഴിവാക്കി നമ്മുടെ സമൂഹത്തെ ശരിവയ്ക്കുക.
നമ്മളിത് വീണ്ടുംവീണ്ടും കണ്ടുകൊണ്ടിരിക്കുന്നു. ഏറ്റവും സുവ്യക്തമായി നമ്മളിതു കണ്ടത്, 2006-ല്‍ സുരേഖ ബോധ്മാംഗെയുടെയും അവരുടെ രണ്ടു കുട്ടികളുടെയും കൂട്ടക്കൊലയിലും അതിന്റെ നിഷ്ഠുരതയിലുമാണ്. ഭാരതീയ ജനതാ പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നപോലെ, നമ്മുടെ രാജ്യത്തെ അവളുടെ മഹത്തായ ഭൂതകാലത്തിലേക്കു മടക്കിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായി, അടുത്ത തിരഞ്ഞെടുപ്പില്‍, കഴിയുമെങ്കില്‍ അജയ് സിങ് ബിഷ്ടിന് വോട്ടുചെയ്യാന്‍ ദയവായി മറക്കരുതേ. അദ്ദേഹത്തിന് അല്ലെങ്കില്‍ അദ്ദേഹത്തിന്റെ തൊട്ടടുത്തുനില്‍ക്കുന്ന മുസ്ലിം വിദ്വേഷിയായ, ദലിത് വിദ്വേഷിയായ, അവനോ അവളോ ആരുമാകട്ടെ, ആര്‍ക്കെങ്കിലും വോട്ട് ചെയ്യണേ. അപ് ലോഡ് ചെയ്യുന്ന അടുത്ത ആള്‍ക്കൂട്ട ആക്രമണത്തിന്റെ വീഡിയോ "ലൈക്' ചെയ്യാന്‍ മറക്കരുതേ, നിങ്ങളുടെ പ്രിയപ്പെട്ട വിഷംചീറ്റുന്ന ടിവി അവതാരകനെ കാണുന്നത് തുടരുകയും വേണം. കാരണം അവന്‍ അല്ലെങ്കില്‍ അവളാണ് നമ്മുടെ കൂട്ടായ മനസ്സാക്ഷിയുടെ പാലകര്‍.
കൂടാതെ, നമുക്കിപ്പോഴും വോട്ടുചെയ്യാന്‍ കഴിയുന്നതില്‍ നമ്മള്‍ നന്ദിയുള്ളവരായിരിക്കാന്‍ മറക്കരുത്, അതായത് നമ്മള്‍ അയല്‍വക്കത്തെ "പരാജിത രാഷ്ട്രങ്ങള്‍' എന്നു വിളിക്കപ്പെട്ടവയെപ്പോലെയല്ല, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലാണു നമ്മള്‍ ജീവിക്കുന്നത്. നമ്മള്‍ നിയമപാലനം ഉറപ്പാക്കുന്ന നിഷ്പക്ഷ കോടതികള്‍ ഉള്ള ഇന്ത്യയിലാണു കഴിയുന്നത്!
ഹാഥ്റസ് ഗ്രാമത്തിന്റെ പുറത്തെ, ഈ നാണംകെട്ട, ഭയപ്പെടുത്തുന്ന ശവദാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍, സെപ്റ്റംബര്‍ 30-ന് രാവിലെ, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പ്രത്യേക കോടതി അത്തരം നിഷ്പക്ഷതയുടെയും സാധ്യതയുടെയും ശക്തമായ പ്രകടനം നമുക്ക് കാണിച്ചുതന്നു. 28 വര്‍ഷത്തെ ശ്രദ്ധാപൂര്‍വമായ പര്യാലോചനകള്‍ക്കുശേഷം, ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെ ഗതി തിരിച്ചുവിട്ട ബാബറി മസ്ജിദ് തകര്‍ക്കലിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട 32 പേരെയും ആ കോടതി വെറുതേവിട്ടു. ഈ വെറുതേവിട്ടവരില്‍ മുന്‍ ആഭ്യന്തരമന്ത്രി, മുന്‍ കാബിനറ്റ് മന്ത്രി, ഒരു മുന്‍ മുഖ്യമന്ത്രി എന്നിവര്‍ ഉള്‍പ്പെടുന്നു. ഫലത്തില്‍, ആരും ബാബറി മസ്ജിദ് തകര്‍ത്തില്ല എന്നുവരുന്നു. ഏറ്റവും കുറഞ്ഞപക്ഷം നിയമപരമായി നോക്കുമ്പോഴെങ്കിലും അത് അങ്ങനെയാണ്. ചിലപ്പോള്‍ പള്ളി സ്വയം തകര്‍ന്നതാവാം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്, ബാബാസാഹിബ് അംബേദ്കറുടെ ചരമവാര്‍ഷിക ദിനത്തില്‍, സ്വയം പൊടിയായി നുറുങ്ങി വീഴാന്‍, അന്ന് അവിടെ തടിച്ചു കൂടിയ, സ്വയം "ഭക്തര്‍' എന്നു വിളിച്ച കാവിയണിഞ്ഞ തെമ്മാടികളുടെ കൂട്ടായ ഇച്ഛാശക്തിക്കു കീഴില്‍ പൊടിഞ്ഞുവീഴാന്‍ ബാബറി പള്ളി ഡിസംബര്‍ ആറ് എന്ന ദിവസം സ്വയം തെരഞ്ഞെടുത്തതാകാം. പഴയ പള്ളിയുടെ മിനാരങ്ങള്‍ അടിച്ചു തകര്‍ക്കുന്നതിന്റെ നമ്മളെല്ലാം കണ്ട ദൃശ്യങ്ങള്‍, നമ്മള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്ത ദൃക്സാക്ഷികളുടെ മൊഴികള്‍, അതിനുശേഷമുള്ള മാസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞ വാര്‍ത്തകള്‍ എല്ലാം നമ്മുടെ ഭാവനയിലെ കെട്ടുകഥകളാണ്.

എല്‍.കെ. അദ്വാനിയുടെ രഥയാത്രയും ഇന്ത്യയിലെമ്പാടും തുറന്ന ട്രക്കില്‍ അദ്ദേഹം യാത്ര നടത്തിയതും വലിയ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്തതും നഗരപാതകള്‍ അടച്ചിട്ടതും അയോധ്യയില്‍ യഥാര്‍ത്ഥ ഹിന്ദുക്കള്‍ ഒന്നിച്ച്, പള്ളി നിന്ന അതേ സ്ഥലത്തുതന്നെ രാമക്ഷേത്രം പണിയുന്നതില്‍ പങ്കാളിയാകണം എന്ന് ആവശ്യപ്പെട്ടതും എല്ലാം ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ രഥയാത്ര സൃഷ്ടിച്ച മരണവും നശീകരണവും നടന്നതല്ല. ആരും "ഏക് ധക്കാ ഓര്‍ ദോ, ബാബറി മസ്ജിദ് തോഡ് ദോ' എന്ന മുദ്രാവാക്യം മുഴക്കിയിട്ടില്ല.
നമ്മള്‍ ഒരു കൂട്ടായ, ദേശവ്യാപകമായ മോഹനിദ്ര അനുഭവിക്കുകയാണ്. നമ്മളെല്ലാം എന്താണ് പുകയ്ക്കുന്നത്? നമ്മളെയെല്ലാം എന്താണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിളിപ്പിക്കാത്തത്? എന്തുകൊണ്ട് ബോളിവുഡ് ആള്‍ക്കാര്‍ മാത്രം വിളിക്കപ്പെടുന്നു? എന്താ, നമ്മള്‍ നിയമത്തിന്റെ കണ്ണില്‍ സമന്മാരല്ലേ?
പ്രത്യേക കോടതി ജഡ്ജി വിശദമായി, പള്ളി തകര്‍ക്കാന്‍ അവര്‍ക്ക് എങ്ങനെ പദ്ധതിയില്ലായിരുന്നുവെന്നതിനെപ്പറ്റി 2300 പേജ് വിധിന്യായം എഴുതി. ഒരു പദ്ധതിയുടെ അഭാവത്തെപ്പറ്റി 2300 താളുകളില്‍ സമ്മതിക്കുന്നത് ഒരു ആഢംബരമാണ്. "ഒരു മുറിയില്‍' ഇരുന്ന് പള്ളി തകര്‍ക്കല്‍ പദ്ധതിയിടാന്‍ കൂടിച്ചേര്‍ന്നതിന് ആരോപിതര്‍ക്കെതിരേ എങ്ങനെ ഒരു തെളിവുമില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ചിലപ്പോള്‍ ഗൂഢാലോചന സംഭവിച്ചത്, മുറിക്കു പുറത്ത്, നമ്മുടെ തെരുവുകളില്‍, പൊതുയോഗങ്ങളില്‍, നമ്മള്‍ എല്ലാവരും കാണുകയും പങ്കെടുക്കുകയും ചെയ്ത ടിവിസ്‌ക്രീന്‍ കാഴ്ചകളില്‍ ആയതുകൊണ്ടാണോ?
എന്തായാലും, ബാബറി മസ്ജിദ് ഗൂഢാലോചന ഇപ്പോള്‍ പുറത്താണ്. പക്ഷേ, മറ്റൊരു ഗൂഢാലോചന ഇപ്പോള്‍ "അകത്തും', "പ്രവണത'യുമായി മാറിയിട്ടുണ്ട്-2020 ലെ ഡല്‍ഹി കൂട്ടക്കൊല ഗൂഢാലോചന. 53 പേര്‍ കൊല്ലപ്പെടുകയും (അതില്‍ 40 പേര്‍ മുസ്ലിംകളാണ്), 581 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആ ഗൂഢാലോചന വടക്കുകിഴക്കന്‍ ഡല്‍ഹിയുടെ തൊഴിലാളിവര്‍ഗമേഖലകളിലാണു നടന്നത്. പള്ളികള്‍, കബറിസ്ഥാനുകള്‍, മദ്രസ്സകള്‍ എന്നിവ പ്രത്യേകം ലക്ഷ്യമാക്കപ്പെട്ടു. വീടുകള്‍, കടകള്‍, മുസ്ലിങ്ങളില്‍ നല്ല പങ്കിന്റെയും ബിസിനസ് എന്നിവയ്ക്ക് നേരേ തീബോംബുകള്‍ എറിയുകയും ചുട്ടുകരിക്കുകയും ചെയ്തു.
ഈ ഗൂഢാലോചനാ കേസില്‍ ഡല്‍ഹി പൊലീസ് തയ്യാറാക്കിയ കുറ്റപത്രം ആയിരക്കണക്കിനു പേജുകള്‍ ഉള്ളതാണ്. അതില്‍ കുറച്ചാളുകള്‍ മേശയ്ക്കു ചുറ്റും ഇരിക്കുന്ന ചിത്രമുണ്ട്. അതെ! ഒരു മുറിക്കുള്ളില്‍, ഒരു ഓഫീസ് അടിത്തറയിലെ ആസൂത്രണം. അവരുടെ ഭാവപ്രകടനങ്ങളില്‍നിന്ന് അവര്‍ ഗൂഢാലോചന ഒരുക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കു വ്യക്തമായി പറയാം. അതിനേക്കാള്‍ ആരോപണശരങ്ങള്‍ അവര്‍ക്ക് നേരെ നീളുന്നു, അവരെ തിരിച്ചറിയുന്നു, അവരുടെ പേരുകള്‍ നമ്മളോട് പറയുന്നു. അത് നാശകരമാണ്.
ബാബറി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ക്കുമേല്‍ കൂടവുമായി കയറിയ മനുഷ്യരേക്കാള്‍ ഭയപ്പെടുത്തുന്നവരാണവര്‍. ആ മേശയ്ക്ക് ചുറ്റുമിരിക്കുന്നവരില്‍ ചിലര്‍ ഇപ്പോള്‍തന്നെ ജയിലിലാണ്. മറ്റുള്ളവര്‍ വൈകാതെ ജയിലിലാകും. അറസ്റ്റുകള്‍ക്ക് കുറച്ചു മാസങ്ങളേ എടുത്തുള്ളൂ. വെറുതേ വിടുന്നതിന് വര്‍ഷങ്ങള്‍ എടുക്കും. ബാബറി മസ്ജിദിനെപ്പോലെയാണെങ്കില്‍ അതിന് 28 വര്‍ഷമെടുക്കും. ആര്‍ക്കറിയാം. അവര്‍ ചുമത്തിയ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) യ്ക്ക് കീഴില്‍ രാജ്യവിരുദ്ധമായി ചിന്തിക്കുന്നതുള്‍പ്പടെ എതാണ്ട് എല്ലാം കുറ്റകൃത്യമാണ്. നിങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കാണ്. അതിനെപ്പറ്റിയും അതിനു ചുറ്റും പൊലീസ് സ്വീകരിക്കുന്ന നപടിക്രമങ്ങളും കൂടുതല്‍ വായിക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുള്ളത് ഭ്രാന്തന്മാരുടെ സമിതിക്കു മുമ്പില്‍ തന്റെ ബുദ്ധിസ്ഥിരത സ്ഥാപിക്കാന്‍ ഭ്രാന്തില്ലാത്ത ഒരാളോട് ആവശ്യപ്പെടുന്നതുപോലെയാണ്.

നമ്മളെല്ലാം വിശ്വസിക്കുന്നത് ഡല്‍ഹി ഗൂഢാലോചന മുസ്ലീം വിദ്യാര്‍ഥികള്‍, ആക്റ്റിവിസ്റ്റുകള്‍, ഗാന്ധിയന്മാര്‍, "അര്‍ബന്‍ നക്സലുകള്‍', "ഇടതുപക്ഷക്കാര്‍' ഒക്കെ ചേര്‍ന്ന് ഒരുക്കിയെന്നാണ്. അവര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വരജിസ്ട്രേഷന്‍, പൗരത്വ നിയമദേഭഗതി എന്നിവ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. ഈ മൂന്നും ഒരുമിച്ച് നടപ്പാകുമ്പോള്‍ "പാരമ്പര്യ പത്രങ്ങള്‍' ഇല്ലാത്ത മുസ്ലീം സമുദായത്തിന്റെയും ഇന്ത്യയിലെ പാവപ്പെട്ടവരുടെയും കാലിനടിയിലെ മണ്ണ് ഇല്ലാതാകും. ഞാനുമത് വിശ്വസിക്കുന്നു. സര്‍ക്കാര്‍ ആ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചാല്‍ പ്രതിഷേധം വീണ്ടും തുടങ്ങുമെന്ന് ഞാന്‍ കരുതുന്നു. അത് അങ്ങനെതന്നെയാവുകയും വേണം.
പൊലീസിന്റെ ഭാഷ്യപ്രകാരം ഡല്‍ഹി ഗൂഢാലോചന ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുമ്പോള്‍ അക്രമവും രക്തപങ്കിലവുമായ വര്‍ഗീയ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് ഇന്ത്യന്‍ സര്‍ക്കാരിനെ വിഷമിപ്പിക്കാന്‍ വേണ്ടി ഒരുക്കിയതായിരുന്നു. കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്ലിം ഇതരര്‍ക്കുമേലുള്ള കുറ്റം, പ്രതിഷേധത്തിന് "മതേതര നിറം' നല്‍കാന്‍ ഗൂഢാലോചന നടത്തിയെന്നാണ്. കുത്തിയിരിപ്പും പ്രതിഷേധവും നയിച്ച ആയിരക്കണക്കിനു മുസ്ലിം സ്ത്രീകളെ "കൊണ്ടുവന്നത്' പ്രതിഷേധത്തിന് "ലിംഗ പരിരക്ഷ' കിട്ടാനാണ്. കൊടി വീശിയും ഭരണഘടനയുടെ ആമുഖം വായിച്ചും കവിതയും സംഗീതവും സ്നേഹവും ചൊരിഞ്ഞുമുള്ള ഈ പ്രതിഷേധങ്ങള്‍ ദുഷ്ടലാക്കോടെ ഒരുക്കിയ ആത്മാര്‍ത്ഥാരഹിതമായ വ്യാജ പ്രകടനങ്ങളായി അപലപിക്കപ്പെട്ടു. മറ്റൊരു വാക്കില്‍പറഞ്ഞാല്‍ പ്രതിഷേധത്തിന്റെ കാമ്പ് ജിഹാദി (പുരുഷന്‍)യാണ്. ബാക്കിയെല്ലാം വെറും അലങ്കാരങ്ങളും പൊലിമകളും മാത്രം.
എനിക്കു നന്നായി അറിയുന്ന യുവഗവേഷകന്‍, ഡോ. ഉമര്‍ഖാലിദിനെ വര്‍ഷങ്ങളായി, ഭരണകൂടം തുടര്‍ച്ചയായി ദ്രോഹിക്കുകയും വേട്ടയാടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ അദ്ദേഹത്തിനെതിരേ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്തു. പൊലീസ് ഭാഷ്യപ്രകാരം അദ്ദേഹമാണ് മുഖ്യഗൂഢാലോചകരില്‍ ഒരാള്‍. ഉമര്‍ ഖാലിദിനെതിരേ സമാഹരിച്ച തെളിവുകള്‍ ദശലക്ഷം പേജുകള്‍ വരുമെന്നാണു പൊലീസ് പറയുന്നത് (ഇതേ സര്‍ക്കാരാണ് മാര്‍ച്ചില്‍ മോദി ലോകത്തിലെ ഏറ്റവും ക്രൂരമായ കോവിഡ്-19 ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം തങ്ങളുടെ ഗ്രാമങ്ങളിലേക്കു നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്ന 10 ലക്ഷം തൊഴിലാളികളെപ്പറ്റി ഒരു വിവരവുമില്ലെന്നു പറഞ്ഞത്. അവരില്‍ എത്രപേര്‍ മരിച്ചു, എത്രപേര്‍ പട്ടിണിമൂലം മരിച്ചു, എത്രപേര്‍ രോഗികളായി? സര്‍ക്കാരിന് അറിയില്ലത്രേ).
ഉമര്‍ ഖാലിദിനെതിരേയുള്ള പത്ത് ലക്ഷം താളുകള്‍ വരുന്ന തെളിവുകളില്‍ ജഫര്‍ബാദ് മെട്രോ സ്റ്റേഷനിലെ ഒരു സിസിടിവി ദൃശ്യം ഉള്‍പ്പെടുത്തിയിട്ടില്ല. അവിടെയാണ് അദ്ദേഹത്തിന്റെ അത്യന്തമായ ഗൂഢാലോചനയും പ്രകോപനവും ഉണ്ടായത്. അവിടെ ആക്റ്റിവിസ്റ്റുകള്‍ ഡല്‍ഹി ഹൈക്കോടതിയോട് വിഷയത്തില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥിച്ചു. ഇത് അക്രമം തുടങ്ങുന്നതിനും വളരെ മുമ്പ്, ഫെബ്രുവരി 25-നാണ്. ആ ദൃശ്യങ്ങള്‍ ബോധപൂര്‍വംതന്നെ മായ്ക്കപ്പെട്ടിരിക്കുന്നു.

യു.എ.പി.എയ്ക്ക് കീഴില്‍ കുറ്റം ചുമത്തപ്പെട്ട് അടുത്തിടെ അറസ്റ്റിലായ, കൊലപാതകം, വധശ്രമം, കലാപത്തില്‍ പങ്കാളിത്തം എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട നൂറുകണക്കിന് മറ്റ് മുസ്ലിങ്ങള്‍ക്കൊപ്പം, ഉമര്‍ ഖാലിദ് ഇപ്പോള്‍ ജയിലിലാണ്. "തെളിവുകളുടെ' ദശലക്ഷം പേജുകളിലൂടെ കടന്നുപോകാന്‍ കോടതികളും അഭിഭാഷകരും എത്ര ജീവിതകാലമെടുക്കും? ബാബറി മസ്ജിദ് സ്വയം തകരാന്‍ നിശ്ചയിച്ചുറപ്പിച്ചുവെന്നതിന് സമാനമായ മട്ടില്‍, 2020 ഡല്‍ഹി കൂട്ടക്കൊലയുടെ പൊലീസ് ഭാഷ്യത്തില്‍ ഇന്ത്യയില്‍ തങ്ങള്‍ക്കു ഭീകരമായ അവസ്ഥയാണുള്ളത് എന്ന് ഡോണള്‍ഡ് ട്രംപിനെ കാണിക്കാന്‍വേണ്ടി മുസ്ലിംകള്‍ സ്വയം കൊല്ലാന്‍, തങ്ങളുടെ പള്ളികള്‍ കത്തിക്കാന്‍, തങ്ങളുടെ വീടുകള്‍ തകര്‍ക്കാന്‍, തങ്ങളുടെ കുട്ടികളെ അനാഥമാക്കാന്‍ സ്വയം ഗൂഢാലോചന നടത്തി എന്നാണുള്ളത്.
കേസ് ശക്തിപ്പെടുത്തുന്നതിന്, പൊലീസ് അവരുടെ കുറ്റപത്രത്തില്‍, വാട്ട്സാപ്പ് സംഭാഷണങ്ങളുടെ നൂറുകണക്കിനു പേജുകള്‍ കൂട്ടിച്ചേര്‍ത്തു. ആ സംഭാഷണങ്ങള്‍ വിദ്യാര്‍ഥികള്‍, ആക്റ്റിവിസ്റ്റുകള്‍, ആക്റ്റിവിസ്റ്റുകളെ പിന്തുണയ്ക്കുന്ന സംഘങ്ങള്‍ എന്നിവര്‍ ഡല്‍ഹിയില്‍ മുളപൊട്ടിയ നിരവധി പ്രതിഷേധവേദികളെയും സമാധാനപരമായ കുത്തിയിരിപ്പുകളെയും പിന്തുണയ്ക്കാനും കൂട്ടിയോജിപ്പിക്കാനും വേണ്ടി നടത്തിയതാണ്. ഈ സംഭാഷണങ്ങള്‍ സ്വയം "കട്ടര്‍ ഹിന്ദു ഏകത' (ഹാര്‍ഡ്ലൈന്‍ ഹിന്ദു യൂണിറ്റി) എന്നു വിളിക്കുന്ന സംഘത്തിന്റെ വാട്സാപ്പ് സന്ദേശങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. അതില്‍ അവര്‍ മുസ്ലിങ്ങളെ കൊല്ലുന്നതിനെപ്പറ്റി വമ്പു പറയുകയും തുറന്ന രീതിയില്‍ ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കളെ വാഴ്ത്തുകയും ചെയ്തു. പ്രത്യേക കുറ്റപത്രത്തിന്റെ ഭാഗമായാണ് വാട്ട്ആപ്പ് സന്ദേശങ്ങള്‍ വരുന്നത്. വിദ്യാര്‍ഥി പ്രവര്‍ത്തകരുടെ സംഭാഷണങ്ങളില്‍ നല്ല പങ്കും ചെറുപ്പക്കാര്‍ എന്ന നിലയില്‍ അവരുടെ ചേതനയും വീര്യവും നിറഞ്ഞതാണ്.
നീതിനിഷ്ഠമായ കോപബോധത്താല്‍ പ്രചോദിതരായ അവര്‍ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് സംസാരിക്കുന്നു. ആ സംഭാഷണങ്ങള്‍ വായിക്കുന്നത് നമ്മളെ ഊര്‍ജസ്വലമാക്കുകയും കോവിഡിനു മുമ്പുള്ള ദിനങ്ങളിലേക്കു തിരികെ കൊണ്ടുപോകുകയും ചെയ്യും. പുതിയ തലമുറ തങ്ങളുടേതായ രീതിയില്‍ മുന്നോട്ടുവരുന്നത് കാണുന്നത് ആവേശം പകരും. സമാധാനപരവും ശാന്തവുമായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജാഗ്രത പുലര്‍ത്താന്‍ കൂടുതല്‍ പരിചയസമ്പന്നരായ പ്രവര്‍ത്തകര്‍ ആ സംഭാഷണങ്ങളില്‍ വീണ്ടും വീണ്ടും ഇടപെടുന്നു. ജനാധിപത്യപ്രവര്‍ത്തനത്തിന്റെ ഭാഗമായിരിക്കേണ്ടതുപോലെ ആക്റ്റിവിസ്റ്റുകള്‍ എന്ന നിലയില്‍ അവര്‍ ആ സംഭാഷണങ്ങളില്‍ നിസ്സാരമായ രീതിയില്‍ വാദിക്കുകയും കലഹിക്കുകയും ചെയ്യുന്നു.
അതിശയം ഒട്ടുമിമല്ലെന്നു പറയാം, ഈ സംഭാഷണങ്ങളിലെ തര്‍ക്കത്തിന്റെ പ്രധാന വിഷയം ശഹീന്‍ബാഗിലെ ആയിരക്കണക്കിന് സ്ത്രീകളുടെ പ്രതിഷേധത്തിന്റെ അതിശയകരമായ വിജയം ആവര്‍ത്തിക്കണോ വേണ്ടയോ എന്നതാണ്. ശഹീന്‍ബാഗില്‍ സ്ത്രീകള്‍ ആഴ്ചകളായി, കുത്തിനോവിക്കുന്ന ശൈത്യകാല തണുപ്പിനെ പരാജയപ്പെടുത്തി, പ്രധാന പാതയില്‍ കുത്തിയിരുന്ന്,
ഗതാഗതം തടഞ്ഞ്, കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. ആ സ്ത്രീകള്‍ വലിയ അവളില്‍ തങ്ങളിലേക്കും തങ്ങളുടെ ആവശ്യങ്ങളിലേക്കും ശ്രദ്ധ നേടിയെടുത്തു.
ശഹീന്‍ബാഗിലെ ദാദി ബില്‍കിസ് ബാനുവിനെ ടൈം മാഗസിന്റെ 2020-ലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി തെരഞ്ഞെടുത്തു

(ഈ ബില്‍ക്കിസ് ബാനു നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 2002 ഗുജറാത്തില്‍ നടന്ന മുസ്ലിംവിരുദ്ധ വംശഹത്യയില്‍ രക്ഷപ്പെട്ട 19 വയസ്സുകാരിയായ ബില്‍ക്കിസ് ബാനുവല്ല. ആ ബില്‍ക്കിസ് ബാനു ഹിന്ദുതീവ്രവാദികളുടെ ആള്‍ക്കൂട്ടം മൂന്നുവയസ്സുകാരി അടക്കം 14 അംഗ കുടുംബത്തെ ഇല്ലാതാക്കിയ ബെസ്റ്റ്ബേക്കറി കൂട്ടക്കൊലയ്ക്ക് ദൃക്സാക്ഷിയാണ്. അവര്‍ ഗര്‍ഭിണിയായിരുന്നു. കൂട്ടബലാത്സംഗത്തിനിരയായി. അത്രമാത്രം).
ഡല്‍ഹി ആക്റ്റിവിസ്റ്റുകളുടെ വാട്സാപ്പ് ചാറ്റില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ "ചക്കാ ജാം' എന്ന റോഡ് ഉപരോധം നടത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ അവര്‍ അഭിപ്രായഭിന്നത തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടു. "ചക്കാ ജാം' ആസൂത്രണം ചെയ്യുന്നതില്‍ പുതിയതായി ഒന്നുമില്ല. കര്‍ഷകര്‍ ഇതു പലവട്ടം ചെയ്തിട്ടുണ്ട്. അവര്‍ അത് ഇപ്പോള്‍ പഞ്ചാബിലും ഹരിയാനയിലും ചെയ്യുന്നുണ്ട്. ചെറു കര്‍ഷകരുടെ നിലനില്പുതന്നെ ഭീഷണിയിലാഴ്ത്തുന്ന, ഇന്ത്യയിലെ കാര്‍ഷികരംഗത്തെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്ന, അടുത്തിടെ പാര്‍ലമെന്റില്‍ പാസാക്കിയ ബില്ലുകള്‍ക്കെതിരേയാണ് ആ റോഡ് ഉപരോധം. ഡല്‍ഹി പ്രതിഷേധത്തിന്റെ കാര്യത്തില്‍ ചാറ്റ് ഗ്രൂപ്പുകളില്‍ ചില പ്രവര്‍ത്തകര്‍ റോഡുകള്‍ തടയുന്നത് വിപരീതഫലമുളവാക്കുമെന്ന് വാദിച്ചു. മേഖലയിലെ ബി.ജെ.പി നേതാക്കളുടെ പരസ്യമായ ഭീഷണികളുടെയും, കുറച്ച് ആഴ്ചകള്‍ക്കു മുമ്പ് നടന്ന ഡല്‍ഹി തിരഞ്ഞെടുപ്പിലെ അപമാനം വര്‍ധിപ്പിച്ച അവരുടെ രോഷത്തിന്റെയും അന്തരീക്ഷത്തിലാണിത്. ചില പ്രാദേശിക ആക്റ്റിവിസ്റ്റുകള്‍ റോഡ് ഉപരോധിക്കുന്നത് അവരില്‍ കൂടുതല്‍ രോഷം ഉയര്‍ത്തുകയും തങ്ങളുടെ സമുദായങ്ങള്‍ക്കു നേരേ ആക്രമണമായി നീളുമെന്നും ഭയപ്പെട്ടു. അവര്‍ക്ക് അറിയാമായിരുന്നു കൃഷിക്കാരോ, ഗുജ്ജാറുകളോ, അല്ലെങ്കില്‍ ദലിതുകളോ റോഡ് ഉപരോധിക്കുന്നത് വേറൊരു കാര്യമാണെന്ന്. മുസ്ലിങ്ങള്‍ അത് ചെയ്യുന്നത് തീര്‍ത്തും മറ്റൊരു കാര്യമാണ്. അതാണ് ഇന്ത്യയിലെ ഇന്നത്തെ യാഥാര്‍ത്ഥ്യം.
റോഡുകള്‍ തടഞ്ഞ്, നഗരത്തിന് ശ്രദ്ധ പിടിച്ചുപറ്റിയില്ലെകില്‍ പ്രതിഷേധക്കാര്‍ അരികുവല്‍ക്കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുമെന്ന് ചിലര്‍ വാദിച്ചു. അവസാനം ചില പ്രതിഷേധസ്ഥലങ്ങളില്‍ റോഡുകള്‍ തടഞ്ഞു. പ്രവചിക്കപ്പെട്ടപോലെ തന്നെ ഇത് ഹിന്ദുതീവ്രവാദ ആള്‍ക്കൂട്ടത്തിന് ആയുധമേന്താനും കൊലപാതക ആഹ്വാനം നല്‍കുന്ന മുദ്രാവാക്യം മുഴക്കാനും അവര്‍ തേടിയ അവസരം നല്‍കി. അടുത്ത കുറച്ച് ദിവസങ്ങളില്‍, നമ്മുടെ ശ്വാസം നിലപ്പിക്കുന്ന തരം ക്രൂരത അവര്‍ അഴിച്ചുവിട്ടു. അവര്‍ അക്രമം നടത്തുമ്പോള്‍ പൊലീസ് പരസ്യമായി പിന്തുണയ്ക്കുകയും അതില്‍ പങ്കാളിയാകുന്നതിന്റെയും കാഴ്ചകള്‍ വീഡിയോകള്‍ കാണിച്ചുതന്നു. മുസ്ലിങ്ങള്‍ തിരിച്ചുംപോരാടി. രണ്ടുവശത്തും ജീവനും സ്വത്തിനും നാശങ്ങള്‍ സംഭവിച്ചു. പക്ഷേ, പൂര്‍ണമായും അതുല്യമായ തലത്തില്‍. ഒരു തുലനവും സാധ്യമല്ലാത്ത തരത്തില്‍. അക്രമം മൂര്‍ച്ഛിക്കാനും പടരാനും അനുവദിക്കപ്പെട്ടു. ദാരുണമായി പരിക്കേറ്റ മുസ്ലിം ചെറുപ്പക്കാര്‍ റോഡില്‍ കിടക്കുന്നതും അവര്‍ക്കു ചുറ്റും വളഞ്ഞിരിക്കുന്ന പൊലീസുകാര്‍ ദേശീയഗാനം ആലപിക്കാന്‍ നിര്‍ബന്ധിക്കുന്നതുമായ കാഴ്ച നമ്മള്‍ അവിശ്വാസത്തോടെ കണ്ടു. ആക്രമിക്കപ്പെട്ടവരില്‍ ഒരാളായ ഫൈസാന്‍ വൈകാതെ മരിച്ചു.
നൂറുകണക്കിന് അപായഭീതിനിറഞ്ഞ ഫോണ്‍വിളികള്‍ പൊലീസ് അവഗണിച്ചു. കൊള്ളയും കൊലപാതകങ്ങളും മയപ്പെട്ടപ്പോള്‍, അവസാനം നൂറുകണക്കിന് പരാതികള്‍ സ്വീകരിക്കപ്പെട്ടു. പക്ഷേ, അക്രമികളുടെ പേരും അസ്തിത്വവും തോക്കും വാളുമേന്തിയ ആള്‍ക്കൂട്ടം വിളിച്ച വര്‍ഗീയ മുദ്രാവാക്യങ്ങളും പരാതിയില്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിച്ചതായി ഇരകള്‍ അവകാശപ്പെട്ടു. നിശ്ചിതമായ പരാതികള്‍ കുറ്റക്കാരെ രക്ഷിക്കാനായി ആരെയും ഉള്‍പ്പെടുത്താത്ത പൊതുകേസുകളായി (വെറുപ്പ് കുറ്റകൃത്യങ്ങളില്‍ നിന്ന് വെറുപ്പിനെ ഒഴിവാക്കി) മാറി.

ഒരു വാട്സാപ്പ് ചാറ്റില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന ഒരു മുസ്ലിം ആക്റ്റിവിസ്റ്റ് ആവര്‍ത്തിച്ച് തന്നെ "ചക്കാ ജാം' സൃഷ്ടിക്കാവുന്ന അപായത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. അദ്ദേഹം അവസാനമായി വേദന നിറഞ്ഞ, പ്രത്യാരോപണം നിറഞ്ഞ സന്ദേശം അയച്ച് ഗ്രൂപ്പില്‍നിന്ന് എക്സിറ്റായി. ഈ സന്ദേശമാണ് പൊലീസും മാധ്യമങ്ങളും തങ്ങളുടെ മോശം വലനെയ്യാനായി പിടിച്ചെടുത്തത്. അവര്‍ അത് ഇന്ത്യയിലെ ഏറ്റവും ആദരണീയരായ ആക്റ്റിവിസ്റ്റുകള്‍, അധ്യാപകര്‍, സംവിധായകര്‍ എന്നിവരടങ്ങുന്ന മൊത്തം സംഘത്തെ, കൊലപാതക ഉദ്ദേശ്യം നിറഞ്ഞ അക്രമാത്മക സ്വഭാവക്കാരായ ഗൂഢാലോചനക്കാരായി താറടിക്കാന്‍ ഉപയോഗിച്ചു. ഇതിനേക്കാള്‍ അസംബന്ധമായ മറ്റെന്തെങ്കിലുമുണ്ടോ?
പക്ഷേ, നിരപരാധിത്വം സ്ഥാപിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും. അതുവരെ അവര്‍ ജയിലിലടയ്ക്കപ്പെടാം, അവരുടെ ജീവിതം പൂര്‍ണമായി തകര്‍ക്കപ്പെടാം. അതേ സമയം യഥാര്‍ത്ഥ കൊലപാതകികളും പ്രകോപനക്കാരും സ്വതന്ത്രമായി നടക്കുകയും തെരഞ്ഞെടുകള്‍ ജയിക്കുകയും ചെയ്യും. ഈ പ്രക്രിയതന്നെയാണ് ശിക്ഷ.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തില്‍ ഡല്‍ഹി പൊലീസിന്റെ പങ്ക് നിരവധി സ്വതന്ത്ര മാധ്യമ റിപ്പോര്‍ട്ടുകളും പൗരന്മാരുടെ വസ്തുത്വന്വേഷണ റിപ്പോര്‍ട്ടുകളും മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. നമ്മളെല്ലാം കണ്ട അക്രമത്തിന്റെ വീഡിയോകള്‍ വീക്ഷിക്കുകയും ഫോറന്‍സിക് പരിശോധനയും നടത്തിയതിനുശേഷം, 2020 ആഗസ്റ്റിലെ റിപ്പോര്‍ട്ടില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഡല്‍ഹി പോലീസ് ആള്‍ക്കൂട്ടമായി അഭിനയിച്ച് പ്രക്ഷോഭകരെ തല്ലുകയും പീഡിപ്പിക്കുകയും ചെയ്തതിനു കുറ്റക്കാരാണെന്ന് പറഞ്ഞു. അതിനുശേഷം ഭരണകൂടം ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരേ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കുകയും അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കയും ചെയ്തു. അതിനാല്‍ അവര്‍ ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു. ഇന്ത്യയിലെ മൊത്തം 150 ജീവനക്കാരോട് പിരിഞ്ഞു
പോകാനും ആംനെസ്റ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കാര്യങ്ങള്‍ ആപത്കരമായി മാറുമ്പോള്‍, ആദ്യം സ്ഥലം വിട്ടത് അല്ലെങ്കില്‍ സ്ഥലം വിടാന്‍ നിര്‍ബന്ധിതരായത് അന്താരാഷ്ട്ര നിരീക്ഷകരാണ്. ഈ രീതിക്രമം ഏതൊക്കെ രാജ്യങ്ങളിലാണ് മുമ്പ് കണ്ടിട്ടുള്ളത്? ആലോചിച്ചുനോക്കൂ. ഇല്ലെങ്കില്‍ ഗൂഗിള്‍ ചെയ്യൂ.
ലോകകാര്യങ്ങളിലെ അവസാനവാക്കായ, ഐക്യരാഷ്ട്രസംഘടനയുടെ സുരക്ഷാ കൗണ്‍സില്‍ ഇന്ത്യ സ്ഥിരമായ സ്ഥാനം ആഗ്രഹിക്കുന്നു. പക്ഷേ, പീഡനത്തിനെതിരേയുള്ള അന്താരാഷ്ട്ര ധാരണ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത അഞ്ചു രാജ്യങ്ങളിലൊന്നായി ഇന്ത്യയ്ക്ക് തുടരുകയും വേണം. ഇന്ത്യയ്ക്ക് ഒന്നിനും ഉത്തരം പറയാന്‍ ബാധ്യതയില്ലാത്ത ഏകകക്ഷി ജനാധിപത്യം (ഒരു ഓക്സിമോറോണ്‍-വിരുദ്ധോക്തികളുടെ സങ്കരം) മാണു വേണ്ടത്. പൊലീസ് നിര്‍മിച്ചെടുത്ത അസംബന്ധമായ 2020 ഡല്‍ഹിഗൂഢാലോചനക്കേസിന്റെയും സമാനമായ രീതിയില്‍ അസംബന്ധമായ 2018 ഭീമ കൊറേഗാവ് ഗൂഢാലോചനയുടെ (ഭീഷണിയുടെയും അപമാനിക്കലിന്റെയും ഭാഗമാണ് അസംബന്ധത) ശരിയായ ഉദ്ദേശ്യം ആക്റ്റിവിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, കവികള്‍, പ്രൊഫസര്‍മാര്‍, തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍, അനുസരണയില്ലാത്ത എന്‍.ജി.ഒകള്‍ എന്നിവരെ തടവിലടയ്ക്കുകയും കേസില്‍ കുടുക്കുകയുമാണ്. അതുവഴി ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും ഭീകരതകളെയും മായിച്ചുകളയുകമാത്രമല്ല, വരാന്‍ പോകുന്ന കാര്യങ്ങള്‍ക്കായി തട്ടുകള്‍ ഒരുക്കിയിടുകയും കൂടിയാണ്.
നമ്മള്‍ ദശലക്ഷം പേജുകളുടെ തെളിവ് ശേഖരണത്തിനും 2000 പേജ് കോടതിവിധിയോടും നന്ദിയുള്ളവരായിരിക്കണമെന്ന് ഞാന്‍ കരുതുന്നു. കാരണം അത് ജനാധിപത്യത്തിന്റെ ശവം ഇപ്പോഴും ചുറ്റുവട്ടത്തായി വലിച്ചിഴയ്ക്കപ്പെടുന്നതിന്റെ തെളിവാണ്. അതിപ്പോഴും ഉത്തര്‍പ്രദേശിലെ ഹാഥ്റസിലെ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ പോലെ ദഹിക്കപ്പെട്ടിട്ടില്ല. ഒരു മൃതദേഹം എന്ന നിലയില്‍ അതിന്റേതായ ഭാരം ഇപ്പോഴുമുണ്ട്, അതു കാര്യങ്ങളെ അല്പം പതിയെയാക്കുന്നു. അതു പൂര്‍ണമായും തിരസ്‌കരിക്കപ്പെടുകയും കാര്യങ്ങള്‍ വേഗത്തിലാകുകയും ചെയ്യുന്ന ദിനം അധികം ദൂരത്തല്ല. നമ്മെ ഭരിക്കുന്നവര്‍ക്കിടയിലെ മുഴങ്ങാത്ത മുദ്രാവാക്യം ഇതാവും: "ഏക് ധക്കാ ഓര്‍ ദോ, ഡെമോക്രസി ഗാഡ് ദോ.' അതിനെ കുഴിച്ചുമൂടുക. ആ ദിവസം വന്നാല്‍,വര്‍ഷത്തില്‍ 1700 കസ്റ്റഡി മരണങ്ങള്‍ എന്നത്, നമ്മുടെ സമീപകാല, മഹത്തായ പാരമ്പര്യത്തിന്റെ വര്‍ണാഭമായ ഓര്‍മപ്പെടുത്തലാകും.
ഒരു ചെറിയ വസ്തുതതയും നമ്മളെ പിന്തിരിപ്പിക്കരുത്. നമ്മളെ മഹാദാരിദ്ര്യത്തിലേക്കും യുദ്ധത്തിലേക്കും നയിക്കുന്ന, നമ്മളെ അംഗോപാംഗം ഛേദിച്ചെറിയുന്ന ആളുകള്‍ക്കു വോട്ടുചെയ്യുന്നത് നമുക്കു തുടരാം.
കുറഞ്ഞപക്ഷം, അവര്‍ നമുക്കായി ഒരു വലിയ അമ്പലം പണിയുന്നുണ്ട്. അത് ഒന്നുമല്ല എന്നു കരുതരുത്.
വിവര്‍ത്തനം: ആര്‍. കെ. ബിജുരാജ്
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അരുന്ധതി റോയിയുടെ ആസാദി എന്ന പുസ്തകത്തില്‍നിന്ന്
SRUTHY K S
31 Jan 2021, 11:42 AM
Great
ഉഷാ നായർ
9 Oct 2020, 09:45 PM
Great
സച്ചിദാനന്ദന്‍
Aug 11, 2022
5 Minutes Read
കെ.കണ്ണന്‍
Aug 10, 2022
7 Minutes Read
Delhi Lens
Jul 31, 2022
8.6 minutes Read
അലി ഹൈദര്‍
Jul 29, 2022
10 Minutes Watch
ഇ.കെ. ദിനേശന്‍
Jul 20, 2022
6 Minutes Read
ഡോ. എം.കെ. മുനീർ
Jul 20, 2022
4 Minutes Read
Think
Jul 16, 2022
4 Minutes Read
Truecopy Webzine
Jul 16, 2022
4 Minutes Read
എ കെ എസ്
10 Apr 2021, 01:28 PM
ആരോട്.. ഉറക്കം നടിക്കുന്ന പൊതു സമൂഹത്തോടോ 🤔