ഭിന്നശേഷി കുട്ടികൾക്ക്​ അസിസ്​റ്റീവ്​ വില്ലേജ്​: സാധ്യതകൾ, ആശങ്കകൾ

ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് പരസ്പര സഹകരണത്തോടെ ഒരുമിച്ച് താമസിക്കാവുന്ന തരത്തിൽ ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുന്ന അസിസ്റ്റീവ് വില്ലേജ്​ എന്ന പദ്ധതി സർക്കാർ വിഭാവനം ചെയ്യുന്നു. എന്നാൽ, ഭിന്നശേഷി കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രത്യേക വില്ലേജുകൾ നിർമിച്ച് അവരെ മാറ്റിനിർത്താതെ എല്ലാ മേഖലകളിലും അവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ഉൾച്ചേർക്കൽ സമീപനമാണ് സർക്കാർ കൈക്കൊള്ളേണ്ടതെന്ന നിർദ്ദേശവും ഉയരുന്നുണ്ട്​. പുതിയ പദ്ധതിയുടെ സാധ്യതകളെക്കുറിച്ചും ആശങ്കകളെക്കുറിച്ചും ഒരു അന്വേഷണം.

മ്പൂർണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കുള്ള "അനുയാത്ര'യിലാണ് കേരളം. ആ യാത്രയെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിന് അനിവാര്യമായ സമഗ്ര പദ്ധതികൾ ഇടവേളകളില്ലാതെ നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങളും ത്വരിതഗതിയിലാണ്.

2016-ലെ ഭിന്നശേഷി നയം നടപ്പിലാക്കുന്നതിൽ മികവ് പുലർത്തിയ സംസ്ഥാനമെന്ന നിലയിൽ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ അവാർഡിന് അർഹമായതും 2019 ലെ ഭിന്നശേഷി ശാക്തീകരണ പ്രവർത്തനങ്ങളിൽ മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചതുമെല്ലാം കേവലം അംഗീകാരം എന്നതിലുപരി കേരളത്തിന്റെ ഭരണ, സാമൂഹിക തലങ്ങളിൽ വന്ന പുരോഗമനപരമായ മാറ്റമായിട്ടു കൂടി വിലയിരുത്താം.

ഭിന്നശേഷി പ്രതിരോധ പ്രവർത്തനങ്ങൾ മുതൽ പുനരധിവാസം വരെ ഉറപ്പു വരുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായി സർക്കാർ ‘അസിസ്റ്റീവ് വില്ലേജ്​’ എന്ന പേരിൽ ഭിന്നശേഷി സപ്പോർട്ടീവ് വില്ലേജ് കോംപ്ലക്സിനുവേണ്ടിയുള്ള ആലോചനയിലാണ്. ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് പരസ്പര സഹകരണത്തോടെ ഒരുമിച്ച് താമസിക്കാവുന്ന തരത്തിൽ ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കിക്കൊണ്ടുള്ള പദ്ധതിയായാണ് അസിസ്റ്റീവ് വില്ലേജുകളെ സർക്കാർ വിഭാവനം ചെയ്യുന്നത്.

തുടക്കത്തിൽ മൂന്ന്​ അസിസ്​റ്റീവ്​ വില്ലേജുകൾ

തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ്‌ ഹിയറിംഗ് കാമ്പസിലെ സന്ദർശനവേളയിൽ കുട്ടികളുമായി സംവദിക്കുന്ന മന്ത്രി ആർ. ബിന്ദു. / @nishindia, Twitter

പദ്ധതിക്ക് രാജ്യത്ത്​ പൂർവ മാതൃകകളൊന്നുമില്ലാത്തതിനാൽ, പദ്ധതി നമ്മൾ ഉണ്ടാക്കിക്കൊണ്ടുവരണമെന്നും അത് കണ്ണടച്ച് തുറക്കുമ്പോഴേക്കും സാധ്യമാവുന്ന കാര്യമല്ലെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.
""അസിസ്റ്റീവ് വില്ലജുകളെന്നാൽ അസിസ്റ്റീവ് സൗകര്യങ്ങളോടുകൂടിയ വില്ലേജുകൾ എന്നാണ് ഉദ്ദേശിക്കുന്നത്. കൗൺസിലിങ്ങിനും തെറാപ്പിക്കുമൊക്കെ ആവശ്യമായ സൗകര്യമൊരുക്കുക, നഴ്സുമാരെ നിയമിക്കുക, സന്നദ്ധപ്രവർത്തകരെ സജ്ജമാക്കുക തുടങ്ങിയ നിരവധി മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. അതോടൊപ്പം, ബഡ്സ് സ്കൂൾ പോലുള്ള സൗകര്യങ്ങളും, അമ്മമാർക്കായുള്ള തൊഴിൽപരിശീലനങ്ങളുമൊക്കെ ഒരുക്കേണ്ടതുണ്ട്. അതിന് നല്ല ഹോം വർക്ക് വേണം. നടത്തിക്കൊണ്ട് വരുമ്പോഴാണല്ലോ പ്രായോഗിക സാധ്യതകളും ബുദ്ധിമുട്ടുകളുമൊക്കെ മനസിലാക്കാൻ പറ്റുക. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്ത് മൂന്ന് അസിസ്റ്റീവ് വില്ലേജുകൾ തുടങ്ങാനാണ് തീരുമാനം.
അസിസ്റ്റീവ് വില്ലേജിന്റെ പ്രാരംഭ ഘട്ട ആലോചനകളാണ് ഇപ്പോൾ നടക്കുന്നത്’’- ആർ. ബിന്ദു തിങ്കിനോട്​ പറഞ്ഞു.

ഭിന്നശേഷി സൗഹൃദാന്തരീക്ഷത്തിലേക്ക് ഘട്ടം ഘട്ടമായ മാറ്റം നടക്കുന്നുണ്ടെങ്കിലും ഇന്നും ഭൂരിപക്ഷത്തിനുവേണ്ടി ഡിസൈൻ ചെയ്യപ്പെട്ട സമൂഹത്തിൽ, അതിന്റെ ഘടനയിൽ ഏറ്റവും അൺപ്രിവിലേജ്​ഡ്​ ആയ ഒരു വിഭാഗം ഭിന്നശേഷിക്കാർ തന്നെയാണ്. 2011 ലെ സെൻസസ് പ്രകാരം 2.68 കോടി, അതായത് ജനസംഖ്യയുടെ 2.21 ശതമാനം, ഭിന്നശേഷിക്കാരുണ്ട്. 2015 ലെ ഡിസെബിലിറ്റി സർവേ പ്രകാരം കേരളത്തിൽ 19 വയസ്സിനുതാഴെയുള്ള ഭിന്നശേഷിക്കാരായ 1,30,798 കുട്ടികളാണുള്ളത്. മറ്റുകുട്ടികളെ അപേക്ഷിച്ച് കൂടുതൽ കരുതലും പരിഗണനയും ഇവർക്കാവശ്യമാണെങ്കിലും രോഗം തിരിച്ചറിയുന്ന ഘട്ടം മുതൽ അവരുടെ സാമൂഹിക സമ്പർക്കം വിച്ഛദിക്കപ്പെടാനോ ചുരുങ്ങാനോ ആണ് സാധ്യത. സമപ്രായക്കാരോടൊപ്പം ഇടപഴകാനോ സാമൂഹികവൽക്കരണ പ്രക്രിയയിൽ പങ്കാളിയാവാനോ വിരളമായ അവസരങ്ങൾ മാത്രമേ ഇവർക്ക് ലഭിക്കുന്നുള്ളൂ. കോവിഡ് കാലത്ത് നാട് മുഴുവൻ പൂട്ടി വീട്ടിലിരുന്നപ്പോൾ സ്പെഷ്യൽ സ്കൂളിൽ പോലും പോവാനാകാതെ ഏറ്റവും കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയതും ഭിന്നശേഷി കുട്ടികൾ തന്നെയായിരുന്നു.

അമ്മമാരുടെ അനുഭവങ്ങൾ

തീവ്ര ഭിന്നശേഷിയുള്ളവരും ഓട്ടിസം സ്​പെക്​ട്രം ഡിസോർഡറുകൾ പോലുള്ള ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുമായ കുഞ്ഞുങ്ങൾ ജനിക്കുന്നതോടെ സാമൂഹികജീവിതം തന്നെ വലിയൊരു പരിധിവരെ അപ്രാപ്യമായി തീരുന്ന മാതാപിതാക്കളുടെ പ്രശ്നങ്ങളും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. നേരത്തേ അവർകൂടി ഭാഗമായിരുന്ന പൊതുവിടങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നും സൗഹൃദങ്ങളിൽ നിന്നുമൊക്കെ പിൻവാങ്ങി വീട്ടിനകത്തും ആശുപത്രികളിലും മാത്രമായി തീരുന്ന അവരുടെ ജീവിതം പൊതുബോധത്തിന്റെ ഉത്കണ്ഠകൾക്കുപുറത്താണ് .

കുടുംബമെന്ന വ്യവസ്ഥാപിതത്വത്തിനുള്ളിൽ കുട്ടികളുടെ വളർച്ച എന്നത്, അമ്മയുടെ മാത്രം ഉത്തരവാദിത്തമായതുകൊണ്ടുതന്നെ പ്രത്യേക പരിഗണന ലഭിക്കേണ്ട കുഞ്ഞുങ്ങൾ ഉണ്ടാവുമ്പോളും കൂടുതലായി പരിമിതപ്പെടുന്നത് അമ്മമാരുടെ സാമൂഹിക ബന്ധങ്ങളും തൊഴിലവസരങ്ങളുമാണ്. വ്യക്തിപരമായ ആവശ്യങ്ങൾക്കുപോലും പിന്തുണ വേണ്ട കുട്ടികളെ സമാധാനത്തോടെ വിശ്വാസപൂർവം അടുത്ത ബന്ധുക്കളുടെ കൈകളിൽ പോലും ഏൽപ്പിക്കാൻ പല രക്ഷിതാക്കൾക്കും കഴിയാറില്ല. മുഴുവൻ സമയവും ഈ കുട്ടികളെ പരിപാലിക്കേണ്ടതിനാൽ ജോലിക്കുപോവാൻ കഴിയാത്ത സാഹചര്യവുമുണ്ട്. മറ്റ് ജീവിതച്ചെലവുകൾക്കു പുറമെ കുട്ടികളുടെ ചികിത്സക്ക്​ പണം കൂടി കണ്ടെത്തേണ്ട രക്ഷിതാക്കൾ കുട്ടിയെ പരിചരിക്കാൻ തൊഴിൽ ഉപേക്ഷിക്കേണ്ടിവരുമ്പോൾ സാമ്പത്തികമായും സാമൂഹികവുമായും കൂടുതൽ ദുർബലാവസ്ഥയിലേക്കാണ് എത്തിപ്പെടുന്നത്.

ഓട്ടിസമുള്ള മകനെ ഒന്നേൽപ്പിച്ച് മൂത്രമൊഴിക്കാൻ പോകാൻ പോലും താൻ ജീവിതത്തിൽ ഒരാളെ കണ്ടിട്ടില്ല എന്ന് ഒരമ്മയ്ക്ക് പറയേണ്ടിവന്ന, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുമായി ഇത്രയധികം സമ്മർദ്ദങ്ങൾ നേരിടേണ്ടി വരുന്ന രക്ഷിതാക്കളുള്ള ഒരു സമൂഹത്തിൽ മേൽസൂചിപ്പിച്ച മാതൃകയിൽ ഒരു സപ്പോർട്ടിങ്ങ് സിസ്റ്റം ആവശ്യകതയല്ല, ഒരു അനിവാര്യതയാണ്.

പ്രീത ജി.പി മകനോടൊപ്പം. / Fb Page, Preetha GP

""ഓട്ടിസ്റ്റിക്കായ കുട്ടികളുടെ രക്ഷിതാക്കളൊന്നിച്ച് താമസിച്ച് പരസ്പരം സപ്പോർട്ട് ചെയ്യുന്ന ഒന്നുരണ്ട് സംവിധാനം കേരളത്തിലുണ്ട്, ഞാനൊരിക്കൽ സംസാരിച്ചിരുന്നു. അവിടങ്ങളിൽ പൈസ അഫോർഡബിളല്ല എന്നാണ് മനസിലാക്കാൻ കഴിയുന്നത്'' ഓട്ടിസ്റ്റിക്കായ കുഞ്ഞിന്റെ അമ്മ പ്രീത ജി. പി. പറയുന്നു: സർക്കാർ തുടങ്ങുന്ന ഇത്തരമൊരു സംവിധാനത്തെ നമ്മൾ റെസ്ട്രിക്റ്റ് ചെയ്യുന്നൊന്നുമില്ല. ഹോം കെയർ കൊടുക്കണ്ട അവസ്ഥയിൽ പോലും കുട്ടികളെ അടച്ചിട്ടും കെട്ടിയിട്ടും പോകുന്ന മാതാപിതാക്കളുള്ളിടത്ത്​ രക്ഷിതാക്കൾക്ക് അവരെ സുരക്ഷിതമായി ഏൽപ്പിച്ച് ജോലിക്കുപോവാൻ സാഹചര്യമൊരുക്കേണ്ടതുണ്ട്. രക്ഷിതാക്കളുടെ സാമൂഹ്യജീവിതം തകരാതിരിക്കാനുള്ള സംവിധാനമാണ് പെ​ട്ടെന്നുണ്ടാക്കേണ്ടത്. അതുപോലെ, ഓട്ടിസ്റ്റിക് കുട്ടികളെ സംബന്ധിച്ച് ഒക്യുപ്പേഷൻ തെറാപ്പി കിട്ടാൻ ബുദ്ധിമുട്ട് ഏറെയാണ്. തിരുവനന്തപുരത്തുണ്ട് , കോഴിക്കോടുണ്ട് എന്നൊക്കെ പറയും. ഇതിനൊക്കെ ഇടയിലുള്ള പാരൻറ്സ് എവിടെ പോകും?. ഈ കുഞ്ഞുങ്ങളുമായി അധികദൂരം യാത്ര ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്. സ്വകാര്യസ്ഥാപനങ്ങളിൽ ഒക്യുപ്പേഷൻ തെറാപ്പി ലഭ്യമാണെങ്കിലും ഒരു അപ്പർ മിഡിൽ ക്ലാസ് ഫാമിലിക്കുപോലും താങ്ങാൻ പറ്റാത്ത പൈസയാണ് അവർ ഈടാക്കുന്നത്. ഇത്തരം പ്രശ്നങ്ങൾക്കല്ലാം പരിഹാരം കാണാൻ അസിസ്റ്റീവ് വില്ലേജുകൾ സഹായകമാവണം. സഹായകമാവുന്ന രീതിയിൽ എന്തെങ്കിലും ചെയ്യണം. കുട്ടികളെ അവിടെ കൊണ്ടുവിടാൻ പാരന്റസിനും തോന്നണം. എന്തെല്ലാം കാര്യങ്ങൾ കൊണ്ട് ഇവിടേക്കുവരുന്നത് നല്ലതാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്താൻ അധികൃതർക്ക് പറ്റണം. സാമ്പത്തികമായി കഴിയുന്നവർക്ക് സ്വകാര്യമേഖലയെയും ഉപയോഗപ്പെടുത്താം. സർക്കാർ മേഖലയിൽ ഇങ്ങനയുള്ള സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ നമ്മൾ സ്വകാര്യമേഖലയെ അടച്ചിട്ടല്ലല്ലോ തുടങ്ങുന്നത്. സർക്കാർ ഏറ്റവും മെച്ചപ്പെട്ട സംവിധാനം നൽകുമ്പോൾ സ്വകാര്യമേഖലക്ക് അതിനെക്കാളും നല്ലത് കൊടുക്കേണ്ടി വരും. അപ്പോഴാണ് പുതിയ സാധ്യതകൾ തെളിയുന്നത്. പുതിയ സാധ്യതകൾക്കനുസരിച്ച് വീണ്ടും സർക്കാർ മേഖലയിലും അപ്‌ഡേഷൻസ് വരാം.''

തുല്യത എന്ന അവകാശം

അസിസ്റ്റീവ് വില്ലേജുകളെ പ്രതീക്ഷയോടെ കാണുമ്പോഴും ഒരു മിക്​സഡ്​ ഇക്കണോമി നിലനിൽക്കുന്നിടത്ത് ആരുടെ വില്ലേജാണുണ്ടാക്കുക, ആരെല്ലാമായിരിക്കും അതിന്റെ ഗുണഭോക്താക്കൾ എന്നിങ്ങനെ പ്രയോഗികതയുമായി ബന്ധപ്പെട്ട ചില ആശങ്കകളും അവർ പങ്കുവെക്കുന്നുണ്ട്. കൂടാതെ ഡോർമെന്ററി ഉണ്ടാക്കി അതിനകത്ത് കുഞ്ഞുങ്ങളെ ഇടുന്ന രീതിയിലാണെങ്കിൽ അത് ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും പ്രീത പറയുന്നു.

ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രത്യേക വില്ലേജ് എന്ന ആശയം 2016-ലെ ഭിന്നശേഷി നയത്തിന്റെയും 2020-ൽ അതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ രൂപീകരിച്ച മാർഗനിർദേശങ്ങളുടെയും ലംഘനമായിരിക്കുമെന്ന പ്രതികൂലമായ വാദങ്ങളും ഉയരുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണം, അമ്മമാരുടെ മാത്രം ഉത്തരവാദിത്തമായി മാറുന്ന ‘പൊതു’ സാഹചര്യം സൃഷ്​ടിക്കപ്പെടുമോ എന്ന ആശങ്കയാണ്​ ഇതിൽ മുഖ്യം. "അസിസ്റ്റീവ് വില്ലേജുകളിൽ അമ്മമാർക്കായി തൊഴിൽ പരിശീലനം നൽകുന്നതും പരിഗണനയിലുണ്ട്​’ എന്ന്​ മന്ത്രി പറയുന്നതിൽ ഇതിനുള്ള സാധ്യത കാണാം. എന്നാൽ, രക്ഷിതാക്കൾ എന്ന നിലയ്​ക്ക്​, അമ്മയുടെയും അച്​ഛന്റെയും പൊതുവായ ഉത്തരവാദിത്തത്തിലൂന്നിയുള്ള പ്രവർത്തനമാണ്​ ഉദ്ദേശിക്കുന്നതെന്ന്​ മന്ത്രി വ്യക്തമാക്കുന്നുണ്ട്​. എങ്കിലും, ‘കെട്ടുപാടുകളി’ൽ നിന്ന് രക്ഷപ്പെടാൻ പുരുഷന് "ലൂപ് ഹോളുകൾ' ഒരുക്കുന്ന ഒരു സംവിധാനമായി അസിസ്റ്റീവ് വില്ലേജുകളും ഒതുങ്ങിപ്പോകാതിരിക്കാൻ അതീവ ജാഗ്രത ആവശ്യമാണ്​.

നിലവിലുളള നിർദേശങ്ങൾ നടപ്പാക്കുന്നതിന്​ വിവിധ വകുപ്പുകൾ ശ്രദ്ധ ചെലുത്തുകയും തെറാപ്പി, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം തുടങ്ങിയ സംവിധാനങ്ങൾ നവീകരിക്കയുമാണ് വേണ്ടതെന്ന് ഓട്ടിസമുളള കുട്ടികളുടെ അമ്മമാരുടെ ജീവിതം സംബന്ധിച്ച് ഗവേഷണം നടത്തിയ വ്യക്തി കൂടിയായ ഡോ. സീമ ഗിരിജ ലാൽ അഭിപ്രായപ്പെടുന്നുണ്ട്​.

ഭിന്നശേഷി കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രത്യേക വില്ലേജുകൾ നിർമിച്ച് അവരെ മാറ്റിനിർത്താതെ എല്ലാ മേഖലകളിലും അവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ഉൾച്ചേർക്കൽ സമീപനമാണ് സർക്കാർ കൈക്കൊള്ളേണ്ടതെന്ന് തമിഴ്​നാട്ടിൽ ഭിന്നശേഷി ടൗൺഷിപ്പിനെതിരെ "ഭിന്നശേഷിയുളളവർക്കും മറ്റുളളവരൈപ്പോലെ സമൂഹത്തിൽ അഭിമാനത്തോടെ ജീവിക്കുന്നതിനും തുല്യതയ്ക്കുമുളള അവകാശമുണ്ടെന്ന്' ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജി ഉദ്ധരിച്ച്​ അവർ പ്രത്യേകം പറയുന്നു.

ഡോ. സീമ ഗിരിജ ലാൽ. / Fb Page, Seema Girija Lal

ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾ തന്നെയാണ് അസിസ്റ്റീവ് വില്ലേജ് സ്വഭാവങ്ങളോടുകൂടിയ സ്ഥാപനങ്ങൾ വേണമെന്ന ആവശ്യം ഉന്നയിച്ചത്. വീടിനകത്താണ് അവർ ഏറ്റവും അന്യവൽക്കരിക്കപ്പെടുന്നത്​ എന്നും, നെഗറ്റീവായ സമീപനം മാത്രം കണക്കിലെടുത്താൽ, ഇത്തരം ആലോചനകളിലേക്കുള്ള സാധ്യതകൾ എന്നെന്നേക്കുമായി അടയുകയാണ്​ ചെയ്യുക എന്നും അസിസ്റ്റീവ് വില്ലേജിനെതിരെ വന്ന പരാമർശങ്ങളെക്കുറിച്ച് മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. കുഞ്ഞുങ്ങൾക്കും അമ്മമാർക്കും മാത്രമായല്ല ഈ വില്ലേജുകൾ തുടങ്ങാൻ ഉദ്ദേശിക്കുന്നത്, മാതാപിതാക്കളും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബങ്ങളെയാണ് പദ്ധതി ലക്ഷ്യം വെക്കുന്നതെന്നും അവർ തിങ്കിനോട് വ്യക്തമാക്കി. പ്രാരംഭദശയിലെ ആശങ്ക പരിഹരിച്ച് കാസർകോട് മൂളിയറ ആസ്ഥാനമായി നേരത്തേ ആലോചനയുണ്ടായിരുന്ന വില്ലേജ് അധികം വൈകാതെ ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അതോടൊപ്പം വില്ലേജിനുവേണ്ടി നിലമ്പൂർ, പുനലൂർ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച നിർദ്ദേങ്ങളുടെ മാതൃകകൾ പരിശോധിച്ചു വരികയാണെന്നും ആർ. ബിന്ദു പറഞ്ഞു.

‘ഇൻക്ലൂസീവ്​നസ്​’ ഒരു അസാധ്യതയോ?

വിദ്യാഭ്യാസമടക്കം എല്ലാ രംഗത്തും ഇൻക്യൂസീവായിരിക്കുക എന്നത് പ്രത്യേക പരിഗണനയർഹിക്കുന്ന വ്യക്തികളുടെ പ്രഖ്യാപിത അവകാശമാണെങ്കിലും "പൊതു' വ്യവഹാരങ്ങൾക്കകത്ത് നിലനിൽക്കുക എന്നത് ഭിന്നശേഷി വിഭാഗങ്ങളെ സംബന്ധിച്ച് ഒരു അനായാസമായ കാര്യമല്ല. കേരളത്തിൽ, സാമ്പത്തികമായി താങ്ങാവുന്ന രീതിയിലുള്ള ഇൻക്ലൂസീവ് എജ്യുക്കേഷൻ സർക്കാർ സ്‌കൂളുകളിൽ മാത്രമാണ് ലഭ്യമാവുന്നത്. ഈ കുട്ടികൾ അഗ്രസ്സീവായാലോ ശരിയായി ടോയ്‌ലെറ്റോ ബാത്ത്‌റൂമോ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതി വന്നോലോ ഒക്കെ, മറ്റു കുട്ടികളുടെ രക്ഷിതാക്കൾക്ക്​ പലപ്പോഴും പ്രശ്‌നമാകാനിടയുണ്ട്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള രക്ഷിതാക്കൾ സ്‌പെഷ്യൽ ട്യൂട്ടറെയോ സ്‌പെഷ്യൽ തെറാപ്പിസ്റ്റിനെയോ വെച്ച് മുന്നോട്ടുപോകും. അല്ലാതെ ഇത്തരം കുഞ്ഞുങ്ങളെ സാധാരണ മാനേജ്‌മെൻറ്​ സ്‌കൂളുകളോ എയ്ഡഡ് സ്‌കൂളുകളോ ഉൾക്കൊള്ളാനുള്ള സാധ്യതയില്ല, അഥവാ, ചേർത്താൽ തന്നെ അവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കി ഒപ്പം നിൽക്കാനും പിന്തുണക്കാനുമുള്ള സാഹചര്യമുണ്ടാകാറുമില്ല.

ഓട്ടിസം ബാധിച്ച മകൾ രാത്രി ശബ്ദമുണ്ടാക്കുന്നെന്ന അയൽവാസികളുടെ പരാതിയെ തുടർന്ന് പതിനൊന്നോളം വാടകവീടുകൾ മാറേണ്ടി വന്ന കുടുംബത്തിന്റെ ജീവിതമൊക്കെ മാധ്യമങ്ങൾക്ക് ചർച്ചയാക്കേണ്ടിവരുന്നത് ഈ ഉൾച്ചേർക്കൽ മനോഭാവത്തിന്റെ അഭാവത്താലാണ്.

‘‘സ്ഥിരം വീട്ടിൽ നിൽക്കുന്ന ഒരാളാണ്​ ഞാൻ. സംസാരിച്ച എല്ലാ രക്ഷിതാക്കളും, പ്രത്യേകിച്ച് അമ്മമാർ നേരിടുന്ന പ്രശ്‌നം വീട്ടിലെ മറ്റംഗങ്ങളുടെ പിന്തുണയില്ലായ്​മയാണ്​. എനിക്കും ഒരു സപ്പോർട്ടുമില്ല, എന്റെ കുഞ്ഞിനെയും കൊണ്ട് നിൽക്കുമ്പോൾ, എനിക്കും വഴക്കുണ്ടാക്കേണ്ടിവരുന്നുണ്ട്. വ്യക്തമായി ഒരു ഇക്കണോമിക് പ്ലാനിന്റെ അടിസ്​ഥാനത്തിലുള്ളതാണ്കുടുംബം. അതിനകത്ത് അതിന്റെ ഇൻവെസ്റ്റ്‌മെന്റിന് യോജിക്കാത്ത ഒരാൾ നേരിടുന്ന എല്ലാ പ്രതിസന്ധിയും ആ കുഞ്ഞുങ്ങളും നേരിടുന്നുണ്ട്. നിലനിൽക്കുന്ന മൂല്യങ്ങളിൽ മാറ്റമുണ്ടായാൽ ഇതിനെക്കാളും മികച്ച സംവിധാനങ്ങളുക്കാനായേക്കാം. പക്ഷേ ഇപ്പോഴത്തെ മൂല്യത്തിനകത്തുനിന്ന് അത് സാധ്യമല്ല. സമൂഹം എവിടെയാണോ നിൽക്കുന്നത് ആ സമൂഹത്തിനനുസരിച്ച ഒരു സംവിധാനമേ നമുക്ക് ഒരുക്കാൻ പറ്റൂ. അവരെ വിശ്വസിച്ചേൽപ്പിച്ച്​ പോകാനുള്ള സംവിധാനം തന്നെയാണ് വേണ്ടത്. മറ്റു കുട്ടികളെയാണെങ്കിൽ സ്‌കൂൾ ടൈം കഴിഞ്ഞ് അടുത്ത വീട്ടിലിരുത്തി മാനേജ് ചെയ്യാം. പക്ഷേ ഈ കുഞ്ഞുങ്ങളുടെ കാര്യത്തിൽ എന്തുചെയ്യും?. പത്താം പടിയിലാണ് ശരിക്കും പരിഹാരം. പക്ഷേ നമുക്ക് ഒന്നാം പടിയിൽ നിന്നിട്ട് പത്താം പടിയിലേക്ക്​ കയറാൻ പറ്റില്ലല്ലോ’’- വ്യക്തിപരമായ അനുഭവങ്ങളുടെ വെളിച്ചത്തിൽ പ്രീത പറയുന്നു.

സാമ്പത്തികമായി ഉയർന്ന നിലയിലുള്ള രക്ഷിതാക്കൾ സ്‌പെഷ്യൽ ട്യൂട്ടറെയോ സ്‌പെഷ്യൽ തെറാപ്പിസ്റ്റിനെയോ വെച്ച് മുന്നോട്ടുപോകും. / Photo : apd-india.

ഭിന്നശേഷി വിഭാഗങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെ, സാമൂഹിക ഉന്നമനത്തിന്​ അഡ്മിനിസ്ട്രേറ്റീവ് തലം മുതൽ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും അവ സമൂഹത്തിന്റെയാകെത്തുകയായി പ്രതിഫലിക്കാൻ സമയമെടുക്കും. ഭിന്നശേഷി കുട്ടികൾക്കുവേണ്ടി അസിസ്റ്റീവ് വില്ലേജുകൾ കൊണ്ടുവരുന്നതിനൊപ്പം പതിനെട്ട് വയസ്സിനുമുകളിലുള്ള ഭിന്നശേഷിക്കാരുടെ പുനരധിവാസം കൂടി ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. കാരണം, അവരും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്നത് സമാന മാനസിക സംഘർഷങ്ങളാണ്.

Comments