ജയശ്രീയ്ക്കും മൈത്രേയനും മസ്‌ക്കറ്റിലുള്ള സുഹൃത്തുക്കൾ സ്വീകരണം നൽകിയപ്പോൾ

​മുറിവുകൾ ഉണക്കുന്ന വിധങ്ങൾ

എഴുകോൺ-28

എന്തായിരുന്നു അവർ തമ്മിലുള്ള ബന്ധം? ആശുപത്രി കിടക്കയിൽ ഭർത്താവിനോടൊപ്പം കഴിഞ്ഞ ഒരു സഹരോഗി എന്നതിനെ കവിഞ്ഞു വളർന്ന ഒരു കരുതലിന്റെ ബന്ധം. മനുഷ്യരുടെ ഉള്ളിൽ ഉറവെടുക്കുന്ന കരുണയിൽ ഉണ്ടാകുന്നത്.

കാർത്യായനിയും സതിയും ക്ലിനിക്കിലെ വെയിറ്റിങ് റൂമിൽ പരസ്പരം നോക്കാതെ കുറച്ച് സമയം ഇരുന്നു. അവർ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും ഉരിയാടിയില്ല. കഴിയുന്നതും മുഖത്തോട് മുഖം നോക്കാതിരിക്കാൻ ശ്രദ്ധിച്ചു. കുറച്ചുസമയം കഴിഞ്ഞ്, പിന്നീട് വരാമെന്ന് പറഞ്ഞ് സതി ഇറങ്ങി പോയി. പ്രഷർ പരിശോധിക്കാനായി വന്ന കാർത്യായനി അത് കഴിഞ്ഞിട്ടാണ് മടങ്ങി പോയത്. രണ്ടാഴ്ച കൂടുമ്പോൾ അവരത് കൃത്യമായി ചെയ്തിരുന്നു.

ചെറുവക്കൽ ഞാനൊരു ഈവനിംഗ് ക്ലിനിക് തുടങ്ങിയിട്ട് അധികം കാലമായിരുന്നില്ല. വൈകുന്നേരം നാല് മണി മുതൽ എട്ടു മണി വരെയാണ് ക്ലിനിക് പ്രവർത്തിച്ചിരുന്നത്. ""കമലാലയം'' എന്ന വലിയ വീടിന്റെ ഒരു വശത്തുള്ള ഒരു വിറകുപുര അവർ ക്ലിനിക്കിനായി ഒരുക്കി തന്നു. മൂന്നു മുറികളായി തിരിച്ചതിൽ നടുവിലെ മുറിയിലാണ് ഇഞ്ചക്ഷൻ കൊടുക്കുകയും ഡ്രസ്സിംഗ് ചെയ്യുകയും ചെയ്തത്. ആവശ്യമുള്ളപ്പോൾ രോഗികൾ അവിടെ വിശ്രമിക്കുകയും ചെയ്തു. മെഡിക്കൽ കോളേജിലേക്ക് അധികം ദൂരം ഉണ്ടായിരുന്നില്ല എങ്കിലും ചെറിയ അസുഖങ്ങൾക്ക് ചികിത്സക്കായി നാട്ടുകാർ എന്റെ ക്ലിനിക്കിൽ വന്നു തുടങ്ങി. ക്ലിനിക് കൂടുതൽ സമയം പ്രവർത്തിപ്പിക്കണമെന്ന ആവശ്യമായിരുന്നു അവർക്കുണ്ടായിരുന്നത്. നാടിന്റെ ഫിസിയോളജിയും പാത്തോളജിയും ഞാൻ പതുക്കെ അറിഞ്ഞു തുടങ്ങി. രാഷ്ട്രീയത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിൽ ചേരി തിരിഞ്ഞ പോരുകൾ എല്ലാ സ്ഥലങ്ങളിലും ഉണ്ടാകാറുണ്ട്. അത് ചിലപ്പോൾ കുത്തിലും വെട്ടിലും കലാശിക്കും. അതിൽ പെട്ടവരിൽ ചിലർക്ക് അത് നിത്യ തൊഴിലായി മാറും. സ്വന്തം പേരിന്റെ കൂടെ ഒരു വട്ടപ്പേരു കൂടിയുണ്ടാകും. കോടാലി വാസു എന്നോ പാഷാണം ഗോപി എന്നോ ഒക്കെ അവർ അറിയപ്പെടും. ആ നാട്ടിലും അങ്ങനെയുള്ള സംഭവങ്ങളും അതിൽ പെട്ട് പോയ മനുഷ്യരും ഉണ്ടായിരുന്നു. അവരെ ആ പേരുകൾ ഉപയോഗിച്ച് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

സ്വന്തം പ്രവൃത്തി കൊണ്ട് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മയുടെ മുറിവ് മരണത്തിലൂടെ അല്ലാതെ ഉണങ്ങുമോ എന്നറിയാൻ ലത ഒരവസരം നൽകിയില്ല. ആ മുറിവ് ഏറ്റെടുത്തു കൊണ്ട് സോമന്റെ ജീവിതം വീണ്ടും മുന്നോട്ടു പോയി.

ക്ലിനിക് തുറന്ന് ആഴ്ചകൾക്കകം നാട്ടിൽ ഒരു പോര് നടന്നു. അവിടുത്തെ പ്രധാന അമ്പലം തന്നെയാണ് അതിന് വേദിയായത്. അമ്പലത്തിലെ വിളക്കെടുത്ത് ഒരാൾ മറ്റൊരാളെ കുത്തി എന്നും കേട്ടു. ഗുരുതരമായി മുറിവേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിലായി. പ്രധാന പങ്കാളികളായിരുന്നവർ ഭാസിയും സുഭാഷുമായിരുന്നു. ഭാസിയുടെ അമ്മ കാർത്യായനിയും സുഭാഷിന്റെ സഹോദരി സതിയുമാണ് ക്ലിനിക്കിന്റെ നടുവിലത്തെ റൂമിൽ വന്നിരുന്നത്. മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ആയി വന്ന ഉടൻ തന്നെ രണ്ടുപേരും എന്റെ അടുത്ത് കൺസൾട്ടേഷന് എത്തി. ഭാസിക്ക് പ്രഷറും കരളിന് രോഗവും മറ്റും ഉണ്ടായിരുന്നു. സ്ഥിരമായി ക്ലിനിക്കിൽ വന്ന് അയാൾ ചെക്ക് അപ് നടത്തുകയും മരുന്ന് വാങ്ങുകയും ചെയ്തു. സുഭാഷിന്റെ കാലിൽ അടിപിടിയുടെ ഭാഗമായുണ്ടായ ഒരു മുറിവ് ഉണങ്ങാതെ നിന്നു. അതൊരു വലിയ വ്രണമായി മാറിയിരുന്നതിനാൽ അയാൾക്ക് എഴുന്നേറ്റു നടക്കാൻ സാധിക്കുമായിരുന്നില്ല. ദിവസവും വൈകിട്ട്, എട്ടു മണിക്ക് ക്ലിനിക് പൂട്ടിയ ശേഷം ഞാനും എന്റെ നഴ്‌സ് ഉഷയും കൂടി തപ്പി തടഞ്ഞ് അവരുടെ വീട്ടിലെത്തി. വീട് കുറച്ച് ഉള്ളിലായിരുന്നത് കൊണ്ട് ഒരു വലിയ ടോർച്ച് കയ്യിൽ വച്ച് കൊണ്ടാണ് ഞങ്ങൾ നടന്നിരുന്നത്. മുറിവിലെ പഴുപ്പ് എടുത്ത് കളഞ്ഞ് ദിവസവും ഡ്രെസ്സിംഗ് ചെയ്യേണ്ടിയിരുന്നു. യാതൊരും മടിയും കൂടാതെ ഉഷ എന്റെ കൂടെ വന്ന് അത് ചെയ്തു. ഡ്രസ്സിംഗിനാവശ്യമായ ഉപകരണങ്ങളും പഞ്ഞിയും മരുന്നുമെല്ലാം അണുവിമുക്തമാക്കി, യോജിച്ച കണ്ടെയ്‌നറുകളിൽ പാക്ക് ചെയ്തായിരുന്നു രാത്രിയിൽ ഞങ്ങളുടെ കാൽനടയാത്ര. അവരുടെ വഴക്കിന്റെ കാരണങ്ങൾ ഞങ്ങൾ അന്വേഷിച്ചില്ല. നാട്ടുപ്രമാണിമാരോ ചില സംഘങ്ങളോ അവരെ ഉപയോഗിക്കുകയാവണം. സുഭാഷിന്റെ മുറിവുണങ്ങാൻ മാസങ്ങൾ വേണ്ടി വന്നു. അയാളും ഞങ്ങളും അതിനായി ക്ഷമയോടെ കാത്തു. ഞങ്ങളുടെ കഷ്ടപ്പാട് മനസ്സിലാക്കി കൊണ്ട് ഇനിയും അയാൾ ഇതുപോലെയുള്ള കാര്യങ്ങൾക്ക് പോകില്ലായിരിക്കാം എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. സ്വയം അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങൾ നിസ്സാരമായിട്ടായിരിക്കും അവർ ഒരു പക്ഷെ, കാണുന്നത്. ദേഹത്തെ മുറിവുണങ്ങുന്നതോടൊപ്പം വീട്ടുകാരുടെ മനസ്സിലെ മുറിവും ഉണങ്ങി തുടങ്ങി. കുറച്ച് നാൾ കഴിഞ്ഞ് സതിയും കാർത്യായനിയും ഒരുമിച്ച് ചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുന്നത് കണ്ടു. നാട്ടുകാരെ നെടുകെ പിളർന്ന, നാടിന്റെ മുറിവും പതിയെ ഉണങ്ങി കാണണം. കാലം കഴിയവേ, ഭാസിയുടെ രോഗങ്ങൾ കൂടി വന്നു. തടിയനായിരുന്ന ആൾ മെലിഞ്ഞു കാണപ്പെട്ടു. വർഷങ്ങൾക്ക് ശേഷം, പ്രായം കുറവായിരിക്കെ തന്നെ ഭാസി രോഗം മൂലം മരിച്ചു എന്നറിയാൻ കഴിഞ്ഞു. കാർത്യായനി എന്ന അമ്മയുടെ മനസ്സിൽ അതൊരു പുതിയ മുറിവുണ്ടാക്കിയിരിക്കണം.

ഞങ്ങളുടെ ക്ലിനിക്കിൽ എല്ലാ വിഭാഗങ്ങളിലും പെട്ട ആൾക്കാർ വന്നിരുന്നു. സരോജിനി എന്ന് പേരായ ഒരു തൊഴിലാളി സ്ത്രീയും അവരുടെ മകനും സ്ഥിരം സന്ദർശകരായിരുന്നു. പ്രായപൂർത്തിയായ മകനും തൊഴിലെടുത്ത് ജീവിച്ചു പോന്നു. ആക്കുളത്ത്, കോളനി പോലെയുള്ള സ്ഥലത്താണ് അവർ താമസിച്ചിരുന്നത്. വിധവയായിരുന്ന സരോജിനി എപ്പോഴും ഉല്ലാസവതിയായിരുന്നു. അവർ ക്ലിനിക്കിൽ വരുമ്പോൾ അവിടെയാകെ ഉത്സാഹം പരന്നു. കുറച്ച് കാലം കഴിഞ്ഞപ്പോൾ അവരുടെ വായിൽ ഉണങ്ങാത്ത ഒരു മുറിവുണ്ടെന്നു കണ്ടെത്തി. പുകയില മുറുക്കുന്ന ശീലവും അവർക്കുണ്ടായിരുന്നു. ഉടൻ തന്നെ ക്യാൻസർ സെന്ററിലേക്ക് റഫർ ചെയ്തു. ഓപ്പറേഷനും റേഡിയേഷനും കഴിഞ്ഞ് വീണ്ടും അവർ ക്ലിനിക്കിൽ വന്നിരുന്നു. നല്ല വേദനയുള്ളപ്പോഴും അവർ നർമ്മം കൈ വിട്ടില്ല. മകന്റെ മുഖത്തെ പുഞ്ചിരിക്ക് മങ്ങൽ വന്നിരുന്നു. കുറേ കാലത്തേക്ക് സരോജിനിയെ കണ്ടില്ല. ഇപ്പോൾ തീരെ വയ്യ എന്ന് മകൻ പറഞ്ഞു. മകൻ അമ്മക്ക് കഞ്ഞി നന്നായി വേവിച്ച് വായിൽ ഒഴിച്ച് കൊടുത്തു. പരസ്പരം താങ്ങും തണലുമായി അമ്മയും മകനും മാത്രമായ ആ വീട്ടിൽ മകൻ ഇറ്റിച്ച് കൊടുക്കുന്ന കഞ്ഞിവെള്ളം അവരുടെ വേദന ശമിപ്പിക്കുന്നതായി ഞാൻ സങ്കൽപ്പിച്ചു.

അടുത്തൊരു കുന്നിന്റെ ചരിവിലെ ഒറ്റപ്പെട്ട വലിയ വീട്ടിൽ ഒരമ്മയും മകളും താമസിച്ചിരുന്നു. അച്ഛൻ വീടുപേക്ഷിച്ച് പോയിട്ട് ഏതാനും വർഷങ്ങളായി. ഇരുപതു വയസ്സ് പ്രായമുള്ള കനക എപ്പോഴും നന്നായി അണിഞ്ഞൊരുങ്ങി നടന്നു. ഡിപ്ലോമ കോഴ്സിന് പഠിക്കാൻ പോയിരുന്ന അവൾ കടുത്ത നിറമുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. കണ്ണുകളും പുരികവും കരിമഷി കൊണ്ട് കറുപ്പിക്കുകയും അലങ്കാരപ്പൊട്ടുകളും കുപ്പിവളകളും അണിയുകയും ചെയ്തു. നീണ്ട തലമുടിയിൽ മുല്ലപ്പൂക്കൾ ചൂടി. ചിലപ്പോഴൊക്കെ വയറിനു സുഖമില്ലെന്ന് പറഞ്ഞ് അമ്മ മകളെ ക്ലിനിക്കിൽ കൂട്ടികൊണ്ട് വന്നു. സാധാരണ വയറിനുണ്ടാകുന്ന പ്രശ്‌നങ്ങൾ വച്ചും ലക്ഷണങ്ങളും പരിശോധന ഫലങ്ങൾ വച്ചും മരുന്നുകൾ നൽകിയിട്ടും ഫലമുണ്ടായില്ല. കൂടാതെ, മറ്റു പല അസ്വസ്ഥതകളും കനകക്കുണ്ടായിരുന്നു. അധികം സംസാരിക്കാതിരുന്ന അവൾ പറയുന്ന കാര്യങ്ങൾ നമ്മുടെ യുക്തിക്ക് ചേരാതെ വരുകയും ചെയ്തു. വയറ്റിനുള്ളിൽ ആണികൾ പോയിട്ടുണ്ടെന്നും അതാണ് ഉപദ്രവിക്കുന്നതെന്നും അവൾ പറഞ്ഞു. ജനറൽ ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിൽ വരാൻ ഞാൻ അവരോട് പറഞ്ഞു. അവിടെയും അവൾ ആണികളെ കുറിച്ച് ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു. "ബിരിയാണി' വല്ലതും കഴിച്ചോ എന്ന് തമാശയായി ഒരു ഡോക്ടർ ചോദിച്ചെങ്കിലും അതവൾക്ക് മനസ്സിലായില്ല. സ്വന്തം പ്രശ്‌നത്തിൽ ഗൗരവം കൊണ്ടു. പിന്നീട് മുടക്കം കൂടാതെ അവിടെ ചികിത്സക്ക് വന്നിരുന്നു. അണിഞ്ഞൊരുങ്ങുന്നതിൽ ഒരു വ്യത്യാസവും വന്നില്ല. ആരെയും ആകർഷിക്കുന്ന രൂപഭംഗി അവൾക്കുണ്ടായിരുന്നു. എന്തിനെന്ന ചോദ്യം അമ്മക്ക് മുന്നിൽ അവശേഷിപ്പിച്ച് കൊണ്ട് ഒരു ദിവസം അവൾ തന്റെ നിറമുള്ള ഒരു ഷാളിൽ തൂങ്ങി ജീവിതം അവസാനിപ്പിച്ചു. അവളുടെ അമ്മ അതിനു മുൻപും പിൻപും നിറമില്ലാത്ത വസ്ത്രങ്ങൾ ധരിച്ചു. അവരുടെ മനസ്സിന്റെ മുറിവുണക്കാൻ ഞങ്ങളുടെ കയ്യിൽ ചില മരുന്നുകളും കൗൺസിലിംഗ് മുറിയിൽ കുറച്ച് സമയവും ഉണ്ടായിരുന്നു. അത് മതിയാവില്ലല്ലോ എന്ന ചിന്ത നമ്മുടെ ഉള്ളിലും പോറലുകളുണ്ടാക്കും. അവർക്ക് ഉള്ളിൽ നിന്നും കരുത്തും പുറമേ നിന്നും കരുതലും ഉണ്ടായി വരുമെന്ന പ്രതീക്ഷയിൽ ആശ്വസിക്കും.

പൊതുവെയുള്ള ധാരണക്കനുസരിച്ച് ഞങ്ങൾ ലൈംഗിക തൊഴിലാളി സ്ത്രീകൾക്കായി അവിടെ എല്ലാം തെരഞ്ഞു എങ്കിലും ഒരാളെയും കണ്ടെത്താനായില്ല. അവിടുത്തെ കമേഴ്സ്യൽ ആയ സെക്‌സ് ബിസിനസ്സിൽ പ്രധാനമായും പുരുഷന്മാരാണ് പങ്കെടുക്കുന്നതെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

ജനറൽ ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ചു വന്ന ലതയെ അഭിമുഖീകരിക്കുക ഓരോ സമയത്തും എനിക്ക് പ്രയാസമുള്ളതായി അനുഭവപ്പെട്ടു. അവരുടെ രണ്ടും നാലും വയസ്സായ രണ്ട് കുഞ്ഞുങ്ങളും കൂട്ട ആത്മഹത്യാ ശ്രമത്തിൽ മരിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് ഭക്ഷണത്തിൽ വിഷം നൽകിയ ശേഷം അവരും കഴിച്ച് മരിക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ, ആശുപത്രിയിലെത്തിയ ശേഷം കുഞ്ഞുങ്ങൾ മരിക്കുകയും അവർ ചികിത്സയിലൂടെ രക്ഷപ്പെടുകയും ചെയ്തു. ഇതിനു ശേഷം ഭക്ഷണം കഴിക്കാനും സംസാരിക്കാനും കൂട്ടാക്കാതെ കടുത്ത വിഷാദത്തിലേക്ക് അവർ കൂപ്പു കുത്തി. പുറമെ നിന്ന് നോക്കുമ്പോൾ അവർക്ക് ഇങ്ങനെ ഒരു കൃത്യം ചെയ്യേണ്ട ആവശ്യം എന്തായിരുന്നു എന്ന് അതിശയം തോന്നാം. ലതയുടെ ഭർത്താവ് സോമൻ വളരെ സ്‌നേഹത്തോടെയാണ് അവരെ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നത്. നേരത്തെ അവരോട് അത്രയും സ്‌നേഹത്തോടെ പെരുമാറിയിരുന്നില്ല എന്നതിൽ അയാൾക്ക് കുറ്റബോധമുള്ളതു പോലെ തോന്നി. വളരെ ചുരുക്കം വാക്കുകൾ മാത്രമേ ലത പറഞ്ഞിരുന്നുള്ളൂ. അതിൽ നിന്ന് മനസ്സിലായത് സോമനും അവരും തമ്മിലുണ്ടായിരുന്ന ചെറിയ വഴക്കുകളാണ് ഇതിലേക്കെത്തിയതെന്നാണ്. ഇത് സോമനും ശരിവച്ചു. അയാൾ അധികം സ്‌നേഹപ്രകടനം നടത്തിയിരുന്നില്ല. പെട്ടെന്ന് ദ്വേഷ്യം വന്ന് വഴക്കുണ്ടാക്കുന്ന പ്രകൃതം. ലതക്ക് വിഷാദമുണ്ടാകാനുള്ള ശാരീരികമായ പ്രവണതയുണ്ടായിരുന്നിരിക്കണം. ഏതായാലും ഈ സംഭവത്തിനു ശേഷം സോമൻ നന്നായി മാറുകയും മുഴുവൻ സമയവും അവരെ സ്‌നേഹത്തോടെ പരിചരിക്കുകയും ചെയ്തു. ഞങ്ങൾ പറഞ്ഞത് പോലെ ഇടക്കിടെ ലതയെ ആശുപത്രിയിൽ കൊണ്ട് വരികയും ചെയ്തു. ക്രമേണ ചെറിയ മാറ്റങ്ങൾ ലതയിൽ കണ്ടു. വല്ലപ്പോഴുമെങ്കിലും പുഞ്ചിരിക്കാൻ തുടങ്ങി. പിന്നീട് ചിലപ്പോൾ സോമൻ മാത്രം മരുന്ന് വാങ്ങാൻ വരികയും അവർക്ക് നല്ല മാറ്റം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ ആശ്വസിച്ചിരിക്കെ, ആദ്യത്തെ ശ്രമം നടത്തിയ അതെ ദിവസം, കുഞ്ഞുങ്ങൾ മരിച്ച അതെ ദിവസം, ലത ജീവനൊടുക്കി. സോമൻ പുറത്ത് പോയ സമയത്താണ് അവരത് ചെയ്തത്. സ്വന്തം പ്രവൃത്തി കൊണ്ട് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മയുടെ മുറിവ് മരണത്തിലൂടെ അല്ലാതെ ഉണങ്ങുമോ എന്നറിയാൻ ലത ഒരവസരം നൽകിയില്ല. ആ മുറിവ് ഏറ്റെടുത്തു കൊണ്ട് സോമന്റെ ജീവിതം വീണ്ടും മുന്നോട്ടു പോയി.

എഴുത്തുകാരനായ ഒരു യുവാവ് ചിലപ്പോൾ ചില ഉത്കണ്ഠകൾ പങ്കുവെക്കാനായി ക്ലിനിക്കിൽ വന്നിരുന്നു. ഒരു ദിവസം അയാൾ വളരെ അസ്വസ്ഥനായിരുന്നു. ആൾ വളരെ സെൻസിറ്റിവ് ആയിരുന്നതിനാൽ റൊമാന്റിക് ബന്ധങ്ങളിൽ പെടുമ്പോഴെല്ലാം എന്തെങ്കിലും ഉത്കണ്ഠകൾ ഉണ്ടായിക്കൊണ്ടിരുന്നു. അന്നും പതിവ് പോലെ അത്തരം ഒരു വിഷയവുമായാണ് അദ്ദേഹം എത്തിയത്. ഒരു ദിവസം ഉച്ചക്ക് ഹോട്ടലിൽ നിന്ന് ഊണ് കഴിച്ചശേഷം ആൾ റോഡിലിറങ്ങി നടക്കുകയായിരുന്നു. പത്ത് വാര അകലെ നടന്നിരുന്ന ഒരു യുവതി ഇടക്കിടെ തിരിഞ്ഞു നോക്കി. തിരിഞ്ഞു നോക്കുമ്പോഴും അവളുടെ മിഴികൾ സാധാരണയിലും നീണ്ടിരുന്നു എന്ന് യുവാവ് തിരിച്ചറിഞ്ഞു. ഒരു യക്ഷി എന്ന പോലെ അവൾ അയാളെ പിന്നാലെ നടത്തി അവളുടെ വീട്ടിലെത്തിച്ചു. സ്വപ്നത്തിലെന്ന പോലെ അയാൾ അവൾക്ക് പിന്നാലെ നടക്കുകയായിരുന്നു. വീട്ടിൽ അവൾ ഒറ്റക്കായിരുന്നു. സ്‌നേഹത്തോടെ അവൾ അയാൾക്ക് കാപ്പിയും പലഹാരങ്ങളും നൽകി. ഇടക്കിടെ കാണാൻ എത്തണമെന്നും അവൾ പറഞ്ഞു. അടുത്ത ദിവസങ്ങളിലെല്ലാം തന്നെ മറ്റൊന്നും ആലോചിക്കാതെ യുവാവ് അവിടെ എത്തി അവളെ സന്തോഷിപ്പിച്ചു. അവർ മാത്രമായ ലോകത്തിൽ നിന്നും കച്ചവടത്തിന്റെയും കണക്കുകളുടെയും അഹന്തയുടെയും അധികാരത്തിന്റെയും വ്യവഹാരങ്ങൾ ഒഴിഞ്ഞു നിന്നു. വഴിയിൽ കണ്ട ഒരാളെ തന്നിലേക്കടുപ്പിക്കാനാവും വിധം അവൾ അപമാനിതയും മുറിവേറ്റവളും ആയിരുന്നു. സ്‌നേഹിക്കപ്പെടാനുള്ള അർഹത അവൾക്കുണ്ടായിരുന്നു. ദൂരെ ഒരു നഗരത്തിൽ ജോലി ചെയ്തിരുന്ന അവളുടെ ഭർത്താവ് മാസത്തിൽ ഒരിക്കൽ മാത്രമേ വീട്ടിൽ വന്നിരുന്നുള്ളൂ. അവർക്ക് കുട്ടികൾ ജനിച്ചിരുന്നില്ല. അവളുടെ ഇഷ്ടം നോക്കാതെ ഭർത്താവ് ദേഹത്തിലേക്ക് കടന്നു കയറുന്നത് ആദ്യമൊക്കെ സഹിച്ചു എങ്കിലും ക്രമേണ അവൾ എതിർക്കാൻ തുടങ്ങി. അതോടെ അയാൾ ഉപദ്രവിക്കാനും ബലം പ്രയോഗിച്ച് ബന്ധപ്പെടാനും തുടങ്ങി. ഇത് ആരോട് പറഞ്ഞ് പരിഹരിക്കാനാവുമെന്ന് അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല. യുവാവിനെ കണ്ടതിന്റെ തലേ ദിവസവും ഇതാവർത്തിച്ചു. എതിർത്തതിൽ രോഷം പൂണ്ട് അന്നയാൾ തന്റെ രേതസ്സ് അടങ്ങിയ സ്രവം അധികാരത്തിന്റെ ഗർവ്വോടെ അവളുടെ മുഖത്താകെ അഭിഷേകം ചെയ്തു. അപമാനത്താലും വേദനയാലും ഉറങ്ങാതിരുന്ന അവളെ ശ്രദ്ധിക്കുക പോലും ചെയ്യാതെ അതിരാവിലെ അയാൾ എഴുന്നേറ്റ് ജോലിസ്ഥലത്തേക്ക് പോവുകയും ചെയ്തു. സ്‌നേഹിക്കുന്ന ഒരു മനുഷ്യനു വേണ്ടി അവളുടെ ആത്മാവ് പരതി. റോഡിൽ വച്ച് കണ്ട യുവാവിന്റെ സൗമ്യത മുമ്പ് പലപ്പോഴും അവൾ ശ്രദ്ധിച്ചിരുന്നു. അന്ന് നൊമ്പരപ്പെട്ട അവളുടെ മനസ്സ്, ചിന്തകൾക്ക് അവധി കൊടുത്ത് അയാളെ വലിച്ചടുപ്പിക്കുകയായിരുന്നു. ദുർബ്ബല മനസ്സുള്ള യുവാവിന് ഈ ബന്ധം എങ്ങനെ തുടരണമെന്നോ അവസാനിപ്പിക്കണമെന്നോ അറിയാതെ കുഴങ്ങിയതിനാൽ ഉറക്കം നഷ്ടപ്പെടുകയും കുറച്ച് പരിഭ്രാന്തി ഉണ്ടാവുകയും ചെയ്തു. ഉറങ്ങാനും സമാധാനത്തിനുമുള്ള മരുന്നിനുവേണ്ടിയാണ് ആൾ ക്ലിനിക്കിലെത്തിയത്. അറിഞ്ഞോ അറിയാതെയോ അവളുടെ ഹൃദയത്തിനും ആത്മാവിനും ഏറ്റ മുറിവുകൾക്ക് കുറച്ചെങ്കിലും ആശ്വാസം പകരാൻ അയാൾക്കായിട്ടുണ്ടാകുമല്ലോ എന്നാണ് ഞാനപ്പോൾ ചിന്തിച്ചത്.

എയ്ഡ്സ് രോഗം നമ്മുടെ നാട്ടിൽ വന്നു തുടങ്ങിയ കാലം. ഇതിനു കൂടുതലും കീഴ്പ്പെടാൻ സാധ്യതയുള്ളവരെ കണ്ടെത്തി വിവരങ്ങളും ചികിത്സയും നൽകുക എന്നത് ആരോഗ്യമേഖലയിൽ വലിയ ഒരു വെല്ലുവിളി ഉയർത്തിയിരുന്നു. ലൈംഗിക തൊഴിലാളികൾക്കിടയിലും ലൈംഗികവിമതരുടെ ഇടയിലും ജോലി ചെയ്യാൻ സന്നദ്ധരായവർ അന്ന് വിരളമായിരുന്നു. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഡയറക്ടർ ആയിരുന്ന ഡോ: മാധവൻ നായർ ഏതെങ്കിലും ഒരു പദ്ധതി ഏറ്റെടുക്കാമോ എന്ന് ഞങ്ങളോട് ചോദിച്ചു. തിരുവനന്തപുരത്ത് ലൈംഗിക തൊഴിലാളികൾക്കിടയിൽ ഡോ:ശ്രീനിവാസൻ പ്രവർത്തിക്കുന്നുണ്ടായിരുന്നു. കോവളത്ത് അത്തരം ഒരു പദ്ധതി തുടങ്ങിയാലോ എന്ന ആലോചനയുണ്ടായി. കോവളം എന്നത് ഒരുപാട് ബിസ്സിനസ്സ് നടക്കുന്ന സ്ഥലമാണെന്നും അവിടെ ധാരാളം ലൈംഗിക തൊഴിലാളി സ്ത്രീകൾ പണി ചെയ്യുന്നുണ്ട് എന്നുമായിരുന്നു അന്നത്തെ ധാരണ. അതനുസരിച്ച് അവിടെ ഒരു വീട് വാടകക്കെടുത്ത് ഞങ്ങൾ പ്രവർത്തനം തുടങ്ങി. നിയമവിരുദ്ധമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരായതിനാൽ അവരെ കണ്ടെത്തുക വളരെ പ്രയാസമാണ്. ലൈംഗിക തൊഴിൽപോലെ തന്നെ സുരക്ഷിതമല്ലാത്ത ഏതെങ്കിലും തരത്തിലുള്ള ലൈംഗികവൃത്തികൾ നടക്കുന്നുണ്ടോ എന്നും കണ്ടെത്തേണ്ടിയിരുന്നു.

"ആ സമയത്ത് നീ ഒരു മൃഗത്തെ പോലെയാണ് പെരുമാറുന്നത്' എന്ന് ആ സ്ത്രീ പറയാറുണ്ടത്രെ. അവർ അവരുടെ നാട്ടിൽ പോയിട്ട് തിരികെ വന്നില്ല. അയാൾ പ്രതീക്ഷയോടെ കഴിയുകയാണ്.

വല്ലപ്പോഴും സന്ദർശിച്ചിരുന്ന കോവളത്ത് സ്ഥിരമായുണ്ടാവുക എന്നത് എനിക്ക് ത്രില്ലുണ്ടാക്കി. സീസൺ സമയത്തും അല്ലാത്തപ്പോഴും വളരെ വ്യത്യസ്തമായാണ് കോവളം കാണപ്പെട്ടത്. ബീച്ചിലേക്കിറക്കി കെട്ടിയിരുന്ന ഹോട്ടലുകളും റസ്റ്റൊറന്റുകളും മഴക്കാലത്ത് അപ്രത്യക്ഷമാകും. പകരം കടൽ തിരകൾ കയറി വന്ന് നിലയുറപ്പിക്കും. പകൽ സമയത്ത് നേരിട്ടും രാത്രിയിൽ രഹസ്യമായും ഞങ്ങൾ അന്വേഷണം നടത്തി. സീസൺ സമയത്ത് റെസ്റ്റാറന്റുകളും ക്യൂരിയോ ഷോപ്പുകളും തിങ്ങിനിറഞ്ഞ കോവളത്തെത്തുമ്പോൾ അത് കേരളത്തിന്റെ ഭാഗമാണെന്നു തന്നെ തോന്നിയിരുന്നില്ല. കാശ്മീരി കച്ചവടക്കാരും ഇംഗ്ലീഷിൽ സംസാരിക്കുന്ന നാട്ടുകാരും വെയിൽ കായുന്ന വിദേശികളും എല്ലാം ചേർന്ന് വേറൊരു ദേശത്തെത്തിയ മാതിരി തോന്നും. എല്ലാവരും മത്സരിച്ച് മലിനമാക്കി കൊണ്ടിരുന്ന പരിസരവും താൽക്കാലിക ഷോപ്പുകളുടെ ശ്വാസം മുട്ടിക്കുന്ന ഞെരുക്കവും ഒഴിച്ചാൽ രസമുള്ള സ്ഥലമായിരുന്നു അത്. പപ്പായയും പഴങ്ങളും വിൽക്കുന്ന സ്ത്രീകൾ മുതൽ വലിയ ഹോട്ടൽ നടത്തുന്നവർ വരെ എങ്ങനെ വിദേശികളിൽ നിന്ന് പണം പിഴിഞ്ഞെടുക്കാമെന്ന് പരതി കൊണ്ടിരുന്നു.
അവിടുത്തെ ഹോട്ടലുകളിൽ പണ്ട് കാബറെ നൃത്തവും മറ്റും ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാൽ, നാട്ടുകാർ സമരം ചെയ്തും മറ്റും അത് നിർത്തലാക്കുകയും സ്ത്രീകളെ എല്ലാം അവിടെ നിന്ന് പിരിച്ചുവിടുകയും ചെയ്തു. പൊതുവെയുള്ള ധാരണക്കനുസരിച്ച് ഞങ്ങൾ ലൈംഗിക തൊഴിലാളി സ്ത്രീകൾക്കായി അവിടെ എല്ലാം തെരഞ്ഞു എങ്കിലും ഒരാളെയും കണ്ടെത്താനായില്ല. അവിടുത്തെ കമേഴ്സ്യൽ ആയ സെക്‌സ് ബിസിനസ്സിൽ പ്രധാനമായും പുരുഷന്മാരാണ് പങ്കെടുക്കുന്നതെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഹോട്ടലുകളോടനുബന്ധിച്ച് ധാരാളം മസാജ് പാർലറുകളും അവിടെ പ്രവർത്തിക്കുന്നുണ്ട്. വിദേശികൾക്ക് വഴികാട്ടികളാകുന്നവർ, ഹോട്ടലിൽ ജോലി ചെയ്യുന്നവർ, മസാജ് പാർലറുകളിലെ ആളുകൾ, ലൈഫ് ഗാർഡുകൾ, കച്ചവടക്കാർ, ആൺകുട്ടികൾ ഇങ്ങനെ വിവിധ നിലകളിൽ ടൂറിസവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരിൽ, രോഗത്തിന് റിസ്‌ക് ഉള്ളവർ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. പെൺകുട്ടികളെ കച്ചവടം ചെയ്യുന്നു എന്ന് സ്ഥിരമായി മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും ഞങ്ങൾക്കവിടെ കാണാൻ കഴിഞ്ഞത് വിദേശികൾക്ക് വേണ്ടി സേവനം ചെയ്യുന്ന ആൺ കുട്ടികളെയാണ്. അത് വ്യാപകമാണെന്നും പറയാൻ കഴിയില്ല. ഏതാണ്ട് അൻപതോളം ആൺകുട്ടികളെയാണ് അങ്ങനെ കണ്ടെത്തിയത്. സ്വന്തമായി വരുമാനം കണ്ടെത്താനായി മറ്റുള്ളവരുടെ പ്രേരണയൊന്നുമില്ലാതെ തന്നെ വിദേശികളോട് അവർ കൂട്ട് കൂടുന്നു. റിസ്‌ക് ഉള്ളവർക്കായി ഞങ്ങൾ ക്ലാസുകളും കൗൺസിലിംഗും ക്ലിനിക്കുകളും നടത്തി. അവിടെ ക്ലിനിക്കുകൾ നടത്തിയിരുന്ന വിവിധ തരം ചികിത്സകരുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ ഇത് ചെയ്തിരുന്നത്. നേരിട്ട് അവരുമായി ബന്ധമുണ്ടാക്കുക ഒട്ടും എളുപ്പമായിരുന്നില്ല. പണമുണ്ടാക്കാനായി പലതരം ബിസ്സിനസ്സുകളിൽ ഏർപ്പെട്ടിരുന്നവരായിരുന്നു അവർ. ക്ലിനിക്കുകളിൽ വന്ന പുരുഷന്മാരിൽ രോഗങ്ങൾ അധികം കണ്ടിരുന്നില്ല. എന്നാൽ, പലരും മാനസികസംഘർഷം അനുഭവിച്ചിരുന്നു. വിദേശത്ത് നിന്നെത്തുന്ന സ്ത്രീകളുമായും ബന്ധങ്ങളുണ്ടാകുമെങ്കിലും കൂടുതലും പുരുഷന്മാരായിരുന്നു അവരുടെ കസ്റ്റമർമാരായത്. ഇവിടുത്തെ സ്ത്രീകളെ വിവാഹം ചെയ്തു ജീവിക്കുന്ന അര ഡസനോളം വിദേശികളായ പുരുഷന്മാരെയും കണ്ടു. പല യുവാക്കളും, സ്ത്രീകളുമായി ബന്ധമുണ്ടാക്കുമ്പോൾ വിദേശ രാജ്യത്തേക്കുള്ള ഒരു വിസക്കു കൂടി ആ അവസരം ഉപയോഗിക്കാമെന്ന് കരുതിയവരായിരുന്നു. അങ്ങനെയുള്ളവരിൽ ചിലരാണ് നിരാശയിൽപെട്ടത്. മറ്റു രാജ്യങ്ങളിൽ ഒറ്റപ്പെട്ടും ബന്ധങ്ങൾ തകർന്നും കഴിഞ്ഞ പലരും ഇവിടെയെത്തുമ്പോൾ നാട്ടുകാരുടെ ഊഷ്മളമായ പെരുമാറ്റത്തിൽ ആകൃഷ്ടരായി. തകർന്ന ഹൃദയങ്ങളിൽ സ്‌നേഹത്തിന്റെ ഔഷധം പുരട്ടി വേദന ശമിപ്പിക്കാൻ നമ്മുടെ നാട്ടുകാർ സന്നദ്ധരായി. എന്നാൽ, ലൈംഗികതയിൽ വ്യത്യസ്ത സംസ്‌കാരം പുലർത്തിയിരുന്നത് സ്ഥിരമായ ബന്ധങ്ങൾക്ക് ചിലപ്പോൾ തടസ്സമുണ്ടാക്കുകയും ചെയ്തു. ഒരു വിദേശസ്ത്രീയുമായി, യൂറോപ്പിൽ പോകാമെന്ന പ്രതീക്ഷയോടെ ബന്ധം നിലനിർത്തിയിരുന്ന ഒരു യുവാവ് ക്ലിനിക്കിൽ വന്നപ്പോൾ അയാളുടെ നിരാശ വിവരിച്ചു. എല്ലാ കാര്യങ്ങളിലും അവർ ഒത്തുപോയിരുന്നു എങ്കിലും ശാരീരിക വേഴ്ചയിൽ ആ സ്ത്രീ ബുദ്ധിമുട്ടനുഭവിച്ചതായി അയാൾ തുറന്നു പറഞ്ഞു. "ആ സമയത്ത് നീ ഒരു മൃഗത്തെ പോലെയാണ് പെരുമാറുന്നത്' എന്ന് ആ സ്ത്രീ പറയാറുണ്ടത്രെ. അവർ അവരുടെ നാട്ടിൽ പോയിട്ട് തിരികെ വന്നില്ല. അയാൾ പ്രതീക്ഷയോടെ കഴിയുകയാണ്. അവർ കൂട്ടി കൊണ്ടുപോയാൽ, സുരക്ഷിതവും ആസ്വാദ്യകരവുമായ ഒരു ലൈംഗികജീവിതത്തിലേക്ക് മാറാനും അയാൾ തയാറായിരുന്നു.

എയ്ഡ്‌സ് നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച യോഗത്തിനെത്തിയ മൈത്രേയൻ ഫെമിനിസ്റ്റ് സാമൂഹ്യ പ്രവർത്തക മീനാ ശേഷവുവിനൊപ്പം

എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിൽ നിന്ന് ഒരു ദിവസം ഡോ: പ്രസന്നകുമാർ വിളിച്ചു. ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന എയ്ഡ്സ് രോഗിയായ രവിയെ ഡിസ്ചാർജ് ചെയ്യുകയാണെന്നും അയാൾക്ക് പോകാൻ ഇടമില്ലെന്നുമാണ് പറഞ്ഞത്. അന്ന് എയ്ഡ്സ് ബാധിച്ചവർ നമ്മുടെ നാട്ടിൽ വളരെ അപൂർവമായിരുന്നു. എന്ത് ചെയ്യണമെന്ന് വലിയ നിശ്ചയമുണ്ടായിരുന്നിലെങ്കിലും മൈത്രേയനെ കൂടെ കൂട്ടി ഞാൻ കാണാൻ പോയി. സുമുഖനും അവിവാഹിതനുമായിരുന്ന ഒരു യുവാവായിരുന്നു അയാൾ. ബന്ധുക്കളൊക്കെ ഉണ്ടെങ്കിലും ഈ അവസ്ഥയിൽ പോകാൻ അയാൾക്ക് ഇടമില്ലായിരുന്നു. തൊട്ടടുത്ത ബെഡിൽ മഞ്ഞപ്പിത്തം ബാധിച്ച് കിടന്ന മനോഹരനും ഭാര്യ സുമയുമായിരുന്നു ആശുപത്രിയിൽ കിടക്കുമ്പോൾ രവിക്ക് സഹായങ്ങൾ ചെയ്തിരുന്നത്. മനോഹരൻ രോഗം മൂർച്ഛിച്ച് ഒരാഴ്ച മുൻപ് മരിച്ചു. അയാളുടെ ചടങ്ങുകൾ പൂർത്തിയാക്കി രവിയെ ശുശ്രൂഷിക്കാനായി സുമ വീണ്ടും ആശുപത്രിയിൽ തിരിച്ചുവന്നു. മനോഹരൻ മരിച്ച ശേഷം ഒരു മകനുണ്ടായിരുന്ന സുമക്ക് ജീവിക്കാൻ മാർഗ്ഗമൊന്നുമില്ലായിരുന്നു. ഡിസ്ചാർജ് ആയ രവിയെ തൽക്കാലം ഞങ്ങൾ വീട്ടിലേക്ക് കൂട്ടി. മറ്റു സ്റ്റാഫുകളോട് വിവരം പറഞ്ഞ ശേഷം കോവളത്തെ ഓഫീസിൽ താമസിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു കൊടുത്തു. ഞങ്ങളോടൊപ്പം താമസിച്ച രണ്ട് മൂന്നു ദിവസം രവി കൂടുതൽ അടുത്തു. സുമക്ക് ജീവിക്കാൻ പ്രയാസമാണെന്നും കഴിയുമെങ്കിൽ ഞങ്ങളുടെ ഓഫീസിൽ അവൾക്ക് ജോലി നൽകണമെന്നും രവി ഞങ്ങളോട് ആവശ്യപ്പെട്ടു. അവരുടെ മനസ്സുകൾ തമ്മിലുണ്ടായ ഇഴചേരൽ വ്യക്തമായിരുന്നു. ഓഫീസ് വൃത്തിയാക്കാനും മറ്റുമായി സുമക്ക് ജോലി നൽകി.

എതിർത്തതിൽ രോഷം പൂണ്ട് അന്നയാൾ തന്റെ രേതസ്സ് അടങ്ങിയ സ്രവം അധികാരത്തിന്റെ ഗർവ്വോടെ അവളുടെ മുഖത്താകെ അഭിഷേകം ചെയ്തു. അപമാനത്താലും വേദനയാലും ഉറങ്ങാതിരുന്ന അവളെ ശ്രദ്ധിക്കുക പോലും ചെയ്യാതെ അതിരാവിലെ അയാൾ എഴുന്നേറ്റ് ജോലിസ്ഥലത്തേക്ക് പോവുകയും ചെയ്തു.

ഞങ്ങളുടെ അടുത്തെത്തുമ്പോഴേക്കും എയ്ഡ്സ് അയാളുടെ ശരീരം നശിപ്പിച്ച് തുടങ്ങിയിരുന്നു. എങ്കിലും വെറുതെ ഇരിക്കേണ്ട എന്ന് കരുതി കോവളത്തെ ഹോട്ടലുകളുടെയും പാർലറുകളുടെയും ഒക്കെ കണക്കെടുക്കാനും മറ്റും ഞാൻ അയാളെ ഏൽപ്പിച്ചു. ന്യൂറോപ്പതി കാരണം കാലുകൾക്ക് കഠിനമായ വേദന രവിക്ക് അനുഭവപ്പെട്ടു തുടങ്ങി. ചില രാത്രികളിൽ ഞാനും മൈത്രേയനും രാത്രിയിലെ രഹസ്യാന്വേഷണത്തിനായി കോവളത്തെ ഓഫീസിൽ തന്നെ താമസിച്ചു. രാത്രികളിൽ വേദന കൊണ്ട് രവി നിലവിളിച്ചു. എനിക്കും ഉറങ്ങാൻ കഴിഞ്ഞില്ല. രോഗം കൊണ്ടാണോ എന്നറിയില്ല, രവിക്ക് പെട്ടെന്ന് ദ്വേഷ്യം വരുമായിരുന്നു. വീണ്ടും അഡ്മിറ്റ് ചെയ്ത് വേദന കൊണ്ട് പുളയുമ്പോൾ, വേണ്ട മരുന്ന് നൽകുന്നില്ലെന്ന് പറഞ്ഞ് ഡോക്ടർമാരെയും രവി വഴക്കു പറയുമായിരുന്നു.

എയ്ഡ്‌സിന് ഇന്ന് നൽകുന്ന മാതിരിയുള്ള മരുന്ന് അന്ന് കണ്ടെത്തിയിട്ടുണ്ടായിരുന്നില്ല. വേദന അധികമാകുമ്പോഴൊക്കെ രവിക്ക് വഴക്കു പറയാൻ സുമ അടുത്തുണ്ടായി. വേണ്ടപ്പെട്ടവർക്കെന്ന പോലെ വേണ്ടതെല്ലാം സുമ ചെയ്തു കൊടുത്തു. എന്തായിരുന്നു അവർ തമ്മിലുള്ള ബന്ധം? ആശുപത്രി കിടക്കയിൽ ഭർത്താവിനോടൊപ്പം കഴിഞ്ഞ ഒരു സഹരോഗി എന്നതിനെ കവിഞ്ഞു വളർന്ന ഒരു കരുതലിന്റെ ബന്ധം. മനുഷ്യരുടെ ഉള്ളിൽ ഉറവെടുക്കുന്ന കരുണയിൽ ഉണ്ടാകുന്നത്. മരിക്കുന്നതിന് തൊട്ടു മുൻപ് രവി ഞങ്ങളോട് ആവശ്യപ്പെട്ടത് സുമയെ കൈവിടരുത് എന്ന് മാത്രമായിരുന്നു.

കൊച്ചു കൊച്ചു വിഷമങ്ങൾക്ക് കൂടി കരഞ്ഞിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. ജോലി ചെയ്യുന്നിടത്തും കണ്ണുനീരുണ്ടാവും. ആരും കാണാതെ അതൊപ്പി മാറ്റും. ഡോക്ടർമാർക്കും കരുതൽ ആവശ്യമാണ്. ആവശ്യമുള്ളപ്പോഴെല്ലാം എനിക്കത് കിട്ടിയിട്ടുണ്ട്. എവിടെ നിന്നെങ്കിലും ഒരു ഗന്ധർവ്വൻ പ്രത്യക്ഷപ്പെടും. കരഞ്ഞ് കരഞ്ഞ് കണ്ണുനീർ ഉണങ്ങി കണ്ണിന് ചുവപ്പും നീറ്റലും ബാധിച്ച സമയം. മരുന്നുകൾ ഒഴിച്ചെങ്കിലും പതിയെ പതിയെ കുറയുന്നേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഒരു പ്രഭാതത്തിൽ ഗന്ധർവ്വൻ പ്രത്യക്ഷപ്പെട്ടത്. ഇരുകണ്ണിലെയും വേദന ചുംബനങ്ങളാൽ ഒപ്പിയെടുത്തത്. ആത്മാവും ആത്മാവും തമ്മിൽ തൊടുന്ന മൃദുലതയോടെ മാത്രമേ കണ്ണുകൾക്കുള്ളിൽ ചുംബിക്കാനാവൂ. കൃഷ്ണമണികൾക്ക് അത്രയും നേർമ്മയും നൈർമ്മല്യവുമുണ്ട്. "മൃദു മൃദുവായമർന്നിടേണം' എന്ന് നാരായണഗുരു. എന്റെ കണ്ണുകൾ പിന്നീട് നീറിയില്ല.

വേദനയുടെയും വേർപാടിന്റെയും മുറിവുണക്കാൻ പല തരത്തിലും നമ്മൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു. മുറിവുണ്ടാക്കുകയും പിന്തുടരുകയും ചെയ്യുന്ന വേർപാടിന്റെ വേദനയെ അവയുടെ തന്തുക്കളാൽ തന്നെ തുന്നിച്ചേർക്കുകയും നിറം പിടിപ്പിക്കുകയും ചെയ്യുന്ന അസാമാന്യകലയാണ് അമേരിക്കൻ കവിയായ ഡബ്ലിയു.എസ്.മെർവ്വിൻ "സെപ്പറേഷൻ' എന്ന കുഞ്ഞുകവിതയിലൂടെ അവതരിപ്പിക്കുന്നത്.Your absence has gone through me Like thread through a needle. Everything I do is stitched with its color.
(സൂചിക്കുഴയിലൂടെയൂർന്ന നൂല് പോലെ
എന്നിൽ തുളഞ്ഞ നിന്റെ അഭാവം.
എന്റെ ചെയ്തികളെല്ലാം, അതിന്റെ
നിറമാർന്ന തുന്നൽ വേലയാകുന്നു.)▮

(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments