ജയശ്രീയും കനിയും മൈത്രേയനും

മാതൃത്വവും മനുഷ്യത്വവും തമ്മിലെന്ത്?

എഴുകോൺ-17

സ്വയം സന്നിഹിതമായ സമ്മാനം പോലെ ഒരു അതിഥി എത്തിയിരിക്കുന്നു. അവളോട് എങ്ങിനെയാണ് പ്രതിബദ്ധമാകേണ്ടതെന്നൊന്നും അത് വരെ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അവൾക്ക് പിറ്റേ ദിവസം തന്നെ മൈത്രേയൻ "കനി' എന്ന് പേരിട്ടു.

ണത്തോടടുപ്പിച്ച് തന്നെ റിസൾട്ട് വന്നു. ഇത്തവണ പാസ്സായി. ഒരു വർഷം ഇന്റേൺഷിപ്/ഹൗസ്‌ സർജൻസി ചെയ്യാനുണ്ട്. ഡോക്ടർ ആകുന്ന പ്രക്രിയയിൽ ഏറ്റവും ത്രില്ലുണ്ടാക്കുന്ന സമയമാണത്. ഡോക്ടർ എന്ന് നെയിംബോർഡ് വച്ച് കൊണ്ട് തന്നെ രോഗികളെ പരിശോധിക്കാം. ഉത്തരവാദിത്വം എടുക്കേണ്ടി വരും എന്നതിനാൽ പഠിക്കാനും താൽപ്പര്യം വർധിക്കും. പരീക്ഷ ഇല്ലാത്ത പഠനമാണ് ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നത്. പ്രസവം അടുത്തതിനാൽ ഉടനെ പോയി ചേരേണ്ടതുണ്ടോ എന്ന ആലോചനയുണ്ടായി. എനിക്ക് രണ്ടും ഒരു പോലെ പ്രധാനപ്പെട്ടതാണ്. പലരും ആശുപത്രിയിൽ ജോലി ചെയ്തു കൊണ്ടിരിക്കെ തന്നെ, പ്രസവ വേദന ഉണ്ടാവുകയും ആ സമയത്ത് ലേബർ റൂമിൽ പോയി പ്രസവിക്കുകയും ചെയ്യുന്നത് കണ്ടിരുന്നു. ആ രീതിയാണ് ഞാനിഷ്ടപ്പെട്ടത്. തയാറെടുപ്പിനായി അവധിക്ക് പോകണമെന്ന് തോന്നിയില്ല. മാത്രമല്ല, പ്രസവത്തിനായാണെങ്കിലും ഹൗസ്‌ സർജൻസിക്കാണെങ്കിലും ഒരേ സ്ഥലത്ത് തന്നെയാണ് പോകാനുള്ളത്.

മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഏറ്റവും മുകളിലത്തെ നിലയിലാണ് ഹൗസ്‌
സർജന്മാർക്ക് താമസിക്കാനുള്ള മുറികൾ. അവിടെ താമസം ആരംഭിച്ചു എങ്കിലും ജോലിക്ക് ചേരേണ്ട ദിവസം വെളുപ്പിന് വേദന ആരംഭിച്ചു. പവിഴത്തെ കൂട്ടു വിളിച്ച് അപ്പോൾ തന്നെ ഗൈനക്കോളജിയിലേക്ക് പോയി. ആദ്യത്തെ പ്രസവമായതു കൊണ്ട് ഒന്നാംഘട്ടത്തിൽ മണിക്കൂറുകൾ കിടക്കേണ്ടി വരും. പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥലമായതിനാൽ ആ അന്തരീക്ഷം എനിക്ക് സ്വന്തം വീട് പോലെ അനുഭവപ്പെട്ടു. ഇടക്കിടെ സുഹൃത്തുക്കൾ വന്നിരുന്നു. വൈകുന്നേരം നാലു മണിക്കായിരുന്നു പ്രസവം. വളരെ ചെറിയ കുഞ്ഞായതു കൊണ്ടും വേദന കുറയാൻ മരുന്ന് നൽകിയിരുന്നത് കൊണ്ടും വലിയ വിഷമമുണ്ടായില്ല. വേദനക്ക് നൽകുന്ന മരുന്ന് കുഞ്ഞിനെ ബാധിച്ചിട്ടുണ്ടാവുമോ എന്ന യുക്തിരഹിതമായ ഒരു ഭയം പെട്ടെന്നെനിക്കുണ്ടായി. പ്രസവം കഴിഞ്ഞ ആളിന്റെ അവസ്ഥ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് എനിക്കറിയാമെങ്കിലും ആ നിമിഷത്തിൽ എന്നെക്കാൾ പ്രാധാന്യം കുഞ്ഞിനുണ്ടെന്നു തോന്നി. എന്നെ പരിശോധിക്കാൻ വന്ന നഴ്‌സിനോട് കുഞ്ഞിനെ കാണിക്കാൻ ഞാൻ ആവശ്യപ്പെട്ടു. അവൾ ഏറ്റവും സൗന്ദര്യമുള്ള കുഞ്ഞായി എനിക്ക് തോന്നി.

അന്നത്തെ രാത്രിക്കും അസാധാരണമായ സൗന്ദര്യം അനുഭവപ്പെട്ടു. അടുത്ത ഏതോ മുറിയിൽ നിന്ന് ഒരു പെൺകുട്ടി പാടുന്ന ഗസൽ സംഗീതം ഒഴുകി വന്നു. എനിക്ക് ഉറക്കം വന്നില്ല.

താൽക്കാലികമായുണ്ടാകുന്ന ഈ കരുതൽ ഭാവം ജീവശാസ്ത്രപരമായി ഉരുത്തിരിഞ്ഞതാവാം. അല്ലെങ്കിൽ, മറ്റ് അരക്ഷിതാവസ്ഥകളില്ലാത്ത മധ്യവർഗത്തിൽ പെട്ട സ്ത്രീക്കുണ്ടാകുന്ന വികാരമാകാം. നിശ്ചയമില്ല.
അന്നത്തെ രാത്രിക്കും അസാധാരണമായ സൗന്ദര്യം അനുഭവപ്പെട്ടു. ലേബർ റൂമിൽ നിന്നും മറ്റൊരു മുറിയിലേക്ക് അപ്പോഴേക്കും എന്നെ മാറ്റിയിരുന്നു. അമ്മയും മൈത്രേയനും വൈകുന്നേരമായപ്പോഴേക്കും എത്തി. അടുത്ത ഏതോ മുറിയിൽ നിന്ന് ഒരു പെൺകുട്ടി പാടുന്ന ഗസൽ സംഗീതം ഒഴുകി വന്നു. എനിക്ക് ഉറക്കം വന്നില്ല. സ്വയം സന്നിഹിതമായ സമ്മാനം പോലെ ഒരു അതിഥി എത്തിയിരിക്കുന്നു. അവളോട് എങ്ങിനെയാണ് പ്രതിബദ്ധമാകേണ്ടതെന്നൊന്നും അത് വരെ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അവൾക്ക് പിറ്റേ ദിവസം തന്നെ മൈത്രേയൻ "കനി' എന്ന് പേരിട്ടു.

കനിയും മൈത്രേയനും
കനിയും മൈത്രേയനും

ഇത്തവണ കുഞ്ഞുമായി നേരെ ചിങ്ങോലിയിലേക്ക് പോകാമെന്ന് മൈത്രേയൻ പറഞ്ഞെങ്കിലും ഏഴുകോണിലെ എന്റെ വീട്ടിലേക്ക് പോകാനാണ് ഞാനിഷ്ടപ്പെട്ടത്. പ്രസവത്തിനു ശേഷമുള്ള നാട്ടിൻപുറത്തെ പരിചരണം മൊത്തമായി അനുഭവിക്കുക എന്ന ഗൂഢോദ്ദേശമായിരുന്നു എനിക്കുള്ളത്. ചുരുങ്ങിയത് മൂന്നു മാസമെങ്കിലും കുഞ്ഞിന് മുലപ്പാൽ നൽകേണ്ടതുണ്ട്. അതുകൊണ്ട് മൂന്നു മാസത്തിനു ശേഷം ഹൗസ്‌ സർജൻസിക്ക് ചേർന്നാൽ മതിയെന്ന് തീരുമാനിച്ചു. ഈ മൂന്നു മാസവും വിശ്രമവും വായനയും പരിചരണം ഏറ്റുവാങ്ങലും മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. പ്രസവത്തോടെ ധാരാളം രക്തം വാർന്നു പോവുകയും മുറിവുണക്കാനുള്ള ആന്റിബയോട്ടിക്കുകൾ ഇല്ലാതിരിക്കുകയും ചെയ്ത കാലത്ത് നീണ്ട കാലത്തെ പ്രസവ പരിരക്ഷ ആവശ്യമായിരുന്നിരിക്കണം. എന്നാൽ, ഇപ്പോൾ അതെല്ലാം ആധുനിക രീതികൾ കൊണ്ട് പരിഹരിക്കപ്പെടുന്നുണ്ട്. എങ്കിലും പരമ്പരാഗതമായി വീടുകളിൽ നൽകി പോന്നവയിൽ സുഖകരമായവയൊക്കെ ഏറ്റുവാങ്ങുന്നത് എനിക്കിഷ്ടമായിരുന്നു. ഒരു ചേച്ചി വന്ന്, ദേഹത്തെല്ലാം തൈലം പുരട്ടി ചൂട് വെള്ളത്തിൽ ദിവസവും കുളിപ്പിച്ച് തന്നു. സുഖം തരുന്ന ഈ ഏർപ്പാട് വേണ്ടെന്നു വക്കുന്നതെങ്ങനെ? ആദ്യത്തെ രണ്ട് മൂന്നു ദിവസം കുടിക്കേണ്ടിയിരുന്ന കഷായം അത്ര രുചികരമായിരുന്നില്ലെങ്കിലും അതിന് ശേഷം നൽകുന്ന അരിഷ്ടം, ലേഹ്യം, നെയ്യ് മുതലായവ നല്ല രുചിയുള്ളതായതു കൊണ്ട് അത് കൂടി സഹിക്കാമെന്നു കരുതി. പണ്ട് മുതലേ, വീട്ടിൽ പ്രായമായവർക്ക് വേണ്ടി വാങ്ങി വയ്ക്കുന്ന ലേഹ്യവും നെയ്യും മറ്റും ആരും കാണാതെ കഴിക്കുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു. ഇപ്പോൾ എനിക്കായി ഇതെല്ലാം കൊണ്ട് വച്ചിരിക്കുന്നത് കണ്ട് സന്തോഷമായി. പല തരത്തിലുള്ള ഔഷധച്ചെടികളുടെ ഇല, തെങ്ങിന്റെ കൂമ്പ് എന്നിവ കൊണ്ട് മധുരം ചേർത്ത കുറുക്ക് പ്രസവിച്ച സ്ത്രീകൾക്ക് ഇടക്കിടെ കൊടുക്കുക അന്ന് ഞങ്ങളുടെ വീടുകളിൽ പതിവായിരുന്നു. അമ്മയടക്കമുള്ള സ്ത്രീകൾക്ക് നൽകിയിരുന്ന ഈ പലഹാരം ഞാൻ കിട്ടുമ്പോഴെല്ലാം ധാരാളം കഴിച്ചിട്ടുണ്ട്. പ്രസവിക്കാനുള്ള പ്രേരണയിലൊന്ന് ഇതിനോടുള്ള എന്റെ താത്പര്യം കൂടിയാവണം.

കുഞ്ഞ് ജനിച്ചാലും മുല കുടിച്ചാലും സാമൂഹ്യജീവിതം തുടങ്ങുന്നില്ല. ആത്മഗതം പോലെ കുഞ്ഞുങ്ങൾ തനിയെ പുഞ്ചിരിക്കുമെങ്കിലും, മുഖത്ത് നോക്കി ചിരിക്കുമ്പോഴാണ് അതുണ്ടാവുന്നത്. അതിനായി രണ്ട് മാസത്തോളം കാത്തിരിക്കണം

മറ്റു പുഡിംഗുകളിൽ നിന്ന് വ്യത്യസ്തമായി ഇതിനുള്ള പച്ചിലയുടെ ഗന്ധം എനിക്ക് ഒരു തരം ആസക്തി ഉണ്ടാക്കി. ഞാൻ ഇടക്കിടെ അമ്മയോട് അതുണ്ടാക്കി തരാൻ ആവശ്യപ്പെട്ടു. ഇതെല്ലാം കഴിക്കുകയും ഉറങ്ങുകയും കുഞ്ഞിന് മുലപ്പാൽ കൊടുക്കുകയും മാത്രമായിരുന്നു എന്റെ ജോലി. രാത്രിയിൽ അവൾ ഉണരുന്നുണ്ടോ എന്നത് എന്റെ "അമ്മ' ശ്രദ്ധിക്കുകയും ആവശ്യമുള്ളപ്പോൾ എന്നെ വിളിച്ചുണർത്തുകയും ചെയ്തു. അതുകൊണ്ട് രാത്രിയിലും ഞാൻ സുഖമായുറങ്ങി. പിന്നീട് മൈത്രേയൻ ആ ശ്രദ്ധ ഏറ്റെടുത്തു. കുഞ്ഞുങ്ങൾക്ക് മുല കൊടുക്കുന്നത് തികച്ചും സുഖകരമായ, എന്നാൽ ലൈംഗികേതരമായ അനുഭവമാണ്. മാതൃത്വത്തിന്റെ അലൗകികമായ പരിവേഷം നൽകിയാലും ഇല്ലെങ്കിലും അത് ഇന്ദ്രിയബദ്ധമായ സുഖം തന്നെയാണ്. കുഞ്ഞിന് രക്ഷ കിട്ടാനായി തലമുറകൾ കൈമാറ്റം ചെയ്തു വന്ന ജൈവസ്വഭാവം.

കുഞ്ഞിനെ കാണാനായി ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും മറ്റും സമ്മാനപ്പൊതികളുമായി വന്നു കൊണ്ടിരുന്നു. അങ്ങനെ സാമൂഹ്യജീവിതത്തിനും ഒരു കുറവും ഉണ്ടായില്ല. മൈത്രേയൻ ഇടക്ക് വരുകയും പോവുകയും ചെയ്തു. കനിയെ ഉറക്കാനായി ഒരു പാട്ട് എഴുതിയുണ്ടാക്കി. അവൾ കൈകാലുകളിളക്കുകയും ഉറക്കത്തിൽ പുഞ്ചിരി തൂകുകയും ചെയ്തു. കോഴിമുട്ടയുടെ ആകൃതിയായിരുന്ന അവളുടെ മുഖം ക്രമേണ വികസിച്ച് ചന്ദ്രനെ പോലെ വൃത്താകൃതിയായി.

കുഞ്ഞ് ജനിച്ചാലും മുല കുടിച്ചാലും സാമൂഹ്യജീവിതം തുടങ്ങുന്നില്ല. ആത്മഗതം പോലെ കുഞ്ഞുങ്ങൾ തനിയെ പുഞ്ചിരിക്കുമെങ്കിലും, മുഖത്ത് നോക്കി ചിരിക്കുമ്പോഴാണ് അതുണ്ടാവുന്നത്. അതിനായി രണ്ട് മാസത്തോളം കാത്തിരിക്കണം. ആദ്യമായി അവൾ മുഖത്ത് നോക്കി നൽകിയ പുഞ്ചിരി ദിവസങ്ങളുടെ കാത്തിരിപ്പിന്റെ ഒടുവിലാണ്. ഒരിക്കലും മറക്കാനാവാത്ത നിമിഷം. പാരസ്പര്യത്തിന്റെ തുടക്കമാണത്. ഞാനും നിങ്ങളോടൊപ്പം ചേരുന്നു എന്ന അറിയിക്കൽ. വളർച്ചയുടെ ഒരു സുപ്രധാന നാഴികക്കല്ലാണത്. കുഞ്ഞുങ്ങൾ വളരുന്നതോടൊപ്പം ഈ പാരസ്പര്യത്തിന്റെ സ്വഭാവവും മാറുന്നു.
രക്ഷിതാവിനെ ആശ്രയിച്ച് കഴിയുന്ന കുഞ്ഞ് വളർന്ന് സ്വതന്ത്ര വ്യക്തിയാകുമ്പോൾ നമ്മൾ അതിശയിച്ചു പോകും. ഓമനിക്കപ്പെട്ടു കൊണ്ടിരിക്കുന്നവർ വളർന്ന് വ്യത്യസ്തരാകുക കൂടിയാണ്. ഓമനിക്കപ്പെടാനുള്ള ത്വര വളരുന്നതിനിടയിലുമുണ്ടാകും. അതവർ ഇടക്കിടെ വാങ്ങിയെടുക്കും. എന്നാൽ, അതിനിടയിലൂടെ തന്നെ സ്വന്തമായ, തനിമ കൂടി അവർ ആർജ്ജിച്ചു കൊണ്ടിരിക്കുകയാണ്. എപ്പോഴാണ്, ഏതളവിലാണ് ഒരാൾ സ്വതന്ത്ര വ്യക്തിയായി മാറുന്നതെന്നൊന്നും കൃത്യമായി പറയാൻ കഴിയില്ല. എങ്കിലും, ആദ്യ പുഞ്ചിരിയിലൂടെ വിടരാൻ തുടങ്ങിയ പാരസ്പര്യം വളർന്ന് നമ്മളിൽ നിന്ന് വേറിട്ട അഭിരുചിയോടെ , "ഞാൻ ഇങ്ങനെയാണ്' എന്ന് പ്രഖ്യാപിച്ചു കൊണ്ട് നമുക്ക് അഭിമുഖമായി നിൽക്കും. അത്, തീർച്ചയായും രക്ഷിതാവിന് അഭിമാനം തോന്നേണ്ട നിമിഷമാണ്. എന്നാൽ, രക്ഷിതാക്കൾ അതിനായി തയാറെടുക്കേണ്ടതുണ്ട്. ഗർഭധാരണവും പ്രസവവും പോലെ വേദനയുള്ളതും, എന്നാൽ അതെ പോലെ തന്നെ ശ്രദ്ധ വേണ്ടതും ആനന്ദം പകരേണ്ടതുമായ ഒരു പ്രക്രിയയാണത്. ഈ തയ്യാറെടുപ്പും ഉത്തരവാദിത്വവും ഇല്ലാതെ വരുമ്പോഴാണ് സംഘർഷങ്ങളുണ്ടാവുന്നത്. ഇങ്ങനെ, തനിമയോടെ അഭിമുഖം നിൽക്കാതെ എപ്പോഴും ഓമനിക്കാൻ പാകത്തിൽ അവർ തുടരുകയുമാവാം. പക്ഷെ, അപ്പോൾ കുഞ്ഞ് വളർന്നു എന്ന അഭിമാനം രക്ഷിതാവിന് നഷ്ടപ്പെടും. ഇതൊരു വിഷമവൃത്തം തന്നെയാണ്. പട്ടിക്കുഞ്ഞുങ്ങളോ പൂച്ചക്കുഞ്ഞുങ്ങളോ ആണെങ്കിൽ മാത്രമേ, രക്ഷിതാവിന് ഇതിൽ നിന്ന് രക്ഷയുണ്ടാവൂ. അവക്ക് നമ്മളുമായുണ്ടാകുന്ന പാരസ്പര്യത്തിൽ ഓമനിക്കലും ഓമനിക്കപ്പെടലും എത്ര നാൾ വേണമെങ്കിലും ഒരേ പോലെ തുടരാമല്ലോ.

കുട്ടിക്കാലത്ത് അമ്മയുടെ പരിചരണം ഏറ്റു വാങ്ങിയവരും അതെ പോലെ മറ്റൊരാളിൽ നിന്ന് തുല്യമായ പരിചരണം ഏറ്റു വാങ്ങിയവരും തമ്മിൽ വ്യത്യാസമുണ്ടോ എന്ന് നോക്കുന്ന പഠനങ്ങളൊന്നും കാണാൻ കഴിയില്ല.

കുഞ്ഞിനെ വളർത്തുന്നതിൽ അമ്മയുടെ പങ്കെന്തെന്നത്, ഫെമിനിസ്റ്റ് രാഷ്ട്രീയ പരിസരത്തിൽ കൂടുതൽ ചിന്തിക്കപ്പെടേണ്ടതും ചർച്ച ചെയ്യേണ്ടതുമായ വിഷയമാണ്. മാതൃത്വം ഒരു ശാശ്വത മൂല്യമെന്ന നിലക്കാണ് സാധാരണ പരിഗണിക്കാറുള്ളത്. അത് ജീവശാസ്ത്രം ഉപയോഗിച്ച് സമർത്ഥിക്കുന്നതും സാധാരണമാണ്. എന്നാൽ, പരിണാമപരവും നരവംശശാസ്ത്രപരവും ചരിത്രപര വുമായ പരിഗണനകളോട് ചേർത്താണ് ഫെമിനിസ്റ്റുകൾക്ക് പരിശോധിക്കാവുന്നത്. മനുഷ്യത്വപരവും ധാർമികവും പ്രായോഗികവുമായ വശങ്ങൾ കൂടി ഇതിനുണ്ട്. ജീവശാസ്ത്രപരമായ അന്വേഷണങ്ങളിലേക്ക് നയിക്കുന്ന മുൻധാരണകളും പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ഉദാഹരണത്തിന് കുഞ്ഞുങ്ങൾക്ക് ചെറുപ്പത്തിൽ അമ്മയുടെ പരിചരണം ലഭിക്കാത്തതും പിൽക്കാലത്ത് അവർക്ക് മാനസികപ്രശ്‌നങ്ങൾ ഉണ്ടാകുന്നതും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ധാരാളം പഠനങ്ങൾ കാണാനാകും. എന്നാൽ, കുട്ടിക്കാലത്ത് അമ്മയുടെ പരിചരണം ഏറ്റു വാങ്ങിയവരും അതെ പോലെ മറ്റൊരാളിൽ നിന്ന് തുല്യമായ പരിചരണം ഏറ്റു വാങ്ങിയവരും തമ്മിൽ വ്യത്യാസമുണ്ടോ എന്ന് നോക്കുന്ന പഠനങ്ങളൊന്നും കാണാൻ കഴിയില്ല.

എന്റെ ചെറുപ്പത്തിൽ, പതിനാലോളം വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി വീട്ടിൽ ജോലി ചെയ്തിരുന്നു. അവളുടെ അമ്മ ഒരു "പിഴച്ച' സ്ത്രീയായാണ് നാട്ടിൽ അറിയപ്പെട്ടത്. അവളുടെ അച്ഛൻ ആരാണെന്നതിന്റെ സാക്ഷ്യപത്രം നാട്ടുകാർക്ക് കിട്ടിയില്ല എന്നതാണ് അതിനു കാരണം. നാട്ടുകാരെ ബോധ്യപ്പെടുത്താതെ തന്നെ അവർ വീണ്ടും രണ്ട് കുഞ്ഞുങ്ങളെ കൂടി പ്രസവിച്ചു. അധികം താമസിയാതെ മറ്റൊരു കളങ്കം കൂടി അവർക്ക് മേലെ പതിച്ചു. ഏറ്റവും ഇളയ കുഞ്ഞിനെ ആർക്കോ വിറ്റു എന്നതായിരുന്നു ഇപ്പോഴത്തെ ആരോപണം. അതിന്റെ സത്യാവസ്ഥ എന്തായാലും ഏകദേശം ഒരു വയസുണ്ടായിരുന്ന ആ കുഞ്ഞിനെ പിന്നീടാരും കണ്ടിട്ടില്ല. അവർ പിന്നെ മൂത്ത മകളെ കാണാൻ എത്തുമ്പോഴെല്ലാം എല്ലാവരിൽ നിന്നും കുത്തുവാക്കുകളും അപമാനവും നേരിട്ടു. ഇതെല്ലാം നേരിടുമ്പോഴും ആ അമ്മയുടെയും മകളുടെയും മുഖത്ത് യാതൊരു ഭാവഭേദവും കണ്ടില്ല.

സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ അമ്മമാർ ചിലപ്പോൾ വഴിയിൽ ഉപേക്ഷിക്കുന്നത് കാണാം. ഈ അമ്മമാരെ പഴിക്കാത്ത സ്ത്രീകൾ പോലും കുറവാണ്. അവരെ അത്തരമൊരു ദുരന്തത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ കുറിച്ച് ആരും അന്വേഷിക്കാറില്ല.

ജീവിതസമരത്തിനിടയിൽ ഒരു പക്ഷേ, അവർക്കതൊന്നും ചിന്തിച്ച് വേവലാതിപ്പെടാൻ സമയമുണ്ടാകില്ല. കുട്ടിക്കാലത്ത് വലിയവർ പെരുമാറുന്നതും സംസാരിക്കുന്നതും നമ്മളിൽ വിവേചനപരമായ ചിന്ത ഉണ്ടാക്കും. മറ്റുള്ളവരെ ചൊല്ലിയുണ്ടാക്കുന്ന കളങ്കം വാസ്തവത്തിൽ നമ്മുടെ ഉള്ളിൽ തന്നെയാണ് പതിയുന്നത്. സ്ത്രീകളെ പൊതുവേ നല്ലവരെന്നും, കെട്ടവരെന്നും തരം തിരിക്കുന്നത് പോലെ അമ്മമാരെയും നമ്മൾ തരം തിരിക്കുന്നു. അമ്മയുടെ സ്‌നേഹം കിട്ടാത്ത കുട്ടികളെ പറ്റി സമൂഹം വേവലാതിപ്പെടുമ്പോൾ, ആ അമ്മയുടെ ബാല്യ കൗമാരങ്ങളെ പറ്റിയും അവരുടെ ഇപ്പോഴത്തെ ജീവിതത്തെ പറ്റിയും ആരും ഒരക്ഷരം മിണ്ടാറില്ല. പതിനാലു വയസ്സുള്ള പെൺകുട്ടിയെ ജോലിക്ക് നിർത്തുന്നതിലൊന്നും ആരും അന്ന് അധാർമ്മികത കണ്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്.

സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ അമ്മമാർ ചിലപ്പോൾ വഴിയിൽ ഉപേക്ഷിക്കുന്നത് കാണാം. വലിയ ക്രിമിനലുകൾക്ക് പോലും ഇളവു നൽകുന്ന നമ്മുടെ നിയമസംവിധാനം അത്യധികം ശുഷ്‌കാന്തിയോടെ ഈ അമ്മമാരെ ഉടനടി അറസ്റ്റു ചെയ്യുന്നത് ടെലിവിഷനിലും മറ്റു മാധ്യമങ്ങളിലും ഇടക്കിടെ കാണാറുണ്ട്. അതിനു വമ്പിച്ച സാമൂഹ്യ പിന്തുണയും കിട്ടും. ഈ അമ്മമാരെ പഴിക്കാത്ത സ്ത്രീകൾ പോലും കുറവാണ്. അവരെ അത്തരമൊരു ദുരന്തത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ കുറിച്ച് ആരും അന്വേഷിക്കാറില്ല. പക്ഷെ, ഇതെല്ലാം സൂചിപ്പിക്കുന്നത് മാതൃവാത്സല്യത്തിൽ ജീവശാസ്ത്രത്തിനപ്പുറം മറ്റു നിർണ്ണായക ഘടകങ്ങൾ കൂടി ഉണ്ടെന്നതാണ്.

കനിയുടെ ശൈശവം
കനിയുടെ ശൈശവം

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം സാധാരണ മനോവിശ്ലേഷണ സങ്കേതങ്ങളുപയോഗിച്ചാണ് മനസ്സിലാക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ സ്വാധീനം ഇപ്പോഴും ശക്തമായി നില നിൽക്കുന്നു എങ്കിലും വ്യത്യസ്തമായ രീതിയിൽ നോക്കി കാണാൻ പല ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളടക്കം പല കാഴ്ചപ്പാടുകളും വിരുദ്ധസ്വഭാവമുള്ളതാണ്. ചില ഫെമിനിസ്റ്റ് സിദ്ധാന്തങ്ങൾ അമ്മക്ക് പ്രാധാന്യവും ശക്തിയും ഊന്നുമ്പോൾ മറ്റു ചിലവ അത് സത്താവാദപരവും സ്ത്രീകളെ കുടുംബത്തിനുള്ളിൽ തളച്ചിടുന്നതായും കാണുന്നുമുണ്ട്. കുഞ്ഞുന്നാളിലെ അമ്മയുടെ അഭാവം അവർക്ക് പിൽക്കാലത്ത് മാനസിക വൈകല്യം ഉണ്ടാക്കുമെന്നത് ഇപ്പോഴും ചികിത്സയിൽ നില നിൽക്കുന്ന സങ്കൽപ്പനമാണ്. ഇതങ്ങനെ നില നിൽക്കുമ്പോൾ തന്നെ പ്രസവിച്ച ഉടനെ തന്നെ ജോലി എടുക്കേണ്ടി വരുന്ന അസംഖ്യം തൊഴിലെടുക്കുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളെ പറ്റിയോ അവരെ പറ്റിയോ കരുതലുള്ള പദ്ധതികളൊന്നും തന്നെ ഒരു ഭരണകൂടവും ആവിഷ്‌കരിച്ചിട്ടില്ലെന്നും കാണാവുന്നതാണ്.

സ്വകാര്യ ഇടത്തിൽ അമ്മമാർ വൈകാരികമായി മാത്രം താങ്ങി വളർത്തേണ്ടവരല്ല കുട്ടികൾ. മനുഷ്യസമൂഹം ആർജ്ജിച്ച സംസ്‌കാരവും അറിവും ഏറ്റുവാങ്ങിയാണ് അവർ മനുഷ്യരായി വളരേണ്ടത്. അത് ചുറ്റുമുള്ള ഉത്തരവാദപ്പെട്ട പലരിൽ നിന്നും ലഭിക്കേണ്ടതുണ്ട്.

ന്യൂറോ സയൻസിന്റെ പുതിയ കണ്ടെത്തലുകൾ മുമ്പുണ്ടായിരുന്ന ചില അടിസ്ഥാനസങ്കല്പങ്ങളെ തന്നെ ഇളക്കുന്നതാണ്. വൈകാരികത, ബൗദ്ധികതയിൽ നിന്ന് വേറിട്ട് നിൽക്കുന്നു എന്നും സ്ത്രീകളിൽ വൈകാരികത മുന്നിട്ടു നിൽക്കുന്നു എന്നുമുള്ള ധാരണകൾ പുതിയ അറിവുകളിൽ നില നിൽക്കുന്നില്ല. കുഞ്ഞിന് ലഭിക്കുന്ന ബൗദ്ധികവും വൈകാരികവുമായ അറിവുകൾ പൂർണ്ണമായും വേർ തിരിഞ്ഞു നിൽക്കുന്നതല്ല. സമൂഹത്തിൽ മനുഷ്യനായി വളരേണ്ട കുഞ്ഞിന് കിട്ടേണ്ട നിക്ഷേപങ്ങൾ അമ്മയുടെ വൈകാരികതയിൽ നിന്ന് മാത്രമുണ്ടാകേണ്ടതല്ല എന്നത് ഇതിൽ നിന്ന് വ്യക്തമാണ്.
അടുത്തിടെ ഒരു ചർച്ചയിൽ ഒരു യുവതി എന്നോട് ചോദിച്ചു, "മകളോട് വാത്സല്യമാണോ സമഭാവനയാണോ ഉള്ളത്'? എന്ന്. ഇത് എല്ലാ സ്ത്രീകളും സ്വയം ചോദിക്കേണ്ട പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഇവ രണ്ടും ഏറെക്കുറെ എപ്പോഴും ഉണ്ടാകേണ്ടതാണല്ലോ. എന്നാൽ കുട്ടിക്കാലത്ത് വാത്സല്യം മുന്നിട്ട് നിൽക്കും. കുട്ടികൾ വളരുന്നതിനനുസരിച്ചാണ് തുല്യതക്ക് പ്രാധാന്യമേറുന്നത്. അത് ഓർമ്മയിൽ ഇല്ലെങ്കിൽ വാത്സല്യം മാത്രം തുടരും. അത് കുട്ടികൾ വളർന്ന് വ്യക്തിയായി രൂപപ്പെടുന്നതിനും ഉത്തരവാദിത്വം എടുക്കുന്നതിനും തടസ്സമായി കാണാറുണ്ട്. ജീവിത പങ്കാളികൾ തമ്മിലുള്ള ബന്ധം പോലെയോ അതിനേക്കാളേറെയോ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണ് രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം. മക്കൾ, പ്രത്യേകിച്ച് ആൺ മക്കൾ വളർന്നതിന് ശേഷം അമ്മമാരുടെ മേൽ അധികാരം കാട്ടുന്നത് സാധാരണ കാണാറുണ്ട്. ഇത് സൂക്ഷ്മമായോ പ്രകടമായോ ആകാം. "പുത്രോ രക്ഷതി വാർദ്ധക്യെ' എന്ന മനുവിന്റെ കാലത്തെ പ്രമാണമൊക്കെ നമ്മൾ അറിഞ്ഞൊ അറിയാതെയോ കൊണ്ട് നടക്കുകയാണ്. കൗമാര പ്രായത്തിലുള്ള ആൺകുട്ടികൾ, അവരുടെ അമ്മമാരുടെ വസ്ത്രധാരണം നിയന്ത്രിക്കുന്നത് കാണാനിടയായിട്ടുണ്ട്. വൃദ്ധകളായ അമ്മമാരെ മുതിർന്ന ആൺമക്കൾ തല്ലിച്ചതക്കുന്നതു വരെയും നമ്മൾ കാണുന്നു.

കൗമാരകാലത്ത് പെൺകുട്ടികളും അമ്മമാരും തമ്മിലുണ്ടാകുന്ന ഇടച്ചിൽ ഒരു പാട് ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. മനോവിശ്ലേഷണപ്രകാരം ഇത് ഈഡിപ്പൽ സ്വഭാവവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അച്ഛന്മാർക്ക് പെൺകുട്ടികളോടും അമ്മമാർക്ക് ആൺകുട്ടികളോടും സ്വാഭാവികമായി മമത കൂടും എന്നാണ് ഇത് അർത്ഥമാക്കുന്നത്. എന്നാൽ, സാമൂഹ്യശാസ്ത്രപരവും സ്ത്രീപക്ഷവുമായ കാഴ്ചയിൽ ഇത് അങ്ങനെയല്ല. പെൺകുട്ടികൾ പാലിക്കേണ്ട അച്ചടക്കത്തിന്റെ കാവൽക്കാരിയായി മാറാനുള്ള ഉത്തരവാദിത്വം അമ്മയെ ഏല്പിച്ചിരിക്കയാണ്. വളർച്ചയുടെ ഈ ഘട്ടത്തിൽ ഉത്സാഹമുള്ളവരാവുകയും വീടിനു പുറത്തേക്ക് അന്വേഷണം നടത്തുകയും ചെയ്യുക എന്നത് പെൺകുട്ടികൾ സ്വാഭാവികമായി ചെയ്യുന്നതാണ്. അച്ചടക്കം ഇവരിൽ അടിച്ചേൽപ്പിക്കുന്നത് പുരുഷാധിപത്യപരമായ സാമൂഹ്യവ്യവസ്ഥയാണ്. അമ്മമാർ അതിന്റെ ഏജന്റുമാരായാണ് പ്രവർത്തിക്കുന്നത്. ഈ വ്യവസ്ഥയാണ് സ്ത്രീകളും കുട്ടികളും പൗരരായി മാറുന്നതിന് തടസ്സമായി നില കൊള്ളുന്നത്.

ഇപ്പോൾ അമ്മമാർക്കുണ്ടാകുന്ന കുറ്റബോധവും മറ്റുള്ളവരുടെ പഴിചാരലും പുരുഷകേന്ദ്രിത, മനുഷ്യവിരുദ്ധ കുടുംബങ്ങളെ ദീർഘകാലം ഊട്ടിയുറപ്പിച്ച ശീലങ്ങളിൽ നിന്ന് രൂപം കൊണ്ടതാണ്.

കുട്ടികൾ പൗരരായും മനുഷ്യരായും വളരുന്നതിന് അമ്മക്കും മറ്റു രക്ഷിതാക്കൾക്കും പങ്ക് വഹിക്കാനുണ്ട്. സ്വകാര്യ ഇടത്തിൽ അമ്മമാർ വൈകാരികമായി മാത്രം താങ്ങി വളർത്തേണ്ടവരല്ല കുട്ടികൾ. മനുഷ്യസമൂഹം ആർജ്ജിച്ച സംസ്‌കാരവും അറിവും ഏറ്റുവാങ്ങിയാണ് അവർ മനുഷ്യരായി വളരേണ്ടത്. അത് ചുറ്റുമുള്ള ഉത്തരവാദപ്പെട്ട പലരിൽ നിന്നും ലഭിക്കേണ്ടതുണ്ട്. പ്രായോഗികജീവിതത്തിൽ നമ്മൾ അതൊക്കെ ചെയ്യുന്നുണ്ട്. മൂന്നു വയസ്സ് മുതൽ, ചിലപ്പോൾ രണ്ട് വയസ്സ് മുതൽ കുഞ്ഞുങ്ങൾ, പ്ലേ സ്‌കൂളുകളിലും അംഗൻ വാടികളിലും കിന്റർ ഗാർടനുകളിലുമെല്ലാം കൂടിയാണ് വളരുന്നത്. എന്നാൽ, ഇത് വലിയ കുറ്റം ചെയ്യുന്നത് പോലെയാണ് നമ്മൾ കാണുന്നത്. അമ്മയാണെങ്കിലും ഇരുപത്തി നാല് മണിക്കൂറും ഒരു വ്യക്തിക്ക് മാത്രം കുഞ്ഞുങ്ങളെ ഏറ്റെടുത്ത് നോക്കാനാവില്ലെന്നതാണ് യാഥാർഥ്യം. കൂട്ടുകുടുംബത്തിലൊക്കെ പലർ കൂടി അത് പങ്കുവച്ചിരുന്നു.

ശാരീരികവും വൈകാരികവുമായ അടുപ്പം ആവശ്യമില്ല എന്നതിനർത്ഥമില്ല. അമ്മക്കോ അച്ഛനോ ഏറ്റവും അടുത്ത ബന്ധുക്കൾക്കോ വളർത്തമ്മക്കോ വളർത്തച്ഛനോ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ചെയ്യാനാവും. സാഹചര്യങ്ങൾ മാറുമ്പോൾ മറ്റു മാർഗങ്ങളും കണ്ടെത്തിയേക്കാം. ഉത്തരവാദപ്പെട്ട പൗരരും മനുഷ്യരുമായി കുട്ടികൾ രൂപാന്തരപ്പെടുന്ന ലക്ഷ്യം മുന്നിൽ വച്ച് കൊണ്ട് മുതിർന്നവർ അതേറ്റെടുക്കുകയാണ് വേണ്ടത്. ഇതിന് എല്ലാവർക്കും പരിശീലനവും അവസരവും നൽകണം. കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് മനസ്സിന് ഉന്മേഷം നൽകുന്ന പ്രവൃത്തി കൂടിയാണ്. എന്നാൽ അതേറ്റെടുക്കുന്നവർക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് കൂടി ഉറപ്പാക്കണം. പല രാജ്യങ്ങളിലും ബേബി സിറ്റിങ് വിദ്യാർത്ഥികളൊക്കെ ചെയ്യാറുണ്ട്. ഇപ്പോൾ അമ്മമാർക്കുണ്ടാകുന്ന കുറ്റബോധവും മറ്റുള്ളവരുടെ പഴിചാരലും പുരുഷകേന്ദ്രിത, മനുഷ്യവിരുദ്ധ കുടുംബങ്ങളെ ദീർഘകാലം ഊട്ടിയുറപ്പിച്ച ശീലങ്ങളിൽ നിന്ന് രൂപം കൊണ്ടതാണ്. സ്ത്രീകൾക്ക് കുഞ്ഞുങ്ങളെ നോക്കുന്നതിനോടൊപ്പം സ്വന്തം നില ഉറപ്പിക്കേണ്ടതുണ്ടെന്ന കാര്യം എപ്പോഴും ഓർക്കേണ്ടതുണ്ട്.

കുട്ടികളെ മനുഷ്യരായി വളർത്തിയെടുക്കാനുള്ള കടമ മാതൃത്വത്തിന്റേതു മാത്രമാകുന്നത് ഇന്നത്തെ സമൂഹത്തിന് ഗുണകരമായി കാണുന്നില്ല. ഉത്തമ പൗരയെ/പൗരനെ മുന്നിൽ കാണുകയാണെങ്കിൽ കുട്ടികളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിന് അവരുമായി ബന്ധപ്പെട്ടു വരുന്ന ഓരോരുത്തരുടെയും പങ്ക് പരിഗണിക്കേണ്ടതുണ്ട്.

കുഞ്ഞിനെയും കൊണ്ട് തിരുവനന്തപുരത്ത് പോയി ഹൗസ്‌ സർജൻസി ചെയ്യുന്നതെങ്ങനെയെന്ന പ്രശ്‌നം എനിക്ക് മുമ്പിൽ രൂപം കൊണ്ടു. വളരെ തുച്ഛമായ സ്‌റ്റൈപെന്റാണ് ആ സമയത്തുണ്ടായിരുന്നത്. ഈ ചിന്ത കൊണ്ട് എന്റെ മൂന്നു മാസത്തെ സുഖജീവിതം ഇടക്കിടെ അസ്വസ്ഥപ്പെട്ടു. സ്വന്തം സാമ്പത്തിക നില ഉറപ്പിക്കുക എന്നതും സ്ത്രീകളുടെ ജീവിതത്തിൽ പ്രധാനമാണെന്ന് വീണ്ടും ചിന്തിച്ചുറപ്പിച്ചു. ഞാനും മൈത്രേയനും തമ്മിലുള്ള ബന്ധത്തിൽ പരസ്പരം സാമ്പത്തിക കൈമാറ്റത്തിന്റെ ബാധ്യതകളില്ലായിരുന്നു. അത് തരുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്. എന്നാൽ, വൈകാരികമായ ആശ്രിതത്വവും ഇതും തമ്മിൽ പൊരുത്തപ്പെടുത്തി എടുക്കുക ശ്രമകരവുമാണ്. പോകാനുള്ള സമയമെത്തുന്നത് വരെ അനിശ്ചിതത്വത്തിന്റെ അസ്വസ്ഥത എന്നെ പിന്തുടർന്നു. മൈത്രേയൻ ചിങ്ങോലിയിൽ നിന്ന് താമസം തിരുവനന്തപുരത്തേക്ക് മാറ്റാനും പ്രവർത്തനങ്ങൾ അവിടെ കേന്ദ്രീകരിക്കാനും തീരുമാനിച്ചപ്പോൾ ആ പ്രതിസന്ധി ഏതാണ്ട് കടന്നു. മൈത്രേയന്റെ അച്ഛനും എന്റെ അച്ഛനും ചോദിക്കാതെ തന്നെ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. സ്വകാര്യം/പൊതു എന്ന വേർതിരിവില്ലാത്തതിനാൽ ഞങ്ങളുടെ താമസസ്ഥലം വീടിനും ഓഫീസിനും ഇടയിലുള്ള എന്തോ ഒന്നായിരുന്നു. എങ്കിലും സാമ്പത്തികച്ചെലവിൽ എന്റെ പങ്ക് കൂടി ഉണ്ടാവണമെന്നതിനാൽ ഞാൻ ഒരു സുഹൃത്തിന്റെ കയ്യിൽ നിന്നും കുറച്ച് പണം കടം വാങ്ങി. കടം വാങ്ങുക എന്നത് സ്ത്രീകൾക്ക് അത്ര എളുപ്പമല്ലെന്നും മനസ്സിലാക്കി.

കനിയും മൈത്രേയനും ജയശ്രീയുടെ എഴുകോണിലെ വീട്ടിൽ
കനിയും മൈത്രേയനും ജയശ്രീയുടെ എഴുകോണിലെ വീട്ടിൽ

കുഞ്ഞിനെ നോക്കാനായി നാട്ടിൽ നിന്നും അകന്ന ബന്ധു ഉണ്ടായിരുന്നു. കൂടാതെ വീട്ടിൽ എപ്പോഴും പല ആളുകളും താമസിക്കുകയും വന്നു പോവുകയും ചെയ്തിരുന്നതിനാൽ വലിയ പ്രശ്‌നമുണ്ടായില്ല. ജോലിക്ക് പോകുമ്പോൾ മുലപ്പാൽ കൊടുക്കാൻ കഴിയാത്തത് പ്രശ്‌നമായിരുന്നു. പാൽ തിങ്ങി നിറയുന്നത് വേദന ഉണ്ടാക്കുന്നതാണ്. കുപ്പിയിൽ കിട്ടുന്ന പശുവിന്റെ പാൽ അവൾക്ക് കൂടുതൽ ഇഷ്ടമായതിനാലാവണം, മുലപ്പാലിനോട് താത്പര്യം കാണിക്കാതെയായി. അവൾ ആദ്യം ഉച്ചരിച്ച വാക്കും "പാല്' ആയിരുന്നു. ഏറെക്കാലം പാലായിരുന്നു അവൾക്ക് ഏറ്റവും ഇഷ്ടമുള്ള ആഹാരം. രാത്രിയിൽ ഉറക്കത്തിനിടെ മൈത്രേയനാണ് അവൾക്ക് പാൽ നല്കിയിരുന്നതും ശ്രദ്ധയോടെ നോക്കിയിരുന്നതും. അതിനാൽ നൈറ്റ് ഡ്യൂട്ടി ഇല്ലാത്ത ദിവസങ്ങളിൽ ഞാൻ സുഖമായുറങ്ങി. എന്നാൽ, എനിക്കെപ്പോഴും അവളിൽ ശ്രദ്ധയും നോട്ടവുമുണ്ടായിരുന്നു. സാധാരണ അച്ഛന്മാർക്കുള്ളത് പോലെ.

സ്ത്രീകളായതുകൊണ്ട് മാത്രം കരുതലിനുള്ള വിശിഷ്ടഗുണം ഉണ്ടാകണമെന്നില്ല. ജൈവികവും സാമൂഹ്യവുമായ പ്രേരണകളാൽ ഇതിനുള്ള ആഭിമുഖ്യം മിക്കവരിലും താരതമ്യേന കൂടുതലായിരിക്കുമെന്നു മാത്രം. കുട്ടികളെ മനുഷ്യരായി വളർത്തിയെടുക്കാനുള്ള കടമ മാതൃത്വത്തിന്റേതു മാത്രമാകുന്നത് ഇന്നത്തെ സമൂഹത്തിന് ഗുണകരമായി കാണുന്നില്ല. ഉത്തമ പൗരയെ/പൗരനെ മുന്നിൽ കാണുകയാണെങ്കിൽ കുട്ടികളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിന് അവരുമായി ബന്ധപ്പെട്ടു വരുന്ന ഓരോരുത്തരുടെയും പങ്ക് പരിഗണിക്കേണ്ടതുണ്ട്. മറ്റു ജീവികളെ അപേക്ഷിച്ച് വളർച്ചയാകുന്നതിനു മുമ്പ് തന്നെ മനുഷ്യക്കുഞ്ഞ് പുറത്ത് വരുമെന്നതിനാൽ അവർക്ക് കൂടുതൽ കാലം, ചേർത്ത് പിടിച്ചുള്ള പരിചരണം ആവശ്യമാണ്. ഇതിനു കാരണം മനുഷ്യരുടെ ബൗദ്ധികജീവിതവും അതിനനുസരിച്ച് രൂപപ്പെട്ട മസ്തിഷ്‌കത്തിന്റെ വലുപ്പവുമാണ്. മനുഷ്യത്വത്തിന്റെ ഈ സവിശേഷത മാതൃത്വത്താൽ മാത്രം പരിപാലിക്കപ്പെടേണ്ടതല്ല.▮


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments