ഡോ. എ.കെ ജയശ്രീ

തെളിയിച്ചെടുത്ത പുതുവഴികൾ

എഴുകോൺ-18

വിവാഹം ചെയ്യാതെ കുഞ്ഞുണ്ടാവുകയോ? ഇടപെടുന്ന ഓരോരുത്തരോടും ഉത്തരം പറയേണ്ടതുണ്ട്. ഇനി ഇപ്പൊ അത്തരം ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ട എന്ന് കരുതി വിവാഹം കഴിച്ചു എന്ന് പറഞ്ഞാൽ അതിനേക്കാൾ വലിയ കുഴപ്പത്തിലാണ് പെടുക.

ഞാനും മൈത്രേയനും ഒരുമിച്ച് ജീവിക്കാൻ പോവുകയാണെന്ന് പറയുന്ന ഒരു കത്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകിയിരുന്നു. ഒരു കുഞ്ഞുമായി തിരുവനന്തപുരത്ത് താമസം തുടങ്ങുകയും ചെയ്തു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചില കൂടിച്ചേരലുകളിലൊക്കെ പങ്കെടുത്തു എന്നല്ലാതെ എനിക്ക് സംഘടനകളുമായി വലിയ ബന്ധമൊന്നും ഇല്ലായിരുന്നു. അതിൽ പങ്കെടുക്കുന്നവർ നേരത്തേ നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരും യുക്തിവാദിസംഘത്തിലുള്ളവരും മറ്റുമായിരുന്നു. അവരുടെ ഇടയിൽ ഞങ്ങളുടെ സഹജീവിതം കുറെയൊക്കെ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ, എന്റെ പ്രധാന തട്ടകമായ മെഡിക്കൽ രംഗത്തുള്ളവരുമായി ഈ വിഷയങ്ങളൊന്നും ചർച്ച ചെയ്യാനുള്ള ഇടമുണ്ടായിരുന്നില്ല. അവർക്കും കത്ത് കൊടുത്തിരുന്നു എന്നതല്ലാതെ ഈ വിഷയം അവരെങ്ങനെ കാണുന്നു എന്നൊന്നും എനിക്കറിയാൻ കഴിഞ്ഞിരുന്നില്ല.

മെഡിക്കൽ സയൻസ് വളരെ ബൃഹത്തായതും ദിവസം തോറും വളർന്നു കൊണ്ടിരിക്കുന്നതുമായതിനാലാവണം, മാനവികവിഷയങ്ങളൊന്നും തന്നെ അനുബന്ധമായി ഞങ്ങളുടെ പഠനത്തിൽ ഉൾക്കൊള്ളിച്ചിട്ടില്ല. വിവിധ ശാഖകളിലായി സ്‌പെഷ്യലൈസ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന മെഡിക്കൽ സയൻസിൽ രീതിശാസ്ത്രപരമായോ ജ്ഞാനശാസ്ത്രപരമായോ ഉള്ള പ്രതിസന്ധികൾ സാധാരണ അധികം പേരും അനുഭവിച്ചു കാണാറില്ല. പ്രായോഗിക പരിജ്ഞാനമെന്ന നിലക്ക് പുതുതായുണ്ടാകുന്ന അറിവുകൾ കൂട്ടിച്ചേർക്കുകയും അത് പ്രാക്ടീഷണർമാർ നിരന്തരം പുതുക്കി കൊണ്ടിരിക്കുകയുമാണ് അതിന്റെ രീതി.

ലേബർ റൂമിലും നൈറ്റ് ഡ്യൂട്ടി റൂമിലുമൊക്കെ മെഡിക്കൽ പുസ്തകങ്ങളോടൊപ്പം ഫെമിനിസ്റ്റ് പുസ്തകങ്ങളും കയ്യിൽ വച്ചു.

സ്‌പെഷ്യലൈസേഷന്റെ കാലമായതുകൊണ്ട് അതിൽ ചേരാനായി വീണ്ടും മത്സര പരീക്ഷക്ക് തയാറെടുക്കണം. കൂടുതൽ പേരും അമേരിക്കയിലോ ഇംഗ്ലണ്ടിലോ പോയി ഉപരി പഠനവും സേവനവും നൽകാനുള്ള മത്സര പരീക്ഷക്കാണ് തയാറെടുക്കുന്നത്. ഏതായാലും അങ്ങനെയുള്ള മത്സര പരീക്ഷകളിൽ പങ്കെടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ടായിരുന്നില്ല. ഡോക്ടർ എന്നതിനോടോപ്പമോ അതിനേക്കാളുപരിയായോ, ഒരു സ്ത്രീയായും സാമൂഹികജീവിയായും എനിക്ക് ഒരു ഇടം നേടേണ്ടതുണ്ടായിരുന്നു.

ജയശ്രീയും കനിയും

ഇത് വരെ കഴിഞ്ഞു പോയ സാമൂഹിക ജീവിതത്തിൽ ഒരു പ്രതിസന്ധി വന്നു ചേർന്നിരിക്കയാണ്. വിവാഹം ചെയ്യാതെ കുഞ്ഞുണ്ടാവുകയോ? ഇട പെടുന്ന ഓരോരുത്തരോടും ഉത്തരം പറയേണ്ടതുണ്ട്. ഇനി ഇപ്പൊ അത്തരം ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ട എന്ന് കരുതി വിവാഹം കഴിച്ചു എന്ന് പറഞ്ഞാൽ അതിനേക്കാൾ വലിയ കുഴപ്പത്തിലാണ് പെടുക. താലി മാല ഇല്ലേ? കുഞ്ഞിന്റെ ചോറൂണ് കഴിഞ്ഞോ? എന്ന് തുടങ്ങി നൂറായിരം ചോദ്യങ്ങൾ പിറകെ എത്തും. സമൂഹത്തിന്റെ ഇടപെടൽ അല്ലെങ്കിൽ കീഴ്വഴക്കങ്ങൾ എത്രത്തോളം നമ്മൾ ഉൾക്കൊണ്ടിരിക്കുന്നു എന്നും അതെത്ര ശക്തമാണെന്നും അറിയണമെങ്കിൽ ഒരു ചെറിയ കാര്യമെങ്കിലും തെറ്റിച്ച് ചെയ്തു നോക്കണം. ബസ്സിൽ സ്ത്രീകൾക്ക് മാത്രം എന്നെഴുതിയിട്ടില്ലാത്ത ഒരു സീറ്റിൽ പോയിരുന്നാലോ ഹോട്ടലിൽ ഒറ്റക്ക് പോയി ഭക്ഷണം കഴിച്ചാലോ, തുറിച്ചു നോട്ടങ്ങൾ ഏൽക്കേണ്ടി വരും. സാധാരണയിൽ നിന്ന് വ്യത്യസ്തമായ ഒരാഭരണമിട്ടാൽ, സ്ത്രീകൾ തന്നെ അതെ പറ്റി നൂറു ചോദ്യങ്ങൾ ചോദിക്കും. അങ്ങനെയുള്ള സമയത്ത് സാമൂഹ്യ ബോധത്തിന് നിരക്കാത്ത പലതും ചെയ്ത ആളെന്ന നിലക്ക് ഒരുപാട് ഉത്തരങ്ങൾ എനിക്ക് കണ്ടെത്തേണ്ടിയിരുന്നു. സാമൂഹ്യശാസ്ത്രവിഷയങ്ങളിൽ തീരെ പരിശീലനമില്ലാതിരുന്നതിനാൽ അതിന്റെ വിമർശങ്ങൾ ഉൾക്കൊള്ളുന്ന ഫെമിനിസ്റ്റ് പഠനവും ഒട്ടും എളുപ്പമായിരുന്നില്ല. എന്നാൽ, എനിക്ക് നില നിൽക്കാൻ ഈ പഠനം ആവശ്യമായി വന്നതിനാൽ, ലേബർ റൂമിലും നൈറ്റ് ഡ്യൂട്ടി റൂമിലുമൊക്കെ മെഡിക്കൽ പുസ്തകങ്ങളോടൊപ്പം ഫെമിനിസ്റ്റ് പുസ്തകങ്ങളും കയ്യിൽ വച്ചു.

വായനയിലും പഠനത്തിലും എനിക്കുണ്ടായ ഈ വ്യതിയാനം, പ്രയാസമായിരുന്നെങ്കിലും ഇത് കൊണ്ട് മറ്റു ചില ഗുണങ്ങളുമുണ്ടായി. രോഗി-ഡോക്ടർ ബന്ധത്തിൽ അനുഭവിച്ചിട്ടുള്ള ചില പോരായ്മകൾ പരിഹരിക്കാൻ നേരത്തെ ചിന്തിച്ചിരുന്നത് പോലെയുള്ള ഏകീകൃത വിജ്ഞാനപദ്ധതി മതിയാവില്ല എന്ന തിരിച്ചറിവ് ഇതോടോപ്പമുണ്ടായി. സമൂഹത്തിലെ പ്രശ്‌നങ്ങൾ വർഗത്തിന്റെയും ലിംഗത്തിന്റെയും ജാതിയുടേയുമൊക്കെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാതെ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല. മാറ്റങ്ങൾ വരുത്താതെ സമൂഹത്തിനെതിരെ ഒറ്റ തിരിഞ്ഞ് നില നിൽക്കാനും കഴിയില്ല. ഓരോരുത്തർക്കും ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നത് വെറും തോന്നലാണ്. അത്ര മേൽ നമ്മൾ സമൂഹവുമായി, അതിന്റെ മൂല്യങ്ങളുമായി, ആചാരങ്ങളുമായി ഇഴുകി ചേർന്നിരിക്കുന്നു. അഥവാ, നമ്മൾ കൂടി പങ്കെടുത്തു കൊണ്ടാണ് സാമൂഹ്യഘടന നില നിൽക്കുന്നത്. അതിൽ നിന്ന് ഒറ്റക്ക് അടർന്ന് മാറാൻ കഴിയില്ല, കൂട്ടാളികൾ വേണം. രോഗ ചികിത്സയേയും നിവാരണത്തെയും ആത്മനിഷ്ഠതയിൽ നിന്നും നിഗൂഢവൽക്കരണത്തിൽ നിന്നും മോചിപ്പിക്കുകയും അതെ സമയം അതിന്റെ സാധ്യതകൾ എല്ലാവർക്കും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിന്, അതിന്റെ സാമൂഹ്യമാനങ്ങൾ കണ്ടെത്തുക ആവശ്യമാണെന്നത് തിരിച്ചറിയാനും സാമൂഹികവിശകലനം സഹായിച്ചു. സോഷ്യൽ മെഡിസിൻ, പഠനത്തിന്റെ ഭാഗമായിരുന്നെങ്കിൽ കൂടി, അത് നമ്മുടെ ആരോഗ്യപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ പ്രായോഗികമായി ഉപയോഗപ്പെടുത്താമെന്ന ഒരു കാഴ്ചപ്പാട് അത് തന്നിരുന്നില്ല. വളരെ യാന്ത്രികമായ രീതിയിലായിരുന്നു അത് സിലബസ്സിൽ ഉൾക്കൊള്ളിച്ചിരുന്നത്. പിൽക്കാലത്ത് കേരളത്തിന്റെ ആരോഗ്യ നയരൂപീകരണത്തിൽ ഇട പെടുന്നതിനും ആരോഗ്യത്തിലെ ലിംഗപദവി വ്യത്യാസങ്ങൾ കണ്ടെത്താനും എയ്ഡ്സ് രോഗം പോലെ സാമൂഹ്യമായി ബഹിഷ്‌കരിക്കപ്പെട്ട രോഗികളുടെ ആരോഗ്യപരിപാലനത്തിനു യോജിച്ച പരിപാടികൾ ആവിഷ്‌കരിക്കുന്നതിനുമെല്ലാം സാമൂഹികതയിലേക്കുള്ള അന്നത്തെ ചുവട് വയ്പാണ് സഹായിച്ചത്.

ഫെമിനിസത്തിൽ തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ടെന്നും, അത് മറ്റു മനുഷ്യരുടെ അധമാവസ്ഥകളുമായി ബന്ധിപ്പിച്ച് കാണേണ്ടതുണ്ടെന്നും ഒക്കെയുള്ള ബോധ്യമുണ്ടായത് പ്രചോദനയുടെ കാലത്താണ്.

വീട്ടിൽ വരുന്ന സുഹൃത്തുക്കൾക്കിടയിൽ സ്ത്രീകളുടെ സാമൂഹിക പദവിയുടെ വിഷയം ചർച്ച ചെയ്യുകയും പുസ്തകങ്ങൾ വായിക്കുകയും ചെയ്തെങ്കിലും സാമൂഹികമായ പ്രവർത്തനമണ്ഡലം ഉരുത്തിരിയുന്നതിന് മറ്റു പല സാഹചര്യങ്ങൾക്കും വേണ്ടി കാത്തിരിക്കേണ്ടി വന്നു. ആയിടെ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ഗവേഷണം നടത്തിയിരുന്ന ഗംഗയും സുജയും ഞങ്ങൾക്കിടയിലേക്ക് വന്നു. അടിയന്തിരമായും കേരളത്തിൽ സ്വതന്ത്രമായ ഫെമിനിസ്റ്റ് ഗ്രൂപ്പുകളുടെ ആവശ്യം ബോധ്യപ്പെട്ടവരായിരുന്നു അവർ. ഒരുമിച്ച് ചേരാനുള്ള ഇടവും അവർ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് സ്പെൻസർ ജംഗ്ഷനിലണ്ടായിരുന്ന പ്രോഗ്രാം ഫോർ കമ്മ്യൂണിറ്റി ഓർഗനൈസേഷന്റെ ഓഫീസിൽ ഞങ്ങൾ സ്ത്രീകൾ ഒരുമിച്ച് കൂടാൻ തുടങ്ങി. അവിടെ ജോലി ചെയ്തിരുന്ന ഏലിയാമ്മ വിജയൻ, മേഴ്സി അലക്സാണ്ടർ, നളിനി നായക്, യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസറായിരുന്ന മനു ഭാസ്‌കർ, സ്വതന്ത്ര ഗവേഷകയായിരുന്ന വനിതാ നായക് മുഖർജി തുടങ്ങിയവരൊക്കെയായിരുന്നു ഞങ്ങളോടോപ്പമുണ്ടായിരുന്നത്. ഡൽഹിയിലും മുംബൈയിലും പ്രവർത്തിക്കുന്ന സഹേലി പോലെയുള്ള സ്വതന്ത്ര സ്ത്രീ വിമോചന സംഘടനകളെക്കുറിച്ചും അവരുടെ പ്രസിദ്ധീകരണങ്ങളെക്കുറിച്ചും ഞങ്ങൾ ആഴ്ച തോറും സംസാരിച്ചു. ഏതാനും ആഴ്ചകൾക്കകം ഞങ്ങളുടെ സംഘത്തിന് പ്രചോദന എന്ന് പേരിട്ടു. വളരെ അയഞ്ഞ ഘടനയോടെ, ശ്രേണീ ബദ്ധമല്ലാത്ത കൂട്ടായ്മയിലാണ് ഞങ്ങൾ നിലയുറപ്പിച്ചത്. ഇപ്പോൾ സിനിമ പ്രവർത്തകയായിരിക്കുന്ന ജെ.ഗീത, എന്റെ അനുജത്തി രാജശ്രീ എന്നിവരും പിന്നീട് ഇതിലേക്ക് വന്നുചേർന്നു.

സിമോൺ ദി ബുവെ

വിമൻസ് സ്റ്റഡീസിന്റെ മുൻനിര പ്രവർത്തകയായ മിനി സുകുമാർ, കവയത്രി ആശാലത, ഇന്ദിര, പ്രൊഫ: സുന്ദരി രവീന്ദ്രൻ എന്നിവരൊക്കെ പല ഘട്ടത്തിലും ഇതുമായി സഹകരിച്ചിട്ടുണ്ട്. തുടക്കത്തിൽ തന്നെ ഗംഗയും സുജയും ചേർന്ന് കോളേജ് വിദ്യാർഥിനികൾക്കിടയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഒരു ലേഖനം കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഫെമിനിസത്തെക്കുറിച്ചുള്ള എഴുത്തിന് നമ്മുടെ മാധ്യമവ്യവഹാരങ്ങളിൽ തുടക്കം കുറിച്ചതിൽ ഒന്നായി ഇത് രേഖപ്പെടുത്തേണ്ടതാണ്. ആ കാലഘട്ടത്തിനു മുമ്പുള്ള മലയാളത്തിലെ ലേഖനങ്ങളോ റിപ്പോർട്ടുകളോ പരിശോധിച്ചാൽ, ഒരു പക്ഷെ, ഫെമിനിസം എന്ന പദം തന്നെ വിരളമായിരിക്കും. സംഘടനയുടെ രാഷ്ട്രീയം വ്യക്തമാക്കുന്ന മാനിഫെസ്റ്റോ പോലെ ഒന്ന് പല തലങ്ങളിൽ ചർച്ച ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്വതന്ത്ര സ്ത്രീ പ്രസ്ഥാനമായിരിക്കെ തന്നെ, അത് അരാഷ്ട്രീയമാകാതിരിക്കാൻ ഈ ചർച്ചകൾ സഹായിച്ചിട്ടുണ്ട്.
അതിനു മുമ്പ് ഫെമിനിസവുമായി ബന്ധപ്പെട്ട് ഞാൻ പരിചയിച്ചിരുന്നത് ജർമൻ ഗ്രിയർ (Germaine Greer), സിമോൺ ദി ബുവെ (Simone de Beauvoir) എന്നിവരെ മാത്രമായിരുന്നു. 1975 ലെ അന്താരാഷ്ട്ര വനിതാ വർഷാചരണവുമായി ബന്ധപ്പെട്ട് കോളേജുകളിലൊക്കെ പല ചർച്ചകളും നടന്നിരുന്നു. ഒരു സ്ത്രീ, അവളായി പിറക്കുകയല്ല, ആയി മാറുകയാണെന്ന സിമോണിന്റെ വാക്കുകൾ പലരും ഉദ്ധരിച്ചിരുന്നു. എന്നാൽ, സ്ത്രീസ്വാതന്ത്ര്യം അതിന്റെ വിമോചനാത്മകമായ അർത്ഥത്തിൽ ഇവിടെ പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങി നിന്നു.

ആസ്‌ട്രേലിയൻ എഴുത്തുകാരിയായ ഗ്രിയർ 1970 നു ശേഷം ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. സാഹിത്യം എഴുതുന്നവരാണ് സൈദ്ധാന്തികരേക്കാൾ കൂടുതൽ സാധാരണക്കാരുടെ ഇടയിൽ അറിയപ്പെടുന്നത്. തീവ്ര ഫെമിനിസ്റ്റായിരുന്ന ഗ്രിയറിന്റെ മാസ്റ്റർ പീസായ ഫീമെയിൽ യൂനുക് (Female Eunuch), സ്ത്രീത്വ സങ്കൽപ്പത്തെ ഉടച്ച് വാർക്കുന്നതായിരുന്നു. പുരുഷാധിപത്യ സമൂഹം എങ്ങനെയാണ് സ്ത്രീയുടെ സ്വത്വത്തേയും സ്വേച്ഛയേയും ലൈംഗികതയേയും തുരന്ന് അടിത്തറ ഇളക്കി നശിപ്പിക്കുന്നതെന്ന് അവർ എഴുതി.

സമൂഹം സ്ത്രീക്ക് നൽകിയിരിക്കുന്ന പ്രതിച്ഛായക്ക് വിപരീതമായ ഒന്ന് നിങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെങ്കിൽ അതിന് അസാധാരണമായ ധൈര്യവും സ്വാതന്ത്ര്യവാഞ്ഛയും ഉണ്ടായിരിക്കണം എന്നവർ പറഞ്ഞത് വളരെ ശരിയാണെന്ന് എനിക്ക് തോന്നി. എന്നാൽ ഫെമിനിസത്തിൽ തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ടെന്നും, അത് മറ്റു മനുഷ്യരുടെ അധമാവസ്ഥകളുമായി ബന്ധിപ്പിച്ച് കാണേണ്ടതുണ്ടെന്നും ഒക്കെയുള്ള ബോധ്യമുണ്ടായത് പ്രചോദനയുടെ കാലത്താണ്. ഞങ്ങളുടെ ഗ്രൂപ്പിൽ വന്ന പലരും സാമൂഹ്യശാസ്ത്രത്തിലും അക്കാദമിക് ഫെമിനിസത്തിലും പരിചയമുള്ളവരായിരുന്നു.

ജർമൻ ഗ്രീയർ

കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ, പ്രത്യേകിച്ച് അടിയന്തിരാവസ്ഥക്ക് ശേഷം ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ പരിസരത്ത് നിന്ന് കൊണ്ട് തന്നെയാണ് എല്ലാവരും ഫെമിനിസം സംസാരിക്കുന്നതെന്നും ഗ്രിയറിനെ പോലെയുള്ളവരുടെ റാഡിക്കൽ കാഴ്ചപ്പാട് ഇവിടെ വിമർശനവിധേയമാകുമെന്നും മനസ്സിലായി. മാർക്‌സിസവും ചരിത്രപരമായ ഭൗതികവാദവുമൊന്നും അറിയാതെ ഫെമിനിസ്റ്റ് സംവാദങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. മെഡിക്കൽ ബുക്കുകളും ആദ്ധ്യാത്മികതയും പരിശീലിച്ചു വന്ന എനിക്ക് ഇതൊക്കെ കീറാമുട്ടികളായിരുന്നു എങ്കിലും ഇതൊന്നും അറിയാതെ എന്റെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ കഴിയില്ലെന്ന അവസ്ഥ വന്നു. മീഷൽ ബാരെ (Michele Barrett)യുടെ വിമൻസ് ഒപ്രഷൻ ടുഡേ (Women's oppression today), ആലിസൻ ജാഗറുടെ (Alison Jaggar) ഫെമിനിസ്റ്റ് പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ നേച്ചർ (Feminist Politics and Human nature) എന്ന പുസ്തകങ്ങൾ സാമൂഹ്യ വിശകലനാത്മകമായി സ്ത്രീപ്രശ്‌നങ്ങളെ മനസ്സിലാക്കാൻ അന്ന് സഹായിച്ചു.

അറിവുണ്ടാകുന്നത് പുസ്തകം വായിക്കുന്നത് കൊണ്ട് മാതമല്ല. അറിയാനുള്ള അത്യാർത്തിയും നമുക്കുണ്ടാകണം. ആർത്തിയുണ്ടാകുന്നത് മിക്കപ്പോഴും ആവശ്യം വരുമ്പോഴാണ്. എപ്പോഴും അങ്ങനെയാകണമെന്നില്ല. ചിലപ്പോൾ നമ്മൾ പഠിക്കാൻ നിർബ്ബന്ധിതരാവുകയാണ്. പുതുതായുണ്ടാക്കുന്ന അറിവ് നമ്മുടെ മന:സ്ഥിതിയുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നതാണ്. കേവലമായി കൂട്ടിച്ചേർക്കുന്ന അറിവല്ല, മനോഭാവത്തിലും ജീവിതവീക്ഷണത്തിലും മാറ്റമുണ്ടാക്കുന്ന അറിവാണ് ഇങ്ങനെയുണ്ടാകുന്നത്. ഇത് പുറമേ ലഭിച്ചു എന്നു തോന്നിയാലും ശരീരം എളുപ്പം സ്വീകരിക്കില്ല. ഉള്ളിലെ വയറിംഗ് അഴിച്ചു കെട്ടണം. അതിന് സമയം എടുക്കും. വിശ്വാസങ്ങളിലും ആദർശങ്ങളിലും ആളുകൾക്ക് മാറ്റമുണ്ടാക്കാൻ എളുപ്പമല്ലാത്തത് അതുകൊണ്ടാണ്. ദൈനംദിന ജീവിതത്തിൽ നമ്മൾ ഇടപെടുന്ന ആളുകളും വ്യവഹാരങ്ങളും ചിന്തയെ മാറ്റി മറിക്കും. ഏർപ്പെട്ടിരിക്കുന്ന സന്ദർഭവും ചുറ്റുപാടും ഇതിൽ പങ്ക് വഹിക്കുന്നുണ്ട്. ചുറ്റുപാടുകൾ എനിക്ക് അനുകൂലമായിരുന്നു. എങ്കിലും പുതിയ ജീവിതവീക്ഷണം ശരീരത്തിലേക്ക് എഴുതി ചേർക്കാൻ സമയമെടുത്തു.

ആയിടെ തിരുവനന്തപുരത്ത് ഒരു ബാലികയെ അടുത്ത വീട്ടിലെ ഒരാൾ ലൈംഗികാതിക്രമത്തിനിരയാക്കിയതായി പത്രത്തിൽ വാർത്ത വന്നു. ആ പെൺകുട്ടിയെ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ പരിശോധനക്ക് കൊണ്ട് വന്നതായി ഞാൻ തെരഞ്ഞ് കണ്ട് പിടിച്ചു.

സാമൂഹ്യഘടനയോടുള്ള വിമർശനാത്മകമായ ചിന്ത ഞങ്ങൾക്ക് അനിവാര്യമായിരുന്നു. അത് സ്വാഭാവികമായും അതിനെ ബോധപൂർവ്വം മാറ്റാനുള്ള പ്രവർത്തനത്തിലേക്ക് നയിക്കും. അത്തരം ഇടപെടലുകൾ നടത്താനുള്ള തീരുമാനത്തിലേക്ക് ക്രമേണ ഞങ്ങൾ എത്തിച്ചേർന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഉണ്ടായ ലിബറൽ ആശയങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിൽ ഉയർന്നു വന്ന മാർക്‌സിസവുമാണ് ഫെമിനിസത്തെ ഏറെ സ്വാധീനിച്ചതെന്നതിൽ സംശയമില്ല. സമത്വം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി സ്ത്രീകൾക്കും പൗരാവകാശവും വോട്ടവകാശവും ഉണ്ടെന്ന് സമർത്ഥിക്കാൻ കഴിഞ്ഞത് ലിബറൽ ആശയങ്ങളുടെ പിൻബലത്താലാണ്. ഉത്പാദനമേഖലയിലെ ചൂഷണത്തിനും അടിച്ചമർത്തലിനും സമാനമായി കുടുംബത്തിനുള്ളിലും പുറത്തും പ്രത്യുത്പാദനത്തിൽ സ്ത്രീകൾ ചൂഷണവും മർദ്ദനവും നേരിടുന്നു എന്ന വിശകലനത്തെ മാർക്‌സിസ്റ്റ് സിദ്ധാന്തം പിന്തുണച്ചിട്ടുണ്ട്. സ്ത്രീകളുടെ മേലുള്ള ലൈംഗികമായ നിയന്ത്രണത്തെ റാഡിക്കൽ ഫെമിനിസ്റ്റുകളാണ് അക്കാലത്ത് കൂടുതലും അനാവരണം ചെയ്തത്.

എഴുപതുകളിലും എൺപതുകളിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് സിറ്റികളിൽ ഫെമിനിസ്റ്റ് ആശയങ്ങളെ ഉയർത്തി പിടിച്ച സ്വതന്ത്ര സ്ത്രീ പ്രസ്ഥാനങ്ങൾ രൂപം കൊണ്ടു. മനുഷ്യരുടെ പൊതുവായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോടോപ്പമോ വർഗസമരത്തിലൂടെയോ മാത്രം സ്ത്രീകളുടെ സവിശേഷ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവില്ലെന്ന കാഴ്ചയാണ് ഈ സംഘങ്ങളെ മറ്റുള്ളവയിൽ നിന്ന് വേർതിരിച്ചത്. സ്ത്രീകളുടെ സാമൂഹ്യമായ പിന്നോക്കാവസ്ഥയുടെ കാരണം വിശകലനം ചെയ്യുന്നതിന് മുതലാളിത്ത-പുരുഷാധിപത്യം(Capitalist Patriarchy) എന്ന സങ്കൽപ്പനമാണ് സ്ത്രീ സംഘടനകൾ സ്വീകരിച്ചത്. വ്യവസ്ഥകളിൽ മാറ്റം ആവശ്യപ്പെടുന്നതിനോടൊപ്പം അടുപ്പമുള്ളവരിൽ നിന്ന് നേരിടുന്ന അക്രമങ്ങളെയും ലൈംഗികാതിക്രമങ്ങളെയും നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കുക എന്നത് ഈ ഗ്രൂപ്പുകളുടെ പ്രത്യേകതയായി. വ്യക്തിപരം/രാഷ്ട്രീയം, സ്വകാര്യം/പൊതു എന്നിവക്കിടയിലുള്ള അതിർവരമ്പ് മായ്ക്കുക വഴി രാഷ്ട്രീയത്തിന് പുതിയൊരു മാനമാണ് ഫെമിനിസം കൊണ്ട് വന്നത്. സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ നിലപാടിൽ നിന്ന് കൊണ്ടുള്ള പ്രതിരോധം അതിനു മുമ്പുണ്ടായിട്ടില്ല. തൊഴിലാളി വിഭാഗത്തിൽ പെടുന്ന സ്ത്രീകൾ ഉയർന്ന വിഭാഗത്തിൽ പെടുന്ന പുരുഷന്മാരാൽ വഞ്ചിതരാവുകയും അവർക്ക് ഗർഭമുണ്ടാവുകയും ചെയ്താൽ ആ വീടിനു മുമ്പിൽ സ്ത്രീകളെ സത്യാഗ്രഹ സമരത്തിനിരുത്തുന്ന രീതി കേരളത്തിൽ കണ്ടിരുന്നു. എന്നാലിത്, സ്ത്രീപുരുഷന്മാർക്കിടയിലെ ശാക്തിക ബന്ധമെന്നതിനേക്കാൾ മുതലാളി-തൊഴിലാളി ബന്ധത്തിലെ പ്രശ്‌നമായാണ് വ്യാഖ്യാനിക്കപ്പെട്ടത്.
ആയിടെ തിരുവനന്തപുരത്ത് ഒരു ബാലികയെ അടുത്ത വീട്ടിലെ ഒരാൾ ലൈംഗികാതിക്രമത്തിനിരയാക്കിയതായി പത്രത്തിൽ വാർത്ത വന്നു. ആ പെൺകുട്ടിയെ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ പരിശോധനക്ക് കൊണ്ട് വന്നതായി ഞാൻ തെരഞ്ഞ് കണ്ട് പിടിച്ചു. ഞാനവിടെ ഹൗസ്‌ സർജൻസി ചെയ്തിരുന്നത് കൊണ്ട് കേസ് ഷീറ്റ് കണ്ടെത്തി, അഡ്രസും മറ്റു കാര്യങ്ങളും തെളിവിനായി ശേഖരിച്ചു. ആ വിഷയത്തിൽ സംഘടനാപരമായി ഇട പെടാൻ ഞങ്ങൾ തീരുമാനിച്ചു. ഇത്തരം കേസുകളിൽ ആവശ്യത്തിനുള്ള തെളിവുകളൊന്നും അക്കാലത്ത് മെഡിക്കൽ കേസ് ഷീറ്റിൽ രേഖപ്പെടുത്തിയിരുന്നില്ല. എങ്ങനെയെങ്കിലും കേസ് ഇല്ലാതാക്കാൻ വീട്ടുകാർ തന്നെ ശ്രമിക്കുമെന്നതിനാൽ, ആരും ഇതിനൊരു പ്രാധാന്യവും കൊടുത്തിരുന്നില്ല. എന്നാൽ, സ്ത്രീപ്രസ്ഥാനങ്ങൾ ഇതൊക്കെ ഗൗരവത്തോടെയാണ് കണ്ടിരുന്നത്. സംഘടനകളുടെ ദീർഘനാളത്തെ ആവശ്യപ്രകാരം ഇപ്പോൾ ഇതിനൊക്കെ ഗവൺമെന്റുകൾ തന്നെ പ്രോട്ടോകോൾ ഉണ്ടാക്കിയിട്ടുണ്ട്.

ഔപചാരികതകളും അധികാരശ്രേണിയുമില്ലാത്ത സംഘമായിരുന്നു ഞങ്ങളുടേത്. പങ്ക് വയ്ക്കുന്ന ആശയങ്ങളുടെ ബലത്താൽ മാത്രം ചേർന്ന് നിൽക്കുന്നവർ. ഓഫീസ്, ഫണ്ട് തുടങ്ങിയവയൊന്നും ഇല്ലാതിരുന്നതിനാൽ അതിന്റെ ആവശ്യം ഉണ്ടായതുമില്ല.

അഡ്രസിൽ നിന്ന് കിട്ടിയ വിവരം വച്ച് ഞങ്ങൾ പൊലീസ് സ്റ്റേഷൻ കണ്ട് പിടിച്ച് അവിടെ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ചു. ഇങ്ങനെ ഒരാവശ്യത്തിനായി സ്ത്രീകൾ അവരെ സമീപിക്കുന്നത് ആദ്യമായിട്ടായിരിക്കണം. സാധാരണ ഇത്തരം കേസുകൾക്ക് പിറകെ ആരും പോകാറില്ല. നിലവിലുള്ള എല്ലാ സ്ത്രീ സംഘടനകളെയും പ്രാദേശികമായി ഇതിനെതിരായി ഒരുമിച്ച് കൊണ്ടുവരാൻ ഞങ്ങൾ പരിശ്രമിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ പിന്തുണയാണ് ചുറ്റുമുള്ളവരിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചത്. കക്ഷിഭേദമൊന്നും നോക്കാതെ തന്നെ നാട്ടിലുള്ള സ്ത്രീകൾ ഞങ്ങളോടൊപ്പം കൂടാൻ തയാറായി. ഒരു ദിവസം ഉച്ചക്ക് ശേഷം കുറ്റാരോപിതനായ ആളിന്റെ വീട്ടിലേക്കും പൊലീസ് സ്റ്റേഷനിലേക്കും ഞങ്ങൾ മാർച്ച് നടത്തി. പ്രചോദനയിലെ അംഗങ്ങൾ പത്ത് പേരിൽ താഴെയാണെങ്കിലും ചുറ്റുമുള്ള സ്ത്രീകൾ മുപ്പതോളം പേരുണ്ടായിരുന്നു. മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമെല്ലാം ഞങ്ങൾ തന്നെയുണ്ടാക്കി കൂടെ വന്ന സ്ത്രീകൾക്കും നൽകി. മാധ്യമങ്ങൾ ഞങ്ങളുടെ പ്രവർത്തനങ്ങൾക്കെല്ലാം താൽപ്പര്യത്തോടെ പിന്തുണ നൽകിയിരുന്നു. അതെ സമയം തന്നെ അറിയപ്പെടുന്ന സ്ത്രീ നേതാക്കളെയെല്ലാം ഞങ്ങൾ ഇടക്കിടെ കാണുകയും ഇത്തരം സംഘടനയുടെ ആവശ്യം ബോധ്യപ്പെടുത്തുകയും ചെയ്തു. പൊതുവെ രാഷ്ട്രീയത്തിനു പുറത്ത് നിന്ന് സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്നവരെയും രാഷ്ട്രീയപ്പാർട്ടികളുടെ വനിതാവിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെയും ഞങ്ങൾ കണ്ട് സംസാരിക്കുകയും ഞങ്ങളുടെ പരിപാടികളിൽ ക്ഷണിക്കുകയും ചെയ്തിരുന്നു.

അമ്മയ്ക്കൊപ്പം ജയശ്രീ

മഹിളാസമാജങ്ങളെ നയിച്ചിരുന്ന ഇന്ദിരാ രാമകൃഷ്ണ പിള്ള, സുഗതകുമാരി, ഭാർഗ്ഗവി തങ്കപ്പൻ, സുശീല ഗോപാലൻ തുടങ്ങിയ വനിതാ നേതാക്കളെല്ലാം ഞങ്ങളെ പിന്തുണച്ചു. സമരത്തിന്റെ വാർത്തകൾ മാധ്യമങ്ങളിൽ വന്നതോടെ, സംഘടന വേറൊരു തലത്തിലേക്കുയർന്നു. ഔപചാരികതകളും അധികാരശ്രേണിയുമില്ലാത്ത സംഘമായിരുന്നു ഞങ്ങളുടേത്. പങ്ക് വയ്ക്കുന്ന ആശയങ്ങളുടെ ബലത്താൽ മാത്രം ചേർന്ന് നിൽക്കുന്നവർ. ഓഫീസ്, ഫണ്ട് തുടങ്ങിയവയൊന്നും ഇല്ലാതിരുന്നതിനാൽ അതിന്റെ ആവശ്യം ഉണ്ടായതുമില്ല. മുറിക്കുള്ളിൽ ഒതുങ്ങി നിന്ന ഞങ്ങളുടെ ചർച്ചകൾ, പുറത്തുള്ള പ്രവർത്തനത്തിലേക്കെത്തിയതോടെ സാമൂഹ്യമായ ഉത്തരവാദിത്വം വർധിച്ചു. പല പുരോഗമന പ്രസ്ഥാനങ്ങളും തൊഴിലാളി പ്രസ്ഥാനങ്ങളും ഐക്യദാർഢ്യവുമായി മുന്നോട്ടു വന്നു. ചെറിയ ഗ്രൂപ്പാണെങ്കിലും മറ്റുള്ളവർ കൂടുതൽ പ്രതീക്ഷകൾ അർപ്പിക്കാൻ തുടങ്ങി. ഗംഗയും സുജയും രാജശ്രീയുമൊക്കെയാണ് ഈ പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം ചെലവഴിച്ചത്.

വ്യക്തിപരമായി, സ്വകാര്യജീവിതത്തിൽ നിന്ന് പൊതുവായ ഒരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട പോലെയാണ് എനിക്ക് തോന്നിയത്. ഹൗസ്‌
സർജൻസിക്കാലത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയിലായിരുന്നു ഇതൊക്കെ നടന്നത്. ഡോക്ടർ ആയ സ്ത്രീക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഒരു പരിധി വരെ സ്വാതന്ത്ര്യവും ശക്തിയും പ്രൊഫഷനിലൂടെ ആർജ്ജിക്കാമെന്ന് ആദ്യത്തെ ദിവസം തന്നെ മനസ്സിലായി. എന്റെ യൂണിറ്റ് ചീഫായിരുന്ന ഡോ: വിജയലക്ഷ്മിയാണ് അങ്ങനെയൊരു കാഴ്ച നൽകിയത്. ഞാൻ വാർഡിലെത്തുമ്പോഴേക്കും ഡോക്ടർ രോഗികളെ പരിശോധിക്കാൻ തുടങ്ങിയിരുന്നു. സീനിയർമാരുടെ കൂടെ ചേർന്ന് ജോലി ചെയ്ത് പഠിക്കുക എന്ന രീതിയാണ് ഹൗസ്‌ സർജൻസിയിലുള്ളത്. പറഞ്ഞു പഠിപ്പിക്കുന്നതിനേക്കാൾ അവരുടെ പ്രവർത്തന മാതൃകകളാണ് നമ്മളെ സ്വാധീനിക്കുന്നത്. ഡോക്ടർ വിജയലക്ഷ്മിയുടെ ശ്രദ്ധ എപ്പോഴും രോഗികളിലായിരിക്കും. വളരെ മെലിഞ്ഞ ശരീരമുള്ള ഡോക്ടർ ഭാരമുള്ള രോഗികളെയും താങ്ങിയെഴുന്നേല്പിക്കും. കൈ പിടിച്ച് നടത്തിക്കും. അവരോട് ചിരിക്കുകയും സംസാരിക്കുകയും ചെയ്യും. പിന്നാലെ കേസ് ഷീറ്റുമായി നടക്കുന്ന ഞങ്ങൾക്ക് പ്രിസ്‌ക്രിപ്ഷൻ എഴുതാൻ നിർദ്ദേശം തരും. അന്നൊക്കെ ഓ.പി ദിവസങ്ങളിൽ മുപ്പതു മണിക്കൂർ തുടർച്ചയായി ജോലി ചെയ്യേണ്ടിയിരുന്നു. അന്ന് ചില മനുഷ്യാവകാശസംഘടനകളുമായും ബന്ധപ്പെട്ടിരുന്നതിനാൽ നീണ്ട ജോലി സമയം ഒരു മനുഷ്യാവകാശലംഘനമാണെന്നും അതിനെതിരെ പ്രതികരിക്കണമെന്നും ഇടക്ക് തോന്നിയിരുന്നു. എന്നാൽ, അതെ സമയം ഇങ്ങനെ ജോലി ചെയ്യുന്നതിൽ ഒരു ത്രില്ലും ഉണ്ടായിരുന്നു. ഇഷ്ടമുള്ള ജോലി കൂടുതൽ സമയം ചെയ്യുന്നതിൽ ആനന്ദവുമുണ്ട്. ഒരു ദിവസം വാർഡിൽ രോഗികളെ നോക്കുന്നതിനിടയിൽ ഒരാൾ വന്ന് വ്യക്തിപരമായ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. എന്നിട്ട് ഇന്റലിജൻസ് പൊലീസിൽ നിന്നാണെന്നും ഒരു ദിവസം അവരുടെ ഓഫീസിൽ ചെല്ലണമെന്നും പറഞ്ഞു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട മീറ്റിങ്ങുകളിൽ പോകുമ്പോൾ, അതിൽ മുൻ നക്‌സലൈറ്റായ ചിലരുണ്ടാകും. അവിടെ ചുറ്റി പറ്റി നടക്കുന്ന പൊലീസുകാരുടെ ചില നടപടികളാണിതെന്ന് പിന്നീട് മനസ്സിലായെങ്കിലും ആ സമയത്ത് സാമാന്യം അമ്പരപ്പുണ്ടായി. അത് ഹൗസ്‌ സർജൻസിയെയും പിന്നീട് പ്രൊഫഷനെയും ബാധിക്കുമോ എന്ന ഭയമായിരുന്നു. കേന്ദ്രത്തിൽ നിന്ന് പ്രസിഡന്റോ പ്രധാന മന്ത്രിയോ വരുന്ന ദിവസങ്ങളിൽ പുറത്തിറങ്ങരുതെന്ന നിർദ്ദേശവും ചിലപ്പോൾ ഈ പൊലീസിൽ നിന്ന് ലഭിച്ചിരുന്നു. ആദ്യമൊക്കെ ഇതെന്തിനെന്നറിയാതെ കുഴങ്ങിയെങ്കിലും പിന്നീട് തമാശ തോന്നി.

വളരെയധികം സന്ദിഗ്ധതകളുള്ള ഒരു കാലമായിരുന്നു എനിക്കത്. പ്രൊഫഷനിൽ മുന്നോട്ടു പോകണമെങ്കിൽ വീണ്ടും കഠിനമായ ശ്രമത്തിലൂടെ എൻട്രൻസ് പരീക്ഷകൾ എഴുതേണ്ടിയിരുന്നു

ആശുപത്രിയിലെ ജോലിക്കിടയിൽ സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് കൂടുതൽ സെൻസിറ്റീവ് ആകാൻ പ്രചോദന, പ്രചോദനം നൽകിയിട്ടുണ്ട്. ബലാൽസംഗമോ അത് പോലെയുള്ള അതിക്രമങ്ങൾക്കോ വിധേയരായി വരുന്ന പെൺകുട്ടികളോടും സ്ത്രീകളോടും, അവർക്ക് കൂടുതൽ പരിഗണന വേണമെന്നിരിക്കെ തീരെ കരുണയില്ലാതെയാണ് പലപ്പോഴും പ്രൊഫഷണലുകൾ പെരുമാറിയിരുന്നത്. ഗൈനക്കോളജി പരിശോധനയിലും പ്രസവ സമയത്തും സ്ത്രീകളുടെ അവസ്ഥ വളരെ പരിതാപകരമായി കണ്ടിട്ടുണ്ട്. അടുത്തിടെ, വിധു വിൻസെന്റ് സംവിധാനം ചെയ്ത സ്റ്റാൻഡപ് കോമഡി എന്ന സിനിമയിലെ ചില രംഗങ്ങൾ ഇത് വീണ്ടും ഓർമിപ്പിച്ചു. ഇപ്പോൾ അതിലൊക്കെ ഒരു പാട് മാറ്റം വന്നിട്ടുള്ളതിൽ സ്ത്രീപക്ഷ പ്രവർത്തകരുടെ പങ്ക് തീർച്ചയായും ഉണ്ട്.
അന്ന് ഗൈനക്കോളജിയുടെ അത്യാഹിതവിഭാഗത്തിൽ സെപ്റ്റിക് അബോർഷൻ (Septic abortion) അവസ്ഥയിൽ ധാരാളം സ്ത്രീകൾ വന്നിരുന്നു. അനാവശ്യമായുണ്ടാകുന്ന ഗർഭം ആരുമറിയാതെ അലസിപ്പിക്കാൻ അവിദഗ്ധരായ ആളുകളെ സമീപിക്കുകയും, അത് മൂലം ഗർഭാശയത്തിനുള്ളിലേക്ക് പഴുപ്പ് വ്യാപിച്ച് കടുത്ത പനിയും ബോധക്ഷയവും ഒക്കെയായി വരുന്നവരാണിവർ. ഇവരിൽ നല്ലൊരു വിഭാഗവും മരിച്ചു പോയിരുന്നു. ഇത് തടയുക എന്ന ലക്ഷ്യം കൂടി വച്ച് കൊണ്ടാണ് 1971 ൽ തന്നെ ഇന്ത്യയിൽ ഗർഭഛിദ്രം നിയമവിധേയമാക്കിയിരുന്നത്. എന്നിട്ടും ആളുകൾ അത് ചെയ്യാൻ മടിച്ചത് അപമാനഭയം മൂലമായിരിക്കാം. ഇത്തരം സംഭവങ്ങൾ എങ്ങനെയുണ്ടാകുന്നു എന്ന പഠിക്കാമെന്നു കരുതി എനിക്ക് ഡ്യൂട്ടിയുള്ള ദിവസങ്ങളിൽ വരുന്ന കേസുകളുടേയും മറ്റ് ദിവസങ്ങളിൽ വരുന്ന കേസുകളുടേയും വിവരങ്ങൾ ഞാൻ എഴുതി എടുത്ത് സൂക്ഷിച്ചു. എന്നാൽ അതുകൊണ്ട് എന്ത് ചെയ്യണമെന്ന് വലിയ ഐഡിയ ഉണ്ടായിരുന്നില്ല. അബോർഷന് എതിരായ വികാരം ഇപ്പോൾ ശക്തിയായി നിൽക്കുന്നു എങ്കിലും സെപ്റ്റിക് അബോർഷൻ പോലെയുള്ള പ്രശ്‌നങ്ങൾ അധികം കാണുന്നില്ല. അന്ന് പ്രൊഫഷണലുകൾക്ക് അബോർഷന് എതിരായ മനോഭാവം ഇപ്പോഴത്തെ പോലെ ഉണ്ടായിരുന്നില്ല എന്ന വ്യത്യാസമാണുള്ളത്. അന്നും അബോർഷൻ ചെയ്യാൻ വരുന്ന സ്ത്രീകളോട് ആശുപത്രിയിലുള്ളവർ മോശമായി പെരുമാറിയിരുന്നു എങ്കിലും അത് ചെയ്തു കൊടുക്കാനുള്ള സന്നദ്ധത ഡോക്ടർമാർ കാട്ടിയിരുന്നു. ഇപ്പോൾ ഗുളികകൾ കൂടി ലഭ്യമായതിനാലും ചില സ്വകാര്യ ആശുപത്രികൾ സഹായിക്കുന്നതിനാലും സെപ്റ്റിക് അബോർഷൻ വിരളമാണ്.

വളരെയധികം സന്ദിഗ്ധതകളുള്ള ഒരു കാലമായിരുന്നു എനിക്കത്. പ്രൊഫഷനിൽ മുന്നോട്ടു പോകണമെങ്കിൽ വീണ്ടും കഠിനമായ ശ്രമത്തിലൂടെ എൻട്രൻസ് പരീക്ഷകൾ എഴുതേണ്ടിയിരുന്നു. എന്നാൽ, അതിനപ്പുറം സാമൂഹ്യജീവിതത്തെ നേരിടാൻ, പഴയ ജീവിതവീക്ഷണം പാടെ പുതുക്കി എഴുതേണ്ടിയിരുന്നു. അതിനായി പുതിയ ആശയങ്ങളും സിദ്ധാന്തങ്ങളും വേണം. മാത്രമല്ല, സിദ്ധാന്തത്തോടൊപ്പം പ്രയോഗവും നടത്തിയാലേ നമുക്ക് കൂടി ആശ്വാസകരമായ രീതിയിൽ ചുറ്റുപാടുകൾ മാറ്റാൻ സാധിക്കൂ. പലപ്പോഴും ഭാവി, മുന്നിൽ വഴി തെളിയാതെ കാടു പിടിച്ച് കിടന്നു. അവ്യക്തതകൾ വകഞ്ഞു മുന്നോട്ടു പോകുമ്പോൾ കണ്ടെത്തിയ ഒരു നാഴികക്കല്ലായിരുന്നു പ്രചോദന.▮


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments