പ്രണയം, ഒരേ സമയം റിസ്‌കും സ്വാതന്ത്ര്യത്തിനുള്ള അവസരവും കൊണ്ടുവരുന്നു.
ഉറ്റവരെ സ്‌നേഹിച്ചും ഇടക്ക് വെറുത്തുമാണ് മനുഷ്യർ ജീവിക്കുന്നത്.
ഏതായാലും മനുഷ്യർക്ക് ജീവിക്കാൻ വേറെ ആളുകൾ കൂടിയേ കഴിയൂ. മൈലുകൾക്കപ്പുറം കേരളത്തിൽ നിന്ന് പഠിക്കാനെത്തിയ ഞങ്ങൾക്ക് അന്ന് നാടുമായി ബന്ധപ്പെടാനുണ്ടായിരുന്ന അവസരം കത്ത് മുഖേനയോ എസ്.ടി.ഡി കോൾ മുഖേനയോ ആയിരുന്നു. ഒന്നാം ക്ലാസിലോ മറ്റോ പഠിക്കുകയായിരുന്ന കനി എല്ലാ ആഴ്ചയും എനിക്ക് പോസ്റ്റ് കാർഡിൽ കത്തെഴുതിയിരുന്നു. എന്റെ അമ്മ അവളെ അതിന് സഹായിച്ചിട്ടുണ്ടാകണം. കേരളവുമായുള്ള ബന്ധം നിലനിർത്താൻ മൈത്രേയൻ പത്രങ്ങളും വാരികകളും എനിക്കയച്ചു തന്നിരുന്നു. ചിലപ്പോൾ ഞാനതൊക്കെ മറിച്ചു നോക്കി. സ്‌കൂളിൽ വച്ച് മറിഞ്ഞു വീണ് കനിയുടെ കൈ ഒടിഞ്ഞ് അവൾ ആശുപതിയിൽ ആയപ്പോൾ എന്റെ പ്രൊഫസർമാരും എന്നോടൊപ്പം ദുഃഖിച്ചു. എനിക്ക് അവധി നൽകാനൊക്കെ അവർ തയാറായി. ഇടത്തരക്കാരുടെ പഠന സ്ഥലത്തും ജോലി സ്ഥലത്തും കുഞ്ഞുങ്ങളെ വിട്ടുവരുന്ന അമ്മമാരോട് പൊതുവേ സഹതാപം കാണാറുണ്ട്. എന്നാൽ, എന്റെ ഒപ്പം ജോലി ചെയ്യുന്നവരോടും വിദ്യാർത്ഥിനികളോടും എനിക്കധികം സഹതാപം തോന്നാറില്ല. അവരുടെ സ്വന്തമായ ആണുങ്ങൾക്കും കുഞ്ഞുങ്ങളെ സ്‌നേഹിക്കാനും പരിചരിക്കാനുമുള്ള അവസരം കൊടുത്തു കൂടെ ഈ സ്ത്രീകൾക്ക് എന്ന ചിന്തയാണ് എനിക്കുണ്ടാവുന്നത്.
വിരലൊന്നു തൊട്ടാൽ പ്രിയപ്പെട്ടവർ നമ്മുടെ അരികിലെന്ന പോലെ പ്രത്യക്ഷപ്പെടുന്ന ഈ സ്മാർട്ട് ജീവിതത്തിൽ, ഞങ്ങളന്ന് ഫോൺ ചെയ്യാൻ വേണ്ടി നടത്തിയ പരിശ്രമങ്ങൾ അത്ഭുതകരമായി തോന്നാം. ഇതൊക്കെ ചെയ്ത ആളുകൾ തന്നെ അത് മറന്നു പോയിരിക്കാം. കാമ്പസിനുള്ളിൽ തന്നെയാണെങ്കിലും എസ്.ടി.ഡി ബൂത്തുകൾ കുറച്ചകലെയാണുള്ളത്. എല്ലാവർക്കും ടൂവീലറുള്ളത് കൊണ്ട് അവിടെ എത്താൻ വലിയ പ്രയാസമുണ്ടായില്ല. രാത്രി പതിനൊന്നു മണി കഴിഞ്ഞോ മറ്റോ ചാർജ്ജ് കുറവായിരിക്കും. എട്ടു മണി കഴിഞ്ഞും കുറച്ച് ഇളവുണ്ട്.
അയാൾ ഞങ്ങളുടെ റൂമിൽ വന്ന് അവളെ ഒരു റൈഡിന് പോകാൻ ക്ഷണിച്ചു. പിന്നീട് വിവാഹത്തിന് പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. അവൾ അത് രണ്ടും നിരസിച്ചു. എന്റെ മനസ്സിൽ അയാളോടുള്ള ഇഷ്ടമില്ലായ്മ കൊണ്ട് നീചവും നിഗൂഢവുമായ ആനന്ദം നുരഞ്ഞു.
ഇതൊക്കെ കണക്കാക്കിയാണ് ഫോൺ ചെയ്യാൻ പോകുന്നത്. അവിടെ വലിയ ആൾകൂട്ടം ഉണ്ടാവുമെന്നതുകൊണ്ട്, ആദ്യം തന്നെ പോയി ബുക്ക് ചെയ്യണം. ക്യൂവിലായിരിക്കുന്ന നമ്മുടെ മുന്നേ ചിലപ്പോൾ പത്ത് മുപ്പതുപേരുണ്ടാവും. അത്രയും നേരം ക്ഷമയോടെ കാത്ത് നിന്നാണ് ഫോൺ ചെയ്യുന്നത്. ഇതിനിടെ കാമുകന്മാരോട് ഫോൺ ചെയ്യുന്നവരുണ്ടെങ്കിൽ കുറേയേറെ സമയം കാത്ത് നിൽക്കേണ്ടി വരും. ഹോസ്റ്റലിൽ ഒരു ഫോണുണ്ടെങ്കിലും അതെപ്പോഴും കാമുകിമാരാൽ എൻഗേജ് ചെയ്യപ്പെട്ടിരിക്കും. ഇപ്പോൾ നമ്മൾ അത്ര കെട്ട കാലത്തൊന്നും അല്ലെന്ന് അറിയാൻ പഴയ കാലങ്ങൾ ഇടക്ക് ഓർമ്മിച്ചാൽ മതി.
പൊതുജനാരോഗ്യപഠനത്തിന്റെ ഭാഗമായി ഞങ്ങൾക്ക് ഒരു മാസം പൂനെയുടെ അതിർത്തിയിലുള്ള ശിരൂരിൽ താമസിക്കേണ്ടിയിരുന്നു. മെഡിക്കൽ വിദ്യാർത്ഥികൾ ഇന്റേൺഷിപ് ചെയ്യുന്ന സ്ഥാപനവും കൂടി ആയിരുന്നു അത്. പല മെഡിക്കൽ കോളേജുകളിൽ നിന്നും വിദ്യാർത്ഥികൾ അവിടുത്തെ ട്രെയിനിംഗ് സെന്ററിൽ വന്നു പരിശീലനം നേടി. പി.ജി വിദ്യാർത്ഥികളായി ഞാനും സുധാകറും മാത്രമാണ് ആ സമയത്ത് പോകേണ്ടിയിരുന്നത്. ഞങ്ങളുടെ അധ്യാപകനും മലയാളിയുമായ കേണൽ പിള്ളയും ഞാനും ഒരു ജീപ്പിലും സുധാകർ ഞങ്ങൾക്ക് പിന്നാലെ ഒരു മോട്ടോർ സൈക്കിളിലുമായി യാത്രയായി. അവിടെ എത്തിയാലും അയാളുടെ ദുർമ്മുഖം കണ്ടുകൊണ്ട് എങ്ങനെ ടീമായി പണിയെടുക്കുമെന്ന ചിന്തയിലായിരുന്നു ഞാൻ. വളരെ മനോഹരമായ ആ സ്ഥലത്തെ പരിശീലന കേന്ദ്രത്തിനു മുന്നിൽ കല്ലുകൾ പാകിയുണ്ടാക്കിയ ഫീനിക്‌സ് പക്ഷിയുടെ ചിത്രമാണ് ഞങ്ങളെ വരവേറ്റത്. അവിടെ ബി.ജെ മെഡിക്കൽ കോളേജിൽ നിന്നുള്ള പി.ജി വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ഞങ്ങളെല്ലാം ഒരുമിച്ചാണ് ഫീൽഡ് പഠനം നടത്തിയത്. സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ തൈറോയിഡ്ഗ്രന്ഥി വീക്കം എത്രത്തോളമുണ്ടെന്ന് പഠിക്കുകയായിരുന്നു ഞങ്ങൾ ചെയ്തത്. പകൽ സമയം സ്‌കൂളുകളിൽ പോയി ഡേറ്റ ശേഖരിക്കുകയും രാത്രിയിൽ അത് വിശകലനം ചെയ്യുകയും ചെയ്തു. ഭക്ഷണവും താമസവും അവിടെ തന്നെ ഉണ്ടായിരുന്നു.
എനിക്ക് റൂം മേറ്റായി മറ്റൊരു കോളേജിൽ നിന്ന് വന്ന ""വയലറ്റ്'' എന്ന സുന്ദരിയെ കിട്ടി. വളരെ പ്രസരിപ്പുള്ള വയലറ്റ് എപ്പോഴും സന്തോഷവതിയായിരുന്നു. രാത്രിയിൽ ഞങ്ങൾ ടെറസ്സിൽ പോയി നൃത്തം ചെയ്തു. അവളുടെ സിസ്റ്റത്തിൽ നിന്നും ഒഴുകിക്കൊണ്ടിരുന്ന ഹിന്ദി ഗാനങ്ങളും ഒരുമിച്ച് വച്ച ചുവടുകളും ഇപ്പോഴും ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു. അതിനിടെ സുധാകറും വയലറ്റിൽ ആകൃഷ്ടനായി. ആരെയും ആകർഷിക്കുന്ന വ്യക്തിത്വമായിരുന്നു അവളുടേത്. അയാൾ ഞങ്ങളുടെ റൂമിൽ വന്ന് അവളെ ഒരു റൈഡിന് പോകാൻ ക്ഷണിച്ചു. പിന്നീട് വിവാഹത്തിന് പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. അവൾ അത് രണ്ടും നിരസിച്ചു. എന്റെ മനസ്സിൽ അയാളോടുള്ള ഇഷ്ടമില്ലായ്മ കൊണ്ട് നീചവും നിഗൂഢവുമായ ആനന്ദം നുരഞ്ഞു. എന്റെ അനുഭവങ്ങളൊന്നും പക്ഷെ, ഞാനവളോട് പങ്കുവച്ചിരുന്നില്ല.
ജോലികളൊക്കെ തീർന്ന ദിവസം വൈകുന്നേരം അടുത്തുള്ള നദിയിൽ എല്ലാവരും ചേർന്ന് ബോട്ടിംഗിന് പോയി സന്തോഷം പങ്ക് വച്ചു. പിറ്റേന്ന് തന്നെ വയലറ്റിനെയും അവളുടെ റെക്കോർഡിൽ നിന്നൊഴുകിയിരുന്ന വിഷാദഗാനങ്ങളെയും വിട്ട് ഞാൻ പൂനയിലേക്ക് തിരിച്ചു പോയി.
മനുഷ്യർ ശാസ്ത്രം കൊണ്ട് വികസിപ്പിച്ചെടുത്ത ഈ പടുകൂറ്റൻ വ്യവസായ ശാലകളുടെ മൂലകളിലൊക്കെ ഗണപതിയുടെയും മറ്റ് ദൈവങ്ങളുടെയും വിഗ്രഹങ്ങൾ വച്ചിരിക്കുകയും അവരെ പൂജിക്കുകയും ചെയ്യുന്നത് കണ്ട് അതിശയപ്പെട്ടു പോവുകയും ചെയ്തു.
പഠന സന്ദർശനങ്ങൾ നടത്താൻ ഞങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട പൊതുജനാരോഗ്യ കേന്ദ്രങ്ങളെല്ലാം പല സമയങ്ങളിലായി ഞങ്ങൾ സന്ദർശിച്ചു. ഓരോ സന്ദർശനത്തിലും ഒരു പ്രൊഫസർ ഞങ്ങളോടോപ്പമുണ്ടാവും. ഞാനും സുധാകറും ഇൻഡസ്ട്രിയൽ ഹെൽത്ത് പഠിക്കാനെത്തിയ ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടാവുക. സ്ത്രീയായി ഞാൻ മാത്രമാണ് അതിലുണ്ടായിരുന്നത്. പ്രയാസമുള്ള പല ഘട്ടങ്ങളും ഉണ്ടായെങ്കിലും ആ കാരണത്താൽ എവിടെയും ഞാൻ മാറി നിന്നില്ല. ഏറ്റവും പ്രയാസം ഖനികൾക്കുള്ളിലൂടെയുള്ള നടത്തമായിരുന്നു. മധ്യപ്രദേശിലും പശ്ചിമ ബംഗാളിലുമുള്ള ഖനികൾ ഞങ്ങൾ സന്ദർശിച്ചു. ഖനിക്കുള്ളിൽ കുറ്റാക്കുറ്റിരുട്ടും വഴുവഴുക്കുന്ന നിലവുമാണ്. പിന്നീട് ആലോചിക്കുമ്പോൾ ഭയം തോന്നുമെങ്കിലും അത്തരം സാഹസങ്ങൾ എനിക്കിഷ്ടമായിരുന്നു. ഭാരമുള്ള ഗൗണും ഗംബൂട്ടുകളും തലയിൽ ഉരുക്കു കവചവും ധരിച്ചാണ് അതിനുള്ളിലൂടെ നടക്കുന്നത്. തലയിലെ കവചത്തിൽ ഒരു വിളക്ക് ഘടിപ്പിച്ചിട്ടുണ്ടാവും. അതിന്റെ വെളിച്ചത്തിലാണ് നടക്കേണ്ടത്. അവിടെ ജോലി ചെയ്യുന്നവരെ നമ്മൾ നമസ്‌കരിച്ചു പോവും.
അവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടിയായിരുന്നു അത്തരം യാത്രകൾ. സെയിൽ (SAIL) ഇന്ത്യയുടെ കൂറ്റൻ ഇരുമ്പുരുക്ക് ഫാക്ടറികളും ഞങ്ങൾ സന്ദർശിച്ചു. കൂടെയുണ്ടായിരുന്നവരിൽ ചിലർ അവിടുത്തെ ഡോക്ടർമാരായിരുന്നു. മനുഷ്യരുടെ അത്യത്ഭുതകരമായ വിളയാട്ടങ്ങൾ വിളിച്ചറിയിക്കുന്നവയാണ് ഈ ഫാക്ടറികളുടെ വ്യാപ്തിയും വലുപ്പവും ഉത്പാദനവും. മനുഷ്യർ ശാസ്ത്രം കൊണ്ട് വികസിപ്പിച്ചെടുത്ത ഈ പടുകൂറ്റൻ വ്യവസായ ശാലകളുടെ മൂലകളിലൊക്കെ ഗണപതിയുടെയും മറ്റ് ദൈവങ്ങളുടെയും വിഗ്രഹങ്ങൾ വച്ചിരിക്കുകയും അവരെ പൂജിക്കുകയും ചെയ്യുന്നത് കണ്ട് അതിശയപ്പെട്ടു പോവുകയും ചെയ്തു. റോക്കറ്റു വിക്ഷേപിക്കുന്നതിനു മുമ്പ് തേങ്ങ ഉടക്കുന്നവരെ പോലെ, ഇത് നയിച്ചു കൊണ്ട് പോകുന്നവർക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നു തോന്നുന്നു.
യുവാക്കളായ ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്ക് പരസ്യമായി പ്രണയിക്കുന്നതിന് അവിടെ അന്ന് ആരെയും ഭയക്കേണ്ടിയിരുന്നില്ല. ഞാൻ പഠിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലും അക്കാലത്ത് ഇപ്പോഴത്തെ പോലെയുള്ള മോറൽ പൊലീസിംഗ് ഉണ്ടായിരുന്നില്ല.
സന്ദർശനത്തിന് പോകുന്ന സ്ഥലങ്ങളിലൊക്കെ ആർമി ഓഫീസർമാരുടെ അതി മനോഹരമായ ലൊക്കേഷനുകളിലാണ് താമസസൗകര്യം ഉണ്ടായിരുന്നത്. യാത്രചെലവ് മാത്രമേ എനിക്ക് വഹിക്കേണ്ടതായുണ്ടായിരുന്നുള്ളൂ. ബാക്കി ലക്ഷ്വറി ഒക്കെ സൗജന്യമായി കിട്ടി. മുംബൈയിലെ കൊളാബ എന്ന സ്ഥലത്തെ ഓഫീസർമാരുടെ താമസസ്ഥലം അതീവ സുന്ദരമായിരുന്നു. അവിടെ പല സ്ഥാപനങ്ങളും സന്ദർശിച്ചു എങ്കിലും സബ്മറൈനിൽ (submaraine)പോയതാണ് ഓർമയിൽ തങ്ങി നിൽക്കുന്നത്. ഉള്ളിലേക്ക് നൂണ്ടിറങ്ങുക കുറച്ച് പ്രയാസമായിരുന്നു. അതിനുള്ളിലുണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾ പഠിക്കുന്നതിന് ആ അന്തരീക്ഷം നേരിട്ടറിയുന്നത് നല്ലതായിരുന്നു. എയർ പോർട്ടിലേക്ക് പോയത് അവിടെ നൽകുന്ന ഭക്ഷണം പരിശോധിക്കുന്നതിന്റെ ട്രയൽ എന്ന നിലക്കാണ്. മുംബൈയിൽ നേവി ഓഫീസർമാരായിരുന്നു ഞങ്ങൾക്ക് ആതിഥ്യം ഒരുക്കിയത്. പകൽ മുഴുവൻ അവർ ഞങ്ങളോടൊപ്പം വന്ന് സ്ഥലങ്ങൾ കാണിച്ച് തന്നു. വൈകുന്നേരങ്ങളിൽ അവരുടെ വീടുകളിൽ ഡിന്നർ ഒരുക്കി. അവരുടെ ഭാര്യമാർ എന്നെ ഷോപ്പിംഗിനു കൂട്ടി കൊണ്ടുപോവുകയും വസ്ത്രങ്ങളും കൗതുകവസ്തുക്കളും തെരഞ്ഞെടുത്ത് തരികയും ചെയ്തു. അവർ എന്നെ സിവിലിയൻ ആയി താഴ്ത്തി കണ്ടില്ല. അതെ സമയം സുധാകർ ഞാൻ ഭക്ഷണം കഴിക്കുന്ന രീതിക്കും മറ്റും എപ്പോഴും കുറ്റം കണ്ടുപിടിച്ച് കൊണ്ടിരുന്നു. പാതിരാത്രിയിലും അവിടെ സുരക്ഷിതമായി പുറത്ത് കടൽക്കാറ്റേറ്റ് നടക്കാൻ കഴിഞ്ഞു. അവരുടെ ആതിഥ്യത്തിൽ ഞാൻ ഒരു വിശിഷ്ട വ്യക്തിയായി എനിക്കനുഭവപ്പെട്ടു.
പൂനയിൽ ഇടക്കൊക്കെ ഒരു മാറ്റത്തിനായി ഞാൻ യൂണിവേഴ്‌സിറ്റിയിൽ പോയിരുന്നു. ഇപ്പോൾ ജെ.എൻ.യുവിൽ പ്രൊഫസറായ ഉദയകുമാറും വേണുവും മറ്റും അവിടെ ഉണ്ടായിരുന്നു. ഉദയകുമാർ മിക്കപ്പോഴും കൂട്ടുകാർക്കായി വിരുന്നൊരുക്കിയിരുന്നതിൽ എന്നെയും ക്ഷണിക്കുമായിരുന്നു. ചിലപ്പോൾ എല്ലാവരും രാത്രി അവിടെ തന്നെ കഴിച്ച് കൂട്ടും. ഭക്ഷണത്തിനൊപ്പം ബൗദ്ധികചർച്ചകളും ഉണ്ടാകും. തണുപ്പിൽ ആവശ്യമായ വസ്ത്രങ്ങളും നല്ല സുഹൃത്തായ ഉദയൻ നൽകിയിരുന്നു. ഗവേഷണം നടത്തി കൊണ്ടിരുന്ന വേണുവിന്റെ കൂട്ടുകാരി മായയും എനിക്ക് വളരെ ആശ്വാസമായിരുന്നു. ഇവരുടെ എല്ലാം സാന്നിധ്യത്തിൽ പൂനെ യൂണിവേസിറ്റി സുന്ദരമായ ഒരു ഇടത്താവളമായിരുന്നു എനിക്ക്. സുധാകർ മുഖം ചുളിക്കുമ്പോഴെല്ലാം ഞാൻ അവിടെ അഭയം പ്രാപിച്ചു.
ഷോലാപ്പൂരിൽ താമസിച്ചിരുന്ന മനീഷ ഗുപ്‌തെയും കുടുംബവുമായിരുന്നു ഞാൻ ഇടക്കിടെ സന്ദർശിച്ചിരുന്ന മറ്റൊരു സ്ഥലം. ഞങ്ങൾക്ക് തമ്മിൽ സംസാരിക്കാൻ ഫെമിനിസം തന്നെ ധാരാളമായുണ്ടായിരുന്നു. ജനകീയാരോഗ്യപ്രവർത്തകയായ അവർ മസും (MASUM) എന്ന ഒരു ആരോഗ്യസന്നദ്ധസംഘടനക്ക് രൂപം കൊടുത്തിട്ടുണ്ട്. എനിക്കാവശ്യമുള്ളപ്പോൾ പണം കടം തന്ന് സഹായിക്കുകയും ചെയ്തു.
കേരളത്തിൽ നിന്ന് അധികം പുറത്ത് പോയിട്ടില്ലാതിരുന്ന ഞാൻ മഞ്ഞുകാലം അനുഭവിക്കുന്നത് ആദ്യമായിരുന്നു. മഞ്ഞുകാലമുള്ള നാട്ടിലെ പ്രേമങ്ങളുടെ നിറഭേദങ്ങൾ വേറിട്ടതാണ്. നിറങ്ങൾ മഞ്ഞുകണങ്ങളിലെന്ന പോലെ അതിൽ വീണു തിളങ്ങും. യുവാക്കളായ ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്ക് പരസ്യമായി പ്രണയിക്കുന്നതിന് അവിടെ അന്ന് ആരെയും ഭയക്കേണ്ടിയിരുന്നില്ല. ഞാൻ പഠിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലും അക്കാലത്ത് ഇപ്പോഴത്തെ പോലെയുള്ള മോറൽ പൊലീസിംഗ് ഉണ്ടായിരുന്നില്ല. കാമ്പസിലെ മരങ്ങൾക്ക് ചുവട്ടിൽ ഒരുമിച്ചിരിക്കുന്ന പ്രണയജോഡികൾ എല്ലാ കോളേജിലുമുണ്ടാവും. കർശനമായി ഇതൊന്നും തടയാത്ത സ്ഥലങ്ങളിൽ യുവാക്കളുടെ ജീവിതം സുന്ദരമാകും. അങ്ങനെ അല്ലാത്ത ഇടങ്ങളിൽ അവർ പല വിധ അപകടങ്ങളിൽ ചെന്നുപെടുകയും ചെയ്യുന്നു.
അവിടെ പെൺകുട്ടികളുടെ എണ്ണം കുറവായിരുന്നതു കൊണ്ട് എല്ലാ ആൺകുട്ടികൾക്കും ഇണകളെ കണ്ടെത്താനായില്ല എന്ന പ്രശ്‌നമാണുണ്ടായിരുന്നത്. ഇണകളെ കണ്ടെത്തിയവർ കോഫീ പാർലറുകളിലും കാമ്പസിന്റെ പല കോണുകളിലും ചുറ്റിത്തിരിഞ്ഞശേഷം രാത്രി ഒൻപതു മണിയോടെ തിരിച്ച് ഹോസ്റ്റലിൽ എത്തി. തിരികെ വന്ന് ഉത്സാഹത്തോടെ ഉറക്കമിളച്ച് പഠിച്ച് ഉയർന്ന മാർക്ക് വാങ്ങി. പ്രണയം, ബിരുദ വിദ്യാർത്ഥികളിൽ മാത്രം ഒതുങ്ങിയതല്ല. പുറമെ, മറ്റുള്ളവർക്ക് കൂടി ഉന്മേഷം പരത്തിക്കൊണ്ട് ഉല്ലസിക്കുന്നത് അവരാണെന്നു മാത്രം. ഏതു പുതിയ സമൂഹത്തിൽ എത്തിയാലും അവരുടെ സ്‌നേഹബന്ധങ്ങളെ കുറിച്ച് മനസ്സിലാക്കിയാൽ മാത്രമേ അവരെ നമ്മൾ അടുത്തറിയുന്നു എന്ന് വിചാരിക്കാൻ കഴിയൂ. വിവിധ ജാതിയിലും മതത്തിലും പ്രായത്തിലും എല്ലാം പെട്ടവർക്ക് പ്രണയിക്കുന്നതിന് വലിയ ഒളിവും അടിച്ചമർത്തലും ഇല്ലെങ്കിൽ അത് ആ സമൂഹത്തിന്റെ ഉയർന്ന സാംസ്‌കാരിക നിലവാരമാണ് കാണിക്കുന്നത്. വിവാഹിതയായ ഒരുവളുടെ പരസ്യമായ പ്രണയം അവിടെ ആരും തടഞ്ഞില്ല. അവൾ കുറെ കാലത്തിനു ശേഷം ആദ്യത്തെ വിവാഹത്തിൽ നിന്ന് മോചനം നേടുകയും ചെയ്തു. അതിലൊന്നും അവിടെ ആരും ഇടപെടുകയോ അവരെ പിന്തിരിപ്പിക്കുകയോ ചെയ്തില്ല.
കഴിയുന്നത്ര കൂടുതൽ സ്ത്രീകളെ പ്രണയിക്കുന്നത് ഒരു വലിയ നേട്ടമായി കരുതുന്ന ചില ആളുകളുണ്ട്. ആണുങ്ങളുടെ വശത്തേക്ക് ചാഞ്ഞു നിൽക്കുന്ന ഒരു ലൈംഗിക സംസ്‌കാരത്തിന്റെ ഉത്പന്നമാണത്.
മലയാളിയായ മുസ്‌ലിം വിദ്യാർത്ഥിയും പഞ്ചാബുകാരിയായ സഹവിദ്യാർത്ഥിനിയും തമ്മിൽ പ്രണയിച്ച് വിവാഹിതരായി. യാതൊരു കോലാഹലവും ഉണ്ടായതായി കണ്ടില്ല. പാത്തോളജി വിദ്യാർഥിനിയായിരുന്ന ഒരുവൾക്ക് സൗന്ദര്യമത്സരത്തിൽ സമ്മാനം കിട്ടിയിരുന്നു. ലബോറട്ടറിയിൽ മൈക്രോസ്‌കോപ്പിലേക്ക് മുഖം ആഴ്ത്തിയിരിക്കുമ്പോഴും ജനലിൽ കൂടി നോക്കി അവളുടെ പ്രഭാപൂർണ്ണമായ മുഖം തങ്ങളെ എങ്ങനെ ആകർഷിക്കുന്നു എന്ന് ജൂനിയർ വിദ്യാർത്ഥിനികൾ പറഞ്ഞു കൊണ്ട് നടന്നു നീങ്ങി. പാർട്ടികളിൽ ഓഫീസർമാരുടെ ഭാര്യമാർ നന്നായി അണിഞ്ഞൊരുങ്ങി വന്നു. താഴ്ന്ന ഇടത്തരക്കാരുടെ സമൂഹത്തിലെ പോലെ പ്രകടമായ ലൈംഗിക അടിച്ചമർത്തൽ അവിടെ കണ്ടില്ല.
ഇതെല്ലാമാണെങ്കിലും പ്രണയബന്ധങ്ങളിലെ അധികാരവിന്യാസങ്ങൾ കണ്ടില്ലെന്ന് വിചാരിക്കാൻ കഴിയില്ല. ഉയർന്ന ഇടത്തരം വിഭാഗങ്ങളിലും ഉയർന്ന വിഭാഗങ്ങളിലുമുള്ള സ്ത്രീകൾ നിലവിലെ സാഹചര്യത്തിൽ പുരുഷന്മാരുമായുള്ള ബന്ധങ്ങളിൽ വിലപേശാൻ പ്രാവീണ്യമുള്ളവരായിരിക്കും. അതുകൊണ്ടാവാം പുരുഷന്മാർ പലപ്പോഴും തങ്ങളേക്കാൾ താഴ്ന്ന പദവിയുള്ളവരും നിഷ്‌കളങ്കരുമായ സ്ത്രീകളെ ആഗ്രഹിക്കാറുണ്ട്. എന്നാൽ, തങ്ങളുടെ അഭിലാഷങ്ങൾ സഫലീകരിക്കുകയല്ലാതെ, ഈ സ്ത്രീകളുടെ പദവി ഉയർത്താനൊന്നും അവർ മെനക്കെടാറില്ല. ഇത്തരം പ്രണയങ്ങളിൽ പെട്ട് പോകുന്ന ലളിത മനസ്സുള്ള സ്ത്രീകൾ അതിൽ കുടുങ്ങി വിഷമിക്കാറുമുണ്ട്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്ന് പഠിക്കാൻ വന്ന ഒരു പി.ജി.വിദ്യാർത്ഥിനിയോട് അവരുടെ പ്രൊഫസർ കൂടുതൽ അടുപ്പം കാണിച്ചു. അവളുടെ ഗ്രാമീണ സൗന്ദര്യവും നീണ്ട തലമുടിയുമൊക്കെയായിരുന്നു അയാളെ ആകർഷിച്ചത്. എന്നാൽ, അതേസമയം പുതിയ അന്തരീക്ഷത്തിൽ, വിവാഹിതയായ അവൾ കൂടുതൽ ശക്തി നേടാൻ പരിശീലനം നേടുകയായിരുന്നു. അവൾ തന്റെ നീണ്ട മുടി മുറിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അതിൽ പ്രൊഫസർ ദുഃഖം പ്രകടിപ്പിച്ചു. ഒരേസമയം ഭർത്താവിനെയും തന്നോട് അനുരാഗം കാട്ടുന്ന പ്രൊഫസറെയും നിരാശപ്പെടുത്തി കൊണ്ട് സ്വന്തം തീരുമാനം നടപ്പാക്കാൻ കഴിഞ്ഞതിൽ അവൾ ഉള്ളാലെ ആനന്ദിച്ചു. ഒരു പുരുഷന്റെ ആരാധന ലഭിക്കുന്നതോടൊപ്പം തന്നെ സ്വന്തം തീരുമാനങ്ങൾ നടപ്പാക്കുന്നതും സ്ത്രീക്ക് പ്രധാനമാണ്. കോളേജിൽ ചേരുന്ന സമയത്ത് എപ്പോഴും വിഷണ്ണയായി കാണപ്പെട്ട അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു തുടങ്ങി. അയാൾ പലപ്പോഴും അവളെ സിനിമക്ക് പോകാൻ ക്ഷണിച്ചു എങ്കിലും അതെല്ലാം അവൾ സ്‌നേഹപൂർവ്വം നിരസിച്ചു. എന്നാൽ, പ്രതികാരത്തോടെ പെരുമാറാനൊന്നും അധികാരമുണ്ടായിട്ടും ആ പ്രൊഫസർ ഒരുങ്ങിയില്ല. ഇത്തരം സന്ദർഭങ്ങളിൽ മനഃസാന്നിധ്യം നിലനിർത്തി കൊണ്ടുപോവുക എളുപ്പമല്ല. പഠനത്തിന്റെയും പരീക്ഷയുടെയുമൊക്കെ ഇടയിൽ ഇത് നന്നായി മാനേജ് ചെയ്തു കൊണ്ട് പോകാൻ ആ യുവതിക്ക് സാധിച്ചതിൽ ഞങ്ങൾ കൂട്ടുകാരും സന്തോഷിച്ചു.
കഴിയുന്നത്ര കൂടുതൽ സ്ത്രീകളെ പ്രണയിക്കുന്നത് ഒരു വലിയ നേട്ടമായി കരുതുന്ന ചില ആളുകളുണ്ട്. ആണുങ്ങളുടെ വശത്തേക്ക് ചാഞ്ഞു നിൽക്കുന്ന ഒരു ലൈംഗിക സംസ്‌കാരത്തിന്റെ ഉത്പന്നമാണത്. അത്തരത്തിൽ വിരുതനായ ഒരു സീനിയർ വിദ്യാർത്ഥി അവിടെയുണ്ടായിരുന്നു, ഓരോ വർഷവും പുതിയ വിദ്യാർത്ഥിനികൾ വന്നു ചേരുമ്പോൾ അയാൾ ഏതാനും പേരെ ഉന്നം വക്കും. സഹവിദ്യാർത്ഥികളുടെ മുമ്പിൽ അതൊരു ചലഞ്ചായി അവതരിപ്പിക്കും. അതെങ്ങനെയെങ്കിലും ഈ സ്ത്രീകളുടെ ചെവിയിലെത്തുകയും അവർ ജാഗ്രതപാലിക്കുകയും ചെയ്യും.
സ്ത്രീകളോട് നന്നായി പെരുമാറാനും അത് പ്രണയകാലം മുഴുവനും സൂക്ഷിക്കാനും അയാൾക്ക് കഴിഞ്ഞിരുന്നു. ഉത്തരേന്ത്യയിലെ ഒരു സമ്പന്ന കുടുംബത്തിൽ നിന്ന് വന്നവനെങ്കിലും അയാൾ പ്രണയത്തിൽ ദേശവ്യത്യാസമോ പദവി വ്യത്യാസമോ ഒന്നും പ്രകടിപ്പിച്ചില്ല. പ്രണയിക്കുന്ന സമയത്ത് അയാൾ സ്ത്രീകളോട് യാതൊരു ബഹുമാനക്കുറവും കാണിച്ചില്ല എങ്കിലും സ്ത്രീകൾ പ്രതീക്ഷിക്കുന്നത് പോലെ അത് വിവാഹത്തിൽ കൊണ്ടെത്തിക്കാൻ അയാൾക്ക് താത്പര്യമിലായിരുന്നു. അതിനാൽ, പൊതുവെ, അയാൾ സ്ത്രീകൾക്കിടയിൽ വഞ്ചകനായും സ്ത്രീലമ്പടനായും അറിയപ്പെട്ടു. ആ വർഷം രാജ്യത്തിന്റെ വടക്കു കിഴക്കൻ പ്രദേശത്ത് നിന്നും പടിഞ്ഞാറു നിന്നുമുള്ള രണ്ട് ഭാഷ സംസാരിക്കുന്ന യുവതികളെ പ്രണയിച്ച് ദേശീയോദ്ഗ്രഥനത്തിനായി ശ്രമിക്കും എന്നയാൾ പ്രഖ്യാപിച്ചു. രണ്ട് യുവതികളും ആദ്യം അത് തള്ളിക്കളഞ്ഞു എങ്കിലും അയാളുടെ വശ്യമായ പെരുമാറ്റത്തിൽ ഒരു യുവതി തന്റെ സോൾമേറ്റിനെ കണ്ടെത്തി. തൽക്കാലം അയാൾക്ക് അഖിൽ എന്നും അവൾക്ക് അപർണ്ണ എന്നും ഞാൻ പേര് നൽകുന്നു. വളരെ മൃദുവായി സ്ത്രീകളുടെ ഹൃദയത്തിൽ തൊടാൻ അഖിലിന് അറിയുമായിരുന്നു. പ്രണയം തുടങ്ങിയ ദിവസം റോസാപ്പൂക്കൾ നിറച്ച വലിയ പൂച്ചെണ്ടും മധുരപലഹാരങ്ങളുമായി അയാൾ ഹോസ്റ്റലിൽ എത്തി. അതിന്റെ ഒരു പങ്ക് ഞാനും കഴിച്ചു. സ്‌നേഹം കൊണ്ട് ചാലിച്ചതിനാലാവണം അതിന്റെ മധുരവും മണവും ദിവസങ്ങളോളം വിസിറ്റേഴ്‌സ് റൂമിൽ തങ്ങി നിന്നു.
അപർണ്ണയുടെ കന്നി പ്രണയമായിരുന്നു അത്. അതുവരെ വീട്ടുകാരിൽ നിന്ന് മറച്ചു വച്ച ഒരു കാര്യവും അവൾക്ക് ജീവിതത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ, ഇത്തരം ഒരു ബന്ധം അവൾക്ക് അവരെ അറിയിക്കാനും കഴിയുമായിരുന്നില്ല. ദിവസം കഴിയുന്തോറും അവർ തമ്മിലുള്ള ബന്ധം വളർന്നുകൊണ്ടിരുന്നു. അവസാനം മറ്റുള്ളവരെ ഉപേക്ഷിക്കുന്നത് പോലെ അവളെ ഉപേക്ഷിക്കാൻ കഴിയില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു. ഒരു തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം സ്‌നേഹത്തിന്റെ തിരകളിൽ പെട്ട് മുങ്ങിയതുപോലെ അഖിൽ വിമ്മിഷ്ടപ്പെട്ടു. ഉപാധികളില്ലാത്ത സ്‌നേഹം അതുവരെ അയാൾ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. മനുഷ്യരെ അപ്പാടെ മാറ്റിയെടുക്കാൻ ചില സ്‌നേഹബന്ധങ്ങൾക്ക് കഴിയുമെന്ന് ഇതിൽ നിന്നും ഞാൻ കണ്ടെത്തി. വീട്ടുകാർ അയാളുടെ വിവാഹം ഉറപ്പിച്ചപ്പോഴും ഈ ബന്ധം ഉപേക്ഷിക്കാൻ കഴിയാതെ അയാൾ കുഴങ്ങി. വിവാഹം നടക്കുമ്പോഴും അയാൾ മനസ്സുകൊണ്ട് അപർണ്ണയോടൊപ്പമായിരുന്നു. വിവാഹം നടത്തി എന്നു വരുത്തി തീർത്ത് പെട്ടെന്ന് തന്നെ അയാൾ അപർണ്ണയുടെ അടുത്തെത്തി. പിന്നീട് രണ്ട് ബന്ധങ്ങളും ഒരുമിച്ച് കൊണ്ട് പോകാൻ അഖിൽ വളരെ പണിപ്പെട്ടു. ആ നിസ്സഹായാവസ്ഥയിൽ അപർണ്ണ കൂടുതൽ കരുത്ത് നേടുകയും അയാളെ ഈ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. പൊതുവെ, പുരുഷന്മാരോട് പക്ഷംചേർന്ന് നിൽക്കുന്നതാണെങ്കിലും സ്ത്രീപുരുഷ ബന്ധത്തിലെ ശാക്തികബന്ധങ്ങൾ നിനച്ചിരിക്കാതെ ഇതുപോലെ അട്ടിമറിക്കപ്പെടുന്നതും കാണാം.
കൊൽക്കത്തയിലെ ലൈംഗികതൊഴിലാളികൾ പറഞ്ഞു, "ലൗ ഈസ് ലേബർ. പ്രണയം ഉണ്ടാക്കി എടുക്കുന്നതിനും നിലനിർത്തുന്നതിനും അത്യധ്വാനം ആവശ്യമാണ്. അത് ആക്രാന്തത്തോടെ ഇണയെ കീഴ്‌പ്പെടുത്തുന്ന പോലെ എളുപ്പമല്ല.
തിരുവനന്തപുരത്ത് നിന്ന് പൂനെയിലേക്കും തിരിച്ചും ട്രെയിനിലാണ് ഞങ്ങൾ സഞ്ചരിച്ചിരുന്നത്. അന്ന് കൊങ്കൺ റയിൽവേ ഇല്ലാതിരുന്നതിനാൽ, തമിഴ്‌നാട് വഴിയുള്ള ട്രെയിനുകളിൽ ആയിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. മിക്കവാറും പൂനാ സ്റ്റേഷനിൽ അതിരാവിലെയാണ് എത്തുന്നത്. സ്റ്റേഷനിൽ ഇരുന്ന് നേരം വെളുപ്പിച്ചിട്ടാണ് കാമ്പസിലേക്ക് പോകുന്നത്. അവിടെ നിന്ന് നാട്ടിലേക്കുള്ള ട്രെയിനുകൾ രാത്രി ഒരു മണിക്കോ രണ്ട് മണിക്കോ ഒക്കെ ആയിരിക്കും. അതിനാൽ വളരെ നേരത്തെ സ്റ്റേഷനിൽ പോയിരിക്കുക പതിവാണ്. ഞാൻ മിക്കവാറും ഒറ്റക്കാണ് യാത്ര ചെയ്തിരുന്നത്. ഒരു ദിവസം രാത്രി പത്ത് മണിക്ക് തന്നെ ഞാൻ സ്റ്റേഷനിൽ എത്തി. ട്രെയിൻ രണ്ട് മണിക്കേ ഉള്ളൂ. ട്രെയിൻ കാത്ത് വെറുതെ ഇരിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ അടുത്ത് വന്ന് പരിചയപ്പെട്ടു. ഞങ്ങൾ പരസ്പരം മലയാളികളാണെന്ന് തിരിച്ചറിഞ്ഞ് വിശേഷങ്ങൾ പങ്ക് വച്ചു. അയാൾ അവിടെ ഏതോ ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു. ഇരുന്ന് മടുത്തപ്പോൾ പുറത്തിറങ്ങി നടക്കാമെന്ന് അയാൾ നിർദ്ദേശംവച്ചു. രാത്രിയിൽ ഭയമില്ലാതെ പുറത്ത് നടക്കാൻ ആർക്കാണ് താല്പര്യമില്ലാത്തത്? ഒരാൾ കൂടെയുള്ളതുകൊണ്ട് ഒന്നും ശ്രദ്ധിക്കാതെ സ്വതന്ത്രമായി നടക്കാമല്ലോ. അധികം ചിന്തിക്കാതെ തന്നെ ഞാൻ പോകാമെന്നു പറഞ്ഞു. നഗരത്തിന്റെ രാത്രിഭംഗി ആസ്വദിച്ച് ഞങ്ങൾ നടന്നു. ഭാരമുള്ള എന്റെ തോൾബാഗ് ഇടക്ക് അയാൾ ഏറ്റെടുത്ത് സഹായിച്ചു. പല വിഷയങ്ങൾ സംസാരിച്ചും തെരുവ് കാഴ്ചകൾ കണ്ടും ട്രെയിൻ വരുന്നത് വരെ നഗരത്തിൽ സമയം ചെലവിട്ട് തിരിച്ചു വന്നു.
നാട്ടിൽ നിന്ന് തിരിച്ചെത്തി രണ്ട് മൂന്നു ദിവസങ്ങൾ കഴിഞ്ഞ് ഹോസ്റ്റലിൽ എനിക്കൊരു വിസിറ്റർ ഉണ്ടെന്ന് ആരോ വന്നു പറഞ്ഞു. ചെന്ന് നോക്കുമ്പോൾ അന്ന് റയിൽവേ സ്റ്റേഷനിൽ വച്ച് പരിചയപ്പെടുകയും ഒരുമിച്ച് നടക്കാൻ പോവുകയും ചെയ്ത ആളാണ്. അയാളെ കണ്ട് എന്തിനു വന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടു. എന്നാൽ, അയാൾ വന്നത് അയാളുടെ അത്ഭുതം പങ്കുവയ്ക്കാനാണ്. യാതൊരു മുൻ പരിചയവുമില്ലാതിരുന്ന അയാളോടൊപ്പം പാതിരാത്രിയിൽ ഞാനെന്തിന് നടക്കാൻ പോയി, വിശ്വസിച്ച് എങ്ങനെ അയാളുടെ കയ്യിൽ ബാഗ് നൽകി എന്നതൊക്കെ ആയിരുന്നു അയാൾക്ക് അറിയേണ്ടിയിരുന്നത്. ഞാൻ ആംഡ് ഫോഴ്സ്സസ് മെഡിക്കൽ കോളേജിൽ പഠിക്കുകയാണെന്ന് പറഞ്ഞത് സത്യമാണോ എന്ന് പരിശോധിക്കാൻ കൂടിയാണ് അയാൾ വന്നതെന്ന് തോന്നുന്നു. അയാൾ എന്തിനാണ് അത്രയും പ്രയാസപ്പെട്ട് എന്നെതേടി വന്നതെന്ന് പൂർണ്ണമായും എനിക്ക് മനസ്സിലായിട്ടില്ല. മനുഷ്യർക്ക് സ്വാഭാവികമായി ചെയ്യാവുന്ന ഒരു കാര്യം മാത്രമാണ് രാത്രിയിൽ ഒന്ന് പുറത്ത് നടക്കുക എന്നത്. അതുപോലും എത്ര സങ്കീർണമാക്കി നമ്മൾ പണിത് വച്ചിരിക്കുന്നു? സ്ത്രീകളെ സംബന്ധിച്ച്, ഒരു പക്ഷെ എനിക്ക് ഇങ്ങനെ കിട്ടുന്ന അവസരം സന്തോഷം തരുന്നതാണ്. എന്നാൽ, എന്നോടൊപ്പം വന്ന പാവം മനുഷ്യൻ അതോർത്ത് ദിവസങ്ങളോളം അസ്വസ്ഥപ്പെടുകയും വിഷമിക്കുകയും ചെയ്യുന്നു. ""മെൻ ആർ ഫ്രം മാഴ്‌സ് ആൻഡ് വിമൻ ആർ ഫ്രം വീനസ്'' എന്നേ ഇതിൽ പറയാൻ പറ്റൂ. എന്റെ സ്വഭാവം അയാൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. അതെ സമയം അയാൾക്ക് എന്നെ വിട്ടുകളയാനും പറ്റുന്നില്ല. "പതിത'കളായ സ്ത്രീകളെ പ്രാപിക്കുന്ന പുരുഷന്മാരെല്ലാം ഈ സംഘർഷത്തിൽപെടാറുണ്ട്. അവർ ഈ പതിതത്വത്തിൽ സ്വന്തം അമ്മയെയും പെങ്ങളേയും ഭാര്യയേയും മകളെയും സങ്കൽപ്പിക്കുന്നു. എന്നിട്ട് അതിൽ കുഴങ്ങി വിഷമിക്കുകയാണ്.
കൊൽക്കത്തയിലെ ലൈംഗികതൊഴിലാളികൾ പറഞ്ഞു, "ലൗ ഈസ് ലേബർ.(Love is labour)'. പ്രണയം ഉണ്ടാക്കി എടുക്കുന്നതിനും നില നിർത്തുന്നതിനും അത്യധ്വാനം ആവശ്യമാണ്. അത് ആക്രാന്തത്തോടെ ഇണയെ കീഴ്‌പെടുത്തുന്ന പോലെ എളുപ്പമല്ല. മനുഷ്യർ ഇടപെടുന്ന ഇടങ്ങളിലെല്ലാം അനുരാഗത്തിന്റെ നനവുണ്ടാകും. സാഹചര്യങ്ങൾ ചിലപ്പോൾ അത് പെട്ടെന്ന് ഉണക്കി കളയും. എപ്പോഴും അതിന്റെ ആവശ്യം ഉണ്ടായിരിക്കുകയുമില്ല. ആത്മാഭിമാനത്തെ തഴപ്പിക്കുന്ന പ്രണയങ്ങൾ മാത്രമേ സ്ത്രീകൾ വളർത്തേണ്ടതുള്ളൂ. അധികാരവും ഭയവും അകമ്പടിയായി വരുന്ന പ്രണയവേഷങ്ങളെ ആട്ടിയോടിക്കുക തന്നെ വേണം.
കാമുകിയായ നഴ്‌സിനെ സുഹൃത്തിന് കൂടി പങ്കുവച്ചു എന്നു കേട്ടപ്പോൾ അത് അവരുടെ സമ്മതത്തോടെയാണോ എന്ന ചോദ്യം ഉള്ളിൽ കയ്പുണ്ടാക്കി. അല്ല എന്ന് പറയാൻ നമ്മുടെ കയ്യിൽ തെളിവുകളൊന്നുമില്ല. എന്നാൽ, നിലനിൽക്കുന്ന നമ്മുടെ അധികാര ബന്ധങ്ങളിൽ അവർക്ക് അത് നിഷേധിക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകാനാണ് കൂടുതൽ സാധ്യത.
സ്ത്രീകൾക്ക് ഇഷ്ടപ്പെടുന്ന തരം സൗന്ദര്യമുള്ള ഒരു പട്ടാളക്കാരനായ മെഡിക്കൽ വിദ്യാർത്ഥിയോട് എനിക്കും അയാൾക്ക് തിരിച്ചും താത്പര്യം തോന്നി തുടങ്ങിയിരുന്നു. പരസ്പരം പറയാതെ തന്നെ ശരീരങ്ങൾ പ്രകടമാക്കുന്ന രാസക്രിയയാണത്. സംസാരിക്കാൻ തുടങ്ങിയാൽ ചിലപ്പോൾ ഇത്തരം ആകർഷണങ്ങളിൽ നിന്ന് ശരീരം തന്നെ പിന്മാറുകയുംചെയ്യും. ഇക്കാര്യത്തിൽ അതുപോലും വേണ്ടിവന്നില്ല. ഒരു പരിപാടിക്ക് പോകാനായി അയാൾ എന്നെ കൂട്ടാൻ ഹോസ്റ്റലിൽ എത്താമെന്ന് പറഞ്ഞിരുന്നു. ഭീരുവായ ആ അനുരാഗി ഒരു പക്ഷെ, പകുതി മനസ്സോടെയാണ് അതേറ്റത്. ഞാൻ പുറപ്പെടാൻ അഞ്ചു മിനിറ്റു വൈകിയത് കാരണം അയാൾ അതൊരു കാരണമാക്കി, വെയ്റ്റ് ചെയ്യാതെ ഒറ്റക്ക് യാത്രയായി. ഭയത്തിന് പ്രണയത്തിൽ സ്ഥാനമില്ലാത്തതിനാൽ ആ നിമിഷം ഞാനയാളെ ഉള്ളിൽ നിന്നും കുടഞ്ഞ് പുറത്തേക്കെറിഞ്ഞു.
മറ്റു പലയിടത്തും ആൺ സുഹൃത്തുക്കൾ പറഞ്ഞു കേൾക്കാറുള്ളത് പോലെ അവിടെയും ചിലർ സ്വന്തം പ്രണയവേട്ടകളെ കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഡോക്ടർമാരും നഴ്സുമാരും പ്രണയത്തിലാകുന്നത് മെഡിക്കൽ ഫീൽഡിൽ സാധാരണമാണ്. അവിടെ കേട്ട വിവരണങ്ങളിലും അങ്ങനെ ചിലതുണ്ടായിരുന്നു. എന്നാൽ, കാമുകിയായ നഴ്‌സിനെ സുഹൃത്തിന് കൂടി പങ്കുവച്ചു എന്നു കേട്ടപ്പോൾ അത് അവരുടെ സമ്മതത്തോടെയാണോ എന്ന ചോദ്യം ഉള്ളിൽ കയ്പുണ്ടാക്കി. അല്ല എന്ന് പറയാൻ നമ്മുടെ കയ്യിൽ തെളിവുകളൊന്നുമില്ല. അവരും അത് ഇഷ്ടപ്പെട്ടിരിക്കാം എന്നും കരുതാം. എന്നാൽ, നിലനിൽക്കുന്ന നമ്മുടെ അധികാര ബന്ധങ്ങളിൽ അവർക്ക് അത് നിഷേധിക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകാനാണ് കൂടുതൽ സാധ്യത. അധികാരത്തിന്റെ നിഴൽ വീശാത്ത ഏതെങ്കിലും ബന്ധങ്ങൾ നിലനിൽക്കുന്നുണ്ടോ എന്നും പറയാൻ കഴിയില്ല. എന്നാൽ കീഴ്‌പ്പെട്ടു നിൽക്കുന്നവർ അവരുടെ ചിന്തകൊണ്ടും ബുദ്ധികൊണ്ടും പ്രണയത്തിലൂടെ അധികാര ബന്ധങ്ങളെ അട്ടി മറിക്കുന്നതും സ്വതന്ത്രരാവുകയും ചെയ്യുന്നത് കാണുന്നുമുണ്ട്. പ്രണയം, ഒരേ സമയം റിസ്‌കും സ്വാതന്ത്ര്യത്തിനുള്ള അവസരവും കൊണ്ടുവരുന്നു. അധികാരത്തിന്റെ നുരകൾക്കിടയിൽ, പൊട്ടാവുന്നതെങ്കിലും സ്‌നേഹത്തിന്റെ മഴവിൽക്കുമിളകളും വിടരുന്നത് കാണാം.▮
(തുടരും)