ഡോ. എ.കെ. ജയശ്രീ

മോഹിക്കുന്നവരും മോഹം തന്ന് തിരികെ പോകുന്നവരും

എഴുകോൺ- 27

​കൂടുതലും സ്ത്രീകളാണ് ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെടുന്നത്. ശ്രമിക്കുന്ന പുരുഷന്മാരിൽ കൂടുതൽ പേരും അതിൽ വിജയിക്കുന്നതാണ് കാണുന്നത്.

മോഹങ്ങളുടെ തുടർച്ചയും ഇടർച്ചയുമാണ് മനുഷ്യജീവിതം.
അതുകൊണ്ടു തന്നെ മോഹഭംഗങ്ങളുടെയും.
ആത്മഹത്യയിലേക്ക് നയിക്കുന്നത് മോഹഭംഗങ്ങളാണ്.
കടുത്ത നിരാശയും നിസ്സഹായതയുമാണ് ആത്മഹത്യക്ക് ശ്രമിക്കുന്നവർ അനുഭവിക്കുന്നത്. തീക്ഷ്ണമായ മനോവേദന അനുഭവിച്ചു കൊണ്ട് അവർ മറ്റുള്ളവരോട് സഹായം അഭ്യർഥിക്കുന്നതിന്റെ സൂചനയായി ഇത് മനസ്സിലാക്കാം. മിക്കപേരും അതിനു മുൻപ് കടുത്ത വിഷാദത്തിലൂടെ കടന്നു പോയിട്ടുണ്ടാവും. അത് വീണ്ടും തുടരുന്നും ഉണ്ടാവും. എങ്കിലും അവരോട് സംസാരിക്കുന്നതിന് വലിയ തടസ്സം ഉണ്ടായിട്ടില്ല. എല്ലാവരും എളുപ്പത്തിൽ മനസ്സ് തുറക്കാറില്ല. ചിലരുടെ അടുത്ത് കുറെ സമയം ചെലവഴിച്ചാൽ മാത്രമായിരിക്കും സംസാരിച്ചു തുടങ്ങുന്നത്. വിശ്വസ്തതയുടെ വഴി തുറന്നു കിട്ടിയാൽ സ്വതന്ത്രമായി സംസാരിക്കാം. ഈ തുറവി തന്നെ വലിയ ആശ്വാസം നൽകും.
കൂടുതലും സ്ത്രീകളാണ് ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെടുന്നത്. ശ്രമിക്കുന്ന പുരുഷന്മാരിൽ കൂടുതൽ പേരും അതിൽ വിജയിക്കുന്നതാണ് കാണുന്നത്. നാനൂറോളം പേരുമായി സംസാരിച്ചതിൽ നിന്നും സ്ത്രീകളെയും പുരുഷന്മാരെയും എങ്ങനെയാണ് സാഹചര്യങ്ങൾ വ്യത്യസ്തമായ രീതിയിൽ ആത്മഹത്യയിലേക്കെത്തിക്കുന്നതെന്ന് വേർതിരിച്ചറിയാൻ കഴിഞ്ഞു. എല്ലാ പ്രായത്തിലും പെട്ടവർ ഇതിനു ശ്രമിക്കുന്നു എങ്കിലും കൂടുതലും ചെറുപ്പക്കാരും ഇടപ്രായത്തിലുമുള്ളവരാണ് ശ്രമിച്ചു കാണുന്നത്.

വിദ്യാഭ്യാസകാലത്ത് ഉയർന്ന പ്രതീക്ഷകൾ പുലർത്തുകയും വിവാഹത്തിന് ശേഷം അതൊന്നും സാക്ഷാത്കരിക്കാനാവുന്നില്ലെന്ന തിരിച്ചറിവുണ്ടാവുകയുമാണ് കേരളത്തിലെ സ്ത്രീകളെ പൊതുവേ ആത്മഹത്യയിലേക്ക് നയിക്കുന്നത്.

രചന കോളേജിൽ പഠിക്കുമ്പോൾ പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും മിടുക്കിയായിരുന്നു. വിവാഹത്തിന് ശേഷം അവർ ഭർത്താവിനോടും കുട്ടികളോടും ഒപ്പം കുടുംബകാര്യങ്ങൾ നോക്കി ജീവിക്കുകയായിരുന്നു. മുപ്പതുകളിലേക്കു കടക്കുകയും കുട്ടികൾ സ്‌കൂളിലേക്ക് പോയി തുടങ്ങുകയും ചെയ്തപ്പോൾ രചനയുടെ ഉത്സാഹം കുറഞ്ഞു വന്നു. രാവിലെ കിടക്കയിൽ നിന്നെഴുന്നേറ്റ് വീട്ടു ജോലികൾ ചെയ്യാൻ കഴിയാതെ വന്നപ്പോൾ ഡോക്ടറെ കണ്ടു. എന്നാൽ, ഒരു ദിവസം ഭർത്താവ് ഓഫീസിൽ നിന്ന് വന്നപ്പോൾ രചന മയങ്ങി കിടക്കുന്നതാണ് കണ്ടത്. അടുത്ത് ഗുളികകൾ വച്ചിരുന്ന കുപ്പികൾ ഒഴിഞ്ഞു കിടന്നു. അപകടം തിരിച്ചറിഞ്ഞ് പെട്ടെന്ന് തന്നെ അവരെ ആശുപത്രിയിൽ എത്തിച്ചു.

സ്വന്തം കുടുംബം കൂടാതെ സഹോദരിമാരുടെയും അമ്മയുടെയും കൂടി ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തേണ്ടിയിരുന്ന ആളായിരുന്നു രാജു. വീട്ടിൽ ചില കൃഷിയൊക്കെ നടത്തിയിരുന്നതല്ലാതെ സ്ഥിരമായ വരുമാനവും അയാൾക്കില്ലായിരുന്നു. ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയാതെ വന്നപ്പോൾ ക്രമേണ അയാൾ മദ്യപാനത്തിൽ അഭയം കണ്ടെത്തി. എന്നാൽ, അത് കടം ഉൾപ്പെടെ മറ്റു പ്രശ്‌നങ്ങളിലേക്ക് നീങ്ങിയപ്പോൾ കീടനാശിനി കുടിച്ച് അയാൾ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങി. പൊതുവെ, ആത്മഹത്യക്ക് ശ്രമിക്കുന്ന കേരളത്തിലെ സ്ത്രീപുരുഷന്മാരുടെ സാഹചര്യം രചനയുടേതിനും രാജുവിന്റേതിനും സമാനമാണ്. വിദ്യാഭ്യാസകാലത്ത് ഉയർന്ന പ്രതീക്ഷകൾ പുലർത്തുകയും വിവാഹത്തിന് ശേഷം അതൊന്നും സാക്ഷാത്കരിക്കാനാവുന്നില്ലെന്ന തിരിച്ചറിവുണ്ടാവുകയുമാണ് കേരളത്തിലെ സ്ത്രീകളെ പൊതുവേ ആത്മഹത്യയിലേക്ക് നയിക്കുന്നത്.

കുടുംബത്തിലെ സാമ്പത്തിക ഭാരം മുഴുവൻ സ്വയം ഏറ്റെടുക്കേണ്ട ബാധ്യതയും തൊഴിലില്ലായ്മയും അമിത മദ്യപാനത്തിനുള്ള സാഹചര്യവും കടവുമെല്ലാം പുരുഷന്മാരെ ദുരന്തമുഖത്തെത്തിക്കുന്നു. എന്നാൽ, ഈ സാമാന്യവൽക്കരണത്തിനപ്പുറത്ത് പോയാലേ, മനസ്സുകളുടെ വൈവിദ്ധ്യമാർന്ന സ്വഭാവ വിശേഷങ്ങൾ അറിയാൻ കഴിയൂ. പന്ത്രണ്ട് വയസ്സുള്ള കുട്ടി ആത്മഹത്യക്ക് ശ്രമിക്കുന്നു. കാമുകൻ കാമുകിയെ കൊലപ്പെടുത്തി ആ ദേഹം ഭദ്രമായി സൂക്ഷിച്ചശേഷം ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലെത്തുന്നു. കുഞ്ഞുങ്ങളെ കൂട്ടി ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ട അമ്മ വീണ്ടും വീണ്ടും അതിന് ശ്രമിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ വ്യത്യസ്തമായ മനോനിലകൾ ആത്മഹത്യക്ക് ശ്രമിച്ചവരിൽ കണ്ടു.

മനസ്സ്, ശരീരം പോലെ തൊട്ടറിയാനാവാത്തതും ആന്തരികവുമായതു കൊണ്ട്, അവരവർക്കു തന്നെ വെടിപ്പാക്കിവെക്കാൻ പ്രയാസമാണ്. ഉറക്കം ഏറെക്കുറെ ഈ ധർമ്മം നിർവഹിക്കുന്നുണ്ട്. നമുക്ക് ബോധപൂർവ്വം നേടിയെടുക്കുന്ന അറിവിലൂടെയോ ഉള്ളിലേക്ക് നോക്കിയോ കുറേക്കൂടി ഇത് സാധിക്കാവുന്നതാണ്. മറ്റെല്ലാ ഇന്ദ്രിയങ്ങളേയും പോലെ തന്നെ മനസ്സെന്ന മഹാ ഇന്ദ്രിയവും സദാ ചുറ്റുപാടുകളുമായി സമ്പർക്കത്തിലാണ്. മസ്തിഷ്‌കത്തിലും ജീനുകളിലുമാണ് അത് നമുക്ക് ഭൗതികമായി സ്ഥാനപ്പെടുത്താൻ കഴിയുന്നത്. ഇവയുമായി ബന്ധപ്പെട്ട പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നവയാണ്. ചിന്തകൾ, ഓർമ്മകൾ, വികാരങ്ങൾ, ഭാഷ തുടങ്ങി എല്ലാ മാനസിക വ്യാപാരങ്ങളും മസ്തിഷ്‌കത്തിന്റെ വിവിധ ഭാഗങ്ങളിലെ ന്യൂറോൺ കോശങ്ങളുമായും അവ പ്രസരിപ്പിക്കുന്ന രാസകണികകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ രാസകണികകളിൽ വരുന്ന ഏറ്റക്കുറച്ചിലുകളാണ് പലതരത്തിലുള്ള മനോരോഗങ്ങളുണ്ടാക്കുന്നത്. അത് കൊണ്ട് അവയെ ക്രമീകരിക്കാൻ ഉതകുന്ന മരുന്നുകൾക്ക് വ്യത്യാസമുണ്ടാക്കാനും വിഷമങ്ങളിൽ നിന്ന് മോചിപ്പിക്കാനും കഴിയും. ഈ രാസഘടകങ്ങളെ പറ്റി മനസ്സിലാക്കാൻ മോളിക്യൂലർ ബയോളജിക്കും ഫിസിയോളജിക്കും കഴിയുന്നതു കൊണ്ടാണ് ഇത്തരത്തിൽ ചികിത്സ നടത്താൻ സാധിക്കുന്നത്.

മോഡേൺ മെഡിസിനിലെ മരുന്നുകളെ ഭയക്കുന്നവരാണ് പൊതുവെ കേരള സമൂഹത്തിലുള്ളത്. മനോരോഗത്തിന്റെ കാര്യത്തിൽ കൂടുതൽ ഭയവുമുണ്ട്. ഇതിന് ഒരു കാരണം മോഡേൺ മെഡിസിൻ മരുന്നുകൾ ആളുകൾക്ക് നൽകി തുടങ്ങുന്നതിനു മുൻപ് തന്നെ അതിന്റെ പാർശ്വഫലങ്ങൾ പഠിക്കുകയും അത് വെളിപ്പെടുത്തുകയും രോഗികൾക്ക് വിവരിച്ചു കൊടുക്കുകയും ചെയ്യുന്നു എന്നതാണ്. തീർച്ചയായും പാർശ്വഫലങ്ങൾ നമ്മൾ ശ്രദ്ധിക്കുകയും അധികമായാൽ മരുന്ന് നിർത്തുകയും വേണം. എന്നാൽ ഭയക്കേണ്ടതില്ല. മിക്കവാറും മരുന്നുകളെല്ലാം തന്നെ, നിർത്തി കഴിഞ്ഞാൽ മണിക്കൂറുകൾക്കകം അതിന്റെ ദോഷങ്ങൾ മാറുന്നതാണ്. ദീർഘകാലം കഴിക്കുന്ന അപൂർവ്വം മരുന്നുകൾ മാത്രമാണ് ശരീരത്തിന് ക്ഷതമുണ്ടാക്കുന്നത്. മരുന്നുകൾ നൽകുന്ന ഏതു തരം ചികിത്സക്കും പാർശ്വഫലങ്ങളുണ്ടാകും. അവ രേഖപ്പെടുത്താത്തത് കൂടുതൽ അപകടകരമാണ്.

ഭൗതികശരീരത്തിന്റെ ഭാഗമായ മസ്തിഷ്‌കത്തിന്റെ രൂപവിജ്ഞാനീയം മുതൽ സൂക്ഷ്മവും ദുർഗ്രാഹ്യവുമായ അബോധതല ആലേഖനങ്ങൾ വരെ പഠിക്കേണ്ടത് മനസ്സിന്റെ രോഗചികിത്സക്ക് ആവശ്യമാണ്.

ആധുനിക ചികിത്സയുടെ മറ്റൊരു ഗുണം, പ്രശ്‌നം എവിടെയാണെന്ന് സ്ഥാനപ്പെടുത്താൻ കഴിയുന്നു എന്നതാണ്. ഈ അറിവുകളൊന്നും തന്നെ പൂർണ്ണമല്ലെങ്കിലും താരതമ്യേന മറ്റുള്ളവയേക്കാൾ മെച്ചപ്പെട്ടിരിക്കുന്നു. പെട്ടെന്നൊരു ദിവസം ദൈവ വെളിപാടുണ്ടായ ഒരു സ്ത്രീയെ ബന്ധുക്കൾ ക്ലിനിക്കിൽ കൊണ്ട് വന്നു. അവർക്ക് ഇടക്കിടെ ദേവീ ദർശനമുണ്ടാവുകയും അതെ തുടർന്ന് മറ്റുള്ളവർക്ക് ഉണ്ടാകാൻ പോകുന്ന കാര്യങ്ങൾ പ്രവചിക്കാനും തുടങ്ങി. ചില ബന്ധുക്കൾ ഇത് അത്ഭുത സിദ്ധിയായി കരുതുകയും അവർക്കാവശ്യമായ ഇരിപ്പിടവും മറ്റും ഒരുക്കി ആൾദൈവമായി പ്രതിഷ്ഠിക്കുകയും ചെയ്തു. ഇടക്ക് അപസ്മാരം പോലെയുള്ള ചേഷ്ടകൾ ഉണ്ടായപ്പോൾ മക്കൾ തന്നെ ആശുപത്രിയിലേക്ക് കൂട്ടി കൊണ്ട് വരികയാണ് ചെയ്തത്. അടുത്ത ബന്ധുക്കളുമായുണ്ടാകുന്ന മാനസികസംഘർഷങ്ങൾ ചിലപ്പോൾ മനോനില തെറ്റുന്ന അവസ്ഥയിലേക്കെത്തിക്കാം. പുറമെ നിന്നെടുക്കുന്ന ഭക്ഷണവും വെള്ളവും വായുവും നമ്മുടെ ശരീരത്തിന്റെ ജൈവഘടന നിലനിർത്തുന്നത് പോലെ ചുറ്റുമുള്ളവരുമായുള്ള വിനിമയവും നമ്മുടെ തന്നെ ചിന്തകളും ഉറക്കവുമൊക്കെയാണ് മനസ്സിന്റെ താളവും ലയവും തെറ്റാതെ കൊണ്ട് പോകുന്നത്. ഇതിൽ എന്തെങ്കിലും പ്രശ്‌നം വന്നു എന്ന് കരുതി അവർക്ക് മരുന്ന് നൽകാമായിരുന്നു. എന്നാൽ അതിനു മുൻപ് തലച്ചോറിന്റെ സ്‌കാനിംഗും ഇലക്​ട്രോ എൻകെഫലോഗ്രാമും ചെയ്തു നോക്കിയപ്പോൾ അതിൽ ഒരു മുഴ വളർന്നതായി കണ്ടെത്തി. അവരെ ഓപ്പറേഷന് വിധേയമാക്കിയാണ് സുഖപ്പെടുത്തിയത്. ഇത് സാധ്യമായത് ആധുനികമായ രോഗനിർണയ സംവിധാനങ്ങൾ ഉള്ളതുകൊണ്ടാണ്. ഇല്ലാത്ത പക്ഷം ആൾദൈവമായിരിക്കെ തന്നെ മരിക്കുകയോ ചികിത്സയിൽ മരിക്കുകയോ ചെയ്യുമായിരുന്നു.

ഡോ. എ.കെ ജയശ്രീ, മൈത്രേയൻ‌

ഭൗതികശരീരത്തിന്റെ ഭാഗമായ മസ്തിഷ്‌കത്തിന്റെ രൂപവിജ്ഞാനീയം മുതൽ സൂക്ഷ്മവും ദുർഗ്രാഹ്യവുമായ അബോധതല ആലേഖനങ്ങൾ വരെ പഠിക്കേണ്ടത് മനസ്സിന്റെ രോഗചികിത്സക്ക് ആവശ്യമാണ്. ജനിതകഘടനയിലെ വ്യത്യാസങ്ങളും ഇപ്പോൾ സസൂക്ഷ്മം പഠിച്ച് വരുന്നുണ്ട്. പല ജീനുകളും ഒരുമിച്ച് മനോരോഗത്തിൽ നിർണ്ണായകമാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. കടുത്ത വിഷാദരോഗത്തിൽ അമ്പതു ശതമാനത്തോളം ജീനുകളുടെ സ്വാധീനം കാണുന്നതായി മനസ്സിലാക്കുന്നു. എന്നാൽ, ഇത് പ്രകടമാവുന്നതിന് മനസ്സ് വിഹരിക്കുന്ന ബന്ധങ്ങളുടെ ചുറ്റുപാടും പ്രധാനമാണ്. അതുകൊണ്ട്, ശരീരത്തെ പോലെ ചികിത്സിക്കാൻ കഴിയുമ്പോൾ തന്നെ അത് കുറെ കൂടി സങ്കീർണ്ണവും പല തലങ്ങളിൽ ശ്രദ്ധ നൽകേണ്ടതുമാണ്.

പ്രമോദ് എന്നെ കാണാൻ വന്നത് സഹോദരിയുടെ വേർപാടിന്റെ ദു:ഖം മൂന്നുമാസത്തിനു ശേഷവും മാറാതെ നിൽക്കുന്നത് പങ്കുവെക്കാൻ വേണ്ടിയാണ്. രണ്ടുപേരും ഡോക്ടർമാരാണ്. പ്രമോദിന്റെ ഇളയ സഹോദരി ഡോ:മഞ്ജു പ്രൊഫഷനിലും മറ്റു മേഖലകളിലും നന്നായി തിളങ്ങിയിരുന്ന ആളായിരുന്നു. ഇടക്കിടെ കുറച്ച് അന്തർമുഖത്വം പുലർത്തിയിരുന്നു എന്ന് മാത്രം. അവൾ എന്തിന് ആത്മഹത്യ ചെയ്തു എന്ന് പ്രമോദിന് മനസ്സിലാകുന്നില്ല. ആ വിഷമത്തിൽ നിന്ന് അയാൾക്ക് പുറത്ത് കടക്കാനുമാകുന്നില്ല. ചിലരുടെ ആത്മഹത്യകൾ എന്തു കൊണ്ടെന്ന് ഉറ്റവർക്ക് പോലും അറിയാൻ കഴിയുന്നില്ല. ജീനുകളുടെ സ്വാധീനം കൂടുതലായുണ്ടാകുന്ന ഇന്റെർണൽ ഡിപ്രഷൻ (Internal Depression) ഒരു വ്യക്തിക്കോ അടുത്തവർക്കോ തിരിച്ചറിയാനും നിയന്ത്രിക്കാനും പ്രയാസമായിരിക്കും. ഇത് ശരിക്ക് ചികിത്സിച്ചില്ലെങ്കിൽ ആത്മഹത്യയിലേക്ക് നയിക്കാം. ഇത്തരം പ്രശ്‌നങ്ങൾക്ക് മരുന്നുകൾ കൊണ്ടുള്ള ചികിത്സ വളരെ ആവശ്യമാണ്. മാനസിക പ്രശ്‌നങ്ങൾ ബഹുമുഖസാഹചര്യങ്ങളുടെ പ്രതിപ്രവർത്തനങ്ങളുടെ ഫലമായാണ് ഉണ്ടാകുന്നത്. ഇതിൽ ഓരോന്നിന്റെയും പ്രാമുഖ്യം ഓരോരുത്തരിലും ഏറിയും കുറഞ്ഞുമിരിക്കും. തലച്ചോറിലെ രാസഘടനാ വ്യത്യാസങ്ങൾ എല്ലാവരിലും പൊതുവായി കാണാവുന്നതാണ്. അത് കൊണ്ട് പെട്ടെന്നൊരു മാറ്റമുണ്ടാക്കാൻ എല്ലാവരിലും മരുന്നുകൾക്ക് സാധിക്കും. എന്നാൽ അത് നിലനിർത്തി കൊണ്ടുപോകാൻ മറ്റെല്ലാ ഘടകങ്ങൾക്കും പ്രാധാന്യം കൊടുക്കണം.

ആത്മഹത്യ ചെയ്തവരുടെ അടുത്ത ബന്ധുക്കളുടെ വിഷമവും നമ്മൾ ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതാണ്. ഒരാളെ നഷ്ടപ്പെടുമ്പോഴാണ് പലരും അവരോട് എത്രത്തോളം കണ്ണിചേർക്കപ്പെട്ടിരുന്നു എന്ന് തിരിച്ചറിയുന്നത്.

പ്രമോദിന്റെ ദുഃഖത്തിന്റെ തീവ്രത ഒരു വർഷം കഴിയുമ്പോഴേക്കും കുറയുമെന്ന് ഞാനയാളോട് പറഞ്ഞു. ആത്മഹത്യ ചെയ്തവരുടെ അടുത്ത ബന്ധുക്കളുടെ വിഷമവും നമ്മൾ ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതാണ്. ഒരാളെ നഷ്ടപ്പെടുമ്പോഴാണ് പലരും അവരോട് എത്രത്തോളം കണ്ണിചേർക്കപ്പെട്ടിരുന്നു എന്ന് തിരിച്ചറിയുന്നത്. അവരുടെ മനസ്സിന്റെ പ്രവർത്തനങ്ങൾക്ക് മറ്റേ ആൾ ആവശ്യമാണെന്ന അവസ്ഥയുണ്ടാകാം. അതിൽ നിന്ന് പതിയെ അവരെ പുറത്ത് കൊണ്ട് വരാൻ മറ്റു മനുഷ്യരുടെ പിന്തുണയും കരുതലും ആവശ്യമാണ്. മിക്കവാറും ഒരു വർഷം കഴിയുമ്പോഴേക്കും അവരുടെ മനസ്സിന്റെ മുറിവ് ഉണങ്ങി തുടങ്ങും.

അക്കാലത്ത്, ഞങ്ങളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കി, കേരളത്തിൽ വന്ന രണ്ട് വിദേശികൾ സമീപിക്കുകയുണ്ടായി. ആസ്ട്രേലിയയിൽ നിന്ന് വന്ന കൊറാലി ബോഗ് (Coralie Boag) , വില്യം ബോഗ് (William Boag) എന്ന ദമ്പതികൾ ആയിരുന്നു അവർ. റോസ് ഫൗണ്ടേഷൻ എന്ന സംഘടനയിലാണ് അവർ പ്രവർത്തിച്ചിരുന്നത്. ആത്മഹത്യാ നിവാരണത്തിൽ പ്രവർത്തിക്കുന്നവർക്ക് പരിശീലനം നൽകാൻ അവർ തയാറായിരുന്നു. അതിനായി ശാസ്ത്രീയമായും വിശദമായും അവർ ഒരു മാന്വലും തയാറാക്കിയിരുന്നു. അവരുടെ മാന്വൽ എനിക്ക് വളരെ സഹായകമായി. അവരുടെ പരിശീലനം സ്വീകരിക്കാൻ അധികം പേരൊന്നും തയാറായി കണ്ടില്ല. സാധാരണക്കാരായ അവർ ഫണ്ട് നൽകുന്ന ആളുകളൊന്നും ആയിരുന്നില്ല. ജനറൽ ആശുപതിക്കടുത്ത് അവർ താമസിച്ചിരുന്ന ചെറിയ മുറിയിൽ പോയി പരിശീലനം നേടാൻ ഞാനും മൈത്രേയനും തയാറായി. സന്ധ്യക്ക് ശേഷമാണ് ഞങ്ങൾ അവരുടെ അടുത്ത് പോയിരുന്നത്. ചിരട്ടകൾ കൊണ്ട് നിർമ്മിച്ച മനോഹരമായ കപ്പുകളിൽ അവർ ചായ നൽകുകയും അതിനിടെ ആത്മഹത്യ തടയുന്നതിലെ സാങ്കേതിക വശങ്ങൾ വിശദീകരിക്കുകയും ചെയ്തു. ക്ലാസുകൾ എന്നതിനേക്കാൾ ആശയം പങ്കുവെക്കലാണ് നടന്നത്. ആത്മഹത്യയെ കുറിച്ചുള്ള പല മിഥ്യാധാരണകളെ പറ്റിയും, യോജിച്ച അവസരത്തിൽ ഇടപെടേണ്ട രീതികളെ കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. ആത്മഹത്യയെക്കുറിച്ച് പറയുന്നവർ അത് ചെയ്യില്ല എന്ന ധാരണയാണ് അന്ന് പൊതുവേ, നിലവിലുണ്ടായിരുന്നത്. ഇത്തരം സൂചനകൾ ലഭിക്കുന്ന സമയമാണ് ഇത് തടയാൻ ഏറ്റവും യുക്തമെന്ന അറിവ് പ്രായോഗിക പരിപാടികൾ രൂപപ്പെടുത്തുമ്പോൾ സഹായകമായി. നമ്മുടെ സാഹചര്യത്തിൽ എങ്ങനെ ഈ അറിവുകൾ പ്രയോജനപ്പെടുത്താമെന്ന ചർച്ചയിൽ ഞങ്ങൾ സജീവമായി.

അമ്മയിൽ നിന്നും വളർത്തച്ഛനിൽ നിന്നും വേണ്ട സ്‌നേഹം ലഭിക്കുന്നില്ല എന്ന തോന്നലിൽ കഴിയുമ്പോഴാണ് ഷീബ, രാജീവനുമായി പ്രണയത്തിലാകുന്നത്. അധികം താമസിയാതെ വീട്ടുകാരുടെ ഒന്നും സമ്മതമില്ലാതെ അവർ വിവാഹം കഴിക്കുകയും ഒരു ചെറിയ വീട് വാടകക്കെടുത്ത് താമസം തുടങ്ങുകയും ചെയ്തു. കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് ഷീബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആ സമയത്ത് അവരുടെ കയ്യിലും കാലിലും വയറിലുമെല്ലാം ബ്ലേഡ് കൊണ്ട് വരഞ്ഞത് മാതിരിയുള്ള പാടുകളുണ്ടായിരുന്നു. ആദ്യമൊന്നും അവൾ തുറന്നു പറഞ്ഞിരുന്നില്ല. അവളുടെ ജീവിതം ഒട്ടും സുഖകരമല്ല എന്ന് പിന്നീട് മനസ്സിലായി. രാജീവൻ നിരന്തരം അവളെ ഉപദ്രവിച്ചിരുന്നു. കുപ്പികൾ പൊട്ടിച്ച്, ചില്ലു കൊണ്ട് വരഞ്ഞ പാടുകളാണ് ദേഹത്തെല്ലാം കാണുന്നത്. അവളുടെ വിഷാദത്തിന്റെ കാരണം നമുക്ക് പരിഹരിക്കാൻ പരിമിതിയുള്ള ജീവിത സാഹചര്യമാണ്. മരുന്നുകൾ കൊടുക്കുന്ന ഉന്മേഷം താൽക്കാലികമായിരിക്കും. മരുന്നുകൾ തീരുമ്പോൾ അത് വാങ്ങി കൊടുക്കാൻ അവൾക്ക് ആരുണ്ട്? അയാളിൽ നിന്നും വിവാഹമോചനം നേടിയാലും ഇല്ലെങ്കിലും അവൾ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതെങ്ങനെ? ഈയൊരു ഘട്ടമെത്തുമ്പോൾ ചികിത്സിക്കുന്നവർ പ്രതിസന്ധിയിലെത്തും. അപ്പോൾ മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി കൂടി കണ്ണി ചേരൽ ആവശ്യമായി വരും. എല്ലാ ചികിത്സയിലും ഇതാവശ്യമാണെങ്കിലും മനോരോഗ ചികിത്സയിൽ ഇതത്യാവശ്യമാണ്. പാലിയേറ്റിവ് കെയർ, കമ്മ്യൂണിറ്റി മെന്റൽ ഹെൽത്ത് തുടങ്ങി പല നൂതന സംരംഭങ്ങളും ഇത് പോലെ ക്ലിനിക്കൽ മെഡിസിന്റെ പരിമിതികൾക്ക് പുറത്തു കടക്കാനുള്ള ശ്രമങ്ങളാണ്.

കടം മൂലം ആത്മഹത്യക്ക് ശ്രമിച്ചവരുടെ കാര്യത്തിലും കഴിയുന്നത്ര പ്രാദേശിക നേതാക്കളുടേയും ബാങ്കുകളുടെയും സഹായത്തോടെ കുറച്ചുകൂടി സാവകാശം നൽകാനും അത് വഴി അവരുടെ സ്വയംഹത്യ തടയാനും കഴിഞ്ഞിട്ടുണ്ട്.

ആശുപത്രി സമയത്തിനു ശേഷവും ആത്മഹത്യാ പ്രവണതയുള്ളവർക്ക് സേവനം ആവശ്യമായി വരുമെന്നതിനാൽ കൂടുതൽ സമയം പ്രവർത്തിക്കുന്ന ഒരു കൗൺസിലിംഗ് സെന്ററും പരസ്പര സഹായത്തിനുള്ള വേദിയും ആവശ്യമാണെന്ന ആലോചനയും ഞങ്ങൾക്കിടയിലുണ്ടായി. ആ സമയത്തു തന്നെ മെഡിക്കൽ മിഷൻ സിസ്റ്ററായ ഡോ:എലിസബത്ത്, ഇംഗ്ലണ്ടിൽ നിന്നും സൈക്യാട്രിയിൽ പരിശീലനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി. സ്ത്രീകൾ മാത്രമുള്ള പുരോഹിത വിഭാഗമാണ് മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിന്റേത്. അവർ വലിയ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നതിനേക്കാൾ സമൂഹത്തിലേക്കിറങ്ങി, പ്രശ്‌നങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ താല്പര്യമുള്ളവരാണ്. വൈദികർ സാധാരണ അണിയുന്നത് മാതിരിയുള്ള വിശേഷവസ്ത്രങ്ങളും അവർക്കുണ്ടായിരുന്നില്ല. ഞങ്ങൾ ചിന്തിച്ചത് മാതിരിയുള്ള ഒരു സേവനം തുടങ്ങാൻ അവർക്കും താല്പര്യമുള്ളതായി ഡോ:എലിസബത്തിനോട് സംസാരിച്ചപ്പോൾ മനസ്സിലായി. താമസിയാതെ തന്നെ ഗവണ്മെന്റിന്റെ ചെറിയ ഗ്രാന്റുപയോഗിച്ച് ഒരു കെട്ടിടം വാടകക്കെടുത്ത് ഞങ്ങൾ ത്രാണി സെന്റർ ഫോർ ക്രൈസിസ് സെന്റർ എന്ന സ്ഥാപനം തുടങ്ങി.

എലിസബത്തും കൂട്ടുകാരും ചേർന്ന് ജനറൽ ആശുപത്രിക്കടുത്തുള്ള ആ ചെറിയ സ്ഥാപനം നന്നായി ഒരുക്കി വച്ചു. ഭക്ഷണം ഒക്കെ പാകം ചെയ്ത് അവർ അവിടെ തന്നെ താമസിക്കുകയും ചെയ്തു. ഗവൺമെന്റിൽ നിന്ന് അനുവദിച്ച തുച്ഛമായ തുക കൊണ്ട് തന്നെ പ്രവർത്തനം നടത്താൻ അവർ സന്നദ്ധമായി. ഒരു ലാൻഡ് ലൈൻ ഉപയോഗിച്ച് ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന ടെലിഫോൺ കൗൺസിലിംഗ് ആരംഭിച്ചു. അന്ന് മൊബൈൽ ഫോണുകൾ നിലവിൽ വന്നിരുന്നില്ല. ഈ സംരംഭത്തിൽ പങ്ക് ചേർന്ന് സന്നദ്ധ പ്രവർത്തനം നടത്താൻ തയാറായി ധാരാളം പേർ മുന്നോട്ട് വന്നു. അവർക്കെല്ലാം വേണ്ട പരിശീലനവും നൽകി. പരിശീലനം ആവശ്യമാണെങ്കിലും മറ്റുള്ളവരെ കേൾക്കാനും മനസ്സിലാക്കാനും ഉള്ള സന്നദ്ധതയുണ്ടാവുകയെന്നത് അതിനേക്കാൾ വലിയ കാര്യമാണ്. അങ്ങനെ തയാറായി വന്ന ഇരുപതോളം ആളുകൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ത്രാണിയിലെ പ്രവർത്തനങ്ങളെ സവിശേഷമാക്കിയത്, സമയം സേവനത്തിന് ഒരു തടസ്സമായില്ല എന്നതാണ്. രാത്രിയിൽ വരുന്ന ഫോൺ കോളുകളൊക്കെ മിക്കവാറും ഡോ:എലിസബത്ത് തന്നെ അറ്റൻഡ് ചെയ്തിരുന്നു. അർദ്ധരാത്രിയിൽ പോലും ആത്മഹത്യ ചെയ്യാനൊരുങ്ങി അർത്ഥശങ്കക്കിടയിലായവർ വിളിക്കുമായിരുന്നു. ഇടപെടലുകളും ക്ലിനിക്കിൽ ഒതുക്കി നിർത്തിയില്ല. ആത്മഹത്യക്കൊരുങ്ങി മുറി പൂട്ടിയ ശേഷം വിളിച്ചവരെയും ഉടൻ തന്നെ അവിടെ എത്തിയോ വീട്ടുകാരെ അറിയിച്ചോ രക്ഷ പെടുത്താൻ അന്ന് ‘ത്രാണി’ക്ക് കഴിഞ്ഞിട്ടുണ്ട്. കടം മൂലം ആത്മഹത്യക്ക് ശ്രമിച്ചവരുടെ കാര്യത്തിലും കഴിയുന്നത്ര പ്രാദേശിക നേതാക്കളുടേയും ബാങ്കുകളുടെയും സഹായത്തോടെ കുറച്ചുകൂടി സാവകാശം നൽകാനും അത് വഴി അവരുടെ സ്വയംഹത്യ തടയാനും കഴിഞ്ഞിട്ടുണ്ട്. പത്തു വർഷത്തോളം നിരാശ ബാധിച്ച് വീട്ടിലെ ആരോടും സംസാരിക്കാതിരുന്ന ഒരാളുടെ മുറിയിൽ ചെന്ന് അയാളെ ഇണക്കി, സംസാരിക്കാൻ കഴിഞ്ഞത് എങ്ങനെയെന്ന് ഞാൻ തന്നെ അത്ഭുതപ്പെട്ടു. പോകുമ്പോൾ വെറുതേ ഒന്ന് ശ്രമിച്ചു നോക്കാമെന്നേ കരുതിയുള്ളൂ. അയാൾ പിന്നീട് സ്ഥിരമായി ഞങ്ങളുടെ സെന്ററിൽ വന്നിരുന്നു. ഇതെല്ലാം എപ്പോഴും എല്ലാവർക്കും സാധിക്കുന്നതല്ല. എന്നാലും, മാനസികപ്രശ്‌നങ്ങളുടെ കാര്യത്തിൽ എങ്ങനെയാണ് മരുന്നുകൾക്കപ്പുറത്തേക്ക് സാമൂഹ്യ ഘടകങ്ങളെ കൂടി പരിഗണിക്കേണ്ടി വരുന്നതെന്ന കാര്യം സൂചിപ്പിച്ചു എന്ന് മാത്രം.

മണിച്ചിത്രത്താഴ്​ എന്ന സിനിമ സൈക്യാട്രിസ്റ്റുകളിൽ നിന്നും ഫെമിനിസ്റ്റുകളിൽ നിന്നും ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും അത്​ വളരെ പോപ്പുലറായി. അതേപറ്റി ഉയർന്ന വിമർശനങ്ങൾ പലതും ശരിയായി തോന്നിയെങ്കിലും ഇപ്പോഴും ആ സിനിമ ടെലിവിഷനിൽ വരുമ്പോൾ ഞാൻ കാണാറുണ്ട്.

മനസ്സിന്റെ പല വിചിത്ര സ്വഭാവങ്ങളെയും പലവിധ ധാർമിക പ്രശ്‌നങ്ങളെയും അഭിമുഖീകരിച്ച സമയം കൂടിയായിരുന്നു അത്. മനസ്സിന് അസ്വസ്ഥതയുള്ളവരുമായി ഇടപെടുമ്പോൾ നമ്മുടെ മനസ്സിന്റെ ഭാവങ്ങളും സ്വസ്ഥതയും പരിശോധിക്കാനുള്ള ബാധ്യത നമുക്കുണ്ട്. എത്രത്തോളമാണ് ചികിത്സകർക്കും സ്വീകർത്താക്കൾക്കുമിടയിൽ ഉണ്ടാകുന്ന അല്ലെങ്കിൽ ഉണ്ടാകേണ്ട വിശ്വസ്തത, പക്ഷപാതമില്ലായ്മ, നിസ്വാർത്ഥത എന്നിവയൊക്കെ പരിപാലിക്കാൻ കഴിയുന്നതെന്ന് എപ്പോഴും സ്വയം പരിശോധന നടത്തേണ്ടതാണ്.
പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളായ ശശിയും ശാരിയും (യഥാർത്ഥ പേരല്ല) ചികിത്സക്കായി അവിടെ വന്നിരുന്നു. രണ്ട് പേർക്കും ചില പ്രശ്‌നങ്ങൾ കണ്ടു. പ്രണയത്തിന്റെ ആധിക്യത്തിൽ ചിലർക്കുണ്ടാകുന്ന സെക്ഷ്വൽ ജലസിയോടൊപ്പം, വിഷാദം, ആത്മഹത്യാപ്രവണത എന്നിവയൊക്കെ രണ്ട് പേർക്കുമുണ്ടായിരുന്നു. രണ്ടുപേരും നല്ല വിദ്യാഭ്യാസമുള്ളവരായിരുന്നു എങ്കിലും ബന്ധുക്കളുടെ ഭാഗത്ത് നിന്നും പിന്തുണയൊന്നും ഉണ്ടായിരുന്നില്ല. ചികിത്സ പുരോഗമിച്ചു കൊണ്ടിരിക്കെ, ഒരു ദിവസം വെളുപ്പിന് ശശി മാത്രം വന്ന് അവർ ബാംഗ്ലൂരിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വളർത്തു പൂച്ചയെ ‘ത്രാണി’യിൽ കൊണ്ട് ഏൽപ്പിച്ചു.

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഒരു രംഗം

അതൊക്കെ ചെയ്യാനുള്ള സ്വാതന്ത്ര്യം അവിടെ ഉണ്ടായിരുന്നതുകൊണ്ട് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. പൂച്ച സന്തോഷത്തോടെ അവിടെ കഴിഞ്ഞു. രണ്ട് മൂന്നു ദിവസം കഴിഞ്ഞ് പൊലീസ് ശശിയെ അറസ്റ്റു ചെയ്തതായി അറിയിച്ചു. ശാരി മരിച്ചു എന്ന് ഞങ്ങൾ അറിഞ്ഞു. അവരുടെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ശാരി ആത്മഹത്യ ചെയ്തതാണെന്ന് ശശി പൊലീസിന് മൊഴി നൽകി. പോലീസ് അറസ്റ്റ് ചെയ്തത് ശശി കൊല ചെയ്തു എന്ന നിഗമനത്തിലാണ്. ജയിലിലായ ശശിയെ നെഞ്ചുവേദനയായി ആശുപത്രിയിൽ അഡ്മിറ്റു ചെയ്തു. ‘ത്രാണി’യിലുള്ളവരോട് അയാൾ വായിക്കാൻ പുസ്തകങ്ങൾ ആവശ്യപ്പെടുകയും അതാരോ കൊണ്ടുപോയി കൊടുക്കുകയും ചെയ്തു. വലിയ ഭാവവ്യത്യാസങ്ങളില്ലാതിരുന്ന അയാളുടെ മനസ്സ് വായിച്ചെടുക്കാൻ നല്ല പ്രയാസമായിരുന്നു. അയാൾ അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഞങ്ങൾക്ക് തീർപ്പു കല്പിക്കാനായില്ല. ദീർഘ കാലം ശശി ജയിലിൽ കഴിഞ്ഞു. ശേഷം എന്ത് സംഭവിച്ചു എന്ന് അറിയാൻ കഴിഞ്ഞില്ല. ഇത്തരം കേസുകളിൽ വിധി വരാനും സമയമെടുക്കുമല്ലോ. തീർച്ചയായും ശശിയോടും അനുതാപം ഉണ്ടാകേണ്ടതുണ്ടെങ്കിലും അതിന്റെ ഉറവിടം നിർണ്ണയിക്കാൻ കഴിയാത്ത ധാർമ്മികപ്രതിസന്ധി ആയിരുന്നു ഞങ്ങളുടേത്.

ഇന്റർ നാഷണൽ മെന്റൽ ഹെൽത്ത് ഓർഗനൈസേഷൻ എന്ന ഒരു സംഘടനയുടെ നേതൃത്വത്തിൽ കേരള ഗവണ്മെന്റ് തിരുവനന്തപുരത്ത് വച്ച് ഒരു അന്താരാഷ്ട്ര സമ്മേളനം നടത്തുകയുണ്ടായി. 1999 ൽ ആയിരുന്നു അതെന്നാണ് എന്റെ ഓർമ. വിവിധ രാജ്യങ്ങളിൽ നിന്നായി നൂറിലധികം ആളുകൾ അതിൽ പങ്കെടുത്തു. കൂടുതലും ഇംഗ്ലണ്ടിൽ നിന്നുള്ളവരായിരുന്നു. കേരളത്തിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പരമ്പരാഗതമായതടക്കം വ്യത്യസ്ത ചികിത്സാ രീതികളെ പറ്റിയുള്ള പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഏറ്റവും കൗതുകകരമായി തോന്നിയത്, പുറത്ത് നിന്ന് വന്ന ഗ്രൂപ്പുകളിൽ ചികിത്സകരും അതിന്റെ ഗുണഭോക്താക്കളും ഇടകലർന്നിരുന്നു എന്നതാണ്. ചികിത്സ സ്വീകരിക്കുന്നവർ അവരുടെ അനുഭവങ്ങളെ പറ്റി തുറന്നു പറയുമ്പോൾ മാത്രമാണ് അവർ എന്താണെന്ന് മനസ്സിലായത്. മായക്കേൾവികൾ ഉള്ളവർക്ക്, ഹിയറിംഗ് വോയ്സ് ഗ്രൂപ് എന്ന പേരിൽ അവരുടേതായ സംഘടന ഉണ്ടായിരുന്നു. അവരോരോരുത്തരും അതെങ്ങനെയാണ് നേരിടുന്നതെന്ന് പരസ്പരം പറഞ്ഞ് ശക്തിയും സമാധാനവും വർധിപ്പിച്ചു. അതിനിടെ വഴക്കുകളും ഉണ്ടായി. ഒരാളുടെ ബെർത്ത് ഡേയ്ക്ക് മുറിക്കാൻ കൊണ്ട് വന്ന കേക്ക് മറ്റൊരാളെടുത്ത് വേറൊരാളുടെ തലയിൽ കമഴ്ത്തി. നൊടിയിടയിൽ തന്നെ പ്രശ്‌നം പരിഹരിച്ച് അവർ കൂട്ടാവുകയും ചെയ്തു. രോഗികൾ എന്നതിന് പകരം ഉപയോക്താക്കൾ എന്ന ഐഡന്റിറ്റിയാണ് അവർ പ്രയോഗിച്ചത്. അവരും ചികിത്സകരും ചേർന്ന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് മലയാളിയായ ഡോ:ശശിധരനായിരുന്നു. ബർമിംഗ്ഹാമിലെ ഗവണ്മെന്റ് മാനസികരോഗചികിത്സാകേന്ദ്രങ്ങളെ തന്നെ അദ്ദേഹം രോഗീസൗഹാർദപരമായി നവീകരിച്ചു. ഒറ്റപ്പെട്ട് വീടുകളിൽ വിഷാദത്തോടെ കഴിയുന്നവർക്ക് അവിടെ തന്നെ മരുന്നും മറ്റു പിന്തുണയും നൽകുന്ന സംവിധാനം പിന്നീട് അവിടെ പോയപ്പോൾ നേരിട്ട് കാണുകയുണ്ടായി. ഫെമിനിസ്റ്റ് കാഴ്ചപ്പാടുള്ള അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ജൊവാനുമായി ഞാൻ സൗഹൃദത്തിലായി. തിരികെ പോയ ശേഷം അവർ കത്തുകളും പുസ്തകങ്ങളും അയച്ചു. ആ ഗ്രൂപ്പിലുണ്ടായിരുന്ന പിയേഴ്‌സുമായി മൈത്രേയൻ ദീർഘ കാലം സൗഹൃദം നിലനിർത്തുകയും അവരുടെ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. കേരളത്തിലും കമ്മ്യൂണിറ്റി മെന്റൽ ഹെൽത്തെന്ന ആശയം വ്യാപകമാക്കുന്നതിന്, ഇവിടെ ഇതിന് നേതൃത്വം വഹിച്ച, അന്നത്തെ മെന്റൽ ഹെൽത്ത് അതോറിറ്റി സെക്രട്ടറി കൂടി ആയിരുന്ന ഡോ. സുരരാജ് മണിയും ശ്രമിച്ചിരുന്നു. ഡോ. മണി മാനസിക പ്രശ്‌നങ്ങളുള്ളവർക്ക് പകൽ സമയം ചെലവഴിക്കാനായി കഴക്കൂട്ടത്ത് ഒരു സ്ഥാപനം തുടങ്ങിയിരുന്നു. ഇപ്പോൾ അത്തരം ധാരാളം സ്ഥാപനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. 2003 ഫെബ്രുവരിയിൽ, അമ്പത്തി രണ്ട് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഡോ:മണി, ഞങ്ങളെ എല്ലാം അമ്പരപ്പിച്ച്​, നിസ്സാരമായ ഒരു പനിയെ തുടർന്ന് ഈ ലോകത്ത് നിന്ന് വിട പറഞ്ഞു. നല്ല ആരോഗ്യവാനും ഊർജ്ജ്വസ്വലനുമായിരുന്ന അദ്ദേഹം വാർഡിൽ റൗണ്ട്‌സ് എടുക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. മൊബൈൽ മോർച്ചറിയിൽ കിടക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് ജീവചൈതന്യം വിട്ടു പോയിട്ടില്ല എന്നെനിക്കു തോന്നി.

മണിച്ചിത്രത്താഴ് സിനിമ പുറത്തിറങ്ങിയത് ഞാൻ സൈക്യാട്രിയിൽ ജോലി ചെയ്തിരുന്ന സമയത്താണ്. സൈക്യാട്രിസ്റ്റുകളിൽ നിന്നും ഫെമിനിസ്റ്റുകളിൽ നിന്നും ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങിയതും എന്നാൽ വളരെ പോപ്പുലർ ആയതുമായ സിനിമയായിരുന്നു അത്. അതേപറ്റി ഉയർന്ന വിമർശനങ്ങൾ പലതും ശരിയായി തോന്നിയെങ്കിലും ഇപ്പോഴും ആ സിനിമ ടെലിവിഷനിൽ വരുമ്പോൾ ഞാൻ കാണാറുണ്ട്. നേരിട്ട് വലിയ അപകടം ഉണ്ടാക്കുന്നില്ല എങ്കിൽ ശാസ്ത്രീയ ശരികളെയും രാഷ്ട്രീയശരികളെയും തെറ്റി നിൽക്കുന്ന അൽപ്പം ഇടം കലാസൃഷ്ടികൾക്ക് ആകാവുന്നതാണ്. അതിനു ശേഷം വന്ന മിക്ക സിനിമകളിലെയും മന:ശാസ്ത്ര പ്രമേയങ്ങളിൽ ഇതിന്റെ ഛായ നിഴലിക്കാറുണ്ട്. അത്രയേറെ സ്വാധീനം ഇത് കാഴ്ചക്കാരിലുണ്ടാക്കി എന്നതാണ്. സിനിമയിൽ ഉടനീളം നിലനിർത്താൻ കഴിഞ്ഞ നർമമാണ് വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം. അവസാനഭാഗത്ത് ഇതിലെ നായികയായ ഗംഗയുടെ മെരുക്കിയെടുക്കപ്പെട്ട മോഹമല്ല, ഇടക്ക് വച്ച് ഗംഗയിൽ ഉണരുന്ന മോഹമാണ് നമ്മളെ സിനിമയിലേക്ക് അടുപ്പിക്കുന്നത്. ചിത്രത്താഴിട്ടു പൂട്ടിയ അബോധം എലാവരിലും ഉറങ്ങി കിടക്കുകയും ചിലപ്പോൾ നമ്മളത് സ്വകാര്യമായി തുറക്കുകയും ചെയ്യുന്നു. സിനിമയുടെ തിരക്കഥ എഴുതിയ സുഹൃത്തായ മുട്ടം മധുവിന്റെ വീട്ടിൽ നിന്ന് മൈത്രേയനോടൊപ്പം പോയിട്ടാണ് ഞാൻ ആദ്യം കഥകളി കാണുന്നത്. മോഹമുണ്ടായിരുന്നെങ്കിലും കുട്ടിക്കാലത്ത് അപ്രാപ്യമായിരുന്ന കഥകളി കാണാൻ പോയതിന്റെ ഓർമ്മകൾ സിനിമയിലെ ആ രംഗം എനിക്ക് നൊസ്റ്റാൾജിയ ഉണ്ടാക്കി വൈകാരികമായി അടുപ്പിക്കുകയും ചെയ്യുന്നു. മധു തന്നെ സിനിമക്ക് വേണ്ടി രചിച്ച ഗാനത്തിൽ പറയുന്ന പോലെ ഒരിക്കലും വരില്ലെന്നറിയാവുന്ന ആളോടുള്ള മോഹമാണ് ജീവിതത്തിന് കാന്തി നൽകുന്നത്.
ഒരു നാളും വരില്ലെന്നറിയാമെങ്കിലും,

""നിനയാത്ത നേരത്തെൻ പടി വാതിലിൽ ഒരു പദവിന്യാസം കേട്ട പോലെ

വരുവായാലൊരു നാളും പിരിയാത്തെൻ മധുമാസം ഒരു മാത്ര കൊണ്ടുവന്നെന്നോ ഇന്നൊരു മാത്ര കൊണ്ടുവന്നെന്നോകൊതിയോടെ ഓടിച്ചെന്നകലത്താ വഴിയിലേക്കിരുകണ്ണും നീട്ടുന്ന നേരം വഴി തെറ്റി വന്നാരോ പകുതിക്കു വച്ചെന്റെ വഴിയേ തിരിച്ചു പോകുന്നു ''

എന്ന് കൂടി കവി പറയുന്നു. മാറി മാറി തെളിയുന്ന മോഹത്തെയും മോഹഭംഗത്തേയും ചേർത്തിണക്കുന്ന കലയാണ് ജീവിതം. അത് കളഞ്ഞു പോകുന്നവർക്ക് കൈ കൊടുത്തുയർത്തുകയാണ് ചികിത്സകരുടെ ധർമ്മം. മരുന്നിനോടൊപ്പം മനോധർമ്മവും കൂടി അതിന് വേണ്ടതുണ്ട്.▮

​​​​​​​(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments