കേരളത്തിലെ ലൈംഗികത്തൊഴിലാളികളുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങൾ, അവരുടെ രാപകലുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾക്കിടയിലെ പ്രതിസന്ധികൾ
കോവളത്ത് ലൈംഗികതൊഴിലാളി സ്ത്രീകൾക്കായി ഒരു വിശ്രമ കേന്ദ്രം ഒരുക്കി ഞങ്ങൾ ആഴ്ചകളോളം കാത്തു. കോവളത്ത് ജോലി ചെയ്യുന്ന ആരെയും കണ്ടെത്താനായില്ല. അവർ മലയാളികളുടെയും മാധ്യമങ്ങളുടെയും ഭാവനയിൽ മാത്രം ഒതുങ്ങി നിന്നു. അതേ സമയം, കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ ലൈംഗികത്തൊഴിലാളികളായ സ്ത്രീകൾ ഉണ്ടോ എന്ന് പോലും അന്ന് പലരും സംശയിച്ചിരുന്നു. അപൂർവ്വമായി ഇരുട്ടിന്റെ മറവിൽ നിഴലുപോലെ ചിലരെ തിരുവനന്തപുരം നഗരത്തിൽ കണ്ടിട്ടുണ്ടെന്ന് മാത്രം.
പൂനയിലെ പഠനത്തിന്റെ ഭാഗമായുണ്ടായ കൊൽക്കത്ത സന്ദർശന വേളയിൽ അവിടുത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ആൻറ് ഹൈജീനിലും ഞങ്ങൾ പോയിരുന്നു. ഡയറക്ടർ ആയിരുന്ന ഡോ. ചക്രവർത്തി ഒരു സവിശേഷമായ പ്രോജക്ട് ഞങ്ങൾക്ക് പരിചയപ്പെടുത്തി. അവിടെ വച്ചാണ് ആദ്യമായി "സെക്‌സ് വർക്കർ' എന്ന് സ്വയം വിളിച്ച് പറയാൻ തയാറായ സ്ത്രീകളെ നേരിട്ട് കാണാനിടയായത്. യൂണിഫോമിലായിരുന്ന അവർ എയ്ഡ്സ് തടയാനുള്ള പ്രോഗ്രാമിൽ പ്രവർത്തിക്കുകയായിരുന്നു.
ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർക്ക് രോഗമുണ്ടാകാനുള്ള അപകടസാധ്യത കണക്കിലെടുത്ത് അവർക്ക് സുരക്ഷിതമാർഗ്ഗങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുക അടിയന്തിരമായി ചെയ്യേണ്ടിയിരുന്നു. അതിനായി അവരിൽ നിന്നുള്ളവരെ തന്നെ പിയർ എജുക്കേറ്റർമാരായി തെരഞ്ഞെടുത്തു.
സോനാഗാച്ചി എന്ന പ്രസിദ്ധമായ സ്ഥലത്ത് ജോലിചെയ്യുന്നവരായിരുന്നു അവർ. ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർക്ക് രോഗമുണ്ടാകാനുള്ള അപകടസാധ്യത കണക്കിലെടുത്ത് അവർക്ക് സുരക്ഷിതമാർഗ്ഗങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുക അടിയന്തിരമായി ചെയ്യേണ്ടിയിരുന്നു. അതിനായി അവരിൽ നിന്നുള്ളവരെ തന്നെ പിയർ എജുക്കേറ്റർമാരായി തെരഞ്ഞെടുത്തു. ഈ പദ്ധതി അന്ന് വിഭാവനം ചെയ്തതും നടപ്പാക്കിയതും ഡോ. സ്മരജിത് ജാന ആയിരുന്നു. അദ്ദേഹം ഞങ്ങളോട് വിശദമായി സംസാരിച്ചു. സ്ത്രീകളെല്ലാം നല്ല ആത്മവിശ്വാസമുള്ളവരായിരുന്നു. ഈ പദ്ധതി പിന്നീട് ലോകാരോഗ്യസംഘടനയൊക്കെ ഒരു മാതൃകയായി അംഗീകരിച്ചു.
അതിനേക്കാളുപരി സ്വന്തം അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന, പതിനായിരക്കണക്കിന് അംഗങ്ങളുള്ള, ലോകത്തിലെ തന്നെ ഏറ്റവും വലിയ ലൈംഗികതൊഴിലാളി സംഘടനയായ "ദുർബാർ മഹിളാ സമന്വയ കമ്മിറ്റി' എന്ന സംഘടന രൂപപ്പെടുന്നതിലേക്ക് ഈ ചെറിയ ചുവടുവെപ്പ് നയിക്കുകയുണ്ടായി. അന്ന് മുതൽ ജാനയുടെ ജീവിതത്തിന്റെ ഭാഗമായ ദുർബാർ, അതിന്റെ ജീവനായി തന്നെയാണ് തിരിച്ച് ജാനയെ കണ്ടത്. കഴിഞ്ഞ മെയ് എട്ടിന് കോവിഡ് ബാധിച്ച് മരിക്കുമ്പോൾ അദ്ദേഹത്തിന് 69 വയസ്സ് മാത്രമേ ആയിരുന്നുള്ളൂ. അവർ ആ സമയത്ത് ലോകത്തിന് അയച്ച സന്ദേശത്തിന്റെ തുടക്കം ‘ഡോ. ജാന, ആപ് അമർ ഹേ' എന്നായിരുന്നു. ഇതെഴുതുമ്പോൾ ഞങ്ങളുടെ കൈകൾ വിറക്കുകയും ഹൃദയവും ആത്മാവും വീർപ്പു മുട്ടുകയും ചെയ്യുന്നു എന്നും അവർ എഴുതി. ജാനയും സ്ത്രീസംഘടനയുമായുള്ള ആ ബന്ധം എനിക്കും പ്രചോദനം നൽകിയിട്ടുണ്ട്. ഇത്തരം അസാധാരണ സമാഗമങ്ങളാണ്, വ്രണിതരായവർക്ക് നഷ്ടപ്പെട്ട വിശ്വാസം തിരികെ നൽകുന്നത്.
കേരളത്തിൽ അവിടുത്തെ പോലെ റെഡ് സ്ട്രീറ്റ് ഒന്നുമില്ല. എന്നാൽ, മനുഷ്യർ ജീവിക്കുന്നിടങ്ങളിലെല്ലാം ഈ സേവനത്തിന്റെ ആവശ്യം നിറവേറ്റപ്പെടുന്നുണ്ട്. സാമൂഹ്യജീവിതത്തിന്റെ വെളിച്ചത്തിൽ നിന്ന് അവർ മറയ്ക്കപ്പെട്ടിരിക്കുകയാണ് എന്നുമാത്രം
വീണ്ടും 1997 ൽ ഞാൻ കൊൽക്കത്തയിൽ ഒരു വർക്ക്‌ഷോപ്പിന് പോയ സമയം. അവിടെ സാൾട്ട് ലേക് സ്റ്റേഡിയത്തിൽ സെക്‌സ് വർക്കർമാരുടെ അന്താരാഷ്ട്രസമ്മേളനം നടക്കുന്നു എന്നറിഞ്ഞ് ഞങ്ങൾ അങ്ങോട്ടു പോയി. ഇന്ത്യയിൽ നിന്നും പുറത്തുനിന്നുമായി ആയിരങ്ങൾ പങ്കെടുത്ത സമ്മേളനമായിരുന്നു അത്. അവരുടെ വ്യക്തമായ കാഴ്ചപ്പാടും വിട്ടുവീഴ്ചയില്ലാത്ത നിലപാടും, എനിക്ക് അതുവരെയുണ്ടായിരുന്ന ഫെമിനിസ്റ്റ് ബോധ്യത്തെ ഇളക്കാൻ പോന്നതായിരുന്നു. സെക്‌സ് വർക്ക് ചെയ്യുന്നവർ എപ്പോഴും ഇരകളാണെന്നും, അവരെ രക്ഷിച്ചെടുക്കേണ്ടതാണെന്നും അവർക്ക് വേണ്ടതെന്താണെന്ന്, എല്ലാ സ്ത്രീകൾക്കും ശരിയായ ഒരു രാഷ്ട്രീയ നിലപാടിൽ നിന്നാണ് കാണേണ്ടതെന്നുമൊക്കെയുള്ള ധാരണ ഉണ്ടായിരുന്നു. എന്നാൽ അവിടെ അവർ തന്നെ അവർക്കു വേണ്ടി വ്യക്തമായി സംസാരിച്ചു. അവർ മുന്നോട്ടു വച്ച മുദ്രാവാക്യം അതുവരെ കേട്ടവയിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു- "Sex work is real work. We want workers' rights'. (ലൈംഗിക തൊഴിൽ ശരിക്കും അദ്ധ്വാനമാണ്. ഞങ്ങൾക്ക് തൊഴിലവകാശങ്ങൾ ആവശ്യമാണ്). കാഴ്ചപ്പാട് വ്യക്തമാക്കുന്ന ഒരു മാനിഫെസ്റ്റോയും അവർ പുറത്തിറക്കിയിരുന്നു. സേവന മേഖലയിലുള്ള ഏതൊരു തൊഴിലും പോലെയുള്ള ഒന്നാണ് തങ്ങൾ ചെയ്യുന്നതെന്നും, അതിനനുസരിച്ച് പെൻഷൻ അടക്കമുള്ള തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും ഉണ്ടെന്നും അവർ വ്യക്തമാക്കി. അന്ന് അവരുടെ നേതാവായിരുന്ന മാലശ്രീ അസാധാരണ ധൈര്യമുള്ള ഒരു വ്യക്തിയായിരുന്നു. അതിശയത്തോടെ ദൂരെ മാറി നിന്ന് ആ കാഴ്ചകൾ കണ്ട് മടങ്ങിയ ഞാൻ രണ്ട് വർഷത്തിനകം തന്നെ അവരുടെ ഒരു ഭാഗമെന്നോണം ആ പ്രസ്ഥാനവുമായി സൗഹൃദത്തിലായി.
കേരളത്തിൽ അവിടുത്തെ പോലെ റെഡ് സ്ട്രീറ്റ് ഒന്നുമില്ല. എന്നാൽ, മനുഷ്യർ ജീവിക്കുന്നിടങ്ങളിലെല്ലാം ഈ സേവനത്തിന്റെ ആവശ്യം നിറവേറ്റപ്പെടുന്നുണ്ട്. സാമൂഹ്യജീവിതത്തിന്റെ വെളിച്ചത്തിൽ നിന്ന് അവർ മറയ്ക്കപ്പെട്ടിരിക്കുകയാണ് എന്നുമാത്രം. കോഴിക്കോട് ബംഗ്ലാദേശ് കോളനി എന്ന പേരിൽ ആളുകൾ തിങ്ങി താമസിച്ചിരുന്നിടത്ത്, ഈ തൊഴിലിൽ ഏർപ്പെട്ടവർ പലരും ഉണ്ടായിരുന്നു. അക്കാലത്ത് മോഹിനി ഗിരിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ദേശീയ വിമൻസ് കമീഷൻ ഇവരുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ ഒരു സമ്മേളനം വിളിക്കുകയുണ്ടായി. സാമൂഹ്യപ്രവർത്തകനായിരുന്ന പോൾസൺ റാഫേൽ ഇവിടെ നിന്നുള്ള സ്ത്രീകളെ അതിൽ പങ്കെടുപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അവിടെ അവർ ആവശ്യങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി. കേരളത്തിലെ എയ്ഡ്സ് പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവർ തയാറാവുകയും ചെയ്തു. എറണാകുളത്തും കുറച്ച് സ്ത്രീകൾ ഇതിനായി മുന്നോട്ടു വന്നു. തിരുവനന്തപുരത്ത് സ്ത്രീകളെ കാണാൻ കഴിയാതിരുന്നതുകൊണ്ട് അവരെ ഞാൻ ജയിലിൽ പോയി കണ്ടു. സങ്കടമോ സന്തോഷമോ അവരുടെ മുഖത്ത് കണ്ടില്ല. അവിടെ ചില കന്യാസ്ത്രീകളും ആ സമയത്ത് എത്തിയിരുന്നു. അവരുടെ മനസ്സു മാറ്റി രക്ഷിച്ചെടുക്കാൻ വേണ്ടി കന്യാസ്ത്രീകൾ ഉപദേശവും പ്രാർത്ഥനയും നടത്തി. എത്ര പ്രാവശ്യം വിളിച്ചിട്ടും അവർ ഒപ്പം വരുന്നില്ലെന്ന് കന്യാസ്ത്രീകൾ പരാതിപ്പെട്ടു. ഞങ്ങൾ അവർക്ക് പകൽ സമയം വിശ്രമിക്കാനായി ഒരു വീട് ഒരുക്കിയിട്ടുണ്ടെന്നും അവിടെ വരാമെന്നും ഞാൻ അവരോട് പറഞ്ഞു. ഇടക്കിടെ ഞാൻ അവരെ കാണാൻ പോയിക്കൊണ്ടിരുന്നു. വരാമെന്ന് പല പ്രാവശ്യം സമ്മതിച്ചു എങ്കിലും ആരും വന്നില്ല. ഒരുതവണ പോയപ്പോൾ റിലീസ് ചെയ്യപ്പെട്ട ഒന്നുരണ്ട് പേരുണ്ടായിരുന്നു. അവരെ അപ്പോൾ തന്നെ ഓഫീസിലേക്ക് കൂട്ടി കൊണ്ട് വന്നു. വീണ്ടും അവർക്ക് വരാൻ തോന്നുമ്പോൾ വരാമെന്ന് പറഞ്ഞു. കോവളം വരെ വരാൻ പ്രയാസമായിരിക്കുമെന്നതുകൊണ്ട് തിരുവനന്തപുരത്ത് പെരുന്താന്നി എന്ന സ്ഥലത്ത് ഒരു കെട്ടിടം വാടകക്കെടുത്തു. അവരെല്ലാം തിരുവനന്തുപുരം സിറ്റിയിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്. പതിയെ ഓരോരുത്തരായി അവിടെ വരാൻ തുടങ്ങി. ഗവൺമെന്റിന്റെ പിന്തുണയോടെ എയ്ഡ്സ് നിയന്ത്രണ പ്രവർത്തനത്തിനുവേണ്ടിയായതുകൊണ്ടാണ് അത്രയും ചെയ്യാൻ സാധിച്ചത്. അവർക്ക് രാത്രി ഷെൽട്ടർ ആവശ്യമാണെങ്കിലും അതിന് ഗവൺമെന്റിന്റെ അനുമതി ഇല്ലായിരുന്നു. പകൽ അവർ മിക്കവാറും ക്ഷീണം കൊണ്ട് ഉറങ്ങുകയാവും.
ദിവസവും സ്ത്രീകൾ മുറിവുകളൊക്കെ ആയിട്ടായിരിക്കും വരിക. ഇത് ക്ലയന്റുകൾ സിഗരറ്റു കുറ്റി കൊണ്ടു പൊള്ളിച്ചതായിരുന്നില്ല. ഒന്നുകിൽ പൊലീസിൽ നിന്നോ, അല്ലെങ്കിൽ ക്രിമിനലുകളിൽ നിന്നോ സദാചാര വാദികളിൽ നിന്നോ ആയിരിക്കും അക്രമം ഉണ്ടായത്. അടിയും കുത്തും വെട്ടും ഏറ്റു കൊണ്ടാണ് മിക്കപ്പോഴും അവർ സെന്ററിലെത്തുന്നത്.
ഇടക്ക് കിട്ടുന്ന സമയങ്ങളിൽ അവരോട് ഞങ്ങൾ സംസാരിക്കാൻ ശ്രമിച്ചു. അവർ എപ്പോഴും പൊലീസിനെ ഭയന്ന് കഴിയുന്നവരാണ്. ഒളിച്ചു കഴിയേണ്ട ആവശ്യം അവർക്കുണ്ട്. അതിനാൽ, എത്രയും പെട്ടെന്ന് പൊലീസിനെ, ഈ പ്രോജക്ടിനെ കുറിച്ച് ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിൽ പോയി ഞങ്ങൾ എയ്ഡ്സ് നിയന്ത്രണത്തിന്റെ ആവശ്യകതയെ കുറിച്ചും അതിൽ ലൈംഗികതൊഴിലാളികളുടെ പങ്കിനെ കുറിച്ചും വിശദീകരിച്ചു. അതുകൊണ്ട് വലിയ പ്രയോജനമില്ലെന്ന്, ഓരോ ദിവസവും സെന്ററിൽ വന്നെത്തുന്ന സ്ത്രീകളുടെ അനുഭവങ്ങൾ ഓർമ്മപ്പെടുത്തി. മിക്കപ്പോഴും അവരെത്തുന്നത് ദേഹമാസകലം മുറിവുകളൊക്കെ ആയിട്ടായിരിക്കും. ഇത് കഥകളിൽ കേൾക്കുന്നതു പോലെ അവരുടെ അടുത്ത് സേവനത്തിനായെത്തുന്ന ക്ലയന്റുകൾ സിഗരറ്റു കുറ്റി കൊണ്ടു പൊള്ളിച്ചതായിരുന്നില്ല.
ഒന്നുകിൽ പൊലീസിൽ നിന്നോ, അല്ലെങ്കിൽ ക്രിമിനലുകളിൽ നിന്നോ സദാചാര വാദികളിൽ നിന്നോ ആയിരിക്കും അക്രമം ഉണ്ടായത്. അടിയും കുത്തും വെട്ടും ഏറ്റു കൊണ്ടാണ് മിക്കപ്പോഴും അവർ സെന്ററിലെത്തുന്നത്. അന്ന് മൊബൈൽ ഫോണുകൾ ഇല്ലാത്തതിനാൽ തെരുവിലിറങ്ങി തന്നെ അവർക്ക് ജോലി ചെയ്യേണ്ടിയിരുന്നു. വീടുകൾ ഉള്ളവർ, കഴിയുന്നതും പകൽ സമയം ജോലി ചെയ്തു. എന്നാൽ, വീടുകൾ അടുത്തില്ലാത്തവരും തെരുവിലായി പോയവരും ഉണ്ടായിരുന്നു. ചിലർ, രാത്രി മാത്രം ക്ലയന്റുകളെ ലഭിക്കുന്നവരായിരുന്നു. എന്തായാലും രാത്രിയിൽ പുറത്തുള്ളവർക്കാണ് കൂടുതൽ അക്രമങ്ങൾ നേരിടേണ്ടി വന്നിരുന്നത്. എന്നാൽ, പകൽ ജോലി ചെയ്യുന്നവർക്കും ചിലപ്പോഴെങ്കിലും ഇതെല്ലാം നേരിടേണ്ടി വരാറുണ്ട്.
ഈ സ്ത്രീകളാരും ലൈംഗിക തൊഴിലാളികളുടെ മക്കളായിരുന്നില്ല. ഒരു പുരുഷന്റെ കുഞ്ഞുങ്ങൾക്ക് മാത്രം ജന്മം നൽകുകയും, അവനെയും ആ കുഞ്ഞുങ്ങളെയും പരിചരിക്കുകയുമാണ് ജീവിത ധർമ്മമെന്ന് പഠിപ്പിച്ച കുടുംബങ്ങളിൽ നിന്ന് വന്നവരായിരുന്നു അവരെല്ലാവരും. എല്ലാവരും അത് കൃത്യമായി പിന്തുടരുകയും ചെയ്തു. പക്ഷെ, അത് ചെലോർക്ക് ശരിയാവും, ചെലോർക്ക് ശരിയാവില്ല എന്നാണ് ജീവിതം അവരെ പഠിപ്പിച്ചത്. ഉപജീവനത്തിനും "നല്ല പെണ്ണ്’ എന്ന പേര് കേൾപ്പിക്കാനുമായി സ്ത്രീകളെല്ലാവരും ഈ സാമൂഹ്യ ധർമം നിറവേറ്റാനാണ് ശ്രമിക്കാറുള്ളത്. പക്ഷെ, കുറെപേരെ അതിൽ നിന്ന് പുറന്തള്ളിക്കൊണ്ട് മാത്രമാണ് ഈ വ്യവസ്ഥക്ക് നിലനിൽക്കാനാവുക. അതിൽനിന്ന് ആരാണ് എപ്പോഴാണ് പുറന്തള്ളപ്പെടുക എന്നുപറയാനാവില്ല. പുറന്തള്ളപ്പെട്ട സ്ത്രീ പിഴച്ചവളും പുറന്തള്ളപ്പെടാത്തവർ എപ്പോഴും അതിലേക്ക് വഴുതി വീഴാൻ പാകത്തിൽ നിലകൊള്ളുന്നവരുമാണ്. ആ അർത്ഥത്തിൽ എല്ലാ സ്ത്രീകളും ഒരേ നിലയിലാണെങ്കിലും, ഓരോ അവസ്ഥയിലും പെട്ടിട്ടുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങൾ അതിന്റെ സവിശേഷതയിൽ തന്നെ അറിയേണ്ടതുണ്ട്.
കുറച്ച് ദിവസം ജയിലിൽ കിടക്കുന്നത് ചിലപ്പോൾ അവർക്കും ആശ്വാസകരമാണ്. കുറച്ച് വിശ്രമവും അക്രമത്തിൽ നിന്ന് മോചനവും ലഭിക്കും. എന്നാൽ, സ്വാതന്ത്ര്യം സ്ഥിരമായി നഷ്ടപ്പെടുത്താൻ മനുഷ്യർ ആഗ്രഹിക്കില്ല.
വിശ്വാസം അർപ്പിച്ച്, ആചരിച്ചു പോന്ന ജീവിതത്തിൽ പ്രിയപ്പെട്ടവരും സംരക്ഷകരും ആയവരിൽ നിന്ന് ഏൽക്കുന്ന ക്ഷതങ്ങൾ, ജീവിതത്തോടുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തിയ അവസ്ഥയിലുള്ളവരാണ് ഞങ്ങളുടെ അടുത്തെത്തിയത്. അവരെ അറിയുന്നതോടെ, മുഖാമുഖം നിൽക്കുന്നതോടെ നമ്മുടെ വിശ്വാസങ്ങളും തകരും. ധാർമ്മിക സങ്കൽപ്പങ്ങൾ വഴി തട്ടി തടഞ്ഞു നിൽക്കും. മനുഷ്യരിലുള്ള വിശ്വാസം ഏതെങ്കിലും ഒരു കോണിൽ അല്പം നീക്കിയിരിപ്പുണ്ടാകുന്നത് കൊണ്ടാവണം അവർ ആത്മഹത്യ ചെയ്യാതെ ജീവിതം തുടരുന്നത്. അവരുടെ ഈ അവസ്ഥകളെ വീണ്ടും ചൂഷണം ചെയ്യുന്ന മനുഷ്യരെയും നമ്മൾ ചുറ്റും കാണുന്നു. കുളിക്കാൻ അവർ പബ്ലിക് ടോയ്ലറ്റുകളെ ആശ്രയിക്കുമ്പോൾ അവരിൽ നിന്ന് കൂടുതൽ പണം വാങ്ങുന്നു. സ്വകാര്യവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ മറ്റുള്ളവരെ അപേക്ഷിച്ച് പത്തിരട്ടിയോളം അധികം ചാർജ്ജ് ചെയ്യുന്നു. ലോഡ്ജുകളിൽ അവർക്ക് വലിയ തുകയ്ക്കാണ് റൂമുകൾ നൽകുന്നത്. അപകടകാരികളായ ക്ലയന്റുകളിൽ നിന്ന് സുരക്ഷിതരാകാനാണ് അവർ സ്വന്തമായി മുറിയെടുക്കുന്നത്. ഒറ്റക്കൊരു സ്ത്രീ പോയി മുറി ചോദിച്ചാൽ ലോഡ്ജുകാരോ ഹോട്ടലുകാരോ സാധാരണ അത് നൽകാറില്ല. പുരുഷന്റെ ഒപ്പമല്ലാതെ വരുന്ന സ്ത്രീ എന്തായാലും കുഴപ്പക്കാരി ആയിരിക്കുമെന്ന മുൻ ധാരണയിലാണെന്നു തോന്നുന്നു ഈ അലിഖിത നിയമം അവർ പാലിച്ചുകൊണ്ടിരിക്കുന്നത്. (വൻകിട ഹോട്ടലുകൾ ഇതിനപവാദമാണ്) മുറി കൊടുക്കാൻ തീരുമാനിക്കുന്നവർ, പണം കൂടുതൽ വാങ്ങാൻ വേണ്ടി അറിഞ്ഞു കൊണ്ട് തന്നെയാണ് അത് ചെയ്യുന്നത്. പൊലീസുകാരിൽ ഒരു വിഭാഗം അവരെ സഹായിക്കാനായി കേസുകളിൽ ഇളവ് ചെയ്തു കൊടുക്കുന്നു.
കേസുകളെന്നാൽ കള്ളക്കേസുകളാണ്. കുറ്റം എന്താണെന്ന് ആർക്കും നിശ്ചയമില്ലാത്തതിനാൽ കേരള പൊലീസ് ആക്ട് പ്രകാരം, ഇവർ ശല്യമുണ്ടാക്കുന്നു എന്ന നാട്യത്തിലാണ് കേസുകൾ ചാർജ്ജ് ചെയ്യുന്നത്. കുറ്റവാളികളാണെന്ന് അവരും സ്വയം വിശ്വസിക്കുന്നത് കൊണ്ട്, എന്ത് കേസെന്നൊന്നും അവരും അന്വേഷിക്കാറില്ല. പിടിച്ച് കഴിഞ്ഞാൽ കോടതിയിൽ പണം കെട്ടണമെന്ന് മാത്രമാണ് അവർക്കറിയാവുന്നത്. കുറച്ച് ദിവസം ജയിലിൽ കിടക്കുന്നത് ചിലപ്പോൾ അവർക്കും ആശ്വാസകരമാണ്. കുറച്ച് വിശ്രമവും അക്രമത്തിൽ നിന്ന് മോചനവും ലഭിക്കും. എന്നാൽ, സ്വാതന്ത്ര്യം സ്ഥിരമായി നഷ്ടപ്പെടുത്താൻ മനുഷ്യർ ആഗ്രഹിക്കില്ല. ഈ ദുരിതത്തിനിടയിലും മറ്റു സ്ത്രീകളെ അപേക്ഷിച്ച് അവർക്ക് കുറെയൊക്കെ അത് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. വസ്ത്രത്തിന്റെ തടവിൽ കിടക്കുന്ന കന്യാസ്ത്രീകൾ എത്ര ഉപദേശിച്ചാലും അവർ കൂടെ പോകാത്തതും അതുകൊണ്ടാണ്.
ദിവസവും ചോരവാർന്നും മരണത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടും എത്തുന്നവരോട് നിങ്ങൾക്ക് പത്തു വർഷങ്ങൾക്ക് ശേഷം എയ്ഡ്സ് രോഗം പിടി പെട്ട് മരിച്ചു പോകാൻ സാധ്യതയുണ്ടെന്ന് പറയുന്നതിലെ അനൗചിത്യം പെട്ടെന്ന് തന്നെ ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
തെരുവിൽ ജീവിക്കുമ്പോൾ ക്രിമിനലുകളുമായി ചില ഒത്തു തീർപ്പുകളുണ്ടാക്കി മാത്രമാണ് അവർക്ക് കഴിയാനാവുക. ചിലപ്പോൾ ഈ ആണുങ്ങൾ പിന്തുണയ്ക്കും. അതിനു പകരം ചില കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടേക്കും. മറ്റു മനുഷ്യരെ കുടുക്കാനായിരിക്കും ചിലപ്പോൾ ആവശ്യപ്പെടുന്നത്. അത് വിസമ്മതിക്കുമ്പോഴൊക്കെയാണ് ക്രൂരമായ അക്രമങ്ങൾ ഏൽക്കേണ്ടി വരുന്നത്. പൊലീസാണെങ്കിൽ ക്രിമിനലുകളെ കിട്ടാതെ വരുമ്പോൾ കുറ്റം ഈ സ്ത്രീകളുടെ മേൽ കെട്ടിവെക്കുകയും ചെയ്യും. ഇവരുടെ പേരിൽ വരുന്ന കേസുകൾ പരിശോധിക്കുമ്പോൾ ഇത് വ്യക്തമായിട്ടുണ്ട്.
ചില പൊലീസുകാർ സമൂഹത്തിന്റെ അധാർമ്മികത മുഴുവനും ഇവരുടെ മേൽ ആരോപിച്ച് കാണുന്നവരാണ്. സമൂഹത്തിലെ പൊതുബോധവും ഇതിനനുസരിച്ചുള്ളതാണ്. ഒരു നിയമത്തിന്റെയും അടിസ്ഥാനത്തിലല്ല അവർ ഈ സ്ത്രീകളെ ഉപദ്രവിക്കുന്നത്. നാട്ടുനടപ്പനുസരിച്ച് അവർ ചെയ്യുന്നത് തെറ്റാണ് എന്ന് കരുതികൊണ്ട് ചില പൊലീസുകാർ ശിക്ഷകരാകുകയാണ്. അവരുടെ സേവനം സ്വീകരിക്കുന്നവർ പോലും സമൂഹത്തിന്റെ മുന്നിലെത്തുമ്പോൾ ഇതേ തരത്തിൽ പെരുമാറുന്നു എന്നത് വ്യവസ്ഥയുടെ തല തിരിഞ്ഞ രീതിയാണ് കാണിക്കുന്നത്. നമ്മൾ കൂടി ചേർന്നുണ്ടാക്കിയ വ്യവസ്ഥയുടെ ഫലമായാണ് കുറെ പേർക്ക് ഈ അവസ്ഥയുണ്ടാകുന്നതെന്ന് ചിന്തിച്ചാൽ ചോദ്യമുന നമുക്ക് നേരെ ആയിരിക്കും തിരിയുന്നത്.
ദിവസവും ചോരവാർന്നും മരണത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടും എത്തുന്നവരോട് നിങ്ങൾക്ക് പത്തു വർഷങ്ങൾക്ക് ശേഷം എയ്ഡ്സ് രോഗം പിടി പെട്ട് മരിച്ചു പോകാൻ സാധ്യതയുണ്ടെന്ന് പറയുന്നതിലെ അനൗചിത്യം പെട്ടെന്ന് തന്നെ ഞങ്ങൾക്ക് ബോധ്യപ്പെട്ടു. ലൈംഗികരോഗങ്ങൾ ചികിത്സിക്കാനുള്ള അവസരം ഞങ്ങളുടെ പ്രൊജക്ടിൽ ഉണ്ടായിരുന്നതിനാൽ അതിനോടൊപ്പം അവരുടെ മറ്റു ആരോഗ്യപ്രശ്നങ്ങൾ കൂടി നോക്കാമെന്ന് ധാരണയുണ്ടായി. അങ്ങനെ അവർക്കു കൂടി ആവശ്യമുള്ള ഒരു സന്ദർഭത്തിലല്ലാതെ എയ്ഡ്‌സിനെപ്പറ്റി പറയുന്നത് ശരിയല്ലെന്ന് തോന്നി. ആവശ്യമുള്ളവർക്ക് ചികിത്സ നൽകിക്കൊണ്ടിരുന്നു എങ്കിലും അവർ ദിനംപ്രതി എന്നോണം നേരിടുന്ന മനുഷ്യാവകാശപ്രശ്‌നങ്ങൾക്കും തൊഴിൽ പ്രശ്‌നങ്ങൾക്കും തന്നെയാണ് മുൻഗണന നൽകേണ്ടതെന്നതിൽ ഒരു സംശയവുമുണ്ടായില്ല.
വളരെ പരിശ്രമിച്ചശേഷം സ്ത്രീകൾ സെന്ററിലേക്ക് എത്തിയെങ്കിലും അത് ഓരോ ദിവസവും പുതിയ പ്രശ്‌നങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. വാടക വീടിന്റെ ചുറ്റും താമസിച്ചിരുന്നവർ പെട്ടെന്ന് സംശയാലുക്കളായി. ഒൻപതു മണി മുതൽ മാത്രമാണ് സെന്റർ പ്രവർത്തിച്ചിരുന്നതെങ്കിലും, പോകാൻ മറ്റു ഇടങ്ങളില്ലാത്തതുകൊണ്ട് ചില സ്ത്രീകൾ അതിരാവിലെ തന്നെ എത്തും. ചിലർ മദ്യം കഴിച്ചിട്ടുണ്ടാവും. ഉണ്ടെങ്കിലും ഇല്ലെങ്കിലും ചിലർ ഉച്ചത്തിൽ ബഹളംവയ്ക്കും. ചിലപ്പോൾ തെറി പ്രയോഗങ്ങളുമുണ്ടാവും. ഇതെല്ലാം മറ്റു വീടുകളിലും നടക്കാറുള്ളതാണ്. അവിടെ അത് ആണുങ്ങളായിരിക്കും ചെയ്യാറുള്ളത്.
ഞങ്ങളോടൊപ്പം ജോലി ചെയ്യാൻ തയാറായി യുവാക്കളായ പ്രൊഫഷണലുകൾ വന്നുവെങ്കിലും ലൈംഗിക തൊഴിലാളികളുമായി പൊതു ഇടങ്ങളിൽ ഇടപെടുന്നതിന് അവർക്കും പരിമിതികളുണ്ടായിരുന്നു. അധികം താമസിയാതെ അവിടുത്തെ റസിഡൻറ്സ് അസോസിയേഷൻ ഞങ്ങളെ അവിടെ നിന്ന് കെട്ടു കെട്ടിക്കാനുള്ള ഒപ്പു ശേഖരണവും മറ്റും തുടങ്ങി. ഈ ഉദ്ദേശ്യത്തിനാണ് വീടെടുത്തിട്ടുള്ളതെന്ന് ഉടമയോട് നേരത്തേ പറഞ്ഞിരുന്നു. ഇത് പറയുമ്പോൾ തന്നെ മിക്ക പേരും വീട് തരാൻ മടിച്ചു. ഏതാണ്ട് പത്തോളം വീടുകൾ അന്വേഷിച്ച ശേഷമായിരുന്നു ഈയൊരു വീട് കിട്ടിയത്. അതിനാൽ, എങ്ങനെയും ഈ വീട് നിലനിർത്തേണ്ടതുണ്ടായിരുന്നു. നാട്ടുകാരെയും, രാഷ്ട്രീയ നേതാക്കളെയും പൊലീസ് ഓഫീസർമാരെയും ആരോഗ്യരംഗത്തെ ഉന്നതരെയും പത്രപ്രവർത്തകരെയും ഒക്കെ വിളിച്ച് പലതവണ യോഗങ്ങൾ നടത്തി. കഷ്ടപ്പെട്ട് വീട് നിലനിർത്താനായി. സാധാരണ ഉയർന്നു വരുന്ന ചോദ്യം എന്തുകൊണ്ട് അവർക്ക് ഡിസിപ്ലിൻ പാലിച്ചു കൂടാ എന്നതാണ്. മനസ്സിന്റെയും ശരീരത്തിന്റെയും വേദന അൽപ്പമെങ്കിലും ശമിപ്പിക്കാൻ അവർക്ക് മദ്യം ഒരു പക്ഷേ, അമൃത് പോലെ ആയിരിക്കും. അവരുമായി യാത്ര ചെയ്യുമ്പോൾ പാതിരാത്രിയിൽ മദ്യഷോപ്പുകളിൽ പോയി അതുവാങ്ങി കൊടുക്കേണ്ടി വന്നിട്ടുപോലുമുണ്ട്.
മിക്ക ലൈംഗികത്തൊഴിലാളികളുടെയും കൈകളിൽ ആത്മഹത്യ ചെയ്യാൻ, കൈ മുറിക്കാൻ ശ്രമിച്ചതിന്റെ വരകൾ കാണാം. ആന്ധ്രയിലെ ലൈംഗിക തൊഴിലാളികളുടെ കയ്യിലൊന്നും ഇതേ പോലെയുള്ള വരകൾ കാണാനുണ്ടായിരുന്നില്ല.
ഒരു തരത്തിൽ നിരന്തര പരാജയം ഏറ്റു വാങ്ങലായിരുന്നു അക്കാലത്തെ അവരോടോത്തുള്ള ജീവിതം എന്നുപറയാം. ഓരോ ദിവസവും അക്രമത്തിനിരയായി വരുന്ന സ്ത്രീകളെ കൊണ്ട് പരാതി എഴുതിച്ച് പൊലീസ് സ്റ്റേഷനിലും കളക്ടർക്കും മുഖ്യമന്ത്രിക്കും നൽകി കൊണ്ടിരുന്നു. പൊലീസ് അറസ്റ്റു ചെയ്തു ലോക്കപ്പിലാക്കി എന്നോ കോടതിയിലാണ് എന്നുപറഞ്ഞോ ഫോൺ കോളുകൾ വന്നു കൊണ്ടിരിക്കും. അവിടെ പോയി അവരെ ഇറക്കി കൊണ്ട് വരുക എന്നത് നിത്യസംഭവമായി മാറി. ഓരോ തവണയും കേസുകൾ വ്യാജമാണെന്ന് കാണിച്ച് അധികാരികൾക്ക് പരാതി നൽകും. കോണ്ടം ഉപയോഗിക്കണമെന്ന് അവരെ പഠിപ്പിക്കുകയും അവ വിതരണം ചെയ്യുകയുമായിരുന്നു ആരോഗ്യ വകുപ്പ് ചെയ്തിരുന്നത്. എന്നാൽ, കോണ്ടം കയ്യിൽ വച്ചിരിക്കുന്നത് സെക്‌സ് വർക്ക് ചെയ്യുന്നതിന് തെളിവായി എടുത്ത് പൊലീസ് അവരെ ഉപദ്രവിച്ചിരുന്നു. ഇത് മാറ്റിയെടുക്കാനായി പൊലീസ് സ്റ്റേഷനുകളിൽ പോയി നിരന്തരം ക്ലാസെടുത്തു. ക്രമേണ ചെറിയ മാറ്റങ്ങൾ കണ്ടു എങ്കിലും അവരുടെ ജീവിതം ദുരിതങ്ങളിൽ തന്നെ തുടർന്നു.
പ്രണയവും വിവാഹവും കുഞ്ഞുങ്ങളും മരണവും തന്നെയാണ് മറ്റുള്ളവരെ പോലെ തന്നെ അവരുടെയും ജീവിതത്തിന്റെ വൈകാരിക തലങ്ങൾ. ഭൂരിപക്ഷം പേരും വിവാഹിതരും വിവാഹശേഷം ഈ തൊഴിലിലേക്ക് വന്നവരും കുടുംബത്തിന് വേണ്ടി തൊഴിലെടുക്കുന്നവരും ആയിരുന്നു. വളരെ ചുരുക്കം പേർ മാത്രമാണ് അതിൽ നിന്ന് ഭിന്നമായ തരത്തിൽ ജീവിച്ചിരുന്നത്. ജലജയും സിന്ധുവും അത്തരത്തിൽ വ്യത്യസ്തരായിരുന്നു. സാധാരണ വീട്ടുകാർ നടത്തുന്ന ആൺ - പെൺ വിവാഹത്തിന് അവർ സമ്മതിച്ചു കൊടുത്തിരുന്നില്ല. അമ്പലത്തിൽ പോയി തമ്മിൽ താലി കെട്ടി അവർ വിവാഹിതരായി. രണ്ട് സ്ത്രീകളായി തന്നെ അവർ വൈകാരിക ജീവിതം പങ്കുവച്ചു. രണ്ട് പേരും സെക്‌സ് വർക്ക് തൊഴിലായി സ്വീകരിച്ചു എങ്കിലും ഒരു വീട് എടുത്ത് താമസിക്കാനുള്ള സാമ്പത്തിക നില ഉണ്ടാ യിരുന്നില്ല. സ്വന്തം വീട് ഉപേക്ഷിച്ച് വന്നവരായിരുന്നു രണ്ടുപേരും. അവരാരും തന്നെ മറ്റുള്ളവർ കരുതുന്നത് പോലെ വ്യക്തിപരമായ ജീവിതവും തൊഴിൽ ജീവിതവും കൂട്ടിക്കുഴക്കുന്നില്ല.
സമൂഹത്തിൽ നിന്നുണ്ടാകുന്ന പോലെയുള്ള അവമതി കുടുംബ ബന്ധങ്ങളിലും പ്രതിഫലിക്കുന്നുണ്ടാകാം. എപ്പോഴും അവർ വൈകാരികമായ സംഘർഷങ്ങളിലൂടെ കടന്നുപോകുന്നവരാണ്. മിക്ക പേരുടെയും കൈകളിൽ ആത്മഹത്യ ചെയ്യാൻ, കൈ മുറിക്കാൻ ശ്രമിച്ചതിന്റെ ഫലമായുള്ള വരകൾ കാണാം. ആന്ധ്രയിലെ ലൈംഗിക തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചപ്പോൾ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം അതായിരുന്നു. അവിടെ സ്ത്രീകളുടെ കയ്യിലൊന്നും ഇതേ പോലെയുള്ള വരകൾ കാണാനുണ്ടായിരുന്നില്ല. സെക്‌സ് വർക്ക് ഇവിടുത്തെ അത്രയും അപമാനകാരമല്ലാത്തതു കൊണ്ടാണോ, കേരളത്തിൽ പൊതുവേ ആത്മഹത്യ പ്രവണത കൂടുതൽ ഉള്ളതു കൊണ്ടാണോ ഈ വ്യത്യാസം എന്ന് അറിയില്ല.
നൂറു നൂറു പ്രശ്‌നങ്ങളിലൂടെ കടന്നു പൊയിക്കൊണ്ടിരുന്നവരെയാണ് ദിവസവും ഞങ്ങൾ നേരെ കണ്ടറിഞ്ഞ് കൊണ്ടിരുന്നത്. അവരുടെ ഇടയിൽ നിന്നുതന്നെയുള്ള നേതൃത്വപരമായ വളർച്ച പൊതുസമൂഹവുമായുള്ള സംവാദത്തിനും പൊതുധാരയിലേക്ക് അന്തസ്സോടെ കടന്നു വരുന്നതിനും ആവശ്യമായിരുന്നു. സ്ത്രീകളുടെ ഇടയിൽ തന്നെ പൊതുസമ്മതി ഉള്ളവരും ദീർഘ നാളത്തെ പരിചയവും പക്വതയും ഉള്ളവരുമാണ് നേതൃത്വത്തിലേക്ക് സ്വാഭാവികമായി വന്നത്. അങ്ങനെ വന്ന രണ്ടു പേരായിരുന്നു രാധാമണിയും രാജമണിയും. മറ്റുള്ളവരുടെ ഏതാവശ്യങ്ങൾക്കും മുന്നിട്ടു നിന്നവർ. സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനൊക്കെ അവർ നേതൃത്വം നൽകിയിരുന്നു. രണ്ടുപേർക്കും ഭർത്താവും കുട്ടികളുമുണ്ട്. കുടുംബബന്ധങ്ങൾക്ക് വളരെയധികം വില കൊടുക്കുകയും അത് വൈകാരികമായി ഉൾക്കൊള്ളുകയും ചെയ്യുന്നവർ. വലിയ ചുവന്ന സിന്ദൂരപ്പൊട്ട് എപ്പോഴും നെറ്റിയിലണിഞ്ഞിരുന്ന രാധാമണി. പൊട്ടിച്ചിരിയും ചടുലമായ സംഭാഷണങ്ങളുമായി എല്ലാവരെയും എതിരേറ്റിരുന്ന രാജമണി. സംഘടനാ പ്രവർത്തനങ്ങളിൽ ഊർജ്ജ്വസ്വലരായിരുന്ന രണ്ടുപേരും ഒരേ തരത്തിൽ ജീവനൊടുക്കുകയായിരുന്നു. ഇത് രണ്ടും, ഒരേ പോലെ അപ്രതീക്ഷിതവും കൂടെയുള്ളവരെയെല്ലാം വിഷമിപ്പിക്കുന്നതും ആയി. രണ്ടുപേരും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയാണ് ചെയ്തത്. ഒരു വർഷം ഇടവിട്ടാണ് ഈ സംഭവങ്ങൾ നടന്നത്. ഏറ്റവും വേണ്ടപ്പെട്ടവരുമായുള്ള വഴക്കിനിടയിൽ പെട്ടെന്നുള്ള പ്രതികരണമായി ചെയ്തതാണ് രണ്ടുപേരും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുറെ ദിവസം കിടക്കുകയും, ചെയ്ത പ്രവൃത്തിയിൽ പശ്ചാത്തപിക്കുകയും ചെയ്ത് രണ്ടുപേരും മരണത്തിന് കീഴടങ്ങി. ഏതാണ്ട് ഒരേ പോലെയുള്ള മുറിവുകളാണ് അവരുടെ മനസ്സുകൾക്ക് എൽക്കേണ്ടി വരുന്നതെന്ന് തോന്നിയിട്ടുണ്ട്.
തിരുവനന്തപുരത്ത് അനസൂയ എന്ന പേരിലാണ് ആദ്യം അവരുടെ സംഘടനക്ക് രൂപം കൊടുത്തത്. അതേ സമയം, തൃശൂരിൽ ജ്വാലാമുഖി എന്ന പേരിൽ സ്ത്രീകൾ സംഘടിച്ചു. എല്ലാ ജില്ലകളിലും എയ്ഡ്സ് നിയന്ത്രണ പരിപാടികൾക്കായി ലൈംഗിക തൊഴിലാളികളെ കണ്ടെത്തിയിരുന്നു. അവർക്ക് ഒത്തു കൂടാൻ സ്ഥലങ്ങളുമുണ്ടായി. എന്നാൽ, നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയുമായി ഒരു സംഘർഷത്തിലേക്ക് പോകാതിരിക്കാനാണ് ഗവൺമെന്റുകൾ നോക്കിയിരുന്നത്. അതുകൊണ്ട് രഹസ്യമായി സ്ത്രീകളെ കണ്ടെത്തി അവർ വഴി കോണ്ടം വിതരണം ചെയ്യുക ആയിരുന്നു പദ്ധതികളുടെ ലക്ഷ്യം. എന്നാൽ, ഈ സ്ത്രീകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന അക്രമങ്ങളെയും മനുഷ്യാവകാശലംഘനങ്ങളെയും കണക്കിലെടുക്കാതിരിക്കുന്നത് ധാർമ്മികമായി ശരിയല്ലെന്നും, പദ്ധതി തന്നെ വിജയിക്കാൻ അവർ പൊതുധാരയിലെത്തിയാലേ കഴിയൂ എന്നും ചിലരെങ്കിലും തിരിച്ചറിഞ്ഞു. കൊൽക്കത്തയിൽ എയ്ഡ്സ് നിയന്ത്രണത്തിനോടൊപ്പം രാഷ്ട്രീയമായി കൂടി സ്ത്രീകൾ സംഘടിച്ചിരുന്നു.
1999 ൽ കേരളത്തിൽ ആദ്യമായി ലൈംഗികത്തൊഴിലാളി സമ്മേളനം നടത്താൻ തീരുമാനിച്ചു. അതിനു മുമ്പ് കോഴിക്കോട് വച്ച് പിയർ എജൂക്കേറ്റർമാരുടെ സമ്മേളനം നടത്തിയിരുന്നു. എന്നാൽ അവിടെ മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ പ്രവേശനമുണ്ടായിരുന്നില്ല. ""ഞാൻ ഒരു ലൈംഗിക തൊഴിലാളിയാണ്'' എന്നുപറഞ്ഞ് പൊതുജന മധ്യത്തിലിറങ്ങി നിൽക്കാൻ ആരെങ്കിലും ധൈര്യപ്പെടുമോ എന്നത് ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു. കേരളത്തിൽ പല ജില്ലകളിലും പ്രവർത്തിക്കുന്നവരുമായി ബന്ധപ്പെട്ടു.
സോനാഗാച്ചി പോലെ ലൈംഗിക തൊഴിലാളികൾ മാത്രം താമസിക്കുന്ന വിസ്തൃതമായ സ്ഥലവും, ദൃശ്യതയും കൊൽക്കത്തയിലുണ്ട്. അങ്ങനെ ഒരു സംസ്‌കാരമില്ലെന്ന് പുറമേ ഭാവിച്ച് രഹസ്യമായ ബന്ധങ്ങളുണ്ടാക്കുന്ന രീതിയാണല്ലോ കേരളത്തിൽ.
കുറെ പേർ വരാൻ തയാറായി. അതിനു മുന്നോടിയായി തൃശൂരിലും എറണാകുളത്തും കോഴിക്കോടും സ്ത്രീകളുടെ ചെറിയ യോഗങ്ങൾ നടത്തി. കുറച്ച് പേരെങ്കിലും തയാറാകുമെന്ന് കണ്ട് സമ്മേളനം നടത്താൻ തീരുമാനിച്ചു. എന്നാൽ, എവിടെ വച്ച് നടത്തുമെന്നത് വീണ്ടും ഒരു വലിയ പ്രശ്‌നമായി മുന്നിൽ വന്നു. കൊൽക്കത്തയിൽ നിന്ന് വളരെ വ്യത്യസ്തമായ സാഹചര്യമാണ് കേരളത്തിലുള്ളത്. സോനാഗാച്ചി പോലെ ലൈംഗിക തൊഴിലാളികൾ മാത്രം താമസിക്കുന്ന വിസ്തൃതമായ സ്ഥലവും, ദൃശ്യതയും അവിടെ ഉണ്ട്. അങ്ങനെ ഒരു സംസ്‌കാരമില്ലെന്ന് പുറമേ ഭാവിച്ച് രഹസ്യമായ ബന്ധങ്ങളുണ്ടാക്കുന്ന രീതിയാണല്ലോ ഇവിടെ. സ്ത്രീകളുടെ എണ്ണവും അവിടുത്തെ അപേക്ഷിച്ച് വളരെ കുറവാണ്. പുറമേ, അവരെ പിന്തുണക്കുന്നവരെല്ലാം സദാചാരവിരുദ്ധരായി കളങ്കപ്പെടും. പല സ്ഥലങ്ങളും സമ്മേളനം നടത്താൻ അന്വേഷിച്ചു എങ്കിലും ആരും അതിന് തയാറായില്ല. അവസാനം അന്നത്തെ പ്രമുഖ റൊട്ടേറിയനായിരുന്ന ബഹുമാന്യനായ തമ്പി എന്ന വ്യക്തി സ്വന്തം റിസ്‌കിൽ ഹസ്സൻ മരക്കാർ ഹാൾ നൽകാൻ തയാറായി.
വനിതാ കമ്മീഷൻ ചെയർ പേഴ്‌സൺ സുഗതകുമാരി, സക്കറിയ തുടങ്ങി എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും പത്രപ്രവർത്തകരും എല്ലാം അതിൽ പങ്കെടുത്തു. നൂറിലധികം സ്ത്രീകളുണ്ടായിരുന്നു. ദൃശ്യമാധ്യമങ്ങളടക്കം പൊതുസമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ളവരെ കൊണ്ട് ഹാൾ നിറഞ്ഞു കവിഞ്ഞു. സംസാരിക്കാൻ മുന്നോട്ടു വരുന്ന ലൈംഗിക തൊഴിലാളി സ്ത്രീകൾക്കും ട്രാൻസ്ജെന്റർമാർക്കും മാത്രമായി സ്റ്റേജ് ഒഴിച്ചിട്ടു. പ്രമുഖരടക്കം ബാക്കിയുള്ളവരെല്ലാം സ്റ്റേജിനു താഴെ കേൾവിക്കാർ മാത്രമായിരുന്നു. ഒരു പക്ഷെ, അത്തരം ഒരു സമ്മേളനം ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടാവില്ല. സംസാരിച്ച ഓരോ സ്ത്രീയും അവരുടെ വ്രണിതമായ ജീവിതം ആർജ്ജവത്തോടെ കേൾവിക്കാർക്കു മുന്നിൽ തുറന്നു വച്ചു. കുറ്റബോധത്തിന്റെ ഒരു തന്മാത്ര പോലും അവരുടെ വാക്കുകളിൽ ഉണ്ടായിരുന്നില്ല. സമൂഹത്തിനു മുന്നിൽ കൃത്യമായ ചോദ്യങ്ങൾ തുറന്നിട്ടുകൊണ്ടാണ് ഓരോരുത്തരും സ്റ്റേജിൽ നിന്ന് പിൻവാങ്ങിയത്. ക്യാമറകളും പേനകളും അവരുടെ ജീവിതം ഒപ്പിയെടുത്തു. പിറ്റേദിവസവും തുടർന്നും മാദ്ധ്യമങ്ങളിൽ വന്ന അവരുടെ നറേറ്റീവുകൾ അൽപ്പമെങ്കിലും സെൻസിറ്റിവ് ആയ മനുഷ്യരുടെ മനസ്സുകളെ അശനിപാതം പോലെ പൊള്ളിച്ചിട്ടുണ്ടാവണം.▮
(തുടരും)