2001 മാർച്ച് മൂന്ന് കൊൽക്കത്തയിലെ സാൾട്ട് ലെയ്ക്ക് സ്‌റ്റേഡിയത്തിൽ 'മില്ലേനിയം മിലൻ മേള' എന്നപേരിൽ നടന്ന സെക്‌സ് വർക്കേഴ്‌സിന്റെ അന്താരാഷ്ട്ര സമ്മേളനത്തിൽ നിന്ന്. Photo: durbar

പാപം ചെയ്യാത്തവരും കല്ലെറിയരുത്

എഴുകോൺ-31

ലൈംഗിക തൊഴിലാളികളുടെ സംഘടിക്കൽ പൊലീസുകാർക്കും പുതിയ അനുഭവമായിരുന്നു. ഇത് പെട്ടെന്ന് ഉൾക്കൊള്ളാൻ അവർക്കും പ്രയാസമായിരുന്നു.

"വേശ്യയുടെ ചാരിത്ര്യപ്രസംഗ'മെന്ന മലയാള പ്രയോഗത്തെയും ചാരിത്ര്യമെന്ന പദത്തെ തന്നെയും അർത്ഥശൂന്യമാക്കി, ചരിത്രത്തിൽ നിന്ന് മാച്ചുകളയാൻ പോന്നതായിരുന്നു തിരുവനന്തപുരത്ത്​ 1999ൽ നടന്ന സെക്​സ്​ വർക്കേഴ്​സ്​ കോൺഫറൻസിൽ സ്ത്രീകൾ ചെയ്ത പ്രസംഗങ്ങൾ. ഭാര്യയായാലും വേശ്യയായാലും, കീഴടങ്ങേണ്ടവളാണെന്ന ബോധം നിലനിർത്താൻ കഴിയുന്നിടത്തോളം മാത്രമേ സ്ത്രീയെ നിശ്ശബ്ദയാക്കാൻ കഴിയൂ. സ്ത്രീകൾ അവരുടെ ഭാഷയിൽ സംസാരിച്ചു തുടങ്ങുമ്പോൾ വാക്കുകളുടെയും വ്യവഹാരത്തിന്റെയും അർത്ഥം മാറുന്നു. മാറി ചിന്തിക്കാൻ സമൂഹത്തിന് ബാധ്യത ഉണ്ടാകുന്നു. വേശ്യ എന്ന പദം സമൂഹം അപമാനമായി ഉപയോഗിക്കുമ്പോൾ, ആ പേരിൽ തന്നെ അത് തൊഴിലായി സ്വയം പ്രഖ്യാപിച്ച്​ അഭിമാനമാക്കി തിരിച്ചു പിടിക്കുന്ന സംഘടനകളുമുണ്ട്. മഹാരാഷ്ട്രയിലെ "വേശ്യ അന്യായ മുക്തി പരിഷത് (VAMP)' ആ പേരിൽ അവകാശങ്ങൾക്കായി പോരാടുന്നു. അനേകായിരങ്ങൾ ഉപജീവനത്തിന്​ ഈ മാർഗം സ്വീകരിക്കുമ്പോഴും ഇതൊരു തൊഴിലായി കാണുന്നതിനുപകരം സ്ത്രീകളുടെ ദുർനടപ്പായി കാണുന്നത്, ചൂഷണം ചെയ്യുന്നതിന് അതാണ് സൗകര്യം എന്നതുകൊണ്ടാണ്.

അന്നന്നത്തെ അന്നം കണ്ടെത്തുന്നത് മുതൽ കൊലപാതക കേസുകളിലും മറ്റും കള്ളത്തരത്തിൽ കുടുക്കുന്നത് വരെയുള്ള നൂറായിരം പ്രശ്‌നങ്ങളിൽ ഏതിനു മുൻഗണന നൽകണമെന്നത് കൺഫ്യൂഷൻ ഉണ്ടാക്കി.

സമ്മേളനത്തോടെ കേരളത്തിന്റെ സാംസ്‌കാരിക ലോകത്തും മാറ്റങ്ങളുണ്ടായി. മാറ്റത്തിനെതിരെയുള്ള പ്രതിരോധവും അതോടൊപ്പം ശക്തമായിരുന്നു. സമ്മേളനത്തിന്റെ രണ്ടാം ദിവസം പത്രത്തിൽ കണ്ടറിഞ്ഞും മറ്റും പല വ്യക്തികളും സമ്മേളനത്തിൽ പങ്കെടുക്കാനെത്തി. പല ആളുകളും പൊതു സമൂഹത്തിന്റെ തെറ്റു തിരുത്തി, ഈ സ്ത്രീകളെ സഹായിക്കാനാകുമോ എന്ന് ചിന്തിച്ചവരായിരുന്നു. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് ധാരാളം കാര്യങ്ങൾ പ്രസക്തമായിരുന്നത് കൊണ്ട് പല ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ വിഷയങ്ങൾ ചർച്ച ചെയ്യാനായി തീരുമാനിച്ചു. അന്നന്നത്തെ അന്നം കണ്ടെത്തുന്നത് മുതൽ കൊലപാതക കേസുകളിലും മറ്റും കള്ളത്തരത്തിൽ കുടുക്കുന്നത് വരെയുള്ള നൂറായിരം പ്രശ്‌നങ്ങളിൽ ഏതിനു മുൻഗണന നൽകണമെന്നത് കൺഫ്യൂഷൻ ഉണ്ടാക്കി. എങ്കിലും താൽക്കാലികമായി ചില മേഖലകളിൽ തുടങ്ങി വക്കാമെന്നു കരുതി. ദിനംപ്രതി ഏറ്റുവാങ്ങുന്ന അക്രമവും മനുഷ്യാവകാശ ലംഘനവും, ആരോഗ്യം, കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും, മറ്റു തൊഴിൽ കണ്ടെത്താനുള്ള സംരംഭങ്ങൾ, മാധ്യമങ്ങളുമായി സംവാദം, പൊതുധാരയിലേക്ക് ഇടപെടൽ എന്നീ മേഖലകൾ തിരിച്ച് ഗ്രൂപ്പുകൾ ചർച്ച ചെയ്തു. സമ്മേളനത്തിനു ശേഷവും അത് ആഴ്ചകളും മാസങ്ങളും തുടർന്നു. ഒറ്റക്കല്ലെന്നും പിന്തുണക്കാൻ കുറച്ച് പേരെങ്കിലും കൂടെയുണ്ടെന്നുമുള്ള ബോധം അവർക്കിടയിൽ ചെറുതായി മുളപൊട്ടാൻ തുടങ്ങി.

അതേസമയം, അവർ സംസാരിച്ചു തുടങ്ങുമ്പോൾ നഷ്ടമുണ്ടാകുന്നവർ വെറുതെയിരുന്നില്ല. എറണാകുളത്തുനിന്ന് വന്ന സ്ത്രീകൾ അവിടെ സ്റ്റേഷനിൽ ചെന്നിറങ്ങി റോഡിലെത്തുമ്പോഴേക്കും പൊലീസുകാർ അവരെ കാരണമില്ലാതെ മർദ്ദിച്ചു. സംഘടിക്കുന്നതിനെതിരായുള്ള ഒരു താക്കീതായിട്ടായിരിക്കണം അവരതു ചെയ്തത്. സ്ത്രീകൾ സംഘടിക്കുന്നത് ആദ്യം തന്നെ അടിച്ചൊതുക്കാമെന്ന് അവർ കരുതിയിരിക്കണം. എന്നാൽ, സ്ത്രീകളോട് അനുതാപത്തോടെ പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

ആദ്യത്തെ ദിവസത്തെ ലിസിയുടെ അവതരണം എല്ലാവരെയും ഞെട്ടിച്ചു: ‘ഞങ്ങൾ ആദ്യം തന്നെ ഇതിലേക്ക് വന്നവരല്ല. വെള്ളം വിറ്റു നടന്നു. കടല വിറ്റു. പൂ വിറ്റു. അവസാനം പൂ--- വിറ്റു...’

എറണാകുളത്തെ കുറിച്ച് പറയുമ്പോൾ ലിസിയെ കുറിച്ച് ഓർക്കാതിരിക്കാൻ കഴിയില്ല. പതിമൂന്നാമത്തെ വയസ്സിൽ ലിസിയെ ഒരു പൊലീസുകാരൻ വിവാഹം കഴിച്ചു. അയാൾ കാരണം തന്നെയാണ് ലിസി സെക്‌സ് വർക്കിലെത്തുന്നത്. ഒരു മകനുണ്ടായിരുന്നു. ആ മകനെ വളർത്താൻ ലിസി ഒരുപാട് കഷ്ടപ്പെട്ടു. അയാൾ വിവാഹമൊക്കെ കഴിക്കുകയും മറ്റുള്ളവരുടെ സഹായം കൊണ്ട് ലിസി വീട് വെക്കുകയുമൊക്കെ ചെയ്തിരുന്നു. ലിസിക്ക് ജീവനെ പോലെ പ്രിയപ്പെട്ട മകൻ കഴിഞ്ഞ വർഷം അപകടത്തിൽ മരിച്ചു. അമ്മ സെക്‌സ് വർക്കർ ആണെന്ന കാരണത്താൽ ആ മകൻ ഒരിക്കലും അമ്മയോട് വെറുപ്പ് കാണിച്ചിരുന്നില്ല.
ഇരുപത് വർഷങ്ങൾക്ക് മുൻപ് സംഘടനയിലേക്ക് വരുമ്പോൾ തീരെ മെലിഞ്ഞിരുന്ന ലിസി ഇപ്പോൾ കുറച്ച് തടിച്ചിട്ടുണ്ട് എന്നതുമാത്രമാണ് വ്യത്യാസം. എല്ലാ കാലത്തും ലിസിക്ക് പതിമൂന്നു വയസ്സ് പ്രായമാണെന്ന് ചിലപ്പോൾ തോന്നും. എന്നാൽ, അതിജീവനത്തിനായി അവർ കടന്നുപോയ ജീവിതത്തിലെ അനുഭവങ്ങൾ കേൾക്കുമ്പോൾ നമ്മുടെ പ്രായസങ്കല്പമൊക്കെ പകച്ചു നിൽക്കും. എതിരാളികളെ നേരിടാൻ മുളകുപൊടി, സൈക്കിൾ ചെയിൻ തുടങ്ങിയ ആയുധങ്ങളൊക്കെ കയ്യിൽ വച്ചു കൊണ്ടും ഒപ്പം സ്‌നേഹം തുളുമ്പുന്ന ചിരിയുമായെത്തുന്ന ലിസി എപ്പോഴും അത്ഭുതപ്പെടുത്തി. എന്റെ കയ്യിൽ സൈക്കിൾ ചെയിനുണ്ട്, സൂക്ഷിച്ചു സംസാരിച്ചോ എന്ന് ഭീഷണിപ്പെടുത്തുന്ന നിമിഷം തന്നെ ലിസി കെട്ടിപ്പിടിക്കുകയും ചെയ്യും. ആദ്യത്തെ ദിവസത്തെ ലിസിയുടെ അവതരണം എല്ലാവരെയും ഞെട്ടിച്ചു: ഞങ്ങൾ ആദ്യം തന്നെ ഇതിലേക്ക് വന്നവരല്ല. വെള്ളം വിറ്റു നടന്നു. കടല വിറ്റു. പൂ വിറ്റു. അവസാനം പൂ--- വിറ്റു (അസഭ്യമെന്ന് കരുതുന്ന വാക്ക്).
പൊലീസ് കസ്റ്റഡിയിലായിരുന്നപ്പോൾ ഗ്രൂപ്പുചേർന്ന് ഓടിളക്കി ഓടിയ കാര്യമൊക്കെ ലിസി രസകരമായി അവതരിപ്പിക്കാറുണ്ട്. ലിസിയുടെ അനുഭവവും അതിലൂടെ ഉരുത്തിരിഞ്ഞ സ്വഭാവവും അതെപടിയല്ലെങ്കിലും ഏറെക്കുറെ പേറുന്ന ലിസിമാർ ഒട്ടേറെയുണ്ട്. അവരുടെ ജീവിതം അങ്ങേയറ്റം അപകടത്തിലായിരിക്കുമ്പോഴും വിശ്വാസമുണ്ടായി കഴിഞ്ഞാൽ, നമ്മളെ സംരക്ഷിക്കാൻ അവർ ഏതറ്റം വരെയും പോകും.

സുഗതകുമാരി

സമ്മേളനം കഴിഞ്ഞ് അധിക ദിവസമായില്ല. അർദ്ധരാത്രി ഒരു ഫോൺ കോൾ വന്നു. തിരുവനന്തപുരത്ത് തെരുവിൽ നിൽക്കുന്നവരിൽ ആരോ ഒരാളാണ് വിളിച്ചത്. സ്ത്രീകളെ ചുറ്റും വളഞ്ഞ് കുറെ പുരുഷന്മാർ ആക്രമിക്കുന്നു. വലിയ കല്ലുകളും കട്ടകളും അവർ സ്ത്രീകൾക്ക് നേരെ വലിച്ചെറിയുകയാണ്. അവരെ എന്തുപേര് വിളിക്കണമെന്നറിയില്ല. രക്ഷ പ്പെടാതിരിക്കാൻ ചുറ്റും ഒരു വലയവും സൃഷ്ടിച്ചിട്ടുണ്ട്. ക്രിമിനലുകളും "മാന്യന്മാരും' അതിൽ പെട്ടേക്കാം. ഏതായാലും സ്ത്രീകൾ സംഘടിക്കുമ്പോൾ നഷ്ടമുണ്ടാകുന്നവർ തന്നെയാണ്. പെട്ടെന്ന് വിമൻസ് കമ്മീഷൻ ചെയർപേഴ്സൺ സുഗതകുമാരിയെയും എം.എ. ബേബിയേയും വിളിച്ചു കാര്യം പറഞ്ഞിട്ട് ഞാനും മൈത്രേയനും സംഭവം നടക്കുന്ന തമ്പാനൂരേക്ക് തിരിച്ചു. അവർ രണ്ടുപേരും പെട്ടെന്ന് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്തു. പൊലീസിൽ അറിയിക്കുകയും അവർക്ക് സംരക്ഷണത്തിന്​ നടപടികൾ തുടങ്ങുകയും ചെയ്തു. ഞങ്ങൾ ചെല്ലുമ്പോൾ ഏഷ്യാനെറ്റിലെ നീലൻ ക്യാമറയുമൊക്കെയായി സ്ഥലത്തുണ്ടായിരുന്നു. ക്യാമറ കണ്ട പാടെ അക്രമികൾ സ്ഥലം വിട്ടു. അന്നുരാത്രി അവർക്ക് താമസിക്കാൻ സുഗതകുമാരി ടീച്ചർ മഹിളാ മന്ദിരത്തിൽ സ്ഥലമുണ്ടാക്കി. ഒരു പൊലീസ് വാനിൽ ഇരുപതോളം വരുന്ന സ്ത്രീകൾക്കൊപ്പം ഞങ്ങളും പോയി. അവർക്ക് രാത്രിയിലെ താവളം ഉറപ്പാക്കി.

പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ബ്ലൈഡുകൾ കൈയിൽ കരുതുകയും പൊലീസ് അടുത്തെത്തുമ്പോൾ അത് വായിലിട്ടു ചവച്ച് രക്തമൊഴുക്കുകയും ചെയ്യുക ലൈംഗികത്തൊഴിലാളികളുടെ രക്ഷ പ്പെടാനുള്ള ഒരു തന്ത്രമായിരുന്നു.

പിറ്റേദിവസം വീണ്ടും അവർ തങ്ങളുടെ തൊഴിലിടമായ തെരുവിലേക്കിറങ്ങി. പിന്നീട് അക്രമണമൊന്നുമുണ്ടായില്ല. അക്രമികൾ താൽക്കാലികമായെങ്കിലും പിൻവലിഞ്ഞതായി അനുഭവപ്പെട്ടു. നിരന്തരം കഴിഞ്ഞു പോകുന്ന അന്തരീക്ഷം അധോലോകവുമായുള്ള ബന്ധം അവർക്ക് അനിവാര്യമാക്കിയിരുന്നു. പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ബ്ലൈഡുകൾ കൈയിൽ കരുതുകയും പൊലീസ് അടുത്തെത്തുമ്പോൾ അത് വായിലിട്ടു ചവച്ച് രക്തമൊഴുക്കുകയും ചെയ്യുക രക്ഷ പ്പെടാനുള്ള ഒരു തന്ത്രമായിരുന്നു. അതേപോലെ രക്ഷപ്പെടാൻ ജീപ്പുകളുടെ അടിയിൽ കയറി കിടക്കുകയും വനിതാ പൊലീസുകാരുടെ സാരിയിൽ പിടിച്ചു വലിക്കുകയും ചെയ്തു. അക്രമങ്ങളെ അക്രമം കൊണ്ട് നേരിടാൻ അവർ ശീലിച്ചു. ഉദ്യോഗസ്ഥരുടെ ഭാഷയിൽ അവർ ‘സ്ട്രീറ്റ് സ്മാർട്ട്' ആണ്.

അതിജീവനതന്ത്രങ്ങൾ ചിലപ്പോൾ പരസ്പരം പോരടിക്കുമ്പോഴും പയറ്റിയിരുന്നു. ഒരു ദിവസം സെന്ററിലെ ഞങ്ങളുടെ മാനേജർ പരിഭ്രാന്തിയോടെ വിളിച്ചു. രണ്ടുപേർ തമ്മിലുള്ള പോരിൽ ബ്ലൈഡ് പ്രയോഗം നടന്നു. മുറികളുടെ നിലവും ഭിത്തിയും രക്തം കൊണ്ട് അഭിഷേകം ചെയ്യപ്പെട്ടു. പൊലീസിനെ ഞങ്ങൾക്ക് തന്നെ വിളിച്ച് വരുത്തേണ്ടി വന്നു. വലിയ പരിക്കുകളൊന്നും കൂടാതെ പ്രശ്‌നം പരിഹരിച്ചു. മുറിവേറ്റവൾക്ക് വേണ്ട പരിചരണം നൽകി.

രാധ ഉയർന്ന ജാതി വിഭാഗത്തിൽ നിന്ന് വന്നവളായതിനാൽ എപ്പോഴും മറ്റുള്ളവരിൽ കൗതുകമുണർത്തി. അവരെ പറ്റി യഥാർത്ഥവും അയഥാർത്ഥവുമായ ഒട്ടേറെ കഥകൾ പരന്നു

ഓരോരുത്തരുടെയും സാഹചര്യം വ്യത്യസ്തമാണ്. അവരുടെ എല്ലാം ജീവിതങ്ങൾ പല തരത്തിലുള്ളതും പലവിധ അടിയൊഴുക്കുകൾ പേറുന്നതുമാണ്. നമ്മുടെ വ്യവസ്ഥകളുടെ കാഠിന്യത്തിൽ തട്ടി തകർന്നു പോയ ജീവിതങ്ങളാണ് മിക്ക പേരുടെയും.
ക്രിമിനലുകളോടിടഞ്ഞ് നിൽക്കാൻ സാമർഥ്യമുണ്ടായിരുന്ന ആളാണ് സരള. നല്ല ആരോഗ്യവുമുണ്ടായിരുന്നു. ക്യാമറക്കുമുന്നിൽ നിന്ന് ഞാൻ ഇതിനേക്കാൾ ആരോഗ്യവതിയും സുന്ദരിയുമായിരുന്നു എന്നും തെരുവിലെ തീവ്രമായ ഏറ്റുമുട്ടലുകൾ എന്റെ ആരോഗ്യം കെടുത്തി എന്നും പറഞ്ഞു. എന്നാൽ, മകന്റെ കൈ ഒരാക്രമണത്തിൽ അറ്റു പോയത് സരളയെ തളർത്തി. മറ്റേതൊരു തൊഴിലും ചെയ്യുന്നവരെ പോലെ തൊഴിലവകാശങ്ങളുണ്ടെന്നു പറയുമ്പോൾ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസവും സാമൂഹ്യ സുരക്ഷയും ഉറപ്പു വരുത്തുന്നതിലുള്ള വീഴ്ച പരിഹരിക്കേണ്ടതുണ്ട് എന്നതും അതിൽ ഉൾപ്പെടുന്നു.

ലൈംഗിക തൊഴിലാളികളുടെ സംഘടിക്കൽ പൊലീസുകാർക്കും പുതിയ അനുഭവമായിരുന്നു

രാധ ഉയർന്ന ജാതി വിഭാഗത്തിൽ നിന്ന് വന്നവളായതിനാൽ എപ്പോഴും മറ്റുള്ളവരിൽ കൗതുകമുണർത്തി. അവരെ പറ്റി യഥാർത്ഥവും അയഥാർത്ഥവുമായ ഒട്ടേറെ കഥകൾ പരന്നു. സമ്മേളനത്തിൽ രാധയും സ്റ്റേജിൽ കയറി സംസാരിച്ചു. മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ അവരെ പറ്റി റിപ്പോർട്ടുകൾ നൽകി. മിക്കപ്പോഴും ജയിലിൽ കഴിഞ്ഞിരുന്ന, വിഷാദമുഖഭാവമുള്ള രാധക്ക് ഉയർന്ന ജാതി, മറ്റുള്ളവരുടെ കൗതുകത്തിനപ്പുറം എന്തെങ്കിലും ജീവിതസുഖം നൽകിയോ എന്ന കാര്യം സംശയമാണ്. ഒരു ദിവസം രാധ മരിച്ചെന്നും ശരീരം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അവരുടെ ഒരു സഹപ്രവർത്തക വിളിച്ച് പറഞ്ഞു. അവർക്ക് ബന്ധുക്കളാരും ഇല്ലാത്തതിനാൽ ഞങ്ങൾ മോർച്ചറിയിൽ പോയി എല്ലായിടത്തും പരതി. അങ്ങനെ ഒരാളെ കണ്ടെത്താനായില്ല. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് രാധയെ റോഡിൽ കാണുകയും ചെയ്തു. മിഥ്യക്കും സത്യത്തിനും ഇടയിലൂടെയുള്ള ഇത്തരം ഭ്രമങ്ങൾ പിന്നീട് കൂടുതൽ പരിചിതമായി.

സാധാരണ സ്ത്രീകൾക്ക് കഠിനാദ്ധ്വാനം ചെയ്താൽ കിട്ടുന്ന തുച്ഛമായ തുകയേക്കാൾ കൂടുതൽ സമ്പാദിക്കാൻ കഴിയുന്നതു കൊണ്ടാണ് എല്ലാ റിസ്‌കും ഏറ്റെടുത്ത് അവർ ലൈംഗികത്തൊഴിലിൽ തന്നെ തുടരുന്നത്.

ലൈംഗിക തൊഴിലാളികളുടെ സംഘടിക്കൽ പൊലീസുകാർക്കും പുതിയ അനുഭവമായിരുന്നു. അവർക്ക് എങ്ങനെ പ്രതികരിക്കണമെന്നതിൽ സന്ദേഹമുണ്ടായി കാണും. ആരും ചോദിക്കാനും പറയാനുമില്ലാത്തതിനാൽ , എപ്പോഴും ‘കേറടീ ജീപ്പിൽ' എന്നു പറഞ്ഞ്​, പിടിച്ചുകൊണ്ട് പോകാമായിരുന്നവർ തലയുയർത്തി ചോദ്യങ്ങൾ ഉയർത്തുന്നു. പല പരിശീലനങ്ങൾ പൊലീസിനും ഉണ്ടായിരുന്നു എങ്കിലും ഇത് പെട്ടെന്ന് ഉൾക്കൊള്ളാൻ അവർക്കും പ്രയാസമായിരുന്നു.

ഞങ്ങളുടെ സ്ഥാപനത്തെപറ്റി ആരോ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ പുതുതായി വന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ അവിടെ അന്വേഷിക്കാനെത്തി. അപ്പോഴവിടെ ആയിടക്ക് പരിചയപ്പെട്ടു വന്ന രണ്ട് സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീകളുടെ പടം എടുത്ത് വിദേശത്തേക്കയച്ച് പണം ഉണ്ടാക്കുകയാണ് ഞങ്ങൾ ചെയ്യുന്നതെന്ന് എതിരാളികൾ ഈ സ്ത്രീകൾക്കിടയിൽ തന്നെ പ്രചാരണം നടത്തിയിരുന്നു. പൊലീസിനെ കണ്ടതും സ്ത്രീകളിൽ ഒരാൾ, ഞങ്ങൾ അവിടെ ഫോട്ടോ എടുത്തയക്കുന്ന ബിസിനസ്സാണ് നടത്തുന്നതെന്ന് പറഞ്ഞു. സംശയം തോന്നിയ പൊലീസുദ്യോഗസ്ഥൻ, അവിടെയുണ്ടായിരുന്ന രണ്ട് പുരുഷന്മാരായ പ്രവർത്തകരെയും സ്ത്രീകളോടൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മൈത്രേയൻ കാര്യങ്ങൾ വിശദീകരിക്കുകയും മേലുദ്യോഗസ്ഥൻ ഇടപെടുകയും ചെയ്തപ്പോൾ കൂട്ടികൊണ്ടുപോയ പൊലീസ് ക്ഷമ ചോദിച്ച് എല്ലാവരേയും വിട്ടയക്കുകയാണുണ്ടായത്. അവർ കടന്നു പോന്ന അവസ്ഥകൾ പരിഗണിക്കുമ്പോൾ, നമ്മളോട് വിശ്വാസം വരാൻ സമയമെടുക്കുമെന്നത് മനസ്സിലാക്കാവുന്നതേ ഉള്ളൂ.

റോസ് മേരി

ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ പൊതുവെ സമൂഹത്തിൽ നിന്ന് അനുഭാവമുള്ള പ്രതികരണങ്ങളാണുണ്ടായത്. ഇവരുടെ മേലുള്ള കേസുകൾ മിക്കവാറും അതി സങ്കീർണമാണ്. ഒരാളുടെ പേരിൽ പല കേസുകളുണ്ടാകും. മിക്ക ദിവസങ്ങളിലും അവർക്ക് കോടതിയിൽ ഹാജരാകേണ്ടതുണ്ടായിരുന്നു. കേസുകളിൽ നിന്ന് പുറത്തിറങ്ങുന്നതിനിടയിൽ ഒരു പാട് ഇടനിലക്കാരുണ്ടാകും. ഇടക്കുകിട്ടുന്ന സമയത്ത് സെക്‌സ് വർക്ക് ചെയ്തുണ്ടാക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗം പലർക്കായി വീതിച്ചുപോകും. എന്നാൽ പോലും സാധാരണ സ്ത്രീകൾക്ക് കഠിനാദ്ധ്വാനം ചെയ്താൽ കിട്ടുന്ന തുച്ഛമായ തുകയേക്കാൾ കൂടുതൽ സമ്പാദിക്കാൻ കഴിയുന്നതു കൊണ്ടാണ് എല്ലാ റിസ്‌കും ഏറ്റെടുത്ത് അവർ ഇതിൽ തന്നെ തുടരുന്നത്. ഒരിക്കൽ ദുർനടപ്പുകാരി എന്ന പേരു വീണാൽ പിന്നീട് അതിൽ നിന്ന് മോചനമില്ലെന്നും അവർ തിരിച്ചറിഞ്ഞിട്ടുണ്ടാകും. പലപ്പോഴും ഇവർക്ക് ജാമ്യത്തിന് ആളുകൾ വേണ്ടി വരും. സമ്മേളനത്തിന്റെ ഫലമായുണ്ടായ നിയമസഹായ ഗ്രൂപ്പ്, ജാമ്യമെടുത്ത് ഇവരെ സഹായിക്കാനും കേസുകൾ ഏറ്റെടുത്ത് നടത്താനും തീരുമാനിച്ചു. ഇങ്ങനെ മുന്നോട്ടു വന്നവരിൽ ഡോക്ടർമാരും റോസ് മേരിയെ പോലെയുള്ള എഴുത്തുകാരും എല്ലാം ഉണ്ടായിരുന്നു. തങ്ങൾക്ക് മേലെ പതിക്കാവുന്ന കളങ്കമൊന്നും വക വയ്ക്കാതെ മനുഷ്യത്വപരമായി ഇടപെട്ട ആർ.സി.സി യിലെ ഡോ. സുനിൽ ദത്ത്, റേഡിയോളജിസ്റ്റ് ശാന്തൻ എന്നിവരൊക്കെ നല്ല ആശ്വാസമായി. പക്ഷെ, അതുകൊണ്ടൊന്നും അവർ കുരുങ്ങിപ്പോയ നിയമങ്ങളുടെയും ബന്ധങ്ങളുടെയും കുടുക്കുകളിൽ നിന്ന് മോചനമുണ്ടായില്ല. പിന്തുണച്ചവർ പലരും നിരാശരായി. വഞ്ചിയൂർ കോടതിയിലും പൊലീസ് സ്റ്റേഷനുകളിലും ഞങ്ങളും കയറിയിറങ്ങി ക്കൊണ്ടിരുന്നു. കോടതി പരിസരത്തെ ചായക്കടക്കാരും സ്ത്രീകളുടെ സിൽബന്തികളുമെല്ലാം ഞങ്ങൾക്കും ചിരപരിചിതരായി.

തൃശൂരിലെ ലൈംഗികത്തൊഴിലാളി സംഘടന ‘ജ്വാലാമുഖി’, സൂസന്നയായി അഭിനയിച്ച വാണി വിശ്വനാഥിനെ ക്ഷണിച്ച് പൊതുവേദിയിൽ ചർച്ച നടത്തി. സന്തോഷത്തോടെ അവർ സ്ത്രീകളുമായി വേദി പങ്കിട്ടു.

മാധ്യമങ്ങളിലെ സുഹൃത്തുക്കളാണ് ഏറ്റവും ശക്തമായി പിന്തുണച്ചത്. കൊൽക്കത്തയിലെ യൂണിയന് എണ്ണം കൊണ്ടുണ്ടായ ബലം ഒരിക്കലും കേരളത്തിൽ ഉണ്ടാവില്ല. മാധ്യമങ്ങളിലൂടെയുള്ള സാംസ്‌കാരിക പ്രവേശം മാത്രമായിരുന്നു ഇവിടെ തുണയ്​ക്കുള്ളത്. ഡോക്യുമെന്ററികളും സിനിമകളും ലേഖനങ്ങളും ഒക്കെ ചെറിയ ചലനങ്ങളുണ്ടാക്കി. നീലൻ, ടി.എൻ. ഗോപകുമാർ, ബി.ആർ.പി. ഭാസ്‌കർ, സക്കറിയ, പവനൻ, റോസ് മേരി, വി.എം.ദീപ, ജേക്കബ് ജോർജ്ജ്, ജെ.രാജശേഖരൻ നായർ തുടങ്ങിയ മാധ്യമപ്രവർത്തകർ ഞങ്ങളോടോപ്പം നിന്നവരാണ്. അക്കാലത്ത് ടി.വി.ചന്ദ്രൻ സംവിധാനം ചെയ്ത സൂസന്ന എന്ന സിനിമയിലെ മുഖ്യ കഥാപാത്രം ഒരു ഉയർന്ന ക്ലാസിൽ പെടുന്ന സെക്‌സ് വർക്കർ എന്നു പറയാവുന്ന സ്ത്രീ ആയിരുന്നു. പൊതുമണ്ഡലത്തിൽ അത് വളരെ ഏറെ ചർച്ച ചെയ്യപ്പെട്ടു. തൃശൂരിലെ ലൈംഗികത്തൊഴിലാളി സംഘടന ആയിരുന്ന ‘ജ്വാലാമുഖി’, സൂസന്നയായി അഭിനയിച്ച വാണി വിശ്വനാഥിനെ ക്ഷണിച്ച് പൊതുവേദിയിൽ ചർച്ച നടത്തി. സന്തോഷത്തോടെ അവർ സ്ത്രീകളുമായി വേദി പങ്കിട്ടു.

വാണി വിശ്വനാഥ്, സൂസന്ന എന്ന ചിത്രത്തിൽ

‘ജ്വാലാമുഖി’, തിരസ്‌കൃതരുടെ ശബ്ദം എന്ന പേരിൽ അവിടെ നിന്ന് ഒരു ന്യൂസ് ലെറ്ററും പ്രസിദ്ധീകരിച്ചിരുന്നു. അതിനൊക്കെ അവരെ സഹായിച്ച രാജ് തോമസിന്റെ ജീവിതവും ഒരു ദുരന്തമായി അവസാനിക്കുകയായിരുന്നു. ‘ജ്വാലാമുഖി’യുടെ നേതൃത്വത്തിലേക്ക് വന്ന നളിനി ജമീല പിന്നീട് പുസ്തകങ്ങൾ രചിക്കുകയും ഡോക്യുമെന്ററികൾ സംവിധാനം ചെയ്യുകയുമുണ്ടായി. എന്നാൽ, എഴുത്തിന്റെയും കലയുടെയും ലോകത്ത് ലൈംഗിക തൊഴിലാളിയായതുകൊണ്ട് പാർശ്വവൽക്കരിക്കപ്പെടുകയാണെന്ന് നളിനി പറയുന്നു. കലാ- സാഹിത്യ പ്രവർത്തനങ്ങൾ നടത്തുമ്പോഴും തന്റെ പ്രാഥമിക സ്വത്വമായി നളിനി ലൈംഗികതൊഴിലിനെ പരിഗണിക്കുന്നത് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ നിലപാടിൽ നിന്നുള്ള ഉറച്ച രാഷ്ട്രീയബോധ്യത്തിൽ നിന്നാണ്.

ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം സെക്‌സ് വർക്ക് തൊഴിലായ അമ്മയിൽ നിന്ന് കുട്ടികളെ വേർപെടുത്താം. അതുകൊണ്ട് അവർ, ചെയ്യുന്ന തൊഴിൽ മറച്ചുവെക്കാൻ നിർബ്ബന്ധിതരാകുന്നു.

സമ്മേളനത്തിൽ സംബന്ധിച്ച കുറച്ചുപേർ കുട്ടികളുടെ ജീവിതത്തെ കുറിച്ച് താല്പര്യമുള്ളവരായിരുന്നു. കുട്ടികളുള്ള എല്ലാ സ്ത്രീകളും പ്രധാനമായും തൊഴിലെടുത്തിരുന്നത് അവർക്കുവേണ്ടിയാണ്. ചിലർ ബോർഡിംഗ് സ്‌കൂളുകളിലും, മറ്റു ചിലർ സാധാരണ സ്‌കൂളുകളിലും കുട്ടികളെ ചേർത്തിരുന്നു. ആ സ്‌കൂളുകളിൽ പഠിപ്പിക്കാനുള്ള പണം അവർ തൊഴിൽ ചെയ്തുണ്ടാക്കുന്നു. എന്നാൽ, ആ തൊഴിൽ കാരണം തന്നെ അവർക്ക് അമ്മയാകാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം സെക്‌സ് വർക്ക് തൊഴിലായ അമ്മയിൽ നിന്ന് കുട്ടികളെ വേർപെടുത്താം. അതുകൊണ്ട് അവർ, ചെയ്യുന്ന തൊഴിൽ മറച്ചുവെക്കാൻ നിർബ്ബന്ധിതരാകുന്നു. കുട്ടിയെ അകലെയുള്ള ഏതെങ്കിലും സ്‌കൂളിൽ ചേർക്കേണ്ടതായും വരുന്നു. എപ്പോഴെങ്കിലും തൊഴിൽ തിരിച്ചറിഞ്ഞ് കുട്ടിയെ അമ്മയിൽ നിന്ന് മാറ്റിയാൽ പിന്നെ അവരെ കാണാൻ തന്നെ അനുവദിക്കുകയില്ല. ഈ വിഷയങ്ങളൊക്കെ കുട്ടികൾക്കായുള്ള വിഭാഗം ചർച്ച ചെയ്യുകയുണ്ടായി. അമ്മമാരുടെ അവകാശം നിഷേധിക്കാതെ, അവർക്ക് എപ്പോൾ വേണമെങ്കിലും കുട്ടിയെ കാണാൻ അനുവദിക്കുന്ന ഒരു സ്ഥാപനം വിഭാവന ചെയ്യാൻ തുടങ്ങി. ‘ചില്ല' എന്ന പേരിൽ പത്തുകുട്ടികളെ താമസിക്കാൻ പാകത്തിൽ ചെറിയൊരു സ്ഥാപനം പിന്നീട് ആ ആലോചനയുടെ ഭാഗമായി രൂപപ്പെട്ടു. കുറച്ച് കുട്ടികൾ മാത്രം മതിയെന്ന് തീരുമാനിച്ചത് അതിന്റെ ഗുണനിലവാരം നഷ്ടപ്പെട്ടു പോകാതിരിക്കാനാണ്. ആ ഗ്രൂപ്പിന് നേതൃത്വം കൊടുത്ത റോജയും അനിലുമാണ് അത് വളർത്തി എടുത്തത്. ആ പ്രക്രിയക്കിടയിൽ അവർ ജീവിത പങ്കാളികളാവുകയും ചെയ്തു. സാമൂഹ്യ മാറ്റങ്ങൾക്കായി പ്രവർത്തിക്കുന്നവരുടെ ഒരു കൂട്ടായ്മയിലൂടെ അത് ഇപ്പോഴും പ്രവർത്തിക്കുന്നു.

നളിനി ജമീല

വളരെ കാലം അവർ സ്വന്തം മകനെ കൂടെ കൂട്ടി ആ കുട്ടികൾക്കൊപ്പം തന്നെയാണ് ജീവിച്ചത്. അവരെ സ്‌കൂളിലയച്ച് പഠിപ്പിക്കുകയും അതോടൊപ്പം മറ്റു കലാ കായിക പഠനങ്ങൾക്കൊക്കെ അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്. ഏതു സമയത്തും അമ്മമാർക്ക് വന്ന് അവരെ കാണുകയോ വീട്ടിൽ കൂട്ടികൊണ്ട് പോവുകയോ ഒക്കെ ചെയ്യാം. പഠിച്ചിറങ്ങിയ ചില കുട്ടികൾ ഇപ്പോൾ ജോലി ചെയ്യുകയും സാമൂഹ്യ ബോധമുള്ളവരായി ജീവിക്കുകയും ചെയ്യുന്നു. അമ്മയാകാനുള്ളതടക്കം എല്ലാ മനുഷ്യാവകാശങ്ങളും തൊഴിലവകാശങ്ങളും ലൈംഗിക തൊഴിലാളികൾക്കുണ്ടാകണമെന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ല എന്ന നിലപാടിന്റെ ആവിഷ്‌കാരമായാണ് ചില്ല നിലനിൽക്കുന്നത്.
തൊഴിലവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുമായി പ്രവർത്തിക്കുന്ന സമാന സംഘടനകളുമായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം ഇതിനിടെ ഉയർന്നു വന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന ചെറു ഗ്രൂപ്പുകളെ ആശയപരമായി ഏകോപിപ്പിച്ച് സെക്‌സ് വർക്കേഴ്‌സ് ഫോറം കേരള (Sex workers' Forum Kerala) രൂപപ്പെടുത്തി. രണ്ടായിരത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘടനകളെ കൂടെ കൂട്ടി കുറെ കൂടി വിപുലമായ സമ്മേളനം നടത്താൻ പ്ലാനിട്ടു. ഇത്തവണ എറണാകുളത്ത് വച്ച് നടത്താൻ തീരുമാനിച്ച് വളരെ മുമ്പ് തന്നെ അവിടുത്തെ ഒരു ക്ലബ്ബിന്റെ ഹാൾ ബുക്ക് ചെയ്തു.

പങ്കെടുക്കാനെത്തുന്നവർക്ക് താമസിക്കാനായി വിമല കോളേജിന്റെ ഹാളുകൾ ഉപയോഗിക്കാൻ അതിന്റെ അധികാരികളിൽ നിന്ന് അനുവാദവും കിട്ടി. ഹാൾ കിട്ടാൻ പ്രയാസമില്ലാതിരുന്നതിനാൽ ഞങ്ങളെല്ലാം സന്തോഷിച്ചു. കൊച്ചിയിലെ സാംസ്‌കാരിക പ്രവർത്തകരെയും സംഘടനകളെയുമൊക്കെ പങ്കെടുപ്പിച്ച് ഒരുക്കം നടത്തി. കെ.വേണുവിനെ പോലെ രാഷ്ട്രീയ പ്രവർത്തകരും എഴുത്തുകാരും സാംസ്‌കാരിക രംഗത്തെ പ്രമുഖരിൽ ചിലരും അതിൽ പങ്കാളികളാകാൻ സന്തോഷത്തോടെ മുന്നോട്ടു വന്നു. പത്രങ്ങളിൽ വാർത്തകളൊക്കെ വന്നിരുന്നു.

സമ്മേളനത്തിന്റെ തലേ ദിവസം മഹാരാഷ്ട്രയിൽ നിന്നും ആന്ധ്രയിൽ നിന്നുമൊക്കെ സ്ത്രീകൾ എത്തി തുടങ്ങി. ഞങ്ങൾ ദൂരെ നിന്ന് വരുന്നവരെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന സമയം. ഹാൾ നല്കാമെന്നേറ്റവരിൽ നിന്ന്, അവിടെ സമ്മേളനം നടത്താൻ പറ്റില്ല എന്ന അറിയിപ്പ് വന്നു. എന്തുചെയ്യണമെന്നറിയാതെ ഞങ്ങൾ ആകെ കുഴങ്ങി. അപ്പോഴേക്കും പല സ്ഥലങ്ങളിൽ നിന്നുമായി സ്ത്രീകൾ എത്തി തുടങ്ങി. പല ആൾക്കാരെയും സമീപിച്ചെങ്കിലും ഒരിടത്തും സ്ഥലം കിട്ടിയില്ല. ഏതെങ്കിലും പൊതുസ്ഥലത്ത് കൂടിയാലോ എന്ന് വരെ ആലോചന എത്തി. കിടക്കാൻ സൗകര്യം തന്ന വിമല കോളേജ് അധികൃതരോട് വിവരം പറഞ്ഞപ്പോൾ അവിടുത്തെ ഒരു ഹാൾ നൽകാൻ അവർ സന്നദ്ധരായി. എന്നാൽ ഒരു ദിവസം മാത്രമേ, അവർക്ക് ഒഴിവുണ്ടായിരുന്നുള്ളൂ. തൽക്കാലം അതു സമ്മതിച്ച്, രണ്ടാമത്തെ ദിവസത്തെ കാര്യം, പിന്നീട് അന്വേഷിക്കാമെന്ന് വച്ചു. പല ഭാഷകൾ സംസാരിക്കുന്നവരുടെ വിവർത്തനങ്ങളും മാദ്ധ്യമങ്ങളും പൊതു പ്രവർത്തകരും ഒക്കെയായി സമ്മേളനം നന്നായി നടന്നു. അതിനിടെ ഒരു സുഹൃത്തിന് രണ്ടാം ദിവസത്തേക്കും ഒരു ഹാൾ കണ്ടെത്തി തരാൻ കഴിഞ്ഞു. ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സംഘടനകളുമായി ഐക്യദാർഢ്യം ഉണ്ടാക്കി എടുക്കാനും കൂടുതൽ ആശയ വ്യക്തത വരുത്താനും സാമൂഹ്യ മേഖലയിലേക്ക് പ്രവേശമുണ്ടാക്കാനും ഇവിടുത്തെ സ്ത്രീകൾക്ക് ഈ സമ്മേളനത്തിലൂടെ കഴിഞ്ഞു.

ആണിന്റേയോ പെണ്ണിന്റേയോ ട്രാൻസ്ജെന്റർ ആളുകളുടെയോ ആകട്ടെ, അനുരാഗത്തിന് പാത്രമായിരിക്കുക എന്നത് എല്ലാവർക്കും എപ്പോഴും സന്തോഷമുണ്ടാക്കുന്ന കാര്യമായിരിക്കുമല്ലോ.

ഇതിനു ശേഷം മറ്റു സാമൂഹ്യ പ്രശ്‌നങ്ങളിലും അവർ ഇടപെടാൻ തുടങ്ങി. കാർഗിൽ യുദ്ധമുണ്ടായപ്പോൾ ഞങ്ങൾക്ക് കൂടി അവകാശപ്പെട്ട പണം മനുഷ്യരെ കൊല്ലാനായി ഉപയോഗിക്കരുതെന്ന് പറഞ്ഞ് അവർ ജാഥ നടത്തി. കണ്ണൂരിൽതുടർച്ചയായി നടന്ന കൊലപാതകങ്ങളോടുള്ള പ്രതികരണമായി "അമ്മയെ കാണാൻ' എന്ന പേരിൽ കന്യാകുമാരി മുതൽ കണ്ണൂരിൽ കൊലപാതകം നടന്ന വീടുകൾ വരെ സന്ദർശിക്കുന്ന ഒരു വാഹനജാഥ ഉണ്ടായി. ചലച്ചിത്ര സംവിധായകനായ കെ.പി. കുമാരന്റെ ആശയത്തിൽ അദ്ദേഹം സംഘടിപ്പിച്ചതായിരുന്നു അത്. ഒരാഴ്ച നീണ്ട യാത്രയിൽ കേരളത്തിൽ നവോത്ഥാനവും മറ്റു സാംസ്‌കാരിക പരിവർത്തനങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളെല്ലാം സന്ദർശിച്ച് അവിടെല്ലാം സഹജീവിസ്‌നേഹത്തിന്റെ സൂചകമായി ഒരു വൃക്ഷത്തൈ നട്ടു. ലൈംഗിക തൊഴിലാളി സ്ത്രീകളും ഞങ്ങളോടൊപ്പം ആ യാത്രയിൽ കൂടിയപ്പോൾ കുമാരേട്ടനും മറ്റെല്ലാവരും യാതൊരു വിവേചനവുമില്ലാതെ അവരെ ഒപ്പം കൂട്ടി. ബ്രോത്തലുകളിൽ എത്തിപ്പെടുന്ന ബാലികമാരുടെ അവസ്ഥയെപ്പറ്റി മാധവിക്കുട്ടി എഴുതിയ കഥ അദ്ദേഹം മുമ്പ് സിനിമയാക്കിയിട്ടുണ്ടായിരുന്നത് ആ സന്ദർഭത്തിൽ ഞാനോർത്തു.

കെ.പി. കുമാരൻ

ഒന്നിച്ചുള്ള യാത്രകളിലാണ് അവരുടെ ജീവിതം കൂടുതൽ അറിയാൻ കഴിഞ്ഞിരുന്നത്. 2001 ൽ ‘മില്ലേനിയം മിലൻ മേള' എന്ന പേരിൽ കൊൽക്കത്തയിലെ ദുർബാർ വലിയ അന്താരാഷ്ട്രസമ്മേളനം സംഘടിപ്പിച്ചു. കേരളത്തിൽ നിന്ന് നൂറോളം പേരുമായി ഞങ്ങളും ട്രെയിനിൽ യാത്ര തിരിച്ചു. സ്ത്രീകൾ മാത്രമല്ല, ട്രാൻസ്ജെന്റർ സ്ത്രീകളായ ലൈംഗിക തൊഴിലാളികളും അതിൽ ഉൾപ്പെട്ടിരുന്നു. അന്ന്, അവരെ സ്ത്രീകളുടെ വേഷം ധരിക്കാൻ കേരളത്തിൽ പൊലീസ് അനുവദിച്ചിരുന്നില്ല. എല്ലാവരും യാത്രയിൽ സന്തോഷമുള്ളവരായിരുന്നു. സ്ത്രീകൾ കൂടുതലും വിശ്രമവും സ്വസ്ഥതയുമാണ് ആഗ്രഹിച്ചത്. എന്നാൽ, ട്രാൻസ്‌ജെന്റർ സ്ത്രീകൾക്ക്, അത് ഇഷ്ടമുള്ള വേഷം ധരിച്ച് ആഘോഷിക്കാനുള്ള വേളകൂടി ആയിരുന്നു. കേരളത്തിൽ നിന്ന് വണ്ടി കയറുമ്പോൾ പാന്റും ഷർട്ടും ധരിച്ചവർ വാളയാർ കടന്ന് തമിഴ്‌നാടെത്തുമ്പോഴേക്കും സുന്ദരികളായി പട്ടുസാരിയും ആഭരണങ്ങളും ലിപ്​സ്​റ്റിക്കും അണിഞ്ഞ് ഒരുങ്ങിവരും. അവർക്ക് സ്വാതന്ത്ര്യത്തോടെ കഴിയാൻ കിട്ടുന്ന ചുരുക്കം ദിനങ്ങളായിരുന്നു അത്. അവിടെ എത്തിയാലും അതിരാവിലെ എഴുന്നേറ്റ് നന്നായി അണിഞ്ഞൊരുങ്ങും. ഇടക്കിടെ വേഷം മാറുകയും ചെയ്യും. അവിടുത്തെ ആണുങ്ങൾ പിന്നാലെ കൂടും. അവരത് നന്നായി ആസ്വദിച്ചു. ആക്ടിവിസ്റ്റ് സ്ത്രീകളായ ഞങ്ങളോട് അവർ സഹോദരിമാരെ പോലെ പെരുമാറി. സ്വവർഗ്ഗ പ്രേമതാത്പര്യം കൂടിയുള്ള സ്ത്രീകൾ ഞങ്ങളെ അനുരാഗിണികളെ പോലെ സന്തോഷിപ്പിച്ചു. ആണിന്റേയോ പെണ്ണിന്റേയോ ട്രാൻസ്ജെന്റർ ആളുകളുടെയോ ആകട്ടെ, അനുരാഗത്തിന് പാത്രമായിരിക്കുക എന്നത് എല്ലാവർക്കും എപ്പോഴും സന്തോഷമുണ്ടാക്കുന്ന കാര്യമായിരിക്കുമല്ലോ.

കൊൽക്കത്തയിലെ സമ്മേളനങ്ങൾ മനസ്സ് നിറക്കുന്നവയാണ്. ബാവുൾ സംഗീതം പോലെ ധാരാളം കലാപരിപാടികളുണ്ടാകും. വിവിധ വിഷയങ്ങളിൽ ഡിബേറ്റുകളും സെമിനാറുകളും അതിനിടെ നടക്കും. വിവിധ സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്കെല്ലാം സംസാരിക്കാൻ അവസരം ലഭിച്ചു. ഇംഗ്ലീഷിലേക്കും മറ്റു ഭാഷകളിലേക്കും തർജ്ജമ ചെയ്യാനും ശ്രദ്ധിച്ചിരുന്നു. ധാരാളം ഗവേഷണ വിദ്യാർത്ഥികൾ അവിടെ വരുകയും കേൾവിക്കാരാവുകയും ചെയ്തു. ദുർബാറിന് പല മേഖലകളിൽ വ്യത്യസ്ത വിഭാഗങ്ങളുണ്ട്. അവരുടെ ഉഷ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മറ്റു തൊഴിലിലേക്ക് മാറേണ്ടവർക്കായി, അന്ന് എട്ടു കോടിയോളം മുതൽ മുടക്കുള്ള ഉത്പാദന പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

വസ്ത്രങ്ങൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ എല്ലാം അവർ നിർമ്മിക്കുകയും അവയുടെ പ്രദർശന ശാലകൾ തുറക്കുകയും ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് എക്‌സിബിഷൻ സ്റ്റാളുകളും ഉണ്ടായിരിക്കും. കോമൾ ഗാന്ധാർ അവരുടെ കലാവിഭാഗമാണ്. നൃത്തവും സംഗീതവും മറ്റു പരിപാടികളും അവർ മിക്ക ദിവസങ്ങളിലും അവതരിപ്പിച്ചു. കുട്ടികൾക്കായി അവർ മാതൃക സ്‌കൂളുകൾ നടത്തി. കുട്ടികളെയോ മുതിർന്നവരെയോ നിർബ്ബന്ധിച്ചോ ബലം പ്രയോഗിച്ചോ ഈ തൊഴിലിലേക്ക് കൊണ്ട് വരുന്നതിനെ അവർ എതിർത്തു. അതിനായി സെൽഫ് റെഗുലേറ്ററി ബോർഡ് (Self Regulatory board) രൂപീകരിച്ചിരുന്നു. പുറത്തുനിന്നുള്ള വിദഗ്ധരെയും ഉദ്യോഗസ്ഥരെയും കൂടി അതിന്റെ മെമ്പർമാരാക്കി. ഇഷ്ടമില്ലാതെ എത്തിയവരെ, അവരുടെ ആവശ്യപ്രകാരം തിരികെ നാട്ടിലെത്തിക്കുകയോ മറ്റു തൊഴിൽ ചെയ്യാൻ അവസരമുണ്ടാക്കുകയോ ചെയ്തു.

തന്നെ ക്രൂരമായി ഉപദ്രവിച്ചിരുന്ന ഭർത്താവിന്റെ മാതാപിതാക്കളെയും സ്വന്തം മാതാപിതാക്കളെയും തൊഴിലെടുത്ത് പോറ്റുന്ന ആളാണ് ഉഷ. മുൻപ്, ഒരു പുതിയ സാരിക്കായി കൊതിച്ചിരുന്ന താൻ ഇപ്പോൾ അൻപതോളം സാരികൾ സൂക്ഷിക്കുന്നു എന്ന് ഉഷ പറഞ്ഞു.

സമ്മേളനത്തിനിടെ ഒരു വലിയ പബ്ലിക് റാലി പ്ലാൻ ചെയ്തിരുന്നു. എന്നാൽ, അതിന് ഗവണ്മെൻറ്​ അനുമതി നൽകിയില്ല. ഡോ. ജാനയും മറ്റും അതിനായി കിണഞ്ഞു പരിശ്രമിച്ചു. എല്ലാവരും നിരാശയിലാഴ്​ന്നിരുന്നു. അവസാനം വൈകുന്നേരം ആറു മണിയോടെ നിരോധനം നീക്കി എന്ന വാർത്ത വന്നു. എല്ലാവരും ആർത്തുല്ലസിക്കുകയും വിളക്കുകളും മെഴുകുതിരികളും തെളിക്കുകയും ചെയ്തു. ‘വീ ഷാൽ ഓവർകം' എന്ന അന്താരാഷ്ട്ര വിപ്ലവഗാനം മുഴങ്ങി കൊണ്ടിരുന്നു. ആലിംഗനങ്ങളും നൃത്തവും ലഹരിയും ആ ദിനം അവിസ്മരണീയമാക്കി. അതിന്റെ ഓർമക്കായി എല്ലാ വർഷവും മാർച്ച് മൂന്നാം തീയതി ഇന്റർ നാഷണൽ സെക്‌സ് വർക്കേഴ്‌സ് റൈറ്‌സ് ഡേ (Inter National Sex Workers Rights Day) ആയി ആഘോഷിക്കാൻ അവിടെ നിന്ന് തന്നെ പ്രഖ്യാപനമുണ്ടായി. പിറ്റേവർഷം ‘ശാന്തി ഉത്സവ്' എന്ന പേരിൽ സമ്മേളനം നടത്തിയപ്പോഴും ഈ ദിനം ആചരിച്ചു. കേരളത്തിൽ നിന്നും എല്ലാ വർഷവും ധാരാളം പേർ പങ്കെടുത്തു. ഇതിനിടെ വിവിധ സംഘടനകൾ ചേർന്ന് നാഷണൽ നെറ്റ് വർക്ക് ഓഫ് സെക്‌സ് വർക്കേഴ്‌സ് ഓർഗനൈസേഷൻസ് (National Net work of Sex workers organisations) രൂപീകരിക്കുകയുണ്ടായി. അവകാശങ്ങൾക്കായി എല്ലാവരും ഒരുമിച്ച് പോരാടി.

മറ്റു പല ദേശങ്ങളിലും നടന്ന സമ്മേളനങ്ങളിൽ കേരളത്തിൽ നിന്ന് സ്ത്രീകളും ട്രാൻസ്‌ജെന്റർ ആളുകളും പങ്കെടുത്തു. ഉഷ, തങ്കമണി, ഞാൻ, പോൾസൺ, മൈത്രേയൻ എന്നിവരടങ്ങിയ ഒരു ചെറുസംഘം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് രാഷ്ട്രീയ പാർട്ടികൾ, മനുഷ്യാവകാശസംഘടനകൾ, സ്ത്രീസംഘടനകൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സ്ഥാപനങ്ങൾ സന്ദർശിച്ച് ഈ വിഷയം സംസാരിച്ചു. ആ യാത്രയിലും കൂടെ സഞ്ചരിച്ചവരിൽ നിന്ന് പലതും മനസ്സിലാക്കി. കയ്യിൽ പണം കുറവായിരുന്നിട്ടും ട്രെയിനിൽ വന്ന യാചകർക്കെല്ലാം തങ്കമണി പണം നൽകി കൊണ്ടിരുന്നത് എന്നെ വിസ്മയിപ്പിച്ചു. ഗുരുവായൂർ അമ്പലത്തിന്റെ പരിസരത്ത്, യാചകനായ അച്ഛനെ ഓർത്തു കൊണ്ടാണ് താനത് ചെയ്യുന്നതെന്ന് അവർ പറഞ്ഞു. തന്നെ ക്രൂരമായി ഉപദ്രവിച്ചിരുന്ന ഭർത്താവിന്റെ മാതാപിതാക്കളെയും സ്വന്തം മാതാപിതാക്കളെയും തൊഴിലെടുത്ത് പോറ്റുന്ന ആളാണ് ഉഷ. മുൻപ്, ഒരു പുതിയ സാരിക്കായി കൊതിച്ചിരുന്ന താൻ ഇപ്പോൾ അൻപതോളം സാരികൾ സൂക്ഷിക്കുന്നു എന്ന് ഉഷ പറഞ്ഞു.
ഡൽഹിയിൽ പോയപ്പോൾ എന്റെ നാടായ എഴുകോണിൽ നിന്നുള്ള, ആകാശവാണിയിലെ ഉദ്യോഗസ്ഥയായ സുഷമയുടെ വീട്ടിൽ താമസിച്ചു. ഇന്ത്യയൊട്ടാകെ വ്യാപിച്ച ലൈംഗിക തൊഴിലാളി പ്രസ്ഥാനം മന:സാക്ഷിയുള്ള മനുഷ്യരെ തൊടുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു എന്ന് സൂചിപ്പിച്ചു കൊണ്ട് പലരും പ്രതികരിച്ചുകണ്ടിരുന്നു. അക്കൂട്ടത്തിൽ ഒരാളായ സുഷമ മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിൽ ഒരു നീണ്ട ലേഖനം എഴുതി; "പാപം ചെയ്യാത്തവരും കല്ലെറിയരുത്' എന്ന തലക്കെട്ടോടെ.▮

(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments