എ. കെ. ജയശ്രീ

മാറുന്ന ഭവനങ്ങൾ

എഴുകോൺ- 8

ഞാനും അനിയത്തിയും അമ്മയും അച്ഛനും അടങ്ങിയ ചെറിയ വീടിന് ആനന്ദഭവനം എന്നാണ് അച്ഛൻ പേരിട്ടിരുന്നത്. വീടുകൾ മാറിയപ്പോഴും അതേ പേര് തുടർന്നു. സ്വന്തമായി ഒരു ഭവനം നിർമ്മിക്കാത്തതു കൊണ്ട് ഞാനിതു വരെ വീടിന് പേരിട്ടിട്ടില്ല. ഭവനം, നമ്മൾ ഭവിക്കുന്ന അഥവാ പിറക്കുന്ന ഇടമാണ്. അതിന് ഭൗതികമായോ സങ്കല്പികമായോ ഒരു മതിലുണ്ടാകും. ഇല്ലാത്തവരും അതുണ്ടാക്കാൻ കൊതിക്കുന്നു.

പ്രീ ഡിഗ്രി രണ്ടാമത്തെ വർഷമായപ്പോൾ, കൂടുതൽ പഠിക്കാനുള്ള സൗകര്യത്തിനെന്നു പറഞ്ഞ് എന്നെ ഹോസ്റ്റലിലേക്ക് മാറ്റി. കോളേജിന് ഹോസ്റ്റൽ ഉണ്ടായിരുന്നു എങ്കിലും SNV സദനം എന്ന് ചുരുക്കി അറിയപ്പെട്ടിരുന്ന ശ്രീ നാരായണ വിദ്യാർഥിനി സദനത്തിലേക്കാണ് ഞാൻ മാറിയത്. സദനത്തിന്റെയും അർത്ഥം ഭവനം പോലെ "ഉണ്ടായിരിക്കുന്ന' സ്ഥലം എന്ന് തന്നെയാണ്. സദനം നടത്തിയിരുന്നത് സദനമാതാവ് എന്ന് മറ്റുള്ളവർ വിളിച്ചിരുന്ന ശ്രീമതി നാരായണിയായിരുന്നു. സ്ത്രീകളും വിദ്യാഭ്യാസരംഗത്തേക്ക് കടന്നു വന്ന കാലത്ത്, ദൂരെ നിന്ന് പഠിക്കാൻ വരുന്ന പെൺകുട്ടികളുടെ സൗകര്യത്തിനായാണ് അവർ ഇതിനു മുതിർന്നത്. പോളയത്തോട്ടിലെ അവരുടെ വീടിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ കുറച്ച് പേർ താമസിച്ചു. കോളേജിൽ നിന്ന് കുറച്ചകലെയാണത്. അമ്മയുടെ നേരിട്ടുള്ള നോട്ടത്തിൽ കുട്ടികൾ ഉണ്ടാവണമെന്നാഗ്രഹിച്ചവർ അവരെ അവിടെ താമസിപ്പിച്ചു. അത് പഴയ സദനമെന്നും, കോളേജിനടുത്തുള്ള വലിയ കെട്ടിടം പുതിയ സദനമെന്നും അറിയപ്പെട്ടു. പുതിയ സദനത്തിലാണ് ഞാൻ താമസിച്ചത്.

അവിടെ ""കുഞ്ഞമ്മ'' എന്ന് ഞങ്ങൾ വിളിച്ചിരുന്ന ആളാണ് ഞങ്ങളെ നോക്കാനുണ്ടായിരുന്നത്. എന്റെ അമ്മയുടെ നാട്ടുകാരിയും പരിചയക്കാരിയുമായിരുന്നത് കൊണ്ട് എനിക്ക് അവരോട് അടുപ്പവും അതിനാൽ ആശ്വാസവും തോന്നി. നല്ല വണ്ണം ഉണ്ടായിരുന്നത് കൊണ്ട് വളരെ പതുക്കെയാണ് അവർ നടന്നു നീങ്ങിയിരുന്നത്. പതിനാറിനും ഇരുപത്തിമൂന്നിനുമിടയിൽ പ്രായമുള്ള നൂറോളം പെണ്ണുങ്ങൾ അവിടെ ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് ഹോസ്റ്റലിലേക്ക് മാറുമ്പോൾ പലരും വികാരഭരിതരാവുകയും കണ്ണീർ പൊഴിക്കയും ചെയ്തിരുന്നു. എനിക്ക് സന്തോഷവും ആവേശവും കലർന്ന വികാരമാണുണ്ടായത്. ഒരുപാട് ബന്ധുക്കളുള്ളതും സുരക്ഷിതവുമായ ഒരു വലിയ ഭവനമായി എനിക്കതനുഭവപ്പെട്ടു. എന്റെ അടുത്ത കൂട്ടുകാരി മഞ്ജു നേരത്തേ തന്നെ അവിടെ താമസമാക്കിയിരുന്നു. അവിടത്തെ എല്ലാ കാര്യങ്ങളും അവൾ എനിക്ക് പറഞ്ഞു തരികയും എപ്പോഴും എന്നെ സഹായിക്കാൻ കൂടെ ഉണ്ടാവുകയും ചെയ്തു.

സ്‌നേഹത്തോടും കരുതലിനോടുമൊപ്പം വരുന്ന അധികാരത്തോട് നമ്മൾ വശംവദരാകും. ഇത് കൗശലത്തോടെ നേരിടേണ്ട സന്ദർഭമാണ്

അകത്തും പുറത്തുമെന്ന തരത്തിൽ രണ്ടായി തിരിച്ച ഒരു വലിയ മുറിയിലാണ് എന്നെ താമസിപ്പിച്ചത്. അകത്തെ മുറിയിൽ അവസാന വർഷം ഡിഗ്രിക്ക് പഠിക്കുന്ന മൂന്നു ചേച്ചിമാരോടൊപ്പമായിരുന്നു ഞാൻ. പുറത്തെ മുറിയിൽ മറ്റ് മൂന്നു പേരുണ്ടായിരുന്നു. എന്റെ കൂടെയുണ്ടായിരുന്ന മൂന്നു പേരും മൂന്നു തരത്തിൽ എന്നെ ആകർഷിച്ചു. നല്ല ശബ്ദത്തിൽ പാട്ടു പാടുകയും നന്നായി ഡ്രസ് ചെയ്യുകയും ചെയ്തിരുന്ന സുഭദ്രച്ചേച്ചി. മറ്റുള്ളവരുടെ കാര്യത്തിൽ ഒട്ടും കടന്നു കയറാതെ, താഴെയുള്ളവരോടും ബഹുമാനത്തോടെ പെരുമാറുന്ന വിശിഷ്ട ഗുണമുണ്ടായിരുന്ന സരസമ്മച്ചേച്ചി. മൂന്നു പേരും എനിക്ക് പെട്ടെന്ന് വേണ്ടപ്പെട്ടവരായി. കോളേജിൽ പോകുമ്പോൾ അവരുടെ സാരികൾ ഉടുക്കാൻ തന്നു. നേരെ ഉടുക്കാൻ അറിയില്ലാതിരുന്ന ഞാൻ അവ ചിലപ്പോൾ തട്ടി കീറിയത് മിണ്ടാതെ അലമാരയിൽ തിരികെ കൊണ്ടു വച്ചു. അവർ ഒന്നും പറഞ്ഞില്ല.

ഏറ്റവും കൂടുതൽ അടുപ്പമുണ്ടായത് എമ്പ്രാനത്ത് ചേച്ചിയോടാണ്. അവർ പഠനം വളരെ ഗൗരവത്തോടെ എടുക്കുകയും എന്നെ സ്വന്തം അനിയത്തിയായി കരുതുകയും ചെയ്തു. ഞാൻ നന്നായി പഠിക്കണമെന്നും മോശം കൂട്ട് കെട്ടുകളിൽ ചെന്ന് പെടരുതെന്നും അവർ ആത്മാർത്ഥമായി ആഗ്രഹിച്ചു. സ്‌നേഹത്തോടും കരുതലിനോടുമൊപ്പം വരുന്ന അധികാരത്തോട് നമ്മൾ വശംവദരാകും. ഇത് കൗശലത്തോടെ നേരിടേണ്ട സന്ദർഭമാണ്. മുതിർന്ന്, സ്വന്തം നിലയിലെത്തുന്നത് വരെ, നമുക്ക് വലിയവരിൽ നിന്നും സ്‌നേഹത്തോടെയുള്ള മേൽനോട്ടം ആവശ്യമാണ്. എന്നാൽ, വളർന്നു കഴിയുമ്പോൾ വ്യക്തികളുടെ സ്വതന്ത്ര തീരുമാനങ്ങളെ ആദരിക്കാൻ രക്ഷാധികാരികളായിരുന്നവരും, സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കാൻ വിധേയപ്പെടുന്നവരും ഒരു പോലെ ശ്രദ്ധിക്കണം. ഈ കെട്ടുപാടിൽ നിന്ന് വിടുതൽ നേടാൻ സാധാരണ നമ്മുടെ നാട്ടിൽ കുടുംബ ബന്ധങ്ങൾക്ക് കഴിയാറില്ല. പല വൈകാരിക പ്രശ്‌നങ്ങളിലേക്കും നയിക്കുന്നത് ഈ ഒട്ടിപ്പിടുത്തമാണ്. നമ്മൾ തന്നെ വളർത്തിയെടുക്കുന്ന പുറം ബന്ധങ്ങളിൽ ഇത് കുറെ കൂടി എളുപ്പമാണ്. എന്നാൽ അവയിലും ഇങ്ങനെ കുടുങ്ങി പോകുന്നവരെ കാണാറുണ്ട്. എമ്പ്രാനത്ത് ചേച്ചിയുമായുള്ള എന്റെ ബന്ധം കോളേജ് വിട്ട ശേഷവും കത്തുകളിലൂടെ കുറെ കാലം നല്ല രീതിയിൽ തുടർന്നു.

പുതിയ സദനത്തിൽ ഒരു വലിയ പറമ്പിന്റെ രണ്ടറ്റങ്ങളിലുമായി രണ്ട് കെട്ടിടങ്ങളാണുണ്ടായിരുന്നത്. ഇതിനിടക്കായി ഒരു വശത്ത് ഡൈനിംഗ് ഹാളും മറു വശത്ത് റോഡരികിലെ മതിലിനോട് ചേർന്ന് മാവുകളും ഉണ്ടായിരുന്നു. ഡൈനിംഗ് ഹാളിന്റെ വശത്ത് ടോയ്‌ലറ്റുകളും ആ വശത്തെ മതിലിനപ്പുറം റയിൽ പാളവുമായിരുന്നു. അവിടെ ഭക്ഷണമൊന്നും ഉണ്ടാക്കിയിരുന്നില്ല. സമയമാകുമ്പോൾ വാസുദേവൻ എന്നും ഭാസ്‌കരൻ എന്നും പേരായ രണ്ട് ചെറുപ്പക്കാർ ചോറും സാമ്പാറും ദോശയും മറ്റും പഴയ സദനത്തിൽ നിന്ന് വലിയ കുട്ടകത്തിൽ ചുമന്നുകൊണ്ട് വരും. സദനത്തിലെ ആൺസാന്നിധ്യം ഇവർ രണ്ട് പേരും മാത്രമായിരുന്നു. വെളിയിൽ നിന്നും എന്തെങ്കിലും സാധനങ്ങൾ വാങ്ങണമെങ്കിലും ഇവർ വാങ്ങി കൊണ്ട് വരും. ഭക്ഷണത്തിന് വലിയ രുചി ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും ഞാൻ സദനജീവിതം ഇഷ്ടപ്പെട്ടു. വീട്ടിൽ ഇല്ലാതിരുന്ന പലതും അവിടെ ഉണ്ടല്ലോ. വല്ലപ്പോഴും വീട്ടിൽ പോകുമ്പോൾ രുചിയുള്ള ഭക്ഷണമായിരുന്നു മുഖ്യ ആകർഷണം. എല്ലാവരുടെയും വീട്ടിൽ നിന്ന് രക്ഷിതാക്കൾ വരുമ്പോൾ അവിലോസ് പൊടിയും ഉപ്പേരിയും അലുവയും മറ്റും കൊണ്ട് വരും. അതെല്ലാം റൂമിലുള്ളവർ പങ്ക് വച്ചാണ് കഴിക്കുന്നത്. സദനത്തിൽ വൈകുന്നേരം ചായയുടെകൂടെ വിളമ്പിയിരുന്ന മസാല ചേർത്തു വേവിച്ച കടലയും മധുരക്കിഴങ്ങും എനിക്ക് ഇഷ്ടമായിരുന്നു. മധുരക്കിഴങ്ങുള്ള ദിവസം ഒഴിഞ്ഞു കിടക്കുന്ന കസേരകൾ കൂടുതലുള്ള സ്ഥലത്ത് ഞങ്ങളിരുന്നു.

അമ്മയ്ക്കും സഹോദരി രാജശ്രീയ്ക്കുമൊപ്പം ജയശ്രീ

താമസിച്ചെത്തുന്നവരുടെ മധുരക്കിഴങ്ങ് അവിടെ വിളമ്പി വച്ചിരിക്കും. അത് കൂടെ എടുത്തു കൊണ്ട് ഞങ്ങൾ പോകും. താമസിച്ചെത്തുന്നവർ പിന്നെ എന്ത് ഭക്ഷിച്ചു എന്ന് ഞാൻ ആലോചിച്ചില്ല. സ്വന്തമായി എന്തെങ്കിലും വേണ്ടവർക്ക് വാങ്ങി കഴിക്കാൻ ഒരു സ്റ്റോർ ഉണ്ട്. അവിടെ നിന്ന് ഹോർലിക്‌സ് വാങ്ങി എല്ലാവരും ചൂടുവെള്ളത്തിൽ കലക്കി കുടിച്ചിരുന്നു. ഹോർലിക്‌സ് ആരോഗ്യത്തിന് നല്ലതാണെന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു. അതിന്റെ രുചി ഇഷ്ടമായത് കൊണ്ട് ഞാനും കഴിച്ചു. അതിനേക്കാളുപരി ചൂടു വെള്ളം എടുക്കാൻ അടുക്കളയിൽ പോകുമ്പോൾ അവിടെ കൂടുന്നവരെ പരിചയപ്പെടുന്നതും അവരുടെ തമാശകളും ഒക്കെയായിരുന്നു ഞങ്ങളുടെ സാമൂഹ്യ ജീവിതം.

2008 ൽ തൈറോയ്ഡ് ഗ്രന്ഥികൾ മുറിച്ച ശസ്ത്രക്രിയക്ക് ശേഷം എനിക്ക് പാടാൻ സാധിക്കുന്നില്ല. അതിന് ശ്രമിച്ചില്ല എന്നത് മറ്റൊരു കാര്യം. ഓപ്പറേഷനു പോകുന്നതിന്റെ തലേദിവസം കനി എന്നെ കൊണ്ട് ഒരു പാട് പാട്ടുകൾ പാടിച്ചു. അന്നാണ് അവസാനമായി ഞാൻ പാടിയത്.

വൈകുന്നേരം ഒരു ഹാളിൽ പ്രാർത്ഥന ഉണ്ടായിരുന്നു. അത് നിർബ്ബന്ധമൊന്നുമല്ല. എങ്കിലും അതിന് പോകുന്നവർ കൂടുതൽ അച്ചടക്കമുള്ളവരായും മറ്റുള്ളവർ വികൃതികളായും പരിഗണിക്കപ്പെട്ടു. ഞാനത് വളരെ ഇഷ്ടപ്പെടുകയും ധ്യാനിക്കാനുള്ള അവസരമായി കാണുകയും ചെയ്തിരുന്നു. ആദ്യം ഗണേശനെ സ്തുതിച്ചു കൊണ്ടുള്ള ഒരു കീർത്തനവും, തുടർന്ന് രണ്ട് മൂന്ന് പ്രാർത്ഥനകളും. കീർത്തനങ്ങളിലൂടെ എളുപ്പത്തിൽ ട്രാൻസ് അവസ്ഥയിലെത്താം. ശരീരത്തിനും മനസ്സിനുംവളരെ സുഖം നൽകുന്ന ഒരവസ്ഥയാണത്. കൂടെ പാടാൻ കുറെ പേരെ കിട്ടിയല്ലോ എന്ന് ഞാൻ ആനന്ദിച്ചു. ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്ന ഹേമയെപോലെ മറ്റാരെയും ഭക്തിയിൽ മുഴുകിയവരായി ഞാൻ കണ്ടില്ല. കൂടുതൽ പേരും ഒരാചാരം പോലെ അത് നിർവ്വഹിക്കുകയായിരുന്നു.

അത്താഴത്തിന് ശേഷം രണ്ട് കെട്ടിടങ്ങൾക്കിടയിലുള്ള സ്ഥലത്ത് ഞങ്ങൾ കുറെ നേരം നടക്കും. മാങ്ങയുള്ളപ്പോൾ, ഇരുട്ടിന്റെ മറവിൽ അത് പൊട്ടിച്ചെടുക്കും. പിന്നീട് കുറെ നേരം മണ്ണിലിരുന്ന് പാട്ടു പാടും. സുഭദ്രചേച്ചിയാണ് അതിന് നേതൃത്വം നൽകിയിരുന്നത്. ""എന്നടീരാക്കമ്മ പല്ലക്ക് നെലിപ്പ്'' എന്ന തമിഴ് പാട്ട് അന്നത്തെ ഹിറ്റുകളിലൊന്നായിരുന്നു. ഇപ്പോഴും ആ പാട്ട് കേൾക്കുമ്പോൾ സുഭദ്ര ചേച്ചിയും ആ കാലവും ഓർമ്മയിലെത്തും. അന്നൊക്കെ ഞാൻ നന്നായി പാടിയിരുന്നു. 2008 ൽ തൈറോയ്ഡ് ഗ്രന്ഥികൾ മുറിച്ച ശസ്ത്രക്രിയക്ക് ശേഷം എനിക്ക് പാടാൻ സാധിക്കുന്നില്ല. അതിന് ശ്രമിച്ചില്ല എന്നത് മറ്റൊരു കാര്യം. ഓപ്പറേഷനു പോകുന്നതിന്റെ തലേദിവസം കനി എന്നെ കൊണ്ട് ഒരു പാട് പാട്ടുകൾ പാടിച്ചു. അന്നാണ് അവസാനമായി ഞാൻ പാടിയത്.

എക്‌സൽസിയർ എന്ന ഒരു പാരലൽ കോളേജിൽ ട്യൂഷന് പോകാനുള്ള ഉദ്ദേശത്തോടു കൂടിയാണ് എന്നെ സദനത്തിലാക്കിയത്. രാവിലെ എഴുന്നേറ്റ് ഏകദേശം അര കിലോ മീറ്റർ വെയിലത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്ന് വിയർത്തൊലിച്ച് കേളേജിലെത്താമെന്നല്ലാതെ അതുകൊണ്ട് ഒരു പ്രയോജനവും ഞാൻ കണ്ടില്ല. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന തുടുത്ത കവിളുകളുള്ള ഒരു പെൺകുട്ടിയെ വഴിയിൽ നോക്കി നിന്ന ചെറുപ്പക്കാർ ""ആപ്പിൾ'' എന്ന് കമന്റ്ചെയ്യുകയും അതെക്കുറിച്ച് എല്ലാവരും തമാശ പറയുകയും ചെയ്തു. ഇങ്ങനെയുള്ള രസങ്ങളൊഴിച്ചാൽ ട്യൂഷൻ യാതൊരു പ്രയോജനവും ചെയ്തില്ല. അതിരാവിലെ എഴുന്നേൽക്കണമെന്നത് സദനത്തിൽ നിർബ്ബന്ധമായിരുന്നു. അതു പോലെ രാത്രി പത്ത് മണിക്ക് ലൈറ്റണച്ച് ഉറങ്ങുകയും വേണം. വീട്ടിൽ ഏഴു മണിക്ക് എഴുന്നേറ്റാണ് ഞാൻ ശീലിച്ചിരുന്നത്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഞങ്ങളുടെ മുറികൾ പൂട്ടുകയും രാവിലെ നാലു മണിക്ക് തുറക്കുകയും ചെയ്തു. ടോയ്‌ലറ്റ് പുറത്തായത് കൊണ്ട് ഇതിനിടെ ആവശ്യം വന്നാൽ എന്ത് ചെയ്യുമായിരുന്നു എന്നൊന്നും അന്നാരുംവിഷയമാക്കിയില്ല.

2003ൽ 'വാതിൽ' എന്ന LGBTQ കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന സെമിനാറിൽ സംസാരിക്കുന്ന എ.കെ ജയശ്രീ

വാസുദേവനും ഭാസ്‌കരനും പുറത്ത് കാവലുണ്ടായിരുന്നു. `
ഉണരാൻ മണിയടിക്കുന്നതിനു പുറമെ, എല്ലാവരും എഴുന്നേറ്റോ എന്ന് കുഞ്ഞമ്മ നിരീക്ഷണം നടത്തുകയും ചെയ്യും. കുഞ്ഞമ്മ വരുന്ന സമയം എഴുന്നേറ്റു ബുക്കിനു മുന്നിലിരിക്കുകയും അവർ പോയി കഴിയുമ്പോൾ വീണ്ടും കിടന്നുറങ്ങുകയുമാണ് എന്നെ പോലെയുള്ളവർ ചെയ്തിരുന്നത്. അതിരാവിലെ എഴുന്നേറ്റ് നല്ല കുട്ടികളായി കുളിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. ചിലർ അമ്പലത്തിലും പോകും. അങ്ങനെയിരിക്കുമ്പോൾ വെളുപ്പിന് കുളിമുറിയിൽ നിന്നും വലിയ അലർച്ച കേൾക്കും. വാസുദേവനും ഭാസ്‌കരനും വടിയും മറ്റുമായി ഓടിയെത്തും. പിറകെ കുഞ്ഞമ്മയും മുഴുവൻ അന്തേവാസികളും.

കോളേജിനും സദനത്തിനുമിടക്കുള്ള റോഡും കവലകളുമായിരുന്നു പുറം ലോകത്തിലേക്കുള്ള ഞങ്ങളുടെ വഴി. അത് വളരെ ഇടുങ്ങിയതായിരുന്നു. അവിടെ കാത്ത് നിന്നവരിൽ പ്രണയികളും അപകടകാരികളുമുണ്ടായിരുന്നു

കുളിക്കുന്ന സ്ത്രീ ശരീരം ആസ്വദിക്കാൻ മാത്രമായി ഉറക്കമിളച്ച്, കഷ്ടപ്പെട്ട് ഓടിളക്കി കുളിമുറിയുടെ മച്ചിൽ കയറി ഇരുന്നവൻ അപ്പോഴേക്കും മതിൽ ചാടി അപ്രത്യക്ഷമായിട്ടുണ്ടാകും. രാവിലെ കുളിക്കുന്ന ശീലമില്ലാതിരുന്നതു കൊണ്ട് എനിക്ക് അതിരാവിലെ വോയറിസ്റ്റുകളെ കണ്ടു ഞെട്ടി അലറേണ്ടി വന്നിട്ടില്ല.

കോളേജിനും സദനത്തിനുമിടക്കുള്ള റോഡും കവലകളുമായിരുന്നു പുറം ലോകത്തിലേക്കുള്ള ഞങ്ങളുടെ വഴി. അത് വളരെ ഇടുങ്ങിയതായിരുന്നു. അവിടെ കാത്ത് നിന്നവരിൽ പ്രണയികളും അപകടകാരികളുമുണ്ടായിരുന്നു. എന്റെ കൂട്ടുകാരി മഞ്ജുവിന് രണ്ട് കാമുകന്മാരുണ്ടായിരുന്നു. ഒരേ പ്രായത്തിലുള്ള ഒരു ആൺകുട്ടിയും സീനിയർ ആയ നാട്ടുകാരനും. ഒരാളുടെ സഹോദരിയും ഞങ്ങളുമായി നല്ല സൗഹാർദ്ദത്തിലായിരുന്നു. മഞ്ജു എല്ലായ്പോഴും ഉത്സാഹമുള്ളവളായിരുന്നു. മറ്റുള്ളവർ മോശമായി കണ്ടതൊന്നും ഞാനവളിൽ കണ്ടില്ല. മറിച്ച്, രണ്ട് പ്രണയങ്ങൾ ഒന്നിച്ച് ബാലൻസ് ചെയ്ത് പോകുന്നതൊക്കെ കൗതുകമുണ്ടാക്കി. എല്ലാവർക്കും എന്ത് സഹായവും ചെയ്യാൻ അവൾ സന്നദ്ധയായിരുന്നു. ലോല ഹൃദയമുള്ളവരും സ്വാർത്ഥത കുറഞ്ഞവരുമാണ് പെട്ടെന്ന് പ്രണയത്തിൽ പെടുന്നതെന്നാണ് ഞാൻ മനസിലാക്കിയത്. ആരോടാണ് കൂടുതൽ പ്രതിബദ്ധപ്പെടേണ്ടതെന്ന കാര്യത്തിൽ അവൾ ചിലപ്പോൾ സംഘർഷം അനുഭവിച്ചു. ഒരു ദിവസം അതിലൊരാൾ ഒരു വലിയ പൊതിയുമായി സദനത്തിലെത്തി. അതു റൂമിൽ കൊണ്ട് വന്ന് എന്റെ മുന്നിൽ വച്ചാണ് അവൾ പൊളിച്ചത്. തുറന്നു കണ്ടപ്പോൾ ഞാൻ ഞെട്ടി. അവർ രണ്ട് പേരും ഒരുമിച്ച് വിവാഹ ഫോട്ടോ പോലെ ഒന്ന്. ഏതാനും വർഷങ്ങൾക്കു മുമ്പ് എന്നോടിഷ്ടമുള്ള ഒരു ട്രാൻസ് വ്യക്തി ഇത് പോലെ ഒന്ന് എനിക്ക് അയച്ചു തന്നു. പല സമ്മാനങ്ങളും അയാൾ അയച്ചു തന്നിരുന്നു. തിരികെ ഒന്നും നൽകാൻ എനിക്ക് സാധിച്ചിട്ടില്ല. ബന്ധങ്ങളിലേക്ക് വീഴാൻ അന്നും ഇന്നും എനിക്ക് ഭയമാണ്. എന്നോട് അടുപ്പം പുലർത്തിയ പലരും ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒറ്റക്കാണ് ഞാൻ കൂടുതൽ സ്വസ്ഥമാകുന്നത്. നാർസിസ്റ്റ് എന്ന് വേണമെങ്കിൽ മറ്റുള്ളവർക്ക് കുറ്റപ്പെടുത്താം.

ജയശ്രീ പഠിച്ച കൊല്ലം ശ്രീനാരായണ വിമൻസ് കോളജ്

സദനകാലത്ത് എന്നെ അസ്വസ്ഥപ്പെടുത്തിയ ചില കാര്യങ്ങളുണ്ടായിരുന്നു. അതിലൊന്ന്, സദനത്തിനും കോളേജിനുമിടയിലുള്ള കവലയിൽ കണ്ടിരുന്ന ചില യുവാക്കളുടെ പെരുമാറ്റമായിരുന്നു. അവരുടെ കമന്റുകൾക്കെതിരെ പ്രതികരിച്ച സീനിയർ പെൺകുട്ടികളെ അവർ നിരന്തരം ഉപദ്രവിച്ചിരുന്നു എന്നതാണ്. അവരുടെ വീട്ടിലേക്കും കോളജ് അധികൃതർക്കുമൊക്കെ അവരെ മോശമാക്കി കത്തുകളയക്കുകയും മറ്റുമാണവർ ചെയ്തിരുന്നതെന്ന് തോന്നുന്നു. ഏതായാലും ചിലരുടെ പഠനത്തെ അത് സാരമായി ബാധിച്ചു. ഞങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുമെന്ന് കരുതി സീനിയർമാർ ഞങ്ങളോട് ഒന്നുംപറഞ്ഞിരുന്നില്ല. അവർ തമ്മിൽ പറയുന്നതിൽ നിന്നും മനസ്സിലാക്കിയെടുത്തിരുന്നതാണ്. പെൺകുട്ടികൾ വളരെ സൂക്ഷിച്ച് ജീവിക്കണമെന്ന ഒരു നിഗൂഢസന്ദേശം അവിടെ തങ്ങി നിന്നു. ഉപദ്രവങ്ങൾക്ക് വിധേയമാകുമ്പോഴും സ്ത്രീകൾക്ക് പഴി കേൾക്കേണ്ടി വരുമെന്നതിന് ഇപ്പോഴും നമ്മുടെ സമൂഹത്തിൽ വലിയ മാറ്റം വന്നിട്ടില്ല. പക്ഷേ, ധാരാളം സ്ത്രീകൾ തുറന്ന് പ്രതികരിക്കാൻ തയാറാകുന്നു എന്നത് വലിയ മാറ്റമാണ്.

രാത്രിയിൽ ഉറക്കത്തിനിടെ സ്ത്രീകളുടെ കരച്ചിൽ കേട്ട് ഞാൻ ഉണരാറുണ്ടായിരുന്നു. പാഞ്ഞു പോകുന്ന വാഹനങ്ങളിൽ നിന്നാണ് കരച്ചിൽ കേട്ടിരുന്നത്. സ്ത്രീകളെ ആരോ തട്ടിക്കൊണ്ടു പോകുന്നതാണെന്നാണ് ഞാൻ കരുതിയത്. സംരക്ഷിക്കാൻ വേണ്ടിപൂട്ടിയിടപ്പെട്ട അവസ്ഥയിൽ കഴിയുന്നവരുടെ ഉള്ളിൽ ആഴത്തിൽ നില കൊള്ളുന്ന ഭയമായിരിക്കാം അന്നങ്ങനെ ചിന്തിപ്പിച്ചത്. കുറേ കാലം കഴിഞ്ഞ് സമചിത്തതയോടെ ചിന്തിച്ചപ്പോൾ കാര്യം മനസ്സിലായി. ഒന്നുകിൽ പ്രസവവേദന തുടങ്ങിയ സ്ത്രീകളെ ആശുപത്രികളിൽ കൊണ്ട് പോകുന്നതാകാം. അതല്ലെങ്കിൽ മരിച്ചവർക്ക് അകമ്പടിയായി ആശുപത്രികളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന മടക്കയാത്രയാകാം. രണ്ടായാലും, ഇത്തരം സന്ദർഭങ്ങളിൽ അത് പോലെയുള്ള സ്ത്രീകളുടെ ഉച്ചത്തിലെ നിലവിളി ഇപ്പോൾ വിരളമാണ്.

സ്ത്രീകൾക്ക് മധുരമെന്ന് തോന്നുന്ന കാലം അവർക്ക് സ്വന്തം നില ഉറയ്ക്കുമ്പോഴാണ്. അത് ഏതു പ്രായത്തിലാണോ, അപ്പോഴാണ് അവർക്ക് ജീവിതം മധുരമാകുന്നത്. സാമ്പത്തികമടക്കം, സ്വയം നിർണ്ണയിക്കാൻ പ്രാപ്തി ഉണ്ടാകുമ്പോഴേ സ്ത്രീകൾക്ക് നന്നായി പ്രണയിക്കാനും കഴിയൂ.

മനസ്സ് ഏറ്റവുമധികം ഇളകിമറിയുന്ന സമയമാണ് പതിനാറും പതിനേഴും വയസ്സുള്ള പ്രീ ഡിഗ്രി കാലം. സ്ത്രീകളുടെ ഈ കാലം മധുരമെന്ന് തോന്നുന്നത് ആണുങ്ങൾക്കാണ്. ഇപ്പോഴും വലിയ കോട്ടം തട്ടാതെ നില കൊള്ളുന്ന ആൺസങ്കൽപ്പമാണത്. സ്ത്രീകൾ ആ സമയത്ത് ഒരു നിലയിലെത്താത്തതിനാൽ അവരെ പ്രാപിക്കാൻ എളുപ്പമായതു കൊണ്ടാവാം. എന്നാൽ, സ്ത്രീകൾക്ക് മധുരമെന്ന് തോന്നുന്ന കാലം അവർക്ക് സ്വന്തം നില ഉറയ്ക്കുമ്പോഴാണ്. അത് ഏതു പ്രായത്തിലാണോ, അപ്പോഴാണ് അവർക്ക് ജീവിതം മധുരമാകുന്നത്. സാമ്പത്തികമടക്കം, സ്വയം നിർണ്ണയിക്കാൻ പ്രാപ്തി ഉണ്ടാകുമ്പോഴേ സ്ത്രീകൾക്ക് നന്നായി പ്രണയിക്കാനും കഴിയൂ. അങ്ങനെ ഉള്ളപ്പോഴും നമ്മുടെ സമൂഹം സ്ത്രീകൾക്ക് അതിന് അനുമതി നൽകുന്നില്ല. പ്രായമേറിയ സ്ത്രീകൾ പ്രണയിക്കുന്നതും വിവാഹം ചെയ്യുന്നതും അസാധാരണവും അനാവശ്യവുമായാണ് മറ്റുള്ളവർ വിലയിരുത്തുന്നത്. പ്രത്യേകിച്ച് കമിതാക്കൾ പ്രായം കുറഞ്ഞവരാണെങ്കിൽ. ഈയിടെ പ്രായം കുറഞ്ഞ ഒരാളെ ഭർത്താവാക്കിയ ഒരു സ്ത്രീയെ അയാൾ കൊലപ്പെടുത്തിയപ്പോൾ കേട്ട കമന്റുകൾ ഇതോർമിപ്പിക്കുകയാണ്. ഭർത്താക്കന്മാർ കൊല ചെയ്യുന്ന സ്ത്രീകൾ സാധാരണ വിവാഹത്തിലുമുണ്ടെങ്കിലും ആ സ്ത്രീകളോട് അനുകമ്പ കാട്ടുന്നതല്ലാതെ ആരും അവരെ കുറ്റപ്പെടുത്തുകയില്ലല്ലോ.

പരിമിതമാക്കപ്പെട്ട സ്വാതന്ത്യത്തിലും, പതിനാറിനും ഇരുപത്തി മൂന്നിനും ഇടയിൽ പ്രായമുള്ള യുവതികൾ ഒരുമിച്ചു വസിച്ച ആ സദനം സുന്ദരലോകമായാണ് ഞാൻ അനുഭവിച്ചത്. ഈ സമയത്ത് വീട്ടു ജോലികളും കുട്ടികളെ പ്രസവിക്കലും വളർത്തലുമൊക്കെയായി ചെറിയ ഭവനങ്ങളിൽ ഒതുങ്ങേണ്ടവരായിരുന്നു അവർ. ഭാവി അവർക്കായി അതൊരുക്കിയിട്ടുമുണ്ടാവും. എങ്കിലും വിദ്യാഭ്യാസം ഇത്തരം ചില ഇടത്താവളങ്ങൾ ഒരുക്കി അവരുടെ ജീവിതത്തിന് ചലനസാധ്യത നൽകി. എല്ലാ ഭവനങ്ങളിലും അദൃശ്യമായ ഒരു അധികാരശ്രേണിയുണ്ട്. സാമൂഹ്യമായ ആവശ്യത്തിന് വേണ്ടി സ്ത്രീകളെ നിയന്ത്രിച്ച് നിർത്താനുള്ള സ്ഥാപനങ്ങൾ കൂടിയാണവ. ഹോസ്റ്റലുകളും വീടിന്റെ ഒരു പതിപ്പായാണ് സങ്കല്പിച്ചിട്ടുള്ളത്. എന്നാൽ, അതിൽ ചില ഘടനാ മാറ്റങ്ങൾ അനിവാര്യമാണ്. നേരിട്ടുള്ള ആൺ മേൽനോട്ടം അവിടെയില്ല. പക്ഷെ, പരോക്ഷമായി നിയന്ത്രണങ്ങളുണ്ടാവുകയും ചെയ്യും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളിലെ നിയന്ത്രണങ്ങൾ തമ്മിലുള്ള വ്യത്യാസം നോക്കിയാൽ സമൂഹം എങ്ങനെയാണ് എല്ലാ സ്ഥാപനങ്ങളിലെയും സ്ത്രീകളെ നിയന്ത്രിക്കുന്നതെന്ന് മനസ്സിലാകും. ഈ നിയന്ത്രണങ്ങളിൽ നിന്ന് മുക്തി നേടുന്നത് വരെ സ്ത്രീകൾ പുതിയ ഭവനങ്ങൾ തേടി കൊണ്ടിരിക്കും. ഹോസ്റ്റലുകൾ പോലെയുള്ള ഇടത്താവളങ്ങളിൽ അൽപ്പം തുറസ്സ് കിട്ടും. രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചാലും, വീണ്ടും കിടന്നുറങ്ങാം. സിനിമാശാലയിൽ കൂട്ടത്തോടെ പോവുമ്പോൾ ഇരുട്ടിൽ കൂവാം. സ്വന്തമായ ഭവനം എന്നാൽ, സർവ്വ സ്വാതന്ത്യമുള്ള ഇടമായിരിക്കണം സ്ത്രീകൾക്ക്. അങ്ങനെയുള്ള ഭവനം നമ്മൾ നിർമ്മിച്ചെടുക്കേണ്ടതാണ്. വലിയൊരു വില്ല പണിതാൽ അതുണ്ടാവണമെന്നില്ല. ചിലപ്പോൾ ഒരു ഷീറ്റ് വിരിച്ച് പൊതു സ്ഥലത്ത് ബസ് സ്റ്റാന്റിലോ റയിൽവേ സ്റ്റേഷനിലോകിടക്കുമ്പോൾ അത് സ്വന്തം ഭവനമായി ഭവിക്കാം. അതിരുകൾ സ്വയം വരക്കാനും, ഇഷ്ടമുള്ളപ്പോൾ അതിനു പുറത്ത് കടക്കാനുംകഴിയുമ്പോഴാണ് അത് ആനന്ദമുള്ള ഭവനമാകുന്നത്. ▮​

(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments