എന്റെ ജീവിതം പെട്ടെന്ന് മാറുകയാണെന്ന തോന്നൽ എനിക്കുണ്ടായി. ഏതു തരത്തിലുള്ള ബന്ധമെന്ന് വരച്ചിടാൻ കഴിയില്ലെങ്കിലും ഏതോ തരത്തിൽ മൈത്രേയനുമായി ഒരു ബാന്ധവത്തിൽ ഏർപ്പെട്ടു കഴിഞ്ഞു എന്ന അറിവാണെനിക്കുണ്ടായത്.
പ്രണയത്തോട് സമാനമായ അർത്ഥത്തിലാണ് ""അസഹനീയമായ പുതുമ'' എന്ന് പ്രയോഗിക്കുന്നത്. പ്രണയത്തിന്റെ സാധാരണ അർത്ഥത്തിൽ കവിയുന്ന ഒന്നാണത്. അസഹനീയം എന്ന് പറയുന്നത് ദുസ്സഹമായതു കൊണ്ടല്ല, താങ്ങാവുന്നതിൽ അധികമായ പ്രവാഹത്തെ സൂചിപ്പിക്കാനാണ്. വീണ്ടും വീണ്ടും ജീവിതത്തെ നിറക്കുന്ന വിസ്മയമായിരിക്കുന്നത്. എന്റെ ക്ലാസ്മേറ്റ് ശോഭയുടെ വിവാഹം വർക്കല വച്ചായിരുന്നു. അതിന്റെ കാർമികത്വം നടത്തുന്നത് നിത്യചൈതന്യയതിയാണെന്ന് ശോഭ പറഞ്ഞിരുന്നു.
കോളേജിൽ നിന്ന് ഞങ്ങൾ എല്ലാവരും രാവിലെ ഒരുമിച്ച് വിവാഹത്തിന് പോയി. മടങ്ങി വരുന്ന വഴി ഒരു കാർ എന്റെ അടുത്ത് നിർത്തി. ഗുരു എന്നെ തിരിച്ചറിഞ്ഞ് നിർത്തിയതായിരുന്നു. കൂടെ വരുന്നോ എന്ന് ചോദിച്ചു. തികച്ചും അപ്രതീക്ഷിതമായ ഈ സന്ദർഭം എന്നെ ഏറെ സന്തോഷിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്തു. കേൾക്കാത്ത താമസം കൂടെയുള്ളവരോട് ""ബൈ'' പറഞ്ഞ് ഞാൻ കാറിൽ കയറി. ഗുരുവിന്റെ കൂടെ കഴിയാൻ പറ്റുന്ന അവസരമൊന്നും ഞാൻ വിട്ടു കളയാറില്ല. ഗുരുവും കൂടെയുള്ളവരും തിരുവനന്തപുരത്തേക്കാണെന്ന് പറഞ്ഞപ്പോൾ കുറേക്കൂടി സന്തോഷമായി. നേരെ ഹോസ്റ്റലിൽ പോകാമെന്ന് വിചാരിച്ചെങ്കിലും പോയത് ഗുരുവിനോടൊപ്പം കുമാരപുരത്തുള്ള മഹിളാമണി ടീച്ചറിന്റെ വീട്ടിലേക്കാണ്. എന്റെ ജീവിതത്തിലെ വലിയൊരു മാറ്റത്തിലേക്കുള്ള യാത്രയായിരുന്നു അത്. ഗുരുവിന്റെ പ്രഭാഷണവും മറ്റും കഴിഞ്ഞപ്പോൾ നേരം വൈകിയത് കൊണ്ട് അന്ന് രാത്രി അവിടെ താമസിക്കാൻ തീരുമാനിച്ചു. രാത്രിയിൽ കുറെ പേരൊക്കെ പിരിഞ്ഞ സമയത്ത് ഗുരുവിനോട് കൂടുതൽ അടുത്ത് സംസാരിക്കാൻ അവസരമുണ്ടായി. അത് എന്റെ ഭാവി പരിപാടികൾ എന്താണെന്നതിലേക്ക് എത്തി. ഞാൻ ഗുരുവിന്റെ ശിഷ്യപരമ്പരകളിൽ ഒരാളാണെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നില്ല.
മൈത്രേയന്റെ രൂപം മാറിയിരുന്നു. പഴയതു പോലെ വെള്ള പൈജാമയും ജുബ്ബയും ഉണ്ടായിരുന്നു. എന്നാൽ, നീണ്ട മുടി പറ്റെ വെട്ടിയും, മുഖത്തൊക്കെ ചിക്കൻ പോക്‌സിന്റെ അടയാളമുള്ളതായും കണ്ടു.
ഗുരു സ്വാഭാവികമായും എന്നെ ഗുരുകുലത്തിലേക്ക് ക്ഷണിക്കും എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ, ഗുരുവിന്റെ സംസാരം ആ ദിശയിലല്ല നീങ്ങിയത്. എന്റെ അച്ഛൻ വിവാഹത്തിന് നിർബ്ബന്ധിച്ചിരുന്നില്ലെങ്കിലും ചില ആളുകൾ ആ ഉദ്ദേശത്തിൽ അച്ഛനെ സമീപിച്ചിരുന്ന കാലമായിരുന്നു അത്. എനിക്കത് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. അതിൽ നിന്ന് രക്ഷപ്പെടാനൊക്കെ ഗുരു എന്നെ സഹായിക്കും എന്ന ഉറച്ച ബോധ്യമായിരുന്നു എനിക്കുണ്ടായിരുന്നത്. അതൊക്കെ ഗുരുവിനോട് പറഞ്ഞപ്പോൾ അദ്ദേഹം കരുതിയത് എനിക്ക് കോളേജിൽ ആരോടോ പ്രണയം ഉണ്ടെന്നാണെന്നു തോന്നുന്നു. ഞാൻ എന്നെ പറ്റി ചിന്തിക്കുന്നതു പോലെയല്ലേ ഗുരു എന്നെ പറ്റി ചിന്തിക്കുന്നതെന്ന സംശയം എനിക്കുണ്ടായി. എനിക്കാണെങ്കിൽ ഗുരുകുലം എന്നല്ലാതെ മെഡിസിനിലെ ഉപരിപഠനം പോലും അന്ന് ചിന്തയിൽ ഇല്ലായിരുന്നു. പെൺകുട്ടികൾക്ക് പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളാണല്ലോ ഗുരുവും ചിന്തിക്കുന്നതെന്നത് എനിക്കല്പം നിരാശയുണ്ടാക്കി.
അപ്പോഴാണ് മൈത്രേയനെ ഓർമ വന്നത്. മൈത്രേയനുമായി പരിചയപ്പെട്ട ശേഷം എന്റെ വിദ്യാഭ്യാസ ചിന്തകൾ കത്തിലൂടെ പങ്കുവച്ചിരുന്നു. മൈത്രേയന്റെ ചില കുറിപ്പുകളും കത്തുകളും എന്നെ സ്വാധീനിക്കുകയും ചെയ്തു. കൂടാതെ എന്റെ ടീച്ചർ ആയിരുന്ന മൈത്രേയന്റെ സഹോദരി ക്ലാസ്സിൽ പല വിശേഷങ്ങളും പറയാറും ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമെ, ആയിടെ മൈത്രേയൻ ഗുരുകുലം ഉപേക്ഷിച്ചു എന്നും ഒരു സ്ത്രീയോടൊപ്പം ജീവിക്കാൻ പോകുന്നു എന്നും കേട്ടു.
ഗുരുകുലത്തിലേക്കുള്ള പ്രവേശം പ്രോത്സാഹിപ്പിക്കാത്തതിനാൽ, മൈത്രേയനോടൊപ്പം ജീവിച്ചാലോ എന്ന ആലോചന ഞാൻ ഗുരുവിന്റെ മുന്നിൽ അവതരിപ്പിച്ചു. ഗുരു അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് തോന്നി. എങ്കിലും ആലോചിക്കാവുന്നതാണെന്ന തരത്തിൽ പ്രതികരിച്ചു. ""അയാൾ വളരെ വ്യത്യസ്തനാണ്, എന്നാൽ കൂടെയുള്ള ജീവിതം വളരെ പ്രയാസമുള്ളതായിരിക്കും'' എന്ന് പറഞ്ഞു. അന്ന് ഗുരുകുലത്തിന്റെ കാഴ്ചപ്പാടിൽ നിന്നും മൈത്രേയൻ വളരെ അകന്നു പോയിരുന്നു. അതിനെ സംബന്ധിച്ച് അവർ തമ്മിൽ ധാരാളം കത്തുകൾ എഴുതുകയും മൈത്രേയൻ പിന്നീട് അവയൊക്കെ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഗുരുവിന് കൃത്യമായ ഒരു തീരുമാനത്തിൽ എത്താൻ പ്രയാസമുള്ളതു പോലെ തോന്നി. അങ്ങനെ സംഭവിക്കാനാണെങ്കിൽ അത് താനെയുണ്ടാകട്ടെ എന്ന് പറഞ്ഞ് ഞങ്ങൾ എല്ലാവരും ഉറങ്ങാൻ പോയി. എന്നാൽ, എനിക്കൊട്ടും ഉറങ്ങാൻ സാധിച്ചില്ല. അന്ന് രാവിലെ മുതൽ സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായ കാര്യങ്ങൾ. ഞാൻ പോലുമറിയാതെ എന്റെ കാര്യത്തിൽ എന്തോ സംഭവിക്കുന്നു എന്ന തോന്നൽ. പിറ്റേന്ന്, ഉച്ചക്ക് ഗുരുവിന്റെ ക്ലാസിനിടയിൽ തന്നെ ഞാൻ ഹോസ്റ്റലിലേക്ക് പോകാനിറങ്ങി. അപ്പോൾ ഗുരു വീണ്ടും അരികെ വിളിച്ച്, ഞാൻ അയാൾക്ക് കത്തെഴുതുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ തിരികെ ഹോസ്റ്റലിൽ എത്തി, പതിവ് പോലെ ക്ലാസ്സിൽ പോവുകയും മറ്റും തുടർന്നു.
അതിനടുത്ത ദിവസങ്ങളിലൊന്നിൽ, എന്നെ അന്വേഷിച്ച് ആരോ വന്നിട്ടുണ്ടെന്ന് തങ്കമണി വന്നു പറഞ്ഞു. മൈത്രേയനും സുഹൃത്തായ ഭാസുരേന്ദ്രബാബുവും കൂടി എന്നെ കാണാൻ വന്നിരിക്കയായിരുന്നു. യതി കത്തെഴുതിയത് കൊണ്ടാണ് വന്നതെന്നും പറഞ്ഞു. നേരത്തെ കണ്ടതിൽ നിന്നും മൈത്രേയന്റെ രൂപം മാറിയിരുന്നു. പഴയതു പോലെ വെള്ള പൈജാമയും ജുബ്ബയും ഉണ്ടായിരുന്നു. എന്നാൽ, നീണ്ട മുടി പറ്റെ വെട്ടിയും, മുഖത്തൊക്കെ ചിക്കൻ പോക്‌സിന്റെ അടയാളമുള്ളതായും കണ്ടു. മൈത്രേയന്റെ രൂപം കൊണ്ടാകാം, വിളിക്കാൻ വരുമ്പോൾ തങ്കമണിയുടെ ചുണ്ടിൽ സാധാരണമല്ലാത്ത ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ലോകം ആകെ കീഴ് മേൽ മറിഞ്ഞ അനുഭവമായിരുന്നു എനിക്ക്. അന്ന് വിസിറ്റേഴ്‌സ് റൂമിൽ പോയി കുറെ സമയം സംസാരിച്ചു. അവർ തമ്മിൽ സംസാരിക്കുന്നതു കേട്ടപ്പോൾ മൈത്രേയൻ ഗുരുകുലം വിട്ട് മറ്റേതോ ലോകത്താണെന്ന് മനസ്സിലായി. എന്റെ ജീവിതം പെട്ടെന്ന് മാറുകയാണെന്ന തോന്നൽ എനിക്കുണ്ടായി. ഏതു തരത്തിലുള്ള ബന്ധമെന്ന് വരച്ചിടാൻ കഴിയില്ലെങ്കിലും ഏതോ തരത്തിൽ മൈത്രേയനുമായി ഒരു ബാന്ധവത്തിൽ ഏർപ്പെട്ടു കഴിഞ്ഞു എന്ന അറിവാണെനിക്കുണ്ടായത്.
എല്ലാ മാസവും ഹോസ്റ്റൽ ഫീസും മറ്റും തരാനായി അച്ഛൻ ഹോസ്റ്റലിൽ വരാറുണ്ട്. പണം തന്നിട്ട് അച്ഛൻ അപ്പോൾ തന്നെ തിരിച്ചു പോവുകയും ചെയ്യും. സ്‌കൂൾ ഹെഡ് മാസ്റ്ററായിരുന്ന അച്ഛൻ അപ്പോഴേക്കും റിട്ടയർ ചെയ്തിരുന്നു. കൊല്ലത്ത് ഹോസ്റ്റലിൽ ആയിരിക്കുമ്പോഴും അച്ഛൻ ഇതേ പോലെ വന്നിരുന്നു. ഒരുപാട് സ്‌നേഹം പ്രകടിപ്പിക്കാറില്ലെങ്കിലും വീടിനോട് പൂർണ്ണമായ പ്രതിബദ്ധത ഉള്ളയാളായിരുന്നു അച്ഛൻ. ദൂരെ നിന്ന് അച്ഛൻ ക്ഷീണിതനായി ഹോസ്റ്റലിലേക്ക് നടന്നു വരുന്നതു കാണുമ്പോൾ ആ പ്രതിബദ്ധത ഞാൻ അനുഭവിക്കും. അന്ന് ഞാൻ മൈത്രേയനുമായി സംസാരിച്ചിരിക്കുമ്പോഴും അച്ഛൻ വന്നു. എനിക്ക് ഗുരുകുലവുമായി ബന്ധപ്പെട്ട ഏതോ സന്ദർശകരുണ്ടെന്ന് തങ്കമണി അച്ഛനോട് പറഞ്ഞിരുന്നു. എന്റെ സ്വകാര്യത പൂർണ്ണമായും വിട്ടു തന്ന്, പണം തങ്കമണിയെ ഏൽപ്പിച്ചിട്ടു പോയി. അച്ഛന്റെ താൽപ്പര്യങ്ങൾക്ക് ചേർന്നതായിരുന്നില്ലെങ്കിലും മുതിർന്ന ശേഷം ഞങ്ങളുടെ താൽപ്പര്യങ്ങൾക്ക് അദ്ദേഹം വില കല്പിച്ചിരുന്നു എന്നത് ഇപ്പോൾ ഞാൻ ആദരവോടെ ഓർക്കുന്നു.
നമ്മൾ സ്വയം മനസ്സിലാക്കി വച്ചിരിക്കുന്നതും മറ്റുള്ളവർ നമ്മെ പറ്റി അറിഞ്ഞു വച്ചിരിക്കുന്നതുമായ തന്മയുടെ പുറന്തൊലി എപ്പോഴും ഇളകാൻ പ്രായത്തിലുള്ളതാണ്.
എന്റെ ജീവിതത്തിലുണ്ടാകാൻ പോകുന്ന മാറ്റങ്ങൾ ആരോടെങ്കിലും പറയണമെന്ന് തോന്നി. എന്റെ റൂം മേറ്റായ റേച്ചൽ ആത്മീയതയിൽ മുഴുകിയ ആളായിരുന്നതിനാൽ എല്ലാവരേയും എല്ലാറ്റിനേയും നിരുപാധികം സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് റേച്ചലിനോട് ആദ്യം തന്നെ എന്റെ പുതിയ ലോകത്തെക്കുറിച്ച് പറയാൻ കഴിഞ്ഞു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ഞാൻ മെഡിക്കൽ പഠനം മിക്കവാറും മറന്നു. മിക്കവാറും ദിവസങ്ങളിൽ മൈത്രേയൻ എത്തുകയും ഞങ്ങൾ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തു. നമ്മൾ സ്വയം മനസ്സിലാക്കി വച്ചിരിക്കുന്നതും മറ്റുള്ളവർ നമ്മെ പറ്റി അറിഞ്ഞു വച്ചിരിക്കുന്നതുമായ തന്മയുടെ പുറന്തൊലി എപ്പോഴും ഇളകാൻ പ്രായത്തിലുള്ളതാണ്.
ഓരോ ദിവസം കഴിയുന്തോറും അത് ഇളകി മാറി കൊണ്ടിരുന്നു. വേദാന്ത ചിന്തയും ഗുരുകുലവും മിക്കവാറും മൈത്രേയൻ ഉപേക്ഷിച്ചിരുന്നതിനാൽ, എന്റെ നിലപാടുകളിൽ നിന്ന് കൊണ്ട് ഒരു വിനിമയം അസാധ്യമായിരുന്നു. ലോകത്തെ മാറ്റുകയല്ലാതെ, വിശദീകരിക്കുന്നതിൽ അർത്ഥമില്ലെന്ന മാർക്‌സിയൻ ചിന്തയായിരുന്നു അന്ന് മൈത്രേയൻ മുറുകെ പിടിച്ചിരുന്നത്. ഇത്, ഞാൻ അതുവരെ പിന്തുടർന്ന ചിന്തയോട് ചേർന്ന് പോകുന്നതായിരുന്നില്ല. മൈത്രേയൻ പറയുന്നത് സ്ത്രീകളുടെ വശത്ത് നിന്നായതു കൊണ്ടും അതിൽ സത്യസന്ധത അനുഭവിക്കാൻ കഴിയുന്നത് കൊണ്ടും അത് ഉപേക്ഷിക്കാനും കഴിയുമായിരുന്നില്ല. എന്റെ ഭാവി ജീവിതത്തിന്റെ വഴി തിരിയുന്ന നിർണ്ണായകമായ ഒരു സന്ധിയാണതെന്ന് ഞാൻ തിരിച്ചറിഞ്ഞു.
മൈത്രേയന്റെ ചിങ്ങോലിയിലുള്ള വീട്ടിൽ ഒരുമിച്ച് താമസിക്കാമെന്ന ആശയമാണ് മൈത്രേയൻ പറഞ്ഞത്. എന്നാൽ, അത് മൈത്രേയന് ചെയ്യാൻ കഴിയുന്നത് പോലെ നമ്മുടെ നാട്ടിൽ ഒരു സ്ത്രീക്ക് ചെയ്യാൻ കഴിയില്ലെന്ന തിരിച്ചറിവായിരുന്നു എനിക്ക് ഫെമിനിസത്തിന്റെ ആദ്യ പാഠം
രാത്രികളിൽ ഉറങ്ങാൻ കഴിയുമായിരുന്നില്ല. മൈത്രേയന്റെ പുതിയ കൂട്ടുകാരിൽ കൂടുതൽ പേരും തീവ്ര ഇടതുപക്ഷ ചിന്തകരും അടിയന്തിരാവസ്ഥയിൽ പീഡനവും ജയിൽ വാസവും ഒക്കെ അനുഭവിച്ചവരുമായിരുന്നു. എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒരിടത്തേക്കാണ് ഞാൻ എത്തിപ്പെട്ടത്. മൈത്രേയൻ ഗുരുകുലത്തിന്റെ വീക്ഷണത്തിന് തല കുത്തനെ ആയിരുന്നതിനാൽ ഗുരുകുലവുമായി ബന്ധപ്പെട്ട സുഹൃത്തുക്കളോടൊന്നും തന്നെ പൊതുവായി ഒന്നും പങ്കുവെക്കാൻ കഴിയാതെ വന്നു. അക്കാലത്ത് മൈത്രേയൻ ഗുരുകുലവും ഗുരുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി എഴുതിയിരുന്നത് കൊണ്ട് , അതുമായി ബന്ധപ്പെട്ടവരോട് ആശയപരമായ സൗഹൃദം അസാധ്യമായി. ഗുരുവിനോട് സമർപ്പണത്തോടെ ജീവിതം നയിച്ചിരുന്നവരിൽ ചിലർ, ഗുരുവിനെതിരെ ഒന്നും പറയരുതെന്ന് മൈത്രേയനോട് പറയണമെന്ന് എന്നോട് ആവശ്യപ്പെടുകയും ചെയ്തു.
ഒരുമിച്ച് ജീവിക്കുന്നതിന് വിവാഹം ആവശ്യമില്ല എന്ന കാര്യത്തിൽ ഞങ്ങൾ തമ്മിൽ ഒരു തർക്കവും ഉണ്ടായിരുന്നില്ല. മൈത്രേയന്റെ ചിങ്ങോലിയിലുള്ള വീട്ടിൽ ഒരുമിച്ച് താമസിക്കാമെന്ന ആശയമാണ് മൈത്രേയൻ പറഞ്ഞത്. എന്നാൽ, അത് മൈത്രേയന് ചെയ്യാൻ കഴിയുന്നത് പോലെ നമ്മുടെ നാട്ടിൽ ഒരു സ്ത്രീക്ക് ചെയ്യാൻ കഴിയില്ലെന്ന തിരിച്ചറിവായിരുന്നു എനിക്ക് ഫെമിനിസത്തിന്റെ ആദ്യ പാഠം. അതു വരെ, കുടുംബത്തിന്റെയും കോളേജിന്റെയും വ്യവസ്ഥയിൽ നിന്ന്, സൗകര്യത്തിൽ കുറച്ച് അകലം പാലിച്ച് നിന്നത് ഗുരുകുലത്തിന്റെ പിൻബലത്തിലാണ്.
അതിപ്പോഴില്ല. ആശയങ്ങൾക്കായി പൂർണമായും മൈത്രേയനെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. ആശയ വാദത്തിലധിഷ്ഠിതമായ കാഴ്ചപ്പാടുകൾ മുന്നോട്ടുള്ള എന്റെ പ്രായോഗിക ജീവിതത്തിൽ മതിയാവില്ലെന്നും അപ്പോൾ തിരിച്ചറിഞ്ഞു. മറ്റുള്ളവരോട് എങ്ങനെയാണ് ഞങ്ങളുടെ ബന്ധം അവതരിപ്പിക്കുക എന്നത് വലിയ പ്രശ്‌നമായി. സ്വയം എന്താണെന്നും ബന്ധം എന്താണെന്നും അന്നും ഇന്നും ഞങ്ങൾ തന്നെ തേടിക്കൊണ്ടിരിക്കുന്നതിനാൽ, അത് കൃത്യമായി പറയാനാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ, സമൂഹത്തിന്റെ ശാഠ്യങ്ങൾക്ക് വഴങ്ങി പോകാതിരിക്കണമെങ്കിൽ, സ്വന്തമായി ഒരു രൂപരേഖയെങ്കിലും വരച്ചിടേണ്ടതുണ്ട്. സ്വയം അഴിയൽ, ദൗർബ്ബല്യമല്ലല്ലോ. അഴിച്ചു പണിയലിന്റെ മുന്നൊരുക്കമാണത്. ഉയരമുള്ള കൊടുമുടിയിലെ ശീതളമായ ഇരിപ്പിടത്തിൽ നിന്ന് മനോഹരമായ ഒരു താഴ്വരയിലേക്ക് എടുത്തെറിയപ്പെട്ട പോലെയാണ് എനിക്ക് തോന്നിയത്. താഴ്വരയിൽ പൂക്കളും കനികളും നിറഞ്ഞിരുന്നു എങ്കിലും വീഴ്ചയിൽ ഭംഗം വന്ന അവയവങ്ങൾ കൂട്ടിയിണക്കി മാത്രമേ അവ എത്തിപ്പിടിക്കാൻ കഴിയുമായിരുന്നുള്ളൂ. ആത്മബോധം അഴിഞ്ഞഴിഞ്ഞ് ചുറ്റും ചിതറി കിടന്നു. എന്നാൽ, അതിൽ നിന്ന് ഉരുത്തിരിയുന്ന പുതിയ ചിന്തയുടെ നാമ്പുകൾ ഇടക്കിടെ നവോന്മേഷം പകർന്നു കൊണ്ടുമിരുന്നു.
പട്ടത്തുള്ള ഭാസുരേന്ദ്ര ബാബുവിന്റെ ക്വാർട്ടേഴ്‌സിലാണ് ഞങ്ങൾ അന്ന് ഒത്തു ചേർന്നിരുന്നത്. അവിടെ മൈത്രേയന്റെ ശാരീരിക സാമീപ്യം അതീവ സുരക്ഷിതത്വം അനുഭവിപ്പിച്ചു. അലക്കി വെളുപ്പിച്ച വസ്ത്രങ്ങളുടെ ഗന്ധം മൈത്രേയൻ അടുത്തില്ലാത്തപ്പോഴും ഞാൻ അനുഭവിച്ചു തുടങ്ങി. ശരീരം മാത്രമല്ല, മൈത്രേയനുമായി ബന്ധപ്പെട്ടതെന്തും ഞാൻ ഭ്രാന്തമായി ഇഷ്ടപ്പെട്ടിരുന്നു. വളരെ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിൽ നിന്നും വരുന്ന സ്ത്രീപുരുഷന്മാർക്കിടയിൽ ശരീരത്തിന്റെ കാമനകൾക്കപ്പുറം എന്താണ് നില നിൽക്കുന്നതെന്ന്, അന്ന് അവിടെ നടക്കുന്ന ചർച്ചകൾക്കിടയിൽ ബാബു ചോദിച്ചിരുന്നു. ശരിക്കും പ്രസക്തമായ ഒരു ചോദ്യമാണത്. അക്കാര്യത്തിൽ ഞങ്ങളും പലപ്പോഴും സംശയാലുക്കളായി. നിർബ്ബന്ധമായും, പുറമെ നിന്നുള്ള കെട്ടിയേല്പിക്കലുകളില്ലെങ്കിൽ രണ്ടുപേർ തമ്മിലുള്ള ബന്ധം ദീർഘ കാലം നിലനിൽക്കുമോ? കുട്ടികൾ ഉള്ളത് ഒരു പക്ഷെ, ബന്ധങ്ങൾ നിലനിൽക്കുന്നതിന് കാരണമായേക്കാം. വൈകാരികമായും ആശയപരമായും മൈത്രേയനെ ആശ്രയിച്ചു നിന്ന ആ സമയത്ത് ഇത്തരം ചോദ്യങ്ങൾ അരക്ഷിതത്വമാണ് എനിക്കുണ്ടാക്കിയത്. ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് മൈത്രേയന് ഏകദേശമെങ്കിലും ധാരണയുണ്ടായിരുന്നു. എന്നാൽ, ഞാൻ യാതൊരു അടിത്തറയുമില്ലാത്ത അവസ്ഥയിലുമായിരുന്നു. മെഡിസിന് അവസാന വർഷമായെങ്കിലും ഏറ്റവും കഠിനമായ പരീക്ഷയാണ് നേരിടേണ്ടിയിരുന്നത്. പഠനത്തിൽ അൽപ്പം പോലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയിലുമായിരുന്നു ഞാൻ. ചിലപ്പോഴൊക്കെ ക്ലാസിൽ പോകാതെയുമായി. പഠനം ഉപേക്ഷിക്കുക എന്ന എന്റെ ആശയം മൈത്രേയൻ പ്രോത്സാഹിപ്പിച്ചിരുന്നില്ല. സാമ്പത്തികമായ സ്വാശ്രയത്വം ഞാനും ആഗ്രഹിച്ചു. അപ്പോഴൊക്കെ അതികഠിനമായ സംഘർഷങ്ങളിൽ ഞാൻ പെടുകയും കണ്ണുനീർ ഒരു രോഗം പോലെ വിടാതെ പിടി കൂടുകയും ചെയ്തു. അസാമാന്യമായ സഹനശീലം ഉള്ളത് കൊണ്ട് മാത്രമായിരിക്കണം അന്ന് എന്നോടൊപ്പം സഹചരിക്കാൻ മൈത്രേയന് കഴിഞ്ഞത്.
അലൻ ശുഹൈബിന്റെ പിതാവായ ശുഹൈബ് അങ്ങനെ അതിശയത്തോടെ കണ്ട ഒരാളാണ്. ശുഹൈബിന്റെ ചിരിയും പ്രത്യേക തരം ഭാഷണവും, അതിനേക്കാളുപരി അവർ രണ്ട് പേരും തമ്മിൽ കളി തമാശകളിലൂടെയുള്ള ഇടപെടലുകളും എനിക്ക് പുതുമയായിരുന്നു.
നമ്മുടെ സിനിമകളിൽ നിന്നൊക്കെ കിട്ടിയിട്ടുള്ള തരം റൊമാന്റിക് സങ്കല്പങ്ങളായിരുന്നു എനിക്കുള്ളത്. വളരെ റൊമാന്റിക് എന്ന് കരുതി ഞാൻ പാടിയ ചില പാട്ടുകൾ മൈത്രേയന് അരോചകങ്ങളായിരുന്നു. കൂടുതലും, ചർച്ചകളിലും കർമ്മ പരിപാടികളിലും മുഴുകുക അല്ലാതെ ഞങ്ങൾ രണ്ട് പേർ മാത്രമായി ഒന്നിച്ചിരിക്കുക എന്നത് എനിക്ക് വലിയ ആവശ്യമായിരുന്നു എങ്കിലും മൈത്രേയന് അതാവശ്യമായി തോന്നിയിരുന്നില്ല. അക്കാര്യത്തിൽ ഒരു പാട് കാലം ഞാൻ മൈത്രേയനെ ശല്യപ്പെടുത്തി കൊണ്ടിരുന്നു. ചില ദിവസങ്ങളിൽ എനിക്ക് വേണ്ടി മ്യൂസിയത്തിൽ പോയിരുന്നിട്ടുണ്ട്. ഒരു ദിവസം അവിടെ പറന്നെത്തിയ തത്തകളെ കണ്ട് ഞാൻ സന്തോഷം പങ്കിടുമ്പോൾ മൈത്രേയന്റെ മറുപടി ഇങ്ങനെയായിരുന്നു, ""എന്റെ പയർ കൊത്തി കൊണ്ട് പോകുന്ന തത്തകളെ വെടി വച്ച് കൊല്ലേണ്ടതാണ്'' എന്ന്. അന്ന് ചിങ്ങോലിയിൽ കൃഷിയിൽ ഏർപ്പെട്ടിരുന്നതിനാൽ കൃഷിക്കാരന്റെ വശത്ത് നിന്നുള്ള ഒരു കാഴ്ചയാണ് എനിക്കപ്പോൾ കിട്ടിയത്. മിക്കവാറും പല വിഷയങ്ങളും ഞങ്ങൾ രണ്ട് തരത്തിൽ കാണുകയും തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. എങ്കിലും, വൈകാരികമായി പൂർണ്ണമായ ആശ്രിതത്വത്തിൽ തന്നെയായിരുന്നു ഞാൻ. പക്ഷെ, ഏതൊരാളും അതിന്റെ സുഖം അനുഭവിക്കുമ്പോഴും അവസരം വന്നാൽ, അതിനു പുറത്ത് കടക്കാൻ ശ്രമിക്കുക തന്നെ ചെയ്യും എന്നാണ് ഇതുവരെയുള്ള അനുഭവം കാണിക്കുന്നത്. അതിരുകൾ കൃത്യമായി നിർണയിക്കാൻ കഴിയാത്ത വിധം മനുഷ്യരിൽ ആശ്രിതത്വവും സ്വാശ്രയത്വവും ഏറ്റക്കുറച്ചിലുകളോടെ ഉണ്ടാവും. ആശ്രിതത്വം എപ്പോഴും സ്ത്രീക്ക് പുരുഷനോടെന്ന തരത്തിൽ ഒരേ പാറ്റേണിലാവുമ്പോൾ അത് സാമൂഹ്യമായ മുരടിപ്പാണ്.
ഒരു സർപ്രൈസ് എന്ന പോലെയായിരിക്കും മൈത്രേയൻ പ്രത്യക്ഷപ്പെടുന്നത്. ചിങ്ങോലിയിൽ നിന്ന് പല ആകൃതിയും വലുപ്പവും നിറവും മണവുമുള്ള മാമ്പഴം വലിയ കെട്ടുകളായി ഹോസ്റ്റലിലേക്ക് കൊണ്ട് വന്നിരുന്നു
എന്നാൽ, ഇതിനോടെല്ലാം ഒപ്പം പുതുമകളുടെ ഒരു പ്രവാഹം തന്നെ എനിക്ക് അനുഭവിക്കാനായി എന്നത് എടുത്ത് പറയേണ്ടതാണ്. വിചാരിക്കാതിരിക്കുമ്പോൾ ഒരു സർപ്രൈസ് എന്ന പോലെയായിരിക്കും മൈത്രേയൻ പ്രത്യക്ഷപ്പെടുന്നത്. ചിങ്ങോലിയിൽ നിന്ന് പല ആകൃതിയും വലുപ്പവും നിറവും മണവുമുള്ള മാമ്പഴം വലിയ കെട്ടുകളായി ഹോസ്റ്റലിലേക്ക് കൊണ്ട് വന്നിരുന്നു. ചിലപ്പോൾ കൂടെ ഏതെങ്കിലും കൂട്ടുകാരുണ്ടാകും. പുതുതായി പരിചയപ്പെടുന്ന വ്യത്യസ്തരായ അവർ എപ്പോഴും എന്നിൽ കൗതുകവും സന്തോഷവും നിറച്ചു. അലൻ ശുഹൈബിന്റെ പിതാവായ ശുഹൈബ് അങ്ങനെ അതിശയത്തോടെ കണ്ട ഒരാളാണ്. ശുഹൈബിന്റെ ചിരിയും പ്രത്യേക തരം ഭാഷണവും, അതിനേക്കാളുപരി അവർ രണ്ട് പേരും തമ്മിൽ കളി തമാശകളിലൂടെയുള്ള ഇടപെടലുകളും എനിക്ക് പുതുമയായിരുന്നു.
വായനയിലൂടെ അന്ന് എനിക്ക് പരിചിതനായിരുന്ന ബി. രാജീവന്റെ വീട്ടിൽ ഇടക്കിടെ പോകുന്നത് എനിക്ക് ആഹ്ലാദം നൽകി. വളരെ പെട്ടെന്ന് സുഹൃത്തായി മാറിയ സാവിത്രി രുചിയുള്ള വിഭവങ്ങളോടെ ഊണൊരുക്കി തന്നു. സാവിത്രിയുടെ കവിതകളും ഞാൻ വളരെ ഇഷ്ടപ്പെട്ടു.
മൈത്രേയൻ എന്നെ ആദ്യം കാണാൻ വരുമ്പോൾ തന്നെ അമ്മയോടും അച്ഛനോടും പറഞ്ഞിട്ടാണ് വരുന്നത്. ഒരു ദിവസം അമ്മയും ഒപ്പം വന്നു. എനിക്ക് മൈത്രേയന്റെ അനിയത്തിയുടെ ഛായ ഉണ്ടെന്നു പറഞ്ഞു. പിന്നീട് എപ്പോഴും സാരിയും മറ്റു സമ്മാനങ്ങളും കൊടുത്തയച്ചു. ഓരോ ദിവസവും തിരുവന്തപുരത്തുള്ള ഓരോ ബന്ധുക്കളെ കാണാൻ പോയി. അവരെല്ലാവരും തന്നെ നന്നായി പെരുമാറുകയും എല്ലാവരും എനിക്ക് സ്വന്തം ബന്ധുക്കളെ പോലെ തോന്നുകയും ചെയ്തു. അതിനിടെ മൈത്രേയന്റെ ഒരു കസിന്റെ കല്യാണം കൊല്ലത്ത് വച്ച് നടക്കുന്നുണ്ടെന്നും അന്ന് പോയാൽ, എല്ലാ ബന്ധുക്കളെയും ഒരുമിച്ച് കാണാമെന്നും മൈത്രേയൻ പറഞ്ഞു. ആദ്യം എനിക്ക് കുറച്ച് ആശങ്ക ഉണ്ടായെങ്കിലും പിന്നീട് പോകാൻ തീരുമാനിച്ചു. അവിടെ വച്ചാണ് ആദ്യം അച്ഛനെ കാണുന്നത്. എന്നെ എല്ലാവരെയും പരിചയപ്പെടുത്തുകയും എന്ത് കൊണ്ടാണ് ഞങ്ങൾ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതെന്നും പറയാൻ മൈത്രേയൻ ശ്രമിച്ചുകൊണ്ടിരുന്നു. ആളുകൾ എല്ലാം തന്നെ അവരുടെ മനോഭാവത്തിനനുസരിച്ച് അത് ഉൾക്കൊണ്ടു എന്ന് വേണം കരുതാൻ.
അച്ഛനും അമ്മക്കും ഉത്തരം മുട്ടാനുള്ള അവസരം ഉണ്ടാകാതിരിക്കാൻ മൈത്രേയൻ ശ്രദ്ധിച്ചിരുന്നു. ഞങ്ങളുടെ എല്ലാ ബന്ധു വീടുകളിലും അച്ഛനോടൊപ്പം പോയി എന്താണ് ഞങ്ങൾ ചെയ്യുന്നതെന്നും അതിന്റെ സാമൂഹ്യമായ പ്രാധാന്യവും വിശദീകരിച്ചു.
എന്നാൽ, അത്രയും ലാഘവത്തോടെ ഇതുൾക്കൊള്ളാൻ സ്ത്രീകളുടെ വീട്ടുകാർക്ക് കഴിയില്ല എന്നത് എല്ലാവർക്കും ഊഹിക്കാൻ കഴിയുമല്ലോ. പെൺമക്കളുടെ വിവാഹം എന്നത് അന്നും ഇന്നും അച്ഛനമ്മമാരുടെ അഭിമാനത്തിന്റെ കാര്യമാണ്. എന്റെ മാതാപിതാക്കളും അങ്ങനെ തന്നെ ചിന്തിച്ചിരിക്കണം. ചെറുപ്പത്തിലേ തന്നെ ഞാൻ അതിനുണ്ടാവില്ല എന്ന് പറഞ്ഞിട്ടുള്ളത് കൊണ്ടും, വീടിനുള്ളിലും വ്യക്തികളുടെ അഭിപ്രായത്തിന് വില കൊടുത്തിരുന്നത് കൊണ്ടും അച്ഛൻ എന്റെ തീരുമാനം കേൾക്കാൻ തയാറായിരുന്നു. ലളിതമായി ചിന്തിക്കുന്ന അമ്മക്ക് ആദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും മൈത്രേയൻ നേരിട്ട് സംസാരിച്ചപ്പോൾ അമ്മയും ഞങ്ങളോട് പൊരുത്തപ്പെട്ടു. ലളിതമായ ഒരു ചടങ്ങെങ്കിലും നടത്താൻ അച്ഛൻ ആവശ്യപ്പെട്ടെങ്കിലും അതും വേണ്ടെന്നു വച്ചു. പകരം ഒരു ദിവസം മൈത്രേയൻ എന്നെ വീട്ടിൽ വന്ന് കൂട്ടി പോകാമെന്ന് തീരുമാനിച്ചു. അച്ഛനും അമ്മക്കും ഉത്തരം മുട്ടാനുള്ള അവസരം ഉണ്ടാകാതിരിക്കാൻ മൈത്രേയൻ ശ്രദ്ധിച്ചിരുന്നു. ഞങ്ങളുടെ എല്ലാ ബന്ധു വീടുകളിലും അച്ഛനോടൊപ്പം പോയി എന്താണ് ഞങ്ങൾ ചെയ്യുന്നതെന്നും അതിന്റെ സാമൂഹ്യമായ പ്രാധാന്യവും വിശദീകരിച്ചു. നാട്ടുകാരിൽ പലരും ഇതേപറ്റി സംവദിക്കാൻ വീട്ടിലെത്തി. സംവാദമല്ലാതെ ഒരു സംഘർഷവുമുണ്ടായില്ല. ചിലർ ശക്തമായി അഭിപ്രായ വ്യത്യാസങ്ങൾ രേഖപ്പെടുത്തി. ഞങ്ങളുടെ രണ്ട് പേരുടെയും കാര്യം എന്നതിനേക്കാൾ സാമൂഹ്യമായ ഒരു മാറ്റത്തിനുള്ള കണ്ണികളായി സ്വയം അവരോധിക്കപെടുന്ന ഒരു പരിപാടിയായി ആണ് ഇത് കാണാനാവുക. ഏതു കാര്യവും തുറസ്സോടെയും സാമൂഹ്യമായ സന്ദർഭത്തിൽ ഇടപെട്ടുകൊണ്ടും ചെയ്യുക എന്നത് മൈത്രേയൻ സ്ഥിരമായി പുലർത്തുന്ന രീതിയാണ്. അതിൽ പങ്ക് ചേർന്ന ഞാനും കുടുംബം എന്ന ചുരുങ്ങിയ ഇടത്തിലേക്കല്ല, വിശാലമായ ലോകത്തിലേക്കാണ് അന്ന് ചുവടുവച്ചത്. ഒടുങ്ങാത്ത പുതുമകളുടെ തുടക്കമായിരുന്നു അത്. ▮
(തുടരും)