ഡോ. എ.കെ.ജയശ്രീ

ഒടുങ്ങാത്ത മോഹങ്ങൾ; അറിയാനും പുണരാനും

എഴുകോൺ- 9

അറിവിന്റെ പലവിധ പാളികളിലേക്ക് നമ്മൾ എടുത്തെറിയപ്പെടുകയാണ്. ഇതിൽ നിന്നെല്ലാം നമ്മുടെ ജീവിതവും ജീവിതവീക്ഷണവും കടഞ്ഞെടുക്കാനുള്ള കടമ യുവാക്കളിൽ നിക്ഷിപ്തമായിരിക്കുന്നു.

Desire is like a thought which thinks more than it thinks, or more than what it thinks

-Emmanuel Levinas

രസ്പരം പുണർന്നു കൊണ്ടാണ് പ്രപഞ്ചം നിലനിൽക്കുന്നത്. എല്ലാ അനുഭവങ്ങളും അറിവുകളും പഠിപ്പിക്കുന്നത് അതാണ്. ഉണ്ടായതിന്റെ എല്ലാം അതിരുകൾ തമ്മിൽ പുണരുന്നു. ആ അതിരിൽ പുതിയവ മുളയ്ക്കുന്നു. പുണരൽ നിലച്ചാൽ പ്രപഞ്ചം നിലക്കും.

മോഹങ്ങൾ തീവ്രമാകുന്ന കാലമാണ് യൗവ്വനാരംഭം.
കിളികളും പുഴകളും മരങ്ങളും മുഖങ്ങളും ഒരു പോലെ മനസ്സുലയ്ക്കുന്ന സമയം. ധാർമ്മിക ചിന്തയും അറിവിനായുള്ള അഭിവാഞ്ഛയും അഭിലാഷങ്ങളും ഏറ്റക്കുറച്ചിലോടെ ഒത്തു പോകും. ഇതിനെല്ലാമപ്പുറമാണ് ഇഷ്ടപ്പെട്ടവരെ പരിചരിക്കാനുള്ള അവസരം സ്വാഭാവികമായി കൈ വരുന്നത്. ജീവിതത്തിലെ ഏറ്റവും സമ്പന്നമായ സമയമാകുമത്. പ്രീ ഡിഗ്രി പരീക്ഷ കഴിഞ്ഞ അവധിക്കാലത്ത് പത്തനാപുരത്തെ അമ്മയുടെ വീട്ടിൽ പോയി താമസിക്കാൻ എനിക്ക് സാധിച്ചു. അവിടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മാമ്മ (അപ്പൂപ്പന്റെ അമ്മ) ഏതാണ്ട് മുഴുവൻ സമയവും പ്രായാധിക്യത്താൽ കിടപ്പിലായിരുന്നു. എന്റെ സാന്നിധ്യം അമ്മാമ്മയും, കൂടെ എപ്പോഴും ഉണ്ടാവുന്നത് ഞാനും ഇഷ്ടപ്പെട്ടു. കിടക്കയിൽ നിന്ന് എഴുന്നേൽപ്പിക്കാനും തിരികെ കിടത്താനുമുള്ള ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തു. ബെഡ് പാൻ വച്ച് കൊടുക്കേണ്ടി വരുകയാണെങ്കിൽ അതും ഞാൻ ചെയ്തു. ഞാനെന്തു ചെയ്യുന്നതും സുഖകരമായാണ് അമ്മാമ്മ അനുഭവിച്ചത്. പുസ്തകം വായിക്കുകയല്ലാതെ എനിക്ക് വീട്ടിൽ വേറെ പണിയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, പൂർണ്ണമായും എന്റെ ശ്രദ്ധ ഞാൻ അമ്മാമ്മക്ക് നൽകി.

വെറ്റില മുറുക്കിൽ നിന്ന് കിട്ടുന്ന ലഹരിയോടൊപ്പം, അത് കുടുംബത്തിനുള്ളിലെ അധികാരവിന്യാസത്തിന്റെ സൂചനകളും നൽകുന്നുണ്ട്. മുറുക്കുന്നവർക്ക് അതിനു വേണ്ടതെല്ലാം ഒരുക്കി കൊടുക്കുകയും ആവശ്യമുള്ളപ്പോൾ കോളാമ്പി എടുത്ത് കൊടുക്കുകയുമൊക്കെ താഴെയുള്ളവർ ചെയ്യേണ്ടതാണ്.

അമ്മാമ്മയെ കുറിച്ച് ഓർക്കുമ്പോൾ വെറ്റില മുറുക്ക് സമ്പ്രദായം കൂടി ഓർമ്മ വരും. പാക്ക് വെള്ളത്തിലിട്ട് അഴുകിച്ച്, അതിന്റെ പുറം തൊലി ഇളക്കി, അകത്തെ തൊലി ചുരണ്ടി ""പാക്ക് വെട്ടി'' കൊണ്ട് വെട്ടിയെടുക്കും. വെറ്റില, ചുണ്ണാമ്പ് എന്നിവ അതാതിന്റെ ഇടങ്ങളിൽ കൃത്യമായി വച്ചിട്ടുണ്ടാകും. ചില വീടുകളിൽ വെറ്റില വള്ളി വളർത്തിയിരുന്നു. അത് ചന്തയിൽ കൊണ്ട് പോയി വിൽക്കുന്നവരുമുണ്ട്. പല ഗുണ നിലവാരമുള്ള വെറ്റിലകളുണ്ട്. തളിർ വെറ്റിലക്ക് മാറ്റു കൂടുതലാണ്.

പ്രായമുള്ളവരുള്ള വീട്ടിൽ പോകുമ്പോൾ വിരുന്നുകാർ പുകയില കൊണ്ട് പോകും. പുകയില കൊണ്ട് ചെല്ലുന്നവരെ മുറുക്കുന്നവർക്ക് വലിയ ഇഷ്ടമായിരിക്കും. ജാപ്പാണം പുകയിലയാണ് അന്ന് മുന്തിയതായി കരുതിയിരുന്നത്. മുറുക്കി തുപ്പാനുള്ള കോളാമ്പിയും മുറുക്കുന്നവരുടെ അടുത്തുണ്ടാകും. മുറുക്കാനുള്ള കൂട്ട് ഇടിച്ച് പാകത്തിലാക്കി കൊടുക്കുകയും ഞാൻ ചെയ്തിരുന്നു. വെറ്റില മുറുക്കിൽ നിന്ന് കിട്ടുന്ന ലഹരിയോടൊപ്പം, അത് കുടുംബത്തിനുള്ളിലെ അധികാരവിന്യാസത്തിന്റെ സൂചനകളും നൽകുന്നുണ്ട്. മുറുക്കുന്നവർക്ക് അതിനു വേണ്ടതെല്ലാം ഒരുക്കി കൊടുക്കുകയും ആവശ്യമുള്ളപ്പോൾ കോളാമ്പി എടുത്ത് കൊടുക്കുകയുമൊക്കെ താഴെയുള്ളവർ ചെയ്യേണ്ടതാണ്. പ്രായം കുറഞ്ഞ സ്ത്രീകളോ, ജോലിക്കാരോ, കുട്ടികളോ ആണത് ചെയ്യുന്നത്. പുരുഷന്മാരും പ്രായമായ സ്ത്രീകളുമാണ് മിക്ക സംസ്‌കാരങ്ങളിലും വെറ്റ മുറുക്കിയിരുന്നത്.

പൂനയിലെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജ്. ഇവിടെയാണ്​ ഡോ. ജയശ്രീ എം.ഡിക്ക് പഠിച്ചത്​ / Photo: Wikimedia Commons

വിവാഹം പോലെയുള്ള ആഘോഷങ്ങളിലും ഇതൊരു ഭാഗമായിരുന്നു. ശീലങ്ങളും രുചികളും അധികാരവും സംസ്‌കാരവുമെല്ലാം ഇവിടെ ലയിച്ച് കിടക്കുന്നത് കാണാം. ഈ സംസ്‌കാരത്തെ ഏറെക്കുറെ മാറ്റാൻ പുതിയ ആരോഗ്യ സങ്കൽപ്പനങ്ങൾക്ക് കഴിഞ്ഞു എന്ന് വിലയിരുത്താവുന്നതാണ്. പുകയില ആരോഗ്യത്തിന് ഹാനികരമാണെന്നും ക്യാൻസർ ഉണ്ടാക്കുമെന്നുമുള്ള ബോധമാണ് ഇന്ന് മുന്നിട്ടു നിൽക്കുന്നത്. എന്നാൽ, ഉൾനാടൻ സംസ്‌കാരങ്ങൾ ഇതിന് അപവാദമായിട്ടുണ്ട് . കുറച്ച് നാൾ മുമ്പ്, അങ്ങനെ ഒരിടത്ത് പോയപ്പോൾ ആരോഗ്യപ്രവർത്തകരുടെ ഉപദേശത്തിന് പുല്ലു വില (പുല്ലിന് വിലയില്ലേ എന്നൊരു സംശയം) കൊടുത്തു കൊണ്ട് "പുകയില മുറുക്ക് നിർത്താനുദ്ദേശിക്കുന്നില്ലെന്ന്,' ഒരു സ്ത്രീ തീർത്തു പറഞ്ഞു. ആരോഗ്യ അവബോധമുണ്ടാക്കുമ്പോൾ, സംസ്‌കാരത്തിന് കൊടുക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ ബോധ്യമുണ്ടാവുകയായിരുന്നു.

അമ്മാമ്മക്ക് നൽകിയ പരിചരണത്തിൽ സമയത്തിന് മരുന്ന് കൊടുക്കുക എന്നതും ഉണ്ടായിരുന്നു. മറ്റുള്ളവരെ പരിചരിക്കുക എന്നത് പലപ്പോഴും നമുക്ക് ഒരു ബാധ്യതയായാണ് വരുന്നത്. വീടുകളിൽ അത് സ്ത്രീകളുടെ ജോലിയാണ്. അവർക്ക് മറ്റു ജോലി തിരക്കുകൾക്കിടയിൽ ഇതിനെപ്പോഴും സമയം കിട്ടണമെന്നില്ല. വിദ്യാർത്ഥികൾക്ക് ഒഴിവു സമയങ്ങളിലും, യുവാക്കൾക്കും പ്രായമുള്ളവർക്കും എല്ലാം ഇതേറ്റെടുക്കാവുന്നതാണ്. നമ്മുടെ നാട്ടിൽ, പാലിയേറ്റീവ് കെയർ ഒരു പുതിയ സംസ്‌കാരം വളർത്തിയെടുത്തിട്ടുണ്ട്. എന്നാൽ, വീടുകളിലെ പരിചരണത്തിൽ വിദ്യാർത്ഥികൾക്കും പുരുഷന്മാർക്കും കൂടുതൽ പങ്ക് വഹിക്കാൻ കഴിയും. സ്ത്രീകൾ കൂടുതലായും ഉത്പാദനമേഖലയിലേക്കും ഭരണരംഗത്തേക്കും മാറുന്നതിനും ഇതാവശ്യമാണ്. ഹിംസാത്മകത പുരുഷ സ്വഭാവവും, പരിചരണം സ്ത്രീസഹജവുമാണെന്ന ബോധം മാറ്റിയെടുക്കേണ്ടതുമുണ്ട്.

കന്റോൺമെന്റ് ആശുപത്രിയിലെ നഴ്സുമാർ അതിരാവിലെ മുടി ചീകി കെട്ടി തരുകയും മുഖവും കഴുത്തും തുടച്ചു വൃത്തിയാക്കുകയും പല്ലു തേക്കാൻ സഹായിക്കുകയും ചെയ്തു. ഇടക്കിടെ ഐസിൽ മുക്കിയ പഞ്ഞി കൊണ്ട് മുഖവും ശരീരവും തുടക്കുകയും, എഴുന്നേൽപ്പിച്ചിരുത്തി മുസമ്പി നീര് കുടിപ്പിക്കുകയും ചെയ്തു. യാതൊരു മുൻ പരിചയവുമില്ലാത്ത ഒരാളെ ഇത്രയും സ്‌നേഹത്തോടെ എങ്ങനെയാണ് പരിചരിക്കാൻ കഴിയുക എന്ന് ഞാൻ അതിശയപ്പെട്ടു.

മറ്റുള്ളവരോടുള്ള നിരുപാധികമായ കരുതൽ, മനുഷ്യരുടെ സഹജമായ ഉത്തരവാദിത്വമാണെന്ന് തത്വചിന്തകനായ ഇമ്മാനുവൽ ലവിനാസ് പറയുന്നു. ഞാനെന്ന തിരിച്ചറിവിന് മുമ്പ് തന്നെ മറ്റുള്ളവരോടുള്ള അനുകമ്പ നിലവിലുണ്ട്. ഒരാളിലൊതുങ്ങാതെ നിസ്സീമമായി അത് നീളുന്നതുമാണ്. സാമൂഹ്യക്രമങ്ങൾക്ക് വിധേയപ്പെട്ടു കൊണ്ടുള്ള കർമ്മ പരിപാടികളെക്കുറിച്ചല്ല ലെവിനാസ് പറയുന്നത്. ചിന്തക്കുമപ്പുറമുള്ള മനുഷ്യാവസ്ഥയാണത്. പല സ്ത്രീകളിലും ഈ അത്ഭുതം പ്രകടമായി കണ്ടിട്ടുണ്ട്. എന്നെ പോലെയുള്ളവർ പല കാരണങ്ങളാലും ഇതിൽ നിന്നകന്നു പോയവരാണ്. മെഡിക്കൽ ബിരുദമെടുത്ത ശേഷം ഞാൻ ആദ്യം ജോലിക്ക് ചേർന്നത് തൃശൂരിലെ അമല ആശുപത്രിയിലായിരുന്നു. ആദ്യ ദിവസം നൈറ്റ് ഡ്യൂട്ടി എടുക്കുമ്പോൾ കുറച്ച് പരിഭ്രമമുണ്ടായിരുന്നു. മൊത്തം ആശുപത്രിയിലേക്കായി ഒരൊറ്റ ഡോക്ടർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടാവുക. സിസ്റ്റർ നീമിയ, സിസ്റ്റർ ആൻസലം തുടങ്ങിയ സന്യാസിനിമാരായ നഴ്സുമാർ രോഗികളുടെ മുഖത്തേക്ക് പൊഴിച്ച പുഞ്ചിരിയും നല്ല വർത്തമാനവും രോഗികൾക്ക് മാത്രമല്ല, എനിക്കും ആത്മവിശ്വാസം നൽകി. കേസ് ഷീറ്റിൽ ഞാനെഴുതിയ മരുന്നുകൾ മാത്രമല്ല, ആ നഴ്സുമാരുടെ നല്ല മൊഴികൾ കൂടിയാണ് രോഗികളുടെ പീഡകൾ അകറ്റിയതെന്നാണ് ഞാൻ വിചാരിക്കുന്നത്.

അമല ഹോസ്പിറ്റലിലെ സഹപ്രവർത്തകരോടൊപ്പം ജയശ്രീ (നിൽക്കുന്നവരിൽ ഇടതു നിന്ന് രണ്ടാമത്‌)

പൂനയിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിൽ എം.ഡി ക്ക് പഠിക്കുന്ന കാലത്ത് എനിക്ക് ടൈഫോയ്ഡ് പിടിപെട്ടു. കടുത്ത പനി മൂലം പലപ്പോഴും ബോധം തന്നെ മറഞ്ഞു പോയിരുന്നു. കന്റോൺമെന്റ് ആശുപത്രിയിലെ നഴ്സുമാർ അതിരാവിലെ മുടി ചീകി കെട്ടി തരുകയും മുഖവും കഴുത്തും തുടച്ചു വൃത്തിയാക്കുകയും പല്ലു തേക്കാൻ സഹായിക്കുകയും ചെയ്തു. ഇടക്കിടെ ഐസിൽ മുക്കിയ പഞ്ഞി കൊണ്ട് മുഖവും ശരീരവും തുടക്കുകയും, എഴുന്നേൽപ്പിച്ചിരുത്തി മുസമ്പി നീര് കുടിപ്പിക്കുകയും ചെയ്തു. യാതൊരു മുൻ പരിചയവുമില്ലാത്ത ഒരാളെ ഇത്രയും സ്‌നേഹത്തോടെ എങ്ങനെയാണ് പരിചരിക്കാൻ കഴിയുക എന്ന് ഞാൻ അതിശയപ്പെട്ടു. ധാരാളം രോഗികളുടെ സ്​പ്ലീൻ ഞാൻ പരിശോധിച്ചിട്ടുണ്ടെങ്കിലും, റസിഡന്റ് ഡോക്ടർ എന്റെ വയറിന്റെ മുകളിൽ അമർത്തി അതിന്റെ അവസ്ഥ പരിശോധിച്ചപ്പോൾ എനിക്ക് അത് പുതിയ അനുഭവമായിരുന്നു. ടൈഫോയ്ഡ് വരുമ്പോൾ സ്​പ്ലീൻ വീക്കം ഉണ്ടാകാറുണ്ട്. രോഗത്തിനടിപ്പെടുന്ന ആൾ ചികിത്സകരോട് എത്രമേൽ വിധേയപ്പെട്ടിരിക്കുന്നു എന്നത് ബോധ്യമാകുമ്പോഴാണ്, തിരിച്ച് എത്ര മേൽ കരുതലോടെയാണ് അവർ രോഗികളോട് ഇടപെടേണ്ടതെന്ന ബോധ്യം നമുക്കുണ്ടാവുക. പകുതി ബോധത്തിലാണ്ടു കിടന്ന ഒരുച്ചക്ക് നെറ്റിയിലെ ഒരു സ്പർശത്തോടെ ഞാനുണർന്നു. വിരൽത്തുമ്പിലൂടെ അനുകമ്പയും സ്നേഹവും ഒഴുക്കാൻ കഴിയുന്ന ആളാണ് മൈത്രേയൻ. എനിക്ക് സുഖമില്ലാത്തതു കൊണ്ട് കേരളത്തിൽ നിന്നെത്തിയ തായിരുന്നു. പൂന യൂണിവേഴ്‌സിറ്റിയിൽ ഗവേഷണം നടത്തിയിരുന്ന സുഹൃത്തായ വേണു ഇടക്ക് കഞ്ഞി വച്ച് കൊണ്ട് തന്നു.

ആയുർവ്വേദ കോളേജിൽ ചേർന്ന് ഡോക്ടറാകാൻ അച്ഛൻ നിർദ്ദേശിച്ചു. ഫിസിക്‌സിൽ ഗവേഷണം നടത്താനാണ് ഞാനിഷ്ടപ്പെട്ടിരുന്നത്

പരിചരണത്തോടൊപ്പം, പത്തനാപുരത്തെ അവധിക്കാലം വേറൊരു ലോകം കൂടി എനിക്ക് മുന്നിൽ തുറന്നിട്ടു. ബന്ധുക്കളും അയൽക്കാരും എല്ലാ ദിവസവും അമ്മാമ്മയെ സന്ദർശിക്കാനെത്തിയിരുന്നു. ആണുങ്ങളും പെണ്ണുങ്ങളുമായി പല തരം മനുഷ്യരെ ഞാൻ കണ്ടു. ആരുമായും അധികം അടുത്തില്ലെങ്കിലും മാറി നിന്ന് അവരുടെ ഒക്കെ സംസാരം ശ്രദ്ധിക്കാൻ എനിക്കിഷ്ടമായിരുന്നു. ഓരോരുത്തരും ഓരോ ലോകം അവരോടൊപ്പം കൊണ്ട് വരും. അങ്ങനെ കുറച്ച് ലോക വിവരം ഉണ്ടായതായി എനിക്ക് തോന്നി. മിക്ക ദിവസങ്ങളിലും അടുത്ത വഴിയിലൂടെ പുസ്തകങ്ങളുമായി ലൈബ്രറിയിലേക്ക് പോയിരുന്ന സൗമ്യനായ ഒരു ചേട്ടനെയും എന്നേക്കാൾ കുറച്ച് കൂടി പ്രായമുള്ള സുന്ദരന്മാരായ രണ്ട് ഇരട്ട സഹോദരന്മാരെയും ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇവരും വീട്ടിലെ സന്ദർശകരായിരുന്നു. തിരിച്ചറിയാൻ പ്രയാസമുള്ള ഇരട്ടകളുടെ വ്യത്യാസങ്ങൾ സൂക്ഷ്മതയോടെ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. എനിക്ക് ചെറുപ്പത്തിൽ ഒരേ പോലെയുള്ള രണ്ട് കറുത്ത പൂച്ചക്കുട്ടികൾ ഉണ്ടായിരുന്നു. അതിലൊന്ന്, ശാന്തസ്വഭാവമുള്ളതും മറ്റേത് പെട്ടെന്ന് ദേഷ്യം പിടിച്ച് മാന്തുന്നതുമായിരുന്നു. അങ്ങനെ എന്തെങ്കിലും വ്യത്യാസം ഇവരിലുണ്ടോ എന്ന് ഞാൻ നിരീക്ഷിച്ചു. റിസൾട്ട് വരാനായപ്പോഴേക്കും ശുശ്രൂഷയും വിരുന്നുകാരുടെ ഉത്സവവും അവസാനിപ്പിച്ച് എനിക്ക് വീട്ടിലേക്ക് തിരിച്ചു പോരേണ്ടി വന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞ് അമ്മാമ്മ മരിക്കുകയും ചെയ്തു.

ജയശ്രീയുടെ അച്ഛൻ

അച്ഛന്, ഞാൻ വൈദ്യശാസ്ത്രം പഠിക്കണമെന്ന ആഗ്രഹമാണ്. പ്രീ ഡിഗ്രി കഴിഞ്ഞ് മെഡിക്കൽ കോളേജിൽ കിട്ടാൻ സാധ്യത ഇല്ല എന്ന് അറിയാമായിരുന്നു. അന്ന് ഡിഗ്രി കഴിഞ്ഞവർക്കാണ് കൂടുതൽ സീറ്റുണ്ടായിരുന്നത്. അതിനാൽ ആയുർവ്വേദ കോളേജിൽ ചേർന്ന് ഡോക്ടറാകാൻ അച്ഛൻ നിർദ്ദേശിച്ചു. ഫിസിക്‌സിൽ ഗവേഷണം നടത്താനാണ് ഞാനിഷ്ടപ്പെട്ടിരുന്നത്. ആയുർവേദവും ഇഷ്ടമായിരുന്നു എങ്കിലും സയൻസ് പഠനം ഉപേക്ഷിക്കാൻ എനിക്ക് മനസ്സ് വന്നില്ല. അച്ഛന്റെ താത്പര്യം കൂടി കണക്കിലെടുത്ത് വീണ്ടും മെഡിക്കൽ കോളേജിൽ പഠിക്കാനുള്ള സാധ്യത നോക്കി ഫിസിക്‌സ് വിട്ട് സുവോളജി ഡിഗ്രിക്ക് ചേർന്നു. ജന്തുശാസ്ത്രം, പ്രധാന വിഷയമാണെങ്കിലും ആദ്യത്തെ രണ്ട് വർഷം ഉപവിഷയങ്ങളായ സസ്യശാസ്ത്രവും രസതന്ത്രവുമാണ് കൂടുതൽ പഠിക്കുന്നത്. ഭാഷകളായി ഇംഗ്ലീഷും സംസ്‌കൃതവും. ഇംഗ്ലീഷ് ക്ലാസുകളും ടീച്ചർമാരും മുമ്പത്തെ പോലെ തന്നെ ഇഷ്ടം തോന്നിപ്പിച്ചു. പ്രത്യേകിച്ച് കവിതാപാഠങ്ങൾ. വൈദ്യശാസ്ത്രത്തിൽ പഠനം തുടങ്ങി കവിതയിലേക്ക് മാറിയ ഇംഗ്ലീഷ് കവി കീറ്റ്‌സിനെയായിരുന്നു എനിക്ക് ഏറ്റവുമിഷ്ടം. ക്ഷയരോഗം ബാധിച്ച് ചെറുപ്പത്തിലേ അദ്ദേഹം മരിച്ചു.

സംസ്‌കൃതം പഠിപ്പിക്കാൻ കോളേജിൽ ആരുമുണ്ടായില്ല. അതിനൊരു കുറവുണ്ടാകേണ്ട എന്ന് കരുതി അവധി ദിവസങ്ങളിൽ, എഴുകോണിൽ തന്നെയുള്ള സംസ്‌കൃത വിദ്യാപീഠത്തിൽ പോയി പഠിക്കാൻ തീരുമാനിച്ചു. സംസ്‌കൃതത്തിനായി ജീവിതം ഉഴിഞ്ഞു വച്ച, കമ്യൂണിസ്റ്റുകാരൻ കൂടിയായ ഗോപി എന്ന മാഷായിരുന്നു അത് നടത്തിയിരുന്നത്. കീറ്റ്‌സിന്റെ പോലെയുള്ള കാല്പനികതയല്ല, സംസ്‌കൃതകാവ്യങ്ങളിലുള്ളത്. രണ്ട് കാലത്തും രണ്ട് ലോകത്തും പിറന്നതാണല്ലോ അവ. വിദ്യാപീഠത്തിൽ ശാകുന്തളം പഠിപ്പിച്ച മാഷ് സംസ്‌കൃത ശ്ലോകത്തോടൊപ്പം ആറ്റൂരിന്റെയും ഏ.ആർ. രാജ രാജ വർമ്മയുടെയും പരിഭാഷ കൂടി ചൊല്ലി തന്നിരുന്നു. ശരീര ലാവണ്യത്തിനും അതോടൊപ്പം ധാർമ്മികതക്കുമാണ് സംസ്‌കൃതകാവ്യങ്ങൾ മുൻ ഗണന നൽകുന്നതെന്ന് എനിക്ക് തോന്നി. ആശ്രമത്തിൽ ചെടികളോടും വല്ലികളോടും മാനുകളോടും ഇണങ്ങിയാണ് ശകുന്തള കഴിയുന്നത്.

ഭാഷാ ക്ലാസുകളിൽ, ഭാവനയുടെ ലോകത്ത് ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ ശേഷം ഞങ്ങൾ ഉടനെ എത്തുന്നത് ലാബറട്ടറിയിലേക്കാണ്. അവിടെ ചെടികളുടെ തളിരിലകളും തണ്ടുകളും കീറി മുറിച്ച് നിറം പിടിപ്പിച്ച് മൈക്രോസ്‌കോപ്പിലൂടെ നോക്കുമ്പോൾ അങ്ങേയറ്റം വിസ്മയകരമായ നേർ കാഴ്ചയാണുണ്ടാകുന്നത്. ഇങ്ങനെ അറിവിന്റെ പലവിധ പാളികളിലേക്ക് നമ്മൾ എടുത്തെറിയപ്പെടുകയാണ്. ഇതിൽ നിന്നെല്ലാം നമ്മുടെ ജീവിതവും ജീവിതവീക്ഷണവും കടഞ്ഞെടുക്കാനുള്ള കടമ യുവാക്കളിൽ നിക്ഷിപ്തമായിരിക്കുന്നു. ഓരോരുത്തരുടെയും സാമ്പത്തികമടക്കമുള്ള ഭൗതിക സാഹചര്യവും ഇതിൽ നിർണ്ണായകമാവും. എങ്ങനെയെങ്കിലും പരീക്ഷ എഴുതി പാസ്സായി പി.എസ്.സി ടെസ്റ്റെഴുതാൻ യോഗ്യത നേടി ഒരു ക്ലർക്കെങ്കിലുമായി ഉപജീവനം നടത്താൻ വിധിക്കപ്പെടുമ്പോൾ ഇതെത്രത്തോളം സാധ്യമാവുമെന്നത് ഒരു വലിയ ചോദ്യമാണ്.

ചെടികൾ സൂര്യനിൽ നിന്ന് ഊർജ്ജമെടുത്ത് ജന്തുക്കൾക്ക് കൂടി ആഹാരമുണ്ടാക്കി കൊടുക്കുന്നുണ്ടല്ലോ. പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ജീവികൾ പലതരം കാലുകൾ പണിതിട്ടുമുണ്ട്. എന്നാൽ മരങ്ങളോ?

ജീവശാസ്ത്രമേഖലയിൽ ദിനം പ്രതി വളരുന്ന അറിവ് ഏതൊരാളെയും ആകർഷിക്കേണ്ടതാണ്. ജന്തുക്കൾക്കും സസ്യങ്ങൾക്കും പൊതുവായതോ അതല്ലെങ്കിൽ സമാനമായതോ ആയ പാരമ്പര്യം അവകാശപ്പെടാനുണ്ട് . ചെടികളുടെ തണ്ടിൽ സൂക്ഷ്മദർശിനിയിലൂടെ അന്ന് കണ്ട, രക്തക്കുഴലുകളെ പോലെ ജീവജലം വഹിച്ചു കൊണ്ട് പോകുന്ന, സൈലം (Xylem), ഫ്‌ളോയം (Phloem) തുടങ്ങിയ സസ്യകലകളുടെയും, മരങ്ങളുടെ പ്രായം കണക്കാക്കാൻ കഴിയുന്ന വാർഷികവലയ (Annual rings) ങ്ങളുടെയും വിസ്മയക്കാഴ്ച മനസ്സിൽ നിന്ന് ഇനിയും മാഞ്ഞു പോയിട്ടില്ല. കോശവും അതിനെ പൊതിയുന്ന ജൈവാവരണവും, പാരമ്പര്യം വഹിക്കുന്ന ന്യൂക്ലിക് അമ്ലങ്ങളും ഉറങ്ങാതെ കർമ്മനിരതരായിരിക്കുന്ന ജീവദ്രവ്യ (cytoplasm) വും സസ്യങ്ങൾക്കും ജന്തുക്കൾക്കും പൊതു സ്വഭാവമായിരിക്കുന്നു.

വിദ്യാഭ്യാസത്തിലൂടെയോ വായനയിലൂടെയോ കിട്ടുന്ന സയൻസ് അറിവുകൾ ഏതു മേഖലയിൽ പ്രവർത്തിക്കുന്നവരെയും ത്രസിപ്പിക്കേണ്ടതാണ്. ഖസാക്കിന്റെ ഇതിഹാസത്തിൽ ഒ.വി.വിജയന് സാഹിത്യഭാഷയിൽ വളരെ മനോഹരമായി ഇതവതരിപ്പിക്കാൻ കഴിയുന്നുണ്ട്. ""പണ്ട് പണ്ട് ഓന്തുകൾക്കും മുൻപ്, ദിനോസറുകൾക്കും മുൻപ്, ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിലാറാടി നിന്ന ഒരു താഴ്വരയിലെത്തി... അനുജത്തി നടന്നകുന്നു. അസ്തമയത്തിന്റെ താഴ്വരയിൽ ഏട്ടത്തി തനിച്ചു നിന്നു. പായൽക്കുരുന്നിൽ നിന്ന് വീണ്ടുമവൾ വളർന്നു. അവൾ വലുതായി. വേരുകൾ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി. മൃതിയുടെ മുലപ്പാലു കുടിച്ച് ചില്ലകൾ പടർന്നു തിടം വെച്ചു. കണ്ണിൽ സുറുമയും കാലിൽ തണ്ടയുമിട്ട ഒരു പെൺകുട്ടി ചെതലിയുടെ താഴ്വരയിൽ പൂവിറുക്കാനെത്തി. അവിടെ തനിച്ചു നിന്ന ചെമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോൾ ചെമ്പകം പറഞ്ഞു, അനുജത്തീ നീയെന്നെ മറന്നുവല്ലോ....''

ചെടികൾ സൂര്യനിൽ നിന്ന് ഊർജ്ജമെടുത്ത് ജന്തുക്കൾക്ക് കൂടി ആഹാരമുണ്ടാക്കി കൊടുക്കുന്നുണ്ടല്ലോ. പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ജീവികൾ പലതരം കാലുകൾ പണിതിട്ടുമുണ്ട്. എന്നാൽ മരങ്ങളോ? നാഡീസമാനമായ തങ്ങളുടെ പന്തലിച്ച വേരുകൾ മണ്ണിൽ പൂഴ്ത്തി തല കുത്തനെ ഉറച്ച് നിൽക്കുകയാണ്. (പ്രത്യുൽപ്പാദന ധർമ്മം നിർവ്വഹിക്കുന്ന പൂക്കളും കായ്കളും മണ്ണിന് മുകളിലായത് കൊണ്ടാണ് തല കുത്തനെ എന്ന് പറഞ്ഞത്) എല്ലാവർക്കുമായി ജീവജലം വലിച്ചെടുക്കാൻ. ഓടി രക്ഷപ്പെടണമെന്ന് തോന്നാത്ത വിധം അവർ ജീവികളോട് വിശ്വാസം പുലർത്തുന്നു.

സംസ്‌കൃത കാവ്യങ്ങളിലെ നായികമാർ അവരുടെ ശരീരതൃഷ്ണ പൂർത്തീകരിക്കാൻ തുനിഞ്ഞിറങ്ങുന്നവരാണ്. അതിനു വേണ്ടി അവർ ഭക്ഷണവും ജലപാനവും പോലും വേണ്ടെന്ന് വക്കും. ആഗ്രഹ നിവൃത്തി അവർക്ക് ജീവിത സാഫല്യം തന്നെയാണ്. ഇഷ്ടപുരുഷനിൽ നിന്നുള്ള പുത്രേച്ഛ, ശരീര ധർമ്മവും അത് തന്നെ ജീവിതലക്ഷ്യവുമാണ്. റൊമാൻ‌സ്, സദാചാരം മുതലായ നൂലാമാലകളൊന്നുമില്ലാത്ത ഉടലിന്റെ കാമനകൾ കുഴപ്പമില്ലല്ലോ എന്ന് തോന്നും.

ശരീരം കൊണ്ട് യുവാവും മനസ്സ് കൊണ്ട് വൃദ്ധനുമായിരുന്ന ഒരാളോടാണ് അക്കാലത്ത് എനിക്ക് അഭിനിവേശമുണ്ടായത്. നല്ല ബുദ്ധിയും ജാതിചിന്തയും അയാൾക്കുണ്ടായിരുന്നു. അങ്ങനെയൊരാളെ ശരീരം കൊണ്ട് കാമിക്കുന്നതിൽ അപാകതയില്ലെന്നു തോന്നുന്നു.

മൈത്രേയൻ

എന്നാൽ, എന്തുകൊണ്ടാണ് ഈ പെണ്ണുങ്ങളെല്ലാം പുത്രന്മാരെ മാത്രം ആഗ്രഹിക്കുന്നത്? ആരും പുത്രിമാരെ ഇച്ഛിക്കുന്നില്ലല്ലോ എന്ന് ചിന്തിക്കുമ്പോഴാണ് ഇതിലെ സോഷ്യൽ എഞ്ചിനീയറിംഗ് പിടികിട്ടുന്നത്. അന്നത്തെ കാലത്തെ രാജാക്കന്മാർക്ക് കോയ്മയുള്ള സാമൂഹ്യ ക്രമം തന്നെയാണ് സാഹിത്യ കൃതികളിലൂടെയും പ്രകടമായിട്ടുള്ളത്. റൊമാൻസിന്റെ ആധുനിക കാലം പ്രണയഭംഗത്തിനുള്ള അവസരം കൂടി സ്ത്രീകൾക്ക് നൽകുന്നുണ്ട്. എന്നാൽ, അത് ഉടലിനെ മാംസവും പ്രേമാത്മാവുമായി വേർതിരിക്കുക വഴി ശരീരതൃഷ്ണകളെ അടക്കി വെക്കാൻ സ്ത്രീകളെ പ്രേരിപ്പിച്ചു. ഇതിൽ ഏതാണ് എന്റെ കാമനകൾക്ക് അക്കാലത്ത് വഴി കാട്ടിയത് എന്ന് നിശ്ചയിക്കാൻ പ്രയാസമാണ്. ഇതിനൊക്കെ അപ്പുറം സ്വേച്ഛയാൽ സമ്പന്നമാക്കപ്പെടുന്ന ഒരു ഭാവി കൂടി യുവതികൾ കാമിക്കുന്നുണ്ടാവില്ലേ? ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ശരീരം കൊണ്ട് യുവാവും മനസ്സ് കൊണ്ട് വൃദ്ധനുമായിരുന്ന ഒരാളോടാണ് അക്കാലത്ത് എനിക്ക് അഭിനിവേശമുണ്ടായത്. നല്ല ബുദ്ധിയും ജാതിചിന്തയും അയാൾക്കുണ്ടായിരുന്നു. അങ്ങനെയൊരാളെ ശരീരം കൊണ്ട് കാമിക്കുന്നതിൽ അപാകതയില്ലെന്നു തോന്നുന്നു. എന്നാൽ, അതൊരു വ്യവഹാരമാക്കപ്പെടുന്ന നിമിഷം, ഒന്നുകിൽ നമ്മൾ തിരസ്‌കാരത്തിന്റെ അപമാനത്തിലേക്കോ അതല്ലെങ്കിൽ വിവാഹത്തിന്റെ ഡെഡ് എൻഡി (dead end)ലേക്കോ എടുത്തെറിയപ്പെടും. ചുറ്റും കണ്ടു കൊണ്ടിരിക്കുന്നത് അതാണ്. അത് നന്നായി തിരിച്ചറിഞ്ഞത് കൊണ്ട് ഒരു നോട്ടത്തിലൂടെ പോലും ഞാൻ അയാളെ അലോസരപ്പെടുത്തിയില്ല. എന്നാൽ, അതിന്റെ ആഘാതം മുഴുവനും എന്റെ പാവം ശരീരം അനുഭവിച്ചു തീർത്തു. അയാളെ കാണുമ്പോഴെല്ലാം ശരീരം വിറ കൊള്ളുകയും ബോധം നിമിഷനേരത്തേക്ക് മറയുകയും ചെയ്തു. വർഷങ്ങളോളം ഇത് തുടർന്നു. അതങ്ങനെ ഒടുങ്ങിയെങ്കിലും ആ കാമനകൾ എനിക്ക് മാത്രം സ്വന്തമാണ്. തൃഷ്ണകൾ ഒടുങ്ങാത്തതാണ്. അത് ഒരാളിൽ നിന്നോ ഒരു വസ്തുവിൽ നിന്നോ മറ്റൊന്നിലേക്ക് അനന്തമായി തുടരും. അത് അതിൽ തന്നെ നിറവാണെങ്കിലും എടുത്ത് മാറ്റിയാൽ വീണ്ടും നിറയും ▮

​​​​​​​(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments