ഡോ. എ.കെ. ജയശ്രീ

പ്രചോദനയായ തിരുവനന്തപുരം

എഴുകോൺ- 19

പ്രചോദനയിൽ പ്രവർത്തിച്ചവരിൽ പലരും പലയിടങ്ങളിലായി ചിതറി പോയി. പോയ ഇടങ്ങളിലൊക്കെ പല തലങ്ങളിൽ ഫെമിനിസം തുടർന്നു.

വിടെ ആയിരുന്നാലും എന്റെ ഇഷ്ടദേശം തിരുവനന്തപുരമാണ്.
ഏത് ചൂടുകാലത്തും തിരുവനന്തപുരത്തെത്തിയാൽ എനിക്ക് കുളിരനുഭവപ്പെടും. മെഡിക്കൽ കോളേജ് പരിസരം എനിക്ക് വീട്ടുമുറ്റമാണ്. നഗരത്തിന്റെ നന്മകളും നാട്ടിൻപുറത്തിന്റെ ചാരുതയുമുള്ള നാടാണ് തിരുവനന്തപുരം. എന്റെ ജീവിതത്തിന്റെ നല്ല കാലം ഒരുപാട് കഴിഞ്ഞത് തിരുവനന്തപുരത്താണ്. ഹോസ്റ്റലിൽ നാലഞ്ചു വർഷം താമസിച്ചെങ്കിലും നൈറ്റ് ക്ലാസുകൾക്കായി രാത്രി പുറത്ത് നടന്നിട്ടുണ്ടെങ്കിലും നഗരത്തിന്റെ രാത്രികൾ മുഴുവൻ ആസ്വദിച്ചത് ഹോസ്റ്റലിനു പുറത്ത് ജീവിക്കാൻ തുടങ്ങിയപ്പോഴാണ്. അതിനു മുമ്പ് ബസ് സ്റ്റാന്റിലോ സിനിമാ തിയേറ്ററിലോ അമ്പലങ്ങളിലോ നിത്യചൈതന്യയതി വരുന്ന സ്ഥലങ്ങളിലോ അപൂർവ്വം ചില കൂട്ടുകാരുടെ വീട്ടിലോ മാത്രമാണ് ഞാൻ പോയിരുന്നത്. വല്ലപ്പോഴും മ്യൂസിയത്തിലും ബീച്ചിലും പോയിരുന്നു. എവിടെ ജീവിച്ചാലും സംരക്ഷണയിൽ കഴിയുന്ന സ്ത്രീകളുടെ ലോകം ചരുങ്ങിയതായിരിക്കും. ഒരേ ദേശത്ത് തന്നെ എത്രയധികം ലോകങ്ങളുണ്ട്? അധോലോകമടക്കം തിരുവനന്തപുരത്തിന്റെ അനേകമുഖങ്ങൾ പിന്നീട് അറിയാൻ കഴിഞ്ഞിട്ടുണ്ട്.

പട്ടത്തും ഗൗരീശപട്ടത്തും പ്രശാന്ത് നഗറിലും ശ്രീകാര്യത്തിനടുത്തുള്ള ചെറുവക്കലും ഞങ്ങൾ താമസിച്ചു. തികച്ചും ഗ്രാമീണമായ ജീവിതമായിരുന്നു ചെറുവക്കലേത്. അവിടെ ക്ലിനിക് നടത്തിയിരുന്നതുകൊണ്ട് ആളുകളെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു. നഗരത്തെ കൂടുതൽ അറിഞ്ഞത് പ്രചോദനയുടെ കാലത്താണ്. പകൽ പലപ്പോഴും ഓരോ ഊട് വഴികളിലൂടെയൊക്കെ ചുറ്റി തിരിയേണ്ടി വരും. ചെറിയ കടകളിൽ നിന്ന് നന്നാറി സർബ്ബത്തും ചായയും കുടിക്കും. വൈകുന്നേരങ്ങളിൽ നല്ല സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ടെങ്കിൽ അത് കാണാനായി. എല്ലാ ദിവസവും നഗരത്തിൽ ചർച്ചയോ സമ്മേളനമോ എന്തെങ്കിലും നടന്നു. വർഷങ്ങളായി തിരുവനന്തപുരത്ത് താമസിച്ചിട്ടും നഗരത്തിന്റെ സാംസ്‌കാരികമുഖം കാണാനായത് ഇക്കാലത്താണ്. ഫെമിനിസ്റ്റ് കൂട്ടുകാരിൽ മിക്ക പേരും അന്ന് മിക്കവാറും വീട്ടുകാരുടെ കണ്ണ് വെട്ടിച്ചാണ് ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. അവർക്ക് വൈകുന്നേരം തിരിച്ച് വീട്ടിലെത്തേണ്ടിയിരുന്നു. അത് കൊണ്ട് വൈകുന്നേരങ്ങളിലെ എന്റെ ചുറ്റിത്തിരിയൽ മൈത്രേയനോടോ മറ്റു സുഹൃത്തുക്കളോടോ ഒപ്പമായിരുന്നു. ഫെമിനിസത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരുന്ന എൻ.കെ. രവീന്ദ്രൻ, ജെ. രഘു എന്നിവരൊക്കെ സ്ഥിരം വീട്ടിൽ വരുകയും അങ്ങനെ ആൺ പെൺ വ്യത്യാസമില്ലാതെ ഫെമിനിസം ചർച്ചാ വിഷയമായി കൊണ്ടിരുന്ന അന്തരീക്ഷമായിരുന്നു അത്. മിക്കവാറും വീടിനുള്ളിലും മുറ്റത്തും പോസ്റ്റർ നിർമ്മാണം നടന്നു. ഞങ്ങൾ തന്നെ അത് നഗരത്തിന്റെ പല ഭാഗത്തും മതിലിൽ ഒക്കെ കയറി നിന്ന് ഒട്ടിച്ചു. 1986 ലാണ് ഞങ്ങളിതൊക്കെ ചെയ്യാൻ തുടങ്ങിയത്. അന്ന് സ്ത്രീകൾ ഇതൊക്കെ ചെയ്യുന്നത് പുതുമയായിരുന്നത് കൊണ്ടും എഴുതിയിരുന്ന വരികളുടെ പ്രത്യേകതകൾ കൊണ്ടും മാധ്യമങ്ങൾ പ്രാധാന്യത്തോടെ തന്നെ ഇതേറ്റെടുത്തു.

സാറാ ജോസഫ്

ആയിടെ പ്രചോദനയുടെ ഒരു മീററിംഗിൽ വച്ച് പട്ടാമ്പിയിൽ, ഞങ്ങളുടേതുപോലെ "മാനുഷി' എന്ന പേരിൽ ഒരു സംഘടന ഉള്ളതായി ആരോ പറഞ്ഞു. പത്രത്തിൽ വന്ന വാർത്തയിൽ നിന്നായിരുന്നു അതറിഞ്ഞത്. അതോടൊപ്പം അതിന് നേതൃത്വം നൽകുന്ന സാറാ ജോസഫിനെ പറ്റിയും സംസാരമുണ്ടായി. സാറാ ജോസഫ് കഥകളെഴുതുമെന്നും അവ മറ്റു കഥകളിൽ നിന്നും വളരെ വ്യത്യസ്തമാണെന്നും വായിച്ചിട്ടുള്ളവർ പറഞ്ഞു. ആ കഥകളിൽ, സ്ത്രീകൾ കഥയുള്ളവരായി നിറഞ്ഞു നിന്നു. ഞങ്ങൾക്ക് അവരുമായി ബന്ധപ്പെടാൻ ആവേശമുണ്ടായി. ആരൊക്കെയോ തമ്മിൽ ബന്ധപ്പെടാൻ തുടങ്ങി. ഇതേ സമയത്ത് തന്നെ കോഴിക്കോട് ഒരു ഫെമിനിസ്റ്റ് കൂട്ടായ്മ തുടങ്ങാൻ കെ. അജിതയും തീരുമാനിച്ചു. അതിന്റെ ആലോചനാ യോഗത്തിൽ ഞാനും മൈത്രേയനും പങ്കെടുത്തു. അന്ന് തന്നെ അതിന് "ബോധന' എന്ന പേരും തെരഞ്ഞെടുത്തു.

അടുത്തൊരു ദിവസം , പട്ടാമ്പി എന്ന മനോഹരഗ്രാമത്തിലേക്ക് തിരുവനന്തപുരത്ത് നിന്ന് ഞങ്ങൾ വണ്ടി കയറി. ഗംഗ ഒപ്പമുണ്ടായിരുന്നതായി ഞാൻ ഓർക്കുന്നു. കേരളത്തിന്റെ മനോഹാരിത പോലും കണ്ട് തീർത്തിട്ടില്ലാത്ത സമയമായിരുന്നു അത്. ഏതൊരു ചെറിയ യാത്രയും അന്ന് ത്രില്ലടിപ്പിക്കും. കുടുംബശ്രീ മുതൽ സാമൂഹ്യരംഗത്തേക്ക് കടന്നു വരുന്ന ഏതൊരു സ്ത്രീയോടും ഒഫിഷ്യൽ ആവശ്യങ്ങൾക്കായി യാത്ര പോകുന്ന ഉദ്യോഗസ്ഥകളോടും ചോദിച്ചു നോക്കൂ. സ്വതന്ത്രമായ ആദ്യയാത്രകളുടെ അനുഭവങ്ങൾ എല്ലാവർക്കും ഇങ്ങനെയൊക്കെയായിരിക്കും. പുരുഷന്മാർക്ക് ഇതൊക്കെ ജന്മാവകാശമായി കിട്ടിയതായതു കൊണ്ട് ഒരു പക്ഷേ, സ്ത്രീകളുടെ ഇത്തരം ലഡ്ഡു പൊട്ടലുകൾ മനസ്സിലാകണമെന്ന് തന്നെയില്ല. പഠിക്കാനായൊക്കെ ദൂരയാത്രകൾ ചെയ്യുമ്പോഴും സ്ത്രീകൾക്ക് വീട്ടിലെ പുരുഷന്മാരുടെ അകമ്പടിയുണ്ടാകും. ഈയൊരു കണ്ടീഷനിംഗ് കൊണ്ട് ഒറ്റക്ക് യാത്ര ചെയ്യാൻ ഭയക്കുന്ന സ്ത്രീകളുമുണ്ട്. ഹോസ്റ്റലിലേക്കും തിരിച്ചുമുള്ള യാത്രകളിൽ എന്നെ അച്ഛൻ പിന്തുടർന്നിരുന്നില്ല എന്നതിനാൽ ഒറ്റക്കുള്ള യാത്രകൾ ഞാൻ നന്നായി ആസ്വദിച്ചിരുന്നു. സ്ത്രീകൾ ഇപ്പോൾ ഒറ്റക്കും കൂട്ടായും ധാരാളം യാത്ര ചെയ്യുന്നുണ്ട്. എന്നാലും, ഇപ്പോഴും മിക്ക വിദ്യാർഥിനികളെയും മുതിർന്ന സ്ത്രീകളെയും യാത്ര ചെയ്യുമ്പോൾ വീട്ടിലെ ആണുങ്ങൾ അകമ്പടി സേവിക്കുന്നതു കാണാം. ഈയിടെ ഒരു യാത്രയിൽ ഒരു പെൺകുട്ടിയെ റയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ട ശേഷം ആശങ്കയോടെ ഒരു രക്ഷകൻ തിരിച്ചു പോയി. ആൾ തിരിച്ചു പോയതിനു ശേഷം എന്റെ അടുത്തിരുന്ന ആ പെൺകുട്ടിയുടെ അംഗചലനങ്ങളിലും മുഖത്തും വന്ന ഭാവവ്യത്യാസങ്ങൾ അവൾക്ക് കിട്ടിയ സ്വാതന്ത്ര്യം വിളിച്ചോതി. അതുവരെ അവൾ അഭിനയിക്കാൻ പെട്ട പാടും ഞാൻ കണ്ടിരുന്നു.

ഫെമിനിസ്റ്റുകൾക്കിടയിൽ വളർന്നു വന്നത് പുതിയ തരം ബന്ധമാണ്. അത് കൂട്ടുകാരികളുടേതല്ല, സ്വവർഗഅനുരാഗിണികളുടേതല്ല, കാമുകീ കാമുകന്മാരുടേതല്ല, വിപ്ലവ സഖാക്കളുടേതല്ല, എന്നാൽ, ഇതെല്ലാം കൂടി ചേർന്നതാണ്.

പട്ടാമ്പിയിൽ ആദ്യമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫെമിനിസ്റ്റുകൾ ഒത്തുചേരുകയായിരുന്നു. ഇപ്പോൾ മുതിർന്ന തലമുറയിലുള്ള മിക്കവാറും എല്ലാ ഫെമിനിസ്റ്റുകളും ആ മീററിംഗിൽ പങ്കെടുത്തു. ഞങ്ങൾ തിരുവനന്തപുരത്ത് നിന്നും കാര്യമായി ചർച്ച ചെയ്തു കൊണ്ടാണ് പോയത്. തീർച്ചയായും അതൊരു വിനോദയാത്രയായിരുന്നില്ല. ആവശ്യത്തിലധികം ഗൗരവത്തോടെയായിരുന്നു ഞങ്ങൾ ഈ വിഷയത്തെ സമീപിച്ചിരുന്നത്. പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ കുടുംബം അവിടെ ഒരു പ്രധാന ചർച്ചാ വിഷയമായി. "കുടുംബം തകർക്കുന്നവരല്ലേ നിങ്ങൾ?' എന്ന് സമൂഹം ഞങ്ങളുടെ നേർക്ക് നീട്ടുന്ന ചോദ്യം ഞങ്ങൾ സ്വയം ചോദിച്ചു കൊണ്ട് പരസ്പരം വാദിക്കുകയും സംവദിക്കുകയും ചെയ്തു. ഇന്ത്യയിലെ മറ്റു പല ഭാഗങ്ങളിലുമെന്ന പോലെ സോഷ്യലിസ്റ്റ് ഫെമിനിസ്റ്റ് കാഴ്ചപ്പാടിനെ എല്ലാവരും ഒരേ പോലെ പിന്തുണച്ചു.

കെ. അജിത

ഞങ്ങളിൽ കുറച്ച് പേർ ആദ്യമായി രാഷ്ട്രീയത്തിലേക്ക് വന്നവരെങ്കിലും നേരത്തെ ഏതെങ്കിലും തരത്തിൽ രാഷ്ട്രീയമുണ്ടായിരുന്നവർ മാർക്‌സിസ്റ്റ് പാരമ്പര്യത്തിൽ നിന്നുള്ളവരായിരുന്നു. പാശ്ചാത്യഫെമിനിസത്തെ എല്ലാവരും വിമർശനപരമായാണ് നോക്കി കണ്ടത്. കുടുംബത്തിന്റെയും സദാചാരത്തിന്റെയും കാര്യത്തിൽ സൂക്ഷ്മമായ അഭിപ്രായ വ്യത്യാസങ്ങൾ പലർക്കുമിടയിൽ ഉണ്ടായിരുന്നു. അത് ഇപ്പോഴും തുടരുന്നുമുണ്ട്. ഇത്തരം സൂക്ഷ്മമായ വ്യത്യാസങ്ങളും സംവാദങ്ങളുമാണ് രാഷ്ട്രീയത്തെ സജീവമാക്കുന്നത്. ഫെമിനിസത്തിന്റെ കാതൽ ലൈംഗികതയുടെ രാഷ്ട്രീയമാണെങ്കിലും അത് ഇവിടെ പ്രയോഗത്തിൽ വർഗ സമരത്തോട് ക്ഷമാപണത്തോടെയാണ് നിലകൊള്ളുന്നത്. ഇപ്പോൾ കുറെയൊക്കെ മാറ്റം വന്നിട്ടുണ്ട്. എന്നാൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയോ പരിസ്ഥിതിയുടെയൊക്കെയോ ഭാഗമായി മാത്രമേ സ്ത്രീ പ്രശ്‌നം കാണാൻ കഴിയൂ എന്ന വാദവും ശക്തമാണ്. അക്കാദമിക്‌സിൽ, ഇന്റർ സെക്ഷനാലിറ്റിയുടെ ചട്ടക്കൂടിൽ വച്ചാണ്, ഇപ്പോൾ സ്ത്രീപ്രശ്നത്തെ വിശകലനം ചെയ്യുന്നത്. മുന്നും പിന്നും നോക്കാതെ, സ്വന്തമായി നേരിടുന്ന പ്രശ്‌നങ്ങളെ ഒറ്റക്കോ കൂട്ടായോ പ്രതികരിക്കുന്നവരെ പൊതുവെ, അരാഷ്ട്രീയരായോ അരാജകവാദികളായോ മുദ്ര കുത്തും. എന്നാൽ, അറിഞ്ഞോ അറിയാതെയോ ഫെമിനിസ്റ്റ് മുന്നേറ്റത്തിൽ അവരും പങ്ക് വഹിക്കുന്നു എന്നതാണ് വാസ്തവം.

ഏകീകൃത സിവിൽ കോഡിനായുള്ള വാദത്തിനും അതിനായി തെരുവിലിറങ്ങിയുള്ള സമരത്തിനും അർത്ഥവും ആവശ്യവുമുണ്ടായിരുന്നു. ഈ ആവശ്യത്തിനായി ജാഥ നടത്തുകയും നിയമത്തിന്റെ കോപ്പി പൊതുസ്ഥലത്ത് കത്തിക്കുകയും ചെയ്തു.

ഏതായാലും പട്ടാമ്പിയിലെ കൂടിച്ചേരൽ ഞങ്ങൾക്കെല്ലാം വലിയ പ്രചോദനമായി. അന്നവിടെ ചേർന്നവർ ഇപ്പോഴും ഏറ്റവും പ്രിയപ്പെട്ടവരാണ്. ഫെമിനിസ്റ്റുകൾക്കിടയിൽ വളർന്നു വന്നത് പുതിയ തരം ബന്ധമാണ്. അത് കൂട്ടുകാരികളുടേതല്ല, സ്വവർഗഅനുരാഗിണികളുടേതല്ല, കാമുകീ കാമുകന്മാരുടേതല്ല, വിപ്ലവ സഖാക്കളുടേതല്ല, എന്നാൽ, ഇതെല്ലാം കൂടി ചേർന്നതാണ്. ആദ്യമായി കണ്ട് മുട്ടുമ്പോഴും, കാലങ്ങൾക്ക് ശേഷം ഒത്തു ചേരുമ്പോഴും, ഒരു ഫോൺ വിളിയിലോ മെസ്സേജിലോ കണക്ട് ചെയ്യുമ്പോഴും , ആ ഊഷ്മളത പടർന്ന് കയറും. ഈ അനുഭവമില്ലെങ്കിൽ സ്ത്രീ ജീവിതം ""പൂർണ''മാവില്ല. ""ഞാനൊരു ഫെമിനിസ്റ്റല്ല'' എന്ന് പറയുന്ന സ്ത്രീകൾക്ക് ഈ അനുഭവമില്ല.

ഷാ ബാനോ കേസിലെ സുപ്രീം കോടതി വിധി നേർപ്പിച്ച് കൊണ്ട് 1986ൽ രാജീവ് ഗാന്ധി മുസ്‌ലിം വനിതാ സംരക്ഷണ നിയമം കൊണ്ട് വന്നു. അന്ന് ഫെമിനിസ്റ്റ് സംഘടനകൾ അതിനെ എതിർക്കുകയും യൂണിഫോം സിവിൽ കോഡ് ആവശ്യപ്പെടുകയുമാണുണ്ടായത്. ഇപ്പോഴത്തെ സാഹചര്യത്തിൽ തലാക്ക് നിയമവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിലപാടാണ് ഫെമിനിസ്റ്റ് സംഘടനകൾ സ്വീകരിച്ചത്. ഇതുപോലെയുള്ള വിഷയങ്ങളിൽ രാഷ്ട്രീയാന്തരീക്ഷത്തിന്റെ സങ്കീർണതകൾ കൂടി പരിശോധിച്ചാണ് നിലപാടുകൾ ഉണ്ടാകുന്നത്. സ്ത്രീകളുടെ വ്യത്യസ്ത സാഹചര്യങ്ങൾ തിരിച്ചറിയുക വഴി ഏകതാനമായ ഒരു കാഴ്ച മാത്രം മതിയാവില്ലെന്നത് ദീർഘ കാലത്തെ പ്രയോഗത്തിൽ നിന്നുള്ള മനസിലാക്കലാണ്. അന്ന്, ഏകീകൃത സിവിൽ കോഡിനായുള്ള വാദത്തിനും അതിനായി തെരുവിലിറങ്ങിയുള്ള സമരത്തിനും അർത്ഥവും ആവശ്യവുമുണ്ടായിരുന്നു. ഈ ആവശ്യത്തിനായി ജാഥ നടത്തുകയും നിയമത്തിന്റെ കോപ്പി പൊതുസ്ഥലത്ത് കത്തിക്കുകയും ചെയ്തു. സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയനിലെയും മറ്റു പല സംഘടനകളിലെയും സ്ത്രീകൾ ഞങ്ങളുടെ സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയിരുന്നത് കൊണ്ട് ജാഥയിൽ പങ്കെടുക്കുന്ന ആളുകൾക്കൊന്നും കുറവുണ്ടായിരുന്നില്ല. പൊതുവായ ആവശ്യത്തിനായി സ്റ്റേറ്റിനെതിരെ നടത്തിയ ആദ്യത്തെ പ്രക്ഷോഭമായിരുന്നു അത്. ഇതിൽ യോജിപ്പുണ്ടായിരുന്ന എല്ലാ സംഘടനകളെയും ഒരുമിച്ച് കൊണ്ട് വരാനായി. ഒരു ഡിബേറ്റായി ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രമേയമാണ് അന്ന് തുറന്നു വച്ചത്.
സ്ത്രീകളുടെ കുടുംബത്തിനുള്ളിൽ നടക്കുന്നതും വ്യക്തിപരവുമായ പല പ്രശ്‌നങ്ങളും ഒരു വർഷത്തിനിടയിൽ ഞങ്ങൾ പുറം ലോകത്തേക്ക് കൊണ്ട് വന്നു. സ്വകാര്യ ജീവിതത്തിൽ ഉറ്റവരിൽ നിന്ന് നേരിടുന്ന പ്രശ്‌നം രാഷ്ട്രീയമായി കാണുകയും അവതരിപ്പിക്കുകയും ചെയ്യാൻ കഴിഞ്ഞു എന്നത് എല്ലാ രാഷ്ട്രീയ കക്ഷികളെയും ഇതേറ്റെടുക്കാൻ നിർബ്ബന്ധിതരാക്കി, ഇന്നിപ്പോൾ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ആത്മാർത്ഥമാണെങ്കിലും അല്ലെങ്കിലും എല്ലാ പാർട്ടികളും മത്സരിച്ച് ഉന്നയിക്കുന്നുണ്ട്.

തിരുവനന്തപുരത്തിന് ഏകദേശം 30 കിലോമീറ്റർ വടക്ക് കാരേറ്റ് എന്ന ഗ്രാമത്തിലെ ഒരു വീട്ടിൽ ഒരു കൊലപാതകം നടന്നു. ഗാർഹിക പീഡനം ഒരു വിഷയമായി ഫെമിനിസ്റ്റ് സംഘടനകൾ ഉയർത്തി കൊണ്ട് വരുന്നു എന്നല്ലാതെ അതിനായുള്ള പ്രത്യേക നിയമങ്ങളൊന്നും അന്ന് നിലവിൽ ഇല്ല. സ്ത്രീധന നിരോധന നിയമം, ആദ്യകാലം മുതൽ നിലവിലുണ്ടെങ്കിലും അത് വേണ്ട രീതിയിൽ നടപ്പിലാക്കാൻ നമ്മുടെ സാഹചര്യങ്ങളിൽ ഒരിക്കലും കഴിഞ്ഞിട്ടില്ല. സാമാന്യം മെച്ചപ്പെട്ട സാമ്പത്തിക നിലയുള്ള ഒരു വീട്ടിലാണ് ഇത് നടന്നത്. മരിച്ച സ്ത്രീക്ക് നീതി കിട്ടാനായി ഞങ്ങൾ ഇതേറ്റെടുത്തു. സാധാരണ ഇത്തരമൊരു സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നത് തന്നെ ഒഴിവാക്കപ്പെടും. ഞങ്ങൾ അവിടെ പോയി, നാട്ടിലെ സ്ത്രീകളെ സംഘടിപ്പിച്ച് ഒരു സമിതിയുണ്ടാക്കി. ഇവിടെയും പ്രാദേശികമായി എല്ലാ രാഷ്ട്രീയ പാർട്ടിയുടെയും സ്ത്രീ സംഘടനകൾ കൂടെ വന്നു. പുരോഗമനസംഘടനകളൊക്കെ പിന്തുണ നൽകി. പെട്ടെന്ന് പൊട്ടി മുളച്ച ഞങ്ങളുടെ സംഘടനയെ നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കാത്തതിനാലാണോ എന്നറിയില്ല, പാർട്ടികളുടെ മുകളിൽ നിന്നും അക്കാലത്ത് ഞങ്ങൾക്ക് എതിർപ്പുകളൊന്നും നേരിടേണ്ടി വന്നിരുന്നില്ല. തിരുവനന്തപുരത്തായതു കൊണ്ട് സംസ്ഥാന നേതാക്കളെയൊക്കെ ഞങ്ങൾ നിരന്തരം കണ്ടിരുന്നു. സ്ത്രീകളുടെ ഒരു ചെറുസംഘത്തെ എങ്ങനെ നേരിടണമെന്ന് ആ വീട്ടുകാർക്കും നിശ്ചയമുണ്ടായിരുന്നില്ലെന്നു തോന്നുന്നു. എങ്കിലും ഈ പ്രവൃത്തിയിലെ റിസ്‌കിനെ പറ്റി ഞങ്ങൾ ബോധമുള്ളവരായിരുന്നു. അവരുടെ വീടിനു തൊട്ടു മുന്നിൽ പന്തൽ കെട്ടി ഞങ്ങൾ പ്രസംഗങ്ങൾ നടത്തി. നേരത്തെ ഇതൊന്നും ചെയ്ത് പരിചയമുള്ളവരായിരുന്നില്ല ഞങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. എങ്കിലും ഭയമില്ലാതെ ഓരോ ചുവടും മുന്നോട്ടു വച്ചു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ ഇതിനായി പല പ്രാവശ്യം കണ്ടിട്ടുണ്ട്. സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ""ഗാർഹിക പീഡനം രാഷ്ട്രീയമാണ്''. ""ഞങ്ങളുടെ ശരീരം ഞങ്ങളുടേതാണ്'', ""വ്യക്തിപരമായത് രാഷ്ട്രീയവുമാണ്'' എന്നൊക്കെയുള്ള ഫെമിനിസ്റ്റ് മുദ്രാവാക്യങ്ങളോടൊപ്പം, സ്ഥിരം കേൾക്കാറുള്ള മുദ്രാവാക്യങ്ങളും ഞങ്ങൾ ഉറക്കെ വിളിച്ചു.

കാരേറ്റ് എന്നൊരു ദേശത്ത് , ---------- എന്നൊരു പെൺ കൊടിയെ, കശാപ്പു ചെയ്ത കാപാലികരെ, ഞങ്ങൾ വിടില്ല, സൂക്ഷിച്ചോ
എന്നും സ്തംഭിപ്പിക്കും സ്തംഭിപ്പിക്കും ഭരണം ഞങ്ങൾ സ്തംഭിപ്പിക്കും
എന്നും ഞങ്ങൾ ആർത്തു വിളിച്ചു.

സ്ത്രീകൾ മാത്രം നടത്തുന്ന ജാഥകൾ ആളുകൾ ശ്രദ്ധിച്ചു . പത്രക്കാർ റിപ്പോർട്ട് ചെയ്തു. കുറച്ച് നാൾ സമരം ചെയ്തിട്ടും ഫലം കാണാതെ വന്നപ്പോൾ രാജ്ഭവൻ മാർച്ച് എന്ന വലിയ ഒരു പരിപാടി പ്ലാൻ ചെയ്തു. സമര സമിതി വിപുലപ്പെടുത്തി.

ഒക്ടോബറിൽ ഞങ്ങൾ അതിസാഹസികമായി ഒരു യാത്ര പുറപ്പെട്ടു. പൊലീസ് കടന്നുകയറി അക്രമം നടത്തിയ, ട്രാൻസ്പോർട്ട് സൗകര്യങ്ങളൊന്നുമില്ലാത്ത, ഇടുക്കി ജില്ലയിലെ തങ്കമണി എന്ന സ്ഥലത്തേക്കായിരുന്നു അത്.

കാരേറ്റ് നിന്ന് രാജ്ഭവൻ വരെ നടക്കാനാണ് പദ്ധതി ഇട്ടത്. ആ നാട്ടിൽ നിന്ന് നൂറോളം സ്ത്രീകൾ വരാൻ തയാറായി. ഞങ്ങളുടെ സപ്പോർട്ടർമാരൊക്കെയായി നൂറ്റമ്പതോളം സ്ത്രീകൾ പങ്കെടുത്ത ഒരു പരിപാടിയായിരുന്നു അത്. രാവിലെ പതിനൊന്ന് മണിക്ക് കാരേറ്റ് നിന്ന് നടക്കാനാരംഭിച്ചു. വൈകുന്നേരം ആറു മണിയോടെയാണ് തിരുവനന്തപുരത്തെത്തിയത്. അപ്പോഴേക്കും കാലുകളും കൈകളും നീര് വന്ന് വീങ്ങിയിരുന്നു. മനസ്സിന് യാതൊരു ക്ഷീണവുമുണ്ടായില്ല. പ്രായം ചെന്ന സ്ത്രീകളും കുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു. രാത്രിയിൽ ആഹാരം കഴിച്ച് വിശ്രമിച്ച്, രാവിലെ പത്ത് മണിയാകുമ്പോഴേക്കും രാജ്ഭവനിൽ എത്താൻ പരിപാടിയിട്ടു. പിറ്റേന്ന് രാവിലെ ഗവർണറെ കണ്ട് നിവേദനം സമർപ്പിച്ചു.

ജയശ്രീയും മൈത്രേയനും

ആ സമരത്തിന്റെ അന്ത്യഫലം വിജയമായിരുന്നു എന്ന് പറയാനാവില്ല. എങ്കിലും പ്രസ്ഥാനത്തിന് അത് ഒരുപാട് പ്രവർത്തന പരിചയം നൽകി. ധാരാളം സാമൂഹ്യ പ്രവർത്തകരെയും രാഷ്ട്രീയ പ്രവർത്തകരെയും പരിചയപ്പെട്ടു. കുറച്ച് ഭക്ഷണമൊക്കെ വേണ്ടി വരുന്ന ഇത്തരം പരിപാടികൾക്കായി ചെറിയ പിരിവെടുക്കാൻ ഞങ്ങൾ ഒരു ശ്രമം നടത്തി. ഓഫീസുകളിൽ പരിചയക്കാരുടെ അടുത്ത് നിന്ന് ഒക്കെ ചെറിയ തുക ലഭിച്ചതിന്റെ ആവേശത്തിൽ പരിചയമില്ലാത്ത വീടുകളിലും പോയി നോക്കാമെന്നു കരുതി. ഒരു വീട്ടിൽ ചെന്ന് കയറിയപ്പോൾ ഒരു പുരുഷനാണ് കതക് തുറന്നത്. കാര്യം തിരക്കിയ അയാളോട് ഫെമിനിസ്റ്റ് പ്രവർത്തനങ്ങൾക്കായി ഫണ്ട് പിരിവിന് വന്നതാണെന്ന് നേരെയങ്ങ് പറഞ്ഞു. ദേഷ്യം കൊണ്ട് അയാൾ വിറച്ചു. "ഞാൻ ഫണ്ട് തന്നിട്ട് ഫെമിനിസം ഉണ്ടാക്കാനോ' എന്ന് ആക്രോശിച്ചു. വൃത്തികെട്ട ഏതോ കാര്യത്തിന് പണം ചോദിച്ചത് മാതിരിയായിരുന്നു അയാളുടെ പ്രതികരണം. അതോടെ തത്കാലം പിരിവ് വേണ്ടെന്നു വച്ചു.

അതെ വർഷം ഒക്ടോബറിൽ ഞങ്ങൾ അതിസാഹസികമായി ഒരു യാത്ര പുറപ്പെട്ടു. അതിസാഹസികമെന്ന് പറഞ്ഞത് വേറൊന്നുമല്ല. ആരെയും പരിചയമില്ലാത്ത, പൊലീസ് കടന്നുകയറി അക്രമം നടത്തിയ, ട്രാൻസ്പോർട്ട് സൗകര്യങ്ങളൊന്നുമില്ലാത്ത, ഇടുക്കി ജില്ലയിലെ തങ്കമണി എന്ന സ്ഥലത്തേക്കായിരുന്നു അത്. പൊലീസ് അതിക്രമത്തെ കുറിച്ച് അന്വേഷിക്കാൻ പോകുന്നിടത്ത് പൊലീസിന്റെ ഒരു സഹായവും കിട്ടുകയില്ലല്ലോ. അതിസുന്ദരിയായ ഇടുക്കി ജില്ലയിലേക്കുള്ള എന്റെ ആദ്യത്തെ യാത്രയായിരുന്നു അത്. കട്ടപ്പനയിൽ ബസ്സിറങ്ങിയപ്പോഴേക്ക് വൈകുന്നേരമായിരുന്നു.

ഒരു വീട്ടിൽ ചെന്ന് കയറിയപ്പോൾ ഒരു പുരുഷനാണ് കതക് തുറന്നത്. കാര്യം തിരക്കിയ അയാളോട് ഫെമിനിസ്റ്റ് പ്രവർത്തനങ്ങൾക്കായി ഫണ്ട് പിരിവിന് വന്നതാണെന്ന് നേരെയങ്ങ് പറഞ്ഞു. ദേഷ്യം കൊണ്ട് അയാൾ വിറച്ചു. "ഞാൻ ഫണ്ട് തന്നിട്ട് ഫെമിനിസം ഉണ്ടാക്കാനോ' എന്ന് ആക്രോശിച്ചു.

ഞാനും ജെ.ഗീതയും രാജശ്രീയുമായിരുന്നു ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നത്. ബസ് സ്റ്റാന്റിലെ ഉദ്യോഗസ്ഥരോട് തങ്കമണിയിലേക്ക് പോകാനുള്ള ദൂരവും മാർഗവും അന്വേഷിച്ചു വച്ചു. ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരുമൊക്കെ വന്നിരുന്നത് കൊണ്ട് ഞങ്ങളും അതിനായി വന്നു എന്ന് പറഞ്ഞപ്പോൾ അവർക്ക് വലിയ അതിശയം തോന്നിയില്ല. രാത്രിയിൽ അവിടെ തങ്ങിയിട്ട് രാവിലെ തങ്കമണിയിലേക്ക് പോകാമെന്നു വിചാരിച്ചു. ആരോ തന്ന വിവരം വച്ച് അവിടെയുള്ള ഒരു ചാരിറ്റി ഓർഗനൈസേഷന്റെ സ്ഥലത്താണ് രാത്രി കഴിച്ചത്. അവർ ഞങ്ങൾക്ക് ഭക്ഷണവും ഉറങ്ങാനുള്ള സൗകര്യവും ഒരുക്കി തന്നു. അതിരാവിലെ കട്ടൻ കാപ്പിയും. ഇതൊക്കെ അന്ന് പുതുമയുള്ള അനുഭവങ്ങളായിരുന്നു. അന്ന് അവിടെ താമസിച്ചിരുന്നവരിൽ തമിഴ് ഈഴം പുലികളും ഉണ്ടായിരുന്നു എന്ന് പിന്നീട് അറിഞ്ഞു. ഞങ്ങൾ പോകുന്നതിനു മുമ്പ് മിനി സുകുമാറും സംഘവും അവിടെ പോയി വിവരങ്ങൾ അന്വേഷിക്കുകയും "മാനഭംഗത്തിന്റെ രാഷ്ട്രീയം' എന്ന പേരിൽ ഒരു ലഘുലേഖ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതിൽ നിന്നുള്ള വിവരങ്ങളായിരുന്നു അവിടെ പോകാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് ഞങ്ങൾ തങ്കമണിയിലേക്ക് തിരിച്ചു. അതിനു മുമ്പ് അവിടുത്തെ സി.പി.എം. പാർട്ടി ഓഫീസുമായി ബന്ധപ്പെട്ടിരുന്നു.

ഞങ്ങൾ മൂന്നു പേരും ഏതാണ്ട് കാവി നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു തലേ ദിവസം ഇട്ടിരുന്നത്. അതിനാൽ ഞങ്ങളെ കണ്ടപ്പോൾ തന്നെ നിങ്ങളാണോ ഇന്നലെ കാവിയുമിട്ട് ഇതിലെ പോയതെന്ന് അവിടെയുള്ളവർ തമാശയായി ചോദിച്ചു. ഈ അതിക്രമത്തിനെതിരെ പ്രതികരിച്ച് കൊണ്ടിരിക്കുന്നവരെന്ന നിലക്ക്, അവരോട് ഐക്യദാർഢ്യം പറഞ്ഞു കൊണ്ട് യാത്രയായി. തങ്കമണിയിൽ ആകെ ദു:ഖവും ഭയവും മൂകതയും തങ്ങി നിന്നു. ഞങ്ങൾ പല വീടുകളിലും പോയി. പൊലീസ് തങ്ങളെ ഉപദ്രവിച്ചു എന്ന് സ്ത്രീകളടക്കം ചുരുങ്ങിയ, ഭയം നിറഞ്ഞ വാക്കുകളിൽ വിവരിച്ചു തന്നു. നേരത്തെ നാട്ടിലെ യുവാക്കളും പൊലീസും തമ്മിൽ നടന്ന സംഘർഷത്തെ തുടർന്ന് അർദ്ധരാത്രിയിൽ, കഞ്ചാവ് വേട്ട എന്ന പേരിൽ പൊലീസ് ആയുധങ്ങളുമായി കൂട്ടത്തോടെ എത്തുകയായിരുന്നു. വീടുകളുടെ വാതിൽ ചവിട്ടി പൊളിച്ചും മറ്റും അവർ അകത്ത് കടക്കുകയും സ്ത്രീകളെ അടക്കം ഉപദ്രവിക്കുകയും ചെയ്തു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇതുപോലെയുള്ള സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് അവർ നേരിട്ട അനുഭവങ്ങൾ പറയാൻ പോലും കഴിയാതിരിക്കുന്ന അവസ്ഥയാണ് ഭയാനകമായി തോന്നുന്നത്. ഈ അക്രമത്തിനെതിരെ പലരും കേസ് കൊടുക്കുകയും ചെയ്തിരുന്നു. അടുത്ത കാലത്ത് ഒരു സുഹൃത്ത് ഈ സ്ഥലം സന്ദർശിച്ചപ്പോൾ അവിടുത്തെ ആളുകൾ ഇങ്ങനെ ഒരു സംഭവം ഉണ്ടായതായി പോലും പറയാൻ കൂട്ടാക്കിയില്ല എന്ന് പറഞ്ഞു. അന്ന് ആ ദുരന്തം അനുഭവിച്ചവരുടെ രണ്ട് തലമുറയോളം വളർന്ന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴുള്ളവർക്ക് ഒരു പക്ഷെ, ഇതൊന്നും അറിയില്ലായിരിക്കാം. അന്ന് അനുഭവിച്ചവർ അത് ഓർക്കാനിഷ്ടപ്പെടുന്നില്ലായിരിക്കാം. ഇതുപോലെയുള്ള അനുഭവങ്ങൾ നമ്മൾ ഓർമ്മയിൽ കുത്തി പൊക്കുകയാണോ അതോ മറന്നു കളയുകയാണോ വേണ്ടത് എന്ന സന്ദേഹം എനിക്കപ്പോൾ ഉണ്ടായി. ദുരന്തങ്ങൾ അനുഭവിക്കുന്നവരെ പുറമേ നിന്ന് നോക്കുകയും പറയുകയും എഴുതുകയും ചെയ്യുമ്പോൾ രണ്ട് വശങ്ങളും പരിഗണിക്കണമെന്ന ഒരു പാഠവും കിട്ടി.

വീട്ടിൽ നിന്ന് ഇറങ്ങി വരുന്നവർക്ക് താമസിക്കാൻ സൗകര്യവും, വാഹനസൗകര്യം വേണമെങ്കിൽ അതും ഒരുക്കി കൊടുത്തു. രാത്രിയാകുമ്പോഴേക്ക്, വീട്ടുകാർ വിഷമിക്കാതിരിക്കാൻ അവരെ വിളിച്ച് കാര്യം പറയുകയും ചെയ്തു. കാമുകനുമായല്ലാതെയുള്ള സ്ത്രീകളുടെ ഇറങ്ങിപ്പോക്ക് മനസ്സിലാകാതെ വീട്ടുകാർ കുഴങ്ങി.

പൊലീസും ജയിലും പുരുഷന്മാർക്കും സ്ത്രീകൾക്കും മാനുഷികമല്ലാത്ത ഇടമാണ്. പക്ഷെ, അനുഭവങ്ങൾ വ്യത്യാസപ്പെട്ടുമിരിക്കും. വിസ കഴിഞ്ഞതിനാലോ മറ്റോ ആയിടെ ഒരു വിദേശ വനിത ജയിലിൽപെട്ട് പോയി. ഒരു വാരികയിൽ വന്ന ലേഖനത്തിൽ നിന്നാണ് അതറിഞ്ഞത്. അവരെ ജയിലിൽ പോയി കണ്ടു. പരസ്പരം സംസാരിക്കാനാവുന്ന ഒരു സംസാരഭാഷ ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. അഴികൾക്കിടയിലൂടെ നിസ്സഹായത മുഴുവൻ പ്രകടമാക്കി കൊണ്ട് അവരെന്റെ കയ്യിൽ മുറുകെ പിടിച്ചത് വളരെ ശക്തമായ മറ്റൊരു ഭാഷയിലാണ്. അതെന്റെ മനസ്സ് തകർത്തു. അവരുടെ മോചനത്തിനുള്ള നീക്കങ്ങൾ ഇവിടുത്തെ സ്‌നേഹമുള്ള മനുഷ്യർ ചെയ്തു കൊടുത്തു.

സംഘടനാപരമായ പ്രവർത്തനങ്ങളുള്ളപ്പോൾ തന്നെ അവരവരെയും ഉറ്റവരെയും തൊട്ടു കൊണ്ടല്ലാതെ ഫെമിനിസ്റ്റ് പ്രവർത്തനം സാധ്യമല്ല. താൽക്കാലികമായെങ്കിലും ഏറ്റവും അടുത്തവരിൽ നിന്ന് മാറി നിൽക്കേണ്ട അവസ്ഥ, സ്വന്തം നിലപാടുറപ്പിക്കാൻ സ്ത്രീകൾക്ക് ആവശ്യമായി വരാറുണ്ട്. അങ്ങനെ വേണ്ടി വരുമ്പോൾ വീട് വിട്ടിറങ്ങുന്നവർക്ക് ഞങ്ങൾ പിന്തുണ നൽകി. മറ്റുള്ളവർക്ക് വേണമെങ്കിൽ തട്ടിക്കൊണ്ടു പോകൽ എന്ന് വ്യാഖ്യാനിക്കാം. വീട്ടിൽ നിന്ന് ഇറങ്ങി വരുന്നവർക്ക് താമസിക്കാൻ സൗകര്യവും, വാഹനസൗകര്യം വേണമെങ്കിൽ അതും ഒരുക്കി കൊടുത്തു. രാതിയാകുമ്പോഴേക്ക്, വീട്ടുകാർ വിഷമിക്കാതിരിക്കാൻ അവരെ വിളിച്ച് കാര്യം പറയുകയും ചെയ്തു. കാമുകനുമായല്ലാതെയുള്ള സ്ത്രീകളുടെ ഇറങ്ങി പോക്ക് മനസ്സിലാകാതെ വീട്ടുകാർ കുഴങ്ങി. കുടുംബത്തിന്റെ സാങ്കൽപ്പിക ഭദ്രതയിൽ അവിടെയും ഇവിടെയുമൊക്കെ അൽപ്പാൽപ്പം വിള്ളലുകളുണ്ടാക്കാൻ ഇതിലൂടെ കഴിഞ്ഞു.

ഇതൊക്കെ പത്രത്തിലും മറ്റും കണ്ട് പലരും പല ആവശ്യങ്ങൾക്കും ഞങ്ങളെ സമീപിക്കാറുണ്ടായിരുന്നു. ഒരിക്കൽ മീന എന്ന ഒരു പെൺകുട്ടി വീട് വിട്ടു വന്നു ഞങ്ങളോടൊപ്പം താമസം തുടങ്ങി. അങ്ങനെ വരുന്നവരുടെ വീടിന്റെ പശ്ചാത്തലമോ വീട്ടുകാരെ പറ്റിയോ ഒന്നും അന്വേഷിക്കാതെ തന്നെ മൈത്രേയൻ കൂടെ താമസിപ്പിക്കാറുണ്ട്. വീട്ടിലെ സഹായത്തിനായി ഒരു യുവതി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. മീനയും കുറെയൊക്കെ സഹായിക്കുമെന്ന് ഞാൻ കരുതി. ഞങ്ങൾക്കന്ന് വാഹനമായുണ്ടായിരുന്നത് ഒരു സൈക്കിളാണ്. പിന്നെ അത്യാവശ്യമുള്ളപ്പോൾ ജെ. രഘുവിന്റെ സ്‌കൂട്ടർ ഉപയോഗിച്ചു. സൈക്കിൾ പഠിക്കാൻ ഞാൻ ഒരു ശ്രമം നടത്തി. ഒരു ദിവസം മുന്നേറിയെങ്കിലും രണ്ടാമത്തെ ദിവസം മറിഞ്ഞു വീണ് കാലിലെയും കയ്യിലേയും മുട്ടിലെ തൊലിയെല്ലാം പോയി. അതോടെ സൈക്കിൾ ഞാൻ ഒരു മൂലയിൽ വച്ചു. മീന അത് കടയിലൊക്കെ പോകാൻ ഉപയോഗിച്ചു. പതിയെ പതിയെ, അവൾ രാവിലെ സൈക്കിളെടുത്ത് പുറത്ത് കറക്കം മാത്രമായി. പുതിയ ഫാഷനിൽ ഡ്രസ്സുകൾ വാങ്ങി. പെൺകുട്ടികൾ സ്വാതന്ത്യം അനുഭവിക്കട്ടെ എന്ന മനോഭാവത്തിൽ മൈത്രേയൻ അതൊന്നും കാര്യമാക്കിയില്ല.

ഒരിക്കൽ എന്റെ ഒരു മോതിരം കാണാതെ പോയപ്പോൾ അത് കണ്ടോ എന്ന് അവളോട് ചോദിച്ചു. പിറ്റേ ദിവസം ആരോടും പറയാതെ അവൾ അപ്രത്യക്ഷയായി. കുറച്ച് ദിവസം കഴിഞ്ഞ് അവളുടെ കൂട്ടുകാരി എന്ന പേരിൽ ഒരു കത്ത് വന്നു. നിങ്ങൾ മോതിരം കണ്ടോ എന്ന് ചോദിച്ച ദു :ഖത്തിൽ മീന മരിച്ചു എന്നാണ് ആ കത്തിൽ എഴുതിയിരുന്നത്. മാസങ്ങൾക്ക് ശേഷം മീനയെ ഒരു ബസ്റ്റാന്റിൽ നിൽക്കുന്നത് ഒരു ബസ്സിൽ ഇരുന്ന് ഞാൻ കണ്ടു. സ്വയം മരിച്ചു പോയി എന്ന് കത്തെഴുതിയവൾക്ക്, അടുത്ത് കണ്ടാൽ എന്ത് പറയാൻ കഴിയുമെന്ന ഒരു വേവലാതി എനിക്കുണ്ടായി. ജീവിതത്തിന്റെ ഇത്തരം ചെറിയ തമാശകളാണ് ഗൗരവം തോന്നിപ്പിക്കുന്നതിൽ നിന്നും നിമിഷ നേരത്തേക്കെങ്കിലും വിടുതൽ തരുന്നത്. അടുത്ത വർഷമായപ്പോഴേക്കും ഞാൻ തൃശൂർക്ക് താമസം മാറ്റി. പ്രചോദനയിൽ പ്രവർത്തിച്ചവരിൽ പലരും പലയിടങ്ങളിലായി ചിതറി പോയി. പോയ ഇടങ്ങളിലൊക്കെ പല തലങ്ങളിൽ ഫെമിനിസം തുടർന്നു. വളരെ കുറഞ്ഞ കാലം പ്രവർത്തിച്ച പ്രചോദനയിലൂടെയാണ് ഞാൻ എന്റെ സാമൂഹ്യ ജീവിതം തുടങ്ങിയത്. അതിന് അരങ്ങായ തിരുവനന്തപുരം എന്നും എന്നും എനിക്ക് പ്രിയ നഗരമാണ്.▮

(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments