വേനലവധിക്ക് മുമ്പ് തന്നെ ഞങ്ങളുടെ കിണറിലെ വെള്ളം വറ്റും.
ഒരു ചെറിയ കുടവുമായി ഞാനും ജോലിക്കാരോടൊപ്പം വെള്ളം കോരി കൊണ്ട് വരാൻ പോകും. രണ്ട് വീടുകൾക്ക് താഴെയുള്ള വീട്ടിൽ നിന്നും കുറച്ച് കയറ്റം കയറിയാണ് എത്തേണ്ടത്. ഇത് പോലെ എന്തെങ്കിലും ജോലി ചെയ്യുമ്പോഴും പരീക്ഷക്ക് പഠിക്കുമ്പോഴുമാണ് എനിക്ക് വെളിപാടുണ്ടാകുന്നത്. സംസ്‌കൃത പഠനത്തിന്റെ ഭാഗമായി അവിടവിടെ ഉപനിഷത് ശകലങ്ങളുണ്ടായിരുന്നു. കവിതയും കണക്കും ചാലിച്ച പോലെയാണവ. ജി. ബാലകൃഷ്ണൻ നായരുടെ, നാരായണഗുരു കൃതികളുടെ വ്യാഖ്യാനം ഇവ കൂടുതൽ മനസ്സിലാക്കി തന്നു.
ദൈവം ഒരു സങ്കൽപ്പമാണെന്നാണ് മുതിർന്നവർ പറഞ്ഞു തന്നിരുന്നത്. നമ്മൾ പല രൂപത്തിൽ പ്രത്യേകിച്ച് മനുഷ്യ രൂപത്തിൽ ദൈവത്തെ സങ്കല്പിക്കുകയും ആ ദൈവം എല്ലാ ആപത്തിൽ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് നാരായണഗുരുവിനെ പോലെയുള്ള വേദാന്തികളുടെ ദൈവ സങ്കൽപ്പം. പ്രപഞ്ചത്തെ മാറ്റമില്ലാതെയും അഖണ്ഡമായും നില കൊള്ളുന്ന ബോധമായി അറിയുന്നതല്ലാതെ മനുഷ്യ രൂപത്തിലുള്ള ദൈവം വേദാന്തത്തിനില്ല. ഇത് വ്യാഖ്യാനത്തിലൂടെ വായിച്ചു മനസ്സിലാക്കാവുന്നതാണ്. എന്നാൽ അതുകൊണ്ട് മാത്രം , ബോധശരീരത്തിൽ അത് ആലേഖനം ചെയ്യപ്പെടണമെന്നില്ല. അതിന്റെ വഴികൾ മറ്റെന്തോ ആണ്. വായനയും പഠനവും അതിലേക്കെത്തിക്കാമെന്നു മാത്രം. ചിന്തയുടെ ആദിമരൂപങ്ങളും ചുറ്റുപാടുകളും പുതിയ അറിവുകളും ചേർന്ന് ഒരുക്കുന്ന ഒരു രചനയാണ് ശരീരത്തിൽ നടക്കുന്നത്. കൊള്ളിയാൻ മിന്നുന്ന പോലെ അറിവിന്റെ ആനന്ദം ശരീരത്തിൽ പ്രവഹിക്കും.
ചെറുപ്പക്കാരിൽ നിന്ന് വമിക്കുന്ന സൗരഭ്യത്തോടെ പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം ചെവിക്കരികിൽ വന്ന് മന്ത്രിച്ചു. "ഇന്ദിര പറഞ്ഞല്ലോ ജയശ്രീയുടെ കയ്യിൽ കുറിപ്പുണ്ടെന്ന്'. വശീകരിക്കപ്പെട്ട പോലെ ഞാൻ അന്തം വിട്ട് കുറെ നേരം ഇരുന്നു
അങ്ങനെ ഒരു ദിവസം വെള്ളം ചുമന്നു കൊണ്ട് വരുന്ന വഴി ദൈവം സത്യമാണെന്നും, അത് എല്ലാ ജീവജാലങ്ങളേയും വസ്തുക്കളേയും കണ്ണി ചേർക്കുന്നതിനാൽ സ്‌നേഹമാണെന്നും എനിക്ക് വെളിപാടുണ്ടായി. സ്‌കൂൾ അവസാനിക്കുന്ന പബ്ലിക് പരീക്ഷ നടക്കുന്ന സമയമായിരുന്നു അത്. എന്നാൽ, അധികം താമസിയാതെ തന്നെ ഈ അറിവുകൾക്ക് പിന്നാലെ മറ്റ് അറിവുകൾ വന്ന് വേദാന്തം എഴുതിയത് മായിച്ചു. ഒന്നാമത്, ഹിന്ദി പരീക്ഷ ദിവസം ഇൻവിജിലേറ്റർ ആയി വന്ന ചെറുപ്പക്കാരന്റെ റൊമാന്റിക് അവതാരമായിരുന്നു. ചെറുപ്പക്കാരിൽ നിന്ന് വമിക്കുന്ന സൗരഭ്യത്തോടെ പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം ചെവിക്കരികിൽ വന്ന് മന്ത്രിച്ചു. "ഇന്ദിര പറഞ്ഞല്ലോ ജയശ്രീയുടെ കയ്യിൽ കുറിപ്പുണ്ടെന്ന്'. വശീകരിക്കപ്പെട്ട പോലെ ഞാൻ അന്തം വിട്ട് കുറെ നേരം ഇരുന്നു. ഹിന്ദി പരീക്ഷയോട് വെറുപ്പുള്ളതു കൊണ്ട് കൂടിയാവണമത്. ഏതായാലും പരീക്ഷ തീരാറായി എന്ന അറിയിപ്പ് വന്നപ്പോഴാണ് ഇനിയും പതിനഞ്ച് മാർക്കിന് കൂടി എഴുതാനുണ്ടെന്ന് ബോധം വന്നത്. പുറത്തിറങ്ങിയപ്പോൾ, എന്നോട് പറഞ്ഞ അതേ കാര്യം പേര് മാറ്റി ഇന്ദിരയോടും പറഞ്ഞതായി അവൾ പറഞ്ഞു.
മറ്റുള്ളവരോടും അത് തന്നെ പറഞ്ഞു കാണണം. റിസൾട്ട് വന്നപ്പോൾ ഹിന്ദി പരീക്ഷക്ക് ജയിച്ചെങ്കിലും വളരെ കുറച്ച് മാർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തേത്, പരീക്ഷ കഴിഞ്ഞ നീണ്ട അവധിക്കാലത്തെ ഏകാന്തതയും രാഷ്ട്രീയ കൊലപാതകവും കൂടി സത്യദർശനത്തെ മായിച്ചെഴുതിയ വിഷാദമാണ്.
ഇതിനേക്കാളെല്ലാമുപരി, സ്‌കൂളിൽ നിന്ന് കോളേജിലേക്കെത്തിയപ്പോൾ അതു വരെ സ്വരുക്കൂട്ടി എടുത്ത താൻ ബോധം ഉടയാൻ തുടങ്ങി. വേദാന്തഭാഷയിൽ പറഞ്ഞാൽ സംസാരസാഗരത്തിൽ വന്നു വീണു. ഞാൻ വിചാരിച്ച പോലെ പത്താം ക്ലാസ് കഴിഞ്ഞ് ഗുരുകുലത്തിൽ പോകാനുള്ള ധൈര്യമൊന്നും ഉണ്ടായില്ല. കുറേ കൂടി കഴിഞ്ഞ് പോകാമെന്ന് കരുതിയെങ്കിലും എന്നെ നിരാശയിലാഴ്ത്തി, രോഗശയ്യയിലായിരുന്ന നടരാജഗുരു ആ വർഷം തന്നെ ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞു.
ഉടലും പെരുമാറ്റവും എങ്ങനെയായിരിക്കണമെന്ന് ചുറ്റുപാടിൽ നിന്നും പഠിച്ചെടുത്തും മറ്റുമാണ് കൗമാരക്കാർ ആത്മവിശ്വാസമുണ്ടാക്കുന്നത്. പുതിയ ഒരു സ്ഥലത്ത് എത്തിപ്പെടുമ്പോൾ എങ്ങനെ പെരുമാറിയാലാണ് മറ്റുള്ളവർ ഗൗനിക്കുകയെന്ന അങ്കലാപ്പിൽ ചെന്ന് വീഴും. ജീവിതത്തിന്റെ കൂടുതൽ സമയവും കർമ്മങ്ങളിൽ മുഴുകുമ്പോൾ നമുക്ക് ലിംഗബോധം ആവശ്യമില്ലെങ്കിലും പെണ്ണും ആണുമായി ഉരുത്തിരിയാനും പെണ്ണുങ്ങൾ എപ്പോഴും ആ ബോധം കൊണ്ട് നടക്കാനുമുള്ള ബാധ്യത സമൂഹം ഏല്പിക്കുന്നു. അദ്വൈത ചിന്തയിലൂടെ കടന്നു പോയതു കൊണ്ടും പരിഷ്‌കാരങ്ങൾ കുറഞ്ഞ ഗ്രാമമായിരുന്നതു കൊണ്ടും ഈയൊരു ആവശ്യം സ്‌കൂൾ സമയത്ത് മുന്നിൽ വന്നിരുന്നില്ല. കൊല്ലം പട്ടണത്തിലെ ശ്രീ നാരായണ വനിതാ കോളേജിലാണ് നാട്ടിൽ നിന്നുള്ള എല്ലാ പെൺകുട്ടികളോടുമൊപ്പം ഞാനും ചേർന്നത്. ആൺ കുട്ടികൾ അതിനു തൊട്ടടുത്തുള്ള മെൻസ് കോളേജിലും. രണ്ട് കോളേജുകളും തമ്മിൽ വേർ തിരിക്കുന്നത് ഒരു മതിലാണ്. മതിൽ ഇല്ലാതിരുന്നെങ്കിലെന്നും ഒരുമിച്ച് പഠിക്കാമായിരുന്നു എന്നും പെൺ കുട്ടികളൊന്നും ചിന്തിച്ചിരിക്കാനിടയില്ല. രണ്ട് രാജ്യം പോലെയും അപ്പുറത്തെ രാജ്യത്ത് വേറൊരു സ്പീഷീസിൽ പെട്ട ജീവികൾ ഉള്ളതായുമാണ് തോന്നിയിരുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ മെൻസ് കോളേജിൽ നിന്നും കൂവലോ ആർപ്പു വിളിയോ കേട്ടു കൊണ്ടിരിക്കും.
തലമുടി വൃത്തിയായി കൊണ്ട് നടക്കാനും പൂ ചൂടാനുമൊന്നും ഞാനും എന്റെ കൂട്ടുകാരും മെനക്കെട്ടിരുന്നില്ല. ആന്ധ്രയിൽ, ലൈംഗിക തൊഴിലാളികളോടൊപ്പം ജോലി ചെയ്യുമ്പോൾ അവർ എല്ലാ ദിവസവും മുടിയിൽ മുല്ലപ്പൂ വച്ച് തന്നത് നിരസിച്ചിട്ടില്ല
നാട്ടിൽ നിന്നും കൊല്ലത്തേക്ക് "ലേഡീസ് ഒൺലി' ബസുണ്ടായിരുന്നു. പരിഷ്‌കാര കാലത്ത് ശിവ പ്രതിഷ്ഠ നടത്തിയെങ്കിലും നേരത്തെ നില നിന്ന "മാടൻ നട' എന്ന പേരുള്ള അമ്പലത്തിനോട് ചേർന്ന് രാവിലെ എട്ടരയാകുമ്പോഴേക്കും ബസ് പിടിച്ചിട്ടിരിക്കും. അതിലെ കണ്ടക്ടർമാരും ഡ്രൈവർമാരും സ്ഥിരമായിരുന്നത് കൊണ്ട് പരിചിതരായി തീർന്നു. ബസ് അവിടെ നിന്ന് തുടങ്ങുന്നത് കൊണ്ട് ഇഷ്ടമുള്ള സീറ്റുകളിൽ ഞങ്ങൾക്കിരിക്കാം.
കോളേജിൽ പഠിക്കുന്ന വിഷയങ്ങളെ കുറിച്ചും പരീക്ഷയിലെ പെർഫോമൻസിനെ കുറിച്ചുമാണ് രക്ഷിതാക്കളും അധ്യാപകരും വ്യാകുലപ്പെടുന്നത്. എന്നാൽ, ചെറുപ്രായത്തിൽ ശരീരത്തിന്റെ രൂപമാണ് നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന വിഷയം. വസ്ത്രം, തലമുടി, നടത്തം എന്നിവയെല്ലാം. മറ്റുള്ളവരുടെ നിരീക്ഷണത്തിന് വിധേയമാണെന്ന് എല്ലാവരും മനസ്സിലാക്കുന്നു. സ്‌കൂളിൽ ഇതൊന്നും വലിയ കാര്യമായിരുന്നില്ല. എല്ലാവരും ഏതാണ്ട് ഒരു പോലൊക്കെയാണ്.
ആൺകുട്ടികളെ അധ്യാപകർ അനാവശ്യമായി പുകഴ്ത്തുന്നത് മൂലം, അവരോട് മാനസികമായ അകലം പാലിച്ചു എന്നല്ലാതെ ലിംഗബോധമുണ്ടാക്കുന്ന അധികം സന്ദർഭങ്ങളുണ്ടായിരുന്നില്ല. എന്നാൽ, കോളേജിൽ എത്തുമ്പോൾ ബസ് സ്റ്റാന്റ് മുതൽ ക്ലാസ് വരെ നിരന്ന പെൺ മാതൃകകൾ മനസ്സിൽ പതിയാൻ തുടങ്ങി. സീനിയർമാരായ ചേച്ചിമാർ നീട്ടി വിടർത്തി പൂ ചൂടിയ തലമുടിയും, മാറോട് ചേർത്ത ഫയലും ചെറിയ ചുവടുകളുമായി ഇടം വലം നോക്കാതെ നടന്നു വരുന്ന കാഴ്ച ആരെയും ആകർഷിച്ചിരുന്നു. തലമുടി വൃത്തിയായി കൊണ്ട് നടക്കാനും പൂ ചൂടാനുമൊന്നും ഞാനും എന്റെ കൂട്ടുകാരും മെനക്കെട്ടിരുന്നില്ല. ആന്ധ്രയിൽ, ലൈംഗിക തൊഴിലാളികളോടൊപ്പം ജോലി ചെയ്യുമ്പോൾ അവർ എല്ലാ ദിവസവും മുടിയിൽ മുല്ലപ്പൂ വച്ച് തന്നത് നിരസിച്ചിട്ടില്ല.
ആൺ കുട്ടികളുടെ കമന്റുകളും, നിങ്ങൾ പെൺകുട്ടികളാണ് എന്നോർമ്മിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റവും ഞങ്ങൾ വക വച്ച് കൊടുത്തിരുന്നില്ല. ഉള്ളിൽ ഭയം ഉണ്ടെങ്കിൽ പോലും അത്തരം സന്ദർഭങ്ങളിൽ അവരുടെ അടുത്തേക്ക് പോയി ഞങ്ങൾ ഒട്ടും ക്ഷോഭമില്ലാതെ സംസാരിച്ചു.
കോളേജ് കാലത്ത് തികഞ്ഞ സ്‌ത്രൈണതയിൽ നിന്നും അല്പം അകലെ മാറി നിൽക്കാനായിരുന്നു ഞങ്ങൾക്കിഷ്ടം. അതേസമയം, പല പെൺ കുട്ടികളുടെയും വേഷവും ഭാവവും വശ്യമായി തോന്നുകയും ചെയ്തു. ആറു മുറിക്കട, പള്ളിമുക്ക്, കുണ്ടറ എന്നിങ്ങനെ ഓരോ ബസ് സ്റ്റോപ്പും പിന്നിടുമ്പോഴേക്ക് ബസിൽ തിരക്കേറി വരും. ഇരിക്കാൻ സ്ഥലം കിട്ടാത്തവരുടെ ഫയലും ചോറ് പാത്രവും ഞങ്ങൾ വാങ്ങി മടിയിൽ വക്കും. ഇഷ്ടമുള്ള ചേച്ചിമാരെ സഹായിക്കാനും അവരുടെ പുഞ്ചിരി ലഭിക്കാനും ഞാൻ ഉത്സാഹിച്ചു. അവരിൽ പലരുടെയും പെൺ ഭാവങ്ങൾ മനസ്സിൽ നിറഞ്ഞു നിന്നെങ്കിലും അത് സ്വന്തം ശരീരത്തിൽ പകർത്താൻ ഞാനിഷ്ടപ്പെട്ടില്ല. മറ്റുള്ളവരോടുള്ള ഇടപെടലും നമ്മുടെ ലൈംഗികസ്വത്വത്തെ നിർണയിക്കുന്നുണ്ട്.
ആൺകുട്ടികളോട് സൗഹൃദപരമായി ഇട പെടാനുള്ള അവസരം ഞങ്ങൾക്കുണ്ടായിരുന്നില്ല. തീരെ അപരിചിതരായിരുന്ന ഞങ്ങളുടെ അയൽ കോളേജ് വാസികൾ ചെറിയ ഭയവും അകലവുമാണ് സൃഷ്ടിച്ചിരുന്നത്. നാട്ടിൽ നിന്നുള്ള ആൺ കുട്ടികളും വേറെ ബസ്സുകളിലാണ് പോയിരുന്നത്. ബസ് സ്റ്റാന്റിലൊക്കെ അവരോട് അൽപ്പം സൗഹൃദം കാട്ടിയെങ്കിലും അവരും അന്ന് അടുപ്പമുള്ള സുഹൃത്തുക്കളായില്ല. ചിലർ, പിന്നീട് അടുപ്പമുള്ളവരായി. ആൺ കുട്ടികളുടെ കമന്റുകളും, നിങ്ങൾ പെൺകുട്ടികളാണ് എന്നോർമ്മിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റവും ഞങ്ങൾ വക വച്ച് കൊടുത്തിരുന്നില്ല. ഉള്ളിൽ ഭയം ഉണ്ടെങ്കിൽ പോലും അത്തരം സന്ദർഭങ്ങളിൽ അവരുടെ അടുത്തേക്ക് പോയി ഞങ്ങൾ ഒട്ടും ക്ഷോഭമില്ലാതെ സംസാരിച്ചു. അങ്ങനെയുള്ള പെരുമാറ്റം പ്രതീക്ഷിക്കാത്തതു കൊണ്ട് അവർ അമ്പരന്നു.
ക്ലാസിൽ നൂറിലധികം കുട്ടികളുണ്ടായിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും വന്നവർ. അറ്റൻഡൻസ് എടുക്കാൻ പേര് വിളിക്കുന്നത് കൊണ്ട് മിക്ക പേരുടെയും പേരുകൾ മനസ്സിൽ പതിഞ്ഞു. എന്റെ സ്‌കൂൾ കൂട്ടുകാരിയായ സലീനയും മറ്റു ചിലരും കൂടെ ഉണ്ടായിരുന്നത് കൊണ്ട് ഒറ്റപ്പെടൽ അനുഭവപ്പെട്ടില്ല. എങ്കിലും ഇത്രയധികം പേരുടെ ഇടയിൽ എങ്ങനെ സ്വയം പ്രതിഷ്ഠിക്കുമെന്നത് വലിയ പ്രശ്‌നമായിരുന്നു. ടൗണിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നിന്ന് വന്നവരും ഗ്രാമങ്ങളിൽ നിന്നും വന്നവരും വേഷത്തിലും സംസാരത്തിലും വ്യത്യാസപ്പെട്ടു.
അധ്യാപകരിൽ ചുരുക്കം ചിലർ ഒഴികെ സ്ത്രീകളായിരുന്നതുകൊണ്ട്, നിറങ്ങളുടെ ഒരു പ്രളയമായിരുന്നു കോളേജിലും പരിസരത്തും. അന്ന് ക്ലാസിലുണ്ടായിരുന്ന എല്ലാവരെയും ഇപ്പോൾ ഓർമ്മയില്ല എങ്കിലും ചിലർ ഇപ്പോഴും മായാതെ മനസ്സിലുണ്ട്. തമിഴ് നാട്ടുകാരിയായ കുന്തവിയാണ് സ്‌കൂളിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് നേടി വന്നത്. കറുപ്പ് നിറവും ചുരുണ്ട് നീണ്ട മുടിയുമുള്ള സുന്ദരി. മലയാളം അറിഞ്ഞു കൂടാ എങ്കിലും എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്നവൾ. ഇംഗ്ലീഷ് പ്രസംഗമത്സരത്തിൽ, ഒരക്ഷരം മനസ്സിലാകാത്ത തരത്തിൽ കുന്തവി ആക്രോശിച്ച് പ്രസംഗിക്കുന്നതു കേട്ട് ഞങ്ങൾ അന്തം വിട്ടിരുന്നു. ഇഷ്ടപ്പെട്ടവർ ഒരു പാട് പേരുണ്ടായിരുന്നു എങ്കിലും എനിക്ക് കണ്ടാലും കണ്ടാലും കൊതി തീരാതിരുന്ന അഥീനയെ മറക്കുന്നില്ല (പേര് യഥാർത്ഥമല്ല). അകന്ന് നിന്ന് ഔപചാരികമായി മാത്രമേ അവളോട് സംസാരിച്ചിട്ടുള്ളൂ.
ഒട്ടും കൂടുതലോ കുറവോ ഇല്ലാതെയാണ് അഥീനയുടെ ശരീരവും മുഖവും നിർമ്മിക്കപ്പെട്ടത് എന്നെനിക്ക് തോന്നി. ഏറ്റവും അധികം ആകർഷിച്ചത് അഥീനയുടെ ഒരു പ്രത്യേക തരം ലജ്ജാ പ്രകടനമാണ്. ലജ്ജയും വിനയവും ചില സ്ഥലത്ത് മാത്രം മനോഹരമാവുകയും, മറ്റുള്ളിടത്ത് അങ്ങേയറ്റം അരോചകമാവുന്നതുമായ വികാരപ്രകടനങ്ങളാണ്. തല കുനിക്കുന്നതിനു പകരം, അത് ദേഹത്തോടൊപ്പം പിറകോട്ടു വളക്കുകയും, പേനയോ സാരിത്തുമ്പോ ചുണ്ടിലേക്ക് അടുപ്പിക്കുകയുമാണ് അവൾ ചെയ്തത്. അങ്ങനെയൊരു ചേഷ്ട പിന്നീട് എവിടെയും ആരിലും ഞാൻ കണ്ടിട്ടില്ല. ആണുങ്ങളിലും ലജ്ജാഭാവം ആവശ്യമുള്ളിടത്ത് വശ്യമായിരിക്കും എന്ന് കൂടി പറഞ്ഞോട്ടേ. അന്ന് കൂടെ പഠിച്ചവരിൽ അപൂർവ്വം പേരെ മാത്രമേ പിന്നീട് കണ്ടിട്ടുള്ളൂ. തൃശൂരിൽ വച്ച് ഗിരിജയെ യാദൃശ്ചികമായി കണ്ടതു കൊണ്ട് ഇടക്കിടെ സന്തോഷത്തോടെ വീട്ടിൽ പോയി താമസിക്കും. ഞങ്ങൾക്ക് തമ്മിൽ പറയാൻ അന്നത്തേയും ഇന്നത്തെയും ധാരാളം കാര്യങ്ങളുണ്ടാവും.
ലബോറട്ടറികൾ അത്ര രസകരമായി തോന്നിയില്ല. സ്വതന്ത്രമായി പരീക്ഷണങ്ങളൊന്നും ചെയ്യാൻ കഴിയില്ല. നിർദ്ദേശത്തിനനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ നിർബ്ബന്ധമായി ചെയ്യേണ്ട കാര്യങ്ങൾ ടെൻഷൻ മാത്രമാണുണ്ടാക്കിയത്
സ്‌കൂളിലെ പോലെ കോളേജിലും ഇംഗ്ലീഷ് ടീച്ചർമാരാണ് നന്നായി ക്ലാസ് നൽകിയത്. ഞങ്ങളുടെ ക്ലാസിന്റെ ചുമതലയുണ്ടായിരുന്ന, ആംഗ്ലോ ഇന്ത്യൻ ആയ "മെന്റസ് നോയൽ അനസ്റ്റേസിയ (Mendez Noel Anastasia)' യായിരുന്നു ഇംഗ്ലീഷ് ടീച്ചർമാരിൽ ഒരാൾ . പേര് വിളിക്കാൻ പ്രയാസമായതു കൊണ്ട് നോയലിൻ എന്ന് ചുരുക്കി വിളിച്ചാൽ മതിയെന്ന് ടീച്ചർ പറഞ്ഞു. ആദ്യ ദിവസം തന്നെ ടീച്ചർ എല്ലാവരുടെയും ഇഷ്ടം പിടിച്ച് പറ്റി. അക്കാലത്ത് അവിടെ പഠിച്ച എല്ലാവർക്കും ഇതേ ഇഷ്ടമുണ്ടായിരുന്നു എന്നാണ് എന്റെ വിശ്വാസം.
പ്രൊഫഷണലിസം കൊണ്ടും ആത്മാർത്ഥത കൊണ്ടുമാണ് ടീച്ചറെ ഞങ്ങൾ ബഹുമാനിച്ചത്. അന്ന് സ്ഥിരമായി ധരിച്ചിരുന്ന നീലയിൽ ചതുരക്കട്ടകളുള്ള ഷിഫോൺ സാരിയും ഇയർ റിംഗും ചുവന്ന പൊട്ടും അവർക്ക് മാത്രം യോജിച്ചവയായിരുന്നു. ടീച്ചർ ഈ ലോകത്ത് ഇപ്പോഴില്ല. സുവോളജി പഠിപ്പിക്കാനെത്തിയ ജയശ്രീ ടീച്ചറും ഞങ്ങൾക്ക് പ്രിയങ്കരിയായി. മൈത്രേയന്റെ സഹോദരിയായതു കൊണ്ട് ഇപ്പോൾ അവർ എനിക്ക് ചേച്ചിയാണ്. നല്ല തടിയും, മുടിയും അത് പോലെ നല്ല ശബ്ദവും ചേച്ചിക്കുണ്ടായിരുന്നു. മൈക്രോഫോണില്ലാതെ നൂറു പേരുള്ള ക്ലാസിൽ പഠിപ്പിക്കാൻ ഉയർന്ന ശബ്ദമുണ്ടെങ്കിലേ സാധിക്കൂ. ക്ലാസ് കഴിഞ്ഞാലും പല വിഷയങ്ങളും സംസാരിക്കുന്ന ചേച്ചിയുടെ വർത്തമാനം ഇപ്പോഴും ഞാൻ അന്നത്തെ കൗതുകത്തോടെ തന്നെ കേട്ടിരിക്കാറുണ്ട്.
അക്കാലത്ത് ലബോറട്ടറികൾ അത്ര രസകരമായി തോന്നിയില്ല. സ്വതന്ത്രമായി പരീക്ഷണങ്ങളൊന്നും ചെയ്യാൻ കഴിയില്ല. നിർദ്ദേശത്തിനനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ നിർബ്ബന്ധമായി ചെയ്യേണ്ട കാര്യങ്ങൾ ടെൻഷൻ മാത്രമാണുണ്ടാക്കിയത്. മണ്ണിരയെയും പാറ്റയെയും തവളയെയുമൊക്കെ കീറി മുറിക്കുന്നത് ധാർമ്മിക പ്രശ്‌നവുമുണ്ടാക്കി. പഠിപ്പിനേക്കാൾ യാത്രകൾ രസകരമായി. എഴുകോണിൽ നിന്ന് ട്രെയിനിൽ പോകുന്ന കൂട്ടുകാരികളുമുണ്ടായിരുന്നു. ചിലപ്പോൾ അവരോടൊപ്പം ഞങ്ങളും ട്രെയിനിൽ കൂടും. വാതിൽപ്പടിയിൽ കാലുകൾ പുറത്തേക്കിട്ടിരുന്ന് ഞങ്ങൾ പുറം കാഴ്ചകൾ ആസ്വദിച്ചു. (വായിക്കുന്നവർ അത് ചെയ്യാൻ പാടില്ല, കേട്ടോ ) ആൺകുട്ടികളെ ഒട്ടും വക വച്ചില്ല. എന്നാൽ, ലേഡീസ് ഒൺലി ബസില്ലാതെ വരുമ്പോൾ സ്റ്റേറ്റു ബസിൽ കയറി വീടെത്തുക എന്നത് ഏറ്റവും ദുസ്സഹമായിരുന്നു. ഒരു കിളിക്കുഞ്ഞിനു പോലും കയറാൻ ഇടമില്ലാത്ത ബസ്സിൽ എങ്ങനെ എങ്കിലും വലിഞ്ഞു പിടിച്ച് കയറിയാൽ, അതിനിടയിൽ നീണ്ടു വരുന്ന കൈകൾ തടുക്കാൻ സേഫ്റ്റിപിൻ കയ്യിലുണ്ടാവണം. ചിലപ്പോൾ ഡിസക്ഷൻ ബോക്‌സിലെ ആയുധങ്ങളും ഇരിക്കാൻ സ്ഥലം കിട്ടിയവർ എടുത്ത് തരും. പി. ഇ. ഉഷയുടെ സമരത്തിനും ഫെമിനിസത്തിനും ശേഷം ഇപ്പോൾ പെൺകുട്ടികൾ പ്രതികരിക്കുന്ന രീതിയും ആണുങ്ങളുടെ സ്വഭാവവും കുറെ മാറിക്കഴിഞ്ഞു. ഉഷയോട് പെൺകേരളം അതിന് കടപ്പെട്ടിരിക്കുന്നു. ഇപ്പോൾ പഴയ അവസ്ഥയിലേക്ക് തിരിഞ്ഞു നോക്കുന്നത് കൗതുകകരമാണ്.
എല്ലാ വിദ്യാർത്ഥിനികളും കോളേജിൽ വരുമ്പോൾ നിർബ്ബന്ധമായി സാരി ധരിക്കണമെന്ന് ഒരു ദിവസം പ്രിൻസിപ്പാൾ ഓർഡറിട്ടു. ആരും ഒരു പ്രതിഷേധവും ഉയർത്തിയില്ല. ഇപ്പോഴാണെങ്കിൽ അതങ്ങനെ സമ്മതിച്ചു കൊടുക്കുന്നത് ചിന്തിക്കാനേ കഴിയില്ലല്ലോ
മതിലിന്റെ ഇപ്പുറത്ത് അച്ചടക്കത്തിന്റെ മൂർത്ത രൂപമായി ഞങ്ങളുടെ കോളേജും അപ്പുറത്ത് അതിന് നേരെ വിപരീതമായി ആൺ കുട്ടികളുടെ കോളേജും വൈരുദ്ധ്യാത്മകമായി നിലകൊണ്ടു. എല്ലാ വിദ്യാർത്ഥിനികളും കോളേജിൽ വരുമ്പോൾ നിർബ്ബന്ധമായി സാരി ധരിക്കണമെന്ന് ഒരു ദിവസം പ്രിൻസിപ്പാൾ ഓർഡറിട്ടു. ആരും ഒരു പ്രതിഷേധവും ഉയർത്തിയില്ല. എനിക്ക് എല്ലാ കാലത്തും സാരി ഇഷ്ടമായിരുന്നതുകൊണ്ട് വിഷമമൊന്നും തോന്നിയില്ല. എങ്കിലും ഇപ്പോഴാണെങ്കിൽ അതങ്ങനെ സമ്മതിച്ചു കൊടുക്കുന്നത് ചിന്തിക്കാനേ കഴിയില്ലല്ലോ. സാരി ഉടുത്താൽ ഒട്ടും ശരീരത്തിന് യോജിക്കാത്തത്രയും ചെറിയ കുട്ടികളും ഉണ്ടായിരുന്നു. അവർ സാരി പൊതിഞ്ഞ് കൊണ്ട് വരികയും ഗേറ്റു കടന്ന ശേഷം ധരിക്കുകയും ചെയ്തു. ചിലർ പ്രിൻസിപ്പലിനെ കാണുമ്പോൾ മാത്രം സാരി എടുത്ത് തോളിലിട്ടു. അതേ സമയം അപ്പുറത്തെ കോളേജിൽ മിക്കവാറും എല്ലാ ദിവസവും സമരമാണ്. ചിലപ്പോൾ പൊലീസ് കയറി അടിയൊക്കെ നടക്കും.
ഒരിക്കൽ എന്റെ ഒരു കസിന്റെ തല പൊലീസ് അടിച്ചു പൊളിച്ചു. വേറൊരു രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ പോലെയാണ് ഞങ്ങൾ അതൊക്കെ കണ്ടത്. വന്യമൃഗങ്ങൾ മേഞ്ഞു നടക്കുന്ന പോലൊരു സ്ഥലം. എന്തെങ്കിലും കാരണത്തിന്, ഗേറ്റു കടന്ന് ആ കോളേജ് മുറ്റത്തേക്ക് കാലെടുത്തു വച്ചാൽ കൂവൽ കൊണ്ട് ചെവി പൊട്ടിക്കും. അസാമാന്യ ധൈര്യമുണ്ടെങ്കിലേ അകത്ത് പോകാൻ കഴിയൂ.
പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സിന് ചേർന്നത് മെൻസ് കോളേജിലാണ്. പരസ്പരം ബഹുമാനിക്കുന്ന, നല്ല രാഷ്ട്രീയ ധാരണയുള്ള ധാരാളം ആൺ സുഹൃത്തുക്കളുണ്ടായി. ആൺ ലോകത്തെ കുറിച്ച് വേറൊരു കാഴ്ചയുണ്ടായത് അക്കാലത്താണ്
ഇങ്ങനെയൊക്കെയാണെങ്കിലും ചില ആൺ പെൺ പ്രണയങ്ങൾ അതിനിടെ നടന്നിരുന്നു. ഭക്ഷണം കഴിക്കുന്ന കാന്റീൻ, കാമ്പസിന്റെ ഒരു മൂലയിലായിരുന്നു. അവിടെ, മെൻസ് കോളേജ് കാമ്പസിലേക്ക് തുറക്കുന്ന ഒരു ചെറിയ ഗേറ്റുണ്ട്. അത്യാവശ്യം, പരസ്പരം കാണേണ്ടവർ കാന്റീനും, ഈ ഗേറ്റും ഉപയോഗപ്പെടുത്തും. തൊട്ടടുത്തുള്ള ശാരദാ മഠത്തിൽ ഭക്തിയുടെ പേരിലും ഒത്തു ചേരാം. വർഷങ്ങൾ കഴിഞ്ഞ് പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സിന് ചേർന്നത് ഇതേ മെൻസ് കോളേജിലാണ്. അതേക്കുറിച്ച് അതുവരെയുണ്ടായിരുന്ന എല്ലാ ഭയവും സങ്കല്പങ്ങളും അതോടെ മാഞ്ഞു പോയി. പരസ്പരം ബഹുമാനിക്കുന്ന, നല്ല രാഷ്ട്രീയ ധാരണയുള്ള ധാരാളം ആൺ സുഹൃത്തുക്കളുണ്ടായി. ആൺ ലോകത്തെ കുറിച്ച് വേറൊരു കാഴ്ചയുണ്ടായത് അക്കാലത്താണ്. അടിയന്തിരാവസ്ഥക്കാലത്ത് പീഡനവും ജയിൽ വാസവും അനുഭവിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു. വിചിത്രങ്ങളായ പല സ്വഭാവങ്ങളുള്ളവരേയും അവിടെ കണ്ടു. എന്നാൽ, ആരെയും ഒട്ടും ഭയക്കേണ്ടതില്ല എന്ന് അപ്പോഴാണ് മനസ്സിലായത്. എല്ലാം വെറും കോലാഹലങ്ങൾ മാത്രം.▮
(തുടരും)