മുകളിൽ നിന്നും രണ്ടാമത്തെ നിരയിൽ വലതുനിന്നും നാലാമതായി എ.കെ ജയശ്രീ

സുന്ദരമായി പണിതെടുക്കേണ്ട ജീവിതം

എഴുകോൺ- 12

ഒരു വശത്ത് പഠനം രസകരമായിരിക്കെ തന്നെ, മറുവശത്ത് തൊഴിലിനെക്കുറിച്ചുള്ള ചിന്ത അലട്ടിക്കൊണ്ടുമിരുന്നു. വിവാഹം ഒരു ഉപജീവനമായി ദുഃസ്വപ്നത്തിൽ പോലും എനിക്ക് കാണാനാവുമായിരുന്നില്ല.

മയ്യാവേശ്യ മനോ യേ മാം നിത്യയുക്താ ഉപാസതേ ശ്രദ്ധയാ പരയോപേതാഃ തേ മേ യുക്തതമാ മതാഃ ""എന്നിൽ മനസ്സുറപ്പിച്ച് സ്ഥിരമായ നിഷ്ഠയോടും പരമമായ ശ്രദ്ധയോടും കൂടി ആര് എന്നെ ഉപാസിക്കുന്നുവോ അവരാണ് ഏറ്റവും യോഗ്യർ എന്നാണ് എന്റെ അഭിപ്രായം.''

ത് ഗീതയിലെ ഭക്തിയോഗത്തിൽ കൃഷ്ണൻ അർജ്ജുനനോട് പറയുന്നതാണ്. ബന്ധുക്കളെ യുദ്ധത്തിൽ തോൽപ്പിക്കുകയോ വധിക്കുകയോ ചെയ്യുക എന്ന ധർമ്മ സങ്കടത്തിൽ അകപ്പെട്ടിരിക്കുകയാണ് അർജ്ജുനൻ.
പ്രതിസന്ധികൾ തരണം ചെയ്യാൻ മനുഷ്യർ കണ്ടെത്തിയ ഒരു ടെക്നോളജിയാണ് ദൈവം. ഇത് ഒറ്റക്ക് ഓരോ മനുഷ്യനും കണ്ടെത്തുന്നതല്ല. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്ന് കിട്ടുകയാണ്. ഈ ടെക്നോളജിക്ക് ഗുണവും ദോഷവുമുണ്ട്. ഗുണം എന്താണെന്ന് വച്ചാൽ സാങ്കല്പികമായതു കൊണ്ട്, പൊതുവായ വിശ്വാസങ്ങൾ നില നിൽക്കുമെങ്കിലും, മനുഷ്യർക്ക് സ്വതന്ത്രമായും സ്വകാര്യമായും കുശലതയോടെ, അതിനു മേൽ പണിയാനാവും. ഭക്തി സമ്പൂർണ്ണമായ സമർപ്പണമാണ്. എന്നാൽ, അതിന്റെ മേലാളർ ഭക്തർ തന്നെയാണ്. ഒരു മനുഷ്യന്റെ പ്രണയം ലഭിക്കണമെങ്കിൽ നാം കാത്തിരിക്കണം. ദൈവം എപ്പോഴും ഉള്ളിൽ തന്നെയുണ്ടല്ലോ. ഇത് മനസ്സിൽ തെളിഞ്ഞപ്പോൾ എന്റെ നോട്ട് ബുക്കിൽ ഞാനെഴുതി. "പ്രേമം, ദൈവം തരുന്നതാണ്. എന്നാൽ, ഭക്തി നമ്മൾ ദൈവത്തിൽ നിന്ന് പിടിച്ച് വാങ്ങുന്നു.' അതേസമയം, ഇതിന്റെ മറുവശമുണ്ട്.

നമ്മൾ ഇടപെട്ടിട്ടുള്ളതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു സമൂഹത്തിൽ ചെന്ന് പെടുമ്പോഴും ആത്മവിശ്വാസക്കുറവുണ്ടാകാം. എന്താണ് ഈ ആത്മം? പിറവിയിലേ നമുക്ക് ലഭിക്കുന്നതോ പിന്നീട് പണിഞ്ഞുണ്ടാക്കുന്നതോ?

ഈശ്വരനും ഭക്തരും തമ്മിലുള്ള ബന്ധത്തിൽ, മറുവശത്ത് ശരിക്കും ഒരാളില്ലാത്തതിനാൽ (ദൈവം നമ്മുടെ ഉള്ളിലാണല്ലോ) അപരരുമായി
ഇടപെടാനുള്ള ടെക്നോളജി നമുക്ക് വശമാക്കാൻ കഴിയുന്നില്ല. വലിയ ഒരു അഹന്ത വന്നു മനസ്സു മൂടുകയും ചെയ്യുന്നു. വേറൊരപകടം എന്താണെന്ന് വച്ചാൽ, വിഭജിച്ച് നിൽക്കുന്ന സമൂഹത്തിലും വ്യക്തി ബന്ധങ്ങളിലും ആധിപത്യം പുലർത്തുന്നവർക്ക് അധികാരത്തിനുള്ള ന്യായീകരണമായി ഇതിന്റെ ഫോമുല(സൂത്രവാക്യം) മാറുന്നു. ഭർത്താവിന് വിധേയയാകാൻ ഭാര്യ വിധിക്കപ്പെടുന്ന പോലെ ഒട്ടേറെ ബന്ധങ്ങളിൽ ഇത് നിഴലിക്കും.

ഡോ. എ.കെ ജയശ്രീ

എന്തായാലും എന്റെ ജീവിതത്തിന്റെ പണിപ്പുരയിൽ ഭക്തിയുടെ ഉപകരണങ്ങളും പണിയെടുത്തിട്ടുണ്ട്. ഭക്തനായ ഒരു ബന്ധു എന്റെ ചെറുപ്പത്തിൽ വീട്ടിൽ വരാറുണ്ടായിരുന്നു. അദ്ദേഹം ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്ന സമയമാണ്. അതിനോടൊപ്പം പല വിശ്വാസങ്ങളും കൊണ്ട് നടന്നിരുന്നു. എനിക്ക് ഗീത പരിചയപ്പെടുത്തി തന്നത് അദ്ദേഹമാണ്. റഷ്യയിലൊക്കെ പോയി ഉന്നത വിദ്യാഭ്യാസം നടത്തിയെങ്കിലും പിന്നീട് ഒരു സന്യാസിയായി അലഞ്ഞു തിരിയുകയും ആരോഗ്യമൊക്കെ നശിച്ച് നേരത്തെ മരിച്ചു പോവുകയുമാണുണ്ടായത്. ഭക്തിയുടെ ടെക്നോളജി അദ്ദേഹത്തിന്റെ ജീവിതം സുന്ദരമാക്കിയില്ല എന്നാണ് എന്റെ വിലയിരുത്തൽ. എങ്കിലും എന്റെ ജീവിതം മെനഞ്ഞെടുക്കുന്നതിൽ ആ സന്ദർഭങ്ങൾ ഉപകാരപ്പെട്ടിട്ടുണ്ട്.

ആത്മവിശ്വാസമുണ്ടാവുക എന്നതാണ് ജീവിതത്തിൽ ഏറ്റവും പ്രധാന കാര്യം. കൂട്ടുകാരെ തേടുന്നതും കമിതാവിൽ സ്വയം അർപ്പിക്കാൻ നോക്കുന്നതും ദേവാലയങ്ങളിൽ ആശ്വാസം അന്വേഷിച്ച് അലയുന്നതും അതിനു വേണ്ടിയാണ്. മറ്റുള്ളവർ കഴിവുണ്ടെന്ന് പറയുമ്പോഴും നമുക്കത് സ്വയം ബോധ്യപ്പെടണമെന്നില്ല. ആത്മവിശ്വാസം കുറഞ്ഞവർ അതുള്ളവരോട് ചേർന്ന് നിൽക്കാൻ ശ്രമിക്കും. അതുണ്ടെന്ന് കരുതുന്നവർക്ക് പിന്നീടത് നഷ്ടപ്പെടുകയും ചെയ്യാം.

പ്രതീക്ഷിക്കാത്ത പ്രതിസന്ധികളിൽ ചെന്ന് പെടുമ്പോഴാണത് സംഭവിക്കുന്നത്. പല തരത്തിൽ വിഭജിച്ച് നിൽക്കുകയും എന്നാൽ, ഗതിവിഗതികൾ മാറി കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ, ആത്മവിശ്വാസക്കുറവും വിഷാദവും പതിയെ പടരുന്ന പകർച്ച വ്യാധി പോലെ കാണപ്പെടുന്നു. ഇന്ന്, കരുത്തോടെ നിൽക്കുന്നവർക്ക് നാളെ അത് നഷ്ടപ്പെടാം. പിന്നിലേക്ക് മാറി നിൽക്കുന്നവർ എപ്പോഴാണ് മറ്റുള്ളവരെ നയിക്കുന്നവരായി മുന്നിലെത്തുന്നത് എന്ന് പ്രവചിക്കാനും പ്രയാസമാണ്. നമ്മൾ ഇടപെട്ടിട്ടുള്ളതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു സമൂഹത്തിൽ ചെന്ന് പെടുമ്പോഴും ആത്മവിശ്വാസക്കുറവുണ്ടാകാം. എന്താണ് ഈ ആത്മം? പിറവിയിലേ നമുക്ക് ലഭിക്കുന്നതോ പിന്നീട് പണിഞ്ഞുണ്ടാക്കുന്നതോ?

എം.എസ്.സിക്ക് പഠിക്കുമ്പോഴാണ് എനിക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടായത് എന്ന് നിസ്സംശയം പറയാം. അതിന് ഏറ്റവും പ്രധാന കാരണം ക്ലാസിൽ പന്ത്രണ്ട് പേർ മാത്രമായിരുന്നതു കൊണ്ട് എല്ലാവരും പ്രധാനപ്പെട്ടവരായി മാറി എന്നതാണ്

എനിക്ക് ചെറുപ്പത്തിൽ പൊതുവെ ആത്മവിശ്വാസം കുറഞ്ഞിരുന്നു. കൈകൾക്ക് എപ്പോഴും ഒരു വിറയൽ അനുഭവപ്പെട്ടു. കുറച്ച് കഴിഞ്ഞാൽ, അത് മാറി കൊള്ളുമെന്ന് യതി പറഞ്ഞപ്പോൾ ആശ്വാസം തോന്നി. ഉള്ളിൽ ദൈവമുണ്ടെങ്കിലും, നമ്മൾ പുറമെ ഒരു അത്താണി തേടി കൊണ്ടിരിക്കുന്നു. ദൈവം പശ്ചാത്തല സംഗീതം മാത്രമേ ആകുന്നുള്ളൂ. മുന്നിൽ, പാട്ടുകാർ കൂടി ഉണ്ടാവണം. ഇടപെടുന്ന നിരവധി ആളുകളിലൂടെയും സന്ദർഭങ്ങളിലൂടെയുമാണ് സുന്ദരമായ ഒരു ജീവിതം പണിഞ്ഞുണ്ടാക്കാൻ കഴിയുന്നത്. പണിയുമ്പോൾ വൃത്തിയില്ലാതാവുകയോ, ഇടക്ക് വച്ച് പൊളിഞ്ഞ് പോവുകയോ ഒക്കെ ചെയ്യാം. എങ്കിലും നമ്മൾ പണിതു കൊണ്ടിരുന്നേ പറ്റൂ.

എം.എസ്.സിക്ക് പഠിക്കുമ്പോഴാണ് എനിക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടായത് എന്ന് നിസ്സംശയം പറയാം. അതിന് ഏറ്റവും പ്രധാന കാരണം ക്ലാസിൽ പന്ത്രണ്ട് പേർ മാത്രമായിരുന്നതു കൊണ്ട് എല്ലാവരും പ്രധാനപ്പെട്ടവരായി മാറി എന്നതാണ്. ഒപ്പം തന്നെ സീനിയർ ക്ലാസ്സിലും ജൂനിയർ ക്ലാസ്സിലും ഉള്ളവരുമായി കൂടുതൽ അടുക്കാനും അവസരമുണ്ടായി. ഇപ്പോൾ പല കോളേജുകളിലും നടക്കുന്ന ക്രൂരമായ റാഗിങ് പോലെയായിരുന്നില്ല അവിടെയുണ്ടായിരുന്നത്.

ഫ്രഷേഴ്സ് ഡേയിൽ ചെറിയ കളിയാക്കലുകൾ അടങ്ങിയ പല തമാശകളും ഉണ്ടാവുമെങ്കിലും അത് കഴിയുമ്പോൾ പുതിയ ബാച്ചിലും പഴയ ബാച്ചിലുമുള്ളവർ നല്ല സുഹൃത്തുക്കളായിരിക്കും. വലിയ ക്ലാസുകളിൽ പലപ്പോഴും ഒരു നമ്പർ മാത്രമായി മുഖവും വ്യക്തിത്വവുമില്ലാത്തവരായി നമ്മൾ അലയുകയായിരിക്കും. മറ്റുള്ളവർ മുഖത്തോട് മുഖം വരുമ്പോഴും അവർ നമ്മളോട് കൂടുതൽ ഇടപെടുമ്പോഴുമാണ് നമുക്ക് സ്വയം വില മതിക്കാൻ കഴിയുന്നത്. മുതിർന്നവരും കരുതലുള്ളവരും അക്കൂട്ടത്തിലുണ്ടെങ്കിൽ പ്രത്യേകിച്ചും.

ജന്തുശാസ്ത്രത്തിൽ, പഠിക്കാൻ വേണ്ടിയാണെങ്കിലും, ജീവികളെ ഉപദ്രവിക്കുന്നത് എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. തവള, വലിയ തേൾ, പാറ്റ, മണ്ണിര, സ്രാവ്, ഓന്ത് തുടങ്ങിയവയെ മയക്കിയോ ജീവനോടെയോ ഒരു തടിക്കഷണത്തിൽ ചേർത്ത് പിൻ ചെയ്ത് കീറി ആന്തരികഭാഗങ്ങൾ പരിശോധിക്കും. ഓരോ ആന്തരികാവയവങ്ങളും കണ്ടെത്തുന്നതിൽ ഒരു കൗതുകമൊക്കെയുണ്ട്. ആയുർവ്വേദ കോളേജിൽ ചേരാതെ സയൻസ് പഠിക്കാനെത്തിയത് തന്നെ അതിലുള്ള താത്പര്യം കൊണ്ടാണ്. എന്നാൽ, ജീവികൾ പിടയുന്നത് കാണുമ്പോൾ എല്ലാ താത്പര്യവും നഷ്ടപ്പെടും.

തുന്നി തുടങ്ങുമ്പോൾ, ഇത്രയും വൃത്തികേടായി എങ്ങനെ തുന്നാൻ സാധിക്കുന്നു എന്ന് ഞാൻ തന്നെ അതിശയപ്പെടും. ഒരേ വലുപ്പത്തിലും അകലത്തിലും മറ്റുള്ളവർ ചെയ്യുന്നതിന്റെ ഭംഗി കണ്ട് അന്തം വിടും. അതെ അവസ്ഥയാണ് എനിക്ക് സുവോളജി ലാബിലും ഉണ്ടായിരുന്നത്.

ഓരോരോ കാലഘട്ടത്തിലായി ജീവികൾ ശ്രദ്ധാപൂർവ്വം പണിതെടുത്ത ഓരോ അവയവവും വമ്പിച്ച ടെക്നോളജിയാണ്. ശരീരം അതിന്റെ സമാഹാരമാണ്. പരസ്പര സഹകരണത്തോടെ വലിയൊരു വിവര ശൃംഖലയാണ് ജീവിലോകം കൈമാറ്റം ചെയ്യുന്നത്. മനുഷ്യർ വിസ്മയത്തോടെ സ്വയം കണ്ടെത്തിയ മസ്തിഷ്‌കവും അതിൽ നിന്ന് വളർന്നു കൊണ്ടിരിക്കുന്ന കൃത്രിമ ബുദ്ധിയും (Artificial intelligence) ജീവികളുടെ ദീർഘകാല ഗവേഷണത്തിനു മേലാണ് പടുത്തുയർത്തിയിട്ടുള്ളത്.

ഡിഗ്രിക്ക് പഠിക്കുമ്പോൾ, ഓരോ ജീവികളുടെയും നാഡീവ്യൂഹം തെളിച്ചെടുത്ത് വെള്ള നിറമുള്ള അതിനടിയിൽ ബ്ലാക് പേപ്പർ തീരെ ചെറുതായി ഒരേ വലുപ്പത്തിൽ വെട്ടിയെടുത്ത് പ്രദർശിപ്പിക്കുകയാണ് ലാബിൽ ചെയ്യേണ്ടിയിരുന്നത്. ഒരേ വലുപ്പത്തിലും അകലത്തിലും ഭംഗിയായി ഇത് ചെയ്തു വക്കുക എന്നത് ഒരു ക്രാഫ്റ്റ് ആണ്. എനിക്കില്ലാത്തതോ അല്ലെങ്കിൽ ഉണ്ടാക്കാൻ പരിശ്രമിക്കാത്തതോ ആയ ഒന്ന്. അത് ചെയ്യാൻ പോകുമ്പോൾ എന്റെ വടിവില്ലാത്ത അക്ഷരവും സ്‌കൂളിലെ തുന്നൽ ക്ലാസും ഓർമ വരും. തുന്നി പഠിക്കാൻ ഒരു വെള്ള തുണിയും നിറമുള്ള നൂലും സൂചിയും കൊണ്ട് വരണമെന്ന് ഏലിയാമ്മ ടീച്ചർ പറയും. ചിലപ്പോൾ അത് മറന്നു പോകും. മറന്നാൽ അടി ഉറപ്പാണ്. അച്ഛന്റെ പഴയ മുണ്ട് കീറിയ ഒരു കഷ്ണം ചിലപ്പോൾ അമ്മ തന്നു വിടും. മറ്റുള്ളവർ കൊണ്ട് വരുന്ന വെള്ളത്തുണിക്ക് മുമ്പിൽ ഇത് മോശമാകുമോ എന്നൊരു ആശങ്കയും ഉണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് തുന്നി തുടങ്ങുമ്പോൾ, ഇത്രയും വൃത്തികേടായി എങ്ങനെ തുന്നാൻ സാധിക്കുന്നു എന്ന് ഞാൻ തന്നെ അതിശയപ്പെടും. ഒരേ വലുപ്പത്തിലും അകലത്തിലും മറ്റുള്ളവർ ചെയ്യുന്നതിന്റെ ഭംഗി കണ്ട് അന്തം വിടും. അതെ അവസ്ഥയാണ് എനിക്ക് സുവോളജി ലാബിലും ഉണ്ടായിരുന്നത്. ഡിഗ്രി കഴിഞ്ഞ് രണ്ടോ മൂന്നോ മാർക്കിന്റെ കുറവിൽ വീണ്ടും എം.ബി.ബി.എസിന് അഡ്മിഷൻ കിട്ടിയില്ല. മാർക്ക് കുറയാൻ കാരണം, ഈ ലാബിലെ തത്രപ്പാട് തന്നെയാണ്. അമ്മയ്ക്കും അച്ഛനും ജോലി ഉണ്ടായിരുന്നതിനാൽ റിസർവ്വേഷനും കിട്ടിയില്ല. ചിലരെങ്കിലും ജോലിക്കാര്യം മറച്ചു വച്ച് അപേക്ഷിക്കാറുണ്ട്. മെറിറ്റിൽ കിട്ടിയാൽ മതിയെന്നായിരുന്നു അച്ഛന്റെ പക്ഷം. അതിനാൽ മെഡിക്കൽ പഠനം തത്കാലം വേണ്ടെന്ന് വച്ച് സുവോളജിയിൽ തന്നെ എം.എസ്.സിക്ക് ചേർന്നു.

എം.എസ്.സി കോഴ്‌സ് ആയപ്പോൾ, തവളകളുടെ മസ്തിഷ്‌കത്തിനുള്ളിലേക്ക് സൂചി കടത്തി അത് കശക്കിയ ശേഷമുള്ള പേശീ ചലനങ്ങൾ പഠിക്കേണ്ടതുണ്ട്. എം.ബി.ബി.എസിലും ഇത് ഫിസിയോളജി പഠനത്തിന്റെ ഭാഗമായിരുന്നു. ഇപ്പോൾ സിമുലേഷനിലൂടെ(simulation) ഇതെല്ലാം പഠിക്കാൻ പറ്റും. അത് സയൻസിന്റെ നേട്ടവുമാണ്. ജീവികളെ ഉപദ്രവിക്കുന്നത് പരമാവധി ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. സയൻസിന്റെ പുതിയ അറിവുകൾ കൊണ്ട്, അറിവിനായി പണ്ട് ചെയ്ത പ്രാകൃത പ്രവൃത്തികൾക്ക് പരിഹാരമായി ജീവമണ്ഡലവുമായി പുതിയ പാരസ്പര്യത്തിൽ ഏർപ്പെടാൻ മനുഷ്യർക്കിപ്പോൾ കഴിയുന്നുമുണ്ട്.

എം.എസ്.സി കാലത്ത് ജയശ്രീയുടെ പ്രൊഫസറും പിന്നീട് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനുമായിരുന്ന ഡോ. ബലറാം

സമഗ്രവും കൂടുതൽ ആഴത്തിലുമുള്ള പഠനമാണ് എം.എസ്.സിക്ക് ഉണ്ടായിരുന്നത്. പ്രൊഫസർമാരായ രാമാനുജനും, സ്‌കന്ദനും, ബലറാമും എല്ലാം വിഷയത്തിൽ നല്ല അവബോധമുള്ളവരും ഞങ്ങളോട് അടുത്ത് ഇടപഴകുന്നവരുമായിരുന്നു. പ്രൊഫസർ ബലറാം പിന്നീട് മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷനായി. ഡിപ്പാർട്ട്‌മെന്റിന്റെ അധ്യക്ഷനായിരുന്നത് പ്രൊഫസർ രാമചന്ദ്രനായിരുന്നു. വളരെ സൗമ്യനായിരുന്ന അദ്ദേഹം ഗവേഷണത്തെ നന്നായി പ്രോത്സാഹിപ്പിച്ചു. അവിടെ പല ഗവേഷണങ്ങളും നടന്നിരുന്നു. ഒഴിവു സമയങ്ങളിൽ അദ്ദേഹം ഫ്‌ളൂട്ട്‌ വായിച്ചു. ദിവസവും ആചാരമെന്നോണം വിദ്യാർത്ഥികൾ സമരം നടത്തിയിരുന്ന കോളേജായിരുന്നു അത്. വിഷയങ്ങൾ പഠിക്കുന്നതിനേക്കാൾ സമൂഹത്തിൽ നീതി നില നിർത്തുകയാണ് വിദ്യാർത്ഥികളുടെ ധർമ്മമെന്ന് അവർ കരുതിയിരിക്കാം. അതല്ലെങ്കിൽ ക്ലാസിലെ ബോറടി മാറ്റാനായിരിക്കും. രാവിലെ ഒരിടത്ത് നിന്ന് തുടങ്ങി ഓരോരോ ക്ലാസിലും കയറി എല്ലാവരേയും പുറത്തിറക്കി മുദ്രാവാക്യം വിളിച്ച് ജാഥയായി നീങ്ങും. പൊതുവെ അവർ പി.ജി വിദ്യാർത്ഥികളെ ഉപദ്രവിക്കാറില്ല. എങ്കിലും തുടങ്ങുമ്പോൾ തന്നെ ഞങ്ങളുടെ എല്ലാ വാതിലുകളും പൂട്ടാൻ രാമചന്ദ്രൻ സാർ ആവശ്യപ്പെടും. ചിലപ്പോൾ വ്യത്യസ്ത സംഘടനകൾ തമ്മിൽ തല്ലു നടക്കും. ചോരയൊലിപ്പിച്ച് ചിലർ ടീച്ചർമാരുടെ മുറികളിൽ അഭയം തേടും. മുകളിലത്തെ നിലയിലായതിനാൽ ജനലിലൂടെ ഈ കാഴ്ചകൾ നോക്കി നിൽക്കുക ഞങ്ങളുടെ പതിവായിരുന്നു. ഇതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി പഠനത്തിൽ മുഴുകാൻ പ്രൊഫസർ ഞങ്ങളോട് പറയുകയും നിരന്തരം ഈ അവസ്ഥയെ കുറിച്ച് പരിതപിക്കുകയും ചെയ്തു. ഡിപ്പാർട്ട്‌മെന്റിലെ ചില്ലു പെട്ടികളിൽ പലതരം ആവാസവ്യവസ്ഥകൾ ഞങ്ങൾ വളർത്തിയെടുത്തിരുന്നു. അതിൽ നിന്ന് ഒരു തുള്ളി ജലമെടുത്ത് മൈക്രോസ്‌കോപ്പിനടിയിൽ വച്ച് പരിശോധിച്ചാൽ ജീവികളുടെ അത്ഭുതപ്പെടുത്തുന്ന കലവറ കണ്ട് രസിക്കാം. ഒഴിവു കിട്ടുമ്പോഴൊക്കെ ഞാനതു ചെയ്തു.

അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ഉണ്ടാകുന്ന ഒരു ബന്ധം അനുഭവിക്കാനായത് ഈയൊരു കാലഘട്ടത്തിലാണ്. തവളകളെ പീഡിപ്പിക്കുന്നതൊഴിച്ചാൽ ബാക്കിയൊക്കെ രസകരമായ പഠനങ്ങളായിരുന്നു. ജന്തുക്കളെ വർഗീകരിച്ച് ഓരോന്നിനെയും വിവിധ വിഭാഗങ്ങളിലും ജനുസുകളിലും കുലങ്ങളിലും സ്പീഷീസിലും മറ്റുമായി അടുക്കുക എന്നത് മനുഷ്യർ ഏറ്റെടുത്ത ഒരു വലിയ പദ്ധതിയാണ്. രക്തമുള്ളവയും ഇല്ലാത്തവയും എന്ന തരത്തിലാണ് അരിസ്റ്റോട്ടിൽ ജീവികളെ തരം തിരിച്ചത്. പതിനെട്ടാം നൂറ്റാണ്ടിൽ ലിനൈസാണ് (Linnaeus) കൂടുതൽ കൃത്യതയോടെ ശ്രേണീ ബദ്ധമായി ജീവികളെ അടുക്കി വച്ചത്. പിന്നീട് ലാമാർക്ക് (Lamarck) ഇത് കൂടുതൽ വിപുലപ്പെടുത്തി. ജീവികളുടെയും ജീവലോകത്തിൽ മനുഷ്യരുടെയും സ്ഥാനം അടയാളപ്പെടുത്തുന്ന ഇവൊല്യൂഷനറി ബയോളജിക്ക്(Evolutionary biology) രൂപം നൽകുന്നതിൽ ഈ വർഗീകരണവും കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ഞങ്ങൾക്ക്, മീനുകളെ അവയുടെ ചിറകിലും വാലിലും ഉള്ള മുള്ളുകളുടെ എണ്ണം നോക്കി തരം തിരിച്ച് പഠിക്കേണ്ടിയിരുന്നു. അതനുസരിച്ചാണ് അവ ഏത് വിഭാഗത്തിൽ പെടുന്നു എന്ന് നിർണ്ണയിക്കുന്നത്. പ്രായോഗിക പരിജ്ഞാനം എന്നതിനേക്കാൾ, ജീവിലോകത്തിന്റെ സങ്കീർണതകളെ മനസിലാക്കാനും മനുഷ്യൻ ഈ ലോകത്തിലെ ഒരു ജീവി മാത്രമാണെന്നറിഞ്ഞ് മറ്റുള്ളവയോട് അനുഭാവമുണ്ടാക്കാനും ഈ പഠനങ്ങൾ സഹായിക്കും.

ഒരിക്കൽ പാറകൾ നിറഞ്ഞ തിരുമുല്ലവാരത്തെ കടൽ തീരത്ത് പോയപ്പോൾ രണ്ട് പേർ പാറകൾക്കിടയിൽ ആഴമുള്ള വെള്ളത്തിലേക്ക് വീണു. മുങ്ങുകയും പൊങ്ങുകയും ചെയ്ത അവരുടെ കണ്ണുകളിൽ മരണഭയം കണ്ട് അമ്പരന്നെങ്കിലും എല്ലാവരും ചേർന്ന് രണ്ടു പേരേയും പിടിച്ച് കയറ്റി.

കോശങ്ങളെ കുറിച്ചുള്ള പഠനമായ സൈറ്റോളജി (Cytology) അത്യത്ഭുതകരമായ ഒരു ജീവപ്രപഞ്ചമാണ് തുറന്നിടുന്നത്. പ്രത്യേകിച്ച്, തലമുറകളെ നില നിർത്തുന്ന അണ്ഡകോശങ്ങൾ. പുതിയൊരു ജീവിയുടെ വളർച്ചക്കുള്ള ബ്ലൂപ്രിന്റ്, അത്യാവശ്യം വ്യത്യസ്തതകൾക്ക് സാധ്യത നൽകി കൊണ്ട് അതിൽ അടക്കം ചെയ്തിരിക്കുന്നു. ബീജവുമായുള്ള അടുപ്പത്തിന് ശേഷം നിരനിരയായ പ്രവർത്തനങ്ങൾ അണി നിരക്കുകയായി. ഇതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നത്, ആ സമയത്ത് കോശത്തിനു ചുറ്റിലും വന്നു നിലയുറപ്പിക്കുന്ന ഒരു പുതിയ ആവരണമാണ് (Fertilisation membrane). അകവും പുറവും വേർതിരിക്കുന്ന അതിരുകളിലാണ് പുതുജീവന്റെ മുകുളങ്ങൾ വിരിയുന്നത്. ചുറ്റുമുള്ള മണ്ഡലത്തിൽ നിന്നും മറ്റു കോശങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ഒപ്പിയെടുത്ത് അണ്ഡകോശത്തിന്റെ കേന്ദ്ര(nucleus)ത്തിലേക്കെത്തിക്കാൻ ഈ ആവരണം ജാഗ്രത പുലർത്തുന്നു. പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് കോശങ്ങൾക്കുള്ളിലെ ധാരാളം അറകൾ ജനിതക വസ്തുക്കളോടെ നേരത്തെ തന്നെ സജ്ജമായിരിക്കും. അണ്ഡകോശത്തിന്റെ ഈ വളർച്ചാ സ്വഭാവ വിശേഷങ്ങൾ ചെറുജീവികൾ മുതൽ മനുഷ്യനിൽ വരെ മിക്കവാറും സമാനമാണെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

ജയശ്രീ എം.എസ്.സിയ്ക്ക് പഠിക്കുന്ന കാലത്ത്‌

ധാരാളം നദികളും തടാകങ്ങളും നീണ്ട കടൽ തീരവും മലകളുമുള്ള കേരളത്തിൽ ജീവികളേയും അവയുടെ ആവാസവ്യവസ്ഥയെയും പഠിക്കാൻ മറ്റെങ്ങും പോകേണ്ട ആവശ്യമില്ല. അഷ്ടമുടിക്കായൽ, തിരുമുല്ലവാരം, തോട്ടപ്പള്ളി, കോവളം, കല്ലാർ എന്നീ സ്ഥലങ്ങളിളെല്ലാം ഞങ്ങൾ പഠനയാത്രകൾ നടത്തി. കേരളത്തിന്റെ തീരങ്ങളിൽ മാത്രം കാണുന്ന ചാകര എന്ന പ്രതിഭാസം കാണാൻ തോട്ടപ്പള്ളിയിൽ പോയത് വിവിധ തരം കൊഞ്ചുകളെ പറ്റിയുള്ള അറിവ് നൽകി. പൂവാലൻ എന്ന വിശിഷ്ടമായ കൊഞ്ചുകൾ അന്നത്തെ ചാകരയിൽ വന്നടിഞ്ഞു. യാത്രകളിൽ സ്വന്തം പാട്ടുകളും പാരഡികളും രചിച്ചും അവ ഉച്ചത്തിൽ പാടിയും, പരസ്പരം കളിയാക്കിയും ഞങ്ങൾ മനസ്സുകൾ ചേർത്തിണക്കി പുതിയ ആവാസതീരങ്ങൾ പണിതെടുത്തു. ഒരിക്കൽ പാറകൾ നിറഞ്ഞ തിരുമുല്ലവാരത്തെ കടൽ തീരത്ത് പോയപ്പോൾ രണ്ട് പേർ പാറകൾക്കിടയിൽ ആഴമുള്ള വെള്ളത്തിലേക്ക് വീണു. മുങ്ങുകയും പൊങ്ങുകയും ചെയ്ത അവരുടെ കണ്ണുകളിൽ മരണഭയം കണ്ട് അമ്പരന്നെങ്കിലും എല്ലാവരും ചേർന്ന് രണ്ടു പേരേയും പിടിച്ച് കയറ്റി. ഉല്ലാസത്തിനിടയിൽ പതിയിരിക്കുന്ന അപകടം പിന്നീട് പലപ്പോഴും ഞങ്ങൾ ഓർമ്മിച്ചു.

സൂക്ഷ്മജീവികളുടെ ലോകം പങ്കിടുന്നതോടൊപ്പം നമ്മൾ മനുഷ്യർ മനസ്സിന്റെ സൂക്ഷ്മലോകം കൂടി പങ്കിടുന്നുണ്ട്. കോളേജ് ജീവിതത്തിൽ പ്രധാനമായും അത് സൗഹൃദത്തിന്റേതാണ്. അതിനിടയിൽ പ്രണയവും അസൂയയും വിഷാദവും ആഹ്ലാദവും മിന്നുകയും മറയുകയും ചെയ്യും.

ഒരു പക്ഷേ, വിശാലമായ കോളജ് കാമ്പസിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കൂടെ നടക്കാൻ ഒരാളുണ്ടായാൽ അത് തന്നെ പ്രണയത്തിന്റെ കാര്യത്തിൽ ഒരു ആഡംബരമായി പരിഗണിച്ച് ആസ്വദിച്ചു എന്ന് കരുതാവുന്നതാണ്.

ഒരു വശത്ത് പഠനം രസകരമായിരിക്കെ തന്നെ, മറുവശത്ത് തൊഴിലിനെ കുറിച്ചുള്ള ചിന്ത അലട്ടി കൊണ്ടുമിരുന്നു. വിവാഹം ഒരു ഉപജീവനമായി ദുഃസ്വപ്നത്തിൽ പോലും എനിക്ക് കാണാനാവുമായിരുന്നില്ല. അതുകൊണ്ട് സ്വയം തൊഴിൽ ചെയ്യാനുള്ള സാധ്യത കണക്കാക്കി, എം.എസ്,സി കഴിഞ്ഞാണെങ്കിലും അഡ്മിഷൻ കിട്ടിയാൽ മെഡിസിൻ പഠിക്കാമെന്ന് തീരുമാനിച്ചു. ഈ മാനസികാവസ്ഥയിൽ പ്രണയത്തിനൊന്നും സ്ഥാനമുണ്ടായിരുന്നില്ല. സ്വാശ്രയത്തോടെയുള്ള നിലനില്പ് എന്നതിനായിരുന്നു മുൻഗണന. ഒരു പക്ഷേ, വിശാലമായ കോളജ് കാമ്പസിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കൂടെ നടക്കാൻ ഒരാളുണ്ടായാൽ അത് തന്നെ പ്രണയത്തിന്റെ കാര്യത്തിൽ ഒരു ആഡംബരമായി പരിഗണിച്ച് ആസ്വദിച്ചു എന്ന് കരുതാവുന്നതാണ്. പരിശുദ്ധവും സ്വതന്ത്രവുമെന്ന തരത്തിൽ പുതിയ കാലത്ത് ഉയർത്തി കാട്ടുന്ന പ്രണയം ഒരു മോടി പിടിപ്പിച്ച കള്ളമാണെന്ന് തിരിച്ചറിയാൻ സ്ത്രീകൾക്ക് അധികം ബുദ്ധിയൊന്നും ആവശ്യമില്ല. പ്രണയവും വിവാഹവും അവസാനിക്കുന്നത് സ്ത്രീകളുടെ പൊതു ജീവിതത്തിന് മതിൽ കെട്ടുന്ന പരമ്പരാഗത കുടുംബത്തിനുള്ളിൽ തന്നെയാവും. എന്നാൽ, അബോധ തലത്തിലുള്ള വികാരങ്ങളും ഉൾപ്രേരണകളും ചിലപ്പോൾ നമ്മുടെ ബോധപൂർവ്വമായ തീരുമാനങ്ങളെ മറി കടക്കാൻ കെൽപ്പുള്ളതാവുകയും ചെയ്യും. അങ്ങനെ വരുമ്പോൾ നമ്മെ സ്വയം ശ്രദ്ധയോടെ പരിപാലിക്കേണ്ടതുണ്ട്. ഇത് മറ്റുള്ളവരോടുള്ള ശ്രദ്ധയും പരിചരണവും കൂടിയാണ്. ആധുനിക സമൂഹത്തിലെ പരിവർത്തനോന്മുഖമായ തീവ്രബന്ധങ്ങളുടെ (Transformative intimacy)സ്വഭാവത്തെക്കുറിച്ച്, സാമൂഹ്യശാസ്ത്രജ്ഞനായ ഗിഡൻസ് (Giddens) പറയുന്നതിതാണ്,""ആധുനിക ലോകം സ്ത്രീകൾക്ക് ആത്മപ്രതിഫലനത്തിന് അവസരമൊരുക്കുന്നു. പുറമേ നിന്ന് പരമ്പരാഗതസ്ഥാപനങ്ങൾ നിയന്ത്രിക്കുന്നില്ല. എന്നാൽ, പരമ്പരാഗതകുടുംബം അവർ സ്വയം തെരഞ്ഞെടുക്കത്തക്ക തരത്തിൽ ആന്തരിക മൂല്യങ്ങൾ ഉറപ്പിച്ചെടുക്കാൻ ഇന്നത്തെ വിദ്യാഭ്യാസവും, ചികിത്സയും കമ്പോളവും പര്യാപ്തമാണ്.'' ലഭ്യമായ സാഹചര്യത്തിൽ സ്ത്രീകൾ കൂടുതലും വിവാഹബന്ധം തന്നെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. സ്വതന്ത്രമായ ബന്ധങ്ങൾ പ്രത്യേകിച്ച് വിവാഹിതരായ പുരുഷന്മാരുമായുള്ള ബന്ധങ്ങൾ സ്ത്രീകളുടെ വൈകാരികമായ തകർച്ചയിലെത്തുന്നതാണ് അന്ന് കോളജുകളിലൊക്കെ കണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ സ്ത്രീകളിൽ അപൂർവ്വം പേർക്കെങ്കിലും കൂടുതൽ വൈകാരികാശ്രയമില്ലാതെ തന്നെ പ്രണയിക്കാനും അത് വിടുവിക്കാനും സാധിക്കുന്നുണ്ട്. തീവ്രബന്ധങ്ങളെ കുടുംബത്തിൽ നിന്ന് ഇഴ പിരിച്ചെടുക്കുകയും അതിന്റെ സൗഹൃദം, ആത്മീയത, ധാർമ്മികത, ഐക്യദാർഢ്യം തുടങ്ങിയ വ്യത്യസ്ത മാനങ്ങളിലേക്ക് വ്യാപരിപ്പിക്കുകയും ചെയ്യുമ്പോഴേ, തുല്യതയും സ്വാതന്ത്ര്യവും അനുഭവിക്കാനാകൂ. അതിന് സ്ത്രീകൾ ആത്മപരിചരണത്തിൽ ശ്രദ്ധിക്കണം.

യൗവ്വനത്തിന്റെ തുടക്കത്തിൽ ജീവിതത്തിന്റെ എത്രയോ വ്യത്യസ്ത തലങ്ങളിലൂടെ നമ്മൾ കടന്നു പോകുന്നു? വീടിന്റെ പശ്ചാത്തലം, മതപരവും സാംസ്‌കാരികവുമായ അന്തരീക്ഷം, അധികാരബലതന്ത്രങ്ങൾ, ശരീരത്തിന്റെയും മനസ്സിന്റെയും കാമനകൾ, മത്സരം, ഭാവിയെ കുറിച്ചുള്ള ആധി, തീവ്രബന്ധങ്ങൾ എന്നിവയിലൂടെയെല്ലാം ചരിക്കുന്ന അമൂർത്തമായ ഒന്നിനെയാണ് നമ്മൾ സുന്ദരമായ ""ആത്മ''മായി പണിതെടുക്കേണ്ടത്. നിരന്തരമായ ഈ പണിയൽ തന്നെയാണ് ജീവിതം.▮

(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments