മൈത്രേയൻ, ദേവീ പ്രസാദ് ചതോപാദ്ധ്യായ, പി. ഗോവിന്ദപ്പിള്ള, മാധവൻ എന്നിവർ പുസ്തക പ്രസാധക സംഘത്തിനുവേണ്ടി ദേവീ പ്രസാദിന്റെ പുസ്തകങ്ങളുടെ കോപ്പീറൈറ്റ് വാങ്ങാൻ കൽക്കത്തയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ.

പാലക്കാടൻ കാറ്റ് പിടിച്ച പാടങ്ങൾ

എഴുകോൺ- 20

ഹെൽത്ത് പ്രൊഫഷണൽ എന്ന നിലക്കും ഫെമിനിസ്റ്റ് എന്ന നിലക്കും എന്റെ സ്വത്വം നെടുകെ പിളർന്നിരുന്നു.

രുവശത്തുമുള്ള പാടങ്ങൾക്കിടയിൽ നെടുകെ കിടക്കുന്ന ഷൊർണൂർ റോഡിന്റെ ഇടതു വശത്തായിരുന്നു തൃശൂരിലെ കോലഴി വീട്. ഞാൻ താമസിച്ചതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട വീട്. ഏറ്റവും ഇഷ്ടപ്പെടാൻ കാരണം ഇരുവശത്തുമുള്ള പാടവും, അതിൽ പടർന്നു പിടിക്കുന്ന തീക്ഷ്ണമായ കാറ്റും ആയിരുന്നു. വീടിന്റെ നടുവിലത്തെ ഹാളിന്റെ രണ്ട് വശത്തുമുള്ള വാതിലുകൾ തുറന്നിട്ടാൽ അതിന്റെ തീക്ഷ്ണതയുടെ സുഖം മുഴുവൻ അനുഭവിക്കാം. പാലക്കാടൻ ചുരത്തിലൂടെ എത്തുന്ന കാറ്റാണതെന്ന് എല്ലാവരും പറഞ്ഞു. രതിമൂർച്ഛക്ക് എനിക്ക് മറ്റൊന്നും വേണ്ടിയിരുന്നില്ല. രാത്രിയിൽ ഉറങ്ങുമ്പോൾ ജനലിലൂടെ ആരോ എനിക്ക് പൂച്ചെണ്ടുകൾ കൊണ്ട് വീശി തന്നു. കൂടെ താമസിച്ചിരുന്ന ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് എന്റെ വിഭ്രാന്തി ആണെന്നാണ്. മനുഷ്യർക്കുള്ള ഭാവഭേദങ്ങളെല്ലാം കാറ്റിനുമുണ്ടെന്നാണ് എന്റെ അനുഭവം. ഒപ്പം സഞ്ചരിച്ച് കൊണ്ടത് ദേശങ്ങളേയും സമയങ്ങളേയും തൊട്ടുണർത്തുകയും ഓർമയിൽ സൂക്ഷിക്കുകയും ചെയ്യും. ഇളം ചൂടുള്ളതോ ഈറനണിഞ്ഞതോ ആയ കുഞ്ഞിക്കാറ്റു മുതൽ ചുഴലിയും കൊടുങ്കാറ്റും വരെയുള്ള ആയിരം ഭാവമാറ്റങ്ങൾ അത് നമുക്കായി പകർന്നാടുന്നു. ശ്രദ്ധിച്ചാൽ അതിന്റെ മണങ്ങളും രുചികളും കൂടി തിരിച്ചറിയാം. ദിവസവും പുതുമകൾ തേടിയിറങ്ങുന്ന എന്റെ മതിഭ്രമവുമാകാം.

അന്ന് ഞാൻ ഒറ്റക്ക് ഹോട്ടലിൽ കയറി പൊറോട്ടയും മറ്റും കഴിക്കുന്നത് കണ്ട് അവിടുത്തെ യുവാക്കൾ അതിശയപ്പെട്ടു എന്ന് അടുത്തിടെ അവിടെയുള്ള ഒരു സുഹൃത്ത് പറഞ്ഞു. തിരുവനന്തപുരത്ത് പക്ഷെ, ആരും അങ്ങനെ നോക്കില്ല. അത് കൊണ്ടാവണം ഞാൻ അവിടുത്തെ നാഗരികനന്മ ഇഷ്ടപ്പെട്ടത്.

തിരുവനന്തപുരത്ത് ഹൗസ്‌ സർജൻസി കഴിഞ്ഞ സമയത്താണ് ഞങ്ങൾ കോലഴിയിലേക്ക് താമസം മാറ്റുന്നത്. തൃശൂരിലേക്ക് സാധനങ്ങൾ കയറ്റിയ ഒരു മിനി ലോറി തിരുവനന്തപുരത്ത് നിന്ന് രാത്രി പുറപ്പെട്ടു. എന്നോട് ട്രെയിനിൽ പോകാൻ എല്ലാവരും പറഞ്ഞെങ്കിലും രാത്രി മുഴുവൻ ലോറിയിൽ സഞ്ചരിക്കുന്നതാണ് കൂടുതൽ ത്രില്ലെന്ന് തോന്നി അതിൽ തന്നെ കയറി കൂടി. 1987 മുതൽ മൂന്നു വർഷക്കാലം തൃശൂരിൽ താമസിച്ചു. മൈത്രേയൻ പുസ്തകപ്രസാധകസംഘം എന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയായിരുന്നു. അതിന് കൂടുതൽ സൗകര്യം തൃശൂരാണെന്ന കാരണത്താലാണ് അങ്ങോട്ടുമാറിയത്. അതിനായി ചിങ്ങോലിയിലെ മാമ്പഴം തുടുത്തു നിന്നിരുന്ന മാവുകളും വലിയ വീടും (ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നത്) മൂലധനമായി. ഇനിയും ഒത്തുചേരലിന് ചിങ്ങോലി വീടുണ്ടാവില്ലല്ലോ എന്ന് പല സുഹൃത്തുക്കളും വിലപിച്ചു. പുസ്തക പ്രസാധനം എന്നതിനോടോപ്പമോ അതിനേക്കാളുപരിയായോ രാഷ്ട്രീയ പ്രവർത്തനമായിരുന്നു അവർ നടത്തിയിരുന്നത്. ഡി.ഡി.കൊസാംബി, ദേവീ പ്രസാദ് ചതോപാദ്ധ്യായ തുടങ്ങിയവരുടെ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ആശയപരമായ പുതിയ മാനങ്ങൾ നൽകുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ""വായനയുടെ രാഷ്ട്രീയം'' എന്ന പേരിൽ ഭാസുരേന്ദ്രബാബു ധാരാളം പ്രസംഗങ്ങൾ നടത്തിയിരുന്നു. പുസ്തകപ്രസാധകസംഘം ഇപ്പോഴും പി.സി. ജോസി തുടർന്നുകൊണ്ടുപോകുന്നുണ്ട്.

എനിക്കതുമായി രണ്ട് മൂന്നു തരത്തിലുള്ള ബന്ധങ്ങളുണ്ടായി. അതിൽ ഏറ്റവും ആവേശകരമായിരുന്നത് പുസ്തകം വിറ്റ് ലാഭത്തിന്റെ ഒരു പങ്ക് കൈവശപ്പെടുത്തുക എന്നതാണ്. വായിക്കുന്ന ധാരാളം പേരുമായി പരിചയം ഉണ്ടായിരുന്നതിനാൽ എനിക്കത് വലിയ പ്രയാസമുള്ളതായിരുന്നില്ല. "പൊരിച്ച കോഴിയും ചപ്പാത്തിയും' ട്രെൻഡിങ് ആയിരുന്ന കാലമായിരുന്നു അത്. പുസ്തകം ഒരു വിധം പോയി കഴിഞ്ഞാൽ ഞാനും സ്റ്റെല്ലയുമൊക്കെ നേരെ ഈ ഹോട്ടലുകളിലേക്ക് നടക്കും. ഹൗസ്‌ സർജൻസിക്ക് കിട്ടിയിരുന്ന സ്‌റ്റൈപ്പന്റിനേക്കാൾ കൂടുതൽ പണം പുസ്തകം വിറ്റ് ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. കേരളത്തിലെ പുസ്തകം വാങ്ങുന്നവരുടെ എണ്ണം അത്ഭുതപ്പെടുത്തുന്നതാണ്. അതിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല എന്നതിന് പുതുതായി ഇറങ്ങുന്നതും വിറ്റഴിക്കുന്നതുമായ പുസ്തകങ്ങളുടെ എണ്ണം തെളിവാണ്. തൃശൂരെത്തിയപ്പോഴും ആദ്യം കുറച്ച് നാൾ ഇത് ചെയ്തു. പിന്നീട് നിർത്തിയെങ്കിലും കോഴിക്കടയിൽ കയറുന്നത് തുടർന്നു. അന്ന് ഞാൻ ഒറ്റക്ക് ഹോട്ടലിൽ കയറി പൊറോട്ടയും മറ്റും കഴിക്കുന്നത് കണ്ട് അവിടുത്തെ യുവാക്കൾ അതിശയപ്പെട്ടു എന്ന് അടുത്തിടെ അവിടെയുള്ള ഒരു സുഹൃത്ത് പറഞ്ഞു. തിരുവനന്തപുരത്ത് പക്ഷെ, ആരും അങ്ങനെ നോക്കില്ല. അത് കൊണ്ടാവണം ഞാൻ അവിടുത്തെ നാഗരികനന്മ ഇഷ്ടപ്പെട്ടത്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് കൂടി അന്നത്തെ പ്രസരിപ്പോടെ കണ്ട ഷീന തൃശൂരിൽ ഇപ്പോഴുമുണ്ടെന്ന് വിചാരിച്ച് പോകുന്നു. അന്നത്തെ പോലെ ആക്ടിവിസവും സ്‌നേഹവും എന്നും ഒരു പോലെ കൊണ്ട് നടന്ന ആളാണ് ഷീന.

രണ്ടാമതായി പ്രചോദനക്ക്, രാഷ്ട്രീയമായ ഐക്യദാർഢ്യത്തിന്റെ പേരിൽ വേദികൾ പങ്കിടാനും ഒന്ന് രണ്ട് ചെറിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും കഴിഞ്ഞു എന്നതാണ്. പ്രമുഖ ഫെമിനിസ്റ്റ് നിയമജ്ഞയായ ഫ്‌ളേവിയയുടെ ജീവിതത്തിന്റെ ചില ഏടുകൾ ഞാൻ വിവർത്തനം ചെയ്തിരുന്നു. അവർ ഫെമിനിസ്റ്റായി പരിവർത്തനം ചെയ്യപ്പെട്ടത് സ്വജീവിതത്തിലെ ദുരന്തം നേരിട്ട് കൊണ്ടായിരുന്നു. നിയമം പഠിച്ചതു തന്നെ പിന്നീടാണ്. ഇന്ത്യയിൽ സ്ത്രീപക്ഷ നിയമങ്ങൾ രൂപപ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലും അവർ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഷീന ജോസ്
ഷീന ജോസ്

മറ്റൊന്ന്, തിരുവനന്തപുരം വിടുന്നതിനു മുമ്പ് കേരളത്തിലുടനീളം നടത്തിയ ഒരു യാത്രയും ഇടപെടലുകളുമായിരുന്നു. ഹൗസ്‌ സർജൻസിയിൽ നിന്ന്​വീണ്ടും ഒരു നീണ്ട ലീവെടുത്തായിരുന്നു ഈ യാത്ര. പുസ്തകപ്രസാധക സംഘത്തിലെ ടീമംഗങ്ങളോടൊപ്പം പല പൊതു വേദികളിലും ഞങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ടു. തൃശൂരിലെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളായ കേരളവർമ കോളേജിലും സാഹിത്യ അക്കാദമിയിലും ഞങ്ങൾക്ക് സമാനമായി ചിന്തിക്കുന്നവരെ കണ്ടുമുട്ടാനും സൗഹൃദമുണ്ടാക്കാനും കഴിഞ്ഞു. അടുത്ത കാലത്ത് നമ്മളെ വിട്ടു പോയ ഷീന (ഷീന ജോസ്) യും കല (എച്ചുമുക്കുട്ടി ) യും ആയിരുന്നു കേരളവർമ കോളേജിലെ പരിപാടി സംഘടിപ്പിച്ചത്. തൃശൂരിൽ ചേതന എന്ന ഫെമിനിസ്റ്റ് ഗ്രൂപ്പ്​ അപ്പോഴേക്കും അവർ തുടങ്ങിയിരുന്നു. അവർ രണ്ടുപേരുമായി അന്നുണ്ടായ കൂടിച്ചേരൽ ഇപ്പോഴും കണ്ണിനു മുന്നിലുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കൂടി അന്നത്തെ പ്രസരിപ്പോടെ കണ്ട ഷീന തൃശൂരിൽ ഇപ്പോഴുമുണ്ടെന്ന് വിചാരിച്ച് പോകുന്നു. അന്നത്തെ പോലെ ആക്ടിവിസവും സ്‌നേഹവും എന്നും ഒരു പോലെ കൊണ്ട് നടന്ന ആളാണ് ഷീന.

ഞാൻ ഒരു കോളേജിൽ പോയി സംസാരിക്കുന്നത് അന്ന് ആദ്യമായിരുന്നു. ഞങ്ങൾ ചെയ്തു കൊണ്ടിരുന്ന പ്രവർത്തനങ്ങൾ അവരുമായി പങ്കുവെക്കുകയാണ് ചെയ്തത്. വിദ്യാർത്ഥിനികൾ പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തി. ഇപ്പോഴത്തെ കാമ്പസിനേക്കാൾ അന്ന് വിദ്യാർത്ഥികൾ പൊതുവേ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചിരുന്നു.

എച്ചുമുക്കുട്ടി
എച്ചുമുക്കുട്ടി

കേരളവർമയിലെ പോലെ ഉത്തരം പറയാവുന്ന ചോദ്യങ്ങളായിരുന്നില്ല സാഹിത്യ അക്കാദമിയിൽ ഉയർന്നത്. പല രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നും ഉള്ളവരെ കൊണ്ട് ഹാൾ നിറഞ്ഞിരുന്നു. ""നിങ്ങൾ ഫെമിനിസ്റ്റുകൾ അട്ടപ്പാടിയിൽ എന്ത് ചെയ്തു'' എന്നും മറ്റുമുള്ള ചോദ്യങ്ങൾ ഇപ്പോഴും ഓർക്കുന്നു. മൊത്തത്തിൽ, ബ്ലാങ്ക് ആയ പോലെ ഞങ്ങൾ സ്റ്റേജിൽ സമയം കഴിച്ചു. സി.പി.എം, സി.പി.ഐ, ആർ.എസ്.പി എന്നിവയൊക്കെ തമ്മിൽ എന്താണ് വ്യത്യാസം എന്നുപോലും അന്നൊന്നും മനസ്സിലായിരുന്നില്ല. പിന്നീട് ധാരാളം പ്രാവശ്യം ഈ രണ്ട് സ്ഥലങ്ങളിലും പല യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അന്നത്തെ അനുഭവം വേറിട്ട് നിൽക്കുന്നു. പട്ടാമ്പിയിലും എറണാകുളത്തും ഒരു തവണയോ മറ്റോ പോയതല്ലാതെ വടക്കോട്ട് സഞ്ചരിച്ചിട്ടു പോലും ഇല്ലായിരുന്നു. എങ്കിലും ആവേശം ഒട്ടും കുറക്കാതെ കോഴിക്കോട് പേരാമ്പ്രയിലും തലശ്ശേരിയിലും കാഞ്ഞങ്ങാടും തെരുവുയോഗങ്ങളിൽ സംസാരിച്ചു. തെരുവുയോഗങ്ങളിൽ ചോദ്യങ്ങളൊന്നുമുണ്ടാകില്ല. അവിടെയും ഇവിടെയും ഒക്കെ നിൽക്കുന്ന ആളുകളെ നോക്കിയും നോക്കാതെയും ചെയ്യുന്ന പ്രസംഗങ്ങൾ വാസ്തവത്തിൽ ഒരു അബ്‌സർഡിറ്റിയാണ്. ചെയ്യുന്നതുവരെ, അതെങ്ങനെ ചെയ്യുമെന്ന് ഒരെത്തും പിടിയുമുണ്ടാവില്ല. ആരോഗ്യാവബോധത്തിനായും ഇത്തരം പരിപാടികൾ നടത്താറുണ്ട്. കോവിഡിന്റെ തുടക്കത്തിൽ പോലും ഇത്തരം പരിപാടികൾ നടത്തിയിരുന്നു. ലോക്ക്​ഡൗൺ അതിൽ നിന്നൊക്കെ മോചനം നൽകുകയും മറ്റ് മാധ്യമങ്ങൾ സജീവമാകുകയും ചെയ്തല്ലോ. കോവിഡാനന്തര കാലത്ത് ഈ പരിപാടി ഇല്ലാതായേക്കാമെന്ന പ്രതീക്ഷയും വേണ്ട എന്ന് ഇലക്ഷൻ പ്രചരണങ്ങൾ കാണുമ്പോൾ തോന്നുന്നുണ്ട്.

അതുവരെ പരിചയമില്ലാതിരുന്ന ഒരു വലിയ മണ്ഡലത്തിലേക്കാണ് അന്നത്തെ ആ യാത്ര എത്തിച്ചത്. കേരളത്തിലെ സാമൂഹ്യ- രാഷ്ട്രീയ പ്രക്രിയയുമായി ഫെമിനിസത്തെ എങ്ങനെ കണ്ണിചേർക്കണമെന്ന കൂടുതൽ ആലോചനകളും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ ഉണ്ടായി വന്നു. കേരളത്തിന്റെ നടുക്കുള്ള തൃശൂരിലേക്ക് മാറാൻ തീരുമാനിക്കുന്നതിനിടെ തന്നെ മറ്റു സംഘടിത പ്രസ്ഥാനങ്ങളിൽ കൂടി ഇടപെടുന്നത് ഫെമിനിസത്തിന് ഗുണകരമാവുമെന്ന ആലോചനയുമുണ്ടായി.

ഒരിക്കൽ കണ്ടാൽ, ഗൗരിയമ്മയെ പിന്നെ ആരും മറക്കില്ല. അത്രയും സഹജമായ ഇടപെടലാണ് അവരുടേത്. പിന്നീട് പല പ്രാവശ്യം കണ്ടിട്ടുണ്ട്. ഗൗരിയമ്മയ്ക്ക് പ്രായം വരുത്തിയ മാറ്റങ്ങളെ ഉള്ളൂ.

കെ.ആർ. ഗൗരിയമ്മ
കെ.ആർ. ഗൗരിയമ്മ

കോലഴിയിലെത്തിയ ശേഷം കേരളവർമ കോളേജിൽ പ്രചോദനയുടെ പുസ്തകങ്ങൾ വിൽക്കാൻ പോയിരുന്നു. അവിടെ പഠിപ്പിച്ചിരുന്ന ഉഷാകുമാരി ടീച്ചറെ പരിചയപ്പെട്ടു. അധ്യാപനത്തോടൊപ്പം വർക്കിംഗ് വിമൻസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ സജീവമായ പ്രവർത്തനങ്ങളും അവർ നടത്തിയിരുന്നു. അത് മാർക്‌സിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട സംഘടനയാണ്. വളരെ താൽപ്പര്യത്തോടെ ടീച്ചർ പുസ്തകങ്ങൾ വാങ്ങുകയും മറ്റുള്ളവരെ കൊണ്ട് വാങ്ങിപ്പിക്കുകയും ഒക്കെ ചെയ്തു. വളരെ നേരം ഞങ്ങൾ സ്ത്രീ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ചു. അന്ന് പാർട്ടികളൊന്നും ഈ വിഷയം സജീവമായി എടുത്തിരുന്നില്ല. പാർട്ടിക്കുള്ളിൽ സ്ത്രീകളുടെ സവിശേഷ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ട് വരേണ്ടതിനെക്കുറിച്ചുള്ള ബോധ്യം ടീച്ചർക്കുണ്ടായിരുന്നു. വലിയ പ്രസ്ഥാനങ്ങൾ ഇതേറ്റെടുക്കേണ്ട ആവശ്യകതയെ കുറിച്ച് ഞങ്ങളുടെ ചെറുസംഘങ്ങൾക്കും ധാരണ ഉണ്ടായിരുന്നു. വളരെ കുറച്ച് പേർ മാത്രം അടങ്ങുന്ന സംഘങ്ങളായിരുന്നത് കൊണ്ട് പുറത്തുനിന്ന് സമ്മർദ്ദ ഗ്രൂപ്പായി പ്രവർത്തിക്കുകയും വലിയ പ്രസ്ഥാനങ്ങളെ കൊണ്ട് ഈ വിഷയം ഏറ്റെടുപ്പിക്കുകയും ചെയ്യുക എന്നത് ഞങ്ങളുടെയും അജണ്ടയായിരുന്നു. ഉഷാകുമാരി ടീച്ചറുമായി ഞാൻ പെട്ടെന്നിണങ്ങി. ഫെമിനിസ്റ്റ് ഗ്രൂപ്പുകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സ്ത്രീ വിഭാഗങ്ങളും തമ്മിൽ പലപ്പോഴും ആശയപരമായ സംഘർഷങ്ങൾ നില നിന്നിട്ടുണ്ട്. എങ്കിലും യോജിക്കാവുന്നിടത്തൊക്കെ യോജിക്കുകയും ചെയ്തു.

നല്ല സംഘാടകയായിരുന്ന ടീച്ചറോടൊപ്പം വൈദ്യുതി വകുപ്പിൽ ജോലി ചെയ്തിരുന്ന വിജയമ്മയുമുണ്ടായിരുന്നു. സ്‌നേഹവും കരുതലുമുള്ള ഈ സ്ത്രീകളോടൊപ്പം ഞാനും ചേർന്നു. അവരോടൊപ്പം പാർട്ടി ഓഫീസിൽ പോയി. അധികാരവും അച്ചടക്കവും സ്‌നേഹവും കൂടി കലർന്ന് നിൽക്കുന്ന ഇടമായി അത് അനുഭവപ്പെട്ടു. സ്ത്രീകളുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ നല്ലത് സാംസ്‌കാരിക മേഖലയാണെന്നായിരുന്നു ടീച്ചറുടെ കണ്ടെത്തൽ. മാനുഷിയൊക്കെ അന്ന് തെരുവ് നാടകങ്ങൾ ചെയ്തിരുന്നു. നാവോത്ഥാന കാലത്തും കമ്യൂണിസത്തിന്റെ ആദ്യകാലത്തുമൊക്കെ ഉണ്ടായ നാടകപ്രവർത്തനങ്ങളൊക്കെ ടീച്ചറെ സ്വാധീനിച്ചിരിക്കണം. കഠിനാദ്ധ്വാനം ചെയ്യാൻ തയാറുള്ള സ്ത്രീയാണവർ. സ്ത്രീകളുടേതായ ഒരു തിയേറ്റർ ഗ്രൂപ്പ് ഉണ്ടാക്കാൻ തീരുമാനിക്കുകയും പാർട്ടിയുടെ പിന്തുണയോടെ അത് പെട്ടെന്ന് തന്നെ നടപ്പാക്കുകയും ചെയ്തു. അതിനായി തിരുവനന്തപുരത്ത് പോയി നേതാക്കളെ കാണുകയും മറ്റും ചെയ്തിരുന്നു. ആദ്യമായി ഗൗരിയമ്മയെ കണ്ടത് അപ്പോഴാണ്. എന്നെ പരിചയമില്ലാതിരുന്നത് കൊണ്ട്, കണ്ടപാടെ , "ഈ പെണ്ണേതാ ' എന്ന് കൂടെയുള്ളവരോട് ചോദിച്ചു. ഒരിക്കൽ കണ്ടാൽ, ഗൗരിയമ്മയെ പിന്നെ ആരും മറക്കില്ല. അത്രയും സഹജമായ ഇടപെടലാണ് അവരുടേത്. പിന്നീട് പല പ്രാവശ്യം കണ്ടിട്ടുണ്ട്. ഗൗരിയമ്മയ്ക്ക് പ്രായം വരുത്തിയ മാറ്റങ്ങളെ ഉള്ളൂ. കെ.പി.എ.സി. സുലോചന ഉൾപ്പെടെ പല കലാകാരികളെയും ഞങ്ങൾ കാണാൻ പോയി. എഴുകോണിലെ ലൈലയുടെ അമ്മയെയും അവരുടെ ചേച്ചിയമ്മയേയും എനിക്കോർമ്മ വന്നു.

സി.എസ്. ചന്ദ്രിക
സി.എസ്. ചന്ദ്രിക

പെട്ടെന്ന് തന്നെ ഉഷാകുമാരി ടീച്ചറുടെ ഉത്സാഹത്തിൽ സമത എന്ന പേരിൽ സ്ത്രീകളുടെ തിയേറ്റർ ഗ്രൂപ്പ് രൂപം കൊണ്ടു. രൂപപ്പെടുത്തുന്നതിൽ കരിവെള്ളൂർ മുരളിയെ പോലെയുള്ള പാർട്ടിയിലെ കലാകാരന്മാരുടെ പിന്തുണയും ഉണ്ടായിരുന്നു. പാർട്ടി ഓഫീസും മറ്റു പലയിടങ്ങളും ഇതിന്റെ പണിപ്പുരയായി. എഴുത്തുകാരിയായ സി.എസ്.ചന്ദ്രിക, നാടക, സിനിമ രംഗത്ത് സജീവ സാന്നിധ്യമായ സജിത മഠത്തിൽ എന്നിവരൊക്കെ ഇതിന്റെ ഭാഗമായിരുന്നു. സുജാത, വിനോബാ എന്ന സഹോദരിമാരെയും സജിത എന്ന പേരുള്ള മറ്റൊരു കൂട്ടുകാരിയേയും ഓർക്കുന്നുണ്ട്. റിഹേഴ്സൽ സ്ഥലത്ത് ധാരാളം ചർച്ചകളും പാട്ടുകളും നടന്നു.പുഞ്ച വയലേലയിലെ പുഞ്ചിരിക്കും പൊൻ കതിരേ നെന്മണികൾ കോർത്ത് കോർത്ത് പൊന്നുടുപ്പ് നെയ്തതാരേ
എന്നൊക്കെയുള്ള റൊമാന്റിക് വിപ്ലവഗാനങ്ങൾ കെ.പി.എ.സി ഗാനങ്ങളുടെ ഓർമയുണർത്തി. തെരുവിലും സ്റ്റേജിലും ചെയ്യാൻ കഴിയുന്ന തരത്തിലുള്ള നാടകങ്ങളായിരുന്നു രൂപപ്പെടുത്തിയിരുന്നത്. സ്‌ക്രിപ്റ്റ് പുസ്തകമായി അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തിരുന്നു. തൃശൂരിലും പുറത്തുമുള്ള ഒരു പാട് നല്ല കമ്മ്യൂണിസ്റ്റുകാരുമായി ഇടപെടാനുള്ള അവസരമായിരുന്നു എനിക്കത്. സ്ത്രീകളുടെ തിയേറ്റർ ഇന്ന് കേരളത്തിൽ അവിടെ നിന്ന് ഒരുപാട് മുന്നോട്ടു പോയി. ആറങ്ങോട്ടുകര ശ്രീജയുടെയും സജിതയുടെയുമൊക്കെ നാടകങ്ങൾ ഫെമിനിസ്റ്റ് പ്രമേയങ്ങൾ പുതുമയോടെ ആവിഷ്‌കരിച്ചിട്ടുണ്ട്. സമതയെന്ന പേരിൽ ഉഷാകുമാരി ടീച്ചർ ഇപ്പോൾ ജെന്റർ ജസ്റ്റിസിനായി പുസ്തകപ്രസാധനം നടത്തുന്നു.

വിലങ്ങൻ കുന്നിനെ പറ്റി പറയുമ്പോൾ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സമരമോ മറ്റോ ഉണ്ടായത് കൊണ്ടാകണം, അവിടെ ‘കമ്യൂണിസ്​റ്റു’കാരുണ്ടെന്ന് ഒരു സിസ്റ്റർ എനിക്ക് മുന്നറിയിപ്പ് നൽകി. എന്റെ ഉള്ളിലിരുപ്പ് അവരോട് അപ്പോൾ പറയാൻ മടി തോന്നി.

കോലഴിയിലെ ആദ്യ ദിനങ്ങളിലേക്ക് തിരിച്ചു വരാം. ഹെൽത്ത് പ്രൊഫഷണൽ എന്ന നിലക്കും ഫെമിനിസ്റ്റ് എന്ന നിലക്കും എന്റെ സ്വത്വം നെടുകെ പിളർന്നിരുന്നു. ഫെമിനിസമിവിടെ പൊതുസമൂഹത്തിൽ വേരോടി തുടങ്ങിയിട്ടില്ലാത്തതിനാൽ പ്രൊഫഷൻ കുറച്ച് പിന്നോട്ടു തള്ളിയാണെങ്കിലും അതോടൊപ്പം നിൽക്കേണ്ടിയിരുന്നു. എന്നാൽ, പ്രൊഫഷൻ മൊത്തമായി ഉപേക്ഷിക്കാനും താത്പര്യമില്ലായിരുന്നു. അതിനോടുള്ള പാഷൻ എല്ലാകാലത്തും നിലനിന്നിട്ടുണ്ട്. തൃശൂരിൽ പല സ്വകാര്യ ആശുപത്രികളും ഉണ്ടായിരുന്നു. താമസിക്കുന്ന സ്ഥലത്തിന് താരതമ്യേന അടുത്തുള്ള ഒരാശുപത്രിയിൽ പോയി അവിടെ ഡോക്ടർമാരുടെ ഒഴിവുണ്ടോ എന്നന്വേഷിച്ചു. അവർക്ക് അടിയന്തിരമായി ഡോക്ടറെ ആവശ്യമുണ്ടായിരുന്നതിനാൽ സന്തോഷത്തോടെ സമ്മതിക്കുകയും നല്ല ശമ്പളം ഉറപ്പിക്കുകയും ചെയ്തു. പെട്ടെന്ന് എനിക്ക് രാഷ്ട്രീയ പ്രതിബദ്ധതയെ പറ്റി ഓർമ വന്നു. ജോലിക്ക് ചേരുന്നതിനു മുമ്പ് അവരെ അതറിയിക്കണമെന്നു തോന്നി. പിന്നീട് ഒരു പ്രശ്‌നമുണ്ടാകരുതല്ലോ എന്ന് വിചാരിച്ചു. മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയൊക്കെ പ്രവർത്തിക്കാൻ എനിക്ക് കുറച്ച് സമയം വേണ്ടി വരുമെന്നും, അങ്ങനെ വരുമ്പോൾ ചിലപ്പോൾ ലീവ് വേണ്ടി വരുമെന്നും പറഞ്ഞു. അവർ ഒന്നും പറഞ്ഞില്ല. ജോയിൻ ചെയ്യാനുള്ള ഡേറ്റും മറ്റും എഴുതി തന്നു. സന്തോഷത്തോടെ ഞാൻ വീട്ടിൽ തിരിച്ചെത്തി. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഒരപരിചിതൻ ഗേറ്റ് കടന്നെത്തി. നേരത്തെ പോയ ആശുപത്രിയിൽ നിന്നും എനിക്കുള്ള സന്ദേശവുമായി എത്തിയതായിരുന്നു അയാൾ. ജോലിക്കു ചേരേണ്ട എന്ന് പറയാൻ വേണ്ടി ആശുപത്രി അധികൃതർ അയച്ചതായിരുന്നു അദ്ദേഹത്തെ. എന്റെ തുറന്നു പറച്ചിലിന്റെ മണ്ടത്തരം അപ്പോഴാണ് ബോധ്യപ്പെട്ടത്.

വീണ്ടും ജോലിക്കായുള്ള അന്വേഷണത്തിൽ അമല കാൻസർ ഹോസ്പിറ്റലിനെ കുറിച്ച് അറിയാൻ കഴിഞ്ഞു. എന്റെ ക്ലാസ്​മേറ്റ്​ ഡോ. രാജീവൻ അന്നവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഞാൻ രാജീവനോടോപ്പം അവിടുത്തെ ഡയറക്ടറായിരുന്ന ഫാദർ ഗബ്രിയേലിനെ കണ്ടു. ഉടനെ അപ്പോയ്​ൻറ്​‌മെന്റ് കിട്ടുകയും ചെയ്തു. നേരത്തെ ഉണ്ടായ അനുഭവം വച്ച് കൊണ്ട് ഇത്തവണ രാഷ്ട്രീയതാല്പര്യങ്ങളെ കുറിച്ച് ഒന്നും മിണ്ടാൻ പോയില്ല. പ്രായം നന്നേ ഉണ്ടായിരുന്നെങ്കിലും കൂർമബുദ്ധിയും സംഘടനാ പാടവവും ഉണ്ടായിരുന്ന ആളായിരുന്നു ഗബ്രിയേലച്ചൻ. ആ സ്ഥാപനമുൾപ്പെടെ പലതും തുടങ്ങി വച്ച ഫാദറിന് പിന്നീട് പദ്മഭൂഷൺ ലഭിച്ചു. 2017 ൽ നൂറ്റിരണ്ട് വയസ്സുള്ളപ്പോഴാണ് അദ്ദേഹം അന്തരിച്ചത്.

ഇന്ത്യൻ അസോസിയേഷൻ ഫോർ വിമൻസ് സ്റ്റഡീസിന്റെ വർക്ക്‌ഷോപ്പിൽ എ.കെ. ജയശ്രീ
ഇന്ത്യൻ അസോസിയേഷൻ ഫോർ വിമൻസ് സ്റ്റഡീസിന്റെ വർക്ക്‌ഷോപ്പിൽ എ.കെ. ജയശ്രീ

ശമ്പളം ആദ്യ സ്ഥലത്ത് വാഗ്ദാനം ചെയ്തതിനേക്കാൾ വളരെ കുറവായിരുന്നു എങ്കിലും അവിടുത്തെ അന്തരീക്ഷം എനിക്കിഷ്ടപ്പെട്ടു. ധാരാളം വാർഡുകളുള്ള വലിയ ആശുപത്രിയായിരുന്നു അത്. അവിടെ തന്നെ ആയുർവ്വേദ ആശുപത്രിയും റിസർച്ച് സെന്ററും ഉണ്ടായിരുന്നു. മുന്നിൽ വലിയ പൂന്തോട്ടവും അടുത്ത് തന്നെ കൈതത്തോട്ടവും മരങ്ങളും ഒക്കെയുള്ള വിശാലമായ സ്ഥലം. കന്യാസ്ത്രീകളായ നഴ്സുമാർ എപ്പോഴും സേവന നിരതരായി രോഗികളെ പരിചരിച്ചു. അവർ സ്വന്തം സൗകര്യങ്ങളെക്കുറിച്ചൊന്നും പരാതികൾ പറഞ്ഞില്ല. രോഗികളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും കിട്ടുന്ന പുഞ്ചിരിയും നല്ല വാക്കുകളും അവരെ സന്തോഷിപ്പിച്ചിരുന്നിരിക്കണം. അവിടെ നിന്ന് നോക്കിയാൽ കാണുന്ന വിലങ്ങൻ കുന്നിനെ പറ്റി പറയുമ്പോൾ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സമരമോ മറ്റോ ഉണ്ടായത് കൊണ്ടാകണം, അവിടെ ‘കമ്യൂണിസ്​റ്റു’കാരുണ്ടെന്ന് ഒരു സിസ്റ്റർ എനിക്ക് മുന്നറിയിപ്പ് നൽകി. എന്റെ ഉള്ളിലിരുപ്പ് അവരോട് അപ്പോൾ പറയാൻ മടി തോന്നി.

എന്തെങ്കിലും രോഗങ്ങളോ പ്രശ്‌നങ്ങളോ സ്വന്തമായോ സ്വന്തക്കാർക്കോ ഇല്ലാത്തവരായി ആരുമുണ്ടാകില്ലല്ലോ. അവക്ക് പരിഹാരമായി അമ്പലത്തിലോ പള്ളിയിലോ ചെയ്യാവുന്ന വഴിപാടുകളും കർമ്മങ്ങളും ഒക്കെ ആയിരിക്കും കൂടുതൽ സംഭാഷണവും. അത് അന്നത്തെ പോലെ ഇന്നും തുടരുന്നു എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ ഇളം പച്ച നിറം പൂശിയ ചുവരുകളുള്ള ഡ്യൂട്ടി റൂമിൽ ഉറങ്ങുന്നത് ഒരേ സമയം സന്തോഷവും ഭയവും ഉണ്ടാക്കി. അവിടെ കൂട്ടിലിട്ട് വളർത്തിയിരുന്ന പെരുമ്പാമ്പുകൾ രക്ഷപ്പെട്ട് ജനലിലൂടെ വന്നാലോ എന്നതായിരുന്നു ഭയം. ചിലപ്പോൾ അവ ഇറങ്ങി നടക്കാറുണ്ടെന്ന് കഥ പ്രചരിച്ചി രുന്നു. അതു കൂടാതെ കൂട്ടിലുണ്ടായിരുന്ന ഒരു പാമ്പിനെ മറ്റൊന്ന് മണിക്കൂറുകൾ കൊണ്ട് വിഴുങ്ങുന്നത് ഞാൻ കാണുകയും ചെയ്തിരുന്നു.
രാത്രി സ്വസ്ഥമായി ഉറങ്ങാൻ ഡ്യൂട്ടി ഡോക്ടർമാർക്ക് കഴിയില്ല. കാൻസർ ആശുപത്രി ആയിരുന്നത് കൊണ്ട് ഇടക്കിടെ മരണങ്ങളുണ്ടാകും. സീരിയസ് ആയ രോഗിയെ നോക്കി തിരികെ വന്ന് കണ്ണടക്കുമ്പോഴേക്കും രോഗി മരിച്ചു എന്ന അറിയിപ്പെത്തും. മരിച്ചയാളിന്റെ തണുത്ത കൈ പിടിച്ച് നാഡി നോക്കുകയും അടഞ്ഞ കണ്ണ് തുറന്ന് കൃഷ്ണമണി പരിശോധിക്കുകയും ചെയ്ത് റിപ്പോർട്ടെഴുതി നീണ്ട വരാന്തകളിലൂടെ തിരികെ നടക്കുമ്പോഴേക്കും ഉറക്കം ചിന്തകൾക്ക് വഴി മാറും. പ്രസവം നടക്കുന്ന സീസൺ ആണെങ്കിൽ വെളുപ്പിന് മൂന്നു മണി മുതൽ തുടർച്ചയായി അതുണ്ടാവും. പ്രസവങ്ങൾ നടക്കുന്നത് മിക്കവാറും വെളുപ്പാൻ കാലത്താണ്. എനിക്കുറങ്ങാനിഷ്ടവും അപ്പോഴാണ്. വീണ്ടും വീണ്ടും വിളിച്ചുണർത്തുന്ന ഉല്ലാസവതികളായ നഴ്‌സുമാരോട് അൽപ്പം പോലും ദേഷ്യം തോന്നാതെ പ്രസവമുറിയിലേക്ക് നടക്കുമ്പോൾ ഉറക്കവും സ്വപ്നവും മുറിയുന്ന നിമിഷങ്ങളിലെ അസ്വസ്ഥതയെ സ്വയം സാന്ത്വനപ്പെടുത്തുന്നതിന് ഞാൻ എന്നെ തന്നെ അഭിനന്ദിച്ചിരുന്നു. ഇതിനിടെ ഹാർട്ട് അറ്റാക് ആയും അപകടത്തിൽ പെട്ടും വരുന്ന രോഗികൾക്ക് ഉടനടി പരിചരണം കൊടുക്കുകയും കൺസൾട്ടന്റുമാരെ വിളിച്ച് വരുത്തുകയും വേണം. എല്ലാ സ്വകാര്യ താത്പര്യങ്ങളും മറന്ന് ഡോക്ടർമാർ ആ നിമിഷം രോഗിക്കായി ഓടി എത്തണം. അങ്ങനെ ചെയ്യുന്നത് കൊണ്ട് മാത്രം ജീവൻ നില നിർത്താൻ കഴിഞ്ഞവരുണ്ട്. വീണ്ടും അവരെ കാണുമ്പോൾ വളരെ വലിയ സന്തോഷം അനുഭവിക്കാം.

ഞാൻ താമസിക്കുന്നിടത്തുനിന്ന്​ രണ്ട് ബസുകൾ കയറി മാത്രമേ അവിടെ എത്തുകയുള്ളൂ. കുന്നംകുളം റൂട്ടിലാണ് ഇപ്പോൾ അമല മെഡിക്കൽ കോളേജ് ആയ ആശുപത്രി. ബസ് യാത്രയിലും പാടങ്ങളിലൂടെ തഴുകിയെത്തുന്ന കാറ്റ് ഉമ്മ വച്ച് കൊണ്ടിരുന്നു. പകൽ സമയം ഫിസിഷ്യനായ ഡോ. മാത്യുവിനെ അസിസ്റ്റ് ചെയ്യുകയായിരുന്നു എന്റെ ജോലി. രോഗികളോട് പൂർണമായും പ്രതിബദ്ധത പുലർത്തുന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ധാരാളം രോഗികൾ ഡോക്ടറെ കാണാൻ എത്തിയിരുന്നു. ഒരു അസിസ്റ്റന്റില്ലാതെ അദ്ദേഹത്തിന് ജോലി ചെയ്യാൻ പ്രയാസമായിരുന്നു. എങ്കിലും ഞാൻ എന്റെ ചില്ലറ പ്രവർത്തനങ്ങൾക്കായി ഇടക്ക് ലീവെടുത്തു. അപ്പോഴൊക്കെ അദ്ദേഹം പരിഭവിച്ചു. പക്ഷേ, അത് കണക്കിലെടുക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.
മൈത്രേയൻ അന്ന് കേരളത്തിലുടനീളം യാത്ര ചെയ്തുകൊണ്ടിരുന്നു. പോകുമ്പോൾ കനിയേയും കൂട്ടി. അവളെ മിക്കപ്പോഴും എഴുകോണിലെ എന്റെ വീട്ടിൽ ഏൽപ്പിച്ചു. ഇടക്കൊക്കെ ഞാൻ അതുകൊണ്ട് നാട്ടിലും പോയിരുന്നു. അന്ന് ട്രെയിനിൽ റിസർവേഷൻ ചെയ്തിട്ടൊന്നുമല്ല പോയിരുന്നത്. എപ്പോഴാണോ ലീവ് കിട്ടുന്നത് അപ്പോൾ പോവുക എന്നത് മാത്രമായിരുന്നു. ലേഡീസ് ഒൺലി കമ്പാർട്ട്‌മെന്റിൽ കയറി നിലത്ത് ഷീറ്റോ തുണിയോ വിരിച്ച് കിടക്കും. ഓരോ സ്റ്റേഷൻ കഴിയുമ്പോഴേക്ക് തിരക്ക് കൂടി വരും. നിലത്ത് തന്നെ സൂചി കുത്താനിടമുണ്ടാവില്ല. ടോയ്​ലെറ്റിൽ പോകുന്നവരുടെ ചവിട്ടും ചിലപ്പോൾ കൊള്ളേണ്ടിവരും. ഇങ്ങനൊക്കെയാണെങ്കിലും ആ യാത്രക്ക് ഒരു പ്രത്യേക സുഖമുണ്ട്. സ്ത്രീകളുടേതു മാത്രമായ ഒരു സ്ഥലത്തിന്റെ രസമുണ്ട്. അവർ തമ്മിൽ പെട്ടെന്നുണ്ടാകുന്ന ചങ്ങാത്തവും വിശേഷങ്ങളുമൊക്കെ കേട്ടിരിക്കാൻ രസമാണ്. ഞാൻ അധികമാരുമായും സംസാരിക്കാറില്ല. അവരുടെ സംസാരങ്ങൾ കേൾക്കാത്ത ഭാവത്തിൽ കേൾക്കുകയാണ് എന്റെ താത്പര്യം. എന്തെങ്കിലും രോഗങ്ങളോ പ്രശ്‌നങ്ങളോ സ്വന്തമായോ സ്വന്തക്കാർക്കോ ഇല്ലാത്തവരായി ആരുമുണ്ടാകില്ലല്ലോ. അവക്ക് പരിഹാരമായി അമ്പലത്തിലോ പള്ളിയിലോ ചെയ്യാവുന്ന വഴിപാടുകളും കർമ്മങ്ങളും ഒക്കെ ആയിരിക്കും കൂടുതൽ സംഭാഷണവും. അത് അന്നത്തെ പോലെ ഇന്നും തുടരുന്നു എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. വളരെ ആധികാരികമായിട്ടാണ് ഇത്തരം കാര്യങ്ങൾ സ്ത്രീകൾ സംസാരിക്കാറുള്ളത്. തങ്ങൾക്ക് അധികാരമില്ലാത്ത ലോകത്ത് ജീവിക്കുമ്പോൾ സ്വന്തം ശരീരത്തിന് മേലും അടുപ്പമുള്ളവർക്ക് മേലും അധികാരം പ്രയോഗിക്കാനുള്ള അവസരം തേടുന്നതിന്റെ ഭാഗമായാകുമോ സ്ത്രീകൾ ഇങ്ങനെയൊരു ലോകം സൃഷ്ടിച്ചെടുക്കുന്നത്?

ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ താലിയും സിന്ദൂരപ്പൊട്ടും ഇല്ലാത്തതു കൊണ്ടാകാം, ആരെങ്കിലും കൂടെ കൂടാനെത്തും. അത് മിക്കപ്പോഴും രസകരമാക്കാനാണ് ഞാൻ നോക്കാറുള്ളത്. ഇങ്ങനെ വരുന്നവരിൽ കൂടുതൽ പേരും അങ്ങേയറ്റം ഭയമുള്ളവരായിരിക്കും

ഒരെത്തും പിടിയുമില്ലാതെ ജീവിച്ചതിനാലാവണം അന്നൊക്കെ എനിക്ക് ശരീരം വളരെ ഭാരമുള്ളതായി അനുഭവപ്പെട്ടിരുന്നു. യാത്ര ചെയ്യുമ്പോഴാണ് ഇത് കൂടുതൽ തോന്നിയിരുന്നത്. യാത്രകളിൽ രസങ്ങളുമുണ്ടായിരുന്നു. തൃശൂരിൽ നിന്ന് അർദ്ധരാത്രിയായായിരിക്കും എനിക്ക് പോകാനുള്ള ട്രെയിൻ ഉണ്ടാകുന്നത്. അത് വരെ എന്റെ കൂടെ സുഹൃത്തായ ബാബു സിറിയക് ഉണ്ടാകും. ഞങ്ങൾ തമ്മിൽ എല്ലാ വിഷയങ്ങളും സംസാരിച്ചിരുന്നു. ഫിസിക്സും ഫിലോസഫിയും ഗോസിപ്പുകളും എല്ലാം. അതുകൊണ്ട് റയിൽവേ സ്റ്റേഷനിൽ സമയം ചെലവഴിക്കുന്നത് വീട്ടിൽ ഇരിക്കുന്നത് പോലെ തന്നെ ആയിരുന്നു. പക്ഷേ, ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ താലിയും സിന്ദൂരപ്പൊട്ടും ഇല്ലാത്തതു കൊണ്ടാകാം, ആരെങ്കിലും കൂടെ കൂടാനെത്തും. അത് മിക്കപ്പോഴും രസകരമാക്കാനാണ് ഞാൻ നോക്കാറുള്ളത്. ഇങ്ങനെ വരുന്നവരിൽ കൂടുതൽ പേരും അങ്ങേയറ്റം ഭയമുള്ളവരായിരിക്കും. അതുകൊണ്ട് കുറെ ദൂരം എത്തി കഴിയുമ്പോൾ നമുക്ക് നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോകാമെന്ന് ഞാൻ പറയും. പെട്ടെന്ന് തന്നെ കക്ഷികൾ അപ്രത്യക്ഷമാവുകയും ചെയ്യും.

ഡോ. എ.കെ ജയശ്രീ
ഡോ. എ.കെ ജയശ്രീ

കോലഴിയിലെ ലൈബ്രറി ഒരു സാംസ്‌കാരിക കേന്ദ്രം പോലെ പ്രവർത്തിച്ചു. രാഷ്ട്രീയമായ ഒത്തുചേരലുകളും അവിടെ നടന്നു. അതിനിടെ ഒരു പഞ്ചായത്ത് ഇലക്ഷൻ വന്നു. ആശുപത്രിയിൽ നിന്ന് ലീവെടുത്ത്, ചെറുപ്പക്കാരനും വക്കീലുമായ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടു ചോദിക്കാൻ ഞാനും ഇറങ്ങി. ഇതുകണ്ട് രസിക്കാത്ത ഒരു എതിർ പാർട്ടിക്കാരൻ ഉറക്കെ വിളിച്ച് ഞങ്ങളുടെ സ്ഥാനാർത്ഥിയോട് ചോദിച്ചു. ""നിനക്ക് വോട്ടു പിടിക്കാൻ പെണ്ണുങ്ങളെ കൂട്ടണമെങ്കിൽ തൊലി വെളുപ്പുള്ള പെണ്ണുങ്ങളെ കൂട്ടിക്കൂടേ'' എന്ന്. സ്ഥാനാർത്ഥിയുടെ മുഖം വിളറി. തെരഞ്ഞെടുപ്പു കാലത്തെ സ്ത്രീകളെ അപമാനിക്കൽ അന്നത്തെ പോലെ തന്നെ ഇപ്പോഴും തുടരുന്നത് കാണുന്നു.

ആദ്യത്തെ ഒരു വർഷം മാത്രമാണ് കോലഴിയിൽ താമസിച്ചത്. അത് കഴിഞ്ഞ് വീട് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നതിനാൽ ചേറ്റുപുഴയിലേക്ക് മാറി. പരന്നു കിടന്ന പാടത്തിന്റെ നടുവിലെ കോലഴി വീട്, അതുവഴി പോകുമ്പോൾ ഇപ്പോഴും നൊസ്റ്റാൾജിയ ഉണ്ടാക്കും. ബസ്സിൽ അതിലേ പോകുമ്പോഴെല്ലാം അവിടെയുള്ള വീടുകളും പരിസരവും പരതി നോക്കും. പക്ഷെ, അന്നത്തെ വീടുകളുടെ എല്ലാം മുഖങ്ങൾ മാറി. കാറ്റിന് സതന്ത്രമായി വിഹരിക്കാൻ പറ്റാത്തത്ര കൂടുതൽ കെട്ടിടങ്ങൾ വന്നു. വിയ്യൂർ സെൻട്രൽ ജയിൽ, സാറ ജോസഫിന്റെ വീട്, കില (KILA) എന്ന സ്ഥാപനം, മെഡിക്കൽ കോളേജ് എന്നിവയെല്ലാം ഇതേ റൂട്ടിലാണ്. കോലഴി കഴിഞ്ഞ് തിരൂർ ജംഗ്ഷനിൽ ഒരമ്പലവും തിയേറ്ററുമുണ്ടായിരുന്നു. അവിടെ സിനിമ കാണാനും ഉത്സവത്തിനും പോവുകയും, ഫാം ഫ്രഷ് കൈതച്ചക്കനീര് കുടിക്കുകയും ചെയ്തിരുന്നു. ഉത്സവമുള്ള ദിവസങ്ങളിൽ ഞങ്ങൾ സ്ത്രീകൾ മാത്രം രാത്രിയിൽ വീടിന് മുന്നിലുള്ള കലുങ്കിൽ കയറിയിരിക്കുകയും പൊലീസ് ജീപ്പ് അടുത്തുകൊണ്ട് നിർത്തുമ്പോൾ ഓടി വീട്ടിലേക്ക് കയറുകയും ചെയ്തു. രാഷ്ട്രീയവും ആശുപത്രിയും പ്രണയവും സൗഹൃദവും യാത്രകളും ശരീരഭാരവും ചുറ്റിപ്പിണഞ്ഞ് തുള്ളിയാടുകയും ഇടക്കിടെ ശാന്തമാവുകയും ചെയ്ത് ചുഴലിയായി ചുറ്റിയ കാറ്റിനോടൊപ്പമായിരുന്നു അന്നത്തെ നാളുകൾ. ▮

(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments